ഹിന്ദുത്വ ഭരണകൂടങ്ങൾ പാഠപുസ്തക പരിഷ്കരണങ്ങളിലൂടെയും മാറ്റിയെഴുത്തുകളിലൂടെയും ക്ലാസ്മുറികളിലും പുറത്തും എന്താണ് നടത്തുന്നത്? എന്താണ് അജണ്ട? ഇൗ പാഠ്യപദ്ധതികൾ എവിടേക്കാണ് നയിക്കുക? –വിദ്യാഭ്യാസ വിചക്ഷണനായ ലേഖകൻ ചില നിരീക്ഷണങ്ങളും കടുത്ത വിമർശനങ്ങളും മുന്നോട്ടുവെക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയ രൂപവത്കരണത്തോടെ ഔദ്യോഗികവും ഔപചാരികവുമാക്കപ്പെട്ട ഒരു ഹിന്ദുത്വ വിദ്യാഭ്യാസ പദ്ധതിക്ക് ഇന്ത്യയിൽ അരങ്ങൊരുങ്ങിയിരിക്കുകയാണ്. വ്യത്യസ്ത രൂപങ്ങളിൽ പാഠ്യപദ്ധതിയായും പാഠപുസ്തകങ്ങളായും അത് എതിർശബ്ദങ്ങളെയും വിയോജിപ്പുകളെയും തകർത്തു മുന്നേറുന്നതാണ് വർത്തമാന കാഴ്ച. പാഠപുസ്തകമെന്ന തുറന്ന സംവാദസാധ്യതയെ ചോദ്യങ്ങളില്ലാത്ത അനുസരണയുടെയും അച്ചടക്കത്തിന്റെയും ഏകമുഖ മൻ കി ബാത്ത് ആക്കി മാറ്റുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ജനാധിപത്യ-മതേതര-ബഹുസ്വര സമൂഹസൃഷ്ടിയുടെ ദിശാസൂചിയാവേണ്ട പുസ്തകങ്ങൾതന്നെ അന്യവത്കരണത്തിെന്റയും അപരവിദ്വേഷത്തിന്റെയും ആയുധപ്പുരകളാകുന്നു. സമഗ്രാധിപത്യ വ്യവസ്ഥയിൽ പാഠ്യപദ്ധതിയും, പാഠപുസ്തകങ്ങളും അൽത്തൂസർ നിരീക്ഷിച്ചതുപോലെ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമായല്ല, ഭരണകൂടംതന്നെയായി പരിണമിക്കുകയാണ്.
സംഘ്പരിവാർ പിന്തുടരുന്ന വിഭജന രാഷ്ട്രീയം വിദ്യാഭ്യാസ മേഖലയെ വിഷലിപ്തമാക്കുന്നതിന്റെ അസ്വസ്ഥജനകമായ വാർത്തകളിലൂടെയാണ് ദേശീയ വിദ്യാഭ്യാസ നയരൂപവത്കരണഘട്ടം മുതൽ രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളിലൊന്ന് പുസ്തകങ്ങളിൽനിന്നുള്ള ഇന്ത്യയുടെയും, മധ്യകാല ഇന്ത്യൻ ചരിത്രത്തിന്റെയും, സ്വാതന്ത്ര്യസമരത്തിന്റെയും, നവോത്ഥാന പാരമ്പര്യത്തിന്റെയും പിന്മടക്കം.
ഏതാനും വർഷങ്ങളായി ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസമെന്ന ദേശീയ വിദ്യാഭ്യാസനയ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതിയും പുസ്തകങ്ങളും എഴുതപ്പെടുന്നത്. ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസമെന്നത് പൗരാണിക ഭാരതകേന്ദ്രീകരണമാണെന്നും ഇന്ത്യയുടെ മധ്യകാല-ആധുനിക ചരിത്രമില്ല എന്നതും അന്നേ നിരീക്ഷിക്കപ്പെട്ടതാണ്. പ്രാചീന ഭാരതത്തിലെ ഭൗതികവാദ ദർശന പദ്ധതിയിൽപ്പെട്ട കണാദനോ കപിലനോ ചാർവാകനോപോലും അതിൽ സ്ഥാനമില്ല. ബുദ്ധ-ജൈന പാരമ്പര്യത്തെയും, സംസ്കൃതത്തിലല്ലാതെ പ്രാദേശിക ഭാഷകളിലെഴുതിയവരെയും ഭക്തിപ്രസ്ഥാനകാലത്തെ അപ്പർ, സംബന്ധർ, മാണിക്കവാസഗർ, ബസവണ്ണ, അക്കമഹാദേവി, ആണ്ടാൾ, കബീർ, ഗുരുനാനാക്ക് എന്നിവരെയെല്ലാം തിരസ്കരിച്ചും തമസ്കരിച്ചും ഏതു ‘ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസ’മാണ് ഇവിടെ പടുത്തുയർത്താൻ ശ്രമിക്കുന്നതെന്നതാണ് പ്രധാന ചോദ്യം.
പൗരാണികതയുടെ വന്യ ഫാന്റസികളിലേക്കും മിത്തുകളിലേക്കും മിഥ്യാഭിമാന ബോധ്യങ്ങളിലേക്കുമുള്ള ഊളിയിടൽ സമഗ്രാധിപത്യ വിദ്യാഭ്യാസ പദ്ധതികളുടെ പൊതുസ്വഭാവമാണ്. ആര്യ വംശശുദ്ധിയുടെ ആദിമ ചോദനകളിലേക്ക് ആൾക്കൂട്ടത്തെ നയിച്ച, ഒന്നാം ലോകയുദ്ധാനന്തര കാലത്തെ ജർമൻ വിദ്യാഭ്യാസ പദ്ധതിയും മുസോളിനിയുടെ സഹചാരികളായിരുന്ന ജിയോവനി ജന്റൈലും ക്രോച്ചെയും ചേർന്നവതരിപ്പിച്ച ഇറ്റാലിയൻ വിദ്യാഭ്യാസ പദ്ധതിയും ലോകമെങ്ങുമുള്ള ഫാഷിസ്റ്റ് വിദ്യാഭ്യാസ പദ്ധതികളുടെ എക്കാലത്തെയും വലിയ ഉറവിടങ്ങളായിരുന്നു. ലക്ഷോപലക്ഷം മനുഷ്യരെ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കും ഗ്യാസ് ചേംബറുകളിലേക്കും നയിച്ചതിൽ ജർമനിയിലെയും ഇറ്റലിയിലെയും ക്ലാസ് റൂമുകൾ വഹിച്ച പങ്ക് സാമൂഹിക ശാസ്ത്രജ്ഞരുടെ പ്രധാന പഠനവിഷയമാണ്.
ആധുനികതയെയും അതിന്റെ സൃഷ്ടിയായ ശാസ്ത്ര-ചരിത്ര യാഥാർഥ്യങ്ങളെയും കണ്ടെത്തലുകളെയും നിരാകരിക്കുകയെന്നതാണ് ഇവയുടെ പൊതുസ്വഭാവം. ആധുനിക ശാസ്ത്രം കണ്ടെടുത്ത പ്രപഞ്ചസത്യങ്ങളെയും സാങ്കേതിക നേട്ടങ്ങളെയും പൗരാണിക ശാസ്ത്ര പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഏറെക്കാലമായി ഇന്ത്യയിലും നടന്നുവരുന്നുണ്ട്. ദേശീയ ശാസ്ത്ര കോൺഗ്രസും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമെല്ലാം അതിനുള്ള ഭരണകൂട ഉപകരണങ്ങൾ മാത്രമാണ്.
ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ ദശാവതാരവുമായും ആണവായുധത്തെ ആഗ്നേയാസ്ത്രവുമായും പ്ലാസ്റ്റിക് സർജറിയെ ഗണപതി വിശ്വാസമായും താരതമ്യപ്പെടുത്തി പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുന്നത് ദേശീയ ശാസ്ത്ര കോൺഗ്രസിലാണ്. ശാസ്ത്രകാരന്മാരെന്ന് അവകാശപ്പെടുന്നവരുടെ ഒരു വലിയ സംഘം കഴിഞ്ഞ ഏതാനും വർഷങ്ങളായി ശാസ്ത്രത്തെ വിശ്വാസവുമായും മതവുമായും കൂട്ടിക്കെട്ടുന്നതിനുള്ള വ്യഗ്രതയിലാണ്.
ശാസ്ത്രവിരുദ്ധ, മിത്തിക്കൽ ആശയങ്ങൾക്ക് ശാസ്ത്രത്തിന്റെ മുഖവും രീതിശാസ്ത്രവും കൽപിച്ചുകൊടുക്കാൻ മത്സരിക്കുകയാണ് വിജ്ഞാൻ ഭാരതി, സ്വദേശി പ്രസ്ഥാനം തുടങ്ങി പ്രത്യക്ഷത്തിൽ ശാസ്ത്ര പ്രചാരകരെന്നു തോന്നുന്ന സംഘടനകളും ചില ശാസ്ത്ര പ്രചാരകരും. വിമാനവും റഡാറും ഗോളാന്തരയാത്രകളും മെറ്റലർജിയും കപ്പൽ നിർമാണവുമെല്ലാം പ്രാചീന ഇന്ത്യയിലുണ്ടായിരുന്നുവെന്ന് ദേശീയ വിദ്യാഭ്യാസ നയരേഖയുടെ ആമുഖത്തിൽ എഴുതിവെക്കുമ്പോൾ അത് മിത്തോ ചരിത്രമോ എന്നറിയാതെ ആളുകൾ ആശയക്കുഴപ്പത്തിലാവും.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്കതും ഭാരതകേന്ദ്രീകൃത ഗവേഷണ പദ്ധതികൾക്കായി കോടിക്കണക്കിനു രൂപയാണ് ചെലവഴിക്കുന്നത്. വേദങ്ങളിലും പുരാണങ്ങളിലും പരാമർശിക്കുന്ന സ്ഥലങ്ങളും സംഭവങ്ങളും ആശയങ്ങളും കണ്ടെത്തുന്നതിനുള്ള പഠനം ഐ.ഐ.ടികളും ഐസറുകളും ഉന്നത സർവകലാശാലകളും കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരിക്കുന്നു. സരസ്വതി നദി കണ്ടെത്താനുള്ള പഠനപ്രോജക്ടിന് ഹരിയാന ഗവൺമെന്റും മൃതസഞ്ജീവനി കണ്ടെത്താനുള്ള പ്രോജക്ടിന് ഉത്തരാഖണ്ഡ് ഗവൺമെന്റും വൻ തുകയാണ് വകയിരുത്തിയത്.
ഹരിയാന സർക്കാർ അടുത്തിടെ പുറത്തിറക്കിയ ചരിത്ര പുസ്തകങ്ങളിൽ വിഭജനത്തിന് കോൺഗ്രസിനെയും ഗാന്ധിയെയും കുറ്റപ്പെടുത്തുകയും സ്വാതന്ത്ര്യസമരത്തെയും സാംസ്കാരിക ദേശീയതയെയും ഉണർത്തുന്നതിൽ ആർ.എസ്.എസിന്റെ പങ്കിനെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. സരസ്വതി-സിന്ധു നാഗരികത, സവർക്കർ, ഹെഡ്ഗേവാർ എന്നിവരും വിശദാംശങ്ങളോടെ കടന്നുവരുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഹിന്ദുമത ഗ്രന്ഥമായ ഭഗവദ്ഗീത പാഠ്യപദ്ധതിയിലുൾപ്പെടുത്തി പഠിപ്പിച്ചുവരുന്നതും ഇതിനൊപ്പം ചേർത്തുവായിക്കണം. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളെയും പുരാണങ്ങളെയും ഫിസിക്സുമായും കെമിസ്ട്രിയുമായും മറ്റ് ശാസ്ത്ര മേഖലകളുമായും ബന്ധിപ്പിക്കുന്ന നൂറുകണക്കിന് പുതിയ കോഴ്സുകളാണ് വിവിധ സർവകലാശാലകളിൽ ആരംഭിച്ചിരിക്കുന്നത്.
ഏറ്റവുമൊടുവിൽ ഐ.എസ്.ആർ.ഒയുടെ ചാന്ദ്രയാൻ 3 ദൗത്യത്തെക്കുറിച്ചുള്ള എൻ.സി.ഇ.ആർ.ടി വായനസാമഗ്രിയിൽ ബഹിരാകാശ ശാസ്ത്രത്തെ അമർച്ചിത്രകഥകളാക്കി മാറ്റുകയാണ്. പ്രാചീനകാലത്ത് ഇന്ത്യയിൽ പറക്കുന്ന വാഹനങ്ങളും രഥങ്ങളും വിമാനങ്ങളുമുണ്ടായിരുന്നെന്നും പ്രാചീന ഋഷിവര്യൻമാർക്ക് എയ്റോ ഡൈനാമിക്സിൽ നൈപുണ്യമുണ്ടായിരുന്നുവെന്നുമാണ് കണ്ടെത്തൽ. പൗരൻമാരിൽ ശാസ്ത്രീയബോധ്യവും ധാരണയുമുണ്ടാക്കണമെന്ന ഭരണഘടനാ വ്യവസ്ഥ മൗലിക കടമയായി നിലവിലുള്ള രാജ്യത്തെ കുട്ടികളിലേക്കാണ് ശാസ്ത്രവിരുദ്ധതയുടെ ആശയങ്ങൾ വിക്ഷേപിക്കുന്നത്.
ജനാധിപത്യ-മതേതര-ശാസ്ത്രീയ-വിദ്യാഭ്യാസത്തിലൂടെ രൂപപ്പെട്ട ഇന്ത്യൻ നവോത്ഥാനത്തിന്റെ അടിസ്ഥാനശിലകളിലൊന്ന് ശാസ്ത്രചിന്തയുടെയും ശാസ്ത്രീയാന്വേഷണങ്ങളുടെയും വ്യാപനമായിരുന്നു. പ്രഗല്ഭമതികളായ ഒരുസംഘം ശാസ്ത്രകാരൻമാരും അവരുടെ കണ്ടെത്തലുകളുമാണ് ആധുനിക ഇന്ത്യയെ സൃഷ്ടിച്ചതെന്നത് മറക്കാനാവില്ല. സി.വി. രാമൻ, ജഗദീശ് ചന്ദ്രബോസ്, ശ്രീനിവാസ രാമാനുജൻ, പ്രഫുല്ലചന്ദ്ര റേ, മേഘനാഥ് സാഹ, വിക്രം സാരാഭായ്, ഹോമി ജഹാംഗീർ ഭാഭ, സുബ്രഹ്‌മണ്യം ചന്ദ്രശേഖർ, സതീഷ് ധവാൻ, സി.എൻ.ആർ. റാവു, യശ്പാൽ എന്നിവരുടെ സംഭാവനകളെയൊന്നും പരിഗണിക്കാതെ പ്രാചീന ഭാരതത്തിലേക്കുള്ള പിന്തിരിഞ്ഞുനോക്കൽ ഇന്ത്യൻ വിദ്യാഭ്യാസത്തെ പുതിയ സഹസ്രാബ്ദത്തിൽ എവിടേക്കാണ് നയിക്കുന്നത്?
പുതിയ ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെട്ട പാഠ്യപദ്ധതി രൂപവത്കരണത്തിന്റെ 25 ഫോക്കസ് ഗ്രൂപ്പുകളിലൊന്നായ സാമൂഹിക ശാസ്ത്രത്തിന്റെ പൊസിഷൻ പേപ്പറിലാണ് ഇന്ത്യയെന്ന പേരുമാറ്റി ഭാരതമെന്നാക്കണം എന്നതുൾപ്പെടെയുള്ള നിർദേശങ്ങളുണ്ടായത്. മലയാളിയായ സി.ഐ. ഐസക് അധ്യക്ഷനായ ഏഴംഗ എൻ.സി.ഇ.ആർ.ടി സാമൂഹികശാസ്ത്ര പാഠപുസ്തക പരിഷ്കരണ സമിതി കേന്ദ്രസർക്കാറിന് സമർപ്പിച്ചിരിക്കുന്ന നിർദേശങ്ങൾ സാമൂഹികശാസ്ത്ര വിദ്യാഭ്യാസ പദ്ധതിയിലും സമീപനത്തിലും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയാണ്. ഇന്ത്യയും ഭാരതവുമെന്ന് മാറി മാറി ഉപയോഗിക്കുന്നത് കുട്ടികളിൽ ആശയക്കുഴപ്പത്തിനിടയാക്കുന്നതിനാൽ പാഠപുസ്തകങ്ങളിൽ ഭാരതം മാത്രം മതി.
സ്വാതന്ത്ര്യസമര ചരിത്രപഠനം ചുരുക്കി 75 വർഷത്തെ സ്വാതന്ത്ര്യാനന്തര ഭാരതചരിത്രം വിശദമായി പഠിപ്പിക്കണം, ഹിന്ദു രാജാക്കന്മാരുടെ യുദ്ധപരാജയങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ ഒഴിവാക്കി അവരുടെ യുദ്ധവിജയ കഥകൾ ഉൾപ്പെടുത്തണം. പ്രാചീന-മധ്യകാല-ആധുനിക ചരിത്രമെന്ന കാലവിഭജനം ബ്രിട്ടീഷ് സൃഷ്ടിയായതിനാൽ പൗരാണിക ചരിത്രത്തെ ക്ലാസിക്കൽ ചരിത്രമെന്ന് മാറ്റിവിളിക്കണം എന്നിങ്ങനെ പോകുന്നു സമിതിയുടെ നിർദേശങ്ങൾ.
ഇന്ത്യയെന്ന പേര് ഒരു സാംസ്കാരിക സമന്വയ ജീവിതവ്യവസ്ഥയെ സൂചിപ്പിക്കുന്നതാകയാൽ അതുമാറ്റി ഭാരതം എന്നാക്കണമെന്ന വാദം സംഘ്പരിവാർ വ്യത്യസ്ത കാലഘട്ടങ്ങളിലായി ഉന്നയിച്ചിട്ടുണ്ട്. ആർ.എസ്.എസ് രൂപവത്കരണത്തിന്റെ നൂറാം വർഷത്തിൽ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ നിരാകരിക്കുന്നതും സാംസ്കാരിക ദേശീയതയെ ആഘോഷിക്കുന്നതുമായ ഒരു പ്രയോഗം അവർക്കാവശ്യമുണ്ട്. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പ്രസംഗങ്ങളിലൂടെ പലതവണ അത് വ്യക്തമാക്കിയിട്ടുമുണ്ട്. ജി20 സമ്മേളനത്തിലാരംഭിച്ച, രാഷ്ട്രീയ-നയതന്ത്ര മേഖലകളിൽനിന്ന് ഇന്ത്യയെ ഒഴിവാക്കി ഭാരതത്തെ സ്ഥാപിക്കാനുള്ള നീക്കത്തിന്റെ സാംസ്കാരിക പരിസരം സൃഷ്ടിക്കാനുള്ള ശ്രമമാണ് പാഠ്യപദ്ധതിയിലൂടെയും പാഠപുസ്തകങ്ങളിലൂടെയും നടത്തപ്പെടുന്നത്.
വിവിധ ചരിത്രഘട്ടങ്ങളിൽ ഇന്ത്യ, ഭാരതം, ഭാരതവർഷം, ആര്യാവർത്തം, ഹിന്ദുസ്ഥാൻ, അൽഹിന്ദ് എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ രാജ്യം വിളിക്കപ്പെട്ടിട്ടുണ്ട്. മുൻകാലങ്ങളിലെ പാഠ്യപദ്ധതികളിലും പുസ്തകങ്ങളിലും ഈ പേരുകൾ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. മനുസ്മൃതി ഉൾപ്പെടെയുള്ള പൗരാണിക കൃതികളിൽ ആര്യാവർത്തമായാണ് ഇന്ത്യയെ അവതരിപ്പിച്ചത്. സിന്ധു-ഗംഗാ പ്രദേശങ്ങളെ മാത്രമാണ് ആര്യാവർത്തമെന്ന സംജ്ഞ ഉൾക്കൊണ്ടിരുന്നത്. സുൽത്താനേറ്റ്-മുഗൾ കാലഘട്ടത്തിലെ ആത്മകഥാകഥനങ്ങളിലും ജീവചരിത്രങ്ങളിലും ഔദ്യോഗിക രേഖകളിലുമെല്ലാം ‘ഹിന്ദുസ്ഥാൻ’ എന്ന പ്രയോഗത്തിനായിരുന്നു പ്രാമുഖ്യം.
ഒരുപക്ഷേ, സുൽത്താനേറ്റ് കാലഘട്ടത്തിൽ അമീർ ഖുസ്രുവിന്റെ കവിതകളിലൂടെയും, ഖവാലികളിലൂടെയുമാവണം ഹിന്ദുസ്ഥാൻ എന്ന പേര് വ്യാപകമായി പ്രചരിച്ചത്. ഹിന്ദുസ്ഥാൻ വടക്കേ ഇന്ത്യൻ പ്രദേശങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്നപ്പോൾ ഡെക്കാൺ എന്നാണ് തെക്കേ ഇന്ത്യൻ പ്രദേശങ്ങൾ മുഗൾ രേഖകളിൽ അറിയപ്പെട്ടിരുന്നത്. ഒരു ബഹുസ്വര സമൂഹത്തെ പ്രതിനിധാനം ചെയ്യണമെന്ന ലക്ഷ്യത്തോടെ ഇന്ത്യ എന്ന പേരാണ് ഏറെ ഉപയോഗിക്കപ്പെട്ടതും വിദേശ രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ടതും.
സംഘ്പരിവാർ സൂചിപ്പിക്കുന്നതുപോലെ ഇന്ത്യ എന്ന പ്രയോഗം ബ്രിട്ടീഷുകാരുടേതല്ല. സിന്ധുനദീതട പ്രദേശത്തിലെ ജനങ്ങൾ എന്ന അർഥത്തിൽ പേർഷ്യക്കാരും യവനരും ഹൂണൻമാരുമെല്ലാം ഇൻഡീസ് എന്നും പേർഷ്യൻ ഭാഷയിൽ ‘സ’ക്കു പകരം ‘ഹ’ ഉപയോഗിക്കുന്നതിനാൽ സിന്ധുനദീതടത്തിലെ ജനങ്ങളെ ഹിന്ദുവെന്നും വിളിച്ചിരുന്നു. ഇന്ത്യയെന്ന പേരുമാറ്റി ഭാരതമെന്നാക്കണമെന്നു വാദിക്കുന്ന സംഘ്പരിവാർ ഹിന്ദുവെന്ന വൈദേശിക നാമത്തിനു പകരം എന്തു പേരിടുമെന്ന ചോദ്യം പ്രസക്തമാണ്.
ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ഇന്ത്യ എന്ന പേരാണ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഒരു ജനാധിപത്യ-മതേതര-ബഹുസ്വര സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഇൻക്ലൂസിവായ പ്രയോഗമെന്ന നിലയിലാണ് അത് ഉപയോഗിക്കപ്പെട്ടത്. ഭരണഘടനാ രൂപവത്കരണ വേളയിൽ ഏറെ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് ആർട്ടിക്കിൾ 1ൽ ഇന്ത്യ അതായത് ഭാരതം (India that is Bharat) എന്ന പ്രയോഗം കടന്നുവന്നത്.
ജവഹർലാൽ നെഹ്റുവും അംബേദ്കറും ഉൾപ്പെടെയുള്ള ഭരണഘടനാ നിർമാണ സമിതിയംഗങ്ങൾ ഒരു ആധുനിക ജനാധിപത്യ സമൂഹമെന്ന നിലയിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന പേരായി കണ്ടിരുന്നത് ഇന്ത്യയെയാണ്. ആര്യാവർത്തമെന്നും ഭാരതവർഷമെന്നുമെല്ലാം രാജ്യത്തെ വിളിക്കണമെന്ന വാദം അക്കാലത്തും ഹിന്ദുത്വവാദികളിൽ പ്രബലമായിരുന്നു.
നൂറ്റാണ്ടുകളായി രൂപപ്പെട്ട ഒരു സമന്വയ ജീവിതവ്യവസ്ഥയെയും അതിലൂടെ ഉയിർകൊണ്ട സാമൂഹിക-സാംസ്കാരിക പരിസരത്തെയും പുതിയ തലമുറയിൽനിന്ന് മാറ്റിനിർത്തുകയെന്ന ഗൂഢപദ്ധതിയാണ് ഭാരതവത്കരണമെന്ന മതവത്കരണ വിദ്യാഭ്യാസ പദ്ധതിയിലൂടെ നടപ്പാക്കാൻ പോകുന്നത്. അതിന് ഇന്ത്യയുടെ രൂപപ്പെടലിൽ രാസത്വരകമായി പ്രവർത്തിച്ച വിവിധ സംസ്കാരങ്ങളുടെ ഇടകലരലിനെയും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ജനാധിപത്യ-സെക്കുലർ ഘടനയെയും നിരാകരിക്കേണ്ടതുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ഐക്യം ഉറപ്പുവരുത്തുകയും, സാഹിത്യത്തിലും സംഗീതത്തിലും ശിൽപകലയിലും ചിത്രരചനയിലും പ്രാദേശിക ഭാഷകളുടെ വളർച്ചയിലുമെല്ലാം മൗലിക സംഭാവനകൾ നൽകുകയും ചെയ്ത മധ്യകാല ചരിത്രത്തെ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ ഏറെക്കാലമായി നടന്നുവരുന്നുണ്ട്.
സംസ്കൃത കൃതികൾ അറബിയിലേക്ക് വിവർത്തനം ചെയ്ത അൽ ബറൂണിയും പേർഷ്യൻ-ഇന്ത്യൻ സംഗീതത്തെ സമന്വയിപ്പിച്ച ആമിർ ഖുസ്രുവും ഉപനിഷത്തുകൾ പേർഷ്യനിലേക്കു മൊഴിമാറ്റിയ ദാരാ ഷുക്കോവും ഹിന്ദു, മുസ്‍ലിം പാരസ്പര്യത്തിന്റെ പാലങ്ങൾ പണിത കബീറും ഉൾപ്പെടുന്നവർ മധ്യകാല ചരിത്രത്തെ സങ്കലിത സംസ്കാരത്തിന്റെ സർഗാത്മക ഭൂമികയാക്കിയവരാണ്. ഇന്ത്യൻ മോഡേണിറ്റിക്കു കാരണമായ മധ്യകാലഘട്ടത്തെ തിരസ്കരിച്ച്, മനുഷ്യരായി ജീവിക്കാനുള്ള അവകാശവും വിദ്യാഭ്യാസവും ജനസാമാന്യത്തിന് നിഷേധിച്ചിരുന്ന പൗരാണിക കാലഘട്ടത്തെ ക്ലാസിക്കൽ എന്നു വിശേഷിപ്പിക്കുന്നതിനു പിന്നിലെ തന്ത്രം രാജ്യത്തെ ധ്രുവീകരിക്കുകയെന്നതുതന്നെയാണ്.
സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അക്കാദമിക കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെന്റ് രൂപവത്കരിച്ച സ്വയംഭരണ സ്ഥാപനമാണ് എൻ.സി.ഇ.ആർ.ടി. അക്കാലത്ത് നിലവിലുണ്ടായിരുന്ന ഏതാനും ദേശീയ സ്ഥാപനങ്ങളെ സംയോജിപ്പിച്ചാണ് 1961ൽ എൻ.സി.ഇ.ആർ.ടി നിലവിൽവന്നത്. തത്ത്വത്തിൽ ഒരു സ്വയംഭരണ സ്ഥാപനമാണെങ്കിലും രാഷ്ട്രീയ ഇടപെടലുകളിൽനിന്ന് മുക്തമല്ല എന്നതാണ് ഈ അക്കാദമിക സ്ഥാപനത്തിന്റെ വലിയ പരിമിതി.
1960കളുടെ തുടക്കത്തിൽ, ദേശീയോദ്ഗ്രഥനവും ഇന്ത്യയിലെ വിവിധ സമൂഹങ്ങളെ ഏകീകരിക്കലും ഗവൺമെന്റിന്റെ പ്രധാന ആവശ്യകതയായി മാറി. രാജ്യത്തിന്റെ സാംസ്കാരിക വൈകാരിക സമന്വയത്തിനുള്ള ഒരു പ്രധാന ഉപാധിയായി വിദ്യാഭ്യാസം മാറുന്നത് ഇക്കാലത്താണ്. സ്വാതന്ത്ര്യാനന്തരം ഉയർന്നുവന്ന നെഹ്റൂവിയൻ ചിന്താപദ്ധതിയിലൂന്നിയ രാഷ്ട്രരൂപവത്കരണ പ്രക്രിയയുടെ അടിത്തറകളിലൊന്ന് വിദ്യാഭ്യാസമായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമീഷനായ രാധാകൃഷ്ണൻ കമീഷൻ മുതൽ കോത്താരി കമീഷൻ വരെയുള്ള ദേശീയ കമീഷനുകളിൽ ജനാധിപത്യ-മതേതര-ബഹുസ്വര സമൂഹനിർമിതിക്കായുള്ള പരിശ്രമങ്ങൾ തെളിഞ്ഞുകാണാം.
ചരിത്രത്തിന്റെ പാഠപുസ്‌തകങ്ങൾ കെട്ടുകഥകൾ പറയുന്നതല്ലെന്നും ഭൂതകാലത്തിന്റെ മതേതരവും യുക്തിസഹവുമായ വിശദീകരണങ്ങളാകണമെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി എം.സി. ചഗ്‌ലയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ താരാ ചന്ദ്, നീലകണ്ഠ ശാസ്ത്രി, മുഹമ്മദ് ഹബീബ്, ബിഷേശ്വർ പ്രസാദ്, ബി.പി. സക്സേന, പി.സി. ഗുപ്ത എന്നിവരുടെ നേതൃത്വത്തിൽ ചരിത്രവിദ്യാഭ്യാസ സമിതി രൂപവത്കരിച്ചു. റൊമീല ഥാപ്പറിന്റെ പുരാതന ഇന്ത്യ 1966ൽ ആറാം ക്ലാസിലും മധ്യകാല ഇന്ത്യ 1967ൽ ഏഴാം ക്ലാസിലും പ്രസിദ്ധീകരിച്ചു.
രാം ശരൺ ശർമയുടെ ‘പ്രാചീന ഇന്ത്യ’, സതീഷ് ചന്ദ്രയുടെ ‘മധ്യകാല ഇന്ത്യ’, ബിപൻ ചന്ദ്രയുടെ ‘മോഡേൺ ഇന്ത്യ’, അർജുൻ ദേവിന്റെ ‘ഇന്ത്യയും ലോകവും’ എന്നീ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ പ്രാമാണികരായ ചരിത്രകാരന്മാരാണ് അറുപതുകൾ മുതൽ സ്കൂൾ പാഠപുസ്തകങ്ങൾ എഴുതിയിരുന്നത്. അവർ എഴുതുന്ന പുസ്തകങ്ങൾ ഒന്നോ രണ്ടോ ചരിത്രകാരൻമാരുടെ മറ്റൊരു സമിതി പരിശോധിച്ചശേഷം മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നത്.
ഏതാണ്ട് ഇതേകാലം മുതൽതന്നെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ തീവ്ര വലതുപക്ഷ വിഭാഗങ്ങളിൽനിന്നുള്ള കടുത്ത രാഷ്ട്രീയ സമ്മർദങ്ങളും നേരിട്ടിട്ടുണ്ട്. 1969ൽ, ഒരു പാർലമെന്ററി കൺസൽട്ടേറ്റിവ് കമ്മിറ്റി പുരാതന ഇന്ത്യയെക്കുറിച്ചുള്ള റൊമീല ഥാപ്പറുടെ പാഠപുസ്തകത്തിൽ ‘ആര്യന്മാർ’ ഇന്ത്യയിലെ തദ്ദേശീയരാണെന്ന് വ്യക്തമായി പ്രസ്താവിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, ഈ ആവശ്യം എഡിറ്റോറിയൽ ബോർഡും രചയിതാവ് എന്ന നിലയിൽ ഥാപ്പറും നിരസിച്ചു. പുരാതനകാലത്ത് ഹിന്ദുക്കൾ ഗോമാംസം ഭക്ഷിച്ചിരുന്നുവെന്നതിനെക്കുറിച്ചുള്ള പരാമർശം ‘ഹിന്ദു ദേശീയതയുടെ’ മതവികാരങ്ങൾക്ക് വിരുദ്ധമാണെന്ന് ഹിന്ദു മഹാസഭയും ആര്യസമാജും വിമർശനമുയർത്തുകയുണ്ടായി.
1977 മുതൽ 1980 വരെയുള്ള ജനതാ പാർട്ടി ഗവൺമെന്റിന്റെ കീഴിലാണ് ആദ്യമായി സംഘ്പരിവാർ ആശയങ്ങൾ പ്രത്യക്ഷമായി പുസ്തകങ്ങളിലേക്കു വന്നുതുടങ്ങിയത്. മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി ഗവൺമെന്റ് മൂന്നുമാസം പിന്നിട്ടപ്പോൾ, എൻ.സി.ഇ.ആ.ർടി പാഠപുസ്തകങ്ങളെ ലക്ഷ്യമിട്ട് മുൻ ജനസംഘം നേതാവും ജനതാ പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ നാനാജി ദേശ് മുഖ് പ്രധാനമന്ത്രിക്ക് ഒരു മെമ്മോറാണ്ടം കൈമാറി.
ഥാപ്പറിന്റെ മധ്യകാല ഇന്ത്യ, ബിപൻ ചന്ദ്രയുടെ ‘മോഡേൺ ഇന്ത്യ’, ത്രിപാഠിയുടെ ‘ഫ്രീഡം സ്ട്രഗിൾ’ എന്നീ പുസ്തകങ്ങൾ പിൻവലിക്കണമെന്നതായിരുന്നു ആവശ്യം. ആർ.എസ്. ശർമയുടെ ‘പ്രാചീന ഇന്ത്യ’ എന്ന പുസ്തകത്തിനെതിരെയും വിമർശനമുയർന്നു. രാഷ്ട്രീയ സ്വയം സേവക് സംഘ് അതിന്റെ ‘ഓർഗനൈസർ’ മാസികയിൽ പുസ്തകങ്ങൾക്കെതിരെ പ്രചാരണം ആരംഭിച്ചു.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷന്റെ സിലബസിൽനിന്ന് ആർ.എസ്. ശർമയുടെ പ്രാചീന ഇന്ത്യയെ പിൻവലിച്ച് 1978 ജൂലൈയിൽ സർക്കാർ ഒരു നിയമം പാസാക്കി. ചരിത്ര പാഠ്യപദ്ധതിയെയും പാഠപുസ്തകങ്ങളെയുമാണ് സംഘ്പരിവാർ എല്ലാക്കാലത്തും ലക്ഷ്യമിട്ടിരുന്നത്. 2000ത്തിൽ, ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിന്റെ കീഴിൽ, ഒരു പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലൂടെ എൻ.സി.ഇ.ആർ.ടി സ്കൂൾ പാഠപുസ്തകങ്ങളിൽ മാറ്റംവരുത്താൻ ശ്രമിച്ചു. മാനവ വിഭവശേഷി വകുപ്പു മന്ത്രി മുരളി മനോഹർ ജോഷി വിളിച്ചുചേർത്ത സമ്മേളനത്തിൽ ആർ.എസ്.എസ് അനുബന്ധ സംഘടനയായ വിശ്വഭാരതി സൻസ്ഥാൻ തയാറാക്കിയ ‘ഇന്ത്യനൈസേഷൻ, നാഷനലൈസേഷൻ ആൻഡ് സ്പിരിച്വലൈസേഷൻ ഓഫ് കരിക്കുലം’ എന്ന രേഖ സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് നടപ്പാക്കാനായില്ല.
എന്നിരുന്നാലും ഐ.സി.എച്ച്.ആർ, യു.ജി.സി, എൻ.സി.ഇ.ആർ.ടി, സി.എസ്.ഐ.ആർ, സി.സി.ആർ.ടി എന്നീ സ്ഥാപനങ്ങളുടെ സ്വഭാവത്തിൽ മാറ്റംവരുത്താൻ കഴിഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കരിക്കുലം തിരുത്തിയെഴുതി. അതിതീവ്ര ദേശീയതയും അപരവത്കരണവും അന്യമത വിദ്വേഷവും അടയാളമാക്കിയ എൻ.സി.എഫ് 2000 ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ വിഷലിപ്തമായ ഡോക്യുമെന്റുകളിലൊന്നായിരുന്നു.
അംബാനി ബിർള കമ്മിറ്റി റിപ്പോർട്ടെന്ന വിദ്യാഭ്യാസ മേഖലയിലെ കോർപറേറ്റ് വത്കരണത്തിനു തുടക്കം കുറിച്ച റിപ്പോർട്ടും പുറത്തുവന്നത് ഇതേ വർഷമായിരുന്നു. ജനാധിപത്യ, മതേതര, ബഹുസ്വര, സാമൂഹികനീതി വിദ്യാഭ്യാസത്തിന് ചരമക്കുറിപ്പെഴുതിയതിൽ എൻ.സി.എഫ് 2000ത്തിനും അംബാനി ബിർള കമ്മിറ്റി റിപ്പോർട്ടിനും വലിയ പങ്കുണ്ട്.
പിൽക്കാലത്ത്, ഇന്ത്യയെ കടുത്ത വർഗീയ ധ്രുവീകരണങ്ങളിലേക്കും, അതിന്റെ തുടർച്ചയായ ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും നയിച്ചതിൽ മാറ്റിയെഴുതിയ പാഠപുസ്തകങ്ങളുടെ പങ്ക് ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. സാമൂഹികമായും, സാംസ്കാരികമായും പ്രബുദ്ധരായ ജനതക്കൊപ്പം, മുഖമില്ലാത്ത, മതാധിഷ്ഠിത ആൾക്കൂട്ടങ്ങളെയും സൃഷ്ടിക്കാൻ പാഠ്യപദ്ധതിക്കു കഴിയുമെന്ന അപകടകരമായ അനുഭവപാഠമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടത്.
2004ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ പരാജയപ്പെട്ടതോടെ കാവിവത്കരണ ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റു. പുതിയ യു.പി.എ സർക്കാർ പാഠപുസ്തകങ്ങളിലും പാഠ്യപദ്ധതിയിലും വിദ്യാഭ്യാസത്തിന്റെ മതേതര സ്വഭാവം പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കുകയും മാർച്ചിൽ പുതിയ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ പുറത്തിറക്കുകയും ചെയ്തു. പാഠ്യപദ്ധതിയുടെ മേൽനോട്ടം വഹിച്ച മാനവവിഭവശേഷി വികസന മന്ത്രാലയം, ‘കാവിവത്കരിക്കപ്പെട്ട’ പുസ്തകങ്ങളെ തിരസ്കരിച്ചു. അന്നത്തെ മാനവശേഷി വകുപ്പ് മന്ത്രി അർജുൻസിങ് ‘ഡീടോക്സിഫിക്കേഷൻ ഓഫ് കരിക്കുലം’ എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിച്ചത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പഴയ പാഠപുസ്തകങ്ങൾ തന്നെ അപ്പോഴും തുടർന്നു.
2004 ജൂണിൽ, പുതിയ പാഠപുസ്തകങ്ങൾ അവലോകനം ചെയ്യുന്നതിനായി എൻ.സി.ഇ.ആർ.ടി, ഒരു പാനൽ രൂപവത്കരിച്ചു. സ്കൂൾ സിലബസുകളിൽ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങളിൽ തെറ്റായ ഉള്ളടക്കമുണ്ടെന്നും മോശമായി അവതരിപ്പിച്ചതാണെന്നും കൂടാതെ കാര്യമായ അളവിൽ അപ്രസക്തമായ വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഈ പാനൽ നിർദേശിച്ചു. ന്യൂനതകൾ പരിഹരിച്ചശേഷം യു.പി.എ കാലഘട്ടത്തിൽ തയാറാക്കി 2005ൽ പുറത്തിറക്കിയ പുസ്തകങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. യോഗേന്ദ്ര യാദവ്, സുഭാസ് പൽസിക്കർ, ഹരി വാസുദേവൻ, നീലാദ്രി ഭട്ടാചാര്യ, കുങ്കും റോയ്, സുമിത് സർക്കാർ, തനിക സർക്കാർ, രാമചന്ദ്ര ഗുഹ, മുസഫർ ആലം, പാർഥോദത്ത, ഉമ ചക്രവർത്തി, നജാഫ് ഹൈദർ എന്നിങ്ങനെ ഇന്ത്യയിലെ അറിയപ്പെടുന്ന ചരിത്രകാരന്മാരാണ് നിലവിലുള്ള ചരിത്രപുസ്തകങ്ങൾ തയാറാക്കിയത്.
അവരുടെ സ്ഥാനത്തേക്കാണ് ചരിത്രമേഖലയിൽ ശ്രദ്ധേയ സംഭാവനകളൊന്നുമില്ലാത്ത ഭാരതീയ വിചാര കേന്ദ്രത്തിന്റെ വർക്കിങ് പ്രസിഡന്റായ സി.ഐ. ഐസക് കടന്നുവരുന്നത്. കമ്മിറ്റിയിലുള്ള പ്രഫ. വന്ദനമിശ്ര എ.ബി.വി.പിയുടെ മുൻ ദേശീയ സെക്രട്ടറിയും മമതാ യാദവ് മുൻ ദേശീയ വൈസ് പ്രസിഡന്റുമാണ്. അടുത്ത അധ്യയന വർഷം പുറത്തിറങ്ങാൻ പോകുന്ന സാമൂഹിക ശാസ്ത്ര പുസ്തകങ്ങളുടെ സ്വഭാവം എന്താകുമെന്നത് പൊസിഷൻ പേപ്പറിൽനിന്നുതന്നെ വ്യക്തമാണ്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അറുപതു ശതമാനവും ആർ.എസ്.എസിന്റെയും അനുബന്ധ സംഘടനകളുടെയും നിർദേശങ്ങളായിരുന്നുവെന്നും കരിക്കുലവും പുസ്തകങ്ങളുമാണ് അടുത്ത അജണ്ടയെന്നും അന്നേ വ്യക്തമാക്കിയിരുന്നതാണ്. 2000ൽനിന്നു വ്യത്യസ്തമായി തീവ്ര വലതു സ്വഭാവമുള്ള ഒരു സംഘം സംഘ്പരിവാർ എൻ.ജി.ഒകൾ വിദ്യാഭ്യാസ മേഖലയിൽ നയരൂപവത്കരണത്തിനുണ്ട്.
ദീനാനാഥ് ബത്രയുടെ ശിക്ഷാ ബച്ചാവോ ആന്ദോളൻ സമിതി (SBAS), ശിക്ഷാ സാൻസ്കൃതി ഉത്ഥാൻ ന്യാസ് (SSUN), എം.ജി. വൈദ്യയുടെ ഭാരതീയ ശിക്ഷൺ മണ്ഡൽ (BSM), വിനയ് സഹസ്രബുദ്ധയുടെ പബ്ലിക് പോളിസി റിസർച് സെന്റർ (PPRC), കേരളത്തിലെ ഭാരതീയ വിചാരകേന്ദ്രം എന്നിങ്ങനെ നിരവധി സംഘടനകൾ പാഠ്യപദ്ധതി രൂപവത്കരണ പ്രകിയയിൽ സജീവമായി ഇടപെടുന്നുണ്ട്. ഒരു രാജ്യം, ഒരു വിദ്യാഭ്യാസ ബോർഡ്, ഒരു പാഠ്യപദ്ധതി, ഒരേതരം പുസ്തകങ്ങൾ, ദേശീയ പരീക്ഷകൾ എന്നിങ്ങനെ വിദ്യാഭ്യാസ വ്യവസ്ഥയുടെ കേന്ദ്രീകരണവും അതിലൂടെ സാംസ്കാരിക ഏകീകരണവുമാണ് ഇവർ ലക്ഷ്യമിടുന്നത്.
പാർലമെന്ററി വിദ്യാഭ്യാസ സമിതിയുടെ മുന്നിൽ പബ്ലിക് പോളിസി റിസർച് സെന്റർ എന്ന ആർ.എസ്.എസ് നേതൃത്വത്തിലുള്ള എൻ.ജി.ഒ സമർപ്പിച്ച റിപ്പോർട്ടിൽ നിലവിലുള്ള എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളെയും കേരള, ഗുജറാത്ത് സംസ്ഥാന ബോർഡുകളുടെ പുസ്തകങ്ങളെയും താരതമ്യത്തിനു വിധേയമാക്കിയിരുന്നു. പാർലമെന്ററി സമിതിയുടെ അധ്യക്ഷനും പി.പി.ആർ.സിയുടെ മുൻ അധ്യക്ഷനുമായ വിനയ് സഹസ്രബുദ്ധക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. ദേശീയതലത്തിലെ സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളും കേരളത്തിലെ പാഠപുസ്തകങ്ങളും ചരിത്രത്തെ സത്യസന്ധമായി ആവിഷ്കരിക്കുന്നില്ലെന്നും മധ്യകാലചരിത്രത്തിനും സുൽത്താനേറ്റ്-മുഗൾ കാലഘട്ടത്തിനും അമിത പ്രാധാന്യം നൽകുന്നുവെന്നും മാർക്സിസ്റ്റ് ചരിത്രകാരൻമാരാൽ എഴുതപ്പെട്ടതാണെന്നും അതിനാൽ അവ തിരസ്കരിച്ച് ഗുജറാത്ത് മോഡൽ സ്വീകരിക്കണമെന്നുമാണ് നിർദേശം.
പി.പി.ആർ.സിക്കുവേണ്ടി റിസർച് അനലിസ്റ്റ് ചാന്ദ്നി സെൻ ഗുപ്തയാണ് റിപ്പോർട്ട് തയാറാക്കിയത്. സാർവത്രിക വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ആയുർദൈർഘ്യം, ശിശുമരണനിരക്കിലെ കുറവ്, സാമൂഹിക സുരക്ഷാപദ്ധതികൾ എന്നിങ്ങനെ മാനവിക വികസന സൂചികകളിലൊന്നും കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുജറാത്ത് മികച്ച മാതൃകയല്ലെന്ന് സമീപകാലത്ത് പുറത്തുവന്ന വിവിധ ദേശീയ റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്. പഠനനിലവാരവുമായി ബന്ധപ്പെട്ട നിതി ആയോഗ് റിപ്പോർട്ട്, ദേശീയ നിലവാര പഠനം, അസർ റിപ്പോർട്ട് എന്നിങ്ങനെ ദേശീയ സർവേകളിലൊന്നും ഗുജറാത്ത് മികച്ച മോഡലാണെന്നതിന് തെളിവുകളില്ല.
ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് 1952ൽ ആർ.എസ്.എസ് അവരുടെ ആദ്യ വിദ്യാലയം തുടങ്ങുന്നത്. ആർ.എസ്.എസ് നേതാവ് നാനാജി ദേശ് മുഖിന്റെ കാർമികത്വത്തിലാണ് അതാരംഭിക്കുന്നത്. രാജ്യത്തെ പൊതുവിദ്യാഭ്യാസത്തോടും, ജനാധിപത്യ-മതേതര-സോഷ്യലിസ്റ്റ്-ബഹുസ്വര പാഠ്യപദ്ധതിയോടുമുള്ള അവിശ്വാസവും, എതിർപ്പുമാണ് ബദൽ മതാധിഷ്ഠിത വിദ്യാഭ്യാസക്രമത്തിലേക്ക് അവരെ നയിച്ചത്. 1977ൽ ജനസംഘംകൂടി ഉൾപ്പെട്ട ജനതാ പാർട്ടി അധികാരത്തിലെത്തിയതോടെ മതാധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാപകമായി. സരസ്വതി വിദ്യാമന്ദിർ, വ്യാസവിദ്യാപീഠം, ഗീത വിദ്യാലയ, ഭാരതീയ വിദ്യാനികേതൻ എന്നിങ്ങനെ രാജ്യമാസകലം പടർന്നു കിടക്കുന്ന വലിയ സംവിധാനമായി ഇന്നത് മാറിയിട്ടുണ്ട്.
ആർ.എസ്.എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഭാരതീയ ശിക്ഷാസൻസ്ഥാൻ എന്ന വിദ്യാഭ്യാസരീതിയിൽ രാജ്യമാകെ 12,065 സ്കൂളുകളും 31,58,658 കുട്ടികളും അനൗപചാരികമായി 7797 സ്കൂളുകളും; അവയിൽ 1,88,334 കുട്ടികളും പഠിക്കുന്നുണ്ട്. സ്വന്തമായി വികസിപ്പിച്ച പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുമാണ് വിദ്യാഭാരതിയിലെ കുട്ടികൾ പഠിക്കുന്നത്. സംഘ്പരിവാർ പ്രസിദ്ധീകരണ സ്ഥാപനങ്ങളായ സൻസ്കാർ ഭാരതി പ്രകാശൻ, ഭാരതീയ ശിക്ഷാസമിതി എന്നിവിടങ്ങളിൽനിന്നാണ് വിദ്യാഭാരതിയുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നത്.
അതിലേറെയും രചിച്ചത് ദീനാനാഥ് ബത്രയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാർ കാഡറുകളാണ്. വിദ്യാഭ്യാസത്തിന്റെ ഇന്ത്യനൈസേഷൻ, നാഷനലൈസേഷൻ, സ്പിരിച്വലൈസേഷൻ എന്നിവയാണ് വിദ്യാഭാരതിയുടെ ലക്ഷ്യമെന്ന് ദീനാനാഥ് ബത്ര പുസ്തകങ്ങളുടെ ആമുഖത്തിൽ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.
പ്രൈമറി ഘട്ടത്തിൽതന്നെ കുട്ടികളിൽ അതിതീവ്ര ദേശീയതയും അന്യമത വിദ്വേഷവും നിറക്കുന്നതാണ് അവരുടെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുമെന്ന് വിദ്യാഭാരതി സ്കൂളുകളെക്കുറിച്ച് പഠനം നടത്തിയ ചരിത്രകാരി തനിക സർക്കാർ സൂചിപ്പിക്കുന്നു.
ജർമനിയിലെ അഡോൾഫ് ഹിറ്റ്ലർ സ്കൂളുകളെ ഓർമിപ്പിക്കുന്ന ഘടനയും രാഷ്ട്രീയ പ്രബോധന രീതിയുമാണ് വിദ്യാഭാരതി സ്കൂളുകളുടേതെന്ന് തനിക സർക്കാർ കൂട്ടിച്ചേർക്കുന്നു (Educating the Children of the Hindu Rashtra - Religion, Religiosity and Communalism - Tanika Sarkar). പുരാണ കഥാഖ്യാനങ്ങളിലൂടെ, ചിത്രങ്ങളിലൂടെ, ആഘോഷങ്ങളിലൂടെ, പ്രതീകങ്ങളിലൂടെ ഹിന്ദു ദേശനിർമിതിയുടെ പ്രാഥമിക രാഷ്ട്രീയ പാഠങ്ങൾ കുട്ടികളിലേക്ക് കടന്നുകയറുകയാണ്.
ഭാരതത്തെ പരിവർത്തനം ചെയ്യുന്നതിനുതകുന്ന പൗരാണിക ധാർമികതയിൽ വേരൂന്നിയ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ വിഭാവനംചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയരേഖയുടെ കാഴ്ചപ്പാട് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. നൂറ്റാണ്ടുകളിലെ സാംസ്കാരിക വിനിമയ പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞ ഇന്ത്യൻ ധാർമികതയെ ഹിന്ദുമതവിശ്വാസ പദ്ധതിയായി പരാവർത്തിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതികളാണ് ഇന്ന് ഇന്ത്യയെമ്പാടും നടക്കുന്നത്.
നയരേഖ തന്നെ സൂചിപ്പിക്കുന്ന യുക്തിചിന്തയും അനുകമ്പയും തന്മയീഭാവവും ഉൽപതിഷ്ണുതയും ശാസ്ത്രബോധവും സർഗാത്മകതയും കൈമുതലായ നൈതികതയിലധിഷ്ഠിതമായ മൂല്യങ്ങളുള്ള മനുഷ്യരെ സൃഷ്ടിക്കുന്നതിനു പകരം അന്യവത്കരണത്തിലും അപരവത്കരണത്തിലുമൂന്നിയ സാംസ്കാരിക ദേശീയതയുടെ ഹിംസാത്മക പാഠങ്ങളാണ് പാഠ്യപദ്ധതി വിനിമയം ചെയ്യുന്നത്. വെടിയേറ്റു നിലംപതിച്ച ശവശരീരത്തിനുമേൽ അസമിലെ പൊലീസ് ഫോട്ടോഗ്രാഫർ നടത്തിയ തേർവാഴ്ചയിലും സ്വന്തം ക്ലാസിലെ പഠിപ്പിൽ പിന്നാക്കമായ ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടിയെ കൂട്ടുകാരനെക്കൊണ്ട് തല്ലിക്കുകയും പിന്നീടതിനെ ന്യായീകരിക്കുകയും ചെയ്ത ഉത്തർപ്രദേശിലെ അധ്യാപികയിലും സാംസ്കാരിക ഹിംസയുടെ ആസുരഭാവങ്ങൾ പ്രത്യക്ഷമായി പ്രവർത്തിച്ചത് നാം കണ്ടതാണ്.
ഭരണഘടന വിഭാവനംചെയ്ത സമതുല്യതയിലും നീതിയുക്തിയിലും അധിഷ്ഠിതമായ ബഹുസ്വര സമൂഹ നിർമിതിയെന്ന ലക്ഷ്യം കൈവരിക്കാനുള്ള മാർഗവും പ്രവർത്തനപദ്ധതിയും ഒരു മതാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ നടപ്പാക്കലിലൂടെയാണോ നിർവഹിക്കപ്പെടേണ്ടതെന്ന ചോദ്യം പ്രസക്തമാവുന്നു. വിദ്യാഭ്യാസത്തിൽ പരിഹൃതമാവേണ്ട തുല്യതയുടെയും സാമൂഹിക നീതിയുടെയും അവകാശങ്ങളുടെയും നിരവധി പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കെ, മതാധിഷ്ഠിത ആശയങ്ങളുടെ ബോധനത്തിലൂടെ അടിസ്ഥാന വിദ്യാഭ്യാസപ്രശ്നങ്ങളെ മറികടക്കുകയെന്ന കൗശലമല്ലാതെ മറ്റെന്താണ് സംഘ്പരിവാർ ലക്ഷ്യമിടുന്നത്.
ഭൗതിക സൗകര്യങ്ങളില്ലായ്മ, പഠനസൗകര്യങ്ങളുടെ കുറവ്, കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, അധ്യാപകക്ഷാമം, എഴുത്തിലെയും വായനയിലെയും ഗണിതത്തിലെയും പ്രശ്നങ്ങൾ, ഗുണനിലവാരമില്ലായ്മ എന്നിങ്ങനെ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലെ യഥാർഥ പ്രശ്നങ്ങളെ പരിഗണിക്കാതെ മതകീയ വിദ്യാഭ്യാസ പരിസരമൊരുക്കുന്നതിനു പിന്നിലെ യഥാർഥ ലക്ഷ്യം വർഗീയവിഭജനത്തിന്റെ വിഷവിത്തുകൾ വിതക്കൽ തന്നെയാണ്.
ഇന്ത്യയിൽ ഒരു ജനാധിപത്യ, മതേതര, ബഹുസ്വര സമൂഹനിർമിതി സാധ്യമാക്കിയതിൽ സ്വാതന്ത്ര്യാനന്തരം പുറത്തുവന്ന വിദ്യാഭ്യാസ റിപ്പോർട്ടുകൾക്കും നയങ്ങൾക്കും സവിശേഷ പങ്കുണ്ട്. നെഹ്റു-ആസാദ് കാലഘട്ടത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെല്ലാം രാഷ്ട്രരൂപവത്കരണമെന്ന ലക്ഷ്യത്തെയാണ് അടിത്തറയാക്കിയത്. ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും സാംസ്കാരിക പരിസരം ഒരുക്കിയതിൽ സുദീർഘമായ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെയും നവോത്ഥാനത്തിന്റെയും പരാഗരേണുക്കളുണ്ടായിരുന്നു.
അടിസ്ഥാന സൗകര്യങ്ങളിലും മനുഷ്യവിഭവശേഷിയുടെ വികാസത്തിലും നെഹ്റു നൽകിയ ഊന്നലാണ് ഇന്ത്യയുടെ കൊളോണിയൽ പിന്നാക്കാവസ്ഥ കുടഞ്ഞുകളഞ്ഞ് ഇന്ത്യയെ ആധുനീകരിച്ചത്. ജനാധിപത്യമൂല്യങ്ങളെയും ഭരണഘടനാ വ്യവസ്ഥകളെയുമാണ് ഇക്കാര്യത്തിൽ നെഹ്റു അടിസ്ഥാനമാക്കിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ കമീഷനുകളായിരുന്ന രാധാകൃഷ്ണൻ കമീഷൻ, മുതലിയാർ കമീഷൻ, കോത്താരി കമീഷൻ എന്നിവയെല്ലാം വിദ്യാഭ്യാസത്തെ കക്ഷി രാഷ്ട്രീയാതീതമായ പ്രക്രിയയായാണ് വിലയിരുത്തിയിരുന്നത്.
വിദ്യാഭ്യാസം ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിന്റെ ഉപകരണമാവുമ്പോൾ അറിവും അധികാരവും ഒത്തുചേരുന്ന സവിശേഷ സമവാക്യം രൂപപ്പെടുന്നു. മൈക്കേൽ ആപ്പിൾ സൂചിപ്പിക്കുന്നതുപോലെ കരിക്കുലം ഒരിക്കലും പാഠപുസ്തകങ്ങളിലും ക്ലാസ് മുറികളിലും എങ്ങനെയോ എത്തുന്ന നിഷ്പക്ഷ വിജ്ഞാനത്തിന്റെ കൂട്ടമല്ല. ചില വിഭാഗങ്ങളുടെ വിജ്ഞാനത്തെ ഔദ്യോഗിക വിജ്ഞാനമായി നിർവചിക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു വിഭാഗത്തിന്റെ വിജ്ഞാനം തമസ്കരിക്കുന്നുവെന്നത് സമൂഹത്തിൽ ആർക്കാണ് അധികാരം എന്നതിനെക്കുറിച്ചുള്ള സുപ്രധാനമായ ചില കാര്യങ്ങൾ വ്യക്തമാക്കുന്നു.
സമഗ്രാധിപത്യ വ്യവസ്ഥയിൽ അറിവ് ഭരണകൂടത്തിന്റെ കൽപനകളും ഭരിക്കപ്പെടുന്നവരുടെ സമ്പൂർണ വിധേയത്വവുമായി മാറുന്നു. ഇത് സംവാദങ്ങളെയാകെ നിരാകരിക്കുന്നതിലേക്കും നയിച്ചേക്കാം. മുഖമുള്ള മനുഷ്യർക്കൊപ്പം മുഖമില്ലാത്ത ആൾക്കൂട്ടങ്ങളെയും സൃഷ്ടിച്ചേക്കാം. ചോദ്യങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും ആരെയും നയിക്കാത്ത ക്ലാസ് മുറികൾ ഭരണകൂടങ്ങൾക്ക് സാധ്യതയും സൗകര്യവുമാണ്. പക്ഷേ, ചോദ്യങ്ങൾ ജനാധിപത്യത്തിന്റെ പ്രാണവായുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.