1979ൽ മൊറിക് ഛാപ്പിയിൽ നൂറുകണക്കിന് ദലിത് അഭയാർഥികളെ അതിനിഷ്ഠുരമായി വംശഹത്യ ചെയ്ത ജ്യോതിബസു 2010 ജനുവരി 17ന് 96ാം വയസ്സിൽ മരിക്കുന്നതുവരെ ഒരു ചെറുവിമർശനംപോലും നേരിട്ടിട്ടില്ല. 1977 മുതൽ 2000 വരെ തുടർച്ചയായി 23 കൊല്ലം പശ്ചിബംഗാളിെൻറ മുഖ്യമന്ത്രിയായിരുന്നു ജ്യോതിബസു.ദലിത് അഭയാർഥി കൂട്ടക്കൊല എന്തുകൊണ്ടാവും അധികം ചർച്ചചെയ്യാതെ പോയത്? എന്തായിരുന്നു ആ കൂട്ടക്കൊലക്ക് പിന്നിൽ? എന്തായിരുന്നു താൽപര്യം? വിശകലനവും അന്വേഷണവും.
പശ്ചിമബംഗാളിലെ സുന്ദർബൻസ് വനമേഖലയിലെ 'മൊറിക് ഛാപ്പി' എന്ന ദ്വീപിൽ നടന്ന കൂട്ടക്കൊലയെ അധികം ചർച്ചചെയ്യപ്പെട്ടിട്ടില്ല. നോവലിസ്റ്റ് അമിതാവ് ഘോഷിെൻറ 'The Hungry Tide' എന്ന നോവലാണ് മറവിയുടെ രണ്ട് കാണാക്കയത്തിൽ മുങ്ങിക്കിടന്ന 'മരീഛാപ്പി നരഹത്യ' ലോക ശ്രദ്ധയിലേക്ക് വീണ്ടും കൊണ്ടുവന്നത്. ബംഗ്ലാദേശിലെ ഏറ്റവും ദരിദ്രരും ചൂഷിതരുമായിരുന്ന ദലിതരാണ് മൊറിക് ഛാപ്പിയിൽ അഭയാർഥികളായെത്തിയതെന്ന് നോവലിൽ പറയുന്നു.
അമിതാവ് ഘോഷ് പറയുന്നു: ''1947നുശേഷം പല ഘട്ടങ്ങളിലായി പശ്ചിമബംഗാളിലേക്കു കുടിയേറിയ ദലിത് അഭയാർഥികളെ 'പുനരധിവാസം' എന്നപേരിൽ ദണ്ഡകാരണ്യകത്തിലെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ അടച്ചു. അവിടെനിന്ന് പലായനം ചെയ്ത അഭയാർഥികൾ കിലോമീറ്ററുകൾ നടന്നു. ട്രെയിൻ കയറിയും 1978 ഓടെ മരീഛാപ്പിയിലെത്തി. കഠിനാധ്വാനംകൊണ്ടും കൂട്ടായ്മകൊണ്ടും മൊറിക് ഛാപ്പി എന്ന ചളിക്കുണ്ടിനെ താമസയോഗ്യമായ ഒരു ടൗൺഷിപ്പായി വികസിപ്പിച്ച അവർ ഓരോ കുടുംബത്തിനും അഞ്ചേക്കർ ഭൂമി വീതിച്ചു നൽകി.'' ജ്യോതിബസു സർക്കാർ അവരെ ഭൂമി െകെയേറ്റക്കാരായും ഒളിച്ചോട്ടക്കാരായും വനനശീകരണക്കാരായും ആണ് വിളിച്ചതെന്ന് അമിതാവ് ഘോഷിെൻറ നോവലിൽ സൂചിപ്പിക്കുന്നു.
മാർക്സിസ്റ്റ് ബുദ്ധിജീവിയായ നിർമലും വിദ്യാർഥിയും ഭാര്യയുമായ നിലീമയും തമ്മിലുള്ള സംവാദത്തിലൂടെയാണ് അമിതാവ്ഘോഷ് മരീഛാപ്പിയുടെ രക്തത്തിൽ കുതിർന്ന കഥ പറയുന്നത്. സ്വന്തം അധ്വാനവും ഒരുമയും ബുദ്ധിയുംെകാണ്ട് ദലിത് അഭയാർഥികൾ പടുത്തുയർത്തിയ മരീഛാപ്പിയെ അമിതാവിെൻറ നായകൻ 'ദലിത് രാഷ്ട്രം' എന്നാണ് വിശേഷിപ്പിക്കുന്നത്.
1979ൽ മൊറിക് ഛാപ്പിയിൽ നൂറുകണക്കിന് ദലിത് അഭയാർഥികളെ അതിനിഷ്ഠുരമായി വംശഹത്യ ചെയ്ത ജ്യോതിബസു 2010 ജനുവരി 17ന് 96ാം വയസ്സിൽ മരിക്കുന്നതുവരെ ഒരു ചെറുവിമർശനംപോലും നേരിട്ടിട്ടില്ല. 1977 മുതൽ 2000 വരെ തുടർച്ചയായി 23 കൊല്ലം പശ്ചിബംഗാളിെൻറ മുഖ്യമന്ത്രിയായിരുന്നു ജ്യോതിബസു.
ബംഗാൾ രണ്ടുതവണയാണ് വിഭജിക്കപ്പെട്ടത്. ആദ്യം 1955ൽ മുസ്ലിംകൾക്കും നാമശൂദ്രരായ ദലിതുകൾക്കും ഭൂരിപക്ഷമുള്ള കിഴക്കൻ ബംഗാളും സവർണരും അവർണരുമടങ്ങുന്ന പശ്ചിമ ബംഗാളുമുണ്ടായി. അന്ന് ഒറീസയും ബിഹാറും ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു. സവർണഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ചണമില്ലുകളും ഫാക്ടറികളും കൽക്കത്തയിലായിരുന്നുവെങ്കിലും അസംസ്കൃത പദാർഥങ്ങൾ എത്തിയിരുന്നത് ദലിത്-മുസ്ലിം തൊഴിലാളികൾക്കു ഭൂരിപക്ഷമുള്ള കിഴക്കൻ ബംഗാളിൽനിന്നായിരുന്നു. ബംഗാൾ വിഭജനത്തിനെതിരെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആരംഭിച്ച സ്വദേശിപ്രസ്ഥാനത്തിെൻറ ഭാഗമായി വിദേശവസ്ത്രങ്ങൾ ബഹിഷ്കരിച്ചു. കൽക്കത്തയിലെ വസ്ത്ര വിപണി തകർന്നതോടെ കിഴക്കൻ ബംഗാളിലെ തൊഴിലാളികൾ തൊഴിൽരഹിതരായി. ഇതിനോടുള്ള പ്രതികരണമായിട്ടാണ് 1906ൽ ധാക്കയിൽ മുസ്ലിംലീഗുണ്ടായത്. 1911ൽ രണ്ട് ബംഗാളുകളെയും ബ്രിട്ടീഷുകാർ കൂട്ടിയോജിപ്പിച്ചു. ഹിന്ദി, ഒറിയ, അസമീസ് ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങൾ വേർതിരിച്ച് ബിഹാർ, ഒറീസ, അസം പ്രവിശ്യകളുണ്ടാക്കി.
1947ലെ ഇന്ത്യാ വിഭജനകാലത്ത് ദലിതരായ നാമശൂദ്രർക്കും മുസ്ലിംകൾക്കും ഭൂരിപക്ഷമുള്ള കിഴക്കൻ ജില്ലകൾ പാകിസ്താന് വിട്ടുകൊടുത്ത കോൺഗ്രസ് ബംഗാളിലെ സവർണ-ഭദ്രലോക് ആധിപത്യം നിലനിർത്താൻ ശ്രമിച്ചു. ''ഇന്ത്യയിലെ ഏറ്റവും വലിയ മർദിത ജാതി പ്രസ്ഥാനമായിരുന്ന നാമശൂദ്ര പ്രസ്ഥാനത്തെ തകർക്കാനുള്ള സവർണ ഗൂഢാലോചനയുടെകൂടി ഭാഗമായിരുന്നു രണ്ടാം ബംഗാൾ വിഭജന''മെന്ന് റോസ് മല്ലിക്ക് വ്യക്തമാക്കുന്നു (Ross Mallick, An Untouchable Massacre (India's Marichjhapi Massacre Revisited p.4). വിഭജനത്തിെൻറ തുടക്കത്തിൽ തന്നെ ധനികരായ സവർണർ പശ്ചിമബംഗാളിലേക്ക് സുരക്ഷിതമായി കുടിയേറി. അർധപട്ടിണിക്കാരും കൂലിത്തൊഴിലാളികളുമായ ദലിതർക്ക് കിഴക്കൻ പാകിസ്താനിൽതന്നെ നിലനിൽക്കേണ്ടി വന്നു. മാത്രവുമല്ല, മുസ്ലിംകളും ദലിതരും തമ്മിൽ വലിയ രാഷ്ട്രീയ സഖ്യവുമുണ്ടായിരുന്നു. ഈ മുസ്ലിംകളും താഴ്ന്ന ജാതികളും ഒരേ ഭാഷ സംസാരിക്കുന്നവരും ഒരേ തൊഴിലുകൾ ചെയ്യുന്നവരും ഒരേ ജീവിത സാഹചര്യം പങ്കിടുന്നവരുമായിരുന്നു. മുസ്ലിംകളെയും താഴ്ന്ന ജാതികളെയും ഒരുപോലെ ഹീനജാതി മനുഷ്യരായിട്ടാണ് സവർണർ കണക്കാക്കിയിരുന്നത്.
