പുതിയ വെല്ലുവിളികളിൽ പതറുന്നുവോ ആരോഗ്യകേരളം?

എൺപതുകൾ വരെ ഉജ്ജ്വലമായ രീതിയിൽ മുന്നോട്ടുപോയിരുന്ന കേരളം ആരോഗ്യ പരിപാലന രംഗത്തും തിരിച്ചടികൾ ഏറ്റുവാങ്ങിയോ? ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസാധാരണമാംവിധം ജീവിതശൈലീ രോഗങ്ങളുടെ മ്യൂസിയമായി കേരളം മാറിയോ? എന്താണ്​ ബദൽ? –നിരീക്ഷണങ്ങളും വിശകലനങ്ങളും.പത്തൊമ്പതാം നൂറ്റാണ്ടി​ന്റെ രണ്ടാം പാദത്തിലും ഇരുപതാം നൂറ്റാണ്ടി​ന്റെ തുടക്കത്തിലുമായി ജീവിച്ചിരുന്ന ഒരു മനുഷ്യൻ ആരോഗ്യത്തെക്കുറിച്ച് സുപ്രധാനമായ രണ്ടു വാക്യങ്ങൾ കേരള ജനതയോട് പറഞ്ഞിരുന്നു. ഈ അധുനാതന കാലത്തും മനുഷ്യ​ന്റെ ആരോഗ്യത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്ന ഒരു പാനീയത്തെക്കുറിച്ചായിരുന്നു ഒന്ന്....

എൺപതുകൾ വരെ ഉജ്ജ്വലമായ രീതിയിൽ മുന്നോട്ടുപോയിരുന്ന കേരളം ആരോഗ്യ പരിപാലന രംഗത്തും തിരിച്ചടികൾ ഏറ്റുവാങ്ങിയോ? ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസാധാരണമാംവിധം ജീവിതശൈലീ രോഗങ്ങളുടെ മ്യൂസിയമായി കേരളം മാറിയോ? എന്താണ്​ ബദൽ? –നിരീക്ഷണങ്ങളും വിശകലനങ്ങളും.

പത്തൊമ്പതാം നൂറ്റാണ്ടി​ന്റെ രണ്ടാം പാദത്തിലും ഇരുപതാം നൂറ്റാണ്ടി​ന്റെ തുടക്കത്തിലുമായി ജീവിച്ചിരുന്ന ഒരു മനുഷ്യൻ ആരോഗ്യത്തെക്കുറിച്ച് സുപ്രധാനമായ രണ്ടു വാക്യങ്ങൾ കേരള ജനതയോട് പറഞ്ഞിരുന്നു. ഈ അധുനാതന കാലത്തും മനുഷ്യ​ന്റെ ആരോഗ്യത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്ന ഒരു പാനീയത്തെക്കുറിച്ചായിരുന്നു ഒന്ന്. രോഗപ്രതിരോധത്തി​ന്റെ അടിസ്ഥാനശിലയായ ശുചിത്വത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തി​ന്റെ മറ്റൊരു പ്രബോധനം.

മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് അദ്ദേഹം പറഞ്ഞത് മദ്യം ആരോഗ്യത്തോടും പ്രത്യേകിച്ച് കരളിനോടും എന്താണ് ചെയ്യുന്നത് എന്ന കൃത്യമായ കാഴ്ചപ്പാടി​ന്റെ സാക്ഷ്യപത്രമായിരുന്നു. ശുചിത്വം അടുക്കളയിൽനിന്നു തുടങ്ങണം എന്ന് പറഞ്ഞതാവട്ടെ, വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയബോധത്തി​ന്റെ വെളിച്ചത്തിൽനിന്നുകൊണ്ടാണ്. അതായിരുന്നു പഴയ കേരളത്തി​ന്റെ സാമാന്യമായ പൊതുജനാരോഗ്യ പശ്ചാത്തലം.

സാമൂഹിക നവോത്ഥാനത്തോടൊപ്പം സാധാരണക്കാര​ന്റെ ആരോഗ്യവും സർവതലസ്പർശിയായ ത​ന്റെ ധിഷണകൊണ്ടും അപരനുവേണ്ടി എപ്പോഴും തുറന്നുവെച്ച ത​ന്റെ ഹൃദയംകൊണ്ടും ഗുരു തൊട്ടറിഞ്ഞതി​ന്റെ തെളിവുകളായിരുന്നു ആ രണ്ടു മഹാവാക്യങ്ങൾ. (രാജ) ഭരണകൂടവും സാമൂഹിക നവോത്ഥാന നായകരും ഭടജനങ്ങളും ഒറ്റക്കെട്ടായി നൂറ്റാണ്ടുകൾകൊണ്ട് നടന്നും വീണും വീണ്ടും എഴുന്നേറ്റും പടുത്തുയർത്തിയതായിരുന്നു കേരളത്തി​ന്റെ പൊതു ആരോഗ്യം.

പത്തൊമ്പതാം നൂറ്റാണ്ടി​ന്റെ തുടക്കത്തിൽതന്നെ കേരളത്തിലെ ഭരണകൂടങ്ങൾ ആരോഗ്യത്തി​ന്റെ കാര്യത്തിൽ അസൂയാവഹമായ ആധുനിക ശാസ്ത്രബോധം പ്രകടിപ്പിച്ചിരുന്നു. കൊച്ചി രാജവംശം ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ചേർന്ന് ഭരിച്ചിരുന്ന 1799-1814 കാലത്താണ് ഇന്ത്യയിൽ ആദ്യമായി വസൂരിക്കെതിരെ വാക്സിൻ ഉപയോഗിക്കുന്നത്. 1802ലായിരുന്നു ആ മഹത്തായ സംഭവം.

ജെന്നറുടെ പ്രശസ്തമായ വാക്സിനേഷൻ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ട് ആറു വർഷത്തിനുള്ളിൽ കേരളത്തിൽ വാക്സിനേഷൻ പ്രയോഗത്തിൽ വരുത്തി എന്ന വസ്തുത ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, അത്ഭുതത്തിൽ കുറഞ്ഞൊന്നുമല്ല. 1812ൽ പരിശീലനം ലഭിച്ച ആറു അച്ചുകുത്തുപിള്ളമാരെ (vaccinators) കൊച്ചി ഭരണകൂടം നിയമിക്കുക കൂടി ചെയ്തു.

കുത്തിവെപ്പുകൾക്കെതിരായി കാലാതീതമായി തുടരുന്ന ദുഷ്പ്രചാരണത്തി​ന്റെ കേരളത്തിലെ ആദ്യത്തെ ഇരയാവാൻ ധീരമായി വിസമ്മതിച്ച തിരുവിതാംകൂർ മഹാറാണി ഗൗരി ലക്ഷ്മിബായ് 1813ൽ സ്വയം കുത്തിവെപ്പെടുത്തുകൊണ്ട് യാഥാസ്ഥിതികരെ ഞെട്ടിച്ചു. അവരുടെ അനിയത്തി ഗൗരി പാർവതി ബായ് ആവട്ടെ പൂർവാധികം കരുത്തോടെ റാണി ലക്ഷ്മീബായിയുടെ കാലടിപ്പാടുകൾ പിന്തുടരുകയും സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരു സിവിൽ ആശുപത്രി, മനോരോഗാശുപത്രി, കുഷ്ഠരോഗാശുപത്രി, കണ്ണാശുപത്രി, ശുചിത്വ ആരോഗ്യ വിഭാഗം, പൊതുജനാരോഗ്യ ലബോറട്ടറി എന്നിവ ആരംഭിക്കുകയും ചെയ്ത കഥകൾ അവിശ്വസനീയം എന്നേ പറയാനാവൂ. വസൂരിക്കും പേപ്പട്ടി വിഷത്തിനുമുള്ള വാക്സിൻ നിർമാണവും അക്കാലത്തുതന്നെ അവർ ആരംഭിച്ചു എന്നറിയുമ്പോൾ എത്രമാത്രം പുരോഗമനപരവും ആധുനികവുമായ കാഴ്ചപ്പാടും നിലപാടുകളുമാണ് അന്നത്തെ കേരളീയ ഭരണകൂടങ്ങൾ സ്വീകരിച്ചിരുന്നത് എന്നോർത്ത് നാം വീണ്ടും വീണ്ടും അത്ഭുതംകൂറിപ്പോവും.

1818ൽ മട്ടാഞ്ചേരിയിലാണ് കൊച്ചി രാജ്യത്തെ ആദ്യ ആധുനിക വൈദ്യശാസ്ത്ര ഡി​െസ്പൻസറി ആരംഭിക്കുന്നത്. 1884-85 കാലഘട്ടത്തിൽ തിരുവിതാംകൂറിൽ 31 ആശുപത്രികൾ ഉണ്ടായിരുന്നുവത്രേ. 1865 നവംബറിൽ തിരുവനന്തപുരത്ത് ആരംഭിച്ച സിവിൽ ആശുപത്രിയാണ് (പിന്നീട് ജനറൽ ആശുപത്രി) കേരളത്തിലെ ആദ്യത്തെ ആധുനിക ആശുപത്രി. 1877ലാണ് തിരുവിതാംകൂറിൽ രാജകീയ ശാസനം വഴി എല്ലാവർക്കും വാക്സിനേഷൻ നിർബന്ധമാക്കിയത്. 1943ൽ ഇന്ത്യയിൽതന്നെ ആദ്യമായി വ്യാജചികിത്സക്കെതിരായ (Quackery) രാജകീയ നടപടി ആരംഭിച്ച നാട്ടുരാജ്യംകൂടിയാണ് തിരുവിതാംകൂർ.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളെ അ​േപക്ഷിച്ച് കേരളം പൊതുജനാരോഗ്യ രംഗത്ത് എത്രമാത്രം അത്ഭുതകരമാംവിധം മുന്നിട്ടുനിന്നിരുന്നു എന്ന വസ്തുതയുടെ ചരിത്രരേഖകളാണ് ഇവയെല്ലാംതന്നെ. ഈ മഹത്തായ അടിസ്ഥാനശിലകളിൽനിന്നാണ് നവോത്ഥാന നായകരും രാഷ്ട്രീയ പാർട്ടികളും പുരോഗാമികളായ ജനതയുമൊക്കെ മുൻകൈയെടുത്ത് കേരളത്തി​ന്റെ പൊതുജനാരോഗ്യം കെട്ടിപ്പടുക്കുന്നത്.

ചെലവ് ഏറ്റവും തുച്ഛമാവുകയും അതേസമയം മികച്ച ആരോഗ്യനിലവാരം കാത്തുസൂക്ഷിക്കുകയും വിട്ടുവീഴ്ചയില്ലാതെ സാമൂഹികനീതിയെ മുറുകെപ്പിടിക്കുകയും ചെയ്യുന്നതുവഴിയാണ് കേരള ആരോഗ്യ മോഡൽ ലോകശ്രദ്ധ ആകർഷിച്ചത്.

1961 മുതൽ 80കൾ വരെ കേരളത്തി​ന്റെ ആരോഗ്യരംഗത്ത് വലിയ വിപ്ലവങ്ങളാണ് നടന്നത്. അക്ഷരാർഥത്തിൽ സർവതോമുഖമായ പുരോഗതി എന്നു വിശേഷിപ്പിക്കുന്നതിൽ ഒട്ടും തെറ്റില്ല. 1961ലുണ്ടായിരുന്ന കിടക്കകളുടെ എണ്ണം 13,000 ആയിരുന്നുവെങ്കിൽ ഒാരോ പത്തുവർഷത്തിലും പതിനായിരത്തോളം കിടക്കകൾ വർധിച്ച് 1986 ആവുമ്പോഴേക്ക് കിടക്കകളുടെ എണ്ണം 38,000 ആയി. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണ് സർക്കാറി​ന്റെ വരുമാനം ഏറ്റവും കൂടുതൽ നീക്കിവെച്ചിരുന്നത്.

സ്ത്രീ സാക്ഷരതയാണ് സാമൂഹിക രോഗപ്രതിരോധത്തി​ന്റെ ആണിക്കല്ല്. ഈ രംഗത്ത് കേരളത്തി​ന്റെ നേട്ടം സമാനതകളില്ലാത്തതായിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായ രാഷ്ട്ര പുനർനിർമാണമാണ് സ്വാതന്ത്ര്യാനന്തര കേരളത്തിൽ 80കൾ വരെ നടന്നത് എന്ന് അർഥശങ്കക്കിടയില്ലാതെ പറയാം. എൺപതുകൾക്കുശേഷം ഈ വേഗം കുറയുന്നതും പതുക്കെ ആരോഗ്യരംഗത്തി​ന്റെ മുൻഗണനകൾ ഓരോന്നായി പിന്നോട്ടടിക്കുന്നതുമായ കാഴ്ചകളാണ് സൂക്ഷ്മനിരീക്ഷകർ ഖേദപൂർവം കണ്ടെടുത്തത്. വരവും ചെലവും തമ്മിലുള്ള സമതുലിതാവസ്ഥ പാലിക്കാനാവാതെ വരുകയും സാമ്പത്തിക സങ്കീർണതകളിലേക്കും കടക്കെണികളിലേക്കും സംസ്ഥാനം പതുക്കപ്പതുക്കെ കൂപ്പുകുത്തുകയുംചെയ്തു.

എൺപതുകൾ വരെ ഉജ്ജ്വലമായ രീതിയിൽ മുന്നോട്ടുപോയിരുന്ന കേരളം ആരോഗ്യപരിപാലന രംഗത്തും തിരിച്ചടികൾ ഏറ്റുവാങ്ങുന്നതാണ് പിന്നെ കണ്ടത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസാധാരണമാംവിധം ജീവിതശൈലീ രോഗങ്ങളുടെ മ്യൂസിയമായി കേരളം മാറി. കൂടിയ പ്രഷർ (രക്താതിമർദം), പ്രമേഹം, കാൻസർ, പൊണ്ണത്തടി, അമിത കൊളസ്​േ​ട്രാൾ (Hyper Choleste remia) എന്നിവ ഓരോ വീട്ടിലുമെത്തി. 2050 ആവുമ്പോഴേക്ക് ജനതയുടെ അഞ്ചിലൊന്നും 60 വയസ്സിനു മുകളിലുള്ളവരാവും എന്ന ഉത്കണ്ഠാകുലമായ അവസ്ഥയും കേരളം അഭിമുഖീകരിക്കുന്നു. മരണനിരക്ക് കുറയുകയും ജനനനിരക്ക് കൂടുകയും ചെയ്യുമ്പോഴുള്ള ഈ ക്യാച്ച് -22 അവസ്ഥ വാർധക്യ പരിചരണം എന്ന പുതിയ വെല്ലുവിളികൂടി കേരളത്തിനുമേൽ അടിച്ചേൽപിക്കുകയാണ്.

ദമ്പതിമാർ കുഞ്ഞുങ്ങളോടൊത്ത് ആത്മഹത്യചെയ്യുക എന്ന ലോകത്ത് മറ്റൊരിടത്തും രേഖപ്പെടുത്താത്ത തരം മരണരീതികൾ കേരളീയർ കണ്ടുപിടിക്കുകയും ഇന്ത്യയിലെ ഏറ്റവും ആത്മഹത്യോന്മുഖരായ ജനതയായി സ്വയം അവരോധിക്കുകയുംചെയ്യുന്നു. മലയാളിയുടെ ഇരട്ടമുഖവും ഒളിച്ചുവെക്കാൻ ബുദ്ധിമുട്ടുന്ന അസൂയയും അടിച്ചമർത്തപ്പെട്ട ലൈംഗിക ചോദനകളും മാത്സര്യത്തി​ന്റെ സാമൂഹികാവസ്ഥയും ശാരീരികാധ്വാനത്തോടും വ്യായാമത്തോടുമുള്ള വിമുഖതയും, വ്യക്തിപരവും സാമൂഹികവുമായ ഭക്ഷണരീതികൾ അടിമുടി മാറിയതുമെല്ലാം മാനസികവും ശാരീരികവുമായ രോഗാതുരമായ സമൂഹമായി മലയാളിയെ ട്രാൻസ്ഫോം ചെയ്യുകയാണ്.

അതോടൊപ്പം കേരളം നിർമാർജനംചെയ്തുവെന്ന് കൊണ്ടാടിയ രോഗങ്ങൾ പതിന്മടങ്ങ് ശക്തിയോടെ തിരിച്ചെത്തുന്ന, ലോകത്ത് എവിടെയും ഏത് പുതിയ രോഗം വന്നാലും അത് പടരുന്ന നാടായി സ്വയം മാറുകയുംചെയ്ത് മറ്റൊരു ഋണാത്മക നാഴികക്കല്ലുകൂടി മലയാളി സൃഷ്ടിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ എന്തുകൊണ്ട് കേരളത്തിൽ പകർച്ചവ്യാധികൾ തിരിച്ചുവരുന്നു, പുതിയ പകർച്ചവ്യാധികൾ എന്തുകൊണ്ടാണ് കേരളത്തെ തിരഞ്ഞെടുക്കുന്നത്, സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ ആധിക്യത്തിന് കാരണമെന്ത്, ഇവയുടെ പ്രതിരോധം പാളിപ്പോവുന്നുണ്ടോ കേരളത്തിൽ, പുകഴ്പെറ്റ കേരള ആരോഗ്യ മോഡൽ പരാജയപ്പെടുകയാണോ എന്നുതുടങ്ങി വൈദ്യശാസ്ത്രപരവും സാമൂഹികവുമായ ഒട്ടനവധി നിർണായകമായ ചോദ്യങ്ങളാണ് നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്.

നിപ, സിക്ക, ചെള്ളുപനി, കോളറ, ജപ്പാൻ മസ്തിഷ്ക ജ്വരം, ചികുൻഗുനിയ, വെസ്റ്റ് നൈൽ പനി, മങ്കിപോക്സ്, പക്ഷിപ്പനി, അമീബിക് മെനിംഗോ എൻകെഫലൈറ്റിസ്, കരിമ്പനി (കാലാ അസർ), ഡെങ്കി, കോവിഡ്, കുരങ്ങുപനി (KFD), പന്നിപ്പനി എന്നിങ്ങനെ അപൂർവ രോഗങ്ങളുടെ തലസ്ഥാനമായി മാറുകയാണോ കേരളം? നിർമാർജനംചെയ്തുവെന്ന് നാം അഭിമാനിച്ച മലേറിയ, കോളറ, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ പൂർവാധികം വാശിയോടെ കേരളത്തിൽ പിടിമുറുക്കുന്നു. എന്താണ് യഥാർഥത്തിൽ കേരളത്തിൽ സംഭവിക്കുന്നത്?

2001ലും 2007ലും സിലിഗുരിയിലും നാദിയയിലുമുണ്ടായ നിപ ബാധകൾക്കുശേഷം കേരളത്തിൽ മാത്രമാണ് നിപ റിപ്പോർട്ടു ചെയ്യപ്പെടുന്നത്. 2018 മുതൽ 2024 വരെയുള്ള കാലയളവിൽ അഞ്ചു രോഗബാധകളിൽ 21 പേരാണ് മരണമടഞ്ഞത്. വനനശീകരണം, പാരിസ്ഥിതിക ബോധത്തി​ന്റെ അഭാവം, നിയന്ത്രണമില്ലാത്ത നഗരവത്കരണം, ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം, രോഗസാധ്യതകളെക്കുറിച്ച് ഗൗരവമില്ലാത്ത കാഴ്ചപ്പാട് എന്നിവ ഒരു വശത്ത്​. അതോടൊപ്പം കേരളത്തി​ന്റെ രോഗ തിരിച്ചറിയൽ സംവിധാനത്തി​ന്റെ (Disease surveillance) മികച്ച ശുഷ്കാന്തിക്ക്​ തെളിവായി കേരളത്തിൽ നിപ ബാധ സമയത്ത്​ കണ്ടെത്തുന്നതി​എടുത്തുകാട്ടപ്പെടുന്നു.

പശ്ചിമ ബംഗാൾ, ബിഹാർ, ഒഡിഷ, ഉത്തർപ്രദേശ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ബ്ലാക്ക് ഫീവർ എന്ന കാലാ അസർ രോഗം 2005ൽ തിരുവനന്തപുരം ജില്ലയിലാണ് കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് 2011, 2015, 2018, 2021 വർഷങ്ങളിൽ മലപ്പുറം, നിലമ്പൂർ, തൃശൂർ, കുന്നത്തുനാട്, കൊല്ലം എന്നിവിടങ്ങളിൽനിന്നും കാലാ അസർ രോഗികളെ തിരിച്ചറിഞ്ഞു.

വൃത്തിഹീനമായ ജീവിതസാഹചര്യങ്ങൾ, താഴ്ന്ന സാമ്പത്തിക സാമൂഹിക പശ്ചാത്തലം, മാലിന്യ നിർമാർജനത്തി​ന്റെ അഭാവം, പോഷകാഹാരക്കുറവ് എന്നിവയാണ് ഈ രോഗത്തിന് അനുകൂല സാഹചര്യമൊരുക്കുന്നത്. രോഗം പരത്തുന്ന മണലീച്ചകൾ (Sand fly) വൃത്തിഹീന സാഹചര്യങ്ങളിൽ വളരെ പെട്ടെന്ന് പെരുകും.

കേരളം ഒരു വലിയ മാലിന്യക്കൂമ്പാരമാവുകയും ആമയിഴഞ്ചാൻ തോടുകൾ ഗ്രാമങ്ങളിൽപോലും രൂപപ്പെടുകയും ചെയ്യുമ്പോൾ മണലീച്ചകളുടെ സ്വർഗമായി മാറുകയാണ് കേരളം. രോഗവ്യാപനത്തെക്കുറിച്ചും രോഗാണുവിനെക്കുറിച്ചും വ്യാപനസഹായിയായ ജീവിയെക്കുറിച്ചും (Vector), അനുകൂലമാവുന്ന സാഹചര്യങ്ങളെക്കുറിച്ചുമൊക്കെ ശാസ്ത്രീയമായ ധാരണയുള്ള സമൂഹമാണ് ഇത്തരം രോഗങ്ങൾക്കു മുന്നിൽ സ്വയംകൃതാനർഥംമൂലം സ്തംഭിച്ചുനിൽക്കുന്നത്.

എലിപ്പനിയാണ് ശക്തമായി തിരിച്ചെത്തുന്ന മറ്റൊരു രോഗം. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 401 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് എലിപ്പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഈ വർഷംമാത്രം വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നുള്ള റിപ്പോർട്ട് അനുസരിച്ച് 152 പേർ ഇതിനകം എലിപ്പനി ബാധിച്ച് മരിച്ചു. ഇത്രമാത്രം സാക്ഷരതയും ആരോഗ്യ സാക്ഷരതയും മികവുറ്റതെന്ന് കേൾവികേട്ട പൊതുജനാരോഗ്യ സംവിധാനവുമുള്ള സംസ്ഥാനത്ത്, തുടക്കത്തിൽതന്നെ രോഗനിർണയം ചെയ്താൽ വളരെ എളുപ്പത്തിൽ ചികിത്സിച്ചു മാറ്റാവുന്ന ഇത്തരം അസുഖങ്ങൾപോലും നിർബാധമായി മരണകാരിയാവുന്നു എന്നത് തികച്ചും ദുഃഖകരവും അമ്പരപ്പിക്കുന്നതുമാണ്. രോഗനിർണയത്തിലും യഥാസമയം നൽകേണ്ട ചികിത്സയിലും കൃത്യമായ ബോധവത്കരണത്തിലും നാം അടിമുടി പരാജയമാണെന്നതി​ന്റെ ഖേദകരമായ തെളിവുകളാണിവ.

മനുഷ്യചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഡെങ്കി ബാധകളാണ് കഴിഞ്ഞവർഷവും ഈ വർഷവും ലോകത്ത് സംഭവിച്ചത്. ഇതഃപര്യന്തമില്ലാത്ത വിധം 2049 മരണവും 41 ലക്ഷം രോഗികളുമായി കഴിഞ്ഞവർഷം ഡെങ്കി അഴിഞ്ഞാടിയപ്പോൾ ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ ഡെങ്കിബാധ അതായിരിക്കുമെന്നു കരുതിയിരുന്നു. എന്നാൽ, 2024ൽ ഇതിനകംതന്നെ 5040 മരണവും ഒരുകോടി നാലു ലക്ഷത്തിലേറെ കേസുകളുമായി ഡെങ്കി ലോകാരോഗ്യ രംഗത്തെ ഞെട്ടിച്ചുകളഞ്ഞു. ആനുപാതികമായി ഇന്ത്യയിലും കേരളത്തിലും ഡെങ്കി കേസുകൾ ക്രമാതീതമായി. വർഷത്തിൽ രണ്ടു ലക്ഷത്തിൽ എത്രയോ താഴെ നിന്നിരുന്ന കേസുകൾ 2022 മുതലാണ് ഇന്ത്യയിൽ രണ്ടുലക്ഷം കടന്നു മുന്നേറിയത്.

2,33,000; 2,90,000 എന്നിങ്ങനെയായിരുന്നു 2022ലും 2023ലും കേസുകളുടെ എണ്ണം. ഈ വർഷം ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും ഗണ്യമായ രീതിയിൽ കേസുകൾ കുറഞ്ഞ് കഷ്ടിച്ചു 32,000 ആയെങ്കിലും ആരോഗ്യ നിരീക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് കേരളം ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഡെങ്കി രോഗികളും മരണവും റിപ്പോർട്ട് ചെയ്ത സംസ്ഥാനമായി മാറി. നാലിലൊന്ന് രോഗികളും ആകെ നടന്ന 32 മരണങ്ങളിൽ 22ഉം കേരളത്തിൽനിന്നാണ് റിപ്പോർട്ട് ചെയ്തത്. സുശക്തമായ ആരോഗ്യവകുപ്പും ആയിരത്തിലേറെ മോഡേൺ മെഡിസിൻ സർക്കാർ ചികിത്സാ സ്ഥാപനങ്ങളുമുള്ള സംസ്ഥാനത്തിനാണ് ഈ ഗതി! കൊതുകു നിയന്ത്രണവും രോഗാരംഭത്തിൽതന്നെയുള്ള കൃത്യമായ രോഗനിർണയവും ശാസ്ത്രീയ ചികിത്സയും ബോധവത്കരണവും എവിടെയാണ് പിഴച്ചുപോവുന്നത്?

ചെള്ളു പനിയാവട്ടെ (Scrub typhus) ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാന്നിധ്യമായിരുന്നു. 2010 മുതൽ ഇന്ത്യയിൽ ഈ സംസ്ഥാനങ്ങളിൽ ചെള്ളു പനി റിപ്പോർട്ടുചെയ്യാൻ തുടങ്ങിയിരുന്നു. കേരളത്തിൽ ആദ്യത്തെ ചെള്ളുപനി മരണം 2019 മേയിൽ ചേലേമ്പ്രയിലാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. 2020ൽ എട്ടു മരണവും 2021ൽ ആറു മരണവുമുണ്ടായി. ഈ വർഷവും ചെള്ളു പനി മരണം സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്തുകഴിഞ്ഞു. പൊതുജനാവബോധത്തി​ന്റെ അഭാവവും പാരിസ്ഥിതികമായ ജാഗ്രതക്കുറവും രോഗപ്രതിരോധം പരിതാപകരമാവുന്നതും ഈ രോഗം പിടിമുറുക്കുന്നതിന് കാരണമാവുന്നു.

കർണാടകയിലെ അഞ്ചു പശ്ചിമഘട്ട സമീപ ജില്ലകളിൽ മാത്രം കണ്ടുവന്നിരുന്ന രോഗമായിരുന്നു ക്യാസന്നൂർ ഫോറസ്റ്റ് ഡിസീസ് എന്ന കുരങ്ങുപനി. 1957ൽ ഷിമോഗയിലെ ക്യാസന്നൂർ വനത്തിൽ പ്രത്യേകതരം ചെള്ളുകളുടെ (Hemophysalis) കടിയേറ്റ് ചത്ത കുരങ്ങന്മാരെ സ്പർശിച്ചവർക്കാണ് ആദ്യമായി ഈ വൈറസ് രോഗം വന്നത്. 2016 മുതൽ വയനാട്ടിലും പരിസരത്തും ഈ രോഗം പ്രത്യക്ഷപ്പെടാൻ തുടങ്ങി. ആ വർഷത്തിൽ 11 പേരാണ് രോഗബാധിതരായി മരിച്ചത്. വയനാട് നൂൽപുഴ കോളനിയിലെ 18കാരനാണ് ആദ്യത്തെ ഇര.

രോഗം പകരുന്ന രീതിയെക്കുറിച്ചുള്ള അജ്ഞതയും ബോധവത്കരണത്തി​ന്റെ കുറവും വാക്സിനേഷനെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് രോഗവർധനക്കു കാരണം. ഗുരുതരമായ മസ്തിഷ്കജ്വരത്തിന് കാരണമാവുന്ന വെസ്റ്റ് നൈൽ പനിയും 2011ഓടെ കേരളത്തിലെത്തി. 2019ലായിരുന്നു ആദ്യ മരണം റിപ്പോർട്ടു ചെയ്തത്. വൂഹാനിൽ കോവിഡ് റിപ്പോർട്ടു ചെയ്ത് കഷ്ടിച്ച് ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ ആദ്യമായി തൃശൂരിലാണ് കോവിഡ് പ്രത്യക്ഷപ്പെടുന്നത്.

2012 ജൂലൈയിൽ വളരെ അപൂർവമായ വാനരവസൂരിയും (മങ്കിപോക്സ്) കേരളത്തിലെത്തി. 1958ൽ കോപ്പൻഹേഗനിൽ കുരങ്ങുകളിൽ കണ്ടെത്തിയ ഈ രോഗം 1970ൽ കോംഗോയിലാണ് ആദ്യമായി മനുഷ്യനിൽ കണ്ടെത്തിയത്. 10 ശതമാനമാണ് മരണനിരക്ക്. വ്യക്തിശുചിത്വത്തി​ന്റെ അഭാവവും മൃഗങ്ങളുമായുള്ള അശാസ്ത്രീയ ഇടപെടലുകളുമാണ് രോഗവ്യാപനത്തിന് കാരണം.

ഏറ്റവും അപൂർവവും ഒമ്പതു ശതമാനം മരണകാരണവുമായ അമീബിക് മെനിംഗോ എൻകെഫലൈറ്റിസി​ന്റെ ലോക തലസ്ഥാനമായി കേരളം മാറിയ കാഴ്ചയാണ് 2024ൽ നാം കാണുന്നത്. ലോകത്തൊട്ടാകെ കഷ്ടിച്ച് നൂറു കേസുകൾമാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രോഗം 2016 മുതൽ കേരളത്തിലെ സാന്നിധ്യമാണ്. 2019, 2020, 2021, 2022 എന്നീ വർഷങ്ങളിലൊക്കെ കേരളത്തിൽ രോഗം തലപൊക്കിയെങ്കിലും കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ നാലു കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും മൂന്ന് കുട്ടികൾ മരിച്ചതും കേരളത്തെ ഞെട്ടിച്ചുകളഞ്ഞു. വൃത്തിഹീനമായ ഒഴുക്കില്ലാത്ത വെള്ളവുമായുള്ള സമ്പർക്കമാണ് പ്രധാന കാരണം.

 

അവ്യവസ്ഥിതവും കാലാനുസാരിയുമല്ലാത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ, പരിസ്ഥിതിബോധമില്ലാത്ത വനനശീകരണം, ശാസ്ത്രം പഠിച്ചാലും ശാസ്ത്രീയബോധം കൈവരാത്ത അവസ്ഥ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ‘ബംഗാളി’കളുടെ കുത്തൊഴുക്ക്, അശാസ്ത്രീയ ചികിത്സകളോടുള്ള നിർവചിക്കാനാവാത്ത വിധേയത്വം, മലയാളിയുടെ ദേശീയവും അന്തർദേശീയവുമായ നിരന്തര യാത്രകൾ, ശാസ്ത്രീയ മാലിന്യ നിർമാർജനത്തി​ന്റെ അഭാവം, നഗരവികസനങ്ങളുടെ തെറ്റായ മാതൃക, സിവിക് സെൻസി​ന്റെ പരിതാപകരമായ കുറവ്, എല്ലാം അറിയാം എന്ന അഹംഭാവം, സ്വകാര്യ ആശുപത്രി സാമൂഹിക നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള തടസ്സങ്ങൾ, സ്വകാര്യ മെഡിക്കൽ കോളജുകളുടെ അതിപ്രസരം, എല്ലാ നവോത്ഥാന നടപടികളോടും പുതുമലയാളി ആർജിച്ച പുച്ഛവും പരിഹാസവും തുടങ്ങി ഒട്ടേറെ സാമൂഹികവും ശാസ്ത്രീയവും സാമ്പത്തികവുമായ കാരണങ്ങൾ രോഗങ്ങളുടെ തിരിച്ചുവരവിനും പുതിയ രോഗങ്ങളുടെ പ്രത്യക്ഷപ്പെടലിനും ഹേതുവാണ്.

രോഗനിരീക്ഷണ സംവിധാനങ്ങൾ (IDSP) കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം എപ്പിഡമോളജിസ്റ്റുകൾ ഗൗരവത്തോടെ ഉന്നയിക്കുന്നുണ്ട്. IDSP എന്ന ഈ സംവിധാനം സർക്കാർ സ്ഥാപനങ്ങളിൽ ഉണ്ടെങ്കിലും സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളിൽ അവയുടെ സാന്നിധ്യമില്ല. ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ മെഡിക്കൽ കോളജുകളിൽ ഏർപ്പെടുത്തിയ PEID Cellകളും (Prevention of epidemics & Infectious disease cell) അവയുടെ സാന്നിധ്യം ശക്തമായി രേഖപ്പെടുത്തുന്നില്ല എന്ന വിമർശനം സാമൂഹിക-ആരോഗ്യ പ്രവർത്തകർ ഉയർത്താറുണ്ട്. യഥാസമയം രോഗനിർണയത്തിനായി ശാസ്ത്രീയമായി ഉയർന്ന മികച്ച ലബോറട്ടറി സൗകര്യങ്ങൾ, വൈറോളജി പഠനകേന്ദ്രങ്ങൾ എന്നിവയും അത്യാവശ്യമാണ്. ശുദ്ധമായ കുടിവെള്ളത്തി​ന്റെ അഭാവം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടി​ന്റെ മൂന്നാംപാദത്തിലും കേരളത്തിന് പരിഹരിക്കാനാവുന്നില്ല. കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, വയറിളക്കം, HFMD, അമീബിയാസിസ് എന്നീ രോഗങ്ങൾ മലിനജലവും (ഓട-വിസർജ്യവസ്തുക്കൾ കലർന്ന ജലം) കുടിവെള്ളവും കൂടിക്കലരുന്നതു വഴിയാണ് ഉണ്ടാവുന്നത്.

ജനസാന്ദ്രത കൂടുമ്പോൾ കിണറുകളും കക്കൂസുകളും പതിനഞ്ചു മീറ്റർ എന്ന ലക്ഷ്മണരേഖ കണക്കാക്കാതെ വളരെ അടുത്തായി വരുന്നു എന്ന വസ്തുതയും ഇത്തരം ദുരന്തങ്ങളിലേക്കുള്ള ചവിട്ടുപടിയാണ്. മാലിന്യനിർമാർജനത്തിലും കൊതുകു നിയന്ത്രണത്തിലും ശുചീകരണത്തിലും പാരിസ്ഥിതിക ഇടപെടലുകളിലും ശുദ്ധജല വിതരണത്തിലും കേരളം ഉദ്ദേശിച്ച അളവിൽ വിജയിക്കാതെ പോയതാണ് പകർച്ചവ്യാധികളുടെ പുത്തൻ ഹബ്ബായി കേരളത്തെ മാറ്റിത്തീർത്തത്.

ഗുരു ഉപദേശിച്ച ശുചിത്വബോധം മുറുകെ പിടിക്കലാണ് രോഗനിവാരണത്തി​ന്റെ അടിസ്ഥാന തത്ത്വം. തിളപ്പിച്ച വെള്ളം കുടിക്കുക, കൈകളുടെ ശുചിത്വം ശ്രദ്ധിക്കുക, കക്കൂസുകൾ ശാസ്ത്രീയമായി ഉപയോഗിക്കുക, പരിസര ശുചീകരണത്തിൽ ശ്രദ്ധിക്കുക, കൊതുകു നിയന്ത്രണം ഉറപ്പുവരുത്തുക, സമീകൃതാഹാരവും വ്യായാമവും ശീലമാക്കുക, ആരോഗ്യ ബോധവത്കരണം, വാക്സിനേഷനെക്കുറിച്ചുള്ള അവബോധം എന്നിവയെല്ലാം ചേർന്നാൽ മാത്രമേ നമ്മൾ സ്വപ്നം കാണുന്ന ആരോഗ്യ കേരളം സാധ്യമാവൂ.

നാം എന്തുചെയ്യണം?

  • മാലിന്യനിർമാർജന പദ്ധതികൾ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പൊതുസമൂഹത്തി​ന്റെയും സഹകരണത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിൽ വരുത്തുക.
  • പകർച്ചവ്യാധികളെയും ജീവിതശൈലീ രോഗങ്ങളെയും മുൻനിർത്തിയുള്ള വൈദ്യശാസ്ത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക.
  • സംസ്ഥാനത്തി​ന്റെ ആരോഗ്യരംഗത്തെ മുതൽമുടക്ക് അഞ്ചു -പത്തു ശതമാനത്തിലേക്കുയർത്തുക.
  • പ്രൈവറ്റ് ആശുപതികളെ കർശനമായ സാമൂഹിക നിയന്ത്രണത്തിൽ കൊണ്ടുവന്ന് ചികിത്സാ ചെലവ് കുറക്കുക.
  • വിവിധ വകുപ്പുകളിലെ പൊതുജനാരോഗ്യ വിദഗ്ധരുടെയും പകർച്ചവ്യാധി വിദഗ്ധരുടെയും പ്രവർത്തനങ്ങൾ സുഘടിതമാക്കുക.
  • വയോജനങ്ങൾക്കും സ്ത്രീകൾക്കും പ്രത്യേക ആരോഗ്യ പദ്ധതികൾ നടപ്പാക്കുക.
  • സ്വകാര്യ മെഡിക്കൽ കോളജുകൾ ഇനി കേരളത്തിൽ ആവശ്യമാണോ എന്ന് ചിന്തിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് കർശന മേൽനോട്ടം ഏർപ്പെടുകയുംചെയ്യുക.
  • വിപുലമായ ബോധവത്കരണ യത്നങ്ങൾ, പ്രത്യേകിച്ച് പുതിയ രോഗങ്ങളെ മുൻനിർത്തി ആസൂത്രണംചെയ്യുക.
  • സർക്കാർ ആശുപത്രികളുടെ പ്രവർത്തനവും സേവനവും മെച്ചപ്പെടുത്താനുള്ള പദ്ധതികൾ. സ്റ്റാഫ് പാറ്റേൺ വിപുലമാക്കുക, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, മരുന്നുകൾ എല്ലായ്പോഴും ലഭ്യമാക്കുക, ആവശ്യമായ ഫണ്ട് ലഭ്യമാക്കുക തുടങ്ങിയവയിൽ പ്രത്യേക ശ്രദ്ധ പതിയണം.
  • ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കുമെതിരായ അക്രമങ്ങൾ കർശനമായി തടയുകയും അക്രമികളെ ശിക്ഷിക്കുകയുംചെയ്യുക. ആശുപത്രികൾ സേഫ് സോണായി പ്രഖ്യാപിക്കുക.
  • ഗ്രാമങ്ങളിലെയും ചെറുനഗരങ്ങളിലെയും ചെറിയ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമക്കുരുക്കുകൾക്കിടയിൽനിന്ന് അവയെ സംരക്ഷിക്കുക.
  • മികച്ച മരുന്നുകൾ തുച്ഛമായ വിലയ്ക്ക് ലഭ്യമാക്കുക.
  • വൈദ്യവിദ്യാഭ്യാസ രംഗത്തെ അഴിമതികളും പുഴുക്കുത്തുകളും കർശനമായി നേരിടുക.ഇവയുടെ എല്ലാം ഏകോപനം സാധ്യമാക്കുന്ന മികച്ച ഹെൽത്ത് മാനേജ്മെന്റ്.

===========

പിന്നുര: കേരളീയർ ഒരു തോറ്റ ജനതയാണ് എന്നെഴുതിവെച്ച് റെയിൽപാളങ്ങളെ സ്വന്തം രക്തംകൊണ്ട് തിലകം ചാർത്തിയ സുബ്രഹ്മണ്യദാസ്, അങ്ങയുടെ ക്രാന്തദർശിത്വം ഫലിക്കാതെ പോവട്ടെ!

Tags:    
News Summary - weekly article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.