കേരളത്തിൽ വളരെ പെട്ടെന്ന് വളർച്ചയും അംഗീകാരവും നേടിയ സാമ്പത്തിക മേഖലകളിലൊന്ന് ടൂറിസമാണ്. മറ്റൊന്ന് ഐ.ടിയും. എന്നാൽ, എൺപതുകളിൽ ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽതന്നെ തികച്ചും അദൃശ്യമായിരുന്നു. ആ ദശകത്തിന്റെ അവസാനത്തോടെയാണ് കേരള ടൂറിസം എന്ന സംജ്ഞ ദേശവ്യാപകമായും രാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെടുന്നത്. ഈ ലേഖകൻ ആദ്യമായി ടൂറിസം ഡയറക്ടറാകുന്ന...
കേരളത്തിൽ വളരെ പെട്ടെന്ന് വളർച്ചയും അംഗീകാരവും നേടിയ സാമ്പത്തിക മേഖലകളിലൊന്ന് ടൂറിസമാണ്. മറ്റൊന്ന് ഐ.ടിയും. എന്നാൽ, എൺപതുകളിൽ ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽതന്നെ തികച്ചും അദൃശ്യമായിരുന്നു. ആ ദശകത്തിന്റെ അവസാനത്തോടെയാണ് കേരള ടൂറിസം എന്ന സംജ്ഞ ദേശവ്യാപകമായും രാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെടുന്നത്. ഈ ലേഖകൻ ആദ്യമായി ടൂറിസം ഡയറക്ടറാകുന്ന 1988ലൊക്കെ ഡൽഹിയിലും മറ്റും നടക്കുന്ന ടുറിസം മന്ത്രാലയത്തിന്റെ ഔദ്യോഗിക യോഗങ്ങളിൽ കേരളത്തിന് അത്ര മുന്നിലൊന്നും സ്ഥാനമുണ്ടായിരുന്നില്ല. അന്ന് ജമ്മു-കശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശ് ഒക്കെയാണ് താരങ്ങൾ. ജമ്മു-കശ്മീരിന് വിഭ്രാമകമായ പ്രകൃതിലാവണ്യമുണ്ട്. രാജസ്ഥാനും യു.പിയും ഇത്ര പ്രശസ്തമാകാൻ കാരണം ഡൽഹിയിലെ സ്മാരകങ്ങളും ജയ്പൂരിലെ കൊട്ടാരങ്ങളും ആഗ്രയിലെ താജ് മഹലുമാണ്. സുവർണ ത്രികോണം എന്നറിയപ്പെടുന്ന ഈ സർക്യൂട്ട് ഇന്ത്യയിലെത്തുന്ന വിദേശസഞ്ചാരികളിൽ സിംഹഭാഗത്തേയും ആകർഷിച്ചിരുന്നു. അതിനു കാരണം ചരിത്രപരമായ പ്രാധാന്യവും കൊളോണിയൽ ഭരണകാലത്തുതന്നെ താജ് മഹലിനും ഡൽഹിക്കുമൊക്കെ കൈവന്ന പ്രചാരണവും കൂടിയാണ്. പിന്നെ ഈ നഗരങ്ങളിൽ സഞ്ചാരികൾക്ക് ആവശ്യമായ സേവനങ്ങളും സൗകര്യങ്ങളും പ്രായേണ സുലഭമായിരുന്നു. വാഹനങ്ങൾ, ഗൈഡുകൾ, ഹോട്ടലുകൾ ഇവയെല്ലാം ലഭ്യമായിരുന്നതിനാൽ സഞ്ചാരികളുടെ ആവശ്യങ്ങൾ ഒട്ടൊക്കെ തൃപ്തികരമായി നിറവേറ്റപ്പെട്ടിരുന്നു. അക്കാലത്ത് കേരളത്തിൽ ഈ വക സൗകര്യങ്ങൾ ശുഷ്കമായിരുന്നു. എൺപതുകൾ അവസാനിക്കുന്നതുവരെ സംസ്ഥാനത്താകെ രണ്ടേ രണ്ടു പഞ്ചനക്ഷത്ര ഹോട്ടലുകളേ ഉണ്ടായിരുന്നുള്ളൂ. കൊച്ചിയിലെ വെല്ലിങ്ടൺ ദ്വീപിലെ താജ് മലബാറും തിരുവനന്തപുരം കോവളത്തെ ഐ.ടി.ഡി.സി അശോകയും. ആകെ സംസ്ഥാനത്തിലെ ഹോട്ടൽമുറികളുടെ ലഭ്യതയും വളരെ പരിമിതമായിരുന്നു. ഈ പിൻനിരയിൽനിന്ന് അനുക്രമമായി വളർന്ന് ഇന്ന് കേരള ടൂറിസം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ മുന്നിൽ ഇടം നേടിക്കഴിഞ്ഞു. ഇതെങ്ങനെ സംഭവിച്ചു? ഈ അത്ഭുതം നമുക്കിനിയും എങ്ങനെ ആവർത്തിക്കാം.
ആദ്യ വളർച്ചാപഥത്തിലെ സൂചനാഫലകങ്ങൾ
സർക്കാറിന്റെ ഹൗസ്കീപ്പിങ് വകുപ്പ് എന്ന നിലയിൽനിന്ന് ടൂറിസം വകുപ്പിനെ നേർദിശയിലേക്കു ആദ്യം നടത്തിച്ച ഉദ്യോഗസ്ഥൻ ടി. ബാലകൃഷ്ണനാണ്. മന്ത്രിമാരുടെ കൂട്ടത്തിൽ വക്കം പുരുഷോത്തമന്റെ ദീർഘവീക്ഷണവും തിരിച്ചറിയണം. കേരളത്തിന്റെ ടൂറിസം സാധ്യതകൾ പൂർണമായി മനസ്സിലാക്കിയവരാണിവർ. ദുർലഭമായിരുന്ന നമ്മുടെ ടൂറിസം സൗകര്യങ്ങൾ വളർത്തുന്നതിനായി കേന്ദ്രസർക്കാറിന്റെ സാമ്പത്തികാനുകൂല്യങ്ങൾ ആദ്യം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ തുടങ്ങിയതും 1985 മുതൽ ആരംഭിക്കുന്ന കാലത്താണ്. ബാലകൃഷ്ണനെത്തുടർന്നാണ് ഞാൻ ഏതാണ്ട് മൂന്നു വർഷക്കാലം ടൂറിസം ഡയറക്ടറാകുന്നത്. തുടർന്ന് മൂന്നു വർഷം ആ വകുപ്പിന്റെ സെക്രട്ടറിയുമായി. അന്നത്തെ ടൂറിസം മന്ത്രി പി.എസ്. ശ്രീനിവാസൻ, തുടർന്ന് മുഖ്യമന്ത്രി കെ. കരുണാകരൻ എന്നിവർ ഈ മേഖലയുടെ വളർച്ചക്കും ശാക്തീകരണത്തിനും നൽകിയ സർഗാത്മകമായ സംഭാവനകളാണ് കേരളത്തിൽ ടൂറിസം മേഖലക്ക് കരുത്തുറ്റ അടിത്തറയും ഭിത്തിയും മേൽക്കൂരയും തീർത്തത്. ആദ്യ ദശകത്തിൽ (1985 മുതൽ 1995 വരെ) നടന്ന കാതലായതും ഇപ്പോഴും പ്രസക്തിയുള്ളതുമായ ഏതാനും പ്രവർത്തനങ്ങളെ സംക്ഷേപിക്കാം.
സ്വകാര്യ മേഖലയുടെ പ്രാധാന്യവും പങ്കാളിത്തവും
ടൂറിസത്തിന്റെ വളർച്ചയിൽ സർക്കാറിനും സ്വകാര്യമേഖലക്കും നിയതമായ ചില ഉത്തരവാദിത്തങ്ങളും ശേഷികളുമുണ്ട്. വ്യക്തമായ ദൗർബല്യങ്ങളും. അതിഥികളെ സൽക്കരിക്കുക, നല്ല ആതിഥേയത്വം നൽകുക, നമ്മുടെ സംസ്ഥാനത്തു കൂടുതൽ പണം ചെലവാക്കാൻ അവസരങ്ങളുണ്ടാക്കുക, അതിന് ആനുപാതികമായ സംതൃപ്തി അവർക്കു സമ്മാനിക്കുക എന്നിവയൊന്നും ഏറ്റെടുക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് അത്രയൊന്നും സാധിക്കുകയില്ല. സ്വകാര്യ മേഖലയിൽ ധാരാളം ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും കരകൗശല ഷോറൂമുകളും നിലവിൽ വരുമ്പോൾ മാത്രമേ ആ പ്രദേശത്തെ ടൂറിസം വികസനം പൂർണതയിലെത്തുകയുള്ളൂ. അപ്പോൾ മാത്രമേ സഞ്ചാരികളുടെ വരവോടെ അവിടെ പ്രത്യക്ഷമായും പരോക്ഷമായുമുള്ള സാമ്പത്തിക പ്രയോജനം സാധ്യമാവൂ. എന്നാൽ, സർക്കാറിന്റെ നയങ്ങളും സമീപനങ്ങളും ഈ വളർച്ചക്ക് അനുപൂരകമാവണം. സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതാകണം. അതേസമയം, അമിതമായ വികസനം വഴി പാരിസ്ഥിതികവും സാമൂഹികവുമായ അനാശ്യാസ പാർശ്വഫലങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ സർക്കാറിന് മാത്രമേ കഴിയൂ. ഒരു ടൂറിസ്റ്റ് കേന്ദ്രത്തിന് ആഗോളതലത്തിൽ പ്രചാരണം നൽകുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലുമാണ് സർക്കാർ ശ്രദ്ധിക്കേണ്ടത്. ഈ ഉത്തരവാദിത്തങ്ങൾ പരസ്പരം െവച്ചുമാറാൻ സാധിക്കുകയില്ല.
സ്വകാര്യമേഖലയുമായുള്ള ബന്ധം കേരളത്തിൽ രണ്ടു തലത്തിൽ പ്രവർത്തിക്കുകയുണ്ടായി. ഒന്ന് വൻകിട ഹോട്ടൽശൃംഖലകളെ സംസ്ഥാനത്തേക്കു ആകർഷിക്കാനുള്ള ബോധപൂർവ ശ്രമം. മറ്റൊന്ന് സംസ്ഥാനത്തിനുള്ളിലെ വലുതും ചെറുതുമായ സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള നയപരമായ ഇടപെടലുകൾ. ഈ സമീപനത്തിന്റെ ഫലമായി താജ്, ഒബ്റോയ് എന്നീ വൻകിട ഹോട്ടൽ ശൃംഖലയുടെ സംയുക്ത സംരംഭങ്ങൾ ആരംഭിച്ചു. സർക്കാറിന്റെ കൈവശമുള്ള ഭൂമി അവർക്കു അന്യാധീനപ്പെടുത്താതെ പുതിയ സംയുക്ത കമ്പനികൾക്ക് ഹോട്ടലുകൾ നടത്താൻ അനുവാദം കൊടുത്തു. ഭൂമിയുടെ അവകാശം സർക്കാറിൽതന്നെ തുടരുകയും എന്നാൽ, സ്വകാര്യ ഹോട്ടൽ ശൃംഖലകളുടെ വിപണനശേഷിയും സൽപേരും ഉപയോഗിച്ച് സംസ്ഥാനത്തിനുള്ളിൽ പുതിയ സൗകര്യങ്ങൾ ഉയർന്നുവരുകയും ചെയ്യും. അങ്ങനെ ഉണ്ടായതാണ് കുമരകം താജ് റിസോർട്ടും കൊച്ചി മറൈൻ ഡ്രൈവിലെ ഗേറ്റ്വേ ഹോട്ടലുമെല്ലാം. അന്നത്തെ പുതിയ സൗഹൃദ നയസമീപനത്തിന്റെ ഫലമായി കേരളത്തിനുള്ളിലെ കാസിനോ ഗ്രൂപ്പും സാജ് ഗ്രൂപ്പും മറ്റനേകം ചെറുതും വലുതുമായ ഹോട്ടലുകളും റിസോർട്ടുകളും രൂപപ്പെട്ടു. പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടു. ബേക്കലിൽ പ്രത്യേക ടൂറിസം മേഖല നിലവിൽ വന്നു. ഇതുവരെ റിസോർട്ടുകൾ ഇല്ലായിരുന്ന ഇടങ്ങളിൽ നിരവധി ഹോട്ടൽ മുറികൾ ലഭ്യമായി. അങ്ങനെയാണ് കേരളത്തിലേക്ക് ധൈര്യമായി സഞ്ചാരികളെ ക്ഷണിക്കാം എന്ന അവസ്ഥ സംജാതമായത്. ഇത്രയും സൗകര്യങ്ങൾ സർക്കാർ സംവിധാനം വഴി സൃഷ്ടിച്ചെടുക്കുക അസാധ്യം; അസംഭവ്യം. എന്നാൽ, സർക്കാറിന്റെ അനുകൂലവും സൗഹൃദപൂർണവുമായ നിലപാടില്ലാതെ സ്വകാര്യമേഖലക്ക് ഇതൊന്നും സാധിക്കുമായിരുന്നില്ല താനും. ഈ പരസ്പരാശ്രിതത്വം അംഗീകരിച്ചതാണ് ആദ്യകാല ടൂറിസം വളർച്ചയുടെ ഏറ്റവും വലിയ വിജയരഹസ്യം.
മനുഷ്യ വിഭവശേഷിയും പരിശീലനവും
ലോകത്തെ ഏതൊരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രത്തിലെ കച്ചവട സ്ഥാപനത്തിലോ മ്യൂസിയത്തിലോ ഹോട്ടലിലോ പോയാൽ ആ ജീവനക്കാരുടെ സഹായ മനോഭാവവും സന്ദർശകരുടെ ആവശ്യങ്ങളും താൽപര്യങ്ങളും കണ്ടറിഞ്ഞു പ്രവർത്തിക്കാനുള്ള വൈഭവവും ആരെയും അതിശയിപ്പിക്കും. കാരണം സന്ദർശകരുടെ സംതൃപ്തിയിലാണ് ആ സ്ഥാപനത്തിന്റെ നിലനിൽപ്. എന്നാൽ, തോന്നിയപോലെ ഉത്തരം പറയുകയോ അഭിലഷണീയമല്ലാത്ത രീതിയിൽ പെരുമാറുകയോ ചെയ്താൽ അത് ആ സ്ഥാപനത്തിന്റെ നിലനിൽപിനെയും ആ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ സൽപ്പേരിനെയും ബാധിക്കുകയും ചെയ്യും. ഇവിടെയാണ് പരിശീലനത്തിന്റെ പ്രസക്തി. കേരളത്തിൽ 1990നു മുമ്പ് ഇത്തരം സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല (ആകെയുണ്ടായിരുന്നത് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് മാത്രം). പിന്നീടാണ് തിരുവനന്തപുരത്തു സർക്കാർ ഉടമസ്ഥതയിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ് (KITTS) സ്ഥാപിക്കപ്പെടുന്നത്. തുടർന്ന്, ഹോട്ടൽ മാനേജ്മെന്റും കാറ്ററിങ് ടെക്നോളജിയും പഠിപ്പിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ഐ.എച്ച്.എം.സി.ടി കോവളത്ത്, കേരളസർക്കാർ നൽകിയ ഭൂമിയിൽ ആരംഭിച്ചു. എത്രയെത്ര ചെറുപ്പക്കാരെയാണ് ഈ സ്ഥാപനങ്ങൾ പ്രഫഷനൽ പരിശീലനം നൽകി ലോകത്തിന്റെ നാനാഭാഗത്തും അയച്ചതും കേരളത്തിനുള്ളിലെ എത്രയെത്ര സ്ഥാപനങ്ങൾ നയിക്കാൻ സജ്ജരാക്കിയതും! ഈ രണ്ടു സ്ഥാപനങ്ങൾ കേരളത്തിന്റെ ടൂറിസം മേൽവിലാസത്തിനു നൽകിയ സംഭാവന ചെറുതല്ല. ഇവയുടെ ചുവടുപിടിച്ച് സംസ്ഥാനത്തിനുള്ളിൽ അനേകം സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ നിലവിൽ വന്നു. അവയും ടൂറിസം മേഖലയിലെ വളരുന്ന ആവശ്യങ്ങൾക്കായി സുസജ്ജരായ ജീവനക്കാരെ നൽകുന്നു. അവരില്ലെങ്കിൽ നമ്മുടെ ഹോട്ടൽ വ്യവസായവും മറ്റു ടൂറിസ്റ്റ് സേവനങ്ങളും നല്ല നിലവാരത്തോടെ നടത്തിക്കൊണ്ടുപോവുക അസാധ്യമായിരിക്കും.
വിപണനം; പ്രചാരണം
ഒരു അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാകാൻ വേണ്ട ഹോട്ടൽ മുറികളും അനുബന്ധ സ്വകാര്യങ്ങളും വിനോദ സൗകര്യങ്ങളും മറ്റ് ആകർഷണങ്ങളും എല്ലാം സജ്ജവുമായതിനു ശേഷം പ്രചരിപ്പിക്കാൻ തുടങ്ങിയാൽ മതിയോ? 1990കളുടെ ആദ്യം കേരളം നേരിട്ട പ്രായോഗികവും ധാർമികവുമായ സമസ്യയായിരുന്നു അത്. അന്ന് വളരെ പരിമിതമായ സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ ഇവിടെ. പരിമിതികളുടെ ആ സീമകൾ മറികടക്കാനുള്ള നയപരിപാടികൾ സ്വീകരിച്ചതിനൊപ്പം, കേരളത്തെ ആഗോള ടൂറിസം ഭൂപടത്തിൽ സ്ഥാനപ്പെടുത്തുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളും ദീർഘവീക്ഷണത്തോടെ ഏറ്റെടുത്തു. അന്ന് അതിനു ചില എതിർപ്പുകളും ഉണ്ടായി. ഇവിടെ ഒരു സൗകര്യവുമില്ലല്ലോ പിന്നെ ആരെ ആകർഷിക്കാനാണ് ഈ പരസ്യങ്ങൾ എന്നതായിരുന്നു മുഖ്യസന്ദേഹം.
എങ്ങനെയാണ് ഒരു വിദേശ ടൂറിസ്റ്റ് തന്റെ സഞ്ചാരതീരുമാനം സ്വീകരിക്കുന്നത്? ഇന്ന് പുതിയ സാങ്കേതിക വിദ്യകളുടെ വ്യാപനത്തോടെ വലിയ മാറ്റങ്ങൾ ഉണ്ടായി. എന്നാൽ, 15 വർഷം മുമ്പ് വരെ ടൂർ ഒാപറേറ്റർ, ടൂറിസം വ്യവസായത്തിലെ ഒരു പ്രമാണിയായിരുന്നു. അന്താരാഷ്ട്ര ടൂർ ഓപറേറ്റർമാരുടെ പങ്കാളിത്തം അങ്ങേയറ്റം പ്രധാനപ്പെട്ടതാണ് ഒരു പുതിയ കേന്ദ്രം വിപണനം ചെയ്യപ്പെടുന്ന പ്രക്രിയയിൽ. അവർ മനസ്സുവെക്കാതെ ഒരു പ്രദേശത്തേക്കും ടൂറിസ്റ്റുകൾ വന്നെത്തുമായിരുന്നില്ല. അവരുടെ പാക്കേജുകളിൽ നമ്മുടെ സംസ്ഥാനം ഇടം പിടിക്കണം. അതിനു അവർക്കിടയിൽ കേരളം പ്രതീക്ഷ ഉളവാക്കണം. ഒരു പുതിയ ഡെസ്റ്റിനേഷൻ എന്ന നിലക്ക് കേരളത്തെക്കുറിച്ച് മതിപ്പും പ്രതീക്ഷയും ആദ്യമുണ്ടാകേണ്ടത് ടൂർ ഓപറേറ്റർമാരിലാണ്. അവരാണ് പാക്കേജുകളിൽ കേരളത്തെ ഉൾപ്പെടുത്തേണ്ടത്. ഈ ലക്ഷ്യത്തോടെ ആരംഭിച്ചതാണ് Kerala- God's Own Country എന്ന വിശേഷണത്തോടുകൂടിയ നമ്മുടെ വിപുലമായ പ്രചാരണം. രാജ്യത്തിനകത്തും പുറത്തും അച്ചടി മാധ്യമങ്ങളിലും ടെലിവിഷനിലുമൊക്കെയായി നമ്മുടെ ആകർഷകമായ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുകയും അവ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കേരളം പ്രകൃതിലാവണ്യം കൊണ്ടനുഗൃഹീതമായ അത്യപൂർവ പുണ്യഭൂമിയാണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാനുതകുന്നതായിരുന്നു ഈ കാലയളവിലെ പരസ്യങ്ങളും അനുബന്ധമായി ഏറ്റെടുത്ത വിപണന പ്രവർത്തനങ്ങളും. സഞ്ചാരികളുടെ താൽപര്യം യാത്രയായി പരിഭാഷപ്പെടാൻ കുറഞ്ഞത് രണ്ടു വർഷമെടുക്കും. അതിനിടെ, കേരളത്തിലെ സൗകര്യങ്ങൾ സജ്ജമാകണം. ഈ സമീപനം ഉദ്ദേശിച്ച ഗുണംചെയ്തു. 1992 മുതൽ അന്താരാഷ്ട്ര സഞ്ചാരികളുടെ വരവിൽ പ്രകടമായ വർധന കാണാനായി. അവിടെനിന്നാണ് കേരളമെന്ന ടൂറിസ്റ്റ് സംസ്ഥാനത്തിന്റെ അനുക്രമമായ വളർച്ച. ഇന്ന് ആഗോള വിപണിയിൽ കേരളത്തിന് പ്രത്യേകമായൊരു മുഖവുര ആവശ്യമില്ല. ആ പ്രതീക്ഷക്ക് അനുപൂരകമായി നമ്മുടെ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉയർന്ന നിലവാരത്തിലെത്തിക്കുക എന്നതാണ് ഇപ്പോഴത്തെ വലിയ വെല്ലുവിളി.
ഉൽപന്നങ്ങൾ
എത്ര പ്രകൃതിസൗന്ദര്യമുണ്ടെങ്കിലും ഒരു പ്രദേശത്തിനും അതുകൊണ്ടുമാത്രം നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാവാൻ കഴിയില്ല. സന്ദർശകരുടെ താൽപര്യം നിലനിർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ചൂഷണം തടയുന്നതിനും ഫലപ്രദവും പ്രതികരണോന്മുഖവും നീതിപൂർവവുമായ നിയമപാലനം അനുപേക്ഷണീയം. പ്രയോജനപ്രദമായും ഉല്ലാസപ്രദമായും വിജ്ഞാനപ്രദമായുമൊക്കെ സമയം ചെലവിടുന്നതിനുമുള്ള ഉൽപന്നങ്ങളും ആകർഷണങ്ങളും മ്യൂസിയങ്ങളും ഷോപ്പുകളും എല്ലാം വേണം. ഇവ സജ്ജീകരിക്കുമ്പോൾ ഓരോ രാജ്യത്തിന്റെയും സാംസ്കാരികവും ധാർമികവുമായ പാരിതോവസ്ഥയെ ബഹുമാനിക്കുകയും വേണം. നമ്മുടെ നാട്ടിൽ സെക്സ് ടൂറിസമോ ചൂതുകളി കേന്ദ്രങ്ങളോ ഒന്നും അനുവദനീയമോ ആശാസ്യമോ അല്ല. (എന്നാൽ, ഇത്തരം ആകർഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം സഞ്ചാരികളെ ആകർഷിക്കുന്ന അനേകം സ്ഥലങ്ങൾ ലോകത്തുണ്ട് എന്ന വസ്തുത വിസ്മരിക്കേണ്ടതുമില്ല.) നമുക്ക് പൊതുവിൽ സ്വീകാര്യമായ 'നേരമ്പോക്കുകൾ' ലഭ്യമായില്ലെങ്കിൽ ഒരു വിനോദസഞ്ചാരിയുടെ ഒഴിവുകാലം വിരസമായിരിക്കും.
ഇവിടെ ചെലവഴിച്ച പണത്തിന് ആനുപാതികമായ നേട്ടം (value for money) തനിക്കുണ്ടായെന്ന് ഓരോ സഞ്ചാരിക്കും ബോധ്യമാകണം. ഈ ലക്ഷ്യത്തോടെയാണ് നമുക്ക് മേൽക്കോയ്മയുള്ള രംഗങ്ങളിൽ അന്ന് ചില ആഘോഷങ്ങൾ സഞ്ചാരികളെ ലക്ഷ്യംെവച്ച് സംഘടിപ്പിച്ചത്. തൃശൂരിൽ ഗജമേള, ആലപ്പുഴയിൽ വള്ളംകളി, തിരുവനന്തപുരത്ത് നിശാഗന്ധി നൃത്തോത്സവം എന്നിവയൊക്കെ അങ്ങനെയാണ് നിലവിൽ വന്നത്. കൃത്യ ദിവസങ്ങളിൽ എല്ലാ വർഷവും ഇവ നടത്തിക്കൊണ്ടു പോയാൽ മാത്രമേ ആഗോള ടൂറിസം വ്യവസായം നമ്മളെ ഗൗരവപൂർവം കാണുകയുള്ളൂ. മൂന്നു വർഷം നടത്തിയിട്ടു പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ നിശാഗന്ധി നൃത്തോത്സവമൊഴികെയുള്ള മറ്റെല്ലാ ആഘോഷങ്ങളും അവസാനിപ്പിച്ചത് നമ്മുടെ വിശ്വാസ്യതയെ കുറച്ചൊന്നുമല്ല ബാധിച്ചത്.
പ്രഫഷനൽ സേവനങ്ങൾ
പ്രചാരവും വിശ്വാസ്യതയുമുള്ള പ്രസിദ്ധീകരണങ്ങളിൽ കേരളത്തിന്റെ ആകർഷണങ്ങളെയും സവിശേഷതകളെയും കുറിച്ച് നല്ല ചിത്രങ്ങളും അനുഭവക്കുറിപ്പുകളും നിരന്തരമായി പ്രത്യക്ഷപ്പെടുന്നു എന്നുറപ്പു വരുത്താൻ സാധിച്ചു. സഞ്ചാരലേഖനങ്ങൾ എഴുതുന്ന പ്രശസ്തർക്ക് സൗജന്യയാത്രയും ആതിഥേയത്വവും നൽകി. അതുപോലെ പ്രധാനപ്പെട്ടതാണ് ടൂറിസം മേഖലയിലെ വമ്പന്മാരെ കേരളത്തിലേക്ക് ക്ഷണിക്കുകയും ഇവിടം പരിചയപ്പെടുത്തി നമ്മളോട് അനുഭാവമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നത്. ഇതൊക്കെ തൊണ്ണൂറുകളിൽ നടന്നതിന്റെ പ്രയോജനം കേരളത്തിന് പിൽക്കാലത്തു ലഭിക്കുകയുണ്ടായി.
ഭരണപരമായ സ്വാതന്ത്ര്യം
സാധാരണ സർക്കാർ വകുപ്പുകളെ നിയന്ത്രിക്കുന്ന ചില നടപടിക്രമങ്ങളുണ്ട്. ഏതെങ്കിലും സാധനം വാങ്ങുകയോ സേവനം പ്രതിഫലം കൊടുത്തു സ്വീകരിക്കുകയോ ചെയ്യുമ്പോൾ ടെൻഡറോ ക്വട്ടേഷനോ ക്ഷണിച്ച് ഏറ്റവും കുറഞ്ഞ നിരക്കിലുള്ളതേ സ്വീകരിക്കാവൂ. എന്നാൽ, ടൂറിസം വിപണനവുമായി ബന്ധപ്പെടുമ്പോൾ ഈ 'ഏറ്റവും നിരക്ക് കുറഞ്ഞതിനെ' അംഗീകരിക്കുക എന്ന തത്ത്വം വിപരീതഫലങ്ങൾ വരുത്തും. ഉദാഹരണമായി ഒരു അന്താരാഷ്ട്ര ടൂറിസം മേളയിലേക്കു കൊണ്ടുപോകാനായി കേരളത്തെക്കുറിച്ചുള്ള ഒരു സചിത്ര പുസ്തകമോ പ്രസിദ്ധീകരണമോ അച്ചടിക്കണമെന്നിരിക്കെട്ട. ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത സ്ഥാപനത്തിൽ അച്ചടിപ്പിക്കുന്ന പുസ്തകം ലണ്ടനിലും ജപ്പാനിലും ന്യൂയോർക്കിലും അച്ചടിച്ച അത്യുന്നത നിലവാരം പുലർത്തുന്ന പ്രസിദ്ധീകരണങ്ങൾ വന്നെത്തുന്ന വേദിയിൽ പുറത്തുകാണിക്കാൻ നമുക്ക് ചങ്കുറപ്പുണ്ടാവുകയില്ല. ആരും കൈകൊണ്ടു തൊടാൻ താൽപര്യം കാണിക്കാത്ത ആ പ്രസിദ്ധീകരണങ്ങൾ പുറത്തെടുത്താൽ അത് അത്യന്തം പരിഹാസ്യമായിരിക്കും. കേരളത്തെക്കുറിച്ചുള്ള ധാരണ അതോടെ തകരുകയും ചെയ്യും. അച്ചടിയിൽ ലാഭിച്ച ചെറിയ തുക എന്ന നേട്ടം സംസ്ഥാനത്തിനുണ്ടാകുന്ന വൻ നഷ്ടമെന്ന കൂറ്റൻ തിരമാലയിൽ ഒലിച്ചുപോകും. പുറംരാജ്യങ്ങളിലും രാജ്യാന്തര വേദികളിലും പങ്കെടുക്കുമ്പോൾ ഈ മാമൂലുകൾ ഉപേക്ഷിച്ചേ പറ്റൂ. കേരളത്തിലെ ടൂറിസം വകുപ്പിൽ ഇത്തരത്തിലുള്ള യാഥാർഥ്യബോധമുള്ള അനേകം ഭരണപരമായ മാറ്റങ്ങൾ ഉണ്ടായതും നമ്മുടെ നേട്ടങ്ങൾക്ക് ഹേതുവും പശ്ചാത്തലവുമായി.
മുകളിൽ വിവരിച്ച ചില കാര്യങ്ങൾ 30 വർഷം മുമ്പ് കേരളത്തിന്റെ ടൂറിസം മേഖലയുടെ അഭ്യുന്നതിക്കു പ്രേരകമായ ഘടകങ്ങളിൽ ചിലതുമാത്രം. ഇവയൊക്കെ ഇപ്പോൾ അതേരീതിയിൽ പ്രയോഗിക്കണമെന്നു പറയുന്നത് അശാസ്ത്രീയവും അപ്രസക്തവുമായിരിക്കും. എന്നാൽ, ചില പൊതുവായ ദിശാസൂചനകൾ അവയിലുണ്ടു താനും.
പുതിയ കാലം, പുതിയ താളം
കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ലോകം മാറിയ വേഗത്തിൽ ചരിത്രത്തിൽ മാറ്റങ്ങൾ ഉണ്ടായിരിക്കാൻ വഴിയില്ല. സാങ്കേതിക വിദ്യ സാധാരണ ജീവിതങ്ങളിലെ സകല മേഖലകളിലും അധിനിവേശം സ്ഥാപിച്ചുകഴിഞ്ഞു. കച്ചവടം ചെയ്യുന്ന രീതി, കുട്ടികൾ പഠിക്കുന്ന രീതി, വിനോദങ്ങളുടെ രീതി, യാത്രകൾ ആസൂത്രണം ചെയ്യുകയും അവ നിറവേറ്റുകയും ചെയ്യുന്ന രീതി, പണമിടപാടുകളുടെ രീതി എന്നിങ്ങനെ അസംഖ്യം പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയാൽ നിയന്ത്രിതമായി. ഏതൊരു കാര്യവും അറിയുന്നതിന് ഇപ്പോൾ പരസഹായമോ ഇടനിലക്കാരോ വേണ്ട. എല്ലാം നേരിട്ട് ചെയ്യാൻ സാധിക്കുന്ന അവസ്ഥയിൽ ട്രാവൽ ഏജന്റ്, ടൂർ ഓപറേറ്റർ എന്നിവർ അപ്രസക്തമായി. ആകർഷകമായ അച്ചടിയിലൂടെ വൈരൂപ്യങ്ങളും പോരായ്മകളും മൂടിവെക്കാൻ ഇനി സാധിക്കില്ല. ഓരോ പ്രദേശത്തിന്റെയും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും ചരിത്രപരവുമായ എല്ലാ സൂക്ഷ്മ വിവരങ്ങളും ഓരോ ഉപഭോക്താവിനും/യാത്രക്കാരനും ഇന്റർനെറ്റിലൂടെ നേരിട്ട് ലഭിക്കുന്നു. ഇത് ടൂറിസം വ്യവസായത്തിന്റെ ഘടനയെയും സ്വഭാവത്തെയും അടിമുടി മാറ്റിക്കളഞ്ഞു. പഴയ വിപണനതന്ത്രങ്ങളെ അസാധുവാക്കിക്കളഞ്ഞു. അടിസ്ഥാനമില്ലാത്ത ഒരു വാക്കുപോലും അവകാശവാദമായി നടത്തുന്നത് പ്രതിലോമകരമായിരിക്കും. സത്യാനന്തര കാലത്തിന്റെ തലതിരിഞ്ഞ യുക്തികൾ ഈ രംഗത്ത് പച്ചപിടിക്കുകയില്ല.
യാത്രചെയ്യുന്നവരുടെ മനോഭാവങ്ങളിൽ, പണത്തോടുള്ള അവരുടെ സമീപനത്തിൽ, സൗകര്യങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകളിൽ ഒക്കെ വലിയ മാറ്റങ്ങൾ വന്നുകഴിഞ്ഞു. ടൂറിസത്തെ ആശ്രയിച്ചിരുന്ന രാജ്യങ്ങൾ കോവിഡ് അനന്തരകാലത്തു അവരുടെ സ്ഥാനം തിരിച്ചുപിടിക്കാനായി വലിയ തയാറെടുപ്പോടെ അന്താരാഷ്ട്ര വിപണിയിൽ സന്നിഹിതരാവുമെന്നു ഉറപ്പാണ്. ഒപ്പം സഞ്ചാരികളുടെ കൈയിലെ ചെലവഴിക്കാനുള്ള പണത്തിന്റെ ലഭ്യത കുറയുകയും ചെയ്യുന്നു. തീർച്ചയായും വിപണിയിൽ കടുത്ത മത്സരമാണ് നമ്മളെ കാത്തിരിക്കുന്നത്. ഈ പ്രയാസപ്പെട്ട ഘട്ടം തരണംചെയ്യാൻ പഴയ ആയുധങ്ങളും തന്ത്രങ്ങളും ഉതകുകയില്ല. സമൂലമായ നവീകരണം നമ്മുടെ വിപണന തന്ത്രത്തിലും ഉൽപന്നസംവിധാനത്തിലും സംസ്ഥാനത്തു ലഭ്യമാവുന്ന സൗകര്യങ്ങളിലും സേവനങ്ങളിലും ആവശ്യമാണിന്ന്. ഈ ഘട്ടത്തിൽ പിന്തള്ളപ്പെട്ടുപോയാൽ നഷ്ടപ്പെട്ട അവസരങ്ങൾ തിരിച്ചുപിടിക്കുക എളുപ്പമായിരിക്കില്ല.
പരിമിതികൾ; സാധ്യതകൾ
കേരള സംസ്ഥാനത്തിലെ എല്ലാ പ്രദേശങ്ങളും ഒരേവിധം വികസിതമല്ല. അത് സ്വാഭാവികമാണ് താനും. എന്നാൽ, ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്ന സഞ്ചാരി നമ്മുടെ പരിമിതികൾ അറിയേണ്ടതില്ല. അയാൾ പരിചയിച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം. മാലിന്യ നിർമാർജനത്തിനും സുരക്ഷക്കുമൊക്കെ വലിയ പ്രാധാന്യം കൊടുത്തുകൊണ്ട് പരാതി പറയാൻ ഇടനൽകാത്തവിധം ഓരോ ടൂറിസ്റ്റ് കേന്ദ്രവും പ്രത്യേകമായി വികസിപ്പിച്ചെടുക്കണം. അവിടത്തെ കച്ചവടക്കാരും ടാക്സി ഡ്രൈവർമാരും എല്ലാം നല്ല പെരുമാറ്റം കാഴ്ചവെക്കണം. അതേസമയം, ഇവയൊന്നും കൃത്രിമമാകേണ്ടതുമില്ല. കേരളത്തിന്റെ തനിമ അറിയാൻ കഴിയുന്ന കലാപരിപാടികളും കരകൗശല ഉൽപന്നങ്ങളും അവിടെ ലഭ്യമാവണം. ഈ വിധം നമ്മുടെ തിരഞ്ഞെടുത്ത പത്തോ പതിനഞ്ചോ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് സൂക്ഷ്മമായി വികസന പരിപാടികൾ ഏറ്റെടുക്കാൻ തീർച്ചയായും സാധിക്കും. ഇതിനൊക്കെ ആവശ്യമായ നിയമ പരിരക്ഷയും പരിശീലനവും സർക്കാർ ഉറപ്പുവരുത്തണം. ഓരോ കേന്ദ്രത്തിനും വ്യക്തമായ വികസനരേഖ തയാറാക്കി തദ്ദേശ സ്ഥാപനങ്ങളുടെകൂടി പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ഈ പരിപാടി സമയബന്ധിതമായി ഏെറ്റടുക്കണം.
സംസ്ഥാനം മുഴുവൻ ടൂറിസ്റ്റ് കേന്ദ്രമാക്കാമെന്ന് വിചാരിക്കുന്നത് അയഥാർഥമായിരിക്കും. അറിയപ്പെടുന്ന കോവളം, പൂവാർ, പൊന്മുടി, വർക്കല, കൊല്ലം, അഷ്ടമുടി, മാരാരി, വേമ്പനാട്, കുമരകം, തേക്കടി, ഫോർട്ട് കൊച്ചി, ചെറായി, മൂന്നാർ, വയനാട്, ബേക്കൽ എന്നിങ്ങനെയുള്ള സ്ഥലങ്ങൾ ഈ സമീപനത്തിന്റെ ഫലമായി സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളായി പരിണമിക്കും. അവിടേക്ക് സഞ്ചാരികൾ മാത്രമല്ല, കൂടുതൽ നിക്ഷേപകരും എത്തിച്ചേരും. അങ്ങനെ ഈ കേന്ദ്രങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഫോക്കസ് കേന്ദ്രങ്ങളായിത്തീരും.
കേരളത്തെക്കുറിച്ചുള്ള അവബോധം നിലനിൽക്കുന്ന വിദേശ രാജ്യങ്ങളെ കേന്ദ്രീകരിച്ച് തന്ത്രപരമായി ആസൂത്രണംചെയ്ത പ്രചാരണ-വിപണന പരിപാടികൾ സംഘടിപ്പിക്കണം. വിവിധ വകുപ്പുകൾ ഏകോപിച്ചു പ്രവർത്തിച്ച് ഈ പ്രാദേശിക പ്ലാനുകൾ യാഥാർഥ്യമാക്കണം. 2023, 2024 എന്നീ വർഷങ്ങൾ ടൂറിസം ഫോക്കസ് വർഷങ്ങളായി കൊണ്ടാടണം. ഈ രണ്ടു വർഷത്തെ ജാഗ്രതാപൂർണമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ടൂറിസ്റ്റ് വളർച്ചയിലെ കോവിഡ്-അനന്തരഘട്ടം വ്യത്യസ്തമാവുകയും നമ്മുടെ സാമ്പത്തിക വളർച്ചക്ക് ഉത്തേജകമാവുകയും ചെയ്യും; ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.