പാതിരാവിലെ അറസ്റ്റും കാത്ത്

ചൈനയിലെ ഉയ്ഗൂർ വംശഹത്യയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അമേരിക്കയിലെത്തിയഉയ്ഗൂർ ഭാഷയിലെ അദ്വിതീയ കവി താഹിർ ഹാമുത് ഇസ്ഗിലി​ന്റെ ജീവിതാനുഭവങ്ങളുടെ കഴിഞ്ഞ ലക്കം തുടർച്ച. ‘Waiting to Be Arrested at Night: A Uyghur Poet’s Memoir of China’s Genocide’ എന്ന പുസ്​തകത്തി​ൽ താഹിർ ഹാമുത്​ എഴുതിയ ഉയ്ഗൂർ അനുഭവങ്ങൾ ആരുടെയും ഉള്ള് ഉലക്കും.ഒരു വെള്ളിയാഴ്ച വൈകുന്നേരം. ഒാഫിസിൽ ജോലിത്തിരക്കിനിടെ പഴയൊരു സുഹൃത്ത് ഫോണിൽ വിളിച്ചു. കാശ്ഗറിലെ ജയിലിൽ വർഷങ്ങൾക്കുമുമ്പ് എനിക്കൊപ്പം ‘നവീകരണ’ത്തിന് വിധേയനായ ആളാണ്. പതിവ് ഉപചാര വാക്കുകൾക്കുശേഷം ഞെട്ടിക്കുന്ന വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചു. അദ്ദേഹം താമസിക്കുന്ന ഹോതാൻ ഗ്രാമത്തിൽ ചില അസാധാരണ...

ചൈനയിലെ ഉയ്ഗൂർ വംശഹത്യയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അമേരിക്കയിലെത്തിയഉയ്ഗൂർ ഭാഷയിലെ അദ്വിതീയ കവി താഹിർ ഹാമുത് ഇസ്ഗിലി​ന്റെ ജീവിതാനുഭവങ്ങളുടെ കഴിഞ്ഞ ലക്കം തുടർച്ച. ‘Waiting to Be Arrested at Night: A Uyghur Poet’s Memoir of China’s Genocide’ എന്ന പുസ്​തകത്തി​ൽ താഹിർ ഹാമുത്​ എഴുതിയ ഉയ്ഗൂർ അനുഭവങ്ങൾ ആരുടെയും ഉള്ള് ഉലക്കും.

ഒരു വെള്ളിയാഴ്ച വൈകുന്നേരം. ഒാഫിസിൽ ജോലിത്തിരക്കിനിടെ പഴയൊരു സുഹൃത്ത് ഫോണിൽ വിളിച്ചു. കാശ്ഗറിലെ ജയിലിൽ വർഷങ്ങൾക്കുമുമ്പ് എനിക്കൊപ്പം ‘നവീകരണ’ത്തിന് വിധേയനായ ആളാണ്. പതിവ് ഉപചാര വാക്കുകൾക്കുശേഷം ഞെട്ടിക്കുന്ന വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചു. അദ്ദേഹം താമസിക്കുന്ന ഹോതാൻ ഗ്രാമത്തിൽ ചില അസാധാരണ നടപടികൾ തുടങ്ങിയിരിക്കുകയാണ്. ഞങ്ങൾക്കൊപ്പം അക്കാലത്ത് ജയിലിലുണ്ടായിരുന്നവരെ ഒന്നൊന്നായി പൊലീസ് പിടികൂടുന്നു. തന്റെ ഉൗഴവും ഉടൻ വരുമെന്ന ആശങ്കയിലാണ് അദ്ദേഹം. ഒപ്പം, എന്നെക്കുറിച്ചുള്ള വേവലാതിയും പങ്കുവെച്ചു.

നിലവിൽ ഞാൻ സുരക്ഷിതനാണ് എന്നറിഞ്ഞതിൽ അദ്ദേഹം ആശ്വസിച്ചു. അദ്ദേഹത്തോട് നിരർഥകമായ ഏതാനും സാന്ത്വന വാക്കുകൾ ഞാൻ കൈമാറി. സംസാരം അവസാനിക്കുന്ന നേരം അദ്ദേഹം ശബ്ദം താഴ്ത്തി പറഞ്ഞു: ‘‘അപ്പോൾ ശരി. ഞാൻ നിന്നെ ദൈവത്തിൽ ഭരമേൽപിക്കുന്നു.’’ ഉയ്ഗൂർ ശൈലിയിൽ യാത്രാമൊഴിയാണത്. ഒടുക്കത്തെ യാത്രാമൊഴിപോലെ അതെനിക്ക് അനുഭവപ്പെട്ടു.

കുറച്ചു ദിവസത്തിനു ശേഷം ഞാൻ അദ്ദേഹത്തെ വിളിച്ചു. ഫോൺ ഒാഫ് ആണ്. ആ ആഴ്ച പലതവണ വിളിച്ചുനോക്കി. പക്ഷേ, പിന്നീടൊരിക്കലും ആ ഫോൺ ഒാൺ ആയില്ല. പിന്നീട്, അദ്ദേഹത്തെ കുറിച്ച് അന്വേഷിക്കാൻ ഹോതാനിലെ ഞങ്ങളുടെ മൂന്നു പൊതുസുഹൃത്തുക്കളെ വിളിച്ചുനോക്കി. അവരുടെ ഫോണുകളും ഒാഫ് ആയിരുന്നു. ഉറുംചിയിൽനിന്ന് 1500 കിലോമീറ്റർ മാത്രം അകലെയുള്ള ഹോതാൻ ഒരിക്കലും എത്തിപ്പെടാൻ കഴിയാത്തത്ര അകലങ്ങളിലേക്ക് നീങ്ങുകയാണ്. ജീവനുള്ള ഒരു മനുഷ്യൻപോലും അവിടെയില്ലെന്ന തോന്നൽ മനസ്സിൽ കൊള്ളിയാൻപോലെ മിന്നി. കാര്യങ്ങൾ ഇങ്ങനെ പോകുകയാണെങ്കിൽ ‘സ്റ്റഡി സെന്ററി’ലേക്കുള്ള എന്റെ ഉൗഴവും വിദൂരമല്ല.

ആഴ്ചകൾ കടന്നുപോയി. ഉറുംചിയിലെ കാലാവസ്ഥ പിന്നെയും ഇരുണ്ടു. ഒരു തിങ്കളാഴ്ച പ്രഭാതത്തിൽ പതിവിലും അൽപം വൈകി ഒാഫിസിലേക്ക് ഡ്രൈവ് ചെയ്യുകയാണ്. യൂനിറ്റി റോഡിൽനിന്ന് തിരിയുേമ്പാൾ ബഹുലിയാങ് പൊലീസ് സ്റ്റേഷന് മുന്നിൽ ഒരു ആൾക്കൂട്ടം. വേഗം കുറച്ച് ഗ്ലാസ് താഴ്ത്തി േനാക്കി. 200ഒാളം ഉയ്ഗൂറുകൾ ഇരുണ്ട മുഖഭാവവുമായി നിശ്ശബ്ദമായി വരിനിൽക്കുകയാണ്. കറുത്ത യൂനിഫോം ധരിച്ച യന്ത്രത്തോക്കേന്തിയ സ്പെഷൽ പൊലീസ് സംഘം അവരെ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന ബസുകളിൽ ഒന്നൊന്നായി കയറ്റുന്നു. ബസിൽ സീറ്റിൽ ഇരിക്കുന്ന രക്തം വാർന്നുപോയ മുഖമുള്ളവർ ജനാലയിലൂടെ അകലങ്ങളിലേക്ക് നോക്കിയിരിക്കുന്നു. എന്താണ് അവരുടെ കണ്ണുകളിൽ. ഭയം. ആകാംക്ഷ, നിരാശ?

വല്ലാത്തൊരു തണുപ്പെന്നെ പൊതിഞ്ഞു. കൂട്ട അറസ്റ്റുകൾ ഒടുവിൽ ഉറുംചിയിലും എത്തിയിരിക്കുന്നു. വരും ആഴ്ചകളിൽ അറസ്റ്റുകളെ കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന കഥകൾ പടരാൻ തുടങ്ങി. ഉറുംചിയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് എത്താൻ ഒാരോ ദിവസവും നൂറുകണക്കിന് ഉയ്ഗൂറുകൾക്ക് ഉത്തരവ് വരാൻ തുടങ്ങി. ‘പഠന’ത്തിന് അയക്കാൻ ‘തിരഞ്ഞെടുത്ത’വരെയാണ് വിളിക്കുന്നത്. യഥാർഥത്തിൽ പഠനകേന്ദ്രങ്ങളെന്നത് കോൺസൻട്രേഷൻ ക്യാമ്പുകളാണെന്ന് ഞങ്ങൾ മനസ്സിലാക്കി ത്തുടങ്ങുകയായിരുന്നു. അയൽക്കൂട്ട സമിതികളിൽനിന്നോ പൊലീസ് സ്റ്റേഷനിൽനിന്നോ ആകും ഫോൺ വരുക.

‘പഠിക്കാൻ’ പോകണം എന്ന ഒറ്റവരി അറിയിപ്പ്. പിന്നാലെ അവരൊക്കെ അപ്രത്യക്ഷമാകും. അജ്ഞാതമായ കാളുകളും കാളിങ് ബെല്ലുകളും വീട്ടകങ്ങളിൽ നടുക്കം സൃഷ്ടിച്ചു. ഒന്നൊന്നായി കൂട്ടുകാരെയും അറിയുന്നവരെയുമൊക്കെ കാണാതാകാൻ തുടങ്ങി.

ഒരുദിവസം, സിൻജ്യങ് ടി.വി സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ ഒരു കാൾ വന്നു. നല്ല അടുപ്പമുള്ള ഒരു യുവ എഴുത്തുകാരനാണ്. പൊലീസ് സ്റ്റേഷനിൽനിന്ന് വിളി വന്നിരിക്കുന്നു, ഉടനടി പഠിക്കാൻ പോകണം. ഏതെങ്കിലും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ജാമ്യം നിന്നാൽ ‘പഠനം’ ഒഴിവാക്കാനാകുമെന്ന് ആരോ പറഞ്ഞുവത്രെ.

ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനെ അറിയാമോ എന്ന് അന്വേഷിക്കാനാണ് പരിഭ്രാന്തനായുള്ള കാൾ. എന്നെ അറസ്റ്റ് ചെയ്തവരെയും ചോദ്യം ചെയ്തവരെയും മാത്രമേ പൊലീസ് അറിയാവൂ എന്ന് നിസ്സഹായനായി മറുപടി നൽകി. അങ്ങേത്തലക്കൽ മൗനം ഉറഞ്ഞു. ‘‘ഒ.കെ. ശരി. ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കണം.’’ അയാൾ ഫോൺവെച്ചു. അടുത്തദിവസം ആ വിവരം കേട്ടു. അയാളെയും കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് അയച്ചിരിക്കുന്നു.

ഉറച്ച മതവിശ്വാസികൾ, വിദേശത്ത് പോയവർ, സർക്കാർ സംവിധാനത്തിന് പുറത്ത് വരുമാനമുള്ളവർ തുടങ്ങിയവരെയൊക്കെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ക്രമേണ പട്ടിക വിപുലമായി. ആരെയൊക്കെയാണ് ക്യാമ്പിലയക്കാൻ സർക്കാർ തീരുമാനിക്കുന്നതെന്നത് പ്രഹേളികയായി തുടർന്നു. എന്തുകൊണ്ടാണ് തന്നെ പിടികൂടുന്നതെന്ന് അറസ്റ്റ് ചെയ്യുന്ന പൊലീസിനോട് ആരാഞ്ഞാൽ മറുപടി ഒന്നുമാത്രം: ‘‘നിങ്ങളുടെ പേര് പട്ടികയിലുണ്ട്.’’ തങ്ങളുടെ പേര് നിലവിൽ പട്ടികയിലുണ്ടോ, ഇല്ലയോ, പുതുതായി കൂട്ടിച്ചേർത്തോ എന്നൊന്നും ആർക്കുമറിയില്ല. ഭയവിഹ്വലമായ അനിശ്ചിതാവസ്ഥയിലാണ് ഒാരോ മനുഷ്യന്റെയും ജീവിതം. മൂർച്ചയേറിയ കഠാരത്തുമ്പിൽ നിൽക്കുന്നപോലെ ഒാരോ നിമിഷവും അനുഭവപ്പെടും, എന്നെന്നും.

സാധാരണ നിലയിൽ ഒരാളെ അറസ്റ്റ് ചെയ്താൽ അയാളുടെ കുടുംബത്തെ പൊലീസ് അറിയിക്കേണ്ടതുണ്ട്. എന്നാൽ, ഇര ഉയ്ഗൂറുകാരനാകുേമ്പാൾ ആ നിയമമൊന്നും പാലിക്കപ്പെടില്ല. വിവരമൊന്നും അറിയാൻ വഴിയില്ലാതെ കുടുംബങ്ങൾ പൊലീസ് സ്റ്റേഷനുകൾ തോറും അലയണം. എങ്ങനെയെങ്കിലും വിവരം ലഭിച്ചാൽ മാത്രമേ തടവുപുള്ളിക്കുള്ള വസ്ത്രം, മരുന്ന് പോലുള്ള അവശ്യവസ്തുക്കൾ എത്തിച്ച് നൽകാനാകൂ. പക്ഷേ, കൂട്ട അറസ്റ്റ് തുടങ്ങിയശേഷം അതുപോലും നിലച്ചു. ഏത് ക്യാമ്പിലാണ് തടവുകാരൻ ഉള്ളതെന്ന് അറിയാൻ കുടുംബത്തിന് ഒരു വഴിയുമുണ്ടാകില്ല. പിടിക്കപ്പെടുന്നവർ പെട്ടെന്നങ്ങ് അന്തരീക്ഷത്തിൽ അപ്രത്യക്ഷരാകും.

കൂട്ട അറസ്റ്റ് തുടങ്ങി രണ്ടാഴ്ചക്കിടെ മർഹബയുടെ ഒരു സുഹൃത്തിന്റെ ഭർത്താവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയി. പരിഭ്രാന്തയായ അവർ ആദ്യം അയൽക്കൂട്ട സമിതിയിൽ പോയി അന്വേഷിച്ചു. പൊലീസ് സ്റ്റേഷനിൽ പോകാനായിരുന്നു നിർദേശം. സ്റ്റേഷനിൽ പോയപ്പോൾ ജില്ല പൊലീസ് ആസ്ഥാനത്തെ സമീപിക്കാൻ പറഞ്ഞു. അവിടെ എത്തിയപ്പോൾ ഒാഫിസിനുള്ളിലേക്ക് കടത്തിവിട്ടില്ല. സമാന അവസ്ഥയിലുള്ള നൂറുകണക്കിന് ആൾക്കാർ അവിടെ തടിച്ചുകൂടിയിരുന്നു. മൂന്നുദിവസം സുഹൃത്ത് ഒാഫിസിന് മുന്നിൽ കാത്തുകിടന്നിട്ടും ഫലമുണ്ടായില്ല. നിരവധി തടവുകാരെ ഒറ്റയടിക്ക് ഉറുംചിക്ക് സമീപത്തെ മിക്വാനിൽ അടുത്തിടെ നിർമിച്ച പടുകൂറ്റൻ ക്യാമ്പിൽ പ്രവേശിപ്പിച്ചതായി കേട്ടതിനെ തുടർന്ന് മൂന്നാം ദിവസം അവർ അവിടേക്കു പോയി.

അനേകം പേർ അവിടെയും ബന്ധുക്കളുടെ വിവരം തേടി കാത്തുനിൽപുണ്ട്. നൂറു മീറ്ററിലേറെ നീളമുള്ള വരിയുടെ പിന്നിൽപോയി അവർ നിന്നു. വിശാലമായ പാടത്തിന് നടുവിൽ അടുത്തിടെ നിർമിച്ചതാണ് ക്യാമ്പ്. തണലിന്റെ ഒരു ചെറുമറപോലും അവിടെയില്ല. പൊള്ളുന്ന വെയിലിൽ പത്തു മണിക്കൂറോളം അവർ വരിനിന്നു. സന്ധ്യയോടെയാണ് അവരുടെ ഉൗഴമെത്തിയത്. ഭർത്താവിന്റെ െഎഡി നമ്പർ ഉദ്യോഗസ്ഥന് പറഞ്ഞുകൊടുത്തു. അയാളത് കമ്പ്യൂട്ടറിൽ എന്റർചെയ്ത് പരിേശാധിച്ചു. മറുപടി ഉടനെത്തി. ‘‘നിങ്ങളുടെ ഭർത്താവ് ഇവിടെയില്ല.’’

ക്യാമ്പിന് മുന്നിൽ തടിച്ചുകൂടിയ സാധാരണക്കാരുടെ ചിത്രം അന്ന് രാത്രി വീചാറ്റിലെ ഫ്രണ്ട് സർക്കിളിൽ പോസ്റ്റ് ചെയ്തിട്ട് അവർ ഇങ്ങനെ കുറിച്ചു: ‘‘നീ അവിടെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഇന്ന് ഞാനവിടെ വന്നു. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനുശേഷവും നിന്റെ സൂചനയൊന്നും കിട്ടിയില്ല. നിന്റെ പൊന്നുമോൾ ആകാംക്ഷയോടെ വാതിൽക്കൽതന്നെ നോക്കിനിൽപ്പാണ്. നിന്റെ ധീരനായ മകൻ എന്റെ കണ്ണുനീെരാപ്പി, ആശ്വസിപ്പിക്കുന്നു. എവിടെയാണ് നീ...’’

 

ഒരു ഉയ്ഗൂർ പ്രതിഷേധം

താക്കോൽ

ഒരു തിങ്കളാഴ്ച പ്രഭാതം. പതിവുപോലെ ആശങ്കാകുലമായ ദിനം. സോഫയിൽ കിടന്ന് വീ ചാറ്റ് പോസ്റ്റുകൾ വായിക്കുകയാണ്. കണ്ണും മനസ്സും ഒന്നിലും ഉറച്ചുനിൽക്കുന്നില്ല. ഉയ്ഗൂർ ക്ലാസിക്കൽ ഗാനം കേൾക്കാമെന്ന് കരുതി. തന്ത്രിവാദ്യത്തിന്റെ വിഷാദരാഗം മുറിയിൽ പടർന്നു.‘‘നൊമ്പരപ്പെടുന്ന ഇൗ ആത്മാവിനെ ഉന്മാദത്തിന്റെ താഴ്വര പുൽകുന്ന നേരം,എന്റെയീ നിരർഥകജീവിതം എന്നേക്കുമായി നശിക്കട്ടെ. നിയതിയെന്ന ദുഷ്ടാ, നിന്റെ ക്രൂരമായ ആലിംഗനം എന്നെ നിലംപതിപ്പിച്ചിരിക്കുന്നു. എന്റെ പതനത്തിന്റെ ധൂളിയിൽ മൂല്യമാർന്നതൊന്നും ആരും കാണാതിരിക്കട്ടെ. ഞാനെവിടെ പോയി എന്ന് ചോദിക്കരുത്, തീരുമാനമൊന്നും എന്റേതായിരുന്നില്ലല്ലോ. ജീവിത വിധിയുടെ കടിഞ്ഞാൺ എന്റെ കരങ്ങളിലായിരുന്നെങ്കിൽ, പാതകൾ മറ്റൊന്നായേനെ.’’

പുരാതനമായ ആ വരികളിൽ ആണ്ടുമുങ്ങവേ പെട്ടെന്ന് മൊബൈൽ ഫോൺ റിങ് ചെയ്തു. 21ാം നൂറ്റാണ്ടിലേക്ക് ആ റിങ് ടോൺ എന്നെ വലിച്ചുകൊണ്ടുവന്നു. വാങ്ബോ ആണത്. അയൽക്കൂട്ട സമിതിയിലെ ഹാൻ വംശജനായ ഉദ്യോഗസ്ഥൻ. എന്റെ കമ്പനിയും ഒാഫിസും സ്ഥിതിചെയ്യുന്ന കെട്ടിടം അദ്ദേഹത്തിന്റെ കമ്മിറ്റിയുടെ ചുമതലയിലാണ്. ചുരുക്കത്തിൽ നമ്മുടെ ഒാഫിസിന്റെ ‘കുടുംബ സഖാവാ’ണ് വാങ്ബോ. ചൈനീസ് ഭരണഘടന പ്രകാരം വിപുലമായ അധികാരങ്ങളുള്ള പ്രാദേശിക സ്വയംഭരണ സംവിധാനമാണ് അയൽക്കൂട്ട സമിതികൾ (നൈബർഹുഡ് കമ്മിറ്റി). ഇൗ സമിതികൾ വഴിയാണ് നഗരജനതയെ സർക്കാർ നിയന്ത്രിക്കുകയും ഭരിക്കുകയും പരിശീലിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നത്.

സമിതി മേധാവി, ഉപമേധാവി, അംഗങ്ങൾ എന്നിവരെയെല്ലാം അതതിടത്തെ താമസക്കാർ തെരഞ്ഞെടുക്കുകയാണെന്നാണ് സങ്കൽപം. പക്ഷേ, അങ്ങനെയൊരു തെരഞ്ഞെടുപ്പ് എപ്പോഴെങ്കിലും നടന്നതായി കേട്ടിേട്ടയില്ല. ഒാരോ അയൽക്കൂട്ട സമിതിയിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ ലോക്കൽ ബ്രാഞ്ച് ഉണ്ടാകും. ചുരുക്കത്തിൽ പാർട്ടിയുടെ നഗരങ്ങളിലെ തദ്ദേശ ഭരണ സംവിധാനങ്ങളാണ് അയൽക്കൂട്ട സമിതികളെന്ന് ചൈനക്കാർ കണക്കാക്കുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഉയ്ഗൂർ മേഖലകളിലെ അയൽക്കൂട്ട സമിതികൾ കൂടുതൽ വിപുലമായ അധികാരങ്ങൾ കൈയാളുന്ന അതിശക്തമായ സംവിധാനമായി മാറിയിട്ടുണ്ട്. മുൻകാലങ്ങളിൽ മൂന്ന്-നാല് ജീവനക്കാർ മാത്രമാണ് അവരുടെ ഒാഫിസുകളിലുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 30ഉം 40ഉം ഒക്കെയാണ്. ഒാരോ സമിതി ഒാഫിസിലും പൊലീസിനും ഒരു ഒാഫിസുണ്ടാകും. ഇവിടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ലോക്കൽ സ്റ്റേഷനിലേക്കും സമിതി ഒാഫിസിലേക്കും നിരന്തരം വന്നുപൊയ്ക്കൊണ്ടിരിക്കും.

തങ്ങളുടെ പരിധിയിലുള്ള വീടുകൾ, ഫ്ലാറ്റുകൾ, കടകൾ, ഒാഫിസുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ നിരീക്ഷണം, പരിശോധന എന്നിവയുടെ ചുമതലക്കായി പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുമുണ്ട്. വാടകക്ക് താമസിക്കുന്നവർ, കൃത്യമായ തൊഴിൽ ഇല്ലാത്തവർ, അഞ്ചുനേരം നമസ്കരിക്കുന്നവർ, താടി വളർത്തിയവർ, പർദ ധരിച്ചവർ എന്നിവരുടെ വീടുകളിൽ കൂടുതൽ സൂക്ഷ്മമായ നിരീക്ഷണമുണ്ടാകും. അയൽക്കൂട്ട സമിതികൾ മുകളിേലക്ക് അയച്ച നിരീക്ഷണ റിപ്പോർട്ടുകളാണ് പിന്നീടുണ്ടായ കൂട്ട അറസ്റ്റുകൾക്ക് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എല്ലാ തിങ്കളും ബുധനും വാങ്ബോ എന്റെ ഒാഫിസ് പരിശോധിക്കാൻ വരും. ഒാഫിസ് വാതിലിന് പിറകിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിലെ ക്യു.ആർ കോഡ് മൊബൈൽ േഫാണിൽ ഒാരോ തവണയും സ്കാൻ ചെയ്യാറുമുണ്ട്. കമ്പനിയെയും അതിലെ ജീവനക്കാരെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കോഡിൽ ലഭിക്കും. സിനിമയും ടി.വി പരിപാടികളും പരസ്യങ്ങളും ചെയ്തിരുന്ന സമയത്ത് നിരവധി പേർ ഒാഫിസിൽ വന്നുപോകുമായിരുന്നു. വരുേമ്പാഴെല്ലാം ഒാരോ ജീവനക്കാരന്റെയും അതിഥികളുടെയും വിശദാംശങ്ങൾ ആചാരംപോലെ വാങ്ബോ ചോദിക്കും.

താൻ ഒാഫിസിന് മുന്നിൽ നിൽക്കുകയാണെന്നും അടച്ചിരിക്കുന്നതുകൊണ്ടാണ് വിളിച്ചതെന്നും ആ തിങ്കളാഴ്ച വാങ്ബോ ഫോണിലൂടെ പറഞ്ഞു. ഒന്നുവേഗം വന്ന് വാതിൽ തുറന്നുതരാമോ എന്ന് വിനയത്തോടെ അഭ്യർഥിച്ചു. ഞാൻ അതിവേഗം കാറെടുത്ത് ഒാഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെത്തി. വാങ്ബോ കാത്തുനിൽക്കുന്നുണ്ട്. ഞങ്ങളൊന്നിച്ച് ഒാഫിസിലേക്ക് നടന്നു. കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച സ്കാനറിന് ഉള്ളിലൂടെ അധികാരഭാവത്തിൽ വാങ്ബോ നീങ്ങി. കുറെയായി ഇൗ സ്കാനർ ഇവിടെയുണ്ട്. ഇന്നേവരെ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയതായി അറിയില്ല. ഇനി അത് വർക്ക് ചെയ്യുന്നത് തന്നെയാണോ എന്നുേപാലും സംശയമുണ്ട്.

വെറുതെ ജനത്തെ വിരട്ടാൻ വെച്ചതുമാകാം. അഞ്ചാം നിലയിലാണ് ഞങ്ങളുടെ ഒാഫിസ്. വാതിൽ തുറന്നു. വാങ്ബോ ഉള്ളിൽ കയറി. മൊബൈലെടുത്ത് സ്കാൻ ചെയ്തു. ഒാഫിസിനകം മുഴുവൻ പരതിനോക്കി. ഒാഫിസ് ഇപ്പോൾ പൂർണമായും പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. സിനിമയും ടി.വി പരിപാടിയും പരസ്യവുമൊന്നും ഇല്ല. എല്ലാം പെട്ടെന്ന് പെട്ടെന്ന് അങ്ങ് അവസാനിച്ചു. ജീവനക്കാരോട് അവരവരുടെ െഎഡി രജിസ്റ്റർ ചെയ്തിരിക്കുന്ന ഇടങ്ങളിലേക്ക് മടങ്ങാൻ പൊലീസ് നിർദേശിച്ചു. ജോലി ഇല്ലെങ്കിലും ഏതാനും ചിലർ എന്തുചെയ്യണമെന്ന് അറിയാതെ ഉറുംചിയിൽ തന്നെയുണ്ട്. ഇതെല്ലാം വാങ്ബോക്കും അറിയാം. എന്നിട്ടും ആഴ്ചയിൽ രണ്ടുദിവസം അടച്ചിട്ട ഒാഫിസ് പരിശോധിക്കാൻ വന്നുകൊണ്ടിരിക്കുകയാണ്.

‘‘വാങ്ബോ, കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ആരുമിവിടെ ജോലിചെയ്യുന്നില്ല. ഞാനാകട്ടെ വീട്ടിൽതന്നെയാണ്. നമുക്ക് ഇനി എന്തുചെയ്യാം?’’ -ഞാൻ ആരാഞ്ഞു.

‘‘എനിക്കറിയാം, എനിക്കറിയാം. പക്ഷേ, എനിക്കെന്റെ ജോലി ചെയ്യേണ്ടതുണ്ടെന്ന് താങ്കൾക്കും അറിയാമല്ലോ’’- മര്യാദയോടെ വാങ്ബോയുടെ മറുപടി.

‘‘നമുക്ക് ഇങ്ങനെ നോക്കിയാലോ. നിങ്ങൾ ഇൗ താക്കോൽ എടുത്തോളൂ. അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് സൗകര്യമുള്ളപ്പോൾ വന്നുനോക്കാമല്ലേ.’’ ആ നിർദേശത്തിൽ എന്തോ പന്തികേടുള്ളതുപോലെ വാങ്ബോയുടെ മുഖഭാവം. ഞാനയാളെ കളിയാക്കുന്നതായി അയാൾക്ക് തോന്നിയിരിക്കാം എന്നെനിക്ക് തോന്നി. ഉടനെ കൂട്ടിച്ചേർത്തു: ‘‘അതിൽ രണ്ടുതവണ ആലോചിക്കാനില്ല. അതായിരിക്കും നമ്മൾ രണ്ടുപേർക്കും സൗകര്യം. ഇൗ ഒാഫിസിലിപ്പോൾ ആശങ്കപ്പെടാൻ ഒന്നുമില്ല. പ്രധാനപ്പെട്ട ഉപകരണങ്ങളും സംവിധാനങ്ങളുമെല്ലാം സഹോദരന്റെ വെയർഹൗസിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.’’ എന്റെ വാക്കുകളിലെ ആത്മാർഥത വാങ്ബോ തിരിച്ചറിഞ്ഞു. ‘‘ശരി. എന്നാൽ, പിന്നെ അങ്ങനെയാക​െട്ട.’’ ഒാഫിസിന്റെ താക്കോൽ വാങ്ബോക്ക് ൈകമാറി. ഒരു ബാധ്യത തലയിൽ നിന്നൊഴിഞ്ഞു.

പടികളിറങ്ങി പുറത്തേക്ക് നടക്കുേമ്പാൾ ’70 കളിലെ ഒരു ജനപ്രിയ മുദ്രാവാക്യം മനസ്സിൽ കയറിവന്നു. ‘‘നമ്മുടേതെല്ലാം പാർട്ടിക്ക്.’’ ഇന്നുമുതൽ എന്റെ ഒാഫിസ് പാർട്ടിയുടേതാണ്.

പൊലീസ് സ്റ്റേഷൻ ബേസ്മെന്റ്

വാരാന്തത്തിൽ തുർപാനിൽ മൾബറി പറിക്കാൻ പോകണമെന്ന് മക്കൾ അസീനയും അൽമിലയും ആവശ്യപ്പെട്ടിരുന്നു. ചൂടേറിയ കാലാവസ്ഥക്കും വിശിഷ്ടമായ മുന്തിരിക്കും പേരുകേട്ട നാടാണ് തുർപാൻ. ആപ്രിക്കോട്ടും മൾബറിയുമെല്ലാം നന്നായി വിളയുന്ന ഇവിടെ വസന്തകാലത്ത് ഒരുപാട് സന്ദർശകർ എത്താറുണ്ട്. ഏതാണ്ട് മേയ് കഴിയാറായിരിക്കുന്നു.

മൾബറി സീസൺ ഉടൻ കഴിയും. മരത്തിൽനിന്ന് പറിച്ചെടുത്ത് കൈയോടെ മൾബറി കഴിക്കാൻ അസീനക്കും അൽമിലക്കും വലിയ ഇഷ്ടമാണ്. ശൈത്യകാലത്തിന്റെ തണുപ്പ് ഉറുംചിയിൽനിന്ന് പൂർണമായും വിട്ടിട്ടുമില്ല. കനംതിങ്ങുന്ന ഹൃദയങ്ങൾക്ക് ഇത്തിരി ആശ്വാസമാക​െട്ടയെന്ന് കരുതി രണ്ടു ദിവസത്തേക്ക് തുർപാനിലേക്ക് പോകാൻ സമ്മതിച്ചു. ഒരു ശനിയാഴ്ച രാവിലെ ഞങ്ങൾ നാലുപേരും കാറിൽ പുറപ്പെട്ടു.

യാത്രക്കിടെ, രാജ്യം വിടുന്നതിനെ കുറിച്ച് ഞങ്ങൾ വീണ്ടും ചർച്ചചെയ്തു. അന്തരീക്ഷം അനുദിനം മോശമായി വരുകയാണ്. മാനസിക സമ്മർദം താങ്ങാനാകുന്നില്ല. പക്ഷേ, പലായനത്തെകുറിച്ച് ചിന്തിക്കുന്നതുപോലും മർഹബക്ക് ഇഷ്ടമല്ല. ‘‘കാര്യങ്ങൾ അത്രക്ക് മോശമായിെട്ടാന്നുമില്ല. അല്ലാഹു കാക്കും. അറസ്റ്റ് ചെയ്യപ്പെടാൻ തക്ക കാര്യങ്ങളൊന്നും നമ്മൾ ചെയ്തിട്ടില്ലല്ലോ.’’ –പതിവ് പല്ലവി മർഹബ ആവർത്തിച്ചു. ഞങ്ങളുടെ ചർച്ചകൾ വിരസമായി തോന്നിയതിനാലാകാം പെൺകുട്ടികൾ രണ്ടും പിൻസീറ്റിൽ ഉറക്കത്തിലേക്ക് വഴുതി. ടിയാൻ ഷാനെന്നും ഹെവൻലി മൗണ്ടൻസ് എന്നും അറിയപ്പെടുന്ന മലനിരകൾക്ക് താഴെ വലതുവശത്തായി, മരുഭൂമിയിൽ വീണൊരു പടുകൂറ്റൻ കണ്ണാടിപോലെ സാൾട്ട് ലേക് തടാകം തിളങ്ങുന്നു. ദവാൻചിങ് കഴിഞ്ഞ് മലമ്പ്രദേശത്തേക്കുള്ള

റോഡിൽ കയറിക്കഴിഞ്ഞു. പെട്ടെന്ന്, കാറിലെ സ്പീക്കർ വഴി ഫോൺ റിങ് ചെയ്തു. അൺനോൺ നമ്പർ ആണ്. ഇൗ ദിവസങ്ങളിൽ അജ്ഞാതമായ നമ്പറുകൾ ആരെയും ചകിതരാക്കും.

‘‘ഹലോ’’ –ഫോൺ അറ്റൻഡ് ചെയ്തു.

‘‘ഹലോ. ഇത് താഹിർ ഹാമുത് അക ആണോ?’’–അങ്ങേത്തലക്കലെ യുവതി ബഹുമാനത്തോടെ ആരാഞ്ഞു. ‘അക’ എന്നാൽ ഉയ്ഗൂറിൽ മുതിർന്ന സഹോദരനെ അഭിസംബോധന ചെയ്യുന്ന പദം.

‘‘അതെ.’’

‘‘അയൽക്കൂട്ട സമിതിയിൽനിന്ന് ഗുൽജാൻ ആണ് വിളിക്കുന്നത്.’’

‘‘ഒാഹ്. എന്തുണ്ട് വിശേഷം?’’

‘‘നന്നായിരിക്കുന്നു. നിങ്ങളുടെ ഭാര്യയുടെ പേര് മർഹബ സാബിർ എന്ന് തന്നെയല്ലേ?’’

‘‘അതെ.’’

‘‘അക, മുമ്പ് വിദേശത്തുണ്ടായിരുന്ന എല്ലാവരുെടയും വിരലടയാളം പൊലീസ് സ്റ്റേഷനിൽ എടുക്കുന്നുണ്ട് എന്നറിയിക്കാനാണ് വിളിച്ചത്. നിങ്ങളും ഭാര്യയും സ്റ്റേഷൻ വരെ ഒന്നുവരാമോ?’’

‘‘യഥാർഥത്തിൽ ഞങ്ങളിപ്പോൾ തുർപാനിലേക്കുള്ള യാത്രയിലാണ്. നാളെയേ മടങ്ങിവരുള്ളൂ, സിങ്ഗ്ലിം.’’ ഉയ്ഗൂറിൽ ഇളയ സഹോദരിയെ വിളിക്കുന്ന പദമാണ് ‘സിങ്ഗ്ലിം’.

‘‘അങ്ങനെയെങ്കിൽ തിങ്കളാഴ്ച വരൂ.’’

‘‘ഒാകെ, രാവിലെ എട്ടുമണിക്ക് എത്താം. ഒാഫിസ് തുറക്കുേമ്പാൾ തന്നെ.’’

‘‘രാവിലെ നല്ല തിരക്കായിരിക്കും. ഉച്ചക്കുശേഷം രണ്ടു മണിക്ക് വരാമോ?’’

‘‘ശരി. അങ്ങനെയാകട്ടെ. വാരാന്തങ്ങളിലും നിങ്ങൾ ജോലിയിലാണെന്ന് തോന്നുന്ന​േല്ലാ?’’

‘‘അതെ. കുറച്ചായി വാരാന്തങ്ങളിലും ജോലിയുണ്ട്.’’

‘‘അപ്പോൾ ഒാകെ. ഗുഡ്ബൈ.’’

‘‘ഗുഡ്ബൈ.’’

ഞങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റ് കോംപ്ലക്സിന്റെ ചുമതലയിൽ അടുത്തിടെ നിയമിതയായ 25കാരി ഉയ്ഗൂർ വനിതയാണ് ഗുൽജാൻ. ആഴ്ചയിൽ രണ്ടു തവണ അവർ വീട്ടിൽ വരാറുണ്ട്. ബഹുമാനപൂർവമാണ് അവരോട് ഞങ്ങൾ ഇടപെടുന്നത്. അവർ തിരിച്ചും. പക്ഷേ, ഇപ്പോഴുള്ള ഗുൽജാന്റെ ഫോൺകാൾ ഞങ്ങളുടെ സകല സന്തോഷവും കെടുത്തി.

യാത്രയുടെ രസം കെട്ടു. അനിശ്ചിതത്വത്തിന്റെ കാർമേഘം മനസ്സിൽ നിറഞ്ഞു. ‘‘വിരലടയാളം എടുക്കലല്ലാതെ മറ്റൊന്നും ഉണ്ടാകില്ല, അല്ലേ’’, മർഹബ ചോദിച്ചു. ‘മറ്റൊന്നും’ എന്നതുകൊണ്ട് മർഹബ ഉദ്ദേശിക്കുന്നത് കോൺസൻട്രേഷൻ ക്യാമ്പ് ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ‘‘അതെ. അങ്ങനെയാണ് തോന്നുന്നത്. അല്ലാതെ എെന്തങ്കിലും ആയിരുന്നെങ്കിൽ ഉടനടി വരാൻ പറഞ്ഞേനെ.’’

ഞായറാഴ്ച രാത്രിയോടെ ആശങ്കകളുമായി ഉറുംചിയിൽ തിരിച്ചെത്തി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് അൽപം മുമ്പ് ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. പൊലീസ് സ്റ്റേഷൻ കവാടത്തിൽ പേരും വിവരങ്ങളും വംശവുമൊക്കെ രേഖപ്പെടുത്തി. വേറെയും ഒരുപാട് പേർ ഇങ്ങനെ അവിടെ എത്തിയിട്ടുണ്ട്. പ്രധാന കവാടം കടന്ന് സ്റ്റേഷന് മുന്നിലെ ഡെസ്കിൽ ഇരിക്കുന്ന യുവ ഹാൻ ഉദ്യോഗസ്ഥന് സമീപത്തെത്തി. അവിടെയും പേരും വിവരങ്ങളും എഴുതി. ‘‘ബേസ്മെന്റിലേക്ക് പോയ്ക്കോളൂ’’, താഴേക്കുള്ള പടികൾ ചൂണ്ടി അയാൾ കൽപിച്ചു. രക്തം ഉറയുന്നതുപോലെ അനുഭവപ്പെട്ടു.

മൂന്നുവർഷം മുമ്പ്, 2014ൽ മർഹബയുടെയും മക്കളുടെയും പാസ്പോർട്ടിന്റെ കടലാസ് പണികൾക്കായി ഇവിടെ വന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി ചീഫ് ഒാഫ് നാഷനൽ സെക്യൂരിറ്റിയുടെ ഒപ്പുവാങ്ങാനായിരുന്നു അത്. കസാഖ് വംശജനായ എർബോൽ എന്നൊരാളായിരുന്നു അന്നത്തെ ഡെപ്യൂട്ടി ചീഫ്. ഇതേ ഹാളിൽനിന്ന് എർബോലിനെ എവിടെ കാണാനാകും എന്ന് ഒരു ഉദ്യോഗസ്ഥനോട് അന്വേഷിച്ചു. എർബോൽ താഴെ ബേസ്മെന്റിൽ ആരെയോ ചോദ്യം ചെയ്യുകയാണെന്നും അയാൾ വരുന്നതുവരെ ഇവിടെ കാത്തിരിക്കാനും ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇടനാഴിയിലെ ഇരുമ്പ് ബെഞ്ചിൽ ഞാനിരുന്നു. അധികം കഴിയുംമുമ്പ് ബേസ്മെന്റിൽനിന്ന് ഒരു മനുഷ്യന്റെ വാവിട്ടുള്ള കരച്ചിൽ കേട്ടു. മധ്യവയസ്കനായ ഒരു ഉയ്ഗൂർ ആകാം അതെന്ന് തോന്നി. എന്റെ ശരീരം വിറകൊണ്ടു. പെട്ടെന്നൊരു പൊലീസുകാരൻ ഒാടിവന്ന് ബേസ്മെന്റിലേക്കുള്ള കനത്ത ലോഹ വാതിൽ അടച്ചു. ശബ്ദം നിലച്ചു. അരമണിക്കൂറിന് ശേഷം എർബോൽ മുകളിേലക്ക് കയറിവന്നു. ബെഞ്ചിൽനിന്ന് എഴുന്നേറ്റ് ഞാൻ അദ്ദേഹത്തിന് അടുത്തേക്ക് നടന്നു. പാസ്പോർട്ട് രേഖകളും അദ്ദേഹം ഒപ്പിടാനുള്ള പേപ്പറുമൊക്കെ ൈകമാറി. അസ്വസ്ഥത​യോടെ അത് സ്വീകരിച്ച എർബോൽ ചുണ്ടിൽ സിഗരറ്റ് കടിച്ചുപിടിച്ചുകൊണ്ട് ഒരുകൈയിൽ േപപ്പർ വെച്ച് മറ്റേ കൈകൊണ്ട് ഒപ്പിട്ടു. പേരെഴുതി ഒപ്പിടുേമ്പാൾ എർബോലിന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.

അതേ ലോഹവാതിലിന് ഉള്ളിലൂടെയാണ് ഞാനും മർഹബയും ബേസ്മെന്റിലേക്ക് പോകേണ്ടത്. വാതിൽ കടന്ന് പടികളിറങ്ങി നീണ്ട ഒരു ഇടനാഴിയിലെത്തി. ഇടതുവശത്ത് മൂന്നു സെല്ലുകൾ. ലോഹ അഴികൾ അതിന് മുന്നിൽ. ആദ്യ സെല്ലിന് നടുവിൽ ഇരുമ്പിലുള്ള കനത്ത ‘കടുവ കസേര’. തടവുകാരെ ചോദ്യംചെയ്യാനും ഭേദ്യംചെയ്യാനുമുള്ള കസേരയാണത്. ഇരയുടെ നെഞ്ചിന് കുറുകേ അമർത്തി കസേരയിൽ കെട്ടിയിടാനുള്ള ഇരുമ്പുചങ്ങല അതിലുണ്ട്.

ൈകകളിലും കാലുകളിലേക്കുമുള്ള ഇരുമ്പുവളയങ്ങൾ രണ്ടുവശത്തായി കാണാം. നിർഭാഗ്യവാനായ അടുത്ത ഇരക്കായി കടുവ കസേര കാത്തിരിക്കുന്നപോലെ തോന്നി. സെല്ലിനുള്ളിലെ ചുവരിൽ ഇരുമ്പു വളയങ്ങൾ തൂക്കിയിട്ടിരിക്കുന്നു. തടവുകാരെ ചങ്ങലക്കിടാനുള്ളവയാണ്. ഒരു െസല്ലിന് നടുവിൽ മങ്ങിയ രക്തക്കറ. സെല്ലുകൾ ശൂന്യമായിരുന്നു. അവയുടെ വാതിലുകൾ തുറന്നുകിടന്നു.

ഇടനാഴിയുടെ വലതുഭാഗത്ത് അഞ്ചു ഒാഫിസുകൾ. ഇടനാഴിയിലേക്ക് തുറക്കുന്ന വലിയ ജാലകങ്ങൾ അവക്കുണ്ട്. ഞങ്ങൾ ബേസ്മെന്റിലെത്തുേമ്പാൾ രണ്ട് ദമ്പതികൾ ഉൗഴം കാത്തിരിപ്പുണ്ട്. അധികം ൈവകാതെ ഞങ്ങൾക്ക് പിന്നിൽ ക്യൂവിൽ 20ലേറെ പേരെത്തി. എല്ലാം മധ്യവയസ്കരായ ഉയ്ഗൂറുകൾ. നല്ലനിലയിൽ ജീവിക്കുന്നവരാണെന്ന് കണ്ടാൽതന്നെ അറിയാം. പക്ഷേ, അവരുടെ മുഖങ്ങൾ മ്ലാനമായിരുന്നു.

ഞങ്ങളുടെ ഉൗഴമെത്തി. ഡെസ്കിന് പുറകിൽ ഗുൽജാൻ ഇരിപ്പുണ്ട്. രജിസ്ട്രിയിൽ ഒപ്പിടാൻ അവർ പറഞ്ഞു. വിരലടയാളം എടുക്കാൻ വരണമെന്നാണ് ഫോൺ വിളിച്ചപ്പോൾ ഗുൽജാൻ പറഞ്ഞിരുന്നത്. ഇപ്പോൾ പറയുന്നു, കൂടുതൽ പരിശോധനകൾ വേണമെന്ന്. വിരലടയാളത്തിന് പുറമേ, രക്ത സാമ്പിൾ, വോയ്സ് പ്രിന്റ്, ഫേഷ്യൽ ഇമേജ്... അങ്ങനെ പലതും. ഇതുകേട്ട് മർഹബയുടെ മുഖം കറുക്കുന്നത് ഞാൻ കണ്ടു. ‘‘എന്താണ് അവർക്ക് വേണ്ടതെന്ന് വെച്ചാൽ അവർ എടുക്കട്ടെ. ഇവിടെ നിന്ന് സുരക്ഷിതമായി പുറത്തിറങ്ങലാണ് പ്രധാനം’’ –മർഹബയുടെ ചെവിയിൽ ഞാൻ മന്ത്രിച്ചു.

അയൽക്കൂട്ട സമിതിയിലെ സഖാവായ ഒരു വനിതയും ഒരു പൊലീസ് അസിസ്റ്റന്റും ചേർന്നാണ് രക്തം എടുക്കുന്നത്. രക്തം എടുക്കാൻ ഒരു നഴ്സിനെ വിളിക്കാത്തതെന്താണെന്ന് ചോദിച്ചത് പൊലീസ് അസിസ്റ്റന്റിന് ഇഷ്ടപ്പെട്ടില്ല. ‘‘കമോൺ, ഇതൊരു ചെറിയ കാര്യം.’’ വിരൽതുമ്പിൽ കുത്തി അവർ സാമ്പിളെടുത്തു.

അടുത്ത മുറിയിൽ പൊലീസുകാരാണ് ശബ്ദ സാമ്പിളും മുഖ സ്കാനിങ്ങും വിരലടയാളവുമൊക്കെ രേഖപ്പെടുത്തുന്നത്. മേശമേൽ കിടന്ന ‘ഉറുംചി ഇൗവ്നിങ് ഗസറ്റി’ന്റെ കോപ്പി എടുത്ത് മൈക്രോഫോണിന് മുന്നിൽനിന്ന് വായിക്കാൻ പറഞ്ഞു. മനഃപൂർവംതന്നെ ഒരു പ്രഫഷനൽ അനൗൺസറുടെ സൂക്ഷ്മതയോടെ വായിച്ചു. സാധാരണ ജീവിതത്തിൽ ഞാനിങ്ങനെ സംസാരിക്കാറില്ല. ഇൗ സാമ്പിളിൽനിന്ന് പിന്നീട് എന്നെ തിരിച്ചറിയാൻ കഴിയില്ലെന്ന് ഞാൻ ആശ്വസിച്ചു. രണ്ടു മിനിറ്റ് കഴിഞ്ഞ് വായന നിർത്താൻ ടെക്നീഷ്യൻ ആംഗ്യം കാട്ടി. ‘‘നിങ്ങൾ മനോഹരമായി വായിച്ചിരിക്കുന്നു’’വെന്ന പ്രശംസയോടെ എന്റെ വോയ്സ് ഫയൽ ടെക്നീഷ്യൻ സേവ് ചെയ്തു. പിന്നീട് പത്തു വിരലുകളുടെയും വിരലടയാളം സ്കാൻ ചെയ്തു. ചില വിരലുകൾ പലതവണ ചെയ്യേണ്ടിവന്നു. മുമ്പും ഇത്തരം വിരലടയാള രജിസ്ട്രേഷനുകൾ ചെയ്തിട്ടുെണ്ടങ്കിലും ഇത്രയും ശ്രമകരമായിരുന്നില്ല.

 

താഹിർ ഹാമുത് ഇസ്ഗിൽ

ഫേഷ്യൽ ഇമേജിങ് ആണ് അടുത്തത്. ഒരു ഹാൻ പൊലീസ് അസിസ്റ്റന്റ് കാമറക്ക് മുന്നിലുള്ള കസേരയിൽ ഇരിക്കാൻ ആംഗ്യം കാട്ടി. ട്രൈപോഡ് അഡ്ജസ്റ്റ് െചയ്ത് ലെൻസ് എന്റെ മുഖത്തിന് നേർക്കാക്കി. 18 വർഷം ഫിലിം ഡയറക്ടറായിരുന്നു ഞാൻ. പല തരത്തിലും ആകൃതികളിലുമുള്ള കാമറകൾ കണ്ടിട്ടുണ്ട്. പലതരം സെക്യൂരിറ്റി കാമറകളെ കുറിച്ചും നന്നായി അറിയാം. പക്ഷേ, ഇവിടെ എന്റെ മുഖത്തിന് നേർക്കുള്ളത് ഞാൻ മുെമ്പാരിക്കലും കണ്ടിട്ടുള്ളതല്ല. മൂന്നു സെന്റിമീറ്റർ ഉയരവും 20 സെന്റിമീറ്റർ നീളവുമുള്ള ഫ്ലാറ്റ് ലെൻസോടുകൂടിയ ഒരു കാമറ.

കാമറക്ക് പിന്നിലെ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്ന യുവതി എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കി. അവർ സിഗ്നൽ തരുേമ്പാൾ കാമറക്ക് നേരെ രണ്ടു സെക്കൻഡ് സൂക്ഷിച്ചുനോക്കണം, പിന്നെ തല മെല്ലെ വലത്തേക്ക് തിരിച്ച് വീണ്ടും നേരെ കൊണ്ടുവരണം. വീണ്ടും അതേേപാലെ മെല്ലെ ഇടത്തേക്ക് തിരിച്ചശേഷം നേരെ കൊണ്ടുവന്ന് രണ്ടു സെക്കൻഡ് കാക്കണം. പിന്നെ മുകളിലേക്കും താഴേക്കും ഇത് ആവർത്തിക്കണം. എല്ലാം ഒരേപോലെ മെല്ലെ, ഒരേ വേഗത്തിൽ ആയിരിക്കണം. ശേഷം പതിയെ വായ പൂർണമായും തുറന്നുപിടിക്കണം.

രണ്ടു സെക്കൻഡ് അങ്ങനെ തുടർന്നശേഷം വായ അടച്ച് വീണ്ടും കാമറക്ക് നേരെ രണ്ടു സെക്കൻഡ് നോക്കണം. ഇൗ പ്രകിയ ഒക്കെ ഒരേപോലെ ചെയ്യുന്നതിനിടെ എവിടെയെങ്കിലും പാളിയാൽ കമ്പ്യൂട്ടർ നിരസിക്കും. വീണ്ടും ആദ്യം മുതൽ ആരംഭിക്കണം. മൂന്നാമത്തെ ശ്രമത്തിലാണ് എനിക്ക് പൂർത്തിയാക്കാനായത്. പക്ഷേ, എനിക്ക് പിന്നാലെ കയറിയ മർഹബക്ക് ഏറെ ബുദ്ധിമുേട്ടണ്ടിവന്നു.േ ഫഷ്യൽ സ്കാനിങ് പുരുഷൻമാർക്കും സ്ത്രീകൾക്കും വ്യത്യസ്ത രീതിയിലാണ്. പുരുഷൻമാർ വായ തുറക്കുേമ്പാൾ സ്ത്രീകൾക്ക് വായ കടിച്ചുപിടിച്ച് കവിളുകൾ വീർപ്പിക്കണം. ഇൗ വ്യത്യാസത്തിന് കാരണമെന്താകുമെന്ന് ഞാൻ അത്ഭുതപ്പെട്ടു.

മർഹബയുടെ ചലനങ്ങൾ ഒന്നുകിൽ അതിവേഗത്തിലാകും, അല്ലെങ്കിൽ തീരെ പതിയെയും. നിരന്തരം പരാജയപ്പെട്ടതോടെ അവളുടെ മുഖം നിരാശയിൽ ചുവന്നു. അടുത്തുനിന്ന് ഞാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. ടെൻഷൻ കാരണം എന്റെ ഉള്ളംകൈ വിയർക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഒടുവിൽ ആറാമത്തെ ശ്രമത്തിലാണ് അവൾ വിജയിച്ചത്. കുട്ടികളെ പോലെ ഞങ്ങൾ ആഹ്ലാദിച്ചു.

എല്ലാം പൂർത്തിയാക്കി, ഗുൽജാന് മുന്നിൽ റിപ്പോർട്ട് ചെയ്ത് ഞങ്ങൾ പുറത്തേക്ക് നടന്നു. മുകളിലേക്ക് പടികൾ കയറുേമ്പാൾ പകുതി തമാശയിൽ ഞാൻ പറഞ്ഞു: ‘‘ഇനിയിപ്പോൾ നിരീക്ഷണ കാമറകൾക്ക് നമ്മളെ പിന്നിൽനിന്നും മനസ്സിലാക്കാം.’’ അഞ്ചുമണിയോടെ ഞങ്ങൾ സ്റ്റേഷന് പുറത്തിറങ്ങി. ‘‘നമുക്കീ രാജ്യം വിടണം’’ –കയ്പ് നിറഞ്ഞ സ്വരത്തിൽ മർഹബ പറഞ്ഞു.

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT