കൊടുങ്കാറ്റിന്റെ സൂചന

ചൈനയിലെ ഉയ്ഗൂർ വംശഹത്യയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ ഉയ്ഗൂർ ഭാഷയിലെ അദ്വിതീയ കവി താഹിർ ഹാമുത് ഇസ്ഗിലി​ന്റെ ജീവിതാനുഭവങ്ങളുടെ മൂന്നാം ഭാഗം. Waiting to Be Arrested at Night: A Uyghur Poet’s Memoir of China’s Genocide എന്ന പുസ്​തകത്തി​ൽ താഹിർ ഹാമുത്​ എഴുതിയ ഉയ്ഗൂർ അനുഭവങ്ങൾ ആരുടെയും ഉള്ളു​ലക്കും.2017 ജൂൺ. ഉറുംചിയിൽ ചൂടേറുകയാണ്, രാഷ്ട്രീയത്തിനും കാലാവസ്ഥക്കും. ഉച്ച കഴിഞ്ഞ നേരം യൂനിറ്റി റോഡ് വഴി വീട്ടിലേക്ക് ഡ്രൈവ് ചെയ്യുകയാണ്. ചിന്തകളിൽ മുഴുകി ഒരുനിമിഷം പരിസരം മറന്നു. െപട്ടെന്നാണ് മുന്നിലെ വാഹനങ്ങളുടെ വേഗം കുറയുന്നത് ശ്രദ്ധയിൽപെട്ടത്. പതിവില്ലാതെ ട്രാഫിക് ഇഴയാൻ തുടങ്ങി. ഇൗ ഉച്ചസമയത്ത് ബ്ലോക്ക് ഉണ്ടാകാൻ...

ചൈനയിലെ ഉയ്ഗൂർ വംശഹത്യയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ ഉയ്ഗൂർ ഭാഷയിലെ അദ്വിതീയ കവി താഹിർ ഹാമുത് ഇസ്ഗിലി​ന്റെ ജീവിതാനുഭവങ്ങളുടെ മൂന്നാം ഭാഗം. Waiting to Be Arrested at Night: A Uyghur Poet’s Memoir of China’s Genocide എന്ന പുസ്​തകത്തി​ൽ താഹിർ ഹാമുത്​ എഴുതിയ ഉയ്ഗൂർ അനുഭവങ്ങൾ ആരുടെയും ഉള്ളു​ലക്കും.
2017 ജൂൺ. ഉറുംചിയിൽ ചൂടേറുകയാണ്, രാഷ്ട്രീയത്തിനും കാലാവസ്ഥക്കും. ഉച്ച കഴിഞ്ഞ നേരം യൂനിറ്റി റോഡ് വഴി വീട്ടിലേക്ക് ഡ്രൈവ് ചെയ്യുകയാണ്. ചിന്തകളിൽ മുഴുകി ഒരുനിമിഷം പരിസരം മറന്നു. െപട്ടെന്നാണ് മുന്നിലെ വാഹനങ്ങളുടെ വേഗം കുറയുന്നത് ശ്രദ്ധയിൽപെട്ടത്. പതിവില്ലാതെ ട്രാഫിക് ഇഴയാൻ തുടങ്ങി. ഇൗ ഉച്ചസമയത്ത് ബ്ലോക്ക് ഉണ്ടാകാൻ എന്താകാം കാരണം. എത്തിയും വലിഞ്ഞുമൊക്കെ പരിസരം നോക്കി. റോഡിൽ ഇടതുപാർശ്വത്തിലായി നിർത്തിയിട്ടിരിക്കുന്ന പാസഞ്ചർ ബസുകളിൽനിന്ന് മിലിട്ടറി പൊലീസ് ഓഫിസർമാർ പരിശോധന കഴിഞ്ഞിെട്ടന്നപോലെ പുറത്തിറങ്ങുകയാണ്. എല്ലാവരുടെയും കൈയിൽ യന്ത്രത്തോക്കുകളുണ്ട്.
അടുത്തനിമിഷം, ട്രാൻസ്പോർട്ട് ട്രക്കുകൾക്ക് പിന്നിലായി മൂന്നു പൊലീസ് വാഹനങ്ങൾ വന്നുനിന്നു. അതിൽനിന്നിറങ്ങിയ ഉദ്യോഗസ്ഥർ മിലിട്ടറി പൊലീസ് യൂനിറ്റിനെ ഒാരോ ഇടവഴിയിലേക്കും വിഭജിച്ച് നിയോഗിച്ചു. അവർക്കൊപ്പം അയൽക്കൂട്ട സമിതിയിലെ ഏഴോ എ​ട്ടോ ഉദ്യോഗസ്ഥരുമുണ്ട്. നീല െഎഡി കാർഡുകൾ കഴുത്തിൽ തൂക്കി, കൈകളിൽ നീല ക്ലിപ്ബോർഡും പിടിച്ച് അവർ ൈസനികർക്കൊപ്പം നിലകൊണ്ടു. അന്തരീക്ഷം ഉദ്വേഗഭരിതമാണ്. പരിസരം നിശ്ചലമായി നിൽക്കുന്നു. മുമ്പ് സിനിമകളിലും മറ്റും മാത്രം കണ്ടിട്ടുള്ള രംഗങ്ങൾ ഇപ്പോഴിതാ ഞങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നു.
ഉദ്യോഗസ്ഥന്റെ ഒരൊറ്റ ഗർജനത്തിൽ മിലിട്ടറി പൊലീസ് പല ദിശകളിലേക്ക് കുതിച്ചു. ഇടവഴികളിലെ ചെറിയ വീടുകളിലെ ഉയ്ഗൂറുകളെ വീടുകളിൽ കയറി അറസ്റ്റ് ചെയ്യാനുള്ള റെയ്ഡിന്റെ തുടക്കമാണിത്. ഹാൻ ഭൂരിപക്ഷ നഗരമായതിനാലും പ്രവിശ്യ തലസ്ഥാനമെന്നതിനാൽ കൂടുതൽ ആഗോള മാധ്യമശ്രദ്ധ കിട്ടുമെന്നും കണക്കാക്കി മറ്റ് ഉയ്ഗൂർ പ്രദേശങ്ങളിലെ പോലെ അത്ര കടുപ്പത്തോടെ പട്ടാളം ഉറുംചിയിൽ മുമ്പ് ഇടപെട്ടിരുന്നില്ല. മറ്റിടങ്ങളെ അപേക്ഷിച്ച് താരതമ്യേന ശാന്തമായ ജീവിതമാണ് ഇവിടെയെന്ന് ഞങ്ങൾ കരുതുകയും ചെയ്തിരുന്നു. അതാണിപ്പോൾ മാറിമറിയുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയിലേക്ക് തലസ്ഥാനവും പതിക്കുകയാണ്. കഴിഞ്ഞമാസങ്ങളിൽ കേട്ടുകൊണ്ടിരുന്ന ഭയാനകമായ കിംവദന്തികൾ ഒടുവിൽ യാഥാർഥ്യമാകുന്നു.
ഇപ്പോൾ അപ്പാർട്മെന്റിൽനിന്ന് അങ്ങനെ അധികം പുറത്തുപോകാറില്ല. ഉറങ്ങുകയും ആഹരിക്കുകയും ചെയ്യുന്നതിനപ്പുറം മറ്റൊന്നും ജീവിതത്തിലില്ല. കശാപ്പിനുവേണ്ടി ആഹാരം കൊടുത്ത് കൊഴുപ്പിക്കുന്ന ഒരു ആടിനെപ്പോലെയാണ് ഞാനെന്ന തോന്നൽ ഇടക്കിടെ കയറിവരും. നിതാന്തമായ മാനസികസംഘർഷം ശരീരത്തെയും ബാധിക്കാൻ തുടങ്ങി. ജോലിയൊന്നും ചെയ്യാനാകുന്നില്ല. ടി.വി കാണാനോ വായിക്കാനോ ഉള്ള കേവല ഏകാഗ്രതപോലും കിട്ടുന്നില്ല.
കവിത എഴുത്ത് എന്നത് പരിഹാസച്ചിരി വരുത്തുന്ന ഉദ്യമമായി മാറി. വീടിനുള്ളിൽ എനിക്കോ മർഹബക്കോ മക്കൾക്കോ അധികമൊന്നും സംസാരിക്കാനുമില്ല. വൈകുന്നേരങ്ങളിൽ അൽപസമയം പുറത്തു നടക്കാൻപോകുന്നത് മാത്രമാണ് ആകെയൊരു ആശ്വാസം. ‘‘വേഗം വരണേ, വൈകിയാൽ എനിക്ക് ടെൻഷൻ ആകും’’ -മർഹബ എന്നും പിന്നിൽനിന്ന് പറയും. വഴിയിൽവെച്ച് അറസ്റ്റ് ചെയ്ത് അജ്ഞാതകേന്ദ്രത്തിലേക്ക് എന്നെ കൊണ്ടുപോകുമെന്ന് അവൾക്ക് എപ്പോഴും ഭയമാണ്.

