ഫലസ്തീനു മേലുള്ള ഇസ്രായേൽ ആക്രമണം ശക്തമാകുേമ്പാൾ മാധ്യമങ്ങൾ എങ്ങനെയാണ് തുടക്കം മുതൽ പ്രവർത്തിക്കുന്നതെന്ന് വിശകലനംചെയ്യുന്നു. ആഗോള മാധ്യമങ്ങൾ ആർക്കൊപ്പമാണ്? അവർ എങ്ങനെയാണ് സയണിസ്റ്റ് വെറിയെ പിന്തുണക്കുന്നത്
കളവും തെറ്റിദ്ധാരണ പടർത്തലുമാണ് എല്ലാ യുദ്ധതന്ത്രങ്ങളുെടയും അടിസ്ഥാനമെന്ന് ബി.സി ആറാം നൂറ്റാണ്ടിൽ ചൈനീസ് സൈനിക ജനറൽ സുൻ സു (Sun Tzu) എഴുതിയത് ആധുനിക കാലത്തെ മീഡിയ യുദ്ധത്തെ മുന്നിൽ കണ്ടല്ല. പക്ഷേ, അദ്ദേഹത്തിന്റെ ‘The Art Of War’ എന്ന 2500 വർഷം പഴക്കമുള്ള യുദ്ധതന്ത്ര ഗ്രന്ഥത്തിെല നിഗമനങ്ങളും ആശയങ്ങളും കാലാതിവർത്തിയായി തുടരുകയാണ്.
യുദ്ധം ജയിക്കേണ്ടത് പോർക്കളത്തിലല്ലെന്നും എതിരാളിയുടെ മനസ്സിലും തലച്ചോറിലുമാണെന്നും സുൻ സു പറയുന്നതിന്റെ കാെമ്പന്താണെന്ന് ഇന്നിപ്പോൾ എല്ലാവർക്കും അറിയാം.എതിരാളികളുടെ മാത്രമല്ല, പൊതുവികാരത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സാധാരണക്കാരന്റെ ഉള്ളിലെ യുദ്ധവും ജയിക്കേണ്ടതാണെന്ന അധികബോധ്യവും യുദ്ധം ചെയ്യുന്നവർക്കുണ്ട്.
പ്രോപഗണ്ട യുദ്ധം അതിന്റെ സകല സീമകളും ലംഘിച്ചുമുന്നേറുന്നതാണ് ഇന്നിപ്പോൾ പശ്ചിമേഷ്യയിൽ കാണുന്നത്. കേവലം സമൂഹമാധ്യമങ്ങൾ വഴി മാത്രമല്ല, വിശ്വാസ്യതയുടെ വലിയ പാരമ്പര്യമുള്ള മുഖ്യധാരാ മാധ്യമങ്ങളും എന്തിന് വൈറ്റ്ഹൗസിന്റെ പ്രസ് ബ്രീഫിങ് വഴിപോലും അസത്യം പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇൗ പ്രോപഗണ്ട കാമ്പയിൻ കേവലം യുദ്ധം ജയിക്കാനുള്ള തന്ത്രം മാത്രമല്ല, സമൂഹത്തിൽ അപരവിദ്വേഷം പരത്താനുള്ള ആയുധംകൂടിയാകുന്നു.
ഇസ്രായേലിൽ നിന്നുള്ള അക്രമവാർത്തകൾ നിറഞ്ഞ ഒരു ടാേബ്ലായ്ഡ് വായിച്ചുകൊണ്ടിരുന്ന ലണ്ടനിലെ ഒരു ട്രെയിൻ യാത്രക്കാരി, ആ പത്രം മടക്കിവെച്ചശേഷം നേരെ മുന്നിലിരുന്ന മുസ്ലിം യുവതിക്ക് നേരെ കഴുത്തറുക്കുന്ന ആംഗ്യം കാണിച്ചത് അടുത്തിടെ പ്രചരിച്ച ഏറ്റവും ഞെട്ടിക്കുന്ന വിഡിയോകളിൽ ഒന്നായിരുന്നു. വാർത്തയും പ്രോപഗണ്ടയും എങ്ങനെ മനുഷ്യനെ സ്വാധീനിക്കുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു അത്. അമേരിക്കൻ ചാനലുകൾക്കൊപ്പം ബ്രിട്ടീഷ് ടാബ്ലോയ്ഡുകളുമാണ് ഇസ്രായേലി വ്യാജ വാർത്തകളുടെ പ്രചാരണം ഇപ്പോൾ സജീവമായി നിർഹിക്കുന്നത്.
ഒക്ടോബർ ഏഴിന് നടന്ന ഹമാസിന്റെ ആക്രമണത്തിന്റെ ഒന്നാം ദിവസത്തെ വാർത്തകളുടെ കുത്തൊഴുക്കിനുശേഷം പിന്നീടുള്ള രണ്ടു ദിവസങ്ങളിൽ അധികം വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. സിവിലിയൻ ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയതും ൈസനിക ഒാപറേഷൻ നടക്കുേമ്പാൾ തത്സമയ വിവരങ്ങൾ നൽകുന്നതിലെ വിലക്കും കാരണമായിരുന്നു ഇത്. പത്താം തീയതിയോടെ മേഖലയുടെ നിയന്ത്രണം ഹമാസിൽനിന്ന് പൂർണമായും തിരിച്ചുപിടിച്ചശേഷം ഇസ്രായേലി സൈന്യം അവരുടെ പ്രിയ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും അവിടേക്ക് ടൂറിന് കൊണ്ടുപോയി.
ഗസ്സക്ക് തൊട്ടടുത്തുള്ള കഫർ അസയെന്ന പട്ടണത്തിലേക്കുള്ള അങ്ങനെയൊരു ടൂറിനിടയിലാണ് പിന്നീട് വലിയ വിവാദമായ ‘40 കുട്ടികളെ കഴുത്തറുത്ത് കൊന്നു’വെന്ന വാർത്ത ആദ്യം പൊട്ടിമുളക്കുന്നത്. ഇസ്രായേൽ സർക്കാറിനോട് ആഭിമുഖ്യമുള്ള i24 എന്ന ചാനലിന്റെ ലേഖിക നികോൾ സദേക് ആണ് ആദ്യം ഇൗ വിവരം പറയുന്നത്. കഫർ അസയിൽ ലൈവായി നടന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെ ‘40 കുട്ടികളെ കഴുത്തറുത്ത് ഇവിടെ െകാന്നു’വെന്ന് അവർ പറയുന്നു.
പിന്നാലെ ചാനലിന്റെ ഇംഗ്ലീഷ് ട്വിറ്റർ (എക്സ്) ഹാൻഡ്ലിൽ ഇത് ട്വീറ്റ് ചെയ്യപ്പെട്ടു. ഒെരാറ്റ സോഴ്സിൽനിന്ന് വന്ന ഒരേയൊരു ട്വീറ്റിൽനിന്ന് ഇൗ വിവരം കാട്ടുതീ പോലെ പടർന്നു. ട്വിറ്ററിൽ മാത്രം 11 ദശലക്ഷം തവണയാണ് ഇൗ വിഡിയോ ക്ലിപ് കാണപ്പെട്ടത്. വാർത്ത കേട്ട് ലോകം നടുങ്ങി. സ്ഥിരീകരിച്ചതാണോ അല്ലയോ എന്നൊന്നും നോക്കാതെ മറ്റു ചാനലുകളും ഒാൺലൈൻ മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു. ആദ്യ ട്വീറ്റ് സംഭവിച്ച് നിമിഷങ്ങൾകൊണ്ട് മലയാളത്തിലെ വരെ ഒാൺലൈൻ മാധ്യമങ്ങളിൽ വലിയ വാർത്ത വന്നു.
വാർത്തയുടെ പ്രോപഗണ്ട വാല്യുവും പ്രഹരശേഷിയും പെെട്ടന്ന് തിരിച്ചറിഞ്ഞ ഇസ്രായേൽ ഭരണകൂടമാകെട്ട, തങ്ങൾപോലും സ്ഥിരീകരിക്കാത്ത ഇൗ വാർത്തയുടെ പ്രചാരണത്തിനൊപ്പം കൂടി. വിവിധ ഒൗദ്യോഗിക മാധ്യമങ്ങളുടെ ഒഫീഷ്യൽ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ഇതു പടർന്നു. പക്ഷേ, അധികം ൈവകാതെ വാർത്തയുടെ ആധികാരികതയിൽ സംശയമുയർന്നു. അപ്പോഴേക്കും നികോൾ സദേക് തന്റെ ട്വിറ്റർ ഹാൻഡ്ലിൽ നേരിയ ഭേദഗതിയോടെ മറ്റൊരു കുറിപ്പിട്ടു.
അതിൽ ഇൗ വിവരം ‘സൈനികരാണ് തന്നോട് പറഞ്ഞതെ’ന്ന് നിർദോഷകരമെന്നമട്ടിൽ വിശദീകരിച്ചു. അപ്പോഴേക്കും 40 babies beheaded ഹാഷ്ടാഗിന് ട്വിറ്ററിൽ 44 ദശലക്ഷം ഇംപ്രഷനുകളും മൂന്നുലക്ഷം ലൈക്കുകളും ഒരുലക്ഷത്തിലേറെ റീപോസ്റ്റുകളും ഉണ്ടായിക്കഴിഞ്ഞിരുന്നു. എല്ലാറ്റിന്റെയും ഉറവിടം i24 ചാനലും ഇസ്രാേയൽ സർക്കാറിന്റെ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡ്ലും.
പിന്നാലെ അന്ന് രാത്രി തുർക്കിയിലെ അനദോലു വാർത്ത ഏജൻസി െഎ.ഡി.എഫിനെ (ഇസ്രായേലി ഡിഫൻസ് ഫോഴ്സ്) ബന്ധപ്പെട്ടു. പക്ഷേ, ഇൗ വാർത്ത സംബന്ധിച്ച് തങ്ങൾക്ക് ആധികാരിക വിവരമൊന്നും ഇല്ലെന്നായിരുന്നു അവരുടെ പക്ഷം. ൈസനികരാണ് വാർത്തയുടെ സ്രോതസ്സെന്ന് നികോൾ സദേക് വിശദീകരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇൗ നിഷേധമെന്ന് ഒാർക്കണം. അതിനിടെ, ഫലസ്തീനികൾക്കെതിരെ നിരന്തരം വംശീയ അധിക്ഷേപം നടത്തുന്ന ഒരു ൈസനികനാണ് വ്യാജ വാർത്തക്ക് പിന്നിലെന്ന് അറബ് സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രചാരണം ഉണ്ടായി.
വാർത്തക്ക് വിശ്വാസ്യത ഇല്ലാത്തതിനാൽ തങ്ങളിത് നൽകുന്നില്ലെന്ന് യു.എസിലെ സ്കൈ ന്യൂസ് നിലപാടെടുത്തു. ഇസ്രായേൽ സൈന്യം സ്ഥിരീകരിക്കുന്നില്ലെന്ന് ആദ്യം പറഞ്ഞ സി.എൻ.എൻ പിന്നീട് കുഴപ്പത്തിൽ ചാടി. ‘‘40 കുട്ടികൾ കഴുത്തറുത്ത് െകാല്ലപ്പെട്ടിരിക്കുന്നു’’വെന്ന് ലൈവ് വാർത്ത അവതരണത്തിനിടെ, സി.എൻ.എൻ ലേഖിക സാറ സിഡ്നർ ആധികാരികമായി പറഞ്ഞു.
പക്ഷേ, അടുത്തദിവസം സാറ തിരുത്തി. ‘‘ഇന്നലെ ഞങ്ങൾ ലൈവിലായിരിക്കുേമ്പാൾ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഒാഫിസാണ് ഹമാസ് കുട്ടികളുടെ കഴുത്തറുത്തുവെന്ന വാർത്ത സ്ഥിരീകരിച്ചത്. പക്ഷേ, കുട്ടികളുടെ കഴുത്തറുത്തോ എന്ന് ഉറപ്പിക്കാനാവില്ലെന്ന് ഇസ്രായേൽ സർക്കാർ ഇപ്പോൾ പറയുന്നു. ഞാൻ വാക്കുകളിൽ കൂടുതൽ സൂക്ഷ്മത പുലർത്തണമായിരുന്നു. എന്നോട് ക്ഷമിക്കണം’’ –സാറ ട്വീറ്റ് ചെയ്തു. ഇതോടെ സാറയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വലിയ പ്രതിഷേധം ഉണ്ടായി. പാശ്ചാത്യ മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളുടെ യഥാർഥ മുഖം അനാവരണം ചെയ്യപ്പെട്ടുവെന്ന് പലരും ചൂണ്ടിക്കാട്ടി.
പക്ഷേ, കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. ബ്രിട്ടനിലെ പ്രധാന ടാബ്ലോയ്ഡുകളിലെല്ലാം ഇത് വലിയ വാർത്തയായി. പൊടിപ്പും തൊങ്ങലും കേട്ടുകേൾവികളും അനുമാനങ്ങളും വെച്ച് ടാബ്ലോയ്ഡുകൾ ആടിത്തിമിർത്തു. രണ്ടര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ബ്രിട്ടീഷ് പത്രമായ ദി ടൈംസ് ‘Israel Shows mutilated babies’ എന്ന് വെണ്ടക്ക നിരത്തി. തലക്കെട്ടിന് പറ്റിയ ചിത്രം കിട്ടാത്തതിനാലാകം രക്തവും കരിയും ചാരവും പുരണ്ട് കരഞ്ഞുകൊണ്ടിരിക്കുന്ന മൂന്ന് പിഞ്ചു പെൺകുട്ടികളുടെ ചിത്രവും ഒപ്പം നൽകി. അതുപക്ഷേ, ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽനിന്ന് രക്ഷപ്പെട്ട കുട്ടികളായിരുന്നു. കുനുകുനാ അക്ഷരത്തിലുള്ള അടിക്കുറിപ്പ് വായിച്ചാൽ മാത്രം അത് ബോധ്യമാകും. തലക്കെട്ട് മാത്രം വായിച്ചു േപാകുന്നവരുടെയും സമൂഹമാധ്യമങ്ങളിൽ കവർ പ്രചരിപ്പിക്കുന്നവരുടെയും മനോനില നന്നായി അറിയുന്നവരാണ് ടാബ്ലോയ്ഡ് ഇറക്കുന്നവർ.
സമാനമായി പോപ് ഗായകൻ ജസ്റ്റിൻ ബീബറിന് പറ്റിയത് പക്ഷേ, നോട്ടപ്പിഴവാണ്. ‘Pray For Israel’ എന്ന അടിക്കുറിപ്പോടെ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സ്റ്റോറിക്കൊപ്പം കൊടുത്തത് ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സയുടെ ചിത്രമാണ്. ഉടനടി പോസ്റ്റ് ഡിലീറ്റ് ചെയ്തു.
മാധ്യമങ്ങളേക്കാളും വലിയ ദ്രോഹമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കാണിച്ചത്. ഒക്ടോബർ 11ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസ് മീറ്റിൽ തലയറുത്ത കുട്ടികളുടെ ചിത്രങ്ങൾ കണ്ടുവെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതുവരെ മടിച്ചുനിന്ന മാധ്യമങ്ങൾകൂടി പ്രസിഡന്റിന്റെ പച്ചക്കൊടി കിട്ടിയതോടെ ആവേശപൂർവം രംഗത്തെത്തി. പക്ഷേ, രണ്ടു മണിക്കൂറിനുള്ളിൽ വൈറ്റ്ഹൗസ് പിന്മാറി. അത്തരമൊരു ചിത്രവും പ്രസിഡന്റ് കണ്ടിട്ടില്ലെന്നായിരുന്നു തിരുത്ത്.
പക്ഷേ, ഇൗയൊരു കൊടിയ പ്രചാരണത്തിന്റെ സാധ്യതകൾ നന്നായി അറിയാവുന്നവരാണ് ഇസ്രായേൽ സൈന്യം. ഗസ്സയിൽ നടത്തുന്ന നരനായാട്ടിനെ ബാലൻസ് ചെയ്യാൻ ഇതിലും നല്ലൊരു ‘ആയുധം’ വേറെ കിട്ടാനില്ല. അതുകൊണ്ട് തന്നെ ഒളിഞ്ഞും തെളിഞ്ഞും ഇൗ വാർത്തകൾ ഒൗദ്യോഗിക സംവിധാനങ്ങൾ വഴി വന്നുകൊണ്ടേയിരിക്കുന്നു. എല്ലാദിവസവും വാർ ന്യൂസ് ബ്രീഫിങ്ങിനായി എഫ്.ബി, ഇൻസ്റ്റ ൈലവിൽ വരുന്ന െഎ.ഡി.എഫ് വക്താവ് ജോനാതൻ കോൺറികസ് 12ാം തീയതി പ്രഭാതത്തിലെ പതിവ് ബ്രീഫിങ്ങിനിടെ ഇൗ വാർത്ത ആധികാരികം തന്നെയെന്നമട്ടിൽ വീണ്ടും അവതരിപ്പിച്ചു. അതും വൈറ്റ്ഹൗസ് നിഷേധിച്ചു മണിക്കൂറുകൾക്കകം.
വ്യാജവാർത്ത കാമ്പയിനിന്റെ ഭാഗമാകുക മാത്രമല്ല, അതിന്റെ ഇരയുമായി കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ്. ഒക്ടോബർ എട്ടാം തീയതി വ്യാപകമായി പ്രചരിക്കപ്പെട്ട വൈറ്റ് ഹൗസ് പ്രസ് റിലീസിൽ ഇസ്രായേലിന് അടിയന്തര ധനസഹായമായി എട്ടു ശതകോടി ഡോളർ അമേരിക്ക അനുവദിച്ചുവെന്ന വാർത്തയുണ്ടായിരുന്നു. യഥാർഥത്തിൽ ജൂൈലയിൽ ജോ ബൈഡൻ യുക്രെയ്ന് 400 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച റിലീസിെന വ്യാജമായി പുനഃസൃഷ്ടിച്ചാണ് ഇത്തരമൊരു വാർത്തയുണ്ടാക്കിയത്. ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടുകളിൽ വരെ വൈറ്റ്ഹൗസിന്റെ പേരിലുണ്ടാക്കിയ ഇൗ വ്യാജരേഖ പോസ്റ്റ് ചെയ്യപ്പെട്ടു.
‘Biden administration aid to Israel’ എന്ന് ഗൂഗ്ളിൽ സെർച് ചെയ്താൽ ആദ്യം വരുന്ന റിസൽട്ടുകളിലൊന്ന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന First Postന്റെ ഇതുസംബന്ധിച്ച വാർത്തയാണെന്ന് എൻ.ബി.സി ന്യൂസിന്റെ ഫാക്ട് ചെക്കിങ് ആർട്ടിക്കിളിൽ സൂചിപ്പിച്ചു. സോഴ്സ് ഒന്നും സൂചിപ്പിക്കാതെ തന്നെ എട്ടു ശതകോടി ഡോളർ ബൈഡൻ ഇസ്രായേലിന് അനുവദിച്ചതായി ‘FP Staff’ അവകാശപ്പെടുന്നു. OneIndia എന്ന മറ്റൊരു വെബ്സൈറ്റും സമാനമായ വാർത്ത നൽകി. എൻ.ബി.സി പ്രതികരണം ആരാഞ്ഞെങ്കിലും രണ്ടു സ്ഥാപനങ്ങളും മിണ്ടിയില്ല. തങ്ങളുടെ പേരിൽ വ്യാജവിവരം പ്രചരിക്കുന്നത് അറിഞ്ഞിട്ടും വൈറ്റ് ഹൗസ് ആദ്യമൊന്നും പ്രതികരിച്ചില്ല. എൻ.ബി.സി ഇതുസംബന്ധിച്ച് വാർത്ത നൽകിയശേഷമാണ് രേഖ തെറ്റാണെന്ന് പറയാൻ വൈറ്റ്ഹൗസ് സന്നദ്ധമായത്.
ഫലസ്തീനികൾ മുറിവുകളും ക്ഷതങ്ങളും കൃത്രിമമായി സൃഷ്ടിച്ച് ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നമട്ടിലുള്ള ഒരു വിഡിയോ തന്റെ ശ്രദ്ധയിൽപെട്ടതായി ബി.ബി.സിയുടെ ഡിസിൻഫർമേഷൻ ആൻഡ് സോഷ്യൽ മീഡിയ കറസ്പോണ്ടന്റ് മരിയാന സ്പ്രിങ് എഴുതുന്നു. ഇസ്രായേലി സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി പ്രചരിപ്പിച്ച ഇൗ വിഡിയോ യഥാർഥത്തിൽ 2017ൽ ഒരു ഫലസ്തീൻ സിനിമക്കുവേണ്ടിയുള്ള മേക്ക് അപ്പ് ഇടുന്നതായിരുന്നുവെന്നും മരിയാന ചൂണ്ടിക്കാട്ടി.
ഇസ്രായേലിനെയും ഹമാസിനെയും ഹിസ്ബുല്ലയെയും ഒക്കെ ഉന്നമിട്ടുള്ള ‘വിഡിയോ ഗെയിം’ ക്ലിപ്പിങ്ങുകളാണ് മറ്റൊരു തരം പ്രചാരണം. ഇതു കൂടുതലും അക്കൗണ്ടുകളുടെ പ്രചാരം ആഗ്രഹിക്കുന്ന നിർദോഷികളുടെ സംഭാവനയാണ്. അവർക്ക് എങ്ങനെയും ലൈക്കും കമന്റും കിട്ടണം. Arma 3 എന്ന വിഡിയോ ഗെയിമിൽനിന്നുള്ള വിഷ്വലുകളാണ് ഇങ്ങനെ The war of Israel എന്ന അടിക്കുറിപ്പോടെ വ്യാപകമായി പടർന്നത്. അതിൽ ചിലതൊക്കെ ഒറിജിനലാണെന്ന മട്ടിൽ ലക്ഷത്തിലേറെ തവണ കാണപ്പെട്ടു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശ സമയത്ത് പ്രചരിപ്പിക്കപ്പെട്ട ചില വിഡിയോ ഗെയിമുകളും അടിക്കുറിപ്പ് മാത്രം മാറ്റി പശ്ചിമേഷ്യയിൽ അവതരിപ്പിക്കപ്പെട്ടു.
പാരാഗ്ലൈഡറിൽ ഇസ്രായേലിലേക്ക് പറന്ന ഹമാസ് പ്രവർത്തകൻ വൈദ്യുതിലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ചതിന്റെ ദൃശ്യം എന്ന മട്ടിൽ പരിഹാസവും വിദ്വേഷവും നിറഞ്ഞ വിശേഷണങ്ങളോടെ ടിക്ടോക്കിലും മറ്റും ഒരു വിഡിയോയും ഇടക്കിറങ്ങി. ഇതിന്റെ പ്രധാന പ്രചാരകരിൽ ഒരാൾ ഇന്ത്യയിൽനിന്നുള്ള ഒരു ട്വിറ്റർ വെരിഫൈഡ് അക്കൗണ്ടായിരുന്നു. ഇസ്ലാമോഫോബിക് സ്വഭാവമുള്ള നിരവധി പോസ്റ്റുകൾ കാണപ്പെടുന്ന ഇൗ അക്കൗണ്ടിലെ വിഡിയോക്കും നിരവധി ആരാധകരുണ്ടായി. പക്ഷേ, ദക്ഷിണ കൊറിയയിൽ പാരാഗ്ലൈഡിനിടെ കഴിഞ്ഞ ജൂണിൽ നടന്ന അപകടമായിരുന്നു അതെന്ന് പിന്നീട് വ്യക്തമായി. പക്ഷേ, പ്രചരിപ്പിച്ച അക്കൗണ്ടുകളിൽ ഇപ്പോഴും ഇൗ വിഡിയോ ഉണ്ട്.
അമേരിക്കൻ കോളമിസ്റ്റും തീവ്ര വലതുപക്ഷ ചിന്തകനുമൊക്കെയായ ബെൻ ഷാപ്പിറോക്കും ഒരു അബദ്ധം പിണഞ്ഞു. Primetime Propaganda: The True Hollywood Story of How the Left Took Over Your TV എന്ന ഒരു പുസ്തകം വരെ എഴുതിയ ഷാപിറോ ഇൗ കാലത്തെ ഏറ്റവും ഹീനമായ ഒരു പ്രോപഗണ്ടക്കാണ് എണ്ണ പകർന്നത്. ‘‘ഹമാസ് പ്രവർത്തകർ തീകൊളുത്തി കൊന്ന ഒരു യഹൂദ കുഞ്ഞ്’’ എന്ന് പറഞ്ഞ് ഒരു കത്തിക്കരിഞ്ഞ രൂപത്തിന്റെ ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തു. ‘കുഞ്ഞുങ്ങളുടെ കഴുത്തറുത്ത’ വാർത്തയുടെ അത്രയും കത്തിയില്ലെങ്കിലും വ്യാപകമായ ശ്രദ്ധ ഇൗ ചിത്രം പിടിച്ചുപറ്റി. പക്ഷേ, മണിക്കൂറുകൾകൊണ്ട് ഇത് എ.െഎ ജനേററ്റഡ് ചിത്രമാണെന്ന കണ്ടെത്തലുണ്ടായി.
വിവിധ മുഖ്യധാരാ മാധ്യമങ്ങളിൽ ബെൻ ഷാപിറോയുടെ പ്രചാരണം പൊളിഞ്ഞതു സംബന്ധിച്ച വാർത്തവന്നു. എന്തിനേറെ പറയുന്നു, ഇന്ത്യയിലെ ടൈംസ് നൗ വരെ ഇൗ വാർത്ത റിപ്പോർട്ട് ചെയ്തു. ‘Fact Check: Ben Shapiro Shares AI-Generated image of ‘Burnt Baby’ Amid Israel-Hamas War എന്നായിരുന്നു യഷ് ബജാജിന്റെ സ്റ്റോറിയുടെ തലക്കെട്ട്. പക്ഷേ, പിൻവാങ്ങാൻ ബെൻ ഷാപിറോ തയാറല്ല. എതിരാളികൾ പറയുന്നത് അംഗീകരിക്കുന്നില്ലെന്നും തന്റേത് യഥാർഥ ചിത്രമാണെന്നും അദ്ദേഹം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
ഇസ്രായേൽ മാധ്യമങ്ങളോ പൗരൻമാരോ സൈന്യമോപോലും കാണാത്ത ചിത്രം അമേരിക്കയിലിരിക്കുന്ന ബെൻ ഷാപിറോക്ക് എങ്ങനെ കിട്ടിയെന്നൊന്നും ചോദിക്കരുത്. വിദ്വേഷപ്രചാരണം തന്നെ ഉന്നമാകുേമ്പാൾ വസ്തുതകൾക്ക് എവിടെ സ്ഥാനം. ഇപ്പോഴും ബെൻ ഷാപിറോയുടെ ട്വിറ്റർ അക്കൗണ്ടിൽ ഇൗ ചിത്രം ഉണ്ട്. അത് ഡിലീറ്റ് ചെയ്യാൻ അദ്ദേഹമോ ഒഴിവാക്കാൻ ട്വിറ്ററോ തയാറായിട്ടില്ല.
ഏതുതരത്തിലുള്ള ഫാക്ട് ചെക്കിങ്ങിൽ പിടിക്കപ്പെട്ടാലും ഇതിന്റെ പ്രചാരകർ ഇപ്പോൾ ഒന്നും ഡിലീറ്റ് ചെയ്യാറില്ല. സത്യം അറിയിക്കുക അല്ല, വിദ്വേഷം പടർത്തുക മാത്രമാണ് ഇത്തരം സന്ദേശങ്ങളുടെ ലക്ഷ്യം എന്നും വ്യക്തമാണ്. വിദ്വേഷകരമോ അസത്യമോ ആയ പോസ്റ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനും ഇപ്പോൾ വലിയ താൽപര്യമില്ല. ഇലോൺ മസ്ക് വന്നതിനുശേഷം പ്രത്യേകിച്ചും. ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനുമെല്ലാം അതുതന്നെയാണ് ഇപ്പോൾ നയം. അതേസമയം അറബ്, ഫലസ്തീനി വാദങ്ങൾ ഉയർത്തുന്ന അക്കൗണ്ടുകൾ നിയന്ത്രിക്കപ്പെടുന്നുമുണ്ട്. ഫലസ്തീൻ വിഷയം ഉന്നയിക്കുന്ന പോസ്റ്റുകളുടെ റീച്ച് കുറക്കപ്പെടുന്നതായി അത്തരം കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ കൈകാര്യംചെയ്യുന്നവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.