1
മനുഷ്യരുടെ ഭാഷണം ഇല്ലാതാകുമ്പോൾ ലോകം ചുരുങ്ങുന്നു. സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടേയും വൈവിധ്യം ഇല്ലാതാകുമ്പോൾ സംഭവിക്കുന്നതുപോലെത്തന്നെ.
1974ൽ ആംഗെല ലോയ്ജ് മരിച്ചു. ലോകത്തിന്റെ അറ്റത്തുള്ള തിയെറ ദെൽ ഫ്യൂഗോയിൽ ഓന എന്ന റെഡ് ഇന്ത്യൻ ഗോത്രത്തിലെ അവസാനത്തെ വ്യക്തിയായിരുന്നു അവർ. അവരുടെ ഭാഷ സംസാരിച്ചിരുന്ന അവസാനത്തെ ആളും.
ആംഗെല തനിക്കുവേണ്ടി മാത്രം പാടി. കാരണം ആ സ്ത്രീയുടെ ഭാഷ മറ്റാർക്കും മനസ്സിലാകുമായിരുന്നില്ല.
എനിക്കു മുമ്പേ നടന്നവരുടെ
വഴിയേ ഞാൻ നടക്കുന്നു
കൂട്ടിനാരുമില്ലാതെ, ഒറ്റപ്പെട്ട്
സുവർണകാലത്ത് ഓന ഗോത്രക്കാർ വിവിധ ദൈവങ്ങളെ ആരാധിച്ചിരുന്നു. പരമമായ ദൈവത്തിന്റെ പേര് പെമോൽക്ക് എന്നായിരുന്നു. പെമോൽക്ക് എന്നാൽ: വാക്ക്.
^എദ്വാർദോ ഗാലിയാനോ (1)
ഒരു അമ്മൂമ്മയുടെ മരണത്തോടെ ഒരു ഭാഷയും എന്നേക്കുമായി മണ്ണടിഞ്ഞ വാർത്ത ലോക മാതൃഭാഷാദിനത്തിൽ (ഫെബ്രുവരി 21) വൃത്താന്തപത്രത്തിൽ വായിച്ചു. വാർത്തയുടെ ചുരുക്കം: ''ചിലിയിലെ ഉകിക ഗ്രാമത്തിൽ ക്രിസ്റ്റിന കാൽഡെറോൺ എന്ന മുത്തശ്ശി 93ാം വയസ്സിൽ വിടവാങ്ങിയതോടെ ഒരു ഭാഷയും മരിച്ചു. യാഗൻ ഗോത്രക്കാരുടെ തനതു ഭാഷയായ യാമനയാണ് ബുധനാഴ്ച മൺമറഞ്ഞത്. ഒരു നിഘണ്ടുവും സ്പാനിഷ് പരിഭാഷയും തയാറാക്കി തന്നാലാവുംവിധം ഭാഷയെ കാക്കാൻ ശ്രമം നടത്തിയശേഷമാണ് ക്രിസ്റ്റിന യാത്രയായത്. യാഗൻ ഗോത്രക്കാർ പലയിടത്തായി ഉണ്ടെങ്കിലും പുതുതലമുറയിലുള്ളവരൊന്നും ഗോത്രഭാഷ പഠിക്കാൻ താൽപര്യം കാണിക്കുന്നില്ല.'' (2)
പല ഭാഷകളാൽ ചുറ്റപ്പെട്ട ഒരു നാടാണ് എന്റേത്: കാസർകോട്, ചന്ദ്രഗിരിയുടെ തീരദേശം. മാതൃഭാഷയായ മലയാളം കൂടാതെ കന്നട, തുളു എന്നിവ പ്രധാന ഭാഷകൾ. പിന്നെയും പത്തിലേറെ ഭാഷകൾ, ഭാഷാഭേദങ്ങൾ. അതിൽ, 'തുളുവമ്മൂമ്മ'യുടെ താഴുന്ന മിടിപ്പുകൾ ഞാൻ ഇപ്പോഴും കേൾക്കുന്നു. എന്റെ അയൽപക്കത്തെ ഭാഷയായ, ദ്രാവിഡ ഭാഷാഗോത്രത്തിലെ പ്രധാനഭാഷകളിലൊന്നായ, തുളു കാണക്കാണെ മരണത്തിലേക്ക് നീങ്ങുകയാണോ? മരണമണി മുഴങ്ങുന്ന ഭാഷയുടെ ഭൂപട(3)ത്തിൽ അത് 'നാശോന്മുഖം'(vulnerable)) എന്ന അവസ്ഥയിലാണ്. 'സുരക്ഷിതം' (safe), 'നാമാവശേഷം' (extint)–ഇവക്കിടയിലെ ആദ്യഘട്ടം. യുനെസ്കോയുടെ കണക്കിൽ, ഒരു ഭാഷ മരണത്തിനുമുമ്പ്, നാലു ഘട്ടങ്ങളിലൂടെ കടന്നുപോവും. 'നാശോന്മുഖ'ത്തിനുശേഷം, 'നാശത്തിന്റെ വക്കിൽ,' (definitely endangered: കുട്ടികൾ മാതൃഭാഷ പഠിക്കുന്നില്ല. മുതിർന്നവർ വീട്ടിലോ ചെറുകൂട്ടങ്ങളിലോ മാത്രം സംസാരിക്കുന്നു.) 'നാശത്തിലേക്കു കൂപ്പുകുത്തൽ' (severely endangered: പ്രായരായവർ മാത്രം സംസാരിക്കുന്നു. അവരുടെ മക്കൾക്ക് മനസ്സിലായെന്നിരിക്കും. പക്ഷേ, അവർ തമ്മിൽ തമ്മിലോ കുട്ടികളോടോ സംസാരിക്കുന്നില്ല. കുട്ടികൾക്ക് അറിയില്ല.) 'മരണാസന്നം' (critically endangered: പ്രായമായവർ മാത്രമാണ് ആ ഭാഷ സംസാരിക്കുന്ന 'യുവതലമുറ'. അവർ തന്നെയും മാതൃഭാഷ എല്ലായ്പോഴും ഉപയോഗിക്കുന്നില്ല.) പിന്നീട് മരണം (extinct). തുളുവിന്റെ കാര്യത്തിൽ 'നാശോന്മുഖ'ഘട്ടം കഴിഞ്ഞു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതു 'നാശത്തിന്റെ വക്കി'ലാണ്. കന്നട അതിനെ വിഴുങ്ങിത്തുടങ്ങിയിട്ടു കാലം കുറേയായി. എങ്കിലോ, തുളു ലിപിയിൽത്തന്നെ തുളു പഠിപ്പിക്കാനുള്ള ശ്രമങ്ങളും ചെറിയ മട്ടിലെങ്കിലും നടക്കുന്നുമുണ്ട്.
ക്രിസ്റ്റിന അമ്മൂമ്മയുടെ മരണത്തോടൊപ്പം മണ്ണടിഞ്ഞ യാമന ഭാഷയുടെ കാര്യത്തിൽ ആശാവഹമായ ഒരേയൊരു സംഗതി, ആ അമ്മൂമ്മയുടെ പങ്കാളിത്തത്തോടെ ആ ഭാഷയിലെ വാക്കുകളുടെയും ശൈലികളുടെയും ഒരു നിഘണ്ടു ബാക്കിയാക്കിയാണ് അവർ വിട്ടുപോയത് എന്നതാണ്. അവരുടെ ജീവിതവും യാഗൻ എന്ന ഗോത്രവും ആ ഭാഷയിലെ ചില ഗാനങ്ങളും മൊഴികളും ദൃശ്യങ്ങളായും ശബ്ദങ്ങളായും ഭാവിയിലെ ഭാഷാപഠിതാക്കൾക്കായി രേഖപ്പെടുത്തിയിട്ടുണ്ട്. (4) 2022 മുതൽ 2032 വരെയുള്ള ഒരു ദശകം തദ്ദേശീയ ഭാഷകളുടേതായി യുനെസ്കോ പ്രഖ്യാപിച്ചിട്ടുണ്ട്. മരണാസന്നമായ മറ്റനവധി ഭാഷകളെയും ജപിച്ചുണർത്താൻ ചെറുതായെങ്കിലും ഇതിലൂടെ കഴിഞ്ഞേക്കും അഥവാ, അങ്ങനെ പ്രതീക്ഷിക്കുക.
ഒരു വ്യാഴവട്ടം മുമ്പ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഒരമ്മൂമ്മയുടെ മരണം ഇതുപോലെ വാർത്തയായിരുന്നു. ഭാഷാേപ്രമികളുടെ മനസ്സിൽ ആ മരണം നീറ്റലുണ്ടാക്കിയിരുന്നു. 2010ൽ, നമ്മുടെ റിപ്പബ്ലിക് ദിനത്തിൽ, അന്തമാനിൽ, എൺപത്തിയഞ്ചുകാരിയായ ബോവ് സീനിയർ മരിച്ചപ്പോൾ 65,000 വർഷം പഴക്കമുള്ള ബോ ഭാഷയും (അക–ബോ) മരിച്ചു. അന്തമാനിൽ താണ്ഡവമാടിയ സൂനാമിയെ (2004) അതിജീവിച്ച ആ അമ്മൂമ്മ സൂനാമിയിൽ ഭൂമി കിടുകിടെ വിറകൊണ്ടതിനെക്കുറിച്ച് ബോ ഭാഷയിൽ പാടിയ പാട്ടും വർത്തമാനവും ഭാഷാശാസ്ത്രജ്ഞയായ അൻവിത അബി ശബ്ദലേഖനം ചെയ്തതിനാൽ ഇന്നും നമുക്ക് കേൾക്കാം. (5) ''ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഭാഷയാണ് ബോ. ഈ പ്രപഞ്ചത്തെത്തന്നെയും മനുഷ്യശരീരത്തിന്റെ കാഴ്ചപ്പാടിലൂടെ കാണുന്ന ഈ ഭാഷയുടെ വ്യാകരണവും അതനുസരിച്ചാണ് വിന്യസിച്ചിട്ടുള്ളത്,'' (6) േഗ്രറ്റ് അന്തമാനീസ് ഭാഷയുടെ നിഘണ്ടുകാരി കൂടിയായ അൻവിത ഒരഭിമുഖത്തിൽ പറഞ്ഞു.
ലിച്ചോയും അൻവിത അബിയും
2020ൽ മറ്റൊരു േഗ്രറ്റ് അന്തമാൻ ഭാഷ കൂടി മരിച്ചു. (7) സരെ എന്ന പ്രാചീനഭാഷ. ലിച്ചോ എന്നു പേരായ, ആ ഭാഷ അറിയുന്ന അവസാനത്തെ സ്ത്രീ അമ്മൂമ്മയാകുന്നതിനു മുമ്പുതന്നെ രോഗബാധിതയായി മരിച്ചു. അവരുമായി ഇരുപതുവർഷം നിരന്തരമായി സംഭാഷണത്തിലേർപ്പെട്ടും ചോദിച്ചറിഞ്ഞുമാണ് അൻവിത അബി അന്തമാനിലെ ഭാഷകളുടെ നിഘണ്ടു രചിച്ചത്. നിഘണ്ടു മാത്രമല്ല അന്തമാനിലെ മിത്തുകളും ജീവിതാചാരങ്ങളും വിവരിക്കുന്ന പുസ്തകങ്ങളും.
ലോകത്തിൽ മാതൃരാജ്യവും (motherland) പിതൃരാജ്യവും (father land: ജർമനിയാണ് അറിയപ്പെടുന്ന ഒരു പിതൃരാജ്യം) ഉണ്ടെങ്കിലും അതേ അർഥത്തിൽ പിതൃഭാഷ (fathertongue)) എന്നു പറയാറില്ല. എന്റെ അറിവിൽ, ഏതാനും പതിറ്റാണ്ടുകളുടെ പഴക്കം മാത്രമുള്ള സങ്കൽപമാണ് അത്. അതൊരു പ്രത്യേകഭാഷയും അഭ്യാസത്തിലൂടെയും വായനയിലൂടെയും കിട്ടിയ ഭാഷയും രണ്ടാംഭാഷയും മറ്റും മറ്റുമാണ്. സ്വാഭാവികമായി നിലനിൽക്കാൻ കഴിയാത്ത ഭാഷ. ''നമ്മൾ താമസിക്കുന്നത് രാജ്യത്തിലല്ല, ഭാഷയിലാണ്,'' എന്ന് എമിൽ ചോറാൻ പറയുന്നതിലെ ഭാഷ അമ്മയുടെ ഭാഷയാണ്, മാതൃഭാഷ. അങ്ങനെ ആ 'അസംബന്ധ ദാർശനികൻ' വിശേഷമായി പറയാത്തതിനു കാരണം പിതൃഭാഷയെക്കുറിച്ച് ആലോചിക്കേണ്ടതിന്റെ സാംഗത്യം പോലും ഇല്ലാത്തതുകൊണ്ടാവാം.
ഒരു തമാശ പങ്കിടട്ടെ: മാതൃഭാഷാദിനത്തിൽ വാട്സ്ആപ് സർവകലാശാലയിൽനിന്നും ഒരു സന്ദേശം കിട്ടി–''വല്ലഭനു വാട്സ്ആപ്പുമായുധം!''–എം.ബി.ബി.എസ് പഠനകാലത്ത് പ്രസവമുറിയിൽ ഡ്യൂട്ടിയിലായിരുന്ന ഒരു ഭാവി ഡോക്ടറുടെ അനുഭവക്കുറിപ്പാണ്. നിറം പിടിപ്പിച്ച സംഭവകഥയാകാം.
''ഒരു ഗർഭിണി 'ഓ, മൈ ഗോഡ്, വാട്ട് എ പെയിൻ,' എന്നൊക്കെ ഇംഗ്ലീഷിൽ കരയുന്നത് ഞാൻ ഒരു ഡോക്ടർക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. അവരെ ഒന്നു ശ്രദ്ധിച്ച്, ഉടനെ എന്നോട് 'ഏയ്, വേദനയൊന്നും തുടങ്ങിയിട്ടില്ല,' എന്നു പറഞ്ഞ് പുള്ളി മറ്റേതോ സ്ത്രീയെ അറ്റൻഡ് ചെയ്യാൻ പോയി.
കുറച്ചുകൂടി കഴിഞ്ഞപ്പോൾ ആദ്യത്തെ സ്ത്രീ, 'അയ്യോ അമ്മച്ചീ, എന്തൊരു വേദന,' എന്നു പച്ചമലയാളത്തിൽ അലറിവിളിക്കാൻ തുടങ്ങി. അതു കേട്ടതും ആ ഡോക്ടർ എന്റെയടുത്തുവന്ന് 'ഇപ്പോൾ ശരിക്കും വേദന തുടങ്ങി, വാ നമുക്ക് അവരെ നോക്കാം' '' എന്നു പറഞ്ഞു. പിറക്കാൻ പോകുന്ന കുട്ടി–സുഭദ്രയുടെ വയറ്റിലെ അഭിമന്യു ശ്രീകൃഷ്ണനെ കേട്ടതുപോലെ–അമ്മ നിലവിളിച്ച ഭാഷ കേട്ടിരിക്കണം. ഗർഭപാത്രത്തിൽനിന്നുതന്നെ കുട്ടികൾ ഭാഷ സ്വായത്തമാക്കിത്തുടങ്ങുന്നു എന്നാണ് പുതിയ ഭാഷാശാസ്ത്രപഠനങ്ങൾ അനുമാനിക്കുന്നത്. പിറന്നുവീഴുമ്പോഴുള്ള കരച്ചിലിന് അമ്മയുടെ ഭാഷയുടെ–മാതൃഭാഷയുടെ–താളമേത്ര!