ഞാൻ നടക്കുകയാണ്.

ചായുന്ന സൂര്യന്റെ വെയിലിൽ സ്വർണവർണത്തിൽ തിളങ്ങി റോഡുകൾ. പഴയ നഗരഭാഗത്തെ ഉയ്ഗൂർ മേഖലകളൊക്കെ വിജനമാണ്. വഴിയിൽ ഒരു പഴയ സുഹൃത്തിനെ കണ്ടു. പോലാത്. എന്നെപ്പോലെതന്നെ കാശ്ഗറിൽ നിന്നുള്ളയാളാണ്. അദ്ദേഹവും നടക്കാനിറങ്ങിയതാണ്. ഞങ്ങൾ സംസാരിച്ചങ്ങനെ നടന്നു. കാശ്ഗറിലെ സ്ഥിതി വളരെ മോശമാകുകയാണത്രെ.

മുഴുവൻ ഉയ്ഗൂർ ഭവനങ്ങളിലുമുള്ള മതവിശ്വാസത്തിന്റെ ഭാഗമായ വസ്തുക്കൾ കൈമാറണമെന്ന ഉത്തരവ് കഴിഞ്ഞമാസം പുറപ്പെടുവിച്ചു. ഖുർആൻ, മറ്റ് മത പുസ്തകങ്ങൾ, നമസ്കാരപ്പായകൾ, ജപമാല, നമസ്കാര വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം സർക്കാറിന് കൈമാറണം. ചിലർക്ക് തങ്ങളുടെ ഖുർആനുമായി വേർപിരിയാൻ വയ്യ. അവരെ അയൽവാസികളും എന്തിനേറെ ബന്ധുക്കളുംവരെ ഒറ്റുകൊടുക്കും. എല്ലാവർക്കും പൊലീസിനു മുന്നിൽ നല്ലവരാകണം. ഖുർആൻ വീട്ടിൽ സൂക്ഷിച്ചവരെ കണ്ടെത്തിയാൽ പിടിച്ചുകൊണ്ടുപോകും. കഠിനതടവ് ഉൾപ്പെടെ ശിക്ഷകൾ കിട്ടുകയും ചെയ്യും.

പോലാതിന്റെ പ്രദേശത്തെ ഒരു 70കാരൻ സർക്കാർ പറഞ്ഞ സമയം കഴിഞ്ഞശേഷം വീട്ടിലൊരു ഖുർആൻ ഉണ്ടെന്ന് കണ്ടെത്തി. ആദ്യം തിരഞ്ഞപ്പോൾ കിട്ടിയ വസ്തുക്കൾക്കൊപ്പം ഇൗ കോപ്പി ഇല്ലായിരുന്നു. പിന്നീട് കണ്ടെത്തിയതോടെ അയാൾ പരിഭ്രാന്തനായി. ആരെങ്കിലും പറഞ്ഞുകൊടുത്ത് പിടിക്കപ്പെട്ടാലുണ്ടാകുന്ന അവസ്ഥയോർത്ത് അയാൾ നടുങ്ങി. ഇനി എന്തായാലും പൊലീസിന് തിരിച്ചുകൊണ്ടു കൊടുക്കാനും കഴിയില്ല. ഒടുവിൽ ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഖുർആൻ തുമാൻ നദിയിൽ എറിഞ്ഞു. സുരക്ഷ സംവിധാനത്തിന്റെ ഭാഗമായി നദിക്ക് കുറുകെയുള്ള എല്ലാ പാലങ്ങൾക്ക് കീഴിലും വലകെട്ടിയിട്ടുണ്ട്.

അങ്ങനെയൊരു വലയിൽനിന്ന് അധികാരികൾ ഇൗ ഖുർആൻ കണ്ടെടുത്തു. അതു തുറന്നു പരിശോധിച്ചപ്പോൾ ഉടമയുടെ െഎഡിയുടെ ഒരു പഴയ പകർപ്പ് കിട്ടി. വയസ്സായ ആൾക്കാർ പ്രധാനപ്പെട്ട രേഖകൾ ഇങ്ങനെ സൂക്ഷിക്കാറുണ്ടല്ലോ. പക്ഷേ, അപ്പോഴത്തെ പരിഭ്രമത്തിൽ ഇൗ പകർപ്പ് ഖുർആനുള്ളിൽ ഉള്ളത് കണ്ടെത്താൻ ആ പാവത്തിന് കഴിഞ്ഞില്ല. പൊലീസ് ഉടൻ വീട്ടിലെത്തി. നിയമവിരുദ്ധ മതപ്രവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തു. ഏഴു വർഷത്തെ കഠിനതടവിനും ശിക്ഷിച്ചു. പരിസരത്ത് ആരെങ്കിലും ഉണ്ടോയെന്ന് നിരന്തരം നോക്കിയാണ് പോലാത് ഇതൊക്കെ പറയുന്നത്. അപരിചിതരെ കണ്ടാൽ അപ്പോൾ സംസാരം നിർത്തും. ഞങ്ങൾ, ഉയ്ഗൂറുകൾ ഇപ്പോൾ സംസാരിക്കുന്നതുതന്നെ മന്ത്രിക്കുന്നതുപോലെയാണ്.

ഖുർആനും ആത്മീയ പുസ്തകങ്ങൾക്കും എതിരായ കാമ്പയിൻ മെല്ലെ ഉറുംചിയിലേക്കും എത്തിത്തുടങ്ങി. വീട്ടിലെ പുസ്തകങ്ങൾ എന്തുചെയ്യണമെന്ന ആലോചനയിലായി ഞങ്ങൾ. ഉയ്ഗൂർ, ചൈനീസ്, അറബി ഭാഷകളിലായി മൂന്നു ഖുർആനുകളാണ് ഞങ്ങൾക്കുള്ളത്. ഇസ്‍ലാമിനെക്കുറിച്ചുള്ള ഉയ്ഗൂറിലെ മറ്റുചില പുസ്തകങ്ങളുമുണ്ട്. ഇതൊന്നും നേരത്തേ നിരോധിച്ചവയല്ല എന്നുമാത്രമല്ല, സ്റ്റേറ്റിന്റെ അംഗീകാരത്തോടെ അച്ചടിച്ചവയുമാണ്.

ചൈനയിൽ പണ്ട് നിയമപരമായിരുന്ന പല കാര്യങ്ങളും പൊടുന്നനെ നിയമവിരുദ്ധമാകുന്നത് പതിവാണ്. ‘‘നിങ്ങളുടെ മറ്റു പുസ്തകങ്ങൾക്കൊപ്പം ഇവയും നമുക്ക് സൂക്ഷിച്ചുവെക്കാം’’ -മർഹബ നിർദേശിച്ചു. ‘‘നിങ്ങൾ എഴുത്തുകാരനായതിനാൽ പ്രഫഷനൽ ആവശ്യങ്ങൾക്കായി സൂക്ഷിച്ചതാണെന്ന് പറഞ്ഞാൽ അവർ വിശ്വസിച്ചേക്കും.’’

‘‘അങ്ങനെ പറഞ്ഞാൽ അവർ വിശ്വസിക്കുമെന്ന് ആത്മാർഥമായും നീ കരുതുന്നുണ്ടോ. ഇല്ലെങ്കിൽ എന്തുചെയ്യും?’’

ഒടുവിൽ ഞങ്ങളൊരു തീരുമാനത്തിലെത്തി. ആറു പുസ്തകങ്ങളും മൂന്നു നമസ്കാരപ്പായകളും മറ്റൊരു പട്ടണത്തിൽ താമസിക്കുന്ന മർഹബയുടെ അമ്മായിയുടെ വീട്ടിൽ ഏൽപിക്കാം. ഫോണിൽ സംസാരിച്ച് അപകടമുണ്ടാക്കേണ്ട എന്നതിനാൽ, വെറുമൊരു സന്ദർശനത്തിന് വരുന്നു എന്ന് മാത്രമാണ് അവരെ അറിയിച്ചത്. വീട്ടിൽനിന്ന് ഇറങ്ങുന്നതിനുമുമ്പ് ഓരോ പുസ്തകവും സൂക്ഷ്മമായി ഒന്നുകൂടി പരിശോധിച്ചു. അമ്മായിയുടെ വീട്ടിലെത്തിയിട്ടാണ് കാര്യം പറഞ്ഞത്. ‘‘അതെന്തായാലും നന്നായി. അതൊക്കെ ഇവിടെ സൂക്ഷിക്കാം. ഞങ്ങൾക്ക് വയസ്സായി. ഞങ്ങൾ ഒരു ഭീഷണിയൊന്നും അല്ലെന്ന് അധികാരികൾക്ക് അറിയാം. അവർ ഞങ്ങളെ തൊടില്ല’’ -അമ്മായിയും അമ്മാവനും പറഞ്ഞു. ഞങ്ങൾ ആശ്വാസത്തോടെ അവിടെ നിന്നിറങ്ങി.

കുറച്ചു ദിവസങ്ങൾക്കുശേഷം ഉച്ചഭക്ഷണം കഴിക്കവേ, കാശ്ഗറിലുള്ള കസിൻ മുസ്തഫയുടെ കോൾ വന്നു. ഹൃദയമിടിപ്പ് ഒരുനിമിഷം നിലച്ചു. അത്രയും പ്രധാനപ്പെട്ട കാര്യങ്ങളില്ലെങ്കിൽ മുസ്തഫ സാധാരണ വിളിക്കാറില്ല. ഇൗ ദിവസങ്ങളിൽ നാലുപാടുനിന്നും മോശം വാർത്തകൾ വന്നുകൊണ്ടിരിക്കുകയുമാണ്. കാശ്ഗറിലെ എന്റെ കുടുംബത്തെക്കുറിച്ച് ഉറക്കം നഷ്ടപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഗുൽജായിലെ വനിതകളുടെ ജയിൽ എവിടെയാണെന്ന് അറിയാമോ എന്നാണ് മുസ്തഫ ചോദിക്കുന്നത്. മർഹബയുടെ നാടായതിനാൽ ഗുൽജായെക്കുറിച്ച് ഞങ്ങൾക്ക് നന്നായി അറിയാമായിരിക്കുമെന്ന് മുസ്തഫ കണക്കുകൂട്ടി. എന്താണ് പ്രശ്നമെന്ന് മുസ്തഫയോട് ആരാഞ്ഞു.

മുസ്തഫയുടെ ഭാര്യാമാതാവ് അറസ്റ്റിലാണ്. 60ലേറെ വയസ്സുണ്ട് അവർക്ക്. വർഷങ്ങൾക്ക് മുമ്പുണ്ടായ ചെറിയൊരു പ്രശ്നത്തിന്റെ പേരിൽ ഒറ്റുകൊടുക്കപ്പെട്ട് പിടികൂടപ്പെട്ടതാണ്. അഞ്ചു വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ഗുൽജാ ജയിലിലേക്ക് അയച്ചിരിക്കുകയാണെന്ന് ഇന്നലെയാണ് വിവരം കിട്ടിയത്. അവരെ സന്ദർശിക്കാനും അവശ്യസാധനങ്ങൾ കൈമാറാനുമാണ് ജയിൽ എവിടെയെന്ന് അന്വേഷിക്കുന്നത്.

ഇൗകാലത്ത് നിരവധി പുതിയ ജയിലുകൾ പലയിടത്തും ഉയരുന്നുണ്ട്. നിർഭാഗ്യകരമെന്ന് പറയ​െട്ട, ഗുൽജായിലെ വനിതാ ജയിൽ എവിടെയെന്ന് ഞങ്ങൾക്ക് അറിയുമായിരുന്നില്ല. സഹായിക്കാനാകാത്തതിൽ ഖേദമുണ്ടെന്ന് മുസ്തഫയോട് പറഞ്ഞു. ഗുഡ്ബൈ പറഞ്ഞ് അയാൾ ഫോൺ വെച്ചു.

ജൂൺ അവസാനത്തിൽ മർഹബയുടെ അമ്മായി വിളിച്ചു. ഉപചാരവാക്കുകൾ കഴിഞ്ഞ് അവർ കാര്യത്തിലേക്ക് കടന്നു: ‘‘പരിസരത്ത് ചുഴലിക്കാറ്റ് ഉരുണ്ടുകൂടുന്നുണ്ട്. ആ സാധനങ്ങളുടെ കാര്യം ഞങ്ങൾ പരിഹരിച്ചിട്ടുണ്ട്.’’ അമ്മായിയുടെ ശബ്ദം തളർന്നിരുന്നു. വീടു കയറിയുള്ള റെയ്ഡുകൾ അവരുടെ ഭാഗത്തും എത്തിയെന്ന് സൂചകങ്ങളിലൂടെ പറയുകയാണ് അമ്മായി. രണ്ടാം ഭാഗം പെട്ടെന്ന് പിടികിട്ടിയില്ല. ഏതു സാധനങ്ങളുടെ കാര്യമാണ് പറയുന്നതെന്നായി ഞാൻ.

‘‘കുറച്ചുദിവസം മുമ്പ് നിങ്ങൾ കൊണ്ടുവന്ന സാധനങ്ങൾ’’ -അമ്മായിയുടെ ശബ്ദം കൂടുതൽ താഴ്ന്നു. ഞങ്ങൾ ഇടക്കിടെ അവരെ കാണാൻ പോകാറുണ്ട്. ഉയ്ഗൂർ രീതിപ്രകാരം പോകുേമ്പാഴെല്ലാം ഭക്ഷണമോ മറ്റെന്തെങ്കിലും ഉപഹാരങ്ങളോ കരുതാറുമുണ്ട്. അതുകൊണ്ട് തന്നെ കാര്യം മനസ്സിലാകുന്നില്ല. ‘‘ഏതു സാധനങ്ങൾ?’’ -വീണ്ടും ചോദിച്ചു.

‘‘ആ പുസ്തകങ്ങൾ, പുസ്തകങ്ങൾ’’ -അസ്വസ്ഥതയോടെ അവർ ആവർത്തിച്ചു.

‘‘എങ്ങനെ കൈകാര്യം ചെയ്തു’’ -നടുക്കം ഒളിപ്പിക്കാൻ ഞാൻ ബദ്ധപ്പെട്ടു.

‘‘ചോദിക്കേണ്ട. എല്ലാം ശരിയാക്കിയിട്ടുണ്ട്’’ -അവർ ഫോൺ വെച്ചു.

എന്റെ പുസ്തകങ്ങൾക്കും ഖുർആനും എന്തു സംഭവിച്ചിട്ടുണ്ടാകും. കത്തിച്ചുകാണുമോ. അതോ പുറത്തേക്ക് എറിഞ്ഞുകളഞ്ഞോ... ഇനി അതല്ല, വേറെ എവിടെയെങ്കിലും ഒളിപ്പിച്ചോ...

പാതിരയിലെ അറസ്റ്റും കാത്ത്

ഉച്ചഭക്ഷണത്തിന് എന്തുവേണമെന്ന ചർച്ചയിലാണ് മർഹബയും ഞാനും. ഒന്നിനും ഒരു താൽപര്യമില്ല. ഒരു ഭക്ഷണത്തിനും രുചിയില്ല. ആലോചനകൾക്കൊടുവിൽ ഉച്ചഭക്ഷണം ഉണ്ടാക്കേണ്ടന്നായി. ചായയും നാനും മാത്രം കഴിക്കാം. ചായ ഉണ്ടാക്കുന്നതിനിടെ മർഹബയുടെ സംസാരം വഴിമാറി: ‘‘മുനീറിനെക്കുറിച്ച് കേട്ടിട്ട് ഒരാഴ്ചയിലേറെയായി. വീചാറ്റിൽ വോയ്സ് മെസേജ് ഇട്ടിരുന്നു. പക്ഷേ, അവൾ പ്രതികരിച്ചില്ല. അവർക്കെന്തെങ്കിലും സംഭവിച്ചിരിക്കുമോ?’’ ഇതുകേൾക്കവെ എന്റെ തലപെരുക്കാൻ തുടങ്ങി. മുനീറും അവളുടെ ഭർത്താവ് കാമിലും ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഉറുംചിയിലെ കൂട്ട അറസ്റ്റ് തുടങ്ങിയിട്ട് രണ്ടു മാസമായിരിക്കുന്നു. എങ്ങും ഭയമാണ്.

ഇൗ സാഹചര്യമായതിനാൽതന്നെ ഞങ്ങൾ സുഹൃത്തുക്കളും ബന്ധുക്കളും സ്ഥിരമായി പരസ്പരം കാണുകയോ മെസേജ് ചെയ്യുകയോ ചെയ്ത് വിവരങ്ങൾ കൈമാറുമായിരുന്നു. ആരെയും അറസ്റ്റിൽനിന്ന് രക്ഷിക്കാൻ ആർക്കും കഴിയില്ലെങ്കിലും ഒരുതരത്തിലും ആശ്വാസമായിരുന്നു ഇൗ അന്വേഷണങ്ങൾ. മുനീറും മർഹബയും ദിനേനയെന്നോണം ഫോണിൽ ബന്ധപ്പെടുന്നവരാണ്. ഇത്രയും ദിവസം മുനീറിന്റെ മൗനം തുടരുന്നുവെങ്കിൽ അതൊരു ദുർലക്ഷണം തന്നെ. ‘‘ഒരു മെസേജ് കൂടി അയച്ചുനോക്ക്. അവൾ പ്രതികരിച്ചാലോ’’ -ഞാൻ െവറുംവാക്ക് പറഞ്ഞു.

ഉടനെ മർഹബ ഫോണെടുത്തു: ‘‘സലാം മുനീറെ, നിനക്കെങ്ങനെ ഉണ്ട്. ഞാൻ കുറേ മെസേജുകൾ അയച്ചു. നീ മറുപടിയൊന്നും പറഞ്ഞില്ല. ഞങ്ങൾ ആശങ്കയിലാണ്. നീ അവിടെ ഉണ്ടെങ്കിൽ ദയവായി എന്തെങ്കിലും പറയൂ.’’

വൈകാതെ മുനീറിന്റെ ഒരു വോയ്സ് മെസേജ് എത്തി. ‘‘എന്തുണ്ട് മർഹബ. ഞാൻ ഇവിടെതന്നെയുണ്ട്.’’ -ശബ്ദത്തിൽ വിഷാദം തെളിഞ്ഞു.

‘‘കാമിൽ എവിടെ?’’ താഹിൽ ചോദിക്കുന്നു.

‘‘കാമിൽ ഇവിടെയില്ല.’’

‘‘എന്തുപറ്റി? അയാൾ പിന്നെയും പോയോ?’’

‘‘നമുക്ക് പിന്നെ സംസാരിക്കാം.’’ -മുനീർ സംസാരം മുറിച്ചു.

കാമിലും ഞാനും കാശ്ഗർ ഉയ്ഗൂർ സ്കൂൾ മുതലേ ഒന്നിച്ച് പഠിച്ച സുഹൃത്തുക്കളാണ്. പിന്നെ ബെയ്ജിങ്ങിലും ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. ലിംഗ്വിസ്റ്റിക്സിലും ഫിലോസഫിയിലുമാണ് അവന് താൽപര്യം. 2016ൽ അമേരിക്കയിലെ ഇൻഡ്യാന യൂനിവേഴ്സിറ്റിയിൽ വിസിറ്റിങ് സ്കോളറായി പോകാൻ ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് സ്റ്റൈപൻഡ് ലഭിച്ചിരുന്നു. മകൾ തുമാരിസും കാമിലിനൊപ്പം അവിടെ പഠിക്കാനായി പോയി. മുനീറും പിന്നീട് വിസിറ്റിങ് വിസയിൽ ഒരു മാസത്തിലേറെ ഇൻഡ്യാനയിലേക്ക് പോയിരുന്നു.

ഇനി ചൈനയിലേക്ക് മടങ്ങരുതെന്ന് മൂന്നുപേരും അമേരിക്കയിലായിരിക്കുേമ്പാൾ അവിടത്തെ സുഹൃത്തുക്കൾ നിർബന്ധിച്ചു. ഉയ്ഗൂർ മേഖലയിൽ സ്ഥിതി വഷളായിവരുന്നത് എല്ലാവർക്കും അറിയാം. ഞങ്ങൾ ഇടക്ക് അമേരിക്കയിൽ പോയപ്പോഴും കാമിൽ കുടുംബത്തെ അവിടെവെച്ച് കണ്ടിരുന്നു. ചൈനയിലേക്ക് മടങ്ങേണ്ടെന്ന് ഞാനും കാമിലിനോട് പറഞ്ഞു. പക്ഷേ, അന്ന് മർഹബ നിശ്ശബ്ദയായിരുന്നു.

പക്ഷേ, കാമിലിന് അത്ര എളുപ്പത്തിൽ തീരുമാനിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല അത്. ചൈനീസ് ഗവൺമെന്റിന് മുന്നിൽ രണ്ടു സുഹൃത്തുക്കളുടെ ജാമ്യത്തിലാണ് അമേരിക്കൻ യാത്രക്ക് കാമിലിന് അനുമതി കിട്ടിയത്. കാമിൽ തിരിച്ചുവന്നില്ലെങ്കിൽ അവരുടെ കാര്യം തീർന്നു. മരണം വരെ തുടരുന്ന കുറ്റബോധവുമായി ജീവിക്കാൻ കാമിൽ താൽപര്യപ്പെട്ടില്ല. അങ്ങനെ 2017 ഫെബ്രുവരിയിൽ കാമിലും കുടുംബവും മടങ്ങിവന്നു. തൊട്ടടുത്ത മാസം ഉറുംചിയിൽ കൂട്ട അറസ്റ്റ് ആരംഭിച്ചു.

അവർ തിരിച്ചുവന്ന ശേഷം ആ മേയിൽ ഞങ്ങളുടെ കുടുംബങ്ങൾ ഒന്നിച്ച് തുർപാനിലേക്ക് യാത്രപോയി. ആപ്രിക്കോട്ടുകൾ പറിക്കവെ ഉടനെ പിടികൂടപ്പെടുമെന്ന് ഭയക്കുന്നതായി കാമിൽ മെല്ലെ പറഞ്ഞു. അമേരിക്കൻ യാത്രക്ക് വർഷങ്ങൾക്കുമുമ്പ് തുർക്കിയിലേക്കും കാമിൽ പോയിട്ടുണ്ട്. പലതുകൊണ്ടും പൊലീസ് കാമിലിനെ സംശയത്തോടെയാണ് കാണുന്നത്. അമേരിക്കയിലേക്ക് പോകുംമുമ്പും വന്നതിന് ശേഷവും രഹസ്യപ്പൊലീസ് അയാളെ സന്ദർശിച്ചിരുന്നു.

എന്നു മാത്രമല്ല, തിരിച്ചെത്തിയ ഉടൻ കാമിലിന്റെ പാസ്പോർട്ട് അയാളുടെ ഒാഫിസ് അധികൃതർ കണ്ടുകെട്ടുകയും ചെയ്തിരിക്കുന്നു. അതിനാൽതന്നെ സദാ ഭയത്തിലാണ് കാമിൽ കഴിയുന്നത്. അമേരിക്കയിൽനിന്ന് മടങ്ങിയതിന് ഖേദിക്കണോ എന്ന് കാമിലിന് നിശ്ചയമില്ല. പക്ഷേ, ഇനി ഇവിടെനിന്ന് ഒരു മടക്കമില്ല എന്ന് അയാൾക്ക് ഉറപ്പാണ്.

ഇൗ കാരണങ്ങൾകൊണ്ടോ അതോ നമുക്കറിയാത്ത മറ്റെെന്തങ്കിലും വിഷയത്തിലാണോ എന്നറിയില്ല യു.എസിൽനിന്ന് മടങ്ങിയശേഷം കാമിലും മുനീറും നല്ല രസത്തിലല്ല. ഇരുവരും നിരന്തരം വഴക്കടിച്ചുകൊണ്ടേയിരുന്നു. ഇടക്ക് വഴക്കുണ്ടാകുേമ്പാൾ കാമിൽ മാറിനിൽക്കാറൊക്കെയുണ്ട്. അതാണ് േഫാണിൽ ബന്ധപ്പെടുേമ്പാൾ കാമിൽ പിന്നെയും പോയോ എന്ന് മർഹബ ചോദിച്ചത്. എന്തായാലും മുനീറിനെ േപായി കാണാമെന്നുതന്നെ ഞങ്ങൾ ഉറപ്പിച്ചു.

അടുത്തദിവസം ഫ്ലാറ്റിലെത്തുേമ്പാൾ ക്ഷീണിതമായ മുഖത്തോടെ മുനീർ സ്വീകരിച്ചു. അവളുടെ ആധി സംസാരത്തിൽ പ്രകടമായി. ‘‘കാമിൽ ഇവിടെ ഇല്ലേ’’ -എന്റെ ചോദ്യം കേട്ടയുടൻ മുനീർ ചൂണ്ടുവിരൽ ചുണ്ടിലേക്ക് ചേർത്തുവെച്ചു. പിന്നെ, സീലിങ്ങിലേക്ക് വിരൽചൂണ്ടി. സൂചന വ്യക്തമായിരുന്നു. കാമിലിനെ കുറിച്ച് മിണ്ടരുത്, ഫ്ലാറ്റിൽ എന്തോ ലിസണിങ് ഡിവൈസ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഭയക്കുന്നു. സാഹചര്യത്തിന്റെ ഗൗരവം ഞാനും മർഹബയും ഉടൻ തിരിച്ചറിഞ്ഞു.

‘‘നമുക്ക് മുറ്റത്തേക്ക് പോകാം’’ -മുനീർ പറഞ്ഞു. അപ്പാർട്മെന്റ് കോംപ്ലക്സിന് മുന്നിലെ ചെറിയ പാർക്കിലെ ബെഞ്ചുകളിൽ ചില ഉയ്ഗൂർ വനിതകൾ ഇരിപ്പുണ്ട്. അവരെ ഒഴിവാക്കി കുറച്ചകലെയുള്ള ഒരു ബെഞ്ചിലേക്ക് മുനീർ ഞങ്ങളെ നയിച്ചു. ഇരുന്നയുടൻ അവൾ പൊട്ടിക്കരയാൻ തുടങ്ങി. അതുകണ്ട് ഞങ്ങളുടെ ഹൃദയം തകർന്നു. എന്തു പറയണമെന്നറിയാതെ ഒരുനിമിഷം തളർന്നു പോയി. മിനിറ്റുകൾക്കുശേഷം മുനീർ കണ്ണുകൾ തുടച്ച് താഴ്ന്ന ശബ്ദത്തിൽ പറയാൻ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഭക്ഷണം തയാറാക്കിയ ശേഷം കാമിലിന് മുനീർ ടെക്സ്റ്റ് മെസേജ് അയച്ചു. ‘‘ഭക്ഷണം റെഡിയാണ്.’’

അപ്പാർട്മെന്റിന് തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിലാണ് കാമിലിന്റെ ഒാഫിസ്. ഒറ്റ മിനിറ്റിൽ വരാമെന്ന മറുപടി ഉടൻവന്നു. അര മണിക്കൂർ കഴിഞ്ഞിട്ടും ആളെ കാണുന്നില്ല. ‘‘ഭക്ഷണം തണുക്കുന്നു. എവിടെയാണ്’’ -വീണ്ടും മുനീറിന്റെ മെസേജ്. ‘‘നിങ്ങൾ കഴിച്ചോളൂ. ഞാൻ പിന്നെ കഴിക്കാം.’’ ഇത്തവണ ചൈനീസ് ഭാഷയിലാണ് ടെക്സ്റ്റ്. സാധാരണ കാമിൽ ഉയ്ഗൂറിലാണ് മെസേജ് അയക്കുക. അര മണിക്കൂർകൂടി കഴിഞ്ഞുപോയി. മുനീറിന് ആധിയായി. ‘‘നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ. എന്താ ഇതുവരെ വരാത്തത്?’’ ഇത്തവണ കാമിലിന്റെ മറുപടിയൊന്നും വന്നില്ല. പരിഭ്രാന്തയായ മുനീർ ഫ്ലാറ്റിൽനിന്നിറങ്ങി കാമിലിന്റെ ഒാഫിസിലേക്ക് നടന്നു. അവിടെ ജനാലകൾ ഇരുട്ടിലാണ്. അവിടെനിന്ന് കാമിലിനെ വിളിച്ചു.

േഫാൺ എടുക്കുന്നില്ല. കാമിലിനൊപ്പം ജോലിചെയ്യുന്ന ഗാലിപിെന വിളിച്ചു. നേരിട്ട് കാണാമെന്നായി ഗാലിപ്. അടുത്തുതന്നെയാണ് ഗാലിപിന്റെ അപ്പാർട്മെന്റ്. മുനീർ അവിടേക്ക് നടന്നു. സംഭവമെല്ലാം ഗാലിപ് വിശദീകരിച്ചു. കാമിലും ഗാലിപും സഹപ്രവർത്തകനും എസ്കറും ഒാഫിസിൽ പണിയിലായിരിക്കുേമ്പാൾ നാലു മണിയോടെ കാമിലിന് ഒരു കോൾ വന്നു. സംസാരം തീരുേമ്പാൾ കാമിൽ വിളറിവെളുത്തിരുന്നു. പരിഭ്രാന്തനായി, ഒന്നും പറയാതെ അയാൾ ഒാഫിസിൽനിന്ന് പുറത്തേക്കു പോയി. എന്തോ പന്തികേട് മണത്ത ഗാലിപും എസ്കറും ജനാലവഴി താഴേക്ക് നോക്കുേമ്പാൾ മൂന്നു പേർ കാമിലിനെ ഒരു കാറിൽ കയറ്റി കൊണ്ടുേപാകുന്നതാണ് കണ്ടത്. അത് മഫ്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് ഉറപ്പ്.

തിരികെ വീട്ടിലേക്ക് വരുന്ന വഴി കാമിലിന്റെ ഫോണിൽ മുനീർ വീണ്ടും വിളിച്ചു. മറുപടിയില്ല. ടെക്സ്റ്റ് ചെയ്തു. അപ്പോൾ മറുപടി വന്നു. ‘‘കുഴപ്പമൊന്നുമില്ല. പൊലീസിന് ചില കാര്യങ്ങൾ അറിയാനുണ്ട്. കഴിഞ്ഞാലുടൻ വരാം.’’ അതോടെ മെസേജുകളും അവസാനിച്ചു. രണ്ടു ദിവസത്തിനുശേഷം മൂന്നു പൊലീസ് ഒാഫിസർമാർ കാമിലിനെ വീട്ടിൽ കൊണ്ടുവന്നു. പുറത്തുേപായി നിൽക്കാൻ അവർ മുനീറിനോട് കൽപിച്ചു. കാമിലുമൊത്ത് അവർ ഫ്ലാറ്റിനുള്ളിൽ കയറിപ്പോയി. രണ്ടു മണിക്കൂറിനുശേഷം കാമിലിന്റെ ലാപ്ടോപ്പുമായി അവർ പുറത്തുവന്നു.

ഒന്നും മിണ്ടാതെ കാമിലിനെയുംകൊണ്ട് കാറിൽ കയറിപ്പോയി. മുനീർ ഫ്ലാറ്റിൽ തിരിച്ചുകയറുേമ്പാൾ എല്ലാം വാരിവലിച്ചിട്ടിരിക്കുകയാണ്. അലമാരയും മേശയും സോഫയും എല്ലാം തകിടംമറിഞ്ഞുകിടക്കുന്നു. മെത്തകൾ കട്ടിലിൽനിന്ന് വലിച്ചിട്ടിരിക്കുന്നു. കാമിലിന്റെ പുസ്തകങ്ങളും പേപ്പറുകളും നിലത്ത് കിടക്കുന്നു. എന്താണ് അവർ തെരഞ്ഞതെന്ന് ഒരു ധാരണയുമില്ല. അടുത്തദിവസം കാമിലിന്റെ ഒരു മെസേജ് വന്നു.

‘‘അവരെന്നെ കാശ്ഗറിലേക്ക് കൊണ്ടുപോകാൻ പോകുന്നു. ദയവായി കുറച്ച് വസ്ത്രങ്ങൾ കൊണ്ടുതരുമോ? -ചൈനീസിലാണ് മെസേജ്. ഒരു മണിക്കൂറിനുള്ളിൽ വസ്ത്രങ്ങളുമായി ഉറുംചിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോയുടെ ഒാഫിസിലെത്തണം. വേറെ എന്തെങ്കിലും വേണമോ എന്ന് മുനീർ ടെക്സ്റ്റ് ചെയ്തു. പ്രതികരണമില്ല.

പറഞ്ഞതുപോലെ വസ്ത്രങ്ങളുമായി മുനീർ ഒാഫിസിലെത്തി. ഒാഫിസിനുള്ളിൽ മുനീറിനെ കണ്ടയുടൻ കാമിൽ കരയാൻ തുടങ്ങി. അയാൾക്കൊന്നും പറയാനായില്ല. കാര്യങ്ങളെല്ലാം സർക്കാർ പരിഹരിക്കുമെന്നും അതുവരെ കാമിലിനെ കുറിച്ച് അ​ന്വേഷിക്കരുതെന്നും ഒരു ഉദ്യോഗസ്ഥൻ വന്നുപറഞ്ഞു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അങ്ങോട്ടുവിളിക്കുമെന്നും അയാൾ കൂട്ടിച്ചേർത്തു. അതോടെ, കാമിലുമായുള്ള സകല ബന്ധവും വിച്ഛേദിക്കപ്പെട്ടു.

കാമിലിന് പിന്നീട് എന്തുസംഭവിച്ചുവെന്ന് മുനീറിന് അറിയില്ല. മുനീർ സംസാരിക്കുേമ്പാൾ മുതുകിൽ വിയർപ്പുകണങ്ങൾ രൂപപ്പെടുന്നതായി എനിക്ക് തോന്നി. മർഹബ എല്ലാംേകട്ട് വിളറിയിരിക്കുന്നു. എന്തുപറയണമെന്നറിയാതെ ഞങ്ങളിരുന്നു. കാമിലിന് സംഭവിച്ചത് ആരോടും പറയരുതെന്ന് പോകാനിറങ്ങുേമ്പാൾ മുനീർ പറഞ്ഞു. ആരെങ്കിലും അറസ്റ്റിലാകുകയോ വീട് റെയ്ഡ് ചെയ്യുകയോ ചെയ്താൽ പിന്നെ സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളോപോലും അവരെ അകറ്റിനിർത്തും. ആരും പിന്നെ മിണ്ടുകപോലുമില്ല. എല്ലാവർക്കും അവരവരുടെ സുരക്ഷയാണ് മുഖ്യം. തിരികെ മടങ്ങുേമ്പാൾ ഇരുളാൻ തുടങ്ങിയിരുന്നു. ആ യാത്രയിൽ പിന്നീട് ഞങ്ങൾ നിശ്ശബ്ദരായിരുന്നു.

 

അന്ന് രാത്രി കുട്ടികൾ ഉറങ്ങിക്കഴിഞ്ഞ ശേഷം തണുപ്പുകാലത്ത് ഞാൻ ഉപ​േയാഗിക്കുന്ന ഒരു ജോടി ഷൂസ് കപ്ബോർഡിൽനിന്നെടുത്ത് വാതിലിന് പിന്നിലായി വെച്ചു. കിടപ്പുമുറിയുടെ അലമാര ശബ്ദമുണ്ടാക്കാതെ തുറന്ന് ശൈത്യകാല വസ്ത്രങ്ങളും ഒരു ജോടി ജീൻസും സ്വെറ്ററും കോട്ടും എടുത്തു. കോട്ടിന്റെ പോക്കറ്റിൽ ചെറിയൊരു ടവൽ തിരുകി. മെത്തയിൽ വെച്ച് ഇതെല്ലാം ഭംഗിയായി അടുക്കിക്കൊണ്ടിരിക്കുേമ്പാൾ അടുക്കളപ്പണി കഴിഞ്ഞ് മർഹബ എത്തി. അതിശയത്തോടെ അവളെന്നെ നോക്കി. ‘‘എന്താണീ ചെയ്യുന്നത്?’’

‘‘ഞാൻ ഒരുങ്ങുകയാണ്. ഒരുപക്ഷേ...’’

‘‘എന്തിന്?’’

‘‘എന്നെ തേടിയും അവർ വരും. അവരെന്നെ കൊണ്ടുപോകുേമ്പാൾ നന്നായി വസ്ത്രം ധരിച്ചിരിക്കണം.’’

‘‘കാമിലിന് അങ്ങനെ സംഭവിച്ചതുകൊണ്ടാണോ?’’

‘‘അങ്ങനെയും സംഭവിക്കാം. മറ്റെന്തെങ്കിലും കാരണത്താലും സംഭവിക്കാം. എന്തോ എനിക്കൊരു ഉൾവിളി.’’

‘‘ഇങ്ങനെ സ്വയം ആകുലപ്പെടല്ലേ. നിങ്ങൾക്കൊന്നും വരില്ല.’’

‘‘ഇൗ പറയുന്നത് നീ തന്നെ വിശ്വസിക്കുന്നില്ല എന്ന് നിനക്കറിയാം. ഇൗ മാസങ്ങളിലും, ഇൗ ദിനങ്ങളിലും ആർക്കും എന്തും സംഭവിക്കാം.’’ വസ്ത്രങ്ങൾ മടക്കിക്കൊണ്ട് ഞാൻ കൂട്ടിച്ചേർത്തു. എനിക്കൊപ്പം 20 വർഷം മുമ്പ് ലേബർ ക്യാമ്പിലുണ്ടായിരുന്ന എല്ലാവരും ഇപ്പോൾ അറസ്റ്റിലായി കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ േപാലെ ഇതിന് മുെമ്പാന്നും ഞാൻ ഭയന്നിട്ടില്ല.’’

മടക്കിവെച്ച വസ്ത്രങ്ങളിലേക്ക് അവൾ വിഷാദത്തോടെ നോക്കിനിന്നു. ‘‘ആ കറുത്ത െസ്വറ്റർകൂടി എടുക്കാമായിരുന്നു. അതിൽ കൂടുതൽ ചൂട് കിട്ടും.’’

‘‘അതിന് കനം കൂടുതലാണ്. ഇൗ ജൂലൈയിൽ ഇത്രയും കനമുള്ളത് വേണ്ട’’ -ഞാൻ തമാശ പറഞ്ഞു. അടുക്കിയ തുണികളൊക്കെ കട്ടിലിന്റെ ഒരുവശത്ത് കൂട്ടിവെച്ചു.

കൂട്ട അറസ്റ്റ് തുടങ്ങിയതു മുതൽ ഒരു ഫോൺകോളിൽ വിളിച്ചുവരുത്തിയോ പൊടുന്നനെ വീട്ടിലും ഒാഫിസിലും എത്തിയും ആൾക്കാരെ കൊണ്ടുപോകുന്നതാണ് പതിവ്. ബുദ്ധിജീവികളെ അർധരാത്രികളിലാണ് വീട്ടിൽനിന്ന് പിടിക്കുന്നത്. അറിഞ്ഞതുപ്രകാരമാണെങ്കിൽ പാതിരക്ക് പൊലീസ് സംഘം വാതിലിൽ മുട്ടും. വാതിൽ തുറന്നാലുടൻതന്നെ ലിസ്റ്റിലുള്ള പേരാണോ എന്ന് ഉറപ്പാക്കും. ഉടൻതന്നെ വിലങ്ങുവെച്ച് കൊണ്ടുപോകും. വസ്ത്രം മാറാൻപോലും അനുവദിക്കില്ല. അപ്പോൾ എന്താണ് ഇട്ടിരിക്കുന്നത് അതുമായി പോകണം. ചിലരെ വീട്ടുപാന്റുകൾ ധരിച്ചനിലയിൽപോലും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പിന്നീട് എന്താണ് നടക്കുകയെന്ന് എല്ലാവർക്കും അറിയാം. നേരെ ജയിൽ സെല്ലിലോ സ്റ്റേഷൻ ലോക്കപ്പിലോ അടക്കും. അവിടെ ഉയരമേറിയ മച്ചും നാലു കനത്ത മതിലുകളും എല്ലാ മൂലയിലും കാമറയും ഇരുമ്പുവാതിലും കൊടും തണുപ്പുള്ള തറയുമാകും നിങ്ങളെ കാത്തിരിക്കുക. ചൂട് തോന്നിയാൽ ഷർട്ടൂരി വിയർപ്പ് മാറ്റാം. തണുപ്പ് വന്നാൽ ഒന്നും ചെയ്യാനില്ല. കൊടുംതണുപ്പിൽ വിറച്ചുകിടക്കുകതന്നെ.

അതുകൊണ്ടുതന്നെ, രാത്രികളിൽ ആരെങ്കിലും വാതിലിൽ മുട്ടിയാൽ ഇൗ ഷൂസും കമ്പിളിവസ്ത്രവും ധരിച്ചശേഷം മാത്രമേ വാതിൽ തുറക്കൂവെന്ന് ഞാനുറപ്പിച്ചിട്ടുണ്ട്. കാമിലിനെ അറസ്റ്റ് ചെയ്തത് പകലാണെങ്കിലും എന്നെത്തേടി അവർ രാത്രിയാകും എത്തുകയെന്ന തോന്നൽ എന്തുകൊണ്ടോ എനിക്കുണ്ട്.

ആ രാത്രിയിൽ ഞാനും മർഹബയും നിശ്ശബ്ദരായി. പരസ്പരം പുറംതിരിഞ്ഞ് ഞങ്ങൾ കട്ടിലിൽ കിടന്നു. കുറച്ചുകഴിഞ്ഞ് അവൾ ചോദിച്ചു: ‘‘കാമിലിനെ എന്തുകൊണ്ടാകും അറസ്റ്റ് ചെയ്തതെന്നാണ് നിങ്ങൾക്ക് തോന്നുന്നത്?’’

‘‘ഞാനും അതാണ് ആലോചിക്കുന്നത്. എനിക്കൊന്നും തോന്നുന്നില്ല. ഒരുപക്ഷേ, കാമിലിനുപോലും അറിയുന്നുണ്ടാകില്ല.’’ ഞങ്ങൾ വീണ്ടും മൗനത്തിലേക്ക് മുങ്ങി. ലൈറ്റുകൾ ഒാഫാക്കി. ‘‘ഞാൻ നിന്നോട് ഒരു കാര്യം പറയാൻ പോകുകയാണ്. അത് ചെയ്യുമെന്ന് നീ ഉറപ്പുതരണം’’ -അൽപനേരം കഴിഞ്ഞ് ഞാൻ മന്ത്രിച്ചു.

‘‘എന്താണത്... ആദ്യം കാര്യം പറയൂ.’’

‘‘ഞാൻ സീരിയസ് ആണ്. ആദ്യം വാക്കു തരൂ.’’

‘‘ശരി’’ -മർഹബ പറഞ്ഞു.

‘‘അവരെന്നെ അറസ്റ്റ് ചെയ്താൽ നീ സ്വയം നിയന്ത്രിക്കണം. എന്നെക്കുറിച്ച് അന്വേഷിക്കാൻ പോകരുത്. സഹായംതേടി അലയരുത്. എന്നെ പുറത്തിറക്കാനായി വെറുതെ പണം കളയരുത്. മുമ്പത്തെ പോലെയല്ല ഇപ്പോഴത്തെ സംഭവങ്ങൾ. കൂടുതൽ ഇരുണ്ടതെന്തോ അവർ പദ്ധതിയിടുകയാണ്. ഇത്തവണ അറസ്റ്റ് ചെയ്യുന്നവരുടെ കുടുംബങ്ങളെ പോലും അറിയിക്കുന്നില്ല.

അതുകൊണ്ട് തന്നെ നീ പോയി കുഴപ്പത്തിൽ ചാടരുത്. കുടുംബകാര്യങ്ങൾ നേരെ നടത്താൻ ശ്രമിക്കണം. മക്കളെ നന്നായി നോക്കണം. ഞാനിവിടെ ഉണ്ട് എന്ന മട്ടിൽതന്നെ എല്ലാം നടക്കണം. എനിക്ക് ജയിലിനെ ഭയമില്ല. ഞാൻ പോയിക്കഴിഞ്ഞാൽ നിനക്കും മക്കൾക്കും എന്തു സംഭവിക്കുമെന്നതാണ് എന്റെ ഭയം. ഞാനീ പറഞ്ഞതെല്ലാം നിന്റെ ഒാർമയിൽ ഉണ്ടാകണം.’’ -ഞാൻ നിർത്തി.

‘‘മരണത്തിലേക്ക് പോകുന്നതുപോലെ എന്തിനാണിങ്ങനെ പറയുന്നത്?’’ -മർഹബ അസ്വസ്ഥയായി.

‘‘എന്റെ ബാങ്ക് അക്കൗണ്ടുകളുടെ പിൻ നമ്പർ നിനക്ക് അറിയാമല്ലോ?’’- ഞാൻ കൂട്ടിച്ചേർത്തു.

മർഹബ വിതുമ്പാൻ തുടങ്ങി. കരയുന്നത് കാണാൻ ശേഷിയില്ലാതെ ഞാൻ തിരിഞ്ഞു. ആ ഇരുട്ടിൽ അവളുടെ ഏങ്ങലടികൾ മാത്രം.

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT