അടഞ്ഞ വാതിലുകൾ

ചൈനയിലെ ഉയ്ഗൂർ വംശഹത്യയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ ഉയ്ഗൂർ ഭാഷയിലെ അദ്വിതീയ കവി താഹിർ ഹാമുത് ഇസ്ഗിലി​ന്റെ ജീവിതാനുഭവങ്ങളുടെ അവസാന ഭാഗം. "Waiting to Be Arrested at Night: A Uyghur Poet’s Memoir of China’s Genocide' എന്ന പുസ്​തകത്തി​ൽ താഹിർ ഹാമുത്​ എഴുതിയ ഉയ്ഗൂർ അനുഭവങ്ങളാണ്​ ഇത്​. സ്വസ്ഥമായ ഉറക്കം എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. രാത്രികളിൽ കട്ടിലിൽ മറിഞ്ഞും തിരിഞ്ഞും കിടന്ന് നേരം വെളുപ്പിക്കും. കുഴമറിഞ്ഞ ചിന്തകൾ ചിലപ്പോൾ വിചിത്രസ്വപ്നങ്ങൾക്ക് വഴിമാറും. എന്നും ൈവകിയാണ് ഉണരുന്നതെങ്കിലും സദാ ഉറക്കച്ചടവാണ്. ഒരുദിവസം രാവിലെ ഒമ്പതുമണിയോടെയാണ് ഉണർന്നത്. ക്ഷീണം മാറുന്നതിന് മുേമ്പ ഫോൺ ബെല്ലടിച്ചു....

ചൈനയിലെ ഉയ്ഗൂർ വംശഹത്യയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ ഉയ്ഗൂർ ഭാഷയിലെ അദ്വിതീയ കവി താഹിർ ഹാമുത് ഇസ്ഗിലി​ന്റെ ജീവിതാനുഭവങ്ങളുടെ അവസാന ഭാഗം. "Waiting to Be Arrested at Night: A Uyghur Poet’s Memoir of China’s Genocide' എന്ന പുസ്​തകത്തി​ൽ താഹിർ ഹാമുത്​ എഴുതിയ ഉയ്ഗൂർ അനുഭവങ്ങളാണ്​ ഇത്​. 

സ്വസ്ഥമായ ഉറക്കം എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. രാത്രികളിൽ കട്ടിലിൽ മറിഞ്ഞും തിരിഞ്ഞും കിടന്ന് നേരം വെളുപ്പിക്കും. കുഴമറിഞ്ഞ ചിന്തകൾ ചിലപ്പോൾ വിചിത്രസ്വപ്നങ്ങൾക്ക് വഴിമാറും. എന്നും ൈവകിയാണ് ഉണരുന്നതെങ്കിലും സദാ ഉറക്കച്ചടവാണ്. ഒരുദിവസം രാവിലെ ഒമ്പതുമണിയോടെയാണ് ഉണർന്നത്. ക്ഷീണം മാറുന്നതിന് മുേമ്പ ഫോൺ ബെല്ലടിച്ചു. ഗുൽജാൻ ആണ് വിളിക്കുന്നത് എന്ന്, കണ്ടതോടെ തലയിൽ ഒരു ബക്കറ്റ് തണുത്ത വെള്ളം കമിഴ്ത്തിയതുപോലെ ഞാൻ ബോധത്തിലേക്ക് പിടഞ്ഞെത്തി.

പൊലീസ് സ്റ്റേഷനിൽനിന്നോ അയൽക്കൂട്ട സമിതിയിൽനിന്നോ വരുന്ന ഇത്തരം സാധാരണ കോളുകളിൽനിന്നാണ് പലർക്കും കോൺസൻട്രേഷൻ ക്യാമ്പിലേക്കുള്ള വഴിതുറക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ അയൽക്കൂട്ട സമിതിയിൽ ഞാനും മർഹബയും എത്തണമെന്നാണ് ഗുൽജാന്റെ നിർദേശം. ൈവകരുതെന്നും അവർ കൂട്ടിച്ചേർത്തു. എന്തിനാണെന്ന് ആരാഞ്ഞപ്പോൾ ഏതാനും ചില ഫോമുകൾ ഫിൽ ചെയ്യാനെന്നായിരുന്നു മറുപടി.

ഞങ്ങളിരുവരും സമയം പാഴാക്കാതെ അയൽക്കൂട്ട സമിതിയിലെത്തി. ഒരു ‘’വലിയ ഹാളിൽ നിരവധി പേർ ജോലിയിലാണ്. ഞങ്ങളെപ്പോലെ ചിലരും എത്തിയിട്ടുണ്ട്. ഗുൽജാൻ ഞങ്ങളെ കാത്തുനിൽപുണ്ട്. അവർ അദീലിനെ വിളിച്ചു. ഞങ്ങളുടെ ഏരിയയിലെ വനിത പൊലീസാണ് അദീൽ. ‘പോപുലേഷൻ ഇൻഫർമേഷൻ കലക്ഷൻ ഫോമി’ന്റെ നാലു പകർപ്പുകൾ അദീൽ കൊണ്ടുതന്നു. പെട്ടെന്ന് കൃത്യമായി എഴുതിനൽകണമെന്ന് ഗുൽജാനോട് നിർദേശിച്ച് അവർ പോയി.

ഇങ്ങനെയൊരു ഫോം പ്രചരിക്കുന്നതായി നേരത്തേ അറിഞ്ഞിരുന്നു. കൂട്ട അറസ്റ്റിനും മറ്റ് നടപടികൾക്കും ആധാരമാക്കുന്നതാണ് ഇൗ േഫാം എന്നാണ് വാർത്ത. ഇതിനകം എന്റെ സുഹൃത്തുക്കളിൽ ഏതാണ്ടെല്ലാവരും ഇൗ ഫോം പൂരിപ്പിച്ചിട്ടുണ്ട്. എനിക്കുമാത്രം ഫോം ലഭിച്ചില്ല എന്നത് അവർക്ക് അത്ഭുതമായിരുന്നു. എനിക്കെന്തുകൊണ്ടാണ് ഇത്രയും ൈവകിയതെന്നും പൊടുന്നനെ തരുന്നതെന്തിനാണെന്നും ആശങ്കയായി.

‘‘സമയം ലാഭിക്കാൻ ഞാൻ സഹായിക്കാം’’ –ഒാഫിസിന് നടുവിലെ മേശയിലേക്ക് ഗുൽജാൻ ഞങ്ങളെ നയിച്ചു. ‘‘നിങ്ങൾ രണ്ടുപേരുെടയും ഫോം ഞാൻ പൂരിപ്പിക്കാം. മക്കളുടേത് നിങ്ങൾ നോക്കിേക്കാളൂ. നിങ്ങളുടെ പ്രാഥമിക വിവരങ്ങൾ എനിക്കറിയാം. സംശയമുള്ളത് ചോദിക്കാം’’ -ഗുൽജാൻ വിശദീകരിച്ചു. ഫോം ഞാൻ സൂക്ഷ്മമായി നോക്കി. മാർജിനിൽ വരെ എഴുതിയ വിവരങ്ങൾ തിങ്ങിയ േഫാമാണ്. ആറു വിഭാഗങ്ങളാണ് അതിലുള്ളത്. ബേസിക് ഇൻഫർമേഷൻ, മൂവ്മെന്റ് ട്രേസിങ്, റിലീജിയസ് ബിലീഫ്, പാസ്പോർട്ട് ഹോൾഡിങ് സ്റ്റാറ്റസ്, ​സ്റ്റെബിലിറ്റി സ്റ്റാറ്റസ്, ലൈസൻസ് ആൻഡ് വെഹിക്കിൾ സ്റ്റാറ്റസ്. ഉയ്ഗൂറുകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് ഇൗ ഫോമെന്ന് ഒറ്റനോട്ടത്തിൽതന്നെ വ്യക്തമാണ്. മുകളിലെ വലതു മാർജിനിൽ ലേബൽസ് ഒാഫ് ഇന്ററസ്റ്റ് എന്ന ഹെഡിങ്ങിൽ അഞ്ചു വിഭാഗങ്ങൾ.

അഞ്ചും കുത്തനെ നൽകിയിട്ടുണ്ട്. പേഴ്സൻ ഒാഫ് ഇന്ററസ്റ്റ്, മെംബർ ഒാഫ് എ സ്പെഷൽ ഗ്രൂപ്, റിലേറ്റിവ് ഒാഫ് ഇൻഡിവിജ്വൽ ഇൻ കസ്റ്റഡി, റിലേറ്റിവ് ഒാഫ് സപ്രസ്ഡ് പേഴ്സൻ, മാർക്ഡ് ഇൻ ഇന്റഗ്രേറ്റഡ് ജോയന്റ് ഒാപറേഷൻസ് പ്ലാറ്റ്േഫാം. ഇതിലൊന്നിൽ ടിക് ചെയ്യണം. ഉദ്യോഗസ്ഥർക്ക് ചെയ്യാനുള്ളതാണെന്ന് തോന്നുന്നു.

താഴെയുള്ള ബേസിക് ഇൻഫർമേഷനിൽ കൂടുതൽ സൂക്ഷ്മവിവരങ്ങൾ തേടുന്നു. ഉയ്ഗൂർ ആണോ, മതവിശ്വാസി ആണോ, നമസ്കരിക്കാറുണ്ടോ, വിദേശയാത്ര നടത്തിയോ എന്നുതുടങ്ങുന്ന നിരവധി വിവരങ്ങൾ. താഴെ വലതു മാർജിനിൽ ‘ടൈപ് ഒാഫ് പേഴ്സണി’ന് കീഴെ മൂന്നു വിഭാഗം. റിലയബ്ൾ, ആവറേജ്, അൺറിലയബ്ൾ. ഉദ്യോഗസ്ഥൻ അൺറിലയബ്ൾ എന്ന് രേഖപ്പെടുത്തുന്നയാൾ ക്യാമ്പിലേക്ക് അയക്കപ്പെടുമെന്നാണ് അഭ്യൂഹം. ചില ഘട്ടങ്ങളിൽ ‘ആവറേജ്’പോലും തടവിനുള്ള യോഗ്യതയാകുമത്രെ. വ്യക്തികൾക്ക് പൂരിപ്പിക്കാനുള്ള ഭാഗം ഞങ്ങൾ ചെയ്യവെ ഇടിത്തീപോലെ ഗുൽജാൻ ചോദിച്ചു. ‘‘നിങ്ങളുടെ മതവിശ്വാസം എന്താണ്?’’ എന്റെ േഫാമിൽ അവർ ആ ഭാഗത്ത് എത്തിയിരിക്കുകയാണ്. ‘നൺ’; ഭാവവ്യത്യാസം കൂടാതെ ഞാൻ പറഞ്ഞു. അവിശ്വസനീയതയോടെ മർഹബ എന്നെ പാളി നോക്കി. ‘‘ഞങ്ങളുടെ കുടുംബം ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നില്ല’’ -ഞാൻ കൂട്ടിച്ചേർത്തു.

മർഹബക്ക് കാര്യം തിരിഞ്ഞു. അതേയെന്ന മട്ടിൽ അവളും തലകുലുക്കി. പക്ഷേ, അവൾക്ക് ശബ്ദമുയർത്തി അത് പറയാനായില്ല. ഞങ്ങൾ കള്ളം പറയുകയാണെന്ന് ഗുൽജാന് അറിയാം. പക്ഷേ, ഒന്നും മിണ്ടാതെ, തലയുയർത്താതെ അവർ ഫോമിൽ എഴുതിക്കൊണ്ടിരുന്നു. ‘‘ആ 26 രാജ്യങ്ങളിൽ ഏതിലെങ്കിലും നിങ്ങൾ പോയിട്ടുണ്ടോ?’’ -ഗുൽജാൻ വീണ്ടും ശബ്ദമുയർത്തി.

‘‘ഏത് 26 രാജ്യങ്ങൾ?’’

കൈവശമുള്ള ക്ലിപ്ബോർഡിലെ ഒരു ഷീറ്റെടുത്ത് രാജ്യങ്ങളുടെ പട്ടിക ഗുൽജാൻ വായിക്കാൻ തുടങ്ങി. മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങൾ. ഇതിലെവിടെയെങ്കിലും ഒരു ഉയ്ഗൂർ പോയിട്ടുണ്ടെങ്കിൽ അയാളെ ഭീകരനെന്ന് ചൈനീസ് സർക്കാർ സംശയിക്കുമെന്ന് സാരം. ‘‘കഴിഞ്ഞവർഷം ഒരു യൂറോപ്യൻ യാത്ര പോയപ്പോൾ തുർക്കിവഴിയാണ് പോയത്’’ -പരമാവധി നിസ്സാരമാക്കി ഞാൻ പറഞ്ഞു. ‘‘അതും പ്രശ്നമാണ്’’: ഗുൽജാന്റെ സ്വരം കടുത്തു. കമ്യൂണിസ്റ്റ് പാർട്ടി കേഡർമാരിലും പൊലീസുകാരിലും കാണുന്ന ധാർഷ്ട്യം ആ വാക്കിൽ മുഴച്ചുനിന്നു. എന്നോട് എന്നും ആദരവോടെ പെരുമാറിയിരുന്ന ഗുൽജാന്റെ പൊടുന്നനെയുള്ള ഭാവമാറ്റത്തിൽ ഞാൻ സ്തബ്ധനായി. എന്റെ കാറ്റുപോയി.

എഴുതി തീർന്നശേഷം ഗുൽജാൻ ഫോം വായിച്ചു കേൾപ്പിച്ചു. ഞങ്ങളിരുവരും അതിൽ ഒപ്പിട്ടു. അവിടെ നിന്നിറങ്ങുേമ്പാൾ ഉച്ച കഴിഞ്ഞിരുന്നു. വീട്ടിലേക്ക് നടക്കുേമ്പാൾ മർഹബ മന്ത്രിച്ചു: ‘‘പൊറുക്കണേ, തമ്പുരാനേ.’’

 

ഉയഗൂർ പ്രതിഷേധത്തി​െൻറ ദൃശ്യം

അമേരിക്കൻ സ്വപ്നം

ഒരുദിവസം ഒാഫിസ് മുറിയിൽ ഇരിക്കവെ, മൊബൈൽ ശബ്ദിച്ചു. അദീലി ആണ്. പേടിപ്പിക്കുന്ന കാര്യമാണ് അവർക്ക് പറയാനുള്ളത്. എന്റെയും കുടുംബത്തിന്റെയും പാസ്പോർട്ടുകൾ നാളെ രാവിലെതന്നെ പൊലീസിൽ ഏൽപിക്കണം. ദാക്ഷിണ്യമില്ലാത്ത ശബ്ദവും ആവശ്യവും. എന്നും ഭയപ്പെട്ടിരുന്ന ദിവസങ്ങളിലൊന്ന് ഇതാ വന്നിരിക്കുന്നു. 10 വർഷത്തെ യു.എസ് വിസയുള്ള പാസ്പോർട്ടുകളാണ്.

അതുമാത്രമല്ല, സ്വാതന്ത്ര്യത്തിലേക്കുള്ള ഞങ്ങളുടെ ഒടുക്കത്തെ കച്ചിത്തുരുമ്പും. നാലുചുറ്റും കൂട്ട അറസ്റ്റുകൾ പെരുകുേമ്പാൾ ഇൗ പിടിവള്ളി കൂടി പോയാൽ. തീർന്നു, എല്ലാം. ആ വാർത്ത കുടുംബത്തിന്റെ ശേഷിക്കുന്ന സ്വാസ്ഥ്യംകൂടി നശിപ്പിച്ചു. എന്തുകൊണ്ടാണിങ്ങനെയെന്ന് മൂത്തമകൾ അസീന കരച്ചിലിനിടയിൽ ചോദിച്ചു. ‘‘അവർ നമുക്ക് പാസ്പോർട്ട് തന്നു. അവർക്ക് എപ്പോൾ വേണമെങ്കിലും അതു തിരിച്ചുവാങ്ങാം’’ -എന്റെ മറുപടി എനിക്കു തന്നെയായിരുന്നു.

യഥാർഥത്തിൽ വരുന്ന വേനലവധിക്കാലത്ത് അമേരിക്കയിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുകയായിരുന്നു ഞങ്ങൾ. യാത്രക്ക് മറ്റെന്തെങ്കിലും തടസ്സമുണ്ടോ എന്നന്വേഷിച്ചെങ്കിലും അങ്ങനെയൊന്നും ശ്രദ്ധയിൽപെട്ടിരുന്നില്ല. തിരിച്ചുവരുമെന്ന് അധികാരികളെ ബോധ്യപ്പെടുത്താനായി മടക്ക ടിക്കറ്റുകൾ ഉൾപ്പെടെ നാല് ടിക്കറ്റുകൾ എടുത്തിട്ടുണ്ടായിരുന്നു. പ്രധാന ടൂറിസം സീസൺ ആയതിനാൽതന്നെ വലിയ തുകയായി ടിക്കറ്റുകൾക്ക്. ഞങ്ങളുടെ ബാക്കിയുള്ള സമ്പാദ്യത്തിന്റെ നല്ലൊരുഭാഗം അങ്ങനെ തീർന്നിരിക്കുന്ന സമയത്താണ് ഇടിത്തീപോലെയുള്ള അദീലിയുടെ വിളി.

ആ രാത്രി ഉറങ്ങാനായില്ല. പാസ്പോർട്ട് തിരിച്ചുകൊടുക്കാതിരിക്കാൻ എന്തുചെയ്യാമെന്നായി മുഴുവൻ ചിന്തയും. പല വഴികളും ആലോചിച്ചു. പലരീതിയിലും നെറ്റിൽ സെർച്ച് ചെയ്തു. അമേരിക്കയിലേക്കുള്ള യാത്രക്കുള്ള ഏറ്റവും പ്രയോജനപ്രദമായ ന്യായം ചികിത്സയാണെന്ന് തെളിഞ്ഞു. ചൈനീസ് പൗരൻമാർ അമേരിക്കയിൽ ചികിത്സ തേടുന്നതിനെക്കുറിച്ച് സൂക്ഷ്മമായി സെർച്ച് ചെയ്തു. നിരവധി ചൈനക്കാർ കുട്ടികളുടെ അപസ്മാര ചികിത്സക്കായി അമേരിക്കയിൽ പോകുന്നതായി കണ്ടെത്തി. കിട്ടിപ്പോയി.

അതെ. അതുതന്നെ. അപസ്മാരം. ഉറക്കത്തിനിടയിലെ അപസ്മാരം. അതൊരു നല്ല ന്യായമാണ്. മൂത്തമകൾ അസീനക്ക് അപസ്മാരത്തിനുള്ള ചികിത്സക്കായി അമേരിക്കയിൽ പോകുകയാണെന്ന് പറഞ്ഞാൽ പാസ്പോർട്ട് തിരിച്ചുകൊടുക്കേണ്ടിവരില്ല. ടിക്കറ്റ് എടുത്ത കാര്യവും ചൂണ്ടിക്കാട്ടാം. എങ്കിലും ഇതൊക്കെ അവർ വിശ്വസിക്കുമോ എന്ന് മർഹബ സംശയിച്ചു. എന്തായാലും ശ്രമിച്ചുനോക്കുക തന്നെ.

അടുത്തദിവസം രാവിലെ സ്റ്റേഷനിലെത്തി, അദീലിയെ കണ്ടു. കഥ മുഴുവൻ പറഞ്ഞു. പാസ്പോർട്ട് കണ്ടുകെട്ടാനുള്ളത് മുകളിൽനിന്നുള്ള ഉത്തരവാണെന്നും ഞങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും പറഞ്ഞ് അവർ കൈയൊഴിഞ്ഞു. തൽക്കാലം പാസ്പോർട്ട് സമർപ്പിക്കണമെന്നും പിന്നീട് അസീനയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ചാൽ പാസ്പോർട്ട് തിരിച്ചുകിട്ടിയേക്കുമെന്നും അവർ പറഞ്ഞു. വേറെ നിവൃത്തിയില്ലാതെ അതിന് വഴങ്ങി. എങ്ങനെയെങ്കിലും മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയാണ് ഇനിയുള്ള പോംവഴി. ഉറുംചിയിലെ നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും ആരും സഹായിക്കാൻ തയാറല്ല.

എല്ലാവർക്കും ഭയമാണ്. പാസ്പോർട്ടിനാണ് എന്ന് കേൾക്കുന്ന മാത്രയിൽതന്നെ ഡോക്ടർമാർ ഞെട്ടിത്തരിക്കും. പാസ്പോർട്ടിന്റെ കാര്യം പിന്നീട് പറയേെണ്ടന്ന് തീരുമാനിച്ചു. സ്കൂളിലെ ആവശ്യത്തിനാണെന്ന് പറഞ്ഞായി ശ്രമം. ‘‘പണംകൊണ്ട് പരിഹരിക്കാൻ കഴിയാത്ത പ്രശ്നം ഒരു പ്രശ്നമല്ല.’’ പണം വാങ്ങി സഹായിക്കാൻ സന്നദ്ധരായ മൂന്നുപേരെ താമസിയാതെ കണ്ടെത്തി. ഒരു ന്യൂറോളജിസ്റ്റ്, ഒരു ബ്രെയിൻ സ്കാൻ ടെക്നീഷ്യൻ, ഒരു ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ. സർട്ടിഫിക്കറ്റിന് മൂന്നു പേരുടെയും സഹായം വേണം. വലിയ തോതിൽ പണമൊഴുക്കി മെഡിക്കൽ സർട്ടിഫിക്കറ്റ് ഒടുവിൽ സ്വന്തമാക്കി.

വൈകാതെ സർട്ടിഫിക്കറ്റുമായി അദീലിയുടെ മുന്നിലെത്തി. സർട്ടിഫിക്കറ്റും പ്രത്യേക ഫോമുകളും രേഖകളും പൂരിപ്പിച്ച് ഒപ്പിട്ട് നൽകി. പക്ഷേ, നടപടികൾ ൈവകും. ദിവസങ്ങൾ നീണ്ടുപൊയ്ക്കോണ്ടിരുന്നു. ആശങ്ക കനക്കാൻ തുടങ്ങി. അപേക്ഷ തള്ളു​േമാ. നിരന്തരം വിളിക്കാൻ തുടങ്ങിയതോടെ അദീലി നാഷനൽ സെക്യൂരിറ്റി യൂനിറ്റിലെ ഒരു ഹാൻ ഉദ്യോഗസ്ഥന്റെ നമ്പർ തന്നു.

അയാളാണ് പാസ്പോർട്ടിന്റെയും മറ്റും കാര്യങ്ങൾ പ്രാദേശികമായി കൈകാര്യംചെയ്യുന്നത്. അയാളെ വിളിച്ചു. പുതിയൊരു ഉത്തരവു വന്നിരിക്കുകയാണെന്ന് അയാൾ പറഞ്ഞു. മുമ്പ് വിദേശത്ത് പോയവരുടെ പാസ്പോർട്ടുകൾ തിരിച്ചുകൊടുക്കേണ്ട. അതിനാൽ നിങ്ങളുടെ അപേക്ഷ തള്ളിയിരിക്കുന്നു. ഞാൻ തളർന്നു. എല്ലാ ശ്രമവും വൃഥാവിലായിരിക്കുന്നു. ഇനി വിധിക്കുവേണ്ടി കാത്തിരിക്കുക തന്നെ.

 

താഹിർ ഹാമുത് ഇസ്ഗിൽ​

അപ്പാർട്മെന്റ്

കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്ന തോന്നൽ ഉറച്ചതോടെ ഏതു സാഹചര്യവും നേരിടാനുള്ള മാനസികനില കൈവരിക്കാനുള്ള ശ്രമം തുടങ്ങി. അപ്പാർട്മെന്റ് വിൽക്കാൻതന്നെ ഞങ്ങൾ തീരുമാനിച്ചു. എല്ലാം തകിടം മറിഞ്ഞ ഇന്നത്തെ അവസ്ഥയിൽ കച്ചവടം വേഗം നടക്കില്ലെന്ന് അറിയാമായിരുന്നു. എന്തായാലും സമീപത്തെ ഒരു റിയൽ എസ്റ്റേറ്റ് ഏജൻസിയെ ചുമതല ഏൽപിച്ചു. ആരെങ്കിലും ഓഫറുമായി വരാനുള്ള കാത്തിരിപ്പായി.

ഇൗ സമയത്താണ് മർഹബയുടെ കസിൻ റെയ്ഹാനും ഭർത്താവ് ഇസ്മായിലും ഞങ്ങളെ സന്ദർശിക്കാനെത്തിയത്. ചൈനക്കും മധ്യേഷ്യക്കുമിടയിൽ വസ്ത്രവ്യാപാരം നടത്തുകയാണ് ഇസ്മായിൽ. കുറേ വർഷങ്ങളായി ഉറുംചിയിൽ താമസിക്കുകയാണെങ്കിലും ഇരുവരുടെയും രജിസ്ട്രേഷൻ സ്വന്തം നാടായ ഗുൽജായിലാണ്. ഉറുംചി രജിസ്ട്രേഷൻ ഇല്ലാത്തവരെയെല്ലാം ഇവിെടനിന്ന് അവരവരുടെ ഇടങ്ങളിലേക്ക് ആട്ടിപ്പായിക്കുകയാണ് ഇപ്പോൾ.

ഉറുംചിയിൽ താമസിക്കുന്നത് നേരിയതോതിലുള്ള സുരക്ഷ ഉറപ്പാക്കുമെന്ന പാഴ് ചിന്തയിലാണ് എല്ലാവരും. അതുകൊണ്ടുതന്നെ, ഉറുംചിയിൽ വീടോ അപ്പാർട്മെന്റോ വാങ്ങിയാൽ റിയൽ എസ്റ്റേറ്റ് കമ്പനി ഇവിടേക്ക് രജിസ്ട്രേഷൻ മാറ്റിത്തരുമെന്ന് കേട്ടിട്ട് അതിന് ശ്രമിക്കാനായി വന്നതാണ് ഇരുവരും. ഞങ്ങളുടെ ഉപദേശം തേടിയാണ് അപ്പാർട്മെന്റിലെത്തിയത്. എന്റെ അറിവിൽ ഉറുംചി രജിസ്ട്രേഷൻ കഴിഞ്ഞവർഷമേ മരവിപ്പിച്ചിരിക്കുകയാണെന്ന് ഞാൻ പറഞ്ഞു. ഉറുംചിക്ക് പുറത്തേക്ക് രജിസ്ട്രേഷൻ മാറ്റാം. പക്ഷേ, ഇവിടേക്ക് കൊണ്ടുവരാനാകില്ല.

ഒരു കച്ചവടക്കാരന്റെ മറുപടിയായിരുന്നു ഇസ്മായിലിന്റേത്: ‘‘താഹിർ അക, അങ്ങൊരു ബുദ്ധിജീവിയാണ്. അങ്ങ് തത്ത്വത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നത്. പക്ഷേ, പണത്തിന് ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.’’

‘‘നല്ലത്. നിങ്ങൾ ഉറുംചിയിലേക്ക് രജിസ്ട്രേഷൻ മാറ്റാൻ നോക്കുന്നു. ഇപ്പോൾ ഇവിടെയും അറസ്റ്റുകൾ തുടങ്ങിയിരിക്കുകയാണല്ലോ.’’

‘‘പക്ഷേ, ഗുൽജായിലെ അവസ്ഥ അതിഭീകരമാണ്. അതുവെച്ച് നോക്കുേമ്പാൾ ഉറുംചി സുരക്ഷിതമാണ്. ഇവിടെയുള്ള എന്റെ സുഹൃത്തുക്കൾക്കാർക്കും ഇതുവരെ പ്രശ്നമൊന്നുമില്ല’’ -ഇസ്മായിൽ പ്രത്യാശിച്ചു.

യഥാർഥത്തിൽ ഉപദേശത്തിനായി വന്നതല്ല അവർ. റിയൽ എസ്റ്റേറ്റ് ഡെവലപർ കമ്പനിയിൽ പോകുേമ്പാൾ കൂടെ സഹായത്തിന് വിളിക്കാൻ വന്നതാണ്. സഹായിക്കാൻ മർഹബ നിർബന്ധിച്ചു. അങ്ങനെ അവർക്കൊപ്പം പോയി. പുതിയ നിർമാണം നടക്കുന്ന പലയിടത്തും േപായി അപ്പാർട്മെന്റുകൾ കണ്ട് ഇഷ്ടപ്പെട്ടെങ്കിലും രജിസ്ട്രേഷൻ മാറ്റുന്ന കാര്യം ഏൽക്കാൻ ആരും തയാറായില്ല.

കച്ചവടം നടക്ക​െട്ടയെന്ന് കരുതി ആദ്യം വാഗ്ദാനം ചെയ്തവർ പിന്നീട് പിന്മാറി. ആഴ്ചകളുടെ പരിശ്രമത്തിനുശേഷം റെയ്ഹാനും ഇസ്മായിലും പരാജയം സമ്മതിച്ചു. ഒടുവിലത്തെ ശ്രമത്തിനുശേഷം മടങ്ങി ഞങ്ങളുടെ അപ്പാർട്മെന്റിലെത്തിയ ഇരുവരും ഞങ്ങൾക്കൊപ്പം സോഫയിൽ തളർന്നിരിക്കുകയാണ്. ‘‘നമുക്കെന്ത് സംഭവിക്കുമെന്ന് നോക്കാം’’ -ഇസ്മയിൽ പറഞ്ഞുതുടങ്ങി. പെട്ടെന്ന് ഞങ്ങളെയെല്ലാവരെയും സ്തബ്ധരാക്കിക്കൊണ്ട് അയാൾ പൊട്ടിത്തെറിച്ചു.

‘‘എന്തുതന്നെ സംഭവിച്ചാലും, കഴിയുമായിരുന്നെങ്കിൽ ഞാനെന്റെ ലീഗൽ നാഷനാലിറ്റി ഹാൻ ആക്കിയേനെ.’’ അവിശ്വസനീയമായത് കേട്ടതുപോലെ ഞങ്ങൾ മൂവരും ഇസ്മായിലിനെ തുറിച്ചുനോക്കി. അടുത്തിടെയായി പല ഉയ്ഗൂറുകളും ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്. ചിലർ പരിഹാസപൂർവവും ചിലർ ഗൗരവത്തിലുമാണ് പറയുക. നിവൃത്തികേടുകൊണ്ടുള്ള തീവ്രനൈരാശ്യമാണ് അവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്.

സാധാരണനിലയിൽ ഇങ്ങനെ ചിന്തിക്കാൻതന്നെ ഒരു ഉയ്ഗൂറിന് കഴിയില്ല. ഹാൻ വംശജരെ വിവാഹം കഴിച്ച ഉയ്ഗൂറുകളെ കണ്ടിട്ടുണ്ട്. ഉറ്റ ചങ്ങാതിമാരായി ഹാനുകൾ ഉള്ളവരെ കണ്ടിട്ടുണ്ട്. സഹ ഉയ്ഗൂറുകളെ അവമതിക്കുന്നവരെ കണ്ടിട്ടുണ്ട്. സ്വയം വെറുക്കുന്നവരെയും കണ്ടിട്ടുണ്ട്. പക്ഷേ, കൂട്ട അറസ്റ്റ് നടപടികൾ ആരംഭിക്കുന്നതിന് മുെമ്പാരിക്കലും ഉയ്ഗൂർ സ്വത്വം ത്യജിച്ച് ഹാനിനെ പുൽകാൻ ആഗ്രഹിക്കുന്നവരെ കണ്ടിേട്ടയില്ല.

ഞങ്ങളുടെ ആശ്ചര്യവും വിലക്ഷണ പ്രതികരണവും കണ്ട ഇസ്മായിലിന് അബദ്ധം മനസ്സിലായി. പെട്ടെന്നൊരു വിഡ്ഢിച്ചിരിയോടെ അയാൾ തുടർന്നു: ‘‘ഹാ, നിങ്ങളത് വിശ്വസിച്ചോ?’’ അതോടെ, ഞങ്ങളൊന്നിച്ച് ഒരു അസുഖച്ചിരിയിൽ രക്ഷതേടി.

ഇതിനിടക്ക് പലരും ഞങ്ങളുടെ അപ്പാർട്മെന്റ് േനാക്കാനായി വരുന്നുണ്ടായിരുന്നു. എന്തായാലും ഒഴിവാക്കിപ്പോകുകയാണെന്ന മാനസികാവസ്ഥയിൽ വലിയ വിലപേശലിനൊന്നും ഞങ്ങൾ നിന്നില്ല. ഒടുവിൽ മറ്റേതോ നഗരത്തിൽനിന്ന് ഇവിടെ വന്ന് നാൻ ബേക്കറി നടത്തുന്ന ദമ്പതികൾക്ക് വിപണിവിലയിലും കുറഞ്ഞ തുകക്ക് ഞങ്ങൾ വിൽപനക്ക് ധാരണയായി. പ്രാഥമിക കരാർ ഒപ്പിട്ടു. മൊത്തം വിലയുടെ മൂന്നിലൊന്ന് അവർ പണമായി തരും. ബാക്കി അവർക്ക് വായ്പ ശരിയാകുേമ്പാഴും. ബാങ്ക്, റിയൽ എസ്റ്റേറ്റ് കമ്പനി, മറ്റ് ഒാഫിസുകൾ എന്നിവയുമായി ബന്ധപ്പെട്ട മൂന്നാഴ്ച നീണ്ട കടലാസുപണികൾക്കുശേഷം ബേക്കർ ദമ്പതികളുമായി ഞങ്ങൾ ഉറുംചി റിയൽ എസ്റ്റേറ്റ് മാനേജ്മെന്റ് ബ്യൂറോയിൽ എത്തി. മണിക്കൂറുകളോളം കാത്തിരുന്ന് നിരവധി പേപ്പറുകളിൽ ഒപ്പിട്ടു.

പ്രധാന മുദ്രപത്രത്തിൽ ഉടമസ്ഥാവകാശം മാറ്റിക്കൊണ്ടുള്ള ഒപ്പിടൽ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഏതാണ്ട് ആ സമയത്ത് ബ്യൂറോയിലെ ഒരു ഉദ്യോഗസ്ഥൻ ഒാടിവന്ന് ബേക്കർ ദമ്പതികളുടെ രാഷ്ട്രീയ പശ്ചാത്തലം പബ്ലിക് സെക്യൂരിറ്റി ബ്യൂറോ അന്വേഷിക്കുകയാണെന്ന് അറിയിച്ചു. അന്വേഷണം പൂർത്തിയാകാൻ 30 പ്രവൃത്തിദിനമെടുക്കും. ഇടപാട് അതിനുശേഷം മാത്രമേ നടക്കൂ. ഉത്കണ്ഠാപൂർണമായ തീവ്രമനോവേദനയിലേക്ക് ഞങ്ങൾ നാലുപേരും പതിച്ചു.

ഇതൊരു പുതിയ നിയമമാണ്. ഞങ്ങൾക്ക് അറിയാവുന്നവർ അടുത്തിടെവരെ ഇതൊന്നുമില്ലാതെ ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഞാൻ മർഹബക്ക് നേരെ തിരിഞ്ഞു: ‘‘എല്ലാം തീർന്നു. നമ്മുടെ അധ്വാനം മുഴുവൻ വൃഥാവിലായി.’’ മറ്റൊരു നഗരത്തിൽനിന്നു വന്ന് ഉറുംചിയിൽ താമസിക്കുന്നവരെെയല്ലാം ഒഴിപ്പിച്ചുകൊണ്ടിരുന്ന ഇൗ സമയത്ത് ബേക്കർ ദമ്പതികൾക്ക് പൊലീസിൽനിന്ന് ക്ലിയറൻസ് ലഭിക്കാനുള്ള സാധ്യത കുറവാണ്. പക്ഷേ, എന്തായാലും കാത്തിരിക്കാതെ വഴിയില്ല. നിരാശയോടെ ഞങ്ങൾ മടങ്ങി.

ഒന്നരമാസത്തിനുശേഷം റിയൽ എസ്റ്റേറ്റ് ഏജൻസിയിൽനിന്ന് അറിയിപ്പെത്തി. ബേക്കർ ദമ്പതികൾക്ക് ക്ലിയറൻസ് ലഭിച്ചിരിക്കുന്നു! അത്ഭുതംകൊണ്ട് ഞാൻ ചിരിച്ചുപോയി. ഇക്കാലത്ത് ഇത്തരത്തിൽ ഭാഗ്യം ഉണ്ടാകുകയെന്നാൽ അവിശ്വസനീയംതന്നെ. വൈകാതെ അവർക്ക് വായ്പയും ലഭിച്ചു. ഞങ്ങളുടെ അപ്പാർട്മെന്റ് ഒടുവിൽ വിൽക്കപ്പെട്ടു.

 

ഉയ്​ഗൂർ പ്രതിഷേധ റാലി

പറയാത്ത യാത്രാമൊഴികൾ

ചെറിയൊരു ഫ്ലാറ്റിലേക്ക് താമസം മാറി. പാസ്പോർട്ടിന്റെ കാര്യമേ വിട്ടു. വരാനുള്ള വിധിയെ കാത്ത് ഞങ്ങൾ കഴിഞ്ഞു. ഇടക്ക് അദീലി വിളിച്ചിരുന്നു. നിരസിച്ച അപേക്ഷയുടെ പേപ്പറുകൾ വന്നിട്ടുണ്ട്. സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ഉന്നതതല പരിശോധന കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽ മടങ്ങിയെത്തിയിട്ടുണ്ട്. അവയൊക്കെ വന്ന് വാങ്ങിക്കൊണ്ടുപോകാൻ അവർ നിർദേശിച്ചു. വ്യാജമായി ഉണ്ടാക്കിയ രേഖകൾ പൊലീസിന്റെ പക്കൽ തുടരുന്നതിലെ അപകടമോർത്ത് അവ വാങ്ങാൻ പോകാൻതന്നെ തീരുമാനിച്ചു.

സംസാരിക്കുന്നതിനിടെ അപ്രധാനമായി അദീലി പറഞ്ഞു. പുതിയൊരു സർക്കുലർ വന്നിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾ ഉള്ളവരുടെ പാസ്പോർട്ട് വീണ്ടും അപേക്ഷിച്ചാൽ തിരിച്ചുകൊടുക്കുമെന്നാണ്. നിങ്ങൾ അപേക്ഷിക്കുന്നുണ്ടോ... കാതുകളെ വിശ്വസിക്കാനായില്ല. ‘‘അങ്ങനെയെങ്കിൽ ഞങ്ങൾ വീണ്ടും അപേക്ഷിക്കും’’ –ഞാനുടൻ പറഞ്ഞു. അവരുടെ മനസ്സു മാറുമോ എന്ന് ആശങ്കപ്പെട്ട് ഉടനെ കൂട്ടിച്ചേർത്തു: ‘‘ദയവായി ഞങ്ങളെ ഒരിക്കൽക്കൂടി സഹായിക്കാമോ?’’

‘‘വേനലവധി ഏതാണ്ട് തീർന്നു. നിങ്ങൾക്കിനി സമയമുണ്ടോ?’’

‘‘മകളുടെ ആരോഗ്യമാണ് ഞങ്ങൾക്ക് പ്രധാനം’’ -എെന്റ മറുപടി ഉറച്ചതായിരുന്നു.

അടുത്തദിവസം അദീലിയുടെ ഒാഫിസിലെത്തി പുതിയ അപേക്ഷ കൊടുത്തു. ഇനി തീരുമാനത്തിനായി കാത്തിരിക്കാം. അതുവരെ ഉറുംചിയിൽ നിൽക്കുന്നതിനു പകരം അവസാനമായി അവളുടെ നാടായ ഗുൽജായിൽ കുടുംബമായി പോകാമെന്ന് മർഹബ നിർദേശിച്ചു. ഉറുംചിയിൽതന്നെ നിൽക്കാനാണ് എനിക്ക് താൽപര്യം. ‘‘നമ്മുടെ പാസ്പോർട്ട് തിരിച്ചുതരുമെങ്കിൽ എന്തായാലും അവർ വിളിക്കും.’’ –ഗുൽജായിേലക്ക് ഒപ്പം വരാൻ മർഹബ നിർബന്ധിച്ചുകൊണ്ടിരുന്നു.

‘‘നമുക്ക് അവരെ വിശ്വസിക്കാൻ പറ്റില്ല. പാസ്പോർട്ട് റെഡിയാകുകയും നമ്മൾ ഗുൽജായിൽനിന്ന് മടങ്ങിവരുന്നതിന് മുമ്പ് വീണ്ടും നയം മാറുകയും ചെയ്താലോ?’’ –എന്റെ ആശങ്കകൾക്ക് അറുതിയില്ല. ‘‘അതുകൊണ്ട് ഞാനിവിടെ നിൽക്കാം.’’ അങ്ങനെ ഞാനും മക്കളും ഉറുംചിയിൽ തുടർന്നു. മർഹബ ഒറ്റക്ക് അവളുടെ നാട്ടിലേക്ക് പോയി.

ഏതാനും ദിവസങ്ങൾക്കുശേഷം ആ നല്ല വാർത്തയെത്തി. ഞങ്ങളുടെ പാസ്പോർട്ട് മടക്കിനൽകാൻ ഉത്തരവായിരിക്കുന്നു. സമയം കളയാതെ പൊലീസ് സ്റ്റേഷനിൽ ചെന്ന് പാസ്പോർട്ട് ൈകപ്പറ്റി. ഉടൻതന്നെ ബെയ്ജിങ്ങിലെ ട്രാവൽ ഏജന്റിനെ വിളിച്ച് ടിക്കറ്റ് എടുക്കാൻ പറഞ്ഞു. ബെയ്ജിങ്ങിൽനിന്ന് ബോസ്റ്റണിലേക്ക്, ആഗസ്റ്റ് 25ന് ടിക്കറ്റ് എടുത്തു. വർഷം 2017. ബന്ധുക്കളോടോ സുഹൃത്തുക്കളോടോ അയൽവാസികളോടോ പറയാതെ 24ന് ഞങ്ങൾ ബെയ്ജിങ്ങിലേക്ക് തിരിച്ചു.

ചികിത്സക്കായി പോകുന്നുവെന്ന പൊതുവിവരം മാത്രമേ എല്ലാവർക്കും അറിയാവൂ. ഞങ്ങളുടെ അവസാന യാത്രയാണിതെന്ന് അറിഞ്ഞാൽ അറിയുന്നവർക്കായിരിക്കും പിന്നീട് പ്രശ്നം. ഞങ്ങൾ മടങ്ങാതിരിക്കുേമ്പാൾ എന്തായാലും പൊലീസ് നടപടിയെടുക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യംചെയ്യും. നമ്മളിനി മടങ്ങിവരില്ലെന്ന് അവർക്ക് അറിയാമായിരുന്നുവെന്ന് ഏതെങ്കിലും ഘട്ടത്തിൽ തെളിഞ്ഞാൽ അവരുടെ കാര്യം തീർന്നു. ദേശസുരക്ഷക്ക് ഇത്രയും നിർണായകമായ വിവരം മറച്ചുവെച്ചതിനുള്ള കൊടിയ നടപടികൾ അവർ നേരിടേണ്ടിവരും.

അവസാന നിമിഷവും എന്തും സംഭവിക്കാം. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ പിടികൂടപ്പെട്ടവരുണ്ട്. മാനസിക സംഘർഷത്തിന്റെ പരകോടിയിലെത്തിയ നിമിഷങ്ങളിലൂടെ സുരക്ഷാപരിശോധനയും മറ്റും കടന്ന് ഉറുംചി വിമാനത്താവളത്തിൽ ബെയ്ജിങ് വിമാനം കാത്തിരിക്കുകയാണ്. വിശാലമായ കണ്ണാടിജാലകത്തിനപ്പുറം താഴെ റൺവേയിലൂടെ വിമാനങ്ങൾ ഇറങ്ങുകയും ഉയരുകയും ചെയ്യുന്നു. എെന്റ നാടിനെ ഞാൻ അവസാനമായി കാണുകയാണ്. മർഹബക്ക് നേരെ ഞാൻ തിരിഞ്ഞു. ‘‘എല്ലാം കണ്ടോളൂ. ഇൗ ഭൂമിയിലെ നമ്മുടെ അവസാന നിമിഷങ്ങളാണിത്.’’

‘‘അങ്ങനെ പറയല്ലേ.’’ മർഹബയുടെ സ്വരം ഇടറി. ‘‘ഇൻശാ അല്ലാഹ്, നമ്മൾ മടങ്ങിവരും.’’ ഇൗ വാക്കുകൾ പറയുന്നതും അവൾ നിയന്ത്രണംവിട്ട് പൊട്ടിക്കരയാൻ തുടങ്ങി. ‘‘ഇൻശാഅല്ലാഹ്’’ –ഞാനും പറഞ്ഞു. എെന്റ കവിളിലൂടെയും കണ്ണീർ ചാലിടുകയായിരുന്നു അപ്പോൾ.

(അവസാനിച്ചു)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT