മലയാളം സംബോധനപ്പെരുപ്പമുള്ള വൈകാരികഭാഷയാണ്. അഭിസംബോധന അൽപമൊന്നു മാറിയാൽ അടിതെറ്റാം, ചിലപ്പോൾ അടി വീഴാം. ബന്ധവാചികളും ഈശ്വരവാചികളും ജാതിവിളികളും എല്ലാം ചേർന്ന മലയാളത്തിലെ സംബോധനാരൂപങ്ങൾ സങ്കീർണമായ ഭാഷാവ്യവഹാരമേഖലയെയാണ് പ്രതിനിധാനം ചെയ്യുന്നത്. നടൻ വിനായകനെ ചില മാധ്യമപ്രവർത്തകർ അനാദരവോടെ സംബോധന ചെയ്തത്...
മലയാളം സംബോധനപ്പെരുപ്പമുള്ള വൈകാരികഭാഷയാണ്. അഭിസംബോധന അൽപമൊന്നു മാറിയാൽ അടിതെറ്റാം, ചിലപ്പോൾ അടി വീഴാം. ബന്ധവാചികളും ഈശ്വരവാചികളും ജാതിവിളികളും എല്ലാം ചേർന്ന മലയാളത്തിലെ സംബോധനാരൂപങ്ങൾ സങ്കീർണമായ ഭാഷാവ്യവഹാരമേഖലയെയാണ് പ്രതിനിധാനം ചെയ്യുന്നത്. നടൻ വിനായകനെ ചില മാധ്യമപ്രവർത്തകർ അനാദരവോടെ സംബോധന ചെയ്തത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിലും സർ/മാഡം വിളിയെച്ചൊല്ലിയുള്ള തർക്കം അടുത്തകാലത്ത് വീണ്ടും സജീവമായതിനാലും സംബോധനാരാഷ്ട്രീയത്തിന്റെ സാധുത സമകാലിക സാമൂഹിക സന്ദർഭങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടി വരുന്നു.
ഒരു പേരിൽ എന്തിരിക്കുന്നു എന്നത് പഴയൊരു ക്ലീഷേ ചോദ്യമാണ്. ഷേക്സ്പിയറിന്റെ കമിതാക്കൾക്ക് (Romeo and Juliet) പരസ്പരം പോരടിക്കുന്ന കുടുംബവ്യവസ്ഥയിൽനിന്നും പുറത്തുകടക്കുവാനുള്ള ഒരു മാർഗമായിരുന്നിരിക്കാം അത്. സംബോധനയുടെയും നാമത്തിന്റെയും ശബ്ദക്രമീകരണങ്ങളും ഭൗതികതയും തമ്മിലുള്ള വിച്ഛേദമാണ് ജൂലിയറ്റിന്റെ വാദത്തിനാധാരം. പനിനീർ പുഷ്പത്തെ മറ്റെന്തു പേരിട്ടു വിളിച്ചാലും അത് പനിനീർ പുഷ്പം അല്ലാതാകുമോ എന്ന ചോദ്യം ന്യായമാണെന്ന് തോന്നുന്നത് സ്വാഭാവികം മാത്രം. എന്നാൽ ഇതത്ര ലളിതമല്ലെന്ന് നമ്മുടെ സാമൂഹിക സാംസ്കാരിക യാഥാർഥ്യങ്ങളിൽനിന്നുയരുന്ന വ്യവഹാരങ്ങൾ വ്യക്തമാക്കുന്നു. ചരിത്രപരവും ധാർമികവും മനഃശാസ്ത്രപരവുമായ ഘടകങ്ങളും അതിനോട് ചേർന്നു നിൽപുണ്ടെന്നതും സ്പഷ്ടമാണ്. അങ്ങനെയെങ്കിൽ ഒരു പേരിൽ പലതുമുണ്ട് എന്ന് പറയേണ്ടിവരും. പേരിലും വിളിയിലും പേരുവിളികളിലും വിളിപ്പേരുകളിലുമെല്ലാം അടങ്ങിയിരിക്കുന്ന സംബോധനകളുടെ രാഷ്ട്രീയം പ്രശ്നവത്കരിക്കപ്പെടണം. ചില പേരുകളുടെയും സംബോധനകളുടെയും തെരഞ്ഞെടുപ്പുകളും തിരസ്കരണങ്ങളും തമസ്കരണങ്ങളും മുന്നോട്ടുവെക്കുന്ന വ്യക്തമായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നിലപാടുകളുണ്ട് എന്ന് നാം മനസ്സിലാക്കണം. ഒരുപക്ഷേ, ഇങ്ങനെയൊരു ബോധ്യത്തിൽനിന്നുകൂടിയാവണം ഫൂക്കോ 1980ൽ Le Mondeന് നൽകിയ അഭിമുഖത്തിൽ 'പേരില്ലായ്മ' സ്വീകരിച്ചത് ('The Masked Philosopher'). ലോകപ്രശസ്തനായ ഒരു വ്യക്തി ഇങ്ങനെ അജ്ഞാതാവസ്ഥ സ്വീകരിക്കുന്നത് ചില നാമങ്ങൾക്കു സമൂഹം നൽകുന്ന പ്രത്യേക ആനുകൂല്യങ്ങളെ ചോദ്യംചെയ്യാനും അവക്കു കൽപിക്കപ്പെടുന്ന സവിശേഷ അധികാരഭാവങ്ങളെ തകർക്കാനും കൂടിയാണ്. ചില പ്രത്യേക പേരുകളുടെ പരിഗണനകളെയും അംഗീകാരങ്ങളെയും നിഷേധിച്ച്, വിശിഷ്ടമായ തിരിച്ചറിവുകളുടെ ഭാരം ഇല്ലാതിരുന്ന ഒരു ലോകത്തിനായുള്ള ഗൃഹാതുരത്വം ഫൂക്കോ മനസ്സിലാക്കുന്നു. പേരിന്റെ ഭാരമാണ് വിഷയം -പേരുവിളികളും വിളിപ്പേരുകളും സംബോധനകളുടെ കുരുക്കുകളും! കൽപിതമായ കാൽപനിക ഭാവത്തോടെയല്ലാതെ നമുക്ക് ചില 'പേര്-വിളികളെ'യും അവ അഭിസംബോധനചെയ്യുന്ന വ്യക്തികളെയും സമീപിക്കുവാൻ സാധിക്കുകയില്ല. സാമൂഹിക-സാഹിത്യ- സാംസ്കാരിക-കല-രാഷ്ട്രീയ-മത രംഗങ്ങളിൽ ഉള്ളവർക്കാണ് ഈ കാൽപനികഭാരം പലപ്പോഴും നൽകപ്പെടുന്നത്. സന്യാസത്തിലേക്ക് പ്രവേശിക്കുമ്പോൾ പൂർവജന്മത്തിലെ പേര് അപ്രസക്തമാകുന്നതും ക്രിസ്ത്യൻ മതമേലധ്യക്ഷന്മാർക്ക് അതിപ്രതിഷ്ഠിതശൈലിയിൽ നാമകരണം നൽകുന്നതും എല്ലാം ഉദാഹരണങ്ങളാണ്.
രാഷ്ട്രീയത്തിൽ അധികാരം കടന്നുകൂടുമ്പോഴും ആദരവ് ഡിമാൻഡ് ചെയ്യപ്പെടുന്നു. മുഖ്യമന്ത്രിയായതിനുശേഷമുള്ള ആദ്യ മീറ്റിങ്ങിൽത്തന്നെ ''വിജയേട്ടാ'' എന്ന സംബോധനയെ പിണറായി വിജയൻ നിരുത്സാഹപ്പെടുത്തിയത് വാർത്തയായിരുന്നു. കലാരംഗത്ത്, പ്രത്യേകിച്ച് സിനിമയിൽ പേരുമാറ്റം ഒരു അനിവാര്യതയെന്നോണം പാലിക്കപ്പെടുന്നു. ശ്രീനിവാസന്റെ ഡോ. സരോജ്കുമാർ എന്ന കഥാപാത്രം തന്നെ സെറ്റിൽെവച്ച് രാജപ്പൻ എന്നൊക്കെ വിളിച്ച് നാറ്റിക്കരുതെന്ന് ആവശ്യപ്പെടുന്ന രംഗത്തിൽ അതിന്റെ പ്രാതിനിധ്യമുണ്ട്. ഇങ്ങനെ പേരിലൂടെ ഒരുവശത്ത് പെരുമ നിർമിക്കപ്പെടുമ്പോൾ മറുഭാഗത്ത് സംഭവിക്കുന്ന തിരസ്കരണങ്ങളും തമസ്കരണങ്ങളും ചോദ്യംചെയ്യപ്പെടേണ്ടതാണ്. സംബോധനകളുടെ കാൽപനികഭാരം പേറുന്നവരോടും അതിൽനിന്നും തഴയപ്പെട്ടവരോടുമുള്ള സമീപനങ്ങളിലെ പൊരുത്തക്കേടുകളെ നാം ഇനിയും കണ്ടില്ലെന്നു നടിച്ചുകൂടാ. പലപ്പോഴും സമൂഹമനഃസാക്ഷിയുടെ പ്രതികരണങ്ങളെപ്പോലും സെൻസർ ചെയ്യുവാനും റദ്ദ്ചെയ്യുവാനും നിയന്ത്രിക്കുവാനും ഈ ഭാരം പേറുന്നവർക്കു സാധിക്കുന്നു. സത്യസന്ധമായ പെരുമാറ്റങ്ങളോ പ്രസ്താവനകളോ പ്രതികരണങ്ങളോ ഇങ്ങനെയുള്ള ഒരു സമൂഹത്തിൽ നാം പ്രതീക്ഷിക്കേണ്ടതില്ല. സംബോധനകൾക്കു രാഷ്ട്രീയമുള്ളതുപോലെ പ്രതികരണങ്ങൾക്കുമുണ്ട് രാഷ്ട്രീയം. അവ തമ്മിൽ ഒരു പാരസ്പരികത കാണുവാൻ സാധിക്കും. രണ്ടും നൈതികതയിലും ധാർമികതയിലും സാമൂഹികതയിലും ഊന്നിയാണ് മുന്നോട്ടു ചലിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ചില സംബോധനകൾക്കു ചില പ്രതികരണങ്ങളും, ചില പ്രതികരണങ്ങൾക്ക് ചില സംബോധനകളും സാധ്യമോ അസാധ്യമോ ആയിത്തീരുന്നത്. ഒരു പേരിൽ/ സംബോധനയിൽ എന്തിരിക്കുന്നു എന്ന ചോദ്യം ദറിദയിൽ എത്തുമ്പോഴേക്കും ''എന്താണ് ഒരു പേര്/സംബോധന?'' എന്ന് പരിവർത്തിക്കപ്പെടുന്നു (On the Name 1995). പേര്-വിളി ഒന്നും നിർമിക്കുന്നില്ലെങ്കിലും അവിടെ എന്തൊക്കെയോ ഉരുവാകുന്നുണ്ട് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഈ സംബോധനകളാൽ ഉരുവാക്കപ്പെടുന്നത് എന്തെല്ലാമാണ് എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്. ചില കർതൃത്വങ്ങളുടെ നിർമിതി ഇവിടെ സംഭവിക്കുന്നു എന്ന് നിസ്സംശയം സ്ഥാപിക്കാം. ഏതു സാംസ്കാരിക-പ്രത്യയശാസ്ത്ര പരിസരത്തുനിന്നുമാണ് സംബോധന/വിളി ഉളവാകുന്നത് എന്നതാണ് കർതൃത്വ നിർമിതിയിലെ മുഖ്യഘടകങ്ങളിലൊന്ന്. സാമൂഹിക സമ്പർക്കങ്ങളിലും വ്യവഹാരങ്ങളിലുമാണ് കർതൃത്വത്തെ നിർമിക്കുന്ന ജാതി-മത-സാംസ്കാരിക പ്രത്യയശാസ്ത്രങ്ങളുടെ വിളികൾ/സംബോധനകൾ രൂപപ്പെടുന്നത് എന്ന് ലൂയി അൽത്തൂസർ വാദിക്കുന്നു ('Ideology and Ideological State Apparatuses' -1970). ഈ വിളികൾ കർതൃത്വങ്ങൾ ഉൾപ്പെടെ പലതിനെയും സാമൂഹികമായി നിർമിക്കുന്നു എന്നുമാത്രമല്ല, അവയെ ന്യായീകരിക്കുകയും സാധൂകരിച്ച് നിലനിർത്തുകയും ചെയ്യുന്നുണ്ട്. ചില മനുഷ്യർ മാത്രം നിരന്തരം ജാതീയമായി വസ്തുവത്കരിക്കപ്പെടുന്നത് ഇങ്ങനെയാണ്. ചർമത്തിന്റെ നിറവും ശരീരപ്രകൃതിയും ഇത്തരത്തിലുള്ള നീചവത്കരണത്തിന്റെ ഭാഗമായിത്തീരുന്നു. ''വൃത്തികെട്ട നീഗ്രോ'' എന്ന വിളിയിൽ അടങ്ങിയിരിക്കുന്ന വസ്തുവത്കരണത്തെക്കുറിച്ച് Frantz Fanon നമ്മെ ഓർമിപ്പിക്കുന്നുണ്ട് (Black Skin, White Masks 1967). കറുത്തവൻ ഒരു കറുത്തവൻ ആയിരുന്നാൽ മാത്രം പോരാ മറിച്ച്, വെളുത്തവനുമായുള്ള ബന്ധത്തിലുമാകണം അവന്റെ കറുപ്പ് അടയാളപ്പെടുത്തപ്പെടേണ്ടത്. അല്ലാതെ അവന്റെ കറുപ്പിന് ഒരു സത്താപരമായ ഉണ്മ അനുവദിക്കപ്പെടുന്നില്ല. അവന്റെ സ്വത്വബോധംപോലും അവനു നിർമിച്ച് നൽകപ്പെടുന്നു. ഈ കീഴ്പ്പെടുത്തലിന്റെ ശബ്ദോപകരണമാണ് ആ നീഗ്രോ വിളി.
ജാതിവെറിയുടെ സംബോധനകൾ
നീഗ്രോവിളിപോലെയുള്ള സംബോധനകളിൽ നമ്മുടെ സമൂഹവും ഒട്ടും പിന്നിലല്ല. കേരളത്തിലെ സംബോധനകളുടെ ചരിത്രം പരിശോധിച്ചാൽ ജാതിവിളികളാൽ മുഖരിതമായ ഒരു ദേശമാണ് തെളിഞ്ഞുവരുന്നത്. അമ്പലവാസികളിൽപെട്ട പിഷാരടിയും പൊതുവാളും ചാക്യാരും നമ്പ്യാരും ഒക്കെ സംബോധന എന്നനിലയിൽ അത്ര പ്രാന്തവത്കരിക്കപ്പെട്ടിരുന്നില്ല. എന്നാൽ, പട്ടികജാതിക്കാരുടെ അവസ്ഥ അതായിരുന്നില്ല. ജാതിവാൽ അവരുടെ സാമൂഹികപദവി ഉയർത്തിയില്ല. ഏതാണ്ട് എൺപതുകൾവരെയും കേരളത്തിലെ ഗ്രാമങ്ങളിൽ അധ്വാനിക്കുന്ന വർഗത്തെ ജന്മിസമുദായങ്ങൾ ജാതിപ്പേരുകൂട്ടിയാണ് വിളിച്ചിരുന്നത്. ചോവോൻ, ചോവോത്തി, പതിയാൻ, പുലയൻ തുടങ്ങിയവ പേരുകളുടെ ഉത്തരവിശേഷണമായി ചേർക്കുന്ന പതിവ് അന്ന് സാധാരണമായിരുന്നു. തൽസ്ഥാനത്തെ നായർ-നമ്പൂതിരി പ്രയോഗം അഭിമാനമായും പിന്നാക്ക സമുദായ വിശേഷണം അപമാനമായും തുടർന്നു വന്ന സാഹചര്യത്തിലാണ് താഴ്ത്തപ്പെട്ട സമുദായത്തിൽനിന്നും തൊഴിൽപരമായും വിദ്യാഭ്യാസപരമായും ഉന്നതിയിലെത്തിയവരെ സർ/മാഡം എന്നൊക്കെ ജാതിനിരപേക്ഷമായി സംബോധന ചെയ്യാൻ നിർബന്ധിതമാകുന്ന സാമൂഹിക സാഹചര്യം കേരളത്തിലുണ്ടായത്. എന്നാൽ, ജാതിപ്പേരുകൾ അഭിമാനമായി പ്രദർശിക്കപ്പെടുന്ന അവസ്ഥക്ക് മാറ്റം വന്നില്ലെങ്കിൽ നമ്മുടെ സമൂഹം ആർജിച്ചെടുത്ത നവോത്ഥാനമൂല്യങ്ങൾ നിരർഥകമാകുമെന്ന തിരിച്ചറിവ് ഇന്നത്തെ ഭരണകൂടങ്ങൾക്കുപോലുമുണ്ട്. തമിഴ്നാട്ടിൽ സ്റ്റാലിൻ ഗവൺമെന്റ് പാഠപുസ്തകങ്ങളിൽനിന്ന് ജാതിവിശേഷണങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചത് ഉദാഹരണമാണ്. ജാതി-സമുദായ സ്വത്വം പേരിലൂടെ വെളിപ്പെടാതെയിരിക്കുക എന്ന ലക്ഷ്യത്തോടെ മതേതര ന്യൂട്രൽ പേരുകൾ കുട്ടികൾക്ക് നൽകുന്ന ചെറിയൊരു വിഭാഗം പുരോഗമനവാദികൾ ഇന്ന് നമ്മുടെയിടയിലുണ്ട്. എങ്കിലും സമുദായസ്വത്വം പേരിലൂടെ അനായാസം വെളിപ്പെടുത്തുന്ന പ്രവണതതന്നെയാണ് ഭൂരിപക്ഷവും പ്രകടമാക്കുന്നത്. ഇത്തരം നിഷ്കർഷ മുൻകാലങ്ങളിൽ വളരെ സൂക്ഷ്മതലത്തിൽ നിർവഹിക്കപ്പെട്ടിരുന്നു. സ്വനപരമായ നേരിയ വ്യതിയാനങ്ങൾപോലും കീഴാളതയും മേലാളതയുമൊക്കെ വെളിപ്പെടുത്തുമായിരുന്നു. അങ്ങനെയാണ് പണിക്കർക്ക് ശ്രേഷ്ഠത കൂടിയതും പണിക്കന് ഇത്തിരി പദവി കുറഞ്ഞതും. കീഴാള /മേലാള ദ്വന്ദ്വത്തെ നിലനിർത്തുന്നതിൽ ജാതിവിളികൾക്കുള്ള പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ട ആധുനികാനന്തരകാലംതന്നെ ജാതിവിളികളെ പരോക്ഷമായി സൂചിപ്പിക്കുന്നതിൽ ജാഗ്രത കാട്ടുന്നതും ശ്രദ്ധേയമാണ്. പരിപാലനവ്യാജേനയുള്ള വിവേചനമാണ് (Protective discrimination) അതിന്റെയൊരു മാർഗമായി കണ്ടുവരുന്നത്. രക്ഷകവേഷത്തിൽത്തന്നെ നിരന്തരം ജാതിപരാമർശങ്ങൾ നടത്തുന്നതാണ് അതിന്റെ രീതി.
മലയാളിസമൂഹത്തിൽ ഇന്നും പ്രത്യക്ഷമായും പരോക്ഷമായും ജാതിചിന്തകൾ പ്രവർത്തിക്കുന്നു. നവോത്ഥാനാനന്തര കേരളത്തിൽ വിദ്യാസമ്പന്നരുടെ ഇടയിൽ പലപ്പോഴും അബോധരാഷ്ട്രീയമായാണ് അത് നിലയുറപ്പിക്കുന്നത്. പൊതുമണ്ഡലങ്ങളിൽ വളരെ സാവധാനതയോടെ അത് ചിലപ്പോഴെല്ലാം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അടിയാൻ-ജന്മി വ്യവസ്ഥയുടെ ഘടനകൾ പഴയപോലെ വ്യക്തമാകുന്നില്ലെങ്കിലും മലയാളിയുടെ നവോത്ഥാന-ആധുനികതാ ആഖ്യാനങ്ങളിൽ ഒരു ഉപപാഠമായി ഇപ്പോഴും ജാതിചിന്തകളും വേർതിരിവുകളും നിലനിൽപുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. പുലയൻ, പറയൻ, ചോവോൻ എന്നിങ്ങനെയുള്ള പേരുവിളികൾ പണ്ടത്തെപ്പോലെ ഇല്ലെങ്കിലും അവ നമ്മുടെ പരിഷ്കൃത സമൂഹത്തിൽനിന്നും പൂർണമായി തള്ളപ്പെട്ടിരിക്കുന്നു എന്നും പറയാനാവില്ല. നാം പലപ്പോഴും ശ്രദ്ധിക്കാതെ തുടർന്നുപോരുന്ന നായർ, നമ്പൂതിരി, സുറിയാനി തുടങ്ങിയ ജാതിപ്പേരുവിളികളുടെ സാന്നിധ്യംതന്നെ മേൽസൂചിപ്പിച്ച താഴ്ത്തപ്പെട്ട സമുദായത്തിന്റെ പേരുവിളികളെ ഇവയുടെ വിപരീതങ്ങളായി അബോധത്തിൽ ഉറപ്പിച്ചുനിർത്തുന്നുണ്ട്. ശ്രേഷ്ഠമെന്നു കരുതപ്പെടുന്ന ജാതിനാമങ്ങളുടെ നിരന്തരസാന്നിധ്യം നിർവഹിക്കുന്ന അപരവത്കരണത്തിന്റെ അപകടം അത്ര പ്രത്യക്ഷമല്ല. നവോത്ഥാനമൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു പ്രബുദ്ധസമൂഹത്തിൽ ബോധപൂർവമായ പ്രതിരോധപ്രവർത്തനങ്ങൾ ഈ പ്രവണതകൾക്കെതിരെ ഉണ്ടാകേണ്ടതാണ്.
ജാതിവിളികളെപ്പറ്റിയുള്ള തിരിച്ചറിവുകളിൽ നിലയുറപ്പിച്ചുകൊണ്ടു വേണം പേര് -വിളികളുടെയും, വിളി (പ്പേരു)കളുടെയും സംബോധനകളുടെയും പ്രതികരണങ്ങളുടെയും രാഷ്ട്രീയത്തെ മനസ്സിലാക്കാൻ. ഇങ്ങനെയുള്ള വിളികൾക്കു പ്രകടനപരമായ പശ്ചാത്തലം സൃഷ്ടിക്കപ്പെടും. ഈ പ്രകടനപരത ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെടുന്നത് ജനകീയകലാരൂപമായ സിനിമയിലും അതിനെ നിലനിർത്തുന്ന വ്യവസായത്തിലുമാണ്. അവിടെയുള്ള സാമൂഹികമായ ആവർത്തനങ്ങളിലൂടെ ഇത്തരം വിളികളും അത് നിർമിക്കുന്ന കർതൃത്വങ്ങളും ഉറപ്പിക്കപ്പെടുന്നു. സിനിമ ജനകീയകലാരൂപമായതിനാൽത്തന്നെ അവിടെ രൂപപ്പെടുന്ന വിളികളും വിളിപ്പേരുകളും സ്ഥലകാലപരിധികൾക്കപ്പുറത്തേക്ക് കടന്ന് സ്ഥിരപ്രതിഷ്ഠ നേടുന്നു. ഉദാഹരണത്തിന് മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയവ അങ്ങനെ രൂപപ്പെട്ടവയാണ്. ചിലർ ഇത്തരം വിളികളെ അവരുടെ അഭിനയവ്യക്തിത്വത്തിന്റെ പ്രഭാവത്താൽ അതിജീവിക്കുന്നതായും കാണാം. ഗോപി എന്ന നടന് കൊടിയേറ്റം ഗോപി എന്ന പേര് ഉറയ്ക്കാതിരുന്നത് ഇക്കാരണത്താലാണ്. ഓരോ ആവർത്തനങ്ങളിലും പേരുവിളിയുടെ മാനങ്ങൾ പലതായി രൂപം മാറിയേക്കാം. ചിലപ്പോൾ അത് ആഘോഷിക്കപ്പെട്ടെന്നും വന്നേക്കാം. പക്ഷേ, അത് കമ്പോളത്തിന്റെ നിലവാരവും മൂല്യവും അനുസരിച്ചു മാത്രമാണ് നിർണയിക്കപ്പെടുന്നത്. ആഘോഷമാണ് ലാഭമെങ്കിൽ അങ്ങനെ, അധിക്ഷേപം ആദായകരമാകുമ്പോൾ ഇങ്ങനെയും. ഈ കമ്പോള യുക്തിയാണ് പല കർതൃത്വങ്ങളെയും രൂപപ്പെടുത്തുന്നതും നിലനിർത്തുന്നതും. പ്രതിനിധിത്വം അഥവാ ഏജൻസി നഷ്ടമായ ഒരു ഇടമാണ് ഈ പേരുവിളിയിൽ ക്രമീകരിക്കപ്പെടുന്നത്. എന്നാൽ, ഈ ക്രമീകരണങ്ങളെ നിരാകരിച്ചുകൊണ്ട് ചിലപ്പോഴൊക്കെ രൂപപ്പെടുന്ന പ്രതിഷേധങ്ങളും ഉണ്ടായേക്കാം. വരേണ്യതയുടെ കൃത്രിമത്വത്തിൽ കമ്പോള സാംസ്കാരികതയുടെ പിൻബലത്തോടെ ഉപരി മധ്യവർഗ സമൂഹം നിർമിച്ചിരിക്കുന്ന ഭാവനാലോകത്തെ തകർക്കുന്ന ശബ്ദകോലാഹലം അവിടെ ഉയർന്നേക്കാം. ബുദ്ധിജീവി നാട്യങ്ങളുടെ പ്രത്യയശാസ്ത്ര സ്വൈരവും വാക്ധോരണിയും ആ പരുക്കൻ പ്രത്യാക്രമണങ്ങളിൽ നഷ്ടമായേക്കും. ഇത്തരമൊരു ക്രമക്കേടിന്റെ ആഘാതമാണ് വിനായകന്റെ നേരെ ഉണ്ടായ സംബോധന ഉയർത്തുന്നത്. നമ്മുടെ സമൂഹത്തിൽനിന്നുണ്ടാകുന്ന പല സംബോധനകളും/പേരുവിളികളും ഈ ആഘാതത്തിന്റെ പരിധിയിൽ വിചാരണ ചെയ്യപ്പെടേണ്ടതാണ്. അങ്ങനെ വിചാരണ ചെയ്യുമ്പോൾത്തന്നെ ഭാഷയുടെ വിനിമയതലത്തിൽനിന്നുകൊണ്ടുള്ള പ്രായോഗികതയെയും പരിഗണിക്കേണ്ടതാണ്. അതുകൊണ്ട് അത്തരം വിമർശനാത്മകവിശകലനങ്ങൾ ഒരേസമയം ഭാഷാശാസ്ത്രപരവും സാംസ്കാരികവുമായ രീതിശാസ്ത്രങ്ങൾ പാലിച്ചുകൊണ്ടാവണം നിർവഹിക്കപ്പെടേണ്ടത്. തെറിമലയാളത്തെ വ്യാപകമാക്കുന്ന സൈബർ ഇടത്തിലെ ഭാഷാപരിണാമവും ഇത്തരം വിശകലനങ്ങളിൽ കണക്കിലെടുക്കേണ്ടതുണ്ട്.
സർ, മാഡം വിളികൾ
മലയാളത്തിൽ സംബോധനകളുടെ രാഷ്ട്രീയം സാമൂഹികപദവിയുമായി ബന്ധപ്പെട്ട സങ്കീർണവ്യവഹാരമണ്ഡലമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത വ്യവഹാരമാതൃകകളിൽ ആദരണീയമെന്ന് പൊതുസമ്മതി നേടിയ സംബോധനയാണ് സർ/ മാഡം എന്നത്. എന്നാൽ, ജാതിനിരപേക്ഷമായിട്ടുകൂടി ഇത്തരം വിളികൾ ശ്രേണീബദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന ആശയം അടുത്ത കാലത്ത് പ്രചരിക്കാൻ തുടങ്ങി. സർ/മാഡം കൊളോണിയൽ അവശിഷ്ടമാണെന്നതാണ് ഇപ്പോൾ അതിനെ എതിർക്കുന്നവരുടെ ഒരു യുക്തി. കൊളോണിയൽ ചിഹ്നങ്ങൾ ഭാഷയിൽ മാത്രമല്ല എന്ന് കരുതുമ്പോൾ അത് ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങി പലതിലും ആരോപിക്കേണ്ടി വരും. വസ്ത്രത്തിന്റെ കാര്യത്തിലെ ദേശത്തനിമ അൽപവസ്ത്രധാരണത്തിനിടയാക്കും. കണ്ഠനാട പോലെയുള്ളത് അനായാസം ഉപേക്ഷിക്കാമെങ്കിലും അങ്ങനെയങ്ങ് തദ്ദേശീയരാകാനുള്ള നാണമില്ലായ്മ വസ്ത്രത്തിന്റെ കാര്യത്തിൽ പാലിക്കപ്പെടുമോ? കൊളോണിയൽ മാതൃകയിലുള്ള ബംഗ്ലാവുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചുകളയുമോ? ഭക്ഷണകാര്യത്തിൽ ഒരുവിധമൊക്കെ തദ്ദേശീയരാകാം. എന്നാൽ, ഭാഷയുടെ കാര്യത്തിൽ കടുംപിടിത്തങ്ങൾ മൗനികളെ ഉണ്ടാക്കാനേ ഉതകുകയുള്ളൂ.
ഭാഷാപ്രയോഗങ്ങളുടെ ഊരും പേരും തിരഞ്ഞിട്ട് ഉപയോഗിക്കാമെന്നുവെച്ചാൽ മുരടനക്കി മുന്നോട്ടു പോകാമെന്നല്ലാതെ ഉരിയാട്ടമൊന്നും ഉണ്ടാവില്ല. ആറ്റം എന്ന് ഇന്ന് ഉപയോഗിക്കാറില്ലേ? എന്നാൽ, ഗ്രീക്കിൽ അതിന് വിഭജിക്കാനാവാത്തത് എന്നായിരുന്നു അർഥമെന്നും ആറ്റത്തെ വിഭജിക്കാമെന്നാണ് ഇപ്പോഴത്തെ അറിവെന്നും അതുകൊണ്ട് അങ്ങനെ താൻ ഇനി പ്രയോഗിക്കില്ലെന്നും ഒരാൾ തീരുമാനിക്കുമോ? വില്ലൻ എന്നാൽ വില്ലേജിൽ താമസിക്കുന്നവൻ എന്നായിരുന്നു പഴയ അർഥമെന്നും പ്രതിനായകൻ എന്ന അർഥത്തിൽ ഉപയോഗിക്കില്ലെന്നുമുള്ള ശുദ്ധിവാദം എത്രമാത്രം ഭാഷാദാരിദ്ര്യമുണ്ടാക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഫ്യൂഡൽകാലഘട്ടത്തിലെ ആചാരഭാഷയുടെ പകരക്കാരായി സർ/മാഡം സംബോധനകളെ കണക്കാക്കുന്നത് ശരിയാവില്ല. ജന്മിവ്യവസ്ഥയിലെ പ്രയോഗങ്ങളിൽ ജാതിമത സങ്കൽപങ്ങൾ ഇഴുകിച്ചേർന്നിരുന്നു. ഇവിടത്തെ ജന്മിവ്യവസ്ഥ മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി 'തിയോക്രാറ്റിക് ഫ്യൂഡലിസം' എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, സർ/മാഡം സംബോധനകൾ ജാതിമതരഹിതമാണ്. 'സർ' വിളി മലയാളത്തിൽ സന്ദർഭനിഷ്ഠമായി അർഥഭേദമുണ്ടാക്കുന്നുമുണ്ട്. സർ, സാർ, സാറേ എന്നിങ്ങനെ സ്വനപരിണാമത്തോടെയും പ്രയോഗിക്കപ്പെടുന്നുണ്ട്. പൊലീസ് സേനയിലെ ശ്രേണീബദ്ധമായ ആചാരവിളിയും സാധാരണഭാഷണത്തിനിടയിലെ സംബോധനയും വ്യത്യാസപ്പെട്ടിരിക്കുന്നു. തെല്ല് ഈണഭേദത്തോടെ ഉച്ചരിച്ചാൽ പരിഹാസധ്വനിയും പ്രസ്തുതപ്രയോഗത്തിനുണ്ടാവും. അതുകൂടി തിരിച്ചറിഞ്ഞ സമൂഹമാണ് ഇവിടെയുള്ളത്. ''സാറേ സാറേ സാമ്പാറേ'' എന്ന കളിപ്പാട്ടിൽ അതിന്റെ സൂചനയുണ്ട്. സർക്കാർ ഓഫിസിലെ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യാൻ മാത്രമല്ല സർ/മാഡം വിളികൾ എന്നും പൊതുജനങ്ങളെ തിരിച്ചും സംബോധന ചെയ്യാൻ പ്രസ്തുതവിളികൾ ആവാമെന്നും മനസ്സിലാക്കിയവർ ഇവിടെ ധാരാളമായുണ്ട്. ചുരുക്കി പറഞ്ഞാൽ മലയാളത്തിൽ ഇപ്പോൾ പ്രയോഗിക്കപ്പെടുന്ന സാർ വിളി പഴയ കൊളോണിയൽ സംബോധനയിൽനിന്നും അർഥപരിണാമം സംഭവിച്ച ഉപവിഭാഗങ്ങൾ നിറഞ്ഞ വ്യവഹാരമാണ്.
അധ്യാപകരുമായി ബന്ധപ്പെട്ട് സാർ വിളി മലയാളത്തിൽ സവിശേഷരൂപിമമാണ്. പുരുഷാധ്യാപകൻ എന്നാണ് അവിടെ അർഥമാക്കുന്നത്. മധ്യതിരുവിതാംകൂറിൽ ചിലയിടങ്ങളിൽ മാത്രം ലീലാമ്മ സാർ, തങ്കമ്മ സാർ എന്നിങ്ങനെ അപൂർവവിളിയും ഉണ്ട്. എങ്കിലും 'വൺ ഹൂ ടീച്ചസ്' –ടീച്ചർ എന്ന നിലയിലുള്ള അഭിസംബോധനയുടെ പരിധിയിൽ മലയാളി പുരുഷാധ്യാപകരെ ഉൾപ്പെടുത്തിയിട്ടില്ല. വടക്കൻമലയാളത്തിൽ മാഷ് എന്ന് പ്രയോഗിക്കുന്നത് മാസ്റ്റർ എന്നതിന്റെ തത്ഭവമായാണ്. ഇപ്പോൾ മറ്റിടത്തേക്കും മാഷിന് പ്രവേശനം ലഭിച്ചിട്ടുണ്ട്.
സർ/മാഡം വിളിയിൽ അസ്വസ്ഥരാകുന്ന 'കോളനി വിരോധി'കൾ പകരംവെക്കുന്നത് പഴയ കാലത്തെ സാഷ്ടാംഗപ്രണാമമാണോ? അതോ ചേട്ടാ/ചേച്ചീ വിളിയാണോ? മധ്യതിരുവിതാംകൂറിൽ മിക്കയിടത്തും പദവി, വിദ്യാഭ്യാസം തുടങ്ങിയവ കുറഞ്ഞ പുരുഷന്മാരെ സംബോധന ചെയ്യാനാണ് ചേട്ടാ എന്ന പൊതുസംബോധന ഉപയോഗിക്കുന്നത്. ഹിന്ദു സ്ത്രീകൾ ഭർത്താക്കന്മാരെ സംബോധന ചെയ്യാനും മൂത്ത സഹോദരനെ സംബോധന ചെയ്യാനും ചേട്ടാ എന്ന് ഉപയോഗിക്കുന്നത് ഗാർഹികപരിസരത്തുള്ള വിനിമയം എന്ന നിലയിൽ ആണ്. ബന്ധവാചിയായ അത്തരം സംബോധനകളിൽ ആദരവ് കുറയുന്നില്ല. എന്നാൽ നിലവാരം കുറഞ്ഞ വ്യാപാരസ്ഥാപനങ്ങളിൽ ഇടപാടുകാരെ ചേട്ടാ/ചേച്ചീ എന്ന് സംബോധന ചെയ്യുന്ന ജീവനക്കാരെ കാണാം. മിക്ക ആശുപത്രിജീവനക്കാർക്കും ഡോക്ടർ ഒഴികെയുള്ള പുരുഷന്മാരെല്ലാം 'ചേട്ടന്മാ'രാണ്. ഡോക്ടറെ 'സർ' എന്നു വിളിച്ചില്ലെങ്കിൽ പലർക്കും പണിതന്നെയുണ്ടാവില്ല. സർക്കാർ ഓഫിസുകളിൽ സർ/മാഡം വിളികൾക്കു പകരം ഉദ്യോഗപ്പേരു വിളിക്കട്ടേ എന്നാണ് 'സർ' വിരുദ്ധരുടെ ഒരു നിർദേശം. ഡോക്ടറേ എന്ന സംബോധനക്ക് വലിയ അനൗചിത്യമില്ലെങ്കിലും ഓരോരുത്തരെയും അവരവരുടെ കൃത്യമായ ഉദ്യോഗപ്പേര് വിളിക്കുന്നത് എത്രമാത്രം അരോചകമായിരിക്കും. ബ്രിട്ടീഷുകാലത്തെ സർ പ്രയോഗത്തിൽനിന്ന് വ്യത്യസ്തമായ അർഥോൽപാദനം ഇന്നത്തെ സർ സംബോധനകളിലുണ്ട്. മലയാളത്തെ സംബന്ധിച്ചിടത്തോളം പ്രയോഗക്ഷമമായ ഒട്ടേറെ സംബോധനകളിൽ ഒന്നു മാത്രമാണ് 'സർ'. തിരുമനസ്സ്, അങ്ങുന്ന്, ഏമാൻ തുടങ്ങി പ്രയോഗക്ഷമത നഷ്ടപ്പെട്ടവയും ഉണ്ട് എന്ന് തിരിച്ചറിഞ്ഞ സമൂഹമാണ് ഇവിടെയുള്ളത്. സർ/മാഡം സംബോധനകളെ അക്കൂട്ടത്തിൽപെടുത്തേണ്ട ആവശ്യമില്ല. അപൂർവം സാഹചര്യങ്ങളിലൊഴികെ പ്രസ്തുത സംബോധന പരസ്പരബഹുമാനത്തോടെ വക്താവിനും ശ്രോതാവിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.
ഓരോ ഭാഷയിലെയും സംബോധനകൾ ബന്ധവാചികൾ, ഈശ്വരവാചികൾ തുടങ്ങി വ്യത്യസ്തവ്യവഹാരങ്ങളോട് ചേർന്നാണ് രൂപപ്പെട്ടിട്ടുള്ളത്. അവയെ ഒന്നോ രണ്ടോ മാനകരൂപങ്ങളിലേക്ക് ചുരുക്കാനാവില്ല. മലയാളത്തിലെ സംബോധനപ്പെരുപ്പം വിസ്മയിപ്പിക്കുന്നതാണ്. ചേട്ടൻ, ചേച്ചി, അനിയൻ, അനിയത്തി, അണ്ണൻ, അമ്മാവൻ, അമ്മായി, അച്ചായൻ, ഇച്ചായി, അമ്മൂമ്മ, അപ്പൂപ്പൻ, ഉമ്മാ, ഇക്കാ, എളേമ്മ, എളാപ്പ, എളേപ്പൻ, മാമൻ, കൊച്ചാട്ടൻ, കൊച്ചമ്മ, ഡാഡി, മമ്മി, അപ്പ, അമ്മ തുടങ്ങിയവ അതിൽ ചിലതു മാത്രമാണ്. എല്ലാം എല്ലാവർക്കും വേണ്ടിയുള്ളതല്ല. സാന്ദർഭികപ്രസക്തിയാണ് ഓരോന്നിനുമുള്ളത്. അല്ലാതെ പെരുമാറിയാൽ അനിഷ്ടസംഭവങ്ങളുണ്ടാകുമെന്നതിലും തർക്കമില്ല. തിരുവനന്തപുരത്തെ 'അപ്പിയിട്ട ചായ' ഇതരനാട്ടുകാർക്ക് ഓക്കാനമുണ്ടാക്കുന്നത് തമാശയായി പ്രചരിക്കുന്ന ഒന്നാണെങ്കിലും അപ്പി എന്ന സംബോധനയുടെ പ്രാദേശികവിനിമയപരിസരം അത്ര ദുർബലമല്ല എന്നതും ശ്രദ്ധേയമാണ്. അതത് മതസമൂഹങ്ങളിലെ സംബോധനകൾ സ്വതന്ത്രവിനിമയത്തിനു വഴങ്ങാത്ത വിധത്തിൽ ആധുനികാനന്തരകാലത്തും സംരക്ഷിക്കപ്പെടുന്നുണ്ട്. ഗുരുവായൂരപ്പാ, കർത്താവേ, പടച്ചോനേ തുടങ്ങിയ ഈശ്വരവാചികളായ സംബോധനകളെല്ലാംതന്നെ വക്താവിന്റെ സമുദായസ്വത്വം വളരെ പെട്ടെന്നുതന്നെ വെളിപ്പെടുത്തുന്നുണ്ട്. എങ്കിലും ഇസ്ലാം സമുദായത്തിലാണ് സംബോധനകൾ ഏറെ കൃത്യതയോടെ തുടർന്നുപോരുന്നത്. മതേതരഭാഷാഘടകങ്ങളോട് സംബോധനയുടെ കാര്യത്തിൽ പ്രസ്തുത സമുദായം വലിയ താൽപര്യം പ്രകടിപ്പിക്കാറില്ല.
ഓരോ പ്രയോഗങ്ങൾക്കും അതിന്റേതായ സാമൂഹികമൂല്യവും ഉണ്ട്. ഒരു സ്ത്രീ തന്റെ കൂടെയുള്ള കുട്ടിയെക്കൊണ്ട് അന്യപുരുഷനോട് "മാമന് ടാറ്റ കൊടുക്കൂ മോനേ''എന്ന് പറയിപ്പിക്കുന്നത് പരപുരുഷനോട് ''അകലം പാലിക്കൂ'' എന്ന് ഭംഗ്യന്തരേണ പറയുന്നതാണെന്ന് ഡോ. പി.എം. ഗിരീഷ് നിരീക്ഷിക്കുന്നുണ്ട്. ഇംഗ്ലീഷിലെ അങ്കിൾ എന്നതിൽനിന്ന് വ്യത്യസ്തമായി വ്യാപകമായ അർഥമേഖല പങ്കിടുന്നുണ്ട് മലയാളത്തിലെ അമ്മാവൻ. എന്നാൽ, ഇംഗ്ലീഷിലെ 'യു' എന്നതിനുള്ള വ്യാപകപ്രതിനിധാനസാധ്യത മലയാളത്തിൽ 'നീ' എന്ന സംബോധനക്കില്ല. അത്ര അടുപ്പമുള്ളവരോടല്ല എങ്കിൽ മലയാളത്തിൽ നീ എന്നു സംബോധന നിന്ദാസൂചകമാണ്. ഭാര്യയെ സൂചിപ്പിക്കാനും പൊതുവെ സ്ത്രീകളെ സൂചിപ്പിക്കാനും ചിലപ്പോൾ സംബോധനക്കുംവരെ പെണ്ണുംപിള്ള എന്ന് മധ്യതിരുവിതാംകൂറിൽ പ്രയോഗിക്കാറുണ്ട്. പഴയ മലയാളത്തിൽ ആദരവോടെയാണ് അങ്ങനെ പ്രയോഗിച്ചിരുന്നതെങ്കിലും പിന്നീട് ആ പദത്തിന് അർഥാപകർഷം സംഭവിച്ചിട്ടുണ്ട്.
കമ്മി, കൊങ്ങി, സംഘി, ക്രിസംഘി
നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കമ്മി, കൊങ്ങി, സംഘി, ക്രിസംഘി തുടങ്ങിയ പൊതുസംബോധനകളൊക്കെ വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് പ്രതിഫലിപ്പിക്കുന്നതെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം അതിൽ നർമബോധത്തിന്റെ ഭാവനയുമുണ്ട് എന്നതാണ് വസ്തുത. ട്രോളുകളിലാണ് ഇത്തരം പ്രയോഗങ്ങൾ ഏറെയും പ്രത്യക്ഷപ്പെടുന്നത് എന്നതിനാൽതന്നെ അതിന് ആക്ഷേപഹാസ്യത്തിന്റെ കലാമൂല്യം കൂടിയുണ്ടാകുന്നു. രാഷ്ട്രീയവിമർശനത്തോടൊപ്പം നർമാസ്വാദനത്തിന്റെയും വ്യാപാരമാണ് അവിടെ പലപ്പോഴും ഉണ്ടാകുന്നത്. കുമ്മനടിയും അമിട്ടടിയും ചാണകവും എല്ലാം ഭാഷണത്തിൽ കടന്നുവന്നാലും ജയിലിലടക്കപ്പെടാവുന്ന കുറ്റമാവാത്തത് അതിന്റെ 'കാരിക്കേച്ചർ' പ്രകൃതംകൊണ്ടാണ്. ലിംഗപദവീസന്ദിഗ്ധത ഉണ്ടാക്കി എടാവിളി സ്ത്രീപുരുഷഭേദമന്യേ പുതിയ തലമുറയിൽ കേൾക്കാം. എന്നാൽ, പെൺകുട്ടികളെ മോനേ എന്നു സംബോധന ചെയ്യുന്നവർ ആൺകോയ്മയെ പരോക്ഷമായി അംഗീകരിക്കുകയല്ലേ എന്നു സംശയിക്കുന്നതിനും ന്യായമുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികളെ നിയമാനുസൃതമായി സമൂഹം ഉൾക്കൊണ്ടു തുടങ്ങിയിട്ടും അവരെ എങ്ങനെ സംബോധന ചെയ്യുമെന്നതിൽ സന്ദിഗ്ധത നിലനിൽക്കുന്നുണ്ട്.
പാലക്കാട് മാത്തൂർ പഞ്ചായത്ത് അധികൃതർക്ക് തോന്നിയ ബുദ്ധിയാണ് അടുത്തകാലത്ത് സർ വിളിയെ ചർച്ചാവിഷയമാക്കിയത്. അവിടെ ഉദ്യോഗസ്ഥരെ സർ/മാഡം തുടങ്ങിയ പ്രയോഗങ്ങളാൽ അഭിസംബോധന ചെയ്യേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നു. കോട്ടയത്തെ ഒരു ചരിത്രാധ്യാപകനും അതിന്റെ ചുവടുപിടിച്ച് ആഹ്വാനം നടത്തിയിട്ടുണ്ട്. എന്നാൽ മലയാളത്തിലെ സർ വിളി വിധേയത്വ പ്രതിഫലനമാണെന്ന് നിരീക്ഷിക്കുന്നത് അത്ര ശരിയല്ല. അത് കേവലം ആദരവ് പ്രകടിപ്പിക്കൽ മാത്രമാണ്. ഉദ്യോഗസ്ഥർക്ക് അവിടെയെത്തുന്ന ജനങ്ങളെയും സർ എന്ന് സംബോധന ചെയ്ത് ആദരവ് പ്രകടിപ്പിക്കാമല്ലോ. സർ എന്ന് തത്സമമായി പ്രയോഗിക്കുമ്പോൾ ഒരുപക്ഷേ പഴയ യൂറോപ്യൻ പെരുമ ഉണർന്നെന്നുവരാം. എന്നാൽ, സാർ എന്ന നീട്ടിവിളി മലയാളത്തിന്റെ സ്വന്തമാണ്. അതു കളഞ്ഞാൽ മലയാളത്തിന് പദസമ്പത്ത് നഷ്ടം; ചിലർക്കെങ്കിലും മാനഹാനിയും.
സോഷ്യൽ മീഡിയയിലെ ചില സംബോധനാ രീതികൾ
സംബോധനകളിലെ ഇരട്ടത്താപ്പ് അടുത്തകാലത്ത് വീണ്ടും ചർച്ചയായിരിക്കുന്നത് നടൻ വിനായകന്റെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ടാണ്. ഒരു മാധ്യമപ്രവർത്തകൻ താൻ എന്നും മറ്റും സംബോധന ചെയ്തതിന്റെ പിന്നിൽ ജാതിരാഷ്ട്രീയം ആരോപിച്ചതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഫ്യൂഡലിസം അതിന്റെ വ്യവസ്ഥാപിത സ്വഭാവത്തിൽ അസ്തമിച്ചുകഴിഞ്ഞിട്ടും അത് വേഷം മാറി നമ്മുടെയിടയിൽ ഇപ്പോഴുമുണ്ടെന്ന യാഥാർഥ്യംകൂടിയാണ് ഈ സംഭവം ഓർമിപ്പിക്കുന്നത്. പ്രായത്തിൽ കൂടിയവരെ പേരു വിളിക്കുന്നത് മലയാളത്തിന്റെ പൊതുവിലക്കുകളിൽ ഒന്നായിട്ടുകൂടി താഴ്ത്തപ്പെട്ട സമുദായത്തിലുള്ളവർ എത്ര പ്രായം ചെന്നവരാണെങ്കിലും സവർണ വിഭാഗത്തിലുള്ളവർ പേരു വിളിച്ചുള്ള സംബോധനയാണ് നടത്താറുണ്ടായിരുന്നത്. ചെറിയ കുട്ടികൾപോലും പ്രായം ചെന്ന അവർണരെ പേരു വിളിക്കാൻ മടിച്ചിരുന്നില്ല. നവോത്ഥാനമൂല്യങ്ങൾ പ്രതിനിധാനംചെയ്യുന്ന ആശയങ്ങൾ ശക്തമായി പ്രചരിച്ച ഇടമാണ് കേരളം. എങ്കിലും ഇപ്പോഴും പഴയ കാൽപനിക വരേണ്യത അവശേഷിക്കുന്നു എന്ന സൂചനയാണ് വിനായകനെ സംബോധന ചെയ്യുന്നതിൽ പ്രകടമായിരിക്കുന്ന ബഹുമാനക്കുറവ് അടയാളപ്പെടുത്തുന്നത്. ചലച്ചിത്ര സാങ്കേതികത വാസ്തവത്തിൽ ജാതിവ്യവസ്ഥയെത്തന്നെ അസ്ഥിരപ്പെടുത്തുന്ന ഘടനയുള്ളതാണ്. സൈബർ സ്പേസ് ജാതിമൂല്യത്തിന് അനുകൂലമല്ല എന്നതും ഓർക്കേണ്ടതുണ്ട്. അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളിലൂടെയും ലഭ്യമായ അംഗീകാരങ്ങളിലൂടെയും നിർമിതമാകുന്ന താരവ്യക്തിത്വമാണ് പലപ്പോഴും അഭിനേതാക്കളുടെ കാര്യത്തിൽ പരിഗണിക്കപ്പെടുന്നത്. എന്നാൽ, വിനായകനെപ്പോലെയുള്ള കലാകാരൻമാരെ സർ എന്നു സംബോധന ചെയ്യാൻ വിമുഖത കാണിക്കുന്ന വർണവെറി പേറുന്നവർ ഇന്നും മലയാളിസമൂഹത്തിൽ ധാരാളമുണ്ട്. വിനായകനെ അനാദരവോടെ സംബോധനചെയ്ത മാധ്യമപ്രവർത്തകൻ ദിലീപിനെയും നാദിർഷയെയും ആദരവോടെ ഇന്റർവ്യൂ ചെയ്യുന്നതിന്റെ താരതമ്യദൃശ്യങ്ങളിലൂടെ സമൂഹമാധ്യമങ്ങൾ സംബോധനകളിലെ ഇരട്ടത്താപ്പ് വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്.
പേര്/ അഭിസംബോധന സംബന്ധിച്ച കീഴാളവ്യവഹാരങ്ങൾ മലയാളസിനിമയിൽത്തന്നെ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട് എന്നതും പരിശോധനാർഹമാണ്. 1921ൽ അടിയാത്തിപ്പെണ്ണിനോട് തമ്പ്രാൻ പേരു ചോദിക്കുമ്പോൾ ലക്ഷ്മി എന്ന മറുപടി തമ്പുരാട്ടിക്ക് രസിക്കുന്നില്ല. "അടിയാത്തിപ്പെണ്ണിന് ലക്ഷ്മിയോ മുട്ടി, മാക്രി, ചീങ്കണ്ണി... ഏതെങ്കിലും പേരുമതി." ഈ മറുപടി കഥാസന്ദർഭത്തിന്റെ മാത്രം ഉൽപന്നമല്ല. താഴ്ത്തപ്പെട്ട സമുദായത്തിലെ പേരുകളുടെ ചരിത്രം പരിശോധിച്ചാൽ നാമരൂപങ്ങൾക്കുള്ള വിലക്ഷണത എന്ന മുഖമുദ്ര വളരെ പെട്ടെന്ന് ആർക്കും ബോധ്യപ്പെടുന്നതാണ്. അടിയാന്റെ മക്കൾക്ക് തമ്പ്രാക്കൾ പേരിടുമ്പോൾ വരുത്തുന്നതാണ് ഈ വിലക്ഷണത എന്നുവേണം കരുതാൻ. തങ്ങളുടെ മക്കൾക്ക് പേരിടാൻപോലുമുള്ള അവകാശം നിഷേധിക്കപ്പെട്ട സാമൂഹിക സാഹചര്യത്തെയാണ് താഴ്ത്തപ്പെട്ട സമുദായത്തിലുള്ളവർ അഭിമുഖീകരിച്ചിരുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. വേദകാലത്തുപോലും വേരോട്ടമുള്ള സാമൂഹികതിന്മയുടെ കഥകൾ കണ്ടെത്താനും കഴിയും. ഉത്കൃഷ്ടകഥാപാത്രങ്ങൾക്ക് സംസ്കൃതവും അധമകഥാപാത്രങ്ങൾക്ക് പ്രാകൃതവും വിധിച്ച പാരമ്പര്യം അതിന്റെ പിന്നിലുണ്ട്. ശൂദ്രന് നിന്ദാസൂചകമായ പേരാണ് ഇടേണ്ടതെന്ന് മനുസ്മൃതിയും നിഷ്കർഷിച്ചിട്ടുണ്ട്. പേരിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞ താഴ്ത്തപ്പെട്ട വിഭാഗം പേരിലൂടെത്തന്നെ കീഴാളതയെ മറികടക്കാൻ ശ്രമിക്കുന്നതിന്റെ സാംസ്കാരികരേഖയാണ് തകഴിയുടെ തോട്ടിയുടെ മകനിൽ കാണാൻ കഴിയുന്നത്. ഇശുക്കുമുത്തുവിന്റെ മകൻ ചുടലമുത്തു തന്റെ മകന് മോഹനൻ എന്ന പേരിടുന്നത് ലളിതമായ കൗതുകത്തിന്റെ ഭാഗമായല്ല. പേരിലൂടെ നിർമിച്ചെടുക്കാൻ ശ്രമിക്കുന്ന നവീനകർതൃത്വത്തെക്കുറിച്ചുള്ള ധാരണയുടെ പ്രതിഫലനംകൂടിയാണ്. ഇത് കേരളസമൂഹത്തിലാകെ പ്രകടമായിട്ടുണ്ട്. എന്നാൽ, പേരുകളെ വിലക്ഷണമായി ചുരുക്കുകയും സംബോധനകളിൽ അനാദരവ് ബോധപൂർവം പ്രകടമാക്കുകയും ചെയ്യുന്ന മനോഭാവം നമ്മുടെയിടയിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നത് മലയാളിയുടെ സാംസ്കാരികവ്യക്തിത്വത്തിന്റെ വൈകല്യത്തെ തുറന്നുകാട്ടുന്നുണ്ട്. വ്യക്തിപരമെന്നത് രാഷ്ട്രപരംകൂടിയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്ന പുരോഗമന സമൂഹത്തിൽ സംബോധനകളെ സംബന്ധിച്ച രാഷ്ട്രീയം മുന്തിയ പരിഗണനയോടെ ചർച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.