ആറു ഭൂഖണ്ഡങ്ങളിലെ 32 വമ്പന്മാർ കൊമ്പുകുലച്ചെത്തുന്ന ഖത്തറിൽ അവസാന ചിരിയും കപ്പുമായി മടങ്ങുന്നവർക്കായി ആകാംക്ഷയോടെ കൺപാർത്തുനിൽക്കുകയാണ് ലോകം. യൂറോപ്പിന് കണക്കിലേറെ പ്രാതിനിധ്യമുള്ള, എന്നിട്ടും പ്രതീക്ഷകളിൽ ലാറ്റിനമേരിക്കക്കൊപ്പം ആഫ്രിക്കയും ഏഷ്യയുമുള്ള ലോകകപ്പാണ് പതിവുപോലെ ഇത്തവണത്തേതും. ടീം പ്രകടനത്തിൽ പിറകിലാകുമ്പോഴും താരത്തിളക്കത്തിൽ കറുത്ത വൻകരയും ലാറ്റിനമേരിക്കയും മുന്നിൽ നിൽക്കുന്ന ആഗോള മാമാങ്കം. ആരു ജയിച്ചാലും ആഘോഷം ലോകത്തിനു മൊത്തമെന്നുറപ്പുള്ള സമാനതകളില്ലാത്ത ഉത്സവം.
കളി ഫുട്ബാളും വേദി ലോകകപ്പുമാകുമ്പോൾ ആരൊക്കെ നോക്കൗട്ട് കടക്കുമെന്നും അവസാനം കിരീടം ചൂടുമെന്നുമുള്ളത് ഉത്തരം ലളിതമല്ലാത്ത ചോദ്യങ്ങൾ. ഓരോ ടീമിന്റെയും വിജയത്തിനായി സമൂഹമാധ്യമങ്ങളിലും ടെലിവിഷനു മുന്നിലും ആർത്തുവിളിച്ച് ദശലക്ഷങ്ങളുണ്ടാകുമ്പോൾ വിശേഷിച്ചും. ഖത്തറിലേക്ക് ലോകമൊഴുകുകയാണ് ഈ ദിനങ്ങളിൽ. അതിനു സാധ്യമാകാത്തവർ സ്വന്തമായി വേദികളൊരുക്കിയും ഉള്ളിടത്ത് കാഴ്ചപ്പന്തലുകൾ തീർത്തും ദൃശ്യവിരുന്ന് തീർക്കുന്നു. ഇഷ്ട ടീമിനെയും താരങ്ങളെയും ചേർത്തുപിടിച്ചും ഉറക്കെപ്പറഞ്ഞും ആവേശം തുളുമ്പിപ്പരക്കുന്ന സുവർണ നാളുകളിൽ കപ്പ് എങ്ങോട്ടെന്ന കാത്തിരിപ്പിനൊപ്പം സാധ്യതാ അന്വേഷണവും പ്രസക്തം.
ഒരിക്കൽപോലും യൂറോപ്പിനും ലാറ്റിനമേരിക്കക്കും പുറത്തുപോയിട്ടില്ലെന്ന സവിശേഷതയുള്ളതാണ് ഫിഫ ലോകകപ്പ് കിരീടം. മുമ്പ് യൂൾറിമെ കപ്പായപ്പോഴും അവിടെ മറ്റാർക്കും പ്രവേശനമുണ്ടായിട്ടില്ല. വേദിയൊരുങ്ങുന്നിടത്തു പോലുമുണ്ടായിരുന്നു ഏറെക്കാലം ഈ സംവരണം. ഒടുവിൽ ദക്ഷിണാഫ്രിക്കക്കും ദക്ഷിണ കൊറിയ-ജപ്പാനും ആതിഥ്യം നൽകി ഫിഫ ഈ തലവര മാറ്റിക്കുറിച്ചു. ഒടുവിലിതാ, അറബ് ലോകത്തും ആദ്യമായി സോക്കർ മാമാങ്കം വിരുന്നെത്തുന്നു. ഊഷരമായി കിടന്ന മണൽപരപ്പുകളെ അക്ഷരാർഥത്തിൽ മാറ്റിപ്പണിതത് ഖത്തർ 22ാമത് ആഗോള ചാമ്പ്യൻഷിപ്പിൽ ആതിഥേയരാകുമ്പോൾ കിരീടവും ഭൂഖണ്ഡം കടക്കുമോ? സാധ്യതകളും സ്വപ്നങ്ങളും പലതാണ്. ബ്രസീൽ, ഫ്രാൻസ്, അർജന്റീന, ക്രൊയേഷ്യ, സ്പെയിൻ, ജർമനി, ഇംഗ്ലണ്ട്, ബെൽജിയം, നെതർലൻഡ്സ്, പോർചുഗൽ തുടങ്ങി സാദിയോ മാനേയുടെ സെനഗാൾ വരെ ഇത്തവണ ഏതു ടീമും അത്ഭുതങ്ങൾ തീർത്തേക്കാമെന്ന് ലളിതമായി പറയാം. 2010ൽ ലോകകപ്പും രണ്ടു വർഷം കഴിഞ്ഞ് യൂറോപ്യൻ ചാമ്പ്യൻഷിപ്പും മാറോട് ചേർത്ത സ്പെയിൻ 2014 ലോകകപ്പിൽ ദയനീയമായി പുറത്തുപോയത് എണ്ണമറ്റ ഉദാഹരണങ്ങളിലൊന്ന്. അതേ ടൂർണമെന്റിലെ ഗ്രൂപ് ഡിയിൽ ഇറ്റലിയും ഇംഗ്ലണ്ടും നോക്കൗട്ട് കാണാതെ പുറത്തായപ്പോൾ ഒന്നാമന്മാരായി കോസ്റ്ററീകയും രണ്ടാമതെത്തി ഉറുഗ്വായിയും പ്രീക്വാർട്ടറിലെത്തിയത് മറ്റൊരു ചരിത്രം. ഈ ലോകകപ്പിലുമുണ്ടാകും തീർച്ചയായും കുതൂഹലങ്ങൾ. കാത്തിരിപ്പുകളുടെ ചിറകരിഞ്ഞ് വലിയ നേട്ടങ്ങളിലേക്ക് പന്തടിച്ചുകയറുന്ന ഇത്തിരിക്കുഞ്ഞന്മാരും.
യൂറോപ്പിൽനിന്ന് 13 ടീമുകൾക്ക് പ്രാതിനിധ്യമുണ്ടെങ്കിലും ലാറ്റിനമേരിക്കൻ പവർഹൗസുകളായ ബ്രസീലും അർജന്റീനയുംതന്നെയാണ് ആരാധകരുടെ ഒന്നാം ടീമുകൾ. നിലവിലെ പ്രകടനമികവ് തുടരുന്നപക്ഷം ഏറ്റവും ചുരുങ്ങിയത് ഇരുവരും അവസാന നാലുവരെയെങ്കിലും എത്തണം. എന്നുവെച്ച്, കലാശം കുറിക്കുന്ന ആവേശപ്പോരിൽ ഇവർ തമ്മിലൊരു മുഖാമുഖം സാധ്യമാണോ? അതുണ്ടാകില്ല. പരമാവധി പോയാൽ, ഒരു ലാറ്റിനമേരിക്കൻ സെമി കാണാം. അതും കഴിഞ്ഞ് ഒരു ടീം ഫൈനൽ കളിക്കും. മികവും ഭാഗ്യവും ഒന്നിച്ച് കൂട്ടുവന്നാൽ കപ്പുയർത്തുകയുമാകാം.
സമീപകാല ചരിത്രം തുണയാകുന്നെങ്കിൽ ബ്രസീൽ ആറാം കിരീടവുമായി ചരിത്രമുയർത്തിയേക്കാം. സൂപ്പർതാരം നെയ്മർ അല്ല ടീമെന്ന് കഫുവും കൂട്ടരും പറയുമ്പോഴും താരത്തിന്റെ സാന്നിധ്യവും കളിയഴകും ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, റിച്ചാർലിസൺ തുടങ്ങിയ പരിചയസമ്പന്നർ മുതൽ പയ്യൻപടയായ ആന്റണി, പെഡ്രോ വരെ നീളുന്നു ബ്രസീലിന്റെ ആക്രമണനിര. ഇവരിൽ ആരെ പരീക്ഷിച്ചാലും ടീം കരുത്തുകൂട്ടുകയേ ഉള്ളൂവെന്നാണ് കഴിഞ്ഞ കളികൾ നൽകുന്ന പാഠം. യോഗ്യതയും സന്നാഹവുമായി ടീം സമീപകാലത്ത് ബൂട്ടുകെട്ടിയ കളികളിലൊന്നും തോറ്റില്ലെന്നു മാത്രമല്ല, സമാനതകളില്ലാത്ത ഗോളടിമേളവുമാണ് മൈതാനങ്ങൾ സാക്ഷിയായത്. ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽ ഒന്നുപോലും തോൽവിയറിയാത്തവരാണ് ടിറ്റെ സംഘം. കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയോടേറ്റ തോൽവി മാത്രമായിരുന്നു സമീപകാലത്തെ വൻ വീഴ്ച. അതിനുശേഷം മറ്റു ടീമുകൾക്കെതിരെ 12 കളികളിലായി 38 ഗോളുകൾ അടിച്ചുകയറ്റി തനിസ്വരൂപം കാട്ടുകയും ചെയ്തിട്ടുണ്ട്. 1958, 1962, 1970, 1994, 2002 വർഷങ്ങളിലെ ചാമ്പ്യന്മാരാണ് ബ്രസീൽ. അതിൽ മൂന്നുതവണയും കപ്പെത്തിയത് പെലെയെന്ന മാന്ത്രികന്റെ സുവർണ കാലുകളുടെ കരുത്തിൽ. അവസാനം കിരീടമുയർത്തിയിട്ട് രണ്ടു പതിറ്റാണ്ടായെന്ന കടം ബാക്കിനിൽക്കുന്നു. അത് ഇത്തവണ തീർത്ത് പുതുചരിത്രം കുറിക്കുകയാണ് സാംബ ടീമിനു മുന്നിലെ ദൗത്യം. സ്വിറ്റ്സർലൻഡും സെർബിയയും മോശമാകില്ലെങ്കിലും ഇത്തവണ മരണഗ്രൂപ്പല്ല ബ്രസീലിന്റേത്. ഈ രണ്ട് ടീമുകളും കഴിഞ്ഞ ലോകകപ്പിലും എതിരെ കളിക്കാനുണ്ടായിരുന്നു. അന്ന് കൂടെയുണ്ടായിരുന്ന കോസ്റ്ററീകക്കു പകരം കാമറൂണായി എന്നുമാത്രം.
മെസ്സിയെന്ന ഇതിഹാസത്തിന്റെ ചിറകേറി ഖത്തറിലെത്തുന്ന അർജന്റീനയും സാധ്യതകളുടെ കണക്കുപുസ്തകത്തിൽ രണ്ടാമന്മാരല്ല. 2014ൽ ഫൈനൽ കളിക്കുകയും 2018ൽ ചാമ്പ്യൻ ടീമായ ഫ്രാൻസിനോട് ക്വാർട്ടറിൽ തോറ്റുമടങ്ങുകയും ചെയ്തവർക്ക് ഇത്തവണയെങ്കിലും കിരീടം പിടിച്ചേപറ്റൂ. പ്രായം 35ൽ നിൽക്കുന്ന മെസ്സിക്കും കാത്തിരിപ്പിന് മൂന്നര പതിറ്റാണ്ടിലേറെ നീളമുള്ള ടീമിനും ഒപ്പം ലോകം മുഴുക്കെയുള്ള കോടിക്കണക്കിന് ആരാധകർക്കും അത്രമേൽ പ്രധാനമാണ് ഈ കിരീടം. 1978ലും എട്ടുവർഷം കഴിഞ്ഞ് 1986ലും കിരീടംതൊട്ട ടീം ഏറ്റവുമൊടുവിൽ ഇതിഹാസതാരം ഡീഗോ മറഡോണയുടെ മാന്ത്രിക കാലുകളിലായിരുന്നു ആദരങ്ങളുടെ ആകാശത്ത് അവരോധിക്കപ്പെട്ടതെങ്കിൽ ഇത്തവണ അതേ ഡീഗോയുടെ പുനരവതാരം മെസ്സിയിൽ കാണുന്നുണ്ട്, ലാ സെലിക്കാവോ. മൂന്നു വർഷമായി തോൽവിയറിയാതെ കുതിക്കുന്ന ടീമിന് ഖത്തർ മൈതാനങ്ങളിലും പോരാട്ടം അത്രക്ക് കടുത്തതാകില്ലെന്നാണ് കണക്കുകൂട്ടൽ.
ചാമ്പ്യന്മാരായ ഫ്രാൻസാണ് പ്രവചനക്കാരുടെ പട്ടികയിൽ യൂറോപ്പിന്റെ ഒന്നാം ടീം. ഭൂഖണ്ഡത്തിൽനിന്ന് എല്ലാം തികഞ്ഞ് എണ്ണമറ്റ ടീമുകളുള്ളിടത്താണ് കിലിയൻ എംബാപ്പെ-കരീം ബെൻസേമ സഖ്യം ആക്രമണം നയിക്കുന്ന, ദിദിയർ ദെഷാംപ്സിന്റെ കുട്ടികൾ ഒരുപടി മുന്നിൽ നിൽക്കുന്നത്. സ്വന്തം നാട് കിരീടം ദാഹിച്ചുനിൽക്കുമ്പോഴും ലയണൽ മെസ്സി കിരീടം നേടാൻ സാധ്യതയുള്ള ടീമായി തെരഞ്ഞെടുത്തവർ. ബാലൺ ഡിഓറിൽ മുത്തമിട്ട റയൽ സൂപ്പർതാരം ബെൻസേമയും നിലവിൽ ഏറ്റവും താരമൂല്യമുള്ള യുവതാരം എംബാപ്പെയുമാണ് ടീമിന്റെ സാധ്യതകളെ മുന്നിൽ നയിക്കുന്നത്. ഏത് പ്രതിരോധത്തെയും അതിവേഗംകൊണ്ട് കീഴടക്കാൻ ശേഷിയുള്ളവനാണ് എംബാപ്പെയെങ്കിൽ ഏത് ആംഗിളിലും ഗോൾ കണ്ടെത്താനും അവസരങ്ങൾ സൃഷ്ടിക്കാനും മിടുക്കുള്ളവനാണ് ബെൻസേമ. വിവാദങ്ങളുടെ നിഴൽപറ്റി ദേശീയ ടീമിൽ പലപ്പോഴും നിഷേധിക്കപ്പെട്ട അവസരങ്ങൾക്ക് ഇത്തവണ കണക്കുതീർക്കാനാണ് റയൽ താരത്തിന്റെ വരവ്.
യൂറോപ്പിൽനിന്ന് ശരിക്കും ഒന്നാം നമ്പറായി ബെൽജിയമുണ്ട്. കഴിഞ്ഞ ലോകകപ്പിനു ശേഷം ഏറെക്കാലവും ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ടീം. കെവിൻ ഡി. ബ്രുയിൻ എന്ന മധ്യനിര എൻജിന്റെ കരുത്തിൽ എഡൻ ഹസാർഡിനെയും റെമോലു ലുക്കാക്കുവിനെയും കൂട്ടി കളം നിറയാനായാൽ ടീമിന് ഏതറ്റം വരെയും പോകാനാകുമെങ്കിലും പലപ്പോഴും പെരുവഴിയിൽ കാൽതെന്നി വീഴുന്നതാണ് ചരിത്രം. ഗോളി തിബോ കൊർട്ടുവയും മുന്നിൽ ഡ്രയസ് മെർടെൻസും ബറ്റ്ഷൂയിയും പിന്നെ അനേകരും ചേർന്ന് ടീമിനെ ഇത്തവണ കപ്പുയർത്താൻ സഹായിക്കുമോ? കാത്തിരുന്നുതന്നെ കാണണം.
കാൽപന്ത് കളിയെ ഇത്രമേൽ ജനകീയമാക്കിയ പ്രീമിയർ ലീഗിൽ പന്തുതട്ടി മിടുക്ക് കാട്ടിയവരെ മാത്രം അണിനിരത്തിയിട്ടും നീണ്ട അര പതിറ്റാണ്ടിലേറെയായി കാത്തിരിപ്പ് തുടരുന്ന ഇംഗ്ലണ്ടും വലിയ പോരിടങ്ങളിൽ കാത്തിരിപ്പ് തുടരുന്നവർ. 2018 ലോകകപ്പിൽ സെമി കളിച്ചവരാണ് ടീമെന്നതു മാത്രമാണ് ഏറ്റവും വലിയ പ്രതീക്ഷ, ആശ്വാസവും. എന്നാൽ, അടുത്തിടെ യുവേഫ നേഷൻസ് ലീഗിൽ ആദ്യം ഹംഗറിയോടും അവസാനം ഇറ്റലിയോടും തോൽക്കുകയും ജർമനിയുമായി സമനില പാലിക്കുകയും ചെയ്ത സംഘം ഖത്തറിൽ കിരീടം പിടിക്കണമെങ്കിൽ അത്ഭുതങ്ങൾ കാട്ടണം. നെതർലൻഡ്സ്, പോർചുഗൽ, സ്പെയിൻ തുടങ്ങി മോഡ്രിച്ചിന്റെ ക്രൊയേഷ്യ വരെ ഏതു ടീമും കുതിപ്പ് നടത്തിയേക്കാം. ഇവരിൽ നെതർലൻഡ്സും ഒപ്പം സ്പെയിനും ഒരു പടി മുന്നിൽ നിൽക്കുന്നവർ. യുവനിരയാണ് സ്പെയിനുൾപ്പെടെ ടീമുകളുടെ കരുത്ത്.
വെള്ളിക്കരണ്ടിയുമായി കാൽപന്ത് കളിക്കുന്ന ഇരു ഭൂഖണ്ഡങ്ങൾക്കുമപ്പുറത്ത് ഇത്തവണ ഏറ്റവും പ്രതീക്ഷ കൽപിക്കപ്പെടുന്ന ടീം നിസ്സംശയം ആഫ്രിക്കൻ കരുത്തരായ സെനഗാളാണ്. പക്ഷേ സൂപ്പർതാരം സാദിയോ മാനേക്ക് പരിക്കേറ്റത് ആഫ്രിക്കൻ ചാമ്പ്യന്മാരെ വല്ലാതെ ഉലക്കുന്നുണ്ട്. 1990ൽ അവസാന എട്ടിലെത്തിയെന്നതു മാത്രമാണ് സെനഗാൾ കൈവരിച്ച വലിയ നേട്ടമെങ്കിലും ഇത്തവണ ആഫ്രിക്കയിൽനിന്ന് വരുന്ന ഏറ്റവും മികച്ച ഇലവൻ അവരുടേതുതന്നെ. കാമറൂൺ, മൊറോക്കോ, തുനീഷ്യ, ഘാന ടീമുകളാണ് പിന്നീടുള്ളത്. കൊടിയ ദാരിദ്ര്യത്തിലും ഇതിഹാസങ്ങളായി ജ്വലിച്ചുനിൽക്കാൻ ഇച്ഛയും കഠിനാധ്വാനവും നടത്തിയവർക്കു പക്ഷേ, ഗ്ലാമർ ഇടങ്ങളിൽ മുന്നോട്ടുപോകുന്നതിന് തടസ്സങ്ങളേറെ. നിലവിൽ ലോകത്തെ ഏറ്റവും ദാരിദ്ര്യമുള്ള 10 രാജ്യങ്ങളിൽ ഒമ്പതും ആഫ്രിക്കയിലാണെന്ന് ചേർത്തു വായിക്കണം. ഭൂഖണ്ഡത്തിൽ കാൽപന്തിന് കൂടുതൽ വേരുകളുള്ള നൈജീരിയ, ഈജിപ്ത്, അൽജീരിയ രാജ്യങ്ങൾ ഇത്തവണ ഇല്ലെന്നതും ശ്രദ്ധേയം. അഷ്റഫ് ഹകീമി, വിൻസന്റ് അബൂബക്കർ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം പ്രയോജനപ്പെടുത്തി ഏതറ്റം വരെ പോകാൻ ആഫ്രിക്കൻ രാജ്യങ്ങൾക്കാകുമെന്നത് കാത്തിരുന്നുതന്നെ കാണണം.
ഇനി ഈ രാജ്യങ്ങൾ തോറ്റാലും ജയിക്കുന്ന യൂറോപ്യൻ ടീമുകളിലെ ഒന്നാം പേരുകാരായി എണ്ണമറ്റ ആഫ്രിക്കൻ വംശജരുണ്ടെന്നത് ഭൂഖണ്ഡത്തിന് ആശ്വസിക്കാം. കിലിയൻ എംബാപ്പെ, കരീം ബെൻസേമ, ഉസ്മാൻ ഡെംബലെ, മിച്ചി ബറ്റ്ഷൂയി, െബ്ലയ്സ് മാറ്റുയിഡി, അന്റോണിയോ റൂഡിഗർ, മെംഫിസ് ഡീപേ, വില്യം കർവാലോ, ബുകായോ സാക എന്നിവരിൽ തുടങ്ങി പതിറ്റാണ്ടുകൾക്കുശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന കാനഡയുടെ അൽഫോൻസോ ഡേവിസ് വരെ ഈ പട്ടികയിലെ വലിയ പേരുകാർ. ഫ്രാൻസിന്റെ സൂപ്പർതാരങ്ങളും ആഫ്രിക്കൻ വംശജരുമായ പോൾ പോഗ്ബ, എൻഗോളോ കാന്റേ എന്നിവർ പരിക്കുമൂലം പുറത്തിരിക്കുകയാണ്.
ആതിഥേയ രാജ്യമായ ഖത്തറാണ് അതിവേഗം ഉയരങ്ങൾ കീഴടക്കി സ്വന്തം മണ്ണിൽ അത്ഭുതങ്ങൾക്ക് കാതോർക്കുന്ന ഏഷ്യൻ ടീം. ആദ്യമായാണ് ടീം ലോകകപ്പ് കളിക്കുന്നത്. അതുപക്ഷേ, ആതിഥേയരെന്ന നിലക്കു മാത്രമല്ല, ഏഷ്യൻ കപ്പ് ജേതാക്കളെന്ന പോരിശകൂടി തലയിൽവെച്ചാണ്. എവിടെവരെയെന്നത് ടീമിനെ വലക്കുന്ന ചോദ്യമല്ലെങ്കിലും നോക്കൗട്ടിൽ കണ്ണുവെക്കുന്നുണ്ട് ഖത്തർ. ഏഷ്യയിൽനിന്ന് ജപ്പാൻ, ദക്ഷിണ കൊറിയ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ, ചൈന ടീമുകൾക്കും ചെറുതല്ല സ്വപ്നങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.