''ഇതെങ്ങനെ സാധിക്കുന്നു... അചന്ദ ശരത് കമൽ..? 2006ലെ കോമൺവെൽത്ത് ഗെയിംസിൽ ഇരുപത്തിനാലാം വയസ്സിൽ സ്വർണം. 2022ൽ കോമൺവെൽത്ത് ഗെയിംസിൽ, 40ാം വയസ്സിലും സ്വർണം. എന്താണിതിന്റെ രഹസ്യം?'' ബർമിങ്ഹാമിൽ ശരത് കമൽ ടേബിൾ ടെന്നിസ് സിംഗിൾസ് സ്വർണം നേടിയപ്പോൾ ഷൂട്ടിങ് താരം അഞ്ജലി ഭഗവത് ഫേസ്ബുക്കിൽ കുറിച്ചു. 2002ൽ മാഞ്ചസ്റ്റർ കോമൺവെൽത്ത് ഗെയിംസിൽ നാലു സ്വർണം നേടിയ താരമാണ് അഞ്ജലി.
ബർമിങ്ഹാമിൽ 22 സ്വർണം ഉൾപ്പെടെ 61 മെഡൽ നേടി മെഡൽ പട്ടികയിൽ നാലാമതെത്തിയ ഇന്ത്യയുടെ സൂപ്പർതാരം തമിഴ്നാടിന്റെ 40കാരൻ ശരത്കമൽതന്നെ. ഏതാണ്ട് ലോകനിലവാരമുള്ളൊരു കായികമേളയിൽ 16 വർഷം മികവു നിലനിർത്തുക അത്ഭുതമാണ്. ബർമിങ്ഹാമിൽ പുരുഷ സിംഗിൾസ് സ്വർണം നേടിയ ശരത് മിക്സഡ് ഡബിൾസിൽ അകുല ശ്രീജയുമൊത്ത് സ്വർണം കരസ്ഥമാക്കി. പുരുഷ ടീം ഇനത്തിൽ ഇന്ത്യക്കു സ്വർണമൊരുക്കി. പുരുഷ ഡബിൾസിൽ ആകട്ടെ സത്യൻ ജ്ഞാനശേഖരനുമൊത്ത് വെള്ളിയും നേടി. കോമൺവെൽത്ത് ഗെയിംസിൽ ഇതുവരെ ഏഴു സ്വർണം ഉൾപ്പെടെ 13 മെഡൽ. സിംഗിൾസ് ചാമ്പ്യനായത് 2006നു ശേഷം ഇതാദ്യം.
തളരാത്ത കായികശേഷിയുടെയും പരിപൂർണ സമർപ്പണത്തിന്റെയും ഉദാഹരണമായി ശരത് കമൽ തിളങ്ങിനിൽക്കുമ്പോൾ വനിതകളുടെ ബോക്സിങ്ങിൽ, ഏറ്റവും ഭാരം കുറഞ്ഞ വിഭാഗത്തിൽ (45-48 കിലോ) സ്വർണവുമായി നിതു ഗാംഗർ എന്ന കൊച്ചുമിടുക്കി ഭാവിയിലേക്ക് ഏറെ പ്രതീക്ഷയോടെ നോക്കുന്നു. രണ്ടുതവണ ലോക യൂത്ത് ചാമ്പ്യനായത് വെറുതേയല്ലെന്ന് ബർമിങ്ഹാമിലെ റിങ്ങിൽ അവൾ തെളിയിച്ചു. 52 കിലോ വിഭാഗം ലോകചാമ്പ്യൻ നിഖാത് സരിൻ 50 കിലോയിൽ സ്വർണം നേടിയത് ശക്തരായ എതിരാളികളെ പിന്തള്ളിയാണ്. പക്ഷേ, നാലുവർഷം മുമ്പ് ഗോൾഡ്കോസ്റ്റിൽ ബോക്സിങ്ങിൽ ഒമ്പതു മെഡൽ നേടിയ ഇന്ത്യ ഇക്കുറി ഏഴു മെഡൽകൊണ്ട് (മൂന്നു സ്വർണം) തൃപ്തിപ്പെട്ടു.
ഗുസ്തിയിൽ ഇന്ത്യ ആറു സ്വർണം കരസ്ഥമാക്കി. വിനേഷ് ഭോഗട്ട് തുടർച്ചയായ മൂന്നാം തവണയാണ് കോമൺവെൽത്ത് ഗെയിംസ് ഗോദയിൽ സ്വർണമെഡൽ നേടുന്നത്. ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമായി വിനേഷ്. റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ സാക്ഷി മാലിക്കിന്റെ തിരിച്ചുവരവിനും ബർമിങ്ഹാം സാക്ഷിയായി, ബജ്റങ് പൂനിയയും രവികുമാർ ദാഹിയയും ടോക്യോ ഒളിമ്പിക്സിലെ മികവ് ആവർത്തിച്ചു.
ബാഡ്മിന്റണിലും ഇന്ത്യയുടെ ആധിപത്യം പ്രകടമായിരുന്നു. 2014ൽ വെങ്കലവും 18ൽ വെള്ളിയും നേടിയ പി.വി. സിന്ധു പരിക്കിനെ അതിജീവിച്ചാണ് സ്വർണം നേടിയത്. 2018 ൽ ഫൈനലിൽ സിന്ധുവിനെ പരാജയപ്പെടുത്തിയ സൈന നെഹ്വാൾ ഇത്തവണ മത്സരിച്ചില്ല. തോമസ് കപ്പ് വിജയത്തിന്റെ തുടർച്ചയായി പുരുഷവിഭാഗത്തിലെ ഇന്ത്യൻ നേട്ടം. ലക്ഷ്യ സെൻ പുരുഷ സിംഗിൾസ് സ്വർണം നേടി. ചിരാഗ് ഷെട്ടി-റാങ്കി റെഡ്ഡി സഖ്യത്തിനായിരുന്നു ഡബിൾസ് സ്വർണം.
ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം മത്സരത്തിനിടെ
മലയാളിതാരം ട്രീസാ ജോളിയും ഗോപീചന്ദിന്റെ പുത്രി ഗായത്രിയും ചേർന്നുള്ള സഖ്യം വെങ്കലം നേടി. മിക്സഡ് ടീം ഇനത്തിലെ വെള്ളി നേട്ടത്തിലും ഈ കൗമാര ജോടി പങ്കാളികളായി. ഇതോടെ, ഒരു കോമൺവെൽത്ത് ഗെയിംസിൽ രണ്ടു മെഡൽ നേടിയ ആദ്യ മലയാളിയായി ട്രീസ ജോളി.
ഗോൾഡ്കോസ്റ്റ് ഗെയിംസിൽ ഏഴു സ്വർണം സമ്മാനിച്ച ഷൂട്ടിങ് ഇത്തവണ മത്സര ഇനമല്ലായിരുന്നത് ഇന്ത്യക്കു തിരിച്ചടിയായി. പക്ഷേ, ഷൂട്ടിങ് ഒഴിവാക്കിയതിന്റെ പേരിൽ ഗെയിംസ് ബഹിഷ്കരിക്കാൻ ആലോചിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആ വഴിക്കു നീങ്ങിയിരുന്നെങ്കിൽ കായികതാരങ്ങൾക്കു വലിയ നഷ്ടമായേനെ. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിക്കുന്ന വേളയിൽ എന്തായാലും തിളക്കമാർന്ന നേട്ടമാണ് ഇന്ത്യൻ കായികതാരങ്ങൾ സമ്മാനിച്ചത്.
1998ൽ ക്വാലാലംപൂരിലാണ് ഹോക്കി, ക്രിക്കറ്റ് തുടങ്ങിയ ഗെയിംസ് ഇനങ്ങൾ കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായത്. അന്നുമുതൽ പുരുഷ ഹോക്കിയിൽ സ്വർണം നേടുന്ന ആസ്േട്രലിയ വിജയം ആവർത്തിച്ചുവെന്നു മാത്രമല്ല; കലാശക്കളിയിൽ ഇന്ത്യയെ തകർത്തത് എതിരില്ലാത്ത ഏഴു ഗോളിനാണ്. ഇന്ത്യയുടെ മൂന്നാം ഫൈനൽ ആയിരുന്നു ഇത്. മൻപ്രീത് സിങ് നയിച്ച ടീമിന്റെ ഗോളി പി.ആർ. ശ്രീജേഷ് ആയിരുന്നു. ടോക്യോയിൽ വെങ്കലം നേടിയ ഇന്ത്യക്ക് പാരിസ് ഒളിമ്പിക്സിനു മുമ്പ് ഏറെ മുന്നേറാനുണ്ടെന്നു ചുരുക്കം.
വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് അരങ്ങേറിയപ്പോൾ വെള്ളിയുമായി ഹർമൻപ്രീത് കൗറിന്റെ ടീം മടങ്ങി. ഇതിഹാസതാരം മിതാലി രാജ് വിടവാങ്ങിയശേഷം ഇന്ത്യ പങ്കെടുത്ത ആദ്യ ടൂർണമെന്റ്. ഫൈനലിൽ ഒമ്പതു റൺസിനാണ് ആസ്േട്രലിയയോട് പരാജയപ്പെട്ടത്. മിതാലിയുടെ ടീം 2017ൽ ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റതും ഒമ്പത് റൺസിനായിരുന്നു.
ലോൺ ബൗൾസിൽ (ലോൺ ബൗളിങ്) ഇന്ത്യയുടെ വനിതകൾ സ്വർണവും പുരുഷന്മാർ വെള്ളിയും നേടിയപ്പോൾ ഇന്ത്യൻ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതപ്പെട്ടു. ഈ കളിയേതെന്നും എങ്ങനെയെന്നും ഇന്ത്യക്കാർ അന്വേഷിച്ചുതുടങ്ങിയതുതന്നെ വനിതകളുടെ സുവർണ നേട്ടത്തോടെയാണ്.
നീരജിന്റെ അസാന്നിധ്യം; ചരിത്രമെഴുതി നദീം
നിലവിലെ ചാമ്പ്യൻ നീരജ് ചോപ്ര ലോക ചാമ്പ്യൻഷിപ് വേളയിൽ സംഭവിച്ച പരിക്കുമൂലം പിൻവാങ്ങിയപ്പോൾതന്നെ പാകിസ്താന്റെ അർഷദ് നദീമിനു ജാവലിൻ േത്രായിൽ സാധ്യത തെളിഞ്ഞിരുന്നു. എന്നാൽ, നദീം ബർമിങ്ഹാമിൽ നേടിയത് ചരിത്രവിജയമാണ്. 90.18 മീറ്റർ ജാവലിൻ പായിച്ചാണ് നദീം സ്വർണം നേടിയത്.
യൂജിൻ ലോക ചാമ്പ്യൻഷിപ്പിലും ടോക്യോ ഒളിമ്പിക്സിലും നദീമിന് അഞ്ചാം സ്ഥാനമായിരുന്നു. നീരജിന്റെമികച്ച ദൂരം 89.94 മീറ്റർ ആണ്. സുവർണപ്പതക്കം നേടിയ അർഷദ് നദീമിനെ അനുമോദിക്കാൻ നീരജ് മറന്നില്ല. സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഉത്തമ ഉദാഹരണം (ചെന്നൈയിൽ ചെസ് ഒളിമ്പ്യാഡിനു വന്നശേഷം പാകിസ്താൻ ടീം പിൻവാങ്ങിയിരുന്നു എന്നും ഓർക്കുക).
ജംപിങ്പിറ്റിൽ മലയാളി മികവ്
നീരജിന്റെ അസാന്നിധ്യത്തിനു പുറമെ ഏതാനും വനിതാ താരങ്ങൾ ഉത്തേജകപരിശോധനയിൽ പരാജയപ്പെട്ടതും ട്രാക്ക് ആൻഡ് ഫീൽഡിൽ ഇന്ത്യയെ ആശങ്കയിലാക്കിയിരുന്നു. പക്ഷേ, ഒരു സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവും എന്ന ഭേദപ്പെട്ട പ്രകടനം ഇന്ത്യക്കു സാധ്യമായി. ട്രിപ്ൾ ജംപിൽ മലയാളി താരങ്ങളായ എൽദോസ് പോൾ സ്വർണവും (17.03 മീറ്റർ) അബ്ദുല്ല അബൂബക്കർ (17.02 മീറ്റർ) വെള്ളിയും നേടിയപ്പോൾ പ്രവീൺ ചിത്രവേൽ (16.89 മീറ്റർ) നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. 17.10 മീറ്റർ പിന്നിട്ടിട്ടുള്ള എം. ഹരിശങ്കർ ടീമിൽ എത്താതെപോയതുകൂടി കണക്കിലെടുക്കുമ്പോൾ സുഭാഷ് ജോർജ്, റോബർട് ബോബി ജോർജ്, റോയ് കെ. മാണി, രഞ്ജിത്ത് മഹേശ്വരി എന്നിവർക്കു തുടർച്ചക്കാരായി ഒരു യുവതാരനിര കേരളത്തിൽനിന്നു വളരുന്നു എന്ന നല്ല സൂചന ലഭിക്കുന്നു.
യൂജിനിൽ ലോക ചാമ്പ്യൻഷിപ്പിൽ ഒമ്പതാം സ്ഥാനം (16.79 മീറ്റർ) നേടിയതിന്റെ ആത്മവിശ്വാസം എൽദോസ് പോളിനെ ബർമിങ്ഹാമിൽ തുണച്ചു. ജീവിതത്തിൽ ആദ്യമായി എൽദോസ് 17 മീറ്റർ പിന്നിട്ടു. 16.99 മീറ്റർ ആയിരുന്നു അതുവരെയുള്ള മികച്ച ദൂരം. അബ്ദുല്ലയാകട്ടെ 17.19 മീറ്റർ വരെ ട്രിപ്ൾ ജംപിൽ പിന്നിട്ടിട്ടുണ്ട്.
ഏറെക്കാലമായി എൽദോസിനെയും അബൂബക്കറിനെയും പരിശീലിപ്പിക്കുന്ന, മലയാളിയായ എം. ഹരികൃഷ്ണനെ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. മുൻ രാജ്യാന്തര ലോങ്ജംപ് താരമായ, കൊല്ലം നിലമേൽ സ്വദേശി ഹരികൃഷ്ണൻ ബംഗളൂരുവിൽനിന്നാണ് നിർദേശങ്ങൾ നൽകിയത്. വിസ കിട്ടിയില്ലെന്നാണ് ഫെഡറേഷന്റെ വാദം. ഫെഡറേഷന്റെ ഒരു ഭാരവാഹിക്കായിരുന്നെങ്കിൽ വിസ പറന്നെത്തിയേനെ. 1976ലെ മോൺട്രിയൽ ഒളിമ്പിക്സിൽ ഇന്ത്യ മെഡൽ സാധ്യത കൽപിച്ചിരുന്ന ശ്രീറാം സിങ്ങിനെയും ശിവനാഥ് സിങ്ങിനെയും പരിശീലിപ്പിച്ച ഇലിയാസ് ബാബർ ഒടുവിൽ സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിമ്പിക്സ് വേദിയിൽ എത്തിയ ചരിത്രം ഓർമയിൽവരുന്നു.
കോമൺവെൽത്ത് ഗെയിംസ് ട്രിപ്ൾ ജംപിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി എൽദോസ് പോൾ. കോമൺവെൽത്ത് ഗെയിംസിൽ ഒരു അത്ലറ്റിക് ഇനത്തിൽ ഒന്നിൽ അധികം മെഡൽ ഇന്ത്യക്കു ലഭിക്കുന്നത് രണ്ടാമതും. നേരത്തേ 2010ൽ ന്യൂഡൽഹിയിൽ വനിതകളുടെ ഡിസ്കസ് േത്രായിൽ കൃഷ്ണ പൂനിയ, ഹർവന്ത് കൗർ, സീമാ പൂനിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിരുന്നു.
കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ മലയാളി താരമായി എൽദോസ് പോൾ. നേരത്തേ, 2002ൽ ഹോക്കിയിൽ ഹെലൻ മേരി ഇന്നസെന്റും 2010ൽ 4 x 400 മീറ്റർ റിലേയിൽ സിനി ജോസും 2018ൽ ബാഡ്മിന്റൺ ടീം ഇനത്തിൽ എച്ച്.എസ്. പ്രണോയിയും സ്വർണം നേടിയിരുന്നു. രൂപാ ഉണ്ണികൃഷ്ണൻ ഷൂട്ടിങ്ങിൽ വ്യക്തിഗത സ്വർണം നേടിയിട്ടുണ്ടെങ്കിലും രൂപയെ തമിഴ്നാട് താരമായാണ് കണക്കാക്കുന്നത്.
ലോങ്ജംപിൽ വെള്ളി നേടിയ എം. ശ്രീശങ്കറിനും (8.08 മീറ്റർ) യൂജിൻ ലോക ചാമ്പ്യൻഷിപ്പിലെ ഫൈനൽ ബെർത്ത് സമ്മാനിച്ച ആത്മവിശ്വാസം തുണയായി. മുഹമ്മദ് അനീസ് യഹിയ അഞ്ചാം സ്ഥാനം നേടി. മെഡൽ നേടിയ മലയാളിതാരങ്ങൾക്കു വർഷങ്ങൾ ഏറെ ബാക്കിയുണ്ട്. പക്ഷേ, ഒളിമ്പിക് മെഡലിലേക്കുള്ള ദൂരവും ഏറെയാണ്.
ടോക്യോ ഒളിമ്പിക്സിന്റെ ആവർത്തനമെന്നോണം മീരാബായ് ചാനു ഭാരോദ്വഹനത്തിൽ സ്വർണം നേടിക്കൊണ്ടു തുടക്കമിട്ട ഇന്ത്യയുടെ മെഡൽനേട്ടം അഭിമാനിക്കാവുന്നതുതന്നെ. ടേബിൾ ടെന്നിസിൽ മനിക്ക ബത്ര, ബോക്സിങ്ങിൽ ലൗലീന ബോർഗോഹെയ്ൻ, സ്ക്വാഷിൽ ജോഷ്ന ചിന്നപ്പ, ഡിസ്കസ് േത്രായിൽ സീമാ അന്റിൽ (പൂനിയ) തുടങ്ങിയവർക്കു പ്രതീക്ഷക്കൊത്ത് ഉയരാനായില്ല എന്നതു തിരിച്ചടിയായി. സീമ കോമൺവെൽത്ത് ഗെയിംസിൽനിന്നു മെഡൽ ഇല്ലാതെ മടങ്ങുന്നത് ആദ്യം. 2006ലും 14ലും 18ലും വെള്ളിയും 2010ൽ വെങ്കലവും നേടിയ സീമ ഇക്കുറി അഞ്ചാമതായി.
ലോങ്ജംപിൽ വെള്ളിനേടിയ മലയാളി താരം എം. ശ്രീശങ്കർ
സ്റ്റീപ്ൾ ചേസിൽ അവിനാശ് സാബ്ലെയുടെ വെള്ളിയും ജാവലിനിൽ അന്നു റാണിയുടെയും ഹൈജംപിൽ തേജസ്വിൻ ശങ്കറിന്റെയും വെങ്കലവും ശ്രദ്ധിക്കപ്പെടുന്നു. റേസ് വാക്കിങ്ങിലും ഇന്ത്യൻ താരങ്ങൾ മികവുകാട്ടി. ഉത്തേജക വിവാദങ്ങളാണ് റിലേ ടീമുകളുടെ നിലവാരത്തകർച്ചക്കു കാരണമെന്ന് വിശ്വസിക്കാം.
മത്സര തീവ്രതയുള്ള ഇനങ്ങൾ
കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസുമായി താരതമ്യപ്പെടുത്തിയാൽ ബാഡ്മിന്റണിലും ടേബിൾ ടെന്നിസിലും ഭാരോദ്വഹനത്തിലും ഗുസ്തിയിലും ചൈനയും കൊറിയയും ജപ്പാനുമൊന്നുമില്ലാത്ത കോമൺവെൽത്ത് ഗെയിംസിൽ മത്സരതീവ്രത കുറയും. ഏഷ്യൻ നിലവാരത്തിനു താഴെയാകും മത്സരം. ആസ്േട്രലിയയുടെ സാന്നിധ്യം നീന്തലിൽ പല ലോകോത്തര താരങ്ങളെയും എത്തിക്കുന്നു. അത്ലറ്റിക്സിൽ ജമൈക്കയിൽനിന്നും ഇംഗ്ലണ്ടിൽനിന്നും ദക്ഷിണാഫ്രിക്കയിൽനിന്നും കാനഡയിൽനിന്നുമൊക്കെ സൂപ്പർതാരങ്ങൾ വരാറുണ്ടെങ്കിലും എല്ലാ ഇനത്തിലും ഈ നിലവാരം കാണാനൊക്കില്ല.
ടോക്യോ ഒളിമ്പിക്സിൽ മെഡൽ നേടിയ മൂന്നു ഭാരോദ്വഹകരും മൂന്നു ഗുസ്തിക്കാരും രണ്ട് ബാഡ്മിന്റൺ താരങ്ങളും മാത്രമാണ് ബർമിങ്ഹാമിൽ മത്സരിച്ചത്. അതുകൊണ്ടുതന്നെ ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും മെഡൽ നേടുന്ന താരങ്ങൾക്കു നൽകുന്ന അതേ കാഷ് അവാർഡ് കോമൺ വെൽത്ത് ഗെയിംസിലെ മെഡൽ ജേതാക്കൾക്കു കൊടുക്കരുതെന്ന വാദവും ശക്തമാണ്. പക്ഷേ, ഇനം തിരിച്ച് കാഷ് അവാർഡ് നൽകാനാകില്ല.
സൂപ്പർതാരത്തിളക്കം
വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത് ജമൈക്കയുടെ എലെയ്ൻ തോംസൻ ഹെറായാണ്. ഗെയിമിലെ വേഗമേറിയ ഓട്ടക്കാരൻ കെനിയയുടെ ഫെർഡിനാൻഡ് ഒമന്യാലയായിരുന്നു. എലെയ്ൻ ലോക ചാമ്പ്യൻഷിപ്പിൽ ഷെല്ലി ആൻ േഫ്രസറിനും ഷെറീക്കാ ജാക്ക്സനും പിന്നിൽ വെങ്കലമാണ് നേടിയത്. ടോക്യോ ഒളിമ്പിക്സിൽ നാലു സ്വർണം ഉൾപ്പെടെ ഏഴു മെഡൽ നേടിയ, ആസ്േട്രലിയൻ നീന്തൽതാരം എമ്മാ മക്കിയോൻ ബർമിങ്ഹാമിൽ നേടിയത് ഉൾപ്പെടെ സ്വർണമെഡലുകൾ ഒരു ഡസൻ തികച്ച് കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി.
വനിതകളുടെ 4 x 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ആസ്േട്രലിയ (7:39.29) ചൈനയുടെ ലോക റെക്കോഡ് (7:40.33) തിരുത്തിയത് ബർമിങ്ഹാമിലെ ശ്രദ്ധേയ പ്രകടനമായി. മാഡിസൻ വിൽസൻ, കിയാ മെൽവെർട്ടൻ, മോല്ലീ ഒ. കലഗൻ, ഏരിയൻ ടിറ്റ്മസ് ടീം ആണ് നീന്തൽകുളത്തിൽ ലോകറെക്കോഡ് സമയം കുറിച്ചത്.
ദക്ഷിണാഫ്രിക്കയുടെ ചാഡ് ലി ക്ലോസ് പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ വെള്ളി നേടിക്കൊണ്ട് കോമൺവെൽത്ത് ഗെയിംസിൽ 18 മെഡൽ തികച്ചു. ഷൂട്ടിങ് താരങ്ങളായ മൈക്കൽ ഗോൾട്ടിനും ഫിൽ ആഡംസിനുമൊപ്പം കൂടുതൽ മെഡലുകളുടെ റെക്കോഡ് പങ്കിട്ടു.
നീന്തലിൽ ഇന്ത്യൻ താരങ്ങൾ എങ്ങുമെത്തിയില്ല. ക്രിക്കറ്റിലും ഹോക്കിയിലും ആസ്േട്രലിയയെ വെല്ലാനുമായില്ല. പക്ഷേ, ഗുസ്തി, ബോക്സിങ്, ഭാരോദ്വഹനം, ലോൺ ബൗൾസ്... ഇന്ത്യക്കും നേട്ടങ്ങളുടെ ഏതാനും കായിക ഇനങ്ങൾ ഉണ്ട്. അത്ലറ്റിക്സിലും ബാഡ്മിന്റണിലും ടേബിൾ ടെന്നിസിലും ഭാവിസാധ്യതകൾ തുറന്നിട്ടു. ഇനിയുമുണ്ട് ലോകനിലവാരത്തിലേക്ക് ഏറെ ദൂരം. അടുത്ത വർഷം ഏഷ്യൻ ഗെയിംസും 2024ൽ ഒളിമ്പിക്സും. ആസൂത്രണം മികച്ചതായാൽ സാധ്യതകൾ തെളിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.