ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന് 75 വയസ്സാകുന്ന പശ്ചാത്തലത്തിൽ സംഘടനയുടെ നേട്ടങ്ങളെയും പോരായ്മകളെയും വിലയിരുത്തുകയാണ് ഇൗ കുറിപ്പിൽ.കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യം നിലനിർത്തുന്നതിലും മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ വലിയൊരളവോളം പരിഹരിക്കുന്നതിലും ഒക്കെ മുസ്ലിം ലീഗ് വഹിച്ച പങ്ക് അനിഷേധ്യമാെണന്ന് സൂചിപ്പിക്കുന്ന മാധ്യമം...
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന് 75 വയസ്സാകുന്ന പശ്ചാത്തലത്തിൽ സംഘടനയുടെ നേട്ടങ്ങളെയും പോരായ്മകളെയും വിലയിരുത്തുകയാണ് ഇൗ കുറിപ്പിൽ.കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യം നിലനിർത്തുന്നതിലും മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ വലിയൊരളവോളം പരിഹരിക്കുന്നതിലും ഒക്കെ മുസ്ലിം ലീഗ് വഹിച്ച പങ്ക് അനിഷേധ്യമാെണന്ന് സൂചിപ്പിക്കുന്ന മാധ്യമം ചീഫ് എഡിറ്റർകൂടിയായ ലേഖകൻ, അതിന് നൽകേണ്ടിവന്ന ‘വില’യെക്കുറിച്ചും എഴുതുന്നു.
1940 മാർച്ച് 22ന് ലാഹോറിൽ ചേർന്ന സർവേന്ത്യ മുസ്ലിം ലീഗിന്റെ ചരിത്രപ്രധാനമായ വാർഷിക സമ്മേളനം ദ്വിരാഷ്ട്രവാദ പ്രമേയം അംഗീകരിക്കുകയും ബ്രിട്ടീഷിന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ചേർത്ത് ഒരു പുതിയ സ്വതന്ത്ര രാഷ്ട്രം രൂപവത്കരിക്കണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പിന്നീട് പാകിസ്താനായി അറിയപ്പെട്ട രാഷ്ട്രത്തിന്റെ നിർമിതിക്ക് കളമൊരുങ്ങുന്നത്. ലാഹോർ പ്രമേയത്തിലോ മുസ്ലിം ലീഗിന്റെ കൗൺസിൽ യോഗങ്ങളിലോ ഒന്നും മുസ്ലിംകൾക്ക് വേറിട്ട ഒരു പരമാധികാര രാജ്യം എന്ന ആവശ്യമല്ലാതെ പാകിസ്താൻ എന്നപേരിൽ രാജ്യം വേണമെന്ന ആവശ്യം ഉയർന്നിരുന്നില്ല. 1930 ജനുവരിയിൽ ബ്രിട്ടനിലെ ഒരു യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥി ആയിരുന്ന ചൗധരി റഹ്മത് അലിയാണ് പാകിസ്താൻ എന്ന പേര് ആദ്യമായി ഉപയോഗിച്ചത് എന്ന് ചരിത്രരേഖകളിൽ കാണുന്നു. പഞ്ചാബ്, അഫ്ഗാൻ, കശ്മീർ, സിന്ധ് എന്നീ പ്രവിശ്യകളുടെ ആദ്യാക്ഷരങ്ങളും ബലൂചിസ്താന്റെ ‘സ്താനും’ ഉപയോഗിച്ചാണ് അയാൾ ഈ പേര് ഉണ്ടാക്കിയെടുത്തത് എന്നുമുണ്ട് രേഖകളിൽ. എന്നാൽ, പുണ്യഭൂമി എന്ന അർഥത്തിലാണ് പാകിസ്താൻ എന്ന ഉർദു വാക്ക് പിന്നീട് ഉപയോഗിക്കപ്പെട്ടത്. എന്തായാലും കിഴക്കൻ ബംഗാൾ ഉൾപ്പെടെയുള്ള മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകൾ മാത്രം ഉൾക്കൊള്ളുന്ന പുതിയ മുസ്ലിം രാഷ്ട്രം യാഥാർഥ്യമായാൽ ഇന്ത്യയിൽ അവശേഷിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തിന്റെ ഭാവി അന്നേ ചിന്താവിഷയമായിരുന്നു. ദ്വിരാഷ്ട്രത്തിനു പകരം സ്വയംഭരണാവകാശത്തോടുകൂടിയ ഫെഡറൽ സംസ്ഥാനങ്ങളുടെ സമുച്ചയമാവണം സ്വതന്ത്ര ഇന്ത്യ എന്ന ബദൽ നിർദേശം മുമ്പോട്ടുവെക്കാൻ സ്വാതന്ത്ര്യസമര നായകനും ഇന്ത്യൻ നാഷനൽ കോൺഗ്രസ് അധ്യക്ഷനുമായ മൗലാനാ അബുൽ കലാം ആസാദിനെയും ഇസ്ലാമിക ചിന്തകനും പിന്നീട് ജമാഅത്തെ ഇസ്ലാമി സ്ഥാപകനുമായിരുന്ന സയ്യിദ് അബുൽ അഅ്ല മൗദൂദിയെയും പ്രേരിപ്പിച്ചത് മുഖ്യമായും ഇന്ത്യയിൽ അവശേഷിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തിന്റെ ഭാവിയെക്കുറിച്ച ഭയാശങ്കകളായിരുന്നു എന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് കാബിനറ്റ് മിഷൻ തുടക്കത്തിൽ ഇതോട് ചായ്വ് പ്രകടിപ്പിച്ചെങ്കിലും ജവഹർലാൽ നെഹ്റു ശക്തമായെതിർത്തു. ജിന്നയും ഒടുവിലത് തള്ളിക്കളഞ്ഞു.
ഇന്ത്യയിൽ അവശേഷിക്കാൻ പോവുന്ന മുസ്ലിം ന്യൂനപക്ഷത്തെ താങ്കൾ ആരെ ഏൽപിച്ചാണ് പോവുന്നത് എന്ന ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവന്നപ്പോഴൊക്കെ ജിന്നയുടെ മറുപടി ഇതായിരുന്നു, ‘‘ഞാൻ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ചൗധരി ഖലീഖുസ്സമാനെ ഏൽപിച്ചിട്ടുണ്ട്’’ (അന്ന് യു.പി മുസ്ലിം ലീഗ് അധ്യക്ഷനും പാർട്ടിയുടെ ഉന്നത നേതാക്കളിലൊരാളുമായിരുന്നു ഖലീഖുസ്സമാൻ). ജിന്നയും സഹനേതാക്കളും കറാച്ചിയിലെത്തുന്നതിന് തൊട്ടുമുമ്പോ തൊട്ടു പിറകെയോ ഖലീഖുസ്സമാൻ പാകിസ്താന്റെ തലസ്ഥാനത്തെത്തിയതും അദ്ദേഹം ജിന്നയുടെ പിൻഗാമിയായി മുസ്ലിം ലീഗിന്റെ അധ്യക്ഷസ്ഥാനമേറ്റെടുത്തതും ശേഷവിശേഷം!
1954ൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മുഹമ്മദ് ഇസ്മാഈൽ സാഹിബിനെ (ഇടത്തുനിന്ന് മൂന്നാമത്) സി.എച്ച്. മുഹമ്മദ് കോയ (ഇടത്തുനിന്ന് രണ്ടാമത്), ബി. പോക്കർ സാഹിബ് (അഞ്ചാമത്), കെ.എം. സീതി സാഹിബ് (ഏഴാമത്) എന്നിവർ ചേർന്ന് സ്വീകരിക്കുന്നു
ഈ പശ്ചാത്തലത്തിൽ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ, ബി. പോക്കർ സാഹിബ്, കെ.എം. സീതി സാഹിബ് തുടങ്ങിയ ദക്ഷിണേന്ത്യൻ മുസ്ലിം ലീഗ് നേതാക്കൾ സംഘടന പിരിച്ചുവിടാനുള്ള ഒടുവിലത്തെ സർവേന്ത്യാ മുസ്ലിം ലീഗിന്റെ കൽക്കത്ത കൺവെൻഷന്റെ പൊതു അഭിപ്രായഗതിക്കെതിരെ ശബ്ദമുയർത്തിയതും വിഭജനാനന്തരം പേരിൽ ഭേദഗതി വരുത്തി ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിനെ പുനർജീവിപ്പിക്കാൻ തീരുമാനിച്ചതും ദീർഘദൃഷ്ടിയും നിശ്ചയദാർഢ്യവും പ്രതിഫലിക്കുന്ന സംഭവമായി വേണം വിലയിരുത്താൻ. 1951 സെപ്റ്റംബർ ഒന്നിന് മദിരാശിയിൽ ചേർന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് കൗൺസിൽ അംഗീകരിച്ച ഭരണഘടനയിൽ രേഖപ്പെട്ട ഉദ്ദേശ്യലക്ഷ്യങ്ങളിൽ മുഖ്യമായും പറയുന്നത് ചുവടെ കൊടുത്ത കാര്യങ്ങളാണ്.
a) ഇന്ത്യൻ യൂനിയന്റെ സ്വാതന്ത്ര്യവും അഭിമാനവും നിലനിർത്തുകയും സംരക്ഷിക്കുകയും സ്ഥാപിക്കുകയും ചെയ്യുക.
b) ഇന്ത്യൻ യൂനിയനിലെ മുസ്ലിംകളുടെയും ഇതര ന്യൂനപക്ഷങ്ങളുടെയും മത സാംസ്കാരികവും സാമൂഹികപരവും വിദ്യാഭ്യാസപരവും സാമ്പത്തികവും രാഷ്ട്രീയവും ഭരണപരവും മറ്റുമായ എല്ലാ ന്യായമായ അവകാശങ്ങളും താൽപര്യവും കരസ്ഥമാക്കുകയും രക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുക.
c) ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു സമുദായക്കാരുടെയും ഇടയിൽ പരസ്പര വിശ്വാസവും സന്മനസ്സും സ്നേഹവും മതിപ്പും രഞ്ജിപ്പും ഐക്യവും വളർത്തുക.
ലക്ഷ്യങ്ങൾ നേടുന്നതിൽ മുസ്ലിം ലീഗ് എത്രത്തോളം വിജയിച്ചു? 75 വയസ്സ് പൂർത്തിയായിരിക്കെ ഒരു തിരിഞ്ഞുനോട്ടം പ്രസക്തമാണ്. വിമർശനാത്മക വിലയിരുത്തൽ മുന്നോട്ടുള്ള പ്രയാണത്തിൽ സംഘടനക്കുതന്നെ ഗുണകരമായാണ് കലാശിക്കുക.
പ്രാദേശിക പരിമിതി
രക്തപങ്കിലവും വിദ്വേഷപൂർണവുമായ വിഭജനം രാജ്യത്ത് സൃഷ്ടിച്ച അസ്വസ്ഥമായ പശ്ചാത്തലത്തിൽ മുസ്ലിംലീഗ് എന്ന പേരോ ഹരിതനിറമുള്ള പതാകയോപോലും പൊറുപ്പിക്കാത്തതായിരുന്നു ഉത്തരേന്ത്യൻ അന്തരീക്ഷം. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ നേതാക്കളും പ്രവർത്തകരും ബഹുഭൂരിഭാഗവും ദക്ഷിണേന്ത്യക്കാരായിരുന്നു താനും. ഈ സാഹചര്യത്തിൽ ലീഗിന്റെ പ്രവർത്തനവും സ്വാധീനവും മലബാറിലൊതുങ്ങിയതിൽ അത്ഭുതമില്ല. അന്ന് മലബാറാകട്ടെ, മദിരാശി സംസ്ഥാനത്തിന്റെ ഭാഗവുമായിരുന്നു. മദിരാശി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് അസ്തിത്വവും അവഗണിക്കാനാവാത്ത സ്വാധീനവും തെളിയിക്കാൻ കഴിയുകയും ചെയ്തു. ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരുന്ന സി. രാജഗോപാലാചാരി മന്ത്രിസഭക്ക് മുസ്ലിം ലീഗ് എം.എൽ.എമാർ നൽകിയ പിന്തുണ നിർണായകവുമായി. പാർലമെന്റിലേക്ക് ബി. പോക്കർ സാഹിബിനെ തെരഞ്ഞെടുത്തയക്കാൻ കഴിഞ്ഞതും നേട്ടമായി. ഒരേയൊരു ശബ്ദമായിരുന്നെങ്കിലും സമുദായത്തെ ബാധിക്കുന്ന ചർച്ചകളിൽ മുസ്ലിം ലീഗ് എം.പിയുടെ ഇടപെടൽ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ജനകോടികൾക്ക് സമാരാധ്യനായ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കോഴിക്കോട്ട് വന്ന് മുസ്ലിം ലീഗ് ചത്തകുതിരയാണെന്ന് പ്രയോഗിച്ചു പോയപ്പോൾ ചത്ത കുതിരയല്ല, ഉറങ്ങിക്കിടക്കുന്ന സിംഹമാെണന്ന സി.എച്ച്. മുഹമ്മദ് കോയയുടെ മറുപടി കേരളത്തിലെ കോൺഗ്രസുകാർ മാത്രമല്ല പിൽക്കാലത്ത് നരസിംഹറാവു, മൻമോഹൻ സിങ് മുതലായ പ്രധാനമന്ത്രിമാർ വരെ അംഗീകരിക്കേണ്ടിവന്നതും ചരിത്രമാണ്. ഇ. അഹമ്മദ് എം.പിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താൻമാത്രം മുസ്ലിം ലീഗിന്റെ ശക്തി തെളിയിക്കപ്പെടുകയും ചെയ്തു. ഇതിനിടയിൽ ഐ.ഐ.സി.സിയുടെ ദുർഗാപുർ പ്രമേയം മുസ്ലിം ലീഗിന് ചാർത്തിക്കൊടുത്ത വർഗീയമുദ്ര പ്രവാചക ശത്രുക്കൾ കഅ്ബാലയത്തിൽ തൂക്കിയ ബഹിഷ്കരണ തീരുമാനം ചിതലരിച്ചപോലെ അലിഞ്ഞലിഞ്ഞില്ലാതായി.
പക്ഷേ, ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ മൊത്തം ജനസംഖ്യയിൽ കേരളത്തിന്റെ വിഹിതം അഞ്ച് ശതമാനത്തിൽ ഒതുങ്ങും. ബാക്കിവരുന്ന 95 ശതമാനത്തിന്റെ കാര്യമോ? തമിഴ്നാട്ടിൽ ഡി.എം.കെയുടെ വിശാലമനസ്കതമൂലം ലഭിക്കുന്ന ഒന്നോ രണ്ടോ നിയമസഭ സീറ്റുകളും ഒരു ലോക്സഭ സീറ്റും മുസ്ലിം ലീഗിന് മേൽവിലാസം നേടിക്കൊടുക്കുന്നു. ഒരു കാലത്ത് അബൂത്വാലിബ് എം.പിയും ഹസനുസ്സമാൻ എന്ന മന്ത്രിയും ഏതാനും എം.എൽ.എമാരും ഉണ്ടായിരുന്ന പശ്ചിമ ബംഗാളിൽ ഇന്ന് പച്ചക്കൊടി കാണണമെങ്കിൽ െറയിൽവേ സ്റ്റേഷനിൽ പോവണം. മഹാരാഷ്ട്ര നിയമസഭ പ്രാതിനിധ്യവും ഓർമ മാത്രമായി. കർണാടകയിലും തഥൈവ. ഖാഇദെമില്ലത്തിന്റെയും ഇബ്രാഹീം സുലൈമാൻ സേട്ടിന്റെയും നേതൃത്വകാലത്ത് ഓൾ ഇന്ത്യ മജ്ലിസെ മുശാവറത്ത്, ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ബോർഡ് മുതലായ മുസ്ലിം പൊതുവേദികളിൽ ലീഗിനുണ്ടായിരുന്ന സജീവസാന്നിധ്യവും ഇതിനകം നഷ്ടമായി. ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്ന ഉവൈസി കുടുംബ പാർട്ടിയാണ് ഇപ്പോൾ ആ വിടവ് നികത്താൻ ശ്രമിക്കുന്നത്. എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ കടന്നുകയറ്റം പേക്ഷ, ന്യൂനപക്ഷ വോട്ടുകളുടെ ശിഥിലീകരണംമൂലം ബി.ജെ.പിക്കാണ് ഗുണകരമാവുന്നത് എന്ന പരാതി അസ്ഥാനത്തല്ല. മതനിരപേക്ഷ ജനാധിപത്യ പ്രതിബദ്ധതയും മിതനിലപാടുകളും വെച്ചുപുലർത്തുന്ന ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടിയുടെ അസാന്നിധ്യം നികത്തപ്പെടാതെ തുടരുന്നു. ഭാഷാപരവും സാംസ്കാരികവുമായ തടസ്സങ്ങളും ഇതിനൊക്കെ കാരണമാവാം. മതേതര ഐക്യത്തിന്റെ അനുപേക്ഷ്യതയെക്കുറിച്ച് എത്ര വികാരാവേശത്തോടെ സംസാരിച്ചാലും സെക്കുലർ പാർട്ടികളുടെ അനൈക്യവും ശൈഥില്യവും ജാതീയ വൈരുധ്യങ്ങളും തിക്ത യാഥാർഥ്യമായി തുടരുന്നിടത്തോളം 2024ലെ പൊതു തെരഞ്ഞെടുപ്പും അപ്രതീക്ഷിത ഫലങ്ങൾ കൊണ്ടുവരാനുള്ള സാധ്യത കുറവാണ്. ഈ സ്ഥിതിവിശേഷത്തെ നേരിടാൻ പ്ലാറ്റിനം ജൂബിലി സംഗമങ്ങളിൽ എന്തെന്ത് പരിപാടികളാണ് ആവിഷ്കരിച്ചതെന്ന് വ്യക്തമല്ല. പാർട്ടിക്ക് ദേശീയതലത്തിൽ മേൽവിലാസമുണ്ടാക്കാൻ വിദ്യാർഥി-യുവജന വിഭാഗങ്ങളെ ശാക്തീകരിക്കാനും രംഗത്തിറക്കാനുമുള്ള തീരുമാനങ്ങൾ ഏത് നിലക്കും അവസരോചിതമാണ്. ഒപ്പം, അഖിലേന്ത്യാതലത്തിൽ ചെറുതും വലുതുമായ മുസ്ലിം സംഘടനകളെ ഒരുമിച്ചിരുത്തി മാറിയ സാഹചര്യത്തിലെ അതിജീവന തന്ത്രങ്ങൾ ആസൂത്രണം ചെയ്യേണ്ടത് നിലനിൽപിന്റെ പ്രശ്നമായിത്തന്നെ കാണേണ്ടിവരും.
കേരള രാഷ്ട്രീയത്തിലെ വിജയഗാഥ നേരിടുന്ന വെല്ലുവിളി
ഇതഃപര്യന്തമുള്ള പ്രയാണത്തിൽ തിരിച്ചടികളും പ്രതിസന്ധികളും നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും കേരളത്തിൽ മുസ്ലിം ലീഗിന്റെ അംഗസംഖ്യ 25 ലക്ഷം കവിഞ്ഞിരിക്കെ 27 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷത്തിന്റെ വിലപേശൽ ശക്തി ക്ഷയിച്ചിട്ടില്ലെന്നുതന്നെ വിലയിരുത്തേണ്ടിവരും. ഐക്യ ജനാധിപത്യ മുന്നണിയുെട മുഖ്യ ഘടകമായ കോൺഗ്രസിലെ ഒരിക്കലും നിലക്കാത്ത ഗ്രൂപ്പിസവും തമ്മിലടിയും നേതൃവടംവലിയും അപരിഹാര്യമായി തുടരുമ്പോൾ 2019ലെ പൊതു തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാനുള്ള സാധ്യതക്ക് മങ്ങലേറ്റിരിക്കുന്നു. മുസ്ലിം-ക്രൈസ്തവ സമുദായങ്ങളെ തമ്മിലകറ്റി നേട്ടമുണ്ടാക്കാനുള്ള എൽ.ഡി.എഫ്-ബി.ജെ.പി തന്ത്രങ്ങൾ അതേപടി ഫലപ്രദമാവണമെന്നില്ലെങ്കിലും പദവികൾ വാഗ്ദാനം ചെയ്തും പണമൊഴുക്കിയുംകൊണ്ടുള്ള ഹിന്ദുത്വതന്ത്രം രണ്ടാമത്തെ പ്രബല ന്യൂനപക്ഷ സമുദായത്തിൽ വിടവുകൾ സൃഷ്ടിച്ചുകൂടെന്നില്ല. ലോക്സഭയിൽ ഒരു സീറ്റെങ്കിലും ഉറപ്പാക്കാനായാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട കേരളസ്വപ്നം പൂവണിയുന്നതിന്റെ സൂചനയായത് വിലയിരുത്തപ്പെടും. മീഡിയ രംഗത്ത് ഇപ്പോൾതെന്ന പ്രകടമാവുന്ന വലതുപക്ഷ ചായ്വ് വരുംനാളുകളിൽ ശക്തിെപ്പടാനാണ് സാധ്യത. ഏക സിവിൽകോഡ്, മുസ്ലിം യുവതികളുടെ ശിരോവസ്ത്രം തുടങ്ങിയ വൈകാരിക പ്രശ്നങ്ങളിൽ പരമാവധി വിവാദങ്ങൾ ആളിപ്പടർത്താനുള്ള ശ്രമം ആർ, ഏത് ലക്ഷ്യത്തിനുവേണ്ടി നടത്തുന്നുവെന്നത് പഠിക്കപ്പെടേണ്ടതുണ്ട്. വിവാദപരമായ വിഷയങ്ങളിൽ സാമ്പ്രദായിക മത സംഘടനകളുടെയും അവയിലെ മത പണ്ഡിതരുടെയും വീക്ഷണങ്ങൾ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന സ്ഥിതിയുമുണ്ട്. ഇത്തരം കാര്യങ്ങളിൽ ആകാവുന്നിടത്തോളം വിട്ടുനിൽക്കുക എന്ന മുസ്ലിം ലീഗിന്റെ ചിരപരിചിത നിലപാട് എല്ലായ്പോഴും പ്രശ്നപരിഹാരമല്ല. സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലുള്ള ഐക്യവേദി കുറെക്കൂടി ജാഗ്രത്തും ഫലവത്തുമാക്കേണ്ടതുണ്ട് എന്നതാണ് സന്ദർഭത്തിന്റെ താൽപര്യം. സമസ്ത കേരള ജംഇയ്യതുൽ ഉലമയിലെ വാഫി, വഫിയ്യ സ്ഥാപനങ്ങളെച്ചൊല്ലിയുള്ള വിവാദം കൂടുതൽ സങ്കീർണമാവുന്നതും പരോക്ഷമായി മുസ്ലിം ലീഗിനെയാണ് ബാധിക്കുക.
എന്തുതന്നെ പറഞ്ഞാലും കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യം നിലനിർത്തുന്നതിലും മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ വലിയൊരളവോളം പരിഹരിക്കുന്നതിലും വിദ്യാഭ്യാസപരമായി സമുദായത്തെ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട സ്ഥാനത്തേക്കുയർത്തുന്നതിലും മുസ്ലിം ലീഗ് വഹിച്ച പങ്ക് അനിഷേധ്യമാണ്. അതുതന്നെയാണ് വർഗീയ സംഘടന എന്ന ആരോപണത്തിൽനിന്ന് പാർട്ടിയെ മുക്തമാക്കാൻ വഴിയൊരുക്കിയതും. 20 കോടി വരുന്ന ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള വിദ്രോഹ നടപടികളുടെ നേരെ പലപ്പോഴും കണ്ണുചിമ്മേണ്ടിവരുന്നു എന്ന വിമർശനം മുസ്ലിം ലീഗ് ഏറ്റുവാങ്ങേണ്ടിവരുന്നതാണ് ഈ സൽപേരിന് നൽകേണ്ടിവരുന്ന വില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.