ഇന്ത്യയിൽ നിലവിലുള്ള ഇസ്ലാമിക നിയമത്തിൽ മാറ്റം ആവശ്യപ്പെട്ടും ഏക സിവിൽ കോഡിന്റെഏകസ്വരതയെ നിരാകരിച്ചും മുസ്ലിം സ്ത്രീകളുടെ വിശ്വാസ രാഷ്ട്രീയത്തെ ഉൾക്കൊണ്ടുമുള്ള ബഹുസ്വരമായ നിയമ-രാഷ്ട്രീയ ചർച്ചകൾക്ക് വഴികൾതുറക്കേണ്ടതുണ്ടെന്ന് വാദിക്കുകയാണ് ഇൗ ലേഖനം.
ഭരണഘടനാ അസംബ്ലിയിലും (1946-1949) പിൽക്കാലത്ത് ഹിന്ദു കോഡ് ബില്ലുമായി (1956) ബന്ധപ്പെട്ട് പാർലമെന്റിലും മറ്റും നടന്ന യൂനിഫോം സിവിൽ കോഡ് (യു.സി.സി) ചർച്ചകളുടെ ഊന്നൽ ഒരു പരിധി വരെ മുസ്ലിം ന്യൂനപക്ഷ അവകാശങ്ങളുടെ രാഷ്ട്രീയ സ്വഭാവമായിരുന്നു. യു.സി.സി ചർച്ചകളുടെ ആദ്യഘട്ടത്തിൽ മുസ്ലിം സ്ത്രീ എന്ന ന്യൂനപക്ഷ സാമൂഹിക-ലിംഗ-രാഷ്ട്രീയ സ്ഥാനം ഒരു പരിഗണനാ വിഷയം പോലുമായിരുന്നില്ല.
മാത്രമല്ല, യു.സി.സിയും മുസ്ലിം സ്ത്രീ അവകാശവുമായി ബന്ധപ്പെട്ട് മുഖ്യധാരയിൽ 1985ലെ ഷാബാനു കേസിനു മുമ്പുതന്നെ ചർച്ച തുടങ്ങിയിട്ടുണ്ട് എന്നതാണ് വസ്തുത. കൃത്യമായി പറഞ്ഞാൽ 1973ലെ ക്രിമിനൽ നടപടി ചട്ടം (CrPC) ഭേദഗതി ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് യു.സി.സിയും മുസ്ലിംസ്ത്രീ അവകാശവുമായി ബന്ധപ്പെട്ട ചർച്ച തുടങ്ങുന്നത്. വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾക്ക് മുൻ ഭർത്താവ് ജീവനാംശം നൽകണമെന്ന ആറാം നിയമ കമീഷന്റെ നിർദേശങ്ങളാണ് പുതിയ ചർച്ചക്ക് തുടക്കമിട്ടത്.
യു.സി.സിയും മുസ്ലിം സ്ത്രീ അവകാശവുമായി ബന്ധപ്പെടുത്തി നടക്കുന്ന സമകാലിക ചർച്ചകളെ, ക്രിമിനൽ നടപടി ചട്ടത്തിന്റെ ചരിത്രവുമായും നിയമപരിഷ്കരണവാദങ്ങളുമായും തുടർന്നു വികസിച്ച ലിംഗ രാഷ്ട്രീയവുമായും കൂട്ടിച്ചേർത്ത് അവലോകനം ചെയ്യുകയാണ് ഈ ലേഖനം. അതുവഴി യു.സി.സിയും മുസ്ലിം സ്ത്രീ രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേകത പുതിയൊരു പരിപ്രേക്ഷ്യത്തിൽ വിലയിരുത്താൻ കഴിയും.
കൊളോണിയലിസവും സ്ത്രീകളുടെ ജീവനാംശവും
സ്ത്രീകളുടെ ജീവനാംശ അവകാശം ക്രിമിനൽ നിയമത്തിന്റെ ചട്ടക്കൂടിൽ ഉൾപ്പെടുത്തി നിയമനിർമാണം നടത്തിയത് കൊളോണിയൽ ഭരണകൂടമാണ്. 1898ലെ ക്രിമിനൽ നടപടി ചട്ടപ്രകാരം, സ്ത്രീകൾക്ക് ഭർത്താവിൽനിന്നും ജീവനാംശം ആവശ്യെപ്പടാനുള്ള അവകാശമുണ്ടായിരുന്നു. എന്നാൽ, വിവാഹമോചനം ചെയ്യപ്പെട്ടാൽ സ്ത്രീകൾക്ക് ജീവനാംശ അവകാശം നഷ്ടപ്പെടും. ഈ കൊളോണിയൽ നിയമം നടപ്പാക്കാൻ കാരണമായത് സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഭരണകൂട ഉത്കണ്ഠയായിരുന്നു എന്ന് ബാർബറ ഹാരിസ്-വൈറ്റ് (1) നിരീക്ഷിക്കുന്നുണ്ട്. ഭർത്താവിന്റെയോ പിതാവിന്റെയോ സംരക്ഷണത്തിലല്ലാത്ത സ്ത്രീകൾ – ഭരണകൂടത്തിന്റെ ഭാഷയിൽ – ‘പൊതു സാമൂഹിക ക്രമത്തെ’ തടസ്സപ്പെടുത്തും. അതിനാൽതന്നെ സ്ത്രീകളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാത്ത പുരുഷന്മാരെ ക്രിമിനൽ നിയമനടപടികളിലൂടെ ശിക്ഷിക്കാൻ അന്നത്തെ മജിസ്ട്രേറ്റിന് അവകാശമുണ്ട്. നിയമ ഭാഷയിൽ പറഞ്ഞാൽ അതിദാരിദ്ര്യം (destitution), നിരാലംബത (vagrancy) എന്നിവ തടഞ്ഞ് ക്രമസമാധാന പാലനം നടത്തുക എന്ന വാദമാണ് അന്നത്തെ വൈസ്രോയിയുടെ നിയമ കൗൺസിലിലെ അംഗം ജെയിംസ് ഫിറ്റ്സ്-ജെയിംസ് സ്റ്റീഫൻ വാദിച്ചത്. ഇതാവട്ടെ കൊളോണിയൽ കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ നിലനിന്ന സ്ത്രീ ശരീരങ്ങളുടെ മേലുള്ള നിയമ-രാഷ്ട്രീയ ഉത്കണ്ഠകളുടെ ഭാഗമായി വികസിച്ച സമീപനമാണ്.
കൊളോണിയൽ കാലഘട്ടത്തിൽ നടപ്പാക്കിയ ഭരണകൂട സ്വഭാവമുള്ള പൊതു-ക്രിമിനൽ നിയമങ്ങൾ കുടുംബത്തിനു മേലുള്ള സംരക്ഷണാധികാരത്തിൽ സ്വയം പിൻവാങ്ങി വിവിധ സമുദായങ്ങൾക്ക് (അതിലൂടെ പുരുഷന്മാർക്ക്) സ്വയംനിർവഹണത്തിനുള്ള അധികാരം നൽകി. ഒരുവശത്ത് ഇംഗ്ലീഷ് നിയമങ്ങൾ നടപ്പാക്കുമ്പോഴും മറുവശത്ത് അതിന്റെ സാമൂഹിക ഉത്തരവാദിത്തം ഇന്ത്യയിലെ പരമ്പരാഗത സാമൂഹിക ഘടനയുടെ ഭാഗമാക്കുന്ന രീതിയാണ് കൊളോണിയൽ നിയമ പരിഷ്കരണങ്ങൾ അനുവർത്തിച്ചത്.
ഇത് വ്യക്തി അവകാശങ്ങളെ കേന്ദ്രീകരിച്ച് ബ്രിട്ടനിൽ നടന്ന നിയമ പരിഷ്കരണങ്ങളിൽനിന്നും വ്യത്യസ്തമായിരുന്നു. കൊളോണിയൽ ഭരണകൂടങ്ങൾ സ്വന്തം പൗരന്മാരുടെ വിഷയത്തിൽ അതിദാരിദ്ര്യം, നിരാലംബത എന്നിവ തടയാൻ ഭരണകൂട പരിരക്ഷ നൽകി. എന്നാൽ, കോളനിവത്കരിക്കപ്പെട്ടവരുടെ പരിരക്ഷയുടെ വിഷയത്തിൽ ഭരണകൂടം സ്വയം പിൻവാങ്ങി. ഇതിലൂടെ കൊളോണിയൽ ഭരണകൂടം സ്ത്രീകളെയും കുട്ടികളെയും പരിരക്ഷിക്കേണ്ട ചുമതല തദ്ദേശീയ സമൂഹത്തിലെ പുരുഷനുമേൽ അടിച്ചേൽപിച്ചു. മാത്രമല്ല, അങ്ങനെ ചെയ്യാത്തപക്ഷം ക്രിമിനൽ നടപടി ക്രമങ്ങൾക്കു പുരുഷൻ വിധേയമാകുന്ന അവസ്ഥയുണ്ടായി. ഇത്തരമൊരു നിയമ രാഷ്ട്രീയ സമീപനം ഇന്ത്യയിൽ ഇന്നും മാറ്റമില്ലാതെ തുടരുന്നുവെന്നതാണ് വസ്തുത. ഷാബാനു കേസിൽ പിന്നീട് ഏറെ ചർച്ചചെയ്യപ്പെട്ട ജീവനാംശവുമായി ബന്ധപ്പെട്ട ഭരണകൂട നയത്തിന്റെ യുക്തി രൂപപ്പെട്ട പശ്ചാത്തലമാണിത്. ഭരണഘടനയിൽ നിർദേശകതത്ത്വമായി കടന്നുവന്ന യു.സി.സിയുടെ ഒരു താൽപര്യം നീതി, തുല്യത എന്നിവയായിരുന്നതിനാൽ പിൽക്കാലത്ത് രൂപപ്പെട്ട ജീവനാംശമടക്കമുള്ള ജനക്ഷേമ നടപടി യു.സി.സിയുടെ താൽപര്യമായി മാറി. ഇതാവട്ടെ ഒരു ലിംഗ രാഷ്ട്രീയ നയം എന്നതിലുപരി ഒരു ഭരണകൂട നയം എന്ന നിലയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
കോളനിയനന്തര നിയമ പരിഷ്കരണവും സ്ത്രീകളുടെ ജീവനാംശവും
കോളനിയനന്തര ഇന്ത്യയിൽ സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നത് 1970ലാണ്. ആറാമത്തെ നിയമ കമീഷനാണ് സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി നടത്തണമെന്ന വാദം ഉന്നയിക്കുന്നത്. പി.ബി. ഗജേന്ദ്രഗഡ്കർ ചെയർമാനായ നിയമ കമീഷനിലെ മറ്റു അംഗങ്ങൾ വി.ആർ. കൃഷ്ണയ്യർ, പി.കെ. ത്രിപാഠി, എസ്.എസ്. ധവാൻ എന്നിവരാണ്. ഹൈന്ദവ മൂല്യങ്ങൾ, ഭരണഘടനമൂല്യങ്ങൾ, മതേതരമൂല്യങ്ങൾ ഇവ തമ്മിൽ വലിയ വ്യത്യാസം ഇല്ലെന്നു വാദിച്ച ഗജേന്ദ്രഗഡ്കർ സ്വയം നെഹ്റുവിയൻ സെക്കുലറിസ്റ്റായി അടയാളപ്പെടുത്തിയ നിയമചിന്തകനാണ്. ഉദാഹരണമായി, എൻ.ആർ. നായരുമായി ഗജേന്ദ്രഗഡ്കർ നടത്തുന്ന ഒരഭിമുഖം മാതൃഭൂമി ആഴ്ചപ്പതിപ്പ് (1969 ഒക്ടോബർ 13) പ്രസിദ്ധീകരിച്ചിരുന്നു. അത് വായിച്ചാൽ ‘ഭാരതീയ സംസ്കാരത്തിന്റെ സംസ്കൃത വേരുകൾ’ ഏറെ പ്രാധാന്യത്തോടെ എടുത്തുപറയുന്നതു കാണാം. വി.ആർ. കൃഷ്ണയ്യർ അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ഒരു ലേഖനത്തിൽ (ജനകീയ കോടതികൾ, 1971 സെപ്റ്റംബർ 5) ‘പൊതു സിവിൽ കോഡ് മതനിരപേക്ഷതയുടെ താൽപര്യം’ എന്ന അർഥത്തിൽ ഒരു സൂചന നൽകുന്നുണ്ട്. ഇതാവട്ടെ ഭരണകൂട അസംബ്ലിയിൽ നടന്ന ചർച്ചകളുടെ ഭാഗമല്ലാത്ത ഒരു പുതിയ കൂട്ടിച്ചേർക്കലായിരുന്നു. സ്ത്രീ പ്രശ്നം, മതേതരത്വം ഇവയുമായി ബന്ധപ്പെടാത്ത ഒരു പ്രശ്നമായാണ് ഭരണഘടനാ അസംബ്ലിയിൽ യു.സി.സി ചർച്ച നടന്നത്. സ്ത്രീ രാഷ്ട്രീയ ഉള്ളടക്കം ആറാം നിയമ കമീഷന്റെയും നിലപാടുകളുടെ ഭാഗമായിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ദേശീയോദ്ഗ്രഥന യുക്തിയായിരുന്നു പൊതുവെ ഭരിക്കുന്നവരുടെ ആശയമണ്ഡലം. മറ്റെല്ലാ പ്രശ്നങ്ങളും അതിന്റെ ഉപഘടകങ്ങൾ മാത്രമായാണ് പ്രവർത്തിച്ചത്.
കൊളോണിയൽ നിയമകർത്താക്കെള പിന്തുടർന്ന്, അതിദാരിദ്ര്യം, നിരാലംബത എന്നിവ തടയുക എന്നതാണ് ജീവനാംശവുമായി ബന്ധപ്പെട്ട ക്രിമിനൽ നിയമ ചട്ടക്കൂട് നിലനിർത്തുന്നതിന്റെ അടിസ്ഥാനമായി നിയമ കമീഷൻ സൂചിപ്പിച്ചത്. കൊളോണിയൽ ഭരണമനോഭാവത്തിൽനിന്നു വ്യത്യസ്തമായി സോഷ്യലിസത്തിന്റെ ഭാഷ സമന്വയിപ്പിച്ചാണ് നിയമ കമീഷൻ ഈ വിഷയം അവതരിപ്പിച്ചത് എന്നതാണ് പിൽക്കാലത്തെ മാറ്റം. ഇതിലൂടെ ജീവനാംശവുമായി ബന്ധപ്പെട്ടു നടന്ന പരിഷ്കരണം ലിംഗഭേദ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചു മാത്രമല്ല നടന്നത് എന്നു വ്യക്തമാകുന്നു. നിലവിലുള്ള ഭിന്നലിംഗത്തിലൂന്നിയതും ജാതി-മത കുടുംബ വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുന്നതുമായ രീതിയിലാണ് ഈ നിയമ ഭേദഗതി നടപ്പാക്കിയത്.
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾക്ക് മുൻ ഭർത്താവിൽനിന്ന് ജീവനാംശം ആവശ്യപ്പെടാനുള്ള അവകാശം നൽകണമെന്ന നിയമ കമീഷന്റെ നിർദേശമാണ് പിന്നീട് മുസ്ലിം സ്ത്രീ അവകാശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമിട്ടത്. 1898ലെ ക്രിമിനൽ നിയമപ്രകാരം ഭാര്യമാർക്കു മാത്രമേ ഈ അവകാശം ഉണ്ടായിരുന്നുള്ളൂ. വിവാഹമോചനം ചെയ്യപ്പെടുന്നതോടുകൂടി സ്ത്രീകൾക്ക് നിയമ പരിരക്ഷ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഭേദഗതി കൊണ്ടുവരുന്നതെന്ന് നിയമ കമീഷൻ ഉന്നയിച്ചു. ഇതിലൂടെ കോടതി/നിയമവ്യവസ്ഥക്ക് പുറത്ത് വ്യക്തിനിയമപ്രകാരമോ മറ്റു ആചാരങ്ങൾ പ്രകാരമോ വിവാഹമോചനം ചെയ്യപ്പെടുന്ന സ്ത്രീകൾക്കുകൂടി നിയമ പരിരക്ഷ ഉറപ്പുവരുത്തുമെന്ന് നിയമ കമീഷൻ കൂട്ടിച്ചേർത്തു. ഈ നിയമ പരിരക്ഷയിൽനിന്നും മൂന്നുതരം സ്ത്രീകളെ ഒഴിച്ചുനിർത്തുന്നുണ്ട്. വിവാഹ ഇതര ബന്ധത്തിൽ ഏർപ്പെട്ട ഭാര്യ, മതിയായ കാരണമില്ലാതെ ഭർത്താവിന്റെ കൂടെ താമസിക്കാൻ വിസമ്മതിക്കുന്ന ഭാര്യ, പരസ്പര സമ്മതത്തോടുകൂടി വേർപെട്ട് താമസിക്കുന്ന ഭാര്യ.
എന്നാൽ, പരമ്പരാഗത കുടുംബവ്യവസ്ഥയുടെ ധാർമികവും സാമ്പത്തികവുമായ ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയാണ് ഈ നിയമ പരിഷ്കരണങ്ങൾ നടന്നതെന്ന് ബ്രെൻഡ കോസ്മാനും രത്ന കപൂറും (2) വിമർശിക്കുന്നുണ്ട്. സ്ത്രീകൾ സാമ്പത്തിക ആശ്രിതത്വം ആവശ്യമുള്ളവരായും ‘നല്ല ഭാര്യയും, കുടുംബത്തിൽ തന്റെ കടമ നിർവഹിക്കുന്ന ഭാര്യയും മകളുമാണ്’ എന്ന പരമ്പരാഗത കുടുംബ -സദാചാര നിബന്ധനകളുടെ അടിസ്ഥാനത്തിലുമാണ് ജീവനാംശ അവകാശ സംരക്ഷണം നടക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. സ്ത്രീ അവകാശമല്ല, മറിച്ച്, മത-ജാതി ധാർമികതയുടെ സംരക്ഷണമാണ് ജീവനാംശത്തിന്റെ നിയമവത്കരണത്തിലൂടെ സാധ്യമായത്.
ഇതിൽനിന്ന് വ്യത്യസ്തമായി പുരുഷനും സ്ത്രീയും പരസ്പര സമ്മതത്തോടുകൂടി ഏർപ്പെടുന്ന ബന്ധം എന്ന നിലയിൽ പരസ്പര ആശ്രിതത്വവും വൈവാഹിക ബന്ധത്തിലുള്ള സ്ത്രീയുടെ പങ്കാളിത്തത്തെ പരിഗണിച്ചുള്ള ‘വൈവാഹിക സ്വത്തുടമസ്ഥത’ (marital property) എന്ന ആശയത്തിനാണ് സ്ത്രീ അവകാശ രാഷ്ട്രീയം നൽകേണ്ടതെന്ന് കപൂറും കോസ്മാനും (1996) വാദിക്കുന്നു. ഇതിലൂടെ സ്ത്രീകളെ വെറും ‘ആശ്രിതരാക്കുന്ന’ നിയമ- ഭരണകൂട ആശയങ്ങളെ മറികടക്കണമെന്ന് അവർ പ്രതിപാദിച്ചു.
മുസ്ലിം ന്യൂനപക്ഷ വാദവും സ്ത്രീകളുടെ ജീവനാംശവും
ആറാമത്തെ നിയമ കമീഷന്റെ റിപ്പോർട്ട് പിന്നീട് പാർലമെന്റിൽ ചർച്ചയായി. അത് മുസ്ലിം ലീഗ് എം.പിമാരായ സി.എച്ച്. മുഹമ്മദ് കോയ, ഇബ്രാഹീം സുലൈമാൻ സേട്ട്, കോൺഗ്രസ് പ്രതിനിധി മഖ്സൂദ് അലി ഖാൻ എന്നിവരുടെ ശക്തമായ എതിർപ്പിന് കാരണമായി.
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾക്ക് ജീവനാംശം നൽകുന്ന ഭേദഗതി മുസ്ലിം വ്യക്തിനിയമത്തിന് എതിരാണ് എന്നും മുസ്ലിംകളെ ഈ നിയമപരിധിയിൽനിന്ന് ഒഴിവാക്കണമെന്നും ഇവർ വാദിച്ചു.
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വിവാഹമോചനം പൂർത്തിയാക്കുന്ന മൂന്നുമാസത്തെ കാത്തിരിപ്പു സമയത്ത് (ഇദ്ദ) മാത്രമേ ഭർത്താവ് ജീവനാംശം നൽകേണ്ടതുള്ളൂ എന്നും വിവാഹമോചനത്തിനുശേഷം പരിധികളില്ലാതെ ജീവനാംശം നൽകേണ്ടതില്ലെന്നതുമാണ് പ്രധാനപ്പെട്ട വാദം. ഭാര്യയുടെ നിർവചനംതന്നെ വിവാഹമോചനത്തിലൂടെ മാറ്റം വരുന്നുണ്ടെന്നും സി.എച്ച്. മുഹമ്മദ് കോയ കൂട്ടിച്ചേർത്തു.
മഹ്ർ പോലെ സ്ത്രീകൾക്ക് മറ്റു ചില സാമ്പത്തിക അവകാശങ്ങൾ ഇസ്ലാമിലുണ്ടെന്നും വിവാഹമോചനത്തിലൂടെ മുസ്ലിം സ്ത്രീകൾ വഴിയാധാരമാകില്ലെന്നും മഖ്സൂദ് അലി ഖാൻ വാദിച്ചു. വിവാഹമോചന സമയത്ത് ഭാര്യ ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നതു വരെയും, അതുപോലെ കുട്ടിയെ രണ്ടു വയസ്സുവരെ പരിപാലിക്കുന്നതിനും സ്ത്രീക്ക് ജീവനാംശം നൽകാമെന്നും ഇവർ കൂട്ടിച്ചേർത്തു.
ഈ മുസ്ലിം ന്യൂനപക്ഷ വാദം ഇന്ത്യൻ നാഷനൽ കോൺഗ്രസ് പിന്നീട് പരിഗണിച്ചു. അങ്ങനെ വ്യക്തിനിയമപ്രകാരമോ മറ്റു ആചാര അനുഷ്ഠാനപ്രകാരമോ വിവാഹമോചനം ചെയ്യപ്പെടുകയും അതുപ്രകാരം ജീവനാംശം ലഭിക്കുകയും ചെയ്ത സ്ത്രീകളെ ഒഴിവാക്കിയാണ് 1973ൽ ക്രിമിനൽ നടപടി ചട്ടം ഭേദഗതി ചെയ്യപ്പെട്ടത്.
ഷാബാനു കേസും യൂനിഫോം സിവിൽ കോഡും
വിവാഹമോചനം ചെയ്യപ്പെട്ട മുസ്ലിം സ്ത്രീക്ക് മുൻ ഭർത്താവിൽനിന്ന് ജീവനാംശം നൽകുന്നതിൽ മുസ്ലിം വ്യക്തി നിയമമാണോ അതോ 1973ലെ ക്രിമിനൽ നടപടി ക്രമമാണോ (സെക്ഷൻ 125) പിന്തുടരേണ്ടത് എന്ന തർക്കത്തിലാണ് ഷാബാനു കേസ് വിധി സുപ്രീംകോടതി പ്രസ്താവിച്ചത്. മുസ്ലിം വ്യക്തിനിയമത്തെ അവഗണിച്ചും യു.സി.സി നടപ്പാക്കണമെന്ന് നിർദേശിച്ചും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ വിധിപ്രസ്താവമാണ് മുസ്ലിം സ്ത്രീ അവകാശവുമായി ബന്ധപ്പെട്ട് രണ്ടാമതായി മുഖ്യധാരയിൽ ചർച്ചക്ക് കാരണമായത്. ഇതിനെതിരെ ഭൂരിഭാഗം മുസ്ലിം സംഘടനകളും നേതൃത്വവും എതിർപ്പ് പ്രകടിപ്പിച്ചു. ഷാബാനുതന്നെ ഇസ്ലാമിക നിയമം മതിയെന്നു പറഞ്ഞു സ്വയം പിൻവാങ്ങി.
ഇൗ വിഷയത്തിൽ പാർലമെന്റിൽ ശ്രദ്ധേയ ഇടപെടൽ നടത്തിയത് ജി.എൻ. ബനാത് വാലയാണ്. അദ്ദേഹം യു.സി.സി ഭരണഘടനയിൽനിന്ന് എടുത്തുകളയാൻ വേണ്ടി പാർലമെന്റിൽ വാദിച്ചു. ശക്തമായ മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയ ഇടപെടലുകളും 1980കളിലെ മറ്റു രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്ത് അന്നത്തെ ഭരണകക്ഷി കോൺഗ്രസ് മുസ്ലിം ന്യൂനപക്ഷ പ്രശ്നങ്ങളുമായി ഒരു ഒത്തുതീർപ്പിലെത്തി. മുസ്ലിം വ്യക്തിനിയമം പരിഗണിച്ചുള്ള മുസ്ലിം സ്ത്രീ (വിവാഹമോചന സംരക്ഷണ) നിയമം (1986) കൊണ്ടുവന്നു.
ഇതിൽ ശ്രദ്ധേയമായ കാര്യം ഷാബാനു കേസിൽ വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ ന്യായാധിപന്മാരുടെ ബെഞ്ചിലോ പാർലമെന്റ് ചർച്ചയിലോ മറ്റു രാഷ്ട്രീയ ഇടപെടലുകളിലോ മുസ്ലിം സ്ത്രീക്ക് വലിയ പങ്കാളിത്തമുണ്ടായിരുന്നില്ല എന്നതാണ്. പുരുഷന്മാരായ ഭരണകർത്താക്കളും ന്യായാധിപന്മാരും സമുദായ നേതാക്കളും മുസ്ലിം സ്ത്രീ അവകാശത്തെ കുറിച്ച് തങ്ങളുടേതായ നിഗമനങ്ങളിലെത്തി. ഇതാവട്ടെ രാജ്യത്തെ ഭരണഘടനാ അസംബ്ലി മുതൽ വിവിധ നിയമ കമീഷനുകൾ അടക്കമുള്ള സംവിധാനങ്ങളുടെ പൊതു പ്രത്യേകതയാണ്. ശബ്ദവും തന്റേടവുമുള്ള വിശ്വാസികളായ മുസ്ലിം സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാത്ത ചർച്ച അവരെ അവഗണിച്ചു വികസിച്ചു. അതിന്റെ തുടർച്ചയാണ്, മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്ന പൊതുപ്രവണതയുടെ തുടർച്ച തന്നെയാണ് ഷാബാനു കേസിലും തുടർന്നുള്ള നിയമനിർമാണങ്ങളിലും സംഭവിച്ചത്.
പ്രശസ്ത പത്രപ്രവർത്തകൻ സഈദ് നഖ്വി (ഷാബാനു കേസ്: ദ റിയൽ ട്രൂത്ത്, ഇന്ത്യൻ എക്സ്പ്രസ്, 4 ഡിസംബർ 1985) സൂചിപ്പിച്ചതുപോലെ ഷാബാനു ബീഗത്തിന്റെ സ്വന്തം കുടുംബവുമായി ബന്ധപ്പെട്ട വ്യക്തിപരമായ രാഷ്ട്രീയ പരിഗണനകൾപോലും ഈ ചർച്ചകൾക്കിടയിൽ വിസ്മരിക്കപ്പെട്ടു. പലരും കരുതുന്നപോലെ അമൂർത്തമായ ഒരു നിയമ – രാഷ്ട്രീയ യുക്തിയുടെ ഭാഷയിലുള്ള അതി ദരിദ്രയോ നിരാലംബയോ ആയ സ്ത്രീ ആയിരുന്നില്ല ഷാബാനു. ഭർത്താവായ മുഹമ്മദ് അഹ്മദ് ഖാനുമായുള്ള പോരാട്ടത്തിൽ ഷാബാനു ആവശ്യപ്പെട്ടത് അന്തസ്സ് (dignity) ആയിരുന്നുവെന്നാണ് അക്കാലത്ത് ഷാബാനുവിനെ അഭിമുഖം ചെയ്ത അപൂർവം പത്രപ്രവർത്തകരിലൊരാളായ സഈദ് നഖ്വി (1985) പറയുന്നത്. ഇത്തരമൊരു പോരാട്ടത്തിൽ ഷാബാനുവിനെ പിന്തുണച്ച അവരുടെ മുതിർന്ന, സ്വയം തൊഴിൽ ചെയ്യുന്ന, രണ്ടു ആൺമക്കൾ അടങ്ങുന്നവരുടെ പങ്കാളിത്തം വിസ്മരിച്ചാണ് നിരാലംബയായ ശാബാനു എന്ന ബിംബം പൊതുഭാവനയിൽ പ്രവർത്തിച്ചത്.
മുസ്ലിം നിയമ പരിഷ്കരണവും മുസ്ലിം സ്ത്രീ രാഷ്ട്രീയത്തിന്റെ പ്രതിസന്ധിയും
കോളനിയനന്തര ഇന്ത്യയിൽ മുസ്ലിം വ്യക്തിനിയമ പരിഷ്കരണം നടക്കുന്നത് രണ്ടുതവണയാണ്. ഒന്ന്, 1986ൽ ഷാബാനു കേസിനു ശേഷവും മറ്റൊന്ന് 2019ൽ സൈറ ബാനു കേസിനു ശേഷവുമാണ്. 1986ലെ പരിഷ്കരണം മുസ്ലിം ന്യൂനപക്ഷ അവകാശത്തെ സംരക്ഷിക്കുന്നതിൽ ഊന്നിയുള്ളതായിരുന്നു. എന്നാൽ, 2019ൽ മുസ്ലിം വ്യക്തിനിയമത്തെ ക്രിമിനൽവത്കരിച്ചും സ്ത്രീ അവകാശത്തെ ഉയർത്തിപ്പിടിച്ചുമായിരുന്നു.
ഈ രണ്ടു പരിഷ്കരണങ്ങളും മുസ്ലിം സ്ത്രീ അവകാശ രാഷ്ട്രീയത്തിൽ ഇടപെടുന്നവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ന്യൂനപക്ഷ രാഷ്ട്രീയത്തെ അനുകൂലിച്ചുള്ള വ്യക്തിനിയമ സംരക്ഷണം അല്ലെങ്കിൽ ന്യൂനപക്ഷ അവകാശത്തെ ഹനിച്ചുള്ള സ്ത്രീ അവകാശ സംരക്ഷണം എന്ന ചോയ്സാണ് ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ ഇടപെടലുകളിൽ അവശേഷിക്കുന്നത്. മുസ്ലിം ന്യൂനപക്ഷ വാദം തിരഞ്ഞെടുക്കുമ്പോൾ സ്ത്രീ അവകാശങ്ങൾക്ക് അടിയറവ് പറയേണ്ടിവരികയും എന്നാൽ സ്ത്രീ അവകാശം തിരഞ്ഞെടുക്കുമ്പോൾ ന്യൂനപക്ഷ വാദത്തെ നിരാകരിക്കുകയും ചെയ്യേണ്ട സങ്കീർണമായ പൊസിഷനിലാണ് മുസ്ലിം സ്ത്രീ അവകാശ വ്യവഹാരം കുടുങ്ങിക്കിടക്കുന്നത്.
ഇപ്പോൾ നടക്കുന്ന വിവാദവും പലപ്പോഴും പൂർണമായ അർഥത്തിൽ മുസ്ലിം സ്ത്രീ രാഷ്ട്രീയത്തെ ഉൾക്കൊണ്ടുള്ളതല്ല എന്നത് വാസ്തവമാണ്. ഒരുവശത്ത് ഹിന്ദുത്വ രാഷ്ട്രീയക്കാരും ഭരണകൂടവും മുസ്ലിം ന്യൂനപക്ഷ അവകാശങ്ങളെ ഹനിച്ചുള്ള ഉന്മൂലന രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു മുസ്ലിം സ്ത്രീ രാഷ്ട്രീയത്തെ പറ്റി സംസാരിക്കുന്നു. മുസ്ലിം സ്ത്രീ അവകാശം എന്നതിലുപരി സ്ത്രീ അവകാശ വിഷയത്തിൽ ഒരു പ്രതിബദ്ധതയും ഈ ഹിന്ദുത്വ രാഷ്ട്രീയത്തിനില്ല എന്നത് വ്യക്തമാണ്. മറ്റൊരു വശത്ത് മുസ്ലിം വ്യക്തി നിയമം സംരക്ഷിക്കണമെന്ന വാദം ഉയർത്തിപ്പിടിക്കുന്ന മുസ്ലിം സംഘടനകളും രാഷ്ട്രീയപാർട്ടികളുമാണ്. ഇവർ മുസ്ലിം സ്ത്രീ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവരെ തങ്ങളുടെ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ സംഘാടനത്തിലോ നേതൃത്വത്തിലോ ഇപ്പോഴും പൂർണാർഥത്തിൽ ഉൾക്കൊള്ളിക്കുന്നില്ല. മൂന്നാമതായുള്ളത്, മുസ്ലിം സ്ത്രീ അവകാശങ്ങെള കുറിച്ച് സംസാരിക്കുകയും മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തെ ഉൾക്കൊള്ളാൻ വിസമ്മതിക്കുകയും ഹിന്ദു വലതുപക്ഷ രാഷ്ട്രീയത്തെ പ്രതിരോധങ്ങളിൽനിന്നും മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തെ സെലക്ടിവായി മാറ്റിനിർത്തുകയും ചെയ്യുന്ന ലിബറൽ സ്ത്രീപക്ഷ രാഷ്ട്രീയവും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുമാണ്. കേരളീയ സാഹചര്യത്തിൽ മുസ്ലിം സ്ത്രീ അവകാശ രാഷ്ട്രീയത്തെ പരിഗണിക്കുന്നവർ പലപ്പോഴും ഈ മൂന്നാമത്തെ ചേരിയിൽ പ്രവർത്തിക്കാൻ നിർബന്ധിതരാകാറുണ്ട്. എന്നാൽ, ഈ മൂന്നു രാഷ്ട്രീയ സമീപനങ്ങളും ഇസ്ലാമിക നിയമങ്ങളെ ഗൗരവത്തിൽ പിന്തുടരുന്ന മുസ്ലിം സ്ത്രീ രാഷ്ട്രീയത്തെ പൂർണമായും ഉൾക്കൊള്ളുന്നില്ല എന്നും കാണണം.
മുന്നോട്ടുള്ള വഴി
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്താനിലും ഈജിപ്തിലും തുനീഷ്യയിലും മൊറോക്കോയിലും ഒക്കെ മുസ്ലിം സ്ത്രീ അവകാശത്തെ കേന്ദ്രീകരിച്ചു നിയമഭേദഗതി നടപ്പാക്കിയത് സെക്കുലർ ഏകാധിപത്യ ഭരണകൂടങ്ങളാണ് എന്നത് വസ്തുതയാണ്. ഈ വൈരുധ്യം മുസ്ലിം സ്ത്രീ അവകാശ രാഷ്ട്രീയത്തിന്റെ ഒരു പരിമിതി കൂടിയാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യയിൽ പ്രത്യേകിച്ചും ഹിന്ദുത്വ ഭരണകൂടം നിലവിലുള്ള സാഹചര്യത്തിൽ മുസ്ലിം സ്ത്രീ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നവർക്ക് മുന്നിലുള്ള വഴി എന്താണ്? നിലവിൽ ഹിന്ദുത്വ രാഷ്ട്രീയത്തോട് സന്ധിയാവുക അല്ലെങ്കിൽ മുസ്ലിം ന്യൂനപക്ഷ അവകാശ സംരക്ഷണത്തെ അനുകൂലിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുക എന്ന വഴികൾ മാത്രമേ മുന്നിലുള്ളൂ. ഇതിനുപരിയായി ന്യൂനപക്ഷ രാഷ്ടീയവും സ്ത്രീ രാഷ്ട്രീയവും സമന്വയിപ്പിച്ചുള്ള രാഷ്ട്രീയ ഇടപെടലുകൾക്ക് പ്രധാന സ്ഥാനം കൈവരുന്നില്ല.
താഴേ തട്ടിൽനിന്ന് വ്യത്യസ്ത ന്യൂനപക്ഷ മുസ്ലിം സ്ത്രീ ഇടപെടലുകളെ ശക്തിപ്പെടുത്തി മാത്രമേ ഇതിലൊരു പുതിയ മാറ്റം കൊണ്ടുവരാൻ സാധിക്കൂ എന്നതാണ് സമകാലിക അനുഭവം. ഇവ്വിഷയകമായുള്ള മാതൃക ഏകാധിപതികളുടെ സ്ത്രീ പരിഷ്കരണമല്ല. എം.ജെ. അക്ബറിനെ പോലുള്ളവർ ഇന്ത്യൻ പാർലമെന്റിൽ മുത്തലാഖ് ചർച്ചയിൽ ഇടപെട്ടു നൽകിയ അറബ് ഏകാധിപതികളുടെ സ്ത്രീ പരിഷ്കരണ സംരംഭങ്ങളുടെ ഉദാഹരണങ്ങൾ വളരെക്കാലമായി ഇന്ത്യൻ ലിബറൽ പരിഷ്കരണവാദത്തിന്റെ തലതിരിഞ്ഞ സമീപനത്തിന്റെ ഭാഗമാണ്.
മുസ്ലിംകൾ ന്യൂനപക്ഷങ്ങളായി ജീവിക്കുന്ന ലിബറൽ ജനാധിപത്യ രാജ്യങ്ങളിൽ നടക്കുന്ന നിയമ-രാഷ്ട്രീയ സംവാദങ്ങൾ ഇവ്വിഷയകമായി വ്യത്യസ്ത സമീപനം നിർമിക്കാനാവശ്യമായ ചില മാതൃകകൾ നൽകുന്നുണ്ട്. മുസ്ലിം ന്യൂനപക്ഷ അവകാശത്തെയും സ്ത്രീ അവകാശത്തെയും സമന്വയിപ്പിച്ച് നിരവധി കൂടിയാലോചനകളിലൂടെയും പങ്കാളിത്ത ജനാധിപത്യപരമായ ചർച്ചകളിലൂടെയും ഒരു പരിധി വരെയെങ്കിലും മാറ്റം കൊണ്ടുവരാൻ ഈ രാഷ്ട്രങ്ങളിൽ സാധിച്ചിട്ടുണ്ട്. ചുരുങ്ങിയത് അത്തരമൊരു ചർച്ചയിൽ ഇസ്ലാമിക നിയമത്തിനുള്ളിൽ നിൽക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ പങ്കാളിത്തം ഭരണകൂടങ്ങൾ പ്രധാനമായി കാണുന്നുവെന്നതു ശ്രദ്ധേയമാണ്.
‘ഇൻഡിപെൻഡന്റ് റിവ്യൂ ഇൻടു ദി ആപ്ലിക്കേഷൻ ഓഫ് ശരീഅ ലോ ഇൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ്’ എന്ന പേരിൽ ബ്രിട്ടീഷ് ഗവൺമെന്റ് പ്രഫസർ മുന സിദ്ദീഖിയുടെ നേതൃത്വത്തിൽ 2018ൽ തയാറാക്കിയ പൊതു ചർച്ചക്കായുള്ള രേഖയും സൗത്താഫ്രിക്കയിൽ 2010ൽ മുസ്ലിം മാര്യേജസ് ബില്ലുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളും ഒരു മാതൃകയാണ്. മതപണ്ഡിതർ, സ്ത്രീവാദികൾ, നിയമവിദഗ്ധർ ഒക്കെ ഉൾപ്പെട്ട ഒരു സംവാദ-അഭിപ്രായ രൂപവത്കരണ ശ്രമമാണിത്. ഈ മാതൃകയിൽ ഇന്ത്യയിൽ നിലവിലുള്ള ഇസ്ലാമിക നിയമത്തിലെ മാറ്റം ആവശ്യപ്പെട്ടും ഏക സിവിൽ കോഡിന്റെ ഏകസ്വരതയെ നിരാകരിച്ചും മുസ്ലിം സ്ത്രീകളുടെ വിശ്വാസ രാഷ്ട്രീയത്തെ ഉൾക്കൊണ്ടുമുള്ള ബഹുസ്വരമായ നിയമ-രാഷ്ട്രീയ ചർച്ചകൾക്ക് വഴികൾ തുറക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.