ഇ​ന്ത്യ​ൻ നി​ർ​മാ​ണ രീ​തി​ക​ൾ ആ​രു​ടെ സൃ​ഷ്​​ടി​? - ഇ​ന്ത്യ​ൻ ‘വാ​സ്​​തു​വി​ദ്യാ’ മ​ഹ​ത്ത്വ​ത്തി​ന്​ ചി​ല തി​രു​ത്ത​ലു​ക​ൾ

ഇ​ന്ത്യ​യി​ലെ വാ​സ്തു​വി​ദ്യാ (നി​ർ​മാ​ണ) പാ​ര​മ്പ​ര്യ​ത്തി​ന് അ​തി​ദീ​ർ​ഘ​മാ​യ ഒ​രു ച​രി​ത്ര പാ​ര​മ്പ​ര്യ​മു​ണ്ട്. പു​രാ​ത​ന​ങ്ങ​ളാ​യ ക്ഷേ​ത്ര​സ​മു​ച്ച​യ​ങ്ങ​ളും കൊ​ട്ടാ​ര​ക്കെ​ട്ടു​ക​ളും താ​ജ്മ​ഹ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ലോ​കാ​ത്ഭു​ത​ങ്ങ​ളും രാ​ജ്യ​ത്തെ വാ​സ്തു​വി​ദ്യാ പാ​ര​മ്പ​ര്യ​ത്തി​​ന്റെ ഒ​ളി​മ​ങ്ങാ​ത്ത നി​ർ​മാ​ണ വൈ​ദ​ഗ്​​ധ്യ​ത്തെ​യാ​ണ് പ്ര​കാ​ശി​പ്പി​ക്കു​ന്ന​ത്. നി​ര​വ​ധി സം​സ്കാ​ര​ങ്ങ​ളു​ടെ ആ​ദാ​ന​പ്ര​ദാ​ന​ങ്ങ​ൾ​ക്ക് വേ​ദി​യാ​യി​ത്തീ​ർ​ന്ന ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക ഭൂ​മി​ക വാ​സ്തു​വി​ദ്യ​യി​ലും സം​സ്കാ​ര​ങ്ങ​ളു​ടെ സം​ഗ​മ​ഭൂ​മി​യാ​യി വ​ർ​ത്തി​ച്ചു....

ഇ​ന്ത്യ​യി​ലെ വാ​സ്തു​വി​ദ്യാ (നി​ർ​മാ​ണ) പാ​ര​മ്പ​ര്യ​ത്തി​ന് അ​തി​ദീ​ർ​ഘ​മാ​യ ഒ​രു ച​രി​ത്ര പാ​ര​മ്പ​ര്യ​മു​ണ്ട്. പു​രാ​ത​ന​ങ്ങ​ളാ​യ ക്ഷേ​ത്ര​സ​മു​ച്ച​യ​ങ്ങ​ളും കൊ​ട്ടാ​ര​ക്കെ​ട്ടു​ക​ളും താ​ജ്മ​ഹ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ലോ​കാ​ത്ഭു​ത​ങ്ങ​ളും രാ​ജ്യ​ത്തെ വാ​സ്തു​വി​ദ്യാ പാ​ര​മ്പ​ര്യ​ത്തി​​ന്റെ ഒ​ളി​മ​ങ്ങാ​ത്ത നി​ർ​മാ​ണ വൈ​ദ​ഗ്​​ധ്യ​ത്തെ​യാ​ണ് പ്ര​കാ​ശി​പ്പി​ക്കു​ന്ന​ത്. നി​ര​വ​ധി സം​സ്കാ​ര​ങ്ങ​ളു​ടെ ആ​ദാ​ന​പ്ര​ദാ​ന​ങ്ങ​ൾ​ക്ക് വേ​ദി​യാ​യി​ത്തീ​ർ​ന്ന ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക ഭൂ​മി​ക വാ​സ്തു​വി​ദ്യ​യി​ലും സം​സ്കാ​ര​ങ്ങ​ളു​ടെ സം​ഗ​മ​ഭൂ​മി​യാ​യി വ​ർ​ത്തി​ച്ചു. ഈ ​സാം​സ്കാ​രി​ക​വൈ​വി​ധ്യം വാ​സ്തു​നി​ർ​മാ​ണ പ്ര​ക്രി​യ​യി​ലും പ്ര​തി​ഫ​ലി​ച്ചു. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ശൈ​ലി​ക​ളും രീ​തി​ക​ളും നി​ർ​മാ​ണ​പ്ര​ക്രി​യ​ക​ളും ഇ​ന്ത്യ​ൻ വാ​സ്തു​പാ​ര​മ്പ​ര്യ​ത്തെ സ​മൃ​ദ്ധ​മാ​ക്കി​ത്തീ​ർ​ത്തു. ആ​യി​ര​ക്ക​ണ​ക്കി​ന് ശി​ൽ​പ​വി​ദ​ഗ്ധ​രും നി​ർ​മാ​ണ​വി​ദ​ഗ്ധ​രും കൈ​കോ​ർ​ത്ത് അ​ധ്വാ​നി​ച്ചു നി​ർ​മി​ച്ചെ​ടു​ത്ത​താ​ണ് ഇ​ന്ന് അ​ത്ഭു​താ​ദ​ര​ങ്ങ​ളോ​ടെ മി​ഴി​ക​ളെ ധ​ന്യ​മാ​ക്കു​ന്ന വ​ലി​യ വാ​സ്തു​നി​ർ​മി​തി​ക​ൾ. എ​ന്നാ​ൽ, ച​രി​ത്ര​ത്തി​ൽ ഈ ​അ​ധ്വാ​ന​വ​ർ​ഗം ത​മ​സ്ക​രി​ക്ക​പ്പെ​ടു​ക​യും ഇ​ത്ത​രം നി​ർ​മി​തി​ക​ൾ​ക്കു പി​ന്നി​ലു​ള്ള ബു​ദ്ധി​ജീ​വി​ത​ങ്ങ​ളാ​യി ബ്രാ​ഹ്മ​ണാ​ചാ​ര്യ​ന്മാ​രെ പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​നി​ട​യാ​ക്കു​ക​യും ചെ​യ്തു. വാ​സ്തു​വി​ദ്യ സം​ബ​ന്ധി​യാ​യി ര​ചി​ക്ക​പ്പെ​ട്ട ഗ്ര​ന്ഥ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും സം​സ്കൃ​ത​ത്തി​ൽ ര​ചി​ക്ക​പ്പെ​ട്ട​തി​നാ​ലും അ​തി​​ന്റെ ര​ച​യി​താ​ക്ക​ൾ ബ്രാ​ഹ്മ​ണ​രാ​യി​രു​ന്നു എ​ന്ന​തി​നാ​ലും വാ​സ്തു​വി​ദ്യ​യു​ടെ വൈ​ജ്ഞാ​നി​ക കു​ത്ത​ക ഒ​രു പ്ര​ത്യേ​ക വ​ർ​ഗ​ത്തി​​ന്റെ സാം​സ്കാ​രി​ക മൂ​ല​ധ​ന​മാ​യി പ​രി​വ​ർ​ത്തി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

സം​സ്കൃ​ത​ത്തി​ൽ ര​ചി​ക്ക​പ്പെ​ട്ട വാ​സ്തു​വി​ദ്യാ​ഗ്ര​ന്ഥ​ങ്ങ​ൾ ഈ ​നി​ർ​മാ​ണ​ശാ​സ്ത്ര​ത്തെ എ​ഴു​ത്തു​രൂ​പ​ത്തി​ൽ ശേ​ഖ​രി​ച്ചു സ​മ്പാ​ദി​ച്ച​തി​നാ​ൽ അ​വ ഈ​ടു​റ്റ സം​ഭാ​വ​ന​ക​ളാ​യി ച​രി​ത്ര​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്നു എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​തി​രി​ക്കെത​ന്നെ വാ​സ്തു​വി​ദ്യാ വി​ജ്ഞാ​നം സം​സ്കൃ​ത​ത്തി​ലേ​ക്ക് ചേ​ക്കേ​റി​യ​പ്പോ​ൾ ആ ​വി​ജ്ഞാ​ന​ത്തി​​ന്റെ ‘യ​ഥാ​ർ​ഥ അ​ധി​കാ​രി​ക​ളി’​ൽ​നി​ന്നും ആ ​വി​ജ്ഞാ​ന​ത്തി​​ന്റെ അ​ധി​കാ​രം എ​ടു​ത്തു​മാ​റ്റ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​ത് ച​രി​ത്ര​ത്തെ സം​ബ​ന്ധി​ച്ച വാ​യ​ന​യി​ലെ ഒ​രു സ​ങ്കീ​ർ​ണ​ത​യാ​ണ്. കേ​ര​ള ച​രി​ത്ര​വാ​യ​ന​ക​ളി​ലും ഇ​ത്ത​രം നി​ര​വ​ധി ച​രി​ത്ര​സ്ഥ​ലി​ക​ൾ കു​ടി​കൊ​ള്ളു​ന്നു​ണ്ട്. കൃ​ഷി​യും ത​ദ​നു​ബ​ന്ധ​മാ​യ അ​ധ്വാ​ന പ്ര​ക്രി​യ​ക​ളി​ലും ആ​ഴ​ത്തി​ലി​ട​പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​ത് കേ​ര​ള​ത്തി​ലെ കീ​ഴാ​ള​സ​മൂ​ഹ​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട​വ​രാ​ണ്. എ​ന്നാ​ൽ, കൃ​ഷി​യെ കു​റി​ച്ച് അ​ടി​സ്ഥാ​ന​ജ്ഞാ​നം കൈ​വ​രി​ച്ച ഈ ​അ​ടി​സ്ഥാ​ന​ജ​ന​ത​ക്കു പ​ക​രം കേ​ര​ള​ത്തി​ൽ കൃ​ഷി​യെ ഉ​ന്മി​ഷ​ത്താ​ക്കി​യ​ത് കേ​ര​ള​ത്തി​ലേ​ക്ക് കു​ടി​യേ​റി​യ ബ്രാ​ഹ്മ​ണ​രാ​ണ് എ​ന്ന ആ​ഖ്യാ​നം ച​രി​ത്ര​കാ​ര​ന്മാ​ർ​ത​ന്നെ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. പാ​ട​ത്തും പ​റ​മ്പി​ലും ഇ​റ​ങ്ങി അ​ധ്വാ​ന​പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​കാ​ത്ത ബ്രാ​ഹ്മ​ണ​ർ കൃ​ഷി​യെ ന​വീ​ക​രി​ച്ചു എ​ന്ന ച​രി​ത്ര​പി​ൻ​ബ​ല​മി​ല്ലാ​ത്ത വാ​ദ​ഗ​തി​ക​ളെ ച​രി​ത്ര​മാ​യി അ​വ​ത​രി​പ്പി​ച്ച​തി​ലൂ​ടെ കേ​ര​ള​ത്തി​ലെ കൃ​ഷി​യു​ടെ വൈ​ജ്ഞാ​നി​ക ഉ​ട​മ​സ്ഥ​രാ​യി ബ്രാ​ഹ്മ​ണ​രെ സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു ശ്ര​മം. ഇ​തി​ലൂ​ടെ കൃ​ഷി​പ്പ​ണി​ക​ളു​മാ​യി ആ​ഴ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന അ​ടി​സ്ഥാ​ന ജ​ന​സ​മൂ​ഹ​ങ്ങ​ളെ കേ​വ​ലം പ​ണി​യാ​ളു​ക​ളാ​യി മാ​റ്റി​ത്തീ​ർ​ക്കു​ക​യും, ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​രാ​യി കൃ​ഷി​യു​ടെ ആ​ദാ​യം കൈ​വ​ശ​മാ​ക്കി​യ ഒ​രു വ​ർ​ഗ​ത്തെ കൃ​ഷി​യു​ടെ വൈ​ജ്ഞാ​നി​ക കു​ത്ത​ക​യാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും​ചെ​യ്തു. വാ​സ്തു​വി​ദ്യാ വി​ജ്ഞാ​നം സം​സ്കൃ​ത​ത്തി​ൽ സ​മ്പാ​ദ​നം ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ സം​ഭ​വി​ച്ച​തും മേ​ൽ സൂ​ചി​പ്പി​ച്ച പ്ര​ക്രി​യ​യാ​ണ്. വാ​സ്തു​വി​ദ്യ​യു​ടെ നി​ർ​മാ​ണ​പ്ര​ക്രി​യ​ക​ളി​ൽ ഉ​ട​ൽ സ​മ​ർ​പ്പി​ച്ച അ​ടി​സ്ഥാ​ന ജ​ന​ത​തി​ക​ളു​ടെ വി​ജ്ഞാ​നം ബ്രാ​ഹ്മ​ണ​ർ കൈ​യേ​ൽ​ക്കു​ക​യും അ​വ​ര​തി​​ന്റെ കു​ത്ത​കാ​ധി​കാ​രി​ക​ളാ​യി മാ​റി​ത്തീ​രു​ക​യും നി​ർ​മാ​ണ​പ്ര​ക്രി​യ​ക​ളി​ൽ ഭാ​ഗ​മാ​യ വാ​സ്തു​വി​ദ്യാ വി​ജ്ഞാ​ന​ത്തി​​ന്റെ നേ​ര​വ​കാ​ശി​ക​ൾ കേ​വ​ലം പ​ണി​യാ​ളു​ക​ളാ​യി ച​രി​ത്ര​ത്തി​ൽ ത​മ​സ്ക​രി​ക്ക​പ്പെ​ടു​ക​യും​ചെ​യ്തു. കാ​ല​ങ്ങ​ളാ​യി ഇ​ന്ത്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ചാ​തു​ർ​വ​ർ​ണ്യ ജാ​തി​വ്യ​വ​സ്ഥ​യാ​ണ് ഈ ​സാ​മൂ​ഹി​ക പ്ര​ക്രി​യ​യു​ടെ ഗ​തി നി​ർ​ണ​യി​ച്ച​ത്.

വാ​സ്തു​വി​ദ്യ​യു​ടെ വി​ജ്ഞാ​ന​ച​രി​ത്രം

സ്ഥാ​പ​ത്യ​വേ​ദം, സ്ഥാ​പ​ത്യ ശാ​സ്ത്രം, വാ​സ്തു​വി​ദ്യ എ​ന്നി​ങ്ങ​നെ​യു​ള്ള പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന വാ​സ്തു​വി​ദ്യ​യു​ടെ വൈ​ജ്ഞാ​നി​ക പാ​ര​മ്പ​ര്യ​ത്തി​ന് അ​തി​ദീ​ർ​ഘ​മാ​യ ച​രി​ത്ര​വേ​രു​ക​ളാ​ണു​ള്ള​ത്. പാ​ലി​ജാ​ത​ക​ത്തി​ൽ കാ​ണു​ന്ന വാ​സ്തു​വി​ദ്യാ​ചാ​ര്യ​നെ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​മ​ർ​ശം ഇ​തി​നു​ത്ത​മ ദൃ​ഷ്ടാ​ന്ത​മാ​ണ്.1 വാ​സ്തു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ഷ്ഠാ​ന​ങ്ങ​ൾ ഗൃ​ഹ്യ​സൂ​ത്ര​ങ്ങ​ളി​ലും പു​രാ​ണ​ങ്ങ​ളി​ലും ഉ​ള്ള​ട​ങ്ങി​യി​ട്ടു​ണ്ട്. വാ​സ്തു​പു​രു​ഷ പ്രീ​തി​ക്കാ​യി (വാ​സ്തു ന​ര​ൻ) ന​ട​ത്തു​ന്ന വാ​സ്തു​യാ​ഗ​ത്തെ സം​ബ​ന്ധി​ച്ച പ​രാ​മ​ർ​ശ​ങ്ങ​ളും ഇ​ത്ത​രം ഗ്ര​ന്ഥ​പാ​ഠ​ങ്ങ​ളി​ൽ കാ​ണാം. നി​ർ​മാ​ണ​പ്ര​ക്രി​യ​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്ത ഭൂ​മി​യെ ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ര​ക്രി​യ​ക​ൾ അ​ശ്വ​ലാ​യ​ന ഗൃ​ഹ്യ​സൂ​ത്രം, ഖാ​ദി​ര​ഗൃ​ഹ്യ​സൂ​ത്രം, ഗോ​ദി​യ ഗൃ​ഹ്യ​സൂ​ത്രം, ആ​പ​സ്തം​ഭ ഗൃ​ഹ്യ​സൂ​ത്രം എ​ന്നി​വ​ക​ളി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്.2 വാ​സ്തു​വി​ദ്യാ സം​ബ​ന്ധി​യാ​യ വി​ജ്ഞാ​ന​രൂ​പ​ത്തി​​ന്റെ ആ​ദി​മ​ച​രി​ത്രം പാ​ലി​ജാ​ത​ക​ങ്ങ​ളി​ൽ​നി​ന്നും വൈ​ദി​ക സാ​ഹി​ത്യ​ങ്ങ​ളി​ൽ​നി​ന്നും ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യും. കു​ശ​പ്പു​ല്ലു​കൊ​ണ്ട് വീ​ടി​ന് മേ​ൽ​ക്കൂ​ര നി​ർ​മി​ക്കു​ന്ന​തി​നെ പ​റ്റി ശ​ത​പ​ഥ​ബ്രാ​ഹ്മ​ണ​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ഇ​പ്ര​കാ​രം ത​ടി​കൊ​ണ്ടു​ള്ള കെ​ട്ടി​ട​നി​ർ​മാ​ണ​ത്തെ പ​റ്റി ഇ​തി​ഹാ​സ​പാ​ഠ​ങ്ങ​ളി​ലും പ​രാ​മ​ർ​ശ​ങ്ങ​ൾ കാ​ണാം.3 വാ​സ്തു​വി​ദ്യ​യു​ടെ വി​ജ്ഞാ​ന​ച​രി​ത്ര​ത്തെ കോ​റി​യി​ടാ​നു​ള്ള ആ​ദ്യ​കാ​ല ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​തെ​ല്ലാം പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്. വാ​സ്തു​വി​ദ്യാ വി​ജ്ഞാ​ന​ത്തെ ശേ​ഖ​രി​ച്ചു​വെ​ച്ചി​ട്ടു​ള്ള നി​ര​വ​ധി​യാ​യ പു​രാ​ണ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് ഈ ​വി​ജ്ഞാ​ന പാ​ര​മ്പ​ര്യ​ത്തി​ന് കൈ​വ​ന്ന പ്രാ​ധാ​ന്യ​ത്തെ​യാ​ണ്. വാ​സ്തു​വി​ദ്യാ വി​ജ്ഞാ​നം പ്ര​തി​പാ​ദി​ക്കു​ന്ന​വ​യാ​ണ് ‘മ​ത്സ്യ​പു​രാ​ണം’, ‘സ്ക​ന്ദ​പു​രാ​ണം’, ‘അ​ഗ്നി​പു​രാ​ണം’, ‘ഗ​രു​ഡ​പു​രാ​ണം’, ‘നാ​ര​ദ​പു​രാ​ണം’, ‘ലിം​ഗ​പു​രാ​ണം’, ‘വാ​യു​പു​രാ​ണം’, ‘ബ്ര​ഹ്മാ​ണ്ഡ​പു​രാ​ണം’, ‘ഭ​വി​ഷ്യ​പു​രാ​ണം’ തു​ട​ങ്ങി​യ​വ.

‘ഋ​ഗ്വേ​ദം’ മു​ത​ലാ​യ വൈ​ദി​ക​സാ​ഹി​ത്യ കൃ​തി​ക​ളി​ലും ഇ​തി​ഹാ​സ​പു​രാ​ണ പാ​ഠ​ങ്ങ​ളി​ലും ‘അ​ർ​ഥ​ശാ​സ്ത്ര’​ത്തി​ലും ഭ​ര​ത​​ന്റെ ‘നാ​ട്യ​ശാ​സ്ത്ര’​ത്തി​ലും വി​സ്തൃ​ത​മാ​യ വാ​സ്തു​വി​ദ്യ​യു​ടെ വി​ജ്ഞാ​ന​പാ​ര​മ്പ​ര്യം പി​ൽ​ക്കാ​ല​ത്ത് കൃ​ത്യ​മാ​യ ഗ്ര​ന്ഥ​രൂ​പം കൈ​വ​രി​ക്കു​ക​യു​ണ്ടാ​യി. പു​രാ​ണ​ങ്ങ​ളി​ൽ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നൊ​പ്പ​മാ​ണ് വാ​സ്തു​വി​ദ്യ​യും ഉ​ൾ​പ്പെ​ടു​ത്ത​പ്പെ​ട്ട​ത്. വ​രാ​ഹ​മി​ഹി​ര​​ന്റെ ‘ബൃ​ഹ​ത് സം​ഹി​ത’​യി​ലു​ൾ​പ്പെ​ടെ കാ​ണ​പ്പെ​ടു​ന്ന വാ​സ്തു​വി​ദ്യാ വി​ജ്ഞാ​നം ഈ ​വൈ​ജ്ഞാ​നി​ക ശാ​ഖ​ക്ക് കൈ​വ​ന്ന പ്രാ​ധാ​ന്യ​മാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്.

ചിന്നകേശവ ക്ഷേത്രം, സോമനാഥപുരം, കർണാടക

ഇ​തി​ഹാ​സ പു​രാ​ണ​പാ​ഠ​ങ്ങ​ളി​ൽ​നി​ന്നും വ്യ​തി​രി​ക്ത​മാ​യി വാ​സ്തു​വി​ദ്യാ വി​ജ്ഞാ​ന​ത്തെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളെ കേ​ന്ദ്ര​മാ​ക്കി​ക്കൊ​ണ്ട് പി​ൽ​ക്കാ​ല​ത്ത് നി​ര​വ​ധി​യാ​യ വാ​സ്തു​വി​ദ്യാ ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. ‘മ​യ​മ​തം’, ‘മാ​ന​സാ​രം’, ‘വി​ശ്വ​ക​ർ​മ പ്ര​കാ​ശി​ക’, ‘സ​മ​രാ​ങ്ക​ണ സൂ​ത്ര​ധാ​ര’, ‘ശി​ൽ​പ​ര​ത്നം’, ‘വാ​സ്തു ര​ത്നാ​വ​ലി’, ‘മാ​ന​സോ​ല്ലാ​സം‘, ‘രാ​ജ​വ​ല്ല​ഭം’, ‘ബ്ര​ഹ്മ​ശി​ൽ​പ’, ‘ശി​ൽ​പ​സം​ഗ്ര​ഹം’, ‘വി​ശ്വ​ക​ർ​മ ശി​ൽ​പം’, ‘വാ​സ്തു​മാ​ണി​ക്യ ര​ത്നാ​ക​രം’, ‘വാ​സ്തു​വി​ദ്യ’, ‘വാ​സ്തു​ല​ക്ഷ​ണം’, ‘മം​ഗ​ല​പാ​ഠം’ തു​ട​ങ്ങി​യ​വ വാ​സ്തു​വി​ദ്യ പ്ര​തി​പാ​ദ​ക​ങ്ങ​ളാ​യ ഗ്ര​ന്ഥ​ങ്ങ​ളാ​ണ്. അ​പ്ര​കാ​ശി​ത​ങ്ങ​ളാ​യ നി​ര​വ​ധി വാ​സ്തു​ഗ്ര​ന്ഥ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.4 ഇ​ങ്ങ​നെ നോ​ക്കി​യാ​ൽ വേ​ദ​ങ്ങ​ളി​ലും ഇ​തി​ഹാ​സ​പു​രാ​ണ പാ​ഠ​ങ്ങ​ളി​ലും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചുനി​ൽ​ക്കു​ന്ന വാ​സ്തു​വി​ദ്യ​ക്ക് വി​പു​ല​മാ​യ ഒ​രു വി​ജ്ഞാ​ന​ച​രി​ത്രം അ​വ​കാ​ശ​പ്പെ​ടാ​നു​ണ്ടെ​ന്ന് ബോ​ധ്യ​മാ​കും.

വാ​സ്തു​വി​ദ്യാ പ്ര​തി​പാ​ദി​ത​മാ​യ എ​ട്ട് അ​ധ്യാ​യ​ങ്ങ​ളി​ലാ​യി ‘അ​ർ​ഥ​ശാ​സ്ത്രം’ ന​ഗ​ര​സം​വി​ധാ​നം (Town Planning), കോ​ട്ട​ക​ളു​ടെ നി​ർ​മാ​ണം, ദു​ർ​ഗ​ങ്ങ​ളു​ടെ നി​ർ​മാ​ണം, ബം​ഗ്ലാ​വു​ക​ൾ, വീ​ടു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​പ്ര​ക്രി​യ​ക​ളെ സം​ബ​ന്ധി​ച്ച് വി​വ​രി​ക്കു​ന്നു​ണ്ട്. ‘നാ​ട്യ​ശാ​സ്ത്ര’​ത്തി​ലെ രം​ഗ​ശാ​ല​യു​ടെ നി​ർ​മാ​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ വി​വ​ര​ണ​വും വാ​സ്തു​വി​ദ്യാ​വി​ജ്ഞാ​ന​ത്തെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​വ​യാ​ണ്. വാ​സ്തു​വി​ദ്യാ ഗ്ര​ന്ഥ​മാ​യ ‘സ​മ​രാ​ങ്ക​ണ സൂ​ത്ര​ധാ​ര’​യി​ൽ (CE 11) ന​ഗ​ര​സം​വി​ധാ​നം (Town Planning), വീ​ടു​ക​ളു​ടെ നി​ർ​മാ​ണം (Residential Architecture), ക്ഷേ​ത്ര​നി​ർ​മാ​ണം (Temple Architecture), ശി​ൽ​പ​വി​ദ്യ (Sculpture), ചി​ത്ര​വി​ദ്യ (Painting) എ​ന്നി​വ വി​വ​രി​ക്കു​ന്നു.

പ്ര​സി​ദ്ധ വാ​സ്തു​വി​ദ്യാ ഗ്ര​ന്ഥ​മാ​യ ‘മ​യ​മ​ത’​ത്തി​ലും ന​ഗ​ര​ക്ര​മീ​ക​ര​ണ​ങ്ങ​ൾ, ഭ​വ​ന നി​ർ​മാ​ണം, ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം, പ്ര​തി​മാ നി​ർ​മാ​ണം തു​ട​ങ്ങി​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്. ‘ദീ​പ്താ​ഗ​മം’, ‘അ​ജി​താ​ഗ​മം’, ‘രൗ​ര​വാ​ഗ​മം’, ‘രൗ​ര​വോ​ത്ത​രാ​ഗ​മം’, ‘സൂ​ക്ഷ്മാ​ഗ​മം’, ‘പ്ര​തി​ഷ്ഠാ ല​ക്ഷ​ണ സാ​ര​സ​മു​ച്ച​യം’ മു​ത​ലാ​യ ആ​ഗ​മ​ത​ന്ത്ര ഗ്ര​ന്ഥ​ങ്ങ​ൾ ക്ഷേ​ത്ര വാ​സ്തു​വി​ദ്യാ സം​ബ​ന്ധി​യാ​യ വി​വ​ര​ണ​ങ്ങ​ളാ​ണ് ഉ​ൾ​ക്കൊ​ള്ളു​ന്ന​ത്. മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക​യും ത​ന്ത്ര​സ​മു​ച്ച​യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ഗ്ര​ന്ഥ​പാ​ഠ​ങ്ങ​ളു​ടെ വി​ള​നി​ല​മാ​യ കേ​ര​ള​ത്തി​ലെ വാ​സ്തു​വി​ദ്യാ വി​ജ്ഞാ​ന​ത്തെ സം​ബ​ന്ധി​ച്ച പ​ഠ​ന​വും സ​വി​ശേ​ഷ പ​രാ​മ​ർ​ശം അ​ർ​ഹി​ക്കു​ന്നു​ണ്ട്. ഇ​ങ്ങ​നെ വൈ​ദി​ക​സാ​ഹി​ത്യ​ത്തി​ലും പാ​ലി​ജാ​ത​ക​ത്തി​ലും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന​തും ഈ​ടു​റ്റ നി​ര​വ​ധി ഗ്ര​ന്ഥ​പാ​ഠ​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യം സം​വ​ഹി​ക്കു​ന്ന​തു​മാ​യ ഒ​ന്നാ​ണ് ഇ​ന്ത്യ​ൻ വാ​സ്തു​വി​ദ്യ​യു​ടെ എ​ഴു​ത​പ്പെ​ട്ട വി​ജ്ഞാ​ന ച​രി​ത്രം.

വാ​സ്തു: സ​ങ്ക​ൽ​പം,ഐ​തി​ഹ്യം

ഋ​ഗ്വേ​ദ ഭാ​ഷ്യ​കാ​ര​നാ​യ സാ​യ​ണ​ൻ ‘വാ​സ്തു’ എ​ന്ന​തു​കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​ത് ‘ഗൃ​ഹ’​ത്തെ​യാ​ണ്. ഗൃ​ഹ​ത്തെ (അ​ഥ​വാ വാ​സ്തു) ര​ക്ഷി​ക്കു​ന്ന ദേ​വ​ത​യെ വാ​സ്തോ​ഷ്പ​തി എ​ന്നും വി​ളി​ക്കു​ന്നു (‘‘വാ​സ്തോ ഗൃ​ഹ​ക്ഷേ​ത്ര​സ്യ​പ​തി ര​ക്ഷി​ദാ​ത’’, ‘‘വാ​സ്തോ​ഷ്പ​തേ ഗൃ​ഹ​സ്യ​പാ​ല​യി​ത്രി​ദേ​വ’’, ഋ​ഗ്വേ​ദം, 7.54.1) ‘വാ​സ്തു’ വി​​ന്റെ സം​സ്കൃ​ത മൂ​ല​ധാ​തു​വാ​യ ‘വ​സ്’ എ​ന്ന​ത് താ​മ​സി​ക്കു​ക എ​ന്ന അ​ർ​ഥ​മാ​ണ് ഉ​ൾ​ക്കൊ​ള്ളു​ന്ന​ത്. വ​സ്തു​വി​ൽ​നി​ന്നു​ണ്ടാ​യ​ത് എ​ന്ന അ​ർ​ഥ​ത്തി​ലും ‘വാ​സ്തു’ എ​ന്ന് പ്ര​യോ​ഗി​ക്കു​ന്നു​ണ്ട്. ‘‘ഏ​തൊ​രു സ്ഥ​ല​ത്ത് എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളും പ​ര​സ്പ​ര​വും പ്ര​കൃ​തി​യു​മാ​യി സൗ​ഹാ​ർ​ദ​പ​ര​മാ​യി ജീ​വി​ക്കു​ന്നു​വോ ആ ​സ്ഥ​ല​മാ​ണ് വാ​സ്തു’’ (വ​സ​ന്തി പ്രാ​ണി​നഃ യ​ത്ര) എ​ന്നും വി​ശ​ദീ​ക​ര​ണ​ങ്ങ​ളു​ണ്ട്.

‘മ​യ​മ​ത’​ത്തി​ൽ ‘വാ​സ്തു’ എ​ന്ന സ​ങ്ക​ൽ​പ​ത്തെ കൃ​ത്യ​മാ​യി നി​ർ​വ​ചി​ക്കു​ന്നു​ണ്ട്:

‘‘അ​മ​ർ​ത്യാ​ശ്ചൈ​വ മ​ർ​ത്യാ​ശ്ച യ​ത്ര യ​ത്ര വ​സ​ന്തി ഹി

​ത​ദ് വ​സ്ത്വി​തി മ​തം ത​ജ്ഞൈഃ ത​ദ് ഭേ​ദം ച ​വ​ദാ​മ്യ​ഹം’’

(മ​യ​മ​തം, 2.1)

അ​മ​ർ​ത്യ​രും (മ​ര​ണ​മി​ല്ലാ​ത്ത​വ​ർ), മ​ർ​ത്ത്യ​രും (മ​നു​ഷ്യ​രും) വ​സി​ക്കു​ന്നി​ട​മാ​ണ് വാ​സ്തു എ​ന്ന് മ​യ​മ​തം പ്ര​സ്താ​വി​ക്കു​ന്നു.

വാ​സ്തു​വി​നെ ‘മ​യ​മ​തം’ നാ​ലാ​യി ത​രം​തി​രി​ക്കു​ക​യും ചെ​യ്യു​ന്നു:

‘‘ഭൂ​മി പ്രാ​സാ​ദ യാ​നാ​നി ശ​യ​നം ച ​ച​തു​ർ​വി​ധം

ഭു​രേ​വ മു​ഖ്യ വ​സ്തു​സ്യാ​ത് ത​ത്ര ജാ​താ​നി യാ​നി ഹി’’

(​മ​യ​മ​തം, 2.2)

ഭൂ​മി, പ്രാ​സാ​ദം, യാ​ത്രോ​പാ​ധി​ക​ൾ, ശ​യ​നീ​യം എ​ന്നി​ങ്ങ​നെ നാ​ലു പ്ര​കാ​ര​ത്തി​ൽ വാ​സ്തു​ക്ക​ളു​ണ്ട്, ഭൂ​മി ത​ന്നെ​യാ​ണി​തി​ൽ മു​ഖ്യ​വാ​സ്തു. എ​ന്തു​കൊ​ണ്ടെ​ന്നാ​ൽ ച​രാ​ച​ര വ​സ്തു​ക്ക​ളു​ടെ​യെ​ല്ലാം ആ​ധാ​രം ഭൂ​മി​യാ​ണ​ല്ലോ.

ബാബരി മസ്ജിദ്

വാ​സ്തു​പു​രു​ഷ​ൻ എ​ന്ന സ​ങ്ക​ൽ​പ​വും ഇ​വി​ടെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു​ണ്ട്. ശ​രീ​രം​കൊ​ണ്ടു ഭൂ​മി​യും ആ​കാ​ശ​വും മു​ഴു​വ​ൻ വ്യാ​പി​ക്കു​ന്ന​തി​നാ​യി ഒ​രു മ​ഹ​ത്താ​യ ഭൂ​തം പൂ​ർ​വ​കാ​ല​ത്തു​ണ്ടാ​യി​രു​ന്നു എ​ന്നും ഈ ​അ​സു​ര​ൻ ദേ​വ​ന്മാ​രോ​ട് യു​ദ്ധം ചെ​യ്തി​ട്ട് ഭൂ​മി​യി​ൽ പ​തി​ച്ചു എ​ന്നും ‘ബൃ​ഹ​ത് സം​ഹി​ത’​യി​ൽ വി​വ​രി​ക്കു​ന്നു. ഭൂ​മി​യി​ൽ പ​തി​ച്ച​ശേ​ഷം ഓ​രോ ദേ​വ​ന്മാ​രും വാ​സ്തു​പു​രു​ഷ​ന്റെ ഓ​രോ അം​ഗ​ങ്ങ​ളി​ലും അ​ധി​വ​സി​ച്ച് അ​തി​​ന്റെ അ​ധി​പ​ന്മാ​രാ​യി​ത്തീ​ർ​ന്നു​വെ​ന്നും ബ്ര​ഹ്മാ​വ് ദേ​വ​മ​യ ശ​രീ​ര​ത്തോ​ടു കൂ​ടി​യ ഈ ​അ​സു​ര​നെ വാ​സ്തു​പു​രു​ഷ​നാ​യി (വാ​സ്തു ന​ര​ൻ) ക​ൽ​പി​ക്കു​ക​യും ചെ​യ്തു എ​ന്നും ‘ബൃ​ഹ​ത് സം​ഹി​ത’ പ്ര​സ്താ​വി​ക്കു​ന്നു.5 ബൃ​ഹ​ത് സം​ഹി​ത​യി​ൽ വി​വ​രി​ച്ച വാ​സ്തു പു​രു​ഷോ​ൽ​പ​ത്തി ‘മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക​’യി​ലും വി​വ​രി​ക്കു​ന്നു​ണ്ട്. 6 ചെ​റു​തും വ​ലു​തു​മാ​യ ഘ​ട​ങ്ങ​ളു​ടെ (കു​ടം) ഉ​ള്ളി​ൽ ആ​കാ​ശം വ്യാ​പി​ക്കു​ന്ന​തു​പോ​ലെ വാ​സ്തു​പു​രു​ഷ​ൻ എ​ല്ലാ ദി​ക്കി​ലും ഒ​രു​പോ​ലെ വ്യാ​പി​ച്ചു എ​ന്നും; വി​ശേ​ഷി​ച്ച് ന​ഗ​രം, പു​രം, ക്ഷേ​ത്ര​ഖ​ണ്ഡം, അ​ങ്ക​ണം മു​ത​ലാ​യ എ​ല്ലാ​യി​ട​ത്തും വാ​സ്തു​പു​രു​ഷ​ൻ വ്യാ​പി​ച്ചു എ​ന്നും ‘മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക’ വ​ർ​ണി​ക്കു​ന്നു.7 ‘ഋ​ഗ്വേ​ദ’​ത്തി​ൽ ബീ​ജ​മി​ടു​ന്ന വാ​സ്തോ​ഷ്പ​തി​യു​ടെ വി​പു​ലീ​കൃ​ത രൂ​പ​മാ​യി വാ​സ്തു പു​രു​ഷ​സ​ങ്ക​ൽ​പ​ത്തെ പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്. നി​ർ​മി​തി​ക​ൾ​ക്ക് പി​ന്നി​ൽ വി​ള​ങ്ങു​ന്ന ജീ​വ​ശ​ക്തി​യാ​യി പ്രാ​ചീ​ന​ർ വാ​സ്തോ​ഷ്പ​തി​യെ​യും വാ​സ്തു പു​രു​ഷ​നെ​യും ക​ണ്ടി​രി​ക്കാം, എ​ന്നാ​ൽ വാ​സ്തു നി​ർ​മി​തി​യെ ഗു​ണ​ദോ​ഷ​ഫ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​രൂ​പ​ണം ചെ​യ്യു​ന്ന ഫ​ല​പ്ര​വ​ച​ന സ്വ​ഭാ​വ​ത്തി​ലു​ള്ള ക​ഥ​ന​ങ്ങ​ൾ വാ​സ്തു​വി​​ന്റെ ഗ​ണി​ത​ക്രി​യ​ക​ളെ​യും നി​ർ​മാ​ണ വൈ​ദ​ഗ്ധ്യ​ത്തെ​യും മ​റി​ക​ട​ന്നു​കൊ​ണ്ട് ജ്യോ​തി​ഷ ഫ​ല​പ്ര​വ​ച​ന സ​മാ​ന​മാ​യ ഒ​ന്നാ​യി മാ​റി​ത്തീ​ർ​ന്നു. പു​രാ​ത​ന​കാ​ല​ത്ത് ഗൃ​ഹ​നി​ർ​മാ​ണ​ത്തി​നു​ള്ള സ്ഥ​ല​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ ദേ​വ​ന്മാ​രു​ടെ സ്ഥാ​ന​മ​നു​സ​രി​ച്ചാ​യി​രു​ന്നു കെ​ട്ടി​ട​ങ്ങ​ൾ​ക്ക് സ്ഥാ​നം ക​ണ്ടെ​ത്തി​യി​രു​ന്ന​തെ​ന്ന് ഡോ. ​ആ​ശാ​ല​താ ത​മ്പു​രാ​നെ പോ​ലു​ള്ള വാ​സ്തു പ​ഠി​താ​ക്ക​ൾ നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. വാ​സ്തു മ​ണ്ഡ​ല​ത്തി​ൽ ദേ​വ​ന്മാ​രു​ടെ സ്ഥാ​നം വാ​സ്തു​പു​രു​ഷ​​ന്റെ അ​വ​യ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്നു. ഇ​ത് ആ ​മ​ണ്ഡ​ല​ത്തി​ൽ ദേ​വ​ന്മാ​രു​ടെ സ്ഥാ​നം ല​ളി​ത​മാ​യി ക​ണ്ടു​പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു എ​ന്നും നി​രീ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.8 വാ​സ്തു​പു​രു​ഷ സ​ങ്ക​ൽ​പ​ത്തി​നു പി​ന്നി​ൽ ഇ​ത്ത​ര​മൊ​രു പ​ശ്ചാ​ത്ത​ലം ഉ​ണ്ടെ​ന്നു​വ​രി​കി​ലും ഈ ​സ​ങ്ക​ൽ​പം ഗ​ണി​ത​ക്രി​യ​ക​ൾ​ക്കും നി​ർ​മാ​ണ വൈ​ദ​ഗ്ധ്യ​ങ്ങ​ൾ​ക്കു​മു​പ​രി​യാ​യി പൗ​രോ​ഹി​ത്യ​ത്തി​ന് ചൂ​ഷ​ണോ​പാ​ധി​യാ​യി വ​ർ​ത്തി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. കേ​വ​ലം വി​ശ്വാ​സ​രൂ​പ​മാ​ർ​ജി​ച്ച വാ​സ്തു പു​രു​ഷ സ​ങ്ക​ൽ​പം യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് ധ​രി​ച്ച​വ​ശ​രാ​യ വി​ശ്വാ​സാ​ന്ധ്യം ബാ​ധി​ച്ച ജ​ന​ത​തി പൗ​രോ​ഹി​ത്യ ചൂ​ഷ​ണ​ങ്ങ​ൾ​ക്ക​ടി​മ​യാ​വു​ക​യും ചെ​യ്യു​ന്നു.

വാ​സ്തു​വി​ദ്യ​യും സ​മൂ​ഹ​വും

വാ​സ്തു​വി​ദ്യ, ശി​ൽ​പ​വി​ദ്യ​യും നി​ർ​മാ​ണ വി​ഷ​യ​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്തി​രു​ന്ന അ​ടി​സ്ഥാ​ന ജ​ന​സ​മു​ദാ​യ​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് ഉ​ണ്ടാ​യി​വ​ന്ന​ത്. ഈ ​വി​ജ്ഞാ​നം സം​സ്കൃ​ത​ത്തി​ൽ ര​ചി​ക്ക​പ്പെ​ട്ട​തോ​ടെ ഇ​തി​​ന്റെ ആ​ധി​കാ​രി​ക ശ​ബ്ദ​മാ​യി ബ്രാ​ഹ്മ​ണാ​ചാ​ര്യ​ന്മാ​ർ കാ​ല​ക്ര​മേ​ണ മാ​റി​ത്തീ​രു​ക​യാ​ണു​ണ്ടാ​യ​ത്. യ​ഥാ​ർ​ഥ ജ്ഞാ​ന​ത്തി​ന്റെ സ്ര​ഷ്ടാ​ക്ക​ൾ ഇ​ങ്ങ​നെ ച​രി​ത്ര​ത്തി​ൽ ത​മ​സ്ക​രി​ക്ക​പ്പെ​ട്ടു. വാ​സ്തു​വി​ദ്യാ ഗ്ര​ന്ഥ​ങ്ങ​ളി​ലെ ശി​ൽ​പി​ക​ളെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ലൂ​ടെ ഇ​തു വ്യ​ക്ത​മാ​ക്കാ​ൻ ക​ഴി​യും. ‘മ​യ​മ​ത’​ത്തി​ൽ നാ​ലു​ത​രം ശി​ൽ​പി​ക​ളെ പ​റ്റി പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. സ്ഥ​പ​തി, സൂ​ത്ര​ഗ്രാ​ഹി, ത​ക്ഷ​ക​ൻ, വ​ർ​ധ​കി എ​ന്നി​വ​രാ​ണ് നാ​ലു​ത​രം ശി​ൽ​പി​ക​ൾ. ഇ​തി​ൽ സ്ഥ​പ​തി പ്ര​സി​ദ്ധ​ദേ​ശ​ജാ​ത​നും സ​ങ്ക​ര സ​മു​ദാ​യ ജാ​ത​നു​മാ​ക​ണം എ​ന്ന് പ്ര​ത്യേ​കം പ്ര​സ്താ​വി​ക്കു​ന്നു​ണ്ട്.9 കൂ​ടാ​തെ സ്ഥ​പ​തി​ക്ക് ഗ​ണി​ത ശാ​സ്ത്ര​ജ്ഞാ​ന​വും പു​രാ​ണ ജ്ഞാ​ന​വും അ​നി​വാ​ര്യ​മാ​യി​രി​ക്ക​ണം എ​ന്നും ‘മ​യ​മ​തം’ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. ചി​ത്ര​ര​ച​നാ വൈ​ഭ​വ​വും സ​ർ​വ​ദേ​ശ​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​ജ്ഞാ​ന​വും കൈ​വ​ന്ന ജ്ഞാ​നി​യാ​യ ഒ​രു വ്യ​ക്തി​യെ​യാ​ണ് ‘മ​യ​മ​തം’ സ്ഥ​പ​തി എ​ന്നു വി​ളി​ക്കു​ന്ന​ത്.10 സ്ഥ​പ​തി​യു​ടെ ശി​ഷ്യ​നോ മ​ക​നോ ആ​യി​രി​ക്ക​ണം സൂ​ത്ര​ഗ്രാ​ഹി എ​ന്ന് ‘മ​യ​മ​തം’ നി​ഷ്ക​ർ​ഷി​ക്കു​ന്നു. ച​ര​ടി​​ന്റെ​യും ദ​ണ്ഡി​​ന്റെ​യും പ്ര​വൃ​ത്തി​യി​ൽ പ​രി​ച​യ​മു​ള്ള​വ​നും അ​ള​വും ലം​ബ​മാ​ന​വും നി​ശ്ച​യി​ക്കു​ന്ന​തി​ൽ പ്ര​ഗ​ല്ഭ​നു​മാ​യി​രി​ക്ക​ണം സൂ​ത്ര​ഗ്രാ​ഹി.

ശി​ല, ത​ടി, ഇ​ഷ്ടി​ക തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ​വി​ദ്യ​യി​ൽ സൂ​ത്ര​ഗ്രാ​ഹി നി​പു​ണ​നാ​ക്കി​യി​രി​ക്ക​ണം. സ്ഥൂ​ല​വും സൂ​ക്ഷ്മ​വു​മാ​യ വ​സ്തു​ക്ക​ളെ ചെ​ത്തി​മി​നു​ക്കി ക്ര​മീ​ക​രി​ക്കു​ന്ന ശി​ൽ​പി​യാ​ണ് ത​ക്ഷ​ക​ൻ. കൂ​ടാ​തെ മൃ​ണ്മ​യ വി​ഷ​യ​ത്തി​ലും (Mud-Technology) ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലും അ​റി​വു​ള്ള ശ​ക്ത​നാ​യി​രി​ക്ക​ണം ത​ക്ഷ​ക​ൻ. ക​ല്ലും മ​ണ്ണും ഉ​പ​യോ​ഗി​ച്ച് മു​ക​ളി​ലേ​ക്ക് കെ​ട്ടി​പ്പൊ​ക്കാ​ൻ ത​ക്ഷ​ക​ൻ പ്രാ​പ്ത​നാ​യി​രി​ക്ക​ണം. വ​ർ​ധ​കി വ​ർ​ധി​പ്പി​ക്കു​ന്ന​വ​നാ​കു​ന്നു. സൂ​ത്ര​ഗ്രാ​ഹി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​ല്ല്, മ​ണ്ണ്, ത​ടി മു​ത​ലാ​യ​വ​കൊ​ണ്ട് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ക​യാ​ണ് വ​ർ​ധ​കി​യു​ടെ ജോ​ലി.11 ഇ​ങ്ങ​നെ സ്ഥ​പ​തി മു​ത​ലാ​യ ശി​ൽ​പി​വൃ​ന്ദ​ങ്ങ​ൾ​ക്ക് ആ​ദ​ര​വ​ർ​ഹി​ക്കു​ന്ന ഒ​രു സ്ഥാ​ന​മാ​ണ് ‘മ​യ​മ​തം’ ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ‘മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക’​യി​ലേ​ക്കെ​ത്തു​മ്പോ​ൾ ഇ​ത്ത​രം സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്ക് വ​ലി​യ രീ​തി​യി​ലു​ള്ള മാ​റ്റം ദ​ർ​ശി​ക്കാ​ൻ ക​ഴി​യും.

‘മ​യ​മ​തം’ സ്ഥ​പ​തി​ക്ക് ഉ​ന്ന​ത​സ്ഥാ​നം ന​ൽ​കു​മ്പോ​ൾ സ്ഥ​പ​തി മു​ത​ലാ​യ ശി​ൽ​പി​ക​ൾ​ക്കും മു​ക​ളി​ൽ ഒ​രു ബ്രാ​ഹ്മ​ണ​ന് സ​വി​ശേ​ഷ പ​ദ​വി ന​ൽ​കു​ക​യാ​ണ് ‘മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക’. വീ​ടു​ണ്ടാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ബ്രാ​ഹ്മ​ണാ​ദി വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​രാ​യാ​ലും അ​വ​ർ ആ​ദ്യ​മേ ത​ന്നെ ആ ​ദേ​ശ​ത്തെ ആ​ചാ​ര​ക്ര​മ​ങ്ങ​ള​റി​യു​ന്ന​വ​നും സ​ക​ല ഗു​ണ​ങ്ങ​ളും തി​ക​ഞ്ഞ​വ​നു​മാ​യ ഒ​രു ബ്രാ​ഹ്മ​ണ​നെ ആ​ചാ​ര്യ​നാ​യി വ​രി​ക്ക​ണം എ​ന്ന് ‘മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക’ നി​ർ​ദേ​ശി​ക്കു​ന്നു. ബ്രാ​ഹ്മ​ണ​നാ​യ ഈ ​ആ​ചാ​ര്യ​നാ​യി​രി​ക്ക​ണം ഭ​വ​ന​ക​ർ​ത്താ​വി​ന് യോ​ജി​ച്ച വ​ർ​ണ​ത്തി​ലു​ള്ള ഭൂ​മി ക​ണ്ടെ​ത്തി അ​വി​ടെ ശി​ൽ​പി​ക​ളെ​ക്കൊ​ണ്ട് ഗൃ​ഹ​നി​ർ​മാ​ണം ചെ​യ്യി​ക്കേ​ണ്ട​തെ​ന്നും ‘മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക’ നി​ർ​ദേ​ശി​ക്കു​ന്നു.12 വേ​ദം, ആ​ഗ​മം, പു​രാ​ണം മു​ത​ലാ​യ​വ​യി​ൽ പ​റ​യു​ന്ന ശാ​സ്ത്ര​ത​ത്ത്വ​ങ്ങ​ളെ​യും ധ​ർ​മ​കാ​ര്യ​ങ്ങ​ളെ​യും വേ​ണ്ട​തു​പോ​ലെ മ​ന​സ്സി​ലാ​ക്കി​യ ബ്രാ​ഹ്മ​ണ​രാ​ണ് സ​ക​ല ദേ​വാ​ല​യ​ങ്ങ​ളും മ​നു​ഷ്യാ​ല​യ​ങ്ങ​ളും ഏ​തു വി​ധ​ത്തി​ലാ​ണ് പ​ണി ചെ​യ്യേ​ണ്ട​തെ​ന്നു വി​ധി​ക്കേ​ണ്ട​തെ​ന്നും ‘മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക’ നി​ർ​ദേ​ശം ന​ൽ​കു​ന്നു.13 ബ്രാ​ഹ്മ​ണ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് പ​ണി ചെ​യ്യേ​ണ്ട ഒ​രു​കൂ​ട്ട​ർ മാ​ത്ര​മാ​യി ഇ​വി​ടെ ശി​ൽ​പി​ക​ൾ മാ​റി​ത്തീ​രു​ന്നു. സ്ഥ​പ​തി​ക്കും മു​ക​ളി​ൽ ബ്രാ​ഹ്മ​ണ​നാ​യ ഒ​രാ​ചാ​ര്യ​നെ സ്ഥാ​പി​ച്ച​തി​ലൂ​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ നി​ർ​മാ​ണ പ്ര​ക്രി​യ​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന ശി​ൽ​പി​ക​ൾ​ക്കും മു​ക​ളി​ലാ​യി ബ്രാ​ഹ്മ​ണ്യ​ത്തെ സ്ഥാ​പ​ന​വ​ത്ക​രി​ക്കു​ക​യാ​ണ് ‘മ​നു​ഷ്യാ​ല​യ ച​ന്ദ്രി​കാ’​കാ​ര​ൻ.


വാ​സ്തു​വി​ദ്യാ വി​ജ്ഞാ​നം സം​സ്കൃ​ത​വ​ത്ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​യ​തോ​ടെ ചാ​തു​ർ​വ​ർ​ണ്യ ജാ​തി​വ്യ​വ​സ്ഥ​യും അ​തി​​ന്റെ ഉ​ച്ച​നീ​ച​ത്വ ക്ര​മ​ങ്ങ​ളും മേ​ൽ​ക്കീ​ഴ് വ്യ​വ​സ്ഥ​യും വാ​സ്തു വി​ജ്ഞാ​ന​ത്തെ​യും സ്വാ​ധീ​നി​ക്കാ​ൻ ആ​രം​ഭി​ച്ചു. സം​സ്കൃ​ത ഭാ​ഷ​യി​ൽ എ​ഴു​ത​പ്പെ​ട്ട വാ​സ്തു​വി​ദ്യാ ഗ്ര​ന്ഥ​ങ്ങ​ളി​ൽ​നി​ന്നും നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ ഇ​തി​നു​പോ​ദ്ബ​ല​ക​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യും. ചാ​തു​ർ​വ​ർ​ണ്യ​വ്യ​വ​സ്ഥ​ക്ക് യോ​ജി​ച്ച രീ​തി​യി​ലാ​ണ് ഭൂ​മി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പു​പോ​ലും ന​ട​ത്തു​ന്ന​ത്.14 ചാ​തു​ർ​വ​ർ​ണ്യ​ക്ര​മ​മ​നു​സ​രി​ച്ച് ബ്രാ​ഹ്മ​ണാ​ദി ജാ​തി​ക​ൾ​ക്ക് സ​വി​ശേ​ഷ ല​ക്ഷ​ണ​മു​ള്ള ഭൂ​മി​യാ​ണ് ഗൃ​ഹ​നി​ർ​മാ​ണ​ത്തി​നാ​യി ‘മ​യ​മ​തം’ നി​ർ​ദേ​ശി​ക്കു​ന്ന​ത്.15 ച​ണ്ഡാ​ല​ന്മാ​രു​ടെ ആ​വാ​സ സ്ഥാ​ന​ങ്ങ​ളു​ടെ ഛായ ​പ​തി​യു​ന്ന​തും തോ​ൽ​കൊ​ണ്ട് ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന​വ​രു​ടെ കി​ട​പ്പാ​ട​ങ്ങ​ൾ​ക്ക​ടു​ത്തു​ള്ള​തു​മാ​യ ഭൂ​മി വ​ർ​ജി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​തി​ലൂ​ടെ ച​ണ്ഡാ​ലാ​ദി​ക​ളെ നി​കൃ​ഷ്ട​രാ​യി കാ​ണു​ന്ന ഒ​രു സാ​മൂ​ഹി​ക വ്യ​വ​സ്ഥി​തി​യാ​ണ് തെ​ളി​യു​ന്ന​ത്.16 ഈ ​സാ​മൂ​ഹി​ക വ്യ​വ​സ്ഥി​തി​ക്ക് യോ​ജി​ച്ച​വ​ണ്ണ​മു​ള്ള ഗൃ​ഹ​നി​ർ​മാ​ണ പ​ദ്ധ​തി​ക​ളാ​ണ് ‘മ​യ​മ​തം’ വി​ധി​ക്കു​ന്ന​തും. പ്ര​ഭാ​ത​ത്തി​ൽ​ത​ന്നെ ഗ്രാ​മ​ത്തി​ൽ പ്ര​വേ​ശി​ച്ച് ഗ്രാ​മം ശു​ചി​യാ​ക്കേ​ണ്ട ജോ​ലി ച​ണ്ഡാ​ല​ന്മാ​ർ​ക്കാ​ണെ​ന്ന് ‘മ​യ​മ​തം’ പ്ര​സ്താ​വി​ക്കു​ന്നു.17 ച​ണ്ഡാ​ലാ​ധി​വാ​സ​മു​ള്ളി​ട​ത്തെ വൃ​ക്ഷ​ത്തെ പോ​ലും ത്യാ​ജ്യ​മാ​യ വ​ർ​ജ്യ വൃ​ക്ഷ​മാ​യി മ​യ​മ​തം എ​ണ്ണു​ന്നു.18

ശി​ല​കൊ​ണ്ട് ദേ​വാ​ല​യ​ങ്ങ​ളും ബ്രാ​ഹ്മ​ണ ക്ഷ​ത്രി​യാ​ല​യ​ങ്ങ​ളും നി​ർ​മി​ക്കാം എ​ന്നാ​ൽ വൈ​ശ്യ​നും ശൂ​ദ്ര​നും ഇ​പ്ര​കാ​രം ചെ​യ്താ​ൽ അ​ർ​ഥ കാ​മ​ങ്ങ​ളു​ടെ വി​നാ​ശ​മാ​ണ് ഫ​ല​മെ​ന്ന് ‘മ​യ​മ​തം’ വി​ധി​ക്കു​ന്നു:

‘‘ശി​ലാ ദേ​വാ​ല​യേ ഗ്രാ​ഹ്യാ ദ്വി​ജാ​വ​നി​പ​യോ​ർ മ​താഃ

പാ​ഷ​ണ്ഡി​നാം ച ​ക​ർ​ത്ത​വ്യാ ന ​കു​ര്യാ​ദ് വൈ​ശ്യ ശൂ​ദ്ര​യോഃ’’19

നി​ർ​മാ​ണ​പ്ര​ക്രി​യ​ക​ൾ​ക്കാ​വ​ശ്യ​മാ​യ ത​ടി മു​റി​ച്ചു​കൊ​ണ്ടു പോ​കു​ന്ന​തി​ൽ​പോ​ലും പു​ല​ർ​ത്തേ​ണ്ട ജാ​ത്യാ​ചാ​ര ക്ര​മ​ങ്ങ​ളെ കു​റി​ച്ചും ‘മ​യ​മ​തം’ സൂ​ക്ഷ്മ​ത പു​ല​ർ​ത്തു​ന്നു​ണ്ട്. ദേ​വ​ത​ക​ൾ​ക്കും ക്ഷ​ത്രി​യ​ർ​ക്കും വൈ​ശ്യ​ർ​ക്കും ഉ​ള്ള വൃ​ക്ഷ​ത്ത​ടി മ​നു​ഷ്യ​ർ തോ​ളി​ൽ ചു​മ​ന്നാ​ണ് കൊ​ണ്ടു​പോ​കേ​ണ്ട​തെ​ന്ന് ‘മ​യ​മ​തം’ നി​ഷ്ക​ർ​ഷി​ക്കു​ന്നു. 20 വീ​ടി​ന് നി​ർ​മി​ക്കു​ന്ന വാ​തി​ലു​ക​ളി​ൽ​നി​ന്നു​പോ​ലും ജാ​തി വാ​യി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന നി​ർ​ബ​ന്ധ​ബു​ദ്ധി ‘മ​യ​മ​തം’ വെ​ച്ചു​പു​ല​ർ​ത്തി​യി​രു​ന്നു. ദേ​വ​ന്മാ​ർ, ബ്രാ​ഹ്മ​ണ​ർ, ക്ഷ​ത്രി​യ​ർ എ​ന്നി​വ​രു​ടെ വാ​സ​ഗൃ​ഹ​ങ്ങ​ളു​ടെ വാ​തി​ലു​ക​ൾ മ​ധ്യ​ത്തി​ലും മ​റ്റു വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രു​ടെ വാ​തി​ലു​ക​ൾ ഗൃ​ഹ​ത്തി​ന്റെ പാ​ർ​ശ്വ​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി​രി​ക്ക​ണം എ​ന്നും ‘മ​യ​മ​തം’ വി​ധി​ക്കു​ന്നു. 21 ‘മ​യ​മ​ത’​ത്തി​ലെ പോ​ലെ ത​ന്നെ ‘മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക’​യി​ലും ബ്രാ​ഹ്മ​ണാ​ദി ഭൂ​ല​ക്ഷ​ണ​വും, ഭൂ​മി​യു​ടെ ചാ​തു​ർ​വ​ർ​ണ്യ സ​വി​ശേ​ഷ​ത​ക​ളും രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. വ​ർ​ണം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത ഭൂ​മി അ​ഖി​ല​വ​ർ​ണ​ർ​ക്കും വ​ർ​ജ്യ​മാ​ണെ​ന്നും ‘മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക’ വി​ധി​ക്കു​ന്നു.22 ‘മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക’​യും ‘മ​യ​മ​ത’​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​സ്തു​വി​ദ്യാ ഗ്ര​ന്ഥ​ങ്ങ​ൾ ചാ​തു​ർ​വ​ർ​ണ്യ​വ്യ​വ​സ്ഥി​തി​ക്ക് യോ​ജി​ച്ച രീ​തി​യി​ലാ​ണ് വാ​സ്തു​നി​ർ​മാ​ണ പ്ര​ക്രി​യ​ക​ൾ വി​വ​രി​ക്കു​ന്ന​തെ​ന്ന് ഇ​തി​ൽ​നി​ന്നെ​ല്ലാം സ്പ​ഷ്ട​മാ​ണ്. വാ​സ്തു​വി​ദ്യ വി​വ​രി​ക്കു​ന്ന ബൃ​ഹ​ത് സം​ഹി​ത​യും ഇ​തി​ന​പ​വാ​ദ​മ​ല്ല.

മുരുഡേശ്വർ ക്ഷേത്രത്തിലെ 20 നിലയു​ള്ള ഗോപുരം

ബ്രാ​ഹ്മ​ണാ​ദി​ക​ളാ​യ എ​ല്ലാ വ​ർ​ണ​ങ്ങ​ളി​ൽ​പെ​ട്ട​വ​രു​ടെ ഗൃ​ഹ​ങ്ങ​ളും ഉ​ത്ത​മാ​ധ​മ ഭേ​ദേ​ന ബൃ​ഹ​ത് സം​ഹി​ത ത​രം​തി​രി​ക്കു​ന്നു.23 ചാ​തു​ർ​വ​ർ​ണ്യ​ത്തി​​ന്റെ ഏ​റ്റി​റ​ക്ക ക്ര​മ​മ​നു​സ​രി​ച്ച് വേ​ണം ബ്രാ​ഹ്മ​ണാ​ദി​ക​ൾ താ​മ​സി​ക്കാ​നെ​ന്നും ബൃ​ഹ​ത് സം​ഹി​ത വ്യ​ക്ത​മാ​ക്കു​ന്നു:

‘‘ഗൃ​ഹ​ന​ഗ​ര ഗ്രാ​മേ​ഷു ച ​സ​ർ​വ​ത്രൈ​വം പ്ര​തി​ഷ്ഠി​താ ദേ​വാഃ

തേ​ഷു ച ​യ​ഥാ​നു​രൂ​പം വ​ർ​ണാ വി​പ്രാ​ദ​യോ വാ​സ്യാഃ’’24

ഇ​ന്ത്യ​യു​ടെ സാ​മൂ​ഹി​ക​ജീ​വി​ത​ത്തെ ആ​ഴ​ത്തി​ൽ പി​ടി​മു​റു​ക്കി​യി​രു​ന്ന ചാ​തു​ർ​വ​ർ​ണ്യ ജാ​തി​വ്യ​വ​സ്ഥ വാ​സ്തു​വി​ദ്യാ വി​ജ്ഞാ​ന​ത്തി​​ന്റെ ഗ​തി​യെ​യും നി​ർ​ണ​യി​ച്ചി​രു​ന്നു എ​ന്ന് ഇ​തി​ൽ​നി​ന്നെ​ല്ലാം വ്യ​ക്ത​മാ​ണ്.

വാ​സ്തു​യാ​ഗ​വും വെ​ജി​റ്റേ​റി​യ​നി​സ​വും

വാ​സ്തു​വി​ശ്വാ​സ​ങ്ങ​ൾ​ക്ക് വ​ർ​ധി​ച്ചു വ​ന്ന ജ​ന​പ്രി​യ​ത അ​തി​നു​ണ്ടാ​യി​രു​ന്ന ബ്രാ​ഹ്മ​ണേ​ത​ര​മാ​യ സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ളെ ക്ര​മേ​ണ മ​റ​യ്ക്കു​ന്ന​തി​നി​ട​യാ​ക്കി. അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ് മ​ദ്യ​വും മാം​സ​വും ഉ​പ​യോ​ഗി​ച്ച് ന​ട​ന്നി​രു​ന്ന വാ​സ്തു​ബ​ലി ക്ര​മേ​ണ ‘ശു​ദ്ധ​ഹ​വി​സ്സ്’ മാ​ത്ര​മു​പ​യോ​ഗി​ച്ചു​ള്ള ഒ​ന്നാ​യി മാ​റി​ത്തീ​ർ​ന്ന​ത്. ‘മ​യ​മ​ത’​ത്തി​ൽ വി​വ​രി​ക്കു​ന്ന വാ​സ്തു​ബ​ലി​യി​ൽ മ​ദ്യ​വും മാം​സ​വും യ​ഥേ​ഷ്ടം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. വാ​സ്തു​ബ​ലി​ക്കാ​യു​ള്ള രാ​ക്ഷ​സ​പ​ദ​ത്തി​ൽ ല​ഹ​രി​ദാ​യ​ക​മാ​യ പ​ഴ​ച്ചാ​റും, ഭൃം​ഗ​രാ​ജ​പ​ദ​ത്തി​ൽ സ​മു​ദ്ര​ത്തി​ലെ മീ​നും, മൃ​ഗ​പ​ദ​ത്തി​ൽ മ​ത്സ്യ​വും ചോ​റും, രോ​ഗ​പ​ദ​ത്തി​ൽ ഉ​ണ​ക്ക​മ​ത്സ്യ​വും, രു​ദ്ര​ജ​യ​​ന്റെ പ​ദ​ത്തി​ൽ പാ​കം ചെ​യ്ത മാം​സ​വും, വാ​സ്തു​പ​ദ​ത്തി​ലെ ച​ര​കി എ​ന്ന ദേ​വ​ത​ക്ക് മ​ദ്യ​വും നെ​യ്യും ബ​ലി​യാ​യി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ‘മ​യ​മ​ത’​ത്തി​ലെ ബ​ലി​ക​ർ​മ വി​ധാ​ന​ത്തി​ൽ വി​സ്ത​രി​ക്കു​ന്നു.25 ‘മ​യ​മ​ത’​ത്തി​ലെ മാം​സ​ബ​ലി​യെ സാ​ധൂ​ക​രി​ക്കു​ന്ന ചി​ല ഭാ​ഗ​ങ്ങ​ൾ ‘വാ​ല്മീ​കി രാ​മാ​യ​ണ’​ത്തി​ൽ തെ​ളി​ഞ്ഞു കാ​ണാം. വ​ന​ത്തി​ൽ താ​മ​സി​ക്കാ​നാ​യി പ​ർ​ണ​ശാ​ല നി​ർ​മി​ക്കു​മ്പോ​ൾ ആ ​ശാ​ല​യി​ൽ രാ​മ​ല​ഷ്മ​ണ​ന്മാ​ർ മാ​നി​​ന്റെ മാം​സം ഉ​പ​യോ​ഗി​ച്ച് വാ​സ്തു ശാ​ന്തി​ക്രി​യ നി​ർ​വ​ഹി​ക്കു​ന്ന​താ​യി ‘വാ​ല്മീ​കി രാ​മാ​യ​ണം’ വി​വ​രി​ക്കു​ന്നു:

“ഐ​ണേ​യം മാം​സ​മാ​ഹൃ​ത്യ ശാ​ലാം യ​ക്ഷ്യാ​മ​ഹേ വ​യം

ക​ർ​ത​വ്യം വാ​സ്തു​ശ​മ​നം സൗ​മി​ത്രേ ചി​ര​ജീ​വി​ഭീഃ ’’

(അ​യോ​ധ്യ കാ​ണ്ഡം, 56.25)

ഹോ​മി​ച്ച കൃ​ഷ്ണ​മൃ​ഗ​ത്തി​​ന്റെ മാം​സം അ​ഗ്നി​യി​ൽ ന​ന്നാ​യി വെ​ന്തു​ക​ഴി​ഞ്ഞ​പ്പോ​ൾ ആ ​മാം​സം ഉ​പ​യോ​ഗി​ച്ച് ഗൃ​ഹ​ദേ​വ​ത​ക​ൾ​ക്കാ​യി യ​ജ്ഞ​മ​നു​ഷ്ഠി​ക്കാ​ൻ ല​ക്ഷ്മ​ണ​നോ​ട് ആ​ഹ്വാ​നം​ചെ​യ്യു​ന്ന രാ​മ​​ന്റെ ചി​ത്ര​വും വാ​ല്മീ​കി വ​ര​ച്ചി​ടു​ന്നു​ണ്ട് (അ​യോ​ധ്യ കാ​ണ്ഡം, 56. 26-31). മാം​സം ഉ​പ​യോ​ഗി​ച്ചു​ള്ള വാ​സ്തു​ബ​ലി നി​ല​നി​ന്നി​രു​ന്നു എ​ന്നാ​ണ് ‘വാ​ല്മീ​കി രാ​മാ​യ​ണ’​ത്തി​ലെ തെ​ളി​വു​രൂ​പ​ങ്ങ​ൾ സ​മ​ർ​ഥി​ക്കു​ന്ന​ത്. പ്ര​സി​ദ്ധ കേ​ര​ളീ​യ ത​ന്ത്ര​ഗ്ര​ന്ഥ​മാ​യ ‘പ്ര​യോ​ഗ​മ​ഞ്ജ​രി’​യി​ലും വാ​സ്തുഹോ​മ​ത്തി​ന് മാം​സം നി​ഷ്ക​ർ​ഷി​ക്കു​ന്നു​ണ്ട്:

‘‘മാം​സാ​നി പ​ക്വാ​നി ത​ഥാ​മ​കാ​നി

ദ​ദ്യാ​ത് ബ​ലിം രു​ദ്ര​ജ​യാ​യ പ​ശ്ചാ​ത്”

(പ്ര​യോ​ഗ​മ​ഞ്ജ​രി, 3.32)

പി​ൽ​ക്കാ​ല​ത്ത് പ്ര​ച​രി​ച്ച​തു​പോ​ലെ ശു​ദ്ധ​ഹ​വി​സ്സാ​യി​രു​ന്നി​ല്ല വാ​സ്തു​ബ​ലി​യി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. മ​ദ്യ​വും മാം​സ​വും വാ​സ്തു​ബ​ലി​യു​ടെ അ​നി​ഷേ​ധ്യ ഭാ​ഗ​മാ​യി​രു​ന്നു. ബ​ലി​ക​ർ​മ​ങ്ങ​ൾ അ​നു​ഷ്ഠി​ക്കാ​ൻ ഏ​റ്റ​വും യോ​ഗ്യ​ർ ക​ന്യ​ക​മാ​രും വേ​ശ്യ​ക​ളു​മാ​ണെ​ന്ന ‘മ​യ​മ​ത’​ത്തി​ലെ പ​രാ​മ​ർ​ശ​വും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. 26 കാ​ല​ക്ര​മ​ത്തി​ൽ വാ​സ്തു​ബ​ലി​യി​ൽ മ​ദ്യ​ത്തി​​ന്റെ​യും മാം​സ​ത്തി​​ന്റെ​യും സ്ഥാ​ന​ത്ത് ഹ​വി​സ്സ് വ​ന്നു​ചേ​ർ​ന്ന​തി​​ന്റെ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യം പ​ഠ​നീ​യ​മാ​ണ്. ബ്രാ​ഹ്മ​ണേ​ത​ര​മാ​യ അ​ടി​ത്ത​റ​യു​ണ്ടാ​യി​രു​ന്ന വാ​സ്തു​വി​ദ്യ വി​ജ്ഞാ​ന​ത്തെ ബ്രാ​ഹ്മ​ണ്യം ഉ​ൾ​ച്ചേ​ർ​ത്ത​തി​​ന്റെ അ​ന​ന്ത​ര​ഫ​ല​മാ​യാ​ണ് വാ​സ്തു​ബ​ലി​യി​ലും ഇ​ത്ത​ര​മൊ​രു മാ​റ്റം സം​ഭ​വി​ച്ച​ത്.

ക്ഷേ​ത്ര​വാ​സ്തു

വൈ​ദി​ക​ങ്ങ​ളാ​യ യാ​ഗ​യ​ജ്ഞാ​ദി ക​ർ​മാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ജീ​വി​ച്ചുപോ​ന്ന ബ്രാ​ഹ്മ​ണ പൗ​രോ​ഹി​ത്യം ക്ഷേ​ത്ര​പ്ര​തി​ഷ്ഠ​ക​ളി​ലേ​ക്കും ക്ഷേ​ത്രാ​രാ​ധ​ന​ക​ളി​ലേ​ക്കും എ​ത്തി​േ​ച്ച​ർ​ന്ന​തും അ​ത്ത​ര​മൊ​രു ക്ഷേ​ത്ര​സം​സ്കാ​രം ബ്രാ​ഹ്മ​ണ പൗ​രോ​ഹി​ത്യ​വു​മാ​യി ബ​ല​പ്പെ​ട്ട​തും പൊ​തു​വ​ർ​ഷം ആ​ദ്യ നൂ​റ്റാ​ണ്ടു​ക​ളി​ലാ​ണ്. വൈ​ദി​ക​യ​ജ്ഞാ​ദി​ക​ൾ​ക്ക് സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ലു​പ്ത​പ്ര​ചാ​ര​വും ത​ദ്ദേ​ശീ​യ​മാ​യ താ​ന്ത്രി​ക-​ബൗ​ദ്ധ-​ജൈ​നാ​രാ​ധ​ന​ക​ളു​ടെ ജ​ന​പ്രി​യ​ത​യും ബ്രാ​ഹ്മ​ണ​രെ ക്ര​മേ​ണ ഇ​ത്ത​ര​മൊ​രു സം​സ്കാ​ര​ത്തെ സ്വാം​ശീ​ക​രി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു. ബ്രാ​ഹ്മ​ണ പൗ​രോ​ഹി​ത്യം ക്ഷേ​ത്രാ​രാ​ധ​ന സം​സ്കാ​ര​ത്തി​ലേ​ക്ക് ക​ട​ന്നു ചെ​ന്ന പൊ​തു​വ​ർ​ഷം ആ​ദ്യ നൂ​റ്റാ​ണ്ടു​ക​ളി​ൽ ക്ഷേ​ത്ര​പ്ര​തി​ഷ്ഠ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട താ​ന്ത്രി​ക ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ക്കാ​ൻ ഇ​ത് പ്രേ​ര​ണ​യാ​യി എ​ന്ന് ച​രി​ത്ര​പ​ര​മാ​യി ക​രു​താ​വു​ന്ന​താ​ണ്. പൊ​തു​വ​ർ​ഷം ആ​ദ്യ നൂ​റ്റാ​ണ്ടു​ക​ളി​ൽ ബ്രാ​ഹ്മ​ണ​ർ ര​ചി​ച്ച ത​ന്ത്ര​ഗ്ര​ന്ഥ​ങ്ങ​ളി​ൽ ക്ഷേ​ത്ര​വാ​സ്തു സം​ബ​ന്ധി​യാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ വി​ര​ള​മാ​ണ്. ഉ​ത്ത​രേ​ന്ത്യ​ൻ ബ്ര​ഹ്മ​യാ​മ​ളം (CE 7), നി​ശ്വാ​സ ത​ത്ത്വ​സം​ഹി​ത (CE 5-6) തു​ട​ങ്ങി​യ ഏ​റ്റ​വും പ്രാ​ചീ​ന​മാ​യ ത​ന്ത്ര ഗ്ര​ന്ഥ​ങ്ങ​ളി​ൽ ക്ഷേ​ത്രാ​രാ​ധ​ന ക്ര​മ​ങ്ങ​ൾ വി​ക​സി​ച്ചു വ​രു​ന്ന​തി​​ന്റെ സൂ​ച​ന​ക​ൾ ല​ഭ്യ​മ​ല്ല. കൂ​ടാ​തെ, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ല​ഭ്യ​മാ​യ പ്രാ​ചീ​ന ശൈ​വാ​ഗ​മ​ങ്ങ​ളി​ൽ സ​ന്യാ​സ മ​ഠ​ങ്ങ​ളി​ൽ പ്ര​തി​ഷ്ഠി​ച്ചാ​രാ​ധി​ക്കു​ന്ന വി​ഗ്ര​ഹാ​രാ​ധ​ന​യു​ടെ സാം​സ്കാ​രി​ക ച​രി​ത്ര​മാ​ണ് ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​ത്. പൊ​തു​വ​ർ​ഷം (CE) പ​ത്താം നൂ​റ്റാ​ണ്ടോ​ട് കൂ​ടി​യാ​ണ് ക്ഷേ​ത്രാ​രാ​ധ​ന അ​ധി​ക​രി​ച്ചു​ള്ള ത​ന്ത്ര​ഗ്ര​ന്ഥ​ങ്ങ​ളു​ടെ വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​വ​രു​ന്ന​താ​യി കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്നും ല​ഭ്യ​മാ​യ ഏ​റ്റ​വും പ​ഴ​ക്കംചെ​ന്ന ത​ന്ത്ര​ഗ്ര​ന്ഥ​മാ​യ ‘പ്ര​യോ​ഗ​മ​ഞ്ജ​രി’​യു​ടെ ര​ച​നാ​കാ​ലം CE 10-11 നൂ​റ്റാ​ണ്ടാ​െ​ണ​ന്ന വ​സ്തു​ത​യും​കൂ​ടി പ​രി​ഗ​ണി​ച്ചാ​ൽ ബ്രാ​ഹ്മ​ണ​ർ കാ​ല​ക്ര​മ​ത്തി​ലാ​ണ് ക്ഷേ​ത്രാ​രാ​ധ​നാ ക്ര​മ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​തെ​ന്ന് കാ​ണാ​ൻ ക​ഴി​യും. പ്ര​തി​മാ​പൂ​ജ ചെ​യ്യു​ന്ന ബ്രാ​ഹ്മ​ണ​രെ ‘മ​നു​സ്മൃ​തി’ നീ​ച​പ്ര​വൃ​ത്തി ചെ​യ്യു​ന്ന​വ​രാ​യാ​ണ് പ​രി​ഗ​ണി​ച്ചി​രു​ന്ന​തെ​ന്ന യാ​ഥാ​ർ​ഥ്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ ആ​ദ്യ​കാ​ല ബ്രാ​ഹ്മ​ണ്യം പ്ര​തി​ഷ്ഠാ​ദി പൂ​ജ​ക​ളെ ഉ​ത്ത​മ​മാ​യി ഗ​ണി​ച്ചി​രു​ന്നി​ല്ലെ​ന്ന് തെ​ളി​യും. കേ​ര​ള​ത്തി​ൽ ഭ​ദ്ര​കാ​ളി പൂ​ജ ചെ​യ്തി​രു​ന്ന അ​ടി​മ​ക​ൾ മു​ത​ലാ​യ പൗ​രോ​ഹി​ത്യ വി​ഭാ​ഗ​ത്തെ അ​ധ​മ​രാ​യാ​ണ് ബ്രാ​ഹ്മ​ണ്യം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ശാ​ക്തേ​യ പൂ​ജാ​ക്ര​മ​ങ്ങ​ളെ ‘ശാ​ങ്ക​ര​സ്മൃ​തി’ നീ​ച​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്ന​തും അ​തി​​ന്റെ അ​ധ​മ​ത്വ​ത്തെ നി​ദാ​ന​മാ​ക്കി​യാ​യി​രു​ന്നു. കൂ​ടാ​തെ ‘പാ​ര​ശ​വ​ർ’ എ​ന്ന സ​ങ്ക​ര​ജാ​തി വി​ഭാ​ഗ​ങ്ങ​ളാ​ണ് ഭ​ദ്ര​കാ​ളീ പൂ​ജ നി​ർ​വ​ഹി​ച്ചി​രു​ന്ന​തെ​ന്ന് ‘വൈ​ഖാ​ന​സ ധ​ർ​മ​സൂ​ത്രം’ മു​ത​ലാ​യ ധ​ർ​മ​ശാ​സ്ത്ര​ഗ്ര​ന്ഥ​ങ്ങ​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇ​തെ​ല്ലാം തെ​ളി​യി​ക്കു​ന്ന​ത് ബ്രാ​ഹ്മ​ണ പൗ​രോ​ഹി​ത്യം വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ക്ഷേ​ത്രാ​രാ​ധ​നാ ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​റി​യ​ത് ച​രി​ത്ര​ത്തി​​ന്റെ ഒ​രു സ​വി​ശേ​ഷ​ഘ​ട്ട​ത്തി​ലാ​ണെ​ന്നാ​ണ്. അ​തി​നുമു​മ്പ് ക്ഷേ​ത്രാ​രാ​ധ​ന വി​ശ്വാ​സ​ക്ര​മ​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശീ​യ​വും ബൗ​ദ്ധ​വും ജൈ​ന​വു​മാ​യ വേ​രു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത് എ​ന്നുത​ന്നെ​യാ​ണ് സ്പ​ഷ്ട​മാ​കു​ന്ന​ത്.

പത്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം

കേ​ര​ള​ത്തി​​ന്റെ വാ​സ്തു​വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്രം പ​രി​ശോ​ധി​ക്കു​മ്പോ​ൾ ശ്രേ​ണീ​കൃ​ത അ​സ​മ​ത്വ വ്യ​വ​സ്ഥ​യാ​യ ജാ​തി​ജീ​വി​ത​ത്തി​​ന്റെ മേ​ൽ​ക്കീ​ഴ് വ​ർ​ണ​ബോ​ധം വാ​സ്തു​വി​ദ്യ​യു​ടെ സാം​സ്കാ​രി​ക ച​രി​ത്ര​സ്ഥ​ലി​ക​ളെ ആ​ഴ​ത്തി​ൽ നി​ർ​ണ​യി​ച്ചി​രു​ന്നു എ​ന്ന് ബോ​ധ്യ​പ്പെ​ടും. കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളും കോ​ട്ട​കൊ​ത്ത​ള​ങ്ങ​ളും മ​റ്റും നി​ർ​മി​ച്ചി​രു​ന്ന ആ​ശാ​രി മു​ത​ലാ​യ ജാ​തി വി​ഭാ​ഗ​ങ്ങ​ളെ ബ്രാ​ഹ്മ​ണ്യ​വ്യ​വ​സ്ഥ ഹീ​ന​രാ​യാ​ണ് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ആ​ശാ​രി തൊ​ട്ട് അ​ശു​ദ്ധ​മാ​ക്കി​യ​തി​ന് പ​രി​ഹാ​ര​മാ​യി പ്രാ​യ​ശ്ചി​ത്തം ചെ​യ്ത​ത് സം​ബ​ന്ധി​ച്ച് മ​തി​ല​കം ഗ്ര​ന്ഥ​വ​രി​ക​ളി​ൽ (ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്രം) വ്യ​ക്ത​മാ​യ തെ​ളി​രൂ​പ​ങ്ങ​ൾ ദ​ർ​ശി​ക്കാം. വാ​സ്തു​വി​ദ്യ​യെ സ​മ്പ​ന്ന​മാ​ക്കി​യ വി​ഭാ​ഗ​ങ്ങ​ളെ ഹീ​ന​രാ​ക്കി മു​ദ്രകു​ത്തി അ​ത്ത​രം അ​ധ്വാ​ന​പ്ര​ക്രി​യ​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ അ​ധ​മ​വ​ത്ക​രി​ക്കു​ക​യും ആ ​വി​ഭാ​ഗ​ത്തി​​ന്റെ വി​ജ്ഞാ​ന​ത്തെ സൃ​ഷ്ടി​ച്ച​ത് ത​ങ്ങ​ളാ​ണ് എ​ന്ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്യു​ന്ന ച​രി​ത്ര​വി​രു​ദ്ധ​മാ​യ സാം​സ്കാ​രി​ക പ്ര​ക്രി​യ ബ്രാ​ഹ്മ​ണ്യ​ത്തി​ൽ അ​ന്ത​ർ​ലീ​ന​മാ​യി​രു​ന്നു. ത​ദ്ദേ​ശീ​യ​വും കീ​ഴാ​ള​വു​മാ​യ അ​റി​വു രൂ​പ​ങ്ങ​ളെ ബ്രാ​ഹ്മ​ണ്യം അ​തി​​ന്റെ വ്യ​വ​സ്ഥാ​ക്ര​മ​ത്തി​ലേ​ക്ക് ഉ​ൾ​ച്ചേ​ർ​ത്ത് ബ്രാ​ഹ്മ​ണ്യ വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​ക്കി മാ​റ്റി​യ ച​രി​ത്ര​പ്ര​ക്രി​യ​യെ ച​രി​ത്ര​പ​ണ്ഡി​ത​നാ​യ വി​ജ​യ് നാ​ഥ് (Vijay Nath) ബ്രാ​ഹ്മ​ണി​ക്ക​ൽ അ​ക്ക​ൾ​ച്ച​റേ​ഷ​ൻ (Brahmanical Acculturation) എ​ന്നാ​ണ് വി​ളി​ച്ച​ത്. ഈ ​പ്ര​ക്രി​യ സ​മ​കാ​ലി​ക ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ലും തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

ചാ​തു​ർ​വ​ർ​ണ്യ സി​ദ്ധാ​ന്ത​മ​നു​സ​രി​ച്ചാ​ണ് കേ​ര​ള​ത്തി​ലെ ത​ന്ത്ര​ഗ്ര​ന്ഥ​ങ്ങ​ൾ ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്താ​നു​ള്ള സി​ദ്ധാ​ന്ത​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച​ത്. ചാ​തു​ർ​വ​ർ​ണ്യ​ ജാ​തി ക്ര​മ​മ​നു​സ​രി​ച്ച് ഭൂ​മി​യു​ടെ ല​ക്ഷ​ണം നി​രൂ​പി​ക്കു​ന്ന ത​ന്ത്ര​സ​മു​ച്ച​യം ഇ​തി​​ന്റെ ഉ​ത്ത​മ ദൃ​ഷ്ടാ​ന്ത​മാ​ണ്. ബ്രാ​ഹ്മ​ണാ​ദി നാ​ലു വ​ർ​ണ​ങ്ങ​ൾ​ക്കും വേ​ണ്ടു​ന്ന ഭൂ​മി​ക​ളി​ൽ, ബ്രാ​ഹ്മ​ണ​ന് കു​ശ​പ്പു​ല്ലു​ള്ള​തും ക്ഷ​ത്രി​യ​ന് അ​മ വ​ള​രു​ന്ന​തും നൽകണം. ക്ഷ​ത്രി​യ​ന് ദൈ​ർ​ഘ്യം എ​ട്ടി​ലൊ​ന്ന് അ​ധി​ക​മാ​യും ശൂ​ദ്ര​ന് ദൈ​ർ​ഘ്യം നാ​ലി​ലൊ​ന്ന് അ​ധി​ക​മാ​യും നൽകണം. ബ്രാ​ഹ്മ​ണാ​ദി ക്ര​മ​ത്തി​ൽ ബ്രാ​ഹ്മ​ണ​ന് വെ​ളു​ത്ത നി​റ​മു​ള്ള​തും ക്ഷ​ത്രി​യ​ന് ചു​വ​ന്ന നി​റ​മു​ള്ള​തും വൈ​ശ്യ​ന് മ​ഞ്ഞ​നി​റ​മു​ള്ള​തും ശൂ​ദ്ര​ന് ക​റു​പ്പു​നി​റ​മു​ള്ള​തുമായ ഭൂമി നൽകണം. വ​ർ​ണ​ക്ര​മ​ത്തി​ൽ ബ്രാ​ഹ്മ​ണ​ന് നെ​യ്യി​​ന്റെ സൗ​ര​ഭ്യ​വും ക്ഷ​ത്രി​യ​ന് ചോ​ര​യു​ടെ ഗ​ന്ധ​വും വൈ​ശ്യ​ന് ചോ​റി​​ന്റെ വാ​സ​ന​യും ശൂ​ദ്ര​ന് മ​ദ്യ​ത്തി​​ന്റെ ഗ​ന്ധ​മു​ള്ള​തു​മാ​യ ഭൂ​മി തി​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് ത​ന്ത്ര​സ​മു​ച്ച​യം എ​ന്ന കേ​ര​ളീ​യ ത​ന്ത്ര​ഗ്ര​ന്ഥം നി​ർ​ദേ​ശി​ക്കു​ന്ന​ത്. 27

‘മ​നു​സ്മൃ​തി’, ‘ശാ​ങ്ക​ര​സ്മൃ​തി’ മു​ത​ലാ​യ സ്മൃ​തി​ഗ്ര​ന്ഥ​ങ്ങ​ളും ധ​ർ​മ​സൂ​ത്ര​ങ്ങ​ളും ഗീ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്ര​ന്ഥ​ങ്ങ​ളും പേ​ർ​ത്തും ആ​കു​ല​പ്പെ​ടു​ന്ന വ​ർ​ണ​സ​ങ്ക​രം എ​ന്ന ആ​ശ​യം ഭൂ​മി​യു​ടെ വി​ഷ​യ​ത്തി​ൽ ‘ത​ന്ത്ര​സ​മു​ച്ച​യ’​കാ​ര​നും പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. വ​ർ​ണ​സ​ങ്ക​ര​മു​ള്ള ഭൂ​മി വ​ർ​ജ്യ​മാ​ണെ​ന്നാ​ണ് ‘ത​ന്ത്ര​സ​മു​ച്ച​യം’ പ്ര​സ്താ​വി​ക്കു​ന്ന​ത്. ഗീ​ത​യി​ൽ യു​ദ്ധംചെ​യ്യാ​ൻ വി​മു​ഖ​നാ​യി തേ​ർ​ത്ത​ട്ടി​ൽ ത​ള​ർ​ന്നുകി​ട​ന്ന അ​ർ​ജു​ന​​ന്റെ ആ​കു​ല​ത​യും വ​ർ​ണ​സ​ങ്ക​രം നി​മി​ത്തം കു​ല​സ്ത്രീ​ക​ൾ ദു​ഷി​ക്കു​മെ​ന്നാ​യി​രു​ന്നു. ‘മ​നു​സ്മൃ​തി’​യി​ലും വ​ർ​ണ​സ​ങ്ക​രം എ​ന്ന ആ​ശ​യം വ്യ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ‘‘ബ്രാ​ഹ്മ​ണാ​ദി വ​ർ​ണ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ അ​ന്യോ​ന്യം വ്യ​ഭി​ച​രി​ക്കു​ന്ന​തു​കൊ​ണ്ടും ഏ​ക​ഗോ​ത്ര​വി​വാ​ഹം​കൊ​ണ്ടും സ്വ​ക​ർ​മ​ങ്ങ​ളു​ടെ ത്യാ​ഗം​കൊ​ണ്ടും വ​ർ​ണ​സ​ങ്ക​രം ഉ​ണ്ടാ​കു​ന്നു’’ എ​ന്ന് ‘മ​നു​സ്മൃ​തി’ വി​ധി​ക്കു​ന്നു. 28 മ​നു​ഷ്യ​ർ ത​മ്മി​ൽ ജാ​തി​ഭേ​ദ​ങ്ങ​ൾ മ​റ​ന്ന് ക​ല​ർ​ന്ന് ജീ​വി​ക്കു​ന്ന​തി​നെ മ​നു​വും ഗീ​താ​കാ​ര​നും എ​പ്ര​കാ​ര​മാ​ണോ വെ​റു​പ്പോ​ടെ വീ​ക്ഷി​ച്ച​ത് അ​തേ കാ​ഴ്ച​ക്കോ​ണു​ക​ളാ​ണ് ത​ന്ത്ര​സ​മു​ച്ച​യ​കാ​ര​നെ​യും ആ​വേ​ശി​ച്ചി​രു​ന്ന​തെ​ന്ന് ഭൂ​മി​യു​ടെ വ​ർ​ണ​സ​ങ്ക​ര​ത്തെ പ​റ്റി വി​വ​രി​ക്കു​ന്ന ഭാ​ഗ​ത്തു നി​ന്നും സ്പ​ഷ്ട​മാ​കും. ഭൂ​മി​യു​ടെ രൂ​പം സ​ങ്കീ​ർ​ണ​മാ​ണെ​ങ്കി​ൽ ഭൂ​മി ഒ​രു ജാ​തി​ക്കു വേ​ണ്ട നി​റ​വും മ​റ്റൊ​രു ജാ​തി​ക്കു ചേ​ർ​ന്ന സൗ​ര​ഭ്യ​വും വേ​റൊ​രു ജാ​തി​ക്കു​ത​കു​ന്ന ര​സ​വു​മാ​യ മി​ശ്ര​ഗു​ണ​വു​മാ​യി ക​ണ്ടാ​ൽ എ​ല്ലാ വ​ർ​ണ​ത്തി​ൽ​പെ​ട്ട​വ​ർ​ക്കും ആ ​ഭൂ​മി വ​ർ​ജ്യ​മാ​ണെ​ന്ന് ത​ന്ത്ര​സ​മു​ച്ച​യം വി​ധി​ക്കു​ന്നു. ജാ​തി​ല​ക്ഷ​ണം വേ​ണ്ട​ത്ര വ്യ​ക്ത​മാ​കാ​തി​രി​ക്കു​മ്പോ​ൾ രാ​ത്രി​യി​ൽ ഭൂ​മി​യെ യ​ഥാ​വി​ധി നി​മി​ത്ത​ങ്ങ​ളെ​ക്കൊ​ണ്ട് പ​രീ​ക്ഷി​ച്ച​റി​യ​ണ​മെ​ന്നും ത​ന്ത്ര​സ​മു​ച്ച​യം ആ​ജ്ഞാ​പി​ക്കു​ന്നു.29 മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ ക​ഠി​ന​മാ​യ ജാ​തി​വേ​ർ​തി​രി​വു​ക​ൾ സൃ​ഷ്ടി​ച്ച ബ്രാ​ഹ്മ​ണ്യ​വ്യ​വ​സ്ഥ ഭൂ​മി​യി​ൽ​പോ​ലും ജാ​തി​വേ​ർ​തി​രി​വു​ക​ൾ ആ​രോ​പി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ത​ന്ത്ര​സ​മു​ച്ച​യ​ത്തി​ലെ ശി​ൽ​പ​ഭാ​ഗ​ത്ത് തെ​ളി​യു​ന്ന​ത്. ‘‘ഇ​ല്ല ജാ​തി​യി​ലൊ​ന്നു​ണ്ടോ വ​ല്ല​തും ഭേ​ദ​മോ​ർ​ക്കു​കി​ൽ’’ എ​ന്ന നാ​രാ​യ​ണ​ഗു​രു​വി​​ന്റെ വാ​ക്കു​ക​ൾ ത​ന്ത്ര​സ​മു​ച്ച​യാ​ദി​ക​ൾ സൃ​ഷ്ടി​ച്ച വാ​സ്തു​വി​​ന്റെ ജാ​തി​ഭേ​ദ​ങ്ങ​ൾ​ക്കെ​തി​രാ​യി കൂ​ടി​യാ​ണ് ച​രി​ത്ര​ത്തി​ൽ മാ​റ്റൊ​ലി​ക്കൊ​ണ്ട​തെ​ന്ന് പ​റ​യേ​ണ്ടി​വ​രും.

‘ഗ്രാ​മം’ എ​ന്ന പ​ദ​ത്തെ ല​ക്ഷ​ണം പ​റ​ഞ്ഞു വി​ശ​ദീ​ക​രി​ക്കു​മ്പോ​ൾ ബ്രാ​ഹ്മ​ണ​രു​ടെ സാ​മൂ​ഹി​ക ആ​വാ​സ​ക്ര​മം (‘‘ഗ്രാ​മേ വി​പ്ര​സ​മൂ​ഹ​സ്യാ​വാ​സേ’’) എ​ന്നാ​ണ് ‘ത​ന്ത്ര​സ​മു​ച്ച​യ’​ത്തി​​ന്റെ സം​സ്കൃ​ത​വ്യാ​ഖ്യാ​ന​മാ​യ ‘വി​മ​ർ​ശി​നി’യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ച​ണ്ഡാ​ല​രെ ഗ്രാ​മ​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് ‘മ​നു​സ്മൃ​തി’​യും ‘അ​ർ​ഥ​ശാ​സ്ത്ര’​വും ‘മ​യ​മ​ത’​വും ശാ​സി​ക്കു​മ്പോ​ൾ ഗ്രാ​മ​ത്തെ ബ്രാ​ഹ്മ​ണ​രു​ടെ മാ​ത്രം ആ​വാ​സ​കേ​ന്ദ്ര​മാ​യി ‘വി​മ​ർ​ശി​നീ’​കാ​ര​ൻ ദ​ർ​ശി​ച്ച​തി​ൽ അ​ത്ഭു​ത​പ്പെ​ടേ​ണ്ട​തി​ല്ല. ഗ്രാ​മ​ത്തെ രാ​ജ്യ​ത്തി​​ന്റെ അ​ടി​സ്ഥാ​ന ഏ​ക​ക​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് ഗാ​ന്ധി വാ​ദി​ച്ച അ​വ​സ​ര​ത്തി​ൽ ഗ്രാ​മ​ങ്ങ​ള​ല്ല വ്യ​ക്തി​ക​ളാ​യി​രി​ക്ക​ണം അ​ടി​സ്ഥാ​നം എ​ന്ന് ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ വാ​ദി​ച്ച​തി​നു പി​ന്നി​ൽ ഗ്രാ​മ​സ​ങ്ക​ൽ​പ​ത്തെ നി​യ​ന്ത്രി​ച്ചി​രു​ന്ന ശ്രേ​ണീ​കൃ​ത ജാ​തി അ​സ​മ​ത്വ വ്യ​വ​സ്ഥ കാ​ര​ണ​മാ​ണ്. ബ്രാ​ഹ്മ​ണ​ർ എ​ഴു​തി​ക്കൂ​ട്ടി​യ വാ​സ്തു​വി​ദ്യാ ഗ്ര​ന്ഥ​ങ്ങ​ളെ​ല്ലാംത​ന്നെ ഇ​ത്ത​ര​ത്തി​ൽ ജാ​തി​യു​ടെ അ​സ​മ​ത്വ വ്യ​വ​സ്ഥ​യാ​ൽ പൂ​രി​ത​മാ​യി​രു​ന്നു എ​ന്നാ​ണ് ഇ​തെ​ല്ലാം തെ​ളി​യി​ക്കു​ന്ന​ത്. സം​സ്കൃ​ത​ത്തി​ൽ മ​ത​നി​ര​പേ​ക്ഷ​മാ​യി വ​ന്നു തെ​ളി​ഞ്ഞ വാ​സ്തു​വി​ദ്യ, ജ്യോ​തി​ശാ​സ്ത്രം തു​ട​ങ്ങി​യ വി​ജ്ഞാ​ന​പ​ദ്ധ​തി​ക​ളു​ടെ ഉ​റ​വി​ടം യ​ഥാ​ർ​ഥ​ത്തി​ൽ ബ്രാ​ഹ്മ​ണേ​ത​ര​മാ​യ വി​ജ്ഞാ​ന കേ​ന്ദ്ര​മാ​യി​രു​ന്നു. ബ്രാ​ഹ്മ​ണേ​ത​ര​മാ​യ ഇ​ത്ത​രം വി​ജ്ഞാ​ന പ​ദ്ധ​തി​ക​ളെ ബ്രാ​ഹ്മ​ണ്യ​വ്യ​വ​സ്ഥ സ്വാം​ശീ​ക​രി​ച്ച് എ​ഴു​ത്തു​രൂ​പ​മാ​ക്കു​ന്ന​തോ​ടുകൂ​ടി അ​തും ജാ​തി​ഭേ​ദ​ങ്ങ​ളു​ടെ നി​ലീ​ന പാ​ര​മ്പ​ര്യ​ത്തി​ൽ ഉ​ൾ​ച്ചേ​ർ​ന്നു.


ക്ഷേ​ത്ര​വാ​സ്തു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത​കാ​ല​ത്ത് ശ​ക്തി പ്രാ​പി​ച്ചു വ​രു​ന്ന ഒ​ന്നാ​ണ് കാ​വു​ക​ളും മ​റ്റും ബ്രാ​ഹ്മ​ണി​ക​മാ​യി താ​ന്ത്രി​ക​വി​ധി പ്ര​കാ​ര​മു​ള്ള വാ​സ്തു​സ​ങ്ക​ൽപങ്ങ​ൾ​ക്ക​നു​സ​ര​ണ​മാ​യി ക്ഷേ​ത്ര​മാ​യി രൂ​പാ​ന്ത​രം കൈ​വ​രി​ക്കു​ന്ന​ത്. വി​ജ​യ് നാ​ഥ് വി​ശ​ദീ​ക​രി​ച്ച ബ്രാ​ഹ്മ​ണ്യ സ്വാം​ശീ​ക​ര​ണ പ്ര​ക്രി​യ​യാ​ണ് ഇ​വി​ടെ രൂ​പ​പ്പെ​ട്ടു വ​രു​ന്ന​ത്. പെ​രു​മ്പാ​വൂ​രി​ലെ ക​ല്ലി​ൽ ഗു​ഹാ​ക്ഷേ​ത്രം ബ്രാ​ഹ്മ​ണ ക്ഷേ​ത്ര-​വാ​സ്തു​വി​ന​നു​സ​രി​ച്ച് പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ശ്ര​മം ക്ഷേ​ത്ര​വ​ത്ക​ര​ണ​ത്തെ​യാ​ണ് എ​ടു​ത്തു​കാ​ണി​ക്കു​ന്ന​ത്. ക​ല്ലി​ൽ ഗു​ഹാ​ക്ഷേ​ത്ര​ത്തി​​ന്റെ പ​ത്തു ദി​ക്കി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ദി​ക്പാ​ല​ക സ​ങ്ക​ൽ​പ​ത്തി​ലു​ള്ള ശി​ലാ​പീ​ഠ​ങ്ങ​ൾ ജൈ​ന​സ​ങ്കേ​ത​മാ​യി​രു​ന്ന ക​ല്ലി​ൽ ഗു​ഹാ​സ​ങ്കേ​ത​ത്തെ ബ്രാ​ഹ്മ​ണാ​രാ​ധ​ന വി​ധി​പ്ര​കാ​ര​മു​ള്ള ക്ഷേ​ത്ര​മാ​യി മാ​റ്റു​ന്ന​തി​​ന്റെ ഭാ​ഗ​മാ​ണ്. ഇ​ത്ത​ര​മൊ​രു പ്ര​ക്രി​യ കേ​ര​ള​ത്തി​ലു​ട​നീ​ളം ന​ട​ന്നു​വ​രു​ക​യും ചെ​യ്യു​ന്നു​ണ്ട്. കേ​ര​ള​ത്തി​​ന്റെ ജ​ന​പ്രി​യ പാ​ര​മ്പ​ര്യ​ത്തി​ൽ ആ​ഴ​ത്തി​ൽ വേ​രു​ക​ളു​ണ്ടാ​യി​രു​ന്ന കാ​വു പാ​ര​മ്പ​ര്യ​ത്തെ​യും വ​ക​ഞ്ഞുമാ​റ്റി അ​തി​നു മു​ക​ളി​ൽ ബ്രാ​ഹ്മ​ണ ക്ഷേ​ത്രാ​രാ​ധ​നാ പാ​ര​മ്പ​ര്യ​ത്തെ പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വാ​സ്തു​വി​ന്റെ രൂ​പ​മാ​റ്റ​ത്തി​ലൂ​ടെ​യാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. കാ​വു​ക​ളും കൊ​ട്ട​ങ്ങ​ളും മ​റ്റും ത​ന്ത്രാ​ഗ​മ​ങ്ങ​ൾ വി​വ​രി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള വാ​സ്തു​ക്ര​മ​ത്തി​ല​ല്ല ച​രി​ത്ര​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന​ത്. ഇ​ത് പ​ല​പ്പോ​ഴും ബ്രാ​ഹ്മ​ണ്യ​ത്തി​​ന്റെ വി​ധി​ക്ര​മ​ങ്ങ​ളെ പു​റ​ത്തു​നി​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​ര​മൊ​രു വി​ധ്വം​സ​ക​മാ​യ ബ്രാ​ഹ്മ​ണേ​ത​ര പാ​ര​മ്പ​ര്യ​ത്തെ​യാ​ണ് ക്ഷേ​ത്ര​വ​ത്ക​ര​ണ​ത്തി​ലൂ​ടെ രൂ​പ​മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്ന​ത്. നാ​രാ​യ​ണ​ഗു​രു ബ്രാ​ഹ്മ​ണ്യ​ക്ഷേ​ത്ര വാ​സ്തു​ക്ര​മ​ത്തി​ൽ​നി​ന്നും ദൈ​വ​സ​ങ്ക​ൽപത്തെ ത​ന്നെ മു​ക്ത​മാ​ക്കി. താ​ന്ത്രി​ക വി​ധാ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​യി​രു​ന്നി​ല്ല ഗു​രു​വി​​ന്റെ ക​ണ്ണാ​ടി​പ്ര​തി​ഷ്ഠ​യും ദീ​പ​പ്ര​തി​ഷ്ഠ​യും മ​റ്റും. കാ​വു​ക​ളി​ൽ ത​ന്ത്രാ​ഗ​മാ​ദി​ക​ൾ വി​വ​രി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള വാ​സ്തു​വി​ധാ​ന​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നി​ല്ല. ബ്രാ​ഹ്മ​ണ്യ പൗ​രോ​ഹി​ത്യം വി​ധി​ച്ചു​റ​പ്പി​ച്ച ക്ഷേ​ത്ര​നി​ർ​മാ​ണ​ക്ര​മ​ങ്ങ​ളും ത​ദ​നു​ബ​ന്ധ​മാ​യ അ​നു​ഷ്ഠാ​ന​ങ്ങ​ളും സ​മ്പൂ​ർ​ണ​മാ​യി ശു​ദ്ധാ​ശു​ദ്ധി ബ​ന്ധ​ങ്ങ​ൾ​ക്ക​ക​ത്താ​ണ് നി​ല​നി​ന്ന​ത്. ബ്രാ​ഹ്മ​ണ്യ​വ്യ​വ​സ്ഥ​യു​ടെ ക്ഷേ​ത്ര​വാ​സ്തു സി​ദ്ധാ​ന്ത​ങ്ങ​ളു​ടെ ഹിം​സാ​ത്മ​ക​ത​യും അ​പ​ര​വ​ത്ക​ര​ണ​വു​മാ​ണ് ഇ​തി​ലെ​ല്ലാം സ്ഫു​ട​മാ​യി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​ന​മു​ള്ള ഇ​ട​മാ​യി (Space) പ​രി​വ​ർ​ത്തി​ക്ക​പ്പെ​ട്ട​ത് ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലാ​ണെ​ന്ന​തും ബ്രാ​ഹ്മ​ണ്യം സൃ​ഷ്ടി​ച്ച വാ​സ്തു​വി​ധി ക്ര​മ​ങ്ങ​ൾ പു​ല​ർ​ത്തി​യി​രു​ന്ന​ത് അ​യി​ത്ത വ്യ​വ​സ്ഥ​യാ​യി​രു​ന്നു എ​ന്നു​ള്ള ച​രി​ത്ര​സാ​ക്ഷ്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഒ​രേ​സ​മ​യം ബ്രാ​ഹ്മ​ണേ​ത​ര​രാ​യ ജാ​തി​വി​ഭാ​ഗ​ങ്ങ​ളു​ടെ ശി​ൽ​പ​നി​ർ​മാ​ണ വൈ​ദ​ഗ്ധ്യ​ത്തെ​യും വാ​സ്തു​വി​ജ്ഞാ​ന​ത്തെ​യും സ്വാം​ശീ​ക​രി​ച്ചു​കൊ​ണ്ട് അ​ത്ത​രം അ​റി​വു​രൂ​പ​ങ്ങ​ളു​ടെ ഉ​റ​വി​ട​മാ​യ ബ്രാ​ഹ്മ​ണേ​ത​ര ജാ​തി​ശ​രീ​ര​ങ്ങ​ളെ ഹിം​സാ​ത്മ​ക​മാ​യി പു​റ​ന്ത​ള്ളു​ക​യും ചെ​യ്ത വ്യ​വ​സ്ഥാ​ക്ര​മ​ത്തെ​യാ​ണ് ബ്രാ​ഹ്മ​ണ്യം പി​ൻ​പ​റ്റി​യ​ത്. ഇ​ത് വി​പു​ല​മാ​യ ഒ​രു ച​രി​ത്ര​പ്ര​ക്രി​യ​യാ​യി​രു​ന്നു. വാ​സ്തു​വി​ദ്യ​യെ അ​തി​​ന്റെ നി​ർ​മാ​ണ വൈ​ദ ഗ്ധ്യ​ത്തി​നു​മു​പ​രി​യാ​യി വി​ശ്വാ​സ​ചൂ​ഷ​ണ​മാ​ക്കി മാ​റ്റി​ത്തീ​ർ​ത്ത​തി​ൽ ബ്രാ​ഹ്മ​ണ്യ പൗ​രോ​ഹി​ത്യ വ്യ​വ​സ്ഥ​ക്ക് സ​വി​ശേ​ഷ​മാ​യ പ​ങ്കു​ണ്ട്. ഇ​തി​​ന്റെ അ​ന​ന്ത​ര​ഫ​ല​മാ​ക​ട്ടെ വാ​സ്തു​വി​ജ്ഞാ​ന​ത്തി​ൽ പ്ര​ധാ​ന​മാ​യി​രു​ന്ന സാ​ങ്കേ​തി​ക വി​ജ്ഞാ​ന​വും ശി​ൽ​പ​വി​ദ്യ​യും ചി​ത്ര​ക​ല വൈ​ദ​ഗ്ധ്യ​വും മ​റ്റും അ​പ്ര​ധാ​ന​മാ​യി ഭ​വി​ക്കു​ക​യും അ​തി​​ന്റെ വി​ശ്വാ​സ പ്ര​വ​ച​ന രൂ​പ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം കൈ​വ​രുക​യും ചെ​യ്തു. ‘‘പു​രാ​ണ മി​ത്യേ​വ ന ​സാ​ധു സ​ർ​വം’’ എ​ന്ന കാ​ളി​ദാ​സ വ​ച​ന​മ​നു​സ​രി​ച്ച് നോ​ക്കി​യാ​ൽ വാ​സ്തു​വി​ദ്യാ​ഗ്ര​ന്ഥ​ങ്ങ​ളി​ൽ പ​ട​ർ​ന്നുകി​ട​ക്കു​ന്ന ശാ​സ്ത്രീ​യാ​ടി​ത്ത​റ​യി​ല്ലാ​ത്ത കേ​വ​ല വി​ശ്വാ​സ​ങ്ങ​ളി​ൽ​നി​ന്നും ‘യ​ഥാ​ർ​ഥ വി​ജ്ഞാ​ന’​ത്തെ ക​ട​ഞ്ഞെ​ടു​ത്ത് പ​ഠി​ക്കേ​ണ്ട തീ​ക്ഷ്ണ​യ​ത്ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​വും. വാ​സ്തു​വി​ദ്യ​യെ​ന്നാ​ൽ സ​മ്പൂ​ർ​ണ അ​ന്ധ​വി​ശ്വാ​സ​മാ​ണെ​ന്നും, വാ​സ്തു​വി​ദ്യ​യെ​ന്നാ​ൽ പ​രി​പൂ​ർ​ണ സ​ത്യ​മാ​ണെ​ന്നു​മു​ള്ള ര​ണ്ടു​ത​രം അ​തി​വാ​ദ​ങ്ങ​ളും സ​ത്യ​സ​ന്ധ​മാ​യി വാ​സ്തു​വി​ദ്യ​യു​ടെ ച​രി​ത്ര​ത്തെ സ​മീ​പി​ക്കു​ന്ന​വ​ർ​ക്ക് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രും. സ​ങ്കീ​ർ​ണ​മാ​യ മ​നു​ഷ്യ​ജീ​വി​ത പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി ഉ​രു​ത്തി​രി​ഞ്ഞു​വ​ന്ന ഒ​ന്നാ​യ​തി​നാ​ൽ ത​ന്നെ വാ​സ്തു​വി​ദ്യ​യു​ടെ സാം​സ്കാ​രി​ക ച​രി​ത്ര​വും അ​ത്ര​മേ​ൽ സ​ങ്കീ​ർ​ണ​വും വൈ​ജാ​ത്യ​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​ണ്. വാ​സ്തു​വി​ദ്യ​യു​ടെ ഗ്ര​ന്ഥ​പാ​ഠ​ങ്ങ​ളി​ലേ​ക്കും അ​തി​നെ ച​രി​ത്ര​പ​ര​മാ​യി അ​നു​ധാ​വ​നം ചെ​യ്യാ​നു​ള്ള സൂ​ക്ഷ്മ​ദൃ​ക്കും ഉ​പാ​ധി​യാ​ക്കി​യു​ള്ള ഗ​ഹ​ന​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ വാ​സ്തു​വി​ദ്യ​യു​ടെ ച​രി​ത്ര​വും സം​സ്കാ​ര​വും അ​ഴി​ച്ചെ​ടു​ത്ത് മി​ഴി​വു​റ്റ​താ​ക്കാ​ൻ ക​ഴി​യൂ. ശി​ൽ​പി​ക​ളു​ടെ ക​ര​വി​രു​തു കാ​ണു​ന്ന​തി​നും (ശി​ൽ​പി​നാം കൗ​ശ​ല​പ്രേ​ക്ഷാ), ന​ല്ല​ത് തി​ര​ഞ്ഞെ​ടു​ക്കാ​നും ന​ല്ല​ത​ല്ലാ​ത്ത​ത് ഉ​പേ​ക്ഷി​ക്കാ​നു​ള്ള ത​​ന്റേ​ട​മു​ണ്ടാ​യി​രി​ക്കു​ക, ചെ​യ്ത കാ​ര്യ​ത്തെ കു​റി​ച്ച് വീ​ണ്ടും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ചെ​യ്യു​ക (ആ​ധാ​നോ​ദ്ധ​ര​ണ പ്ര​ജ്ഞാ കൃ​ത​സം​ശോ​ധ​നം മു​ഹുഃ) തു​ട​ങ്ങി​യ ‘ക​വി​ക​ണ്ഠാ​ഭ​ര​ണ​’ത്തി​ലെ വാ​ക്കു​ക​ൾ വാ​സ്തു​വി​ദ്യ ഗ​വേ​ഷ​ണ​ത്തെ സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ തെ​ളി​മ​യാ​ർ​ന്ന ചൂ​ണ്ടു​പ​ല​ക​യാ​ണ്.

വാ​​സ്തു​ശാ​​സ്ത്രം എ​​ന്ന ക​​പ​​ട​​ശാ​​സ്ത്രം

വാ​​സ്തു​​വി​​ദ്യ എ​​ന്ന​​ത് നി​​ർ​​മാ​​ണ​പ്ര​​ക്രി​​യ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വൈ​​ദ​​ഗ്ധ്യ​വു​​മാ​​യി ഇ​​ഴ​​ചേ​​ർ​​ന്ന​​താ​​ണെ​​ങ്കി​​ൽ ‘വാ​​സ്തു​ശാ​​സ്ത്രം’ നി​​ർ​​മാ​​ണ പ്ര​​ക്രി​​യ​​യു​​ടെ വൈ​​ദ​​ഗ്ധ്യ​​ത്തെ മാ​​റ്റി​നി​​ർ​​ത്തി, ഇ​​ത്ത​​രം നി​​ർ​​മാ​​ണ പ്ര​​ക്രി​​യ​​ക​​ളെ മ​​നു​​ഷ്യ​​ജീ​​വി​​ത​​ത്തി​​ൽ സം​​ഭ​​വി​​ക്കു​​ന്ന ‘ശു​​ഭാ​​ശു​​ഭ’​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി പൗ​​രോ​​ഹി​​ത്യ ബ്രാ​​ഹ്മ​​ണ്യം സൃ​​ഷ്ടി​​ച്ച ക​​പ​​ട​​ശാ​​സ്ത്ര​​മാ​​ണ്. ശാസ്​ത്ര അ​​ടി​​ത്ത​​റ​​യോ കാ​​ര്യ​​കാ​​ര​​ണ യു​​ക്തി​​വി​​ചാ​​ര​​മോ വാ​​സ്തു​വി​​ശ്വാ​​സ യു​​ക്തി​​ക​​ളി​​ൽ ഉ​​ള്ള​​ട​​ങ്ങി​​യി​​ട്ടേ​​യി​​ല്ല. ഇ​​ന്ത്യ​​യി​​ൽ നി​​ല​​നി​​ന്ന ഫ​​ല​​ഭാ​​ഗ ജ്യോ​​തി​​ഷ​​ത്തി​​നു സ​​മാ​​ന​​മാ​​ണ് വാ​​സ്തു​ശാ​​സ്ത്രം. നി​​ർ​​മാ​​ണ​പ്ര​​ക്രി​​യ​​ക​​ൾ മ​​നു​​ഷ്യ​​ജീ​​വി​​ത​​ത്തി​​ൽ ശു​​ഭാ​​ശു​​ഭ ഫ​​ല​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​മെ​​ന്ന വാ​​സ്തു​വി​​ചാ​​ര​​ങ്ങ​​ൾ വാ​​സ്തു​​വി​​ദ്യ​​യി​​ൽ​നി​​ന്നും സ​​മ്പൂ​​ർ​​ണ​​മാ​​യി അ​​ക​​ലം പാ​​ലി​​ക്കു​​ന്നു. നി​​ർ​​മാ​​ണ വൈ​​ദ​​ഗ്ധ്യ​ത്തി​​​ന്റെ ത​​ദ്ദേ​​ശീ​​യ- കീ​​ഴാ​​ള അ​​റി​​വു രൂ​​പ​​ങ്ങ​​ൾ സം​​സ്കൃ​​ത​​വ​​ത്ക​രി​​ച്ച ബ്രാ​​ഹ്മ​​ണ പൗ​​രോ​​ഹി​​ത്യ​​മാ​​ണ് വാ​​സ്തു​​വി​​ദ്യാ ഗ്ര​​ന്ഥ​​ങ്ങ​​ളി​​ൽ ഇ​​ത്ത​​രം വി​​ശ്വാ​​സാ​​നു​​ഷ്ഠാ​​ന​​ങ്ങ​​ൾ കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി വി​​പു​​ലീ​​ക​​രി​​ച്ച​​ത്. ഇ​​ത്ത​​രം അ​​നു​​ഷ്ഠാ​​ന​​ങ്ങ​​ൾ ന​​ട​​പ്പി​​ൽ വ​​രു​​ത്തി​​യ​​തോ​​ടെ ത​​ദ്ദേ​​ശീ​​യ അ​​റി​​വു​രൂ​​പ​​ങ്ങ​​ൾ​​ക്കു മേ​​ൽ അ​​ധീ​​ശ​​ത്വം കൈ​​വ​​രി​​ക്കാ​​ൻ ബ്രാ​​ഹ്മ​​ണ്യ​​ത്തി​​ന് ക​​ഴി​​ഞ്ഞു.

ക​​ന്നി​​മൂ​​ല​​യി​​ലെ ശൗ​​ചാ​​ല​​യ​​ത്തെ സം​​ബ​​ന്ധി​​ച്ചും ഓ​​രോ ഗൃ​​ഹ​​ങ്ങ​​ളി​​ലും നി​​ർ​​മി​​ക്കേ​​ണ്ട പൂ​​ജാ​​മു​​റി​​ക​​ളെ സം​​ബ​​ന്ധി​​ച്ചും പ്രാ​​ചീ​​ന​ വാ​​സ്തുഗ്ര​​ന്ഥ​​ങ്ങ​​ൾ ഒ​​രു പ​​രാ​​മ​​ർ​​ശ​​വും ന​​ട​​ത്തു​​ന്നി​​ല്ല. ആ​​ധു​​നി​​ക​​മാ​​യ ജീ​​വി​​ത​സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളു​​ടെ വ​​ള​​ർ​​ച്ച​​യും ജ​​നാ​​ധി​​പ​​ത്യ രാ​​ഷ്ട്രീ​​യ​​ക്ര​​മ​​ങ്ങ​​ളു​​മാ​​ണ് ജാ​​തി​​മ​​ത ഭേ​​ദ​​മ​ന്യേ മ​​നു​​ഷ്യ​​വാ​​സ​​യോ​​ഗ്യ​​മാ​​യ ഗൃ​​ഹ​​ങ്ങ​​ൾ നി​​ർ​​മി​​ക്കാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​ത്. അ​​തി​​നുമു​​മ്പ് ചെ​​റ്റ​​ക​​ളി​​ലും ചാ​​ള​​ക​​ളി​​ലും കു​​ടി​​ലു​​ക​​ളി​​ലും ക​​ഴി​​ഞ്ഞു​കൂ​​ടാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്ക​​പ്പെ​​ട്ട മ​​നു​​ഷ്യ​​ർ​​ക്ക് വാ​​സ്തു​ശാ​​സ്ത്ര​​ത്തി​​​ന്റെ ഫ​​ല​​ഭാ​​ഗ നി​​യ​​മ​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച് വീ​​ടുവെ​ക്കാ​​ൻ പോ​​യി​​ട്ട്, വീ​​ട് എ​​ന്ന സ​​ങ്ക​​ൽ​പം​പോ​​ലും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഏ​​റെ ശ്ര​​ദ്ധേ​​യ​​മാ​​യ വ​​സ്തു​​ത നാ​​ല് വ​​ർ​​ണ​​ങ്ങ​​ളി​​ൽ​പെ​​ട്ട​​വ​​രു​​ടെ ഗൃ​​ഹ​​നി​​ർ​​മാ​​ണ​​ത്തെ സം​​ബ​​ന്ധി​​ച്ച് മാ​​ത്ര​​മാ​​ണ് വാ​​സ്തു​ശാ​​സ്ത്ര ഗ്ര​​ന്ഥ​​ങ്ങ​​ൾ വി​​വ​​രി​​ക്കു​​ന്ന​​ത് എ​​ന്ന​​താ​​ണ്. വ​​ർ​​ണ​ബാ​​ഹ്യ​​രാ​​യ മ​​നു​​ഷ്യ​​രു​​ടെ വാ​​സ​​സ്ഥാ​​ന​​ത്തെ സം​​ബ​​ന്ധി​​ച്ച ആ​​ലോ​​ച​​ന​​ക​​ളൊ​​ന്നും ത​​ന്നെ വാ​​സ്തു​ശാ​​സ്ത്ര ഗ്ര​​ന്ഥ​​ങ്ങ​​ളി​​ൽ കാ​​ണു​​ന്നി​​ല്ല. കൂ​​ടാ​​തെ, വ​​ർ​​ണ​​ഭേ​​ദ​​മ​​നു​​സ​​രി​​ച്ച് അ​​തി​​​ന്റെ മേ​​ൽ​​ക്കീ​​ഴ് വ്യ​​വ​​സ്ഥ​​ക്ക് വി​​ധേ​​യ​​മാ​​യി മാ​​ത്ര​​മേ വ​​ർ​​ണ​​വ്യ​​വ​​സ്ഥ​​യി​​ലു​​ൾ​​പ്പെ​​ട്ട​​വ​​ർ​​ക്കു​പോ​​ലും ഗൃ​​ഹ​നി​​ർ​​മാ​​ണം സാ​​ധ്യ​​മാ​​യി​​രു​​ന്നു​​ള്ളൂ. ബ്രാ​​ഹ്മ​​ണ​​ർ​​ക്കും ക്ഷ​​ത്രി​​യ​​ർ​​ക്കും സ​​മ​​മാ​​യി ഗൃ​​ഹം നി​​ർ​​മി​​ക്കാ​​ൻ ശൂ​​ദ്ര​​ന് പോ​​ലും അ​​ധി​​കാ​​രം ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. വ​​ർ​​ണ​ബാ​​ഹ്യ​​രു​​ടെ കാ​​ര്യം പ​​റ​​യാ​​നു​​മി​​ല്ല. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ കോ​​ള​​നി​​ക​​ളി​​ലും ചേ​​രി​​ക​​ളി​​ലും ക​​ഴി​​ഞ്ഞു​കൂ​​ടു​​ന്ന ഒ​​രു മ​​ഹാ​രാ​​ജ്യ​​ത്തി​​ൽ വാ​​സ്തു​ശാ​​സ്ത്രം എ​​ന്ന ക​​പ​​ട​വി​​ദ്യ എ​​ത്ര​​മേ​​ൽ പ​​രി​​ഹാ​​സ്യ​​മാ​​ണെ​​ന്ന് പ​​റ​​യേ​​ണ്ട​​തി​​ല്ല. ശ​​വ​​സം​​സ്കാ​​രം ന​​ട​​ത്താ​​ൻ അ​​ടു​​ക്ക​​ള പൊ​​ളി​​ക്കേ​​ണ്ടി​വ​​രു​​ന്ന ദ​​രി​​ദ്ര ജ​​ന​​കോ​​ടി​​ക​​ളു​​ടെ രാ​​ഷ്ട്ര​​ത്തി​​ൽ വാ​​സ്തു​ശാ​​സ്ത്രം എ​​ങ്ങ​​നെ പ്ര​​വ​​ർ​​ത്തി​​ക്കും. ഏ​​ക്ക​​റ് ക​​ണ​​ക്കി​​ന് ഭൂ​​മി​​യു​​ള്ള ബ്രാ​​ഹ്മ​​ണ​​​ന്റെ​യും നാ​​ടു​​വാ​​ഴി പ്ര​​ഭു​​ക്ക​​ളു​​ടെ ഭൂ​​വ്യ​​വ​​സ്ഥ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സ​​ങ്ക​​ൽ​പി​​ക്ക​​പ്പെ​​ട്ട​​താ​​ണ് വാ​​സ്തു പ​​ദ​​വി​​ന്യാ​​സ​​വും വാ​​സ്തു​പു​​രു​​ഷ സ​​ങ്ക​​ൽ​പ​വും മ​​റ്റും. ഇ​​താ​​ക​​ട്ടെ ബ്രാ​​ഹ്മ​​ണി​​ക​​മാ​​യ ഫ്യൂ​​ഡ​​ൽ വാ​​ഴ്ചാ ക്ര​​മ​​ത്തി​​​ന്റെ ഫ​​ല​​വു​​മാ​​ണ്.

വാ​​സ്തു​ദോ​​ഷ​​ങ്ങ​​ൾ​​ക്ക് വാ​​സ്തു ‘ശാ​​സ്ത്ര​​ജ്ഞ​​ന്മാ​​ർ’ ക​​ൽ​പി​​ക്കു​​ന്ന പ​​രി​​ഹാ​​ര ക​​ർ​​മ​​ങ്ങ​​ളു​​മാ​​യി ക്ഷേ​​ത്ര​​ങ്ങ​​ളി​​ലും മ​​റ്റി​​ട​​ങ്ങ​​ളി​​ലും ധ​​നം വ്യ​​യം ചെ​​യ്യു​​ന്ന​​വ​​ർ ഇ​​ത്ത​​രം പ​​രി​​ഹാ​​ര​​ങ്ങ​​ൾ വാ​​സ്തു​​വി​​ദ്യാ ഗ്ര​​ന്ഥ​​ങ്ങ​​ളി​​ൽ വി​​ധി​​ക്കു​​ന്നു​​ണ്ടോ എ​​ന്ന് അ​​ന്വേ​​ഷി​​ച്ചി​​ട്ടേ​​യി​​ല്ല. അ​​ങ്ങ​​നെ വാ​​സ്തു​ദോ​​ഷ​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് പ്ര​​ചാ​​ര​​ത്തി​​ലു​​ള്ള ഒ​​രു പ​​രി​​ഹാ​​ര വി​​ധിയും വാ​​സ്തു​ശാ​​സ്ത്ര ഗ്ര​​ന്ഥ​​ങ്ങ​​ളി​​ൽ ഇ​​ല്ല എ​​ന്ന​​താ​​ണ് യാ​​ഥാ​​ർ​​ഥ്യം. ബ്രാ​​ഹ്മ​​ണ്യ പൗ​​രോ​​ഹി​​ത്യ​​ത്തി​​​ന്റെ സം​​ഭാ​​വ​​ന​​യാ​​യ വാ​​സ്തുഫ​​ല വി​​ചാ​​ര​​ങ്ങ​​ളി​​ൽ​പെ​​ട്ടു​​ഴ​​ലു​​ന്ന സാ​​മാ​​ന്യ​​ജ​​ന​​ങ്ങ​​ൾ സ​​മ്പൂ​​ർ​​ണ​​മാ​​യി വ​​ഞ്ചി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണ്.

നി​​ർ​​മാ​​ണ പ്ര​​ക്രി​​യ​​ക​​ളെ മ​​നു​​ഷ്യ​​ജീ​​വി​​ത​​ത്തെ നി​​ർ​​ണ​​യി​​ക്കു​​ന്ന ശു​​ഭാ​​ശു​​ഭ ഫ​​ല​​ദാ​​യി​​ക​​ളാ​​യി സ​​ങ്ക​​ൽ​പി​​ച്ചെ​​ടു​​ത്ത ബ്രാ​​ഹ്മ​​ണ്യ പൗ​​രോ​​ഹി​​ത്യം ഇ​​തി​​നെ ഒ​​രു ചൂ​​ഷ​​ണാ​​ത്മ​​ക വി​​ശ്വാ​​സ വ്യ​​വ​​സ്ഥ​​യാ​​യി മാ​​റ്റി​​ത്തീ​​ർ​​ത്തു. നി​​ർ​​മാ​​ണ​പ്ര​​ക്രി​​യ​​ക​​ളു​​ടെ വൈ​​ദ​​ഗ്ധ്യ​ത്തി​​നുമേ​​ൽ പൗ​​രോ​​ഹി​​ത്യം പി​​ടി​മു​​റു​​ക്കി​​യ​​തോ​​ടെ​​യാ​​ണ് ഇ​​ത് വി​​ജ​​യി​​ച്ച​​ത്. ഇ​​ന്നും അ​​ത് അ​​നു​​സ്യൂ​​തം തു​​ട​​രു​​ന്നു. ജ്യോ​​തി​​ഷ വി​​ശ്വാ​​സ​​ങ്ങ​​ളും ഇ​​തി​​ന​​ക​​മ്പ​​ടി സേ​​വി​​ക്കു​​ന്നു. വാ​​സ്തു​സം​​ബ​​ന്ധി​​യാ​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ജ്യോ​​തി​​ഷ​ ഫ​​ല​ഭാ​​ഗ വി​​ചാ​​ര​​ങ്ങ​​ളെ വാ​​സ്തു​​വി​​ദ്യ ആ​​ശ്ര​​യി​​ക്കാ​​ത്ത ഇ​​ട​​ത്തു​നി​​ന്നും അ​​തി​​നെ വാ​​സ്തു - ജ്യോ​​തി​​ഷ ചൂ​​ഷ​​ണ​​വ്യ​​വ​​സ്ഥ​​യാ​​യി ക്ര​​മേ​​ണ വി​​ക​​സി​​പ്പി​​ച്ചു.


വാ​​സ്തു​ശാ​​സ്ത്ര ഗ്ര​​ന്ഥ​​ങ്ങ​​ളി​​ൽ വി​​വ​​രി​​ക്കു​​ന്ന നി​​ർ​​മാ​​ണ​പ്ര​​ക്രി​​യ​​ക​​ൾ​പോ​​ലും ഇ​​ന്ത്യ​​യി​​ലെ അ​​തി​​സാ​​ധാ​​രാ​​ണ​​ക്കാ​​രാ​​യ ജ​​ന​​ങ്ങ​​ളു​​ടെ വാ​​സ​​സ്ഥാ​​ന​​ത്തെ സം​​ബ​​ന്ധി​​ച്ച് എ​​ന്തെ​​ങ്കി​​ലും തു​​ച്ഛ​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ​പോ​​ലും പ​​ങ്കു​​വെ​ക്കു​ന്നി​​ല്ല എ​​ന്ന​​ത് ശ്ര​​ദ്ധി​​ക്കേ​​ണ്ട​​താ​​ണ്. ഇ​​ത് ധാ​​രാ​​ളം പ​​ണ​​വും ഭൂ​​മി​​യും കൈ​​വ​​ശ​​മു​​ള്ള ഉ​​ന്ന​​ത വ​​ർ​​ണ ജാ​​തി മ​​നു​​ഷ്യ​​രെ മു​​ൻ​നി​​ർ​​ത്തി മാ​​ത്രം ര​​ചി​​ക്ക​​പ്പെ​​ട്ട​​താ​​ണ്. പൂ​​മു​​ഖം സ​​വ​​ർ​​ണ ജാ​​തി പു​​രു​​ഷ​​ന്മാ​​രു​​ടെ വെ​​ടി​​വ​​ട്ട ഇ​​ട​​ങ്ങ​​ളാ​​യും അ​​ടു​​ക്ക​​ള​​ക​​ൾ പെ​​ണ്ണു​​ങ്ങ​​ൾ എ​​രി​​ഞ്ഞുതീ​​രേ​​ണ്ട ഇ​​ട​​ങ്ങ​​ളാ​​യി സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യ​​തി​​ലും വാ​​സ്തു​വി​​ശ്വാ​​സ​​ങ്ങ​​ൾ​​ക്കും വ​​ലി​​യ പ​​ങ്കു​​ണ്ട്. അ​​ന്ത​​ർ​​ജ​​ന​​ങ്ങ​​ളെ സ​​മ്പൂ​​ർ​​ണ​​മാ​​യി അ​​ക​​ത്ത​​മ്മ​​മാ​​രാ​​യി മാ​​റ്റി​​ത്തീ​​ർ​​ത്ത വാ​​സ്തു​നി​​ർ​​മി​​ത​ി​ക​​ളു​​ടെ സ്ര​ഷ്ടാ​​ക്ക​​ൾ ബ്രാ​​ഹ്മ​​ണ്യ​​മെ​​ന്ന വ്യ​​വ​​സ്ഥ​​യ​​ല്ലാ​​തെ മ​​റ്റൊ​​ന്ന​​ല്ല. ഓ​​രോ​​രു​​ത്ത​​രും എ​​വി​​ടെ, എ​​ങ്ങ​നെ നി​​ൽ​​ക്ക​​ണ​​മെ​​ന്നും പെ​​രു​​മാ​​റ​​ണ​​മെ​​ന്നും ശ്രേ​​ണീ​​ക​​രി​​ക്കു​​ന്ന നി​​ർ​​മി​​തി​​ക​​ളാ​​ണ് ബ്രാ​​ഹ്മ​​ണ്യം ഭാ​​വ​​ന​ചെ​​യ്ത​​ത്. ചാ​​തു​​ർ​​വ​​ർ​​ണ്യ​​ത്തി​ന്റെ വി​​ഭ​​ജ​​ന​യു​​ക്തി​​ക​​ൾ​​ക്കു​​ള്ളി​​ലാ​​ണ് പ​​ഞ്ച പ്രാ​​കാ​​ര​​ങ്ങ​​ളും നാ​​ല​​മ്പ​​ല​​ങ്ങ​​ളും മ​​റ്റും നി​​ർ​​മി​​ക്ക​​പ്പെ​​ട്ട​​ത്. ഓ​​രോ ജാ​​തി​​ക്കാ​​രും പ്ര​​വേ​​ശി​​ക്കേ​​ണ്ട​​തും നി​​യ​​ത​രൂ​​പ​​ത്തി​​ൽ അ​​യി​​ത്തം പാ​​ലി​​ക്കേ​​ണ്ട​​തു​​മാ​​യ വ്യ​​വ​​സ്ഥാ ക്ര​​മ​​ത്തി​​ന​​നു​​സ​​രി​​ച്ചാ​​ണ് മ​​ഹാ​​ക്ഷേ​​ത്ര​​ങ്ങ​​ളു​​ടെ​​യു​​ൾ​​പ്പെ​​ടെ നി​​ർ​​മി​​തി. ആ​​ധു​​നി​​ക​​ത​​യും ജ​​നാ​​ധി​​പ​​ത്യ രാ​​ഷ്ട്രീ​​യ വ്യ​​വ​​സ്ഥ​​യും കൊ​​ണ്ടു​​വ​​ന്ന സ്വാ​​ത​​ന്ത്ര്യ​​മാ​​ണ് ഇ​​ന്ന് ക്ഷേ​​ത്ര​​ങ്ങ​​ളെ ‘എ​​ല്ലാ​​വ​​രു​​ടേ​​തു​​മാ​​ക്കി’ മാ​​റ്റി​​യ​​ത് എ​​ന്ന് പ​​ല​​പ്പോ​​ഴും മ​​റ​​ന്നു​പോ​​വാ​​റു​​ണ്ട്.

വാ​​സ്തു വി​​ശ്വാ​​സ​​ങ്ങ​​ളി​​ലൂ​​ടെ ചാ​​തു​​ർ​​വ​​ർ​​ണ്യ ബ്രാ​​ഹ്മ​​ണ്യ പൗ​​രോ​​ഹി​​ത്യ​​ത്തി​​​ന്റെ വി​​ഭ​​ജ​​ന​യു​​ക്തി​​ക​​ൾ ഇ​​ന്ന് ഓ​​രോ വീ​​ട്ട​​ക​​ങ്ങ​​ളെ​​യും സ്വാ​​ധീ​​നി​​ച്ചു​കൊ​​ണ്ടി​​രി​​ക്കു​​ന്നു. ഇ​​ത്ത​​രം ക​​പ​​ട​വി​​ശ്വാ​​സ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് ഹി​​ന്ദു​​ത്വം ഓ​​രോ മ​​ന​​സ്സു​ക​​ളി​​ലും ചേ​​ക്കേ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. പു​​തി​​യ ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളു​​ടെ വ​​ള​​ർ​​ച്ച പു​​തി​​യ നി​​ർ​​മാ​​ണ​​ക്ര​​മ​​ങ്ങ​​ളും നൂ​​ത​​ന​​മാ​​യ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളും ന​​ൽ​​കു​​മെ​​ന്നി​​രി​​ക്കെ പു​​രാ​​ത​​ന ലോ​​ക​​ക്ര​​മ​​ത്തി​​​ന്റെ ഭാ​​വ​​ന​​ക​​ളെ മ​​നു​​ഷ്യ​​ർ ഇ​​ന്നും തു​​ട​​ര​​ണ​​മെ​​ന്ന വാ​​ശി ആ​​ത്യ​​ന്തി​​ക​​മാ​​യി ​​ശാസ്​ത്രവി​​രു​​ദ്ധ​​ത​​യി​​ൽ​നി​​ന്നും പ്ര​​തി​​ലോ​​മ ആ​​ധു​​നി​​ക വി​​ചാ​​ര​​ങ്ങ​​ളി​​ൽനി​​ന്നും ഉ​​ട​​ലെ​​ടു​​ക്കു​​ന്ന​​താ​​ണ്. വാ​​സ്തു​​വി​​ദ്യാ ഗ്ര​​ന്ഥ​​ങ്ങ​​ളെ പ്രാ​​ചീ​​ന കാ​​ല​​ത്തെ ച​​രി​​ത്ര​​വും സം​​സ്കാ​​ര​​വും പ​​ഠി​​ക്കാ​​നു​​ള്ള മ​​ഹ​​ത്താ​​യ ഉ​​പാ​​ധി​​യാ​​യി വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​ന് പ​​ക​​രം അ​​ത് ആ​​ധു​​നി​​ക യു​​ഗ​​ത്തി​​ലും തു​​ട​​ര​​ണ​​മെ​​ന്ന് വാ​​ശി​പി​​ടി​​ക്കു​​ന്ന​​ത് പേ​​ന​​യും പേ​​പ്പ​​റും ഉ​​ണ്ടെ​​ന്നു​വ​​രി​​കി​​ലും നാ​​രാ​​യം​കൊ​​ണ്ട് ഓ​​ല​​യി​​ലേ എ​​ഴു​​തൂ എ​​ന്ന പി​​ടി​​വാ​​ശി​​ക്ക് സ​​മ​​മാ​​യേ വി​​ല​​യി​​രു​​ത്താ​​ൻ ക​​ഴി​​യൂ. ആ​​ധു​​നി​​ക​​മാ​​യ ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളു​​ടെ ഗു​​ണ​​ഫ​​ലം അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ർ ത​​ന്നെ​​യാ​​ണ് വാ​​സ്തു​വി​​ശ്വാ​​സ​​ങ്ങ​​ൾ​​ക്കാ​​യി ജീ​​വാ​​ർ​​പ്പ​​ണം ചെ​​യ്ത് പു​​രാ​​ത​​ന ലോ​​ക​മ​​ന​​സ്സോ​​ടെ പു​​തി​​യ കാ​​ല​​ത്ത് ജീ​​വി​​ക്കു​​ന്ന​​ത്. വൈ​​ദ്യു​​തി ക​​ണ്ടു​പി​​ടി​​ക്കാ​​ത്ത കാ​​ല​​ത്ത് വി​​ള​​ക്ക് എ​​വി​​ടെ പ്ര​​തി​​ഷ്ഠി​​ക്ക​​ണം എ​​ന്ന ആ​​ലോ​​ച​​ന അ​​ക്കാ​​ല​​ത്ത് പ്ര​​സ​​ക്ത​​മാ​​യി​​രി​​ക്കാ​​മെ​​ങ്കി​​ലും ഇ​​ന്ന​​ത് തീ​​ർ​​ത്തും അ​​പ്ര​​സ​​ക്ത​​മാ​​ണ്. ത​​ടി​​ക​​ൾ​കൊ​​ണ്ടു​​ള്ള ഗൃ​​ഹ​നി​​ർ​​മി​​ത​ി​ക​​ളു​​ടെ സ്ഥാ​​നം മ​​റ്റു പ​​ല​​തും ഏ​​റ്റെ​​ടു​​ത്ത കാ​​ല​​ത്തി​​രു​​ന്നു​കൊ​​ണ്ട് ക​​ഴു​​ക്കോ​​ലി​​​ന്റെ ക​​ണ​​ക്കെ​​ടു​​ക്കു​​ന്ന​​വ​​രെ എ​​ന്തു പ​​റ​​യേ​​ണ്ടൂ. ഇ​​ന്ത്യ​​യി​​ലെ മ​​നു​​ഷ്യ​​ർ നേ​​രി​​ടു​​ന്ന സാ​​മൂ​​ഹി​ക സാ​​മ്പ​​ത്തി​​ക വി​​വേ​​ച​​ന​​വും ശ്രേ​​ണീ​​ക​​ര​​ണ​​വും വ​​ലി​​യ രീ​​തി​​യി​​ലു​​ള്ള അ​​സ​​മ​​ത്വ​​മെ​​ന്ന സാ​​മൂ​​ഹി​ക വി​​ട​​വും കു​​ത്ത​​ക മു​​ത​​ലാ​​ളി​​ത്ത​​വും ചേ​​ർ​​ന്നാ​​ണ് മ​​നു​​ഷ്യ​​രെ ദു​​രി​​ത​​ങ്ങ​​ളി​​ൽ അ​​ക​​പ്പെ​​ടു​​ത്തു​​ന്ന​​തെ​​ന്ന സാ​​മൂ​​ഹി​ക ​പാ​​ഠ​​ത്തി​​ന് പ​​ക​​രം ഇ​​തെ​​ല്ലാം വാ​​സ്തു​പു​​രു​​ഷ​​​ന്റെ കോ​​പ​​മാ​​ണെ​​ന്ന ല​​ളി​​ത​​വി​​ശ്വാ​​സ യു​​ക്തി പ്ര​​ച​​രി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​തി​​ൽ തെ​​ല്ലും ആ​​ശ്ച​​ര്യ​​പ്പെ​​ടേ​​ണ്ട​​തി​​ല്ല. ബ​​ഹി​​രാ​​കാ​​ശ പേ​​ട​​കം അ​​യ​​ക്കു​​ന്ന​​വ​​ർ ഗ​​ണ​​പ​​തി​ഹോ​​മം ചെ​​യ്യു​​മ്പോ​​ൾ സാ​​മാ​​ന്യ​​ജ​​ന​​ങ്ങ​​ൾ അ​​ത് ആ​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​ൽ എ​​ന്താ​​ശ്ച​​ര്യം. വാ​​സ്തുശാ​​സ്ത്ര ഗ്ര​​ന്ഥ​​ങ്ങ​​ളി​​ൽ ബ​​ഹി​​രാ​​കാ​​ശ പേ​​ട​​ക​​ങ്ങ​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തി​​നെ കു​​റി​​ച്ച് പ​​രാ​​മ​​ർ​​ശ​​മു​​ണ്ടാ​​യി​​രു​​ന്നു എ​​ന്ന് ഭാ​​വി​​യി​​ൽ വാ​​ദി​​ക്ക​​പ്പെ​​ട്ടേ​​ക്കാം. ഗ​​ണ​​പ​​തി​​യു​​ടെ ത​​ല പ്ലാ​​സ്റ്റി​​ക് സ​​ർ​​ജ​​റി​​യു​​ടെ ദൃ​​ഷ്ടാ​​ന്ത​​മാ​​യി വി​​വ​​രി​​ക്കു​​ന്ന​​വ​​ർ ഇ​​തി​​നും തു​​നി​​ഞ്ഞേ​​ക്കാം. ചു​​രു​​ക്ക​​ത്തി​​ൽ വാ​​സ്തു​​വി​​ദ്യ എ​​ന്ന നി​​ർ​​മാ​​ണ​വി​​ദ്യ പ്രാ​​ചീ​​ന​​മാ​​യ അ​​റി​​വു​രൂ​​പ​​മാ​​ണെ​​ങ്കി​​ൽ വാ​​സ്തു​ശാ​​സ്ത്രം സ​​മ്പൂ​​ർ​​ണ​​മാ​​യ ക​​പ​​ട​​മാ​​യ വി​​ശ്വാ​​സ​ചൂ​​ഷ​​ണ വ്യ​​വ​​സ്ഥ​​യാ​​ണ്. ഇ​​തി​​ലൂ​​ടെ ഹി​​ന്ദു​​ത്വം വീ​​ട്ട​​ക​​ങ്ങ​​ളി​​ൽ പ്ര​​വേ​​ശി​​ച്ച് അ​​തി​ന്റെ സ​​മ​​ഗ്രാ​​ധി​​പ​​ത്യം നി​​ശ്ച​​യി​​ച്ചു​​റ​​പ്പി​​ച്ച് വ്യാ​​പി​​പ്പി​​ക്കു​​ന്നു. ഹി​​ന്ദു​​ത്വം പ്ര​​വേ​​ശി​​ക്കു​​ന്ന പ​​ല മാ​​ർ​​ഗ​ങ്ങ​​ളി​​ലൊ​​ന്നാ​​യി വാ​​സ്തു​ശാ​​സ്ത്ര ക​​പ​​ട യു​​ക്തി​​ക​​ളും പ്ര​​വ​​ർ​​ത്തി​​ച്ചു​കൊ​​ണ്ടേ​​യി​​രി​​ക്കു​​ന്നു.

കു​റി​പ്പു​ക​ൾ

1. ‘‘ദേ​വ, അ​യം പു​രി​സോ പി​തു മ​ഹാ​രാ​ജ​സ്സ കാ​ലേ വ​ത്തു​വി​ജ്ഞാ​ച​രി​യ പ​ഗു​ണ​വി​ജ്ജോ അ​ന്തോ ഭൂ​മി​യം’’

(Dr. Felix Otterടെ Vasthuvidya between Text and Practice ​എ​ന്ന പ​ഠ​നം കാ​ണു​ക)

2. ആ​ശ്വ​ലാ​യ​ന ഗൃ​ഹ്യ​സൂ​ത്രം, III. 3.7; ഖാ​ദി​ര ഗൃ​ഹ്യ​സൂ​ത്രം, IV. 2.6.13; ഗോ​ഭി​ല ഗൃ​ഹ്യ​സൂ​ത്രം, IV. 7; ആ​പ​സ്തം​ബ ഗൃ​ഹ്യ​സൂ​ത്രം, VII. 17, ഹി​ര​ണ്യ​കേ​ശി ഗൃ​ഹ്യ​സൂ​ത്രം, 1.8.27-29

3. Bhattacharya, T.P. ‘The Canons of Indian Art’ P.6

4. വാ​സ്തു​വി​ദ്യ, ശി​ൽ​പ​വി​ദ്യ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ്ര​കാ​ശി​ത താ​ളി​യോ​ല ഗ്ര​ന്ഥ​ങ്ങ​ളു​ടെ വി​പു​ല​മാ​യ പ​ട്ടി​ക കാ​ണു​വാ​നാ​യി Science Texts in Sanskrit എ​ന്ന ഗ്ര​ന്ഥം നോ​ക്കു​ക (പു​റം. 207-215)

(Science texts in Sanskrit in the Manuscripts Repositories of Kerala and Tamilnadu, Rashtriya Sanskrit Sansthan Deemed University, New Delhi, 2002)

5. ‘‘കി​മ​പി കി​ല ഭൂ​ത​മ​ഭ​വ​ദ്രു​ന്ധാ​നം രോ​ദ​സീ ശ​രീ​രേ​ണ

ത​ദ​മ​ര​ഗ​ണേ​ന സ​ഹ​സാ വി​നി​ഗൃ​ഹ്യാ​ധോ​മു​ഖം ന്യ​സ്തം

യ​ത്ര ച ​യേ​ന ഗൃ​ഹീ​തം വി​ബു​ധേ​നാ​ധി​ഷ്ഠി​ത​സ്സ ത​ത്രൈ​വ

ത​ദ​മ​ര​മ​യം വി​ധാ​താ വാ​സ്തു​ന​രം ക​ല്പ​യാ​മാ​സ’’

(ബൃ​ഹ​ത് സം​ഹി​ത, 53.2-3)

6. ആ​സി​ദ്ദൈ​ത്യഃ പ്ര​ദൃ​പ്തോ നി​ജ​ഭു​ജ​ബ​ല​വീ-

ര്യാ​ദി​നാ ക്രാ​ന്ത​കാ​ഷ്ഠാ

നി​ഷ്ഠോ ദ്വേ​ഷ്ടാ സു​രാ​ണാം സഃ ​തു യു​ധി പ​തി​തോ

വി​ദ്ധ​ഗാ​ത്രോ ധ​രി​ത്ര്യാം

വ്യാ​പ്തഃ സ​ർ​വ​ത്ര പ​ശ്ചാ​ദ് ബ​ഹു​ത​ര പ​രി​വൃ-

ത്യൈ​വ പൃ​ഥ്വിം വി​മ​ഥ്ന​ൻ

മ​ർ​ത്യാ ദു​സ്ഥാ മു​നീ​ന്ദ്രാ​സ്ത്വ​പി ച ​മ​ഖ​ഭു​ജ-

സ്താ​വ​ദേ​വം ബ​ഭൂ​വുഃ

(മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക, 2.28)

7. സ​ർ​വ​വ്യാ​പ്തേ ത്വ​മു​ഷ്മി​ന്ന ത​നു ത​നു ഘ​ടാ-

ഭ്യ​ന്ത​ര​വ്യോ​മ യ​ദ്വ-

ത്ത​ദ്വ​ന്നി​ത്യം വി ​ശേ​ഷാ​ന്ന​ഗ​ര പു​ര​മ​ഹീ-

ക്ഷേ​ത്ര ഖ​ണ്ഡാ​ങ്ക​ണാ​ദൗ

ഉ​ത്താ​നേ നൈ​രൃ​താ​ശാ​വി​നി​ഹി​ത​ച​ര​ണേ

യാ​വ​ദീ​ശാ​ന്ത ശീ​ർ​ഷേ

ജാ​തേ താ​വ​ന്നി​ഷേ​ദുഃ സ്ഥി​ര​മി​ഹ വി​ബു​ധാ-

സ്ത​സ്യ ദേ​ഹേ ക്ഷ​ണേ​ന

(മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക, 2.29)

8. ആ​ശാ​ല​താ ത​മ്പു​രാ​ൻ, ജ​യ​ശ​ങ്ക​ർ, കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി വി, ​വാ​സ്തു​വി​ദ്യാ വി​ജ്ഞാ​ന​കോ​ശം, ഓ​ഥ​ന്റി​ക് ബു​ക്സ്, തി​രു​വ​ന​ന്ത​പു​രം, 2009, പു​റം. 40

9. സ്ഥ​പ​തിഃ സൂ​ത്ര​ഗ്രാ​ഹീ ച ​വ​ർ​ധ​കി​സ്ത​ക്ഷ​ക​സ്ത​ഥാ

പ്ര​സി​ദ്ധ​ദേ​ശ സ​ങ്കീ​ർ​ണ ജാ​തി​ജോ/​ഭീ​ഷ്ട​ല​ക്ഷ​ണഃ

(മ​യ​മ​തം, 5.14)

10, സ്ഥ​പ​തിഃ സ്ഥാ​പ​നാ​ർ​ഹഃ സ്യാ​ത് സ​ർ​വ​ശാ​സ്ത്ര വി​ശാ​ര​ദഃ

ന ​ഹീ​നാ​ങ്ഗോ/​തി​രി​ക്താ​ങ്ഗോ ധാ​ർ​മി​ക​സ്തു ദ​യാ​പ​രഃ

അ​മാ​ത്സ​ര്യോ/ ന​സൂ​യ​ശ്ച ത​ന്ത്രി​ത​സ്ത്വ​ഭി​ജാ​ത​വാ​ൻ

ഗ​ണി​ത​ജ്ഞഃ പു​രാ​ണ​ജ്ഞഃ സ​ത്യ​വാ​ദീ ജി​തേ​ന്ദ്രീ​യഃ

ചി​ത്ര​ജ്ഞഃ സ​ർ​വ​ദേ​ശ​ജ്ഞ​ശ്ചാ​ന്ന​ദാ​ശ്ചാ​പു​ലു​ബ്ധ​കഃ

അ​രോ​ഗീ ചാ​പ്ര​മാ​ദീ ച ​സ​പ്ത​വ്യ​സ​ന​ർ​ജി​തഃ

(മ​യ​മ​തം, 5.15 - 5.18)

11. മ​യ​മ​തം, 5.19-22

12. മ​ർ​ത്ത്യോ വി​പ്രാ​ദി​വ​ർ​ണേ​ഷ്വി​ഹ ഭ​വ​ന​വി​ധാ-

നോ​ത്സു​കോ യഃ , ​സ പൂ​ർ​വം

വി​പ്രം ത​ദ്ദേ​ശ സം​ബ​ന്ധി​ന​മ​ഖി​ല ഗു​ണൈ-

ര​ന്വി​തം സം​വൃ​ണീ​ത

സോ/​യം ത​ദ്വ​ർ​ണ​യോ​ഗ്യാം ക്ഷി​തി മ​ഥ പ​രി​ക​ൽ-

പ്യാ​ത്ര പൂ​ജാ​ദി കൃ​ത്വാ

വാ​സ്തോ ശാ​സ്ത്രോ​ക്ത​രീ​ത്യാ ഗൃ​ഹ​മ​തി​നി​പു​ണൈഃ

കാ​രു​ഭീഃ കാ​ര​യേ​ത

(മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക, 1.9)

13. വേ​ദാ​ഗ​മാ​ദി വി​ഹി​താ​ന്യ​വ​ധാ​ര്യ വി​പ്രൈഃ

കാ​ര്യോ വി​ധിഃ സ​ക​ല​ദേ​വ​ന​രാ​ല​യാ​ണാം

ത​ദ് വാ​ക്യ​തഃ സ​ക​ല​ധാ​മ​സു മൃ​ച്ഛി​ലാ​ദേ-

ര​നോ​ന്യ​മേ​ള​ന​മു​ശ​ന്തി ഹി ​കാ​രു​കൃ​ത്യം

(മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക, 1.10)

14. ച​തു​ർ​ണാ​മ​ധി​കാ​രാ​ണാം ഭൂ​രേ​വാ​ദൗ പ്ര​വ​ക്ഷ്യ​തേ

മ​യ​മ​തം, 2.9

15. മ​യ​മ​തം, 2.10-15

16. ച​ണ്ഡാ​ലാ​വാ​സ​ഗ​ച്ഛാ​യാ ച​ർ​മ​കാ​രാ​ല​യാ​ശ്രി​താ

എ​ക​ദ്വി​ത്രി ച​തു​ർ​മാ​ർ​ഗാ ത​രി​താ​വ്യ​ക്ത മാ​ർ​ഗ​കാ

മ​യ​മ​തം, 3.13

17. പൂ​ർ​വാ​ഹ്നേ മ​ല​മോ​ക്ഷ​ക്രി​യോ​ചി​താ ഗ്രാ​മ​മാ​വേ​ശ്യ

പ്രാ​ഗു​ത്ത​ര​ദി​ശി ദ​ണ്ഡൈഃ പ​ഞ്ച​ശ​തൈഃ സ്യാ​ത്-

ശ​വാ​വാ​സം,

(മ​യ​മ​തം, ഗ്രാ​മ​വി​ന്യാ​സം)

18. മ​യ​മ​തം, പാ​ദ​പ്ര​മാ​ണ ദ്ര​വ്യ പ​രി​ഗ്ര​ഹ​വി​ധാ​നം:

‘‘ന ​ദേ​വ​താ​ല​യാ​ന്ത​സ്ഥാഃ...​സ​ർ​വ​വി​പ​ത്ക​രം’’

19. മ​യ​മ​തം, പാ​ദ​പ്ര​മാ​ണ ദ്ര​വ്യ പ​രി​ഗ്ര​ഹ​വി​ധാ​നം

20. ദേ​വ​ദ്വി​ജ​മ​ഹീ​പാ​നം വി​ശാം വൈ​ശ​ക​ടേ​ന തു

​ ശൂ​ദ്ര​സ്യ പു​രു​ഷ​സ്ക​ന്ധേ​നാ​നീ​യാ​ത്തു വി​ച​ക്ഷ​ണഃ

(മ​യ​മ​തം)

21. മ​ധ്യേ ദ്വാ​ര​മ​നി​ന്ദി​തം സു​ര​മ​ഹീ​ദേ​വ​ക്ഷി​തി​ശാ​ല​യേ

ശേ​ഷാ​ണാ​മു​പ​മ​ധ്യ​മേ​വ വി​ഹി​തം ത​ത് സ​മ്പ​ദാ​മാ​സ്പ​ദം

(മ​യ​മ​തം, പ്ര​സ്ത​ര​ക​ര​ണം)

22. മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക, 1.30, 1.31, 1.32

23. ബൃ​ഹ​ത് സം​ഹി​ത, 53.4, 53.15

24. ബൃ​ഹ​ത് സം​ഹി​ത, 53.69

25. ‘‘ഭൃം​ഗ​രാ​ജേ/​ബ്ധി മ​ത്സ്യഃ സ്യാ​ൽ മൃ​ഷേ മ​ത്സൗ​ദം വി​ദുഃ”

“സ​തി​ലം ത​ണ്ഡു​ലം ശോ​ഷേ രോ​ഗേ സ്യാ​ത് ശു​ഷ്ക മ​ത്സ്യ​കം”

“സ്വി​ന്നം ഹാ​രി​ദ്ര​കം വാ​യൗ നാ​ഗേ മ​ദ്യം ച ​ലാ​ജ​കം”

“ശു​ഷ്ക മാം​സേ മൃ​ഗേ ദ​ദ്യാ​ത് ദേ​വ​മാ​ത​രി മോ​ദ​കം”

“രു​ദ്രേ രു​ദ്ര​ജ​യേ മാം​സം സ്വി​ന്ന മാ​പാ​പ​വ​ത്സ​യോഃ

കു​മു​ദം മ​ത്സ്യ മാം​സം ച ​ശം​ഖ​ക​ച്ഛ​പ മാം​സ​കം”

“മ​ദ്യ​മാ​ജ്യം ച​ര​ക്യാ​സ്തു വി​ദാ​ര്യാ ല​വ​ണോ ബ​ലി”

(മ​യ​മ​തം, ബ​ലി​ക​ർ​മ​വി​ധാ​നം)

26. “ക​ന്യ​കാ വാ/​ഥ വേ​ശ്യാ വാ ​ബ​ലി​ധാ​ര​ണ യോ​ഗ്യ​കാ”

(മ​യ​മ​തം, ബ​ലി​ക​ർ​മ​വി​ധാ​നം)

27. വി​പ്രാ​ദി​ക്ര​മ​തഃ കു​ശേ​ഷു​വ​ന​ദൂ​ർ​വാ​കാ​ശ യു​ക്ത ഭു​വ-

സ്തു​ല്യാ​താ​ന വി​താ​ന സി​ന്ധു​ര ര​സാ​ബ്ധ്യം​ശാ​ധി ദീ​ർ​ഘം അ​പി,

ശ്വേ​താ പാ​ട​ല പീ​ത മേ​ച​ക രു​ച​ഞ്ചാ​ദ്യാ സൃ​ഗ​ന്നാ​സ​വ-

മോ​ദഃ സ്വാ​ദു​ക​ഷാ​യ തി​ക്ത ക​ടു​കാ​സ്വാ​ദാ​ന്വി​താ​ശ്ച സ്മൃ​താ

(ത​ന്ത്ര​സ​മു​ച്ച​യം, 1.22)

28. വ്യ​ഭി​ചാ​രേ​ണ വ​ർ​ണാ​നാ​മ വേ​ദ്യാ​വേ​ദ​നേ​ന ച

​ സ്വ​ക​ർ​മ​ണാം ച ​ത്യാ​ഗേ​ന ജാ​യ​ന്തേ വ​ർ​ണ​സ​ങ്ക​രഃ

മ​നു​സ്മൃ​തി, 10.24

അ​ധ​ർ​മാ​ഭി​ഭ​വ​ത് കൃ​ഷ്ണ പ്ര​ദു​ഷ്യ​ന്തി കു​ല​സ്ത്രീ​യഃ

സ്ത്രീ​ഷു ദു​ഷ്ടാ​സു വാ​ർ​ഷ്ണേ​യ ജാ​യ​തേ വ​ർ​ണ​സ​ങ്ക​രഃ

ഗീ​ത, 1.40

29. സ​ങ്കീ​ർ​ണ​രൂ​പാ വ​സു​ധാ​ത്ര വ​ർ​ണെ​ർ

ഗ​ന്ധൈ​ര​സൈ​ർ വാ/​ഖി​ല വ​ർ​ജ​നീ​യാ

എ​നാ​മ​നാ​ല​ക്ഷി​ത വ​ർ​ണ​ചി​ഹ്നാം

ന​ക്തം പ​രി​ക്ഷേ​ത നി​മി​ത്ത​ത​ശ്ച

ത​ന്ത്ര​സ​മു​ച്ച​യം, 1.23

ഭൂ​മി​യു​ടെ വ​ർ​ണം ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ക്രി​യ​യും ത​ന്ത്ര​സ​മു​ച്ച​യ​ത്തി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്

(ത​ന്ത്ര​സ​മു​ച്ച​യം, 1.24-27)

ഗ്ര​ന്ഥ​സൂ​ചി​ക

ആ​ശാ​ല​ത ത​മ്പു​രാ​ൻ, ജ​യ​ശ​ങ്ക​ർ, കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, വാ​സ്തു​വി​ദ്യാ വി​ജ്ഞാ​ന​കോ​ശം, ഓ​ഥ​ന്റി​ക് ബു​ക്സ്, തി​രു​വ​ന​ന്ത​പു​രം, 2009

ഔ​സേ​ഫ്, പി.​വി, വാ​സ്തു​ശാ​സ്ത്രം ഒ​രു സ​മ​ഗ്ര​പ​ഠ​നം, സാ​ധ​ന An Imprint of DC Books, 2014

ഔ​സേ​ഫ്, പി.​വി, ഭാ​ര​തീ​യ പാ​ര​മ്പ​ര്യ നി​ർ​മാ​ണ ശാ​സ്ത്ര ദ​ർ​ശ​നം, H&C Publications

ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​കെ, വാ​സ്തു ഒ​രു ക​പ​ട​ശാ​സ്ത്രം, മൈ​ത്രി ബു​ക്സ്, തി​രു​വ​ന​ന്ത​പു​രം, 2009

ഗൃ​ഹ​നി​ർ​മാ​ണ പ​ദ്ധ​തി, പ​ഞ്ചാം​ഗം പു​സ്ത​ക​ശാ​ല, കു​ന്നം​കു​ളം, 1178

ത​ന്ത്ര​സ​മു​ച്ച​യം, പ​ഞ്ചാം​ഗം പു​സ്ത​ക​ശാ​ല, കു​ന്നം​കു​ളം, 1178

പ​ത്മ​നാ​ഭാ​ചാ​ര്യ, ടി.​കെ, വാ​സ്തു​ശാ​സ്ത്ര​ര​ത്നം, പ്ര​ശാ​ന്തി പ​ബ്ലി​ഷേ​ഴ്സ്, തി​രു​വ​ന​ന്ത​പു​രം, 2008 വാ​സു ആ​ചാ​രി, വി.​കെ ഗൃ​ഹ​ചി​ത്രാ​വ​ലി, വി​ദ്യാ​രം​ഭം പ​ബ്ലി​ഷേ​ഴ്സ്, മു​ല്ല​ക്ക​ൻ, 2003

ബൃ​ഹ​ത് സം​ഹി​ത, ദേ​വി ബു​ക്സ്റ്റാ​ൾ, കൊ​ടു​ങ്ങ​ല്ലൂ​ർ, 2006

മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക, ഡി.​സി ബു​ക്സ്, കോ​ട്ട​യം, 2011

മ​യ​മ​തം, ഡി.​സി ബു​ക്സ്, കോ​ട്ട​യം, 2012

ഭാ​ഷാ​ശി​ൽ​പ​ര​ത്നം, ദേ​വി ബു​ക്സ്റ്റാ​ൾ, കൊ​ടു​ങ്ങ​ല്ലൂ​ർ, 2015

മോ​ഹ​നാ​ക്ഷ​ൻ നാ​യ​ർ എ, ​വാ​സ്തു​വി​ദ്യ ച​രി​ത്ര​വും ദ​ർ​ശ​ന​വും, മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല, കോ​ട്ട​യം, 2015

മ​നോ​ജ് എ​സ്. നാ​യ​ർ, വാ​സ്തു​വി​ദ്യ ക്ഷേ​ത്ര​വി​ധാ​നം, മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല, കോ​ട്ട​യം, 2008

മു​ര​ളീ​ധ​ര​ൻ നാ​യ​ർ കെ, ​വെ​ള്ള​യ​മ്പ​ലം, വാ​സ്തു​ശാ​സ്ത്രം അ​ന്നും ഇ​ന്നും, ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, തി​രു​വ​ന​ന്ത​പു​രം, 2014

ര​വി​ച​ന്ദ്ര​ൻ സി, ​വാ​സ്തു​ല​ഹ​രി ചൂ​ഷ​ണ​ത്തി​ന്റെ ക​ന്നി​മൂ​ല​ക​ൾ, ഡി.​സി ബു​ക്സ്, കോ​ട്ട​യം, 2015

വാ​സ്തു​ബ​ലി​യും പ​ഞ്ച​ശി​ര​സ്ഥാ​ന​വും, പ​ഞ്ചാം​ഗം പു​സ്ത​ക​ശാ​ല, കു​ന്നം​കു​ളം, 1181

ശേ​ഷ​സ​മു​ച്ച​യം, ശ്രീ​കൃ​പ പ​ബ്ലി​ക്കേ​ഷ​ൻ​സ്, ക​ണ്ണൂ​ർ, 2015

ശ്യാം​കു​മാ​ർ ടി.​എ​സ്, എ​സ്.​എ.​എ​സ് ശ​ർ​മ, കേ​ര​ളീ​യ ത​ന്ത്ര പാ​ര​മ്പ​ര്യം, ഇ​ൻ​ഡോ​ള​ജി​ക്ക​ൽ ട്ര​സ്റ്റ്, കോ​ഴി​ക്കോ​ട്

Bose, Phanindra Nath, Principles of Indian Silpasasthra, with the Test of Mayasastra, The Punjab Sanskrit Book Depot, Lahore, 1926

Bhattacharya, T.P, A Study on Vastuvidya or canons of Indian Architecture, The United Press Ltd, Patna, 1948

Chandra, Pramod, Studies in Indian Temple Architecture, American Institute of Indian Studies, 1975

Dagens, Burno, Maymata, New Age books, New Delhi, 2017

Hardy, Adam, Dravida Temple in Samarangana Sutradhara, PDF

Iyengar, R.N Cet. al, Narada Silpasastra, Jain University Press, 2018

Iyer, Venkitasubramaniya, S, Technical Literature in Sanskrit, Dept. of Publications, University of Kerala, Trivandrum, 2001

Nardi, Isabella, The Theory of Indian Painting: the Citrasutra, Their Uses and interpretations, Doctoral Thesis, School of Oriental and African Studies, University of London, 2003

Otter, Felix, Residential Architecture in Bhojas Samarangana sutradhara, Motilal Banarsidas Publishers, Delhi, 2010

Otter, Felix, Vastuvidya between text and Practice PDF

Prasanna Kumar Acharya, Architecture of Manasara, Oxford University press, London, ND

Salvini, Mattia, The Samarangana sutradhara, Mahidol University

Sastri, Sambasiva, K, Silparatna of Srikumara, Trivandrum Sanskrit Series, 1929

Syamkumar T.S. Expiatory Rites in Keralite Tantra: A Critical Analysis, Doctoral Thesis, Dept. of Sahitya, Sree Sankaracharya University of Sanskrit, Kalady, 2017

Unithiri, N.V.P., Indian Scientific Traditions, Publication Division, University of Calicut, 2006

Tags:    
News Summary - Indian architecture real histroy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT