ഏക സിവിൽ കോഡ് ആദിവാസി, ദലിത് സമൂഹങ്ങൾക്കുമേൽ അടിച്ചേൽപിക്കാൻ കഴിയിെല്ലന്ന് വാദിക്കുന്ന സാമൂഹികപ്രവർത്തകരായ ലേഖകർ, ‘‘സ്വന്തം മതധാരയിലെ കുഴപ്പങ്ങൾ മൂടിവെച്ച് മറ്റുള്ളവരെ നന്നാക്കിയേ അടങ്ങൂ എന്ന ഹിന്ദുത്വവാശിയുടെ ലക്ഷ്യം ഹൈന്ദവരാഷ്ട്ര സങ്കൽപം അടിച്ചേൽപിക്കലാണെന്ന് കരുതേണ്ടിയിരിക്കുന്നു’’വെന്ന് എഴുതുന്നു.ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന ബി.ജെ.പി സർക്കാറിന്റെ പ്രചാരണം ശക്തിപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയിലെമ്പാടും ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും...
ഏക സിവിൽ കോഡ് ആദിവാസി, ദലിത് സമൂഹങ്ങൾക്കുമേൽ അടിച്ചേൽപിക്കാൻ കഴിയിെല്ലന്ന് വാദിക്കുന്ന സാമൂഹികപ്രവർത്തകരായ ലേഖകർ, ‘‘സ്വന്തം മതധാരയിലെ കുഴപ്പങ്ങൾ മൂടിവെച്ച് മറ്റുള്ളവരെ നന്നാക്കിയേ അടങ്ങൂ എന്ന ഹിന്ദുത്വവാശിയുടെ ലക്ഷ്യം ഹൈന്ദവരാഷ്ട്ര സങ്കൽപം അടിച്ചേൽപിക്കലാണെന്ന് കരുതേണ്ടിയിരിക്കുന്നു’’വെന്ന് എഴുതുന്നു.
ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന ബി.ജെ.പി സർക്കാറിന്റെ പ്രചാരണം ശക്തിപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയിലെമ്പാടും ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത-സാമൂഹിക പ്രസ്ഥാനങ്ങളും ശക്തമായ പ്രതികരണങ്ങളുമായി രംഗത്തുവന്നു കഴിഞ്ഞിട്ടുണ്ട്. ഏക സിവിൽ കോഡ് എന്ന ആശയം ഇന്ത്യ ഒരു ജനാധിപത്യ-മതേതര റിപ്പബ്ലിക്കായി പരിവർത്തനപ്പെടുന്ന ഘട്ടത്തിൽതന്നെ പരിഗണിക്കപ്പെട്ടതാണ്. ഭരണഘടനയുടെ നിർദേശക തത്ത്വത്തിൽ (ആർട്ടിക്കിൾ 44) ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉടനടി നടപ്പാക്കാൻ കഴിയുന്ന ഒന്നായി ദേശീയ നേതൃത്വങ്ങൾ കണക്കാക്കിയിരുന്നില്ല.
വൈവിധ്യമാർന്ന മത-ജാതി-വംശീയ വിഭാഗങ്ങൾ തുടർന്നുവരുന്ന ആചാരാനുഷ്ഠാനങ്ങളും വിവാഹക്രമങ്ങളും പിന്തുടർച്ചാവകാശങ്ങളും നിലനിൽക്കുന്ന ഇന്ത്യയിൽ ഭരണഘടന നിലവിൽ വന്നപ്പോഴും പാരമ്പര്യനിയമങ്ങൾ പ്രബലമായിതന്നെ നിലനിൽക്കുന്നു എന്നത് ഒരു വസ്തുതയാണ്. പാരമ്പര്യ നിയമങ്ങളെയും, നിലവിലുള്ള അസംഘടിത നിയമങ്ങളെയും തുടച്ചുനീക്കി ‘ഒരു രാജ്യം ഒരു നിയമം’ എന്നത് ‘ഒരു രാജ്യം ഒരു കറൻസി’ എന്നു പറയുന്നതുപോലെ എളുപ്പമാണോ? മാത്രവുമല്ല, ഭരണഘടനാവകാശങ്ങളും വ്യക്തിനിയമങ്ങളും നിലനിൽക്കുമ്പോഴും പാരമ്പര്യനിയമങ്ങൾ മൗലികാവകാശത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടുവരുന്നുമുണ്ട്.
സ്വത്തവകാശം, സ്വകാര്യസ്വത്ത് ഉടമസ്ഥത ഇല്ലാത്ത അവകാശം, വൈവിധ്യമാർന്ന ഭൂവുടമസ്ഥത, വിഭവവിനിയോഗത്തിലെ രീതിയിലുള്ള വൈവിധ്യം, മത-സാമുദായിക വിഭാഗങ്ങളുടെ സാമൂഹിക ഘടനയിലുള്ള വ്യത്യാസങ്ങൾ തുടങ്ങിയവയെല്ലാം ‘ഒരു രാജ്യം ഒരു നിയമം’ എന്നത് ശ്രമകരമാക്കും. വ്യക്തിനിയമങ്ങളിൽ പൊടുന്നനെയുള്ള മാറ്റം സാധ്യമാകണമെങ്കിൽ സാമൂഹിക-സാമ്പത്തിക മണ്ഡലത്തിൽ ഘടനാപരമായ അഴിച്ചുപണിയും അനിവാര്യമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സാമൂഹിക-സാമ്പത്തിക പരിഷ്കാരം വേഗതയിലാക്കാനുള്ള പരിഷ്കരണ പ്രസ്ഥാനങ്ങൾ ഇല്ലെന്നതും ഒരു വസ്തുതയാണ്. ഈ സാഹചര്യത്തിൽ ബി.ജെ.പി സർക്കാർ പ്രഖ്യാപിക്കുന്ന ഏക സിവിൽ കോഡ് വാദം എന്ത് ഫലമാണ് സൃഷ്ടിക്കുക?
ഭരണഘടനയുടെ നിർദേശക തത്ത്വങ്ങൾ ഏറ്റെടുക്കുന്നതിൽ ഭരണകർത്താക്കൾ വിജയിച്ചിട്ടുണ്ടോ? ഭരണഘടന തൊട്ട് ആണയിട്ട് അധികാരത്തിൽ കയറുന്നവർ അത് പാലിച്ചിട്ടുണ്ടോ? അനുച്ഛേദം 36 മുതൽ 51 വരെയുള്ള നിർദേശക തത്ത്വങ്ങളിൽ സുപ്രധാനമായവ സാമ്പത്തികനീതി, ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ലായ്മചെയ്യൽ, ലിംഗനീതി ഉറപ്പുവരുത്തൽ എന്നിവയാണ്. ഏക സിവിൽ കോഡും ഇതിലുണ്ടെന്നത് ശരിയാണ്. ഇന്ത്യ ഒരു റിപ്പബ്ലിക് ആയതിനുശേഷം ഭരണഘടനയിലെ ഈ നിർദേശക തത്ത്വങ്ങൾ നടപ്പാക്കിയതിലെ ട്രാക്ക് െറക്കോഡ് മോശമാണെന്നതാണ് വസ്തുത. ഭൂമിയും വിഭവങ്ങളും വിതരണം ചെയ്യുന്നതിലുള്ള വിടവുകൾ കൂടിവരുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവുകൾ കൂടിവരുന്നു. ജാതീയമായ അതിക്രമങ്ങൾ വർധിച്ചുവരുന്നു എന്നതൊക്കെയാണ് 70 വർഷത്തെ ഫലം.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സോഷ്യലിസം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സാമ്പത്തിക മണ്ഡലത്തിലും സാമൂഹിക മണ്ഡലത്തിലും ഘടനാപരമായ മാറ്റമായാണ് നിർദേശക തത്ത്വം പ്രഖ്യാപിക്കുന്നത്. സാമ്പത്തിക നീതി ഉറപ്പാക്കാൻ പുതുതായി ഒന്നും ദേശീയ നേതൃത്വങ്ങൾ ചെയ്തിട്ടില്ല. ദുർബലവിഭാഗങ്ങളുടെ പരിരക്ഷക്കുണ്ടായിരുന്ന വകുപ്പ് (ആർട്ടിക്കിൾ 46) ദുരുപയോഗം ചെയ്ത് ബി.ജെ.പി സർക്കാർ സവർണസംവരണത്തിന്റെ പേരിൽ ജാതിമേധാവിത്വം ഉറപ്പിച്ചു. ഒരു ജനാധിപത്യ-സെക്കുലർ ആശയം എന്ന നിലയിലാണ് നിർദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയത്. എന്നാൽ, പള്ളിപൊളിക്കൽ, പൗരത്വം പുനർനിർവചനം ചെയ്ത് ന്യൂനപക്ഷങ്ങളെ വേട്ടയാടൽ, ഗോത്രസ്വയംഭരണം തകർത്ത് മണിപ്പൂരിനെ കലാപഭൂമിയാക്കൽ തുടങ്ങിയ പദ്ധതികൾക്കുള്ള ഉപാധിയായി മാത്രമാണ് ബി.ജെ.പി സർക്കാർ നിർദേശക തത്ത്വങ്ങളെ ഉപയോഗിക്കുന്നത്.
ബഹുഭാര്യത്വം, സതി സമ്പ്രദായം, പുരുഷാധിപത്യം തുടങ്ങിയ അനാചാരങ്ങളും അതിക്രമങ്ങളും പ്രബലമായ ഹിന്ദുമതത്തെ നവീകരിക്കാതെ ഇന്ത്യയെ ഒരു ജനാധിപത്യ സമൂഹമായി പരിവർത്തനപ്പെടുത്തുക സാധ്യമല്ലെന്ന നിലപാടാണ് ദേശീയ നേതൃത്വങ്ങൾക്ക് ഉണ്ടായിരുന്നത്. ഡോ. ബി.ആർ. അംബേദ്കറാകട്ടെ ഒരു ജനാധിപത്യ ഭരണഘടനക്കുവേണ്ടി പ്രയത്നിക്കുമ്പോൾ തന്നെ, ഹിന്ദുമതത്തിലെ നവീകരണവും തുല്യപ്രാധാന്യത്തോടെ കണ്ടിരുന്നു. ഇന്ത്യയെ ഒരു ജനാധിപത്യ റിപ്പബ്ലിക്കായി പരിവർത്തനപ്പെടുത്തുന്നതിൽ വിഘാതമായി നിൽക്കുന്നത് ഹിന്ദുമതത്തിന്റെ ഭാഗമായ ജാതിവ്യവസ്ഥ, പുരുഷാധിപത്യം, സവർണ മാടമ്പികൾ ഇഷ്ടാനുസരണം വ്യാഖ്യാനം ചെയ്തുകൊണ്ടിരുന്ന സ്മൃതികളുടെ സ്വാധീനവുമായിരുന്നു എന്നത് ഒരു വസ്തുതയാണ്. ലിഖിതമായ ഒരു കോഡ് ഹിന്ദുമതത്തിന് പൊതുവിൽ ഉണ്ടായിരുന്നില്ല. ഇന്ത്യാവിഭജനത്തിന്റെ പശ്ചാത്തലത്തിൽ ന്യൂനപക്ഷവിഭാഗങ്ങളിൽ നിലനിന്നിരുന്ന അരക്ഷിതാവസ്ഥ കണക്കിലെടുത്ത് മുസ്ലിം മതവിഭാഗത്തിനായുള്ള ഒരു സിവിൽ നിയമം േക്രാഡീകരിക്കുന്നത് പരിഗണിച്ചിട്ടുപോലുമില്ല. വ്യക്തിനിയമങ്ങളുടെ പരിഷ്കരണം എന്നതിനായിരുന്നു പരിഗണന നൽകിയിരുന്നത്.
ഏറെ സങ്കീർണവും ശിഥിലവുമായ ഹിന്ദുസമൂഹത്തിനുവേണ്ടി വിവാഹം, സ്വത്തവകാശം, വിവാഹമോചനം, മെയിന്റനൻസ്, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തി സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് ഉൗന്നൽനൽകുന്ന തരത്തിൽ ഹിന്ദുകോഡ് കൊണ്ടുവരാനാണ് നിരവധി നിയമങ്ങൾ ഡോ. ബി.ആർ. അംബേദ്കർ നിർദേശിച്ചത്. ഹൈന്ദവ വിവാഹവുമായി ബന്ധപ്പെട്ട് സിവിൽ നിയമത്തോടൊപ്പം പാരമ്പര്യരീതിക്ക് നിയമസാധുത നൽകുന്ന രീതിയും അവലംബിക്കപ്പെട്ടു. അതോടൊപ്പം, പാരമ്പര്യരീതി ജാതിയിലധിഷ്ഠിതമായതിനാൽ ജാതി -ഉപജാതിക്കതീതമായ വൈവാഹികരീതിക്ക് നിയമസാധുത ലഭിക്കുന്ന ഒരു നിയമത്തിന് രൂപരേഖ തയാറാക്കിയിരുന്നു. വ്യക്തികൾക്ക് തലമുറയായി സ്വത്തവകാശം കൈമാറി കിട്ടുന്ന ഭാഗധേയക്രമത്തെ പരിഷ്കരിക്കുകയും അതിൽ സ്ത്രീകൾക്ക് അവകാശം ഉറപ്പാക്കുകയും ചെയ്യുന്ന സമീപനം അവതരിപ്പിക്കപ്പെട്ടു.
വിവാഹമോചനത്തിനുള്ള അവകാശം ഉറപ്പാക്കുന്നതോടൊപ്പം ഹിന്ദുമതത്തിലെ പുരുഷാധിപത്യത്തിന് പോറലേൽപിക്കുന്ന നിരവധി പരിഷ്കാരങ്ങളായിരുന്നു ഹിന്ദു കോഡ് ബില്ലിൽ നിർദേശിച്ചിരുന്നത്. എന്നാൽ, ഹിന്ദുമഹാസഭ, ജനസംഘ് തുടങ്ങിയ ഹിന്ദുസംഘടനകളും യാഥാസ്ഥിതികരായ ദേശീയ നേതാക്കളും അംബേദ്കർ അവതരിപ്പിച്ച നിയമങ്ങളെ ശക്തമായി എതിർത്തു. ഈ സാഹചര്യത്തിലാണ് ഡോ. അംബേദ്കർ നിയമമന്ത്രിസ്ഥാനം രാജിവെക്കുന്നത്. ഒരു സാമൂഹിക ജനാധിപത്യം ഉറപ്പുവരുത്തുന്ന ഭരണഘടന എത്രത്തോളം അനിവാര്യമാണോ അത്രത്തോളം പ്രാധാന്യം ഹിന്ദു കോഡിനും അംബേദ്കർ നൽകിയിരുന്നു. അംബേദ്കറുടെ രാജിക്കുശേഷം ജവഹർലാൽ നെഹ്റു പാസാക്കിയെടുത്ത ഹിന്ദു കോഡ് നിയമങ്ങൾ അംബേദ്കർ അവതരിപ്പിച്ച നിയമത്തിന്റെ വെട്ടിമുറിച്ച രൂപം മാത്രമാണ്. ജാതി-ഉപജാതിക്കതീതമായ വൈവാഹികരീതിക്ക് നിയമസാധുത നൽകാനുള്ള കരട് നിയമം ഒഴിവാക്കപ്പെട്ടു. ഇന്ത്യ ഇന്നെത്തിനിൽക്കുന്ന തുറന്ന ഹൈന്ദവ ഫാഷിസത്തിന്റെ ഭീഷണിക്ക് കാരണമായത് ഹിന്ദുമതത്തിന്റെ ആഭ്യന്തര പരിഷ്കരണം തടയപ്പെട്ട സാഹചര്യമാണെന്ന് 70 വർഷത്തിന് ശേഷമെങ്കിലും നമ്മുടെ ദേശീയ നേതൃത്വങ്ങൾ അംഗീകരിക്കേണ്ടതുണ്ട്.
സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ഹിന്ദുമതത്തിന്റെ വൈവാഹിക രീതിയിലെ ജാതിമേധാവിത്വത്തിന്റെ നേർചിത്രമാണ് വർധിച്ചുവരുന്ന ജാതിക്കൊലകൾ. 2014ലെ ഇന്ത്യൻ ഹ്യൂമൻ ഡെവലപ്മെന്റ് സർവേ അനുസരിച്ച് (ഐ.ഡി.എച്ച്.എസ്) ഇന്ത്യയിലെ ജാതിമാറിയുള്ള വിവാഹം അഞ്ചു ശതമാനം മാത്രമാണ്. ജാതിമാറിയുള്ള വിവാഹത്തിന്റെ പേരിൽ നടക്കുന്ന കൊലകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നു. 2016ൽ 750 ആയി വർധിച്ചതായാണ് കണക്ക്. ശൈശവവിവാഹത്തിലും ഹിന്ദുക്കൾ മുന്നിലാണേത്ര. കേരളംപോലുള്ള പുരോഗമന നാട്ടിൽപോലും എസ്.സി/എസ്.ടി വിഭാഗങ്ങൾ വിവാഹക്കമ്പോളത്തിൽ അന്വേഷകരായി എത്തേണ്ടതില്ല എന്ന പരസ്യങ്ങൾ വ്യാപകമാണ്. മാധ്യമങ്ങളിൽപോലും സ്ഥാപനവത്കരിക്കപ്പെട്ട ഈ ക്രിമിനൽ കുറ്റത്തെ േപ്രാത്സാഹിപ്പിക്കുന്നു എന്നത് സമൂഹത്തിന്റെ ഗതി എങ്ങോട്ടാണെന്നതിന്റെ സൂചനയാണ്. സ്പെഷൽ മാര്യേജ് ആക്ടുപോലും ജാതിവിവാഹങ്ങളായി പരിവർത്തനപ്പെടുത്താൻ ചില സംസ്ഥാന സർക്കാറുകളും കോടതിയും ഇടപെടുന്നതായും ചില വാർത്തകൾ വന്നുകഴിഞ്ഞു. സ്പെഷൽ മാര്യേജ് ആക്ടിന്റെ വ്യവസ്ഥയനുസരിച്ച് ഒരു മാസക്കാലം സമയം നൽകുന്നത് എന്തിനാണ്? അച്ഛനമ്മമാരെ ഒരു മാസക്കാലയളവിനുള്ളിൽ അറിയിക്കണമെന്ന നിർദേശം മിശ്രവിവാഹങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണെന്നുകൂടി അനുമാനിക്കാം.
ബഹുസ്വരമായ ആചാരാനുഷ്ഠാനം പിന്തുടർന്നു വരുന്ന ഗോത്രവർഗ വിഭാഗങ്ങളെ ഏക സിവിൽ കോഡിനുള്ളിൽ കൊണ്ടുവരാൻ കഴിയില്ലെന്ന നിലപാട് 21ാം നിയമ പരിഷ്കരണ കമീഷൻ സൂചിപ്പിച്ചിട്ടുണ്ട്. ഭരണഘടന 5, 6 പട്ടികകളുടെ സംരക്ഷണമുള്ള ഗോത്രവർഗ വിഭാഗങ്ങളുടെ ഭൂവുടമസ്ഥത രീതി, സ്വത്തവകാശം, ഭൂമി കൈമാറ്റം, വിവാഹം തുടങ്ങിയവയെല്ലാം പൊതു നിയമങ്ങളിൽനിന്നും വിശേഷിച്ചും ഹിന്ദു നിയമങ്ങളിൽനിന്നും വിഭിന്നമാണ്. ഭരണഘടനാപരമായി പരമ്പരാഗത നിയമങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഭരണഘടനയുടെ 13ാം അനുച്ഛേദമനുസരിച്ച് രാജ്യത്തെ പ്രബല നിയമങ്ങളോടൊപ്പം, പാരമ്പര്യ നിയമങ്ങൾക്ക് പരിരക്ഷയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് ഗോത്രവർഗ മേഖലകൾക്ക് സ്വയംഭരണം അംഗീകരിക്കപ്പെട്ടുവരുന്നു. ഏക സിവിൽ കോഡ് അടിച്ചേൽപിക്കുന്നത് ഗോത്രവർഗ മേഖലയുടെ സ്വയം ഭരണവും സംസ്കാരവും തുടച്ചുനീക്കുന്നതിലേക്ക് നയിക്കും. ദേശീയതലത്തിൽ ഗോത്രവർഗക്കാർ ആവശ്യപ്പെടുന്നത് പ്രകൃതിമതത്തിന്റെ പിൻബലമുള്ള പ്രത്യേക സിവിൽ കോഡാണ് (സർണ കോഡ്). ഗോത്രവർഗ മേഖലയിൽനിന്നും ഈ ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടു കഴിഞ്ഞു.
ഗോത്രവർഗ വിഭാഗങ്ങളുടെ സംസ്കാരം, ആചാരരീതി, സ്വയംഭരണം എന്നിവയിലേക്ക് ബാഹ്യസമൂഹം ഭരണഘടനാവിരുദ്ധമായി കൈകടത്തുന്നതാണ് കുക്കികളുടെ വംശഹത്യയിലേക്ക് നയിക്കുന്ന കലാപമായി മാറിയത്. പട്ടികവർഗ ലിസ്റ്റ് എന്നത് ഭരണഘടനാ അവകാശമാണ്. അതിനെ ഒരു രാഷ്ട്രീയ ആയുധമാക്കാൻ എക്സിക്യൂട്ടിവിനോ നിയമസഭകൾക്കോ ജുഡീഷ്യറിക്കോ അധികാരമില്ല. വളരെ സെൻസിറ്റിവായ ഈ വിഷയം കൈകാര്യം ചെയ്യാൻ ഒരു രീതിശാസ്ത്രം, ഭരണസംവിധാനം വികസിപ്പിച്ചിട്ടുണ്ട്. പ്രാഥമികമായി ഗോത്രവർഗ വിഭാഗങ്ങളുടെ വംശീയമായ വ്യതിരിക്തത അംഗീകരിക്കുന്ന ഒരു സമീപനമാണ് ഭരണകർത്താക്കൾക്കുണ്ടാകേണ്ടത്.
ഹിന്ദു കോഡ് നിയമത്തിൽ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾ ഒഴികെ എന്ന് പറയുന്നുണ്ടെങ്കിലും ചാതുർവർണവ്യവസ്ഥയുടെ ഭാഗമായി കണക്കാക്കപ്പെടുന്ന ഹിന്ദുവിഭാഗങ്ങൾക്ക് ഹിന്ദു കോഡ് നിയമങ്ങൾ ബാധകമാക്കാൻ കഴിയുമോ? സ്വത്തവകാശത്തിൽനിന്നും വിഭവാധികാരത്തിൽനിന്നും പൂർണമായും പുറത്തു നിർത്തപ്പെട്ടിരുന്ന ദലിതർക്കും പിന്നാക്കവിഭാഗങ്ങളിലെ മഹാഭൂരിപക്ഷത്തിനും ഹിന്ദു പിന്തുടർച്ചാവകാശമായ മിതാക്ഷര നിയമമോ ദായഭാഗക്രമമോ അടിച്ചേൽപിക്കാൻ കഴിയുമോ? പിതൃ അധികാരത്തെയും പുരുഷാധിപത്യത്തെയും ശാശ്വതസത്യമായി നിലനിർത്തുന്ന തരത്തിലുള്ള ഒരു ദായക്രമമോ അതിന്റെ പരിഷ്കാര രൂപങ്ങളോ ഒരു ഏക സിവിൽ കോഡിൽ അടിച്ചേൽപിക്കാനാകില്ല. ഹിന്ദുക്കളുടെ വിവാഹമോചന സങ്കൽപമോ ദത്തവകാശമോ മെയിന്റനൻസ് തുടങ്ങിയ കാര്യങ്ങളോ ബാധകമല്ല. ഹിന്ദു കോഡിൽ മുസ്ലിം, ക്രിസ്ത്യൻ എന്നീ മതങ്ങൾ ഒഴികെ എന്ന് പറയുമ്പോഴും നിയമപരമായി അത് മാൻഡേറ്ററിയല്ല.
ഏകസിവിൽ കോഡിനെതിരെ വിവിധ ഗോത്ര വിഭാഗങ്ങളുടെ നേതൃത്വത്തിൽ റാഞ്ചിയിലെ രാജ് ഭവന് സമീപത്ത് നടന്ന ധർണ
രാജ്യത്തെ ബഹുഭൂരിപക്ഷം ദലിത് പിന്നാക്ക വിഭാഗങ്ങളും വലിയ ഒരളവുവരെ മതേതരവിഭാഗങ്ങളാണ്. ബഹുഭൂരിപക്ഷം പേരും കസ്റ്റമറി രീതികൾ തുടരുന്നു. വൈവാഹിക ക്രമത്തിലും മറ്റ് സാംസ്കാരിക രീതികളിലും ഹിന്ദുസ്വാധീനം അടുത്ത ദശകങ്ങളായി സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും വൈവിധ്യമാർന്ന മതധാരകളിലും –ബുദ്ധ, സിഖ്, ക്രിസ്ത്യൻ തുടങ്ങിയവയിൽ– മതേതരമായ ജീവിതരീതി തുടരുന്നവരും പ്രബലരാണ്. ഗോത്രവർഗക്കാരെ പോലെ പല സാമൂഹിക വിഭാഗങ്ങളിലും, തണ്ണീർത്തടാശ്രിത സമൂഹങ്ങളിൽ – സ്ത്രീകൾ, പൊതുവിൽ പ്രത്യേക പരിഗണനയുണ്ട്. പുരുഷാധിപത്യം താരതമ്യേന ദുർബലമാണ്. എന്തായാലും മതേതരമായ ഒരു സിവിൽ കോഡ് ഈ വിഭാഗത്തിന് ഏറെ സാധ്യത നൽകുന്നുണ്ട്. അതിന് ഒരു ഹിന്ദു കോഡുമായി ബന്ധമുണ്ടാകാൻ കഴിയില്ല. പുതിയ ഒരു ഭൂവിതരണ ക്രമവും ഭൂമിയുടെ പുനർ വിതരണം നടപ്പാക്കുകയാണെങ്കിൽ സ്ത്രീകൾക്കും പുരുഷനും തുല്യപ്രാധാന്യമുള്ള ഉടമസ്ഥതാ സമ്പ്രദായവും പിന്തുടർച്ചാവകാശ രീതിയും നടപ്പാക്കിയെടുക്കാൻ കഴിയും.
ഇന്ത്യയിൽ അടുത്തകാലത്തായി ഗോത്രവർഗ മേഖലയിൽ നടപ്പാക്കിയ ഒരു നിയമമാണ് ആദിവാസി വനാവകാശ നിയമം. വ്യക്തിഗത വനാവകാശവും സാമൂഹിക വനാവകാശവും നിയമം അംഗീകരിക്കുന്നുണ്ട്. താരതമ്യേന സ്ത്രീകൾക്ക് പരിഗണന നൽകുന്ന ഗോത്രവിഭാഗമെന്ന നിലയിൽ വ്യക്തിഗത വനാവകാശം നൽകപ്പെട്ടിരിക്കുന്നത് സ്ത്രീക്കും പുരുഷനും തുല്യപരിഗണന നൽകിക്കൊണ്ടാണ്. പിന്തുടർച്ചാവകാശവും, ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കഴിയൂ. കൈമാറ്റം കുടുംബ താവഴി മാത്രവുമാണ്.
മേൽ വിശദീകരിച്ച പശ്ചാത്തലം സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ഹിന്ദുമത വിഭാഗമുൾപ്പെടെയുള്ളവർക്ക് ഏക സിവിൽ കോഡ് നടപ്പാക്കിയെടുക്കുക എളുപ്പമല്ല എന്നാണ്. ചില പ്രത്യേക മതവിഭാഗങ്ങളിലെ വ്യക്തിനിയമങ്ങൾ പൂർണമായും പ്രസ്തുത മതത്തിന്റെ മൂല്യസങ്കൽപങ്ങളുമായി ബന്ധപ്പെട്ടതല്ല എന്ന വ്യാഖ്യാനമാണ് കോടതി വിധികളിൽ സ്വീകരിച്ചിരിക്കുന്നത്. മതസംഹിതകളെ വ്യാഖ്യാനിക്കുന്നതിലെ ഭിന്നതയും ഒരു ഘടകമാണ്. എങ്കിലും വ്യക്തിനിയമങ്ങളുടെ പരിഷ്കരണത്തിനാണ് പ്രാധാന്യം നൽകിവരുന്നത്. സ്ത്രീകളുടെ അവകാശം ഉറപ്പുവരുത്തും വിധം വ്യക്തിനിയമങ്ങളിൽ പരിഷ്കരണം അനിവാര്യമാണ്. അതിന് ഏക സിവിൽ കോഡ് എന്ന ഭരണഘടനാ നിർദേശക തത്ത്വത്തെ ആയുധമാക്കുന്നത് ശരിയല്ല. എല്ലാ മത, ജാതി, സാമൂഹിക വിഭാഗങ്ങളിലും നവീകരണവും പരിഷ്കരണങ്ങളും നടക്കണം. ഇത്തരം പരിഷ്കരണങ്ങളുടെ വേഗത സാമ്പത്തിക സാമൂഹികമാറ്റം കൂടി വരുത്തിക്കൊണ്ടായിരിക്കണം. അതല്ലാതെ സ്വന്തം മതധാരയിലെ കുഴപ്പങ്ങൾ മൂടിവെച്ച് മറ്റുള്ളവരെ നന്നാക്കിയേ അടങ്ങൂ എന്ന വാശിയുടെ ലക്ഷ്യം നിഗൂഢമാണ്. അത് ഹൈന്ദവരാഷ്ട്ര സങ്കൽപം അടിച്ചേൽപിക്കലാണെന്ന് കരുതേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.