എല്ലാ ഹൃദയങ്ങളും അസ്വസ്ഥമാണ്/ പക്ഷേ ആർക്കും പുറത്തുപറയാൻ ധൈര്യം പോരാ/ അവർ സ്വതന്ത്രമായി സംസാരിച്ചാൽ/ സ്വാതന്ത്ര്യത്തിന് അതൊരു ശല്യമായാലോ(ഗുലാം മെഹ്ജൂർ: കശ്മീരി കവി).
നമ്മുടെ പൊതുബോധത്തിന്റെ സ്വതന്ത്ര സെക്യുലർ സങ്കൽപങ്ങളെ പൊളിച്ചടുക്കുന്ന, കൃതിയാണ് ദ കോയ. ഇതിനുമുമ്പ് മലയാള നോവലിൽ ഇത്രമേൽ ആഴത്തിൽ പരമാർഥങ്ങളെയും പരിഹാസങ്ങളെയും സമന്വയിപ്പിച്ച് ഇസ്ലാമോഫോബിക് അവസ്ഥയെ നിവർന്നുനിന്ന് എതിരിടുന്ന ഒരു സാംസ്കാരികപ്രക്ഷോഭം സംഭവിച്ചതായി ഓർക്കുന്നില്ല. തത്ത്വത്തിലും പ്രയോഗത്തിലും മതരഹിത ജീവിതം നയിക്കുന്ന, രാഷ്ട്രീയമായി മാർക്സിസ്റ്റായിരിക്കുന്ന, മുൻ രചനകൾകൊണ്ടുതന്നെ മുൻവിധികളെ മറിച്ചിട്ട, ഗഫൂർ അറയ്ക്കലിന്റെ പുതിയ നോവലായ ദ കോയ പേരിലെന്നപോലെ പ്രമേയത്തിലും പരിചരണത്തിലും ആഖ്യാനത്തിലും, പശ്ചാത്തലക്രമീകരണത്തിലും, സ്ഥലകാല ബഹുജന സ്വീകരണത്തിലും വലിയൊരു മാറ്റമാണ് സാധിച്ചിരിക്കുന്നത്. ലിബറൽ സെക്യുലർ പൊതുബോധത്തെ നിരന്തരം പ്രശ്നവത്കരിച്ചും ചോദ്യംചെയ്തും ലോകത്താകെ വികസിച്ചുവന്ന പ്രാന്തവത്കൃത പ്രതിരോധങ്ങളുടെ തുടർച്ചയിൽ മാത്രം സംഭവിച്ച സൗമ്യമെങ്കിലും സ്ഫോടനാത്മകമായ ഒരു സാംസ്കാരികസംഭവം എന്ന അർഥത്തിലാണ് ദ കോയ വേറിട്ടു നിൽക്കുന്നത്. പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച ഭാവുകത്വ പരിവർത്തനത്തിെന്റയും വൈക്കം മുഹമ്മദ് ബഷീർ മാതൃകയിലുള്ള പൊളിപ്പൻ ഇടപെടലുകളുടെയും, മുമ്പേ സൂചിപ്പിച്ച കീഴാള ആശയ ആവിഷ്കാരങ്ങളുടെയും ഒത്തുചേരലിെന്റ ചാരുതയും ചൂരുമാണ്, കോയ പകരുന്നത്. അതുകൊണ്ടുതന്നെയാണ് ദ കോയ എന്ന അനാർഭാടമായ നോവൽപേര്, ഏറ്റവും ചെറുതായിരിക്കെ, ഏറ്റവും വലുതുമായിരിക്കുന്നത്.
നോവൽ നാമത്തിൽ അമർന്ന് നിൽക്കുന്നത് ചെറുത്തുനിൽപിന്റെ നാനോ പ്രകൃതമാണ്. നോവലിലെ കേന്ദ്ര കഥാപാത്രമായ കോഴിക്കോട് പള്ളിക്കണ്ടിയിലെ തനി നാടനായ, നാട്ടുകാർ പറങ്കിക്കോയയെന്ന് പരിഹസിക്കുന്ന ഒരാൾ സാർവദേശീയ മാനമാർജ്ജിക്കുന്ന പരിവർത്തനത്തിെന്റ ഓരോ പടവിലും, നിറയുന്നത് നാടകീയതയുടെയും, പൊതുബോധ വിചാരണയുടെയും ചിരിയാണ്. ഇത്രമേൽ ആശങ്കാജനകമായൊരു കാലത്തും, ഇങ്ങനെയൊരു ഉൾച്ചിരി വായനയിൽ ഉണ്ടാക്കിത്തീർക്കാൻ നോവലിസ്റ്റിനെ സഹായിച്ചത് അദ്ദേഹം കൂടി ഉൾപ്പെട്ട കേരളീയ സമൂഹത്തിൽ നിരന്തരം നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധമായിരിക്കണം. അനന്തമൂർത്തിയുടെ സർഗാത്മകതയുടെ േസ്രാതസ്സായ കർണാടകയിലെ തീർഥഹള്ളിയിൽ, അനേകം ലോകങ്ങൾ ഇഴുകിച്ചേർന്നതുപോലെ, ഗഫൂർ അറയ്ക്കലിെന്റ കോഴിക്കോട്ടെ പള്ളിക്കണ്ടിയിലും, അനേകം ലോകങ്ങൾ അടങ്ങിയതു കൊണ്ടാവണം ദ കോയ പോലൊരു കൃതിയുണ്ടായത്. മണ്ണിന്റെ മക്കൾ കാഴ്ചപ്പാടിനെ കീഴ്മേൽ മറിക്കുന്ന, തറവാട് കോംപ്ലക്സിന്റെ അടിത്തറ മാന്തുന്ന, അക്കാദമിക് അഹന്തകളെ നിഷ്പ്രഭമാക്കുന്ന, മേൽക്കോയ്മ ദേശീയതയെ മറിച്ചിടുന്ന, സാർവദേശീയമായി വളർന്ന സർഗാത്മക പ്രാദേശികതയുടെ സമരേതിഹാസത്തിെന്റ സ്പർശങ്ങളാണ്, കോയയെ സവിശേഷമാക്കുന്നത്. ഈയൊരു നോവൽ സാധ്യമാക്കിയതിന് ആദ്യം നന്ദി പറയേണ്ടത് ഇന്ത്യൻ പ്രധാനമന്ത്രിയോടാണെന്ന് പകുതി കളിയായി ഒരു ഫോൺസംഭാഷണത്തിനിടയിൽ ഗഫൂർ പറഞ്ഞത് ഓർക്കുന്നു. നോവലിൽ അത്രയധികം കടന്നുവരാത്ത, എന്നാൽ ദ കോയ നോവലിെന്റ ഭൂമിയും ആകാശവും അദൃശ്യഅന്തരീക്ഷവുമായി മാറിയ മുത്തുക്കോയ തങ്ങൾ സാധാരണഗതിയിൽ നമ്പർ വൺ അന്ധവിശ്വാസേസ്രാതസ്സാണ്. അതിനെയാണ്, മതരഹിത ഇടതുപക്ഷ പ്രതിഭയായ ഗഫൂർ അറയ്ക്കൽ, നന്മയുടെ പ്രചോദനകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്! ഉമിക്കരി പഞ്ചസാരയാക്കുന്ന മാന്ത്രികതക്ക് സ്പർശിക്കാനാവാത്ത സർഗാത്മകപരിചരണത്തിെന്റ മികച്ച കഥാപാത്രമാതൃകകളിലൊന്നായി മലയാള സാഹിത്യത്തിൽ മുത്തുക്കോയ തങ്ങൾ വേറിട്ടു നിൽക്കും. പരമ്പരാഗത മതവിശ്വാസത്തിൽനിന്നുതന്നെ പരിമിതികളോടെ കവിതാമതം കണ്ടെടുക്കുന്ന, വളർന്നു കഴിഞ്ഞൊരു മാനവിക കാഴ്ചപ്പാടാണ്, മുത്തുക്കോയ തങ്ങളുടെ നിർമിതിയിൽ നിഴലിക്കുന്നത്. പൊതുബോധത്തോട് ഇവ്വിധം പോടാ ഫാഷിസ്റ്റേ എന്ന് പറയാനുള്ള എഴുത്തുധീരത മലയാളത്തിലും കുറഞ്ഞു വരുകയാണോ എന്ന് ഉത്കണ്ഠപ്പെടേണ്ടൊരു കാലത്ത്, അതിനെതിരെയുള്ള ഒരു മാർക്സിയൻ വെല്ലുവിളി എന്ന അർഥത്തിൽ മുത്തുക്കോയ തങ്ങൾ ശിരസ്സുയർത്തി നിൽക്കും! മത–മതരഹിത സംവാദങ്ങൾക്കും ഇസ്ലാം മതത്തിലെ സുന്നി–മുജാഹിദ് തർക്കങ്ങൾക്കും ഇതൊക്കെ വിഡ്ഢിത്തമല്ലേ എന്ന സെക്യുലർ നിഷ്കളങ്കതക്കുമപ്പുറം കടന്നാലെ പരിമിതികളോടെ കവിതാമതത്തിലേക്ക് കാലെടുത്ത് വെച്ചുകഴിഞ്ഞ മുത്തുക്കോയതങ്ങളിലെ വിഭക്തവ്യക്തിത്വത്തിലേക്ക് എത്തിപ്പെടാനാവൂ. ദ കോയ ആ കടലും കടന്നുകഴിഞ്ഞിരിക്കുന്നു!
സ്വാതന്ത്ര്യത്തിെന്റ ബഹുസ്വരതയാണ് കോയ നോവലിൽ നൃത്തം വെക്കുന്നത്. നവഫാഷിസ്റ്റ് കോർപറേറ്റ് ഇസ്ലാമോഫോബിക് ഇസ്ലാം നിർമിതികളെയാണ് നോവൽ പൊളിച്ചടുക്കുന്നത്. മുസ്ലിമാവുന്നത് അപകടകരമായ കാലം എന്ന് പ്രകാശ് കാരാട്ട്. ഒരു മുസ്ലിം പേരില്ലായിരുന്നെങ്കിൽ ഈ പ്രബന്ധം മറ്റൊരുവിധത്തിൽ ഞാനെഴുതുമായിരുന്നു എന്ന് ഹിന്ദുപത്രത്തിലെ എഡിറ്റ്പേജ് ലേഖനത്തിൽ താബിഷ് കബീർ. ആസാദ് കശ്മീർ എന്നൊരു പേരുണ്ടായിപ്പോയതിെന്റ പേരിൽ നമ്മുടെ കേരളത്തിൽ ഒരു പത്തനംതിട്ടക്കാരന് അടുത്തകാലത്ത് അനുഭവിക്കേണ്ടിവന്ന പ്രയാസത്തെക്കുറിച്ച് സക്കറിയ. സ്വന്തം പേരിന്നൊടുവിലെ ജിന്ന നിമിത്തം പരിഭ്രാന്തനായി, എെന്റ പേര് ഒരു തർക്കപ്രശ്നമാക്കല്ലേ എന്ന് സംഘർഷപ്പെട്ട മുൻ പാർലമെന്റംഗം അമീർഅലി ജിന്ന. എന്തിന് ഈയടുത്ത ദിവസം ചാനൽ ചർച്ചക്കിടയിൽ, ജലീൽ റിയാസ് റഹീം തുടങ്ങിയ ഭീകരവാദികൾ എന്ന വിചിത്ര ഫാഷിസ്റ്റ് അലർച്ചകൾ.
ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സൗഹൃദപൂർവം ആവശ്യപ്പെട്ടവർക്ക് കെ.ടി. ജലീൽ എഴുതിയ കണ്ണ് നനക്കുന്ന കത്തിലെ, തൽക്കാലം നിയമനടപടി വേണ്ടെന്നാണ് എെന്റ വ്യക്തിപരമായ തീരുമാനം എന്ന ആ ഒറ്റവരി പ്രതികരണം മതി ദ കോയ മനസ്സിലാക്കാൻ! ജലീൽ എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിെന്റയും മുന്നിൽ പോകാൻ എെന്റ മനസ്സ് അനുവദിക്കുന്നില്ല. ഇത് ഇന്നത്തെ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ഉത്കണ്ഠയാണ് എന്ന തുടർവാക്യം ഉണ്ടാക്കുന്ന അസ്വസ്ഥതകളുടെ ആഴം കണക്കാക്കുക പ്രയാസമാണ്.
ദ കോയ ഇത്തരം ഉത്കണ്ഠകളുടെ ആഴങ്ങളിൽനിന്ന്, കടമ്മന്റെ പാതാളപ്പടവുകൾ കയറിവന്ന കുറത്തിയെപ്പോലെ ഉയർന്നുവന്ന് ചോദ്യം ചെയ്യുന്നത്, ഒരു മതസമൂഹത്തെയാകമാനം ഒരടിസ്ഥാനവുമില്ലാതെ കുറ്റവിചാരണ ചെയ്യുന്ന കരനാഥന്മാരെയാണ്. ഗുജറാത്ത് വംശഹത്യക്കാലത്ത്, ഭൗതികശാസ്ത്രജ്ഞനായ ഡോക്ടർ ബന്ദൂക്വാലക്കൊപ്പം നിന്ന് ഫാഷിസ്റ്റ് ആക്രമണങ്ങളെ ചെറുത്ത ചില സുഹൃത്തുക്കൾ, മുസ്ലിമാണെങ്കിലും നിങ്ങളൊരു നല്ല മനുഷ്യനാണെന്ന് പറഞ്ഞതാണ് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചതെന്ന് ഡോക്ടർ ബന്ദൂക്വാലതന്നെ എഴുതിയത് ഓർക്കുന്നു. മുസ്ലിമായിക്കൊണ്ടുതന്നെ എനിക്കെന്തുകൊണ്ടൊരു നല്ല മനുഷ്യനായിക്കൂടാ എന്ന ബന്ദൂക്വാലപോലുള്ള എത്രയെത്രയോ മനുഷ്യരുടെ തീ പറക്കുന്ന ചോദ്യമാണ്, ദ കോയയിൽ പൊതുബോധനിർമിതികൾക്കെതിരെ അരികുണ്ഠമൊരുക്കുന്നത്!
ജൂതർക്കെതിരെയുള്ള ഫാഷിസ്റ്റ് കുറ്റാരോപണങ്ങൾ പരിധിവിട്ടപ്പോഴാണ്, അങ്ങനെയാണെങ്കിൽ ഞാനുമൊരു ജൂതനാണെന്ന് എന്നോ മതംവിട്ട ഴാങ് പോൾ സാർത്ര് പൊട്ടിത്തെറിച്ചത്. ഇത്തരമൊരവസ്ഥയിലാണ് സ്വന്തം ചരിത്രപ്രഫസറെ കഴുത്ത് ഞെക്കി കൊല്ലുന്നതായി ആൽബർട്ട് ഐൻൈസ്റ്റൻ സ്വപ്നം കണ്ടത്. ഒരു യഹൂദശരീരത്തിൽ എവിടെ സ്പർശിച്ചാലും നിങ്ങൾക്കൊരു മുറിവു കണ്ടെത്താനാവും കസാൻസാക്കിസ്. അതുപണ്ട്. ഇപ്പോ മുസ്ലിമിെന്റ മേത്താണ് ആ മുറിവ് എന്ന് ദ കോയ നോവൽ. കാര്യങ്ങൾ ഇത്രത്തോളമെത്തിയിട്ടും സത്യത്തിലേക്ക് കണ്ണു തുറക്കാതെ അതും ഇതും പറഞ്ഞ് കാലം കഴിക്കുന്നവരുടെ കാലിന്നടിയിൽ കത്തിപ്പടരാൻ തുടങ്ങിയ തീയെക്കുറിച്ചുള്ള ഒരോർമക്കുറിപ്പാണ് ദ കോയ. ചരിത്ര പുസ്തകങ്ങളിൽനിന്ന്/ നിനക്ക് രഥം മതി/ എനിക്ക് വില്ലുവണ്ടിയും/ അടുത്തടുത്ത താളുകളിൽ മുഖാമുഖം നിൽപുണ്ടവ( സി. എസ്. രാജേഷ്). രാവണായനംകൊണ്ട് താൻ സാധിക്കുന്നകാര്യം ആശാൻ രാമായണമെഴുതിത്തന്നെ സാധിക്കുമായിരുന്നു എന്ന് പതിറ്റാണ്ടുകൾമുമ്പ് മലയാളത്തിെന്റ മഹാപ്രതിഭ കേസരി! എന്നാൽ ഗഫൂർ അറയ്ക്കൽ എന്ന മലയാളത്തിലെ പൊളിപ്പൻ പ്രതിഭ രാമായണം എഴുതാതെ കീഴാളപ്രതിഭ പള്ളത്ത് രാമനെപ്പോലെ രാവണായനമെഴുതിത്തന്നെ ദ കോയയിലൂടെ അക്കാര്യം ഗംഭീരമായി നിർവഹിച്ചിരിക്കുന്നു. കൊളോണിയലിസം ഇരുട്ടത്തിട്ട ഭൂതകാല സമരപാരമ്പര്യങ്ങളെയാണ്, സ്വന്തം കൺമുന്നിൽ വെച്ച് ഇന്ത്യയിലിപ്പോൾ മായ്ച്ച് കളയപ്പെടുന്ന ചരിത്രസത്യങ്ങളെയാണ് ദ കോയ കണ്ടെടുക്കുന്നത്. കാണുന്നില്ലൊരക്ഷരവും/ എെന്റ വംശത്തെപ്പറ്റി/ കാണുന്നുണ്ടനേകവംശത്തിൻ ചരിത്രങ്ങൾ എന്ന് അപ്പനില്ലാത്തവരുടെ അപ്പനായി മാറിയ പൊയ്കയിൽ അപ്പച്ചനെന്ന കുമാരഗുരുദേവൻ പറഞ്ഞതാണ്, വെറൊരർഥത്തിൽ, കോയയിൽ ഇടിമുഴക്കമായ് അലറുന്നത്!
മുമ്പ് സർവമത സമ്മേളനത്തിൽ സഹോദര സഹോദരന്മാരെ എന്നൊരൊറ്റ സംബോധനയിലൂടെ അമേരിക്കയിലെ ഷികാഗോയിൽ വിവേകാനന്ദ സ്വാമികൾ അത്ഭുതം സൃഷ്ടിച്ചെങ്കിൽ, പോർച്ചുഗലിലെ ലിസ്ബണിലെ ചരിത്രസമ്മേളനത്തിൽ, അക്കാദമിക് അർഥത്തിൽ ചരിത്രകാരനല്ലാത്ത പറങ്കിക്കോയ, ഇെന്റ ഖൽബിെന്റ ഖൽബായ കൂടപ്പിറപ്പുകളേ, ഇങ്ങക്കെല്ലാർക്കും ഒരു പാവം കോയിക്കോട്ടാരന്റെ സലാം എന്ന ഉജ്വലമായ തുടക്കത്തോടെ ആ ചരിത്രം തിരുത്തി! ദേശേദ്രാഹിയായ ആ കോയ ജയ്ശ്രീറാം വിളിക്കാതെ, ഒരു വിദേശരാഷ്ട്രത്തിൽ പോയി, സലാം പറഞ്ഞതത്ര ഉചിതമായില്ലെന്ന് കരുതുന്നവർക്ക് മുന്നിലാണ് ദ കോയ നോവൽ വിലങ്ങടിച്ചു നിൽക്കുന്നത്. ഹൊവാഡ് സെന്നിെന്റ ആത്മകഥയുടെ പേര്, ‘You can't be neutral on a moving train’ എന്നാണ് എന്നും, നിഷ്പക്ഷത പറക്കാനറയ്ക്കുന്നൊരു പക്ഷിയാണെങ്കിൽ ഞാനതിനെ തീറ്റിപ്പോറ്റിയിട്ടില്ല എന്ന് സച്ചിദാനന്ദൻ മാഷെഴുതിയതും കോയ വായിക്കുന്നവരെപ്പോഴുമോർക്കണം.
മലയാളഭാഷ സത്യത്തിൽ ദ കോയ പോലൊരു നോവലിനെ കാത്തിരിക്കുന്ന നേരത്താണ്, വ്യാജ നിഷ്പക്ഷതകളുടെയും, ബോറടിപ്പിക്കുന്ന സമവാക്യമൊപ്പിക്കൽ മാഞ്ഞാല വർത്തമാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്, കോഴിക്കോട്ടെ പള്ളിക്കണ്ടിയിൽനിന്ന് കുഞ്ഞാലിമരക്കാരുടെ പിൻമുറക്കാരനായി, വാളില്ലാത്ത ഒരു പറങ്കിക്കോയ അവതരിച്ചിരിക്കുന്നത് എന്നുള്ളത് പലരിലും ഏറെ അസ്വസ്ഥത പടർത്തും. സവർണസ്വത്വത്തിന്നകത്ത് സ്വയം സുരക്ഷിതരായിരുന്ന്, സ്വത്വമെന്നാൽ അവർണസ്വത്വമാണെന്നും/ തങ്ങളുടേത് ദേശീയതയാണെന്നും നടിച്ച്, ജീവിക്കുന്നവരെയാവും, ഗഫൂർ കാ കോയ കൂടുതൽ വട്ടം കറക്കുന്നത്. ഖുർ ആനും ഹദീസും നിറഞ്ഞുനിൽക്കുന്ന, ഉത്കൃഷ്ടർക്കും കുലീനർക്കും നാവുളുക്കുന്ന, അധിനിവേശ മിഥ്യകൾ തകർക്കുന്ന പരിചരണരീതിയും ബിംബകൽപനകളുമാണ് നോവലിന് കരുത്ത് പകരുന്നത്. ഇസ്ലാമോഫോബിക് അധിനിവേശ അവസ്ഥകളിൽനിന്ന്, യഥാർഥ മതസൗഹാർദ ബഹുസ്വര ജീവിതത്തിലേക്ക് മലയാളി സമൂഹത്തിന് പ്രവേശിക്കാനാവണമെങ്കിൽ നിലവിൽ പൊതുവിൽ ദൃഢപ്പെട്ട ബന്ധമാതൃകകൾ പൊളിക്കപ്പെടണം. പുതിയ കർതൃത്വരൂപങ്ങൾ രൂപപ്പെടണം. ദ കോയ ആ അർഥത്തിൽ പഴയ ബന്ധക്രമങ്ങൾക്കകത്ത് പുതിയ മാതൃകകൾ സൃഷ്ടിക്കാനുള്ള ശ്രദ്ധേയമായൊരു സാംസ്കാരിക ശ്രമമാണ് നിർവഹിക്കുന്നത്.
ഞാനും നാരായണൻകുട്ടിയും ഒരുദിവസം പെട്ടെന്ന് രണ്ട് രാഷ്ട്രങ്ങളായി, ഞങ്ങൾ രണ്ട് വീട്ടുകാർ പോലുമായിരുന്നില്ലെന്ന് ഓർമിക്കണം എന്ന് പ്രശസ്ത കവി റഫീഖ് അഹമ്മദ് രണ്ട് രാഷ്ട്രങ്ങൾ എന്ന കവിതയിൽ! ആ കവിതയിൽ, കവിതക്ക് സഹജമായ സവിശേഷതകളാൽ പേരില്ലാതെ പോയ ആ ഞാനാണ്, അതുപോലെ പലകാരണങ്ങളാൽ ഒരു പേരിെന്റ മാത്രം പേരിൽ പ്രത്യേകം ചോദ്യവിധേയമാവുന്ന മുസ്ലിം സ്വത്വത്തിെന്റ സങ്കീർണ മാനങ്ങളാണ്, ദ കോയയിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നത്. ഒരു പീഡിതസ്വത്വത്തിെന്റ പ്രതിരോധം,അല്ലെങ്കിൽ ഒരു സുയിപ്പൻ സർഗപ്രതിഭ സൃഷ്ടിക്കുന്ന ചുഴികൾ എന്ന് കോയ നോവലിനെ നീട്ടിയെഴുതാനാവും. ജനാധിപത്യ കമ്മി നിലനിൽക്കുന്ന സമൂഹങ്ങളിൽ അധികാരസ്ഥാനത്തുള്ള സ്വത്വങ്ങൾ സാധ്യതയും, അല്ലാത്തവ ബാധ്യതയുമാകും! സ്വന്തം മതസ്വത്വം അവികസിതമാണെന്ന തിരിച്ചറിവിന്റെ ഭാഗമായി ഒരാൾ ഉപേക്ഷിക്കുന്നതും, ബാഹ്യസമ്മർദത്തിന് വഴങ്ങി സ്വന്തം സ്വത്വം ഒളിച്ചുവെക്കാൻ നിർബന്ധിതമാവുന്നതും രണ്ടാണ്. ഗഫൂർ അറയ്ക്കലിെന്റ അരപ്പിരിലൂസായ കാറ്റാടിയന്ത്രം എന്ന നോവൽ വായനക്ക് ഡോ. വി.സി. ഹാരിസ് നൽകിയത്, ഉലക്കകൊണ്ട് കോണകമുടുക്കുന്ന നോവൽ എന്നാണ്. ആ ചുവട് പിന്തുടർന്നാൽ കോയ നോവലിനെ അതേ ഉലക്കകൊണ്ട് പൊതുബോധത്തിെന്റ തലമണ്ട പൊളിക്കുന്ന നോവൽ എന്നും വിളിക്കാവുന്നതാണ്. വർത്തമാനകാല ഇന്ത്യനവസ്ഥയെ അവ നിർമിക്കുന്ന നാനാതരം മാതൃക നിർമിതിയാണ്, അറയ്ക്കൽ ഗഫൂറിെന്റ കോയ നമ്മുടെ വായനയിൽ ആവശ്യപ്പെടുന്നത്. നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം. എന്തെന്നാൽ ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു.(യോഹന്നാെന്റ സുവിശേഷം) ദ കോയ!
കവി, ചെറുകഥാകൃത്ത് ,തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധ അർഹിക്കുന്ന ഗഫൂർ അറയ്ക്കലിെന്റ ദ കോയ എന്ന നോവൽ, മലയാളനോവൽ സാഹിത്യചരിത്രത്തിലെ ഒരു പുതിയ രാഷ്ട്രീയ ചുവടുവെപ്പാണ്. പലതരം വൈരുധ്യങ്ങളിലേക്ക് വേരിറക്കിയും പരിഹാസങ്ങളിൽ പൂത്തും, അപനിർമിതിയിൽ ആഴ്ന്നും ചരിത്രത്തെ ഇളക്കി പ്രതിഷ്ഠിക്കുന്ന, ഭാരിച്ചൊരു പ്രതിരോധപ്രവർത്തനമാണ് ദ കോയ നോവലിൽ ക്ലേശരഹിതമായി ഗഫൂർ അറയ്ക്കൽ നിർവഹിച്ചിരിക്കുന്നത്. പഴയ ചരിത്രത്തിെന്റ വെറും പുനരവതരണമല്ല, ശരിക്കുള്ള ചരിത്രം തമസ്ക്കരിക്കപ്പെടുന്ന നവഫാഷിസ്റ്റ് പശ്ചാത്തലങ്ങൾക്കെതിരെയുള്ള വിചാരണയാണ് നോവൽ വികസിപ്പിക്കുന്നത്.
ഞങ്ങളുടെയൊക്കെ വിദ്യാർഥിയായിരുന്ന ഗഫൂറിനെ കോളജ്കാലം മുതൽ ചെറിയതോതിലും, അതിനുശേഷം കൂടിയതോതിലും അറിയാൻ കഴിഞ്ഞതിലുള്ള ആഹ്ലാദം, ഈ കുറിപ്പെഴുതുമ്പോൾ അനുഭവപ്പെടുന്നുണ്ട്. സ്മരണയും സത്യവും സ്വപ്നവും കൂടിച്ചേരുമ്പോഴുണ്ടാകുന്ന കോരിത്തരിപ്പിനുമപ്പുറം മനുഷ്യബന്ധങ്ങളിൽ മറ്റെന്താണുള്ളത്. കോളജിന്റെ കൂട് പൊളിച്ച് കേരളമാകെ അറിയപ്പെടുന്ന ഒരു സർഗപ്രതിഭയായി ഇന്ന് ഗഫൂർ അറയ്ക്കൽ വളർന്നുകൊണ്ടിരിക്കുന്നു. 2020ലാണ് ഹോർത്തൂസുകളുടെ ചോമി എന്ന നോവൽ വായിക്കാൻ തന്നത്. അതിലെ ചില ഭാഗങ്ങൾ വായനയിൽ അത്ര പഥ്യമായി തോന്നിയില്ല. അക്കാര്യം അറിയിച്ചപ്പോൾ അതിെന്റകൂടി പശ്ചാത്തലത്തിൽ, ആ കൃതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് പുറത്തിറക്കിയതെന്ന് പിന്നീടറിയാൻ കഴിഞ്ഞു. ആ നോവൽ ഡോ. ജയശ്രീ കളത്തിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു കഴിഞ്ഞു. ഡോ. സുനിൽ പി. ഇളയിടത്തിെന്റ ആമുഖത്തോടെ പ്രസിദ്ധീകരിച്ച രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി മലയാളത്തിലെ മികച്ച ആക്ഷേപഹാസ്യ രാഷ്ട്രീയ നോവലാണ്. നക്ഷത്രജന്മം മത്സ്യഗന്ധികളുടെ നാട് എന്നിവ ബാലസാഹിത്യ കൃതികൾ.
തുടക്കം മുതൽതന്നെ ഗഫൂറിൽ ഒരു സുയിപ്പനുണ്ട്. ചതുരങ്ങൾ വിലങ്ങിയവൻ, മറുകരകൾ തേടുന്നവൻ, സ്വസ്ഥിതൻ മറുപുറം തപ്പും മർത്യൻ എന്നിങ്ങനെ എത്ര പേരിട്ടും വിളിക്കാവുന്ന ഒരു ഡിമോളിഷൻ എസ്ക്പർട്ട്. സാമാന്യബോധത്തിെന്റ മലവെള്ളപ്പാച്ചിലിൽ ഒതളങ്ങപോലെ ഒലിച്ചുപോവാത്ത ഈയൊരു ഗഫൂർ പ്രകൃതമാണ്, ഇപ്പോൾ ദ കോയയിൽ ഇങ്ക്വിലാബ് വിളിക്കുന്നത്! ദ കോയ സിന്ദാബാദ്
മതവിശ്വാസിയായ, ഒരുപാട് പരിമിതികളുള്ള കോയാക്കയെ ഒരു വായനക്കാരൻ സ്നേഹിച്ചാൽ ഇസ്ലാം മതത്തോടും ആ സ്നേഹം തോന്നും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ കോയ ഒരു ലിറ്റ്മസ് പേപ്പറാണ്. ഇത് വായിച്ചിട്ടും അയാൾ മുസ്ലിം സമം ഭീകരവാദി എന്ന് പറയുകയാണെങ്കിൽ ഞാൻ അയാളെ ഭയപ്പെടും. ഉറപ്പ്. അതിനുള്ള താക്കത്ത് എനിക്കുണ്ടോ എന്നുള്ളത് മറ്റൊരു കാര്യം
ഇത്രയും പ്രിയ ഗഫൂർ അറയ്ക്കൽ എനിക്കെഴുതി അയച്ച ഒരു കുറിപ്പിൽ ഉള്ളതാണ്. പൊതുബോധത്തിെന്റ ആേക്രാശങ്ങളെ വ്യക്തിപരമായി പ്രതിരോധിക്കാൻ ആർക്കൊക്കെ എത്രത്തോളം കഴിയും, കഴിയുകയില്ല എന്നുള്ളതിനപ്പുറം, ഉറപ്പിച്ച് പറയാവുന്നൊരു കാര്യം, ഗഫൂർ അറയ്ക്കലിെന്റ ദ കോയക്ക് അതിന് കഴിയും എന്നുള്ളതാണ്. മലയാള സാഹിത്യത്തിലെ തുടർന്നുവരുന്ന എഴുത്തുകളിൽ, പല നിലകളിൽ കടന്നുവരാനുള്ള താക്കത്ത് ദ കോയക്ക് ഉണ്ടാവും.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.