കേരളത്തിലെ കുടിവെള്ള വിതരണം വലിയ പ്രതിസന്ധികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എ.ഡി.ബി താൽപര്യങ്ങളെ തുടർന്ന് കുടിവെള്ള വിതരണം സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുകയാണ്. കുടിവെള്ളത്തിന്റെ വിലനിർണയം, കരം പിരിക്കൽ, വിലവർധന തുടങ്ങിയവ സ്വകാര്യ കമ്പനികളായിരിക്കും തീരുമാനിക്കുക. വെള്ളത്തിന്റെ വിലയും കുത്തനെ ഉയരും. ജല അതോറിറ്റി തന്നെ ഇല്ലാതാകും?കച്ചവടക്കാരന്റെ കണ്ണ് എന്നും ഏറ്റവും വിൽപനമൂല്യമുള്ള വസ്തുവിലാണ്....
കേരളത്തിലെ കുടിവെള്ള വിതരണം വലിയ പ്രതിസന്ധികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എ.ഡി.ബി താൽപര്യങ്ങളെ തുടർന്ന് കുടിവെള്ള വിതരണം സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുകയാണ്. കുടിവെള്ളത്തിന്റെ വിലനിർണയം, കരം പിരിക്കൽ, വിലവർധന തുടങ്ങിയവ സ്വകാര്യ കമ്പനികളായിരിക്കും തീരുമാനിക്കുക. വെള്ളത്തിന്റെ വിലയും കുത്തനെ ഉയരും. ജല അതോറിറ്റി തന്നെ ഇല്ലാതാകും?
കച്ചവടക്കാരന്റെ കണ്ണ് എന്നും ഏറ്റവും വിൽപനമൂല്യമുള്ള വസ്തുവിലാണ്. അന്താരാഷ്ട്രതലത്തിൽ കമ്പോളസാധ്യതകൾ വിലയിരുത്തുമ്പോൾ, പെട്രോളും ഡീസലുമടക്കം എന്തിനെയും മറികടക്കാനുള്ള കെൽപുണ്ട് കുടിവെള്ളത്തിന്. പൊതുജനം കണ്ണടച്ചു തുറക്കും മുമ്പ്, ഒരുഭാഗത്ത് നഷ്ടക്കണക്ക് നിരത്തി പരസ്യമായി വില വർധിപ്പിച്ചും മറുഭാഗത്ത് കണ്ണിൽപൊടിയിട്ട് സ്വകാര്യവത്കരിച്ചും വെള്ളം ഇനി ആര് നൽകണം, ആരൊക്കെ കുടിക്കണമെന്ന തീരുമാനമെടുത്തു കഴിഞ്ഞിരിക്കുന്നു. കച്ചവടം ഉറപ്പിച്ച് കഴിഞ്ഞ സാഹചര്യത്തിലെങ്കിലും പൊതുജനം വരാനിരിക്കുന്ന ഭവിഷ്യത്തുകൾ തിരിച്ചറിയണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്. സംശുദ്ധമായ കുടിവെള്ളം ആവശ്യമായ അളവിൽ ലഭിക്കുകയെന്നത് പൊതുസമൂഹത്തിന്റെ നിലനിൽപിന് അനിവാര്യമാണ്. സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാനമായ മനുഷ്യവിഭവശേഷി പരിപാലനത്തിലും അതിന് സുപ്രധാന പങ്കുണ്ട്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ കുടിവെള്ളം നിഷേധിക്കുകയെന്നാൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയെന്ന് തന്നെയാണ് അർഥം.
പെട്രോളിയം, ഷിപ്പിങ് മേഖല, വിമാനത്താവളം തുടങ്ങി കരയിലും കടലിലും ഭൂമിക്കടിയിലും വരെ സ്വകാര്യവത്കരണം ആഴ്ന്നിറങ്ങിയിട്ടുണ്ട്. പൊതുമേഖലയിലുള്ളതെല്ലാം കൈവിടുമ്പോൾ ഉയർന്ന പ്രതിഷേധത്തിന് മറവിലൂടെയാണ് അവർ കുടിവെള്ളത്തിനും വിലയിട്ടത്. കുടിവെള്ള മേഖലയെ പൂർണമായി സർക്കാറിൽനിന്ന് വിച്ഛേദിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ പരിണതഫലം നാട് കാണാനിരിക്കുന്നതേയുള്ളൂവെന്ന് ജല അതോറിറ്റിയിലെ തന്നെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച് കേരളത്തിലടക്കം നടപ്പാക്കുന്ന ജലജീവന്‍ മിഷൻ പദ്ധതിയിലൂടെയാണ് താരതമ്യേന സൗജന്യവും സുതാര്യവുമായ കുടിവെള്ള വിതരണ സംവിധാനത്തിന് തിരശ്ശീല ഇടാൻ പോകുന്നത്. കുടിവെള്ള മേഖലയുടെ സ്വകാര്യവത്കരണം നേരിട്ട് നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞവരാകണം കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ അത് സാധ്യമാക്കാൻ പരിശ്രമിക്കുന്നത്. സർക്കാറിൽനിന്ന് കുടിവെള്ള വിതരണത്തിന്റെ ഉത്തരവാദിത്തം നീക്കി ജനങ്ങളുടെ മേൽ ഭാരം ഏൽപിക്കുന്നതാണ് രീതി. കേരളത്തിലാകെ പദ്ധതി പ്രഖ്യാപിച്ച് മുന്നോട്ടുപോകുമ്പോഴാണ് ജലവിതരണവുമായി ബന്ധപ്പെട്ട പുതിയ ചർച്ചകൾ ഉദയംകൊണ്ടിരിക്കുന്നത്.
എ.ഡി.ബി വായ്പയും ജല അതോറിറ്റിയും
കൊച്ചി കോർപറേഷൻ, തിരുവനന്തപുരം നഗരം എന്നിവിടങ്ങളിലെ കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നതിനാണ് നടപടി. പതിവുപോലെ സ്വകാര്യവത്കരണം എന്ന വാക്കൊന്നും എവിടെയും ഉപയോഗിക്കുന്നില്ല. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിൽനിന്നുള്ള കടം ലഭ്യമാക്കുന്നതിന്റെ പേരിലാണ് നടപടികൾ. ഇത് നടപ്പാക്കപ്പെടുന്നതോടെ കുടിവെള്ളത്തിന്റെ വിലനിർണയം, കരം പിരിക്കൽ, വിലവർധന തുടങ്ങിയവ സ്വകാര്യ കമ്പനികളായിരിക്കും തീരുമാനിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. ശുദ്ധജലത്തെ വാണിജ്യ കമ്പനികൾക്ക് തീറെഴുതുന്ന ഈ പദ്ധതിക്ക് 2018ലാണ് തുടക്കമാകുന്നത്. അന്ന് കേന്ദ്ര സർക്കാറാണ് പദ്ധതിക്ക് അനുമതി നൽകിയത്. കോവിഡ് രൂക്ഷമായിരുന്ന 2020ൽ സംസ്ഥാന സർക്കാറിന്റെ ഭരണാനുമതിയും പദ്ധതിക്ക് ലഭ്യമായി. 1757 കോടി രൂപ എ.ഡി.ബി വായ്പയും 175 കോടി രൂപ സംസ്ഥാന വിഹിതവുമാണ് പദ്ധതിക്കുള്ളത്. എറണാകുളത്തെയും അഞ്ചു ഗ്രാമപ്രദേശങ്ങളിലെയും കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് സ്ഥാപിക്കുന്ന 190 എം.എൽ.ഡി പ്ലാന്റിന് സംസ്ഥാനം 136 കോടി വായ്പ വാങ്ങി മുടക്കുമ്പോൾ തുടർന്ന് സ്വകാര്യവത്കരണംകൂടി കൊണ്ടുവരുന്നത് എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. കൺസൽട്ടൻസി കമ്പനികളാണ് കരാർ നടപ്പാക്കുക. കൊച്ചി നഗരത്തെ ഒമ്പത് സോണുകളാക്കി തിരിച്ചുകൊണ്ടായിരിക്കും പദ്ധതി നിർവഹണം നടത്തുക. ആദ്യഘട്ടം എറണാകുളത്തെയും രണ്ടാംഘട്ടം തിരുവനന്തപുരത്തെയും കുടിവെള്ള ശൃംഖല മെച്ചപ്പെടുത്തലാണ്. മൂന്നും നാലും ഘട്ടങ്ങളായി ആലുവയിലെയും അരുവിക്കരയിലെയും കുടിവെള്ള ശുദ്ധീകരണശാലകൾ നവീകരിക്കുമെന്നാണ് പറയുന്നത്. അടുത്ത 10 വർഷത്തേക്ക് സ്വകാര്യ കമ്പനികൾക്കായിരിക്കും ഇതിന്റെയെല്ലാം ചുമതല.
തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ 24 മണിക്കൂർ നീണ്ട ജലവിതരണ സംവിധാനം നടപ്പാക്കുന്നതിനുള്ള പദ്ധതിക്കായാണ് എ.ഡി.ബിയിൽനിന്ന് വായ്പയെടുക്കുന്നത്. പദ്ധതിപ്രകാരം ഉൽപാദന ഘടകങ്ങളിൽ ആവശ്യമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുക, കാലപ്പഴക്കം വന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കുക എന്നിവ പ്രധാന നടപടികളാണെന്ന് ചൂണ്ടിക്കാട്ടുന്നു. വിതരണ ശൃംഖലയെ വിവിധ മേഖലകളായി തിരിച്ച് ഡി.എം.എകൾ (ഡിസ്ട്രിക്ട് മീറ്ററിങ് ഏരിയ) സ്ഥാപിച്ച് ജലവിതരണം കാര്യക്ഷമമാക്കുകയും ജലച്ചോർച്ച നിയന്ത്രണത്തിൽ ആക്കുകയുംചെയ്യുക, പദ്ധതി പൂർത്തിയാകുമ്പോൾ നിലവിലെ ജലച്ചോർച്ച ദേശീയ െബഞ്ച് മാർക്ക് നിലവാരമായ 20 ശതമാനമായി എത്തിക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ടെന്ന് സർക്കാർ വിശദീകരിക്കുന്നു. മർദന നിയന്ത്രണ ഉപകരണങ്ങളും ഫ്ലോമീറ്ററുകളും എല്ലാ മേഖലകളിലും സ്ഥാപിക്കുക, സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡേറ്റ അക്വിസിഷൻപോലുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ജലവിതരണ സംവിധാനം നിയന്ത്രിക്കുക, പഴയതും ചോർച്ചയുള്ളതുമായ സർവിസ് കണക്ഷനുകൾ പുനരുദ്ധരിക്കുക, ഗുണഭോക്തൃ വാട്ടർ മീറ്ററുകൾ മാറ്റി ഉന്നതനിലവാരമുള്ള മീറ്ററുകളും ബൾക്ക് കൺസ്യൂമേഴ്സിന് സ്മാർട്ട് മീറ്ററുകളും സ്ഥാപിക്കുക തുടങ്ങിയവയൊക്കെ പദ്ധതിയുടെ ഭാഗമാണെന്ന് മുൻ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ നൽകിയ മറുപടിയിൽ വിശദീകരിച്ചിരുന്നു. കൂടാതെ, വിതരണ ശൃംഖലയുടെ സർവേ നടത്തി ജി.ഐ.എസ് മാപ്പ് തയാറാക്കുക, ഐ.ടി അധിഷ്ഠിത എം.ഐ.എസിലൂടെ കൃത്യമായ മാനേജ്മെന്റ് സംവിധാനങ്ങൾ ഉറപ്പാക്കുക എന്നിവയൊക്കെയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എ.ഡി.ബി സമർപ്പിച്ച ഡി.പി.ആറിൽ പദ്ധതിയുടെ രൂപകൽപന, നിർമാണം, ഓപറേഷൻ, അറ്റകുറ്റപ്പണി എന്നിവയൊക്കെ കരാറുകാരാണ് ചെയ്യുന്നത്. അതേസമയം, ജല അതോറിറ്റി നേരിട്ട് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ ഒന്നും കോൺട്രാക്ടറെ ഏൽപിക്കുന്നതല്ലെന്നും അന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാൽ, ഭാവിയിൽ ജല അതോറിറ്റിയിൽ നിക്ഷിപ്തമായ പ്രവർത്തനങ്ങളും സ്വകാര്യമേഖലയിലേക്ക് കൈമാറ്റപ്പെടാനുള്ള സാധ്യതകളാണ് ഇതിലൂടെ തുറക്കുന്നതെന്ന് ജീവനക്കാർ തന്നെ ആശങ്കപ്പെടുന്നു.
സമീപകാലത്ത് ഏറെ ചർച്ചയായ വെള്ളക്കരം കൂട്ടിയതുമായി ചേർത്ത് പുതിയ നടപടികളെ വായിക്കേണ്ടിയിരിക്കുന്നു. കുടിവെള്ള ചാർജ് പിരിച്ചെടുക്കാൻ സ്വകാര്യ കമ്പനിയെ നിയോഗിക്കുന്നതിനു മുന്നോടിയായാണ് വെള്ളക്കരം കൂട്ടിയതെന്ന് പൊതുജനം സംശയിച്ചാൽ കുറ്റം പറയാൻ സാധിക്കില്ല. ലിറ്ററിന് 10 പൈസ കൂട്ടിയെന്ന മട്ടിൽ ഒരു യൂനിറ്റിന് 10 രൂപയിലേറെ വർധിപ്പിച്ചതിന് പിന്നിൽ കള്ളക്കളി സംശയിക്കാവുന്നതാണ്. അതിനൊപ്പം വാട്ടർ അതോറിറ്റിക്ക് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ കുടിവെള്ള വിതരണവും വെള്ളക്കരം പിരിക്കാനുള്ള ചുമതലയും സ്വകാര്യ കമ്പനിക്ക് കൈമാറാൻ ധാരണയായി കഴിഞ്ഞെന്നതുകൂടി കേൾക്കുമ്പോൾ സംശയങ്ങൾ കൂടുതൽ ബലപ്പെടുന്നു.
1989ലും 2002ലും ഈ മേഖലയെ സ്വകാര്യവത്കരിക്കാൻ ശ്രമങ്ങൾ ഉണ്ടായിരുന്നു. ലോക ധനസ്ഥാപനങ്ങളുടെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ 2002 ഏപ്രില്‍ ഒന്നിന് എൻ.ഡി.എ സര്‍ക്കാര്‍ അംഗീകരിച്ച ജലനയത്തില്‍, വൈവിധ്യമാര്‍ന്ന ഉപയോഗങ്ങള്‍ക്കുള്ള ജലവിതരണ പദ്ധതികളുടെ ആസൂത്രണം, വികസനം, നടത്തിപ്പ് എന്നിവയില്‍ സ്വകാര്യപങ്കാളിത്തമാകാം എന്ന വിലയിരുത്തലുകളുണ്ടായിരുന്നു.
കുടിവെള്ളമേഖലയിലെ സ്വകാര്യവത്കരണ ശ്രമത്തിന് അന്താരാഷ്ട്രവും ദേശീയവുമായ പശ്ചാത്തലമുണ്ട്. കേരളത്തിലെ സമഗ്ര കുടിവെള്ളവിതരണരംഗം തകര്‍ക്കേണ്ടത് ആരുടെ താൽപര്യമാണെന്നാണ് പരിശോധിക്കേണ്ടിയിരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയെ ഘടനാപരമായി മാറ്റിത്തീര്‍ക്കാന്‍ കാലാകാലങ്ങളായി ബോധപൂര്‍വമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്. പൊതുസ്വകാര്യ പങ്കാളിത്തം പലവിധത്തില്‍ ഈ സ്ഥാപനത്തില്‍ നടപ്പാക്കി. പദ്ധതിത്തുക നല്‍കുന്നത് അവസാനിപ്പിച്ച് ഗ്രാമീണപദ്ധതികള്‍ കൈയൊഴിഞ്ഞതും നഗരമേഖലയില്‍ സ്വകാര്യപങ്കാളിത്തം ഉറപ്പാക്കിയതുമൊക്കെ കഴിഞ്ഞകാലങ്ങളിൽ കാണാം.
ഗ്യാസ് വിതരണം അദാനിയെ ഏൽപിച്ചതിനു ശേഷം അഞ്ച് ഇരട്ടി വരെ വില വർധിച്ച സമീപകാല അനുഭവം രാജ്യത്തിനു മുന്നിലുണ്ട്. ദേശീയ ജല മിഷൻ നടപ്പാക്കിയതിനു ശേഷം വെള്ളത്തിന് കുത്തനെ വില വർധിപ്പിച്ചതും നമുക്ക് മുന്നിലുണ്ട്. കുടിവെള്ളത്തിന്റെ വില 50 മുതൽ 500 രൂപ വരെ വർധിപ്പിക്കുന്ന സമീപകാല വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല. ഇന്ധനവില, വൈദ്യുതി നിരക്ക്, ഭൂമിയുടെ ന്യായവില തുടങ്ങിയ വിലക്കയറ്റമൊക്കെ നേരിടുന്ന ജനത്തിന് ഇതെങ്ങനെ വഹിക്കാനാകും. പദ്ധതി സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകൾ അധികൃതരുമായി ചർച്ച നടത്തുകയുണ്ടായി. എന്നാൽ, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ വായ്പ ലഭിക്കുന്നത് സംബന്ധിച്ച് നിബന്ധനകളിൽ തീരുമാനമെടുക്കേണ്ടത് സർക്കാറാണ് എന്ന മറുപടിയാണ് ജല അതോറിറ്റിയിൽനിന്നും അവർക്ക് ലഭിച്ചത്. ഡി.പി.ആറിൽനിന്ന് വ്യത്യസ്തമായാണ് ടെൻഡർ വ്യവസ്ഥകൾ എന്നതടക്കമുള്ള കാര്യങ്ങൾ സംഘടന പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. സ്വകാര്യവത്കരണം പിൻവലിക്കണമെന്ന ആവശ്യമുയർത്തി സമരത്തിന് ഇറങ്ങുമെന്നാണ് അവരുടെ മുന്നറിയിപ്പ്. കരാർ വ്യവസ്ഥകളിൽ വ്യക്തത വരുത്താത്തതും ആശങ്കകൾക്കിടയാക്കുന്നുണ്ട്. പുതിയ പ്ലാന്റുകളുടെ നവീകരണം, കുടിവെള്ള നഷ്ടക്കണക്ക് എന്നിവ സംബന്ധിച്ച് വ്യക്തതകളില്ല.
കാണണം ഈ അട്ടിമറി
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന് സംസ്ഥാന സർക്കാർ വിട്ടുകൊടുക്കുന്നത് ഏറ്റവും കുറഞ്ഞ ചെലവിൽ വെള്ളം ഉൽപാദിപ്പിക്കുന്ന യൂനിറ്റുകളാണെന്ന വസ്തുത തിരിച്ചറിയണം. സംസ്ഥാനത്തെ ജലവിതരണ കേന്ദ്രം മെച്ചപ്പെടുത്താനുള്ള നിലയിൽ ആവിഷ്കരിക്കുന്ന ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിലെ പൊള്ളത്തരം ഇവിടെ ചോദ്യംചെയ്യപ്പെടുകയാണ്. 1000 ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ 22.85 രൂപ ചെലവ് വരുമെന്നും 11.93 രൂപ നഷ്ടത്തിലാണ് വിൽക്കുന്നതെന്നും മന്ത്രി വിശദീകരിച്ചിരുന്നു. ജല അതോറിറ്റിയുടെ തന്നെ കണക്കുകൾ പ്രകാരം 1000 ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ചു വിതരണംചെയ്യാൻ തിരുവനന്തപുരം സൗത്തിൽ 8.38 രൂപയും നോർത്തിൽ 11.51 രൂപയും കൊച്ചി ഡിവിഷനിൽ 13.29 രൂപയുമാണ് ചെലവ്. ഇത് വ്യക്തമാക്കാതെയാണ് കുടിവെള്ള വിതരണ സംവിധാനത്തെ ചൂണ്ടിക്കാട്ടി സ്വകാര്യവത്കരണത്തിലേക്ക് തള്ളിവിടുന്നത്. പ്രതിസന്ധി എന്ന പ്രചാരണം ശക്തിപ്പെടുത്തേണ്ടത് ആരുടെ താൽപര്യമാണെന്ന് പരിശോധിക്കപ്പെടണം. പ്രതിവർഷം നൽകിയിരുന്ന 350 കോടി ഗ്രാന്റ് വെട്ടിക്കുറച്ചത് കൂടി ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. 2022-23 ൽ 356 കോടിയാണ് നോൺ പ്ലാൻ ഗ്രാന്റായി ജല അതോറിറ്റിക്ക് നൽകേണ്ടത്. എന്നാൽ, അതിൽ ഈ മാർച്ചിൽ 200 കോടിയോളം രൂപ കുടിശ്ശികയാണെന്ന് ജല അതോറിറ്റി ജീവനക്കാരുടെ സംഘടന പ്രതിനിധികൾ വ്യക്തമാക്കുന്നു.
കൊച്ചി നഗരത്തില്‍ വിതരണത്തിന് എത്തിക്കുന്ന ജലത്തില്‍ 51 ശതമാനം ചോര്‍ച്ചയിലൂടെ നഷ്ടമാകുന്നു എന്നാണ് എ.ഡി.ബിയുടെ കണ്ടെത്തല്‍. ജലവിതരണ നെറ്റ്വര്‍ക്കുകളുടെ പഴയ പൈപ്പുകള്‍ മാറ്റിക്കഴിയുമ്പോള്‍ ജലനഷ്ടം 20 ശതമാനത്തിന് താഴെയെത്തിക്കാനാകുമെന്ന് അവര്‍ പറയുന്നു. പാഴായിപ്പോകുന്ന വെള്ളത്തിന്റെ 30 ശതമാനംകൂടി ജനങ്ങള്‍ക്ക് എത്തിക്കാമെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. എന്നാല്‍, ഈ കണക്ക് ശരിയല്ലെന്നാണ് ജലവിഭവ വകുപ്പിന്റെ വാദം. ആലുവയിലെ ട്രീറ്റ്മെന്റ് പ്ലാന്റില്‍നിന്ന് വിതരണത്തിന് പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവിന് ഫ്ലോമീറ്റര്‍ വെച്ചിട്ടുണ്ട്. ഫ്ലോമീറ്റര്‍ കടന്നുപോകുന്ന വെള്ളം കൊച്ചി കോര്പറേഷന് പരിധിയിലേക്ക് മാത്രമല്ല, സമീപത്തെ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും വിതരണം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഓരോ മേഖലയിലേക്കും എത്രവെള്ളം വീതമെന്ന കണക്കില്ല. ഈ കണക്ക് കിട്ടാത്തിടത്തോളം കാലം 51 ശതമാനം ജലനഷ്ടമെന്ന അനുമാനത്തിലെത്താന്‍ കഴിയില്ലെന്ന് ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇത്രയും വലിയ ജലനഷ്ടമുണ്ടാകുന്നതിന് ആധികാരികമായ റിപ്പോര്‍ട്ടൊന്നും എ.ഡി.ബി സമര്‍പ്പിച്ചില്ലെന്നും അവര്‍ പറയുന്നു. നിലവില്‍ കൊച്ചി നഗരത്തിലേക്ക് ആലുവയില്‍നിന്നുള്ള വെള്ളത്തിന്റെ ഒരുഭാഗവും മരട് ശുദ്ധീകരണശാലയില്‍നിന്ന് വിതരണം ചെയ്യുന്ന വെള്ളവും ചേര്‍ന്ന് 250 എം.എല്‍.ഡിയാണ് ഒരുദിവസം കൊച്ചി കോര്‍പറേഷനില്‍ വിതരണംചെയ്യുന്നത്. ഈ വെള്ളത്തിന്റെ 66 ശതമാനം ബില്‍ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഓപറേറ്റിങ് കോസ്റ്റ് നിശ്ചയിച്ചതിലും ജലവിഭവ വകുപ്പിന്റെ കണക്കിനെക്കാള്‍ കൂടുതലാണ് എ.ഡി.ബിയുടേത്. ഒന്നരലക്ഷത്തോളം കണക്ഷനുള്ള കൊച്ചി കോര്പറേഷന് പരിധിയില്‍ ഓരോ കണക്ഷനും ഓപറേറ്റിങ് കോസ്റ്റ് ഇനത്തില്‍ ചെലവാകുന്നത് 18.59 രൂപയാണ്. എന്നാല്‍, എ.ഡി.ബിയുടെ കണക്കില്‍ ഇത് 230 രൂപയിലേറെയാണെന്നതും ശ്രദ്ധിക്കണം.
സാമ്പത്തിക പ്രതിസന്ധിയാണ് സ്വകാര്യവത്കരണത്തിന് കാരണമെങ്കിൽ ലഭിക്കാനുള്ള കോടികളുടെ കുടിശ്ശിക ജല അതോറിറ്റിക്ക് പിരിച്ചെടുക്കാവുന്നതല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. 2022 ഡിസംബറിലെ ഡിമാൻഡ് കലക്ഷൻ ബാലൻസ് പ്രകാരം കേരള വാട്ടർ അതോറിറ്റിക്ക് ഉപഭോക്താക്കളിൽനിന്നും കുടിശ്ശികയിനത്തിൽ 1591. 80 കോടി രൂപ ലഭിക്കാനുണ്ട്. ഗാർഹിക ഉപഭോക്താക്കളിൽനിന്നുള്ളതല്ല ഈ വലിയ കടത്തിന്റെ ഭൂരിഭാഗവും. വാട്ടർ ചാർജ് കുടിശ്ശികയായി ഗാർഹിക ഉപഭോക്താക്കൾ 190.63 കോടി, ഗാർഹികേതര ഉപഭോക്താക്കൾ 133.09 കോടി (സർക്കാർ, പൊതുമേഖല ഒഴികെ), മറ്റുള്ളവ 79.84 കോടി, പൊതുമേഖല സ്ഥാപനങ്ങൾ 10.57 കോടി, സർക്കാർ ഓഫിസുകൾ 222.12 കോടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 955.55 കോടി എന്നിങ്ങനെയും തുക അടക്കാനുണ്ട്. ഇത് പിരിച്ചെടുക്കാനാകണം.
സ്വകാര്യവത്കരണമല്ലെങ്കിൽ പിന്നെന്ത്?
പൊതുമേഖലയിലെ കുടിവെള്ള വിതരണ സംവിധാനം സ്വകാര്യവത്കരിക്കുക എന്നതിനപ്പുറം പദ്ധതിയിൽ കൂടുതൽ ഒന്നുമില്ല. എ.ഡി.ബിയുടെ ലക്ഷ്യം ഇതായിരിക്കണം. കടം തിരിച്ചടക്കാനുള്ള ശേഷി ഉണ്ടാകണമെങ്കിൽ ലാഭം വേണമെന്നതായിരിക്കും എ.ഡി.ബി നിലപാട്. കുടിവെള്ളം എന്നത് സേവനമേഖലയിൽ ഉൾപ്പെടുന്നതാണെന്ന ചിന്ത ഇവിടെ ഉണ്ടാകില്ലെന്ന് വ്യക്തം. കരാർ ഉണ്ടാകുന്നതോടെ വെള്ളക്കരം വർധിക്കും. രണ്ടുമാസം കൂടുമ്പോൾ 44 രൂപയാണ് ഉപഭോക്താവ് അടച്ചിരുന്നതെങ്കിൽ 140 രൂപയോളം വർധിക്കാൻ ഇരിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ സുപ്രധാന പ്ലാന്റുകൾകൂടി സ്വകാര്യവത്കരിക്കപ്പെടുമ്പോൾ ജല അതോറിറ്റിക്ക് ഇനിയെന്ത് പ്രസക്തി എന്നതാണ് ഉയർന്ന ചോദ്യം.
2024 ഭാവി നിർണയിക്കും
ജലജീവൻ മിഷൻ പദ്ധതി, കൊച്ചിയിലെയും തിരുവനന്തപുരത്തെയും പ്ലാന്റുകളുടെ കൈമാറ്റം എന്നിവയിലൂടെയൊക്കെ അനിശ്ചിതത്വത്തിൽ ആകുന്നത് ജല അതോറിറ്റിയാണ്. ജലജീവന്‍ മിഷൻ കരാർ പ്രകാരം കുടിവെള്ള വിതരണം ഭാവിയിൽ വാട്ടർ അതോറിറ്റിയുടെ കൈകളിൽനിന്നും എൻ.ജി.ഒകളിലേക്കാണ് എത്തുന്നത്. പദ്ധതി നടപ്പാക്കാൻ ആരംഭിച്ചിട്ടും നേരിട്ട് സ്വകാര്യവത്കരണം സാധ്യമാകാത്തതിന് കാരണമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. കുടിവെള്ള വിതരണത്തിനുള്ള നിലവിലെ അവകാശം ജല അതോറിറ്റിക്കാണ്. 2024 ഓടെ ഇത് പൂർണമായും ജലജീവന്‍ മിഷൻ എന്ന രീതിയിൽ പഞ്ചായത്തുകളിലേക്ക് പോകും. ഇക്കൂട്ടത്തിൽ വാട്ടർ അതോറിറ്റിയുടെ കണക്ഷനുകൾ ഉണ്ടായേക്കും. എന്നാൽ, പഞ്ചായത്തിനുമല്ല ഇവിടെ വിതരണ അവകാശമുണ്ടാവുക. വാർഡ് തലങ്ങളിൽ രൂപവത്കരിക്കപ്പെടുന്ന എൻ.ജി.ഒകൾക്കായിരിക്കും ഇതിന്റെ ചുമതല. ഇതിന് തുടർച്ചയായി സംഭവിക്കാനിരിക്കുന്ന കാര്യങ്ങളാണ് പ്രധാനം. കുടിവെള്ള വിതരണ മേഖലയിൽ വൈദഗ്ധ്യമില്ലാത്ത സാധാരണ എൻ.ജി.ഒകൾക്ക് പദ്ധതി മുന്നോട്ടുകൊണ്ടുപോവുക എന്നത് സാഹസമായിരിക്കും. ചെലവും അറ്റകുറ്റപ്പണികളും ഒക്കെ ഇവർക്ക് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. ഇതോടെ, അവർ പദ്ധതി കൈയൊഴിയുകയും സ്വകാര്യ കമ്പനികളിലേക്ക് കൈമാറ്റപ്പെടുകയും ചെയ്യും. ഇതിനകം ജല അതോറിറ്റി അപ്രസക്തമായിട്ടുണ്ടാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.