2
എന്റെ വലിയമ്മ (അമ്മയുടെ അമ്മ; നാട്ടിലെ ഉച്ചാരണത്തിൽ, ബെല്ല്മ്മ) പയറ്റിയാൽ അടുക്കാടുക്കം അക്കു അമ്മ ഒരു അമ്മദൈവത്തെപ്പോലെയായിരുന്നു, രൂപത്തിലും പ്രകൃതത്തിലും. അമ്മദൈവം എന്ന ഉപമ തെയ്യങ്ങൾ ഉറഞ്ഞാടുന്ന എന്റെ നാട്ടിൽ നിന്നു സ്വീകരിച്ചത്. സാഹിത്യത്തിൽനിന്നാണെങ്കിൽ മലയാളത്തിലെ ഒരു സ്ത്രീകഥാപാത്രത്തിന്റെയും ഉപമ ചേരുമെന്നു തോന്നുന്നില്ല. അതിനാൽ 'ഏഴാം കടലിനക്കരെയുള്ള മലയാളസാഹിത്യകാരൻ' ഗബ്രിയേൽ ഗാർസ്യാ മാർകേസിന്റെ കഥാപാത്രത്തെ കൂട്ടുപിടിക്കട്ടെ: ഉർസുല ഇഗ്വാറൻ.
ജിപ്സിയായ മെൽക്വിയാദസിൽ നിന്നു കിട്ടിയ അറിവുകളും ഉപകരണങ്ങളും െവച്ച് 'കഠിനൗഠിനൗ' ആയ പരീക്ഷണങ്ങൾ നടത്തി, ഹൊസെ അർക്കാദിയോ ബുവന്തിയ ഗംഭീരമായ ഒരു കണ്ടുപിടിത്തം നടത്തിയല്ലോ, അക്കാര്യം ഭാര്യ ഉർസുലയോടു നെഞ്ചുവിരിച്ചു പ്രഖ്യാപിക്കുകയും ചെയ്തുവല്ലോ: ''ഭൂമി ഉരുണ്ടതാണ്, ഒരു ഓറഞ്ചുപോലെ.'' ഉർസുലക്ക് പെരുവിരലിൽനിന്നു തരിച്ചുവന്നു: ''പ്രാന്ത് പിടിക്കാനാണെങ്കിൽ തന്നെത്താൻ പിടിച്ചാൽ മതി. നിങ്ങളുടെ ജിപ്സി ആശയങ്ങൾ മക്കളുടെ തലയിൽ തിരുകിക്കയറ്റരുത്.''
അധികം പറയേണ്ടല്ലോ!
അതെ, ഉർസുലയെപ്പോലെ ഒരു വലിയമ്മ.
വലിയമ്മയുടെ വർത്തമാനത്തിലെ വാക്കുകൾ–എത്രയോ വാക്കുകൾ മറവിയുടെ ഗർത്തത്തിലേക്കു വീണുപോയി–കുറേയെല്ലാം ഓർമയിലുണ്ട്. ആ വാക്കുകളിലേറെയും ആധുനിക ജീവിതത്തോടൊപ്പം വന്ന ഭാഷയുടെ 'മാർച്ച് പാസ്റ്റിൽ' ഒപ്പമെത്താനാവാതെ മുടന്തി, പിൻവാങ്ങി. അതിന്റെ 'പൊഞ്ഞാറ്' (പുകഞ്ഞു കയറൽ, നഷ്ടബോധം, അകാരണമായ സങ്കടം) ഉള്ളിൽ ഇപ്പോഴും ബാക്കിയുണ്ട്.
ക്രിസ്റ്റിന കാൽഡെറോൺ
വലിയമ്മ മരിക്കുമ്പോൾ (1994) ഞാൻ െകാൽക്കത്തയിലായിരുന്നു. അന്തർദേശീയ ചലച്ചിേത്രാത്സവം കാണാൻ ചെന്നതാണ്, മൈക്കലാഞ്ചലോ അന്തോണിയോണിയെയും ഫെർണാണ്ടോ ഇ. സൊളാനസിനെയും കൺകുളിർക്കെ കണ്ടു. ചലച്ചിേത്രാത്സവം കഴിഞ്ഞ്, ബ്രഹ്മപുത്ര, ശാന്തിനികേതൻ, സന്താൾ ഗ്രാമങ്ങൾ, ബാവുൾ സംഗീതം അങ്ങനെ പലപല മോഹയാത്രകളുണ്ടായിരുന്നു. ഞാൻ താമസിച്ചിരുന്ന 'താരാമഹൽ' ഹോട്ടലിലേക്ക് വലിയമ്മ മരിച്ചു എന്ന സന്ദേശം വന്നെത്തി.
വലിയമ്മയെ അവസാനമായി ഒരുനോക്കു കാണാനാവില്ല. എന്തുചെയ്യണം? അധികം ആലോചിച്ചില്ല. നാട്ടിലേക്കു തിരിച്ചു. മൂന്നാംനാൾ എത്തുമ്പോൾ വലിയമ്മ ഒരട്ടിമണ്ണുപുതച്ചു കിടക്കുന്നു.
മുപ്പതുവർഷമാകാൻ പോകുന്നു; ജീവിച്ചതിന്റെ പകുതി. വലിയമ്മയെ ഓർമിച്ച് 'ഒന്നൂറെ നാല്പത്' (ഒന്നു കുറവ് നാൽപത്: 39. നാട്ടിലെ ഒരു മാന്ത്രിക അക്കമാണ് 'ഒന്നൂറെ നാല്പതു തെയ്യങ്ങൾ.') വാക്കുകൾ സമർപ്പിക്കട്ടെ; വലിയമ്മക്കും മലയാളത്തിനും. ഈ വാക്കുകളില്ലാതെ എന്റെ ഭാഷ ദരിദ്രമാകരുത് അഥവാ, ഈ വാക്കുകൾ കൂടി ചേർന്നു സമൃദ്ധമാകട്ടെ. പദകോശശോഷണമാണല്ലോ (exical impoverishment), മഹാനായ ഇറ്റാലിയൻ നോവലെഴുത്തുകാരൻ ഈതാലോ കൽവീനോ പറയുന്നതുപോലെ, ഭാഷയുടെ മരണത്തിന്റെ ആദ്യലക്ഷണങ്ങൾ. (8)
കരിപ്പം: ഗർഭം. കരിപ്പക്കാരത്തി–ഗർഭിണി. ഒരു കരിപ്പക്കാരത്തിയുടെ എട്ടാം മാസത്തിൽ മധുരപലഹാരങ്ങളുമായി കൂനിപ്പോകുന്ന ഒരു വലിയമ്മയുടെ വർത്തമാനം എപ്പോഴും ഉള്ളിലുണ്ട്: 'നടക്കാനേ കയ്യ്ന്ന്ല്ല കുഞ്ഞീ, അങ്ങനെ, ഒന്നു പാഞ്ഞുപോയിറ്റ് ബരാംന്ന് ബിജാരിച്ചു.' (നടക്കാൻ പോലും കഴിയുന്നില്ല കുട്ടി, അങ്ങനെ ഒന്ന് ഓടിപ്പോയി വരാമെന്ന് വിചാരിച്ചു.)
നക്കറ്റം: ആർത്തി. നക്കറ്റം പിടിച്ചത്: ആർത്തിപ്പണ്ടാരം.
തൊപ്പ്ട്ട: തൂവൽ. കോഴിയുടെ തൊപ്പ്ട്ട. തൊപ്പ്ട്ട തൊല്ലൽ: തൂവൽ പറിച്ചുകളയൽ.
തൊല്ല: സൊല്ല; ശല്യം. 'തൊല്ലയാണ് ഓനെക്കൊണ്ട്.'
തുക്കി: (ശകാരപദം) അലഞ്ഞുതിരിയുന്നവൻ (ൾ); അവിടെയും ഇവിടെയും ചുറ്റിത്തിരിയുന്നത്. 'കോഴി തുക്കുന്നു', 'തുക്കിയാണ്, വിരിച്ചിടത്ത് കെടക്കില്ല.'
ദൂറ്: പരിഭവം, ആവലാതി, പരദൂഷണം, കുറ്റം പറയൽ. 'ദൂറ് പറയൽ', 'ഓള് കൊറേ ദൂറി'.
ചാപ്പിൽ: ചീഞ്ഞു, പഴകിയ മണം, വൃത്തിയാക്കാതിരിക്കുമ്പോഴുള്ള മണം, 'മീൻ ചാപ്പില് നാറ്ന്ന്'.
മറ്പ്പ്: വാശി. ധിക്കാരം. വിടാതെ പിന്തുടരൽ. 'മറ്പ്പ് പിടിച്ച്': വാശിയോടെ. 'ഇങ്ങനെ മറ്പ്പ് പിടിക്കല്ല'.
ഓഡ്ത്തു: എവിടെ, എവിടെയാണ്. 'കത്ത്യോടുത്തു?' (കത്തി എവിടെ?).
അഡുഓന്ത്: ഉപ്പിലിട്ടത്. അച്ചാർ. ഉഡുപ്പി അഡുഓന്ത് (തുളുവിൽ ഉപ്പഡ്, കന്നഡയിൽ ഉപ്പിനക്കായി).
ബെരു: മഴക്കാലത്ത് പുഴുങ്ങിയ ധാന്യങ്ങളും മറ്റും ഉണക്കാൻ, അടുപ്പിനു മേലെ ചൂരൽ കൊണ്ടോ ഈറ കൊണ്ടോ മെടഞ്ഞ തട്ടി.
ഇക്കരിന്തല്: ബെരുവിന്റെ അടിഭാഗത്ത് പുകയും മറ്റും ഘനീഭവിച്ച് ഉണ്ടാകുന്ന അടരുകളുള്ള കറുത്തപാളി. മുറിവിനും മറ്റും ഔഷധമായി ഉപയോഗിക്കാറുണ്ട്.
നേടി: ജലദോഷം. നെഗഡി എന്ന കന്നട വാക്കിൽനിന്നു വന്നത്. തുളുവിൽ നേഡ=വേദന (9)
പിസറ്: കോപം, ദേഷ്യം. എന്റെ പിസറ് കെളത്തെണ്ട' (എന്നെ ദേഷ്യം പിടിപ്പിക്കേണ്ട).
പയിപ്പ്: വിശപ്പ്. 'പശി'യിൽനിന്നു വന്നതാകാം. 'പയ്ച്ചിറ്റ് കൊടല് കത്ത്ന്ന്' ('വിശന്ന് കുടൽ എരിയുന്നു').
ബെയ്ക്കൽ: ഭക്ഷണം കഴിക്കൽ. 'ചോറ് ബെയ്ച്ചോ?' (ഭക്ഷണം കഴിച്ചോ?) ശൈലി: 'ബെയ്ച്ചോനെന്തറിഞ്ഞു പയ്ച്ചോന്റെ പയിപ്പ്?' ('ഭക്ഷണം കഴിച്ചവൻ വിശന്നവന്റെ വിശപ്പിനെക്കുറിച്ച് എന്തറിഞ്ഞു?' (10)
പയക്ക്: പഴകിയ മണം. ഭക്ഷണത്തിന്റെയും മറ്റും. 'കൂട്ടാൻ പയ്ക്ക് നാറ്ന്ന്'.
ചൊറ: ശല്യം, മടുപ്പിക്കുന്നത്, 'ഓനെക്കൊണ്ട് ചൊറയായല്ലോ'.
കരക്കര: സങ്കടം, മനോവേദന, വിഷമം. 'കരക്കരയായിറ്റ് കയ്യ' (സങ്കടമായിട്ടു വയ്യ).
അർക്കീസ് : പിശുക്കൻ, 'അറ്റ കൈക്ക് ഉപ്പുതേക്കാത്തവൻ', 'വെറും അർക്കീസ്'.
അട്ടം: പഴയ മട്ടിലുള്ള വീടിന്റെ മുകൾനില. സാധനങ്ങളും മറ്റും സൂക്ഷിക്കുന്നു. 'അട്ടംപരതി': മച്ചിൽ ഒളിച്ചിരിക്കുന്നയാളെ പരതുന്നവൻ, ഒറ്റുകാരൻ.
അലസി: വ്യസനം, പ്രശ്നം, മനോവിഷമം.
കൂക്കിരി; നായക്കുട്ടി.
ചണ്ട്: നനഞ്ഞ. 'ചണ്ട് മുണ്ട്', 'മഴ നനഞ്ഞ് ആകെ ചണ്ടായി'.
ബയദ: ശീലം, സ്വഭാവം. 'ഓന്റെ ബയദ പൊട്ട്.' (അവന്റെ സ്വഭാവം മോശം).