കിഴക്കൻ പാകിസ്താനിൽ ഒരു ചെറുവിഭാഗം മുസ്ലിം തീവ്രവാദികൾ അക്രമമാരംഭിച്ചതോടെ ലക്ഷക്കണക്കിന് ദലിതർ പശ്ചിമ ബംഗാളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി. ഈ ദലിത് പ്രവാഹം പശ്ചിമബംഗാളിലെ സവർണ ന്യൂനപക്ഷത്തിന് കടുത്ത അരക്ഷിതബോധമുണ്ടാക്കി. ഇന്ന് വീണ്ടും നാമശൂദ്രരെ പലയിടങ്ങളിലായി ചിതറിക്കുന്നതിലൂടെ നാമശൂദ്ര പ്രസ്ഥാനത്തെ ശിഥിലമാക്കുകയെന്നതായിരുന്നു സവർണരുടെ ലക്ഷ്യം. (Debdetta Chowdhury, 'Marginal Lives, Peripheral Practices: A Study of border Narratives along the West Bengal -Bangladesh Border', Ph.D Theses, University of West Minster, May 2014, p 174). കിഴക്കൻ പാകിസ്താനിൽനിന്നെത്തുന്ന നാമശൂദ്ര അഭയാർഥികളും മുസ്ലിംകളും രാഷ്ട്രീയമായി ഒന്നിച്ചാൽ, അത് പശ്ചിമബംഗാളിലെ ന്യൂനപക്ഷ സവർണാധിപത്യത്തിനു ഭീഷണിയാകുമെന്ന് ഭയന്ന സവർണർ അവരെ പശ്ചിമബംഗാളിൽനിന്ന് തുരത്താൻ തീരുമാനിച്ചു. (Indrajit Roy, Transformative Politics, in the Politics of Caste in West Bengal, Edited by Uday Chandra, Geir Heierstrad and Kennetha Bo Nielsen, Routledge, 2017, P. 188). തങ്ങളെ പശ്ചിമബംഗാളിൽനിന്ന് നാടുകടത്താനുള്ള സവർണ, സർക്കാർ ഗൂഢാലോചനയെ നേരിടാനുള്ള സാമ്പത്തികശേഷിയോ രാഷ്ട്രീയാധികാരബലമോ നാമശൂദ്ര അഭയാർഥികൾക്കില്ലായിരുന്നു. അപരിചിതമായ ദണ്ഡകാരണ്യക വനങ്ങളിലേക്ക് വ്യത്യസ്ത ഭാഷ സംസാരിക്കുന്ന േഗാത്രമേഖലകളിലേക്കാണ് അനാഥരും നിരാലംബരുമായ ദലിത് അഭയാർഥികളെ പലായനം ചെയ്യിച്ചത്. അക്കൂട്ടത്തിൽ ഒരാളായിരുന്ന സുഖ് ഛന്ദ് അനുസ്മരിക്കുന്നു: ''ഒരു തൊഴുത്തിൽനിന്ന് മറ്റൊരു തൊഴുത്തിലേക്ക് തെളിക്കപ്പെടുന്ന വെറും കന്നുകാലികളായിരുന്നു ഞങ്ങൾ.''
അനവധി ദിനരാത്രങ്ങൾ നീണ്ട യാത്രക്കൊടുവിൽ അവരെ ദണ്ഡകാരണ്യകത്തിലെ ക്യാമ്പുകളിൽ പുനരധിവസിപ്പിച്ചു. ക്യാമ്പു മേൽനോട്ടക്കാർ ഓരോ അഭയാർഥിക്കും ഓരോ നമ്പർ നൽകി. അങ്ങനെ സനാതന ഹിന്ദുയിസം 'നാമശൂദ്രർ' എന്ന ചണ്ഡാള ജാതിയാക്കി അസ്പൃശ്യരാക്കിയ മനുഷ്യർ ഇപ്പോൾ 'നാമശൂന്യ'മായി. ദണ്ഡകാരണ്യകത്തിലെ കൊടുംകാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണം പതിവായിരുന്നു. ആയിരം ബീഡി ഇല നുള്ളിയാൽ രണ്ടു രൂപ കൂലി കിട്ടും. അതിനുപോലും കങ്കാണിമാർക്കു കൈക്കൂലി കൊടുക്കണമായിരുന്നു.
രണ്ടാം അഭയാർഥി പ്രവാഹമാരംഭിക്കുന്നത് 1971ൽ ബംഗ്ലാദേശ് രൂപവത്കരണത്തോടെയാണ്. 1971ൽ മാത്രം ലക്ഷക്കണക്കിന് ദലിതരാണ് പശ്ചിമബംഗാളിേലക്ക് പലായനം ചെയ്തത്. 1976ൽ പശ്ചിമബംഗാളിലെ പുനരധിവാസ മന്ത്രിയായിരുന്ന റാം നിവാസ് മിർധ വെളിപ്പെടുത്തിയത്, ''1948നും 1971നുമിടക്ക് കിഴക്കൻ ബംഗാളിൽനിന്നും പശ്ചിമബംഗാളിലേക്ക് 52.31 ലക്ഷം ദലിത് അഭയാർഥികളെത്തി''യെന്നാണ്.
സവർണ അഭയാർഥികളെ പശ്ചിമബംഗാളിലെ പല സ്ഥലങ്ങളിൽ രാജകീയമായി പുനരധിവസിപ്പിച്ച സവർണ സർക്കാറുകൾ, ദലിത്-നാമശൂദ്ര അഭയാർഥികളെ അന്തമാനിലേക്കും ദണ്ഡകാരണ്യകത്തിലേക്കും നാടുകടത്തുകയാണുണ്ടായത്. കേന്ദ്ര സർക്കാർ ഈ ദലിത് അഭയാർഥികൾക്കായി ദണ്ഡകാരണ്യക വികസന അതോറിറ്റി രൂപവത്കരിച്ചു. ബലം പ്രയോഗിച്ച് നടത്തിയ ഈ 'പുനരധിവാസ' പ്രക്രിയയിൽ 27,030 ദലിത് കുടുംബങ്ങളാണ് ഈ ഭൂമിയിൽനിന്ന് എെന്നന്നേക്കുമായി അപ്രത്യക്ഷമായത്!
മരീഛാപ്പി വംശഹത്യ
1977വരെ പശ്ചിമ ബംഗാളിൽ പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷവും അവരുടെ നേതാവായിരുന്ന ജ്യോതിബസുവും കോൺഗ്രസ് സർക്കാറുകളുടെ അഭയാർഥി നയത്തെ പ്രത്യക്ഷത്തിൽ എതിർത്തുകൊണ്ടിരുന്നു. കമ്യൂണിസ്റ്റുകൾക്ക് അഭയാർഥികൾക്കിടയിൽ കാര്യമായ സ്വീകാര്യത ലഭിക്കുകയും ചെയ്തു. 1975 ജനുവരി 25ന് ഭിലായിയിൽ വിളിച്ചുചേർത്ത ഒരു അഭയാർഥി സമ്മേളനത്തെ ജ്യോതി ബസു അഭിസംബോധന ചെയ്തു: ''താൻ അധികാരത്തിൽ വന്നാൽ, നിങ്ങളെയെല്ലാവരെയും പശ്ചിമ ബംഗാളിൽ പുനരധിവസിപ്പിക്കുമെന്ന് വാക്കുനൽകുന്നു.''
1977നു മുമ്പ് ഇടതുമുന്നണിയിലെ പല നേതാക്കളും ദണ്ഡകാരണ്യകം സന്ദർശിക്കുകയും തങ്ങൾ അധികാരത്തിൽ വന്നാൽ, നിങ്ങൾക്ക് പശ്ചിമ ബംഗാളിലേക്ക് തിരിച്ചുവരാമെന്ന് വാഗ്ദാനം നൽകിയിരുന്നു.
ജ്യോതിബസു സർക്കാർ തങ്ങളെ തിരികെ കൊണ്ടുപോയി പുനരധിവസിപ്പിക്കുന്നത് അഭയാർഥികൾ സ്വപ്നംകാണാൻ തുടങ്ങി. ദണ്ഡകാരണ്യകത്തിലെ ദലിത് അഭയാർഥികൾ രൂപവത്കരിച്ച 'അഖിപ്പേന്ത്യാ ഉസ്ബസ്തു ഉന്നയൻസിൽ സമിതി' (അഖിലേന്ത്യാ അഭയാർഥി ക്ഷേമ സമിതി, 1977 ജൂലൈ രണ്ടിന് ജ്യോതിബസു സർക്കാറിന് ഒരു കൂട്ട നിവേദനം നൽകി. സർക്കാറിെൻറ ചുമതലയിൽ തങ്ങളെ തിരിച്ചുകൊണ്ടുപോയില്ലെങ്കിൽ, തങ്ങൾ സ്വയം പശ്ചിമ ബംഗാളിലേക്ക് മടങ്ങാൻ നിർബന്ധിതമാകുമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം. ഈ നിവേദനം ജ്യോതിബസു സർക്കാർ കണ്ടതായിപ്പോലും ഭാവിച്ചില്ല. മുമ്പ് നൽകിയ വാഗ്ദാനങ്ങളും അവർ മറന്നു.
1978 മാർച്ചിൽ ഹതാശരായ ദലിത് അഭയാർഥികൾ കൂട്ടംകൂട്ടമായി സുന്ദർബൻസ് വനമേഖലയിലെ മനുഷ്യവാസമില്ലാത്ത 'മൊറിക് ഛാപി' എന്ന ദ്വീപ് ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. ദണ്ഡകാരണ്യകത്തിലെ നരക ജീവിതത്തിൽനിന്ന് രക്ഷപ്പെടുകയെന്നതു മാത്രമായിരുന്നു അവരുടെ ഏക ലക്ഷ്യം. വർഷങ്ങളുടെ കഠിനാധ്വാനംകൊണ്ട് കരുതിവെച്ചിരുന്ന ചെറു സമ്പാദ്യങ്ങളുമായി അവർ പല സംഘങ്ങളായി പശ്ചിമ ബംഗാളിലെ ഹസ്നാബാദ് റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി. സ്ത്രീകളും കുട്ടികളും വൃദ്ധരും രോഗികളുമടങ്ങുന്ന ആയിരങ്ങൾ ഹസ്നാബാദ് റെയിൽവേ സ്റ്റേഷനിലും പുറത്തെ വഴിയോരങ്ങളിലും തമ്പടിച്ചു. മരീഛാപ്പിയെന്ന 'പറുദീസ'യിലേക്ക് യാത്ര തിരിക്കാനായി. റെയിൽവേ സ്റ്റേഷനിൽവെച്ചുതന്നെ പൊലീസുകാർ അഭയാർഥികളെ പിടികൂടുകയുംദണ്ഡകാരണ്യകത്തിലേക്ക് ബലം പ്രയോഗിച്ച് മടക്കി അയക്കുകയും ചെയ്തു. പൊലീസിെൻറ കണ്ണുവെട്ടിച്ചാണ് നടന്നും ബസ് കയറിയും 1978 ഏപ്രിൽ 18ന് മൊറിക് ഛാപ്പിയിലെത്തിയത്. തുടർന്നുള്ള നാളുകളിലും ദലിത് അഭയാർഥികൾ എത്തിക്കൊണ്ടിരുന്നു.
ജനതാ പാർട്ടിയുടെ ബംഗാൾ ഘടകത്തിെൻറ സമ്മർദ ഫലമായി മൊറാർജി ദേശായി മൂന്ന് എം.പിമാരടങ്ങുന്ന ഒരു പാർലമെൻററി സമിതിയെ മരീഛാപ്പിയിലേക്കയച്ചിരുന്നു. എം.പിമാരായ പ്രസന്നഭായി മേത്ത, ലക്ഷ്മി നാരായൺ പാണ്ഡെ, മംഗൽദേവ് വിശാരദ് എന്നിവർ മരീഛാപ്പി സന്ദർശിച്ച് തയാറാക്കിയ Report on Morichjhapi Affairs എന്ന റിപ്പോർട്ട് 1978 ഏപ്രിൽ 18ന് ലോക്സഭയിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സി.പി.എം എം.പി ബഹളംവെച്ച് അത് തടഞ്ഞു.
ആയിരക്കണക്കിന് അഭയാർഥികൾ മൊറിക് ഛാപ്പിയിൽ കുടിയേറി താമസമാരംഭിച്ചതോടെ ഇടതു സർക്കാറിെൻറയും ജ്യോതിബസുവിെൻറയും മട്ടു മാറി. അവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നു മാത്രമല്ല, പൊലീസിനെയും പ്രാദേശിക സി.പി.എം ഗുണ്ടകളെയും ഉപയോഗിച്ച് അവരെ പരമാവധി ദ്രോഹിക്കാനും തുടങ്ങി. ഭീഷണികൾക്കും അടിച്ചമർത്തലുകൾക്കും മുന്നിൽ മുട്ടുമടക്കാതെ ആത്മാഭിമാനികളായ ദലിത് അഭയാർഥികൾ ഒത്തൊരുമയിലൂടെയും കഠിനാധ്വാനത്തിലൂടെയും മരീഛാപ്പിയെന്ന ചളിക്കുണ്ടിനെ താമസയോഗ്യമായ ഒരു ഗ്രാമമാക്കി വികസിപ്പിച്ചു
ആയിരക്കണക്കിന് അഭയാർഥികൾ മൊറിക് ഛാപ്പിയിൽ കുടിയേറി താമസമാരംഭിച്ചതോടെ ഇടതു സർക്കാറിെൻറയും ജ്യോതിബസുവിെൻറയും മട്ടു മാറി. അവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നു മാത്രമല്ല, പൊലീസിനെയും പ്രാദേശിക സി.പി.എം ഗുണ്ടകളെയും ഉപയോഗിച്ച് അവരെ പരമാവധി ദ്രോഹിക്കാനും തുടങ്ങി. ഭീഷണികൾക്കും അടിച്ചമർത്തലുകൾക്കും മുന്നിൽ മുട്ടുമടക്കാതെ ആത്മാഭിമാനികളായ ദലിത് അഭയാർഥികൾ ഒത്തൊരുമയിലൂടെയും കഠിനാധ്വാനത്തിലൂടെയും മരീഛാപ്പിയെന്ന ചളിക്കുണ്ടിനെ താമസയോഗ്യമായ ഒരു ഗ്രാമമാക്കി വികസിപ്പിച്ചു. താമസിക്കാനുള്ള കുടിലുകൾ, മത്സ്യബന്ധന സഹകരണ സംഘം, സ്കൂൾ, ആശുപത്രി, വായനശാല, ഉപ്പളം, വളനിർമാണശാല, ബീഡി ഫാക്ടറി, ബേക്കറി, മത്സ്യബന്ധന ഉപകരണങ്ങൾ, ചന്ത എന്നിങ്ങനെ ജീവിക്കാനാവശ്യമായ പ്രാഥമിക സൗകര്യങ്ങളെല്ലാം അവർതന്നെ നിർമിച്ചു. സ്വന്തം ചെറു സമ്പാദ്യങ്ങളും മനുഷ്യസ്നേഹികളായ കുറെ സന്നദ്ധ പ്രവർത്തകർ നൽകിയ സംഭാവനകളുമായിരുന്നു അവർക്കാശ്രയം. സ്വന്തം ചോരയും നീരുമൊഴുക്കി അവരുണ്ടാക്കിയ ഗ്രാമത്തിന് അവർ 'നേതാജി നഗർ' എന്നു പേരിട്ടു. അവരെ പലതരത്തിൽ സഹായിച്ചവരെയെല്ലാം ജ്യോതി ബസു സർക്കാർ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. ദ്വീപിലെ വെള്ളം ഉപ്പുകലർന്നതാണ്. അവർ അയൽ ദ്വീപുകളിൽനിന്ന് വലിയ ടാങ്കറുകളിൽ വെള്ളം കൊണ്ടുവന്ന് ജനങ്ങൾക്ക് വീതിച്ചുനൽകി. ഇതറിഞ്ഞ പ്രശസ്ത എൻജിനീയറായ സുബ്രതാ ചാറ്റർജി മരീഛാപ്പിയിലെത്തി വലിയ ആഴത്തിൽ കുഴൽക്കിണറുണ്ടാക്കാൻ സഹായിച്ചു. അങ്ങനെ ശുദ്ധജലത്തിെൻറ കാര്യത്തിലും അവർ സ്വയംപര്യാപ്തത നേടി. ഒരിക്കൽ സുബ്രതാ ചാറ്റർജി അഭയാർഥികളെ ഉപദേശിച്ചു: ''അധികാരത്തിലുള്ള കമ്യൂണിസ്റ്റുകളെ ഒരിക്കലും വിശ്വസിക്കരുത്. സോവിയറ്റ് കമ്യൂണിസത്തിെൻറ വൃത്തികെട്ട മുഖം ഞാൻ നേരിൽ കണ്ടിട്ടുണ്ട്. ഗവൺമെൻറിനെ ആശ്രയിക്കാതെ സ്വയം പര്യാപ്തമായി ജീവിക്കാൻ പഠിക്കണം'' (Deep Halder, Blood Islands: An Oral History of the Marichjhapi Massacre, Harper Collins Publishers, India, 2019, p. 46). അങ്ങനെ 1979 ആകുേമ്പാഴേക്കും മരീഛാപ്പി ഒരു സ്വയം സമ്പൂർണ ഗ്രാമമായി വളർന്നുകഴിഞ്ഞിരുന്നു.
ജ്യോതിബസു സർക്കാറിെൻറ ഔദാര്യത്തെയും സി.പി.എമ്മിെൻറ രക്ഷാകർതൃത്വത്തെയും ആശ്രയിക്കാതെ ഒരുകൂട്ടം മനുഷ്യർ - അതും ദലിതുകൾ- സ്വന്തം കാലിൽ അന്തസ്സോടെ നിൽക്കാൻ നടത്തിയ ശ്രമം ഉജ്വലവിജയം കണ്ടതോടെ, ജ്യോതിബസുവിനും പാർട്ടി ബോസായിരുന്ന പ്രമോദ് ദാസ് ഗുപ്തക്കും ഒട്ടും പിടിച്ചില്ല. ആദ്യം സി.പി.എമ്മിെൻറ പോഷക സംഘടനയായി പ്രവർത്തിക്കാൻ അഭയാർഥികളോട് ആവശ്യപ്പെട്ടു. അഭയാർഥികൾ അത് നിരസിക്കുകയും സ്വന്തം ജീവിതത്തിെൻറ യജമാനനാകാൻ ആരെയും അനുവദിക്കില്ലെന്ന് പറയുകയും ചെയ്തു. പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയായിരുന്ന അമിയ കുമാർ സെന്നിനെ ജ്യോതിബസു മരീഛാപ്പിയിലേക്കയച്ചു.
''ദണ്ഡകാരണ്യകത്തിൽ നിങ്ങൾക്കുണ്ടായിരുന്ന പ്രയാസങ്ങൾ പരിഹരിച്ചാൽ തിരികെ പോകാൻ സന്നദ്ധമാണോ''യെന്ന് അദ്ദേഹം അഭയാർഥികളോട് ചോദിച്ചു. അഭയാർഥികൾ ഏകസ്വരത്തിൽ വിളിച്ചുപറഞ്ഞു: ''ഇല്ലേയില്ല.'' തുടർന്ന് ''ദണ്ഡകാരണ്യകത്തിലെ ഇപ്പോഴത്തെ സ്ഥിതി മനസ്സിലാക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ അനുഗമിക്കാൻ കുറെപ്പേർ തയാറാകുമോ'' എന്ന് ചോദിച്ചു. അതിനുത്തരം നൽകിയത് ഒരു വൃദ്ധ വിധവയായിരുന്നു: ''ദണ്ഡകാരണ്യകത്തിലേക്ക് തിരിച്ചയക്കുന്നതിനുപകരം, ഞങ്ങളെ ഈ നദിയിൽ മുക്കിക്കൊന്നോളൂ! സർ, നിങ്ങൾ ഞങ്ങൾക്ക് ദുരിതാശ്വാസമൊന്നും തരേണ്ട. ഞങ്ങളെ ജീവിക്കാൻ അനുവദിച്ചുകൂടെ!''
മരീഛാപ്പിയിലേക്ക് കുടിയേറിക്കൊണ്ടിരുന്ന അഭയാർഥികളെ പൊലീസുകാർ പലയിടങ്ങളിൽവെച്ച് തടയുകയും തല്ലിയോടിക്കുകയും ചെയ്യുന്നത് പതിവായി. പലപ്പോഴും സംഘർഷങ്ങളുണ്ടായി. 1978 ജൂലൈ 22ന് കാശിപൂർ എന്ന സ്ഥലത്തുവെച്ച് അഭയാർഥികൾക്കുനേരെ പൊലീസുകാർ നിറയൊഴിച്ചു. 1978 ജൂലൈ 23ലെ ആനന്ദബസാർ പത്രികയിൽ, ഒരു പൊലീസുകാരനും എട്ട് അഭയാർഥികളും കൊല്ലപ്പെട്ടതായി വാർത്ത വന്നു. ദണ്ഡകാരണ്യകത്തിലേക്ക് തിരിച്ചയക്കാൻ പൊലീസുകാർ കൊണ്ടുവന്ന ട്രക്കുകളിൽ കയറാൻ അഭയാർഥികൾ വിസമ്മതിച്ചപ്പോൾ, പൊലീസുകാർ വെടിവെക്കുകയായിരുന്നു. മരിച്ചവരിൽ നാലുപേരുടെ മൃതദേഹങ്ങൾ മാത്രമേ കണ്ടുകിട്ടിയുള്ളൂ. അവരെ അഭയാർഥികൾതന്നെ സംസ്കരിച്ചു. പക്ഷേ, എട്ട് ദലിതരെ ഒരു പ്രകോപനവുമില്ലാതെ വെടിവെച്ചുകൊന്ന സംഭവത്തിന് പ്രതികരണമർഹിക്കുന്ന ഗൗരവംപോലും ജ്യോതിബസു നൽകിയില്ല! മരീഛാപ്പിയിലെ ദലിത് അഭയാർഥികളെ ജ്യോതിബസുവിെൻറ പൊലീസ് നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നു. ലാത്തിച്ചാർജുകൾ നിത്യസംഭവമായി.
1978 ആഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിൽ പശ്ചിമ ബംഗാളിൽ വലിയ പ്രളയമുണ്ടായിരുന്നു. എല്ലാവരും മരീഛാപ്പിയിലെ മനുഷ്യരെ മറന്നു. ദുരിതങ്ങളിൽപെട്ട അഭയാർഥികൾക്ക് ചെറിയ സഹായങ്ങളെങ്കിലും നൽകിയത്, ഇടതുമുന്നണിയിലെ ചെറിയ ഘടകകക്ഷിയായ ആർ.എസ്.പി മാത്രമായിരുന്നു. കോൺഗ്രസ് പ്രതിപക്ഷ നേതാവായിരുന്ന കാച്ചികാന്ത മൊയ്ത്ര മരീഛാപ്പി വിഷയം ഉന്നയിച്ച് സംസ്ഥാന അസംബ്ലിയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷത്തെ നിർവീര്യമാക്കാൻ ജ്യോതിബസു, അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ സഹായം തേടി. ജനതാ പാർട്ടിയുടെ പശ്ചിമ ബംഗാൾ സംസ്ഥാന ഘടകം പ്രസിഡൻറായിരുന്ന പ്രഫുല്ല ചന്ദ്ര സെന്നിനോട് പ്രശ്നത്തിലിടപെട്ട് ജ്യോതിബസുവിനെ സഹായിക്കാൻ മൊറാർജി ദേശായി നിർദേശിച്ചു. കാഷികാന്ത മൊയ്ത്രയുമായി നേരിട്ട് സംസാരിക്കണമെന്ന് സെന്നും ജനതാ പാർട്ടിയുടെ മറ്റൊരു നേതാവായ ഫജ്ലൂർ റഹ്മാനും ജ്യോതിബസുവിനെ ഉപദേശിച്ചു. എന്നാൽ ദുരഭിമാനിയും തന്നിഷ്ടക്കാരനുമായ ജ്യോതിബസു വിസമ്മതിക്കുകയാണുണ്ടായത് (Deep Haldar, Blood Islands, Harper Collins, New Delhi, May 2019. P61).
വംശഹത്യയുടെ നാൾവഴികൾ
പശ്ചിമ ബംഗാളിൽ ഏറ്റവും പ്രചാരമുള്ള പത്രമായ ആനന്ദബസാർ പത്രികയുടെ ലേഖകനായ സുഖോരഞ്ജൻ സെൻഗുപ്ത അനുസ്മരിക്കുന്നു: ''മരീഛാപ്പിക്കുമേൽ ജ്യോതിബസു സർക്കാർ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള പദ്ധതികൾ തയാറാക്കുന്നതായി വിവരം ലഭിച്ചു. 1978 ഡിസംബർ അവസാനം ഞാൻ മരീഛാപ്പി സന്ദർശിച്ചു. സാമ്പത്തിക ഉപരോധത്തിെൻറ വിവരം ഞാൻ അഭയാർഥികളെ അറിയിച്ചു. അവർ നിർമിച്ച 10-12 വള്ളങ്ങളുടെ ചിത്രങ്ങൾ സഹിതം ആനന്ദബസാർ പത്രികയിൽ എെൻറ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. നിസ്വരും നിരാലംബരുമായ ഈ മനുഷ്യർ ഒരു ചളിക്കുണ്ടിനെ ഇങ്ങനെ മാറ്റിയെടുത്തതു കണ്ടപ്പോഴുണ്ടായ വിസ്മയം എന്നെ വിട്ടുപിരിഞ്ഞില്ല.''
വനസംരക്ഷണ നിയമത്തിെൻറ പേരുപറഞ്ഞ് മരീഛാപ്പിയിലെ ദലിത് അഭയാർഥികളെ വേട്ടയാടാനുള്ള പദ്ധതികൾ ജ്യോതിബസു സർക്കാർ ആസൂത്രണംചെയ്തു. അതിെൻറ ആദ്യപടിയായിരുന്നു സാമ്പത്തിക ഉപരോധം. മരീഛാപ്പിയിലേക്ക് ഭക്ഷ്യവസ്തുക്കളോ കുടിവെള്ളമോ മരുന്നുകളോ മറ്റ് അവശ്യ വസ്തുക്കളോ എത്തിക്കുന്നത് നിരോധിച്ചുകൊണ്ട് 1979 ജനുവരി 26ന് സർക്കാർ ഉത്തരവിറക്കി. ആ വർഷം മൊറിക്ഛാപ്പിയിലെ ദലിത് അഭയാർഥികൾക്ക് ജ്യോതിബസു നൽകിയ റിപ്പബ്ലിക് ദിന സമ്മാനം. വിശപ്പും രോഗവുംമൂലം പൊറുതിമുട്ടുേമ്പാൾ, സ്വമേധയാ ഒഴിഞ്ഞുപോയ്ക്കൊള്ളുമെന്നായിരുന്നു അധികാരികളുടെ കണക്കുകൂട്ടലെന്ന് വംശഹത്യയിൽനിന്ന് രക്ഷെപ്പട്ട സഫാൽ ഹാൽദർ പറയുന്നു. സാമ്പത്തിക ഉപരോധം 18 ദിവസം നീണ്ടുനിന്നു. തെങ്ങിൻകുലകളും കാട്ടുപുല്ലും തിന്നാണ് അഭയാർഥികൾ ജീവൻ നിലനിർത്തിയത്. പട്ടിണികൊണ്ട് മരിച്ച കുഞ്ഞുങ്ങളുടെ അഴുകിയ ശരീരങ്ങൾ നദികളിൽ ഒഴുകിനടന്നു (Deep Halder, Blood Island).
സാമ്പത്തിക ഉപരോധത്തിനെതിരെ അഭിഭാഷകരായ നിഹരേന്ദു ദത്ത മജുംദാറും സാക്യസെന്നും ഹൈകോടതിയെ സമീപിക്കുകയും സ്റ്റേ ഉത്തരവ് നേടുകയും ചെയ്തിരുന്നു. ജ്യോതിബസുവിെൻറ തൊഴിലാളിവർഗ ഗവൺമെൻറ് ബൂർഷ്വാ കോടതി ഉത്തരവിന് പുല്ലുവിലപോലും കൽപിച്ചില്ല. 1979 മേയ് 14ലെ കൂട്ടക്കൊലക്കുശേഷം, കോടതി നിർദേശപ്രകാരം ഈ അഭിഭാഷകർ മരീഛാപ്പി സന്ദർശിക്കുകയും ഒരു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ജ്യോതിബസുവിെൻറ അടുപ്പക്കാരനായ ജസ്റ്റിസ് ബി. ബസക്കിെൻറ നേതൃത്വത്തിലുള്ള ബഞ്ചാണ് ഈ റിപ്പോർട്ട് പരിഗണിച്ചത്. മരീഛാപ്പി ഒരു സംരക്ഷിത മേഖലയാണെന്നും അഭയാർഥികൾ വെറും കൈേയറ്റക്കാരാണെന്നും പറഞ്ഞ് കേസ് തള്ളി.
സുഖോരഞ്ജൻ സെൻഗുപ്ത ആനന്ദബസാർ പത്രികയിലെഴുതിയ റിപ്പോർട്ടുകളിലൂടെയാണ് അഭയാർഥികളുടെ ദുരനുഭവങ്ങൾ കുറെയെങ്കിലും പുറംലോകമറിഞ്ഞത്. പക്ഷേ, അതുകൊണ്ടൊന്നും ജ്യോതിബസു സർക്കാർ കുലുങ്ങിയില്ല. മരീഛാപ്പിയിലെ അഭയാർഥികളെ സഹായിക്കാനെത്തിയ സന്നദ്ധ സംഘടനകളെയും മിഷനറിമാരെയും ജ്യോതിബസു സർക്കാർ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്തു. ഇതിനിടയിൽ പട്ടിണികൊണ്ടും പോഷകാഹാരക്കുറവുകൊണ്ടും രോഗങ്ങൾ ബാധിച്ചും നൂറുകണക്കിന് അഭയാർഥികൾ മരിച്ചുകഴിഞ്ഞിരുന്നു. കുടിവെള്ളത്തിനായി തയാറാക്കിയ കുഴൽക്കിണറിൽ പൊലീസുകാർ വിഷംകലർത്തി. വിഷം കലർന്ന വെള്ളം കുടിച്ച് 13 പേർ തൊട്ടടുത്ത ദിവസം മരിച്ചു. വിഷാംശം ഉള്ളിൽചെന്ന് കുട്ടികൾ എലികളെപ്പോലെ ചത്തുവീണു (Anany Dutta: 'Basu and Mother Teresa: A Special Association; The Hindu, Jan 17, 2010).
അവസാന രംഗം
1979 ജനുവരി 24ന് ജ്യോതിബസു പ്രധാനമന്ത്രി മൊറാർജി ദേശായിക്ക് അയച്ച കത്ത് നോക്കുക: ''മരീഛാപ്പിയിലെ ദലിത് അഭയാർഥികളെ പൂർണമായി ഒഴിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. താങ്കളുടെ എല്ലാ രാഷ്ട്രീയ പിന്തുണക്കും ഞാൻ നന്ദിയുള്ളവനായിരിക്കും!'' 1979 ജനുവരി 30ന് മൊറാർജി മറുപടി അയച്ചു: ''നിങ്ങൾ ആസൂത്രണം ചെയ്യുന്ന പദ്ധതിക്ക് എല്ലാ പിന്തുണയുമറിയിക്കുന്നു'' (Madhumay Pal (ed). Marichjuapi: Chinna desh, Chinna ithihas, 2011, PP 87-88).
തുടർന്ന് കൽക്കത്തയിലെ ജ്യോതിബസുവിെൻറ ഓഫിസിൽ പ്രാദേശിക നേതാക്കളുടെ യോഗം വിളിച്ചുചേർത്തു. മരീഛാപ്പിയുടെ അയൽ ദ്വീപായ കുമിർമാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായിരുന്ന പ്രഫുല്ല മൊണ്ഡൽ ഓർക്കുന്നു: ''നിങ്ങൾ അഭയാർഥികളെ പിന്തുണക്കുന്നവരാണെന്ന് എനിക്കറിയാം. അതുകൊണ്ടാണ് നിങ്ങളെ വിളിച്ചുകൂട്ടിയത്.'' ഞങ്ങളിൽ ചിലർ പറഞ്ഞു: ''ഇല്ല, ഞങ്ങളവരെ പിന്തുണക്കുന്നില്ല.'' ''നിങ്ങൾ പിന്നെന്താണ് ചെയ്യുന്നത്?'' ജ്യോതിബസു ചോദിച്ചു. ''ഞങ്ങൾ സഹായിക്കുന്നുമില്ല, എതിർക്കുന്നുമില്ല.'' ജ്യോതിബസു കനത്ത ശബ്ദത്തിൽ പറഞ്ഞു: ''അവരെ അവിടെനിന്ന് ഒഴിപ്പിക്കണമെന്ന് കേന്ദ്ര സർക്കാറിെൻറ ഉത്തരവുണ്ട്. നിങ്ങൾ അവിടത്തെ നേതാക്കളല്ലേ. മുമ്പ് നിങ്ങളവരെ സഹായിച്ചിട്ടുണ്ടാവാം. പക്ഷേ, ഇനിമേൽ അങ്ങനെ ചെയ്യാൻ പാടില്ല. ഇത് എെൻറ ഉത്തരവാണ്. അതനുസരിച്ചില്ലെങ്കിൽ ഞാൻ നിങ്ങളെ പാഠം പഠിപ്പിക്കും.'' പ്രഫുല്ല മൊണ്ഡൽ വളരെ വിനയത്തോടെ ചോദിച്ചു: ''ഈ ബംഗാളി അഭയാർഥികൾ പട്ടികളും ആടുകളുമാണെന്നാണോ താങ്കൾ കരുതുന്നത്?'' രോഷാകുലനായ ജ്യോതിബസു ചോദിച്ചു: ''നിങ്ങളെന്താ ഇങ്ങനെയൊക്കെ പറയുന്നത്?'' പ്രഫുല്ല മൊണ്ഡൽ വീണ്ടും പറഞ്ഞുനോക്കി: ''പാകിസ്താനിൽനിന്ന് കുടിയേറിയ അവരെ അന്തമാനിലേക്കും ദണ്ഡകാരണ്യകം ഉൾപ്പെട്ട പല സ്ഥലങ്ങളിലേക്കും കന്നുകാലികളെപ്പോലെ ആട്ടിത്തെളിച്ചുകൊണ്ടിരുന്നപ്പോൾ 'അധികാരത്തിൽ വന്നാൽ അവരെ തിരിച്ചുകൊണ്ടുവരാമെന്ന് വാഗ്ദാനം നൽകിയത് നമ്മൾ തന്നെയല്ലേ?' '' ജ്യോതിബസുവിെൻറ ശബ്ദം ശാസനയായി:
''നിങ്ങളെപ്പോലെയുള്ള പിള്ളേരിൽനിന്ന് ഇത്തരം അഭിപ്രായങ്ങൾ കേൾക്കുന്ന ശീലം എനിക്കില്ല. ഒരുകാര്യം ഉറപ്പിച്ചുപറയാം, അവരെ ഒഴിപ്പിച്ചേ പറ്റൂ.'' പ്രഫുല്ല മൊണ്ഡൽ വീണ്ടും പറഞ്ഞു: ''ഗവൺമെൻറിെൻറ തെറ്റുകൾക്ക് ഈ പാവം അഭയാർഥികൾ അവരുടെ സ്വന്തം ജീവനല്ലേ വിലയായി നൽകേണ്ടിവരുന്നത്?'' ജ്യോതിബസുവിെൻറ അവസാന കൽപന ഇങ്ങനെയായിരുന്നു: ''രാഷ്ട്രീയത്തിൽ മാനുഷിക വികാരങ്ങൾക്ക് സ്ഥാനമില്ല. ഇന്നു മുതൽ അഭയാർഥികളോട് സഹകരിക്കരുത്.'' (Ross Mallick, An Untouchable Massacre (India's Marichjhapi Massacre Revisited)
അവസാനത്തെ കൂട്ടക്കൊലക്കുമുമ്പ് കരുതിക്കൂട്ടിയുണ്ടാക്കിയ പട്ടിണിയും രോഗവും വെടിവെപ്പുംമൂലം കൊല്ലപ്പെട്ട 236 അഭയാർഥികളുടെ പേരും വയസ്സും വിലാസവുംസഹിതം പത്രങ്ങൾ റിപ്പോർട്ട്ചെയ്തിരുന്നു. 1979 മേയ് 11ന് ജ്യോതിബസുവിനെ സന്ദർശിച്ച 24 പർഗാനസ് ജില്ല പൊലീസ് സൂപ്രണ്ടായിരുന്ന എ.കെ. സാമന്തയോട് ഇതെല്ലാം പത്രങ്ങൾക്ക് ചോർത്തിക്കൊടുക്കുന്ന ചാരന്മാർ പൊലീസിലുണ്ടെന്ന് ജ്യോതിബസു പൊട്ടിത്തെറിച്ചു പറഞ്ഞു. സാമ്പത്തിക ഉപരോധത്തെക്കുറിച്ചുള്ള വാർത്ത ദേശീയ മാധ്യമങ്ങൾ ചർച്ചാ വിഷയമാക്കിയാൽ കേന്ദ്ര സർക്കാറിെൻറ പിന്തുണ നഷ്ടപ്പെട്ടേക്കുമെന്ന് ഭയന്ന ജ്യോതിബസു മരീഛാപ്പിയിലെ അന്തിമ പരിഹാരം ഉടൻ വേണമെന്ന് പൊലീസ് സൂപ്രണ്ടിനോട് ആജ്ഞാപിച്ചു. മുൻകൂട്ടി തയാറാക്കിയ ഒഴിപ്പിക്കൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ സാമന്തയോട് ജ്യോതിബസു കൽപിച്ചു. ആദ്യം അഭയാർഥി നേതാക്കളെയെല്ലാം അറസ്റ്റുചെയ്യണം. എല്ലാം പരമ രഹസ്യമായിരിക്കണമെന്നും ജ്യോതിബസു ഉപദേശിച്ചു.
1979 മേയ് 14 -ഇന്ത്യാ ചരിത്രത്തിൽ എക്കാലത്തെയും വലിയ കൂട്ടക്കുരുതി നടപ്പാക്കിയ ദിവസം. 30 യന്ത്രബോട്ടുകളിലെത്തിയ പൊലീസ് മരീഛാപ്പി ദ്വീപിനെ പൂർണമായും വളഞ്ഞു. ആദ്യം അവർ ചന്ത തീവെച്ച് നശിപ്പിച്ചു. തുടർന്ന് സ്കൂൾ, ആശുപത്രി, ബേക്കറി, വളനിർമാണകേന്ദ്രം തുടങ്ങിയവയെല്ലാം അഗ്നിക്കിരയാക്കി. പിന്നീട്, കുടിലുകൾക്ക് തീവെക്കാനും ടിയർഗ്യാസ് പൊട്ടിക്കാനും വെടിവെക്കാനും തുടങ്ങി. ഒന്നുമറിയാതെ, കുടിലുകളിൽ ഉറങ്ങിക്കിടന്ന നൂറുകണക്കിന് ദലിത് അഭയാർഥികൾ വെന്തുമരിച്ചു. അനേകം പേർ വെടിയേറ്റ് മരിച്ചു. ജീവനുള്ളതും ഇല്ലാത്തതുമായ ശരീരങ്ങളിൽ വലിയ കല്ലുകൾ കെട്ടിമുറുക്കി നദികളിലും ബംഗാൾ ഉൾക്കടലിലും കൊണ്ടുപോയി വലിച്ചെറിഞ്ഞു. അനേകം മനുഷ്യരെ തൊട്ടടുത്തുള്ള കടുവാസങ്കേതത്തിൽ കൊണ്ടുചെന്ന് തള്ളി. ''ഞങ്ങൾ മരിച്ചിട്ടില്ല. ഞങ്ങളെ കടുവക്കിട്ടുകൊടുക്കല്ലേയെന്ന് ചിലർ നിലവിളിക്കുന്നുണ്ടായിരുന്നു'' എന്ന് ഒരു യന്ത്രബോട്ടിെൻറ ഡ്രൈവർ അനുസ്മരിക്കുന്നു. (Tushar Bhattacharjee, ''The Refugee Settlement that vanished into no where'', in Madhumay Pal, Marichahapa, Chnnadesh, Chinna ithhas, 2011, p 87.88)
തൊട്ടടുത്തുള്ള കുമിർമാരി ദ്വീപിലെ മനുഷ്യർക്ക് ഈ മഹാപാതകങ്ങൾ നിസ്സഹായരായി നോക്കിനിൽക്കേണ്ടിവന്നു. അവർക്ക് മറ്റൊന്നും ചെയ്യാനാവുമായിരുന്നില്ല. ഒരു തടസ്സവുമില്ലാതെ ഈ വംശഹത്യ രണ്ടുദിവസം തുടർന്നുനിന്നു. ഈ മനുഷ്യമഹാദുരന്തത്തിനു സാക്ഷിയാകേണ്ടിവന്ന കുമിർമാരിയിലെ ജനം അനുഭവിച്ച അഗാധമായ ട്രോമയിൽനിന്ന് ഇന്നും അവർ മുക്തരായിട്ടില്ല. ഒരൊറ്റ ദിവസത്തെ തീവെപ്പിലും വെടിവെപ്പിലും 1700 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് അവർ പറയുന്നു. ഒരു സ്കൂളിൽ അഭയംനേടിയ 15 കുട്ടികളെ തലയിൽ ബയണറ്റുകൊണ്ട് അടിച്ചുകൊന്നു. (Jaideep Mazumdar, ''The Forgotten story of the Marichjapi Massacre by Manuists'', Swarajya, Jannary 30, 2017) ഈ ദലിത് വംശഹത്യ ഭംഗിയായി നടപ്പാക്കിയ പൊലീസ് സൂപ്രണ്ടായിരുന്ന അമിയകുമാർ സാമന്ത, ഒരിക്കൽ 'സ്റ്റേറ്റ്സ്മാൻ' പത്രത്തോട് പറഞ്ഞത്, ''പത്തിൽ താഴെ പേർ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ'' എന്നാണ്.
