ദോഹ കോർണിഷിലെ കൗണ്ട്ഡൗൺ ക്ലോക്കിനരികെനിന്ന് വെസ്റ്റ് ബേയിലേക്ക് നോക്കുമ്പോൾ കാണുന്ന കൂറ്റൻ സ്ക്രീനിൽ അക്രോബാറ്റിക് ഷോട്ടുമായി ഒരു കളിക്കാരന്റെ രേഖാചിത്രം. ഉൾക്കടലിന്റെ ഓളപ്പരപ്പിൽ സന്ദർശകരെ കാത്ത് കൊച്ചു ബോട്ടുകൾ. നടപ്പാതയോടു ചേർന്ന് മനോഹരമായി വെച്ചുപിടിപ്പിച്ച പുൽത്തകിടിയിൽ ഇഷ്ടടീമിന്റെ പേരുകൊത്തിയ കട്ടൗട്ടിന് നടുവിലിരുന്ന് അക്കരെ ദീപപ്രഭയിൽ മുങ്ങിയ കൂറ്റൻ കെട്ടിടങ്ങളുടെ പശ്ചാത്തലം ഉൾപ്പെടുത്തി ചിത്രം പകർത്തുന്ന ആരാധകർ. പ്രൊമനേഡിൽ രാത്രി നടക്കാനിറങ്ങിയവരുടെ നോട്ടങ്ങൾ ഓരോ ആരാധകക്കൂട്ടങ്ങളിലും കൗതുകപൂർവം ചെന്നു തറക്കുന്നു. പൊരുതി നേടിയ ലോകകപ്പിന്റെ പോരാട്ടച്ചൂടിലേക്ക് ഖത്തർ നടന്നടുക്കുമ്പോൾ ഭൂമിയിൽ കളിയെ സ്നേഹിക്കുന്നവരൊക്കെ അറബിനാട്ടിലേക്ക് ആകാംക്ഷയോടെ കണ്ണയക്കുകയാണ്.
കോർണിഷ് ഇടക്കിടെ ആരാധകക്കൂട്ടങ്ങളുടെ ആവേശനിമിഷങ്ങൾക്ക് വേദിയാവുന്നുണ്ട്. കാസർകോട്ടും തൃശൂരും മലപ്പുറത്തുമൊക്കെയുള്ളതുപോലെ ഈ ആരവങ്ങൾക്ക് ചെണ്ടമേളങ്ങളുടെ അകമ്പടിയുണ്ട്. അരപ്പറ്റയും അരീക്കോടും അജാനൂരുമൊക്കെ ഈ ആർപ്പുവിളികളിൽ ചേരുംപടി ചേരുന്നുമുണ്ട്. കേരളത്തിലെന്നു തോന്നിക്കുന്ന ഫാൻപോരിന് ദോഹയുടെ മണ്ണ് അരങ്ങൊരുക്കുമ്പോൾ മലയാളികൾതന്നെയാണ് കേന്ദ്രബിന്ദു. വാട്സ്ആപ്പും ഫേസ്ബുക്കുമൊക്കെ ഉപയോഗപ്പെടുത്തി ക്ഷണനേരത്തിൽ രൂപപ്പെടുന്ന കൂട്ടായ്മകൾ പൊടുന്നനെയെേന്നാണം ആയിരങ്ങളിലേക്ക് വേരുപിടിച്ച് പടർന്നു പന്തലിക്കുകയാണ്. ജീവിതനിവർത്തിക്കായി കടൽ കടന്നെത്തിയവർക്കു മുന്നിൽ ഇപ്പോൾ കാൽപന്തുകളിയുടെ തിരയിളക്കം മാത്രം.
കഴിഞ്ഞയാഴ്ച കോർണിഷിലെ ആരാധകക്കൂട്ടത്തിന്റെ ആവേശറാലി കണ്ട് ഖത്തരികൾ വരെ വിസ്മയംകൊണ്ടു. അർജന്റീനയിൽനിന്ന് സൈക്കിളോടിച്ച് ദോഹയിലെത്തിയ ലൂകാസ് ലെഡെസ്മ, ലിയാൻഡ്രോ ബ്ലാങ്കോ പിഗി, സിൽവിയോ ഗാട്ടി എന്നിവർക്ക് ക്ഷണനേരംകൊണ്ട് വരവേൽപ് ചടങ്ങൊരുങ്ങുന്നു. ആകാശനീലിമയിലെ കുപ്പായവർണങ്ങളുടെ ആധിക്യം കണ്ട് ആ അർജന്റീനക്കാർപോലും അമ്പരന്നു. നാട്ടിലേതുപോലെ അർജന്റീന ഫാൻസ് അസോസിയേഷനെ നേർക്കുനേർ വെല്ലുവിളിച്ച് ബ്രസീൽ ആരാധകക്കൂട്ടായ്മ വീറോടെ കളത്തിലിറങ്ങുന്നു. മണലാരണ്യത്തിലെ ഈ മഹാമേളയിലേക്ക് യൂറോപ്പും തെക്കനമേരിക്കയും കടന്ന് കാണികൾ ഒഴുകിയെത്തുന്നതു വരെ ഇവിടെ ഓളം തിരതല്ലുന്നത് മലയാളികളുടെ കാർമികത്വത്തിലാണ്.
അർജന്റീനയും ബ്രസീലും രണ്ടു ദശാബ്ദം നീണ്ട യൂറോപ്പിന്റെ കുത്തക തകർക്കാൻ തകർപ്പൻ മുന്നൊരുക്കങ്ങളുടെ പിൻബലവുമായെത്തുമ്പോൾ ആരാധകരേറെയും അവർക്ക് പിന്നിലാണ്. ലയണൽ സ്കലോണിയുടെ തന്ത്രങ്ങൾ അർജന്റീനയെയും ടിറ്റെയുടെ കരുനീക്കങ്ങൾ ബ്രസീലിനെയും ആത്മവിശ്വാസത്തിന്റെ അമരത്ത് പ്രതിഷ്ഠിക്കുമ്പോൾ ആരാധകരും ആ വഴിക്കുതന്നെ. സാധ്യതകളുടെ ഏറ്റവും മുന്നിൽ ബ്രസീലും അർജന്റീനയും ഒരുങ്ങിയെത്തുമ്പോൾ ഇരുനിരകളിലും വലിയൊരു ട്രാൻസിഷന് കളമൊരുക്കിയ രണ്ടു കോച്ചുമാരുടെയും വഴികൾ തുറക്കുന്നത് എവിടേക്കാവും? ഖത്തറിൽ അവർക്കുമുന്നിലെ വെല്ലുവിളികൾ എന്തൊക്കെയാവും?
ലയണൽ സ്കലോണി ആശാന്റെ കുപ്പായമിടുമ്പോൾ, അങ്ങ് ബാഴ്സലോണയിലെ കളിത്തട്ടിൽ ലയണൽ ആന്ദ്രേസ് മെസ്സി എന്ന 35കാരൻ കാറ്റലനെന്നതിനെക്കാൾ അർജന്റീനക്കാരനായി മാറിക്കഴിഞ്ഞിരുന്നു. പാരിസിലെത്തിയതോടെ അതു പൂർണമായി. അയാൾ അത്യധ്വാനം ചെയ്ത നടുത്തളത്തിലിപ്പോൾ ലിയാൻഡ്രോ പരേഡസും റോഡ്രിഗോ പോളുമുണ്ട്. ജാഗ്രതയും പൊസഷനും ആധാരമാക്കി മിഡ്ഫീൽഡിൽ അർജന്റീന മേധാവിത്വമുറപ്പിക്കുന്നു. പിന്നണിയിൽനിന്നവർ ഇരച്ചുകയറുന്നു, ത്രികോണാകൃതിയിൽ നീക്കങ്ങൾ നെയ്യുന്നു, നീക്കങ്ങൾക്ക് സ്പേസ് കണ്ടെത്താൻ എതിരാളികളെ പിന്നോട്ടുവലിക്കുന്നു... ഒടുവിൽ അയാൾക്ക് സാധ്യതകളുടെ നേരിയ സൂചനകളിൽനിന്നുപോലും അതിശയകരമായി അപകടം വിതയ്ക്കാൻ കഴിയുന്ന കളത്തിലെ ഡെയ്ഞ്ചർ സോണുകളിലേക്ക് മെസ്സിയെ തന്ത്രപരമായി കൊണ്ടുവരുന്നു.
ജൂണിൽ തെക്കനമേരിക്കയിലെയും യൂറോപ്പിലെയും ചാമ്പ്യന്മാർ നേരങ്കം കുറിച്ച ഫൈനലിസ്സിമയിൽ വെംബ്ലിയുടെ കളിമുറ്റത്ത് ഇറ്റലിയെ 3-0ത്തിന് കശാപ്പുചെയ്ത അർജന്റീന പല സൂചനകളും നൽകുന്നുണ്ട്. ലൗതാറോ മാർട്ടിനെസും ഏയ്ഞ്ചൽ ഡി. മരിയയും പൗളോ ഡിബാലയും വല കുലുക്കിയ കളിയിൽ പക്ഷേ, കേമനായി തിരഞ്ഞെടുക്കപ്പെട്ടത് മെസ്സിയായിരുന്നു. നായകന് പിന്നിൽ ടീം ഒന്നടങ്കം ഒറ്റക്കെട്ടാവുന്നതും ഒരുമയുള്ള കളി കെട്ടഴിക്കുന്നതും കണ്ട് കോച്ച് ലയണൽ സ്കലോണി പറഞ്ഞത് ''ഞങ്ങളുടെ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത അത് 'ടീം' ആണെന്നതാണ്''എന്നായിരുന്നു. കോപ അമേരിക്കയിൽ ബ്രസീലിനെ തോൽപിച്ച് കിരീടം നേടിയ ശേഷം യൂറോപ്പിന്റെ വമ്പിനെതിരെ തെക്കനമേരിക്കയുടെ പോരാട്ട കാഹളംകൂടിയായിരുന്നു അത്. ലോകകപ്പ് വിളിപ്പാടകലെ നിൽക്കെ പ്രത്യേകിച്ചും.
സ്കലോണി എത്ര പെട്ടെന്നാണ് എല്ലാം തികഞ്ഞ ആശാനായി മാറിയത്? ജോർജ് സാംപോളിയെ ദീർഘകാലത്തേക്ക് വലിയ കരാറിലാണ് അർജന്റീന കോച്ചാക്കിയത്. കാര്യങ്ങൾ പന്തിയല്ലെന്നു കണ്ടതോടെ സാംപോളിയെ പുറത്താക്കിയതോടെ കൂടുതൽ പണം നൽകേണ്ടിവന്നു. യൂറോപ്പിൽ നാഷൻസ് ലീഗ് മത്സരങ്ങൾക്ക് തുടക്കമായതോടെ, വമ്പൻ സൗഹൃദ മത്സരങ്ങളും കളിക്കാനാവാതെ വന്നു. ഫലം, അർജന്റീന ഫുട്ബാൾ അസോസിയേഷൻ കാശില്ലാതെ കുഴങ്ങി. ഈ സാഹചര്യത്തിലാണ് സ്കലോണിയെ താൽക്കാലികമായി അർജന്റീന പരിശീലക വേഷം കെട്ടിക്കുന്നത്. വെസ്റ്റ് ഹാമിന്റെ റൈറ്റ്ബാക്കായിരുന്ന അർജന്റീനക്കാരന് സീനിയർ തലത്തിൽ കോച്ചിങ് പരിചയം ഒട്ടുമുണ്ടായിരുന്നില്ല. അണ്ടർ 20 തലത്തിൽ ഒട്ടും ശ്രദ്ധിക്കപ്പെടാത്ത ചില അസൈൻമെന്റുകൾ. റഷ്യൻ ലോകകപ്പിൽ എതിരാളികളുടെ നീക്കങ്ങൾ വിലയിരുത്താനുള്ള അർജന്റീനയുടെ കോച്ചിങ് സ്റ്റാഫിൽ അംഗമായിരുന്നു. ഈ കാമ്പില്ലാത്ത ബയോഡേറ്റയുമായാണ് ലോക ഫുട്ബാളിലെ ഏറ്റവും ശ്രദ്ധേയമായ ഉത്തരവാദിത്തങ്ങളിലൊന്നിലേക്ക് സ്കലോണി ആനയിക്കപ്പെടുന്നത്. അയാൾക്ക് വളരെ കുറച്ച് കാശു കൊടുത്താൽ മതിയെന്നതുമാത്രമാണ് അന്ന് അർജന്റീന അധികൃതർ സ്കലോണിയിൽ കണ്ട പ്രധാന 'യോഗ്യത'.
ഡീഗോ മറഡോണക്ക് ആ നിയമനം ഒട്ടും ദഹിച്ചില്ല. ''സ്കലോണി നല്ല മനുഷ്യനാണ്. എന്നാൽ, ഒരു ട്രാഫിക് നിയന്ത്രിച്ചുപോലും അയാൾക്ക് പരിചയമില്ല. അങ്ങനെയൊരാളുടെ കൈകളിലേക്ക് നമ്മളെങ്ങനെയാണ് നമ്മുടെ ദേശീയ ടീമിനെ ഏൽപിക്കുക? നമ്മൾക്കെല്ലാവർക്കും ഭ്രാന്തായോ?'' -അന്ന് പരിഹാസരൂപേണ മറഡോണ ചോദിച്ചത് ഇതായിരുന്നു. അന്നത്തെ സാഹചര്യത്തിൽ അതൊരു ചോദ്യം തന്നെയായിരുന്നു. പക്ഷേ, ഡീഗോ ചൂണ്ടിക്കാട്ടിയ മാഡ്നെസിൽ ചില മെത്തേഡുകൾ കൂടിച്ചേർന്നപ്പോൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് ആ സന്ദേഹം എടുത്തെറിയപ്പെട്ടുവെന്നുമാത്രം. മെസ്സിയെ അതിന്റെ പരമാർഥത്തിൽ മിക്സ് ചെയ്തായിരുന്നു സ്കലോണി പുതിയ സ്ട്രാറ്റജികളുടെ തലതൊട്ടപ്പനായത്. അതിനയാൾക്ക് കൃത്യമായ കണക്കുകൂട്ടലുകളുടെ പിൻബലമുണ്ടായിരുന്നു.
ബാഴ്സലോണയുമായി കുഞ്ഞുന്നാൾ മുതൽ മെസ്സി വിളക്കിച്ചേർത്ത ഹൃദയബന്ധത്തിൽ ചില വിള്ളലുകൾ രൂപപ്പെട്ട കാലമായിരുന്നു അത്. അർജന്റീനയേക്കാൾ കാറ്റലോണിയൻ കൾച്ചറിനെയും ബാഴ്സയെയും മുറുകെപ്പിടിക്കുന്നുവെന്ന് തിരിച്ചടികളുടെ വേളകളിൽ വിഖ്യാത താരത്തിനുമേൽ ആരോപണ ശരങ്ങളെയ്ത് അതിതീവ്ര ദേശീയവാദികൾ അലമുറയിടുന്ന നാളുകൾ. മടുപ്പിന്റെ അങ്ങേത്തലക്കലെത്തിയപ്പോൾ കുപ്പായമഴിച്ച് പിൻവാങ്ങാൻപോലും അയാളെ പ്രേരിപ്പിച്ചു, ആ വിമർശനങ്ങളുടെ മൂർച്ച. എന്നാൽ, തീരുമാനം മാറ്റി തിരിച്ചുവന്ന മെസ്സിയുടെ പ്രധാന നിബന്ധന ഒരു ടോട്ടൽ ഇൻവോൾവ്മെന്റായിരുന്നു.
മെസ്സിയുടെ സാന്നിധ്യം പുതുതാരങ്ങളിൽ ചിലരുടെ വരവിന് വിലങ്ങുതടിയാവുന്നെന്ന വിമർശനങ്ങളും ഒരുപാടുകാലം ഉയർന്നുകേട്ടിരുന്നു. സൂപ്പർതാരത്തിന്റെ ശാന്തവും ഉൾവലിഞ്ഞതുമായ പ്രകൃതം അതിന് ആക്കംകൂട്ടുകയും ചെയ്തു. സെർജിയോ അഗ്യൂറോയെ ടീമിലെടുക്കാൻ സ്കലോണി ആദ്യം താൽപര്യം കാട്ടിയിരുന്നില്ലെന്നും മെസ്സിയുടെ താൽപര്യമാണ് പിന്നീട് അഗ്യൂറോയെ ടീമിലെത്തിച്ചതെന്നും സംസാരമുണ്ടായി. 2005ൽ അണ്ടർ 20 ലോകകപ്പിൽ ഒന്നിച്ചുകളിച്ച മെസ്സിയും അഗ്യൂറോയും അടുത്ത കൂട്ടുകാരാണ്. അഗ്യൂറോ ടീമിലുണ്ടാകുമ്പോൾ മറ്റുള്ളവരുമായി അധികം സംസാരിക്കാൻ മെസ്സി താൽപര്യം കാട്ടിയിരുന്നില്ലെന്നും ചിലർ കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ, സ്കലോണി എത്തിയതോടെ മെസ്സിയിലും അടിമുടി മാറ്റം സംഭവിച്ചു. മാറണമെന്ന് മെസ്സി സ്വയം നിശ്ചയിച്ചതുമായിരിക്കാം. ക്യാപ്റ്റന്റെ പുതിയ വേർഷനായിരുന്നു പിന്നീട് കളത്തിലും പുറത്തും. 2019 കോപ അമേരിക്ക ടൂർണമെന്റിനിടെ മെസ്സിയുടെ മാറ്റം കണ്ട് അർജന്റീന ജേണലിസ്റ്റുകൾ അതിശയിച്ചു. കൂടുതൽ നന്നായി സംസാരിക്കുകയും കൂട്ടുകാരെ മുഴുവൻ പ്രചോദിപ്പിക്കുകയും ചെയ്യുന്ന 'പുതിയ' ക്യാപ്റ്റനും അയാളെ അകമഴിഞ്ഞ് പിന്തുണച്ച പുതിയ കോച്ചും അർജന്റീനയെ അടിമുടി മാറ്റിമറിച്ചു. മണിക്കൂറുകളോളം അയാൾ സംസാരിക്കാൻ തുടങ്ങി. ബ്രസീലിനെ കീഴടക്കിയ കോപ അമേരിക്ക ഫൈനലിന് തൊട്ടുമുമ്പ് മെസ്സി ടീമംഗങ്ങളോട് നടത്തിയ പ്രസംഗം പ്രചോദന മാതൃകയെന്ന രൂപത്തിൽ വൈറലായി. ഒന്നര ദശാബ്ദത്തോളം മെസ്സിക്കൊപ്പം ഒരുമനസ്സോടെ പന്തുതട്ടിയ എയ്ഞ്ചൽ ഡി. മരിയ ഈ മാറ്റത്തെ സാക്ഷ്യപ്പെടുത്തി അർജൈന്റൻ മീഡിയയോട് പറഞ്ഞത് ''ഈ മെസ്സിയെ എനിക്കിഷ്ടമായി'' എന്നായിരുന്നു. മെസ്സിയിലേക്ക് പന്തെത്തിക്കാനും അയാൾ വല കുലുക്കുന്നത് കണ്ട് ആഹ്ലാദിക്കാനും സഹതാരങ്ങൾ ഒന്നടങ്കം ഇഷ്ടപ്പെട്ടു. അയാൾ എല്ലാവർക്കുമൊപ്പം തമാശ പങ്കിട്ടു. എല്ലാവരും നായകന്റെ കൂട്ടുകാരായി.
മറഡോണയെപ്പോലുള്ള ഒരുപാട് പേരുടെ മുൻവിധികളെ സ്കലോണി ഓഫ്സൈഡ് ട്രാപ്പിൽ കുരുക്കുന്നതായിരുന്നു പിന്നീടുള്ള കാഴ്ചകൾ. കൃത്യമായ കണക്കുകൂട്ടലും തന്ത്രങ്ങളും ചാലിച്ച് സ്കലോണി സൂപ്പർ കോച്ചിന്റെ പരിവേഷമാർജിക്കുകയായിരുന്നു. മെസ്സിയിലുണ്ടായ മാറ്റം അതിന് വലിയരീതിയിൽ അടിത്തറയൊരുക്കിയെന്നതാണ് സത്യം. മുമ്പില്ലാത്ത രീതിയിൽ മെസ്സി ടീമുമായി ഇഴുകിച്ചേർന്നു. ടാക്ടിക്സിലും അതിനനുസരിച്ച് മാറ്റങ്ങൾ വന്നു. മെസ്സിതന്നെയും ടീമിന്റെ സ്ഥിരതയാർന്ന മികവിലേക്ക് മികച്ച കോൺട്രിബ്യൂഷൻ നൽകി.
കളത്തിൽ അതിവേഗ മാറ്റങ്ങൾക്കും അതിദ്രുത ആക്രമണങ്ങൾക്കും കെൽപുള്ള ടീമാക്കി അർജന്റീനയെ മാറ്റുകയായിരുന്നു സ്കലോണിയുടെ ഉന്നം. നിലവിലെ കളിക്കാരിൽ അതിനു പ്രാപ്തരായവരുടെ അഭാവം കോച്ച് തിരിച്ചറിഞ്ഞു. തനിക്കുവേണ്ട കളിക്കാരെ വിവിധ ലീഗുകളിൽനിന്ന് കണ്ടെത്തി മോൾഡ് ചെയ്ത് സ്കലോണി പഴുതുകളടച്ചു. ലോ സെൽസോയും റോഡ്രിഗോ പോളും വളർന്നുവലുതാകുന്നത് അങ്ങനെയാണ്. എല്ലാറ്റിനും മെസ്സിയുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു. സ്കലോണി സ്ക്വാഡിനെ ലോകമിപ്പോൾ 'സ്കലോണേറ്റ' എന്നു വിളിക്കുന്നു. അപ്പോഴും ആരാണാ സംഘത്തെ ലീഡ് ചെയ്യുന്നത് എന്നതിൽ ഒരു സന്ദേഹത്തിനും കോച്ച് ഇടം കൊടുക്കുന്നില്ല. ''മെസ്സിയെക്കുറിച്ച് എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. അവനെ വിവരിക്കാൻ നിങ്ങൾക്ക് വാക്കുകളുണ്ടാവില്ല. മെസ്സി ഉളവാക്കുന്നതെല്ലാം വേറിട്ടതാണ്. ആ കളി കണ്ടിരിക്കുന്നതു തന്നെ അത്രമേൽ സന്തോഷദായകം. ലോക ഫുട്ബാളിന്റെ പൈതൃക സമ്പത്താണവൻ'' -സ്കലോണിയുടെ വാഴ്ത്തുമൊഴികൾ അർജന്റീനാ ടീമിന്റെ കെട്ടുറപ്പിന്റെയും പാരസ്പര്യത്തിന്റെയും വിളംബരം കൂടിയാണ്. ഖത്തർ ലോകകപ്പിലെ ഏറ്റവും വയസ്സൻപടകളിലൊന്നായിട്ടും സംശയത്തിനിട നൽകാത്തവിധം, സാധ്യതകളിൽ അർജന്റീന മുമ്പന്മാരാകുന്നു.
'ബ്യൂട്ടിഫുൾ ഗെയിം' എന്നത് വിവരണം എന്നതിനെക്കാളേറെ ഫിലോസഫിയാണ്. അതിന്റെ വേരുകളാവട്ടെ, ബ്രസീലിലും. പെലെയും ദിദിയുമൊക്കെ സമ്പുഷ്ടമാക്കിയ പ്രയോഗത്തിന്റെ പ്രയോക്താക്കൾ പക്ഷേ, ഇടക്കാലത്ത് പ്രതിരോധാത്മക നീക്കങ്ങളുടെ ചുവടുപിടിച്ചുനടന്നത് കളിയുടെ നിരാശാചിത്രമായിരുന്നു. ലൂയി ഫിലിപ് സ്കോളാരിയെന്ന കോച്ചിനെ കൂടു തുറന്നുവിട്ട് ഏതുവിധേനയും കളി ജയിക്കുകയെന്നതിലേക്ക് ബ്രസീൽ ഊന്നിയപ്പോൾ റൊമാരിയോയും ബെബറ്റോയും വാണ സ്ഥാനത്ത് കഫുവും ദുംഗയുമൊക്കെ കയറിയെത്തുകയായിരുന്നു. 'മനോഹര കളി കെട്ടഴിക്കാൻ ശ്രമിക്കുക' എന്നർഥമുള്ള 'ജോഗോ ബൊണീറ്റോ' പെറു ദേശീയ ടീമിലേക്കും അർജന്റീനയിലെ റിവർേപ്ലറ്റ്, തുർക്കിയിലെ ഫിനർബാഷെ ക്ലബുകളിലേക്കും പറിച്ചുനട്ട ദിദിയുടെ നാട്ടിലാണ് സ്കൊളാരിയും ദുംഗയുമൊക്കെ പ്രതിരോധാത്മക തന്ത്രങ്ങളുടെ വക്താക്കളായത്.
കാക്സിയാസിന് ഡിഫൻഡറായി കളിച്ച സ്കോളാരിയുടെ പ്രതിരോധ ചിന്തകൾ അദ്ദേഹത്തിന്റെ കരിയർ കാലം മുതൽ കൂടെയുണ്ട്. 'പെർമ ഡി പാവു' എന്നാൽ പോർചുഗീസിൽ അർഥം 'മരത്തിന്റെ കാലുകൾ' എന്നാണ്. മോശം കളിക്കാരെ സൂചിപ്പിക്കുന്ന ഈ വിശേഷണമായിരുന്നു കളിക്കുന്ന നാളുകളിൽ സ്കൊളാരിക്കുണ്ടായിരുന്നത്. അതേ തന്ത്രങ്ങളാണ് ഏറക്കുറെ ബ്രസീൽ കോച്ചെന്ന നിലയിലും സ്കൊളാരി സ്വീകരിച്ചതും. ശക്തമായ പ്രതിരോധമായിരുന്നു അതിന്റെ മുഖ്യഭാവം. ഗോളടിക്കുന്നതിനെക്കാൾ ഗോൾ വഴങ്ങാതിരിക്കുകയെന്നതായിരുന്നു അടിസ്ഥാന തത്ത്വം. ഫലം, ലോകത്തെ ഹരം കൊള്ളിച്ച മാന്ത്രിക ചുവടുകളിൽനിന്ന് മനംമടുപ്പിക്കുന്ന ഡിഫൻസിവ് സ്ട്രാറ്റജിയിലേക്ക് ഇതിഹാസ തുല്യരായ മഞ്ഞപ്പട പിന്നാക്കം നടന്നു. ജോഗോ ബൊണീറ്റോ മനപ്പൂർവം വിസ്മരിക്കപ്പെട്ടപ്പോൾ, തടകെട്ടിയായാലും നേടുന്ന മൂന്നു പോയന്റുകളാണ് ഏറ്റവും പ്രധാനമെന്നത് സ്കൊളാരി പരസ്യമായി പറഞ്ഞു. ഈ തന്ത്രങ്ങൾക്ക് 2002ൽ ലോകകപ്പ് തന്നെ പകരം കിട്ടിയപ്പോൾ അത് മഹത്തരമായി ബ്രസീലിന് തോന്നി.
ഒടുവിൽ 2012ൽ വീണ്ടും സ്കൊളാരി വന്നു. സ്വന്തം മണ്ണിൽ നടക്കുന്ന 2014ലെ ലോകകപ്പായിരുന്നു ഉന്നം. എന്നാൽ, ലോകകപ്പ് സെമിഫൈനലിൽ ബെലെ ഹൊറിസോണ്ടോയിലെ എസ്റ്റേഡിയോ മിനീറോയിൽ ലോകം മൂക്കത്തുവിരൽവെച്ച കൂട്ടക്കശാപ്പിൽ ജർമനി 7-1ന് ബ്രസീലിനെ തോൽപിച്ചതോടെ സ്കൊളാരിക്കുമേൽ കെട്ടിയുയർത്തിയ വീരപരിവേഷമെല്ലാം എട്ടുനിലയിൽ പൊട്ടി. ലോകകപ്പ് ചരിത്രത്തിൽ ബ്രസീലിന്റെ ഏറ്റവും കനത്ത തോൽവി. 1975നുശേഷം സ്വന്തം മണ്ണിലെ ഒരു കോംപറ്റിറ്റിവ് മത്സരത്തിൽ ആദ്യ തോൽവിയും. പിന്നാലെ ലൂസേഴ്സ് ഫൈനലിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് നെതർലൻഡ്സിനോടും തകർന്നടിഞ്ഞതോടെ ചരിത്രത്തിൽ ബ്രസീൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ ലോകകപ്പായി അത് മാറി. എല്ലാ പാപഭാരവുമേറ്റെടുത്ത് സ്കൊളാരി രാജിവെച്ചൊഴിഞ്ഞു.
കിരീടങ്ങൾ മാത്രം മുന്നിൽകണ്ട് പാരമ്പര്യവും പകിട്ടും അടിയറ വെച്ചാൽ കനത്ത തിരിച്ചടികളാവും കാത്തിരിക്കുന്നതെന്ന് മനസ്സിലായതോടെ ബ്രസീൽ തെറ്റുതിരുത്താനുള്ള തീരുമാനത്തിലെത്തി. കാക്സിയാസിൽ സ്കൊളാരിയുടെ സഹതാരമായിരുന്ന അഡേനോർ ലിയനാർഡോ ബാച്ചി എന്ന ടിറ്റെയിൽ വിശ്വാസമർപ്പിക്കുകയായിരുന്നു അവർ. സ്കൊളാരി ഡിഫൻഡറായിരുന്നുവെങ്കിൽ ടിറ്റെ ഒന്നാന്തരം ക്രിയേറ്റിവ് മിഡ്ഫീൽഡറായിരുന്നു.
ടീമിനെ ഒരു ഗതിമാറ്റത്തിലേക്ക് നയിക്കുകയായിരുന്നു ടിറ്റെക്ക് മുന്നിലുണ്ടായിരുന്ന പ്രധാന ലക്ഷ്യം. ആ രീതിയിലാണ് അദ്ദേഹം തുടക്കമിട്ടതും. കൊറിന്ത്യൻസിനൊപ്പം പരിശീലകനായി ക്ലബ് ലോകകപ്പ് വരെ നേടിയിട്ടുള്ള ടിറ്റെ ഡിഫൻസിനും അറ്റാക്കിങ്ങിനുമിടയിലെ ബാലൻസ് നിലനിർത്തുകയെന്നതാണ് പ്രധാനമായി കരുതുന്നത്. ക്രിയേറ്റിവ് കളിക്കാരുടെ ബാഹുല്യത്തിൽ സാഹചര്യമനുസരിച്ച് ആക്രമണത്തിനും പ്രതിരോധത്തിനും മാറിമാറി സംഭാവന നൽകാൻ കഴിയുന്ന താരങ്ങളെ നിർണായക സ്ഥാനങ്ങളിൽ വിന്യസിച്ച് ടിറ്റെ മാറ്റങ്ങൾക്ക് തുടക്കമിട്ടു. ആക്രമിക്കാൻ അരമനസ്സുകാട്ടിയ തന്ത്രങ്ങളെ അടിമുടി പുതുക്കിപ്പണിത് അറ്റാക്കിങ്ങിലേക്ക് പൂർണമായും മനസ്സുവെച്ചു. 2019ലെ കോപ അമേരിക്ക കിരീടമായിരുന്നു ആദ്യനേട്ടം. 2018 ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തോടും 2021ൽ മാറക്കാനയിൽ നടന്ന കോപ അമേരിക്ക ഫൈനലിൽ ബ്രസീലിനോടും തോറ്റത് വേദന ഉളവാക്കിയെങ്കിലും ആധുനിക ഫുട്ബാളിൽ തലയുയർത്തി നിൽക്കാൻ ടിറ്റെ കാനറികൾക്ക് കരുത്തുപകർന്നു. ടിറ്റെക്കു കീഴിൽ 76 മത്സരങ്ങളിൽ 166 ഗോളുകളടിച്ച ടീം ആകെ തിരിച്ചുവാങ്ങിയത് 27 എണ്ണം മാത്രം. 54 ജയം, 14 സമനില, കേവലം അഞ്ചു തോൽവി എന്ന തകർപ്പൻ കണക്കുകളും.
എട്ടു ഡിഫൻഡർമാരും ആറു മിഡ്ഫീൽഡർമാരുമുള്ള ടീമിൽ ഒമ്പതു മുന്നേറ്റനിരക്കാരെയാണ് ഇത്തവണ ലോകകപ്പിനായി ടിറ്റെ അണിനിരത്തുന്നത്. നെയ്മറിനൊപ്പം വിനീഷ്യസ് ജൂനിയർ, ഗബ്രിയേൽ ജീസസ്, റിച്ചാർലിസൺ, റഫീഞ്ഞ, ആന്റണി, റോഡ്രിഗോ തുടങ്ങി ലോക ഫുട്ബാളിലെ മിന്നുംതാരങ്ങളായ മറ്റ് എട്ടുപേരും. ഈ ലോകകപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിരയെന്ന് നിസ്സംശയം പറയാവുന്ന ലൈനപ്പ്. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വിജയശ്രീലാളിതരായ മഞ്ഞപ്പടയുടെ പുതുനിര ഹൈപ്രെസിങ്ങും അറ്റാക്കിങ് സ്ട്രാറ്റജിയുമായി ഖത്തറിൽ കളംനിറയുമെന്ന കണക്കുകൂട്ടൽ ശക്തമാണ്.
ബ്രസീലിയൻ ഗെയിമിന്റെ സംവിധാനവും ഏകോപനവും ഏറ്റവുമധികം സ്വാധീനിക്കപ്പെടുന്ന ഘടകം കളത്തിലുള്ള കളിക്കാരുടെ കഴിവും കരുത്തുമാണ്. ബഹുമുഖ റോളുകൾ ഏറ്റെടുക്കാൻ കരുത്തുള്ള താരങ്ങൾ അണിയിലുള്ളതിനാൽ 4-4-2, 4-2-3-1, 4-1-3-2, 4-3-3 ശൈലികളിൽ സാഹചര്യത്തിനനുസരിച്ച് ശൈലി മാറ്റിക്കളിക്കാൻ ബ്രസീലിന് കഴിയുന്നു. തുടക്കത്തിലെ ഫോർമേഷൻ ഏതായാലും കളി ചൂടുപിടിക്കുന്നതിനനുസരിച്ച് 3-2-5ലേക്ക് മാറ്റിപ്പിടിക്കാൻ ടിറ്റെ ടീമിനെ പ്രാപ്തമാക്കുന്നു. ഏഴു പേർ ഒന്നിച്ച് ആക്രമിച്ചുകയറുന്നതാണ് ഈ ശൈലിയുടെ സവിശേഷത. തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിലടക്കം തകർപ്പൻ പ്രകടനത്തിന് ടീമിന് ഊർജം പകർന്നത് ഈ പകർന്നാട്ടമാണ്. രണ്ടു വിങ്ങർമാർക്കൊപ്പം മൂന്നു മിഡ്ഫീൽഡർമാരും കളി മെനയുന്നതോടെ അറ്റാക്കിങ്ങിന് ഡെപ്തും വിഡ്തും കൈവരുന്നു. പ്രതിരോധത്തിൽ അതീവ ജാഗ്രത ആവശ്യമുള്ളപ്പോൾ കളിക്കാരെ പിൻവലിച്ച് കോട്ട കെട്ടാനും കഴിയുന്ന രീതിയിലാണ് താരങ്ങളുടെ തെരഞ്ഞെടുപ്പ്. എല്ലാംകൊണ്ടും ടിറ്റെയും കുട്ടികളും വേറെ ലെവലാണ്.
അപ്പോഴും ടിറ്റെയെ അലട്ടുന്ന കണക്കുകൾ വേറെയുണ്ട്. അത് യൂറോപ്പ് ഉയർത്തുന്ന വെല്ലുവിളിയാണ്. കഴിഞ്ഞ നാലു ലോകകപ്പിലും ബ്രസീലിനെ പുറത്താക്കിയത് യൂറോപ്യൻ ടീമുകളാണ്. ഫ്രാൻസ്, നെതർലൻഡ്സ്, ജർമനി, ബെൽജിയം എന്നിവ. ഇക്കുറിയാകട്ടെ പ്രാഥമിക റൗണ്ടിൽ ഒപ്പമുള്ള മൂന്നിൽ രണ്ടും -സ്വിറ്റ്സർലൻഡ്, സെർബിയ- യൂറോപ്യൻ ടീമുകളാണ്. പിന്നെ കാമറൂണും. ഈ യൂറോപ്യൻ പേടി മറികടക്കുകയാവും ഖത്തറിൽ ബ്രസീലിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
സാധ്യതയിൽ മുന്നിൽ ബ്രസീലും അർജന്റീനയുമെങ്കിലും കഴിഞ്ഞ 20 വർഷത്തിനിടെ നടന്ന നാലു ലോകകപ്പുകളിൽ കിരീടം ചൂടിയത് യൂറോപ്യൻ ടീമുകളാണ്. 2002ൽ ബ്രസീൽ ജേതാക്കളായശേഷം 2006ൽ ഇറ്റലി, 2010ൽ സ്പെയിൻ, 2014ൽ ജർമനി, 2018ൽ ഫ്രാൻസ് എന്നിവ. നൈസർഗിക പ്രതിഭാശേഷിയും ശാസ്ത്രീയ സമീപനവും ഏറ്റുമുട്ടുന്ന കളിയരങ്ങുകളിൽ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞാണ് യൂറോപ്പ് മേധാവിത്വം നേടുന്നത്. ലോക ഫുട്ബാൾ തെക്കനമേരിക്കൻ, യൂറോപ്യൻ ടീമുകളുടെ ഗരിമക്കു മുന്നിൽ തലകുനിച്ചു നിൽക്കുന്ന പാരമ്പര്യത്തിന് സമീപ കാലത്തൊന്നും അവസാനമാകാൻ പോകുന്നില്ലെന്നതാണ് കളി നൽകുന്ന സൂചനകളത്രയും.
തെരുവുകളിൽ പിറവിയെടുക്കുന്നതും പ്രാരബ്ധങ്ങളെ ഡ്രിബ്ൾ ചെയ്ത് കയറുന്നതുമാണ് തെക്കനമേരിക്കൻ ഫുട്ബാൾ. സർവതന്ത്ര സ്വതന്ത്രരായി വിഹരിക്കുമ്പോൾ ക്രിയേറ്റിവിറ്റി അതിന്റെ പാരമ്യത്തിൽ സ്വായത്തമാക്കുന്നത് സ്വാഭാവികം. ഈ െഫ്ലയറും സ്കില്ലും ഭാവിയിലെ തങ്ങളുടെ പോരാട്ടവേദികളിലേക്കും അവർ കൂടെക്കൊണ്ടുപോകുന്നത് സ്വാഭാവികം മാത്രം. തെക്കനമേരിക്കയിലെ പരിശീലകരും താരങ്ങളുടെ സർഗാത്മകത കളത്തിൽ ആഘോഷമാക്കാൻ അനുവദിക്കുന്നവരാണ്.
എന്നാൽ, യൂറോപ്യൻ താരങ്ങളേറെയും അക്കാദമികളുടെ ചിട്ടയായ ശിക്ഷണത്തിൽ വളർന്നുവരുന്നവരാണ്. കൂടുതൽ ഓർഗനൈസ്ഡ് ആയ സിസ്റ്റമാണ് അവർക്ക് പരിചിതം. ഇൻഡിവിജ്വൽ ബ്രില്യൻസിനെക്കാൾ ടീമെന്ന നിലയിൽ കൂട്ടായ തന്ത്രങ്ങളിലൊതുങ്ങിയുള്ള നീക്കങ്ങളാണ് പഥ്യം. അച്ചടക്കമുള്ള ശിക്ഷണവും ഒരേ അച്ചിൽ വാർത്തതുപോലുള്ള താരങ്ങളുമൊക്കെച്ചേർന്നാണ് ജർമനിയും സ്പെയിനും അടക്കമുള്ള ടീമുകൾ രാജ്യാന്തര തലത്തിൽ വിജയം കൊയ്യുന്നത്.
ഡിഫൻസിൽനിന്ന് പന്തെടുത്ത് മധ്യനിരക്കും മുന്നേറ്റനിരക്കും പാസുകളുടെ തുടർച്ചകളൊരുക്കാൻ കഴിയുന്നതരത്തിലുള്ള ഡിഫൻഡർമാരാണ് തെക്കനമേരിക്കയുടെ സവിശേഷത. എന്നാൽ, എതിരാളികളെ ഗോൾ നേടുന്നതിൽനിന്ന് തടയുകയെന്ന മുഖ്യ അജണ്ടയിലൂന്നിയാണ് യൂറോപ്യൻ ഡിഫൻഡർമാർ പ്രതിരോധത്തിൽ ജാഗരൂകരാകുന്നത്. അതേസമയം, ഏറെ ക്രിയേറ്റിവ് ആയ കളിക്കാരുണ്ടെങ്കിലും ഒരു യൂനിറ്റായി ഒത്തിണങ്ങി കളിക്കുന്നതിൽ തെക്കനമേരിക്കയെക്കാൾ താരതമ്യേന കേമന്മാരാണ് യൂറോപ്പ്. സാവി-ആന്ദ്രേ ഇനിയസ്റ്റ-സെർജി ബുസ്ക്വെറ്റ്സ്-സാബി അലോൻസോ സഖ്യം സ്പെയിനിന്റെ മധ്യനിരയിൽ ഏറെക്കാലം ഒത്തിണക്കമുള്ള ചരടുവലികൾ നടത്തിയത് ഉദാഹരണം. ടോണി ക്രൂസ്-ബാസ്റ്റ്യൻ ഷ്വീൻസ്റ്റീഗർ-സമി ഖെദീര-മെസൂത് ഒസീൽ എന്നിവർ ജർമനിക്കുവേണ്ടിയും അതേ രീതിയിൽ കളംനിറഞ്ഞു. 2010ൽ സ്പെയിനും 2014ൽ ജർമനിയും ലോകകപ്പ് ജയിച്ചതിൽ ഈ മധ്യനിരതാരങ്ങളുടെ ഒത്തിണക്കം സുപ്രധാന ഘടകമായിരുന്നു. എന്നാൽ, മധ്യനിരയിലെ വൈയക്തിക മികവ് കണക്കിലെടുത്താൽ തെക്കനമേരിക്കൻ താരങ്ങൾ ഏറെ മുന്നിലാണുതാനും. ഈ ഇൻഡിവിജ്വൽ ബ്രില്യൻസ് ലാറ്റിനമേരിക്കയുടെ മുന്നേറ്റതാരങ്ങളിലും പ്രകടമാണ്.
ഖത്തറിലെത്തുമ്പോൾ യൂറോപ്പിന് പക്ഷേ, മേധാവിത്വമില്ല. വൻകര ചാമ്പ്യന്മാരായ ഇറ്റലി വിശ്വമേളക്ക് യോഗ്യതപോലും നേടിയിട്ടില്ല. ഫൈനലിസ്സിമയിൽ അവർ അർജന്റീനയോട് തകരുകയും ചെയ്തു. ഫ്രാൻസും ജർമനിയും ഇംഗ്ലണ്ടും അടക്കമുള്ളവരാണ് ഖത്തറിൽ യൂറോപ്പിന്റെ പതാകവാഹകർ. ഇവരാകട്ടെ, യൂറോപ്പിന്റെ പുതിയ കളിമുറ്റമായ നാഷൻസ് ലീഗിൽ ഇടറിയതിനു പിന്നാലെയാണ് ദോഹയിലെ ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ പറന്നിറങ്ങുന്നത്. അതിലെല്ലാമുപരി, താന്താങ്ങളുടെ ദേശങ്ങളിൽനിന്നെത്തുന്ന കാണികളല്ലാതെ ഖത്തറിൽ യൂറോപ്യൻ ടീമുകൾക്ക് കാര്യമായ പിന്തുണ ഗാലറിയിൽനിന്ന് കിട്ടാനിടയില്ല. ഖത്തറിന് ആതിഥേയത്വം ലഭിച്ചതുമുതൽ യൂറോപ്യൻ രാജ്യങ്ങൾ കൂട്ടായി നടത്തുന്ന 'ആക്രമണം' അതിന് ആക്കം കൂട്ടിയേക്കും. മിഡ്ൽ ഈസ്റ്റിൽനിന്നും ആഫ്രിക്കയിൽനിന്നും കളി കാണാനെത്തുന്നവരാകട്ടെ കൂടുതലും അർജന്റീനയെയോ ബ്രസീലിനെയോ പിന്തുണക്കുന്നവരാകും. ഇന്ത്യയിൽനിന്ന്, പ്രത്യേകിച്ച് കേരളത്തിൽനിന്ന് പറന്നെത്തുന്നവരും ഇവിടെ പ്രവാസികളായി കഴിയുന്നവരും ഏറിയകൂറും തെക്കനമേരിക്കക്കാരെ പിന്തുണക്കുന്നവർതന്നെ. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള പ്രവാസികളുടെ പിന്തുണയും അതേ രീതിയിലാണ്. ചരിത്രത്തിൽ ഇതുവരെയില്ലാത്തവിധം യൂറോപ്പിനെ ശത്രുപക്ഷത്ത് നിർത്തിയുള്ള ഗാലറികളാവും ഖത്തറിൽ ദൃശ്യമാവുക. തെക്കനമേരിക്കക്ക് അനുകൂലമായി കൂടുതൽ ആരവങ്ങളും ആവേശവുമുയരുന്ന പെനിൻസുലയിൽ പക്ഷേ, പന്ത് ഏതുവിധം കയറിയെത്തുമെന്നത് കണ്ടുതന്നെ അറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.