അടിയന്തരാവസ്ഥക്ക് മുമ്പും പിമ്പും കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ മാറ്റങ്ങൾക്ക് പലതരത്തിലുള്ള തുടക്കവും മാറ്റവും കുറിച്ച കാമ്പസായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ്. സാംസ്കാരികപ്രവർത്തകരുടെ താവളമായിരുന്ന അവിടത്തെക്കുറിച്ചും ആ സംഘത്തിലെ ഉജ്ജ്വലവ്യക്തികളെക്കുറിച്ചുമാണ് ഇൗ ലക്കം എഴുതുന്നത്.
1977ലെ കോഴിക്കോട് മെഡിക്കൽ കോളജ് എന്നത് കേരളത്തിന്റെ പിൽക്കാല സാംസ്കാരിക രാഷ്ട്രീയ മാറ്റങ്ങൾക്ക് വിത്ത് വിതച്ച ഒരു കാമ്പസായിരുന്നു. രക്തസാക്ഷി രാജന്റെ ഓർമയുള്ളവർ ധാരാളമുള്ളതുകൊണ്ട് ചാത്തമംഗലത്തെ റീജനൽ എൻജിനീയറിങ് കോളജായിരുന്നു മാറ്റത്തിന്റെ മറ്റൊരു ശക്തികേന്ദ്രം. വിപ്ലവ വിദ്യാർഥി സംഘടനയുടെ ശക്തിയായിരുന്ന ഹരിദാസും ശശിയും ശ്രീനിവാസനും അയ്യപ്പനും രാജീവനുമൊക്കെ അവിടത്തെ വിദ്യാർഥികളായിരുന്നു. എന്നാൽ, കോഴിക്കോട് നഗരത്തിൽനിന്നുള്ള ദൂരക്കൂടുതൽ കൊണ്ടുതന്നെ മെഡിക്കൽ കോളജായിരുന്നു സാംസ്കാരിക പ്രവർത്തകരുടെ പ്രധാന താവളം. അങ്ങനെ അനൗദ്യോഗികമായി 1977 മുതൽ ഞാനും ഒരു ‘മെഡിക്കൽ കോളജ്’ വിദ്യാർഥിയായി.
ഇടശ്ശേരിയുടെ മകൻ ദിവാകരൻ, വാസു, സി.പി. ശ്രീധരൻ, ടി.പി. നാസർ, സലീം, അബ്ദുൽ അസീസ്, രാജീവ് എന്നിവരൊക്കെയാണ് മെഡിക്കൽ കോളജിലെ ചരിത്രം സൃഷ്ടിച്ച മുമ്പേ പറന്ന പക്ഷികളുടെ തലമുറ. വാസുവും ശ്രീധരനുമൊക്കെ കാമ്പസ് കാലം കഴിഞ്ഞതോടെ ബന്ധം വിട്ടുപോയി. പിന്നെ ഒരിക്കലും കണ്ടിട്ടേയില്ല. ദിവാകരൻ തൊണ്ണൂറുകളുടെ തുടക്കത്തിൽ പെയിൻ ക്ലിനിക്കിന്റെ തുടക്കകാലത്ത് പെയിൻ ക്ലിനിക്കിന്റെ ഭാഗമായി എത്തിയിരുന്നു. ഇടശ്ശേരിയുടെ മകൻ എന്ന വിസ്മയമായിരുന്നു ദിവാകരൻ. തൃശൂരിലെ സാന്ത്വന പരിചരണത്തിന്റെ ജീവനാഡിയും തുടക്കക്കാരനും ഡോ. ദിവാകരനാണ്.
ഫേസ്ബുക്ക് കാലം പിറന്നപ്പോഴാണ് ടി.പി. നാസർ വീണ്ടും മുന്നിൽ വരുന്നത്. നാസർ അന്നേ എഴുത്തുകാരനായിരുന്നു എന്നത് മറന്നുപോയിരുന്നു. 1977-1978 കാലത്തെ മെഡിക്കൽ കോളജ് മാഗസിന്റെ സ്റ്റുഡന്റ് എഡിറ്ററാണ് ടി.പി. നാസർ. സ്വാതന്ത്ര്യമായിരുന്നു വിഷയം. സച്ചിദാനന്ദൻ, കുഞ്ഞുണ്ണി മാസ്റ്റർ, കെ.പി. ശങ്കരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, പോൾ കല്ലാനോട്, മാടമ്പ് കുഞ്ഞിക്കുട്ടൻ തുടങ്ങി നിരവധിപേർ അണിനിരക്കുന്നുണ്ട്. മുഖ്യധാരയിൽ ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’നുപോലും അക്കാലത്ത് ചിന്തിക്കാനാവാത്ത നിലയിൽ പുതിയ ഭാവുകത്വം മെഡിക്കൽ കോളജ് മാഗസിൻ അന്ന് എത്തിപ്പിടിച്ചു. 1984ൽ കെ.സി. നാരായണൻ ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ന്റെ ചുമതല ഏറ്റെടുത്തതിൽ പിന്നെയാണ് അത് മാറിയ ഭാവുകത്വം എത്തിപ്പിടിച്ചത്. അത് വൈകിവന്ന വസന്തമായിരുന്നു. അടിയന്തരാവസ്ഥയെ ‘മാതൃഭൂമി’ക്ക് തൊടാനായിരുന്നില്ല എന്നു മാത്രമല്ല, അതിനെ പിന്തുണച്ച് എഡിറ്റോറിയൽ എഴുതുക കൂടി ചെയ്തിരുന്നു.
അടിയന്തരാവസ്ഥക്കുശേഷമുള്ള കാമ്പസ് ജീവിതത്തിന്റെ ഏറ്റവും മികച്ച ഡോക്യുമെന്റ് ആണ് നാസർ പത്രാധിപരായി പുറത്തിറക്കിയ 1977 -78ലെ മെഡിക്കൽ കോളജ് മാഗസിൻ. ആ പാരമ്പര്യം പിന്നീടൊരിക്കലും മെഡിക്കൽ കോളജ് മാഗസിൻ താഴെ വെച്ചിട്ടില്ല. കേരളത്തിലെ ഏത് ലിറ്റിൽ മാഗസിനോടും മുഖ്യധാരാ ആഴ്ചപ്പതിപ്പുകളോടും മാസികകളോടും കിടപിടിക്കുന്ന ഉന്നത നിലവാരം പുലർത്തുന്ന മാഗസിനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു പുറത്തുവന്നിട്ടുള്ളത്.
അടിയന്തരാവസ്ഥക്കാലത്ത് വാസുവും സലീമുമാണ് അറസ്റ്റിലായിരുന്നത്. സലീം പിന്നീട് കോഴ്സ് പൂർത്തിയാക്കും മുമ്പ്, 1982ൽ ആത്മഹത്യചെയ്തു. ആ രക്തസാക്ഷിത്വം അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. മെഡിക്കൽ കോളജിലേക്ക് എത്തുന്ന സഖാക്കളുടെ മുൻഗാമികൾ ശംഭുവും പൂവാട്ടുപറമ്പ് വേണുവുമാണ്. അവർ 1976ലേ അവിടെ എത്തുന്നുണ്ട്. രണ്ടുപേരെയും അടിയന്തരാവസ്ഥയിൽ പൊലീസ് പിടികൂടി കക്കയം ക്യാമ്പിലും മാലൂർക്കുന്നിലും എത്തിക്കുന്നുണ്ട്. ഗൃഹനിർമാണത്തിൽ സ്വന്തം ജനകീയപാത സൃഷ്ടിച്ച ശംഭു വിടപറഞ്ഞു. ഇനി ചരിത്രമെഴുതില്ല. വാസുവും ശ്രീധരനും അസീസും ഓർമ എഴുതിക്കണ്ടിട്ടില്ല. പൂവാട്ടുപറമ്പ് വേണുവും ഒരാത്മകഥ എഴുതിയിട്ടില്ല. ചരിത്രത്തിൽ അദൃശ്യരായവർ നിരവധിയാണ്.
ബിമൽ മിത്രയുടെ ‘ചരിത്രത്തിൽ ഇല്ലാത്തവർ’ എഴുപതുകളുടെ അന്ത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട നോവലാണ്. അടയാളപ്പെടുത്തപ്പെടാതെ വിട്ടുപോകുന്ന അദൃശ്യരായ രക്തസാക്ഷിത്വങ്ങളും ജീവിതങ്ങളും എല്ലാ ചരിത്രങ്ങളിലുമുണ്ടാകും. പലതരം തിരഞ്ഞെടുപ്പുകൾ ചരിത്രനിർമിതിയിൽ പണിയെടുക്കുന്നുണ്ട്. ഡോക്ടറാകാൻ പുറപ്പെട്ട് അകാലത്തിൽ പൊലിഞ്ഞ സലീം അതുപോലൊരു വേദനയാണ്.
ഫേസ്ബുക്കിൽ നാസറും ജീവിതപങ്കാളി റംലയും ചേർന്ന് നടത്തുന്ന ലോകപര്യടനങ്ങളാണ് എന്നെ ആകർഷിച്ചത്. ഒന്നുകൂടി അടുത്തപ്പോഴാണ് മനസ്സിലായത് അവർ മക്കൾക്ക് ഫെല്ലിനി എന്നും ഗൊദാർദ് എന്നുമാണ് പേരിട്ടതെന്ന്. വലിയൊരു കാലത്തെ മക്കളുടെ പേരിൽ ഇങ്ങനെ കൊത്തിവെച്ച മറ്റൊരു ദമ്പതികൾ കേരളത്തിൽ മറ്റെവിടെയെങ്കിലുമുണ്ടോ എന്നറിയില്ല. ലെനിനെയും സ്റ്റാലിനെയും ഒക്കെ കേട്ടിട്ടുണ്ട്. എന്നാൽ, ഫെല്ലിനിയും ഗൊദാർദും ഉണ്ടായത് ഒരു വേറിട്ട നടത്തമായിരുന്നു.
മെഡിക്കൽ കോളജ് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഓർമയുടെ ചരിത്രം അതിലുണ്ട്. ഫെല്ലിനി മുതിർന്ന് ഇപ്പോൾ സ്വന്തം നിലക്ക് സംവിധായകനാണ്. ടൊവീനൊയും സംയുക്തയും പ്രധാന വേഷത്തിൽ അഭിനയിച്ച ‘തീവണ്ടി’യിലൂടെയാണ് (2018) ഫെല്ലിനി ഒരു സംവിധായകനായത്. തുടർന്ന് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും വേഷമണിഞ്ഞ ‘ഒറ്റ്’ (2022) ഫെല്ലിനി തന്റെ സംവിധാന പട്ടികയിൽ എഴുതിച്ചേർത്തു. ഗൊദാർദും സിനിമയുമായി വരുമായിരിക്കും.
സിനിമയായാലും കവിതയായാലും നാടകമായാലും അന്നൊരു ശൃംഖലയായാണ് നടത്തുക. നഗരത്തിൽനിന്നു തുടങ്ങി മെഡിക്കൽ കോളജ് വഴി ആർ.ഇ.സി, ആർട്സ് കോളജ്, ഗുരുവായൂരപ്പൻ കോളജ് എന്നിങ്ങനെ കറങ്ങും. എന്നാൽ, മെഡിക്കൽ കോളജ് ഹോസ്റ്റൽ ആയിരുന്നു മിക്കവാറും എല്ലാവരുടെയും താമസകേന്ദ്രം. നാലുനേരം നല്ല ഭക്ഷണവും അതുവഴി മെഡിക്കൽ കോളജിലെ ഹോസ്റ്റലിൽനിന്ന് ഉറപ്പുവരുത്താനാകുമായിരുന്നു. അത് മെഡിക്കോസ് ഫ്രണ്ട്സ് പല മുറികളിലായി വീതിച്ചെടുക്കുകയായിരുന്നു പതിവ്. അതിന്റെ ബാധ്യതകളെക്കുറിച്ച് അന്നവിടെ താവളമടിച്ച ഞാനടക്കമുള്ള ആരും ചിന്തിച്ചിരുന്നുപോലുമില്ല. വീട് പോലെ പ്രിയങ്കരമായ നമ്മുടെ സ്വന്തം ഹോസ്റ്റൽ എന്നായിരുന്നു വിചാരം. ജോൺ എബ്രഹാം മുതൽ കവി അയ്യപ്പൻ വരെ നീണ്ട സാംസ്കാരിക പ്രവർത്തകരെ അങ്ങനെ ദീർഘകാലം തീറ്റിപ്പോറ്റി സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളെ സജീവമാക്കി നിർത്തിയതിന്റെ ക്രെഡിറ്റ് പല തലമുറകളിൽപെട്ട മെഡിക്കൽ വിദ്യാർഥി സമൂഹത്തിന് അവകാശപ്പെട്ടതാണ്.
1977ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി വിദ്യാർഥി യൂനിയൻ തൃശൂരിൽ നടത്തിയ സർഗസംവാദം ക്യാമ്പിൽനിന്നുമാണ് ജോൺ എബ്രഹാം കോഴിക്കോട്ടേക്ക് പുറപ്പെട്ടത് എന്നാണ് ചെലവൂർ വേണു ഏട്ടന്റെ ഓർമ പറയുന്നത്. ജോൺ വരുന്നതിനുമുമ്പ് തന്നെ വേണു ഏട്ടൻ അശ്വിനി ഫിലിം സൊസൈറ്റി ഹോട്ടൽ അളകാപുരിയുടെ തുറസ്സിൽ തുടക്കമിട്ടിരുന്നു. എന്നാൽ, നഗരത്തെ എന്നപോലെ കോഴിക്കോട്ടെ കാമ്പസിനെയും ചലിപ്പിച്ച ഒരു ചലച്ചിത്രോത്സവം ആദ്യമായി സംഘടിപ്പിക്കപ്പെടുന്നത് മെഡിക്കൽ കോളജ് കാമ്പസിലാണ്. അത് അശ്വിനി ഫിലിം സൊസൈറ്റി നഗരത്തിൽ നടത്തിയ ഫിലിം ഫെസ്റ്റിവലിന്റെ തുടർച്ചയായിരുന്നു.
ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളും നാടകവുമൊക്കെയായി മെഡിക്കോസ് ഹോസ്റ്റലിലെ പല തലമുറകളിൽപെട്ട വിദ്യാർഥികളുമായി വളരെ പെട്ടെന്നുതന്നെ വളർന്ന സൗഹൃദം വഴി അത് എന്റെയും കാമ്പസായി മാറി. ബ്രഹ്മപുത്രൻ, സുരേഷ്, മോഹൻ മാമുണ്ണി, ഹേമന്ത്, കൃഷ്ണകുമാർ, സുരേഷ് ബാബു, ഐ. രാജൻ, ജയറാം, ഇ.പി. മോഹൻ, മനോജ്, ജയകൃഷ്ണൻ, കുര്യാക്കോസ്, ഫിറോസ്, വേണു, വേണുഗോപാൽ, ബാലു... അങ്ങനെ ആ പട്ടിക വളരെ നീണ്ടതാണ്. അവർക്കൊപ്പം സാംസ്കാരിക രാഷ്ട്രീയത്തിന്റെ ശരീരശാസ്ത്രം ഞാനും പഠിച്ചു എന്നുവേണം പറയാൻ. ഡോ. ടി.പി. നാസറും ഡോ. ജയകൃഷ്ണനും ഡോ. വേണുഗോപാലും സാഹിത്യത്തിലും കൈവെച്ചു.
ചരിത്രം അവരുടെ എഴുത്തിൽ ഓർമയുടെ സാഹിത്യമായി അലിഞ്ഞുകിടപ്പുണ്ട്. അതിലൊരു വേണുവാണ് ഇപ്പോൾ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായിരിക്കുന്നത്. വേണുവിന് ഐ.എ.എസ് കിട്ടിപ്പോകുമ്പോൾ ചേർന്ന സൗഹൃദക്കൂട്ടായ്മയിൽ ‘അനൗദ്യോഗിക’ മെഡിക്കോസ് വിദ്യാർഥിയായ ഞാനും പങ്കെടുത്തത് ഓർക്കുന്നു. ശാസ്താപുരിയിലായിരുന്നു എന്നാണോർമ. എൺപതുകളുടെ മധ്യത്തിലായിരിക്കണം. പിന്നെ ഒരിക്കലേ വേണുവിനെ കണ്ടിട്ടുള്ളൂ. ഞാൻ ‘മാതൃഭൂമി’യിൽ ജേണലിസ്റ്റായിരിക്കുമ്പോൾ കോഴിക്കോട് ടാഗോറിൽ ഒരു നാടകവുമായി എത്തിയപ്പോൾ.
ടി.പി. നാസർ അടിയന്തരാവസ്ഥക്കാലത്ത് ചരിത്രമായ ‘യെനാൻ’ അക്കാലത്തേ മെഡിക്കൽ കോളജിൽ എത്തുന്നുണ്ട്. ‘സ്വാതന്ത്ര്യം’ എന്ന കഥ നാസർ യെനാനിലേക്ക് എഴുതിയതാണ്. എന്നാൽ, ആദ്യ ലക്കത്തോടെ അത് കണ്ടുകെട്ടി. വാസുവും മുരളിയും ആ കഥ യെനാനിൽ വരും എന്നാണ് നാസറിനോട് പറഞ്ഞിരുന്നത്. എന്നാൽ, യെനാൻ പിന്നെ ഇറങ്ങിയില്ല. അതിന്ന് ഓർമയുടെ ചരിത്രമാണ്. നാസർ ആ കാലം ഓർക്കുന്നു:
‘‘1975 ജൂൺ 26. മെഡിക്കൽ കോളജിലെ ഒന്നാം വർഷം. പത്രങ്ങളിലെ തലക്കെട്ടുകളെല്ലാം ഇങ്ങനെയായിരുന്നു: ഒന്നര വർഷക്കാലം ഭയപ്പെടുത്തുന്ന നിശ്ശബ്ദത കാമ്പസിൽ താളം കെട്ടിക്കിടന്നു. വല്ലാത്ത അനുസരണം. അച്ചടക്കം. സ്വാതന്ത്ര്യത്തിനു എന്തെന്തു പര്യായങ്ങൾ. ഈ കഥ – സ്വാതന്ത്ര്യം – പിറന്നത് അപ്പോഴാണ്. ഒരു ലക്കം മാത്രം ഇറങ്ങുകയും പിന്നെ കണ്ടുകെട്ടുകയും ചെയ്ത ഇടതുപക്ഷ മാസികയായ ‘യെനാനി’ലേക്ക് കണ്ണമ്പള്ളി മുരളിയും വാസുവും കൊണ്ടുപോയതാണ്.
അവർ ജയിലിലായപ്പോൾ അത് നഷ്ടപ്പെട്ടു. വീണ്ടും പകർത്തിയെഴുതി. ഇനി അങ്ങനെ ഒരുകാലം വരാതിരിക്കട്ടെ. ഇടശ്ശേരി ദിവാകരനെയും രാജീവനെയും പൊലീസ് പിടിച്ചു കൊണ്ടുപോയിരുന്നു. വാസുവിന് സാമ്പത്തിക സഹായം നൽകിയതാണ് കുറ്റം. രാജീവ് വാസുവിന്റെ റൂംമേറ്റായിരുന്നു. വാസു വെള്ളികുളങ്ങരയിൽ ചെറിയ രീതിയിൽ പ്രൈവറ്റ് പ്രാക്ടിസ് ചെയ്യുന്നുണ്ട്. എല്ലാവരിൽനിന്നും ഒരു സാമൂഹിക അകലം പാലിച്ച് നിശ്ശബ്ദനായി ജീവിക്കുന്നു.
അതങ്ങനെ ഒരു കാലഘട്ടമായിരുന്നു. എഴുത്തും നാടകവും രാഷ്ട്രീയവും പിന്നെ സ്വൽപം വൈദ്യപഠനവും. വൈകുന്നേരങ്ങളിൽ മാനാഞ്ചിറ മതിൽക്കെട്ടിനു മുകളിൽ കൂട്ടംകൂടിയിരുന്നു സാഹിത്യവും രാഷ്ട്രീയവും ഇടകലർന്ന വാഗ്വാദങ്ങൾ... ചിന്ത രവി, താജ്, ദാമോദരൻ, വേണു, മോഹനൻ, സേതു, ഹാഫിസ് മുഹമ്മദ്, ഇടക്ക് യു.കെ. കുമാരനും ടി.വി. കൊച്ചുബാവയും (കോഴിക്കോട് വരുമ്പോൾ). താജ് നാടകത്തിലും പ്രണയത്തിലും സജീവമായ നാളുകൾ. പിന്നെ ഇടക്കിടെ മെഡിക്കൽ കോളജിലെ ഹോസ്റ്റലിൽ തങ്ങും. രാവുണ്ണി, കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം, പെരുമ്പറ. കനലാട്ടം അവാർഡ് ലഭിച്ചശേഷം കോഴിക്കോട് അരങ്ങേറിയപ്പോൾ റംലയും ഞാനും മുൻനിരയിൽതന്നെ കണ്ടത്. ഞങ്ങൾക്കുള്ള ആദ്യത്തെ പ്രണയ സമ്മാനമായിരുന്നു താജിന്റെ ആ ക്ഷണം. ഒരിക്കലും തിരിച്ചു വരാത്ത ഈ ഓർമകൾ മറക്കുവതെങ്ങനെ?!’’
യെനാനിലേക്ക് എഴുതിയ കഥ പിന്നീട് ‘വിവേകോദയ’ത്തിൽ പ്രസിദ്ധീകരിച്ചു. ‘സ്വാതന്ത്ര്യം’ എന്ന കഥ ആ കാലത്തിന്റെ ആകുലതകൾ പുറത്തുകൊണ്ടുവരുന്ന കഥയാണ്. ഒരു സ്വപ്നത്തിൽതന്നെ തേടിവന്ന സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർഥം നേടി പുറപ്പെട്ടതിന് വധശിക്ഷക്ക് വിധിക്കപ്പെടുന്ന യുവാക്കളുടെ കഥയാണത്. ഗൊദാർദിന്റെ ‘ആൽഫ വില്ല’ (1965) എന്ന സിനിമയിൽ പ്രണയം എന്ന വാക്ക് ഉച്ചരിച്ചതിന് വധശിക്ഷക്ക് വിധിക്കപ്പെടുന്ന ഭാവനക്ക് സമാനമാണ് നാസറിന്റെ കഥയിൽ ‘സ്വാതന്ത്ര്യം’ എന്ന വാക്ക് സൃഷ്ടിക്കുന്ന വിപത്ത്. പ്രസക്തിയിലും സംക്രമണത്തിലുമെല്ലാം നാസർ എഴുതി.
വർഷങ്ങൾക്കുശേഷം നാസർ തന്റെ കഥാപുസ്തകങ്ങളുമായി കോഴിക്കോട്ട് പ്രത്യക്ഷപ്പെട്ടു. പിന്നിട്ട കാലം അടയാളപ്പെടുത്തുന്ന നാസറിന്റെ നോവൽ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ചിന്ത പബ്ലിഷേഴ്സ് ആണ് അത് – പക്ഷികൾ കൂടണയുന്നില്ല – പുറത്തിറക്കാൻ പോകുന്നത്. കോഴിക്കോടിന്റെ സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായ തലമുതിർന്ന സാംസ്കാരിക പ്രവർത്തകനും കമ്യൂണിസ്റ്റുകാരനുമായ ടി.പി. മമ്മു മാസ്റ്ററുടെ മകനാണ് നാസർ. എൻ.പി. ഹാഫിസ് മുഹമ്മദ് എഡിറ്റ് ചെയ്ത് പുറത്തിറക്കിയ ‘നന്ദി മമ്മു മാഷ്’ എന്ന പുസ്തകം മമ്മു മാഷിനുള്ള ആദരവായി പുറത്തിറക്കിയ പുസ്തകമാണ്.
മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ പ്രഫസറായി വിരമിച്ച ഡോ. ടി. ജയകൃഷ്ണൻ മെഡിക്കൽ രംഗത്തെക്കുറിച്ചുള്ള നിരവധി വിഷയങ്ങളിൽ സാർഥകമായി ഇടപെടുന്ന വ്യക്തി എന്നനിലക്ക് മാധ്യമങ്ങൾക്ക് സുപരിചിതനാണ്. എന്നാൽ, മികച്ച കവിയെന്നനിലക്കും കഥാകൃത്ത് എന്ന നിലയിലും ജയകൃഷ്ണൻ നടത്തിയ പരീക്ഷണങ്ങൾ – വസൂരി പൂത്തപ്പോൾ, ആത്മാവിന് തീ പിടിച്ചവർ – ശ്രദ്ധേയ രചനകളാണ്. നിരവധി വർഷങ്ങളിൽ മെഡിക്കൽ കോളജ് മാഗസിനുകളുടെ മാർഗദർശിയായിരുന്നു ജയകൃഷ്ണൻ. എന്റെ നോവൽ ‘പാതാളക്കരണ്ടി’യുടെ പ്രകാശനത്തിന് അതിന്റെ അതിവിശദമായ ആദ്യപഠനം അവതരിപ്പിച്ചത് ജയകൃഷ്ണനായിരുന്നു.
കേരളത്തിൽ അത്യാധുനിക എമർജൻസി മെഡിസിന്റെ പ്രചാരകനായ ഡോ. പി.പി. വേണുഗോപാലാണ് കഥാകൃത്ത് എന്നനിലയിൽ സ്വന്തമായ പരീക്ഷണങ്ങളിലൂടെ മുന്നോട്ടുവന്ന മറ്റൊരാൾ. ‘സ്ട്രോബിലന്തസ്’ ആണ് വേണുവിന്റെ പുസ്തകം.
മരണത്തിന്റെ മുനമ്പിലൂടെ നടക്കുന്ന മനുഷ്യനിമിഷങ്ങൾക്കൊപ്പം എന്നും സഞ്ചരിക്കാൻ നിയുക്തനായ മനുഷ്യനാണ് വേണു. മെഡിക്കൽ കോളജിൽ പഠിക്കുന്ന കാലം മുതൽക്ക് തന്നെ സാഹിത്യവും സിനിമയുമായിരുന്നു എൺപതുകളിലെ ആ ചങ്ങാത്തത്തിന്റെ അടിത്തറ. അതിനിപ്പോൾ നാല് പതിറ്റാണ്ടിലേറെ പ്രായമായി. ഒരു മാറ്റവുമില്ല, അവനും സൗഹൃദത്തിനും.
എമർജൻസി മെഡിസിനിൽ വാഷിങ്ടൺ യൂനിവേഴ്സിറ്റിയിൽനിന്നും മാസ്റ്റേഴ്സ് ബിരുദം നേടി തിരിച്ചെത്തിയതൊക്കെ ഒൗദ്യോഗിക ജീവചരിത്രരേഖ. ആര് മരണത്തിന്റെ മുന്നിലെത്തുമ്പോഴും ഒരു കോൾ വേണുവിനുള്ളതാണ്. മറക്കാനാവാത്തത് നടൻ ജഗതിയെ അത്യാസന്നനിലയിൽ മിംസിലേക്ക് കൊണ്ടുവരുമ്പോൾ ഉറക്കത്തിൽനിന്നും വേണുവിനെ അസമയത്ത് വിളിച്ചുണർത്തിയതാണ്. ജഗതിയെയുംകൊണ്ട് ആംബുലൻസ് മിംസിലെത്തും മുമ്പ് വേണു ആശുപത്രിയിലെത്തി അവിടത്തെ സജ്ജീകരണങ്ങളുടെ ഭാഗമായി കഴിഞ്ഞിരുന്നു. ജഗതിയെ ആദ്യം ഏറ്റെടുത്ത ഡോക്ടർമാരിൽ ഒരാൾ എന്നനിലക്കും ആ ജീവൻ ഭൂമിയിൽ അതിജീവിച്ചതിന് നേതൃത്വം കൊടുത്ത ടീം അംഗം എന്ന നിലക്കും വേണു എമർജൻസി മെഡിസിന് തന്നെ മാതൃകയായ വ്യക്തിയാണ്.
ഒരു വലിയ ഡോക്ടറായി വേണു അഭിനയിക്കുന്നത് ഒരിക്കൽപോലും കണ്ടിട്ടില്ല. എപ്പോൾ കണ്ടാലും ആ സിനിമ കണ്ടോ ഈ പുസ്തകം വായിച്ചോ എന്ന് ഭൂമിയിലൂടെ നടന്നുപോകുന്ന ഒരു മനുഷ്യൻ എന്ന ആ മട്ടും മാതിരിയും എത്രയോ ജീവനുകൾക്ക് ഭൂമിയിലേക്കുള്ള തിരിച്ചുവരവിന്റെ ചരടായിട്ടുണ്ട്. വേണുവിന്റെ മകൾ നീതുവും എന്റെ മകൾ മുക്തയും ഒരേ ക്ലാസിൽ കൂട്ടുകാരായി വളർന്നു. മിക്കവാറും അവരുടെ സ്കൂൾ കാലത്തുടനീളം കളിച്ച സിനിമകൾക്കും വേണുവും ജീവിതപങ്കാളിയായ ഡോ. സുപ്രിയയും നീതുവും ‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’വിന് എത്തുമായിരുന്നു. തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഉറ്റ സുഹൃത്തും ഡോക്ടറുമായിരുന്നു വേണു.
വേണു കഥാകൃത്തായി ജന്മമെടുക്കുന്ന ‘സ്ട്രോബിലന്തസ് ’ എന്ന പുസ്തകത്തിലൂടെ റസാഖ് ആ അനുഭവത്തിന്റെ ഓർമച്ഛായ ആവിഷ്കരിക്കുന്ന കഥ പ്രസിദ്ധീകരിക്കാൻ മലയാളത്തിലെ പ്രമുഖ മൂന്ന് മാധ്യമങ്ങൾ തയാറായില്ല എന്ന് പുസ്തകം ഏറ്റുവാങ്ങാൻ കോവിഡ് കാലത്ത് മിംസ് എമർജൻസി മെഡിസിനിൽ എത്തിയപ്പോഴാണ് വേണു പറയുന്നത്.
മരിച്ചാലും വിടില്ല അധികാരം. അതിന്റെ ഇരുണ്ട ചരിത്രം വെളിച്ചംകൊണ്ട് പൊള്ളിക്കുന്നത് തടയാൻ ഏത് ഇരുട്ടും സ്വീകാര്യമാക്കപ്പെടും. അതിനുവേണ്ടി പറയാതെ, പാടാതെ ഗൂഢാലോചനകളിൽ ഏർപ്പെടും അന്ധാധികാരം.
‘‘കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറായി ആ ദേഹം അനാദരവിന്റെ ചൂളയിലാണ്. ആത്മാവ് നിന്ദയുടെ ശാപാഗ്നിയിലാണ്. കാണികൾ നിസ്സഹായതയുടെ വിതുമ്പലിലാണ്’’ – കഥാകൃത്ത് ഡോ. പി.പി. വേണുഗോപാൽ ആ അനുഭവത്തിന്റെ ഹൃദയമിടിപ്പ് വാക്കുകളിൽ പടർത്തുന്നു. ജീവനും മരണത്തിനുമിടയിലെ ആറടിമണ്ണിൽ അമരർ എന്ന് ധരിച്ച് മനുഷ്യർ ഏർപ്പെടുന്ന അന്ധയാത്രകളുടെ ആവിഷ്കാരമായി ‘സ്ട്രോബിലന്തസി’നെ വായിക്കാം. നീലക്കുറിഞ്ഞിയുടെ ശാസ്ത്രനാമമാണ് സ്ട്രോബിലന്തസ്. ടി.എ. റസാഖിന്റെ മരണം ഡോക്യുമെന്റ് ചെയ്യുന്ന കഥയാണത്.
ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള ബാക്കിവെച്ച വഴികളിലൂടെ കടന്ന് ഡോ. വേണു മരണമുനമ്പിലെ പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നു. ആ അനുഭവം ആഹ്ലാദകരമാണ്. കാരണം, അതൊരു പുറംകാഴ്ചയല്ല. നേരനുഭവമാണ്. ഭാഷാപരമായ സൗന്ദര്യത്തേക്കാൾ ഈ കഥകളുടെ ഊന്നൽ ഈ നേർക്കാഴ്ചകളാണ്. അത് വിരളമാണ്. ‘നീലക്കുറിഞ്ഞി’ എഴുത്തിലും എപ്പോഴും പൂക്കാറില്ല എന്നതുതന്നെ ഈ കഥകൾക്ക് നിലനിൽക്കാനുള്ള ന്യായവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.