ഡോ. ​അ​ബ്ബാ​സ്​ പ​ന​ക്ക​ൽ എ​ഴു​തി​യ എ​ന്ന ലേ​ഖ​ന​ത്തി​ന്​ അ​ദ​ർ ബു​ക്​​സ് മ​റു​പ​ടി പറയുന്നു

'ഒരു വിവർത്തന പുസ്തകം രാജ്യാന്തരതലത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന കഥ' എന്നപേരിൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തോട് പുസ്തകത്തിന്റെ സഹപ്രസാധകൻ എന്ന നിലയിലുള്ള പ്രതികരണമാണിത്. ശൈഖ് മഖ്ദൂമിന്റെ കൃതി തുഹ്‌ഫത്തുൽ മുജാഹിദീൻ വീണ്ടും ചർച്ചയാകുന്നതിൽ അതീവ സന്തോഷമുണ്ട്. എന്നാൽ മലേഷ്യയിലെ ഇസ്‍ലാമിക് ബുക്ക് ട്രസ്റ്റുമായി ചേർന്ന് കോഴിക്കോട് അദർ ബുക്സ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകരിക്കപ്പെട്ട കാലം മുതൽ വിദേശ സർവകലാശാലകളിലെ പ്രമുഖരായ പണ്ഡിതരെ ഉൾപ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നും അതൊരു വ്യാജ വിവർത്തനമാണ് എന്നുമുള്ള...

'ഒരു വിവർത്തന പുസ്തകം രാജ്യാന്തരതലത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന കഥ' എന്നപേരിൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തോട് പുസ്തകത്തിന്റെ സഹപ്രസാധകൻ എന്ന നിലയിലുള്ള പ്രതികരണമാണിത്. ശൈഖ് മഖ്ദൂമിന്റെ കൃതി തുഹ്‌ഫത്തുൽ മുജാഹിദീൻ വീണ്ടും ചർച്ചയാകുന്നതിൽ അതീവ സന്തോഷമുണ്ട്. എന്നാൽ മലേഷ്യയിലെ ഇസ്‍ലാമിക് ബുക്ക് ട്രസ്റ്റുമായി ചേർന്ന് കോഴിക്കോട് അദർ ബുക്സ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകരിക്കപ്പെട്ട കാലം മുതൽ വിദേശ സർവകലാശാലകളിലെ പ്രമുഖരായ പണ്ഡിതരെ ഉൾപ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നും അതൊരു വ്യാജ വിവർത്തനമാണ് എന്നുമുള്ള വാദം ആശയക്കുഴപ്പത്തിനിടയാക്കുന്നതും അപകീർത്തികരവുമാണ്. ഇപ്പറഞ്ഞതിലെ വസ്തുതയെന്തെന്ന് അന്നുതന്നെ വിശദമായും വ്യക്തമായും എഴുതിയ പ്രസാധനക്കുറിപ്പ് പരിശോധിക്കുമ്പോൾ ആർക്കും മനസ്സിലാക്കാവുന്നതാണ്. തുറന്നുപറഞ്ഞാൽ ലേഖകന്റെ വാദമാണ് തെറ്റിദ്ധാരണാജനകമായിട്ടുള്ളത്. മൂന്ന് കാര്യങ്ങൾ ഇതു സംബന്ധമായി പറയാനുണ്ട്.

ഒന്ന്: ഹുസൈൻ നൈനാരുടെ പരിഭാഷയിൽ ഒരു മാറ്റവുമില്ലാതെ പുറത്തിറക്കിയ വാല്യമല്ല ഞങ്ങളുടെ എഡിഷൻ എന്ന കാര്യം പുസ്തകത്തിന്റെ പ്രസാധനക്കുറിപ്പിൽ വ്യക്തമായും വിശദമായും രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാര്യം മനഃപൂർവം വായനക്കാരിൽനിന്ന് മറച്ചുപിടിച്ചിട്ടില്ല. ഇസ്‍ലാമിക് ബുക്ക് ട്രസ്റ്റ് എഡിറ്റർ ഹാജി കോയ (പി.കെ. കോയക്കുട്ടി)യാണ് പുസ്തകം എഡിറ്റ് ചെയ്തത്. അദ്ദേഹം പ്രസ്തുത പുസ്തകത്തിനെഴുതിയ പ്രസാധകക്കുറിപ്പിൽ നൈനാരുടെ എഡിഷനിൽ ഭേദഗതി വരുത്തിയ കാര്യവും അതിന്റെ പശ്ചാത്തലവും അനുവർത്തിച്ച രീതിയും പറയുന്നുണ്ട്. ഹാജി കോയയുടെ വാക്കുകൾ അതേപോലെ ഉദ്ധരിക്കാം:

പ്രായോഗിക കാരണങ്ങളാൽ ഒരു മലയാള മൊഴിമാറ്റത്തെ ആസ്പദമാക്കി ഇംഗ്ലീഷ് ഭാഷ്യം തയാറാക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള ഇന്ത്യയിലേക്കുള്ള പോർചുഗീസ് അതിക്രമങ്ങൾ എല്ലാം സംഭവിച്ച മലബാറിലെ ഭാഷയാണ് മലയാളം. ഇതിനായി ഞങ്ങൾ തെരഞ്ഞെടുത്തത് ഈയിടെ പുറത്തിറങ്ങിയ സി. ഹംസയുടെ മലയാളം വിവർത്തനമാണ്. പ്രാദേശിക പശ്ചാത്തലങ്ങൾ വിവരിക്കുകയും പുസ്തകത്തിൽ പരാമർശിച്ച സ്ഥലങ്ങളെയും വ്യക്തികളെയും വ്യക്തമായും വിശ്വാസയോഗ്യമായും അടയാളപ്പെടുത്തുകയും ചെയ്യുന്ന ഇരുനൂറിലധികം പണ്ഡിതോചിതമായ കുറിപ്പുകൾ അടങ്ങിയ വിശദമായ ടിപ്പണികളോടുകൂടിയ വിവർത്തനമാണിത്.

ഇംഗ്ലീഷ് അധ്യാപകനായ ഡോ. എ.ഐ. വിലായത്തുല്ല ഉദാരതയോടെ ഈ മൊഴിമാറ്റദൗത്യം ഏറ്റെടുക്കുകയും 2005 തുടക്കത്തോടെ പണി പൂർത്തീകരിക്കുകയും ചെയ്തു. പുസ്തകം പുറത്തിറക്കാൻ ഒരുങ്ങിയിരിക്കുമ്പോഴാണ് മുമ്പ് പ്രസിദ്ധീകൃതമായ ഒരു വിവർത്തനത്തിന്റെ ഏതാണ്ട് വായനായോഗ്യമല്ലാത്തതും ഏതാനും താളുകൾ നഷ്ടപ്പെട്ടതുമായ ഒരു ഫോട്ടോകോപ്പി അപ്രതീക്ഷിതമായി കൈയിലെത്തുന്നത്. എസ്. മുഹമ്മദ് ഹുസൈൻ നൈനാർ വിവർത്തനം ചെയ്‌ത്‌ 1942ൽ മദ്രാസ് സർവകലാശാല പുറത്തിറക്കിയ പതിപ്പായിരുന്നു അത്. അറബിയിൽനിന്ന് നേരിട്ട് നടത്തിയ ഈ വിവർത്തനവുമായി മലയാളത്തിൽനിന്ന് ചെയ്‌ത ഞങ്ങളുടെ പുതിയ വിവർത്തനത്തെ താരതമ്യം ചെയ്‌തുനോക്കിയപ്പോൾ ദ്വിതീയ സ്രോതസ്സിൽനിന്നും ഒരു രചന മൊഴിമാറ്റുമ്പോൾ മൂലകൃതിയിൽനിന്നും ഒരുപടി അകലെയായിത്തീരുന്നതിലെ അനൗചിത്യം ഞങ്ങൾ തിരിച്ചറിഞ്ഞു.

തുഹ്ഫ: ഇംഗ്ലീഷ് വിവർത്തനത്തിന്റെ പ്രസാധനക്കുറിപ്പ്

അക്കാര്യം ഞങ്ങളെ പുനരാലോചനക്ക് പ്രേരിപ്പിക്കുകയും നൈനാരുടെ വിവർത്തനം ഉചിതമായി എഡിറ്റ് ചെയ്‌തും പരിഷ്‌കരിച്ചും പുനഃപ്രസിദ്ധീകരിക്കണമെന്ന തീരുമാനത്തിലെത്തുകയും ചെയ്‌തു. നൈനാരുടെ വിവർത്തനം പരിഷ്കരിക്കുന്ന വേളയിൽ അറബി മൂലവുമായി പൂർണമായും ഒത്തുനോക്കുകയും അതിൽ കണ്ടെത്തിയ പല പിഴവുകളും പൊരുത്തക്കേടുകളും പരിഹരിക്കുകയും തുഹ്‌ഫത്തുൽ മുജാഹിദീന്റെ അറബി മൂലത്തോട് ഏറ്റവും കൃത്യത പുലർത്തുന്ന ഭാഷ്യം ഇതായിരിക്കണമെന്ന് ഉറപ്പുവരുത്തുകയും ചെയ്‌തിട്ടുണ്ട്. കുറിപ്പുകളുടെ കാര്യത്തിൽ, സി. ഹംസയുടെ മലയാളം വിവർത്തനത്തെ ഡോ. എ.ഐ. വിലായത്തുല്ല മൊഴിമാറ്റിയതിനെ മുഴുവനായും ഉപയോഗിക്കുകയും അവ പിൻകുറിപ്പുകളായി ചേർക്കുകയുമാണ് ചെയ്തത്. നൈനാരുടെ അടിക്കുറിപ്പുകൾ നിലനിർത്തുകയും അതേസമയം അദ്ദേഹത്തിന്റെ ദീർഘങ്ങളായ ചില കുറിപ്പുകൾ പിൻകുറിപ്പുകളുടെ കൂട്ടത്തിലേക്ക് മാറ്റുകയും വേർതിരിച്ചറിയാനായി ബ്രാക്കറ്റിൽ 'നൈനാർ' എന്ന് അടയാളപ്പെടുത്തുകയും ചെയ്‌തു.

For practical reasons, we decided to bring out an English version of the book from a Malayalam translation. Malayalam is the language of Malabar, where all the incidents of Portuguese encroachments into India, described in the book, took place. For this we chose a recently published Malayalam translation by C. Hamza. This is an extensively annotated translation containing more than 200 scholarly notes, explaining local backgrounds and identifying, clearly and convincingly, the places and people mentioned in the book.

Dr A.I. Vilayathullah, an English teacher, graciously under- took the translation and completed his assignment early in 2005. We were all set to bring out the book when, unexpectedly, we received a hardly readable photocopy of an earlier translation of the book with few pages missing. This was a translation by S. Muhammad Husayn Nainar, published in Madras in 1942. On comparing this translation, which was done directly from the Arabic original, with our new translation which was from Malayalam, we realized the incongruity of translating a work from a secondary source, one step removed from the original work.

This made us to rethink our project and we decided to republish Nainar's translation, duly edited and upgraded. In revising Nainar's translation, we have consulted the Arabic original throughout, and corrected many mistranslations and inconsistencies found in it to make sure that this edition will be the most faithful translation of the Arabic original of Tuhfat al-Mujahidin. As regards the notes, we took in all the notes in C. Hamza's Malayalam edition as already translated by Dr. Vilayathullah and added them to the book as endnotes while retaining Nainar's footnotes without any change, except that some of his long notes had to be incorporated in the endnotes appropriately marked 'Nainar' in brackets.

ഇത് ഞങ്ങളുടെ എഡിഷനിൽ അന്നേ എഴുതിയതാണ്. ഗവേഷകൻകൂടിയായ ലേഖകൻ ഇത് കാണാതെപോയതാണോ? ഈ സുപ്രധാന ചരിത്രഗ്രന്ഥത്തിന്റെ എഡിറ്റിങ്ങിൽ പുലർത്തിയ ശ്രദ്ധയെയും നാൾവഴികളെയും ഇത്ര വ്യക്തമായും കൃത്യമായും ഹാജി കോയ സ്വന്തം പേരുവെച്ച് രേഖപ്പെടുത്തിയത് മറച്ചുവെച്ച് ഒന്നര പതിറ്റാണ്ടിനു ശേഷം താനൊരു കണ്ടുപിടിത്തം നടത്തിയിരിക്കുന്നു എന്ന മട്ടിൽ അനുവാചകരുടെ മുന്നിലേക്ക് അവതരിപ്പിക്കുമ്പോൾ ആരാണ് യഥാർഥത്തിൽ തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് വായനക്കാർക്ക് തീരുമാനിക്കാവുന്നതാണ്.

ഹാജി കോയ തുടർന്നെഴുതുന്നു: അദ്ദേഹത്തിന്റെ പരിഭാഷ (ഡോ. എ.ഐ. വിലായത്തുല്ല ഞങ്ങൾക്ക് സമർപ്പിച്ച പരിഭാഷ) നൈനാരുടെ പരിഭാഷ എഡിറ്റു ചെയ്യാനും മെച്ചപ്പെടുത്താനും വളരെയധികം സഹായിച്ചിട്ടുണ്ട്. എന്നാൽ പകുതിയോളം പുസ്തകം അദ്ദേഹത്തിന്റെ (ഡോ. എ.ഐ. വിലായത്തുല്ല) തന്നെയാണ്. കാരണം പുസ്തകത്തിൽ കൂട്ടിച്ചേർക്കപ്പെട്ട പിൻകുറിപ്പുകൾ പരിഭാഷപ്പെടുത്തിയതും അദ്ദേഹമാണ്. (His translation had been of immense help in editing and improving Nainar's version. Half of this book is still his work as all the endotes incorporated here are translated by him from the Malayalam edition).

ലേഖകൻ ഈ വസ്തുത കാണാതെ പോയതോ, മറച്ചുപിടിച്ചതോ ആകാം. അതെന്തായാലും അദ്ദേഹത്തിന്റെ ഉദ്ദേശ്യം അറിയാതെ ആരോപിക്കുന്നത് ശരിയല്ലല്ലോ.

രണ്ട്: ലേഖകൻ തുടർച്ചയായി ഞങ്ങളുടെ എഡിഷനെക്കുറിച്ച് കോഴിക്കോട് എഡിഷൻ എന്ന് പരാമർശിക്കുന്നുണ്ട്. അതൊരുപക്ഷേ എളുപ്പത്തിന് വേണ്ടി പറയുന്നതാകാം. എന്നാൽ മലേഷ്യൻ-കോഴിക്കോട് എഡിഷൻ എന്നാണ് ഞങ്ങൾ ഇതിനെ വിശേഷിപ്പിക്കുക. കാരണം അദർ ബുക്സിന് എന്നും വഴികാട്ടിയായിട്ടുള്ളത് ഹാജി കോയയാണ്. തൊണ്ണൂറോളം വയസ്സുള്ള ആ യുവാവ് ഇന്നും ആരോഗ്യത്തോടെ, ഉന്മേഷത്തോടെ രംഗത്തുണ്ട്. ഞങ്ങളാണെങ്കിൽ പലപ്പോഴും ഓടിയെത്താനാകാതെ കിതക്കാറുമുണ്ട്. പ്രസക്തമായ ഇസ്‍ലാമിക് ക്ലാസിക് പുസ്തകങ്ങൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന ലോകത്തെ അപൂർവം പ്രസാധകരിൽ ഒരാളാണ് ഐ.ബി.ടി. തുഹ്ഫ ഐ.ബി.ടി പ്രസിദ്ധീകരിക്കുമ്പോൾ കോഴിക്കോട് കേവലമൊരു ഡിസ്ട്രിബ്യൂട്ടർ മാത്രമായിരുന്നു അദർ ബുക്സ്. അന്ന് കുളത്തിലിറങ്ങാൻ അറച്ചുനിന്ന അദർ ബുക്സിനെ പ്രസാധനത്തിന്റെ തണുത്തുറച്ച വെള്ളത്തിലേക്ക് തള്ളിയിട്ടതാണ് ഐ.ബി.ടി. അതുകൊണ്ട് അക്കാര്യം അങ്ങനെ തന്നെ പറയാതിരിക്കാൻ വയ്യ. ലേഖകൻ അക്കാര്യം അറിയണമെന്ന് നിർബന്ധമൊന്നുമില്ല. പക്ഷേ, തന്റെ നിഗമനങ്ങൾ ക്രോസ്ചെക്ക് ചെയ്യാൻ ഇക്കാര്യം അന്വേഷിക്കുന്നത് അക്കാദമികമായി നോക്കിയാലും പത്രപ്രവർത്തകന്റെ ധർമം എന്ന വീക്ഷണകോണിൽനിന്ന് നോക്കിയാലും അത് ഔചിത്യം തന്നെയാണ്.

മൂന്നാമതായി, ഈ എഡിഷനെക്കുറിച്ച് പറയാം. നേരത്തേ പറഞ്ഞപോലെ 2007ൽ തുഹ്ഫ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ ഹംസ മാഷിന്റെ മലയാള വിവർത്തനം ഡോ. എ.ഐ. വിലായത്തുല്ല ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരിക്കുമ്പോഴാണ് നൈനാരിന്റെ ഭാഷ്യം ഉള്ളതായി അറിയുന്നത്. കഴിയുന്നത്ര കുറ്റമറ്റ നിലയിൽ തുഹ്ഫ പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹത്തോടെ ഞങ്ങളുടെ എഡിഷന്റെ കാര്യത്തിൽ ഉപദേശനിർദേശങ്ങൾ സ്വീകരിക്കാനായി കേരളത്തിലെ ചരിത്രകാരന്മാരെ കാണാൻ നടത്തിയ യാത്രക്കിടയിൽ എൻ.എം. ഹുസൈൻ വഴി യശഃശരീരനായ ഡോ. ബഹാവുദ്ദീനിേലക്ക് എത്തിച്ചേർന്നപ്പോഴായിരുന്നു ഇത്. കേരളചരിത്രത്തിന് വിലയേറിയ ധാരാളം സംഭാവനകൾ ചെയ്തിട്ടുള്ള ബഹാവുദ്ദീൻ സാറിന്റെ എറണാകുളത്തെ ലൈബ്രറിയിൽ വെച്ച് പുതിയ സംരംഭത്തെക്കുറിച്ച് ഞങ്ങൾ വിശദമായി സംസാരിച്ചു. അതിനിടെ അദ്ദേഹം പെട്ടെന്ന് എഴുന്നേറ്റ് പോയി, ''ഇതൊന്ന് പരിശോധിച്ച് നോക്കൂ'' എന്ന് പറഞ്ഞ് ഫോട്ടോകോപ്പി ചെയ്ത നൈനാരുടെ പരിഭാഷ ഞങ്ങളെ ഏൽപിക്കുകയുണ്ടായി. ആ ഫോട്ടോകോപ്പിയാണ് നിലവിലെ എഡിഷന് ആധാരം. പ്രസ്തുത എഡിഷൻ നിരവധി പേജുകൾ നഷ്ടപ്പെട്ട നിലയിലായിരുന്നു. അത് മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാകുന്ന സാഹചര്യം അതാണ്. മാത്രമല്ല ഹാജി കോയയുടെ എഡിറ്റിങ് ശൈലി വ്യത്യസ്തമാണ്. തഴക്കവും പഴക്കവുമുള്ള പ്രസാധകനും പത്രപ്രവർത്തകനുമാണ് അദ്ദേഹം. ചരിത്രകാരനോ അക്കാദമിക്കോ അല്ല. നിലവിലെ കൈയെഴുത്ത് പ്രതിയെ മെച്ചപ്പെടുത്താനായി മറ്റ് സ്രോതസ്സിൽനിന്ന് കൂട്ടിച്ചേർക്കുന്ന സമീപനമാണ് (eclectic) അദ്ദേഹം പുലർത്തിയത്. അത് വായനക്കാരിൽനിന്ന് ഒട്ടും മറച്ചുപിടിച്ചിട്ടുമില്ല. സ്ഥലനാമങ്ങളുടെ കാര്യത്തിൽ അനുവർത്തിച്ച രീതിയും അദ്ദേഹം പറയാതെ വിട്ടിട്ടില്ല. പുസ്തകത്തിന്റെ ആമുഖത്തിലെഴുതിയ കുറിപ്പ് ഒരാവർത്തി വായിച്ചുനോക്കിയാൽ ഇക്കാര്യങ്ങളെല്ലാം ആർക്കും വ്യക്തമാകും. ''വ്യാജവിവർത്തനം'', ''കബളിപ്പിക്കൽ'', ''തെറ്റിദ്ധരിപ്പിക്കൽ'' തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളിലൂടെ, നിർഭാഗ്യവശാൽ സ്വന്തം നൈതികതയെയാണ് ലേഖകൻ നഷ്ടപ്പെടുത്തിക്കളയുന്നത് എന്ന് ഖേദപൂർവം ഓർമപ്പെടുത്തട്ടെ.

ഞങ്ങളുടെ ഈ എഡിഷൻ വന്നതിന് ശേഷമാണ് സയ്യിദ് ഹുസൈൻ നൈനാരുടെ അറബ് ജ്യോഗ്രാഫേസ് നോലിജ് ഓഫ് സതേൻ ഇൻഡ്യ എന്ന പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പ്രസാധനാവകാശം ഞങ്ങൾക്ക് ലഭിക്കുന്നത്. നൈനാരുടെ മകൻ മുനവർ ഹുസൈൻ നൈനാരാണ് പ്രസാധനാവകാശം കൈമാറിയത്. തുഹ്ഫയുടേതിന് സമാനമായ എഡിറ്റിങ്ങിന് ഈ പുസ്തകവും വിധേയമായിട്ടുണ്ട്. നൈനാരുടെ പേരമകൾ, (മുനവർ ഹുസൈന്റെ മകൾ) ദ ഹിന്ദു പത്രത്തിന്റെ എഡിറ്റർമാരിൽ ഒരാളായി അന്ന് ജോലി നോക്കിയിരുന്ന നഹ്‌ലയാണ് എഡിറ്റിങ്ങിൽ ഇടപെട്ടിരുന്നത്.

വിവരം വായനക്കാരിൽനിന്ന് മറച്ചുപിടിച്ചത് ഒരു രഹസ്യരാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന ധ്വനിയാണ് ലേഖകൻ കൈമാറുന്നത്. ഒരു പ്രവർത്തനവും രാഷ്ട്രീയമായി മൂല്യനിരപേക്ഷമല്ല. പക്ഷേ, ലേഖകൻ ഞങ്ങളിൽ ആരോപിക്കുന്ന രാഷ്ട്രീയം ഞങ്ങൾ (ഹാജി കോയയോ ഞാനോ അദർബുക്സിന്റെ പ്രവർത്തകരോ) ബോധതലത്തിൽ ഏറ്റെടുത്തിട്ടില്ല. അതിൽ പഠനമുണ്ടാകുന്നത് സ്വാഗതാർഹമാണ്. എന്നാൽ വസ്തുതക്ക് നിരക്കാത്ത അനുമാനത്തിന്റെ പുറത്താണ് അദ്ദേഹം വാദഗതികൾ കെട്ടിപ്പൊക്കിയിരിക്കുന്നത്. ഒരു 'കഥ' ആയതിനാൽ പ്രസ്തുത ലേഖനം ചെറുകഥയായി പ്രസിദ്ധീകരിക്കലായിരുന്നു നല്ലത്.

കോ​ഴി​ക്കോ​ട് അ​ദ​ർ ബു​ക്സി​ന്റെ മു​ഖ്യ സം​ഘാ​ട​ക​നാ​ണ്​ ലേ​ഖ​ക​ൻ

Tags:    
News Summary - other books Response to Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 02:15 GMT
access_time 2024-11-18 03:30 GMT