ഭാരത് ജോഡോ യാത്രയുടെ അന്ത്യത്തിൽ, ശ്രീനഗറിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിെന്റ പൂർണരൂപമാണിത്. വാർത്തകളിൽ ഇൗ പ്രസംഗത്തിെന്റ ചില ഭാഗങ്ങൾ വന്നുവെങ്കിലും പൂർണരൂപം പലതരത്തിൽ പ്രസക്തമാണ്. രാഹുൽ ഗാന്ധി താൻ കടന്നുവരുന്ന അവസ്ഥകളെ, രാജ്യത്തിെന്റ ഭീതിദമായ യാഥാർഥ്യങ്ങളെ, കശ്മീരത്വത്തെക്കുറിച്ച് ഇതിൽ സംസാരിക്കുന്നു. തെന്റ തന്നെ ഇന്നെലകളെക്കുറിച്ചും രാജ്യത്തിെന്റ ഭാവിയെക്കുറിച്ചും സംസാരിക്കുന്നു.
വേദിയിലുള്ള കോൺഗ്രസിെന്റ മഹനീയരായ നേതാക്കളേ, മഹനീയരായ പ്രതിപക്ഷ നേതാക്കളേ, എെന്റ പ്രിയപ്പെട്ട പ്രവർത്തകരേ, സഹോദരീസഹോദരന്മാരേ, മാധ്യമസുഹൃത്തുക്കളേ, നിങ്ങൾക്ക് എവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.
നിങ്ങളെല്ലാം ഇന്നിവിടെ ഈ മഞ്ഞുംകൊണ്ട് നിൽക്കുകയാണ്. എന്നാൽ, നിങ്ങളിൽ ആർക്കും തണുപ്പ് അനുഭവപ്പെടുന്നില്ല. നിങ്ങൾ ഈ പെയ്ത്തിൽ നിൽക്കുകയാണ്. എന്നാൽ, ആരും നനയുന്നില്ല. വേനലിൽ നിങ്ങൾക്ക് വേനൽ അനുഭവപ്പെട്ടില്ല. അതുപോലെ ഈ തണുപ്പിൽ നിങ്ങൾക്ക് തണുപ്പ് അനുഭവപ്പെടുന്നില്ല. എന്തെന്നാൽ ഈ രാജ്യത്തിെന്റ ശക്തി നിങ്ങൾക്കൊപ്പമാണുള്ളത്.
പ്രിയങ്ക പറയുന്നത് ഞാൻ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. പ്രിയങ്ക പറഞ്ഞു, എെന്റ സന്ദേശത്തെ കുറിച്ച്. പ്രിയങ്ക സംസാരിച്ചപ്പോൾ, സാധാരണ സംഭവിക്കാത്തതാണ്. എെന്റ കണ്ണുകൾ നിറഞ്ഞുപോയി. എന്തുകൊണ്ടെന്നാൽ, ഞാൻ കന്യാകുമാരിയിൽനിന്ന് യാത്ര ആരംഭിച്ചു. രാജ്യം മുഴുവൻ കാൽനടയായി സഞ്ചരിച്ചു. സത്യസന്ധമായി പറയാം, നിങ്ങൾക്ക് അത്ഭുതം തോന്നിയേക്കാം, പക്ഷേ ഞാൻ വളരെ വർഷങ്ങളായി എല്ലാ ദിവസവും എട്ടു പത്ത് കിലോമീറ്ററുകളോളം ഓടുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ ഞാൻ കരുതിയിരുന്നു, കന്യാകുമാരിയിൽനിന്നും കശ്മീർ വരെ യാത്ര ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എന്ന്. എെന്റ മനസ്സിൽ ഉണ്ടായിരുന്നത് അത് വളരെ എളുപ്പമാണ് എന്നതായിരുന്നു. കായികമായി എനിക്ക് ഇത് ബുദ്ധിമുട്ടുള്ള ഒരു ജോലിയായിത്തീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരുപക്ഷേ, ഞാൻ വേണ്ടത്ര കായികപ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് എന്ന തോന്നലിൽ എനിക്ക് അൽപം അഹങ്കാരവും വന്നിരിക്കാം. എന്നാൽ, പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു.
ഞാൻ ചെറുതായിരുന്നപ്പോൾ ഫുട്ബാൾ കളിക്കാറുണ്ടായിരുന്നു. കോളജിൽ പഠിക്കുമ്പോൾ ഫുട്ബാൾ കളിക്കുന്നതിനിടയിൽ എനിക്ക് കാൽമുട്ടുകളിൽ പരിക്കു പറ്റുകയുണ്ടായി. ഞാനത് മറന്നേ പോയിരുന്നു. കാൽമുട്ടുകളിൽ വേദനയൊന്നും വരാറില്ലായിരുന്നു. അതുകൊണ്ട് അക്കാര്യം മറന്നുപോയിരുന്നു. വേദന അനുഭവപ്പെടാതായി. എന്നാൽ, കന്യാകുമാരിയിൽനിന്ന് പുറപ്പെട്ട് അഞ്ചാറു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാൽമുട്ടുകളിൽ പ്രശ്നങ്ങളായി. രൂക്ഷമായ പ്രശ്നമായി അത് മാറി. എല്ലാ അഹങ്കാരവും അസ്തമിച്ചു. ഞാൻ ആലോചിക്കാൻ തുടങ്ങി; ഞാൻ ആലോചിച്ചു, ഈ യാത്രയിൽ നടന്നുതീർക്കേണ്ട 3500ലധികം കിലോമീറ്റർ എനിക്ക് നടന്നു തീർക്കാനാവുമോ? അതോ ഞാൻ പരാജയപ്പെടുമോ? വളരെ എളുപ്പമെന്ന് ഞാൻ കരുതിയൊരു കാര്യം, വളരെ പ്രയാസകരമായിത്തീർന്നു. എന്നാൽ, ഏതെല്ലാമോ രീതിയിൽ ഞാനീ ദൗത്യം പൂർത്തീകരിച്ചിരിക്കുന്നു.
ഈ യാത്രയിൽ വളരെയധികം കാര്യങ്ങൾ പഠിക്കാൻ അവസരം ഉണ്ടായി. കുറെ കാര്യങ്ങൾ പഠിച്ചു. ഞാൻ നിങ്ങളോട് പറയട്ടെ, വളരെയധികം വേദന സഹിക്കേണ്ടിവന്നു. പക്ഷേ അതു ഞാൻ സഹിച്ചു. വഴിയിൽ യാത്രക്കിടയിൽ ഒരുദിവസം എനിക്ക് കഠിനമായ വേദന അനുഭവപ്പെട്ടപ്പോൾ, ഞാൻ ആലോചിച്ചുപോയി: ആറേഴു മണിക്കൂറുകൾ ഇനിയും നടക്കാനുണ്ട്. അന്നത്തെ നടപ്പ് ബുദ്ധിമുട്ടായിത്തീരും എന്നെനിക്കു തോന്നി.
അപ്പോൾ ചെറിയൊരു പെൺകുട്ടി ഓടിവന്നു. എന്നോട് പറഞ്ഞു, ഞാൻ നിങ്ങൾക്കായി ഒരു കാര്യം എഴുതിയിട്ടുണ്ട്. എന്നാൽ, അത് ഇപ്പോൾ വായിക്കരുത്. പിന്നീട് മാത്രമേ അത് വായിക്കാവൂ. പിന്നെ അവൾ എന്നെ ആലിംഗനംചെയ്ത് ഓടിപ്പോയി. ഞാൻ കരുതി, ഇപ്പോൾ ഞാൻ അത് വായിക്കണം, അവൾ എന്താണ് എഴുതിയിരിക്കുന്നത് എന്ന് അറിയണം.
അവൾ എഴുതിയത് ഇപ്രകാരമായിരുന്നു: നിങ്ങളുടെ കാൽമുട്ടുകളിൽ വേദനയുണ്ട് എന്ന് എനിക്കു മനസ്സിലായി. എന്തുകൊണ്ടെന്നാൽ ആ കാലിൽ വസ്ത്രമുരയുമ്പോൾ നിങ്ങളുടെ മുഖത്ത് വേദന തെളിയുന്നത് എനിക്ക് കാണാനാകുന്നു. എന്നാൽ, എനിക്ക് നിങ്ങളോട് പറയാനുള്ളത്, എനിക്ക് നിങ്ങൾക്കൊപ്പം കന്യാകുമാരിയിലേക്ക് വരാൻ കഴിഞ്ഞില്ല. എെന്റ മാതാപിതാക്കൾ എന്നെ അങ്ങോട്ട് വരാൻ അനുവദിച്ചില്ല. എന്നാൽ, ഞാൻ എന്റെ മനസ്സിൽ അങ്ങേക്കൊപ്പം അങ്ങയുടെ ചാരെ നടക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ എനിക്ക് അറിയാമായിരുന്നു അങ്ങ് അങ്ങേക്കുവേണ്ടിയല്ല നടന്നുകൊണ്ടിരിക്കുന്നെതന്ന്. നിങ്ങൾ എനിക്കുവേണ്ടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. എെന്റ ഭാവിക്കായാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് വായിച്ച് ആ നിമിഷം അത്ഭുതകരമായി അന്നേ ദിവസത്തേക്ക് എെന്റ വേദന അപ്രത്യക്ഷമായി.
പിന്നീട് ഒരവസരത്തിൽ, നടന്നുകൊണ്ടിരിക്കെ അവിടെ തണുപ്പ് രൂക്ഷമായിത്തീർന്നു. അതിരാവിലെ ആയിരുന്നു. അവിടേക്ക് നാല് കുട്ടികൾ വന്നു. പറയണമോ വേണ്ടയോ എന്ന് എനിക്കറിയില്ല. ചെറിയ കുട്ടികളായിരുന്നു. ഭിക്ഷ യാചിക്കുകയായിരുന്നു അവർ. അവരെന്റെ അടുത്തേക്ക് വന്നു. അവർക്ക് വേണ്ടത്ര വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. എന്തോ ജോലി ചെയ്യുന്നുണ്ടായിരുന്നിരിക്കാം. അതുകൊണ്ടായിരിക്കാം, അവരുടെ ശരീരത്തിൽ അഴുക്കുപറ്റിയിരുന്നു. ഞാനത് ശ്രദ്ധിച്ചതേയില്ല. അവരെ ഞാൻ ചേർത്തുപിടിച്ചു. മുട്ടുകുത്തി നിന്നാണ് ഞാൻ അവരെ ചേർത്തുപിടിച്ചത്. കാരണം എനിക്ക് അവരുടെ ഉയരത്തിനൊപ്പം നിൽക്കണമായിരുന്നു. ഞാനിത് പറയണമെന്ന് ആഗ്രഹിച്ചതല്ല, പക്ഷേ പറയുകയാണ്. അവർക്ക് തണുപ്പ് അനുഭവപ്പെട്ടിരുന്നു. അവർ വിറക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ, അവർക്ക് ഭക്ഷണവും ലഭിച്ചിരിക്കില്ല. ചെറിയ കുട്ടികൾ പണിയെടുക്കുകയാണ്. അപ്പോൾ ഞാൻ ആലോചിച്ചു: ഇവർ കമ്പിളിയുടുപ്പുകൾ ധരിക്കുന്നില്ല എങ്കിൽ, ഇവർ ജാക്കറ്റുകൾ ധരിക്കുന്നില്ല എങ്കിൽ, ഞാനും അത് ധരിക്കേണ്ടതില്ല. ഞാനിത് എന്തിനാണ് പറഞ്ഞത് എന്നാണെങ്കിൽ, ഞാൻ അവരുമായുള്ള സംസാരം അവസാനിപ്പിച്ച് മുന്നോട്ട് നടന്നപ്പോൾ, എനിക്കൊപ്പം ഉണ്ടായിരുന്ന ഒരാൾ എെന്റ ചെവിയിൽ ഇപ്രകാരം പറഞ്ഞു: രാഹുൽജി, ഈ കുട്ടികൾ അഴുക്കാർന്നവരാണ്. ഇവരുടെയൊന്നും അടുത്തേക്ക് താങ്കൾ ഇങ്ങനെ പോകാൻ പാടില്ല. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: അവർ താങ്കളെക്കാൾ, എന്നെക്കാൾ വൃത്തിയുള്ളവരാണ്. ഈ രാജ്യത്ത് ചിലപ്പോഴെല്ലാം ഇത്തരം ചിന്താരീതി കാണാറുണ്ട്.
മറ്റൊരു സംഭവം ഞാൻ നിങ്ങളോട് പറയാം. ഒരുപക്ഷേ, ആളുകൾക്ക് നല്ല കാര്യമായി തോന്നുകയില്ല. ഞാൻ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ, നിങ്ങൾ അതു കണ്ടിരിക്കും. ഒരുപാട് സ്ത്രീകൾ കരഞ്ഞുകൊണ്ടാണ് എന്നെ കാണാൻ എത്തിയത്. നിങ്ങൾ അത് കണ്ടോ? നിങ്ങൾക്ക് അറിയാമോ അവരെന്തുകൊണ്ടാണ് കരഞ്ഞിരുന്നത് എന്ന്?
അവരിൽ ഒരുപാട് സ്ത്രീകൾ വളരെ വികാരപരമായാണ് പെരുമാറിയിരുന്നത്. എന്നെ കണ്ട് അവർ കരയുകയായിരുന്നു. ചില സ്ത്രീകൾ കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞിരുന്നു, അവർക്ക് നേരെ ബലാത്സംഗം നടന്നിരുന്നു എന്ന്. അവരെ മാനഭംഗം ചെയ്തു എന്ന്. അവരുടെ ബന്ധുക്കളായവർ തന്നെ അവരെ മാനഭംഗത്തിന് ഇരയാക്കി എന്ന്. സഹോദരി, ഞാൻ ഇക്കാര്യം പൊലീസിനോട് പറയട്ടെ എന്ന് ഞാൻ അവരോട് പറഞ്ഞപ്പോൾ, അവർ എന്നോട് പറഞ്ഞത് രാഹുൽജി, പൊലീസിനോട് പറയരുത്. താങ്കൾ ഇക്കാര്യം അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ, പൊലീസിനോട് ഇക്കാര്യം പറയരുത്. ഞങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇതാണ് നമ്മുടെ രാജ്യത്തിെന്റ സത്യാവസ്ഥ.
ഇത്തരത്തിലുള്ള മറ്റുപല കാര്യങ്ങളും എനിക്ക് നിങ്ങളോട് പറയാനാകും.
പിന്നീട് ഞാൻ കശ്മീരിന്റെ അതിരുകളിലേക്ക് കടക്കാൻ തുടങ്ങുമ്പോൾ, ആലോചിക്കുകയായിരുന്നു. ഈ പാതയിലൂടെ ഞാൻ താഴെ നിന്ന് മുകളിലേക്ക് കയറുകയാണ്. വർഷങ്ങൾക്കു മുമ്പ് ഇതേ വഴികളിലൂടെയാണ് എെന്റ ബന്ധുക്കൾ മുകളിൽനിന്ന് താഴേക്ക് വന്നത്. കശ്മീരിൽനിന്ന് അലഹബാദിലേക്ക് ഗംഗയുടെ തീരങ്ങളിലേക്ക് പോയത്. എനിക്കപ്പോൾ തോന്നി, ഞാൻ എന്റെ വീട്ടിലേക്ക് മടങ്ങുകയാണെന്ന്.
ചെറുതായിരിക്കുമ്പോൾ തന്നെ ഞാൻ സർക്കാർ കെട്ടിടങ്ങളിലാണ് താമസിച്ചിരുന്നത്. എനിക്ക് എന്റേതായി ഒരു വീടില്ല. അക്കാരണത്താൽ എനിക്ക് വീട് – അതിനൊരു ഘടന ഉണ്ടാകുമല്ലോ – അതിന് ഞാൻ ഒരിക്കലും വീടായി കരുതിയിരുന്നില്ല. ഞാൻ എവിടെ താമസിച്ചിരുന്നാലും ഞാൻ അതിനെ ഒരു കെട്ടിടമായി കണക്കാക്കിയതല്ലാതെ, വീടായി കരുതിയതേ ഉണ്ടായിരുന്നില്ല. വീട് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഭാവന മാത്രമാണ്. ജീവിതത്തിനായുള്ള ഒരുപാധി. ചിന്തിക്കാനുള്ള ഒരു കാര്യം.
ഇവിടെ എന്തിനെയാണോ നിങ്ങൾ കശ്മീരത്വം എന്ന് വിളിക്കുന്നത്, ഞാൻ അതിനെ എെന്റ വീടായി കരുതുന്നു. ഈ കശ്മീരത്വം എന്നുപറയുന്നത് എന്താണ്? ശൈവചിന്തയിൽ അത് ഒരു തലത്തിൽ, ആഴത്തിൽ പോവുകയാണെങ്കിൽ അതിനെ ശൂന്യത എന്ന് വിളിക്കാം. തനിക്കെതിരെ തന്നെ, തന്റെതന്നെ അഹങ്കാരത്തിനെതിരെ, തന്റെ തന്നെ ചിന്തകൾക്കുമേൽ നടത്തുന്ന ആക്രമണമാണത്. മറ്റൊരു തരത്തിൽ ഇസ്ലാമിനകത്ത് – ഇവിടെ ശൂന്യത എന്ന് പറയുന്നതിനെ – അവിടെ ഫനാ എന്ന് വിളിക്കുന്നു. അതിെന്റ തത്ത്വം ഒന്നുതന്നെയാണ്. ഇസ്ലാമിനകത്ത് ഫനാ എന്നതിനർഥം തനിക്കുമേൽ തന്നെ നടത്തുന്ന ആക്രമണമാണ്. തെന്റതന്നെ ചിന്തകൾക്കുമേലുള്ള ആക്രമണം. ഞാൻ ഇതാണ്, എെന്റ പക്കൽ ഇതുണ്ട്, എെന്റ കൈവശം ഈ വിജ്ഞാനം ഉണ്ട്, എെന്റ പക്കൽ ഈ വീടുണ്ട് തുടങ്ങി നാം കെട്ടിയുയർത്തുന്ന പൊങ്ങച്ചങ്ങൾ. അത്തരം പൊങ്ങച്ചങ്ങൾക്കുമേൽ നടത്തുന്ന ആക്രമണങ്ങൾ. അതുതന്നെയാണ് ശൂന്യത; അതുതന്നെയാണ് ഫനാ.
ഈ മണ്ണിൽ നിലനിൽക്കുന്ന ഈ രണ്ട് ചിന്താധാരകളും തമ്മിൽ വളരെ ആഴത്തിലുള്ള ഒരു ബന്ധം നിലവിലുണ്ട്. വളരെ കാലമായുള്ള ബന്ധമാണത്. ഇതിനെയാണ് നാം കശ്മീരത്വം എന്ന് വിളിക്കുന്നത്.
ഇത്തരം ചിന്തകൾ മറ്റു സംസ്ഥാനങ്ങളിലും നിലവിലുണ്ട്. ഗാന്ധിജി വൈഷ്ണവജനതോയെ കുറിച്ച് സംസാരിക്കുമായിരുന്നു. അതിനെതന്നെയാണ് നാം ഇവിടെ ശൂന്യത, ഫനാ എന്നെല്ലാം പറയുന്നത്. അതിനെ ഗുജറാത്തിൽ വൈഷ്ണവജനതോ എന്നു പറയുന്നു. അസമിൽ ശങ്കർദേവും ഈ കാര്യത്തെക്കുറിച്ചു തന്നെ പറഞ്ഞു. കർണാടകത്തിൽനിന്ന് നമ്മുടെ കൂടെ പലരും എത്തിയിട്ടുണ്ട്. അവിടെ ബസവേശ്വരൻ ഇതേ കാര്യംതന്നെ പറഞ്ഞിരിക്കുന്നു. കേരളത്തിൽ നാരായണഗുരുവും ഇതേ കാര്യം പറഞ്ഞിരിക്കുന്നു. മഹാരാഷ്ട്രയിൽ ജ്യോതിബാഫുെലയും ഇക്കാര്യം പറഞ്ഞിരിക്കുന്നു. ഇവിടെ നാം അതിനെ കശ്മീരത്വം എന്ന് വിളിക്കുന്നു. ആളുകളെ പരസ്പരം ബന്ധിപ്പിക്കുക, ആരെയും ആക്രമിക്കാതിരിക്കുക, സ്വന്തം കുറവുകൾ കാണുക –അതാണ് കശ്മീരത്വം.
ഞാൻ നിങ്ങളോട് പറഞ്ഞു, എെന്റ കുടുംബം കശ്മീരിൽനിന്ന് ഗംഗയുടെ ഓരങ്ങളിലേക്ക് പോയവരാണ് എന്ന്. അലഹബാദിൽ, ത്രിവേണീ സംഗമത്തിന്റെ വളരെയടുത്ത്, അവിടെയാണ് ഞങ്ങളുടെ വീട്. ഇവിടെനിന്നും അവർ അവിടേക്ക് പോയപ്പോൾ അവർ കശ്മീരത്വത്തിലെ ആ ചിന്തയെ ഗംഗയിൽ നിക്ഷേപിച്ചു. ഗംഗയിൽ നിക്ഷേപിച്ച ആ ബോധത്തെ ഉത്തർപ്രദേശിൽ പ്രചരിപ്പിച്ചു. ഉത്തർപ്രദേശിൽ അതിനെയാണ് ഗംഗായമുനാ സംസ്കാരം എന്ന് വിളിക്കുന്നത്.
എെന്റ കുടുംബം വളരെ വലിയ കാര്യമൊന്നും ചെയ്തില്ല. ചെറിയ കാര്യമാണ് ചെയ്തത്. നിങ്ങൾ അവരെ പഠിപ്പിച്ചത്, ജമ്മു-കശ്മീരിലെ ജനത അവരെ പഠിപ്പിച്ചത്, ലഡാക്കിലെ ജനത അവരെ പഠിപ്പിച്ചത്. അതിൽ അനേകം മതങ്ങളുടെ സത്തകളുണ്ട്. അവരുടെ അടുത്തും അതേ ചിന്താശൂന്യതയെ കുറിച്ചുള്ള ചിന്ത നിലനിന്നിരുന്നു. അവരതിനെ കൊണ്ടുപോയി. ആ ചിന്താധാരയെ, ആ ബോധത്തെ അവർ ഗംഗയിൽ നിക്ഷേപിച്ചു.
ഇവിടേക്ക് വരുമ്പോൾ, ഇവിടേക്ക് നടക്കുമ്പോൾ ഞാൻ ഇക്കാര്യങ്ങൾ ഓർക്കുകയായിരുന്നു. അതിനിടയിൽ സുരക്ഷാഭടന്മാർ എന്നോട് പറഞ്ഞു, താങ്കൾക്ക് ഇന്ത്യ മുഴുവനും സഞ്ചരിക്കാം. ജമ്മുവിലും അങ്ങനെ സഞ്ചരിക്കാം. എന്നാൽ, കശ്മീരിലൂടെയുള്ള അവസാനത്തെ നാല് ദിവസങ്ങൾ താങ്കൾ വാഹനത്തിൽ മാത്രമേ സഞ്ചരിക്കാവൂ. വേണുഗോപാൽ മുമ്പ് എന്നോട് ഇക്കാര്യം പറഞ്ഞു. ഇവിടെ യാത്രയുടെ സംഘാടനം നടത്തുന്നവർ ഇതുതന്നെ എന്നോട് പറഞ്ഞു. മൂന്നു നാല് ദിവസം മുമ്പ് ഭരണകൂടം ഭയപ്പെടുത്തുന്നതിനായി എന്നോട് പറഞ്ഞു: നിങ്ങൾ കാൽനടയായി യാത്ര ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇതെല്ലാം കേട്ടപ്പോൾ ഞാൻ കരുതി. ഞാനെെന്റ വീട്ടിലേക്ക് പോവുകയാണ്. കാൽനടയായി തന്നെ എെന്റ വീട്ടിലെ അംഗങ്ങളുടെ ഇടയിലൂടെ ഞാൻ പോകും. എന്നോട് വെറുപ്പ് പുലർത്തുന്നവർ, എന്തുകൊണ്ട് അവർക്ക് ഒരവസരം കൊടുത്തുകൂടാ? എെന്റ വെള്ള കുപ്പായത്തിന്റെ നിറം മാറ്റുന്നതിനായി അവർക്കൊരു അവസരം കൊടുത്താൽ എന്ത്? അവരത് ചുമപ്പിക്കട്ടെ.
എന്തുകൊണ്ടെന്നാൽ, എെന്റ കുടുംബം എന്നെ പഠിപ്പിച്ചിട്ടുണ്ട്, ഗാന്ധിജി എന്നെ പഠിപ്പിച്ചിട്ടുണ്ട്, ജീവിക്കുന്നുവെങ്കിൽ ഭയമില്ലാതെ ജീവിക്കുകതന്നെ വേണം. അല്ലെങ്കിൽ ജീവിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ ഞാൻ അവസരം നൽകി. ഞാൻ പറഞ്ഞു: ഞാൻ നാലു ദിവസവും കാൽനടയായിതന്നെ പോകും. എെന്റ ടീഷർട്ടിെന്റ വെള്ളനിറം മാറ്റിത്തരൂ. അത് ചുവപ്പിക്കൂ. നമുക്ക് നോക്കാം.
എന്നാൽ, ഞാൻ എന്തു വിചാരിച്ചുവോ അതുതന്നെ നടന്നു. ജമ്മു-കശ്മീരിലെ ജനത എനിക്ക് നേരെ ഹാൻഡ് ഗ്രനേഡ് എറിഞ്ഞില്ല. അവരുടെ ഹൃദയം തുറന്ന് എന്നെ സ്നേഹിച്ചു. ആലിംഗനം ചെയ്തു. എനിക്ക് അത്യധികമായ സന്തോഷം തോന്നി. എന്തുകൊണ്ടെന്നാൽ അവരെല്ലാവരും എന്നെ അവരുടേതായി സ്വീകരിച്ചു. മുതിർന്നവരും കുട്ടികളും എന്നെ കണ്ണീരോടെ ഇവിടേക്ക് സ്വാഗതം ചെയ്തു.
ജമ്മു-കശ്മീരിലെ ജനങ്ങളോട്, ഇവിടെ ജോലിചെയ്യുന്ന നമ്മുടെ സേനാംഗങ്ങളോട്, ജോലിചെയ്യുന്ന സി.ആർ.പി.എഫ് ഭടന്മാരോട്, അവരോട് എനിക്ക് ചിലത് പറയാനുണ്ട്. എല്ലാവരോടും, ജമ്മു-കശ്മീരിലെ യുവാക്കളോട്, കുട്ടികളോട്, അമ്മമാരോട്, സി.ആർ.പി.എഫിലെ, ബി.എസ്.എഫിലെ, സൈന്യത്തിലെ ഭടന്മാരോട്, അവരുടെ കുടുംബാംഗങ്ങളോട്, അവരുടെ കുട്ടികളോട്, എനിക്ക് പറയാനുണ്ട്. നോക്കൂ, എനിക്ക് ഹിംസ എന്തെന്ന് മനസ്സിലാകും. ഞാൻ ഹിംസ അനുഭവിച്ചിട്ടുള്ളവനാണ്. അതെന്തെന്ന് കണ്ടിട്ടുള്ളവനാണ്. ഹിംസ എന്തെന്ന് അനുഭവിച്ചിട്ടില്ലാത്തവർ, ഹിംസ എന്തെന്ന് കണ്ടിട്ടില്ലാത്തവർ അവർക്ക് ഇക്കാര്യം മനസ്സിലാവുകയില്ല. ശ്രീമാൻ മോദിയെ പോലെ, ശ്രീമാൻ അമിത് ഷായെ പോലെ, ആർ.എസ്.എസിലെ അംഗങ്ങളെ പോലെ ഉള്ളവർ – അവർ ഹിംസ എന്തെന്ന് കണ്ടിട്ടില്ല. അവർ ഭയക്കുന്നു. നോക്കൂ, ഇവിടെ ഞങ്ങൾ നാലുദിവസം കാൽനടയായി സഞ്ചരിച്ചു. എനിക്ക് നിങ്ങളോട് ഉത്തരവാദിത്തത്തോടെ പറയാനാകും, ബി.ജെ.പിയുടെ ഒരൊറ്റ നേതാവുപോലും ഇത്തരത്തിൽ സഞ്ചരിക്കുകയില്ല. അവർക്കതിന് സാധിക്കുകയില്ല. അതൊരിക്കലും ജമ്മു-കശ്മീരിലെ ജനത അവരെ അത്തരത്തിൽ സഞ്ചരിക്കാൻ അനുവദിക്കാത്തതിനാലല്ല. അതിനു കാരണം അവർ ഭയപ്പെടുന്നു എന്നതാണ്.
എനിക്ക് ജമ്മു-കശ്മീരിലുള്ള യുവാക്കളോട്, ജനങ്ങളോട്, സി.ആർ.പി.എഫ്-ബി.എസ്.എഫ് ഭടന്മാരോട് എല്ലാം ചിലത് പറയാനുണ്ട്. നോക്കൂ, എനിക്ക് 14 വയസ്സുള്ളപ്പോൾ, ഒരുദിവസം രാവിലെ ഞാൻ സ്കൂളിൽ ജ്യോഗ്രഫി ക്ലാസിൽ ഇരിക്കുകയായിരുന്നു. ഒരു ടീച്ചർ അവിടെ വന്നു പറഞ്ഞു: രാഹുൽ, നിന്നെ പ്രിൻസിപ്പൽ വിളിക്കുന്നുണ്ട്. കുട്ടിയായിരുന്നപ്പോൾ, വളരെ വികൃതിയായിരുന്നു. എെന്റ സഹോദരിയോട് നിങ്ങൾക്ക് ചോദിച്ചു നോക്കാം. എന്തെല്ലാമാണ് ഞാൻ ചെയ്തിരുന്നത് എന്ന്. ഞാൻ ഇപ്പോഴും വികൃതികൾ കാണിക്കും. പ്രിൻസിപ്പൽ വിളിക്കുന്നുണ്ട്, എന്തെങ്കിലും അരുതാത്തത് ഞാൻ ചെയ്തതിനായിരിക്കും, എന്തായാലും ഇന്ന് തല്ലുകൊള്ളും. അദ്ദേഹത്തിന്റെ മുറിയിൽ ചൂരൽ ഉണ്ട് – അതായിരുന്നു എന്റെ ചിന്ത. എന്നാൽ, ഞാൻ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയിക്കൊണ്ടിരുന്നപ്പോൾ, എന്നെ വിളിക്കാൻ വന്ന ടീച്ചറുടെ മുഖഭാവം കണ്ട് എന്തോ പന്തികേട് തോന്നി. ഞാൻ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് എത്തിയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, രാഹുൽ, നിനക്ക് വീട്ടിൽനിന്ന് ഒരു ഫോൺ ഉണ്ട്. അതിന്റെ ശബ്ദത്തിൽനിന്ന് തന്നെ എനിക്ക് മനസ്സിലായി, എന്തോ പ്രശ്നം സംഭവിച്ചിട്ടുണ്ട്. എന്റെ മുട്ടുവിറക്കാൻ തുടങ്ങി. ഞാൻ ഫോൺ ചെവിയോട് ചേർത്തപ്പോൾ എന്റെ അമ്മയുടെ കൂടെ ജോലിചെയ്യുന്ന സ്ത്രീയുടെ ശബ്ദമാണ് കേട്ടത്. അവർ അലറി കരയുകയായിരുന്നു. ‘‘രാഹുൽ, മുത്തശ്ശിക്ക് വെടിയേറ്റു. മുത്തശ്ശിക്ക് വെടിയേറ്റു.’’
എനിക്കന്ന് 14 വയസ്സായിരുന്നു. നോക്കൂ, ഞാനീ പറയുന്നത് പ്രധാനമന്ത്രിക്ക് മനസ്സിലാവുകയില്ല. ഇക്കാര്യം ശ്രീ അമിത് ഷാക്ക് മനസ്സിലാവുകയില്ല. ശ്രീ ഡോവലിനും മനസ്സിലാവുകയില്ല. എന്നാൽ, ഇക്കാര്യം കശ്മീരിലെ ജനങ്ങൾക്ക് മനസ്സിലാകും. സി.ആർ.പി.എഫിലെ അംഗങ്ങൾക്ക് മനസ്സിലാകും. സൈന്യത്തിലെ അംഗങ്ങൾക്ക് മനസ്സിലാകും. അവരുടെ കുടുംബാംഗങ്ങൾക്ക് മനസ്സിലാകും.
അപ്പോൾ അവർ എന്നോട് പറഞ്ഞു. ഉന്മു എന്നായിരുന്നു അവരുടെ പേര്. അവർ പറഞ്ഞു, ‘‘മുത്തശ്ശിക്ക് വെടിയേറ്റു, മുത്തശ്ശിക്ക് വെടിയേറ്റു.’’ പിന്നീട് എന്നെ വണ്ടിയിൽ സ്കൂളിൽനിന്നും കൊണ്ടുപോയി. പ്രിയങ്കയെയും ഞാൻ കൂടെ കൂട്ടി. ഞാൻ വീട്ടിലേക്ക് പോയി. ഞാനാ സ്ഥലം പോയി നോക്കി -മുത്തശ്ശിയുടെ രക്തം തളംകെട്ടിക്കിടന്നിടം. അച്ഛൻ വന്നു. അമ്മ വന്നു. അമ്മ തീർത്തും തളർന്നിരുന്നു. ഒന്നും സംസാരിക്കാനേ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
പിന്നെ, പിന്നെ എന്താണ് ഉണ്ടായത്? ഞങ്ങളുടെ കുടുംബം, ഹിംസ എന്തെന്ന് കണ്ടവർ (സെൽഫോൺ ഉയർത്തി കാണിച്ചുകൊണ്ട്). ഇതാ, ഇതുണ്ടല്ലോ? ഇത് ഞങ്ങൾ മറ്റൊരു തരത്തിലാണ് നോക്കിക്കാണുന്നത്. ഇത് നിങ്ങൾക്ക് എല്ലാവർക്കും ടെലിഫോണാണ്. എന്നാൽ, ഞങ്ങൾക്ക് ഇത് വെറും ടെലിഫോൺ അല്ല.
അതിനുശേഷം, ആറേഴു വർഷങ്ങൾക്ക് ശേഷം, ഞാൻ അപ്പോൾ അമേരിക്കയിൽ ആയിരുന്നു. വീണ്ടുമൊരു ടെലിഫോൺ വന്നു, മേയ് 21ന്. പുൽവാമയിൽ മരണമടഞ്ഞ സൈനികരുടെ വീട്ടിലേക്ക് ഇത്തരത്തിൽ ടെലിഫോൺ വന്നിരിക്കും. ആയിരക്കണക്കിന് കശ്മീരി ജനതയുടെ വീടുകളിലേക്ക് ഇത്തരത്തിൽ ടെലിഫോൺ വന്നിരിക്കും. സൈനികരുടെ കുടുംബങ്ങളിലേക്ക് ടെലിഫോൺ വന്നിരിക്കും. അത്തരത്തിൽ എനിക്കും വന്നു ടെലിഫോൺ. അച്ഛന്റെ ഒരു സുഹൃത്ത്, എനിക്ക് ഫോൺ ചെയ്തു. അദ്ദേഹം പറഞ്ഞു: രാഹുൽ, ഒരു മോശം വാർത്തയാണുള്ളത്. ഞാൻ പറഞ്ഞു: ഞാനറിഞ്ഞിരിക്കുന്നു. അച്ഛൻ മരിച്ചു. അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു: അറിയിച്ചതിന് നന്ദി. ഞാൻ ഫോൺ വെച്ചു.
ഞാൻ പറഞ്ഞുവന്നത് ഇതാണ്: ആരാണോ ഹിംസ ചെയ്യിക്കുന്നത്, ശ്രീമാൻ മോദിയെ പോലെ, ശ്രീമാൻ അമിത് ഷായെപോലെ, അജിത്ത് ഡോവലിനെ പോലെ, ആർ.എസ്.എസിലെ ആൾക്കാരെ പോലെ, അവർക്ക് ഇക്കാര്യം മനസ്സിലാവുകയേയില്ല. അവർക്ക് വേദന എന്തെന്ന് മനസ്സിലാവുകയില്ല. എനിക്കത് മനസ്സിലാകും. പുൽവാമയിലെ സൈനികരായിരുന്നവർ, അവരുടെ കുട്ടികളുടെ മനസ്സിൽ എന്താണ് ഉണ്ടായതെന്ന് എനിക്ക് മനസ്സിലാകും. എന്റെ മനസ്സിലും അതുതന്നെയാണ് ഉണ്ടായത്. ഇവിടെ കശ്മീരിൽ മരിക്കുന്നവരുടെ സ്വന്തക്കാർ, അവരുടെ ഹൃദയങ്ങളിൽ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകും. ഫോൺകാൾ വരുമ്പോൾ അവർക്ക് അതെങ്ങനെയാണ് അനുഭവപ്പെടുക എന്ന് എനിക്ക് മനസ്സിലാകും. എന്റെ സഹോദരിക്കും അത് മനസ്സിലാകും.
ഇന്നലെ ഏതോ പത്രപ്രവർത്തകൻ എന്നോട് ചോദിച്ചു, യാത്രയുടെ ലക്ഷ്യം എന്താണ്? യാത്രകൊണ്ട് എന്ത് നേട്ടമാണ് ലക്ഷ്യമിടുന്നത്? ജമ്മു-കശ്മീരിൽ എന്ത് നേട്ടമാണ് ലക്ഷ്യമിടുന്നത്? അന്നേരം എന്റെ ഉള്ളിൽ ചിലത് തോന്നി. ഞാൻ പറഞ്ഞു: ഇപ്പോൾ ഒന്നും പറയുന്നില്ല. നാളെ പ്രസംഗത്തിൽ പറയാം. ഈ യാത്രയുടെ ലക്ഷ്യം, ഇത്തരത്തിലുള്ള ഫോൺകാളുകൾ – അത് സൈന്യത്തിന്റേതാകട്ടെ, സി.ആർ.പി.എഫിന്റേതാകട്ടെ, കശ്മീരിലെ ജനതയുടേതാകട്ടെ, ഇത്തരം ഫോൺകാളുകൾ അവസാനിക്കണം. ഇത്തരം ഫോൺകാളുകൾ ഒരു മകനും ഒരു കുട്ടിക്കും ഒരു അമ്മക്കും എടുക്കേണ്ട സാഹചര്യമുണ്ടാകരുത്. എന്റെ ലക്ഷ്യം, ഇത്തരത്തിലുള്ള ഫോൺകാളുകൾ അവസാനിപ്പിക്കുക എന്നതാണ്.
നോക്കൂ, ബി.ജെ.പി-ആർ.എസ്.എസ് അംഗങ്ങൾ എന്തിനെയാണ് ആക്രമിക്കുന്നത്? എന്നെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു. ഞാനവരോട് നന്ദി പറയുന്നു. എന്തുകൊണ്ടെന്നാൽ ഞാൻ നിങ്ങളോട് പറഞ്ഞ ശൂന്യതയെ കുറിച്ച്, ശിവതത്ത്വത്തെ കുറിച്ച് ഞാൻ മനസ്സിലാക്കുന്നു. അവരോട് ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി പ്രകാശിപ്പിക്കുന്നു. കാരണം, എത്രമാത്രം അവർ എനിക്കുമേൽ സമ്മർദം ഉളവാക്കുന്നുവോ, എത്രമാത്രം അവരെന്നെ നിന്ദിക്കുന്നുവോ അവർ എന്തുതന്നെ ചെയ്യട്ടെ അതിൽ നിന്ന് ഞാൻ പഠിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഞാൻ അവരോട് ഒരുതരത്തിൽ നന്ദിയുള്ളവനാണ്.
എന്നാൽ, ഞാൻ നിങ്ങളോട് ആദ്യം പറഞ്ഞ കാര്യം: അത് കശ്മീരത്വം ആകട്ടെ, അത് വൈഷ്ണവജനതോ ആകട്ടെ, അത് ശങ്കർദേവ്ജി ആകട്ടെ, ബസവൻ ആകട്ടെ, നാരായണഗുരു ആകട്ടെ, തിരുവള്ളുവർ ആകട്ടെ, ഫുലെയാകട്ടെ, ഇക്കൂട്ടർ ഈ ചിന്താധാരക്കു മേലാണ് ആക്രമണം അഴിച്ചുവിടുന്നത്. ഇത്തരം വിചാരധാരകളാകട്ടെ ഈ രാഷ്ട്രത്തിന്റെ അടിത്തറയാണ്. ഇവിടെ കൂടിയിരിക്കുന്നവർ, യാത്രയിൽ പങ്കെടുത്തവർ, ഞങ്ങൾ ചെയ്തത് രാഷ്ട്രത്തിന്റെ അടിത്തറയായ ഈ ചിന്താധാരകളെ സംരക്ഷിക്കാനുള്ള ശ്രമമാണ്. ഞാനിത് എനിക്കായല്ല ചെയ്തത്. ഇത്തരമൊരു കാര്യം എനിക്കായി ചെയ്യാൻ എനിക്ക് ഒരിക്കലും കഴിയുകയുമില്ല. എന്റെ കോൺഗ്രസ് സുഹൃത്തുക്കൾക്ക് ഇത് ഒരിക്കലും നന്നായി തോന്നണമെന്നില്ല, എന്നാലും പറയാതെ വയ്യ: ഞാനിത് കോൺഗ്രസിനായുമല്ല ചെയ്തത്. ഞാനീ ദൗത്യം, ഞങ്ങളെല്ലാം ഈ ദൗത്യം ഏറ്റെടുത്ത് നടത്തിയത് ഇന്ത്യയിലെ ജനങ്ങൾക്കായാണ്.
ഈ രാഷ്ട്രത്തിന്റെ അടിത്തറകളെ ഇളക്കാൻ ശ്രമിക്കുന്ന ഏതൊരു ചിന്താധാരയാണോ ഉള്ളത്, അതിനെതിരെ നിലകൊള്ളുക, ഐക്യത്തോടെ നിലകൊള്ളുക – വെറുപ്പോടെയല്ല കാരണം അത് നമ്മുടെ രീതിയല്ല – സ്നേഹത്തോടെ നിലകൊള്ളുക, അതാണ് നമ്മുടെ ദൗത്യം. എനിക്കറിയാം നമ്മൾ സ്നേഹത്തോടെ നിലകൊള്ളുകയാണെങ്കിൽ, സ്നേഹത്തോടെ സംസാരിക്കുകയാണെങ്കിൽ, നമുക്ക് വിജയം കൈവരിക്കാൻ സാധിക്കുക തന്നെ ചെയ്യും.
അവരുടെ ആ വിചാരധാരയെ നാം തോൽപിക്കുക മാത്രമല്ല ചെയ്യുക. നാം അവരുടെ മനസ്സിൽനിന്ന് തന്നെ ഈ വിചാരധാരയെ പിഴുതുകളയും.
നിങ്ങൾ, ഈ രാഷ്ട്രത്തിലെ ജനത ഞങ്ങളുടെ പ്രവൃത്തികളെ സാധൂകരിച്ചു. ബി.ജെ.പി ജീവിതത്തിന്റെ, രാഷ്ട്രതന്ത്രത്തിന്റെ ഒരു രീതി മുന്നോട്ടുെവച്ചു. ഞങ്ങളുടെ ശ്രമം മറ്റൊരു രീതി, ഇന്ത്യയുടെ രീതി, ഈ രാഷ്ട്രത്തിന് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ്. രാഷ്ട്രത്തെ അത് ഓർമപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ശ്രമം. ഈ ഇന്ത്യ സ്നേഹത്തിന്റെ രാഷ്ട്രമാണ് എന്ന്, ആത്മാഭിമാനത്തിന്റെ രാഷ്ട്രമാണ് എന്ന്, സാഹോദര്യത്തിന്റെ രാഷ്ട്രമാണ് എന്ന് ഓർമപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഞാൻ പറഞ്ഞിരുന്നു, ഇത് ചെറിയൊരു കാൽവെപ്പാണ്. വലിയ ശ്രമം ഒന്നുമല്ല. വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ വ്യാപാരശാല തുറക്കുന്നതിനുള്ള എളിയ ശ്രമമാണ് നടത്തിയത്.
നന്ദി.
ജയ് ഹിന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.