കുടുംബശ്രീ നേട്ടങ്ങൾ പലതു കൈവരിച്ചിട്ടുണ്ട്. അടിത്തട്ടിൽ പലതരം മാറ്റങ്ങളും സാധ്യമാക്കി. എന്നാൽ, കുടുംബശ്രീയുടെ പ്രവർത്തനം തൃപ്തികരമാണോ? ഇനി ഏതാണ് സഞ്ചരിക്കേണ്ട വഴികൾ? വിവിധ ഫെമിനിസ്റ്റ് ഗ്രൂപ്പുകളുൾപ്പെടെയുള്ള വിവിധ പുരോഗമന രാഷ്ട്രീയ സംഘങ്ങളുമായുള്ള കൊടുക്കൽ വാങ്ങലുകളിലൂടെ കുടുംബശ്രീ, രാഷ്ട്രീയ സ്ത്രീ ആയി പരിണമിക്കേണ്ടതുണ്ടോ? -ഗവേഷകയും അധ്യാപികയുമായ ലേഖികയുടെ നിരീക്ഷണങ്ങളും വിശകലനവും വായിക്കാം.
1998ൽ കേരളത്തിൽ രൂപംകൊണ്ട കുടുംബശ്രീ പ്രസ്ഥാനം ഈ വർഷം രജതജൂബിലി ആഘോഷിക്കുകയുണ്ടായി. ഈ പ്രസ്ഥാനം രൂപവത്കരിക്കപ്പെട്ട മേയ് 17 കുടുംബശ്രീ ദിനമായി ആചരിക്കാനുള്ള സർക്കാർ തീരുമാനം ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പ്രഖ്യാപിക്കപ്പെട്ടു. കേരളീയസമൂഹത്തിന്റെ താഴേത്തട്ടിൽ, ആഴത്തിൽ വേരുറപ്പിച്ച സംഘടനാസംവിധാനമായി കുടുംബശ്രീ ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. രജതജൂബിലി ആഘോഷവേളയിൽ കുടുംബശ്രീയുടെ കഴിഞ്ഞ 25 വർഷങ്ങളിലെ പ്രവർത്തനങ്ങളെയും അവയുടെ നേട്ടങ്ങളെയും വിലയിരുത്താനുള്ള ശ്രമം ഇതുമായി ബന്ധപ്പെട്ടു ദീർഘകാലം പ്രവർത്തിച്ച ആക്ടിവിസ്റ്റുകളും മറ്റു ഗവേഷകരും നടത്തുകയുണ്ടായി. അതോടൊപ്പം ചേർത്തുവെക്കാവുന്ന ചില അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ആലോചനകളും പങ്കുവെക്കാനാണിവിടെ ശ്രമിക്കുന്നത്.
1986-87ൽ ചേരിപ്രദേശങ്ങൾ മാത്രം കേന്ദ്രീകരിച്ചു ആലപ്പുഴ പട്ടണത്തിലും എറണാകുളം നഗരത്തിലും തുടങ്ങിയ അർബൻ ബേസിക് സർവിസസ് (UBS) എന്ന പരിപാടി പിന്നീട് അർബൻ ബേസിക് സർവിസസ് ഫോർ ദി പുവർ (UBSP) എന്ന പദ്ധതിയായി വികസിക്കുകയും 1992-93ഓടെ സംസ്ഥാനത്തെ 16 നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി നഗര ദാരിദ്യനിർമാർജന (UPA) സെല്ലിന്റെ കീഴിൽ യൂനിസെഫിന്റെ സഹകരണത്തോടെ ആലപ്പുഴ പട്ടണത്തിൽ നടപ്പിലാക്കിയ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി എന്ന സംവിധാനം പിന്നീട് ഗ്രാമപ്രദേശങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് മലപ്പുറം ജില്ലയിലാകെ വ്യാപിപ്പിച്ചു. പൊതുവെ വിജയകരമെന്ന് വിലയിരുത്തപ്പെട്ട കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിയെ കുറിച്ച് കൂടുതൽ പഠിക്കുന്നതിന്റെയും, അത് സംസ്ഥാനവ്യാപകമായി പുതിയ പരിപാടിയായി വികസിപ്പിക്കുന്നതിന്റെ സാധ്യതകൾ അന്വേഷിക്കുന്നതിന്റെയും ഭാഗമായി 1997ൽ പ്ലാനിങ് ബോർഡിനുവേണ്ടി ഞാനൊരു ഇവാല്വേഷൻ സ്റ്റഡി നടത്തുകയുണ്ടായി.
അതിൽ വ്യക്തമായ കാര്യം ഈ സംവിധാനം ദാരിദ്ര്യത്തിന്റെ സാമൂഹികവശങ്ങളെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുകയും അതുവഴി ദാരിദ്ര്യലഘൂകരണം നടത്തുന്നതിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു എന്നതാണ്. കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്, പോഷകാഹാരം, ശുചിത്വം, കുടിവെള്ളം തുടങ്ങിയവയിലൂന്നി സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണം, സ്ത്രീകൾക്കുള്ള തൊഴിൽ വൈദഗ്ധ്യ പരിശീലനങ്ങൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയടക്കമുള്ള ദാരിദ്ര്യ ലഘൂകരണ പരിപാടികളായിരുന്നു പ്രധാനമായും നടത്തിയിരുന്നത്.
കുടുംബശ്രീ 25ാം വാർഷികാഘോഷ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, രാഷ്ട്രപതി ദ്രൗപദി മുർമു, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ
1996ൽ കേരളത്തിൽ ഭരണത്തിലെത്തിയ ഇടത് ജനാധിപത്യ മുന്നണി ഗവണ്മെന്റ് വികേന്ദ്രീകൃതാസൂത്രണ ഭരണത്തിന് തുടക്കം കുറിച്ച് ജനകീയാസൂത്രണ പരിപാടികൾക്ക് നേതൃത്വം നൽകി. കീഴ്ത്തട്ടു നിലയിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റു പ്രദേശങ്ങളിലെ സ്വയം സഹായ സംഘങ്ങളിൽനിന്നും വ്യത്യസ്തമായി കേരളത്തിൽ വികേന്ദ്രീകരണ ഭരണസംവിധാനവുമായി കണ്ണിചേർക്കപ്പെട്ട അയൽക്കൂട്ടങ്ങൾ, വാർഡ് തലത്തിൽ ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി, പഞ്ചായത്ത് തലത്തിൽ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി എന്ന ത്രിതല ഫെഡറേറ്റഡ് ഘടനയാണ് രൂപപ്പെടുത്തിയത്. ഇതിന്റെ തുടർച്ചയായി സംസ്ഥാനതലത്തിൽ വിവിധ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ദാരിദ്ര്യ നിർമാർജന മിഷൻ (SPEM) നിലവിൽ വന്നു. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന സംസ്ഥാന മിഷൻ, ജില്ലതല മിഷൻ ഓഫിസുകൾ, അവ ഏകോപിപ്പിക്കുന്ന ത്രിതല പഞ്ചായത്തീരാജ് സംവിധാനങ്ങളോട് കണ്ണിചേർക്കപ്പെട്ട ത്രിതല കുടുംബശ്രീ സംവിധാനങ്ങൾ എന്നിവ നിലവിൽ വന്നു. 1998 മേയ് 17ന് മലപ്പുറത്ത് കുടുംബശ്രീ മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.
തുടക്കത്തിൽ 94 ഗ്രാമപഞ്ചായത്തുകളും 59 നഗരസഭകളുമാണ് കുടുംബശ്രീക്ക് കീഴിൽ ഉണ്ടായിരുന്നത്. പിന്നീടത് സംസ്ഥാന വ്യാപകമായി വിപുലീകരിക്കപ്പെട്ടു. 2008ൽ ഏകീകൃത നിയമാവലി നിലവിൽ വരുകയും അതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ കുടുംബശ്രീ സംഘടനാ ഭാരവാഹികളാവുകയും ചെയ്തു. ആലപ്പുഴ മോഡലിൽനിന്നും സംസ്ഥാന വ്യാപകമായ കുടുംബശ്രീ പരിപാടിയായി ഈ സംവിധാനം പരിണമിച്ചപ്പോൾ വികേന്ദ്രീകൃത ആസൂത്രണ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിലും മൈക്രോ എന്റർപ്രൈസസ് വികസനത്തിലുമായി പുതിയ ഊന്നൽ. ഇന്നിപ്പോൾ കേരളത്തിലെ 55 ശതമാനത്തോളം കുടുംബങ്ങൾ ഈ സംവിധാനത്തിന്റെ ഭാഗമാണ്.
ലോകത്തൊട്ടാകെ പ്രധാനമായും സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ വഴി രൂപവത്കരിക്കുന്ന ചെറുകിട സംരംഭങ്ങൾ വിലയിരുത്തപ്പെടുന്നത് അവ ദാരിദ്ര്യ ലഘൂകരണത്തിന് എത്രത്തോളം വഴിയൊരുക്കി, അതുവഴി ഏതളവിൽ സ്ത്രീശാക്തീകരണം സാധ്യമായി എന്നിവയെ അടിസ്ഥാനമാക്കിയാണ്. സ്ത്രീകളുടെ വരുമാന നേട്ടത്തെ അവരുടെ ശാക്തീകരണവുമായി കൂട്ടിവായിക്കുന്ന കാഴ്ചപ്പാട് വികസന ചർച്ചകളിൽ 1970കൾ മുതൽ ശക്തമാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ തൊഴിലും വരുമാനനേട്ടവും അവരുടെയും കുട്ടികൾ ഉൾപ്പെടെയുള്ള മറ്റു കുടുംബാംഗങ്ങളുടെയും ജീവിതനിലവാരത്തെ മെച്ചപ്പെടുത്തുന്നതിന് വഴിയൊരുക്കും എന്നാണ് പ്രതീക്ഷ. ലോകത്തിലെ മൊത്തം ദരിദ്രരിൽ സ്ത്രീകളുടെ എണ്ണം താരതമ്യേന കൂടുതലാണെന്നും, ആയതിനാൽ ദാരിദ്ര്യലഘൂകരണ പ്രവർത്തനങ്ങളിൽ സ്ത്രീകളെ ലക്ഷ്യമിടുന്ന സവിശേഷ പരിപാടികളാണ് ആസൂത്രണം ചെയ്യേണ്ടതെന്നും ഐക്യരാഷ്ട്ര സഭയുടെ പഠനങ്ങൾ 1970കളിൽതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. സ്വന്തം കാര്യങ്ങളിലും കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയിലും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് നേടൽ, സാമ്പത്തിക ഇടപാടുകൾ നടത്താനുള്ള ശേഷി ആർജിക്കൽ തുടങ്ങി, വരുമാന നേട്ടം വഴി സ്ത്രീകൾ കൈവരിക്കുന്ന മെച്ചങ്ങളെ കുറിച്ച് ഇക്കാലത്തു ധാരാളം പഠനങ്ങളും നയരേഖകളും പുറത്തുവന്നിട്ടുണ്ട്.
1980കളുടെ ആദ്യം രൂപംകൊണ്ട ലോക സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി സംഘടിതമേഖലയിലെ പുരുഷന്മാരുടെ തൊഴിലവസരങ്ങൾ ചുരുങ്ങുകയും ഉൽപാദന പ്രവർത്തനങ്ങൾ ഗണ്യമായി അസംഘടിതമേഖലയിലേക്ക് ചുവടുമാറുകയും ചെയ്തു. കുറഞ്ഞ കൂലിയും താരതമ്യേന മോശപ്പെട്ട തൊഴിൽ സാഹചര്യങ്ങളുമുള്ള ഈ മേഖലയിലെ തൊഴിലവസരങ്ങൾ പ്രധാനമായും ലക്ഷ്യംവെച്ചത് ദരിദ്രവിഭാഗങ്ങളിലെ സ്ത്രീകളെയായിരുന്നു. ഫെമിനൈസേഷൻ ഓഫ് ലേബർ എന്ന് വിശേഷിപ്പിക്കുന്ന ഈ മാറ്റത്തിന്റെ ഭാഗമാണ് സ്ത്രീകൾക്കായുള്ള സ്വയം സഹായ സംഘങ്ങളും ചെറുകിട സമ്പാദ്യ-സംരംഭ പദ്ധതികളും.
മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീ ശക്തി കാന്റീനിലെ ജീവനക്കാർക്കൊപ്പം
1980കളിൽ ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമെല്ലാം മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ രൂപപ്പെടുകയും അതുവഴി ദരിദ്രവിഭാഗങ്ങൾക്ക് കടമെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ മുൻകൈയിൽ രൂപംകൊണ്ട സ്വയം സഹായ സംഘങ്ങൾ 1983ഓടെ ഗ്രാമീൺ ബാങ്ക് ആയി രൂപപ്പെട്ടു. ലോകത്തൊട്ടാകെ ദാരിദ്ര്യ ലഘൂകരണത്തിനുള്ള മാതൃകയായി ഗ്രാമീൺ ബാങ്ക് മോഡൽ വ്യാപകമായി ചർച്ചചെയ്യപ്പെടുകയുമുണ്ടായി. 1990കളോടെ വേൾഡ് ബാങ്ക്, യു.എസ് എയ്ഡ് തുടങ്ങിയ സ്ഥാപനങ്ങൾ മൂന്നാം ലോകരാജ്യങ്ങളിലെ ദാരിദ്ര്യ നിർമാർജനത്തിന് മാന്ത്രികശേഷിയുള്ള പരിപാടിയായി മൈക്രോഫിനാൻസിനെ അവതരിപ്പിച്ചു. ഈ സ്ഥാപനങ്ങൾ കണ്ടീഷനൽ കാഷ് ട്രാൻസ്ഫർ എന്ന മന്ത്രം ഏറ്റെടുക്കുന്നതിന് മുമ്പുള്ള കാലയളവിൽ മൈക്രോഫിനാൻസിന് നൽകിയ പ്രാമുഖ്യം ചെറുതല്ല. ഐക്യരാഷ്ട്രസഭ 2005ാം ആണ്ടിനെ ഇന്റർനാഷനൽ ഇയർ ഓഫ് മൈക്രോ ക്രെഡിറ്റ് ആയി പ്രഖ്യാപിച്ചു. 2006ൽ മുഹമ്മദ് യൂനുസിന് സമാധാനത്തിനുള്ള നൊേബൽ സമ്മാനം ലഭിക്കുകയും ചെയ്തു.
സ്ത്രീകളുടെ തൊഴിലും സാമൂഹികനിലയുമായി ബന്ധപ്പെട്ട ചർച്ചകൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രൂപപ്പെട്ടത് ഗാന്ധിയൻ ആശയമായ ‘സേവ’യിലൂന്നിയാണ്. 1960കൾ മുതൽ ഇതിന്റെ തുടർച്ചകൾ കാണാം. 1970കളിലെ മഹിളാ സമാജങ്ങൾ, അംഗൻവാടി എന്നിവയുടെ തുടർച്ചയാണ് 1980കളോടെ രംഗപ്രവേശംചെയ്ത സ്വയംസഹായ സംഘങ്ങളും, 2005ൽ നാഷനൽ റൂറൽ ഹെൽത്ത് മിഷന്റെ ഭാഗമായി വന്ന ആശാ വർക്കേഴ്സുമെല്ലാം. തൊഴിലുറപ്പ് പദ്ധതിയിലെ സർക്കാർ നിശ്ചയിച്ച കുറഞ്ഞ വേതനത്തിന്റെ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും സ്ത്രീകൾ തന്നെ. സ്ത്രീകളുടേത് തുല്യ കൂലി അവകാശപ്പെടാവുന്ന തൊഴിലല്ല, മറിച്ച് ഓണറേറിയം കൈപ്പറ്റാവുന്ന സാമൂഹിക സേവനമായി കാണണം എന്നതാണ് അതിന്റെ ഉള്ളടക്കം. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സർക്കാർ മുൻകൈയിലുള്ള പരിപാടികളിലും ഇതര സ്ത്രീശാക്തീകരണ നയങ്ങളിലുമെല്ലാം ഇത് വ്യക്തമായി നിഴലിക്കുന്നുമുണ്ട്.
ഇന്ന് സ്ത്രീശാക്തീകരണം എന്നത് വലിയൊരളവിൽ നവലിബറൽ ആശയങ്ങളുടെ പ്രചാരണത്തിന്റെയും പ്രവർത്തനത്തിന്റെയും ഭാഗമായി മാറിയിട്ടുണ്ട്. സ്ത്രീവാദ പ്രസ്ഥാനങ്ങൾപോലും ഈ ഉള്ളടക്കത്തെ തിരിച്ചറിയാതെ, അവയുടെ ഭാഗഭാക്കായി മാറുകയും ചെയ്യുന്നുണ്ട്. സ്ത്രീശാക്തീകരണത്തിന്റെ വലിയ ഒരു അളവുകോലായാണ് സ്ത്രീകളുടെ തൊഴിൽരംഗത്തേക്കുള്ള പ്രവേശനത്തെ പലരും കാണുന്നത്. പിതൃമേധാവിത്വ കുടുംബ ചട്ടക്കൂടിൽനിന്നുമുള്ള ഒരു രക്ഷയായും ഇതിനെ വിലയിരുത്തുന്നു. എന്നാൽ, കൂടുതൽ മുതലാളിത്ത ചൂഷണത്തിലേക്കാണ് പലപ്പോഴും ഈ തൊഴിൽ സാഹചര്യങ്ങൾ സ്ത്രീകളെ തള്ളിവിടുന്നത്. ആഗോളീകരണത്തിന്റെ ഭാഗമായി സ്ത്രീകൾക്ക് ലഭിച്ച സേവനമേഖലയിലെ പുതിയ തൊഴിലവസരങ്ങൾ ഇതിന് ഉദാഹരണമാണ്. സ്ത്രീകളുടെ തൊഴിലിനെ അർഹമായ വേതനത്തിൽനിന്നും വിവിധ തൊഴിൽ അവകാശങ്ങളിൽനിന്നും അടർത്തി മാറ്റി, പല പേരുകളിൽ – സാമൂഹിക സേവനം, ശാക്തീകരണ മാർഗം, പുതിയ മധ്യവർഗ ഉപഭോഗ രീതികളോട് അടുപ്പിക്കുന്ന കണ്ണി എന്നിവയെല്ലാമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്; ഇത് കുടുംബശ്രീ മുതൽ ഐ.ടി മേഖലയിൽ വരെ തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് ബാധകമാണ്.
കുടുംബശ്രീയിൽനിന്നും അനവധി സ്ത്രീകൾ പ്രാദേശിക ഭരണത്തിൽ എത്തുന്നത് ആ സംവിധാനത്തിന്റെ നേട്ടമായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. 2020ലെ പ്രാദേശിക ഭരണ തെരഞ്ഞെടുപ്പിൽ 50 ശതമാനം വനിതാ സംവരണമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആകെ തെരഞ്ഞെടുക്കപ്പെട്ട 11,000 അംഗങ്ങളിൽ 7071 പേർ കുടുംബശ്രീയിലെ സജീവ അംഗങ്ങളാണ്. അതായത്, തെരഞ്ഞെടുക്കപ്പെട്ട 65 ശതമാനം സ്ത്രീകൾ സജീവ കുടുംബശ്രീ അംഗങ്ങളാണ്. കുടുംബശ്രീയിൽനിന്നും ഒട്ടനവധി സ്ത്രീകൾ പ്രാദേശിക ഭരണത്തിൽ എത്തുന്നത് അവ രണ്ടും തമ്മിലുള്ള അകലം അത്ര വലുതല്ലാത്തതുകൊണ്ടാണ്. വനിതാ സംവരണം ലക്ഷ്യമിടുന്നത് സ്ത്രീകളുടെ രാഷ്ട്രീയരംഗത്തെ പങ്കാളിത്ത വർധനയാണ്. എന്നാൽ, അവർ പ്രാദേശിക ഭരണരംഗത്ത് നിലയുറപ്പിക്കുന്നതും അതിൽ ശേഷി ആർജിക്കുന്നതും രാഷ്ട്രീയരംഗം/ ഭരണ-നിർവഹണ രംഗം എന്ന വിഭജനം താഴേത്തട്ടിൽ രൂപപ്പെടാനും സ്ത്രീകൾ ഭരണനിർവഹണരംഗത്ത് കേന്ദ്രീകരിക്കാനും ഇടയാക്കുന്നുണ്ട്. ഇത് സ്ത്രീകളുടെ പൊതു രാഷ്ട്രീയ ഇടപെടൽ സാധ്യതകളെ ചുരുക്കുന്നു എന്നത് കാണാതിരിക്കാനാവില്ല.
കുടുംബശ്രീ സംവിധാനം വഴി സി.പി.എം താഴേത്തട്ടിലുള്ള ഭൂരിപക്ഷം വരുന്ന സ്ത്രീകളെ സംഘടിപ്പിക്കുകയും അവരെ വോട്ട് ബാങ്കാക്കി മാറ്റുകയും ചെയ്തിട്ടുണ്ട് എന്ന വിമർശനം സജീവമാണ്. വാസ്തവത്തിൽ ഇത് സി.പി.എമ്മിന് താൽക്കാലിക നേട്ടം എന്നതിലുപരി പല വെല്ലുവിളികളും ഉയർത്തുന്നുണ്ട്. രാഷ്ട്രീയ വിദ്യാഭ്യാസത്തിന് അവസരമില്ലാത്ത, ഭരണനിർവഹണ നൈപുണ്യം മാത്രം കൈമുതലാക്കിയ സ്ത്രീകൾ താഴേത്തട്ടിൽ ഇടതു രാഷ്ട്രീയം കൈകാര്യംചെയ്യാൻ പ്രാപ്തിയില്ലാത്തവരായി മാറുകയാണ്. സി.പി.എം മുന്നോട്ട് വെക്കുന്ന നവോത്ഥാന രാഷ്ട്രീയം പ്രാദേശികമായി കൈകാര്യം ചെയ്യാനുള്ള ശേഷി ഇവർക്കുണ്ടാവില്ല. വനിതാമതിലിൽ പങ്കെടുത്താൽ മാത്രം പോരാ, അതുയർത്തുന്ന രാഷ്ട്രീയം തങ്ങളുടെ ജീവിതപരിസരങ്ങളിൽ പ്രയോഗിക്കാനുള്ള തിരിച്ചറിവും ഉൾക്കരുത്തും ഉണ്ടാകണം. എന്നാൽ, ഇത്തരം രാഷ്ട്രീയബോധ്യം ഈ സംഘങ്ങൾക്കില്ലാതെ പോകുന്നു. ബി.ജെ.പി കേന്ദ്രത്തിൽ 2014ൽ അധികാരത്തിലെത്തിയതിനു ശേഷം കേരളത്തിലെ പൊതുസമൂഹത്തിൽ നവയാഥാസ്ഥിതിക മൂല്യങ്ങൾ കൂടുതൽ വേരുറപ്പിച്ചിട്ടുണ്ട്. സ്ത്രീകളുടെ ശബരിമല ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന നാമജപയാത്രകളും മറ്റും ഉദാഹരണം. കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയത് 15 ശതമാനം വോട്ടുകളാണ്. ഇവയെ പ്രതിരോധിക്കാനുള്ള ഉൾക്കരുത്ത് ഭരണനൈപുണികൊണ്ടു മാത്രം നേടാനാവില്ല.
പ്രാദേശിക ഭരണവുമായി ബന്ധപ്പെട്ട വിവിധ ജോലികൾ സേവനമായോ തുച്ഛമായ വേതനത്തിനോ നിർവഹിച്ച്, വികേന്ദ്രീകരണ ഭരണം സൃഷ്ടിക്കുന്ന അധിക തൊഴിൽ ഏറ്റെടുത്ത്, ഭരണ നിർവഹണത്തിലുള്ള പ്രാദേശിക സർക്കാറുകളുടെ അധികഭാരത്തെ സബ്സിഡൈസ് ചെയ്യാനാണ് കുടുംബശ്രീ സ്ത്രീകൾ പ്രവർത്തിക്കുന്നത്. മാത്രമല്ല, ഈ പുറംവേലയുടെ പേരിൽ സ്ത്രീകളുടെ ഗാർഹിക ജോലിഭാരം ഒട്ടും ലഘൂകരിക്കപ്പെടുന്നുമില്ല. എന്നാൽ, വീട്ടുജോലികൾ ചെയ്യാനുതകുന്നതരത്തിലുള്ള അയവ് പുതിയ ജോലികളുടെ ഒരു ആകർഷണംതന്നെയായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. നാഷനൽ സാമ്പിൾ സർവേയുടെ 2019ലെ ടൈം യൂസ് സർവേ കാണിക്കുന്നത് കുടുംബത്തിനുള്ളിലെ ഗാർഹികജോലികളുടെ വിഭജനത്തിലുള്ള ഗണ്യമായ സ്ത്രീ-പുരുഷ അന്തരമാണ്. തന്നെയുമല്ല, 1999ലെ സാമ്പിൾ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ 20 വർഷത്തെ കാലയളവിൽ ഇതിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുമില്ല. കുടുംബശ്രീ സംവിധാനത്തിനുള്ളിലെ സ്ത്രീകൾ ഒരുതരം കർത്തൃത്വവും ഇല്ലാത്തവരാണ് എന്നല്ല ഉദ്ദേശിച്ചത്; പല സ്ത്രീകളും പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് അവസരങ്ങളെ വിവിധതരത്തിൽ പ്രയോജനപ്പെടുത്തി തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നുണ്ട്. എന്നാൽ, ഇത്തരം നേട്ടങ്ങളെ ചൂണ്ടിക്കാട്ടുമ്പോൾതന്നെ, ഇതുപോലുള്ള ശാക്തീകരണ ഇടങ്ങളുടെ പരിമിതി മനസ്സിലാക്കാതെ പോകരുത്.
മറ്റിടങ്ങളിലെ ചെറു സമ്പാദ്യ-സംരംഭ സംഘങ്ങളിൽനിന്നും കുടുംബശ്രീയെ വ്യത്യസ്തമാക്കുന്നത് അതിന് കേരള സർക്കാർ ഉറപ്പാക്കുന്ന സുരക്ഷയാണ്. ദരിദ്രജനങ്ങളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഒരു ഉത്തരവാദിത്തമാണെന്ന നിലപാടിൽ നിന്നുകൊണ്ട് ധാരാളം ഇടപെടലുകൾ സർക്കാർതലത്തിൽ നടക്കുന്നുണ്ട്. 2023-2024 ബജറ്റിൽ കുടുംബശ്രീക്കായി സർക്കാർ വകയിരുത്തിയത് 260 കോടി രൂപയാണ്. കോവിഡ് മഹാമാരി സമയത്തും കുടുംബശ്രീ വഴി പണവും ഭക്ഷണകിറ്റുകളും വിതരണംചെയ്തിരുന്നു. മഹാമാരി സൃഷ്ടിച്ച തകർച്ചയിൽനിന്നും കരകയറാൻ 20,000 ഏരിയ ഡെവലപ്മെന്റ് സൊസൈറ്റികൾക്ക് ഒരുലക്ഷം രൂപ എന്ന കണക്കിൽ 200 കോടി രൂപയാണ് 2021ൽ സർക്കാർ അനുവദിച്ചത്. സർക്കാറിന്റെ ഈ താങ്ങ് അത്രമേൽ പ്രധാനമാണെന്നും കുടുംബശ്രീപോലുള്ള സംവിധാനങ്ങൾ അതിൽനിന്നും പൂർണമായി വിടുതൽ നേടേണ്ടതുണ്ട് എന്ന വാദം അപ്രായോഗികമാണെന്നും പ്രഫസർ ജയതി ഘോഷ് 2013ൽ കേംബ്രിജ് ജേണൽ ഓഫ് ഇക്കണോമിക്സിൽ പ്രസിദ്ധീകരിച്ച മൈക്രോഫിനാൻസ് സ്ഥാപനങ്ങളെക്കുറിച്ചുള്ള ലേഖനത്തിൽ ഊന്നിപ്പറയുന്നുണ്ട്. ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രം (54,000ത്തോളം) വരുന്ന, കേരള സർക്കാർ കണ്ടെത്തിയ അതിദരിദ്രരായവർക്ക് നിശ്ചയമായും ചെറുകിട സംരംഭങ്ങൾ പരിമിതമായേ സഹായകമാകുകയുള്ളൂ. അതിലെ ഒരു വലിയ ശതമാനം ആളുകൾക്കും സർക്കാറിന്റെ ദീർഘകാല താങ്ങ് ആവശ്യമാണ്. അതിദാരിദ്ര്യത്തിന്റെയും അത് രൂപപ്പെടുത്തുന്ന സാമൂഹിക പിന്നാക്കാവസ്ഥയുടെയും സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാവണം സർക്കാർ ഇടപെടലുകൾ തീരുമാനിക്കപ്പെടേണ്ടത്.
ഏഷ്യയിലും ആഫ്രിക്കയിലുമുള്ള പല മൂന്നാം ലോകരാജ്യങ്ങളിലും ഇന്നത്തെ സാഹചര്യങ്ങളിൽ ‘സ്വയം തൊഴിൽ എന്നത് സ്വയം ചൂഷണം’ (self exploitation) ആണെന്ന നിരീക്ഷണം നിലവിലുണ്ട്. പല മൈക്രോ എന്റർപ്രൈസുകളും മുന്നോട്ടുപോകുന്നത്, കൂലി/ലാഭം എന്ന വേർതിരിവില്ലാത്തതുകൊണ്ടാണ്. കൂലി കണക്കാക്കാതെ മിച്ചം വരുന്ന പണം വീതിച്ചെടുക്കുകയാണ് – കിട്ടുന്നത് നേട്ടമായി കാണും. പലപ്പോഴും ഇത്തരം സ്വയം തൊഴിൽ കൂലിവേലയെക്കാൾ പരിതാപകരമാണ്. കുറച്ച് വർഷങ്ങൾമുമ്പ് കൊളംബോയിൽ മൈക്രോഫിനാൻസ് സംഘങ്ങളിലെ സ്ത്രീകൾ നടത്തിയ പ്രകടനത്തിൽ ഉയർന്ന ഒരു മുദ്രാവാക്യം ‘‘ഞങ്ങൾക്ക് ഇനി മൈക്രോഫിനാൻസ് വേണ്ട, തൊഴിൽ തരൂ’’ എന്നായിരുന്നു. സ്വകാര്യ, പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളാവട്ടെ, ബാങ്ക് ലിങ്കേജ് വഴി ഇത് ലാഭകരമായ ഒരു ബിസിനസായി നടത്തുന്നുണ്ട്. എല്ലാവരെയും സംരംഭകരാക്കി ദാരിദ്യലഘൂകരണം നടത്താമെന്നത് അസാധ്യമാണെന്ന തിരിച്ചറിവാണുണ്ടാവേണ്ടത്. ഇന്ന് കുടുംബശ്രീ വഴി ആരംഭിക്കുന്ന പല യൂനിറ്റുകളും പാതിവഴിയിൽ നിന്നുപോകുന്നുണ്ട്.
സംരംഭകത്വത്തിനാവശ്യമായ നൈപുണ്യവും വിജയിക്കാനാവശ്യമായ മറ്റു സാമൂഹിക സാഹചര്യങ്ങളും ഏറ്റെടുക്കേണ്ടിവരുന്ന റിസ്കും എല്ലാം പരിഗണിക്കേണ്ടതുണ്ട്. കുടുംബശ്രീക്ക് കീഴിൽ ഒരുലക്ഷത്തോളം മൈക്രോ എന്റർപ്രൈസുകൾ ഉണ്ട് എന്നാണ് അവകാശപ്പെടുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ അവയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ ക്രോഡീകരിക്കുകയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തിരഞ്ഞെടുത്ത യൂനിറ്റുകളെ കുറച്ചുകാലം പിന്തുടർന്ന് ആഴത്തിൽ പഠിക്കാനും (longitudinal survey) വിശകലനം ചെയ്യാനും ഈ ഡേറ്റ മറ്റു ഗവേഷകർക്ക് ലഭ്യമാക്കാനും കഴിഞ്ഞാൽ അത് സംരംഭകർക്ക് സഹായകരമായ നടപടിയാവും. യൂനിറ്റുകൾ വഴി ഉൽപാദിപ്പിച്ച് വിൽപന നടത്തുന്ന ഉൽപന്നങ്ങളായാലും നൽകുന്ന മറ്റു സേവനങ്ങളായാലും കുടുംബശ്രീ നേരിടുന്ന ഒരു വെല്ലുവിളി അവയെ മൂല്യം കുറച്ച് പൊതുസമൂഹം കാണുന്നു എന്നതാണ്. അതായത് കുടുംബശ്രീ വഴി ലഭിക്കുന്ന സേവനങ്ങളും അവരുടെ ഉൽപന്നങ്ങളും വില കുറഞ്ഞതാവണമെന്നാണ് ആവശ്യം. കുടുംബശ്രീ ഊണ് ആണെങ്കിൽ 20 രൂപക്ക് വിഭവസമൃദ്ധമായി ലഭിക്കണം! സ്വയം തൊഴിലിലെ സ്വയം ചൂഷണം അവസാനിപ്പിച്ച് കുടുംബശ്രീ ബ്രാൻഡ് ബിൽഡിങ് നടത്തുകയും ന്യായമായ ലാഭം ഉറപ്പാക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്.
കുടുംബശ്രീക്ക് പുറത്ത് നിരവധി വനിതാ സംരംഭകർ കേരളത്തിലുണ്ട്. അവരിൽ ചിലർ തങ്ങളുടെ വിജയകഥകൾ രജതജൂബിലി ആഘോഷവേളയിൽ പങ്കുവെക്കുകയുണ്ടായി. ഇത്തരം സംരംഭങ്ങൾക്ക് ആവശ്യമായ തൊഴിലാളികളെ ന്യായമായ കൂലിയും തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കി വിതരണംചെയ്യുന്ന ലേബർ ബാങ്ക് പോലെയുള്ള സംവിധാനങ്ങൾ ജില്ലാടിസ്ഥാനത്തിൽ കുടുംബശ്രീക്ക് രൂപവത്കരിക്കാവുന്നതാണ്. അവകാശബോധമുള്ള തൊഴിലാളികളാവുക എന്നത് ഉയർന്ന രാഷ്ട്രീയനിലയാണല്ലോ. പ്രാദേശികമായി രൂപവത്കരിക്കുന്ന ഇത്തരം ലേബർ ബാങ്കുകൾ വഴി കേരളത്തിൽ ഇക്കാലത്ത് വളരെയധികം ആവശ്യമുള്ള, കുട്ടികൾക്കും വൃദ്ധർക്കും പരിചരണം നൽകുന്ന തൊഴിലാളികളെ ഉറപ്പാക്കാവുന്നതാണ്. ചെറുപ്പക്കാരായ സ്ത്രീകളെ കുടുംബശ്രീയിലേക്ക് ആകർഷിക്കുന്നതിനുവേണ്ടി രൂപവത്കരിക്കാൻ നിശ്ചയിച്ച ഓക്സിലിയറി കുടുംബശ്രീ യൂനിറ്റുകൾക്ക് ഏറ്റെടുക്കാവുന്നതരം പ്രവൃത്തിയാണിത്.
എന്നാൽ, സർക്കാറിന്റെ ഔദ്യോഗിക ദാരിദ്ര്യനിർമാർജന സംവിധാനം എന്നനിലയിൽ കുടുംബശ്രീ പദ്ധതിയിൽ സംഭവിക്കുന്ന ഒഴിവാക്കപ്പെടലുകളും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഒരു ഗവേഷണ പദ്ധതിയുടെ ഭാഗമായി പാലക്കാട്ടെ കണ്ണാംബ്ര, വയനാട്ടിലെ കണിയാമ്പറ്റ തുടങ്ങിയ പഞ്ചായത്തുകളിൽ 2008-10 വർഷങ്ങളിൽ ഞാനുൾപ്പെട്ട ടീം ഫീൽഡ് സർവേ നടത്തിയിരുന്നു. അതിൽ ചൂണ്ടിക്കാട്ടുന്നത് വിവിധ തൊഴിലുകൾക്കായി ദിവസേന യാത്രചെയ്യുന്ന പട്ടികജാതി വിഭാഗത്തിൽപെടുന്നവർ, കുടകിലെയും മറ്റും തോട്ടങ്ങളിൽ വേലക്കായി മാസങ്ങളോളം മാറി താമസിക്കേണ്ടിവരുന്ന പട്ടികവർഗത്തിലെ പണിയവിഭാഗത്തിൽപെട്ട തൊഴിലാളികൾ തുടങ്ങിയവർ കുടുംബശ്രീ പദ്ധതിയിൽനിന്നുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിന് അർഹരല്ലാതാവുന്നു എന്നതാണ്. ആനുകൂല്യങ്ങൾ നേടാൻ പ്രാദേശിക കുടുംബശ്രീ യൂനിറ്റുകളിലെ പ്രവർത്തന പങ്കാളിത്തം ആവശ്യമായി വരുമ്പോൾ ലൈംഗിക ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ വ്യക്തികൾ ഒഴിവാക്കപ്പെടുന്ന സാഹചര്യവുമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദാരിദ്ര്യ നിർമാർജന പദ്ധതികളുടെ ഏകോപന സംവിധാനത്തിൽനിന്നുമുള്ള ഈ ഒഴിവാക്കലുകൾ ഗൗരവത്തോടെ കാണേണ്ടതാണ്.
മറ്റൊരു വിഷയം കുടുംബശ്രീയുടെ ജില്ല ഓഫിസുകളുടെ ചില അപര്യാപ്തതകളാണ്. സ്റ്റേറ്റ് മിഷൻ ഓഫിസിൽനിന്നും വ്യത്യസ്തമായി ജില്ലാ പ്രവർത്തനങ്ങളെ ഫലപ്രദമായി കോഓഡിനേറ്റ് ചെയ്യാനും പ്രാദേശിക സവിശേഷതകൾക്കനുസരിച്ചു സ്വയംതൊഴിൽ സാധ്യതകൾ കണ്ടെത്താനും നിലവിലുള്ള മൈക്രോ എന്റർപ്രൈസുകളുടെ ഡേറ്റ ശേഖരിക്കാനും കഴിവുള്ള ഒരു ടീം അവിടെ ഉണ്ടാവേണ്ടതുണ്ട്. മാറുന്ന തൊഴിൽ സാഹചര്യങ്ങളിൽ പുതിയ തൊഴിൽസാധ്യതകൾ ആരായാനും കമ്പ്യൂട്ടർ അധിഷ്ഠിത പ്രവൃത്തിനൈപുണ്യ പരിശീലനങ്ങൾ കുടുംബശ്രീയുടെ കീഴിൽ നടപ്പാക്കാനും മറ്റുമുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ മെച്ചപ്പെട്ട ടീം വേണം. മാത്രമല്ല, നഗരപ്രദേശങ്ങളിൽ കുടുംബശ്രീ കൂടുതൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. നഗരങ്ങളിൽ ഗ്രാമങ്ങളെ അപേക്ഷിച്ചു ദാരിദ്ര്യം കൂടുതലാണ്, ഒപ്പം അതിന്റെ മാനങ്ങളും വ്യത്യസ്തമാണ്.
നഗരപ്രദേശങ്ങളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ല. പൊതു ആരോഗ്യസംവിധാനങ്ങളും അപര്യാപ്തമാണ്. കോവിഡ് ഇന്ത്യൻ നഗരങ്ങളിലെ ദരിദ്രരെ എങ്ങനെ ബാധിക്കുന്നു എന്ന പഠനത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ വർഷം ഞങ്ങൾ നടത്തിയ ഗവേഷണത്തിൽ വ്യക്തമായ ഒരു കാര്യം ഈ മഹാമാരിയെ നേരിടാൻ വേണ്ടത്ര സർക്കാർ ആശുപത്രികൾ നഗരപരിധിക്കുള്ളിൽ ഉണ്ടായിരുന്നില്ല എന്നും അതിനായി പുതിയ സംവിധാനങ്ങൾ രൂപവത്കരിക്കേണ്ടിവന്നു എന്നുമാണ്. പൊതുവെ ഗ്രാമങ്ങളെ അപേക്ഷിച്ചു നഗരങ്ങളിൽ കുടുംബശ്രീ വേണ്ടത്ര വേരോടിയിട്ടില്ല. ഒരുപക്ഷേ, കേരള സിവിൽ സർവിസ് കേഡറിലുള്ള ഉദ്യോഗസ്ഥരുടെയും തിരഞ്ഞെടുത്ത സാമൂഹിക പ്രവർത്തകരുടെയുമെല്ലാം നേതൃത്വത്തിൽ കൂടുതൽ ജാഗ്രതയോടെ ഏകോപിക്കപ്പെടേണ്ട പ്രവർത്തനങ്ങളാണവ. തമിഴ്നാട് സർക്കാർ കഴിഞ്ഞ വർഷം ഗ്രാമീണമേഖലയിലെ വികസന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാനായി തമിഴ്നാട് ചീഫ് മിനിസ്റ്റേഴ്സ് ഫെലോഷിപ് പ്രോഗ്രാം എന്ന തിരഞ്ഞെടുത്ത ചെറുപ്പക്കാരുടെ പുതിയ കേഡർ രൂപവത്കരിക്കുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്തിരുന്നു.
മുകളിൽ സൂചിപ്പിച്ചതുപോലെ സ്ത്രീശാക്തീകരണം എന്നത് സർക്കാർ നിശ്ചയിക്കുന്ന ചട്ടക്കൂടിനുള്ളിൽ പ്രവർത്തനശേഷിയും വരുമാനവും ആർജിക്കുന്ന ഒന്നായി പൊതുവെ പരിമിതപ്പെട്ടിട്ടുണ്ട്. അതിനാൽ ഇതിനെ സ്റ്റേറ്റ് ഫെമിനിസമെന്നും വിശേഷിപ്പിക്കാറുണ്ട്. പ്രാദേശിക ആൺകോയ്മാ വ്യവസ്ഥയെയോ കുടുംബത്തിനുള്ളിലെ പിതൃമേധാവിത്വത്തെയോ കാര്യമായി നോവിക്കാതെയും ഉടയ്ക്കാതെയുമാണിവയുടെ പ്രവർത്തനങ്ങൾ. 2022ൽ ജോസ് ചാത്തുക്കുളവും മാനസിയും ചേർന്ന് മെയിൻ സ്ട്രീം മാസികയിലെഴുതിയ ലേഖനത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ ശാക്തീകരണത്തെ പഞ്ചായത്ത് ഫെമിനിസം എന്നാണ് വിശേഷിപ്പിക്കുന്നത്. അയൽക്കൂട്ട മീറ്റിങ്ങുകൾ, അതുവഴിയുള്ള സൗഹൃദങ്ങൾ, ഇടപെടൽ സാധ്യതകൾ ഇവയെല്ലാം സ്ത്രീകൾക്ക് കൂടുതൽ പൊതു ഇടം ലഭ്യമാക്കി. ഒപ്പം ചെറിയതോതിലെങ്കിലും വരുമാനനേട്ടം ഉണ്ടാക്കാനും പലർക്കും കഴിഞ്ഞിട്ടുണ്ട്. രോഗസാഹചര്യങ്ങളിലും മറ്റു പ്രതിസന്ധികളിലും സഹായം തേടാവുന്നവരായി അവർ പരസ്പരം കാണുന്നു എന്നാണ് ഐ.ഐ.ടി മദ്രാസിൽ ശിവജ കെ. നായർ 2022ൽ പൂർത്തിയാക്കിയ ഡോക്ടറൽ ഗവേഷണം കണ്ടെത്തുന്നത്.
കേരള പൊതുസമൂഹത്തിന്റെ പരിച്ഛേദം എന്നനിലയിൽ കുടുംബശ്രീ പ്രവർത്തകർ ഇന്ന് പ്രധാനമായും രണ്ടുതരം വെല്ലുവിളികൾ നേരിടുന്നുണ്ട്. ഒന്ന്, ആൺകോയ്മ ഇന്നനുഭവിക്കുന്ന പ്രതിസന്ധിയും അരക്ഷിതാവസ്ഥയും അതുൽപാദിപ്പിക്കുന്ന അതിക്രമങ്ങളും. ഇതിൽ കുടുംബശ്രീയുടെ വളർച്ചക്കും കാര്യമായ പങ്കുണ്ട്. രണ്ട്, ഹിന്ദുത്വ ശക്തികൾ കരുത്താർജിക്കുന്നതിന്റെ ഭാഗമായി രൂപപ്പെടുന്ന നവ യാഥാസ്ഥിതിക മൂല്യബോധം സമൂഹത്തിൽ പിടിമുറുക്കുന്നത്. ഇത് കുടുംബബന്ധങ്ങളിലും കുട്ടികളെ വളർത്തുന്നതിലുമെല്ലാം പ്രതിധ്വനിക്കുന്നുമുണ്ട്. ഇത്തരം പ്രതിലോമ മൂല്യങ്ങൾ ജാതി കുടുംബബന്ധങ്ങളിൽ ഉറപ്പിക്കുന്നതരം വേദികൾ, വാട്സ്ആപ് കൂട്ടായ്മകൾ ഒക്കെ പുതുതായി രൂപപ്പെട്ടുവരുന്നുണ്ട്. കുടുംബങ്ങൾക്കുള്ളിലും പൊതു ഇടങ്ങളിലും വർധിച്ചുവരുന്ന അതിക്രമങ്ങളെ ചെറുക്കുന്നതോടൊപ്പം നവ യാഥാസ്ഥിതിക മൂല്യങ്ങൾക്കെതിരെ കൃത്യമായ രാഷ്ട്രീയബോധം ആർജിച്ചെടുക്കാനും കുടുംബശ്രീ സംവിധാനത്തിനുള്ളിലെ സ്ത്രീകൾക്ക് സാധിക്കേണ്ടതുണ്ട്. അതിന് സംസ്ഥാനത്തെ വിവിധ ഫെമിനിസ്റ്റ് ഗ്രൂപ്പുകളുൾപ്പെടെയുള്ള വിവിധ പുരോഗമന രാഷ്ട്രീയ സംഘങ്ങളുമായുള്ള കൊടുക്കൽ വാങ്ങലുകളിലൂടെ കുടുംബശ്രീ, രാഷ്ട്രീയ സ്ത്രീയായി പരിണമിക്കേണ്ടത് അനിവാര്യവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.