ട്രോ​ട്സ്കി, സ്റ്റാ​ലി​ൻ

ക​ത്തി​ത്തീ​രാ​ത്ത ഇ​ന്ന​ലെ​ക​ൾ

നക്​​സലൈറ്റ്​ ചരിത്രത്തിലൂടെയാണ്​ ‘കാലാന്തരം’ ഇൗ ലക്കം സഞ്ചരിക്കുന്നത്​. ആ ​ച​രി​ത്ര​ത്തെക്കുറിച്ച്​ വന്ന ഒാർമക്കുറിപ്പുകളിൽ സൂ​ക്ഷ്മ​ത​ക​ൾ പ​ല​തും എ​ഴു​ത​പ്പെ​ടാ​ത്ത അ​ധ്യാ​യ​ങ്ങ​ളാ​യി മ​റ​വി​ൽ നി​ൽ​ക്കു​ക​യാ​ണെന്ന്​ ലേഖകൻ. 

‘ഭ​ര​ണ​കൂ​ട​ങ്ങ​ളും മ​ത​ങ്ങ​ളും എ​ന്ന​പോ​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ആ​ത്മാ​വി​ൽ ക​ള​ങ്ക​മി​ല്ലാ​ത്ത നി​ര​വ​ധി മ​നു​ഷ്യ​രു​ടെ ര​ക്തംകൊ​ണ്ടാ​ണ് ച​രി​ത്ര​ത്തി​ൽ അ​വ​രു​ടെ സൗ​ധ​ങ്ങ​ൾ പ​ടു​ത്തു​യ​ർ​ത്തി​യി​ട്ടു​ള്ള​ത്. സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാത്ക​രി​ക്കാ​ൻ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന ര​ക്ത​പു​ഷ്പ​ങ്ങ​ളും ബ​ലി​മൃ​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ഴി​മാ​ട​ങ്ങ​ളി​ൽനി​ന്ന് അ​ന​ന്ത​ര ത​ല​മു​റ​ക്കു നേ​രെ തു​റി​ച്ച ക​ണ്ണു​ക​ളോ​ടെ മി​ന്ന​ൽ​പ്പി​ണ​രു​ക​ൾ പാ​യി​ക്കും. പ​രി​ത​പി​ക്കാ​ത്ത എ​ല്ലാ കു​റ്റ​വാ​ളി​ക​ളു​ടെ​യും മേ​ൽ അ​ത് അ​ഗ്നി​പാ​തംപോ​ലെ വ​ന്നുപ​തി​ക്കും.’’ -ക​വി​യൂ​ർ ബാ​ല​ൻ, ‘ന​ക്ഷ​ത്ര​ങ്ങ​ൾ ചു​വ​ന്ന​ കാ​ലം’

● ഗ്രീ​ൻ ബു​ക്സ്, 2014.

കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​ത് ന​ക്സ​ലൈ​റ്റു​ക​ളാ​ണോ? ആ​ണ് എ​ന്ന ഒ​രു പ്ര​തീ​തി പൊ​തു​വി​ൽ ന​ക്സ​ലൈറ്റു​ക​ൾ​ക്കുമേ​ൽ ഉ​ണ്ട്. ഉ​ന്മൂ​ല​നം ഒ​രു രാ​ഷ്ട്രീ​യ സ​മ​ര​രൂ​പ​മാ​യി കൊ​ണ്ടുന​ട​ന്ന പ്ര​സ്ഥാ​ന​മാ​യ​തുകൊ​ണ്ടുത​ന്നെ ന​ക്സ​ലൈറ്റു​ക​ൾ എ​ന്നാ​ൽ കൊ​ല​പാ​ത​കി​ക​ൾ എ​ന്നൊ​രു പ്ര​തി​ച്ഛാ​യ കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളും ന​ക്സ​ലൈറ്റ് വി​രു​ദ്ധ​രാ​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും എ​ല്ലാം ചേ​ർ​ന്ന് മ​ല​യാ​ളി ഓ​ർ​മ​യി​ൽ പ​ണി​തി​ട്ടു​മു​ണ്ട്. 1968-1972 കാ​ല​ത്ത് ന​ട​ന്ന പ​ഴ​യ പു​ൽപ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണ​ത്തി​ലെ ചു​മ​രി​ൽ പ​തി​ഞ്ഞ ‘അ​ജി​ത​യു​ടെ കൈ​പ്പ​ത്തി’യും ​കോ​ങ്ങാ​ട് ഉ​ന്മൂ​ല​ന സ​മ​ര​ത്തി​ൽ ജ​ന്മി​യു​ടെ ത​ല​ വെ​ട്ടി​യെ​ടു​ത്ത് പു​റ​ത്ത് ക​ൽപ്പ​ട​വി​ൽ കൊ​ണ്ടുവ​ന്ന് വെ​ച്ച സം​ഭ​വ​വും ന​ക്സ​ലൈറ്റു​ക​ളെ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ഭീ​ക​ര​ന്മാ​രാ​ക്കി മാ​റ്റി.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ അ​ത​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ട്ട​യാ​ട​പ്പെ​ട്ട രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​മാ​ക്കി മാ​റ്റി. എ​ന്നാ​ൽ, ച​രി​ത്ര​ത്തി​ൽ ത​ന്നെ ഏ​റ്റ​വും കു​റ​ച്ച് കൊ​ല​പാ​തക​ങ്ങ​ൾ ന​ട​ത്തി​യ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ന​ക്സ​ലൈറ്റു​ക​ളു​ടേ​ത് ത​ന്നെ​യാ​കും എ​ന്ന് സ്വ​ത​ന്ത്ര കേ​ര​ള​ത്തി​ൽ ന​ട​ന്ന രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ എ​ണ്ണ​പ്പ​ട്ടി​ക തെ​ളി​വ് ന​ൽ​കും. ഒ​രു താ​ര​ത​മ്യപ​ഠ​നം പ്ര​സ​ക്ത​മാ​ണ്.

ക​ക്ഷിരാ​ഷ്ട്രീ​യം അ​സ്ഥി​ക്കു പി​ടി​ച്ചുപോ​യ കേ​ര​ള​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ സ്വ​ന്തം ജ​ന​ത​യോ​ട് ചെ​യ്ത​തെ​ന്തെ​ന്ന വി​മ​ർ​ശ​നം അ​ലി​ഞ്ഞു​പോ​കു​ന്ന​തി​ന് പ​ല കാ​ര​ണ​ങ്ങ​ളു​മു​ണ്ട്. ന​യ​ങ്ങ​ളും പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളും ത​മ്മി​ലു​ള്ള അ​തി​ർ​വ​ര​മ്പു​ക​ൾ മാ​യ്ച്ചു​ക​ള​യു​ന്ന രാ​ഷ്ട്രീ​യം രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കങ്ങ​ളെ ഓ​ർ​മയു​ടെ ആ​യു​സ്സ് കു​റ​ഞ്ഞുവ​രു​ന്ന​ത​നു​സ​രി​ച്ച് മ​റ​വി​ക്ക് വ​ള​മാ​ക്കു​ന്നു.

ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളി​ലെ പ്ര​ത്യ​യ​ശാ​സ്ത്ര സ​മ​ര​ങ്ങ​ൾ​ക്ക് അ​തി​ന്റെ പി​റ​വി​യോ​ളംത​ന്നെ പ​ഴ​ക്ക​മു​ണ്ട്. വി​ജ​യി​ക്കു​ന്ന​ത് തൊ​ഴി​ലാ​ളി വ​ർ​ഗ പാ​ത​യും പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് മു​ത​ലാ​ളി​ത്ത പാ​ത​യും ആ​യി തീ​രു​മാ​ന​മാ​കു​ന്ന​തോ​ടെ ചാ​പ്പകു​ത്ത​ൽ പി​ന്നെ എ​ളു​പ്പ​മാ​ണ്. തോ​റ്റ​വ​ർ​ക്ക് നി​ല​നിൽപി​ല്ലാ​താ​കു​ന്ന​ത് ച​രി​ത്ര​ത്തി​ലു​ട​നീ​ളം കാ​ണാം. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ​യും ബാ​ഷ്പീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യു​മെ​ല്ലാം ജീ​വി​തം വി​സ്മൃ​തി​യി​ൽ ത​ള്ള​പ്പെ​ടും.

