കേരളം വീണ്ടും സന്തോഷ് േട്രാഫിയിൽ മുത്തമിട്ടിരിക്കുന്നു. ഇത് കേരളത്തിന്റെ ഫുട്ബാൾ മികവാണോ? മുൻകാല സന്തോഷ് ട്രോഫി വിജയ ടീമുകളുമായി ഇന്നത്തെ ടീമിനുള്ള നേട്ടവും കോട്ടവും എന്താണ്? -മുതിർന്ന മാധ്യമപ്രവർത്തകനും സ്പോർട്സ് ജേണലിസ്റ്റുമായ ലേഖകന്റെ വിശകലനം.
ടി.വി സംേപ്രഷണവും സമൂഹമാധ്യമങ്ങളുമൊന്നുമില്ലായിരുന്ന കാലം. റേഡിയോയിൽ ദൃക്സാക്ഷിവിവരണം കേട്ടും പത്രങ്ങളിൽ വായിച്ചും മാത്രം കളി ആസ്വദിച്ചിരുന്ന നാളുകൾ. പത്രങ്ങളിൽ അച്ചടിച്ചുവരുന്ന കറുപ്പും വെളുപ്പുമായ ചിത്രങ്ങളിൽനിന്നാണ് താരങ്ങളെ തിരിച്ചറിഞ്ഞിരുന്നത്. പിന്നെ കളി നേരിട്ടു കാണാൻ ഭാഗ്യം ലഭിച്ചവർ. അതാകട്ടെ ടൂർണമെന്റ് വേദികളിൽ എത്തിപ്പെടാൻ പറ്റുന്ന ആയിരങ്ങളോ പതിനായിരങ്ങളോ. എന്നിട്ടും ചില താരങ്ങളുടെ രൂപം ഫുട്ബാൾ േപ്രമികൾ മനസ്സിൽ ഉറപ്പിച്ചു. അതിലൊരു താരം റോഡിലൂടെ നടന്നപ്പോൾ പലപ്പോഴും ട്രാഫിക് കുരുക്കുണ്ടായി. വാഹനങ്ങൾ നിർത്തി ആരാധകർ താരത്തെ അഭിവാദ്യം ചെയ്തു. ചുനി ഗോസ്വാമിയാണ് കഥാപുരുഷൻ. ചുനി റോഡിലിറങ്ങിയാൽ ട്രാഫിക് നിശ്ചലമാകുന്ന അവസ്ഥ പലയിടത്തും സംഭവിച്ചു.
ചുനി ഗോസ്വാമി സന്തോഷ് േട്രാഫി ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തിയപ്പോഴോ? 1955ൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ സന്തോഷ് േട്രാഫി ദേശീയ ഫുട്ബാൾ കഴിഞ്ഞു മടങ്ങുമ്പോൾ ചുനി ഗോസ്വാമിയുടെ ബാഗ് നിറയെ സമ്മാനങ്ങൾ ആയിരുന്നു. മലയാളി ആരാധകർ സമ്മാനിച്ചത്. അന്നു ബംഗാൾ നായകൻ അഹമ്മദ് ഖാൻ ആയിരുന്നു. 1944-47ൽ അഹമ്മദ് ഖാൻ മൈസൂർ ടീമിൽ ആയിരുന്നു; ഇൻസൈഡ് ഫോർവേഡ്. കേരളത്തിന്റെ ടി. അബ്ദുൽ റാനും ബംഗാൾ നിരയിൽ ഉണ്ടായിരുന്നു. ഫൈനലിൽ മൈസൂരിനെതിരെ നിർണായക ഗോൾ അടിച്ചത് സാക്ഷാൽ പി.കെ. ബാനർജിയും.
''ചുനി ഗോസ്വാമി ഒരു കലാകാരനാണ്. മറ്റുള്ളവർ ഫുട്ബാൾ കളിക്കാരും.'' ചുനിക്ക് ഇന്ത്യയൊട്ടാകെ ആരാധകർ ഉണ്ടായതിന്റെ കാരണം മറ്റൊരു ഫുട്ബാൾ ഇതിഹാസം ജർനെയ്ൽ സിങ് ധില്ലൻ വ്യക്തമാക്കി. ചുനി ഗോസ്വാമിയാകട്ടെ ഫുട്ബാളിനു പുറമേ ക്രിക്കറ്റിലും പ്രാഗല്ഭ്യം തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു. 10 വർഷം ബംഗാളിനുവേണ്ടി രഞ്ജി േട്രാഫി കളിച്ച ചുനി ഗോസ്വാമി ബംഗാൾ ക്രിക്കറ്റ് ടീം നായകനുമായിരുന്നു.
ചുനി ഗോസ്വാമി-പി.കെ. ബാനർജി -ബലറാം ത്രയങ്ങളെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മുന്നേറ്റ നിരയായി ഫുട്ബാൾ വിദഗ്ധർ വിലയിരുത്തി. ഈ സൂപ്പർ താരങ്ങൾ മൂന്നു വ്യത്യസ്ത ടീമുകൾക്കായി സന്തോഷ് േട്രാഫിക്ക് എത്തിയാലോ? നാടും നഗരവും ഫുട്ബാൾ ആരവത്താൽ നിറയാൻ മറ്റെന്തു വേണം. പി.കെക്കു പിന്നാലെ അനുജൻ പ്രസൂൻ ബാനർജിയും സന്തോഷ് േട്രാഫി വേദികളിൽ ഏറെ തിളങ്ങി.
1955ലെ എറണാകുളം ദേശീയ ചാമ്പ്യൻഷിപ്പിനുള്ള ഹൈദരാബാദ് ടീമിൽ കോച്ച് എസ്.എ. റഹീം തുളസീദാസ് ബലറാമിനെ ടീമിലെടുത്തപ്പോൾ വിമർശനങ്ങൾ ഏറെയുയർന്നു. പക്ഷേ, തൊട്ടടുത്ത വർഷം തിരുവനന്തപുരത്ത് ദേശീയ ചാമ്പ്യൻഷിപ് നടന്നപ്പോഴും റഹീം ബലറാമിനെ ടീമിൽ നിലനിർത്തി. തിരുവനന്തപുരത്ത് ബോംബെയെ തോൽപിച്ച് ഹൈദരാബാദ് സന്തോഷ് േട്രാഫി നേടിയപ്പോൾ (1–1, 4–1) ബലറാം രണ്ടു ഗോൾ അടിച്ചു. പിന്നീട് രണ്ട് ഒളിമ്പിക്സിൽ ഇന്ത്യൻ ഗോൾ വലയം കാത്ത, മലയാളി എസ്.എസ്. നാരായണൻ ആയിരുന്നു അന്ന് ബോംബെ ഗോളി.
താരനിബിഡമായ ടീമുകളുടെ സന്തോഷ് േട്രാഫിയിലെ സാന്നിധ്യം 1996-97ൽ ദേശീയ ലീഗിന്റെ വരവോടെ അസ്തമിച്ചു തുടങ്ങി. 2006ൽ ദേശീയ ലീഗ് 'ഐ' ലീഗിനു വഴിമാറുകയും പിന്നീട് 2014ൽ ഐ.എസ്.എൽ കൂടി എത്തുകയും ചെയ്തതോടെ സന്തോഷ് േട്രാഫി ഇന്ത്യയിൽ മൂന്നാം നിര ഫുട്ബാൾ ടൂർണമെന്റായി; അഥവാ കേവലം അമച്വർ ടൂർണമെന്റ്.
ദേശീയ ലീഗിന്റെ പിറവിക്കു തൊട്ടുമുമ്പ്, 1994-95ൽ ചെന്നൈ സന്തോഷ് േട്രാഫി ഫൈനലിൽ പഞ്ചാബിനെ തോൽപിച്ചു ബംഗാൾ (2-1) കിരീടം ചൂടിയപ്പോൾ നിർണായക ഗോൾഡൻ ഗോൾ നേടിയത് സാക്ഷാൽ ബൈച്ചുങ് ബൂട്ടിയയായിരുന്നു. സന്തോഷ് േട്രാഫി ഫൈനലിലെ പ്രഥമ ഗോൾഡൻ ഗോൾ ആയിരുന്നു അത്. പിന്നെ കണ്ടത് സന്തോഷ് േട്രാഫിയിൽ പ്രശസ്ത ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യം അവസാനിക്കുന്നതാണ്.
ബൈച്ചുങ് ബൂട്ടിയയും ഐ.എം. വിജയനും നിറഞ്ഞുകളിച്ച കാലം. ഗോവയിൽനിന്ന് ബ്രൂണോ കുട്ടീനോ. ബംഗാളിന്റെ ബാസുദേവ് മൊണ്ഡൽ. കേരളത്തിന്റെ ജോപോൾ അഞ്ചേരി, വി.പി. സത്യൻ, സി.വി. പാപ്പച്ചൻ. ആ താരനിരയെ സന്തോഷ് േട്രാഫി ആരാധകർക്ക് പിന്നീട് അധികം കാണാൻ കഴിഞ്ഞില്ല.
1990-91ൽ വിദേശരാജ്യങ്ങളെ പിന്തുടർന്ന് അണ്ടർ 23 ടീം പരീക്ഷിക്കപ്പെട്ടപ്പോൾ തിളങ്ങിയവരാണ് ഐ.എം. വിജയനും ജിജു ജേക്കബുമൊക്കെ. ഇവർക്കൊപ്പം വി.പി. സത്യനും ജോപോൾ അഞ്ചേരിയും. സൂപ്പർ താരനിരയുടെ ബാഹുല്യത്തിൽ യുവതാരങ്ങൾക്ക് പ്രമുഖ സംസ്ഥാന ടീമുകളിൽ കയറിപ്പറ്റുക ദുഷ്കരമാണെന്നു കണ്ട് ഓരോ ടീമിലും മൂന്ന് അണ്ടർ 21 താരങ്ങൾ വേണമെന്നു ഫെഡറേഷൻ നിർദേശിച്ച കാലത്തുനിന്നുള്ള മാറ്റമാണ് 1990കളുടെ രണ്ടാം പകുതി ദർശിച്ചത്.
ജൂനിയർ താരങ്ങളുടെ സന്തോഷ് േട്രാഫി
മഞ്ചേരിയിൽ മത്സരിച്ച ടീമുകൾ ജൂനിയർ നിരയെന്നു തന്നെ പറയാം. കഴിഞ്ഞ സീസണിൽ ഐ.എസ്.എലിൽ തിളങ്ങിയ താരങ്ങളുടെയും ഐ ലീഗിൽ മികവുകാട്ടിയ കളിക്കാരുടെയും അസാന്നിധ്യംകൊണ്ടാണ് സന്തോഷ് േട്രാഫി ശ്രദ്ധിക്കപ്പെട്ടത്.
കേരള ക്യാപ്റ്റൻ ജിജോ ജോസഫിന് ഇത് ഏഴാം നാഷനൽസ് ആയിരുന്നു. ഗോൾ കീപ്പർ മിഥുൻ ആറാം തവണ സന്തോഷ് േട്രാഫിയിൽ കളിച്ചു. മറ്റൊരു ഗോളി എസ്. ഹജ്മലിന് അഞ്ചാം ഊഴം. പി. അഖിലും ജി. സഞ്ജുവും രണ്ടാം തവണയാണ് ദേശീയ ഫുട്ബാൾ കളിച്ചത്. 15 പേർക്കിത് അരങ്ങേറ്റമായിരുന്നു. ജിജോക്ക് പ്രായം 29. മിഥുനും അഖിലും ഇരുപത്തെട്ടുകാർ, സഞ്ജു ഇരുപത്തേഴുകാരൻ. ഹജ്മലിന് ഇരുപത്താറ്. ഇവരാണ് ടീമിലെ ജ്യേഷ്ഠന്മാർ. പത്തൊമ്പതുകാർ മൂന്നുപേരുണ്ടായിരുന്നു ടീമിൽ. ഈ യുവനിരയാണ് കേരള ഫുട്ബാളിെൻറ ഭാവി നിർണയിക്കേണ്ടത്. ജിജോ ജോസഫും ടി.കെ. ജെസിനും അടക്കം ഏഴു താരങ്ങൾക്ക് ഐ.എസ്.എൽ ക്ലബുകളിൽനിന്നു വാഗ്ദാനം ലഭിച്ചതായി അറിയുന്നു. ഇത് ശുഭസൂചനയായി കണക്കാക്കാം.
ജേതാക്കളായ കേരള ടീം പയ്യനാട് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യുന്നു
താരസാന്നിധ്യം
മേവലാൽ, അഹമ്മദ്ഖാൻ, രാമൻ, ഇന്ദർ സിങ്, മഗൻ സിങ്, ഹബീബ്, അക്ബർ, മഞ്ജിത് സിങ്, ഭാസ്കർ ഗാംഗുലി, സുധീപ് ചാറ്റർജി, പർമീന്ദർ സിങ്, കെമ്പയ്യ, യൂസഫ് ഖാൻ, നെവിൽ ഡിസൂസ, ജർനെയ്ൽ സിങ്, അരുൺ ഘോഷ്, സയ്യദ് നയ്മുദീൻ, ശൈലൻ മന്ന, മുഹമ്മദ് അസീസുദീൻ, ഗുർചരൻ സിങ്, സുധീർ കർമാർക്കർ, മനോരഞ്ജൻ ഭട്ടാചാർജി, പീറ്റർ തങ്കരാജ്, ബ്രാനന്ദു തുടങ്ങി എത്രയെത്ര താരങ്ങൾ സന്തോഷ് േട്രാഫിയെ മഹാമേളയാക്കി.
1951ലെ ഡൽഹി ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇന്ത്യക്കു സ്വർണമെഡൽ ഉറപ്പിച്ച ഗോൾ നേടിയ ശിവ മേവലാൽ 1946-47ൽ ബംഗളൂർ നാഷനൽസിൽ ഹാട്രിക്കോടെയാണ് അരങ്ങേറിയത്. സന്തോഷ് േട്രാഫിയിൽ അഞ്ചു ഹാട്രിക് ഉൾപ്പെടെ 37 ഗോൾ നേടിയ താരം. ഇതേ മേവലാൽ ആയിരുന്നു 1973ൽ കൊച്ചി സന്തോഷ് േട്രാഫിയിൽ റെയിൽവേസിന്റെ പരിശീലകൻ. 73ലെ റെയിൽവേസ് ടീമിൽ പ്രസൂൻ ബാനർജിയും കളിച്ചിരുന്നതായി ഓർമ.
1956ൽ തിരുവനന്തപുരത്ത് സന്തോഷ് േട്രാഫി കളിക്കാൻ പഞ്ചാബിന്റെ പ്രതിരോധനിരയിൽ ഒരു സൂപ്പർതാരമുണ്ടായിരുന്നു. ജർനെയ്ൽ സിങ് ധില്ലൻ. പിന്നീടു ബംഗാളിലേക്കു പോയ ജർനെയ്ൽ സിങ് 1969ൽ പഞ്ചാബിൽ മടങ്ങിയെത്തി. 1970ൽ ജലന്ധറിൽ ആതിഥേയർ ജേതാക്കളായപ്പോൾ ജർനെയ്ൽ ടീമിൽ ഉണ്ടായിരുന്നു. പിന്നീട് പഞ്ചാബിന്റെ പരിശീലകനായി.
ഒളിമ്പ്യൻ അനിൽ നന്ദി 46ലും 47ലും ബംഗാൾ ടീമിൽ കളിച്ചു. സഹോദരൻ ഒളിമ്പ്യൻ തന്നെയായ നിഖിൽ നന്ദി 56ലും 61ലും റെയിൽവേസ് ടീമിൽ ഉണ്ടായിരുന്നു. മറ്റൊരു സഹോദരൻ സുനിൽ നന്ദി 62 മുതൽ 69 വരെ ബംഗാൾ ടീമിൽ കളിച്ചു.
ഒളിമ്പിക്സ് ഫുട്ബാളിൽ ഇന്ത്യക്കുവേണ്ടി ഹാട്രിക് നേടിയ ഒരേയൊരു താരം നെവിൽ ഡിസൂസ (1956 മെൽബൺ ഒളിമ്പിക്സ്) 1953 മുതൽ 61 വരെ ബോംബെ-മഹാരാഷ്ട്ര ടീമുകൾക്കായി സന്തോഷ് േട്രാഫി ടൂർണമെന്റ് കളിച്ചു. 1955ലും 61ലും നായകൻ ആയിരുന്നു. 1954ൽ മദ്രാസ് (ചെന്നൈ) നാഷനൽസിൽ ബോംബെ നടാടെ ജേതാക്കളായപ്പോൾ വിജയഗോൾ നെവിലിന്റെ വക. 66ലും 69ലും നായകൻ സഹോദരൻ ഡെറിക് ഡിസൂസ. ഡെറിക് പിന്നീട് പരിശീലകനായി.
സെക്കന്ദരാബാദ് സ്വദേശി പീറ്റർ തങ്കരാജ് 1960ൽ കോഴിക്കോട് സന്തോഷ് േട്രാഫിയിൽ സർവീസസിന്റെ നായകൻ ആയിരുന്നു. ഏഷ്യൻ ഇലവെന്റ ഗോൾ വലയം കാത്ത ഈ സൂപ്പർ ഗോളി ഒരു ഗോൾപോലും വഴങ്ങാതെയാണ് സർവീസസിനു കിരീടജയം ഒരുക്കിയത്. ഫൈനലിൽ ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിനു സർവീസസ് തോൽപിച്ചു.
1969ൽ നൗഗോങ്ങിൽ കലാശപ്പോരാട്ടം. ഹൈദരാബാദിൽനിന്നുള്ള മുഹമ്മദ് ഹബീബ് ബംഗാളിനു വേണ്ടി സർവീസസിനെതിരെ നേടിയത് അഞ്ചു ഗോൾ. ബംഗാൾ 6-1നു ജയിച്ചു. ഹബീബിന്റെ അഞ്ചു ഗോളിൽ ഹാട്രിക്കുമുണ്ടായിരുന്നു. 73ൽ കൊച്ചി നാഷനൽസിൽ ഗുജറാത്തിനെതിരെ ആന്ധ്രക്കുവേണ്ടി ആറു ഗോൾ നേടിയ മുഹമ്മദ് അക്ബർ ഹബീബിന്റെ സഹോദരൻ ആണ്.
1974ലെ ജലന്ധർ സന്തോഷ് േട്രാഫി. പഞ്ചാബ് നായകൻ സാക്ഷാൽ ഇന്ദർ സിങ്. ടൂർണമെന്റിൽ നേടിയത് 23 ഗോൾ. ഒരു മത്സരത്തിൽ മാത്രം ഇന്ദർ സിങ് ഏഴുഗോൾ നേടി. സന്തോഷ് േട്രാഫിയിൽ ഇന്ദർ സിങ് ആകെ സ്കോർ ചെയ്തത് 45 ഗോൾ. 1974ലെ ഫൈനലിൽ ബംഗാളിനെതിരെ മൂന്നു ഗോൾ. അസമിനും കർണാടകക്കും എതിരെയും ഹാട്രിക്.
ഇന്ത്യൻ നായകൻ മഗൻ സിങ് 1974ൽ ജലന്ധർ നാഷനൽസിൽ ഇന്ദർ സിങ്ങിനൊപ്പം ചേർന്നാലോ? തമിഴ്നാടിനെതിരെ ഹാട്രിക്. നേരത്തേ 1969ൽ ബാംഗ്ലൂർ നാഷനൽസിൽ റെയിൽവേസിനെതിരെയും മഗൻ സിങ് ഹാട്രിക് നേടിയിരുന്നു.
മലയാളി ഒളിമ്പ്യന്മാർ
1954ൽ മദ്രാസ് സന്തോഷ് േട്രാഫിയിൽ ഡിക്ലാസ് നയിച്ച തിരു-കൊച്ചി ടീമിൽ ഇരിഞ്ഞാലക്കുട സ്വദേശി ഒ. ചന്ദ്രശേഖർ ഉണ്ടായിരുന്നു. 1963ൽ മദ്രാസിൽ മഹാരാഷ്ട്ര കിരീടം ചൂടിയപ്പോൾ നായകൻ ഇതേ ചന്ദ്രശേഖർ ആയിരുന്നു. അതും ഒളിമ്പ്യൻ ലേബലുമായി. 1955 മുതൽ 66 വരെ ചന്ദ്രശേഖർ ബോംബെക്കും മഹാരാഷ്ട്രക്കുമായി കളിച്ചു. മലയാളി ഒളിമ്പ്യന്മാരിൽ മറ്റാരും സന്തോഷ് േട്രാഫിയിൽ മലയാളിനിരയിൽ ഉണ്ടായിരുന്നില്ല. പ്രഥമ മലയാളി ഫുട്ബാൾ ഒളിമ്പ്യൻ തോമസ് മത്തായി വർഗീസ് എന്ന തിരുവല്ലാ പാപ്പൻ 1945 മുതൽ 56 വരെ ബോംബെക്കാണ് കളിച്ചത്. '53ൽ നായകനായിരുന്നു.
ഗോളി എസ്.എസ്. നാരായണനും ബോംബെ താരമായിരുന്നു. നാലു ഫൈനലുകളിൽ ഗോൾ വഴങ്ങാതെ നിന്ന കാവൽഭടൻ. കോട്ടയം സാലി ബംഗാൾ നിരയിൽ തിളങ്ങി. അബ്ദുൽ റാനും ബംഗാൾ താരമായിരുന്നു. എം. ദേവദാസ് മദ്രാസിനും ബോംബെക്കും പിന്നീട് മഹാരാഷ്ട്രയായപ്പോൾ അവർക്കും വേണ്ടി കളിച്ചു. അന്ന് കേരളത്തിൽ ശ്രദ്ധേയമായ അഖിലേന്ത്യാ ടൂർണമെന്റുകൾ ഉണ്ടായിരുന്നതിനാൽ മലയാളി ഒളിമ്പ്യൻമാരുടെ കേരളത്തിലെ പ്രകടനം സന്തോഷ് േട്രാഫിയിൽ മാത്രം ഒതുങ്ങിയിരുന്നില്ല.
സൂപ്പർതാരങ്ങൾ പരിശീലകരായപ്പോൾ
ജർനെയ്ൽ സിങ് പഞ്ചാബിന്റെ പരിശീലകനായെങ്കിലും കേരളത്തിൽ എത്തിയതായി ഓർമയില്ല. 1973ൽ കേരളം നടാടെ കിരീടം ചൂടിയ എറണാകുളം സന്തോഷ് േട്രാഫിയിൽ റെയിൽവേ നായകൻ പ്രകാശ് ബിശ്വാസ് ആയിരുന്നു. ചിന്ന റെഡ്ഡിയും ടീമിൽ ഉണ്ടായിരുന്നു. ബംഗാൾനിരയിൽ സുഭാഷ് ഭൗമിക്ക് ആയിരുന്നു ഇതിഹാസതാരം. കേരളത്തെ ഒളിമ്പ്യൻ സൈമൺ സുന്ദർരാജ് പരിശീലിപ്പിച്ചപ്പോൾ റെയിൽവേസിന്റെ കോച്ച് മേവലാലും.
1988ലെ കൊല്ലം സന്തോഷ് േട്രാഫിയിൽ താരങ്ങളെക്കാൾ ശ്രദ്ധിക്കപ്പെട്ടൊരു കോച്ച് ഉണ്ടായിരുന്നു. ബംഗാളിന്റെ പി.കെ. ബാനർജി. മഹാരാഷ്ട്രക്കൊപ്പം ഡെറിക് ഡിസൂസയും. ഇവരൊക്കെ കളിനിർത്തിയിട്ട് കാലമെത്രയായിരുന്നു. പക്ഷേ, കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിലും പുറത്ത് വീഥികളിലും പി.കെയും ഡെറിക്കും ആരാധകശ്രദ്ധ നേടിയത് ഓർമയിൽ.
നാളെയുടെ താരങ്ങൾ
2001ൽ കേരളനിരയിൽ കളിച്ച ആസിഫ് സഹീറും സിൽവസ്റ്റർ ഇഷ്യേസും അബ്ദുൽ ഹക്കീമും പിന്നീട് ശ്രദ്ധേയരായി. ഫൈനലിൽ കേരളം ഗോവയെ തോൽപിച്ചപ്പോൾ (3-2) ഗോൾഡൻ ഗോൾ ഉൾപ്പെടെ മൂന്നു ഗോളും നേടിയത് ഹക്കീം.
തമിഴ്നാടിന്റെ സബീർ പാഷയും ഗോവയുടെ ജോസ് കൊളാസോയും ഒക്കെ മികവ് ആവർത്തിച്ചു. മഞ്ചേരിയിലെ യുവതാരങ്ങളിൽ ആരെങ്കിലുമൊക്കെ നാളെയുടെ സൂപ്പർതാരങ്ങൾ ആകുമെന്നു പ്രതീക്ഷിക്കാം. കാത്തിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.