ആശാലതയുടെ കവിതയുടെ സാമൂഹിക-കാവ്യ മാനങ്ങൾ അന്വേഷിക്കുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം. അധികാരത്തിന്റെ ഭാഷണങ്ങളോട് ഒട്ടിച്ചേരാതെ നിലനിൽക്കാൻ ശ്രമിക്കുന്നു ഈ കവിതകളെന്ന് ലേഖിക നിരീക്ഷിക്കുന്നു.
പ്രണയത്തെ നശ്വരവും ഭൗതികവുമായി മാത്രവുമല്ല ആശാലത അവതരിപ്പിക്കുന്നത്. ‘നാടോടിക്കഥ’ എന്ന കവിതയിൽ അതിർത്തികൾക്കപ്പുറവും ഇപ്പുറവും നിന്ന് പ്രേമിക്കുന്ന രണ്ട് മരങ്ങളുടെ പ്രേമം അനശ്വരമായി തുടരുകയും അവരെ എതിർത്ത കാവൽക്കാരും അവർക്കിടയിലെ അതിർത്തിയും നശ്വരമായി മാഞ്ഞു പോകുകയും ചെയ്യുന്നത് കാണാം.
മറ്റൊന്നിൽ ചേർന്ന് പൂർണതയാഗ്രഹിക്കുന്ന പ്രണയാവസ്ഥയെന്നപോലെ തന്നിലെ തന്നെ കവിഞ്ഞൊഴുകലായ ഒരു പ്രണയാവസ്ഥയും ആശാലതയുടെ കവിതകളിലുണ്ട്. അക്ക മഹാദേവിയുടെ വചനകവിതകൾ വിവർത്തനംചെയ്തിട്ടുള്ള ആശാലത ‘ജാതിക്കാത്തോട്ട’ത്തിലെ ‘വചനം’ എന്ന കവിതയിൽ അക്ക മഹാദേവിയുടെ പ്രേമത്തെക്കുറിച്ച് നീ കേട്ടാലുമില്ലെങ്കിലും ഞാൻ ആടും പാടും,
“കാരണം ഞാൻ വചനം മഹാവചനം’’
എന്ന് പറയുന്നുണ്ട്. ഇക്കവിതയിലെ ആശയം പല പ്രണയകവിതകളെയും വിശദീകരിക്കാനുതകും. തന്റെ പ്രണയത്തെ ‘എല്ലാ ഉടുപ്പും അഴിക്കുമ്പോൾ ‘ എന്ന കവിതയിൽ കടലിനോളം വിടർത്തി വിരിച്ചിടുന്ന കവി ‘നക്ഷത്രം മറച്ച് കറുത്ത മേഘം പോലെ നീന്തിവരുന്ന കള്ളക്കാമുകനെ’ ഓടിക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും സ്വാതന്ത്ര്യ പ്രഖ്യാപനമായും കവിഞ്ഞൊഴുകലായും പ്രണയം ഇവിടെ മാറുന്നു. വ്യക്തികളുടെയും സമൂഹത്തിന്റെയും അധികാരപ്രയോഗങ്ങളും ശരിതെറ്റുകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഈ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് തടസ്സം സൃഷ്ടിക്കുന്നതിന്റെയും ശരീരത്തിലും മനസ്സിലും ഇടപെടൽ നടത്തുന്നതിന്റെയും ആഖ്യാനങ്ങൾകൂടിയാണ് ആശാലതയുടെ പ്രണയകവിതകൾ.
കുട്ടികൾ, ആകാശം, പരോൾ
‘ജാതിക്കാത്തോട്ട’ത്തിലെ പല കവിതകളിലും രണ്ട് കുട്ടികളെ നാം കാണുന്നു (രണ്ടു കുട്ടികൾ, സവാരി, രണ്ട് കോഴിക്കുഞ്ഞുങ്ങൾ, കുഞ്ഞു വാച്ച്, മാമ്പഴക്കാറ്റ്). ‘രണ്ട് കോഴിക്കുഞ്ഞുങ്ങൾ’ എന്ന കവിതയിൽ ജനിക്കുമ്പോൾ തന്നെയുണ്ടായ അനാഥത്വത്തിൽ ഉഴലുന്ന, മുട്ടയായിരുന്നപ്പോൾ കേട്ട കഥകളുടെ ഭയംപേറുന്ന കോഴിക്കുഞ്ഞുങ്ങളാണുള്ളത്. മറ്റ് കവിതകളിൽ സ്നേഹവും വിശ്വാസവും ആഹ്ലാദവും ഉത്സാഹവുമായാണ് കുട്ടികൾ പ്രത്യക്ഷപ്പെടുന്നത്.
ഈ കുട്ടികളും കൂട്ടിന്റെ സന്തോഷവും ഓർമയിലും സ്വപ്നങ്ങളിലും ആകാശത്തിലും ഭൂതകാലങ്ങളിലുമാണ് കാണപ്പെടുന്നത്. എന്നാൽ, അവർക്ക് എക്കാലവും സൈക്കിളോടിച്ച്, നക്ഷത്രങ്ങളിൽ ഉരസി, മിന്നൽ തട്ടിത്തെറിപ്പിച്ച് (സവാരി) പോകാവുന്നവിധത്തിൽ ലോകം അവർക്കു മുന്നിൽ അമ്മട്ടിൽതന്നെ നീണ്ടുനിവർന്നു കിടക്കുന്നില്ല. അവർക്കു മുന്നിൽ അത്തരമൊരു വഴി തെളിഞ്ഞുവന്നേക്കുമെന്ന പ്രതീക്ഷ ഈ കവിതകൾ അവശേഷിപ്പിക്കുന്നുണ്ടെങ്കിലും.
‘മഴ പെയ്യാൻ മുട്ടിനിൽക്കുമ്പോൾ ചുമ്മാ കാൾ മാർക്സ്’ എന്ന കവിതയിൽ ആകാശത്തു മിന്നിമായുന്ന ചിത്രം യഹോവയുടേതെന്ന് ഒരു കൊച്ചും കാൾ മാർക്സ് എന്ന് ഒരു സഖാവും തിരിച്ചറിയുന്നതായി പറയുന്നു. എന്നാൽ, മഴയും കാറ്റും വന്ന് ഈ ചിത്രം മാഞ്ഞുപോകുന്നു. മഴ മാറുമെന്നും മഴവില്ല് വരുമെന്നും പ്രതീക്ഷിക്കുന്ന ഈ കവിതയിൽ രണ്ടു പേർ രണ്ടായി തിരിച്ചറിയുന്ന ചിത്രം രണ്ട് വലിയ പ്രതീക്ഷകളെ സൂചിപ്പിക്കുന്നു.
മതത്തിന്റെയും മാർക്സിസത്തിന്റെയും ഈ ബ്രഹദാഖ്യാനങ്ങൾക്ക് ഭൂമിയിൽ സ്നേഹത്തിന്റെയും സമത്വത്തിന്റെയും രാജ്യം സ്ഥാപിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് കവിക്കവരെ ആകാശത്ത് വരച്ചുവെക്കേണ്ടി വരുന്നു. ‘ദൈവരാഷ്ട്രം’ എന്ന കവിതയിൽ ആകാശത്ത് തമ്പുരാൻ കർത്താവിനേയും പുണ്യാളന്മാരെയും മറ്റും കണ്ട് ആ രാജ്യത്തേക്ക് പറന്നു പോകുന്ന കുര്യച്ചനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ദൈവത്തിന്റെ രാജ്യവും സമത്വത്തിന്റെ ലോകവും കുട്ടികളുടെ ലോകവുമൊക്കെ ആകാശത്തും സ്വപ്നങ്ങളിലും തോന്നലുകളിലുമാണുള്ളത്.
പല കവിതകളിലും ആവർത്തിക്കുന്ന പരോൾ എന്ന അനുഭവവും ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. ‘കടൽപ്പച്ച’ എന്ന ആദ്യസമാഹാരത്തിലെ പരോൾ എന്ന കവിത പരോളില്ലാത്ത ദിനരാത്രങ്ങളെക്കുറിച്ചു പറയുന്നു.
ഈ കവിതയും ‘ജാതിക്കാത്തോട്ട’ത്തിലെ ജീവപര്യന്തം, പരോൾ സ്വാതന്ത്ര്യത്തോട് പറഞ്ഞത്, മൂന്നു ദിവസത്തെ പരോൾ, കഴുത്ത്, കാണുന്നെങ്കിൽ എന്നീ കവിതകളും അടച്ചിടപ്പെടുന്നതിന്റെയും എപ്പോഴെങ്കിലും കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെയും അനുഭവങ്ങളാണ്. പരോൾ ഹ്രസ്വവും തടവ് ദീർഘവുമായിരിക്കുന്നതിനാൽ സ്വാതന്ത്ര്യത്തിന്റെ സമയം ഇപ്പോൾ തീർന്നുപോകുമെന്ന വേവലാതി ഇക്കവിതകൾ അനുഭവിപ്പിക്കുന്നു.
അധികാരത്തോടുള്ള വിയോജിപ്പുകൾകൊണ്ട് വർത്തമാനം അസ്വാതന്ത്ര്യത്തിന്റെയും അസ്വസ്ഥതയുടെയും അനുഭവമായിത്തീരുന്നത് കുട്ടിയാവാനും കൂട്ടുകൂടാനും സ്വപ്നങ്ങളിലും ആകാശങ്ങളിലും ഭൂതകാലത്തിലും ജീവിക്കാനുമുള്ള പ്രേരണ ഉണ്ടാക്കുന്നുണ്ട്. കുട്ടികൾ , ആകാശം, പരോൾ എന്നീ ആവിഷ്കാരങ്ങൾ ഇങ്ങനെ പരസ്പരബന്ധിതമായിക്കിടക്കുന്നു.
അധികാരം ചുമക്കുന്ന പെണ്ണും പ്രജയും
സ്ത്രീയെന്ന ലിംഗപരമായ സ്വത്വവും ദേശത്തിലെ പ്രജ എന്ന സ്വത്വവും ‘ജാതിക്കാത്തോട്ട’ത്തിലെ കവിതകളിൽ ആഖ്യാതാക്കൾ മാറിമാറി എടുത്തണിയുന്നുണ്ട്. ചില കവിതകളിൽ ഇത് രണ്ടും ചേർന്ന് പ്രജയായ പെണ്ണാണുള്ളത്. ഭരണകൂടത്തെക്കുറിച്ചും രാഷ്ട്രീയ പാർട്ടികളെക്കുറിച്ചും പറയുന്ന കവിതകളാണ് രാഷ്ട്രീയ കവിതകൾ എന്നാണ് ഇപ്പോഴും പലരുടെയും ധാരണ. അതുകൊണ്ട് സ്ത്രീ ജീവിതത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളെ രാഷ്ട്രീയ കവിതകളായി കാണാൻ ഇവർ തയാറല്ല.
വ്യക്തികളുടെ അനുഭവങ്ങളിലും ലോകബോധത്തിലും ആവിഷ്കാരങ്ങളിലുമെല്ലാം രാഷ്ട്രീയമുണ്ട്. സർവവ്യാപിയായ അധികാരത്തിന്റെ പിടിയിൽ കുനിയുകയും കുതറുകയുംചെയ്യുന്ന പെണ്ണിനെയും പ്രജയെയും ആശാലതയുടെ പല കവിതകളിലും നാം കണ്ടുമുട്ടുന്നു. ‘പുകമഞ്ഞ്’ എന്ന കവിതയിൽ ഈ അധികാരരൂപങ്ങൾ യജമാനനും ഭൂതവുമായി പ്രത്യക്ഷരൂപത്തിൽ കാണപ്പെടുന്നു. രണ്ട് മന്വന്തരങ്ങളായി ഉറങ്ങാതെ പണിചെയ്യുന്ന ഭൂതം തനിക്ക് സ്വതന്ത്രമായി നടക്കണമെന്നും സിനിമ കാണണമെന്നും പ്രേമിക്കണമെന്നും പറയുന്നു. അധികാരത്തിൽ നിരന്തരം വേട്ടയാടപ്പെടുന്ന ജീവിതത്തോടുള്ള മടുപ്പ് ‘ദൈവം’ എന്ന കവിതയിൽ കാണാം.
‘റിപ്പബ്ലിക്ക്’ എന്ന കവിത നോക്കുക. പുതിയൊരു റിപ്പബ്ലിക്ക് ഉണ്ടാക്കണമെന്നു പറയുന്ന മാവൂട്ടിച്ചേട്ടന് ഒരുവളുടെ സംശയങ്ങൾ തീർത്തു കൊടുക്കാൻ താൽപര്യമില്ല. വിപ്ലവകാരിയും പുരോഗമനകാരിയുമായി പ്രത്യക്ഷപ്പെടുന്ന ഇയാളുടെ അഭിപ്രായത്തിൽ രാജ്യകാര്യങ്ങളൊന്നും പെണ്ണുങ്ങൾ അറിയേണ്ടതില്ല. പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യമെന്ന് അവൾ അടുക്കളക്കാര്യങ്ങളിൽ മുഴുകുന്നു. അടുക്കളയെ തലയിൽനിന്ന് ഇറക്കിവെച്ചിട്ട് വേണമല്ലോ അവൾക്ക് മറ്റെന്തിലും മുഴുകാൻ?
അവളുടെ ലോകം ആകാശംപോലും അടഞ്ഞുപോയ അസ്വാതന്ത്ര്യത്തിന്റേതാണ്. ആകാശം തൊടാൻ ആഗ്രഹിക്കുന്ന ഒരുവളുടെ അവസ്ഥ നോക്കൂ.
“വീട്ടിലെത്തി
നെലം തൊടച്ചു
ചപ്പാത്തി പരത്തി
തുണി കഴുകിയിട്ടു
ചോറെടുത്തു വെച്ചു
അപ്പഴേക്കും നേരം വൈകി
അപ്പൊപ്പറയുന്നു കൊച്ചിനെ ഒറക്കീട്ട് പോയാ മതീന്ന്
ഇനിയിപ്പം ഒന്ന് മേക്കഴുകാതെയെങ്ങനെയാ
ആകാശം തൊടുന്നത്?
എന്നിട്ട് ടെറസ്സിൽ ചെന്നപ്പഴേക്ക്
അവരാ പകുതിയുടെ വാതിൽ
ഹോസ്റ്റലിന്റെ ഗ്രില്ലിട്ടപോലെ അടച്ചു കഴിഞ്ഞു.’’ (നല്ല പാതി)
നിഷേധിക്കപ്പെടുന്ന ഈ ആകാശമാണ് പല കവിതകളിലായി സ്വപ്നങ്ങളിലും ഭാവനകളിലും മഴവിൽ നിറങ്ങളിൽ വരുന്നത്.
“അടുക്കള തിരിച്ചുപിടിക്കാൻ
ഒട്ടും താൽപര്യമില്ലാഞ്ഞിട്ടും
എന്റെയടുപ്പിലും വേവുന്നുണ്ട്
ചോറും അതിന്റെ ചങ്ങാതിമാരും’’
എന്ന് ‘മഹാദേവി അക്കൻ മീൻ വെട്ടുന്നു ‘ എന്ന കവിതയിൽ ആശാലത എഴുതുന്നു. വീടുവിട്ട് ഇഷ്ടങ്ങളിലേക്ക് ഇറങ്ങിനടന്ന അക്ക മഹാദേവിയുടെ കഥയല്ല ഇത്. പാകമായി അടുപ്പിൻ മീതെ തിളച്ചുമറിയുന്ന വചനത്തെ പുറത്തേക്ക് വിളമ്പാൻ കഴിയാതെ പോകുന്ന പല പെണ്ണുങ്ങളുടെ കഥയാണിത്. ഹവ്വയായാലും ഗോപികയായാലും മഹാദേവി അക്കനായാലും അവർ തലയിൽ വീട് ചുമക്കുന്ന പെണ്ണുങ്ങൾകൂടിയാണ് ആശാലതയുടെ കവിതകളിൽ.
‘ജാതിക്കാത്തോട്ട’ത്തിലെ അതേ പേരുള്ള കവിതയിൽ തുണിയലക്കിത്തുണിയലക്കി നടു ഒടിഞ്ഞു എന്ന് പറയുന്ന ഹവ്വയുണ്ട്. എല്ലാ ഉടുപ്പും അഴിക്കുമ്പോൾ എന്ന സമാഹാരത്തിലെ വിഷ പര്യവസായി, വിഭവ വിശേഷം, സാമ്പാർ എന്നീ കവിതകളിലും അടുക്കളയുണ്ടാക്കുന്ന മടുപ്പുകളും അസ്വസ്ഥതകളും കാണാം.
അടുക്കളയുടെ അധികഭാരത്തോടൊപ്പം അകം പുറം ലോകങ്ങളിലെ ഹിംസകളും അനീതികളും അവൾ നേരിടേണ്ടി വരുന്നു. കഴുത്തിൽ ചാർത്തപ്പെട്ട പ്രണയപാശം അവളെ ചിലപ്പോൾ ഇഞ്ചിഞ്ചായി കൊല്ലുന്നു (പ്രണയപാശം എന്ന കവിത). സ്വന്തം പേര് പോലും അവൾക്ക് ഓർമിച്ചെടുക്കാൻ കഴിയുന്നില്ല (എന്റെ പേര് ഇപ്പഴെന്താ? എന്ന കവിത). പുറംലോകത്തെ ആൺകൂട്ടങ്ങൾ ഒരുവളെ അദൃശ്യയാക്കുന്നു. ശരീരബലവും അധികാരവുംകൊണ്ട് നിശ്ശബ്ദയാക്കുന്നു. ഇത്തരം അദൃശ്യമാക്കലുകളെക്കുറിച്ചും ബലപ്രയോഗങ്ങളെക്കുറിച്ചും പല കവിതകളും പറയുന്നുണ്ട്.
‘കടൽപ്പച്ച’ എന്ന സമാഹാരത്തിലെ ‘ആട്’ എന്ന കവിതയിൽ ആൺഹിംസയെ വരച്ചിട്ടിരിക്കുന്നതിന്റെ തുടർച്ച ‘ജാതിക്കാത്തോട്ട’ത്തിലെ ‘ഓഫ് ദ റെക്കോർഡ് ‘ എന്ന കവിതയിലും കാണാം. ഒടുവിലത്തെ അത്താഴത്തെ ഓർമിപ്പിക്കും വിധമുള്ള ഇക്കവിതയിലും സ്ത്രീശരീരത്തെയും ഭക്ഷണത്തെയും ചേർത്തു വെച്ചിരിക്കുന്നു. മീൻ, പൂച്ച എന്നിവർ എന്ന കവിതയിൽ സാഹിത്യലോകത്തെ അധികാരത്തെക്കുറിച്ചാണ് ആശാലത പറയുന്നത്. ഉള്ളിൽ തിളക്കുന്ന വചനത്തെ പുറത്തേക്കൊഴുക്കുന്ന എഴുത്തുകാരികളെ കൊന്നുകളഞ്ഞ് വളരുന്ന നിരൂപകരും മറഞ്ഞു പോകുന്ന എഴുത്തുകാരിയുമാണ് ഇക്കവിതയിലുള്ളത്.
ഫെമിനിസത്തിന്റെ പ്രതിസന്ധികളെക്കുറിച്ചുള്ള ആത്മവിമർശനങ്ങളും ആശാലതയുടെ കവിതകളിലുണ്ട്. ‘ജാതിക്കാത്തോട്ടം’ എന്ന സമാഹാരത്തിലെ അതേ പേരിലുള്ള കവിതയിലെ അമ്മാമ്മ പുതുതലമുറപ്പെൺകൊച്ചിനേക്കാൾ മിടുക്കിയാണ്. ദൈവത്തെ നിഷേധിച്ച് പഴം പറിച്ച് തിന്നാൻ മടിക്കാതിരുന്ന അമ്മാമ്മ മതിലിനു മുകളിൽ കയറി ‘ജാതിക്കാത്തോട്ട’ത്തിലേക്ക് ചാടി ജാതിക്ക പറിച്ചുതിന്നുമ്പോൾ പാമ്പിനെ പേടിച്ച് നിൽക്കുകയാണ് പെൺകൊച്ച്.
“ഒരു പഴം പറിക്കാൻ കൈപൊങ്ങാത്ത നീയൊക്കെ/എന്തൊന്നു ....... ഫെമിനിസ്റ്റാടീ” എന്ന അമ്മാമ്മയുടെ വിമർശനം പെണ്ണുങ്ങളുടെ പോക്ക് മുന്നോട്ട് തന്നെയോ എന്ന സംശയം ബാക്കിയാക്കുന്നു. പുതുകാലത്ത് സ്ത്രീവാദ സിദ്ധാന്തങ്ങൾ പറയുന്ന പെണ്ണുങ്ങൾപോലും പ്രായോഗിക ജീവിതത്തിൽ കുലസ്ത്രീ മാതൃകകളാൽ സ്വാധീനിക്കപ്പെടുന്നുണ്ടെന്നും മനുഷ്യർക്ക് മേൽ സംസ്കാരത്തിന്റെ ബലങ്ങൾ കൂടുതലായി വരികയാണെന്നും ഈ കവിത തോന്നിപ്പിക്കുന്നു.
ദേശ രാഷ്ട്രവും ഭരണകൂടവും പ്രജകൾക്കു മേൽ നടത്തുന്ന അധികാരപ്രയോഗങ്ങളെ ആശാലതക്കവിതകൾ സൂക്ഷ്മതയോടെ പിന്തുടരുന്നുണ്ട്. ക്വാണ്ടം തിയറി എന്ന കവിതയിൽ ദേശമഹിമകളെ പെരുപ്പിച്ചു കാണിക്കുന്ന 3D കണ്ണടയും സൗജന്യ കോണ്ടവുമാണ് സിനിമ കഴിഞ്ഞിറങ്ങുന്നവർക്ക് കിട്ടുന്നത്. അതും നിർബന്ധപൂർവമാണ് പിടിപ്പിക്കുന്നത്. ഊതിപ്പെരുപ്പിച്ച ദേശീയത അതിർത്തിയിലെ കമ്പിവേലിയിലുടക്കി പൊട്ടിപ്പോകുന്നതാണ് ഇക്കവിതയുടെ അന്ത്യത്തിൽ കാണുന്നത്.
പ്രതിലോമകാരി എന്ന കവിതയിൽ പൊതുസ്ഥലത്തുനിന്ന് വളിവിട്ടതിന് പിടിച്ചുകൊണ്ടു പോകപ്പെടുന്ന പ്രജയാണുള്ളത്. ശരീരത്തെയും പ്രണയത്തെയും മതവും മനുഷ്യരും പല കാലങ്ങളിൽ നോക്കിയ വിധങ്ങളാണ് പാൻ ഒപ്റ്റിക്കോൺ എന്ന കവിതയിൽ തെളിയുന്നത്. മനുഷ്യരുടെ ദൈനംദിന പ്രവൃത്തികളിൽ ഇടപെടുന്ന/ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അധികാരത്തെ ഇക്കവിത വിമർശിക്കുന്നു. പ്രണയത്തിന്റെ മിസ് കോൾ കാത്തിരുന്ന് നരച്ചുപോയ ഒരാളാണ് റിപ് വാൻ വിങ്കിൾ എന്ന കവിതയിലുള്ളത്.
“ചുകന്ന കോട്ടയിൽ കുറിക്കമ്പനിക്കാരുടെ കൊടി പാറുന്നു’’
എന്ന അവസാന വരികളിലെത്തുമ്പോൾ ഈ വാർധക്യം സമൂഹത്തിന്റെ കൂടി വാർധക്യമായി ഇക്കവിത അനുഭവപ്പെടുത്തുന്നു.
അധികാരം എപ്പോഴും പ്രകടവും ഹിംസാത്മകവുമായല്ല കാണപ്പെടുന്നത്. മൃദുലവും സൗമ്യവുമായ മുഖം മൂടികളണിഞ്ഞ് അത് ചിലപ്പോൾ പ്രത്യക്ഷമാവുന്നു. വിയോജിക്കാനുള്ള കഴിവ് ക്രമേണ ഇല്ലാതാവുകയും അനുസരണ മാത്രം ശീലിക്കുകയും ചെയ്യുന്ന പ്രജയെക്കുറിച്ചാണ് പ്ലാവില എന്ന കവിത പറയുന്നത്. പ്ലാവില കാട്ടി ആടിനെ കൊണ്ടുപോകും വിധം പ്രലോഭനങ്ങൾകൊണ്ട് വിധേയപ്പെടുത്തിയെടുക്കാൻ അധികാരം ശ്രമിക്കുന്നു.
ചരിത്രത്തിലെ ഏകാധിപതി രണ്ടിഡ്ഡലി എരിവില്ലാത്ത ചട്ണി കൂട്ടി തിന്നുന്ന സാത്വികനായ പഞ്ചായത്ത് പ്രസിഡന്റിന്റെ വർത്തമാനമായി പ്രത്യക്ഷപ്പെടുന്നു ഓഷ് വിറ്റ്സ് എന്ന കവിതയിൽ. ദശലക്ഷക്കണക്കിന് മനുഷ്യരെ ചുട്ടുകൊന്ന ഗ്യാസ് ചേംബറുകൾ ചക്കക്കുരു ചുട്ടു തിന്നുന്ന കരിയിലക്കൂട്ടമായി ഈ കവിതയിൽ മാറുന്നു. ക്രൂരനായ ഏകാധിപതിയുടെയും ഗ്യാസ് ചേംബറുകളുടെയും ചരിത്രത്തെ മായ്ച്ചുകളഞ്ഞ് വെള്ളപൂശി, കുഴിമാടങ്ങൾക്ക് മേൽ പണിതുയർത്തുന്ന നുണക്കഥകളെക്കുറിച്ചാണ് ഇക്കവിത. ജനാധിപത്യഭരണത്തിലെ ഏകാധിപതികളെ ഓർമിപ്പിക്കുന്നുണ്ട് ഇക്കവിത.
അധികാരത്തിന്റെ ഉറച്ച ശബ്ദമല്ല വിധേയകർത്തൃത്വത്തിന്റെ ശബ്ദം. ഭാഷയിലെ ആവോ, ആർക്കറിയാം എന്നീ സന്ദേഹങ്ങളുടെ ആവർത്തനവും കവിതയിലെ ആഖ്യാതാവിന്റെ/ ആഖ്യാതാക്കളുടെ വിധേയകർത്തൃനിലയോട് ചേർത്ത് വായിക്കേണ്ടതാണ്.
എന്നാൽ, ഈ ഭാഷ കൂടുതൽ ജനാധിപത്യ സ്വഭാവമുള്ളതാണ്. അധികാരത്തിന്റെ ഭാഷണങ്ങളോട് ഒട്ടിച്ചേരാതെ നിലനിൽക്കാൻ ഇത് ശ്രമിക്കുന്നുണ്ട്. പല ഉത്തരങ്ങൾക്കും പല അഭിപ്രായങ്ങൾക്കും പ്രവേശിക്കാനും ഇറങ്ങിപ്പോകാനും കഴിയുന്ന ഒരു വാതിലായും സന്ദേഹത്തിന്റെ ഭാഷണങ്ങൾ നിലകൊള്ളുന്നു. ഭരണകൂട അധികാരവും ലിംഗാധികാരവും അതിന്റെ പ്രയോഗങ്ങളിലൂടെ പ്രജകളെ/ സ്ത്രീകളെ സ്വയം കണ്ടെത്താനും ഉറച്ചുനിൽക്കാനും കഴിയാത്തവിധം ചിതറിച്ചുകളയുന്നു.
കൂടിച്ചേരുകയും നിവർന്നു നിൽക്കുകയും മുന്നോട്ടൊഴുകുകയും വീണ്ടും ചിതറിപ്പോകുകയും ചെയ്യുന്നതിന്റെ അനുഭവങ്ങൾ ആശാലതയുടെ കവിതകളിൽ എമ്പാടുമുണ്ട്. ആധികാരികതയും ശരീരബലവും പേറുന്ന വാക്കുകൾ വിജയിക്കുന്ന ലോകത്ത് അസ്ഥിരതയും ജനാധിപത്യവും പേറുന്ന വാക്കുകൾക്ക് മുന്നേറ്റം എളുപ്പമല്ല. പക്ഷേ, ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും ലോകത്തെക്കുറിച്ചുള്ള സ്വപ്നം അതൊരിക്കലും ഉപേക്ഷിക്കുന്നില്ല.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.