 

മാ​ർ​ത്താ മെ​സാ​റോ​സ്, റെ​മോ​ൺ മെ​ർ​ക്കാ​ഡ​ർ

റ​ഷ്യ​ൻ, ചൈ​നീ​സ്, കം​ബോ​ഡി​യ​ൻ വി​പ്ല​വ​ങ്ങ​ൾ​ക്കെ​ല്ലാം പ്ര​ത്യ​യ​ശാ​സ്ത്ര സ​മ​ര​ത്തി​ൽ തോ​റ്റ​വ​രു​ടെ കൂ​ട്ട​ക്കൊ​ല​ക​ളു​ടെ ച​രി​ത്രം പ​റ​യാ​നു​ണ്ട്. കം​ബോ​ഡി​യ​യി​ൽ എ​ന്നപോ​ലെ കു​ഴി​മാ​ട​ങ്ങ​ൾ എ​ല്ലാ​യി​ട​ത്തും സ്മാ​ര​ക​ങ്ങ​ളാ​യി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല. സ്റ്റാ​ലി​ന്റെ കാ​ല​ത്ത് കൊ​ന്നു കു​ഴി​ച്ചു​മൂ​ട​പ്പെ​ട്ട സ്വ​ന്തം പി​താ​വി​ന്റെ കു​ഴി​മാ​ടം തേ​ടി വി​ഖ്യാ​ത ച​ല​ച്ചി​ത്ര സം​വി​ധാ​യി​ക മാ​ർ​ത്താ മെ​സാ​റോ​സി​ന്റെ ‘ഡ​യ​റി ഫോ​ർ മൈ ​മ​ദ​ർ ആൻഡ് ഫാ​ദ​ർ’ (1990) ആ ​യാ​ത്ര​ക​ളി​ലെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​ര​ു അധ്യാ​യ​മാ​ണ്.

റ​ഷ്യ​ൻ വി​പ്ല​വ​ത്തി​ന്റെ നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നാ​യ ലി​യോ​ൺ ട്രോ​ട്സ്കി​യെ എ​ടു​ക്കാം. ട്രോ​ട്സ്കി നാ​ടു​ക​ട​ത്ത​പ്പെ​ട്ട​തോ​ടെ റ​ഷ്യ​യി​ൽ ട്രോ​ട്സ്കി​യി​സ്റ്റു​ക​ളു​ടെ ഉ​ന്മൂ​ല​നം പാ​ർ​ട്ടി ന​യംത​ന്നെ​യാ​യി​രു​ന്നു. ട്രോ​ട്സ്കി​യു​ടെ വ​ധം 1940 ഒ​ക്ടോ​ബ​ർ 21 വ​രെ നീ​ണ്ടു. എ​ന്നാ​ൽ, കൊ​ല​പാ​ത​ക​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഔ​ദ്യോ​ഗി​ക​മാ​യി സോ​വി​യ​റ്റ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യോ കൊ​ല​പാ​ത​കം ന​ട​ന്ന മെ​ക്സി​കോ​യി​ലെ ക​മ്യൂണി​സ്റ്റ് പാ​ർ​ട്ടി​യോ അ​ക്കാ​ല​ത്തെ കമ്യൂ​ണി​സ്റ്റ് പ​ര​മാ​ധി​കാ​രി​യാ​യി​രു​ന്ന ജോ​സ​ഫ് സ്റ്റാ​ലി​നോ ഏ​റ്റെ​ടു​ത്ത​താ​യി കേ​ട്ടി​ട്ടി​ല്ല.

എ​ന്നാ​ൽ, മ​ഴുകൊ​ണ്ട് ത​ല​ക്ക​ടി​ച്ച് ട്രോ​ട്സ്കി​യെ കൊ​ന്ന സ്പാ​നി​ഷ് കമ്യൂ​ണി​സ്റ്റുകാ ​ര​നാ​യ റെ​മോ​ൺ മെ​ർ​ക്കാ​ർ​ഡ​ർ 19 വ​ർ​ഷ​വും എ​ട്ടുമാ​സ​വും നീ​ണ്ട ത​ട​വുശി​ക്ഷ​ക്കുശേ​ഷം 1960 മേ​യി​ൽ ജ​യി​ൽമോ​ചി​ത​നാ​യ​പ്പോ​ൾ സോ​വി​യ​റ്റ് യൂനി​യ​നി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​ക​ളാ​യ ‘ഹീ​റോ ഓ​ഫ് ദ ​സോ​വി​യ​റ്റ് യൂ​നിയ’നും ‘​ഓ​ർ​ഡ​ർ ഓ​ഫ് ലെ​നി​ൻ മെ​ഡ​ലും’ ന​ൽ​കി ആ​ദ​രി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. സ്പാ​നി​ഷ് ആ​ഭ്യ​ന്ത​ര യു​ദ്ധ​കാ​ല​ത്തെ കമ്യൂ​ണി​സ്റ്റ് പോ​രാ​ളി​ക​ളി​ൽ ഒ​രാ​ളാ​യ മെ​ർ​ക്കാ​ഡ​ർ സോ​വി​യ​റ്റ് ര​ഹ​സ്യ ഏ​ജ​ന്റാ​യി റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ടു​ക​യും ട്രോ​ട്സ്കിവ​ധ​ത്തി​ന് നി​യോ​ഗി​ക്ക​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ജാ​ക്വ​സ് മൊ​ർ​ണാ​ർ​ഡ് എ​ന്ന വ്യാ​ജ ഐ​ഡ​ന്റി​റ്റി​യി​ലാ​ണ് മെ​ർ​ക്കാ​ഡ​ർ ടോ​ട്സ്കി​യു​ടെ വീ​ട്ടി​ലേ​ക്ക് നൂ​ണ്ടുക​ട​ന്ന് കൃ​ത്യംനി​ർവ​ഹി​ച്ച​ത്. ജ​യി​ൽമോ​ചി​ത​നാ​യ മെ​ർ​ക്കാ​ർ​ഡ​ർ​ക്ക് ക്യൂ​ബ​യി​ലെ ഫി​ദ​ൽ കാ​സ്ട്രോയാ​ണ് ആ​ദ്യം രാ​ഷ്ട്രീ​യ അ​ഭ​യം കൊ​ടു​ക്കു​ന്ന​ത്. പി​ന്നീ​ടാ​ണ് 1961ൽ ​അ​ദ്ദേ​ഹം സോ​വി​യ​റ്റ് യൂ​നി​യ​നിലേ​ക്ക് ചേ​ക്കേ​റി​ ക​മ്യൂണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ഉ​ന്ന​ത ബ​ഹു​മ​തി​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​ത്. പി​ന്നീ​ട് ക്യൂ​ബ, സോ​വി​യ​റ്റ് യൂ​നി​യ​ൻ, ചെ​ക്കോ​സ്ലോവാ​ക്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദേ​ശ​കാ​ര്യ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു. 1978ൽ ​ക്യൂ​ബ​യി​ൽ വെ​ച്ചാ​യി​രു​ന്നു മ​ര​ണം. മൃ​ത​ദേ​ഹം അ​ട​ക്കംചെ​യ്ത​ത് റ​ഷ്യ​യി​ലും. ‘‘ഞാ​ൻ എ​ല്ലാ​യ്പോ​ഴും അ​ത് കേ​ൾ​ക്കു​ന്നു. ഞാ​ൻ ആ ​നി​ല​വി​ളി കേ​ൾ​ക്കു​ന്നു. എ​നി​ക്ക​റി​യാം അ​ദ്ദേ​ഹ​മെ​ന്നെ മ​റു​പു​റ​ത്ത് കാ​ത്തി​രി​ക്കു​ക​യാ​ണ്’’ –എ​ന്ന​താ​ണ് മെ​ർ​ക്കാ​ഡ​റു​ടെ അ​വ​സാ​ന വാ​ക്കു​ക​ളാ​യി ക​രു​ത​പ്പെ​ടു​ന്ന​ത്.

ട്രോ​ട്സ്കി കു​റ്റ​വാ​ളി​യും വ​ഞ്ച​ക​നു​മാ​യി​രു​ന്നോ? ലെ​നി​ന്റെ കാ​ല​ത്ത് റ​ഷ്യ​ൻ കമ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന മി​ക്ക​വാ​റും പേ​ർ സ്റ്റാ​ലി​ന്റെ കാ​ല​ത്ത് തു​ട​ച്ചുനീ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ൻ സോ​വി​യ​റ്റ് രാ​ഷ്ട്ര​ങ്ങ​ൾ ആ ​ക​ഥ​ക​ൾ ഇ​പ്പോ​ഴും പ​റ​ഞ്ഞുകൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്. എ​ൺ​പ​തു​ക​ളി​ലും തൊ​ണ്ണൂ​റു​ക​ളി​ലും ഫി​ലിം സൊ​സൈ​റ്റി ശൃം​ഖ​ല​ക​ളി​ൽ ക​ണ്ട സോ​വി​യ​റ്റ് കാ​ല സി​നി​മ​ക​ൾ ഏ​റി​യകൂ​റും പ​റ​ഞ്ഞ​ത് ഒ​ന്നും ര​ണ്ടും ലോ​ക​യു​ദ്ധ​ത്തി​ന്റെ പ​റ​ഞ്ഞുതീ​രാ​ത്ത വി​ശേ​ഷ​ങ്ങ​ളാ​യി​രു​ന്നു എ​ങ്കി​ൽ 1991ൽ ​സോ​വി​യ​റ്റ് പ​ത​ന​ത്തി​നുശേ​ഷം മു​ൻ സോ​വി​യ​റ്റ് ഈ​സ്റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നും പു​റ​ത്തു വ​ന്നുകൊ​ണ്ടി​രി​ക്കു​ന്ന സി​നി​മ​ക​ൾ അ​ധി​ക​വും പ​റ​യു​ന്ന​ത് നി​ശ്ശ​ബ്ദ​മാ​യ കു​ഴി​മാ​ട​ങ്ങ​ളു​ടെ ക​ഥ​ക​ളാ​ണ്. അ​ത് തു​ട​രു​ന്നു. റ​ഷ്യ​യി​ൽനി​ന്നു മാ​ത്ര​മ​ല്ല ചൈ​ന​യി​ൽനി​ന്നും കം​ബോ​ഡി​യ​യി​ൽനി​ന്നും ഉ​ത്ത​ര കൊ​റി​യ​യി​ൽനി​ന്നു​മൊ​ക്കെ അ​ധി​കാ​ര നി​ർ​മി​ത കൂ​ട്ട​ക്കൊ​ല​ക​ളു​ടെ ക​ഥ​ക​ൾ പു​റ​ത്തു​വ​രാ​റു​ണ്ട്.

ബം​ഗാ​ളി​ലെ​ന്നപോ​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ ത​മ്മി​ലും ന​ക്സ​ലൈറ്റു​ക​ൾ ത​മ്മി​ലു​മു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ൾ മാ​ര​ക​മാ​യി വ​ള​ർ​ന്നി​ട്ടി​ല്ലെ​ങ്കി​ലും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ കേ​ര​ള​ത്തി​ലെ കമ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്കും പ​റ​യാ​നു​ണ്ട് പ​ര​സ്പ​രം കൊ​ന്ന​തി​ന്റെ ക​ഥ​ക​ൾ. അ​ത് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്റെ വ​ധ​ത്തി​ൽ എ​ത്തിനി​ൽ​ക്കു​ന്നു. എ​ന്നാ​ൽ, ഒ​രി​ക്ക​ലും അ​ധി​കാ​ര​ത്തി​ലെ​ത്താ​ത്ത സി.​പി.​ഐ.എം.​എ​ല്ലി​നു​മു​ണ്ടെ​ങ്കി​ലോ അ​ങ്ങ​നെ​യൊ​രു ഇ​രു​ണ്ട അ​ധ്യാ​യം? അ​താ​ണ് എ​ൺ​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ന്ന ന​ക്സ​ലൈറ്റു​ക​ളു​ടെ സി.​ആ​ർ.​സി (ക​മ്യൂ​ണി​സ്റ്റ് റെവലൂ​ഷ​ന​റി റി​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ) യു​ടെ അ​ഖി​ലേ​ന്ത്യാ പ്ലീ​ന​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​ന് ശി​ക്ഷ​യാ​യി മ​ര​ണം വ​രി​ക്കേ​ണ്ടിവ​ന്ന മ​തി​യ​ഴ​ക​ൻ എ​ന്ന അ​ധ്യാ​യം. പാ​ർ​ട്ടി​ക്കുമേ​ൽ ക​വി​യൂ​ർ ബാ​ല​ൻ നി​രീ​ക്ഷി​ക്കു​ന്ന​തുപോ​ലെ അ​ത് ‘അ​ഗ്നി​പാ​തംപോ​ലെ’ വ​ന്നു പ​തി​ച്ചു. ആ ​ക​ന​ൽ ഇ​പ്പോ​ഴും കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല.

 

ക​വി​യൂ​ർ ബാ​ല​ൻ

ജ​ന​കീ​യ സാം​സ്കാ​രി​ക വേ​ദി​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ക​വി​യൂ​ർ ബാ​ല​ൻ മ​തി​യ​ഴ​ക​ന്റെ മ​ര​ണം ത​ന്റെ ആ​ത്മ​ക​ഥ​യാ​യ ‘ന​ക്ഷ​ത്ര​ങ്ങ​ൾ ചു​വ​ന്ന കാ​ല’ത്തി​ലൂ​ടെ പാ​ർ​ട്ടി​ക്ക് എ​തി​രാ​യ ഒ​രു കു​റ്റ​പ​ത്ര​മാ​യി ത​ന്നെ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​ർ പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ഊ​രാ​ണി​പു​രം എ​ന്ന ഉ​ൾ​ഗ്രാ​മ​ത്തി​ൽനി​ന്നും ജെ.​എ​ൻ.യുവി​ൽ വി​ദ്യാ​ർ​ഥി​യാ​യി എ​ത്തി​യ മ​തി​യ​ഴ​ക​ൻ സ​മ്മേ​ള​ന പ്ര​തി​നി​ധി​യാ​യി​രു​ന്നു. പൊ​ലീ​സ് പി​ന്തു​ട​രു​ന്നു എ​ന്ന​താ​യി​രു​ന്നു​വ​ത്രെ മ​തി​യ​ഴ​ക​ന്റെ മ​തി​ഭ്ര​മം. അ​ത​ട​ക്കാനാ​യി ന​ൽ​കി​യ മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക​ക​ൾ ക​ഴി​ച്ച് മ​രി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. പാ​ർ​ട്ടി നേ​താ​ക്ക​ൾ കൂ​ടി​ച്ചേ​ർ​ന്ന് സ​മ്മേ​ള​ന​ത്തി​ന് ത​ട​സ്സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ മ​തി​യ​ഴ​ക​ന്റെ മൃ​ത​ദേ​ഹം സു​ര​ക്ഷാ സാ​ന്നി​ധ്യ​ത്തി​ൽ തൊ​ട്ട​ടു​ത്ത ന​ദീതീ​ര​ത്ത് ര​ഹ​സ്യ​മാ​യി സം​സ്ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത് ന​ടപ്പാ​ക്കി​യ​ത്.

ഈ​ച്ച​ര​വാ​ര്യ​രു​ടെ മ​ക​ൻ ആ​ർ.ഇ.​സി. രാ​ജ​ന്റെ മ​ര​ണം ഇ​പ്പോ​ഴും ഒ​രു വേ​ദ​ന​യാ​ണ്. അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ നീ​റു​ന്ന ഓ​ർ​മ​യാ​ണ്. ഇ​പ്പോ​ഴും രാ​ജ​ന്റെ മൃ​ത​ദേ​ഹം എ​ന്തുചെ​യ്തു എ​ന്നത് ലോ​ക​ത്തി​ന് മു​ന്നി​ലി​ല്ല. അ​ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ വി​ജ​യം. പാ​ർ​ട്ടി സ​മ്മേ​ള​ന സ​മ​യ​ത്ത് വ​ന്ന ‘മ​തി​ഭ്ര​മ’ത്തി​ന്റെ പേ​രി​ൽ ജെ.​എ​ൻ.യു ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന മ​തി​യ​ഴ​ക​നെ പാ​ർ​ട്ടി​ക്കാ​ർത​ന്നെ കൊ​ന്ന് കു​ഴി​ച്ചുമൂ​ടി​യ​താ​ണോ എ​ന്ന ആ​രോ​പ​ണം പാ​ർ​ട്ടിവൃ​ത്ത​ങ്ങ​ളി​ൽത​ന്നെ ഉ​യ​ർ​ന്നു പേ​ടി​പ്പി​ക്കു​ന്ന​താ​ണ്.

മ​തി​യ​ഴ​ക​ന്റെ വീ​ട്ടി​ൽ മ​ര​ണവി​വ​രം ആ​രും അ​റി​യി​ക്കു​ന്നി​ല്ല. അ​റി​യി​ച്ചു എ​ന്നു ലോ​ക​ത്തെ അ​റി​യി​ച്ച് കൈ ക​ഴു​കു​ക​യാ​യി​രു​ന്നു പാ​ർ​ട്ടി. വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം ആ ​മ​ര​ണം മാ​ധ്യ​മ വാ​ർ​ത്ത​യാ​യി പു​റ​ത്തെ​ത്തി. ഏ​ഴു ​വർ​ഷം ക​ഴിഞ്ഞെ​ന്ന് ക​വി​യൂ​ർ ബാ​ല​ൻ ‘ന​ക്ഷ​ത്ര​ങ്ങ​ൾ ചു​വ​ന്ന കാ​ല​’ത്തി​ൽ പ​റ​യു​ന്നു. മ​തി​യ​ഴ​ക​നെ പു​റ​ത്തു​വി​ട്ടാ​ൽ സ​മ്മേ​ള​ന ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്തുപോ​കു​മെ​ന്ന് ഭ​യ​ന്ന് പാ​ർ​ട്ടി സു​ര​ക്ഷാവി​ഭാ​ഗംത​ന്നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി എ​ന്ന ആ​രോ​പ​ണം അ​തോ​ടെ നീ​റി​പ്പു​ക​ഞ്ഞു. മ​തി​യ​ഴ​ക​ന്റെ വീ​ട്ടി​ൽചെന്ന് മ​ര​ണവി​വ​രം അറി​യി​ക്കു​ന്ന​ത് മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​നാ​യ താനാണെന്ന്​ രൂ​പേ​ഷ് പോ​ൾ അവകാശപ്പെടുന്നുണ്ട്​ (‘മ​തി​യ​ഴ​ക​ൻ കൊ​ല്ല​പ്പെ​ട്ടു, 19 വ​ർ​ഷ​മാ​യി മ​ര​ണം അ​റി​യാ​തെ വീ​ട്ടു​കാ​ർ’, മ​ല​യാ​ള മ​നോ​ര​മ ഞാ​യ​ർ പ​തി​പ്പ്, 2002 ഏ​പ്രി​ൽ 14). ഇത്​ ‘ന​ക്സ​ൽ ദി​ന​ങ്ങ​ൾ’ എ​ന്ന ച​രി​ത്രഗ്രന്ഥത്തി ​ൽ ആ​ർ.​കെ. ബി​ജു​രാ​ജ് രേ​ഖ​പ്പെ​ടു​ത്തു​ന്നുണ്ട്.

കെ. ​വേ​ണു​വി​ന്റെ ആ​ത്മ​ക​ഥ​യി​ൽ ആ ​മ​ര​ണം പ​റ​ഞ്ഞുപോ​കു​ന്നു​ണ്ട്. ‘‘അ​മേ​രി​ക്ക​ൻ സ​ഖാ​വി​ന്റെ കൈ​യി​ൽനി​ന്ന് കി​ട്ടി​യ കാം​പോ​സ് പോ​ലു​ള്ള ഗു​ളി​ക​ക​ൾ അ​മി​ത​മാ​യി ക​ഴി​ക്കാ​നി​ട​യാ​യ​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ എ​നി​ക്ക് മ​ന​സ്സി​ലാ​യ​ത്. സ​ഖാ​വ് റാ​വു ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന സ​ഖാ​ക്ക​ളെ വി​ളി​ച്ച് ആ​ലോ​ചി​ച്ചശേ​ഷം തീ​രു​മാ​നി​ച്ച​ത് സ​മ്മേ​ള​ന​ത്തി​ന് ത​ട​സ്സ​മു​ണ്ടാ​ക്കാ​തെ സ​ഖാ​വ് മ​തി​യ​ഴ​ക​ന്റെ ശ​വ​സം​സ്കാ​രം ന​ട​ത്താ​നാ​ണ്. സു​ര​ക്ഷി​ത​മാ​യി ന​ദീതീ​ര​ത്ത് ആ ​സ​ഖാ​വ് സം​സ്ക​രി​ക്ക​പ്പെ​ടു​ക​യുംചെ​യ്തു’’ (‘ഒ​ര​ന്വേ​ഷ​ണ​ത്തി​ന്റെ ക​ഥ’, കെ.​ വേ​ണു, പേ​ജ് 582). മ​ര​ണ​കാ​ര​ണം ‘‘സൗ​ക​ര്യ​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് നീ​ണ്ടുനി​ൽ​ക്കു​ന്ന ഇ​ത്ത​രം സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​മ്പോ​ൾ വൈ​ദ്യസ​ഹാ​യ​ത്തി​നും മ​റ്റു​മു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ ചെ​യ്യാ​തി​രു​ന്ന​തുകൊ​ണ്ടാ​ണ് യ​ഥാ​ർഥ​ത്തി​ൽ ഈ ​ദു​ര​ന്തം സം​ഭ​വി​ച്ച​ത്’’ എ​ന്നും വേ​ണു ഉ​പ​സം​ഹ​രി​ക്കു​ന്നു.

രാ​ജ​ന്റെ മ​ര​ണ​ത്തി​ൽ ‘‘കെ. ​ക​രു​ണാ​ക​ര​ൻ പാ​ർ​ട്ടി​ക്കു​ള്ളി​ൽ സ്വ​യം വി​മ​ർ​ശ​നം ന​ട​ത്തി​യാ​ൽ മ​തി​യാ​കു​മാ​യി​രു​ന്നോ? ഇ​ന്ദി​ര​ ഗാ​ന്ധി, ല​ക്ഷ്മ​ണ, എ​ന്തി​ന് അ​ച്യു​ത​മേ​നോ​ൻപോ​ലും അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ടം മൊ​ത്ത​മാ​യി ഒ​രുദി​വ​സം സ്വ​യം വി​മ​ർ​ശ​ന ദി​ന​മാ​യി ആ​ച​രി​ച്ച് ര​ക്ത​ക്ക​റ​ക​ളി​ൽനി​ന്നു ര​ക്ഷ ​നേ​ടി​യെ​ടു​ക്കാ​ൻ ച​രി​ത്രം അ​നു​വ​ദി​ക്കു​മോ?’’ എ​ന്ന ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​മാ​യാ​ണ് ക​വി​യൂ​ർ ബാ​ല​ൻ മ​തി​യ​ഴ​ക​ന്റെ മ​ര​ണ​ത്തെ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ബാ​ല​ന്റെ ‘ന​ക്ഷ​ത്ര​ങ്ങ​ൾ ചു​വ​ന്ന കാ​ലം’, അ​തി​നെ തു​ട​ർ​ന്നുവ​ന്ന ‘ക​ത്തി​ത്തീ​രാ​ത്ത ഇ​ന്ന​ലെ​ക​ൾ’ എ​ന്നീ ര​ണ്ട് പു​സ്ത​ക​ങ്ങ​ളാ​ണ് ജ​ന​കീ​യ സാം​സ്കാ​രി​ക വേ​ദി​യു​ടെ പി​റ​വി​യി​ലേ​ക്ക് എ​ത്തു​ന്ന ച​രി​ത്ര​ത്തി​ന്റെ ഒ​രു കൈ​വ​ഴി കാ​ണാ​നാ​വു​ന്ന​ത്.

വേ​ദി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന മ​റ്റാ​രുംത​ന്നെ ​അ​ത്ര​യും പ​റ​ഞ്ഞി​ട്ടി​ല്ല. അ​ത് സ​മ​ഗ്ര​മ​ല്ല പ​ക്ഷ​പാ​ത​പ​ര​മാ​ണ് എ​ന്നൊ​ക്കെ കു​റ്റ​പ്പെ​ടു​ത്താം. എ​ന്നാ​ൽ, ആ ​കാ​ല​ത്തി​ന്റെ വി​കാ​രാ​വേ​ശ​ങ്ങ​ളു​ടെ അ​ടി​യൊ​ഴു​ക്കു​ക​ൾ അ​തി​ലും വി​ശ​ദ​മാ​യി മ​​റ്റെ​വി​ടെ​യും കാ​ണാ​നാ​വി​ല്ല. കൊ​ല്ല​ക്ക​ണ​ക്കും ഒ​പ്പം ന​ട​ന്ന മ​നു​ഷ്യ​രെ ഓ​ർ​ക്കു​ന്ന​തി​ലും എ​ല്ലാ ച​രി​ത്ര​ങ്ങ​ളി​ലും എ​ന്നപോ​ലെ പൊ​രു​ത്ത​ക്കേ​ടു​കളു​ണ്ട്. അ​ത് ഓ​ർമ​യു​ടെ മാ​ത്ര​മ​ല്ല രാ​ഗ​ദ്വേ​ഷ​ങ്ങ​ളു​ടെ പ്ര​ശ്ന​മാ​ണെ​ന്ന് മ​ന​സ്സി​ലാ​കും വി​ധ​മാ​ണ് കാ​ര്യ​ങ്ങ​ൾ.

‘‘നി​ന്റെ പേ​ര് ഞാ​ന​തി​ൽ വി​ട്ടുപോ​യി​ട്ടു​ണ്ട്. നി​ന്റെ ദീ​ദി​യു​ടെ ‘ഗു​ൽ​മോ​ഹ​ർ’ സി​നി​മ പ​ലവ​ട്ടം പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്’’ -ജ​ന​കീ​യ സാം​സ്കാ​രി​ക വേ​ദി​യു​ടെ ‘ഒ​രു’ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ ‘ന​ക്ഷ​ത്ര​ങ്ങ​ൾ ചു​വ​ന്ന​ കാ​ലം’ കൊ​ടു​ത്ത​യ​ച്ച​പ്പോ​ൾ ക​വി​യൂ​ർ ബാ​ല​ൻ വി​ളി​ച്ചുപ​റ​ഞ്ഞു. 2014ലാ​ണ് പു​സ്ത​കം ഇ​റ​ങ്ങു​ന്ന​ത്. ഞാ​ന​തി​ൽ ഉ​ണ്ടാ​കേ​ണ്ട കാ​ര്യ​മി​ല്ല. ‘ന​ക്ഷ​ത്ര​ങ്ങ​ൾ ചു​വ​ന്ന കാ​ല’ത്ത് ​ഞാ​ൻ അ​തി​ന്റെ ഓ​ര​ങ്ങ​ളി​ലൂ​ടെ ന​ട​ന്നു എ​ന്നേ​യു​ള്ളൂ. അ​ന്ന​ത്തെ വി​പ്ല​വ വി​ദ്യാ​ർഥി സം​ഘ​ട​ന​യു​ടെ കൂ​ട്ടാ​യ്മ​ക്ക് പു​റ​ത്ത് വേ​ദി​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യ സേ​തു എ. ​സോ​മ​നെ​യും എ​ന്നെ​യും ചേ​ർ​ത്ത് ഒ​രു ‘മാ​നാ​ഞ്ചി​റ സി​റ്റി ക​മ്മിറ്റി’ രൂ​പവത്ക​രി​ച്ച് സൈ​ദ്ധാ​ന്തി​ക പ​ഠ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള ചു​മ​ത​ല​ക​ൾ ഏ​ൽപി​ച്ചി​രു​ന്നു.

സി​നി​മ​യും സം​സ്കാ​രപ​ഠ​ന​വു​മാ​യി​രു​ന്നു ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ. ആ ​വ​ഴി​യി​ലൂ​ടെ ന​ട​ന്നാ​ണ് കോ​ഴി​ക്കോ​ട്ടെ ബോ​ധി ബു​ക്സി​ന്റെ ത​ട്ടി​ൻപു​റ​ത്തും സേ​തു​വി​ന്റെ എ​വ​റ​സ്റ്റ് ലോ​ഡ്ജി​ലും ജോ​ൺ എ​ബ്ര​ഹാ​മി​ന്റെ ക​യ്യൂ​ർ സ്വ​പ്​ന​ങ്ങ​ൾ​ക്ക് ചി​റ​ക് മു​ള​പ്പി​ക്കാ​നു​ള്ള കോ​ഴി​ക്കോ​ട​ൻ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്. സ​ഖാ​വ് ഫ​റോ​ക്ക് സോ​മ​ന്റെ ഫ​റോ​ക്കി​ലു​ള്ള ഫ​റോ​ക്ക് ആർ​ട്സി​ന്റെ കൂ​ടി​ച്ചേ​ര​ൽ ന​ട​ക്കു​ന്ന​ത്. അ​തി​ന്റെ പ​രാ​ജ​യ​വും ക​ട​ന്നാ​ണ് സ​ച്ചി​ദാ​ന​ന്ദ​ൻ പ​ത്രാ​ധി​പ​രാ​യി തു​ട​ക്ക​മി​ട്ട ‘ഉ​ത്ത​ര’ത്തി​നുവേ​ണ്ടി​യു​ള്ള കൂ​ട്ടാ​യ്മ​യി​ലേ​ക്കും സൊ​സൈ​റ്റി ഫോ​ർ സോ​ഷ്യ​ലി​സ്റ്റ് സ്റ്റ​ഡീ​സി​ന്റെ​യും അ​ന്റോ​ണി​യോ ഗ്രാം​ഷി ഇ​ൻ​സ്റ്റി​റ്റ്യൂട്ടി​ന്റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ച​ത്. സം​സ്കാ​രി​ക വേ​ദി​ക്കാ​ല​ത്തേ​ക്കാ​ൾ ദീ​ർ​ഘി​ച്ച കൂ​ട്ടാ​യ്മ​യാ​യി​രു​ന്നു ആ​ല​പ്പു​ഴ ചി​ങ്ങോ​ലി​യി​ലെ ‘ക​മ്യൂ​ൺ’ ജീ​വി​തം.

അ​ങ്ങ​നെ​യൊ​രു പ​രീ​ക്ഷ​ണം അ​ക്കാ​ല​ത്ത് വേ​റെ​യു​ണ്ടാ​യി​ട്ടി​ല്ല. വ​രും​വ​രാ​യ്ക​യെ​ക്കു​റി​ച്ചു​ള്ള ഭ​യ​പ്പാ​ടു​ക​ളി​ല്ലാ​തെ ഭൂ​ത​കാ​ലം മാ​ത്ര​മ​ല്ല വ​ർ​ത്ത​മാ​ന​വും ത​ല​നാ​രി​ഴ​കീ​റി പ​രി​ശോ​ധി​ക്ക​പ്പെ​ട്ടി​രു​ന്ന കാ​ലം. അ​വി​ടെ​യൊ​ക്കെ സേ​തു എ​ന്ന് പ​റ​യു​ന്നി​ട​ത്ത് ഞാ​നും എ. ​സോ​മ​നും ജോ​യ് മാ​ത്യു​വും അ​രു​ണും ഒ​ക്കെ പ​ല​യി​ട​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ക​വി​യൂ​ർ ബാ​ല​ന്റെ പു​സ്ത​ക​ത്തി​ൽ അ​ങ്ങ​നെ ഓ​ര​ങ്ങ​ളി​ൽ ഒ​പ്പം ന​ട​ന്ന​വ​ർ ഇ​ല്ല. അ​തി​ന്റെ വ​ഴി വേ​റെ​യാ​ണ് എ​ന്നേ പ​റ​യാ​നാ​വൂ. ക​ടു​ത്ത രാ​ഗ​ദ്വേ​ഷ​ങ്ങ​ൾ ഹ്രസ്വ​ദൃ​ഷ്ടി​യാ​കു​ന്ന​തി​ന്റെ ദൃ​ഷ്ടാ​ന്തം മ​ധു മാ​സ്റ്റ​റെ​യും സി​വി​ക് ച​ന്ദ്ര​നെ​യു​മൊ​ക്കെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ തെ​ളി​ഞ്ഞു കാ​ണാം.

1980 ആ​ഗ​സ്റ്റ് 28 മു​ത​ൽ 30 വ​രെ​യാ​ണ് ജ​ന​കീ​യ സാം​സ്കാ​രി​ക വേ​ദി​യു​ടെ അ​ന്തി​ക്കാ​ട് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. അ​വി​ടെ മ​ധു മാ​സ്റ്റ​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ച് ക​വി​യൂ​ർ ബാ​ല​ൻ എ​ഴു​തു​ന്ന​ത്, ‘‘ത​ന്റെ അ​തി​ഭൗ​തി​ക പ്ര​തി​വി​പ്ല​വ ആ​ശ​യ​ങ്ങ​ളു​മാ​യി ദീ​ർ​ഘി​ച്ച് സം​സാ​രി​ച്ച മ​ധു മാ​സ്റ്റ​ർ സ​ർ​ഗാ​ത്മ​ക​ത​യെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ വി​ക​ല​മാ​യ വീ​ക്ഷ​ണം അ​വ​ത​രി​പ്പി​ച്ചു’’ എ​ന്നാ​ണ്. മ​ധു ​മാ​സ്റ്റ​ർ ത​ന്റെ പ​ഠ​ന​രേ​ഖ​യി​ൽ പ​റ​ഞ്ഞ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം രാ​ഷ്ട്രീ​യം ആ​ധി​പ​ത്യ​ത്തി​ൽ (politics in command) എ​ന്ന മാ​വോ​യി​സ്റ്റ് ആ​ശ​യ​ത്തി​നു പ​ക​രം സം​സ്കാ​രം ആ​ധി​പ​ത്യ​ത്തി​ൽ (culture in command) എ​ന്ന രാ​ഷ്ട്രീ​യ തി​രു​ത്താ​യി​രു​ന്നു. അ​താ​യ​ത്, ജ​ന​കീ​യ സാം​സ്കാ​രി​ക വേ​ദി പാ​ർ​ട്ടി​യു​ടെ ഉ​ന്മൂ​ല​ന സ​മ​രം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യോ ന​ട​പ്പാ​ക്കു​ക​യോ ചെ​യ്യേ​ണ്ട ഒ​രു സം​ഘ​ട​ന​യ​ല്ലെ​ന്നും പാ​ർ​ട്ടി ആ​ധി​പ​ത്യ​ത്തി​ൽനി​ന്നും സ്വ​ത​ന്ത്ര​മാ​യി​രി​ക്ക​ണം എ​ന്നു​മാ​യി​രു​ന്നു.

‘അ​മ്മ’ നാ​ട​ക സം​ഘ​മാ​യ ര​ണ​ചേ​ത​ന പാ​ർ​ട്ടി​ക്ക് കീ​ഴ്പ്പെ​ട്ട് നി​ൽ​ക്ക​ണ​മെ​ന്ന അ​ന്ന​ത്തെ പാ​ർ​ട്ടി​യു​ടെ വേ​ദി​യു​ടെ​യും തീ​രു​മാ​ന​ങ്ങ​ൾ​ക്ക് എ​തി​രാ​യ ഒ​രു ന​യ​പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു അ​ത്. മ​ധു മാ​സ്റ്റ​ർ എ​ന്നെ​ക്കൊ​ണ്ട് പ​റ​ഞ്ഞെ​ഴു​തി​ച്ച രേ​ഖ​യാ​ണ​ത്. എ​ന്നാ​ൽ, ആ ​സ​മ്മേ​ള​ന​ത്തി​ൽ ബാ​ല​ന​ട​ക്കം സാം​സ്കാ​രി​ക വേ​ദി​യി​ൽ ആ​രുംത​ന്നെ പാ​ർ​ട്ടി​യു​ടെ ‘ഉ​ന്മൂ​ല​ന സ​മ​രം’ എ​ന്ന ന​യം തി​രു​ത്താ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. ‘ഉ​ന്മൂ​ല​ന​സ​മ​രം’ തി​രി​ഞ്ഞുകൊ​ത്തും എ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്നു മ​ധു മാ​സ്റ്റ​ർ. വേ​ദി​യു​ടെ പ​ത​ന​ത്തി​നുശേ​ഷം ഗ്രാം​ഷി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കാ​ല​ത്ത് മാ​ത്ര​മാ​ണ് ചാ​രു​ മ​ജും​ദാ​ർ ലൈ​നും ക​ട​ന്നു​ള്ള ചി​ന്ത ഉ​ണ്ടാ​യ​ത്. മ​ധു മാ​സ്റ്റ​ർ ആ​യി​രു​ന്നു അ​ക്കാ​ര്യ​ത്തി​ൽ മു​മ്പേ പ​റ​ന്ന പ​ക്ഷി. ടി.​എ​ൻ. ജോ​യി​യു​ടെ പി​ന്തു​ണ​യും അ​തി​ൽ മ​ധുമാ​ഷി​നു​ണ്ടാ​യി​രു​ന്നു.

പി​ൽ​ക്കാ​ല​ത്ത് കേ​ണി​ച്ചി​റ സം​ഭ​വം ഉ​ണ്ടാ​യ​പ്പോ​ഴും മ​തി​യ​ഴ​ക​ന്റെ മ​ര​ണം പു​റ​ത്തുവ​ന്ന​പ്പോ​ഴും മാ​ഷ് വേ​ദ​ന​യോ​ടെ അ​തി​നെ വി​ല​യി​രു​ത്തി​യ​ത്, അ​തെ​ല്ലാം പാ​ർ​ട്ടി ന​യ​ത്തി​ന്റെ തി​രി​ഞ്ഞുകൊ​ത്ത​ലാ​യാ​ണ്. ചൈ​ന​യി​ൽ സാം​സ്കാ​രി​ക വി​പ്ല​വ​ത്തി​ന്റെ കാ​ല​ത്ത് പാ​ർ​ട്ടി​യു​ടെ അ​ധി​കാ​രപ്ര​മ​ത്ത​ത​ക്ക് എ​തി​രെ മാ​വോ​യു​ടെ പ​ത്നി​യടക്കമു​ള്ള ‘നാ​ൽ​വ​ർ’ സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സാം​സ്കാ​രി​ക വി​പ്ല​വം കൂ​ട്ട​ക്കൊ​ല​യി​ലേ​ക്ക് വ​ഴിതെ​റ്റി​യ​ത് രാ​ഷ്ട്രീ​യം ആ​ധി​പ​ത്യ​ത്തി​ൽ എ​ന്ന മാ​വോ​യി​സ്റ്റ് സി​ദ്ധാ​ന്ത​ത്തി​ന്റെ അ​പ​ഭ്ര​ംശ​മാ​യാ​ണ് മ​ധു​മാ​ഷ് ക​ണ്ടി​രു​ന്ന​ത്.

 

രാ​ഷ്ട്രീ​യം ആ​ധി​പ​ത്യ​ത്തി​ൽ എ​ന്ന സി​ദ്ധാ​ന്തം പ്ര​യോ​ഗ​ത്തി​ൽ അ​ധി​കാ​രം ആ​ധി​പ​ത്യ​ത്തി​ലാ​യി മാ​റാ​ൻ നേ​രി​യ അ​തി​ർ​വ​ര​മ്പേയു​ള്ളൂ. റ​ഷ്യ​യി​ലും ചൈ​ന​യി​ലും കം​ബോ​ഡി​യ​യി​ലും ഉ​ത്ത​ര കൊ​റി​യ​യി​ലുമൊ​ക്കെ അ​ത് പാ​ർ​ട്ടി​യി​ലെ ഏ​താനും വ്യ​ക്തി​ക​ളു​ടെ സ്വേ​ച്ഛാ​ധി​പ​ത്യ​മാ​യി മാ​റി​യ​ത് ച​രി​ത്രം നേ​രി​ൽ ക​ണ്ട​താ​ണ്. അ​ധി​കം വൈ​കാ​തെ വേ​ദി​യു​ടെ കൊ​ഴി​ഞ്ഞുപോ​ക്ക് ആ ​തി​രി​ഞ്ഞുകൊ​ത്ത​ലി​ന്റെ ദൃ​ഷ്ടാ​ന്ത​മാ​യി മാ​റി. അ​തി​നി​യും പൂ​ർ​ണ​മാ​യും രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല.

ഓ​ർ​മ​യു​ടെ ച​രി​ത്ര​ങ്ങ​ൾ ഇ​ങ്ങനെ​യാ​ണ് ര​ചി​ക്ക​പ്പെ​ടു​ന്ന​ത്. എ​ത്ര​യോ വി​ഭ​ജ​ന​ങ്ങ​ളു​ടെ അ​ദൃ​ശ്യ​ഭാ​രം പേ​റു​ന്ന​താ​ണ​ത്. അ​തെ​ല്ലാ​യ്പോ​ഴും മ​റ​വി​യു​ടെ​യും ച​രി​ത്ര​മാ​ണ്. ഓ​ർമ​യി​ൽ നി​റ​യാ​ത്ത മ​റ​വി​ക​ളാ​ൽ നി​റ​ഞ്ഞ​ത്. തൊ​ട്ടുമു​ന്നി​ലെ ച​രി​ത്ര​ത്തി​ൽപോ​ലും മ​റ​വി നി​റ​ഞ്ഞുനി​ൽ​ക്കു​ന്നു. ‘ന​ക്സ​ലൈറ്റ്’ കാ​ലം അ​ട​യാ​ള​പ്പെ​ടു​ത്തി​യ ആ​ത്മ​ക​ഥ​ക​ളെ​ല്ലാംത​ന്നെ പ​ല​ത​രം മ​റ​വി​ക​ൾകൊ​ണ്ടും നി​ർ​മിത​മാ​ണ്. അ​തി​ലാ​രെ​യും കു​റ്റ​പ്പെ​ടു​ത്തി​യി​ട്ട് കാ​ര്യ​മി​ല്ല.

വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തെ പാ​ർ​ട്ടി പ​ല​പ്പോ​ഴും ‘വി​റ​കു​വെ​ട്ടു​കാ​രും വെ​ള്ളംകോ​രി​ക​ളും’ ആ​യി മാ​ത്ര​മാ​ണ് ക​ണ്ട​ത് എ​ന്ന വി​മ​ർ​ശ​നം ക​വി​യൂ​ർ ബാ​ല​ൻത​ന്നെ മു​ന്നോ​ട്ടുവെ​ക്കു​ന്നു​ണ്ട്. അ​വ​ർ ച​രി​ത്ര​ത്തി​ൽ ഇ​ല്ലാ​ത്ത​വ​രാ​ണ്. ബാ​ല​ന്റെ ആ​ദ്യ പു​സ്ത​ക​ത്തി​ന്റെ ആ​ദ്യ​ വാ​യ​ന​ക്കാ​ര​ൻ പി.​കെ. അ​ശോ​ക് കു​മാ​റി​ന്റെ കു​റി​പ്പ് പു​സ്ത​ക​ത്തി​ന്റെ അ​നു​ബ​ന്ധ​മാ​യി ചേ​ർ​ത്തി​ട്ടു​ണ്ട്. അ​ശോ​ക് കു​മാ​റി​ന്റെ നി​രീ​ക്ഷ​ണം പ്ര​ധാ​ന​മാ​ണ്: ‘‘വ​ള​രെ കു​റ​ച്ചുമാ​ത്രം എ​ഴു​ത​പ്പെ​ടു​ക​യും വ​ള​രെ അ​ധി​കം സ​ങ്കൽപി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത ഒ​രു കാ​ല​മാ​ണ് ബാ​ല​ൻ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. അ​തു​വ​രെ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന പ​ല ധാ​ര​ണ​ക​ളും അ​ബ​ദ്ധ​മാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഒ​ട്ടേ​റെ സം​ഭ​വ​ങ്ങ​ൾ ബാ​ല​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളി​ൽ വ്യ​ക്ത​മാ​യ മാ​റ്റം വ​ന്നി​രി​ക്കു​ന്നു എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്നവ​ർപോ​ലും ത​ങ്ങ​ൾ നേ​തൃ​ത്വം കൊ​ടു​ത്ത കാ​ല​ത്തെ​പ്പ​റ്റി പ​റ​യു​മ്പോ​ൾ അ​തെ​ല്ലാം അ​ന്ന​​െത്ത ശ​രി​ക​ളാ​ണെ​ന്ന് ധ്വ​നി​പ്പി​ക്കു​ക​യെ​ങ്കി​ലും ചെ​യ്യാ​റു​ണ്ട്.’’ ബാ​ല​ൻ ഇ​വി​ടെ ഒ​രു തി​രു​ത്താ​ണ്. ശ​രിമാ​ത്രം ചെ​യ്തുപോ​ന്ന തെ​റ്റു​പ​റ്റാ​ത്ത ഒ​രു ഉ​ത്ത​മ പു​രു​ഷ സ​ർ​വ​നാ​മ​മാ​യ​ല്ല സ്വ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ത്ര​യും അ​ത് അ​വി​ശ്വ​സ​നീ​യ​മാ​യ സ​ത്യ​സ​ന്ധ​ത വെ​ളി​വാ​ക്കു​ന്നു.

കോ​ഴി​ക്കോ​ട്ട് ജ​ന​കീ​യ വി​ചാ​ര​ണ ന​ട​ക്കു​മ്പോ​ൾ ക​ണ്ണൂ​രി​ൽ ചൂ​താ​ട്ടവി​രു​ദ്ധ സ​മ​ര​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സ​ഖാ​വ് ര​മേ​ശ​ന്റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​യ​മ​സ​ഭ ഗാ​ല​റി​യി​ൽ പ്ര​തി​ഷേധി​ച്ച​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തിന് ബാ​ല​ൻ അ​റ​സ്റ്റി​ൽ, ജ​യി​ലി​ലാ​ണ​പ്പോ​ൾ. ര​ണ്ടും ഒ​രു ദി​വ​സ​മാ​ണ് ന​ട​ന്ന​ത്. 1981 മാ​ർ​ച്ച് 21ന്.

​ക​വി​യൂ​ർ ബാ​ല​ന്റെ ര​ണ്ടാ​മ​ത്തെ ഓ​ർമപ്പു​സ്ത​കം ‘ക​ത്തി​ത്തീ​രാ​ത്ത ഇ​ന്ന​ലെ​ക​ൾ’ 2017ലാ​ണ് പു​റ​ത്തുവ​രു​ന്ന​ത്. ക​ണ്ണൂ​രി​ന്റെ ചു​വ​ന്ന മ​ണ്ണി​ന്റെ പ​ച്ച​പ്പ് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പു​സ്ത​കം. സി.​പി.​ഐ.എ​മ്മി​ൽനി​ന്നും അ​ടി​യ​ന്ത​രാ​വ​സ്ഥ പി​ന്നി​ട്ട് സാം​സ്കാ​രി​ക വേ​ദി​യി​ലേ​ക്കു​ള്ള പ​രി​ണാ​മ​ത്തി​ന്റെ വ​ഴി​യി​ലെ മ​നു​ഷ്യ​രെ രേ​ഖ​പ്പെ​ടു​ത്തു​ന്ന സു​പ്ര​ധാ​ന ര​ച​ന​യാ​ണി​ത്.

കേ​ണി​ച്ചി​റ മ​ഠ​ത്തി​ൽ മ​ത്താ​യി വ​ധ​ത്തോ​ടെ രൂ​ക്ഷ​മാ​യ പ്ര​ത്യ​യ​ശാ​സ്ത്ര ഭി​ന്ന​ത​ക​ളെ തു​ട​ർ​ന്ന് സാം​സ്കാ​രി​ക വേ​ദി​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽനി​ന്നും രാ​ജി​വെച്ചൊ​ഴി​ഞ്ഞ ബി.​ രാ​ജീ​വ​ൻ, സേ​തു, കെ. ​രാ​ജീ​വ​ൻ, എ. ​സോ​മ​ൻ, പി.​സി. ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി ആ​രുംത​ന്നെ ഒ​രാ​ത്മ​ക​ഥ എ​ഴു​തി​യി​ട്ടി​ല്ല. തു​ട​ക്കം മു​ത​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ ക​വി​ത​ക​ളി​ൽ ആ ​ച​രി​ത്രം എ​ഴു​തി​യി​ട്ടു​ണ്ട്. ആ​ത്മ​ക​ഥ​യാ​യി ക​വി​യൂ​ർ ബാ​ല​ൻ മാ​ത്ര​മാ​ണ് ആ ​ഓ​ർമ​ക​ൾ എ​ഴു​തി​യ​ത്. ആ ​ഓ​ർമക്ക​പ്പു​റം ആ ​ച​രി​ത്ര​ത്തി​ന്റെ സൂ​ക്ഷ്മ​ത​ക​ൾ പ​ല​തും എ​ഴു​ത​പ്പെ​ടാ​ത്ത അ​ധ്യാ​യ​ങ്ങ​ളാ​യി മ​റ​വി​ൽ നി​ൽ​ക്കു​ക​യാ​ണ്. കെ. ​വേ​ണു​വി​ന്റെ ‘ഒ​ര​ന്വേ​ഷ​ണ​ത്തി​ന്റെ ക​ഥ’ക്ക് ​പൂ​രി​പ്പി​ക്കാ​നാ​വു​ന്ന ച​രി​ത്ര​മ​ല്ല അ​ത്. അ​ത് പാ​ർ​ട്ടി​യു​ടെ ഒ​രു ച​രി​ത്ര​മാ​ണ്. മ​റ്റു ച​രി​ത്ര​ങ്ങ​ൾ വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലെ ജ​യി​ൽ​പ​ക്ഷി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും ഒ​ന്നും എ​ഴു​തി​യി​ട്ടി​ല്ല.

പി.​ടി. ​തോ​മ​സി​ന്റെ ‘മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തിപ്പി’​ൽ വ​ന്ന അ​ഭി​മു​ഖ​മ​ട​ക്കം ചി​ല ഓ​ർമ​ക​ൾമാ​ത്രം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ടി.​എ​ൻ. ജോ​യി​യു​ടെ കു​റി​പ്പു​ക​ളു​ടെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് പി.​സി. ജോ​സി പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. മ​ധു ​മാ​സ്റ്റ​ർ പ്രൂ​ഫ് നോ​ക്കി കു​ഴ​ങ്ങി​പ്പോ​യ പു​സ്ത​ക​മാ​ണ​ത്. ആ​ർ.​കെ. ബി​ജുരാ​ജി​ന്റെ ‘ന​ക്സ​ൽ ദി​നങ്ങ​ൾ’ ഒ​ന്നാം പ​തി​പ്പാ​ണ് എ​ന്റെ കൈയി​ലു​ള്ള​ത്. എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​എ​സ്. മാ​ധ​വ​ൻ ആ ​പു​സ്ത​ക​ത്തെ ക​വി​യൂ​ർ ബാ​ല​ന്റെ ര​ണ്ടാ​മ​ത്തെ പു​സ്ത​ക​ത്തി​ന് ആ​മു​ഖ​മെ​ഴു​തു​മ്പോ​ൾ ക​ഠി​ന​മാ​യി വി​മ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾവെ​ച്ച് മ​ല​യാ​ളി​യു​ടെ ‘ന​ക്സ​ൽ ദി​ന​ങ്ങളെ’ക്കു​റി​ച്ച് ഒ​രു ഏ​ക​ദേ​ശ ധാ​ര​ണ വാ​യ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കാ​ൻ അ​ങ്ങനെ​യൊ​രു പു​സ്ത​കം മാ​ത്ര​മേ മ​ല​യാ​ള​ത്തി​ൽ ഇ​പ്പോ​ൾ ല​ഭ്യ​മാ​യി​ട്ടു​ള്ളൂ. അ​തി​പ്പോ​ൾ ആ​റ് പ​തി​പ്പാ​യെ​ങ്കി​ലും ആ​ദ്യ പ​തി​പ്പി​നുശേ​ഷം പു​റ​ത്തുവ​ന്ന വ​സ്തു​ത​ക​ളും ഉ​ൾ​ക്കാ​ഴ്ച​ക​ളും വെ​ച്ച് പുതിയ പ​തി​പ്പി​ൽ അ​പ്ഡേ​റ്റ് ചെ​യ്യേ​ണ്ട​തു​ണ്ട്.

പ​ലപ​ല ഉ​ൾ​പ്പി​രി​വു​ക​ളു​ള്ള ച​രി​ത്ര​മാ​ണ​ത്. വി​ശ​ദാം​ശ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ പ​ല​തും തെ​റ്റി വാ​യി​ക്കാ​നു​ള്ള സാ​ധ്യ​ത​​യേ​റും. എ​ന്തി​ന് ടി.​എ​ൻ. ജോ​യി​യെ കെ. ​വേ​ണു വി​ല​യി​രു​ത്തു​മ്പോ​ൾ വേ​ണു പ​ഴ​യ ‘മാ​റാ​ത്ത’ ന​ക്സ​ലൈറ്റ് ക​ണ്ണ​ട​യാ​ണ് എ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടി​ട്ടു​ള്ള​ത്. ജോ​യി​യെ മ​ന​സ്സി​ലാ​ക്കു​ന്ന​തി​ൽ ബി. ​രാ​ജീ​വ​ൻ കാ​ഴ്ചവെക്കു​ന്ന ഉ​ൾ​ക്കാ​ഴ്ച വേ​ണു​വി​ൽ ഇ​ല്ല. എ​ൻ. ജോ​യി​യെ​ക്കു​റി​ച്ചു​ള്ള ഓ​ർമ​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ ‘അ​പൂ​ർണ​ത്തി​ന്റെ ഭം​ഗി’യി​ലാ​ണ് ആ ​പ​ഠ​ന​മു​ള്ള​ത്. അ​ത്ത​ര​മൊ​രു കാ​ഴ്ച​പ്പാ​ടി​ല്ലെ​ങ്കി​ൽ ജോ​യി​യു​ടെ പ​രി​ണാ​മ​വും ഇ​ട​പെ​ട​ലു​ക​ളും മ​ന​സ്സി​ലാ​ക്കാ​ൻ പോ​ലു​മാ​കി​ല്ല. കാ​ഴ്ച​പ്പാ​ടുകൊ​ണ്ട് അ​ത്രത​ന്നെ അ​ഗാ​ധ​മാ​യ മ​റ്റൊ​രു ലേ​ഖ​നം സേ​തു എ​ൻ. സ​ന്തോ​ഷ് കു​മാ​ർ എ​ഡി​റ്റ് ചെ​യ്ത ‘ജോ​ൺ എ​ബ്ര​ഹാ​മി​ന്റെ ക​യ്യൂ​ർ’ എ​ന്ന പു​സ്ത​ക​ത്തി​ൽ എ​ഴു​തി​യ ‘കെ​ട്ടുപോ​യ അ​ടു​പ്പി​ലെ ക​ന​ൽ’ എ​ന്ന ലേ​ഖ​ന​മാ​ണ്.

എ​ന്റെ ഓ​ർമ​യി​ൽ ആ ​കാ​ല​ത്തെ​ക്കു​റി​ച്ച് മ​ല​യാ​ള​ത്തി​ൽ വ​ന്ന ഏ​റ്റ​വും മി​ക​ച്ച പ​ഠ​ന​മാ​ണ​ത്. ജ​ന​കീ​യ സാം​സ്കാ​രി​ക വേ​ദി, ക​യ്യൂ​ർ സി​നി​മാ സം​രം​ഭം, സൊ​സൈ​റ്റി ഫോ​ർ സോ​ഷ്യ​ലി​സ്റ്റ് സ്റ്റ​ഡീ​സ്, അ​ന്റോ​ണി​യോ ഗ്രാം​ഷി ഇ​ൻ​സ്റ്റി​റ്റ്യൂട്ട് എ​ന്നിവ​യു​ടെ പ​രി​ണാ​മ ച​രി​ത്രം സേ​തു അ​തി​ൽ ആ​റ്റി​ക്കു​റു​ക്കിവെ​ച്ചി​ട്ടു​ണ്ട്. കൃ​ത്യ​ത ഓ​ർമ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും സു​പ്ര​ധാ​ന​മാ​യ പ​ഠ​ന​രേ​ഖ​യാ​ണ്. ഏ​ത് കോ​ണി​ലൂ​ടെ കാ​ണു​ന്നു എ​ന്ന​ത് ഏ​ത് ഓ​ർ​മ​യു​ടെ​യും പ്ര​ധാ​ന കാ​മ്പ്. ക​ത്തി​ത്തീ​രാ​ത്ത ഇ​ന്ന​ലെ​ക​ൾ കെ​ട്ടു​പോ​കാ​ത്ത അ​ടു​പ്പി​ലെ ക​ന​ലു​ക​ളാ​ണ്.

(തു​ട​രും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT