1980കൾ മുതൽക്കെങ്കിലും കേരളത്തിൽ തുടർച്ചയായി കണ്ടുവരുന്ന ഒരു കാര്യമാണ് വിവിധ വിഷയങ്ങളെ മുൻനിർത്തിയുള്ള ബഹുജന സമരങ്ങൾ. 80കളിലും 90കളിലും രണ്ടായിരത്തിലും ഇത്തരം പല സമരങ്ങൾക്കും തുടക്കംകുറിക്കാൻ മുൻകൈയെടുത്തത്, അവയിൽ നേതൃത്വപരമായ പങ്കുവഹിച്ചത്, ഇവിടത്തെ എം.എൽ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളോ വ്യക്തികളോ മുമ്പ്...
1980കൾ മുതൽക്കെങ്കിലും കേരളത്തിൽ തുടർച്ചയായി കണ്ടുവരുന്ന ഒരു കാര്യമാണ് വിവിധ വിഷയങ്ങളെ മുൻനിർത്തിയുള്ള ബഹുജന സമരങ്ങൾ. 80കളിലും 90കളിലും രണ്ടായിരത്തിലും ഇത്തരം പല സമരങ്ങൾക്കും തുടക്കംകുറിക്കാൻ മുൻകൈയെടുത്തത്, അവയിൽ നേതൃത്വപരമായ പങ്കുവഹിച്ചത്, ഇവിടത്തെ എം.എൽ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളോ വ്യക്തികളോ മുമ്പ് ബന്ധമുണ്ടായിരുന്നവരോ ആയിരുന്നു. അതല്ലാതെയും സമരങ്ങൾ ഉണ്ടായിട്ടുണ്ട്. സി.പി.എമ്മിൽനിന്നോ, മറ്റു രാഷ്ട്രീയ പാർട്ടികളിൽനിന്നോ വിട്ടുവന്നവരും ഒരു രാഷ്ട്രീയ പാർട്ടിക്കുമൊപ്പം ഒരിക്കലും അണിനിരക്കാതിരുന്നവരും ഇങ്ങനെയുള്ള സമരങ്ങൾക്കു നേതൃത്വം കൊടുത്തിട്ടുണ്ട്. പരിസ്ഥിതി വിഷയങ്ങൾ, ക്വാറി പ്രവർത്തനംമൂലം, അല്ലെങ്കിൽ മാലിന്യങ്ങൾ തള്ളുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, അണക്കെട്ടുകളുടെ നിർമാണത്തിനെതിരെ, ആണവനിലയങ്ങളുടെ സ്ഥാപനത്തിനെതിരെ, വികസനമെന്ന പേരിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കുവേണ്ടിയുള്ള കുടിയൊഴിപ്പിക്കലുകൾക്കെതിരെ, സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ, ജാതീയ അതിക്രമങ്ങൾക്കെതിരെ, മറ്റ് സാമൂഹിക അനീതികൾക്കെതിരെ, ഭൂമിക്കുവേണ്ടി, ഇങ്ങനെ പലതരം വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ഈ സമരങ്ങളെല്ലാം നടന്നത്. ഇന്നും നടന്നുകൊണ്ടിരിക്കുന്നത്.
ഇതിൽ നീണ്ടകാലത്തിനുശേഷം വിജയിച്ച സമരങ്ങളുണ്ട്. പ്ലാച്ചിമടയിൽ കൊക്കക്കോളക്കെതിരെ നടന്ന സമരംമൂലം പ്ലാന്റ് സ്ഥാപിച്ച് പ്രവർത്തനം നടത്താനുള്ള പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ഇടവിട്ടിടവിട്ട് നടന്ന നീണ്ട 10 വർഷത്തെ ജനകീയ ചെറുത്തുനിൽപ് തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിലെ കുഞ്ഞാലിപ്പാറയിലെ ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിച്ചു. കോതമംഗലത്ത് ആണവനിലയം സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്നു പിൻവാങ്ങാൻ അന്നത്തെ ഭരണാധികാരികൾ നിർബന്ധിതരായി. എക്സ്പ്രസ് വേ പദ്ധതിയും ഇതേപോലെ കൈയൊഴിയേണ്ടി വന്നു. പീച്ചി അണക്കെട്ടിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികൾ നടത്തിയ കള്ളിചിത്ര സമരത്തിലൂടെ നല്ലൊരളവിൽ ഭൂമിയും അതുപോലെ താമസസൗകര്യങ്ങളും അവർക്ക് നേടിയെടുക്കാൻ സാധിച്ചു. ബ്ലേഡ് വിരുദ്ധസമരവും ഇപ്പോഴും തുടരുന്ന സർഫാസി ജപ്തികൾക്കെതിരെയുള്ള സമരങ്ങളും വഴി പല ദരിദ്രർക്കും ഇടത്തരക്കാർക്കും ജപ്തി തടയാനും തങ്ങളുടെ ഭൂമിയും ആസ്തികളും വീണ്ടെടുക്കാനുമായി. ദലിത്, ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ വഴി സർക്കാർ, സ്വകാര്യ ഉടമയിലുള്ള ഭൂമി കുറച്ചൊക്കെ അവർ നേടിയെടുത്തു. നൈനാകോണത്തെ ബലംപ്രയോഗിച്ചുള്ള കുടിയിറക്കിനെതിരെയുള്ള ദലിതരുടെ നീണ്ട സമരം മൂലം അതിൽനിന്ന് പിന്തിരിയാൻ ആ ഭൂപ്രഭു നിർബന്ധിതനായി. ചെല്ലാനത്തെ കടൽക്കയറ്റത്തിനു പരിഹാരം കണ്ടെത്താനുള്ള ജനകീയ സമരം ഭാഗികമായ ആശ്വാസം നൽകിത്തുടങ്ങി. എൻഡോസൾഫാൻ പീഡിതർക്ക് ഭാഗികമായിട്ടെങ്കിലും ആശ്വാസം നേടിയെടുക്കാൻ അതിനെ കേന്ദ്രീകരിച്ചു നടക്കുന്ന പ്രക്ഷോഭങ്ങൾ വഴി കഴിഞ്ഞു. ഇങ്ങനെ വിജയിച്ച സമരങ്ങൾ ഒട്ടേറെയുണ്ട്. എങ്ങുമെത്താതെ പരാജയപ്പെട്ടവയും നിരവധിയാണ്.
ഇങ്ങനെയുള്ള വിജയപരാജയങ്ങൾക്കപ്പുറം ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്. കാര്യമായ സംഘടനാ പിൻബലം ഒന്നുമില്ലാതെ, അതത് പ്രദേശത്തെ ജനങ്ങളെ ആശ്രയിച്ചാണ് ഈ സമരങ്ങൾ നടന്നതും, ശക്തമായ എതിർപ്പുകളെ നേരിട്ട് നീണ്ടകാലം പിടിച്ചുനിന്നതും. ഈ സവിശേഷത കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക അവസ്ഥയെക്കുറിച്ച് മൗലികമായ മാറ്റത്തിന്, അതിനുള്ള ക്ഷമതയെക്കുറിച്ച്, അതിന്റെ സാധ്യതയെ കുറിച്ച് വിലപ്പെട്ട സൂചനകൾ നൽകുന്നുണ്ട്. ഒന്നിനോടും പ്രതികരിക്കാത്ത ബഹുജനങ്ങളാണ് ഇവിടെയുള്ളത് എന്ന സാമാന്യധാരണയെ ഇത് ഖണ്ഡിക്കുന്നു. പല തിരിച്ചടികളും ഉണ്ടാകാറുണ്ടെങ്കിലും പൊതുവിൽ നോക്കിയാൽ മന്ദഗതിയിലാണെങ്കിലും സമരങ്ങൾ തുടരുന്നതായി കാണാം. ശക്തമായ എതിർപ്പുകളെ അതിജീവിച്ച് അവ മുന്നോട്ടുപോകുന്നുമുണ്ട്.
1982ൽ വൈപ്പിനിലെ മദ്യ കൂട്ടക്കൊലക്കെതിരെ നടന്ന പ്രക്ഷോഭം ഉദാഹരണമായി എടുക്കാം. എല്ലാ വ്യവസ്ഥാപിത പാർലമെന്ററി കക്ഷികളും ചേർന്ന് ഒരു കാട്ടിക്കൂട്ടൽ സമരം നടത്തി ജനങ്ങളെ മയപ്പെടുത്തി നിർത്താൻ ശ്രമിച്ചപ്പോൾ അതിനെ ലംഘിച്ചുകൊണ്ട് ജനങ്ങളെ അണിനിരത്തി നീണ്ടുനിൽക്കുന്ന ഒരു പ്രക്ഷോഭം സംഘടിപ്പിക്കാൻ അവിടെ രൂപംകൊണ്ട ബഹുജന സമിതിക്ക് കഴിഞ്ഞു. ആ സമിതിക്ക് രാഷ്ട്രീയനേതൃത്വവും സംഘടനാപരമായ പിൻബലവും നൽകിയത് അന്നത്തെ എം.എൽ പ്രസ്ഥാനമാണ്. എന്നാൽ, അന്ന് വൈപ്പിനിലെ അതിന്റെ സംഘടനാസാന്നിധ്യം തീർത്തും നാമമാത്രമായിരുന്നു. അവിടെ നടന്ന കടുത്ത അനീതിക്കെതിരെയുള്ള ജനങ്ങളുടെ രോഷം തട്ടിയുണർത്തിയും അവരുടെ നീതിബോധത്തെ ആശ്രയിച്ചും മാത്രമാണ് അതിന് ഈ പരിമിതി മറികടക്കാൻ കഴിഞ്ഞത്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെയും ഭരണകൂടത്തിന്റെയും എതിർപ്പും അടിച്ചമർത്തലും നേരിട്ട് അവിടെ നിലയുറപ്പിക്കാനും മുന്നേറാനും അതിന് ഇതുവഴി കഴിഞ്ഞു. പ്രതീകാത്മകമായ ചില വിജയങ്ങൾക്കപ്പുറം കടന്ന് കൊലയാളികളെ ശിക്ഷിക്കുന്നതിലേക്ക് എത്താൻ ആ പ്രക്ഷോഭത്തിനു കഴിഞ്ഞില്ലെങ്കിലും ജനങ്ങളുടെ ബോധതലത്തിൽ അത് ഉണ്ടാക്കിയ തിരിച്ചറിവ് അവഗണിക്കാവുന്നതല്ല. സമര സമിതിയുടെ വിലക്കിനെ ലംഘിച്ച് അതിലെ ഒരു കൊലയാളിയുടെ പാടത്ത് ബലമായി കൊയ്ത്തുനടത്താനുള്ള സർക്കാർ നീക്കത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞത് തെളിഞ്ഞുനിൽക്കുന്ന ഒരു അനുഭവമാണ്. അന്നത്തെ മുഖ്യമന്ത്രി കരുണാകരന്റെ നേരിട്ടുള്ള ഇടപെടലിലൂടെ കൊണ്ടുവന്ന കാർഷികപ്പണിക്കാരുടെ വർഗബോധം തട്ടിയുണർത്തി അവരെ പിന്തിരിപ്പിക്കാനായി.
ഇത്തരം സമരങ്ങൾ നടന്ന എല്ലാ പ്രദേശങ്ങളിലും ഇതേപോലെയുള്ള ജനകീയ പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ സമരങ്ങളിൽ എവിടെയെല്ലാം വിപ്ലവശക്തികൾ മുൻകൈയെടുത്തിട്ടുണ്ടോ അവിടെയൊക്കെ തന്നെ ബഹുജനങ്ങൾക്ക് പുതിയ രാഷ്ട്രീയ തിരിച്ചറിവ് നേടാനായി. പലരും, പ്രത്യേകിച്ചും യുവജനങ്ങൾ, ആ പ്രസ്ഥാനത്തിൽ ആകൃഷ്ടരാവുകയും അതിലെ അംഗങ്ങളും അനുഭാവികളുമായി മാറുകയും ചെയ്തു. അതേസമയം, അങ്ങനെ അല്ലാത്ത സ്ഥലങ്ങളിലും ഇത്തരം ജനകീയ പ്രക്ഷോഭങ്ങൾ ജനങ്ങളുടെ ബോധത്തിൽ മാറ്റമുണ്ടാക്കി. അവ വിജയിച്ചപ്പോൾ മാത്രമല്ല, പരാജയപ്പെട്ടപ്പോഴും ഇത് സംഭവിച്ചിട്ടുണ്ട്. കാരണം, ഈ പ്രക്ഷോഭങ്ങൾ എല്ലാംതന്നെ പ്രാദേശിക ചൂഷകാധികാരത്തെ എതിരിട്ടാണ് വികസിച്ചത്. ആത്യന്തികമായി സർക്കാറിനെയാണ് നേരിടേണ്ടിവന്നതെങ്കിലും എതിർപ്പുമായി ആദ്യം രംഗത്തുവന്നത് പ്രാദേശിക അധികാരകേന്ദ്രമാണ്. ജനശത്രുക്കളുടെ പ്രത്യക്ഷസംരക്ഷകൻ അതായിരുന്നു. മിക്കപ്പോഴും ഇത് വ്യവസ്ഥാപിത പാർട്ടികളുടെ പ്രാദേശിക നേതൃത്വങ്ങളായിരിക്കും. ഞങ്ങൾ ഉള്ളപ്പോൾ മറ്റാരും ഇവിടെ സമരം ചെയ്യേണ്ട ആവശ്യമില്ല എന്ന ധാർഷ്ട്യത്തോടെ ഇവർ പെരുമാറുന്നു. തങ്ങൾ ഒരുക്കിവെച്ചിരിക്കുന്ന സംഘടിതബലം ഉപയോഗിച്ച് സമരങ്ങളെ അടിച്ചമർത്താൻ അവർ നിരന്തരം ശ്രമിക്കുന്നു. അതിൽ നിന്നില്ലെങ്കിൽ പൊലീസിനെയും കോടതിയെയും വിന്യസിക്കുന്നു.
അതതു പ്രദേശങ്ങളിലെ ജനങ്ങൾ നേരിട്ട എന്തെങ്കിലും അനീതി, അല്ലെങ്കിൽ നിലനിൽപിനെ ബാധിക്കുന്ന പ്രശ്നം കൈകാര്യം ചെയ്യുന്നതിന് വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾ തയാറാകാത്തതുകൊണ്ടാണ് ഇത്തരത്തിൽ സമരങ്ങൾ ഉയർന്നുവരുന്നതുതന്നെ. ഇടതായാലും വലതായാലും അവർക്ക് എല്ലാംതന്നെ നിരവധി ബഹുജനസംഘടനകളുണ്ട്. എല്ലാ രംഗങ്ങളിലും സംഘടനയുണ്ട്. പക്ഷേ, ജനങ്ങളെ ബാധിക്കുന്ന ഇത്തരത്തിലുള്ള വിഷയങ്ങൾ ഉയർന്നുവരുമ്പോൾ ഈ സംഘടനകൾ ഒന്നുംതന്നെ സാധാരണ ഗതിയിൽ അതിനോട് പ്രതികരിക്കാൻ മുൻകൈയെടുക്കാറില്ല. പലപ്പോഴും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പ്രക്ഷോഭത്തെ ഒറ്റപ്പെടുത്താനും അടിച്ചമർത്താനുമാണ് അവർ രംഗത്തിറങ്ങുന്നത്. അഥവാ പ്രതികരിക്കുന്നുണ്ടെങ്കിൽ അവരുടേതായ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടിയാകും അത്. എൽ.ഡി.എഫ് സർക്കാറാണ് ഭരണത്തിലെങ്കിൽ എതിർപക്ഷത്തുള്ള രാഷ്ട്രീയ പാർട്ടികളുടെ സംഘടനകൾ രംഗത്തിറങ്ങും. തിരിച്ച് യു.ഡി.എഫ് അധികാരത്തിലാണെങ്കിൽ എൽ.ഡി.എഫ് സംഘടനകളാകും സമരത്തിന് ഇറങ്ങുക. മാത്രമല്ല, എന്തിനെ എതിർത്താണോ അവർ സമരംചെയ്തത് അതേ കാര്യങ്ങളാകും അവർക്ക് ഭരണം കിട്ടിയാൽ നടപ്പാക്കാൻ ശ്രമിക്കുക. ഇതിന്റെ ആവർത്തിച്ചുള്ള അനുഭവം ജനങ്ങൾക്കുണ്ട്.
മുമ്പു സൂചിപ്പിച്ചപോലെ ഈ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതൃത്വങ്ങളാണ് ഇന്ന് യഥാർഥത്തിൽ പ്രാദേശിക അധികാരം കൈയാളുന്നത്. സഹകരണസംഘവും പഞ്ചായത്തും പ്രാദേശിക പൊലീസും സംഘബലവും വഴി പുതിയ നാട്ടുപ്രമാണിമാരായി വാഴുന്ന ഇവരും ഇവരുടെ ബന്ധുമിത്രാദികളുമാണ് പ്രാദേശികതലത്തിലെ പ്രമുഖ ചൂഷകർ. പ്രാദേശിക തലത്തിൽ മാത്രമല്ല, സംസ്ഥാനതലത്തിൽതന്നെ ഇത് കാണാം. കഴിഞ്ഞ ഏതാനും ദശകങ്ങൾക്കിടയിൽ പൊന്തിവന്ന, ക്വാറിമുതലാളിമാരെപ്പോലുള്ള പുത്തൻ ചൂഷകരുടെ സംഘടനയുടെ നേതൃത്വത്തിൽ സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗംതന്നെയുണ്ട് ! പ്രാദേശികതലത്തിൽ ഉയർന്നുവരുന്ന സമരങ്ങൾ ഉന്നയിക്കുന്ന പല പ്രശ്നങ്ങളും നേരിട്ട് ഈ പുത്തൻ നാട്ടുപ്രമാണിമാരുടെ താൽപര്യങ്ങളെയാണ് ബാധിക്കുന്നത്. ഇത്തരം വിഷയങ്ങളെ മുൻനിർത്തി ഈ പാർട്ടി നേതൃത്വങ്ങൾ ബഹുജനങ്ങളെ അണിനിരത്താത്തിന് ഇതാണ് പ്രധാന കാരണം. അതുകൊണ്ടുതന്നെ, ഇതിൽനിന്ന് വ്യത്യസ്തമായി, സത്യസന്ധമായും ജനങ്ങളുടെ പക്ഷംപിടിച്ചും വിഷയത്തിൽ പ്രതികരിക്കുന്നതിനു നേതൃത്വപരമായ പങ്കുവഹിക്കാൻ ഏതെങ്കിലും സംഘടനകളോ വ്യക്തികളോ മുന്നോട്ടുവരുമ്പോൾ അവരെ പിന്തുണക്കാനും അവർക്കൊപ്പം അണിനിരക്കാനും ജനങ്ങൾ സന്നദ്ധമാകുന്നു. എല്ലാവരും തെരുവിലിറങ്ങി പ്രക്ഷോഭത്തിൽ പങ്കാളിയായെന്നു വരില്ലെങ്കിലും, ആ സമരത്തിന് അവർ നൽകുന്ന പിന്തുണയാണ് അതിന് ഊർജം പകരുന്നത്.
ഇത്തരം സമരങ്ങൾ നാട്ടിൻപുറത്തുള്ള അധികാരബന്ധങ്ങളുടെ യഥാർഥ സ്വഭാവം തുറന്നുകാട്ടുന്നുണ്ട്. അതുവഴി ജനങ്ങളുടെ ബോധതലത്തിൽ പുതിയൊരു വികാസത്തിന് വഴിവെക്കുന്നുമുണ്ട്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ യഥാർഥ സ്വഭാവം എന്താണെന്ന് യഥാർഥത്തിൽ അവ ആരുടെ പക്ഷത്താണ് നിൽക്കുന്നതെന്ന് തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയുന്നു. തങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ അധികാരബന്ധങ്ങൾ, അത്രയും കാലം മറഞ്ഞുനിന്നിരുന്നവ, വെളിച്ചത്താകുന്നു. അതോടൊപ്പം അവരുടെതന്നെ ശക്തിയെ കുറിച്ചുള്ള തിരിച്ചറിവുണ്ടാകാനും ഈ പ്രക്ഷോഭങ്ങൾ വഴിവെക്കുന്നു.
ഈ സമരങ്ങൾ വ്യാപിച്ചില്ല, വ്യവസ്ഥാവിരുദ്ധ സമരങ്ങളായി മാറിയില്ല എന്ന വസ്തുതയുണ്ട്. അതിന്റെ കാരണം പക്ഷേ, ആ സമരങ്ങളിൽ അല്ല തേടേണ്ടത്. മറിച്ച്, ആ ദിശയിലേക്ക് പ്രക്ഷോഭങ്ങൾ വികസിക്കാത്തതിൽ കേരളത്തിന്റെ സവിശേഷതകൾ വഹിക്കുന്ന പങ്കെന്താണ് എന്ന് അന്വേഷിക്കണം. പൊതുവിൽ കാണുന്ന അത്ര മോശമല്ലാത്ത ജീവിതനിലവാരവും വലിയ ത്യാഗങ്ങൾ ആവശ്യപ്പെടുന്ന സമരമൊന്നുമില്ലാതെ തന്നെ ഇത് സാധ്യമാകുന്ന അവസ്ഥയും ഇതിൽ ഒരു ഘടകമാണ്. തിരുത്തൽവാദത്തിന്റെയും പരിഷ്കരണവാദത്തിന്റെയും ശക്തമായ സ്വാധീനമാണ് മറ്റൊന്ന്.
എന്നാൽ, ചില ഘട്ടങ്ങളിൽ ഈ അവസ്ഥയിൽ മാറ്റമുണ്ടാകാറുണ്ട്. 2000ത്തിന്റെ ആദ്യ വർഷങ്ങൾ ഇത്തരത്തിലുള്ള ഒരു സന്ദർഭമായിരുന്നു. മൊത്തത്തിലുള്ള സാമ്പത്തിക തകർച്ചയാണ് അതിന് പശ്ചാത്തലമൊരുക്കിയത്. ഇടത്തരക്കാർപോലും വലിയ ഞെരുക്കത്തിലായി. അന്ന് മൗലികമായ സാമൂഹിക മാറ്റത്തിന്റെ വ്യവസ്ഥാവിരുദ്ധ രാഷ്ട്രീയത്തെ മുൻനിർത്തി ആദിവാസി ഭൂരഹിതരെയും യുവജനങ്ങളെയും സ്ത്രീകളെയും അണിനിരത്താനും ശ്രദ്ധേയമായ സമരങ്ങൾ നടത്താനും വിപ്ലവശക്തികൾക്ക് കഴിഞ്ഞിരുന്നു. സംസ്ഥാനതലത്തിൽതന്നെ തിരുത്തൽവാദത്തിന്റെ സാമ്രാജ്യത്വദാസ്യം തുറന്നുകാട്ടി വിമോചനത്തിന്റെ രാഷ്ട്രീയനിലപാടിന് മുൻകൈ നേടാൻ കഴിഞ്ഞു. എ.ഡി.ബി വായ്പ, ആഗോള മുതൽമുടക്കുമേള എന്നിവക്കെതിരെയുള്ള സമരങ്ങളിൽ സി.പി.എം മുന്നോട്ടുവെച്ച 'ഉപാധികളോടെയുള്ള വിദേശമുതൽമുടക്ക്' എന്ന നിലപാടിനു ബദലായി പോരാട്ടം ഉയർത്തിയ ''വിദേശമൂലധനം വേണ്ട'' എന്ന മുദ്രാവാക്യം വ്യാപകമായ സ്വീകാര്യത നേടിയെടുത്തിരുന്നു. രാഷ്ട്രീയസമരത്തിലേക്ക് കടക്കുന്നതിൽ വിപ്ലവശക്തികൾ അസമർഥമായതും സാഹചര്യത്തിൽ വന്ന മാറ്റവുമാണ് ഇതിന്റെയൊക്കെ തുടർച്ച സാധ്യമാകാതെ പോയതിൽ പ്രധാന ഘടകങ്ങൾ.
ആഗോളമാന്ദ്യം, മൂർച്ഛിക്കുന്ന വൈരുധ്യങ്ങൾ, ഇടക്കാലത്ത് താങ്ങായിരുന്ന ഗൾഫ് വരുമാനവും റബർപോലുള്ള നാണ്യവിള വരുമാനവും ഇടിയുന്നത് ഇങ്ങനെ പല ഘടകങ്ങളും ഇന്ന് സാമ്പത്തിക മുരടിപ്പിനും അധോഗതിക്കും കാരണമാകുന്നു. കേന്ദ്രസർക്കാറിന്റെ നയങ്ങൾമൂലം തുടർച്ചയായി ഉയരുന്ന നാണയപ്പെരുപ്പം ഇതിനെ ഒന്നുകൂടി വഷളാക്കുകയും ചെയ്യുന്നുണ്ട്. ഗൾഫ് പണവും നാണ്യവിള, സമുദ്രോൽപന്ന വരവും ആയിരുന്നു കേരളത്തിലെ ഇരു മുന്നണികളും ഇത്രയും കാലം ആശ്രയിച്ചിരുന്ന വിധേയ സമ്പദ്ഘടനാ മാതൃക. അതെല്ലാം നിഷ്പ്രഭമാകുന്നത് കണക്കിലെടുത്ത് ടൂറിസം, വിവരസാങ്കേതിക വിദ്യകളെ ആശ്രയിച്ചുള്ള അറിവു കച്ചവടം, ചികിത്സാ-ശുശ്രൂഷ കച്ചവടം എന്നിവയെ കേന്ദ്രീകരിച്ചുള്ള പുതിയൊരു വിധേയത്വ മാതൃകയിലേക്കു മാറാൻ ഇവർ കുറച്ചുകാലമായി ശ്രമിക്കുന്നു. ഇതുവരെ അത് ക്ലച്ചു പിടിച്ചിട്ടില്ല. വ്യവസ്ഥാവിരുദ്ധ രാഷ്ട്രീയത്തിനും പ്രക്ഷോഭങ്ങൾക്കും അനുകൂലമായ സാഹചര്യം ഇങ്ങനെ വീണ്ടും ഉരുത്തിരിഞ്ഞു വരുന്നുണ്ട്. അസ്വസ്ഥരായ ബഹുജനങ്ങൾ സ്വയോത്ഭവമായിത്തന്നെ വ്യവസ്ഥാവിരുദ്ധസമരങ്ങളിലേക്ക് കടക്കാൻ ഇത് വഴിവെച്ചേക്കാം. പേക്ഷ, അപ്പോഴും അത് ഭാഗികമാകും. വ്യവസ്ഥാവിരുദ്ധത മൗലികമാറ്റത്തിലേക്ക് എത്തണമെങ്കിൽ രാഷ്ട്രീയ തിരിച്ചറിവോടെ ഈ സാഹചര്യത്തിൽ ഇടപെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.