ബാ​​പ്പു​​വി​​ന്റെ സ്വ​​ന്തം എ​​സ്ത​​ർ

മ​ഹാ​ത്മാ ​ഗാ​ന്ധി​യും ഡെ​ന്മാ​ർ​ക്കുകാ​രി​യാ​യ ലൂ​ഥ​റ​ൻ മി​ഷ​നറി എ​സ്ത​ർ ഫെ​യ്റി​ങ് എ​ന്ന യു​വ​തി​യു​മാ​യു​ള്ള അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​​ന്റെ ക​ഥ​ തുടരുന്നു.4 നോട്ടപ്പുള്ളി അന്ന് രാവിലെ എസ്തർ ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ ഒന്നാം ബെഞ്ചിലിരുന്ന മീനാച്ചി അടുത്തിരുന്ന സീതയോട് അടക്കംപറഞ്ഞു. “ഇന്ന് എന്തോ ടീച്ചറമ്മക്ക് പറ്റിയിട്ടുണ്ട്. പതിവുള്ള സന്തോഷമേയില്ല.” അസാധാരണമായി എസ്തർ ക്ലാസ് നേരത്തേ അവസാനിപ്പിക്കുകയും ചെയ്തപ്പോൾ അവർ ഉറപ്പിച്ചു. അമ്മക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല. ക്ലാസ് സമയം കഴിഞ്ഞും കഥയും പാട്ടും ഒക്കെ ആയി ടീച്ചറമ്മ...

മ​ഹാ​ത്മാ ​ഗാ​ന്ധി​യും ഡെ​ന്മാ​ർ​ക്കുകാ​രി​യാ​യ ലൂ​ഥ​റ​ൻ മി​ഷ​നറി എ​സ്ത​ർ ഫെ​യ്റി​ങ് എ​ന്ന യു​വ​തി​യു​മാ​യു​ള്ള അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​​ന്റെ ക​ഥ​ തുടരുന്നു.

4 നോട്ടപ്പുള്ളി

അന്ന് രാവിലെ എസ്തർ ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ ഒന്നാം ബെഞ്ചിലിരുന്ന മീനാച്ചി അടുത്തിരുന്ന സീതയോട് അടക്കംപറഞ്ഞു. “ഇന്ന് എന്തോ ടീച്ചറമ്മക്ക് പറ്റിയിട്ടുണ്ട്. പതിവുള്ള സന്തോഷമേയില്ല.” അസാധാരണമായി എസ്തർ ക്ലാസ് നേരത്തേ അവസാനിപ്പിക്കുകയും ചെയ്തപ്പോൾ അവർ ഉറപ്പിച്ചു. അമ്മക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല. ക്ലാസ് സമയം കഴിഞ്ഞും കഥയും പാട്ടും ഒക്കെ ആയി ടീച്ചറമ്മ കുട്ടികൾക്കൊപ്പം ചെലവഴിക്കാറാണ് പതിവ്. ചിലപ്പോഴൊക്കെ വൈകുന്നേരങ്ങളിൽ തിരുക്കോയിലൂരിലെ കോവിലുകളിൽ കുട്ടികളുമായി ഉത്സാഹത്തോടെ സന്ദർശനം നടത്താറുമുണ്ട്. പക്ഷേ, അന്ന് ഒരിക്കലുമില്ലാത്ത വിധം എസ്തർ ചിന്താധീനയായിരുന്നു.

കാര്യം ശരിയായിരുന്നു. തലേന്ന് ചമ്പാരനിൽനിന്ന് കിട്ടിയ ബാപ്പുവിന്റെ കത്ത് അവളെ വല്ലാതെ ഉലച്ചുകളഞ്ഞു. ബാപ്പുവിന്റെ കത്തല്ല, അതോടൊപ്പം അദ്ദേഹം ബ്രിട്ടീഷ് അധികാരികൾക്ക് സമർപ്പിച്ച നിവേദനത്തിന്റെ കോപ്പിയാണ് എസ്തറെ ഞെട്ടിച്ചത്. രാത്രി അവൾക്ക് തെല്ലുപോലും ഉറങ്ങാൻ പറ്റിയില്ല. ചമ്പാരനിലെ നീലം കർഷകരുടെ മഹാദുരിതങ്ങളുടെ വിവരണമായിരുന്നു അതിൽ. നരകത്തേക്കാൾ ഭീകരമായിരുന്നു തലമുറകളായി ബ്രിട്ടീഷുകാരായ തോട്ടമുടമകളിൽ അവർ അനുഭവിക്കുന്ന വേദന. ഉൽപാദനം വർധിപ്പിക്കാൻ കർഷകരെ മാടുകളെയെന്നപോലെ ഉടമകൾ പീഡിപ്പിച്ചുവന്നു. ഇതെല്ലാം വായിച്ച് എസ്തർ ദൈവത്തോട് ഉള്ളുരുകി ആരാഞ്ഞു; “എങ്ങനെയാണ് അങ്ങ് ഈ മനുഷ്യരെ ഇത്രയധികം വേദന അനുഭവിക്കാൻ വിട്ടുകൊടുത്തത്?” അതേസമയം, ഈ മനുഷ്യർ അനുഭവിക്കുന്ന ദുരിതത്തിന് താനടക്കമുള്ള സമൂഹത്തിനും പങ്കുണ്ടെന്ന കുറ്റബോധവും എസ്തറിനെ വേട്ടയാടി. പക്ഷേ അവരുടെ ദുഃഖം ഏറ്റെടുത്ത് പൊരുതുന്നതിലൂടെ സ്നേഹവും കനിവും ഉയർത്തിപ്പിടിച്ച ബാപ്പുവിന് അവൾ നന്ദിപറഞ്ഞു. ദൈവത്തിന്റെ സ്നേഹത്തിൽ സംശയം തോന്നിയ തനിക്ക് അത് വീണ്ടും മനസ്സിലാക്കിത്തന്ന ബാപ്പുവിനോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും അവൾ എഴുതി.

1917 ഏപ്രിൽ മുതൽ ജൂലൈ വരെ നീലം കർഷക സമരവുമായി ബന്ധപ്പെട്ട് ബിഹാറിൽ തന്നെ ആയിരുന്നു ഗാന്ധി. അക്കാലത്തൊക്കെ മോതിഹരിയിൽനിന്നും ബേട്ടിയയിൽനിന്നും റാഞ്ചിയിൽനിന്നുമൊക്കെ ഗാന്ധി തുടരെ എസ്തറിന് എഴുതി.

ഗാന്ധിയുമായുള്ള സ്നേഹവും നിരന്തരമായ ആശയവിനിമയവും എസ്തറിനെ വ്യക്തിപരമായും വൈകാരികമായും മാത്രമല്ല രാഷ്ട്രീയമായും സാമൂഹികമായും പുതിയ കാഴ്ചപ്പാടുകളിലേക്ക് തിരിച്ചുവിടാൻ ആരംഭിച്ചിരുന്നു. സ്വാഭാവികമായും അവളുടെ സംഘടനയുമായി ഡാനിഷ് മിഷനറി സൊസൈറ്റിയുമായി –(ഡി.എം.എസ്)– ക്രമേണ അകന്നുതുടങ്ങുന്നതും അതോടെയാണ്. അഹ്മദാബാദിലെ ഗാന്ധി ആശ്രമത്തിൽ പോകാനുള്ള അവളുടെ അപേക്ഷ മിഷൻ അംഗീകരിക്കാത്തത് എസ്തറിന് വലിയ വിഷമം സൃഷ്ടിച്ചു. കൂടുതൽ ശക്തമായി ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭ മാർഗങ്ങളിലേക്ക് കടന്നുവന്നിരുന്ന ഗാന്ധിയുമായുള്ള അടുപ്പം ബ്രിട്ടീഷ് അധികാരികൾക്ക് രുചിക്കില്ലെന്ന് മിഷനു ബോധ്യമുണ്ടായിരുന്നു.

ചമ്പാരനിലെ കർഷക പ്രക്ഷോഭത്തിനായി എസ്തർ ഗാന്ധിക്ക് അമ്പത് രൂപ സംഭാവന അയച്ചുകൊടുക്കാൻ തീരുമാനിച്ചു. അനുമതി തേടിക്കൊണ്ട് എസ്തർ ഗാന്ധിക്ക് എഴുതി. പക്ഷേ ഡി. എം.എസിനോടായിരിക്കണം തന്റെ പ്രാഥമിക ഉത്തരവാദിത്തമെന്ന് എസ്തറിനെ ഓർമിപ്പിച്ച ഗാന്ധി തൽക്കാലം പണം അയക്കേണ്ടെന്നും മറുപടി നൽകി. ചമ്പാരനിലെ ബേട്ടിയയിൽനിന്ന് മേയ് 19ന് ഗാന്ധി എഴുതി; “എന്റെ പ്രിയ എസ്തർ, നിന്റെ കത്ത് നിന്റെ വലിയ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു. പക്ഷേ ഇപ്പോൾ പണം ആവശ്യമില്ല. ഇപ്പോൾ ഞങ്ങൾക്ക് ആവശ്യത്തിലേറെ ധനശേഖരമുണ്ട്. ആ പണം ചെലവഴിക്കാൻ മറ്റ് വഴിയൊന്നുമില്ലെങ്കിൽ ആശ്രമത്തിന് അയച്ചുകൊടുത്തോളൂ. പക്ഷേ ആശ്രമത്തിനും ഇപ്പോൾ പണത്തിന്റെ ആവശ്യമില്ല. വാസ്തവത്തിൽ പ്രാർഥനയിലൂടെ തന്നെ എനിക്കാവശ്യമായ എല്ലാ സാമ്പത്തികസഹായവും കിട്ടുന്നുണ്ട് എന്നത് നിന്നെ അത്ഭുതപ്പെടുത്തിയേക്കാം. ഇതുവരെ എനിക്ക് യാചിക്കേണ്ടിവന്നിട്ടില്ല.” ഡി.എം.എസ് അനുവദിക്കുമ്പോൾ മാത്രമാണ് ആശ്രമം സന്ദർശിക്കേണ്ടതെന്നും അദ്ദേഹം എസ്തറെ ഓർമിപ്പിച്ചു.

എന്നാൽ, എസ്തർ ഗാന്ധിക്ക് വാഗ്ദാനംചെയ്ത സാമ്പത്തികസഹായം അവളുടെ പുതുതായി രൂപപ്പെട്ടുവരുന്ന രാഷ്ട്രീയബോധ്യങ്ങളുടെ സൂചനയായിരുന്നു. തെക്കേ ആഫ്രിക്കയിലെ ഇന്ത്യക്കാരുടെ ദുരിതങ്ങളെക്കുറിച്ചും ഗാന്ധിയുടെ സത്യഗ്രഹ സമരങ്ങളെക്കുറിച്ചും ഹെന്റി പോളാക് എഴുതിയ പുസ്തകം എസ്തർ വായിച്ചത് ആയിടെയാണ്. അവിടത്തെ തന്നാട്ടുകാരായ ആഫ്രിക്കക്കാരും കൂലിത്തൊഴിലാളികളായ ഇന്ത്യക്കാരുമൊക്കെ നേരിട്ട അനുഭവങ്ങൾ ആദ്യമായി അറിഞ്ഞ എസ്തർ ഞെട്ടിപ്പോയി. ഒപ്പം ചമ്പാരനിലെ കർഷകരുടെ ദുരിതങ്ങളും അവളെ വല്ലാതെ അസ്വസ്ഥപ്പെടുത്താൻ തുടങ്ങിയിരുന്നു.

ബാപ്പുവിന് ഇക്കാര്യങ്ങൾ വിശദമായി എസ്തർ ദീർഘമായി എഴുതി. തെക്കേ ആഫ്രിക്കയിൽ വെള്ളക്കാർ അഴിച്ചുവിട്ടിരുന്ന ക്രൂരതകളെ പറ്റി “മനുഷ്യർക്ക് ഇത്രയും ക്രൂരരും ദുഷ്ടരുമാകാൻ പറ്റുമോ” എന്ന് അവൾ അത്ഭുതപ്പെട്ടു. ഗാന്ധിയുടെ ഉറ്റ ചങ്ങാതിയായ സി.എഫ്. ആൻഡ്രൂസിനെ പോലെ വളരെ ചുരുക്കം പാശ്ചാത്യ മിഷനറിമാർ മാത്രമേ അക്കാലത്ത് ഇങ്ങനെയുള്ള വികാരവും രാഷ്ടീയവും പങ്കുവെച്ചിരുന്നുള്ളൂ. മനുഷ്യന്റെ സ്വാർഥതയുടെയും ലാഭക്കൊതിയുടെയും ഫലമായ യുദ്ധങ്ങളെക്കാൾ സ്ഥിരസ്വഭാവമുള്ളതും പതിന്മടങ്ങ് മനുഷ്യത്വരഹിതവും ക്രൂരവുമാണ് നീലം കർഷകരോട് ഉടമകൾ ചെയ്യുന്നതെന്ന് എസ്തർ എഴുതി. കർഷകപ്രശ്നത്തെപ്പറ്റി ഗാന്ധി തയാറാക്കിയ നിവേദനം അദ്ദേഹം എസ്തറിന് അയച്ചുകൊടുത്തിരുന്നു. മറുപടിയായി അവൾ എഴുതി: “അങ്ങയുടെ നിവേദനത്തിൽനിന്ന് ഞാൻ മനസ്സിലാക്കിയത് ശരിയാണെങ്കിൽ തോട്ടമുടമകൾ സാവധാനമായി കർഷകരെ ഭൗതികവും ആത്മീയവുമായി വകവരുത്തുകയായിരുന്നു. സ്വയം വിതയ്ക്കാതെയാണ് ഉടമകൾ കർഷകരുടെ അധ്വാനഫലം കൊയ്തുവന്നത്. തങ്ങൾക്കുവേണ്ടി അത്യധ്വാനം ചെയ്തവരോട് മൃഗങ്ങളെക്കാൾ മോശമായി അവർ പെരുമാറി. ജീവിതത്തിലെ എല്ലാ സന്തോഷവും അവരിൽനിന്ന് കവർന്നു...’’

മറ്റൊരു കത്തിൽ എസ്തർ ബാപ്പുവിനോട് ചോദിച്ചു: യൂറോപ്യന്മാർ ഇന്ത്യക്ക് ഗുണത്തെക്കാൾ ദോഷമാണോ ചെയ്തത്? ഗാന്ധിയുടെ സ്വതഃസിദ്ധവും സഹിഷ്ണതാപൂർണവും സന്തുലിതവുമായ നിലപാട് മറുപടിയിൽ തെളിഞ്ഞു. ഉറച്ച ദേശീയവാദിയും സനാതന ഹിന്ദുവും ആണെങ്കിലും അക്കാലത്തും വെള്ളക്കാരെ വംശീയമായോ ക്രിസ്തീയ മതത്തെയോ തള്ളിപ്പറയാൻ അദ്ദേഹം കൂട്ടാക്കിയില്ല. ചമ്പാരനിലെ ചൂഷകരായ വെള്ളക്കാരെക്കാൾ മോശക്കാരായ ഇന്ത്യൻ ഉടമകളും ഉണ്ടെന്ന് അദ്ദേഹം. അതേസമയം യൂറോപ്യന്മാരുടെ പ്രവർത്തനത്തിന്റെ ആകത്തുക ഇന്ത്യക്ക് ദോഷകരമായ ഫലമാണ് ചെയ്തതെന്ന് അദ്ദേഹം എഴുതി. അതിനു ക്രിസ്തീയമതത്തെ പഴിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “എന്റെ സിദ്ധാന്തം ആധുനിക നാഗരികത ക്രിസ്തീയ വിരുദ്ധമാണെന്നാണ്. യൂറോപ്യന്മാർ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ആ നാഗരികതയാണ്. യേശുവിന്റെ ജീവിതമല്ല. നിന്നെപ്പോലെ കുറച്ചുപേർ മാത്രമാണ് ആ ജീവിതത്തിന്റെ പ്രാതിനിധ്യം വഹിക്കാൻ ശ്രമിക്കുന്നത്. പക്ഷേ അതിനു അൽപം സമയമെടുത്തേക്കാം...’’

കനപ്പെട്ട രാഷ്ട്രീയ -സാമൂഹിക കാര്യങ്ങൾ പങ്കിടുമ്പോഴും തികച്ചും വ്യക്തിപരമായ വിഷയങ്ങളും അവർ കൈമാറി. താൻ തമിഴ് പഠിക്കുന്ന കാര്യം എസ്തർ എഴുതുമ്പോൾ ഹിന്ദിയും കൂടി പഠിക്കാനായിരുന്നു ബാപ്പുവിന്റെ നിർദേശം. എസ്തറിന്റെ മുൻഷി സംസ്കൃതം പഠിക്കാൻ നിർദേശിച്ചെങ്കിലും സമയമില്ലാത്തതുമൂലം അവൾക്ക് കഴിഞ്ഞില്ല. പക്ഷേ സംസ്കൃതം വായിച്ചു കേൾക്കുന്നത് സംഗീതംപോലെ അവൾക്ക് പ്രിയങ്കരമായി. ഇടക്ക് സൊസൈറ്റിയുടെ വേനൽക്കാല ഓഫിസായ ഊട്ടിയിലെ കോത്തഗിരിയിൽ സന്ദർശനം നടത്തുമ്പോഴും ഗാന്ധിക്ക് എസ്തർ കത്തുകൾ എഴുതി. കോത്തഗിരിയിലെത്തിയ എസ്തറിനെ കാണാൻ സെസിലിയയോട് പറയാൻ മില്ലി പൊളാക്കിന് ഗാന്ധി എഴുതുന്നുണ്ട്. എസ്തറിന് കത്ത് എഴുതാൻ മില്ലിയോടും ഗാന്ധി നിർദേശിക്കുന്നു. “സെസിലിയ താമസിക്കുന്നതിനടുത്ത് തന്നെയാണ് കോത്തഗിരി. മിസ് ഫെയറിങ് വളരെ സ്നേഹസമ്പന്നയായ കുട്ടിയാണ്. അവൾക്ക് കത്തെഴുതണമെന്ന് തോന്നിയാൽ ഇതാ വിലാസം: മിസ് എസ്തർ ഫെയറിങ്, സ്പ്രിങ് കോട്ടേജ്, കോത്തഗിരി.’’ ഗാന്ധി മില്ലിക്ക് എഴുതി. ബാപ്പുവിന്റെ നിർദേശപ്രകാരം സെസിലിയക്ക് എസ്തർ എഴുതി. കോത്തഗിരിയിൽ അവർക്ക് താമസസൗകര്യം എസ്തർ ശരിയാക്കിക്കൊടുത്തു.

ഠ ഠ ഠ

‘‘മനുഷ്യരുടെയും മാലാഖമാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്ക് സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ മാത്രം.’’

മലകളെ നീക്കാൻ തക്ക വിശ്വാസവും സകലജ്ഞാനങ്ങളും മർമങ്ങളും ഗ്രഹിക്കാനുള്ള പ്രവചനവരവും സിദ്ധിച്ചാൽ തന്നെയും സ്നേഹമില്ലെങ്കിൽ ഞാൻ ആരുമാവില്ല’’ (കൊരിന്ത്യർ 13). ആ ജൂൺ മാസം എസ്തർ ബാപ്പുവിന് വേദപുസ്തകത്തിലെ പൗലോശ്ലീഹ, കൊരിന്തോസിലെ ക്രിസ്ത്യാനികൾക്കയച്ച കത്തുകൾ എത്തിച്ചു. സ്നേഹത്തിന്റെ ഈ സങ്കീർത്തനം ക്രിസ്തീയ മത ആരാധകൻ ആയിരുന്ന ഗാന്ധിക്ക് അപരിചിതമായിരുന്നില്ല. തെക്കേ ആഫ്രിക്കയിൽ ചില ക്രിസ്തീയ സുഹൃത്തുകൾക്കൊപ്പം കഴിഞ്ഞ സന്തോഷകരമായിരുന്ന ദിനങ്ങൾ ആ സമ്മാനം അദ്ദേഹത്തെ ഓർമിപ്പിച്ചു. അക്കാലമായിരുന്നു അതാദ്യമായി അദ്ദേഹം പാരായണം ചെയ്തത്. പക്ഷേ “നിന്റെ അമൂല്യസമ്മാനത്തിന് ഞാൻ നന്ദി പറയുന്നു. അതുൾക്കൊള്ളുന്ന ചിന്തകൾ എത്രയും ആവശ്യമായ സമയമാണിത്. ഒരു പുതിയ ഉൾക്കാഴ്ചയായതോടെ അത് ഇന്ന് ഞാൻ വീണ്ടും വായിച്ചു. എന്നെ സംബന്ധിച്ചിടത്തോളം സ്നേഹവും സത്യവും പരസ്പരഭിന്നമല്ല.’’

സ്നേഹം എല്ലാറ്റിനും ഉപരിയാണെങ്കിലും അചഞ്ചലമായ വിശ്വാസമില്ലാതെ സ്നേഹം സഫലമാകില്ലെന്ന് ബാപ്പു അവളെ ഓർമിപ്പിച്ചു. ഉദാഹരണമായി തനിക്ക് ഏറ്റവും പ്രിയങ്കരിയായ മീരാബായിയുടെ കഥ അദ്ദേഹം വിവരിച്ചു. “രണ്ട് മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന രാജകുമാരിയായിരുന്നു മീര. കൃഷ്ണനോടുള്ള കേവലസ്നേഹത്തിനുവേണ്ടി തന്റെ ഭർത്താവിനെയടക്കം മീര സർവതും ഉപേക്ഷിച്ചു. അവസാനം ഭർത്താവും അവളുടെ ഭക്തയായി. നമ്മുടെ ആശ്രമത്തിൽ മീരയുടെ ഭജനുകൾ പാടാറുണ്ട്. ഇനി വരുമ്പോൾ നിനക്കും അത് കേൾക്കുകയും പാടുകയും ചെയ്യാം.’’

ജൂൺ 17, 1917. എസ്തറിന്റെ ഇരുപത്തെട്ടാം ജന്മദിനം. അന്ന് പതിവിലും ആഹ്ലാദവതിയായിരുന്നു അവൾ. തലേന്ന് ജന്മദിനസമ്മാനംപോലെ ബാപ്പുവിൽനിന്ന് ലഭിച്ച കത്തായിരുന്നു അതിനു നിദാനം. എല്ലാ തിരക്കുകൾക്കിടയിലും തന്നെപ്പോ​െല സമീപകാലം മാത്രം പരിചയപ്പെട്ട തനിക്ക് ബാപ്പു നൽകുന്ന കരുതലിലും സ്നേഹത്തിലും എസ്തർ വ്യാമുഗ്ധയായി. ഏറക്കുറെ എല്ലാ ദിനവുമെന്നവണ്ണം ഇരുവരും പരസ്പരം കത്തുകളയച്ചു. സ്നേഹപാരവശ്യത്തിൽ എസ്തർ ജന്മദിനത്തിൽ ബാപ്പുവിന് എഴുതി.

 

 കോ​ത്ത​ഗി​രി​യി​ലെ ആശ്രമത്തിൽ ഡാനിഷ്​ മിഷനറിമാർ

എന്റെ പ്രിയപ്പെട്ട ബാപ്പു,

എന്റെ ജീവിതത്തിലെ പുതുവർഷത്തിന്റെ തലേന്ന് അങ്ങയുടെ കത്ത് എനിക്ക് കിട്ടി. സ്നേഹവും സത്യവും എന്റെ പുതിയ വർഷത്തിൽ ഏറ്റവും പ്രധാന സാന്നിധ്യമാകുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് ഈ ജന്മദിനത്തിൽ കഴിഞ്ഞ വർഷത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ദൈവം എനിക്ക് ഏകിയ എല്ലാ സമ്മാനങ്ങളെയും ഓർത്ത് എന്റെ ഹൃദയം നിറയുകയാണ്. പക്ഷേ ഞാൻ അദ്ദേഹത്തോട് ഏറ്റവും നന്ദി പറയുക അദ്ദേഹം എന്നെ ആശ്രമത്തിലേക്ക് നയിച്ചതിനാണ്. കഴിഞ്ഞ വർഷം എനിക്ക് ലഭിച്ച ഏറ്റവും മഹത്തരമായ സമ്മാനം അതാണ്. ദൈവം കഴിഞ്ഞാൽ എനിക്ക് ഏറ്റവും കടപ്പാടുള്ളത് അങ്ങയോടാണ്, ബാപ്പു. ആശ്രമത്തിൽ എനിക്ക് ഒരു വീടും കുടുംബത്തെയും ലഭിച്ചു.

ഇന്നലെ രാത്രി ഒരു വലിയ ദുഃഖം എന്നെ പിടികൂടിയപ്പോൾ എന്റെ പ്രിയസുഹൃത്ത് മിസ് എലീസ് (ഞങ്ങൾ എപ്പോഴും ഒന്നിച്ചാണ്) എന്നോട് പറഞ്ഞു: “നാളത്തെ നിന്റെ ജന്മദിനത്തിൽ നിന്നെ ഏറ്റവും സന്തോഷവതിയാക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അതിനുള്ള ഒരേ ഒരു വഴി ആശ്രമത്തിൽ പോകാൻ സൗകര്യം ഉണ്ടാക്കുകയാണ്.’’

താൻ തന്നെ ചർക്കയിൽ നൂൽ നൂറ്റെടുത്ത് തുന്നിയ രണ്ട് ഖാദി മേൽവസ്ത്രങ്ങൾ എസ്തർ ബാപ്പുവിന് സമ്മാനമായി അയച്ചുകൊടുത്തു. അൽപം ഇറുക്കമേറിയതായിട്ടും ബാപ്പു അവ സന്തോഷത്തോടെ ധരിച്ചു. സ്നേഹസമ്പന്നമായ ഈ വിനിമയത്തിനിടയിലും തന്റെ ചെറുതും വലുതുമായ സംശയങ്ങളും ചില അഭിപ്രായഭിന്നതകളും എസ്തർ ബാപ്പുവിനോട് സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹമാകട്ടെ അവ സഹർഷം സ്വാഗതംചെയ്തു. അഹിംസയുടെ പ്രവാചകനായ ബാപ്പു ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ യുവാക്കളോട് ആവശ്യപ്പെട്ടതിനെക്കുറിച്ചായിരുന്നു ഒരു സംശയം. ചമ്പാരനുശേഷം ഗാന്ധിയുടെ സുപ്രധാന പ്രക്ഷോഭം ഗുജറാത്തിലെ ഖേഡ ജില്ലയിലെ കർഷകർക്കുവേണ്ടിയായിരുന്നു.

ആ സത്യഗ്രഹസമരത്തിനിടയിലും ഗാന്ധി സമരത്തെപ്പറ്റി എസ്തറിന് എഴുതുന്നുണ്ട്. ഗാന്ധി ആദ്യമായി നടത്തിയ തൊഴിലാളി സമരവും അക്കൊല്ലമായിരുന്നു. അഹ്മദാബാദിലെ തുണിമിൽ തൊഴിലാളികൾക്കുള്ള വേതനവർധനക്കായി അദ്ദേഹം സമരം നയിച്ചത് തന്റെ ഏറ്റവും അടുത്ത സുഹൃത്തും ധനസഹായിയുമായ അംബാലാൽ സാരാഭായിക്കെതിരെയായിരുന്നു. ആ സമരവും അതിന്റെ ഗതിവിഗതികളുമൊക്കെ ഗാന്ധിയും എസ്തറും നിരന്തരം കത്തുകളിലൂടെ ചർച്ചചെയ്തു. പ്രേഷിതപ്രവർത്തനത്തിനായി വിദൂര പാശ്ചാത്യ ദേശത്തുനിന്നും ഇന്ത്യയിലെത്തിയ ആ ഇരുപത്തെട്ടുകാരി അങ്ങനെ കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമൊക്കെ ബോധവതിയായിത്തീരുകയായിരുന്നു.

5 സർപ്പദംശനം

തിരുക്കോയിലൂർ വീരാടേശ്വര കോവിലിൽ മാസിമഹാതിരുവിഴ കൊടിയേറിയ നാൾ. കോവിലിൽനിന്ന് തന്റെ വിദ്യാർഥിനികൾക്കൊപ്പം മടങ്ങുകയായിരുന്നു എസ്തറും എലീസും. സന്ധ്യ ആയതേയുള്ളൂ. എല്ലാവരും വലിയ സന്തോഷത്തിൽ. കോപ്പൻഹേഗനിൽനിന്ന് അടുത്തു മാത്രം എത്തിയ മിഷനറിയായ എലീസുമായി എസ്തർ പെട്ടെന്ന് തന്നെ വളരെ അടുത്തുകഴിഞ്ഞിരുന്നു. അവളുടെ പ്രിയപ്പെട്ട ആൻ മേരി അപ്പോഴേക്കും തൽക്കാലത്തേക്ക് ഡെന്മാർക്കിലേക്ക് മടങ്ങിപ്പോയ വിടവ് നികത്തിയത് എലീസിന്റെ വരവാണ്.

ഉറച്ച ക്രിസ്തുമത പ്രചാരകയെങ്കിലും മറ്റ് മതങ്ങളെയും ആദരിച്ചവളായിരുന്നു എസ്തർ. മതങ്ങളുടെ വ്യത്യസ്തതകളെപ്പറ്റി അവൾ എലീസിനോട് മടക്കവഴിയിൽ സംസാരിച്ചു. പ്രയോഗത്തിൽ ഏറെ തെറ്റുകൾ ചെയ്തെങ്കിലും പ്രമാണത്തിൽ പാപികളോടു പോലും സ്നേഹം ഉദ്ഘോഷിച്ച ക്രിസ്തീയ മതത്തിൽനിന്ന് എത്ര വ്യത്യസ്തമാണ് സംഹാരരുദ്രനും ദുഷ്ടനിഗ്രഹകനുമായ ശിവന്റെ വീരാട്ടം ആഘോഷിക്കുന്ന പാരമ്പര്യം എന്നതും അവർ ചർച്ച ചെയ്തു. പക്ഷേ, ആ വ്യത്യാസം എസ്തറെ ഹിന്ദുവിരോധിയാക്കിയിരുന്നില്ല. അതിന്റെ മുഖ്യ കാരണം ഗാന്ധി ആയിരുന്നു. ഹിന്ദുപാരമ്പര്യത്തിലെ വൈവിധ്യം അവൾ അറിഞ്ഞത് ഗാന്ധിയിൽനിന്നാണ്. ഉറച്ച സനാതനഹിന്ദു ആയിരിക്കുമ്പോഴും ഗാന്ധി പ്രതിനിധാനംചെയ്തത് അഹിംസയിലും സ്നേഹത്തിലും അടിയുറച്ച മറ്റൊരു ഹൈന്ദവപാരമ്പര്യം ആണല്ലോ. സ്നേഹമാണ് വിശ്വാസത്തിനും മുകളിൽ എന്ന് കൊറിന്തോസുകാർക്ക് എഴുതിയ വിശുദ്ധ പൗലോശ്ലീഹയുടെ സന്ദേശം തന്നെയാണല്ലോ ബാപ്പുവിൽനിന്നും താൻ കേട്ടതെന്ന് അവൾ ഓർത്തു.

പരസ്പരം വർത്തമാനം പറഞ്ഞു നടന്നതിനാൽ അവർ ദൂരം അറിഞ്ഞേയില്ല. സ്കൂൾവളപ്പിലെത്തിയപ്പോഴേക്കും ഇരുട്ട് പരന്നിരുന്നു. കുട്ടികൾ അവരുടെ മുറികളിലേക്ക് തിരിഞ്ഞു. തൊട്ട് ചേർന്നുള്ള തങ്ങളുടെ മുറികളിലേക്ക് കയറാൻ വാതിൽ തുറക്കുകയായിരുന്നു എസ്തർ. പെട്ടെന്ന് കാലിൽ എന്തോ കടിച്ചതുപോലെ അവൾക്ക് തോന്നി. ഞെക്കുവിളക്ക് അടിച്ചു നോക്കിയപ്പോൾ അവൾ ഞെട്ടി. മുറ്റത്തെ ഇരുട്ടിലേക്ക് ഇഴഞ്ഞുപോകുന്ന പാമ്പ്. കണ്ടപാടെ എലീസ് നിലവിളിച്ചുപോയി. എസ്തർ മനഃസാന്നിധ്യം വീണ്ടെടുത്തിരുന്നു. ‘‘നമുക്ക് ഉടൻ ആശുപത്രിയിൽ പോകാം.’’ അവൾ പറഞ്ഞു. സ്കൂളിനടുത്തു താമസിക്കുന്ന മെയ്യപ്പനെ വിളിച്ച് കാളവണ്ടി വരുത്തി. സമീപത്ത് തന്നെയായിരുന്നു ഡാനിഷ് മിഷൻ മിഷനറിമാരുടെ ‘ആരോഗ്യവരം’ ആശുപത്രി. എസ്തറിന് ഡോ. ക്രിസ്റ്റ്യാൻ അടിയന്തര കുത്തിവെപ്പ് എടുത്തു. “സാരമില്ല. വലിയ കുഴപ്പക്കാരനല്ല തന്നെ കടിച്ചതെന്ന് തോന്നുന്നു’’, ഡോക്ടർ എസ്തറോട് പറഞ്ഞു. പാമ്പുകടി വലിയ പ്രശ്നമുണ്ടാക്കിയില്ലെങ്കിലും അക്കൊല്ലം തന്നെ കാത്തിരുന്ന ഒരുപാട് വിഷമങ്ങളുടെ തുടക്കമായിരുന്നു അതെന്ന് അവൾ അപ്പോൾ കരുതിയില്ല. പാമ്പിന്റെ വിവരമറിഞ്ഞ് ബാപ്പു ഉത്കണ്ഠാകുലനായി. ബിഹാറിലെ ചർച്ചകളുടെയും സമരങ്ങളുടെയും തിരക്കിനിടയിലും അദ്ദേഹം എസ്തറിന് എഴുതി.

‘‘പാമ്പുകടിക്ക് എന്തു ചികിത്സയാണ് നീ ചെയ്തത്? എങ്ങനെയാണ് കടിയേറ്റത്? എവിടെയാണ് കടിയേറ്റത്? പാമ്പിനെ പിടിക്കുകയോ കൊല്ലുകയോ ചെയ്തിരുന്നോ? എനിക്ക് വളരെ താൽപര്യമുള്ള ഒരു വിഷയമാണ് പാമ്പുകടിയും പാമ്പുകളും.’’

1917ലെ ക്രിസ്മസ് അടുത്തുവരുകയായിരുന്നു. ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം ക്രിസ്മസ് ചെലവഴിക്കുകയായിരുന്നു എസ്തറിന്റെ പതിവ്. തലേക്കൊല്ലം ക്രിസ്മസ് തിരുക്കോയിലൂരിൽ ആൻ മേരിക്കൊപ്പം ആയിരുന്നു. അടുത്ത ക്രിസ്മസിനുമുമ്പ് ആൻ കോപൻഹേഗനിലേക്ക് പോയി. പിന്നെ എസ്തറിന് സംശയമുണ്ടായില്ല. അഹ്മദാബാദിൽ ബാപ്പുവിന്റെ ആശ്രമത്തിലാകും തന്റെ ഇക്കൊല്ലത്തെ ക്രിസ്മസ്. ചമ്പാരനിലായിരുന്ന ബാപ്പുവും അതറിഞ്ഞ് അങ്ങേയറ്റം സന്തോഷവാനായി. അപ്പോഴേക്കും തനിക്ക് ബിഹാറിൽനിന്ന് മടങ്ങാനാകുമെന്ന് അദ്ദേഹം എസ്തറിന് എഴുതി. “എന്റെ പ്രിയ എസ്തർ, ഞാനും ആശ്രമത്തിലെല്ലാവരും സന്തോഷത്തോടെ നിന്നെ കാത്തിരിക്കും.’’ ആനന്ദത്തിന്റെ കൊടുമുടിയിലായി എസ്തർ.

പക്ഷേ, എത്രയും അപ്രതീക്ഷിതമായിരുന്നു തുടർന്നുണ്ടായ സംഭവവികാസങ്ങൾ. ക്രിസ്മസിന് ഗാന്ധി ആശ്രമത്തിൽ പോകാനുള്ള അവളുടെ അപേക്ഷ ഡിസംബർ ആദ്യം ഡാനിഷ് മിഷൻ ഓഫിസ് നിരാകരിച്ചു. യാത്രക്ക് എല്ലാ തയാറെടുപ്പുകളും കഴിഞ്ഞിരുന്ന എസ്തറിന് സഹിക്കാനാവുന്നതായിരുന്നില്ല അത്. രോഷവും നിരാശയും അവളെ വല്ലാതെ ഉലച്ചുകളഞ്ഞു. അടുത്തുമാത്രം മലേറിയ രോഗമുക്തനായ ബാപ്പുവിനെ കാണാനുള്ള ഉൽക്കടമായ ആഗ്രഹത്തിലായിരുന്നു അവൾ. സെപ്റ്റംബറിൽ അദ്ദേഹം മദിരാശിയിലെത്തിയപ്പോഴും കാണാനായിരുന്നില്ല. മിഷൻ അധികാരികളുടെ വിലക്കിൽ രോഷവും സങ്കടവും സഹിക്കാനാവാതെ ബാപ്പുവിന് അവൾ എഴുതി. പക്ഷേ റാഞ്ചിയിൽനിന്ന് ബാപ്പു എസ്തറെ സമാധാനിപ്പിച്ച് എഴുതി.

 

ചമ്പാരൻ സത്യഗ്രഹ സമരവേളയിൽ ഗാന്ധിജി അനുയായികൾക്കൊപ്പം

മോതിഹരി, ചമ്പാരൻ -ഡിസംബർ 12, 1917

പ്രിയ എസ്തർ,

നിന്റെ കത്ത് എന്നെ വേദനിപ്പിക്കുന്നു. എന്തിനാണ് ഇത്രയധികം വേവലാതിപ്പെടുന്നത്? ഒരു അഗ്നിപരീക്ഷയിൽ കൂടി കടന്നുപോകുകയാണെന്ന് കരുതിക്കൊള്ളുക. ഒരു ബുദ്ധിമുട്ടും കൂടാതെ നീ അത് അതിജീവിക്കും. നിന്റെ പ്രവർത്തനങ്ങളുടെ ചുമതല നീ ആരെ ഏൽപിച്ചിരിക്കുന്നുവോ അവരെ അനുസരിക്കുകയാണ് നിന്റെ ഇപ്പോഴത്തെ കടമ. നിന്റെ ആത്മീയമായ പുരോഗതി തടയുകയാണെങ്കിൽ മാത്രമാണ് അവരെ എതിർക്കാൻ നിനക്ക് അവകാശമുണ്ടാവുക. സംശയത്തിന്റെ ആനുകൂല്യം അവർക്കാണ്. തീർച്ചയായും അവരോട് നിനക്ക് ഇപ്പോൾ അഹ്മദാബാദിൽ പോകേണ്ടതിന്റെ കാരണങ്ങൾ അവതരിപ്പിക്കാം. നല്ല കാലാവസ്ഥ, സ്നേഹപൂർണമായ പരിഗണന, മനഃസമാധാനം എന്നിവയൊക്കെ നിനക്ക് ഉറപ്പായി കിട്ടുമെന്നതൊക്കെ അവരോട് പറയുക. മാറിയ സാഹചര്യങ്ങൾ നിനക്ക് ഗുണംചെയ്യുമെന്ന് അവരെ ബോധ്യപ്പെടുത്തുക. എന്നിട്ടും ഫലിക്കുന്നില്ലെങ്കിൽ വിട്ടുകളയുക. ഒന്നും സാരമാക്കാനില്ല. പലപ്പോഴും നാം ഏറ്റവും ആഗ്രഹിക്കുന്നത് നടക്കാതിരിക്കുന്നതാണ് നമുക്ക് ദൈവം തരുന്ന ഏറ്റവും നല്ല പരീക്ഷ. വിചിത്രവും ദുർഗ്രഹവുമാണ് ദൈവത്തിന്റെ രീതികൾ.

ദയവ് ചെയ്ത് പതിവു തെറ്റാതെ എനിക്ക് എഴുതുക. ഇക്കൊല്ലം അവസാനംവരെ ഞാൻ മോതിഹരിയിലുണ്ടാകും. ഈ കത്ത് വായിച്ച് സമാധാനം കൈവന്നാൽ അക്കാര്യം അറിയിച്ച് കമ്പി അടിച്ചാലും സന്തോഷം.

സ്നേഹത്തോടെ,

എന്നും നിന്റെ

ബാപ്പു

ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാർ പലതരത്തിലുള്ള കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്ന കാലമായിരുന്നു അത്. രണ്ട് കാരണങ്ങൾ അതിനുണ്ട്. ഒന്ന്, രൂക്ഷമായി വന്ന ഒന്നാം ലോകയുദ്ധം. രണ്ട്, ഇന്ത്യക്കുള്ളിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ വ്യാപിച്ച അസംതൃപ്തിയും സമരങ്ങളും. ചമ്പാരനുശേഷം ഗാന്ധി തന്റെ അടുത്ത സത്യഗ്രഹങ്ങൾ ആരംഭിച്ചിരുന്നല്ലോ. ആദ്യം അഹ്മദാബാദിലെ മിൽ തൊഴിലാളികൾക്കുവേണ്ടിയും തുടർന്ന് ഗുജറാത്തിലെ ഖേഡയിലെ കർഷകരുടെ ആവശ്യങ്ങൾക്കുമായിരുന്നു അവ. ക്രമേണ ദേശീയപ്രസ്ഥാനത്തിന്റെയും കോൺഗ്രസിന്റെയും കടിഞ്ഞാൺ ഗാന്ധിയുടെ കരങ്ങളിലേക്ക് വന്നു. അതോടെ, സ്ത്രീകളടക്കം സാധാരണക്കാരായ ജനത വ്യാപകമായി ദേശീയപ്രസ്ഥാനത്തിലേക്ക് കടന്നുവരാനാരംഭിച്ചു. ഇത് ബ്രിട്ടീഷ് അധികാരികൾ നിലപാടുകൾ കടുപ്പിക്കുന്നതിന് വഴിയൊരുക്കി. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിൽനിന്നുള്ള മിഷനറി പ്രവർത്തനങ്ങളും പുതിയ നിയന്ത്രണങ്ങൾക്കു വിധേയമായി. പ്രത്യക്ഷവും പരോക്ഷവുമായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മിഷനറിമാർ പങ്കെടുക്കുന്നതിലായിരുന്നു ഏറ്റവും കർശന വിലക്ക്.

ഗാന്ധിയുടെ ആശ്രമത്തിൽ പോകാൻ എസ്തറിനെ മിഷൻ വിലക്കിയതിന്റെ പിന്നിൽ ഇതായിരുന്നു കാരണം. എന്നാൽ, ഗാന്ധിയെന്ന തന്റെ ആത്മീയഗുരുവിനെ സന്ദർശിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും രാഷ്ട്രീയം തന്റെ വിഷയമേ അല്ലെന്നുമുള്ള എസ്തറിന്റെ വിശദീകരണമൊന്നും ഡാനിഷ് മിഷൻ വിലക്കെടുത്തില്ല. എസ്തറിന്റെ ഭാഗം പറയാൻ ആൻ മേരി ഡെന്മാർക്കിലായിപ്പോയതും അവൾക്ക് പ്രതികൂലമായി. ഇന്ത്യയിലെ മിഷൻ തലവൻ ബിറ്റ്മാന് ഗാന്ധിയോടും എസ്തറോടും അനുഭാവമുണ്ടായിരുന്നിട്ടും മിഷനിലെ ഭൂരിപക്ഷം വഴങ്ങിയില്ല.

1917 പകുതിയായതോടെ അഹ്മദാബാദിൽ പേമാരിയും പ്ലേഗ് ബാധയും ദുരിതം വിതച്ചു. അഞ്ഞൂറിലേറെപ്പേർ മാസങ്ങൾക്കകം പ്ലേഗ് മൂലം മരിച്ചു. സ്കൂളുകളും ഓഫിസുകളും അടച്ചു. ആയിരക്കണക്കിന് പേർ നഗരംവിട്ട് ഗ്രാമങ്ങളിൽ അഭയം പ്രാപിച്ചു. അതോടെ മില്ലുടമകൾ പരിഭ്രാന്തരായി. തൊഴിലാളികളില്ലാതെ മില്ലുകൾ എങ്ങനെ പ്രവർത്തിക്കും? അപ്പോൾ തൊഴിലാളികളെ പിടിച്ചുനിർത്താൻ അവർ ഒരു ഉപായം കണ്ടെത്തി. തൊഴിലാളികൾക്ക് 75 ശതമാനം പ്ലേഗ് ബോണസ് പ്രഖ്യാപിച്ചു. പക്ഷേ, ജനുവരിയോടെ പ്ലേഗ് അടങ്ങി. അപ്പോൾ മില്ലുടമകൾ മലക്കംമറിഞ്ഞു. ബോണസ് വാഗ്ദാനത്തിൽനിന്നും അവർ നിശ്ശബ്ദമായി പിൻവലിഞ്ഞു. തൊഴിലാളികൾ പ്രതിഷേധിച്ചപ്പോൾ 20 ശതമാനം ബോണസ് തരാമെന്നായി. തൊഴിലാളികൾ കൂട്ടാക്കിയില്ല. ക്രമേണ സംഘർഷം വളർന്നു.

 കോ​ത്ത​ഗി​രി​യി​ൽ ഡാനിഷ്​ മിഷനറിമാരു​െട ആശ്രമം

അഹ്മദാബാദിലെത്തിയ ഗാന്ധി അനുരഞ്ജനശ്രമങ്ങൾ ആരംഭിച്ചു. മിൽ ഉടമകളുടെ നേതാവ് ധനാഢ്യനായ അംബാലാൽ സാരാഭായിയും കുടുംബവും ഗാന്ധിയുടെ അടുത്ത സുഹൃത്തുക്കൾ. ഗാന്ധി കൊച്ച്റബിലെ ആശ്രമത്തിൽ അയിത്തജാതിക്കാരായ ഒരു കുടുംബത്തെ താമസിപ്പിച്ചതിനെത്തുടർന്നു സാമ്പത്തികസഹായം നിലച്ചപ്പോൾ ധനസഹായവുമായെത്തിയത് അംബാലാൽ ആയിരുന്നു. അദ്ദേഹത്തിന്റെ സഹോദരി അനസൂയ ലണ്ടനിലെ സ്കൂൾ ഓഫ് ഇക്കണോമിക്സ് വിദ്യാർഥിനിയായിരുന്നപ്പോൾ തൊഴിലാളിപ്രവർത്തനങ്ങളിലും സ്ത്രീകളുടെ വോട്ടവകാശസമരങ്ങളിലുമൊക്കെ ആകൃഷ്ടയായി. അംബാലാലിനെതിരെ തൊഴിലാളികളുടെ ആവശ്യങ്ങൾ നേടാൻ ഗാന്ധിയുടെ സഖാവായി ഉറച്ചുനിന്നത് അനസൂയ. ഇന്ത്യയിലെത്തിയശേഷം ഗാന്ധിയുടെ ആദ്യത്തെ ഉറ്റ സ്ത്രീസുഹൃത്തായി അനസൂയ.

‘‘തൊഴിലാളികൾക്ക് ഒരൽപ്പംകൂടി കൂലി കൊടുക്കുന്നതിൽ മില്ലുടമകൾക്ക് എന്തുകൊണ്ട് സന്തോഷം തോന്നുന്നില്ല?” ഒരുദിവസം സാരാഭായി വസതിയിൽ അത്താഴം കഴിക്കുന്ന നേരം ഗാന്ധി അംബാലാലിനോട് ചോദിച്ചു. “ഒരു സഹോദരൻ എന്തിനാണ് തന്റെ സഹോദരിക്ക് വേദന ഉണ്ടാക്കുന്നത്? അതും അനസൂയാബായിയെപ്പോലെ ഒരു സഹോദരിക്ക്?” അംബാലാലിനോട് പണക്കൊഴുപ്പിൽ അഹങ്കരിക്കാതിരിക്കാനും തൊഴിലാളികളെ അടിച്ചമർത്തുന്നതിനെതിരെയും ഗാന്ധി സംസാരിച്ചു. “ഈ യുദ്ധത്തിൽ തോറ്റുകൊടുക്കുന്നതാണ് നിങ്ങൾക്ക് യഥാർഥ വിജയം സമ്മാനിക്കുക. സ്വന്തം മനഃസാക്ഷിക്ക് ചെവികൊടുത്ത് ആ ചെറിയ സ്വരം കേൾക്കൂ. അതിനു വഴങ്ങിക്കൊടുക്കൂ.’’

മില്ലുടമകൾ ഒട്ടും വഴങ്ങാതെ തുടർന്നപ്പോൾ തൊഴിലാളികൾ 1918 ഫെബ്രുവരി 22ന് പണിമുടക്ക് ആരംഭിച്ചു. ഒരു മാസം പിന്നിട്ടിട്ടും ഫലമുണ്ടായില്ല. തൊഴിലാളി കുടുംബങ്ങളിൽ കൊടുംപട്ടിണി വ്യാപിച്ചു. സാരാഭായ് കുടുംബവുമായുള്ള ഗാന്ധിയുടെ സൗഹൃദം അദ്ദേഹത്തിനെതിരെ സംശയത്തിന്റെ കുന്തമുന തിരിക്കാൻ ചിലരെയൊക്കെ പ്രേരിപ്പിക്കുകയും ചെയ്തു. “അംബാലാലിന്റെയും അനസൂയയുടെയും ഒപ്പം ഭക്ഷണം, താമസം. പിന്നീട് നമ്മോട് വന്ന് സമരംചെയ്യാൻ പറയുക. എനിക്ക് ബാപ്പുവിനെ സംശയം ഉണ്ട്’’, പട്ടിണിയിൽ വലഞ്ഞ ഒരു തൊഴിലാളി പരസ്യമായി വിളിച്ചുപറഞ്ഞു. അതോടെ മാർച്ച് 15ന് ഗാന്ധി ഉപവാസം പ്രഖ്യാപിച്ചു. ഇത് അംബാലാലിന് മേൽ വലിയ സമ്മർദം സൃഷ്ടിച്ചു. ഉപവാസം നാലാംദിവസം ആയപ്പോൾ ഒത്തുതീർപ്പ് കരാർ ആയി. 35 ശതമാനം ബോണസ് പ്രഖ്യാപിക്കപ്പെട്ടു. സമരം അവസാനിച്ചു.

സമരത്തിന്റെ തീച്ചൂളയിലായിരുന്നപ്പോഴും ബാപ്പു എസ്തറിന് എഴുതിക്കൊണ്ടിരുന്നു. സമരത്തിന്റെ വിശദാംശങ്ങളും അതിൽനിന്നുള്ള പാഠങ്ങളും അദ്ദേഹം വിവരിച്ചു. ‘‘അഹ്മദാബാദ് സമരം എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ പാഠങ്ങളാണ് സമ്മാനിച്ചത്. ആ പണിമുടക്കിലെപ്പോലെ സ്നേഹത്തിന്റെ ശക്തി മുമ്പ് ഞാൻ അനുഭവിച്ചിട്ടില്ല. ഉപവാസം പ്രഖ്യാപിച്ച ഉടൻ എന്റെ മുന്നിൽ തിങ്ങിക്കൂടിയ ആ ജനസാഗരം ദൈവസാന്നിധ്യത്തിന്റെ തെളിവായി” –അദ്ദേഹം എഴുതി. “പ്രിയപ്പെട്ട എസ്തർ, എല്ലാറ്റിലും ഉപരി നിന്റെ സ്നേഹപൂർണവും സത്യസന്ധവുമായ കമ്പിസന്ദേശം. ഉപവസിച്ച ആ നാലുദിവസം എനിക്ക് ശാന്തിയുടെയും അനുഗ്രഹത്തിന്റെയും ആത്മീയമായ ഉണർവിന്റെയും ദിനങ്ങളായി. ആഹാരം കഴിക്കണമെന്ന ആഗ്രഹം തെല്ലും തോന്നാതെപോയ നാലു നാളുകൾ.’’

ആർക്കോട്ടിലെ കടുത്ത ചൂട് മൂലമാകാം മാറാത്ത ഉദരരോഗം എസ്തറിനെ പിടികൂടിയിരുന്നു. തുടർന്ന് മിഷന്റെ വേനൽക്കാല ഓഫിസായ ഊട്ടിക്കടുത്തുള്ള കോത്തഗിരിയിൽ ഏതാനും ദിവസം മാറിത്താമസിക്കാൻ എസ്തർ പോയി. കത്തെഴുതാനുള്ള കരുത്തുപോലും ചോർന്നുപോയിരുന്ന ആ നാളുകളിൽ അവൾക്ക് ആശ്വാസമായത് ബാപ്പുവിന്റെ സ്നേഹസ്പർശമാർന്ന കത്തുകളാണ്. എസ്തറിന്റെ അസുഖത്തിൽ അദ്ദേഹം ഉത്കണ്ഠപ്പെട്ടു. മേയ് മാസത്തിൽ സബർമതിയിൽനിന്ന് അദ്ദേഹം അവൾക്ക് എഴുതി; “നിന്റെ കരളിന്റെ ആരോഗ്യത്തിനായി പൂർണമായ ഉപവാസം പരീക്ഷിക്കാമോ? ഇഷ്ടംപോലെ തിളപ്പിച്ച വെള്ളം കുടിക്കുക. നേർപ്പിച്ച ഓറഞ്ച് നീരും ആകാം. ക്ഷീണമോ ബോധക്ഷയമോ തോന്നിയാൽ കുറച്ചുനേരം കിടന്നോളുക. ക്ഷീണം മാറ്റാൻ അതിലും ഭേദമായിരിക്കും കടിസ്നാനം. ശരീരത്തിന്റെ മേൽഭാഗവും കാലുകളും പുറത്തിട്ടുകൊണ്ട് വെള്ളം നിറച്ച ഒരു പാത്രത്തിൽ ഇരിക്കുന്നതാണിത്. എത്രയും ഊർജദായകമാണത്. കരളിന്റെ ബുദ്ധിമുട്ടുകൾക്ക് ഏറ്റവും അനുയോജ്യം ഉപവാസമാണ്.’’

 

ഗാന്ധിജിയുടെ കൊ​ച്ച്റ​ബ് ആ​ശ്ര​മം

അഹ്മദാബാദ് സമരമവസാനിച്ചതോടെ ഗാന്ധി ഖേഡയിലെ കർഷകപ്രശ്നത്തിലേക്ക് ശ്രദ്ധതിരിച്ചു. വലിയതോതിൽ വിളനഷ്ടവും ക്ഷാമവും പകർച്ചവ്യാധികളും ഒക്കെ മൂലം മഹാദുരിതത്തിലായ കർഷകരുടെ നടു ഒടിച്ചുകൊണ്ട് ബ്രിട്ടീഷ് സർക്കാർ ഭൂനികുതി വർധിപ്പിച്ചു. ഇത് നൽകാൻ വിസമ്മതിച്ച കർഷകരുടെ ഭൂമി സർക്കാർ പിടിച്ചെടുക്കാൻ ആരംഭിച്ചു. ഇതിനെതിരെ ആറുമാസക്കാലം കർഷകർ സമരംചെയ്തിട്ടും ഫലമുണ്ടാകാതെയായപ്പോഴാണ് ഗാന്ധിയും സർദാർ പട്ടേലും മറ്റും രംഗത്തെത്തിയത്. ദിവസങ്ങൾ നീണ്ട അക്രമരഹിതമായ സത്യഗ്രഹത്തിലൂടെ സമരം വിജയംവരിച്ചു. മോഹൻദാസ് കരംചന്ദ് ഗാന്ധിയിൽനിന്ന് മഹാത്മാ ഗാന്ധിയിലേക്കുള്ള പ്രയാണത്തിലെ പ്രധാന നാഴികക്കല്ലുകളായി ഈ സമരങ്ങൾ.

പക്ഷേ, എസ്തറിന്റെ ജീവിതം ഇതിനിടെ കൂടുതൽ ക്ലേശഭരിതമായി വന്നു. ഡാനിഷ് മിഷൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ഇന്ത്യയിലെ മിഷന്റെ നിലനിൽപ്പിന് ഇത് അനിവാര്യമായിരുന്നത്രേ. അപായകാരിയായിത്തീർന്ന ഗാന്ധിക്ക് കത്ത് എഴുതുന്നതിനും എസ്തറിന് നിയന്ത്രണങ്ങൾ വന്നു. മിഷനിൽനിന്ന് രാജിവെക്കുന്ന കടുത്ത നടപടിപോലും എസ്തർ ആലോചിച്ചുതുടങ്ങി. എന്തായാലും പുതിയ വിലക്കുകൾ അവഗണിക്കാൻ അവൾ തീരുമാനിച്ചു. ബാപ്പുവിന് താൻ നെയ്ത ഖദർ മേൽവസ്ത്രങ്ങൾ അവൾ അയച്ചുകൊടുത്തു. ഇറക്കം അൽപം കുറവാണെങ്കിലും നിന്നോടുള്ള സ്നേഹംമൂലം താൻ അവ നിത്യം ധരിക്കുകയാണെന്ന് ബാപ്പു അവളെ അറിയിച്ചു.

അപ്പോഴേക്കും ‘‘പ്രിയപ്പെട്ട കുഞ്ഞേ’’ എന്ന് ബാപ്പു എസ്തറിനെ അഭിസംബോധനചെയ്യാൻ ആരംഭിച്ചിരുന്നു. സന്തോഷഭരിതയായ എസ്തർ ‘‘അങ്ങയുടെ കുഞ്ഞ്’’ എന്നായി കത്തിൽ ഒപ്പ് വെക്കുക. അച്ഛനും മകളും തമ്മിലെന്നപോലെയോ അതിനപ്പുറമോ ആണ് തങ്ങളുടെ ബന്ധമെന്ന് ഗാന്ധി എല്ലാവരോടും പറഞ്ഞു. പക്ഷേ മിഷനുമായി തെറ്റിപ്പിരിയരുതെന്നും അവരെ അനുസരിക്കണമെന്നും ബാപ്പു നിരന്തരം എസ്തറെ ഓർമിപ്പിച്ചു.

തന്റെ മൂത്ത രണ്ട് ആൺമക്കളുമായും ഗാന്ധിയുടെ ബന്ധം വളരെ മോശമായ സമയമായിരുന്നു അത്. ജോലിസ്ഥലത്ത് സാമ്പത്തിക ക്രമക്കേടുകളിൽ കുടുങ്ങിയ മൂത്തമകൻ ഹരിലാലിനെ അദ്ദേഹം മനസ്സുകൊണ്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചത് അക്കാലത്താണ്. തെക്കേ ആഫ്രിക്കയിൽ ‘ഇന്ത്യൻ ഒപ്പീനിയൻ’ പത്രത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ടാമൻ മണിലാൽ വിവാഹിതനാകാൻ ആഗ്രഹിച്ചു. പക്ഷേ, സമയമായില്ലെന്ന് പറഞ്ഞ് ഗാന്ധി അനുവദിച്ചില്ല. ദീർഘനാളായി ആശ്രമം വിട്ട് യാത്രയിലും സമരങ്ങളിലുമായിരുന്ന അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങളും വേട്ടയാടി. വിട്ടുമാറാത്ത അതിസാരത്തിൽനിന്ന് കരകയറാൻ പശുവിൻപാല് കുടിക്കാനുള്ള ഡോക്ടർമാരുടെ നിർദേശം അദ്ദേഹം തിരസ്കരിച്ചു. പശുവിന്റെ കുട്ടിക്കുള്ള പാൽ മനുഷ്യർ കവരുന്നതിനെതിരെ അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. ഇതിൽ ഉത്കണ്ഠ വർധിച്ച എസ്തർ പ്രതിജ്ഞകളുടെ പ്രസക്തിയെപ്പറ്റി ബാപ്പുവിനോട് സംശയം പ്രകടിപ്പിച്ചു. അക്കാലത്ത് ബാപ്പുവിനെ മലമ്പനിയും പിടികൂടി. പാശ്ചാത്യ ചികിത്സകളോടുള്ള വൈമുഖ്യം മൂലം ഡോക്ടർമാർ നിർദേശിച്ചിട്ടും ക്വിനൈൻ മരുന്ന് കഴിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഇതെല്ലാം എസ്തറിന് കടുത്ത മനോവിഷമം സൃഷ്ടിച്ചു. അർശസ്സിനും ബാപ്പു ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതെല്ലാം കാരണം 1918ന്റെ പകുതിക്ക​ു ശേഷമുള്ള മാസങ്ങളെല്ലാം ബാപ്പു സബർമതി ആശ്രമത്തിൽതന്നെ കഴിഞ്ഞു.

(തുടരും)

Tags:    
News Summary - weekly article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT