തലശ്ശേരി-പുൽപള്ളി കലാപത്തിനുശേഷം അറസ്​റ്റിലായ മന്ദാകിനി നാരായണൻ ​

പൊലീസുകാർക്ക്​ നടുവിൽ

മാ

മാ എന്നാൽ മന്ദാകിനി നാരായണൻ. രാഷ്ട്രീയ കേരളത്തിൽ ചരിത്രം സൃഷ്ടിച്ച സ്ത്രീകളിൽ മന്ദാകിനി നാരായണന്റെ പേര് അദ്വിതീയ സ്ഥാനത്താണ്. കേരളത്തെ പ്രകമ്പനം കൊള്ളിച്ച ആദ്യത്തെ നക്സലേറ്റ് സ്ത്രീ എന്നനിലക്കാണ് അവർ കേരള രാഷ്ട്രീയത്തിൽ ഇടപെടുന്നത്.

കുന്നിക്കൽ നാരായണന്റെ ജീവിതപങ്കാളിയോ അജിതയുടെ അമ്മയോ ആയല്ല, സ്വന്തമായി തീരുമാനമെടുക്കാൻ ശേഷിയുള്ള ഒരു സ്വാതന്ത്ര്യസമര സേനാനി എന്ന നിലക്കാണ് അവർ രാഷ്ട്രീയത്തിൽ എത്തുന്നത്. ഗുജറാത്തിൽ നിന്നും ഒഴുകിയെത്തി മലയാളി ജീവിതത്തിന് വളമായി മാറിയ സ്ത്രീജീവിതങ്ങളിൽ മന്ദാകിനി നാരായണൻ എന്ന പേര് ഒരു പ്രധാന അധ്യായമാണ്.

81 വർഷം നീണ്ട ആയുസ്സിൽ വളരെ ചെറിയ ഒരു കാലയളവിൽ മാത്രമാണ് മാ നക്സലേറ്റ് ആയിരുന്നിട്ടുള്ളത്. 1968 കാലത്തിന്റെ ചൂടിലാണ് അത് സംഭവിച്ചത് . എന്നാൽ, അതിന് മുമ്പും പിമ്പുമുള്ള ജീവിതം ആ ഹ്രസ്വകാലത്തിന്റെ പേരിൽ റദ്ദാക്കപ്പെടാൻ പോന്നതല്ല. 1942ൽ വിദ്യാർഥിയായിരിക്കെ അവർ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ബോംബെ എൽഫിൻസ്റ്റൻ കോളേൽ സ്റ്റുഡന്റ് ഫെഡറേഷൻ പ്രവർത്തകയായിരുന്നു. കമ്യൂണിസ്റ്റുകാരിയായതുകൊണ്ട് അച്ഛന്റെ മരണത്തെ തുടർന്ന് റവന്യൂ വകുപ്പിൽ കിട്ടിയ ജോലിയിൽനിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം ‘ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂനിയ’ന്റെ പ്രവർത്തകയായിരുന്നു.

 

ഡോ. ​ജെ. ഗീ​ത

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകയായിരിക്കുമ്പോഴാണ് അക്കാലത്ത് ബോംബെയിൽ കമ്യൂണിസ്റ്റുകാരനായി പ്രവർത്തിച്ചുപോന്നിരുന്ന കുന്നിക്കൽ നാരായണനുമായി പരിചയപ്പെടുന്നതും 1949ൽ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതും. അജിതയുടെ ജനനശേഷമാണ് കോഴിക്കോട്ട് കുന്നിക്കൽ തറവാട്ടിൽ ജീവിതം തുടങ്ങുന്നത്. 1950 മുതൽ 1968 വരെ കോഴിക്കോട്ടെ ഗുജറാത്തി സ്കൂളിൽ അധ്യാപികയും പിന്നീട് പ്രധാനാധ്യാപികയുമായിരുന്നു. 1968 ൽ ‘നക്സൽബാരി’ വന്നു വിളിച്ചതാണ് അവരുടെ ജീവിതത്തിലെ വഴിത്തിരിവ്. തുടർന്ന് പുൽപള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്ന് ജയിലിലടക്കപ്പെടുകയും ‘നക്സലേറ്റ്’ എന്ന സ്ഥാനപ്പേരിൽ പ്രശസ്തയാവുകയും ചെയ്തു.

1968ന്റെ പ്രത്യേകത, അത് ലോകം മുഴുവനും പഴമയെ ധിക്കരിച്ച് വേറിട്ട പാതയിലൂടെ നടക്കാൻ വെമ്പൽപൂണ്ട വർഷമാണ് എന്നതാണ്. വിയറ്റ്നാം യുദ്ധത്തിന്റെ പേരിൽ ലോകമെങ്ങും അമേരിക്കക്കെതിരായ യുദ്ധവിരുദ്ധ വികാരം കത്തിയാളിയ കാലം. 1968ലാണ് ചെക്കോ​േസ്ലാവാക്യയിൽ സോവിയറ്റ് ആധിപത്യത്തിനെതിരെ പ്രാഗ് വസന്ത കലാപവും തുടർന്ന് സോവിയറ്റ് ആക്രമണവും ഉണ്ടാകുന്നത്. പോളണ്ടിലും യൂഗോസ്ലാവിയയിലും അതിന് തുടർചലനങ്ങളുണ്ടായി. യൂറോപ്പിലാകെ നവീന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ( New left movements ) ഉയിർത്തെഴുന്നേൽപിന് അത് നിമിത്തമായി.

ഫെമിനിസങ്ങൾ ശക്തിയാർജിച്ചു. ഫ്രാൻസിലെ വിദ്യാർഥി കലാപവും പൊതു പണിമുടക്കും ലോകത്തെ പിടിച്ചുകുലുക്കി. അമേരിക്കയിൽ കറുത്തവർഗക്കാരുടെ മുന്നേറ്റത്തിന്റെ പ്രതീകമായ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെയും ക്യൂബൻ വിപ്ലവത്തിലൂടെ ഇടതുപക്ഷത്തിന്റെ മുഖമായി ഉയർന്ന ചെ ഗുവേരയുടെയും കൊലപാതകങ്ങൾ ലാറ്റിനമേരിക്കയെ പ്രക്ഷുബ്ധമാക്കി. ചൈനയിൽ സ്വന്തം പാർട്ടിയിലെ തന്നെ മുതലാളിത്ത പാതക്കാർക്കെതിരെ മാവോ സെ തുങ്ങിന്റെ തന്നെ നേതൃത്വത്തിൽ 1966ൽ തുടക്കമിട്ട സാംസ്കാരിക വിപ്ലവം ലോകം മുഴുക്കെ ശ്രദ്ധിക്കപ്പെടുന്നതും 1968ലാണ്. അറുപതുകളിൽ കത്തിപ്പടർന്ന ആ ആഗോള പ്രതിരോധ പ്രതിഷേധ പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിലെ നക്സലേറ്റ് പ്രസ്ഥാനത്തിന്റെ 1968ലെ ഇടപെടലുകളെ കാണാം.

‘ചൈനീസ് ചെയർമാൻ നമ്മുടെ ചെയർമാൻ’ എന്ന ആഗോള വിപ്ലവസങ്കൽപം അക്കാലത്ത് മാത്രം സാധ്യമായ ഒരു പ്രത്യയശാസ്ത്ര ധാരണയാണ്. എൺപതുകളിൽ സോവിയറ്റ് യൂനിയൻ ഒരു സോഷ്യൽ സാമ്രാജ്യത്വമാണെന്നും ഡെങ്ങിന്റെ ചൈന മുതലാളിത്ത പാതയിലുമാണെന്ന ധാരണയിലേക്ക് അന്നത്തെ നവീന ഇടതുപക്ഷം എത്തിച്ചേർന്നിരുന്നു.

കുറച്ചുപേർക്ക് അൽബേനിയയിലെ എൻവർ ഹോജ കുറച്ചുകാലം അവസാനത്തെ കമ്യൂണിസ്റ്റ് ആചാര്യനായിരുന്നു. എന്നാൽ അത് അധികം നീണ്ടുനിന്നില്ല. മാർക്സ്, ഏംഗൽസ്, ലെനിൻ, മാവോ എന്ന പരമ്പരയിൽനിന്നും വേറിട്ട് മുസോളിനിയുടെ ഫാഷിസ്റ്റ് ഇറ്റലിയിൽനിന്നും പരാജയപ്പെട്ട വിപ്ലവത്തിന്റെ ചാരത്തിൽനിന്നും അന്റോണിയോ ഗ്രാംഷി എൺപതുകളിൽ ഉയിർത്തെഴുന്നേറ്റു. ഭൂതകാലത്തിന്റെ പുനർവായന ഗ്രാംഷിയുടെ സാധ്യമാക്കിയ കാലമായിരുന്നു അത്.

ജനകീയ സാംസ്കാരിക വേദിക്കു ശേഷം 1982 ആദ്യം തുടക്കമിട്ട ‘ഉത്തരം’ കൂട്ടായ്മയിലും തുടർന്ന് രൂപംകൊണ്ട സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസിലും ചിങ്ങോലിയിലെ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിലുമൊന്നും ‘കുന്നിക്കൽ ഗ്രൂപ്പി’ലെ മന്ദാകിനി നാരായണനും അജിതയും യാക്കൂബും ഉണ്ടാകാതെ പോയതിന് പല കാരണങ്ങളുമുണ്ട്. ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കാൻ മാ അക്കാലത്ത് തയാറല്ലായിരുന്നു.

അജിതയുടെ കാര്യത്തിൽ സൊസൈറ്റിയിൽ തീരുമാനമുണ്ടായതുമില്ല. അജിതയെ പരിഗണിക്കാതെ യാക്കൂബിനെ എടുക്കുന്നത് ശരിയല്ല എന്ന അഭിപ്രായവുമുണ്ടായി. യാക്കൂബിനും ഷുഹൈബിനുമായിരുന്നു ‘കുന്നിക്കൽ’ ഗ്രൂപ്പിന്റെ പഴയ പ്രതിനിധികൾ എന്ന നിലയിൽ എല്ലാവരുമായി അടുത്ത ബന്ധമുണ്ടായിരുന്നത്.

 

അ​ജി​ത​യു​ടെ ‘ഓ​ർ​മ​ക്ക​ുറി​പ്പു​ക​ൾ’, അ​ജി​ത​യു​ടെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ -തു​ട​ർ പു​സ്ത​കം, മ​ന്ദാ​കി​നി നാ​രാ​യ​ണ​ന്റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ

1979 ആഗസ്റ്റ് 25നായിരുന്നു കുന്നിക്കൽ നാരായണന്റെ മരണം. തുടർന്നുള്ള മാ യുടെ ജീവിതത്തിലെ വെളിച്ചമായിരുന്നു യാക്കൂബും ഷുഹൈബും. യാക്കൂബിനെ അജിത ജീവിതപങ്കാളിയായി തിരഞ്ഞെടുത്തു. ഫ്രാൻസിസ് റോഡിലെ കുന്നിക്കൽ തറവാട്ടിലെ ഒരു സംഭവം തന്നെയായിരുന്നു അജിതയുടെയും യാക്കൂബിന്റെയും വിവാഹം. 1981 നവംബർ 25നായിരുന്നു അത്. കോഴിക്കോട്ടെ ബോധി ബുക്സിന്റെ ആലോചനകളിൽ മാ യും അജിതയും യാക്കൂബും ഒക്കെ തുടക്കംമുതൽ ഭാഗഭാക്കായിരുന്നു. രണ്ടാം ഗേറ്റിനടുത്തുള്ള ജോയ് മാത്യുവിന്റെ അച്ഛന്റെ, ഒന്നാം നിലയിലുള്ള ടയർ ഗോഡൗൺ ബോധി ബുക്സിനായി തരാമെന്ന് സമ്മതിച്ചതുകൊണ്ട് മാത്രം ഒരു ലെന്റിങ് ലൈബ്രറി തുടങ്ങാനാവുമായിരുന്നില്ല.

മാ ഗുജറാത്തി സ്കൂളിൽനിന്നും റിട്ടയർ ചെയ്തപ്പോൾ കിട്ടിയ തുകയിൽനിന്നും 15,000 രൂപ തരാൻ തീരുമാനിച്ചതാണ് ‘ബോധി ബുക്സി’നെ യാഥാർഥ്യമാക്കിയത്. അജിതയുടെ ജീവിതപങ്കാളി എന്നതിനേക്കാൾ മാ യുടെ അന്നത്തെ ഏറ്റവും പ്രിയപ്പെട്ട സഖാവ് ടി.പി. യാക്കൂബിന് ഒരു ജീവിതമാർഗം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യംകൂടി മാ ക്ക് ഉണ്ടായിരുന്നു. ബോധി ടീമിന് അക്കാലത്ത് ചിന്തിക്കാൻ പറ്റാത്തത്ര വലിയ തുകയായിരുന്നു. ബോധി ലെന്റിങ് ലൈബ്രറിയിലെത്തിയ ഏറ്റവും വലിയ പുസ്തകശേഖരം കുന്നിക്കൽ തറവാട്ടിലെ മാ യുടെയും കുന്നിക്കലിന്റെയും പുസ്തകശേഖരമായിരുന്നു. അത്യപൂർവമായ ആ ശേഖരത്തിന് നല്ല വായനക്കാരുമുണ്ടായിരുന്നു.

കുന്നിക്കൽ തറവാട് വിറ്റശേഷം കുറച്ചുകാലം കഴിഞ്ഞ് 1983 ലാണ് മെഡിക്കൽ കോളജിനടുത്ത് ചേവായൂരിൽ സ്വന്തം വീട് പണിയുന്നത്. ഹരിതകം. സ്വയം നിർമിത ഗൃഹനിർമാണ വിദഗ്ധനും അടിയന്തരാവസ്ഥയിൽ കക്കയം ക്യാമ്പിൽ കൊടിയ മർദനത്തിന് വിധേയമാവുകയുംചെയ്ത ശംഭുവായിരുന്നു ആർക്കിടെക്ട്. ആ വീട് അക്കാലത്തെ സൗഹൃദങ്ങളുടെ ഒരു പൊതു ഇടമായിരുന്നു. സേതു, ഷുഹൈബ്, ബ്രഹ്മപുത്രൻ, സുരേഷ്, സുരേഷ്ബാബു, കൃഷ്ണകുമാർ, ജഗദീഷ്, അശോകൻ, കുരിയാക്കോസ്, ശംഭു... തൊണ്ണൂറുകളിൽ ഞങ്ങളോരോരുത്തരായി കല്യാണം കഴിച്ചതോടെ ഞങ്ങളുടെ ജീവിതപങ്കാളികളും ആ കൂട്ടായ്മയുടെ ഭാഗമായി. ദീദി, ഉഷ, സബിത, ജയ, മോഹന, സീയു, ഗീത, ട്രീസ... പിന്നെ മാ യുടെ സംഗീതഗുരു മുകുന്ദനുണ്ണി. ‘ഹരിതക’ത്തിലേക്കുള്ള റോഡിന്റെ പേര് പിന്നെ ‘മെയ് ഡേ റോഡ്’ എന്നായി.

‘ഹരിതക’ത്തിന്റെ എതിർവശത്തായിരുന്നു ഗുരുവായൂരപ്പൻ കോളജിലെ അധ്യാപകനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഡി.ഡി. നമ്പൂതിരിയുടെ വീട്. വളരെ പെട്ടെന്ന് തന്നെ മാ നാട്ടിൽ പ്രിയങ്കരിയായി. അജിതയുടെ അമ്മ ഞങ്ങളുടെയൊക്കെയും മാ ആയത് ആ കോഴിക്കോടൻ ഹരിതക സംവാദ കാലത്താണ്. മധു മാസ്റ്ററുടെ ‘അമ്മ’യിലെ ‘അമ്മ’യെപ്പോലെ മാ എല്ലാവർക്കും വിപ്ലവത്തിന്റെ അമ്മയായിരുന്നു. മാ ക്കും മാ യുടെ കൂട്ടുകാർക്കും തമ്മിൽ തലമുറകളുടെ ഒരു വിടവ് ഇല്ലായിരുന്നു.

അടിയന്തരാവസ്ഥക്ക് ശേഷമുള്ള തുറന്നുപറച്ചിലുകളിൽ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് അജിതയുടെ ‘ഓർമക്കുറിപ്പുകൾ’. 1977- 79 കാലത്താണ് അത് കലാകൗമുദിയിലൂടെ ചരിത്രം സൃഷ്ടിച്ച ഓർമക്കുറിപ്പുകളായി മാറിയത്. എന്നാൽ, അന്ന് ഫെമിനിസം പിറന്നിട്ടില്ല. അജിതയുടെ ഓർമക്കുറിപ്പുകളിൽ ‘ഞാൻ’ എന്നത് ഒരു ഫെമിനിസ്റ്റായി പരിണമിച്ച സ്ത്രീയല്ല. അതെഴുതുന്നത് ഒരു നക്സലേറ്റ് തന്നെയാണ്. അതേസമയം ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത അനുഭവ പാരമ്പര്യമുള്ള മാ ആത്മകഥ എഴുതിയില്ല. മാ നിശ്ശബ്ദം ചരിത്രപരമായ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു.

 

ആ​ദ്യ ഫെ​മി​നി​സ്റ്റ് സം​ഗീ​തശി​ൽപ​ത്തി​ന്റെ സം​ഘാ​ട​ക​രാ​യ സാ​റാ ജോ​സ​ഫും സു​മം​ഗ​ല ടീ​ച്ച​റും ദീ​ദി​ക്കും കൂ​ട്ടു​കാ​ർ​ക്കു​മൊ​പ്പം (ഫോ​ട്ടോ- പു​ഷ്പ ദാ​മോ​ദ​ര​ൻ)

1983ൽ ‘ഹരിതകം’ കാലം മുതൽക്കുള്ള മാ യുമായാണ് വ്യക്തിപരമായി ഞങ്ങൾക്കൊക്കെ അടുപ്പം. മലയാളി ഫെമിനിസത്തിന്റെ കൈവഴികളിൽ അജിതയേക്കാൾ മുമ്പേ പറന്നത് മാ ആയിരുന്നു. അടുത്ത കൂട്ടുകാരോടല്ലാതെ മാ സംസാരിക്കാറില്ലാത്തതുകൊണ്ട് പുറംലോകം ആ മാറ്റം അറിഞ്ഞില്ല എന്നു മാത്രം. 1983-86 എന്നത് മലയാളികൾക്കിടയിൽനിന്നുതന്നെ പൊട്ടിമുളച്ച പലതരം ഫെമിനിസത്തിലേക്കുള്ള പരിണാമ കാലമായിരുന്നു.

ആണുങ്ങളുടെ മാത്രം കമ്യൂൺ ആയിരുന്ന ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് കാലത്ത് ഫെമിനിസത്തിന്റെ ഒരു കൈവഴി ചിങ്ങോലിയിലും എത്തിയിരുന്നു. അതായിരുന്നു ഡോ. ജയശ്രീയും ഇന്ദിരയും. മൈത്രേയനും ജയശ്രീയും ഒന്നിച്ചു ജീവിച്ചുതുടങ്ങുന്നത് ചിങ്ങോലി കാലത്താണ്. അവരുടെ പ്രണയം പിറവിക്കൊപ്പംതന്നെ ദാമ്പത്യത്തെക്കുറിച്ചും സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ചുമൊക്കെയുള്ള തുറന്ന സംവാദമായാണ് വളർന്നുവന്നത്. അതിൽ ഞങ്ങളൊക്കെയും ഭാഗഭാക്കായിരുന്നു. ‘സൊസൈറ്റി’ കോഓഡിനേറ്റർമാരിലൊരാളായ ഭാസുരേന്ദ്ര ബാബുവിന്റെ ജീവിതപങ്കാളിയായ ഇന്ദിരയും ചിങ്ങോലിയിൽ എത്തുന്നുണ്ട്.

സാംസ്കാരിക വേദിയുടെ തുടക്കകാലത്ത് കണ്ണൂരിൽ ചൂതാട്ട വിരുദ്ധ സമരത്തിന്റെ പേരിൽ ചൂതാട്ട മാഫിയകളാൽ കൊല ചെയ്യപ്പെട്ട രക്തസാക്ഷി രമേശന്റെ മരണത്തിൽ പ്രതിഷേധിച്ച് നിയമസഭയുടെ സന്ദർശക ഗാലറിയിൽ പ്രകമ്പനം കൊള്ളിച്ച പ്രതിഷേധം സംഘടിപ്പിച്ച സ്ത്രീകളിൽ ഒരാളാണ് ഇന്ദിര. കോഴിക്കോട് മെഡിക്കൽ കോളജിലെ ജനകീയ വിചാരണയും അതേ ദിവസമായതുകൊണ്ട് അന്ന് ലോകം കൂടുതൽ ലഭിച്ചത് ജനകീയ വിചാരണയായിരുന്നു എന്ന് മാത്രം.

‘സ്ത്രീ സ്വാതന്ത്ര്യപ്രവർത്തനത്തിനൊരാമുഖം’ എന്ന ബാനറിൽ ‘‘സ്ത്രീകൾ സാമൂഹികമായും ലൈംഗികമായും അടിമകളാണോ’’ എന്ന് ഇന്ദിര എഴുതിയ പുസ്തകമാണ് മലയാളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് പുസ്തകം. തിരുവനന്തപുരത്തെ ആദ്യത്തെ ഫെമിനിസ്റ്റ് സംഘടനയായ ‘പ്രചോദന’യാണ് അതിറക്കിയത്. അതിനും മുമ്പ് പ്രചോദന പ്രവർത്തകർ തയാറാക്കിയ ഫെമിനിസത്തിന് ആമുഖം ഒരു ലഘുലേഖ ഇറക്കുന്നുണ്ട്. രണ്ടാമത്തെ പുസ്തകമാണ് ഇന്ദിരയുടേത്. 1984ലായിരിക്കണം അതിറങ്ങുന്നത്. ഡോ. ജയശ്രീ, ഇന്ദിര, ഗംഗ, ജെ. ഗീത എന്നിവരൊക്കെയായിരുന്നു പ്രചോദനയുടെ ഫെമിനിസ്റ്റ് കൂട്ടായ്മ.

ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടുള്ള കാലത്തു തന്നെ അതവിടെ ചർച്ചയാകുന്നുണ്ട്. ഫെമിനിസത്തെക്കുറിച്ചുള്ള എന്റെ ആദ്യ പാഠപുസ്തകം ഇന്ദിരയുടെ പുസ്തകമാണ്. അതിന്നും സൂക്ഷിക്കുന്നു. അതിന്റെ വക്താവ് ഭാസുരേന്ദ്ര ബാബുവിനേക്കാൾ മൈത്രേയനായിരുന്നു. ഫെമിനിസം ആണുങ്ങൾ കെട്ടിപ്പൊക്കിയ സകല അധികാര ഗോപുരങ്ങളും വലിച്ച് താഴെയിടുക തന്നെ ചെയ്യുമെന്ന് മൈത്രേയൻ പ്രഖ്യാപിച്ചിരുന്നു.

‘പ്രചോദന’യുടെ പ്രതിനിധിയായി അക്കാലത്ത് മൈത്രേയൻ മാ യെയും അജിതയെയും കാണാൻ കോഴിക്കോട്ട് വരുന്നത് ഓർമയുണ്ട്. അമ്മച്ഛന്റെ മരണശേഷം അമ്മമ്മയുടെയൊപ്പം ഞാൻ തിരുവണ്ണൂരിൽ താമസിക്കുന്ന കാലമായിരുന്നു അത്. മൈത്രേയൻ അവിടെയാണ് താമസിച്ചത്. വളരെ എളുപ്പമാണ് പരമഭക്തയായ അമ്മമ്മ മൈത്രേയന്റെ ആളായി മാറിയത്.

ഏത് സ്ത്രീകൾക്കും ഫെമിനിസം പറയേണ്ടപോലെ പറഞ്ഞാൽ മനസ്സിലാകും എന്നതിന് തെളിവായി അമ്മമ്മയെ തെളിവായി മൈത്രേയൻ ഉദാഹരിച്ചു. എന്നാൽ, മാ യുമായും അജിതയുമായുള്ള സംവാദത്തിൽ മൈത്രേയൻ കുറച്ച് ബുദ്ധിമുട്ടി എന്നാണ് തോന്നുന്നത്. പല കാര്യങ്ങളിലും മാ യും അജിതയും സൈദ്ധാന്തികമായി തന്നെ വിയോജിച്ചു. ഇന്ത്യൻ വിപ്ലവം അപ്പോഴും അവരുടെ സ്വപ്നങ്ങളിൽ ജ്വലിച്ചിരുന്നു.

മൈത്രേയനുമായുള്ള അക്കാലത്തെ ദീർഘസംവാദത്തിന്റെ ബാക്കിപത്രമെന്ന നിലക്കാണ് ഞാൻ ഫാസിലിന്റെ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയെക്കുറിച്ച് എനിക്ക് മനസ്സിലായ ഫെമിനിസ്റ്റ് ധാരണകൾ ​െവച്ച് ഒരു സാംസ്കാരിക പഠനം തയാറാക്കുന്നത്. സാംസ്കാരിക വിമർശനത്തിന്റെയും ഛിന്നവിജ്ഞാനീയത്തിന്റെയും ഉൾക്കാഴ്ചകൾ ചിന്തയിൽ സ്വീകരിച്ചിരുന്ന ചലച്ചിത്ര ചിന്തയിലെ എന്റെ ഗുരുക്കന്മാരായ ചിന്ത രവീന്ദ്രൻ, ടി.കെ. രാമചന്ദ്രൻ, നിസാർ അഹമ്മദ് എന്നിവരിൽ നിന്നും വേറിട്ട് ഫെമിനിസ്റ്റ് ധാരണകൾ ​െവച്ച് സിനിമയെ ചിന്തിക്കാൻ പ്രചോദനം നൽകിയത് മൈത്രേയനായിരുന്നു. ചർച്ചകൾ കോഴിക്കോട്ട് ബോധി ബുക്സിൽ ​െവച്ച് അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന കെ.സി. നാരായണനുമായും തുടർന്നു.

1984 ഫെബ്രുവരി ഒന്നിനാണ് ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ തിയറ്ററുകളിൽ ഇറങ്ങുന്നതെങ്കിലും പഠനം ചർച്ചകളും തുടർച്ചകളുമായി ആറ് മാസത്തിലധികം നീണ്ടിരുന്നു. അച്ചടിച്ചു വരാൻ പിന്നെയും മാസങ്ങൾ നീണ്ടു: 1985 മാർച്ച് 24 വരെ. അത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചിത്രശാലാ പംക്തിക്ക് പുറത്തേക്ക് വന്ന സിനിമയെക്കുറിച്ചുള്ള ആദ്യ സാംസ്കാരിക രാഷ്ട്രീയ വിശകലനമായിരുന്നു. അങ്ങനെയൊരു ഇടം ആഴ്ചപ്പതിപ്പിൽ സിനിമക്ക് ഇല്ലെന്നായിരുന്നു കെ.സിയുടെ ആദ്യ നിലപാട്. ഇല്ലെങ്കിൽ അത് ഉണ്ടാകേണ്ടതുണ്ട് എന്ന ദീർഘസംവാദത്തിന്റെ തുടർച്ചയായാണ് ആ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. ആലപ്പുഴ ചിങ്ങോലിയിലെ അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് കാലത്തായിരുന്നു അതച്ചടിച്ചു വന്നത്.

1985 ഡിസംബറിലാണ് അജിത ബോംബെയിൽ സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ രണ്ടാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നത്. സമ്മേളനം കഴിഞ്ഞ് എത്തിയ അജിത എന്ന ഫെമിനിസ്റ്റിന്റെ അനുഭവങ്ങൾ പങ്കുവെക്കപ്പെടുന്നതാണ് കോഴിക്കോടൻ ഫെമിനിസത്തിന്റെ പുതിയ അധ്യായം. അതാണ് ശരിക്കും ‘ബോധന’യുടെ പിറവിക്ക് മുന്നോടിയായുള്ള യാത്ര. അതേ തുടർന്ന് കോഴിക്കോട്ടെ ബോധി ലെന്റിങ് ലൈബ്രറിയിലെ സംവാദസന്ധ്യകളുടെയുമൊക്കെ അന്നത്തെ ആകത്തുകയായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാനെഴുതിയ ‘മാറ്റി​െവച്ച തലകൾ’ എന്ന ലേഖനം. 1986 ആഗസ്റ്റ് 10ന് ‘സ്ത്രീവാദം’ എന്ന സ്ട്രിപ് ഹെഡിങ്ങിട്ടാണ് കെ.സി. നാരായണൻ അതച്ചടിച്ചത്.

ഇനിയുള്ള കാലം ‘ഫെമിനിസ’ത്തിന്റേതാണ് എന്ന അജിതയുടെ പുതിയ ആത്മവിശ്വാസത്തോടുള്ള ‘ബോധി’യിലെ ആൺസൗഹൃദങ്ങളുടെ പ്രതികരണങ്ങളുടെ ഒരു പങ്കുവെപ്പ് അതിലുണ്ടായിരുന്നു. 1985 - 86-87 -കോഴിക്കോട്ട് ഫെമിനിസം രൂപമെടുത്ത വർഷങ്ങൾ ഇതാണ്.

‘ഗൃഹലക്ഷ്മി’യിലെ പേജ് കീറൽ പെൺവാണിഭ വിവാദമായതോടെയാണ് തിരുവനന്തപുരം ‘പ്രചോദന’യിൽനിന്നും ആദ്യം ജെ. ഗീതയും പിറകെ ഗംഗയും കോഴിക്കോട്ടെത്തുന്നത്. അജിത അപ്പോൾ ക്ലിന്റിനെ പ്രസവിച്ചിട്ട് അധിക കാലമായിട്ടില്ലാത്തതു കൊണ്ട് ഓടിനടക്കാനൊക്കെ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.

ഗീതയും ഗംഗയും ചേർന്ന് സംഭവം നടന്ന കൊയിലാണ്ടിയിലെ പെൺവാണിഭസംഘത്തെക്കുറിച്ച് അവിടെ ചെന്ന് സ്വതന്ത്രമായ അന്വേഷണം നടത്തി ഒരു റിപ്പോർട്ട് ഉണ്ടാക്കുന്നുണ്ട്. ‘ബോധന’ പേരിലാണത് നടക്കുന്നത്. പേജ് കീറിയതിന് ‘മാതൃഭൂമി’ക്ക് മുന്നിൽ നടത്തിയ ധർണ ‘ബോധന’യുടെ ആദ്യത്തെ പൊതു ഇടപെടൽതന്നെ ആയിരിക്കണം. തുടർന്ന് പെൺവാണിഭക്കാർക്കെതിരെ കൊയിലാണ്ടിയിൽ ​െവച്ച് ബോധനയുടെ ആദ്യ പ്രതിഷേധ പൊതുയോഗവും നടന്നു. എട്ടുമാസം പ്രായമായ ക്ലിന്റിനെ വീട്ടിൽ ​െവച്ച് അതിൽ പങ്കെടുക്കാൻ അജിത വളരെ ബുദ്ധിമുട്ടിയാണ് അവിടെ എത്തിച്ചേർന്നതെന്നും ഗംഗ ഓർക്കുന്നുണ്ട്. തുടർന്ന്, 1987 നവംബറിൽ കുഞ്ഞീബിയുടെ ലോക്കപ്പ് മരണം സൃഷ്ടിച്ച ആഘാതത്തോടുള്ള പ്രതികരണത്തിൽ കോഴിക്കോട് നഗരത്തിൽ ‘ബോധന’ ഒരു സംഭവമായി മാറി.

1990 ഡിസംബർ 28 മുതൽ 31 വരെ കോഴിക്കോട് ദേവഗിരി കോളജിൽ നടന്ന സ്ത്രീവിമോചന സംഘടനകളുടെ ദേശീയ സമ്മേളനം ‘ബോധന’യടക്കമുള്ള കേരളത്തിലെ എല്ലാ സ്ത്രീ വിമോചന സംഘടനകളുടെയും ഒരു വലിയ കൂട്ടായ്മയുടെ ചരിത്രമായിരുന്നു. അതൊരു നാഴികക്കല്ലായിരുന്നു. ഒപ്പം ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിക്കൊപ്പം നടന്ന ഗംഗ അതോടെ പ്രസ്ഥാനത്തിന്റെ പുറത്താവുകയും ചെയ്തു. അതേക്കുറിച്ച് ‘ഓർമയുടെ തീനാളങ്ങളിൽ’ അജിത അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഗംഗ ഇതുവരെയും പരസ്യമായി പ്രതികരിച്ചു കണ്ടിട്ടില്ല. സമ്മേളനം തകർക്കാൻ ഗംഗ സി.പി.എമ്മിന് വേണ്ടി ശ്രമിച്ചു എന്നാണ് ആരോപണമുയർന്നത്.

ഒപ്പം നടന്നവർക്കൊക്കെ അവിശ്വസനീയമായ ഒരന്ത്യമായിരുന്നു അത്. ഗംഗ അതോടെ ഫെമിനിസ്റ്റ് സർക്കിളുകളിൽനിന്നുതന്നെ എന്നെന്നേക്കുമായി അപ്രത്യക്ഷയായി. ‘ബോധന’ ഒരന്ത്യവും അതായിരുന്നു. ‘ബോധന’യുടെ പിറവിയുടെ വേളയിൽ ഗൃഹലക്ഷ്മിയുടെ പേജ് കീറൽ സംഭവത്തെ തുടർന്നുള്ള പ്രക്ഷോഭ കാലത്തുടനീളം ഒപ്പംനിന്ന ഗംഗ പിന്നീടൊരിക്കലും കോഴിക്കോടൻ സൗഹൃദക്കൂട്ടായ്മയിലേക്ക് തിരിച്ചുവന്നതുമില്ല. സമ്മേളനം ഒരു വൻ വിജയമായിരുന്നു എങ്കിലും സമ്മേളനാനന്തരം ഒരു നിശ്ചലത എല്ലാവരെയും ഗ്രസിച്ചിരുന്നു. ആ മരവിപ്പ് നീണ്ടുനിന്നു.

വീണ്ടും പുതിയ പാത സ്ത്രീ സംഘടന വെട്ടിത്തുറക്കുന്നത് ‘അന്വേഷി’യുടെയാണ്. 1993ൽ. അന്വേഷിയും കേരളത്തിലെ സാന്ത്വന പരിചരണ പ്രസ്ഥാനവും ഒരർഥത്തിൽ ഇരട്ടപെറ്റതാണ്. ഒരേ കാലത്തിന്റെ സന്തതികൾ. രണ്ടും പിറവിയും 1993ൽ തന്നെ. സൊസൈറ്റി കുറച്ചു നേരത്തേ ഉണ്ടായി. സൊസൈറ്റിയുടെ സംഘടനാപരമായ മാർഗരേഖ അജിതയുമായി ഡോ. സുരേഷ് കുമാർ പങ്കു​െവച്ചിരുന്നത് ഓർമയുണ്ട്. രണ്ടിലും പൊതുവായി ഉള്ള സൗഹൃദക്കൂട്ടായ്മ മെഡിക്കൽ കോളജിൽനിന്നും മെയ് ഡേ റോഡിലെ ഹരിതകം വഴി രണ്ടാം ഗേറ്റിനടുത്തുള്ള പുതിയ ‘ബോധി’ ബുക്സിൽ എത്തുന്ന ഒന്നായിരുന്നു. പഴയ ബോധി അപ്പോഴേക്കും ഇല്ലാതായിരുന്നു.

1993ൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി കോഴിക്കോട് മെഡിക്കൽ കോളജിൽ തുടക്കമിട്ട കാലം മുതൽക്കു തന്നെ ‘ഹരിതകം’ ടീം മൊത്തം അതിന്റെയും ഭാഗമാണ്. തിക്കോടിയനായിരുന്നു അതിന്റെ കോഴിക്കോട്ടെ തലമുതിർന്ന മാർഗദർശികളിൽ ഒരാൾ. അന്തസ്സോടെയുള്ള മരണം ഒരു വ്യക്തിയുടെ അവകാശമാണെന്ന ബോധം സാന്ത്വന പരിചരണ പ്രസ്ഥാനത്തിന്റെ പ്രധാന സംഭാവനയാണ്.

 

പാ​പ്പാ​ത്തി​യു​ടെ ര​ണ്ടാം പി​റ​ന്നാ​ൾ ച​ട​ങ്ങി​ൽ മാ

തിക്കോടിയനും അത് ഉറച്ച് വിശ്വസിച്ചിരുന്നു എന്നു മാത്രമല്ല അവസാന കാലത്തു തന്നെ ഏതെങ്കിലും ആശുപത്രിയിലെ കാഷ്വാലിറ്റിയിലെ യന്ത്രങ്ങൾക്കും ട്യൂബുകൾക്കുമിടയിൽ വിട്ടുകൊടുക്കാതെ പോകാൻ അനുവദിക്കണം എന്ന് തിക്കോടിയൻ ഡോ. സുരേഷിനോടൊക്കെ പണ്ടേ പറഞ്ഞു​െവച്ചിരുന്നു. എന്നാൽ, കോഴിക്കോട് പി.വി.എസ് ആശുപത്രിയിൽ തിക്കോടിയന്റെ മരണം താൻ എങ്ങനെയാവരുത് എന്നാഗ്രഹിച്ചുവോ അതുപോലെ യന്ത്രങ്ങൾക്കും ട്യൂബുകൾക്കുമിടയിൽ ഐ.സി.യുവിൽ ​െവച്ചായിരുന്നു. 2001 ജനുവരി 28ന്.

അതെല്ലാവർക്കും ഒരു വേദനയായിരുന്നു, തിക്കോടിയനെ അത്തരമൊരു മരണത്തിൽനിന്നും രക്ഷപ്പെടുത്താനായില്ലല്ലോ എന്ന്. സാന്ത്വന പരിചരണം വേണ്ടിടത്ത് മെഡിക്കൽ ടെക്നോളജിയുടെ അമിതമായ ഇടപെടൽ രോഗിക്ക് ദോഷം വരുത്തുമെന്ന ബോധം സാന്ത്വന പരിചരണ പ്രസ്ഥാനത്തിനകത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന കാലമായിരുന്നു അത്.

1997 മുതൽ ഐസ് ക്രീം പാർലർ കേസിന്റെ പോരാട്ടം അന്വേഷിയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു. മാധ്യമങ്ങൾ ഉറ്റുനോക്കിയ കാലം പിറന്നു. അത് തുറന്ന ചരിത്രമാണ്.

തിക്കോടിയന്റെ മരണശേഷം 2001ൽ തന്നെയാണ് മാ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട് ബി.എം.എച്ച് ആശുപത്രിയിലാവുന്നത്. സ്വാഭാവികമായും വളരെ പെട്ടെന്ന് തന്നെ ഐ.സി.യുവിൽ ട്യൂബുകൾക്കും യന്ത്രങ്ങൾക്കുമിടയിലായി മാ. മാ പോയി എന്ന് തന്നെ എല്ലാവരും ഉറപ്പിച്ചു. ആ സമയത്ത് പാലിയേറ്റിവ് ഡയറക്ടറായിരുന്ന ഡോ. സുരേഷ് കുമാറും പാലിയേറ്റിവിന്റെ സ്ഥാപകരിൽ ഒരാളും ഹരിതകം ടീം അംഗവുമായ പി.കെ. അശോക് കുമാറും ചേർന്ന് ഐ.സി.യുവിൽ കാണാൻ ചെന്നപ്പോൾ ‘‘ലെറ്റ് മീ ഗോ’’ എന്നാണ് മാ പറഞ്ഞത്. അതവർക്ക് ധൈര്യംകൊടുത്തു.

മാ യെ അങ്ങനെ ഐ.സി.യുവിൽ കിടത്തി മരിക്കാൻ വിടേണ്ടെന്നും മരിക്കുന്നെങ്കിൽ അന്തസ്സായി മരിക്കട്ടെ എന്നും ആദ്യം തീരുമാനമെടുക്കുന്നത് അവരായിരുന്നു. തിക്കോടിയന്റെ അനുഭവം മാ ക്ക് ഉണ്ടാകരുത് എന്ന നിശ്ചയദാർഢ്യം അവർക്കുണ്ടായിരുന്നു. യാക്കൂബും അജിതയും അതിനൊപ്പം നിന്നു. മറ്റൊരു കുടുംബത്തിലും എടുക്കാനാവാത്ത സ്വാതന്ത്ര്യം മാ യുടെ കാര്യത്തിൽ തങ്ങൾക്കുണ്ട് എന്ന ഉത്തരവാദിത്ത ബോധത്തോടുകൂടിയ സൗഹൃദത്തിന്റെ തീരുമാനമെടുക്കൽകൂടിയായിരുന്നു അത്.

എന്തുവന്നാലും അതിന്റെ ‘റിസ്ക്’ തങ്ങൾ ഏറ്റെടുക്കുന്നു എന്ന് ബി.എം.എച്ച് ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്തി ഡോ. സുരേഷ് കുമാർ മാ യെ യന്ത്രങ്ങൾക്കും ട്യൂബുകൾക്കുമിടയിൽനിന്നും മോചിപ്പിച്ച് മെഡിക്കൽ കോളജിലെ സാന്ത്വന പരിചരണ വിഭാഗം ഒ.പിയിലേക്ക് കൊണ്ടുപോയി. വിദഗ്ധ സാന്ത്വന പരിചാരകരായ മാ യുടെ കൂട്ടുകാർകൂടിയായ മീനയും ലിസിയും ലീനയും ഒക്കെ ഒപ്പം നിന്നു. അവിടത്തെ സാന്ത്വന പരിചരണത്തിലൂടെ മാറ്റം വിസ്മയകരമായിരുന്നു. മരണക്കിടക്കയിൽനിന്നും മാ എഴുന്നേറ്റു വന്നു എന്നു തന്നെ പറയാവുന്ന തിരിച്ചുവരവായിരുന്നു അത്.

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT