യു.എസിൽ എട്ടു പതിറ്റാണ്ട് മുമ്പ് ദുരൂഹമായി കാണാതായ ആ ഇന്ത്യൻ ജേണലിസം വിദ്യാർഥിനിക്ക് എന്തു സംഭവിച്ചു? പ്രമുഖ സാമ്പത്തിക വിദഗ്ധനും ആദ്യ കേന്ദ്ര റെയിൽവേ മന്ത്രിയും മലയാളിയുമായ ഡോ. ജോൺ മത്തായിയുടെ മകളായിരുന്നു ആ വിദ്യാർഥിനി. ഒാർമകളിൽനിന്ന് ആ പഴയ വാർത്ത തേടിപ്പോവുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ.
സ്തോഭജനകമായ ഒരു മാധ്യമവാർത്ത അത്യാവേശത്തോടെ ഏറെനാൾ പിന്തുടർന്നതിന്റെ ഏറ്റവും പഴക്കമുള്ള എന്റെ ഓർമ ചെന്നുതൊടുന്നത് 1940കളിലാണ്. പ്രശസ്തനായ ഡോ. ജോൺ മത്തായിയുടെ മകൾ വൽസയെ കാണാനില്ലെന്നായിരുന്നു ഞാൻ ആദ്യം വായിച്ച ആ റിപ്പോർട്ട്. ന്യൂയോർക്കിലെ കൊളംബിയ യൂനിവേഴ്സിറ്റിയിൽ ജേണലിസം വിദ്യാർഥിനിയായിരുന്നു വൽസ. കനത്ത മഞ്ഞുവീഴ്ചയുള്ള ഒരു ദിവസം രാവിലെ ഹോസ്റ്റൽ മുറിയിൽനിന്ന് ഇറങ്ങിയശേഷം അവരെപ്പറ്റി വിവരമൊന്നുമില്ലെന്നായിരുന്നു അടുത്ത ദിവസങ്ങളിലെ വാർത്തകൾ. പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. ശക്തമായ ഹിമവാതം ജീവനെടുത്തതാകാം എന്നായി പൊലീസിന്റെ അന്തിമ തീർപ്പ്. പക്ഷേ, മൃതദേഹം കണ്ടെത്താനായില്ല.
ഒരാളെ കാണാതായ വാർത്ത ഒരു മലയാള പത്രം ഏറെനാൾ വിടാതെ പിന്തുടരുകയെന്ന് അക്കാലത്ത് പതിവില്ലാത്തതാണ്. കൊല്ലത്ത് സ്കൂൾ വിദ്യാർഥിയാണ് അന്നു ഞാൻ. മലയാളം പത്രങ്ങൾ പതിവായി വായിക്കുന്ന ശീലമുണ്ട്. വൽസ മത്തായിയുടെ കുടുംബത്തിന്റെ വേദനകൾ പതിയെ എന്റേതുകൂടിയാവുക സ്വാഭാവികം.
ആഗോള വാർത്താവിനിമയ സംവിധാനം വേണ്ടത്ര വളർന്നിട്ടില്ലാത്തൊരു കാലത്ത് ഒരു മലയാള പത്രം എങ്ങനെ എല്ലാ ദിവസവും ഇത്ര സൂക്ഷ്മമായി തുടർവാർത്തകൾ നൽകിക്കൊണ്ടിരിക്കുന്നുവെന്നായി എന്റെ കൗതുകം. അന്നത്തെ ഞങ്ങളുടെ സംസ്ഥാനമായ തിരുവിതാംകൂറിൽ പൊതുരംഗത്ത് സജീവ സാന്നിധ്യമാണ് അച്ഛൻ എ.കെ. ഭാസ്കർ. നിയമസഭയിൽ അംഗമാണ്. ഇംഗ്ലീഷ് പത്രം ‘ഹിന്ദു’ വീട്ടിൽ വരുത്തുന്നുണ്ട്, മൂന്ന് മലയാള പത്രങ്ങളും. കൊല്ലത്തുകാരന്റെ സ്വന്തം പത്രമായ ‘മലയാളരാജ്യം’, തലസ്ഥാന നഗരമായ തിരുവനന്തപുരത്തുനിന്നിറങ്ങുന്ന ‘കേരള കൗമുദി’, കോട്ടയത്തുനിന്നുള്ള ‘പൗരധ്വനി’ എന്നിവയാണ് ആ മലയാള പത്രങ്ങൾ. ആവിയന്ത്രത്തിലോടുന്ന മീറ്റർ ഗേജ് ട്രെയിനിൽ ചെന്നൈയിൽനിന്ന് 24 മണിക്കൂർ സഞ്ചരിച്ചാണ് ‘ഹിന്ദു’ എത്തുന്നത്. ‘മലയാളരാജ്യ’വും ‘കേരള കൗമുദി’യും രാവിലെ എത്തും. ‘പൗരധ്വനി’ വൈകീട്ടും. പഴക്കമേറെയുള്ള കോട്ടയം പത്രം ‘മലയാള മനോരമ’ അന്ന് അത്ര പ്രചാരത്തിലില്ല. തിരുവിതാംകൂർ സർക്കാർ ‘മനോരമ’ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 1947ൽ രാജ്യം സ്വതന്ത്രമായ ശേഷമാണ് ആ വിലക്ക് നീങ്ങുന്നത്.
കോട്ടയത്തുനിന്നെത്തുന്ന ‘പൗരധ്വനി’യാണ് വൽസ മത്തായിയെ കുറിച്ച വിശദാംശങ്ങൾ നൽകിക്കൊണ്ടിരുന്നത്. അവർക്ക് ജോൺ മത്തായിയുടെ കുടുംബത്തോട് പ്രത്യേക താൽപര്യം സ്വാഭാവികമാണെന്ന് ഞാൻ മനസ്സിലാക്കി. അദ്ദേഹം ജീവിക്കുന്നതും തൊഴിലും സംസ്ഥാനത്തിന് പുറത്താണെങ്കിലും മധ്യ തിരുവിതാംകൂറിലെ അറിയപ്പെട്ട കുടുംബക്കാരനാണ്. കാണാതായ വൽസയെ കുറിച്ച വിവരങ്ങളുടെ സ്രോതസ്സ് കുടുംബം തന്നെയാകണം. ദിവസങ്ങൾ കഴിഞ്ഞ് വൽസ മത്തായി പത്രത്താളുകളിൽനിന്ന് പുറത്തായി. എന്നാൽ, എന്റെ മനസ്സിന്റെ അരികിലെവിടെയോ ആ കാണാതാവൽ കഥ മായാതെ കിടന്നു. പ്രമുഖ സാമ്പത്തിക വിദഗ്ധനായിരുന്ന ഡോ. ജോൺ മത്തായി, ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു റെയിൽവേ ചുമതല നൽകി മന്ത്രിസഭയിലെടുത്തതോടെ കൂടുതൽ ദേശീയ ശ്രദ്ധ നേടി. കേരളത്തിൽനിന്ന് ആദ്യമായി കേന്ദ്ര മന്ത്രിയായ അദ്ദേഹം പിന്നീട് ധനമന്ത്രിയായും സേവനമനുഷ്ഠിച്ചു. മദ്രാസ് യൂനിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രം പഠിച്ച ഡോ. ജോൺ മത്തായി പിന്നീട് അവിടെത്തന്നെ പ്രഫസറുമായി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും അദ്ദേഹം പഠിച്ചിട്ടുണ്ട്. ടാറ്റ അയേൺ ആൻഡ് സ്റ്റീൽ കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായിരിക്കെയായിരുന്നു കേന്ദ്ര മന്ത്രിസഭയിലേക്ക് നെഹ്റുവിന്റെ ക്ഷണം.
പ്ലാനിങ് കമീഷനുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ പിന്നീട് ജോൺ മത്തായി മന്ത്രിസഭ വിട്ടു. ആ സമയം, അദ്ദേഹത്തിനായി ഡൽഹിയിലെ മലയാളി കൂട്ടായ്മ അനുമോദന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. മലയാളികൾക്കായി പാർലമെന്റിൽ ഒന്നും ചെയ്യാനായിട്ടില്ലെങ്കിലും അവിടെ മലയാളത്തിൽ സംസാരിച്ച ആദ്യ വ്യക്തി താനാകുമെന്ന് ജോൺ മത്തായി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ആ സംഭവം ഇങ്ങനെയായിരുന്നു. ലോക്സഭയിൽ ഒരു ചോദ്യത്തിന് ഇംഗ്ലീഷിൽ ജോൺ മത്തായി മറുപടി പറയുന്നു. ഈ സമയം, ഇംഗ്ലീഷ് അറിയാവുന്ന ഒരു കോൺഗ്രസ് അംഗം ഹിന്ദിയിൽ അനുബന്ധ ചോദ്യം ഉന്നയിക്കുന്നു. മറുപടിയായി മത്തായി എഴുന്നേറ്റുനിന്ന് മലയാളത്തിൽ, ‘‘ബഹുമാന്യ അംഗം എനിക്ക് മനസ്സിലായില്ല’’ എന്നു പറഞ്ഞ് ഇരുന്നു.
സ്വാഭാവികമായും, രാജിക്കു ശേഷവും അദ്ദേഹത്തിന്റെ സേവനം നെഹ്റു ഉപയോഗപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് ഉടമസ്ഥതയിലായിരുന്ന ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ദേശസാത്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാക്കിയപ്പോൾ ജോൺ മത്തായിയെ ആണ് ചെയർമാനാക്കിയത്. നാഷനൽ കൗൺസിൽ ഓഫ് അൈപ്ലഡ് ഇക്കണോമിക് റിസർച്ച് സ്ഥാപിച്ചപ്പോൾ ആദ്യ മേധാവിയായതും േജാൺ മത്തായി തന്നെ.
മാസങ്ങൾക്ക് മുമ്പ്, ‘മലയാള മനോരമ’ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബുമായി സംസാരിക്കുന്നതിനിടെ വൽസ കഥ വീണ്ടും പൊങ്ങിവന്നു. വാർത്താധിഷ്ഠിതമായിരുന്നു പൊതുവെ എന്നും ഞങ്ങളുടെ വർത്തമാനങ്ങൾ. എനിക്ക് ഓർമയുള്ളതത്രയും ഞാൻ പങ്കുവെച്ചു. അദ്ദേഹം ഇൗ കഥ അറിഞ്ഞിട്ടില്ലാത്തപോലെ തോന്നി. അതിൽ എനിക്ക് അത്ഭുതം തോന്നിയുമില്ല. എന്നെക്കാൾ എട്ടുവയസ്സ് ഇളയതാണ് തോമസ് ജേക്കബ്. വൽസ കഥ പത്രത്തിൽ ഞാൻ വായിക്കുന്ന കാലത്ത് അദ്ദേഹം വായനാശീലത്തിലേക്ക് എത്താറാകുന്നേയുള്ളൂ. വിഷയം പിന്നെയും വന്നപ്പോൾ, ജോൺ മത്തായിയും ഭാര്യ അച്ചാമ്മ മത്തായിയും മരിച്ചപ്പോൾ നൽകിയ വാർത്തകളിൽ വൽസ എന്ന മകളുടെ പേര് ചേർത്തിട്ടില്ലെന്ന് തോമസ് ജേക്കബ് എന്നോട് പറഞ്ഞു. ചരമവാർത്തക്കൊപ്പം മരിച്ച മക്കളെയും മലയാള പത്രങ്ങൾ പറയാറുള്ളതാണ്. മുമ്പ് മരിച്ചവരാണെന്നും സൂചിപ്പിക്കും.
താൻ കൈകാര്യം ചെയ്ത ഓരോ വാർത്തക്കും സ്ഥിരീകരണം നടത്തുകയെന്ന മികച്ച മാധ്യമപ്രവർത്തന രീതി തോമസ് ജേക്കബ് പിന്തുടർന്നത് എനിക്ക് ഏറെ ഇഷ്ടമായി. എന്നാൽ, എനിക്ക് ഓർമ തെറ്റിയോ എന്ന് പരിശോധിക്കലും അനുബന്ധ ആവശ്യമായി മാറി. എന്റെ ഓർമശക്തിയിൽ എന്നും അഭിമാനിക്കാറുള്ളവനാണ് ഞാൻ. എന്നാലും, ചില ഓർമകൾ നമ്മെ ചതിക്കുഴിയിൽ ചാടിക്കാമെന്നും അറിയാം. വൽസ മത്തായിയെ എന്റെ മനസ്സ് സ്വയമേവ ഉണ്ടാക്കിയിട്ടില്ലെന്ന് ഉറപ്പാണ്. ഭൂമിയിൽ എന്തെങ്കിലും രേഖകൾ ബാക്കിവെച്ചു തന്നെയാകണം വൽസ മത്തായി അപ്രത്യക്ഷയായിട്ടുണ്ടാവുക.
വൽസ മത്തായി യു.എസിൽ അപ്രത്യക്ഷയായ വാർത്ത കേരളത്തിൽ എത്തിയത് യു.എസിൽനിന്ന് തന്നെയാകണം. അവിടെ തെളിവു തിരഞ്ഞാൽ കിട്ടുമെന്ന് മനസ്സ് പറഞ്ഞു. പഴയ എല്ലാ ലക്കങ്ങളും ഓൺലൈനിൽ കിട്ടുമെന്ന് ആദ്യമായി പ്രഖ്യാപിച്ച പ്രസിദ്ധീകരണം ‘ടൈം’ മാഗസിനായിരുന്നു. മുമ്പ് ചില സ്റ്റോറികൾ ചെയ്യാൻ 1950കളിലെ ‘ടൈം’ മാസികകൾ ഞാൻ ഉപയോഗപ്പെടുത്തിയിരുന്നു. വൽസ അപ്രത്യക്ഷമായ കാലത്തെ ചില ‘ടൈം’ മാഗസിൻ ആർക്കൈവുകളും തപ്പാനായി തീരുമാനം. ഒടുവിലത് സംഭവിച്ചു. 1944ൽ ‘ടൈം’ പ്രസിദ്ധീകരിച്ച 1184 വാക്കുകളുള്ള സ്റ്റോറി എന്റെ കമ്പ്യൂട്ടർ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു.
അതിന്റെ പൂർണരൂപം ഇതാ:
ന്യൂയോർക്: അദൃശ്യയായ ആ പെൺകുട്ടി
ഏപ്രിൽ 24, 1944, തിങ്കളാഴ്ച
രാത്രി മുഴുക്കെയും മഞ്ഞ് പെയ്തുകൊണ്ടേയിരുന്നു. ഉറങ്ങിക്കിടന്ന മൻഹാട്ടൻ തെരുവുകളിൽ പ്രഭാതമാകുമ്പോഴേക്ക് എട്ടിഞ്ച് ആഴത്തിലാണ് ഹിമം വീണു കിടന്നത്.
പുലർച്ചെ 4.50: വിദേശ വിദ്യാർഥികൾക്കായി ജോൺ ഡി. റോക്ഫെല്ലർ നിർമിച്ചുനൽകിയ കൂറ്റൻ 13 നില താമസകെട്ടിടത്തിന്റെ എലവേറ്റർ ചലിച്ചുതുടങ്ങി. എലവേറ്റർ ഓപറേറ്റർക്ക് വലതു കണ്ണ് കാണാത്ത പ്രശ്നമുണ്ട്. അദ്ദേഹം നിന്നതും പുറപ്പെട്ടുപോയ കാറിലെ ഏകയാത്രക്കാരിയിൽ കണ്ണുടക്കി. ബോംബെയിൽനിന്നെത്തിയ, സുന്ദരിയായ 21കാരി വൽസ അന്ന മത്തായി എന്ന കൊളംബിയ യൂനിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്നു അത്. ഇന്ത്യൻ സാരിയല്ല അവൾ അണിഞ്ഞിരിക്കുന്നത്, തിളങ്ങുന്ന ഒരു കർച്ചീഫുണ്ട്. ടാൻ പോളോ കോട്ടും ഇരുണ്ട നിറമുള്ള അയഞ്ഞ പാന്റും സ്പോർട്സ് ഷൂവുമാണ് വേഷം. കൈയിൽ ബാഗില്ല. മഞ്ഞുവീണ വഴികളിൽ തെരുവുവിളക്കുകൾ മങ്ങിയ മഞ്ഞ കുളങ്ങൾ കാണിച്ചുനൽകുന്നുണ്ട്. അതിനപ്പുറത്തെല്ലാം ഇരുട്ടുമൂടിക്കിടക്കുന്നു. മാർച്ച് 20ന് രാവിലെയാണപ്പോൾ.
ഡോ. ജോൺ മത്തായി, അച്ചാമ്മ മത്തായി
വൽസ മത്തായി പിന്നീട് തിരിച്ചുവന്നിട്ടില്ല. ശാസ്ത്രീയ സ്ഥിരീകരണമുള്ള (99.2 ശതമാനവും അവ ശരിയാണ് താനും) കാണാതായവരുടെ ന്യൂയോർക് പൊലീസ് റിപ്പോർട്ടിൽ ഇപ്പോഴും അവളുടെ അപ്രത്യക്ഷമാകൽ ദുരൂഹതയായി അവശേഷിക്കുന്നു. ഇന്ത്യയിലെ വൻകിട വ്യവസായങ്ങളേറെയും നിയന്ത്രിക്കുന്ന ടാറ്റ കുടുംബത്തിൽപെട്ട ടാറ്റ അയേൺ ആൻഡ് സ്റ്റീൽ കമ്പനിയുടെ മൻഹാട്ടൻ ഓഫിസ് വാടകക്കെടുത്ത സ്വകാര്യ അന്വേഷകരെയും ന്യൂയോർക് പൊലീസ് തോൽപിച്ചുകളഞ്ഞതാണ്.
ബോംബെയിൽ വലിയ വാർത്തയായിരുന്നു വൽസയുടെ അപ്രത്യക്ഷമാകൽ. 50 ലക്ഷം ഡോളർ മൂല്യമുള്ള രാസശാലയായ പുതിയ ഒരു ടാറ്റ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് പിതാവ് ഡോ. ജോൺ മത്തായി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും ഓക്സ്ഫഡ് ബാലിയോൾ കോളജിലും വിദ്യാഭ്യാസം നടത്തിയ, ക്രിസ്ത്യൻ വിശ്വാസിയായ ഡോ. മത്തായി 1940ൽ ടാറ്റക്കൊപ്പം ചേരുംമുമ്പ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. വനിതകളുടെ വിമോചനത്തിൽ വിശ്വസിച്ച അദ്ദേഹം മകളെ കൽക്കത്തയിലെയും ബോംബെയിലെയും കോൺവെന്റ് സ്കൂളുകളിലും പിന്നീട് യു.എസിലും അയച്ചാണ് പഠിപ്പിച്ചത്.
ഇന്റർനാഷനൽ ഹൗസിൽ വൽസയെ കാണാതായിട്ട് 24 മണിക്കൂറായിട്ടില്ല. ഉറ്റകൂട്ടുകാരായ ഇന്ത്യക്കാരി പ്രീത കുമാരപ്പയും ഈജിപ്തുകാരി സൽമ ബിശ്ലാവിയും അവളുടെ മുറിയിലെത്തി. ചാവി പുറത്തുണ്ട്. ബെഡ് വൃത്തിയായി മടക്കിവെച്ച നിലയിലാണ്. അവിടെ അവൾ കിടന്നുറങ്ങിയിട്ടില്ല. അവളുടെ മുറിയും വസ്ത്രങ്ങളുമെല്ലാം വൃത്തിയോടെ കിടക്കുന്നു. പഴ്സ് പോലുമുണ്ട് ഒന്നും സംഭവിക്കാതെ. ലിപ്സ്റ്റിക്, തിരിച്ചറിയൽ രേഖകൾ, പണമായി 17 ഡോളർ എല്ലാം ഭദ്രം. കാര്യങ്ങൾ എളുപ്പമാണെന്ന് വെസ്റ്റ് 100ാം സ്ട്രീറ്റ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മനസ്സ് പറഞ്ഞു. പതിവു രേഖയിൽ അവളുടേതായി ചേർത്തത് ‘ഡി.ഡി -13’ എന്ന വിശേഷണത്തോടെയാണ്. കാണാതായവർക്കായുള്ള ബ്യൂറോ ശരാശരി ഒരു വർഷം 9000 പേരെ അന്വേഷിക്കാറുണ്ട്. 12 മാസം പൂർത്തിയാകുംമുമ്പ് അതിൽ 8900 പേരെയും കണ്ടെത്തും -ജീവനോടെയോ മൃതശരീരങ്ങളോ. 80 ശതമാനം പേരും സ്വയം തിരിച്ചുവരും. അതും 50 ശതമാനവും 48 മണിക്കൂറിനുള്ളിൽ.
എന്നാൽ, വാരാന്ത്യമാകുമ്പോൾ ബ്യൂറോ കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ ജെ. ക്രോണിൻ തിരച്ചിൽ കടുപ്പിക്കാനാണ് നിർദേശം നൽകിയത് -അതിസൂക്ഷ്മമായ അന്വേഷണം വേണം. എന്നുവെച്ചാൽ, യു.എസിലുടനീളം തിരച്ചിൽ വേണം.
അതോടെ, ക്രോണിന്റെ സംഘം ഇന്റർനാഷനൽ ഹൗസിൽ ഇരച്ചുകയറി. അവൾക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ കെട്ടിടത്തിൽനിന്ന് പുറത്തുപോയിട്ടുണ്ടാകില്ല. 9000 ഗാലൺ ശേഷിയുള്ള രണ്ട് ജല ടാങ്കുകൾ അവർ വറ്റിച്ചു. 13ാം നിലയിലെ എൻജിൻ റൂമിലെ 5000 ഗാലൺ ശേഷിയുള്ള ടാങ്കും വറ്റിച്ചു. ബേസ്മെന്റിലെ 150 ടൺ കരിക്കൂന അരിച്ചുപെറുക്കി. കെട്ടിടത്തിലെ 550 മുറികളും നടന്നുനടന്ന് അവർ പരിശോധിച്ചു. ഒരു തെളിവും ലഭിച്ചില്ല, അവർക്ക്. പുലർച്ചെ മഞ്ഞിനുള്ളിലൂടെ വൽസ എങ്ങോട്ടാണ് പിന്നെ പോയത്? ഇന്ത്യൻ രാഷ്ട്രീയത്തിൽ അവൾക്ക് പറയത്തക്ക താൽപര്യമൊന്നുമില്ല. അവൾ മരിച്ചിട്ടുണ്ടെങ്കിൽ മൃതദേഹം എവിടെ? ജീവനോടെയുണ്ടെങ്കിൽ കണ്ടവരുണ്ടോ?
റസ്റ്റാറന്റ് നടത്തിപ്പുകാർ, ടാക്സി ഡ്രൈവർമാർ, പ്രദേശവാസികൾ... എല്ലാവരും ചോദ്യമുനയിലായി. നേരത്തേ ചാമ്പലായ കെട്ടിടാവശിഷ്ടങ്ങളിലും തിരഞ്ഞു. ഹഡ്സൺ പുഴക്കരയിലെ ടിക്കറ്റ് വിൽപനക്കാരിലുമെത്തി ചോദ്യങ്ങൾ. ഹഡ്സൺ പുഴയിലും തിരഞ്ഞു.
വൽസ സ്വയം അപ്രത്യക്ഷയാകാൻ തീരുമാനമെടുത്തിരുന്നോ? പ്രണയം, പണം... ഇതിൽ ഏതെങ്കിലും ഒന്നാകും ഇങ്ങനെ സ്വയം കാണാമറയത്താകുന്നവരുടെ പ്രശ്നം. വൽസക്ക് മതിയാവോളം പണമുണ്ട്. 1400 ഡോളർ അവളുടെ ബാങ്ക് അക്കൗണ്ടിലുണ്ട്. കാണാതാകുന്നതിന്റെ തൊട്ടുതലേന്നാൾ ആർമി മെഡിക്കൽ കോർപ്സിലെ ലഫ്. എൽമർ റിഗ്ബിയെന്ന യുവ ഓഫിസറെ വാൽഡോർഫ് അസ്റ്റോറിയയിൽ വെച്ച് അവൾ കണ്ടതാണ്. പുതുവർഷാരംഭം മുതൽ അവർ പരിചയക്കാരാണ്. ഇടക്ക് കാണാറുണ്ട്. അടുത്തിടെ അവൾ അയച്ച ഒരു കത്ത് അന്വേഷണ സംഘത്തിന് റിഗ്ബി കൈമാറി. അതു പക്ഷേ, പ്രണയത്തിന്റെ ആഴമില്ലാത്ത സാധാരണ കത്ത്.
നൈരാശ്യം വേട്ടയാടിയോ എന്നറിയാനായി അടുത്ത ചോദ്യങ്ങൾ. അഭിമാനിയായ, അതിമിടുക്കിയും പഠനകുതുകിയുമായ ഒരുവളെയാണ് കൂട്ടുകാരികൾ പരിചയപ്പെടുത്തിയത്. സിഗരറ്റ് വലിക്കാറുണ്ട്. ഇടക്ക് എല്ലാവരും ചേർന്ന് നൈറ്റ്ക്ലബുകളിലെത്തും. കുടുംബത്തിലെ ഒരു ഇന്ത്യൻ സുഹൃത്ത് കൂട്ടുണ്ടാകും. കേസ് പിന്നെയും നീണ്ടുനീണ്ട് പോയതോടെ, വൽസ മത്തായിയുടെ പ്രതിച്ഛായയും പുതിയ രൂപമെടുത്തു. വലിയ കുടുംബത്തിൽനിന്ന് വിദേശത്തെത്തിയവളെന്ന ഛായയും ചിത്രവും മാറി ആദ്യമായി മൻഹാട്ടന്റെ മഞ്ഞവെളിച്ചം കണ്ട് മയങ്ങിപ്പോയ കുട്ടിയായി.
നൈറ്റ് ക്ലബുകളിൽ ഇടക്കുവരാറുണ്ടെന്നത് മാറി പതിവു സന്ദർശകയെന്നു വന്നു. അമേരിക്കൻ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നതിന് പകരം സ്ഥിരമായി അമേരിക്കൻ- ബ്രിട്ടീഷ് ഓഫിസർമാരുടെ കൂട്ട് വേണ്ടവളായി. ഒരു നൈറ്റ്ക്ലബ് ഫോട്ടോഗ്രാഫർ നൽകിയ ചിത്രം കാര്യങ്ങൾ കൂടുതൽ വിശദീകരിച്ചു. ഇന്ത്യയിൽനിന്നെടുത്ത ചിത്രങ്ങളിൽനിന്ന് ഏറെ വേറിട്ടതായിരുന്നു ഇത്. തലയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതിന് പകരം തൂങ്ങിയാടുന്ന മുടി. പുഞ്ചിരിയിലും കണ്ണുകളിലും ലഹരി ഉപയോഗിച്ചതിന്റെ മന്ദതയും ആലസ്യവും. പലപ്പോഴും ക്ലാസ് മുടക്കും, അവൾ. ആദ്യ സെമസ്റ്റർ വിഷയങ്ങൾ തന്നെ ആവർത്തിച്ച് പരീക്ഷയെഴുതി. കഴിഞ്ഞ ശൈത്യകാലത്ത് കൂട്ടുകാരികൾ വട്ടംകൂടി അവളെ ഗുണദോഷിച്ചിരുന്നു. അമേരിക്കക്കാർക്ക് ഇന്ത്യയെന്നാൽ നീയാണെന്ന് അവർ പറഞ്ഞുകൊടുത്തു. ന്യൂയോർക് നഗരത്തിൽ വൽസ മത്തായിയെ കണ്ട 85 ചിത്രങ്ങൾ കാണാതായവരുടെ ബ്യൂറോ പരിശോധിച്ചു. എന്നാൽ, മൂന്നു ദിവസമെടുത്ത് പരിശോധന പൂർത്തിയായപ്പോൾ അത് ഒരു അർമീനിയക്കാരിയാണെന്ന് സ്ഥിരീകരിച്ചു.
ഡോ. ജോൺ മത്തായിയുടെ കുടുംബവൃക്ഷം
അതിനിടെ, ടെലിഫോണിൽ ലഭിച്ച ഒരു സൂചന പിന്തുടർന്ന് റിപ്പോർട്ടർമാരും ഫോട്ടോഗ്രാഫർമാരും വില്യാർഡ് ഹോട്ടൽ തീൻമുറിയിൽ ഇരച്ചുകയറി. അവിടെ ഒരു ഇന്ത്യൻ സ്ത്രീയുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് കാര്യങ്ങൾ ബോധ്യമാകുമ്പോൾ അത് ഇന്ത്യ സൈപ്ല മിഷനിലെ പി.എ. മേനോനും ഭാര്യയുമായിരുന്നു.
കഴിഞ്ഞയാഴ്ച അവസാനത്തിലും ക്യാപ്റ്റൻ ക്രോണിനും കൂട്ടുകാർക്കും -അവർ പണി തുടരുകയാണ്- ആദ്യ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല- അതിരാവിലെ 4.50ന് എന്തിനാണ് ആ പെൺകുട്ടി മുറി വിട്ടിറങ്ങിയത്?
ഇന്ത്യ ലീഗ് ഓഫ് അമേരിക്ക പ്രസിഡന്റ് (ടൈം- ഫെബ്രുവരി 28) ജെ.ജെ. സിങ്ങിന് ഇതാണ് പറയാനുണ്ടായിരുന്നത്: ‘‘അവൾ മഞ്ഞ് കണ്ടിട്ടില്ല. മഞ്ഞിൽ നടക്കാനുള്ള മോഹം പിടിച്ചുനിർത്താൻ അവൾക്കായില്ല.’’ അസാധാരണ മനസ്സുകളുടെ മനഃശാസ്ത്രം പഠിച്ച ക്യാപ്റ്റൻ ക്രോണിൻ ആ വഴിയും ചിന്തിച്ചു: ‘‘ഇത്തരം ലോലമനസ്കർ മഴയും മഞ്ഞും സമാന കാലാവസ്ഥയും കണ്ടാൽ ആത്മഹത്യാ പ്രേരണ കാണിക്കും.’’
ആത്മഹത്യയാകുമോ? അവൾക്ക് ഗർഭമുണ്ടായിരുന്നോ? ഒരു പൊലീസുകാരി അവളുടെ കൂട്ടുകാരികളെ കണ്ടു ചോദിച്ചു. ഇല്ലെന്ന മറുപടിയും കിട്ടി. എങ്കിൽ പിന്നെ സ്മൃതിഭ്രംശമാകുമോ? എന്നാൽ, കഥകളിലുണ്ടാകാമെങ്കിലും യഥാർഥ സ്മൃതിഭ്രംശം അത്യസാധാരണമാണ്. അതു ബാധിച്ച സ്ത്രീക്കും ഭക്ഷണം വേണം. അവർ ചിലപ്പോൾ തെരുവുകളിൽ നടന്നെന്നും വരും.
ഇനി കൊലപാതകമാകുമോ? എങ്കിൽ, വില്ലനാകുക പഴയ ശത്രു തന്നെ -പുഴ. ‘‘അവൾ പുഴയിലുണ്ടെങ്കിൽ, അത് വൈകിയെങ്കിലും അറിയാതെ പോകില്ല.’’ ഡിസംബറിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇപ്പോൾ കിട്ടുന്നേയുള്ളൂ. എന്നാൽ, വേനലിൽ വേഗം പുറത്തെത്തും -പുരുഷന്മാരെങ്കിൽ മുഖം താഴോട്ടും, സ്ത്രീകൾ മുഖം മുകളിലേക്കുമാകും. അവൾ പുഴയിലുണ്ടെങ്കിൽ മേയിലാകാം നാം അറിയുക. ഇടിയും മിന്നലോടും കൂടിയ കൊടുങ്കാറ്റ് വന്നാൽ നേരത്തേ കിട്ടും. ഇടി അവരെ പുറത്തെത്തിക്കുന്ന അപൂർവ സാഹചര്യം.’’
ഠഠഠ
വൽസ മത്തായിക്ക് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. ദുരൂഹത ഇന്നും തുടരുന്നു. ചിലപ്പോൾ ഇൗ കഥക്ക് മറ്റാരെങ്കിലും മറ്റൊരു കൂട്ടിച്ചേർക്കലുമായി വന്നുകൂടായ്കയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.