ജനമനസ്സിനെ എത്ര ലളിതമായാണ് സി.പി.എം കണക്കുകൂട്ടി വരുതിയിലാക്കിയത് എന്ന് വ്യക്തമാക്കുന്നതാണ് തൃക്കാക്കര ഫലം. അതിലളിതമായിരുന്നു ഇത്തവണ ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. അതു പാളിയതോടെ മണ്ഡല ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിധമുള്ള നാണക്കേടിലേക്ക് ഇടതുമുന്നണി കൂപ്പുകൂത്തുകയുംചെയ്തു.
സി.പി.എം നേതാക്കൾ വളരെ ലളിതമായി വിജയം കണക്കുകൂട്ടിയെടുത്തത് ഇങ്ങനെ: മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1.96 ലക്ഷം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത് 70 ശതമാനംപേർ. ഒരുവർഷത്തിനിപ്പുറം അത് അതേപടി ആവർത്തിച്ചാൽ ഇക്കുറി 1,40,000 പേർ പോളിങ് ബൂത്തിലെത്തും. അതിൽ, 25,000 വോട്ട് ബി.ജെ.പിയും സ്വതന്ത്രന്മാരും ചേർന്നു പിടിക്കും. ശേഷിക്കുന്ന 1,15,000 വോട്ടിൽ 60,000 വോട്ട് നേടാനായാൽ ഇടതു സ്ഥാനാർഥി 5000 വോട്ടിന് ജയിക്കും.
മണ്ഡലം രൂപവത്കരിച്ചതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായ 2011ൽ ഇടതു സ്ഥാനാർഥി ഇ.എം. ഹസൈനാർ നേടിയത് 43,448 വോട്ട്. 2016ൽ ഡോ. സെബാസ്റ്റ്യൻ പോൾ നേടിയത് 49,455 വോട്ട്. സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിച്ച 2021ൽ ഇടത് സ്വതന്ത്രൻ േഡാ. ജെ. ജേക്കബ് നേടിയത് 44,894 വോട്ട്. അതായത് ഇതുവരെയുള്ള ഒരു തെരഞ്ഞെടുപ്പിലും ഇടതു സ്ഥാനാർഥി 50,000 വോട്ട് എന്ന കടമ്പ കടന്നിട്ടില്ല. ആ കുറവ് പരിഹരിച്ചാൽ പുഷ്പംപോലെ വിജയിക്കാം. അതിനു കണ്ട ഏറ്റവും എളുപ്പവഴിയായിരുന്നു പരമാവധി ക്രൈസ്തവ വോട്ടുകൾ നേടുക എന്നത്. തൃക്കാക്കരയിലെ വോട്ടർമാരിൽ 42 ശതമാനവും ക്രൈസ്തവരാണ് എന്നത് കാര്യങ്ങൾ എളുപ്പമാക്കുമെന്നും കണക്കുകൂട്ടി.
ചുവരെഴുത്ത് തുടങ്ങിയ അഡ്വ. കെ.എസ്. അരുൺകുമാറിനെ നാടകീയമായി പിൻവലിച്ചതും, സീറോ മലബാർ സഭക്കുകൂടി താൽപര്യമുള്ള േഡാ. ജോ ജോസഫിനെ അപ്രതീക്ഷിത സ്ഥാനാർഥിയാക്കിയതും, ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജൻ എറണാകുളത്തെ പാർട്ടി ആസ്ഥാനമായ ലെനിൻ സെന്ററിൽവെച്ച് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയശേഷം, പതിവില്ലാത്തവിധം സഭയുടെ ഉടമസ്ഥതയിലുള്ള ലിസി ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽെവച്ച് ക്രൈസ്തവ പുരോഹിതന്റെ സാന്നിധ്യത്തിൽ മന്ത്രി പി. രാജീവും സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനനും എം. സ്വരാജും ചേർന്ന് സ്ഥാനാർഥിയെ 'പുറത്തിറക്കൽ' ആഘോഷമാക്കിയതുമൊക്കെ ഈ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുതന്നെയായിരുന്നു.
മണ്ഡലത്തിലെ 42 ശതമാനം വരുന്ന ഹിന്ദുവോട്ടർമാരിൽ നല്ലൊരു ശതമാനംവരുന്ന ഈഴവരിൽ ഭൂരിപക്ഷവും സ്ഥിരമായി ഇടതുപക്ഷത്തെയാണ് തുണക്കുന്നത്. 23,000 വരുന്ന മുസ്ലിംവോട്ടുകളിൽ ഒരുവിഭാഗം എന്തു സംഭവിച്ചാലും പാർട്ടിയോടൊപ്പംതന്നെ എന്ന നിലപാടുള്ളവരുമാണ്. 2016ൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഡോ. സെബാസ്റ്റ്യൻ പോൾ നേടിയ 49,455 വോട്ടാണ് ഇതുവരെ ഇടതുപക്ഷം നേടിയ ഏറ്റവും ഉയർന്ന വോട്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കാമ്പയിൻ കൂടിയാകുേമ്പാൾ അത് 60,000 ആക്കുക വളരെ എളുപ്പമെന്നും കണക്കു കൂട്ടി. അതോടെയാണ്, ഉമ തോമസ് കഴിഞ്ഞതവണ പി.ടി. തോമസ് പിടിച്ച 58,000 വോട്ട് പിടിച്ചാലും, 5000ത്തിൽതാഴെ വോട്ടിനെങ്കിലും ജോ ജോസഫ് വിജയിക്കുമെന്ന് ഇടതു നേതാക്കൾ ഉറച്ചുവിശ്വസിച്ചത്.
2021ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്വന്റി20 സ്ഥാനാർഥി ടെറി തോമസ് 13,773 വോട്ട് നേടിയിരുന്നു. അവർ ആർക്കും പിന്തുണ കൊടുക്കാതിരിക്കുകയും മനഃസാക്ഷി വോട്ടിന് തീരുമാനിക്കുകയും ചെയ്തപ്പോൾ ഇടത് ക്യാമ്പിൽ ആത്മവിശ്വാസം വീണ്ടും വർധിച്ചു. അരാഷ്ട്രീയ, പ്രഫഷനൽ വോട്ടുകളാണ് അന്ന് അവർക്ക് ലഭിച്ചിരുന്നതെന്നും അതിൽ പകുതിയെങ്കിലും ഇക്കുറി, പ്രഫഷനൽകൂടിയായ ജോ ജോസഫിന് ലഭിക്കുമെന്നും അതിനാൽ, വിജയം 'ജോറാകുമെന്നും' ഇടത് ക്യാമ്പ് കണക്കുകൂട്ടി. അങ്ങനെയാണ് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ ഇടത് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 11,000വരെ ഉയർന്നേക്കാമെന്ന് ഇടതു നേതാക്കൾ ആത്മാർഥമായി വിശ്വസിച്ചത്.
കലാശക്കൊട്ട് ദിവസം മണ്ഡലത്തിൽ പി.സി. ജോർജിന്റെ തേരോട്ടംകൂടിയായപ്പോൾ ഇടത് പ്രതീക്ഷ വാേനാളമുയർന്നു. പരമ്പരാഗതമായി യു.ഡി.എഫിന് ലഭിക്കുന്ന ക്രിസ്ത്യൻ വോട്ടുകളിൽ ഒരുപങ്ക് ബി.ജെ.പിക്കു പോയാൽ ഇടതു സ്ഥാനാർഥിയുടെ ഭൂരിപക്ഷം വീണ്ടും ഉയരുമെന്ന വിലയിരുത്തലായിരുന്നു കാരണം. ബ്രാഞ്ച്, എൽ.സി തലങ്ങളിൽനിന്ന് മേൽക്കമ്മിറ്റികളിലേക്കു പോയ കണക്കുകളും ഇതിനെ സാധൂകരിക്കുന്നതായിരുന്നു. ഈ കണക്കുകളെ അമിതമായി വിശ്വസിച്ചതിനാലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്ക് മിണ്ടാട്ടം മുട്ടിയത്.
വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിൽനിന്ന് ഇറങ്ങിവരുന്ന വോട്ടറുടെ മുഖഭാവംനോക്കി ആർക്കാണ് വോട്ട് വീണത് എന്ന് കൃത്യമായി പ്രവചിച്ചിരുന്ന പ്രാദേശിക നേതാക്കളുണ്ടായിരുന്ന ഒരു കാലം സി.പി.എമ്മിനുണ്ടായിട്ടുണ്ട്. അന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റികൾ മേൽക്കമ്മിറ്റികളിലേക്ക് നൽകിയിരുന്ന കണക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കിനെ വെല്ലാൻമാത്രം ആധികാരികതയുള്ളതുമായിരുന്നു. ജനങ്ങളുമായുള്ള ആത്മബന്ധം ഇല്ലാതായതോടെ പ്രാദേശിക നേതാക്കൾക്ക് ആ കഴിവും നഷ്ടമായി. അതുകൊണ്ടുതന്നെ, വോട്ടെടുപ്പ് ദിവസത്തെ പാർട്ടി കണക്കുകളുടെ വിശ്വാസ്യതയും ഇല്ലാതായി. കഴിഞ്ഞ വർഷം മറ്റൊരു ഡോക്ടറായ ജെ. ജേക്കബ് നേടിയതിനേക്കാൾ 2860 വോട്ട് അധികം നേടാൻ ഡോ. ജോ ജോസഫിനായി എന്നതു മാത്രമാണ് അണികൾക്ക് മുന്നിൽ ന്യായീകരിച്ച് നിൽക്കാനുള്ള ഏക കച്ചിത്തുരുമ്പ്. 'കണക്കു കൂട്ടി തോറ്റ തെരഞ്ഞെടുപ്പ്'; തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ പരാജയത്തെ ഒറ്റ വരിയിൽ വിശേഷിപ്പിക്കാവുന്നത് ഇങ്ങനെ.
മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സി.പി.എം പരമാവധി ക്രൈസ്തവ വോട്ടുകൾ വലയിലാക്കാനുള്ള തന്ത്രങ്ങളാവിഷ്കരിച്ചപ്പോൾ ഒരു സമുദായത്തെയും പിണക്കാതിരിക്കാനുള്ള വെപ്രാളത്തിലായിരുന്നു യു.ഡി.എഫ് നേതാക്കൾ. തൃക്കാക്കരയിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള ചങ്ങനാശ്ശേരി പെരുന്നയിലേക്കും 172 കിലോമീറ്റർ അകലെയുള്ള വർക്കല ശിവഗിരി മഠത്തിലേക്കുമൊക്കെ സ്ഥാനാർഥി ഉമാ തോമസുമായി യു.ഡി.എഫ് നേതാക്കൾ 'തീർഥയാത്ര' നടത്തിയത് ഏതെങ്കിലും വോട്ടർമാരെ കാണാനല്ല. ശിവഗിരിയിലെയും പെരുന്നയിലെയും ആർക്കും തൃക്കാക്കരയിൽ വോട്ടുമില്ല. പകരം, മണ്ഡലത്തിൽ സ്വാധീനമുള്ള നായർ, ഈഴവ വോട്ട് ഉറപ്പിക്കുന്നതിനായിരുന്നു. വെള്ളാപ്പള്ളി നടേശൻ ദർശനാനുമതി നൽകാത്തതിനാലാണ് തീർഥയാത്ര ചേർത്തല വഴിയാക്കാതെ നേരിട്ട് വർക്കല ശിവഗിരിയിലേക്കാക്കിയത് എന്നത് യു.ഡി.എഫ് നേതാക്കൾതന്നെ സ്വകാര്യമായി സമ്മതിക്കുന്നുമുണ്ട്.
മുസ്ലിം, ക്രിസ്ത്യൻ വോട്ടുറപ്പിക്കുന്ന കാര്യത്തിലും അമാന്തമുണ്ടായില്ല. മണ്ഡലത്തിൽ തന്നെയുള്ള കെ.സി.ബി.സി ആസ്ഥാനത്തെത്തി കർദിനാൾ ആലഞ്ചേരിയെ കണ്ട് പിന്തുണ ഉറപ്പിക്കാനും ഘടകകക്ഷി നേതാവു കൂടിയായ സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ച് ആശീർവാദം തേടാനുമൊക്കെ നേതാക്കൾ മുൻകൈയെടുത്തത് സമുദായ േവാട്ടുകളിൽ ഒന്നുപോലും പാഴാകരുതെന്ന് എന്ന 'സദുദ്ദേശ്യത്തോടെ' തന്നെ.
കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ യു.ഡി.എഫിന്റെ വോട്ടുവിഹിതം കുറഞ്ഞുവരുകയായിരുന്നു എന്നത് മുന്നണി നേതാക്കളെ തെല്ലൊന്നുമല്ല അങ്കലാപ്പിലാക്കിയത്. 2011ൽ ബെന്നി ബഹ്നാൻ 65,854 വോട്ട് നേടിയെങ്കിൽ, 2016ൽ പി.ടി. തോമസ് മത്സരിച്ചപ്പോൾ അത് 61,268 ആയും 2021ൽ പി.ടി വീണ്ടും മത്സരിച്ചപ്പോൾ 58,707 ആയും കുറഞ്ഞിരുന്നു. നഗരമണ്ഡലമായതിനാൽ സഹതാപ തരംഗം കാര്യമായി ഏശുകയില്ല എന്ന മുതിർന്ന നേതാക്കളുടെ മുന്നറിയിപ്പ് കൂടിയായപ്പോൾ യു.ഡി.എഫ് ക്യാമ്പ് ശരിക്ക് അങ്കലാപ്പിലുമായി. മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നയിക്കുകകൂടി ചെയ്തതോടെ ആശങ്ക യു.ഡി.എഫ് ക്യാമ്പിന്റെ മുഖമുദ്രയുമായി. വോട്ടെടുപ്പ് ദിവസം വൈകീട്ടുപോലും പല നേതാക്കളുടെയും മുഖത്ത് ആത്മവിശ്വാസം തെളിഞ്ഞില്ല. ''അയ്യായിരം വോട്ടിനെങ്കിലും ജയിച്ചാലായി'' എന്ന് പ്രചാരണം നയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷൻ തുറന്നുപറഞ്ഞതും ഈ ആത്മവിശ്വാസക്കുറവു കാരണം. അതിന്റെ പേരിൽ ഇപ്പോൾ ഡൊമിനിക് കുരിശ് ചുമക്കുന്നു എന്നത് മറ്റൊരു കാര്യം.
ജനമനസ്സ് അളക്കുന്നതിൽ യു.ഡി.എഫ് നേതൃത്വവും പരാജയപ്പെട്ടുവെന്ന് ചുരുക്കം. കെ-റെയിൽ മുതൽ സമുദായ പ്രീണനംവരെയുള്ള കാര്യങ്ങളിൽ ഇടതു സർക്കാർ കൈക്കൊള്ളുന്ന നടപടികളിൽ കേരളജനത എത്രമാത്രം അസംതൃപ്തരാണ് എന്ന് മനസ്സിലാക്കുന്നതിൽ അവർ യഥാർഥത്തിൽ പരാജയപ്പെടുകയായിരുന്നു. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ വഴിതിരിച്ചുവിടാനുള്ള ഇടത് തന്ത്രങ്ങളുെട പിന്നാലെ പോകുന്ന യു.ഡി.എഫ് നേതാക്കളെയാണ് പ്രചാരണ നാളുകളിൽ കണ്ടത്. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ ഇറങ്ങിയ അശ്ലീല വിഡിയോ ക്ലിപ്പിങ്ങും വോട്ടെടുപ്പ് ദിവസം അതിലെ മുഖ്യപ്രതിയെ 'അറസ്റ്റ് ചെയ്തതും', 'പിടിയിലായത് ലീഗുകാരൻ' എന്ന് പൊലീസിന്റെ സ്വമേധയാ വെളിപ്പെടുത്തലും കൂടിയായപ്പോൾ യു.ഡി.എഫ് ക്യാമ്പ് പരാജയം ഉറപ്പിച്ചു. ഇതൊക്കെയാണ് ജനവിധിയെ സ്വാധീനിക്കുക എന്ന അതിലളിത യുക്തിയിൽ അവരും വീണു എന്നതാണ് യാഥാർഥ്യം.
ജനമനസ്സ് വായിക്കുന്ന കാര്യത്തിൽ ഇനിയും ഏറെ മുന്നേറാനുണ്ട് എന്ന് യു.ഡി.എഫ് മനസ്സിലാക്കുകയും സമുദായ നേതാക്കളല്ല വോട്ട് നിർണായക ശക്തികളെന്ന് തിരിച്ചറിയുകയും ചെയ്താൽ കേരളത്തിൽ യു.ഡി.എഫിന് പ്രസക്തി വർധിക്കും. അതല്ല, വിജയത്തിന്റെ പിതാവാര്? ലീഡറാര്?, ക്യാപ്റ്റനാര്? എന്നൊക്കെ പരസ്പരം ഉണ്ടയില്ലാവെടിയുമായി കഴിയുകയാെണങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നേടിയെടുത്തിരിക്കുന്ന 'സ്ഥാനം' ആണ് കേരളത്തിൽ യു.ഡി.എഫിനെയും കാത്തിരിക്കുന്നത്.
അഖിലേന്ത്യ തലത്തിൽതന്നെ ഏറ്റവുമധികം അണികളുള്ള ദേശീയ പാർട്ടിയാണ് ബി.ജെ.പി. അവരുടെ വോട്ട് വർധിക്കുന്നത് ഒട്ടും അസ്വാഭാവികവുമല്ല. പക്ഷേ, കേരളത്തിന്റെ മണ്ണ് വർഗീയ രാഷ്ട്രീയത്തിന് പാകമായിട്ടില്ല എന്ന ശുഭസൂചനകളാണ് ഓരോ തെരഞ്ഞെടുപ്പും നൽകുന്നത്. തൃക്കാക്കരയുടെ ചരിത്രത്തിൽ ബി.ജെ.പി ഏറ്റവുമധികം വോട്ട് നേടിയത് 2016ലായിരുന്നു; 21,247 വോട്ട്. അതിനേക്കാൾ ആയിരം വോട്ടെങ്കിലും അധികം നേടുക എന്ന മിനിമം അജണ്ടയുമായാണ് കഴിഞ്ഞതവണ മത്സരിച്ച ജില്ല നേതാവിനെ മാറ്റി ഇത്തവണ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനെത്തന്നെ രംഗത്തിറക്കിയത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തൃക്കാക്കരയിൽ ക്യാമ്പുചെയ്തുതന്നെ പ്രചാരണം നയിച്ചു. മണ്ഡലത്തിൽ ഏറ്റവുമധികം പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞതും എ.എൻ. രാധാകൃഷ്ണന് വോട്ടു ചോദിച്ചുതന്നെ. പ്രചാരണ വാഹനങ്ങളിൽനിന്ന് ഉയർന്നത് നരേന്ദ്ര മോദിയുടെ വികസന വാഴ്ത്തുകളായിരുന്നുവെങ്കിൽ നേതാക്കളുടെ പ്രസംഗങ്ങളിൽ നിറഞ്ഞത് നാർേകാട്ടിക് ജിഹാദും ലവ്ജിഹാദുമൊക്കെ. ക്രിസ്ത്യൻ വോട്ടുകളായിരുന്നു ലക്ഷ്യം. പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ മണ്ഡലത്തിൽതന്നെയുള്ള പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പി.സി. ജോർജ് 'കീഴടങ്ങാനെത്തിയതും' തുടർന്നു നടന്ന അറസ്റ്റും പൊലീസ് സംരക്ഷണയിൽ തിരുവനന്തപുരത്തേക്കുള്ള റോഡ്ഷോയും ജാമ്യവുമൊക്കെ ബി.ജെ.പിയുടെ പ്രചാരണ ആയുധങ്ങളായി. ജാമ്യത്തിലിറങ്ങിയ പി.സി. ജോർജ് നേരെ തൃക്കാക്കരയിെലത്തി സ്വീകരണം ഏറ്റുവാങ്ങിയും മണ്ഡല പര്യടനം നടത്തിയുമൊക്കെ പ്രചാരണ സമാപനം കൊഴുപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം 'കാസ'യുടെ പിന്തുണ കൂടിയായതോടെ ഇതുവരെ താമര ചിഹ്നത്തിൽ പതിക്കാതിരുന്ന ക്രിസ്ത്യൻ വോട്ടുകളിൽ ഒരു പങ്ക് ബി.ജെ.പി ഉറപ്പിച്ചു. പ്രതീക്ഷകൾ വാനോളമുയർന്നപ്പോഴാണ് 'നിയമസഭയിൽ ഒ. രാജഗോപാലിന്റെ പിൻഗാമിയായി താൻ എത്തുന്നത്' എ.എൻ.ആർ സ്വപ്നം കണ്ടത്.
പക്ഷേ, ഒരു കാര്യത്തിൽ ബി.ജെ.പിക്ക് അഭിമാനിക്കാം, വോട്ടറുടെ മനസ്സ് വായിക്കുന്നതിൽ സി.പി.എമ്മിനേക്കാൾ പ്രാവീണ്യമുണ്ട് ബി.ജെ.പിയുടെ പ്രാദേശിക നേതാക്കൾക്ക്. അതുകൊണ്ടാണ് വോട്ടെണ്ണലിന്റെ തലേദിവസംതന്നെ ബി.ജെ.പി സ്ഥാനാർഥി പ്രഖ്യാപിച്ചത്, തൃക്കാക്കര തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സി ക്ലാസ് മണ്ഡലം മാത്രമാണെന്ന്. പി.സിയുടെയും കാസയുടെയും പിന്തുണകൊണ്ടൊന്നും ക്രൈസ്തവ വോട്ടുകൾ താമരയിലേക്ക് വഴിതിരിച്ചുവിടാൻ കഴിയില്ലെന്ന തിരിച്ചറിവും തൃക്കാക്കര ബി.ജെ.പിക്ക് നൽകിയിട്ടുണ്ട്.
കാടിളക്കിയുള്ള പ്രചാരണവും പി.സിയുടെയും കാസയുടെയുമൊക്കെ പിന്തുണയുമുണ്ടായിട്ടും, ജില്ല നേതാവ് 2016ൽ നേടിയ 21,247 വോട്ടിന്റെയും 2021ൽ നേടിയ 15,218 വോട്ടിന്റെയും അടുത്തെങ്ങുമെത്താതെ, സംസ്ഥാന നേതാവ് 12,957 വോട്ടുമായി കെട്ടിവെച്ച കാശ് സംസ്ഥാന ഖജനാവിലേക്ക് മുതൽകൂട്ടി എന്ന പൊട്ടലും ചീറ്റലും സംഘ് കേന്ദ്രങ്ങളിൽ പ്രകടമാണ്. 'സ്ഥിരമായി മത്സരിക്കുന്ന സ്ഥാനാർഥിയുടെ കഴിവുകേട്' എന്നതിനപ്പുറം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുേകടായി ചിത്രീകരിച്ചുള്ള പരാതികൾ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നതിന് തൃക്കാക്കര വഴിയൊരുക്കിയിട്ടുണ്ട്. 'പരാജയം ഞങ്ങൾക്ക് ശീലമാണ്' എന്ന ടാഗ് ലൈനൊന്നും അണികളുടെ രോഷം തണുപ്പിക്കാൻ പര്യാപ്തമല്ലെന്ന് വ്യക്തം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിന് ചില നല്ല പാഠങ്ങൾ നൽകുന്നുണ്ട്. ഉത്തരേന്ത്യയിലെ ആയാ റാം ഗായാ റാം ശൈലിയിലുള്ള രാഷ്ട്രീയ വരത്തുപോക്കുകൾക്ക് കേരളത്തിൽ സ്ഥാനമില്ല എന്നതാണ് അതിലൊന്ന്. തെരഞ്ഞെടുപ്പടുത്തിരിക്കെ സി.പി.എമ്മിലേക്ക് ചുവട് മാറ്റിച്ചവിട്ടിയ കെ.വി. തോമസിനെയും പ്രചാരണത്തിന്റെ മൂർധന്യത്തിൽ മറുകണ്ടം ചാടിയ ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.ബി. മുരളീധരനെയും സി.പി.എം അണികൾപോലും മൈൻഡ് ചെയ്യാത്തത് ഇതിന് തെളിവ്. വോട്ടെടുപ്പ് ഫലം വന്നപ്പോൾ തിരുതമീനുമായി കെ.വി. തോമസിന്റെ വീടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പടക്കംപൊട്ടിച്ച് കളിച്ചപ്പോൾ ഇടത് അണികളിൽനിന്ന് ഒരു പ്രതിഷേധ ശബ്ദംപോലും ഉയർന്നതുമില്ല. ഇടത് അണികളുടെ മൗനം കനത്തപ്പോഴാണ് ദുർബല പ്രതിഷേധവുമായി ചില ഇടതു നേതാക്കൾ വന്നുവെന്ന് വരുത്തിത്തീർത്തതും.
സൈബറിടത്തിലെ വിദ്വേഷത്തിന്റെ അതിപ്രസരം സാധാരണ വോട്ടർമാരിലേക്ക് സന്നിവേശിച്ചിട്ടില്ല എന്നതും മറ്റൊരു നല്ലപാഠം. തൃക്കാക്കരയുടെ പ്രചാരണ നാളുകളിൽ അത്രയേറെ വിദ്വേഷ മാലിന്യങ്ങളാണ് സൈബറിടത്തിൽ വലിച്ചെറിയപ്പെട്ടത്. സമൂഹമാധ്യമങ്ങളിലെ ചർച്ചകൾക്ക് അനുസരിച്ചാണ് വോട്ടുകൾ വഴിതിരിഞ്ഞിരുന്നതെങ്കിൽ ഇതാവുമായിരുന്നില്ല ഫലം. തൃക്കാക്കര കേരളത്തിന് നൽകുന്നത് നല്ലൊരു ദിശാ സൂചികയാണ്. വികസന കാഴ്ചപ്പാടിൽ, സാമുദായിക സൗഹാർദത്തിൽ, വർഗീയതയെ അകറ്റിനിർത്തുന്നതിൽ തുടങ്ങി സ്ഥാനാർഥിനിർണയത്തിൽ വരെയുള്ള കാര്യങ്ങളിൽ ഒരു മൂല്യബോധം മലയാളി മനസ്സിൽ കാത്തുസൂക്ഷിക്കുന്നുണ്ട് എന്ന കൃത്യമായ ദിശാസൂചിക. അത് തിരിച്ചറിയുക എന്നതാണ് രാഷ്ട്രീയപ്പാർട്ടികളുടെ മുന്നിലുള്ള വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.