മലയാള സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങൾ മലയാളത്തിനും കേരളത്തിനു തന്നെയും നാണക്കേടാണ്. അഴിമതി, സ്വജനപക്ഷപാതം, സംവരണ അട്ടിമറി എന്നിങ്ങനെ പലതും അവിടെ അരങ്ങേറുന്നു. പൊതുസമൂഹത്തിന് മുന്നിൽ മൂടിെവച്ച ആ ക്രമക്കേടുകൾ അന്വേഷിക്കുകയാണ് ഇൗ ലേഖനം.
ദർശനങ്ങളുടെ പർവതശിഖരങ്ങളിൽ എത്താനും വികാരങ്ങളുടെ ജലക്കയങ്ങൾ കാണാനും മലയാളികളെ പഠിപ്പിച്ച സാഹിത്യത്തിലെ കലാപകാരിയായ കവിയെന്നാണ് മലയാളം എഴുത്തച്ഛനെ വിലയിരുത്തിയത്. എന്നാൽ, അദ്ദേഹത്തിന്റെ പേരിൽ തുടങ്ങിയ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല നവോത്ഥാന കേരളത്തിൽ ജനാധിപത്യ നിഷേധത്തിന്റെ കേന്ദ്രമായെന്നാണ് ഓഡിറ്റ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. സർവകലാശാലയുടെ 2021-22 കാലയളവിലെ അക്കൗണ്ടുകളുടെയും രജിസ്റ്ററുകളുടെയും ഓഡിറ്റിനെക്കുറിച്ച പരിശോധനാ റിപ്പോർട്ട് അവിടെ എന്തു നടക്കുന്നുവെന്നതിന്റെ ഏകദേശ ചിത്രം നൽകും. സർവകലാശാലയുടെ അക്കൗണ്ടുകളുടെയും രജിസ്റ്ററുകളുടെയും ഓഡിറ്റ് പരിശോധന 2022 സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 10 വരെയാണ് നടന്നത്.
സംസ്ഥാന നിയമസഭയുടെ തീരുമാനപ്രകാരമാണ് മലയാള സർവകലാശാല സ്ഥാപിച്ചത്. ഭാഷാശാസ്ത്രം, മലയാള സാഹിത്യം, പൈതൃകപഠനം, സർഗാത്മക എഴുത്ത് എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ 10 വകുപ്പുകൾക്ക് കീഴിൽ ബിരുദാനന്തര ബിരുദ കോഴ്സുകളും ഗവേഷണ പ്രോഗ്രാമുകളും സർവകലാശാല വാഗ്ദാനംചെയ്തു. ഫിലിം സ്റ്റഡീസ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, പരിസ്ഥിതിപഠനം, പ്രാദേശിക വികസന പഠനം, സോഷ്യോളജി എന്നിവയെല്ലാം അതിൽ ഉൾപ്പെട്ടു. 2015 ആഗസ്റ്റിൽ സർവകലാശാലയിൽനിന്ന് ആദ്യ ബാച്ച് വിദ്യാർഥികൾ പാസായി. 2018 ഫെബ്രുവരി 22ന് യു.ജി.സി (യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ) അംഗീകാരം നൽകി. അതിനുശേഷം ഇന്നോളമുള്ള പ്രവർത്തനം സമഗ്രമായിതന്നെ പരിേശാധനക്ക് വിധേയമാക്കേണ്ടതുണ്ട്.
അരക്കോടി പാഴാക്കിയ ഓൺലൈൻ നിഘണ്ടു
സർവകലാശാല തുടങ്ങിയപ്പോൾ ആദ്യം മുന്നോട്ടുവെച്ച പദ്ധതികളിലൊന്നാണ് ഓൺലൈൻ മലയാളം നിഘണ്ടു. സ്വപ്നപദ്ധതിയെന്ന് ഇതിനെ വിശേഷിപ്പിക്കാം. നിഘണ്ടു പ്രോജക്ട് തയാറാക്കാൻ 49.61 ലക്ഷം രൂപ ഫലമില്ലാതെ ചെലവഴിച്ചുവെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയത്. തുഞ്ചത്ത് എഴുത്തച്ഛൻ സർവകലാശാലാ നിയമം അനുസരിച്ച്, മലയാളഭാഷയുടെ ശരിയായ ഉച്ചാരണം സംരക്ഷിക്കാനും ജനകീയമാക്കാനും, ശാസ്ത്ര സാങ്കേതിക വിദ്യകളിൽ പുതിയ ആശയങ്ങൾ ആവിഷ്കരിക്കാനും മലയാള ഭാഷയെ പരിഷ്കരിക്കാനുമുള്ള ഗവേഷണം നടത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ നടത്താൻചുമതലയുണ്ട്. (പേജ് 4)
ഇക്കാര്യം തിരിച്ചറിഞ്ഞാണ് സർവകലാശാല 2013 ഡിസംബർ 19ന് ചേർന്ന എട്ടാം എക്സിക്യൂട്ടിവ് കമ്മിറ്റി സമഗ്രമായ ഒരു ഓൺലൈൻ നിഘണ്ടു നിർമിക്കാൻ തീരുമാനിച്ചത്. പദ്ധതിയുടെ നടത്തിപ്പിനായി തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (സി.ഡി.എ.സി -സി ഡാക്), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി മാനേജ്മെന്റ് കേരള (ഐ.ഐ.ഐ. ടി.എം.കെ), ടെക്നോപാർക്ക്, ചെന്നൈയിലെ അണ്ണാ യൂനിവേഴ്സിറ്റി (എ.യു- കെ.ബി.സി) ഗവേഷണ കേന്ദ്രം എന്നിവയുമായി ചേർന്ന് ഒരു കൺസോർട്യം രൂപവത്കരിച്ചു. 2015ൽ പദ്ധതിക്ക് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
നിഘണ്ടു പദ്ധതിയുടെ നടത്തിപ്പിൽ സർവകലാശാലക്ക് പല വീഴ്ചകളും സംഭവിച്ചു. ആരംഭ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് വിഭാവനംചെയ്തത്. അതായത് 2014 നവംബർ ഒന്നു മുതൽ. സി- ഡാക് അടക്കമുള്ള സ്ഥാപനങ്ങളുമായി 2014 നവംബർ അഞ്ചിന് കരാർ ഒപ്പുവെച്ചു. അണ്ണാ യൂനിവേഴ്സിറ്റി, ചെന്നൈ (എ.യു -കെ.ബി.സി) റിസർച് സെന്ററുമായി 2014 ഡിസംബർ മൂന്നിനും കരാർ ഒപ്പുവെച്ചു. ഇതിന്റെ കാലാവധി ഒരു വർഷത്തേക്കായിരുന്നു. 2015 ജനുവരി ഒമ്പതിലെ ഉത്തരവ് പ്രകാരം കൺസോർട്യത്തിന് തുക നൽകി. സി-ഡാക് 1,23,300 രൂപ, ഐ.ഐ.ഐ. ടി.എം.കെ -1,69,500 രൂപ, എ.യു- കെ.ബി.സി -21,48,801 രൂപ എന്നിങ്ങനെയാണ് തുക കൈപ്പറ്റിയത്. ലെക്സിക്കൻ റിസോഴ്സ്, സ്വരസൂചക, സ്വരസൂചക പ്രാതിനിധ്യം, ഓർത്തോഗ്രഫിക് വേരിയേഷൻ, പദോൽപത്തി, സോഴ്സ് ലാംഗ്വേജ്, ഡൊമെയ്ൻ സെൻസ്, ഇംഗ്ലീഷ് അർഥം, പര്യായവും വിപരീതപദവും, ശബ്ദ റെക്കോഡിങ് എന്നിവയുടെ ഡിജിറ്റൽ പതിപ്പ് നൽകണമെന്നായിരുന്നു കരാർ. സർവകലാശാലയെ ഏൽപിച്ച ഭാഷാപരമായ ചുമതലകൾ ഇപ്പോഴും പൂർത്തീകരിക്കപ്പെടാതെ കിടക്കുകയാണ്.
അതിനാൽ, സാങ്കേതിക പിന്തുണ നൽകാൻ ബാധ്യസ്ഥരായ കൺസോർട്യത്തിലെ മറ്റ് അംഗങ്ങൾക്ക് കൂടുതൽ സഹായം നൽകാൻ കഴിഞ്ഞില്ല. കൂടാതെ കരാർപ്രകാരം മറ്റു മൂന്ന് കൺസോർട്യം അംഗങ്ങൾ നിർവഹിക്കേണ്ട ജോലികൾ പൂർത്തിയാക്കിയില്ല. കരാർ വ്യവസ്ഥകൾ പ്രകാരം മുൻകൂറായി നൽകേണ്ട തുകയുടെ 30 ശതമാനം ആയതിനാൽ, കൺസോർട്യത്തിന്റെ സേവനത്തിനായി നൽകിയ 4.42 ലക്ഷം അഡ്വാൻസ് നൽകിയത് പാഴായി. ഒരു വർഷത്തേക്കുള്ള കരാർ പിന്നീട് പുതുക്കിയില്ല. ആറ് വർഷം പിന്നിട്ടിട്ടും സമഗ്ര പഠനം പൂർത്തിയാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടു. നിഘണ്ടു പദ്ധതി, വിഭാവനം ചെയ്തതുപോലെ പൊതുജനങ്ങളുടെ ഉപയോഗത്തിനായി അത് വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യാനായില്ല. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത് 25 ലക്ഷം രൂപക്കാണ്. എന്നാൽ, നാളിതുവരെ 49.61 ലക്ഷം ചെലവഴിച്ചു. ഇത്രയും തുക ചെലവഴിക്കുന്നതിന് പുതുക്കിയ ഭരണാനുമതി ഉത്തരവൊന്നും അധികാരമുള്ള സ്ഥാനങ്ങളിൽനിന്ന് ലഭിച്ചില്ല. ലഭ്യമായ രേഖകൾ പ്രകാരം ആകെ 49.60 ലക്ഷം ചെലവഴിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഓഫിസ് സൗകര്യങ്ങൾ ഒരുക്കി പദ്ധതി ആരംഭിച്ചുവെന്ന് 2019 ഡിസംബർ 20ലെ രജിസ്ട്രാർ ഇൻ ചാർജ് നോട്ട് ഫയലിൽ കുറിച്ചു. എന്നാൽ, ഓഫിസ് കെട്ടിടം, ജീവനക്കാരുടെ നിയമനവും അംഗീകാരവും തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങളൊന്നും ഫയലിൽ ലഭ്യമല്ല. ഡോ. ആർ. ഗോപിനാഥനും ഡോ. ശ്രീനാഥനുമായിരുന്നു പദ്ധതിയുടെ ഉത്തരവാദിത്തപ്പെട്ട രണ്ട് പ്രധാനികൾ. ഒരു വർഷത്തിനുശേഷം ഡോ. ശ്രീനാഥൻ ഒഴികെയുള്ള എല്ലാ ജീവനക്കാരും ജോലി അവസാനിപ്പിച്ചു. കൺസോർട്യം കാര്യക്ഷമമായി പ്രവർത്തിച്ചില്ല. എന്നാൽ, പദ്ധതി ജീവനക്കാർക്കും കൺസോർട്യത്തിനും പദ്ധതിക്കുള്ള സൗകര്യങ്ങൾ ഒരുക്കാനുമായി വൻതുക ചെലവഴിച്ചു. പദ്ധതിക്കായി ശേഖരിച്ച വിവരങ്ങളും പദ്ധതിക്കായി വാങ്ങിയ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും സി.ഡിറ്റിലേക്ക് മാറ്റിയ നിഘണ്ടുവിന്റെ 1300 പേജുകളും തിരികെ നൽകിയോ എന്ന് പറയാൻപോലും സർവകലാശാലക്ക് കഴിഞ്ഞില്ല.
പദ്ധതിയുടെ മൊത്തത്തിലുള്ള അന്വേഷണത്തിനായി ഫിനാൻസ് ഓഫിസർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ, കമ്പ്യൂട്ടർ വിദഗ്ധൻ, ഭാഷാശാസ്ത്ര വിദഗ്ധൻ, എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചു. 2019 ഡിസംബർ 28ലെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം, 2019 ഡിസംബർ 20ലെ രജിസ്ട്രാറുടെ റിപ്പോർട്ടിൽ ശിപാർശചെയ്ത പ്രകാരം ഒരു കമ്മിറ്റി രൂപവത്കരിക്കാൻ വൈസ് ചാൻസലർക്ക് അധികാരം നൽകി. 2021 നവംബർ 18ലെ കമ്മിറ്റി റിപ്പോർട്ട് ചെയ്തത് പദ്ധതി പുനരുജ്ജീവിപ്പിക്കാനോ പൂർത്തിയാക്കാനോ കഴിയില്ലെന്നാണ്. സർവകലാശാലയുടെ സ്റ്റാൻഡിങ് കൗൺസലും സർക്കാർ അന്വേഷണത്തിന് ശിപാർശ ചെയ്തു. എന്നാൽ, തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. ഇത്തരം സാഹചര്യങ്ങൾക്കിടയിലും ഓൺലൈൻ ഡിക്ഷണറി പ്രോജക്ടിനായി സർവകലാശാല ബജറ്റ് നിർദേശത്തിൽ കൂടുതൽ ഫണ്ട് ആവശ്യപ്പെടുന്നത് വിചിത്രമാണ്.
ഊരാളുങ്കലിന്റെ ഹൈ എൻഡ് സെർവർ
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) കേരളത്തിൽ പ്രധാനമായും നിർമാണപ്രവർത്തന മേഖലയിലാണ് കരാറുകൾ ഏറ്റെടുക്കുന്നത്. ഊരാളുങ്കലിനെ മലയാള സർവകലാശാല ഏൽപിച്ച പദ്ധതിയാണ് നെറ്റ് വർക്കിങ് ആൻഡ് സ്റ്റോറേജ്. സർവകലാശാലയിൽ ഹൈ എൻഡ് സെർവർ (ഉയർന്ന സംഭരണശേഷിയുള്ള െസർവർ) സംവിധാനം 81.36 ലക്ഷം രൂപ ചെലവിൽ സ്ഥാപിക്കുന്നതിനുള്ള നിർദേശം സർവകലാശാല എക്സിക്യൂട്ടിവ് കമ്മിറ്റി 2019 സെപ്റ്റംബർ 27ന് അംഗീകരിച്ചു. നെറ്റ്വർക്കിങ്ങിന്റെയും സ്റ്റോറേജിന്റെയും പദ്ധതി (ടോട്ടൽ സൊലൂഷൻ പ്രൊവൈഡർ) നടപ്പാക്കുന്നതിന് 86 ലക്ഷത്തിന്റെ കരാർ ഊരാളുങ്കലിന് നൽകി.
2021 ഏപ്രിൽ 22ന് കരാർപ്രകാരം പ്രവർത്തനം തുടങ്ങി. ഊരാളുങ്കൽ ആദ്യത്തെ ബിൽ 2021 സെപ്റ്റംബർ ഒമ്പതിന് നൽകി. അത് പ്രകാരം ഊരാളുങ്കലിന് നൽകേണ്ടത് 74.61 ലക്ഷം രൂപയാണ്. നെറ്റ്വർക്കിങ്, സെർവർ, സ്റ്റോറേജ് ഉപകരണങ്ങൾ എന്നിവ തൃപ്തികരമായി പ്രവർത്തിക്കുന്നുണ്ടെന്ന് സർവകലാശാല രജിസ്ട്രാർ 2021 ഡിസംബർ 15ന് സാക്ഷ്യപ്പെടുത്തി. അതോടെ, തുകയും അനുവദിച്ചു. ഡിസംബർ 15ന് 74.61 ലക്ഷം രൂപ നൽകി.
ഓഡിറ്റ് പരിശോധനയിൽ ഡോക്യുമെന്റ് ഫയലിങ്, പ്രവേശനപ്രക്രിയ, പരീക്ഷാ പ്രക്രിയ തുടങ്ങിയ ആവശ്യങ്ങൾക്കായി സർവകലാശാല നിലവിൽ ഇതിൽ ഒരു സോഫ്റ്റ്വെയറും ഉപയോഗിക്കുന്നില്ല. അതിനാൽ ഉയർന്ന ശേഷിയുള്ള സെർവർ വിവിധ ഓഫിസുകളിലെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള കണക്ടറായി ഉപയോഗിക്കുകയായിരുന്നു.
മലയാള സർവകലാശാല ഈ പദ്ധതി തയാറാക്കുമ്പോൾ കാലിക്കറ്റ് യൂനിവേഴ്സിറ്റിയെയാണ് മാതൃകയായി കണ്ടത്. 406 അഫിലിയേറ്റഡ് കോളജുകളും 35 ഡിപ്പാർട്മെന്റുകളും രണ്ട് ഓഫ് കാമ്പസ് സെന്ററുകളും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഒരു അധ്യയന വർഷത്തിൽ പഠനം നടത്തുന്ന സ്ഥാപനമാണ് കാലിക്കറ്റ് സർവകലാശാല. അവിടെ ഹൈ എൻഡ് സെർവർ സംവിധാനം ഉപയോഗിച്ചാണ് സർവകലാശാല ഡിജിറ്റലൈസേഷൻ ആവശ്യകതകൾ ക്രമീകരിക്കുന്നത്.
എന്നാൽ, മലയാള സർവകലാശാലയിൽ പരമാവധി 20 വിദ്യാർഥികൾ പഠിക്കുന്ന 10 ബിരുദാനന്തര ബിരുദ കോഴ്സുകളും എം.ഫിൽ, പിഎച്ച്.ഡി വിദ്യാർഥികളും മാത്രമാണ്. വലുപ്പത്തിൽ ആനയും അണ്ണാനും തമ്മിലുള്ള അകലം ഈ സർവകലാശാലകൾ തമ്മിലുണ്ടെന്ന് ആർക്കും മനസിലാക്കാവുന്നതേയുള്ളൂ. അതിന് വിവര സാങ്കേതിക വിദ്യയിൽ വലിയ പരിജ്ഞാനം ആവശ്യമില്ല. പദ്ധതി തയാറാക്കിയ അക്കാദമിക് ബുദ്ധിജീവികൾക്ക് ഇക്കാര്യത്തിൽ ലവലേശം വിവരമുണ്ടായില്ല. ആരാന്റെ മുതലെന്ന നിലയിൽ ഊരാളുങ്കലും സമർഥമായി ഇടപെടൽ നടത്തി.
വിദ്യാർഥി പ്രവേശനം, അക്കാദമിക് കാര്യങ്ങൾ, പരീക്ഷ എന്നീ ആവശ്യങ്ങൾക്കായി കമ്പ്യൂട്ടർ സഹായം സർവകലാശാല ഉപയോഗിക്കുന്നില്ലെന്ന് സൂക്ഷ്മപരിശോധനയിൽ വ്യക്തമായി. ഓരോ കോഴ്സിലും അപേക്ഷിക്കുകയും പ്രവേശനം നേടുകയും ചെയ്ത വിദ്യാർഥികളുടെ വർഷം തിരിച്ചുള്ള ലിസ്റ്റ് സൂക്ഷിക്കുന്നതിന് എക്സെൽ അല്ലെങ്കിൽ മറ്റേതെങ്കിലും ഓഫിസ് സോഫ്റ്റ്വെയർ തയാറാക്കുകയോ പരിപാലിക്കുകയോ ചെയ്തിട്ടില്ല.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജിന്റെ (ടി.എം.ജി) അഞ്ച് ഏക്കർ ഭൂമി സർക്കാർ സർവകലാശാലയുടെ അടിയന്തര പ്രവർത്തനത്തിനായി അനുവദിച്ചിരുന്നു. സർവകലാശാലയുടെ പുതിയ കാമ്പസ് സജ്ജമാകുന്ന മുറക്ക് കോളജിന് കൈമാറുന്ന താൽക്കാലിക കെട്ടിടങ്ങൾ സ്ഥാപിക്കാനാണ് സ്ഥലം അനുവദിച്ചത്. താൽക്കാലിക കാമ്പസ് കെട്ടിടങ്ങളിൽ പുതിയ ഹൈ എൻഡ് നെറ്റ്വർക്കിങ് സ്ഥാപിക്കുന്നത് ഭാവിയിൽ സർവകലാശാലക്ക് ഗുണം ചെയ്യില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സർവേ റിപ്പോർട്ട് പ്രകാരം വിവിധ സ്കൂളുകളിലെയും ഓഫിസുകളിലെയും 34 സംവിധാനങ്ങൾ തകരാറിലായി അവ പൂർണമായ നവീകരണത്തിന് വിധേയമായി. അതിനാൽ നൽകിയ കണക്ടിവിറ്റി ഫലപ്രദമല്ലെന്നാണ് വിലയിരുത്തൽ. അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം ഇതിനകം നെറ്റ്വർക്ക് ചെയ്തു. ടാലി സോഫ്റ്റ്വെയറിൽ അക്കൗണ്ടുകൾ തയാറാക്കുന്നതല്ലാതെ പ്രവർത്തനങ്ങൾക്ക് ഒരുതരത്തിലുള്ള കമ്പ്യൂട്ടർ സഹായവും സർവകലാശാല ഉപയോഗിക്കുന്നില്ല. കുറഞ്ഞ ഡിജിറ്റലൈസേഷൻ ഉപയോഗിക്കുന്ന അവസ്ഥയാണ് നിലവിൽ സർവകലാശാലയിലുള്ളത്. നെറ്റ്വർക്കിങ്ങിനൊപ്പം ഹൈ എൻഡ് സെർവറിന്റെ ഇൻസ്റ്റലേഷൻ സർവകലാശാലയിൽ ആവശ്യമുണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ ശരിയായ വിലയിരുത്തൽ ഇല്ലാതെയാണ് പ്രവർത്തനം നടത്തിയത്. മിനിമം നെറ്റ് വർക്കും ഡിജിറ്റലൈസേഷനും മാത്രമേ സർവകലാശാലയിൽ ആവശ്യമുള്ളൂ. ഇതിലൊന്നും മലയാള സർവകലാശാലയിലെ ബുദ്ധിജീവികൾക്ക് മറുപടിയില്ല.
കെട്ടിടനിർമാണത്തിൽ നഷ്ടമായത് 83.30 ലക്ഷം
യൂനിവേഴ്സിറ്റി കാമ്പസിൽ ക്ലാസിക്കൽ മലയാളം ഭാഷാപഠനത്തിനായുള്ള സെന്റർ ഓഫ് എക്സെലൻസ് കെട്ടിടത്തിന്റെ നിർമാണം- കരാർ നടപ്പാക്കുന്നതിലെ കാലതാമസം മൂലം 83.30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. കോസ്റ്റ്ഫോഡ് തയാറാക്കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ് മുറികൾക്കും ഫാക്കൽറ്റി റൂമുകൾക്കുമായി പുതിയ കെട്ടിടം നിർമിക്കുന്നതിന് 2018 സെപ്റ്റംബർ ആറിലെ ഉത്തരവ് പ്രകാരം 2.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സർവകലാശാല സമർപ്പിച്ച പ്ലാനും എസ്റ്റിമേറ്റും ഉൾപ്പെടെ അംഗീകരിച്ചു. 2018-19 വർഷത്തേക്കുള്ള ബജറ്റ് വിഹിതത്തിൽനിന്നും മുൻ വർഷങ്ങളിലെ വിഹിതത്തിൽനിന്നുമാണ് ചെലവ് കണ്ടെത്തേണ്ടത്. കോസ്റ്റ് ഫോഡിനെ നിർവഹണ ഏജൻസിയായി നിയോഗിച്ചു. ഭരണാനുമതി (എ.എസ്) ലഭിച്ചതിനുശേഷം, ഡിസൈനിൽ മാറ്റങ്ങൾ നിർദേശിക്കുകയും പുതുക്കിയ പ്ലാൻ സമർപ്പിക്കാൻ കോസ്റ്റ് ഫോഡിനോട് നിർദേശിക്കുകയും ചെയ്തു. അങ്ങനെ 2019 മേയ് 29ന് കോസ്റ്റ്ഫോഡ് പുതുക്കിയ പ്ലാനും എസ്റ്റിമേറ്റും സമർപ്പിച്ചു. പുതുക്കിയ എ.എസിനായി നീക്കം നടത്തി. 2.30 കോടി രൂപയുടെ സർക്കാർ ഉത്തരവ് പ്രകാരം എ.എസ് അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കരാർ നടപ്പാക്കാനും പ്രവൃത്തി ആരംഭിക്കാനും സർവകലാശാല കോസ്റ്റ്ഫോഡിനോട് നിർദേശം നൽകി. കരാറിൽ ഒപ്പിടുകയോ മുൻകൂർ തുക അനുവദിക്കുകയോ ചെയ്യാതെ, നിർമാണ ഏജൻസിയും സർവകലാശാലയും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും നിർമാണനിർദേശം പങ്കുവെച്ചു സമയം പാഴാക്കി. തുടർന്ന് 2018ലെ എസ്റ്റിമേറ്റ് പരിഷ്കരിക്കണമെന്ന് കോസ്റ്റ് ഫോഡ് ആവശ്യപ്പെട്ടു. ചെലവ് സൂചിക 36.44 ശതമാനം വർധിച്ചതിനാൽ 3.13 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് നൽകണമെന്നും കോസ്റ്റ്ഫോഡ് നിർദേശിച്ചു.
അതിനിടയിൽ, യഥാർഥ എ.എസിന്റെ സാധുത കാലഹരണപ്പെട്ടു. 2022 ജനുവരി 13ലെ സർക്കാർ ഉത്തരവ് പ്രകാരം എ.എസിന്റെ സാധുത മൂന്നു വർഷം കൂടി നീട്ടി. 2022 ഏപ്രിൽ 26ന് ചേർന്ന സാങ്കേതിക സമിതി 3.13 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുകയും കരാർ നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. അന്നുമുതൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 3.13 കോടി രൂപക്ക് പുതുക്കിയ ഭരണാനുമതി സർക്കാറിൽ ലഭിക്കാതെയാണ് നിർമാണം തുടങ്ങിയത്.
2022 മേയ് 23ന് കരാർ നടപ്പാക്കി. 20 ശതമാനം അഡ്വാൻസായി 62.66 ലക്ഷം കോസ്റ്റ്ഫോഡിന് നൽകി. സർവകലാശാലക്കുള്ള വാർഷിക ബജറ്റ് വിഹിതത്തിൽനിന്നാണ് തുക കണ്ടെത്തിയത്. 2.30 കോടി രൂപക്ക് ക്ലാസ് മുറിക്ക് പുതിയ കെട്ടിടം പണിയാൻ സർക്കാർ 2018 സെപ്റ്റംബർ ആറിന് ഭരണാനുമതി നൽകിയെങ്കിലും, നിർമിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖ, പ്ലാൻ, എസ്റ്റിമേറ്റ്, കരാർ നടപ്പാക്കൽ, ലക്ഷ്യത്തിലെ മാറ്റം എന്നിവയിൽ കാലതാമസം തുടങ്ങിയവ കാരണം ആ പ്ലാൻ ഫണ്ട് നഷ്ടമായി.
പുതിയ എസ്റ്റിമേറ്റ് 2.30 കോടിയിൽനിന്ന് 3.13 കോടിയായി പുതുക്കി. കരാർ നടപ്പാക്കുന്നതിലെ കാലതാമസം മൂലം ചെലവ് വർധിക്കുകയും 83.30 ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. സർവകലാശാലയിലെ സാങ്കേതിക സമിതിയാണ് പുതുക്കിയ എസ്റ്റിമേറ്റിനുള്ള അനുമതി നൽകിയത്. പുതുക്കിയ തുകക്ക് സർവകലാശാലയും കരാറും നടപ്പാക്കി. ചെലവ് സംസ്ഥാന ഗവൺമെന്റിന്റെ വാർഷിക ഗ്രാന്റിൽനിന്നാണ് (ബജറ്റിലെ) നിർമാണങ്ങൾക്കായി പണം കണ്ടെത്തുന്നത്. പുതുക്കിയ എ.എസിന് സർക്കാർ അനുമതി നൽകിയിട്ടില്ല. അതിനാൽ, ആവശ്യമായ അനുമതിയില്ലാതെയാണ് സർവകലാശാല പ്രവൃത്തി നടത്തുന്നത്. തുഞ്ചൻ മെമ്മോറിയൽ കോളജിലേക്ക് തിരികെ നൽകേണ്ട താൽക്കാലിക കാമ്പസിലാണ് കെട്ടിടം പണിയുന്നത്. ഇതെല്ലാം അവഗണിച്ച് സ്ഥിരം കെട്ടിടം നിർമിക്കാനുള്ള കാരണം ഫയൽരേഖകളിൽ വ്യക്തമല്ല.
കീഴാളരുടെ ഇ-ഗ്രാന്റ് ബാങ്ക് അക്കൗണ്ടിൽ
പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് അനുവദിക്കുന്ന ഇ-ഗ്രാന്റ് വിതരണം ചെയ്യുന്നതിൽ എന്തു സംഭവിച്ചുവെന്ന് ആരോട് ചോദിക്കും. ആര് ഉത്തരം നൽകും. പരിശോധനയിൽ ഉത്തരമില്ലാത്ത ചോദ്യമായി ഓഡിറ്റിന് മുന്നിൽ എഴുത്തച്ഛൻ നിശ്ശബ്ദനായി നിൽക്കുകയാണ്. എസ്.സി, എസ്.ടി, ഒ.ബി.സി, ഒ.ഇ.സി മറ്റ് സാമൂഹിക/സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായ വിദ്യാർഥികൾ എന്നിവർക്ക് പഠനത്തിന് അനുവദിക്കുന്ന തുകകൾ സർവകലാശാലയുടെ ബാങ്ക് അക്കൗണ്ടിലേക്ക് റിലീസ് ചെയ്യുന്നു. യോഗ്യതയുള്ള വിദ്യാർഥികളുടെ ലിസ്റ്റും ‘സർവകലാശാലയുടെ വിശദമായ പ്രസ്താവന’യും സഹിതമാണ് ഇ-ഗ്രാന്റുകൾ സർവകലാശാലക്ക് അനുവദിച്ചിരിക്കുന്നത്. തുക കൈപ്പറ്റുമ്പോൾ, സർവകലാശാല സ്വീകരിച്ച തുക സർവകലാശാല/ ഹോസ്റ്റൽ അക്കൗണ്ടുകളിലേക്ക് അടക്കുകയും അല്ലെങ്കിൽ ഫീസ് ഇളവിന് അർഹരായ വിദ്യാർഥികൾ അയച്ച തുക തിരികെ നൽകുകയും വേണം. അധിക തുക ലഭിച്ചിട്ടുണ്ടെങ്കിൽ അത് സർവകലാശാല വകുപ്പിന് തിരികെ നൽകണമെന്നാണ് വ്യവസ്ഥ.
ഇ- ഗ്രാന്റിന്റെ ഇടപാടുകൾക്കായി സർവകലാശാല തിരൂർ ടൗൺ ബ്രാഞ്ചിലെ എസ്.ബി.ഐയിൽ കറന്റ് അക്കൗണ്ട് തുടങ്ങി തുക സൂക്ഷിക്കുന്നു. ബാങ്കിലുള്ള തുക പരിശോധിച്ചപ്പോൾ 2022 മാർച്ച് 31ന് 7.37 ലക്ഷവും 2022 ആഗസ്റ്റ് 31ന് 8.06 ലക്ഷക്ഷവും ബാലൻസ് ഉണ്ട്. സർവകലാശാല സമർപ്പിച്ച ക്ലെയിമിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് സർവകലാശാലയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നത്. അതിനാൽ ബാക്കി തുക വിദ്യാർഥികൾക്ക് വിതരണം ചെയ്യാത്തതാണോ എന്ന സംശയം ഓഡിറ്റ് ഉന്നയിച്ചു. അല്ലെങ്കിൽ യൂനിവേഴ്സിറ്റിക്ക് തിരിച്ച് നൽകേണ്ട പണമാണോ. ഇതിന് വ്യക്തമായൊരു ഉത്തരമില്ല.
ഓഡിറ്റ് ബാക്കി തുകയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടപ്പോൾ, 2013 മുതൽ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത തിരിച്ചറിയപ്പെടാത്ത തുകകളുമായി ബന്ധപ്പെട്ടതാണ് ബാക്കിയെന്നും പട്ടികജാതി/ പട്ടികവർഗ വകുപ്പുമായി കൂടിയാലോചിച്ച് തുക കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്താമെന്നും ഉറപ്പു നൽകി. പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് അനുവദിക്കുന്ന ഗ്രാന്റ് പോലും സർവകലാശാലക്ക് ശരിയായി വിനിയോഗിക്കാൻ കഴിയുന്നില്ല. വിദ്യാർഥികളുടെ എണ്ണം വളരെ പരിമിതമായിരിക്കെ എട്ടു ലക്ഷത്തിലധികം രൂപ ബാക്കിയുണ്ടെന്നത് വലിയ വീഴ്ചയാണ്.
നിയമനത്തിലെ സംവരണ അവ്യക്തത
സർവകലാശാല നടത്തിയ നിയമനങ്ങളിൽ സ്വീകരിച്ച സംവരണ നയത്തിൽ അവ്യക്തതയുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. 2013ലെ മലയാള സർവകലാശാലാ നിയമത്തിന്റെ ആറാം അധ്യായത്തിൽ പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് ബാധകമായ സർക്കാർ തസ്തികകളിലേക്കുള്ള നിയമന സംവരണത്തിനുള്ള ചട്ടങ്ങൾ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനങ്ങളിൽ ബാധകമാണെന്ന് വ്യവസ്ഥചെയ്യുന്നു. എന്നാൽ, സർവകലാശാലയിലെ നിലവിലെ അധ്യാപകരുടെ ലിസ്റ്റ് പരിശോധിച്ചാൽ സംവരണകാര്യത്തിൽ പൊരുത്തക്കേടുകൾ ഏറെയാണ്.
ഈ കണക്കിൽ എസ്.സി-എസ്.ടി വിഭാഗത്തിലെ ഒരു അസോ. പ്രഫ. ഇപ്പോൾ സേവനത്തിലില്ല. അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് സ്വീകരിച്ച സംവരണ നയം പരിശോധിക്കുന്നതിനും അതുവഴി നിയമങ്ങൾക്കനുസൃതമായി സംവരണവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സർവകലാശാല രേഖകൾ സൂക്ഷിച്ചിരുന്നില്ല. സർവകലാശാല ഇത്തരം പ്രധാന രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നത് ഗൗരവമായ പ്രശ്നമാണ്. ഫയലുകൾ സൂക്ഷിക്കാത്തതിന്റെ കാരണം വ്യക്തമാണ്. അട്ടിമറികൾ പുറത്തുവരാതിരിക്കാനുള്ള സ്ഥിരം രീതിയാണത്. സുതാര്യമാണെങ്കിൽ വിവരങ്ങൾ ഒളിച്ചുവെക്കേണ്ടതില്ല.
അനധ്യാപക ജീവനക്കാരുടെ കാര്യത്തിൽ സർക്കാർ ഇതുവരെ തസ്തികകൾ അനുവദിച്ചിട്ടില്ല. നിലവിൽ 15 സെക്യൂരിറ്റി സ്റ്റാഫുകൾ ഉൾപ്പെടെ 63 കരാർ ജീവനക്കാരെയാണ് സർവകലാശാല നിയമിച്ചിരുന്നത്. മിക്ക തസ്തികകളുടെയും പേരുകൾ സർവകലാശാലയിൽ മാത്രം കാണുന്ന പ്രതിഭാസമാണ്. എല്ലാ കരാർ നിയമനങ്ങളും അഭിമുഖം (വാക് ഇൻ ഇന്റർവ്യൂ) വഴിയാണ് നടത്തിയത്. സംസ്ഥാനത്ത് അരങ്ങേറുന്ന ഈ അഭിമുഖങ്ങൾക്ക് പിന്നിലെ കഥകൾ എല്ലാവർക്കും അറിയാവുന്നതാണ്.
ഒരു വർഷം പൂർത്തിയാകുമ്പോൾ ഒരു ദിവസത്തെ ഇടവേളക്കുശേഷം തുടരുക. കരാർ നിയമനം നടത്തുമ്പോൾ ബാധകമായ സംവരണ നയം പാലിച്ചില്ല. മാനുഷിക പരിഗണനകൾ ചൂണ്ടിക്കാട്ടി നിലവിൽ ജോലിചെയ്യുന്ന 29 കരാർ ജീവനക്കാരെ റെഗുലറൈസ് ചെയ്യാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് അഭ്യർഥിക്കാൻ സർവകലാശാല എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പ്രമേയം പാസാക്കിയിരുന്നു. ഇത്തരത്തിൽ ക്രമപ്പെടുത്തൽ ഉണ്ടായാൽ സംവരണ നയം നടപ്പാക്കാനോ സാമൂഹിക നീതി ഉറപ്പാക്കാനോ സർവകലാശാലക്ക് കഴിയില്ല. എഴുത്തച്ഛന്റെ കാര്യത്തിൽ സംവരണം എന്ന ഏർപ്പാട് വേണ്ടെന്നാണ് ഇടതു ബുദ്ധിജീവികളുടെ വിചാരം.
വിദ്യാർഥികൾക്ക് ക്ഷാമം
ഒരു വിഷയത്തിന് 20 വിദ്യാർഥികൾ എന്ന നിരക്കിൽ ആകെ 10 വിഷയങ്ങൾക്ക് 200 വിദ്യാർഥികൾക്കാണ് പി.ജി കോഴ്സുകളിൽ പ്രവേശനം നൽകേണ്ടത്. 2019-20 മുതൽ 2021-22 വരെയുള്ള വർഷങ്ങളിലെ വിദ്യാർഥികളുടെ പ്രവേശനം സംബന്ധിച്ച് നൽകിയ വിവരമനുസരിച്ച്, അനുവദിച്ച 200 വിദ്യാർഥികളെ അപേക്ഷിച്ച്, പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം 3 മുതൽ 20 വരെയാണ്.
മലയാളം ലിറ്ററേച്ചർ, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, സോഷ്യോളജി എന്നീ മൂന്ന് വിഷയങ്ങൾ ഒഴികെ അനുവദിച്ച സീറ്റുകളുടെ േക്വാട്ട തികക്കാൻപോലും വിദ്യാർഥികളെ കിട്ടാത്ത അവസ്ഥയാണ്. മറ്റ് വിഷയങ്ങളിൽ ഉദാഹരണമായി ഭാഷാശാസ്ത്രത്തിൽ മൂന്ന്, ഏഴ്, 11 എന്നിങ്ങനെയാണ് മൂന്ന് വർഷങ്ങളിലെ വിദ്യാർഥി പ്രവേശനം. ആദ്യവർഷം വെറും 15 ശതമാനമാണ് പ്രവേശനം നടന്നത്.
മലയാള സർവകലാശാലാ നിയമം, 2013ൽ നിർവചിച്ചിരിക്കുന്ന പ്രകാരം, ലോകത്തെ സമസ്ത വിജ്ഞാനങ്ങളും മലയാള ഭാഷയിൽ പഠിപ്പിക്കുന്നതിനും മലയാള ഭാഷയിൽ അറിവ് ഉൽപാദിപ്പിക്കുന്നതിനും അങ്ങനെ മലയാളിക്ക് ആത്മവിശ്വാസം വളർത്തിയെടുക്കുകയുമാണ് സർവകലാശാലയുട മുഖ്യലക്ഷ്യം. സമകാലിക വൈജ്ഞാനിക വ്യാവഹാരിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് മലയാള ഭാഷയെ സജ്ജമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഈ ലക്ഷ്യങ്ങളെയെല്ലാം പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങളാണ് അവിടെ അരങ്ങേറിയത്.
രേഖകളില്ലാത്ത ലീവുകൾ
സർവകലാശാല ഡ്യൂട്ടി ലീവ് അനുവദിക്കാൻ നടപടിക്രമം രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്തിട്ടില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. യു.ജി.സി റെഗുലേഷനുകളുടെ വ്യവസ്ഥകൾ സർവകലാശാല പാലിക്കുന്നില്ല.
കാഷ്വൽ ലീവും ഡ്യൂട്ടി ലീവും അനുവദിച്ചതിൽ വീഴ്ചകളുണ്ടായി. 2018ലെ യു.ഡി.സി റെഗുലേഷൻസ് അനുസരിച്ച്, ഒരു അധ്യാപകന് അനുവദിച്ചിട്ടുള്ള മൊത്തം കാഷ്വൽ ലീവ് ഒരു അധ്യയന വർഷത്തിൽ എട്ട് ദിവസത്തിൽ കൂടരുത്. ഹാജർ രജിസ്റ്ററിന്റെ സൂക്ഷ്മപരിശോധനയിൽ ഇത് ലംഘിച്ചിരിക്കുന്നു. ക്രമരഹിതമായ, അനുവദനീയമായ പരിധിയിൽ കൂടുതൽ കാഷ്വൽ ലീവുകൾ (സി.എൽ) ലഭിച്ചതായി കണ്ടെത്തി. പലരും 19ഉം 15ഉം ലീവ് രേഖപ്പെടുത്തി. ഇതൊന്നും ആരും പരിശോധിച്ചിട്ടില്ല. അതുപോലെ ഒരു അധ്യയന വർഷത്തിൽ പരമാവധി 30 ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിക്കാം.
ഓറിയന്റേഷൻ പ്രോഗ്രാമുകൾ, റിഫ്രഷർ കോഴ്സുകൾ, റിസർച് മെത്തഡോളജി വർക്ക്ഷോപ്പ്, ഫാക്കൽറ്റി ഇൻഡക്ഷൻ പ്രോഗ്രാമുകൾ, കോൺഫറൻസുകൾ, കോൺഗ്രസുകൾ, സിമ്പോസിയം ആൻഡ് സെമിനാറുകൾ എന്നിവ സർവകലാശാലയെ പ്രതിനിധാനംചെയ്ത് അല്ലെങ്കിൽ സർവകലാശാലയുടെ അനുമതിയോടെ പങ്കെടുക്കാം. സർവകലാശാലക്ക് ലഭിച്ചതും വൈസ് ചാൻസലർ അംഗീകരിച്ചതുമായ സ്ഥാപനങ്ങളുടെയോ സർവകലാശാലകളുടെയോ ക്ഷണപ്രകാരം പ്രഭാഷണങ്ങൾ നടത്താൻ പോകാൻ ലീവ് അനുവദിക്കാം. മറ്റ് സംസ്ഥാനത്ത് അല്ലെങ്കിൽ വിദേശ സർവകലാശാലയിൽ, മറ്റേതെങ്കിലും ഏജൻസി, സ്ഥാപനം അല്ലെങ്കിൽ ഓർഗനൈസേഷൻ, അങ്ങനെ യൂനിവേഴ്സിറ്റി ഡെപ്യൂട്ടേഷൻ ചെയ്യുമ്പോൾ ജോലിചെയ്യാം. കേന്ദ്ര-സംസ്ഥാന സർക്കാർ, യു.ജി.സി, ഒരു സഹോദര സർവകലാശാല അല്ലെങ്കിൽ മറ്റേതെങ്കിലും അക്കാദമിക് ബോഡി എന്നിവയാൽ നിയോഗിക്കപ്പെട്ട ഒരു പ്രതിനിധി സംഘത്തിൽ പങ്കെടുക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാം. സർവകലാശാലക്കു വേണ്ടി മറ്റേതെങ്കിലും ഡ്യൂട്ടി നിർവഹിക്കുന്നതിന് അടക്കം ഡ്യൂട്ടി ലീവ് അനുവദിക്കാം.
ഓഡിറ്റിന് ഹാജരാക്കിയ 2020, 2021 വർഷങ്ങളിലെ ഡ്യൂട്ടി ലീവ് രജിസ്റ്റർ പ്രകാരം ഒരു വർഷം 23 ദിവസം വരെ ഡ്യൂട്ടി ലീവ് എടുത്ത അധ്യാപകരുണ്ട്. ഇവരെല്ലാം ഡ്യൂട്ടി ലീവ് പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിലും, പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് സർവകലാശാലയുടെ അനുമതി നൽകിയ ഡ്യൂട്ടി അസൈൻമെന്റ് ഉത്തരവ് ലഭിച്ചോ എന്ന് പരിശോധിക്കാൻ രേഖകളില്ല. ഡ്യൂട്ടി സർട്ടിഫിക്കറ്റുകളും ഹാജരാക്കിയില്ല. രേഖകളില്ലാത്ത ലീവുകളാണ് ഇവരെല്ലാം എടുത്തതെന്നാണ് പരിശോധനയിൽ വ്യക്തമായത്. സർവകലാശാല ഒരു രേഖയും പരിപാലിക്കാത്തതിനാൽ പരിശോധിക്കാൻ കഴിഞ്ഞില്ല.
കണക്ക് പുസ്തകമില്ലാത്തൊരിടം
സാധാരണ സർക്കാർ ഓഫിസുകളിൽ മിനിമം സൂക്ഷിക്കുന്ന ഒന്നാണ് കണക്കെഴുത്ത് പുസ്തകം. ഇക്കാര്യത്തിൽ സർവകലാശാലയുടെ ആന്തരിക നിയന്ത്രണ സംവിധാനം ആകെ തകരാറിലാണെന്ന് പരിശോധനയിൽ കണ്ടെത്തി. ശരിയായ രീതിയിൽ എഴുതിയ കണക്കു ബുക്ക് പോലുമില്ലാത്ത അവസ്ഥയാണ്.
ടാലി സോഫ്റ്റ്വെയറിലാണ് കണക്ക് ബുക്ക് സൂക്ഷിച്ചിരിക്കുന്നത്. കണക്ക് ബുക്കിന്റെ പ്രിന്റ് കോപ്പി ഓഫിസിൽ സൂക്ഷിച്ചിരുന്നു. കേരള ട്രഷറി കോഡ് പ്രകാരം എല്ലാ പണമിടപാടുകളും നടന്നയുടൻ കണക്ക് ബുക്കിൽ രേഖപ്പെടുത്തുകയും ചെക്ക് ടോക്കണായി ഓഫിസ് മേധാവി സാക്ഷ്യപ്പെടുത്തുകയും വേണം. പതിവായി കണക്കു ബുക്ക് പരിശോധിച്ച് ഓഫിസ് മേധാവി ഒപ്പുവെക്കണം. കണക്ക് എഴുത്തുകാരൻ ഒഴികെ ഉത്തരവാദിത്തപ്പെട്ട കീഴുദ്യോഗസ്ഥർ ഇത് പരിശോധിച്ചിരിക്കണം. കണക്കുകളെല്ലാം ശരിയാണെന്ന് ഉറപ്പാക്കി ഒപ്പുവെക്കണം. ഓരോ മാസാവസാനത്തിലും, ഓഫിസ് കണക്ക് ബുക്കിലെ ബാലൻസ് പരിശോധിച്ച് തീയതി രേഖപ്പെടുത്തി ഒപ്പു രേഖപ്പെടുത്തണം. ഇതൊന്നും സർവകലാശാല നടപ്പാക്കിയില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
സർവകലാശാലയിലെ ഓരോ ഉദ്യോഗസ്ഥനും മുന്നിലെത്തുന്ന പ്രതിദിന പണം അടുത്ത പ്രവൃത്തിദിവസം തന്നെ ട്രഷറിയിലേക്ക് അടക്കണമെന്നാണ് നിയമം. ലൈബ്രറി, പ്രസിദ്ധീകരണം, ഫ്രണ്ട് ഓഫിസ്, പ്രിന്റിങ്, അക്കൗണ്ട്സ് ഓഫിസ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ പണം സ്വീകരിക്കുന്നതിന് രസീത് ബുക്കുകൾ ഉപയോഗിക്കുന്നു. ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന രസീത് ബുക്കും പ്രതിദിന കലക്ഷൻ രജിസ്റ്ററും പരിശോധിച്ചപ്പോൾ പിഴ, പ്രിന്റിങ് ചാർജുകൾ, ഫോട്ടോകോപ്പി എന്നിവ അക്കൗണ്ടിലേക്ക് അടക്കുന്നതിൽ കാലതാമസം നേരിട്ടുവെന്ന് വ്യക്തമായി. നിയമം പാലിക്കാൻ ഉദ്യോഗസ്ഥർ തയാറല്ല.
സർവകലാശാല ഉപയോഗിക്കുന്ന ടി.എ ക്ലെയിമിനുള്ള ഫോം സർക്കാർ നിർദേശിച്ച ഫോമിൽനിന്ന് വ്യത്യസ്തമാണ്. കമ്മിറ്റിയിലെ അംഗങ്ങളുടെ മിക്ക ടി.എ ക്ലെയിമുകളിലും യാത്രാ സ്ഥലം, കിലോമീറ്ററിലെ ദൂരം, യാത്രാ രീതി (ട്രെയിൻ/ കാർ/ ബസ് മുതലായവ), യാത്രയുടെ തരം അല്ലെങ്കിൽ ക്ലാസ് തുടങ്ങിയ പ്രധാനപ്പെട്ട വിശദാംശങ്ങൾ ഇതിൽ പരാമർശിച്ചിട്ടില്ല. കണ്ടിൻജന്റ് രജിസ്റ്റർ, വിനിയോഗ രജിസ്റ്റർ, അഡ്വാൻസ് രജിസ്റ്റർ തുടങ്ങിയവ നിശ്ചിത ഫോമിൽ പരിപാലിക്കുന്നില്ല.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഹാൻഡ്ബുക്കിൽ വിദ്യാർഥികൾ കോഷൻ ഡെപ്പോസിറ്റ് അടക്കുന്നതു സംബന്ധിച്ച് വിശദീകരണമുണ്ട്. സർക്കാർ- സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ പ്രവേശനസമയത്ത് കോഷൻ ഡെപ്പോസിറ്റ് അടക്കണം. വിദ്യാർഥി പ്രവേശനസമയത്ത് അടച്ച കോഷൻ ഡെപ്പോസിറ്റ് കോഴ്സ് പൂർത്തിയാകുന്നതുവരെ സ്ഥാപനത്തിൽ സൂക്ഷിക്കും. പഠനാവസാനം കോഷൻ ഡെപ്പോസിറ്റ്, വിദ്യാർഥിയിൽനിന്ന് അപേക്ഷ സ്വീകരിച്ച് റീഫണ്ട് ചെയ്യും. ഏതെങ്കിലും കാരണത്താൽ കുടിശ്ശികയുണ്ടെങ്കിൽ അത് തീർന്നതിനുശേഷമാണ് തുക നൽകുന്നത്.
ലൈബ്രറി പുസ്തകങ്ങളുടെ നഷ്ടം, ലബോറട്ടറി ഉപകരണങ്ങളുടെ കേടുപാടുകൾ, കോളജുകളുടെ വസ്തുവകകൾക്ക് സംഭവിച്ച മറ്റേതെങ്കിലും നഷ്ടം, പിഴ ഈടാക്കൽ, ഫീസ് കുടിശ്ശിക എന്നിവയെല്ലാം പരിശോധിച്ചാണ് കോഷൻ ഡെപ്പോസിറ്റ് തിരിച്ചു നൽകുന്നത്. തുകയുടെ റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ചതിനുശേഷം, നിശ്ചിത സമയത്തിനുള്ളിൽ അത് ക്ലെയിം ചെയ്യാത്ത വിദ്യാർഥികളുടെ കോഷൻ ഡെപ്പോസിറ്റ് വിതരണം ചെയ്യുന്ന തീയതി പ്രസിദ്ധീകരിക്കാൻ കോളജ് പ്രിൻസിപ്പൽമാർ നടപടിയെടുക്കണം (കോഴ്സ് പൂർത്തിയാക്കിയ തീയതി മുതൽ 12 മാസം). എന്നിട്ടും രണ്ട് മാസത്തിനുള്ളിൽ ക്ലെയിം ചെയ്യപ്പെടാത്ത കോഷൻ ഡെപ്പോസിറ്റ് കണ്ടുകെട്ടുകയും സർക്കാർ (യൂനിവേഴ്സിറ്റി) റവന്യൂവിലേക്ക് അടക്കുകയും ചെയ്യും.
എഴുത്തച്ഛൻ സർവകലാശാലയിൽ സൂക്ഷിക്കുന്ന കോഷൻ ഡെപ്പോസിറ്റ് രജിസ്റ്റർ അപൂർണമാണ്. 2019 -20 വർഷത്തേക്കുള്ള പ്രവേശനം വരെ എഴുതിയിട്ടുണ്ട്. എന്നാൽ, വൗച്ചർ നമ്പർ, തീയതി, അക്വിറ്റൻസ് (മറ്റ് വിവരങ്ങൾ) തുടങ്ങിയ റീഫണ്ട് വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. രജിസ്റ്റർ പ്രകാരം 684 വിദ്യാർഥികളുടെ 7.04 ലക്ഷം രൂപ ക്ലെയിം ചെയ്യാതെ കിടപ്പുണ്ട്.
നിർദേശിച്ചിട്ടുള്ള പ്രകാരം കോഷൻ മണി ഡെപ്പോസിറ്റ് രജിസ്റ്റർ സർവകലാശാല സൂക്ഷിക്കാത്തതിനാൽ നിക്ഷേപത്തിന്റെ ശേഖരണം, നിക്ഷേപത്തിൽനിന്ന് റീഫണ്ട് ചെയ്ത തുക, റീഫണ്ട് തീർപ്പാക്കാത്ത തുക, കാലഹരണപ്പെട്ട തുക തുടങ്ങിയവയുടെ വിശദാംശങ്ങൾ ഓഡിറ്റിന് സ്ഥിരീകരിക്കാൻ കഴിയില്ല. അതുപോലെ ഓഡിറ്റ് ഒബ്ജക്ഷൻ റിപ്പോർട്ട് പരിപാലിക്കാത്തത് സംബന്ധിച്ച് മുൻ പരിശോധനാ റിപ്പോർട്ടുകളിൽ പരാമർശമുണ്ടായിരുന്നുവെങ്കിലും ഒന്നും സൂക്ഷിക്കുന്നില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഒന്നിനും നാഥനില്ലാത്ത അവസ്ഥയാണ് എഴുത്തച്ഛൻ സർവകലാശാല നേരിടുന്നത്. ഈ അവ്യവസ്ഥ വലിയ അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനും വഴിയൊരുക്കും. സർവകലാശാലക്കുള്ളിൽ ജനാധിപത്യവും സുതാര്യതയും നീതിയും പാഴ് വാക്കുകളായി മാറും.
ഗവേഷകരില്ലാത്ത ഗവേഷണമേഖല
സുപ്രധാന മേഖലകളിൽ ഗവേഷണം പ്രോത്സാഹിപ്പിച്ച് ജ്ഞാനോൽപാദനം നടത്തുകയായിരുന്നു എഴുത്തച്ഛൻ സർവകലാശാലയുടെ ലക്ഷ്യം. യു.ജി.സി 2016ലെ (എം.ഫിൽ/ പിഎച്ച്.ഡി ബിരുദങ്ങൾക്കുള്ള മിനിമം സ്റ്റാൻഡേഡുകളും നടപടിക്രമങ്ങളും) റെഗുലേഷൻസ് പ്രകാരം പ്രഫസറായ ഒരു റിസർച് സൂപ്പർവൈസർ/ കോസൂപ്പർവൈസർ, ഒരു നിശ്ചിത സമയത്ത് മൂന്ന് എം.ഫിൽ, എട്ട് പിഎച്ച്.ഡി ഗവേഷകരിൽ കൂടുതൽ പേർക്ക് മാർഗനിർദേശം നൽകാൻ പാടില്ല. റിസർച് സൂപ്പർവൈസർ എന്ന നിലയിൽ ഒരു അസോസിയേറ്റ് പ്രഫസർക്ക് പരമാവധി രണ്ട് എം.ഫിൽ, ആറ് പിഎച്ച്.ഡി സ്കോളർമാരെയും റിസർച് സൂപ്പർവൈസർ എന്ന നിലയിൽ മാർഗനിർദേശം നൽകാം.
അസിസ്റ്റന്റ് പ്രഫസർക്ക് പരമാവധി ഒരു എം.ഫിലും നാല് പിഎച്ച്.ഡിയും വരെ മാർഗനിർദേശം നൽകാം. ഓഡിറ്റിന് നൽകിയ വിശദാംശങ്ങൾ അനുസരിച്ച്, മതിയായ പ്രഫസർ/ അസോസിയേറ്റ് പ്രഫസർ/ അസിസ്റ്റന്റ് പ്രഫസർമാരുടെ എണ്ണം സർവകലാശാലയിൽ ലഭ്യമാണെങ്കിലും എം.ഫിൽ, പിഎച്ച്.ഡി എന്നീ കോഴ്സുകളിലേക്ക് വിദ്യാർഥികളുടെ പങ്കാളിത്തം കുറവാണ്.
2019-20 മുതൽ 2021-22 വരെയുള്ള കാലയളവിൽ എം.ഫിലും, പി.എച്ച്.ഡിക്കും എത്തിയ ഗവേഷകരുടെ എണ്ണം അത്ഭുതകരമാണ്.
2019-20 കാലയളവിൽ എം.ഫിൽ, പിഎച്ച്.ഡി എന്നിവക്കുള്ള വിദ്യാർഥികളുടെ പങ്കാളിത്തം കുറവാണെന്ന് ഓഡിറ്റ് ശ്രദ്ധയിൽപെട്ടു. 2020- 21, 2021 -22 വർഷങ്ങളിൽ യൂനിവേഴ്സിറ്റി ഓഫർ ചെയ്യുന്ന എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകളിൽ വിദ്യാർഥികളാരും ചേർന്നിട്ടില്ല. സർവകലാശാലയിൽ അഡ്മിഷൻ രജിസ്റ്റർ ശരിയായ ഫോമിൽ സൂക്ഷിക്കുന്നില്ലെന്നും പരിശോധയിൽ വ്യക്തമായി. കോഴ്സുകളിലേക്ക് ഓരോ വർഷവും പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണവും കോഴ്സുകളിൽനിന്ന് പാതിവഴിയിൽ ഗവേഷണം ഉപേക്ഷിച്ച വിദ്യാർഥികളുടെ വിവരങ്ങളും രജിസ്റ്ററിൽനിന്ന് ലഭ്യമല്ല. ഇതിലൊന്നും ആർക്കും ഉത്തരവാദിത്തമില്ലെന്നാണ് സർവകലാശാലയുടെ സവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.