1979- മേയ് 17ന് ജ്യോതിബസു മന്ത്രിസഭയിൽ വിവരവകുപ്പ് മന്ത്രിയും 2000 മുതൽ പശ്ചിമബംഗാളിലെ ഇടതുമുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ റൈറ്റേഴ്സ് ബംഗ്ലാവിൽ വെച്ച് ഒരു ഒൗദ്യോഗിക പ്രഖ്യാപനം നടത്തി. ''മരീഛാപ്പിയെ അഭയാർഥിമുക്തമാക്കിയിരിക്കുന്നു.'' തുടർന്ന് വന്ന സർക്കാറിെൻറ ഔദ്യോഗിക പത്രക്കുറിപ്പുകളിൽ ''2713 അഭയാർഥി കുടുംബങ്ങൾ ദ്വീപിൽനിന്ന് ഒഴിഞ്ഞുപോയി'' എന്നും പറഞ്ഞിട്ടുണ്ട്.
വംശഹത്യയെ അതിജീവിച്ചവരെ ജ്യോതിബസു സർക്കാർ വീണ്ടും ബലംപ്രയോഗിച്ച് ദണ്ഡകാരണ്യകത്തിലേക്കുതന്നെ തിരിച്ചയച്ചു. ആനന്ദബസാർ പത്രികയുടെ റിപ്പോർട്ടറായ സുഖോരഞ്ജൻ സെൻഗുപ്ത പറയുന്നു: ''ദണ്ഡകാരണ്യകത്തിലേക്ക് യാത്രയിലെ ഇടവേളകളിൽ അഭയാർഥികളെ താമസിപ്പിച്ചിരുന്ന ഒരു താൽക്കാലിക ക്യാമ്പിൽ ഫോട്ടോഗ്രാഫറായ തപൻദാസുമൊത്ത് ഞാൻ പോയിരുന്നു. പലരുടെയും കൈകാലുകൾക്ക് ഗുരുതരമായ പൊള്ളലേറ്റിരുന്നു. 65 വയസ്സുള്ള ഒരു സ്ത്രീയുടെ മാറിടത്തിൽ ഈച്ചകൾ വട്ടംചുറ്റി പറക്കുന്നത് ഞാൻ കണ്ടു. ആ അമ്മയുടെ കാൽചുവട്ടിലിരുന്ന് ഞാൻ പറഞ്ഞു: 'അമ്മയുടെ കുട്ടികളെ മുലയൂട്ടാൻ അമ്മ മേൽവസ്ത്രങ്ങൾ മാറ്റിയിട്ടില്ലേ. എന്നെ അമ്മയുടെ ഒരു മകനെപ്പോലെ കാണുക. എെൻറ മുമ്പിൽ നാണിക്കുന്നത് എന്തിനാണ്.' ആ അമ്മയുടെ വിറയാർന്ന കരങ്ങൾ എെൻറ മുഖത്ത് തലോടി. വെന്തെരിഞ്ഞ രണ്ട് മുലകളുടെയും ചിത്രമെടുക്കാൻ ഞങ്ങളെ അനുവദിച്ചു. ആ ദാരുണ ദൃശ്യം പകർത്തുേമ്പാൾ തപൻദാസ് വിങ്ങിപ്പൊട്ടുകയായിരുന്നു. അവെൻറ കണ്ണീർ തുടച്ചു ഞാൻ വിദൂരതയിലേക്ക് നോക്കിയിരുന്നു. ഈ ചിത്രമുൾപ്പെടെ എെൻറ റിപ്പോർട്ട് 1979 മേയ് 21ലെ ആനന്ദബസാർ പത്രികയിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ അമ്മയുടെ പേര് ഫോണിബാല മണ്ഡോൾ എന്നായിരുന്നു.'' (Deep Haldan Blood Islands, PP 54-55).
'രക്തദ്വീപ്' എന്നപേരിൽ മരീഛാപ്പിവംശഹത്യയുടെ വാമൊഴിചരിത്രം രചിച്ച ദീപ് ഹാൽദറോട്, രക്ഷപ്പെട്ടവർ പറഞ്ഞത് 5000ത്തിനും 10,000ത്തിനുമിടക്ക് അഭയാർഥികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ്. മരീഛാപ്പി കൂട്ടക്കൊല നടക്കുേമ്പാൾ, ജ്യോതിബസു മന്ത്രിസഭയിലെ സുന്ദർബൻസ് അഫയേഴ്സ് മന്ത്രി കാന്തി ഗാംഗുലിയെ 2017 ഡിസംബറിൽ െകാൽക്കത്തയിൽ വെച്ച് ദീപ് ഹാൽദർ ഇൻറർവ്യൂ ചെയ്തിരുന്നു.
''അപ്പോൾ, മരീഛാപ്പിയിൽ 10 പേർ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളോ?'' ദീപ് ഹാൽദർ ചോദിച്ചു. ''അത്രയും വരില്ല'' എന്നായിരുന്നു കാന്തി ഗാംഗുലിയുടെ മറുപടി.
''ഒരു സാഹചര്യത്തിലും ഇത്രയേറെ അഭയാർഥികൾക്ക് പശ്ചിമബംഗാളിൽ അഭയംനൽകുന്ന പ്രശ്നമുദിക്കുന്നില്ല'' എന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ രാഷ്ട്രീയ-സംഘടനാ റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. മരീഛാപ്പിയിലെ കുടിയൊഴിപ്പിക്കൽ വിജയകരമായി നടപ്പാക്കിയ പാർട്ടി കേഡർമാരെ, സംസ്ഥാന നേതൃത്വം അഭിനന്ദിക്കുകയും ചെയ്തു. (Political Organization Report, adopted by the 14th plenary session, December 27, 1981, January-1, 1982, Calcutta, West Bengal State committee, Communist Party of India, Marxist, 1982, p14) (Rajnaityik-Sangathan Report).
ഈ ഭീകര ദലിത് വംശഹത്യയെക്കുറിച്ച് 2002ൽ ബംഗാളി ഭാഷയിലുണ്ടായ ആദ്യകൃതി, ജഗദീഷ് ചന്ദ്രമൊണ്ഡൽ രചിച്ച, 'മരീഛാപ്പി: നിശ്ശബ്ദർ അന്തരാളെ'യാണ് (Sujan Publications). പ്രമോദ്ദാസ് ഗുപ്തയുടെ സഹോദരനും ഗാന്ധിയനുമായ പന്നലാൽ ഗുപ്ത, മരീഛാപ്പി വംശഹത്യയെക്കുറിച്ച് 'ജഗന്ദർ' എന്ന ബംഗാളി പത്രത്തിൽ അനവധി റിപ്പോർട്ടുകൾ എഴുതിയിരുന്നു. ഇനിമേലിൽ പന്നാലിെൻറ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചാൽ സർക്കാർ പരസ്യങ്ങൾ നൽകില്ലെന്ന് പ്രമോദ്ദാസ് ഗുപ്ത ജഗന്ദറിെൻറ മാനേജ്മെൻറിനെ ഭീഷണിപ്പെടുത്തി. (Biswajit Bandyopadhyaya, 'The Tale of Marichjhapi', Radical Socialist, February 19, 2012). മരീഛാപ്പി കൂട്ടക്കൊലയുടെടെ വാർത്തകൾ പ്രസിദ്ധീകരിക്കാൻ ധൈര്യംകാണിച്ച ആനന്ദബസാർ പത്രികയുടെ ജീവനക്കാരെ പത്രം ഓഫിസിനു മുന്നിലിട്ട് സി.പി.എം ഗുണ്ടകൾ തല്ലിച്ചതക്കുകയാണുണ്ടായത്.
മരീഛാപ്പിയിലെ ദലിത് അഭയാർഥി കൂട്ടക്കൊല ലോകശ്രദ്ധയിൽ കൊണ്ടുവന്നത് കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജനും നാമശൂദ്ര ജാതിക്കാരനുമായ റോസ് മല്ലിക്ക് എന്ന ഗവേഷകനാണ്. (Ross Mallik, Refugee Resettlement in Forest Reserves; West Bengal Policy Reversal and the Marichjhapi Massacre, The Journal of Asian Studies, Feb. 1999, Vol. 58, No. 1, PP 104-125).
ഇന്ത്യയിലെ പ്രശസ്തമായ 'ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി'യിൽ Annu Jalais എന്ന ഗവേഷകയുടെ, 'Dwelling On Marichjhapi: When Tigers became 'Citizens' and Refugees (Tiger-food) എന്ന ലേഖനം (E.P.W April 23-29, Vol. 40, No. 17, 2005, p.p 1757-1762) പ്രസിദ്ധീകരിച്ചതോടെയാണ് റോസ് മല്ലിക്കിെൻറ ലേഖനങ്ങളെ അക്കാദമിക ലോകം ഗൗരവമായി വീക്ഷിക്കാൻ തുടങ്ങിയത്. മരീഛാപ്പി കൂട്ടക്കൊല നടക്കുേമ്പാൾ ജ്യോതിബസു മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന അശോക് മിത്ര പ്രതികരിച്ചതിങ്ങനെയായിരുന്നു: ''രണ്ടുപേർ മാത്രം കൊല്ലപ്പെട്ട ഒരു നിസ്സാര സംഭവത്തെ 'കൂട്ടക്കൊല'യെന്നു വിശേഷിപ്പിക്കുന്നത് വെറും അതിശയോക്തിയാണ്'' (Asok Mitra, 'Hyperbole about Massacre', Economic and Political Weekly, May 14, Vol.40, No. 20, 2005).
മരീഛാപ്പി കൂട്ടക്കൊലക്കുശേഷവും അവശേഷിച്ചവരെ ജ്യോതിബസു വെറുതെവിട്ടില്ല. കുറെപ്പേർ എേങ്ങാട്ടോ ഓടിരക്ഷപ്പെട്ടു. ബാക്കിയുള്ളവരെ ബലംപ്രയോഗിച്ച് ട്രക്കുകളിലും ലോറികളിലും ട്രെയിനുകളിലും കയറ്റി ദണ്ഡകാരണ്യകത്തിലേക്ക് തന്നെ മടക്കി അയച്ചു. ദണ്ഡകാരണ്യകത്തിലേക്കുള്ള മടക്കയാത്രയിൽ മതിയായ ഭക്ഷണമോ കുടിവെള്ളമോ നൽകിയില്ല. ഗർഭിണികളായിരുന്ന ചില സ്ത്രീകൾ ട്രക്കുകളിൽ തന്നെ പ്രസവിച്ചു. ട്രക്കുകളിൽ കുത്തിനിറയ്ക്കപ്പെട്ട ചില അഭയാർഥികൾ വിളിച്ചുപറയുന്നുണ്ടായിരുന്നു, ''ഞങ്ങൾ കൂലിപ്പണിചെയ്ത് പശ്ചിമബംഗാളിലെ തെരുവോരങ്ങളിൽ കഴിഞ്ഞുകൊള്ളാം. പക്ഷേ, അതിനുപോലും അധികാരികൾ അനുവദിക്കുന്നില്ലല്ലോ!'' (Deep Haldar, Blood Island, P. 52-53). ഒരാൾ പറഞ്ഞു, ''കിഴക്കൻ പാകിസ്താനിൽ തന്നെ കഴിയുകയായിരുന്നു ഇതിലും ഭേദം.''
കൊടും വേനലിലെ യാത്രക്കിടയിൽ, അമ്മമാരുടെ മടിയിൽ കിടക്കുന്ന കുഞ്ഞുങ്ങൾ ഒരിറ്റു വെള്ളത്തിനായി, ഒരിറ്റു വറ്റിനായി വാവിട്ടു നിലവിളിക്കുന്നുണ്ടായിരുന്നു. ഒടുവിൽ നിലവിളിച്ചുതളർന്ന കുഞ്ഞുങ്ങൾ പതുക്കെപ്പതുക്കെ നിലവിളികളില്ലാത്ത ലോകത്തിലേക്ക് യാത്രയായി! പിഞ്ചോമനകളുടെ ചേതനയറ്റ ശരീരവുമായി എത്രനേരം സഞ്ചരിക്കാനാവും! ഒടുവിൽ, ഓടുന്ന ട്രെയിനിൽനിന്ന് പാഴ്വസ്തുക്കൾ വലിച്ചെറിയുന്നതുപോലെ, ജീവനില്ലാത്ത കുഞ്ഞുശരീരങ്ങളെ ദുഃഖത്തോടെയാണെങ്കിലും, പുറത്തേക്കെറിയാൻ അമ്മമാർ നിർബന്ധിതരായി (Deep Haldar, Blood Island, p.15).
ദണ്ഡകാരണ്യകത്തിലെ അഭയാർഥി ക്യാമ്പുകളുടെ ചുമതലയുണ്ടായിരുന്നവർ, മരീഛാപ്പിയിലേക്ക് കുടിയേറിയ 14,388 കുടുംബങ്ങളിൽ 10,260 കുടുംബങ്ങൾ മാത്രമേ തിരിച്ചെത്തിയിട്ടുള്ളൂ എന്ന് അധികൃതരെ അറിയിച്ചു. 4128 ദലിത് അഭയാർഥി കുടുംബങ്ങൾ അപ്രത്യക്ഷരായിരിക്കുന്നു. ഒരു കുടുംബത്തിൽ ശരാശരി 4 അംഗങ്ങളുണ്ടെന്ന് കണക്കാക്കിയാൽ 16,512 ദലിത് അഭയാർഥികളെയാണ് മരീഛാപ്പികൂട്ടക്കൊലയിൽ പശ്ചിമബംഗാളിലെ കമ്യൂണിസ്റ്റുകൾ കശാപ്പുചെയ്തത്. (Atharobaki Biswas, 1982, 'Why Dandakaranya a Failure, Why Mass Exodus, Where solution' The Oppressed Indian, 4 (4), p.p 18-20.
ജൂലൈയിൽ, ദണ്ഡകാരണ്യക വികസന അതോറിറ്റിയുടെ വക്താവ് പറഞ്ഞത്, ''അവിടെനിന്ന് പോയ 15,000 കുടുംബങ്ങളിൽ 5000 കുടുംബങ്ങൾ തിരിച്ചെത്തിയിട്ടില്ലെന്നാണ്. തിരിച്ചെത്തി വീണ്ടും രജിസ്റ്റർ ചെയ്യാനുള്ള തീയതി 1979 ആഗസ്റ്റ് 31 വരെ നീട്ടിയെങ്കിലും ആരും മടങ്ങിവന്നില്ല! അതോടെ ആ അധ്യായം അവസാനിച്ചു. 20,000 ദലിതർ കൊല്ലപ്പെട്ടിട്ടുണ്ടാവും (Nilanjana Chatterjee, Midnight's Unwanted Children p. 300).
മരീഛാപ്പിയിലെ കൂട്ടക്കൊല ഒരു സാമ്രാജ്യത്വ ഗൂഢാലോചനയാണെന്നും ബൂർഷ്വാപത്രങ്ങളുടെ കെട്ടുകഥയാണെന്നുമുള്ള സ്ഥിരം പല്ലവികൾ ജ്യോതിബസു ആവർത്തിച്ചു. ബംഗാളിപത്രമായ ഗുജനൂറിലെ ഒരു എഡിറ്റോറിയൽ ഇങ്ങനെയായിരുന്നു: ''മരീഛാപ്പിപ്രശ്നം പത്രക്കാരുടെ സൃഷ്ടിയാണത്രേ! പത്രപ്രവർത്തകർ സമൂഹത്തിെൻറ കണ്ണും കാതുമാണ്. ഞങ്ങൾ എല്ലാറ്റിനും ദൃക്സാക്ഷികൾ. ഞങ്ങൾ വിചാരിച്ചാൽ ഒന്നും സൃഷ്ടിക്കാനാവില്ല. ഉണ്ടാകുന്ന സംഭവങ്ങൾ ജനങ്ങൾക്ക് വിവരിച്ചുകൊടുക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ. മാസങ്ങളോളം മരീഛാപ്പിയിലേക്ക് പത്രക്കാരെ കടത്തിവിട്ടില്ല. പക്ഷേ, ചരിത്രത്തിെൻറ പ്രവാഹത്തെ തടഞ്ഞുനിർത്താനാവില്ല!''(Cited in Nilanjana Chatterjee, 'Midnight's Unwanted Children: East Bengali Refugees and the Politics of Rehabilitation', p. 312). കാൻഷിറാം നയിച്ച BAMCEF നോട് മരീഛാപ്പിയിലെ ദലിത് അഭയാർഥികൾ പരാതിപറഞ്ഞിരുന്നെങ്കിലും അവരെ സഹായിക്കാൻ തക്ക രാഷ്ട്രീയ ശക്തിയോ സാമ്പത്തികബലമോ അന്ന് അവർക്കില്ലായിരുന്നു. പട്ടികജാതി-പട്ടികവർഗക്കാരുടെ മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കേണ്ട ദേശീയ പട്ടികജാതി-പട്ടികവർഗ കമീഷൻപോലും ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത് (Ranjit Kumar Sikdar, 1982, 'Marichjhapi Massacre', The Oppressed Indian, 4 (4), pp. 21-23). പക്ഷേ, കമീഷെൻറ 'മരീഛാപ്പി' എന്ന ആഭ്യന്തര ഫയലിൽ കൊല്ലപ്പെട്ട 236 അഭയാർഥികളുടെ പേരും വയസ്സും രേഖപ്പെടുത്തിയിട്ടുണ്ട്.
മരീഛാപ്പിയിലെ അഭയാർഥികളെ ഒഴിപ്പിച്ചത് പരിസ്ഥിതി സംരക്ഷണത്തിനായിരുന്നുവെന്നാണ് സർക്കാർ വാദം. എന്നാൽ അത് ശുദ്ധ കളവാണ്. മരീഛാപ്പിദ്വീപ്, സംരക്ഷിത വനമേഖലയിലോ കടുവാ സങ്കേതത്തിലോ ഉൾപ്പെടുന്നതല്ലെന്ന് പശ്ചിമബംഗാൾ വനംവകുപ്പിെൻറ രേഖകളും ഭൂപടങ്ങളും വ്യക്തമാക്കുന്നുണ്ട്. മരീഛാപ്പിയിൽ വലിയ എണ്ണപ്പന-തെങ്ങുതോട്ടങ്ങൾ ഉണ്ടാക്കാൻ ജ്യോതിബസു ശ്രമിച്ചിരുന്നു എന്ന വസ്തുതയും ഈ പരിസ്ഥിതി വാദം പൊളിക്കുന്നു. സംരക്ഷിത വനമേഖലയെന്നും കടുവാസങ്കേതമെന്നും പറയുന്ന ഈ ദ്വീപിൽ ഒരു ആണവ നിലയം സ്ഥാപിക്കാനും ചുറ്റുപാടുമുള്ള ദ്വീപുകൾ ടൂറിസം വികസനത്തിനായി ഒരു സ്വകാര്യ കോർപറേറ്റ് കമ്പനിക്ക് പതിച്ചുകൊടുക്കാനും ജ്യോതിബസു നടത്തിയ നീക്കം പരിസ്ഥിതി പ്രർത്തകരുടെ വ്യാപക പ്രതിഷേധത്തിെൻറ ഫലമായി ഉപേക്ഷിക്കേണ്ടിവന്നിരുന്നു (Amites Mukhopadhyay, 2005, 'Negotiating Development: The Nuclear Episode in the Sundarbans of West Bangal', Anthropology Matters, Vol. 7, No. 1).
ബംഗാളിലെ സവർണ ഭദ്രലോക്കിെൻറ ജാതിവിദ്വേഷമാണ് മരീഛാപ്പികൂട്ടക്കൊലക്ക് കാരണമെന്ന് മനോരഞ്ജൻ വ്യാപാരി പറയുന്നു? (Deep Halder, Blood Island. p. 109) ദീപ് ഹാൽദർ ചോദിച്ചു: ''പക്ഷേ, വർഗരഹിത-ജാതിരഹിത സമൂഹത്തിനുവേണ്ടി വാദിക്കുന്നവരല്ലേ, ഈ കമ്യൂണിസ്റ്റുകൾ?''
''അതെല്ലാം വെറും വാചകമടി'', വ്യാപാരി പറഞ്ഞു. ''ജ്യോതിബസു സർക്കാറുണ്ടാക്കിയ അഭയാർഥി ക്യാമ്പുകളിൽ പോലും ജാതിവിവേചനമുണ്ടായിരുന്നു. താഴ്ന്ന ജാതിക്കാർക്കൊപ്പം കഴിയാൻ വിസമ്മതിച്ച സവർണ അഭയാർഥികൾക്കുവേണ്ടി ജാദവ്പൂരിൽ 'സവർണ അഭയാർഥികളു'ണ്ടാക്കിയവരാണ് കമ്യൂണിസ്റ്റുകൾ. മരീഛാപ്പിയിലെ അഭയാർഥികൾ ബ്രാഹ്മണരോ ക്ഷത്രിയരോ വൈശ്യരോ ആയിരുന്നെങ്കിൽ, ഇത് സംഭവിക്കുമായിരുന്നോ? വ്യാപാരി പൊട്ടിത്തെറിച്ചു. (Deep Halder, P. 110) ദീപ് ഹാൽദർ ചോദിച്ചു: ''അപ്പോൾ, ജ്യോതിബസുവാണോ മരീഛാപ്പിയിലെ വില്ലൻ?'' ''ഒന്നാംനമ്പർ വില്ലൻ, കൂട്ടക്കൊലയുടെ മുഖ്യശിൽപി. ഞാനിത് പലതവണ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്.'' (Deep Halder, p. 111). ''സുന്ദർബൻസ് കാടുകളിലെ കടുവകൾ നരഭോജികളായത് എങ്ങനെയെന്നറിയാമോ? പൊലീസുകാർ കൊന്ന് നദിയിലേക്കും കാട്ടിലേക്കും വലിച്ചെറിഞ്ഞ മനുഷ്യരുടെ മാംസത്തിെൻറ രുചിയറിഞ്ഞ കടുവകൾ ക്രമേണ നരഭോജികളായി മാറി. മരീഛാപ്പിയിലെ ദലിത് കൂട്ടക്കൊല കടുവകളെ നരേഭാജികളാക്കി'', വ്യാപാരി പറഞ്ഞുനിർത്തി! (Deep Halder, p. 111).
34 വർഷം നീണ്ട സി.പി.എം വാഴ്ചക്ക് അന്ത്യംകുറിച്ചതിനുശേഷമാണ് മൊറിക്ഛാപ്പി കൂട്ടക്കൊലയെക്കുറിച്ചുള്ള ചോരയിൽ കുതിർന്ന കഥകൾ ലോകം അറിയുന്നത് (Sekhar Bandyopadhyay, Caste, Protest and Identity in Colonial India: The Namasudras of Bengal, 1872-1947- Oxford University Press, 2011, p 274). നന്ദിഗ്രാമിനും സിങ്കൂരിനും ഇത്രയധികം പ്രചാരം ലഭിച്ചത്, ഭരണകൂടത്തിന് നിയന്ത്രിക്കാനാവാത്ത ഇൻറർനെറ്റ് യുഗത്തിലാണത് സംഭവിച്ചത് എന്നതുകൊണ്ടു മാത്രമല്ല, മറിച്ച്, അവിടത്തെ ഇരകൾ ദലിതരായിരുന്നില്ല എന്നതുകൊണ്ടുകൂടിയാണ്
കുറ്റവാളികൾ ശിക്ഷിക്കപ്പെടാത്തത് എന്തുകൊണ്ട്?
മരീഛാപ്പിയിൽ സ്വന്തം നാട്ടുകാരെ കൂട്ടക്കൊലചെയ്ത സാമന്ത എന്ന പൊലീസുദ്യോഗസ്ഥനെ കമ്യൂണിസ്റ്റ് സർക്കാർ പശ്ചിമബംഗാളിെൻറ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകുകയാണുണ്ടായത്. കൊടുംപാതകങ്ങൾ പിഞ്ചുകുഞ്ഞുങ്ങളെയും വൃദ്ധകളെയും ബലാൽസംഗം ചെയ്യുന്നതുപോലെയുള്ള പാതകങ്ങൾ ചെയ്യാൻ പ്രൊഫഷണൽ കില്ലർ-റേപ്പിസ്റ്റ് സംഘങ്ങളെ വാടകക്ക് എടുക്കാൻപോലും ജ്യോതിബസു സർക്കാറിന് മടിയുണ്ടായിരുന്നില്ല.
'വംശഹത്യാ നിവാരണ-ശിക്ഷാ ഉടമ്പടി'യുടെ 2ാം വകുപ്പ് വംശഹത്യയെ നിർവചിക്കുന്നത് ഇങ്ങനെയാണ്: ഒരു ജാതി-മത-ഭാഷാ ജനതയെ പൂർണമായോ ഭാഗികമായോ നശിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഏത് പ്രവൃത്തിയും ഉടമ്പടിയിലെ 3ാം വകുപ്പനുസരിച്ച്, 'വംശഹത്യക്ക്- നേതൃത്വം കൊടുക്കുക, ഗൂഢാലോചനയിൽ പങ്കെടുക്കുക, പരസ്യമായോ രഹസ്യമായോ വംശഹത്യക്ക് പ്രേരണ നൽകുക തുടങ്ങിയ കൃത്യങ്ങൾ' ശിക്ഷിക്കപ്പെടാവുന്ന വംശഹത്യാക്കുറ്റങ്ങളാണ്. അങ്ങനെ നോക്കുേമ്പാൾ, 1979 മേയ് 14-15 ദിവസങ്ങളിൽ മരീഛാപ്പിയിൽ നടന്നത് ദലിത് വംശഹത്യയാണ്. വംശഹത്യാ കുറ്റത്തിെൻറ പേരിൽ വിചാരണചെയ്ത് ശിക്ഷിക്കപ്പെടുകയും ഹെയ്ഗിലെ ജയിലിൽ കിടക്കേണ്ട കുറ്റവാളിയുമായിരുന്നു ജ്യോതിബസു.
മരീഛാപ്പി ദ്വീപിൽ കുടിയേറി പരസഹായമൊന്നുമില്ലാതെ സ്വന്തം ജീവിതങ്ങൾ കെട്ടിപ്പൊക്കിയ ദലിത് അഭയാർഥികൾ ജ്യോതിബസു സർക്കാറിനോ സി.പി.എമ്മിനോ ഒരു ഭീഷണിയേ ആയിരുന്നില്ല. പിന്നെന്തുകൊണ്ട്, മരീഛാപ്പി ദലിത് വംശഹത്യ സംഭവിച്ചു? പശ്ചിമബംഗാളിലെ ന്യൂനപക്ഷ സവർണരുടെ ആധിപത്യവാസനയും സ്റ്റാലിനിസ്റ്റ് സ്വേച്ഛാധിപത്യവും കൂടിക്കലർന്ന ഒരു പ്രത്യേകതരം അക്രമാസക്ത ക്രിമിനൽ സംഘമായി സി.പി.എം മാറിക്കഴിഞ്ഞിരുന്നു. അതിവിദൂര ഭാവിയിലെങ്കിലും തങ്ങൾക്കൊരു ഭീഷണിയായേക്കാമെന്ന് സംശയം തോന്നിയാൽ ദലിതരെയും താഴ്ന്ന ജാതിക്കാരെയും കൊന്ന് കുഴിച്ചുമൂടാൻ മടിക്കാത്തവരാണ് ഈ 'സവർണ-സ്റ്റാലിനിസ്റ്റ് സംഘ'മെന്ന് അവർ തെളിയിച്ചു.
34 വർഷം നീണ്ട സി.പി.എം വാഴ്ചക്ക് അന്ത്യംകുറിച്ചതിനുശേഷമാണ് മൊറിക്ഛാപ്പി കൂട്ടക്കൊലയെക്കുറിച്ചുള്ള ചോരയിൽ കുതിർന്ന കഥകൾ ലോകം അറിയുന്നത് (Sekhar Bandyopadhyay, Caste, Protest and Identity in Colonial India: The Namasudras of Bengal, 1872-1947- Oxford University Press, 2011, p 274). നന്ദിഗ്രാമിനും സിങ്കൂരിനും ഇത്രയധികം പ്രചാരം ലഭിച്ചത്, ഭരണകൂടത്തിന് നിയന്ത്രിക്കാനാവാത്ത ഇൻറർനെറ്റ് യുഗത്തിലാണത് സംഭവിച്ചത് എന്നതുകൊണ്ടു മാത്രമല്ല, മറിച്ച്, അവിടത്തെ ഇരകൾ ദലിതരായിരുന്നില്ല എന്നതുകൊണ്ടുകൂടിയാണ്. 1990ലെ സോവിയറ്റ് ചേരിയുടെ തകർച്ചക്കുശേഷം കമ്യൂണിസത്തിെൻറ ജനകീയാകർഷണത്തിന് വലിയ തകർച്ചയുണ്ടായ കാലത്താണ് നന്ദിഗ്രാമും സിങ്കൂരും ഉണ്ടായത്. 2011ലെ തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ മുഖ്യപ്രചാരണ മുദ്രാവാക്യം 'മരീഛാപ്പിയെ ഓർക്കുക' എന്നതായിരുന്നു.
മരീഛാപ്പിയിലെ ദലിത് കൂട്ടക്കൊല നടക്കുേമ്പാൾ 5 വയസ്സുമാത്രമുണ്ടായിരുന്ന ദീപ് ഹാൽദർ 2019ൽ പ്രസിദ്ധീകരിച്ച 'രക്തദ്വീപ്' (Blood Island) എന്ന മരീഛാപ്പിയുടെ വാമൊഴി ചരിത്രകൃതിയെ ഇൻറർനാഷനൽ ബുക്ക് അതോറിറ്റി വിശേഷിപ്പിച്ചത് ''അടിമത്തത്തെക്കുറിച്ച് രചിക്കപ്പെട്ടിട്ടുള്ള എക്കാലത്തെയും ഏറ്റവും മികച്ച 51 കൃതികളിൽ ഒന്ന്'' എന്നാണ്. ബൗധായൻ മുഖർജി മരീഛാപ്പിയെക്കുറിച്ചെടുക്കുന്ന സിനിമയുടെ പ്രവർത്തനം 2022ൽ ആരംഭിക്കും. 'The Life of Pi' എന്ന വിഖ്യാത സിനിമയിലെ നായകനാണ് മരീഛാപ്പിയെക്കുറിച്ചുള്ള സിനിമയിൽ അഭിനയിക്കുന്നത്. 2020ൽ, ഫോട്ടോഗ്രാഫറായ സൗമ്യ ശങ്കർബോസ് മരീഛാപ്പിയെക്കുറിച്ച്, 'Where the Birds Never Sing'എന്ന പേരിൽ ഒരു ഫോട്ടോ ആൽബം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അധികാരശക്തികൾ എത്ര മായ്ച്ചുകളഞ്ഞിട്ടും, എത്ര ആഴത്തിൽ കുഴിച്ചുമൂടിയിട്ടും, മരീഛാപ്പിയിൽ ഒടുങ്ങിയ ദലിത് മനുഷ്യരെക്കുറിച്ചുള്ള ഓർമകൾ നാടൻപാട്ടുകളായും സിനിമയായും സംഗീതമായും ചിത്രമായും വാമൊഴിചരിത്രമായും ന്യൂനപക്ഷ സവർണ ഇന്ത്യയെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.