കങ്കാല്: കഷ്ടപ്പാട്, വിഷമപ്രശ്നം. കൊങ്കിണിയിൽനിന്നു വന്നതേത്ര.
കറമ്മം!: കഷ്ടം! പറയുന്ന രീതിക്കനുസരിച്ച്, താളത്തിനനുസരിച്ച് അർഥവും ധ്വനിയും മാറിവരും, 'അയ്യോ!' പോലെ.
മാച്ചി: ചൂല്.
ബൊണ്ടം: ഇളനീർ.
ഗൗജി: ബഹളം, കലഹം.
ബെന: മടി, അലസത.
പറങ്കള്: പറങ്കിമുളക്, പച്ചമുളക്. കൃത്യമായി അതു വന്ന സ്ഥലം കൂടി രേഖപ്പെടുത്തുന്ന വാക്ക്. നാട്ടുവാക്കുകൾക്ക് അത്തരമൊരു കൃത്യത കൂടിയുണ്ട്. ഉദാഹരണത്തിന് 'പാവയ്ക്ക' എന്ന് മാനകഭാഷയിൽ പറയുമെങ്കിലും നാട്ടുഭാഷയിൽ പലയിടത്തും അതു 'കയ്പക്ക'യാണ്; കയ്പിനെക്കൂടി കൊണ്ടുവന്ന്.
നിര്വോണം: ഓർമ. 'കാർന്നോന്മാരെ നിര്വോണം ബേണം' (കാരണവന്മാരെ ഓർമിക്കണം).
കുർത്തം: ഓർമ. 'നല്ല കുർത്തം കിട്ട്ന്നില്ല' (പരിചയം കിട്ടുന്നില്ല).
ക്ടിയൻ: പരുന്ത്. കന്നടയിൽ ഗിഡുഗ. പ്രാക്കിടിയൻ. പ്രാവിനെയും കോഴിക്കുഞ്ഞിനെയും റാഞ്ചുന്ന പരുന്ത്.
ക്ടാവ്: കുഞ്ഞുങ്ങൾ. മനുഷ്യരുടെയും മൃഗങ്ങളുടെയും. 'പയ്യൂന്റെ ക്ടാവ്' (പശുക്കിടാവ്).
റങ്ക്: നിറം, ഇഷ്ടം, അനുരാഗം. 'റങ്ക് കൊട്ക്ക്വ' (നിറം കൊടുക്കുക), 'ഓളോട് ഒരു റങ്ക്ണ്ട്' (അവളോട് േപ്രമമുണ്ട്').
ബുഗ: ബുഗ്ഗ, ബലൂൺ. തുളുവിൽനിന്നു വന്നത്. കന്നടയിൽ ഫുഗ്ഗൊ.
നൊണ്ണ്: മോണ. 'ആരാന്റെ പല്ലിനെക്കാളും നല്ലത് അവനോന്റെ നൊണ്ണ്.'
3
മംഗോളിയ–ചീന അതിർത്തി ഗ്രാമത്തിൽ ഇരുപതിനായിരത്തോളം ആളുകൾ സംസാരിക്കുന്ന, 'മരണത്തിലേക്കു കൂപ്പുകുത്തുന്ന', എവെങ്കി (Evenki) ഭാഷയിലെ കവി അലിതെത് നെംതുഷ്കിന്റെ ഒരു കവിത, മരണമണി മുഴങ്ങുന്ന ലോകഭാഷകളുടെ ഭൂപടത്തെ അലങ്കരിക്കുന്നു:
ഞാനെന്റെ നാട്ടുഭാഷയും
നാട്ടുകാർ പാടുന്ന പാട്ടും
മറക്കുകയാണെങ്കിൽ
എന്റെ കണ്ണും കാതും പിന്നെന്തിന്?
വായ എന്തിനു പിന്നെ?
...................
എന്റെ അമ്മയുടെ അന്ത്യമൊഴി
എവെങ്കിയിലെങ്കിൽ
എന്റെ ഭാഷ ദുർബലവും ദരിദ്രവുമാണെന്ന
മണ്ടൻ പറച്ചിൽ ഞാനെങ്ങനെ വിശ്വസിക്കും?
('എന്റെ ഭാഷ')
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.