ചെ​ല​വൂ​ർ വേ​ണു ഫി​ലിം ഫെ​സ്റ്റി​വ​ൽ

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ഫി​ലിം ഫെ​സ്റ്റി​വ​ൽ ന​ട​ത്തി വി​ജ​യി​പ്പി​ച്ച ചെ​ല​വൂ​ർ വേ​ണു​വി​നെ ആ​യി​രു​ന്നി​ല്ലേ കേ​ര​ളസ​ർ​ക്കാ​ർ സി​നി​മ​ക്കാ​യി ഒ​രു അ​ക്കാ​ദ​മി രൂ​പവത്ക​രി​ച്ച​പ്പോ​ൾ അ​തി​ന്റെ അ​ധ്യ​ക്ഷ​നാ​ക്കേ​ണ്ടി​യി​രു​ന്ന​ത്? –ചോദ്യത്തിന്​ ഉത്തരം മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്രകാരനുമായ ലേഖകൻ എഴുതുന്നു.കേ​ര​ള​ത്തി​ലെ ഫിലിം സൊ​സൈ​റ്റി പ്ര​സ്ഥാ​ന​ത്തി​ന് ഒ​രു പ​ര്യാ​യ​പ​ദം ചി​ക​ഞ്ഞാ​ൽ ഒ​രൊ​റ്റ പേ​രേ കി​ട്ടൂ: ചെ​ല​വൂ​ർ വേ​ണു. ഒ​റ്റ​ക്ക് ഒ​രു ഫിലിം ഫെ​സ്റ്റി​വ​ൽ പ്ര​സ്ഥാ​നം: ചെ​ല​വൂ​ർ വേ​ണു ഫിലിം ഫെ​സ്റ്റി​വ​ൽ എ​ന്നുത​ന്നെ പ​റ​യാം. പ​ല...

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ഫി​ലിം ഫെ​സ്റ്റി​വ​ൽ ന​ട​ത്തി വി​ജ​യി​പ്പി​ച്ച ചെ​ല​വൂ​ർ വേ​ണു​വി​നെ ആ​യി​രു​ന്നി​ല്ലേ കേ​ര​ളസ​ർ​ക്കാ​ർ സി​നി​മ​ക്കാ​യി ഒ​രു അ​ക്കാ​ദ​മി രൂ​പവത്ക​രി​ച്ച​പ്പോ​ൾ അ​തി​ന്റെ അ​ധ്യ​ക്ഷ​നാ​ക്കേ​ണ്ടി​യി​രു​ന്ന​ത്? –ചോദ്യത്തിന്​ ഉത്തരം മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്രകാരനുമായ ലേഖകൻ എഴുതുന്നു.

കേ​ര​ള​ത്തി​ലെ ഫിലിം സൊ​സൈ​റ്റി പ്ര​സ്ഥാ​ന​ത്തി​ന് ഒ​രു പ​ര്യാ​യ​പ​ദം ചി​ക​ഞ്ഞാ​ൽ ഒ​രൊ​റ്റ പേ​രേ കി​ട്ടൂ: ചെ​ല​വൂ​ർ വേ​ണു. ഒ​റ്റ​ക്ക് ഒ​രു ഫിലിം ഫെ​സ്റ്റി​വ​ൽ പ്ര​സ്ഥാ​നം: ചെ​ല​വൂ​ർ വേ​ണു ഫിലിം ഫെ​സ്റ്റി​വ​ൽ എ​ന്നുത​ന്നെ പ​റ​യാം. പ​ല ത​ല​മു​റ​ക​ൾ ഇ​ട​ക്കുവെ​ച്ച് നി​ർ​ത്തി​പ്പോ​യി​ട്ടും ഫിലിം സൊ​സൈ​റ്റി പ്ര​സ്ഥാ​ന​ത്തെ മ​ടു​ക്കാ​തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യി വേ​ണു ഏ​ട്ട​ൻ. 1970ൽ ​അ​ശ്വി​നി ഫി​ലിം സൊ​സൈ​റ്റി ഉ​ണ്ടാ​യ കാ​ലം മു​ൽ​ക്ക് തു​ട​ങ്ങി​യ ആ ​യാ​ത്ര​ക്കി​പ്പോ​ൾ 53 വ​ർ​ഷം പി​ന്നി​ട്ടു. സാം​സ്കാ​രി​ക​ കേ​ര​ളം ആ ​മ​നു​ഷ്യ​നോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു.

എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പ​ത്ര​ങ്ങ​ളി​ലെ ‘ഇ​ന്ന​ത്തെ പ​രി​പാ​ടി’യി​ൽ ഒ​ര​റി​യി​പ്പ് കൊ​ടു​ത്ത് ഒ​രു ഫെ​സ്റ്റി​വ​ൽ ന​ട​ത്തി​ക്ക​ള​യു​ന്ന​താ​ണ് വേ​ണു ഏ​ട്ട​ന്റെ രീ​തി. അ​തി​ന് എ​ത്രപേ​ർ വ​രു​ന്നു എ​ന്ന​തൊ​ന്നും അ​ദ്ദേ​ഹ​ത്തി​ന് പ്ര​ശ്ന​മേ അ​ല്ല. ആ ​സ്റ്റൈ​ലി​ൽ ഒ​രു മാ​റ്റ​വു​മി​ല്ല. പ​ണ്ടും അ​ങ്ങനെ​ത്ത​ന്നെ​യാ​യി​രു​ന്നു. മെ​ംബ​ർ​ഷി​പ്പി​നു​ള്ള പ​ണം കൊ​ടു​ത്താ​ലും ഇ​ല്ലെ​ങ്കി​ലും ഒ​ക്കെ ഒ​രുപോ​ലെ.

ക​വി ആ​ർ. രാ​മ​ച​ന്ദ്ര​ന്റെ​യൊ​ക്കെ നേ​തൃ​ത്വ​ത്തി​ലാ​ണ് 1968ൽ ​അ​ശ്വി​നി ഫിലിം സൊ​സൈ​റ്റി തു​ട​ങ്ങു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​യ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു അ​തി​ന്റെ സെക്ര​ട്ട​റി. 1969 മു​ത​ൽ ചെ​ല​വൂ​ർ വേ​ണു എ​ന്ന മു​ഴു​വ​ൻ സ​മ​യ സെക്ര​ട്ട​റി എ​ത്തി​യ​തോ​ടെ കോ​ഴി​ക്കോ​ട്ടു​കാ​ർ അ​ള​കാ​പു​രി ഹോ​ട്ട​ലി​ലെ അ​ങ്ക​ണ​ത്തി​ൽ എ​ല്ലാ മാ​സ​വും ലോ​ക സി​നി​മ​ക​ൾ ക​ണ്ടുതു​ട​ങ്ങി. ചൈ​നീ​സ് ചെ​യ​ർ​മാ​ൻ ന​മ്മു​ടെ ചെ​യ​ർ​മാ​ൻ എ​ന്ന് പ​റ​യു​ന്ന​തുപോ​ലെ എ​ന്നും ചെ​ല​വൂ​ർ വേ​ണു ഏ​ട്ട​ൻ ത​ന്നെ എ​ന്നും സെക്ര​ട്ട​റി​യാ​യി​രി​ക്കു​ന്ന​തി​ൽ ആ​ർ​ക്കും ഒ​രു ബു​ദ്ധി​മു​ട്ടുള്ള​താ​യി തോ​ന്നി​യി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് കോ​ർ​പറേ​ഷ​ൻ ഓ​ഫിസി​ന​ടു​ത്തു​ള്ള അ​ല​ങ്കാ​ർ ലോ​ഡ്ജി​ന്റെ മു​ക​ൾ​ത്ത​ട്ടി​ലെ വേ​ണു ഏ​ട്ട​ന്റെ ‘സൈ​ക്കോ’യു​ടെ ഓ​ഫി​സി​ലെ​ത്തു​ന്ന ആ​രും ‘അശ്വിനി’യു​ടെ സം​ഘാ​ട​ക​രും ഭാ​ര​വാ​ഹി​ക​ളു​മാ​യി​രു​ന്നു എ​ന്ന് പ​റ​യാം.

 

ജോ​​ൺ’ ചി​​ത്രീ​​ക​​ര​​ണ വേ​​ള​​യി​​ൽ പ്ര​​താ​​പ് ജോ​​സ​​ഫ്, ചെ​​ല​​വൂ​​ർ വേ​​ണു, രാ​​മ​​ച​​ന്ദ്ര​​ൻ മൊ​​കേ​​രി, ജീ​​വ​​ൻ തോ​​മ​​സ്, ദീ​​ദി

ചി​ന്ത ര​വീ​ന്ദ്ര​ൻ, ശ​ശി​കു​മാ​ർ, കൊ​ട​മ​ന വേ​ണു, സേ​തു, അ​ന​ന്ത​കൃ​ഷ്ണ​ൻ, എ.​ സു​ജ​ന​പാ​ൽ, സി.​എ​ച്ച്. ഹ​രി​ദാ​സ്, വി.​ രാ​ജ​ഗോ​പാ​ൽ, ദേ​ശാ​ഭി​മാ​നി അ​ബ്ദു​ൽ റ​ഹ്മാ​ൻ, ആ​ർ​ട്ടി​സ്റ്റ് ച​ന്ദ്ര​ശേ​ഖ​ര​ൻ, യു.​ ഫൽ​ഗു​ന​ൻ, സി​ദ്ധാ​ർ​ഥൻ പ​രു​ത്തി​ക്കാ​ട്, അ​ബൂ​ബ​ക്ക​ർ ക​ക്കോ​ടി, സ​ലാം കാ​ര​ശ്ശേ​രി, ബാ​ബു ഭ​ര​ദ്വാ​ജ്, ഒ.​കെ.​ ജോ​ണി, കോ​യ മു​ഹ​മ്മ​ദ്, കെ.​സി. നാ​രാ​യ​ണ​ൻ… പ​ട്ടി​ക വ​ള​രെ നീ​ണ്ട​താ​ണ്. അ​ന്ന​ത്തെ കോ​ഴി​ക്കോ​ട​ൻ സ​മാ​ന്ത​ര ജീ​വി​ത​ത്തി​ലൂ​ടെ ഒ​രി​ക്ക​ലെ​ങ്കി​ലും ന​ട​ന്ന ആ​ർ​ക്കും അ​വി​ടെ എ​ത്തി​ച്ചേ​രാ​തി​രി​ക്കാ​നാ​വി​ല്ലാ​യി​രു​ന്നു. ക​ട​മ്മ​നി​ട്ട​യു​ടെ ആ​ദ്യ ക​വി​താസ​മാ​ഹാ​ര​മൊ​ക്കെ പു​റ​ത്തി​റ​ക്കു​ന്ന​ത് വേ​ണു ഏ​ട്ട​ന്റെ ‘പ്ര​പ​ഞ്ചം’ പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണ്. എം.​ ഗം​ഗാ​ധ​ര​ൻ മാ​ഷാ​യി​രു​ന്നു അ​തി​ന്റെ അ​വ​താ​രി​ക. അ​തൊ​ക്കെ പു​റ​ത്തി​റ​ങ്ങു​ന്ന​ത് അ​ക്കാ​ല​ത്തെ ഒ​രു സം​ഭ​വംത​ന്നെ​യാ​യി​രു​ന്നു. 1965ൽ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​ത്ര​ലേ​ഖ ഫിലിം സൊ​സൈ​റ്റി​ക്ക് തൊ​ട്ടുപി​റ​കെ ‘അശ്വിനി’യും രൂ​പ​മെ​ടു​ത്തി​ട്ടു​ണ്ട്. 1968ൽ.

​‘അശ്വിനി’യു​ടെ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന വേ​ള​യി​ൽ ന​ട​ക്കു​ന്ന ച​ല​ച്ചി​ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നംചെ​യ്യാ​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ത്തി​യി​രു​ന്നു. 2019ലാ​യി​രു​ന്നു അ​ത്. ചെ​ല​വൂ​ർ വേ​ണു വി​വാ​ഹം ക​ഴി​ക്കാ​ൻ വൈ​കി​യ​തുകൊ​ണ്ട് മാ​ത്ര​മാ​ണ് ‘അശ്വിനി’ക്ക് 50 വ​ർ​ഷംവ​രെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന അ​ടൂ​രി​ന്റെ പ​രാ​മ​ർ​ശം അ​ന്ന് സ​ദ​സ്സി​ൽ കൂ​ട്ട​ച്ചി​രി ഉ​യ​ർ​ത്തി. 70ാം വ​യ​സ്സി​ലാ​ണ് വേ​ണു ഏ​ട്ട​ൻ സു​ക​ന്യ​യെ വി​വാ​ഹം ക​ഴി​ച്ച് ദാ​മ്പ​ത്യ​ജീ​വി​തം തു​ട​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ൽ 50 വ​ർ​ഷം തി​ക​ഞ്ഞ​ത് ആ​ഘോ​ഷി​ക്കു​ന്ന ആ​ദ്യ​ത്തെ ഫിലിം സൊ​സൈ​റ്റി​യാ​യി​രു​ന്നു അ​ശ്വി​നി.

കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള ഫിലിം സൊ​സൈ​റ്റി​ക​ളി​ലൂ​ടെ യാ​ത്രചെ​യ്ത അ​നു​ഭ​വ​മു​ള്ള അ​ടൂ​ർ വെ​റും വാ​ക്ക് പ​റ​ഞ്ഞ​താ​യി​രു​ന്നി​ല്ല. ആ​ണു​ങ്ങ​ളു​ടെ മാ​ത്രം സം​ഘാ​ട​ക ലോ​ക​മാ​യി​രു​ന്ന ഫിലിം സൊ​സൈ​റ്റി​ക​ൾ പ്ര​ധാ​ന സം​ഘാ​ട​ക​ർ ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തോ​ടെ മ​രി​ച്ചു​വീ​ഴു​ന്ന കാ​ഴ്ച പ​തി​വാ​യി​രു​ന്നു എ​ന്നും അ​ടൂ​ർ ആ ​പ്ര​സം​ഗ​ത്തി​ൽ നി​രീ​ക്ഷി​ച്ച​ത് ഓ​ർ​ക്കു​ന്നു. 1970ലാ​ണ് കോ​ഴി​ക്കോ​ട്ട് ആ​ദ്യ​ത്തെ ഫിലിം ഫെ​സ്റ്റി​വ​ൽ അ​ശ്വി​നി ന​ട​ത്തു​ന്ന​ത്. ക​ന്ന​ട സം​വി​ധാ​യ​ക​ൻ പ​ട്ടാ​ഭി​രാ​മ റെ​ഡ്ഡി​യാ​ണ് അ​ത് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​ത്. പി​ന്നീ​ട് ഒ​രാ​ഴ്ച നീ​ണ്ടുനി​ന്ന സ​ത്യ​ജി​ത്ത് റാ​യ് ഫെ​സ്റ്റി​വ​ൽ. പുണെ ആ​ർക്കൈ​വി​ന് പു​റ​മെ സോ​വി​യ​റ്റ്, ഈ​സ്റ്റ് ജ​ർ​മ​നി, ഹം​ഗ​റി, ചെ​ക്കോ​സ്ലൊവാ​ക്യ എ​ന്നീ രാ​ഷ്ട്ര​ങ്ങ​ളു​ടെ എം​ബ​സിക​ളി​ൽനി​ന്നൊ​ക്കെ സി​നി​മ​ക​ൾ വ​രു​ത്തി.

ജോ​ൺ എ​ബ്ര​ഹാ​മി​നെ കോ​ഴി​ക്കോ​ട്ടെ​ത്തി​ക്കു​ന്ന​ത് വേ​ണു ഏ​ട്ട​നാ​ണ്. ജി. ​അ​ര​വി​ന്ദ​ൻ കോ​ഴി​ക്കോ​ട്ടെ​ത്തി​യ​പ്പോ​ൾ ‘അശ്വിനി’യു​ടെ ഭാ​ഗ​മാ​യി. കെ.​പി. കു​മാ​ര​ൻ, പി.​എ.​ ബ​ക്ക​ർ, പ​വി​ത്ര​ൻ, കെ.​ജി.​ ജോ​ർ​ജ്, ആ​ർ​ട്ടി​സ്റ്റ് വി​ജ​യ​രാ​ഘ​വ​ൻ, തി​ക്കോ​ടി​യ​ൻ, പ​ട്ട​ത്തു​വി​ള തു​ട​ങ്ങി എ​ഴു​ത്തു​കാ​രു​ടെ​യും ച​ല​ച്ചി​ത്രപ്ര​വ​ർ​ത്ത​ക​രു​ടെ​യും താ​വ​ള​മാ​യി​രു​ന്നു ഒ​രുകാ​ല​ത്ത് ‘സൈ​ക്കോ’​യും ‘അശ്വിനി’യും.

കോ​ഴി​ക്കോ​ട്ടുനി​ന്ന് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ മ​നഃശാ​സ്ത്ര മാ​സി​ക ‘സൈ​ക്കോ’ മാ​ത്ര​മ​ല്ല ‘സൈ​ക്കോ’യി​ൽനി​ന്നു പി​റ​ന്ന​ത്. ആ​ദ്യ​ത്തെ ഇ​ട​തുപ​ക്ഷ രാ​ഷ്ട്രീ​യ വാ​രി​ക ‘സ​ർ​ച്ച് ലൈ​റ്റ്’, വ​നി​താ മാ​സി​ക ‘രൂ​പ​ക​ല’, സ്പോ​ർട്സ് മാ​സി​ക ‘സ്റ്റേ​ഡി​യം’ ഒ​ക്കെ ‘സൈ​ക്കോ’ സ്കൂ​ളി​ന്റെ സം​ഭാ​വ​ന​ക​ളാ​ണ്.

 

മൃ​​ണാ​​ൾ സെ​​ന്നി​​ന് കോ​​ഴി​​ക്കോ​​ട്ട് ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​ൽ ചെ​​ല​​വൂ​​ർ വേ​​ണു 

1977ന്റെ ​പാ​തി​യി​ലാ​ണ് ഞാ​ൻ ‘അ​ശ്വിനി​’യു​ടെ അം​ഗ​മാ​കു​ന്ന​ത്. എ​ന്റെ ഓ​ർ​മ​യി​ൽ സി​നി​മ​യെ​ക്കു​റി​ച്ചു ത​ന്നെ​യു​ള്ള ബോ​ധം മാ​റ്റിമ​റ​ിച്ച ആ​ദ്യ​ത്തെ സി​നി​മ പി.​എ.​ ബ​ക്ക​റി​ന്റെ ‘ക​ബ​നീ ന​ദി ചു​വ​ന്ന​പ്പോ​ൾ’ എ​ന്ന സി​നി​മ​യാ​യി​രു​ന്നു. വ​ർ​ഗീസി​ന്റെ ര​ക്ത​സാ​ക്ഷി​ത്വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ എ​ന്ന് നേ​ര​ത്തേ ത​ന്നെ കേ​ട്ടി​രു​ന്നു. നി​ർ​മാ​താ​വ് പ​വി​ത്ര​ൻ. ടി.​വി.​ ച​ന്ദ്ര​ൻ നാ​യ​ക​ൻ. ‘സൈ​ക്കോ’ ടീം ​അം​ഗ​ങ്ങ​ളാ​യ സ​ലാം കാ​ര​ശ്ശേ​രി​യും ചി​ന്ത ര​വി​യേ​ട്ട​നും അ​തി​ൽ അ​ഭി​ന​യി​ക്കു​ന്നു​മു​ണ്ട്. നേ​രി​ട്ട​നു​ഭ​വി​ക്കാ​ത്ത അ​ടി​യ​ന്ത​രാ​വ​സ്ഥ വെ​ള്ളി​ത്തി​ര​യി​ൽ കാ​ണു​ന്ന​ത് പോ​ലെ​യാ​യി​രു​ന്നു അ​ത്. ഓ​ർ​മ​യി​ലെ ആ​ദ്യ​ത്തെ ച​ല​ച്ചി​ത്ര വി​വാ​ദ​വും ആ ​സി​നി​മ​യെ​ച്ചൊ​ല്ലി​യാ​യി​രു​ന്നു. ‘ത​ല​വെ​ട്ടി’ സി​നി​മ​ക്ക് അ​വാ​ർ​ഡ് കൊ​ടു​ത്ത​ത് ശ​രി​യാ​യി​ല്ല എ​ന്ന് പ​റ​ഞ്ഞ് ന​ട​ൻ പ്രേം​ന​സീ​ർത​ന്നെ രം​ഗ​ത്തു വ​ന്നു. കാ​ൽപനി​ക​ വി​പ്ല​വ ഭാ​വു​ക​ത്വ​മാ​ണ് ‘ക​ബ​നി’യി​ൽ കാ​ണു​ന്ന​ത്, അ​തൊ​രു വി​പ്ല​വ സി​നി​മ​യാ​യി​ട്ടി​ല്ല എ​ന്ന വി​മ​ർ​ശ​ന​മാ​ണ് അ​ന്ന് ചു​റ്റും ഉ​യ​ർ​ന്നുകേ​ട്ട​ത്.

തൊ​ട്ടു​പി​റ​കെ​യാ​ണ് 1978ൽ ​സാ​ക്ഷാ​ൽ പി.​എ. ബ​ക്ക​ർ ത​ന്നെ മ​ധു​മാ​ഷി​ന്റെ ‘അ​മ്മ’ നാ​ട​ക​ത്തി​ന്റെ സ​മ​യ​ത്ത് കോ​ഴി​ക്കോ​ട്ടെ​ത്തി ‘സം​ഘ​ഗാ​നം’ തു​ട​ങ്ങു​ന്ന​തും. ചെ​ല​വൂ​ർ വേ​ണു ഏ​ട്ട​ൻത​ന്നെ​യാ​ണ് ‘സം​ഘ​ഗാ​ന’ത്തി​ന്റെ​യും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. മ​ധുമാ​ഷ് അ​തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചു എ​ന്നു മാ​ത്ര​മ​ല്ല അ​തി​ന്റെ ക്ലൈ​മാ​ക്സി​ൽ ‘ര​ണ​ചേ​ത​ന’ ടീം ​മു​ഴു​വ​നും പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. ന​ട​ൻ ശ്രീ​നി​വാ​സ​ന്റെ ആ​ദ്യ കോ​ഴി​ക്കോ​ട​ൻ സി​നി​മ​യാ​യി​രു​ന്നു ‘സം​ഘ​ഗാ​നം’.

1980ൽ ​കോ​ഴി​ക്കോ​ട് പു​ഷ്പ തി​യ​റ്റ​റി​ൽ വെച്ച് ‘അശ്വിനി’യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ.​എ​ഫ്.​ഡി.​സിയു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ന്ന 14 ദി​വ​സം നീ​ണ്ടുനി​ന്ന ഫിലിം ഫെ​സ്റ്റി​വ​ലാ​ണ് ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തെ ഫെ​സ്റ്റി​വ​ൽ. ഐ.​എ​ഫ്.​എ​ഫ്.​കെ ഒ​ക്കെ പി​റ​ക്കു​ന്ന​തി​ന് അ​ടി​ത്ത​റ പാ​കി​യ​ത് ആ ​‘അ​ശ്വി​നി’ ഫിലിം ഫെ​സ്റ്റിവ​ൽ ആ​ണെ​ന്ന് ഇ​ന്ന് നി​സ്സം​ശ​യം പ​റ​യാം. അ​തൊ​രു ത​രം​ഗം ത​ന്നെ​യാ​യി​രു​ന്നു. മ​ണി കൗ​ൾ ആ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​ൻ. ഹം​ഗേ​റി​യ​ൻ സം​വി​ധാ​യി​ക മാ​ർ​ത്താ മെ​സാ​റോ​സി​ന്റെ ‘ന​യ​ൺ മ​ന്ത്സ്’ ഒ​ക്കെ ഒ​രു സം​ഭ​വ​മാ​യി മാ​റി.

ഫെ​സ്റ്റി​വ​ൽ സി​നി​മ​ക്കും ആ​ള് കൂ​ടും എ​ന്ന് കോ​ഴി​ക്കോ​ട് കേ​ര​ള​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ത്തു. തു​ട​ർന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രാ​ഴ്ച നീ​ണ്ടുനി​ന്ന കാ​മ്പ​സ് ഫിലിം ഫെ​സ്റ്റി​വ​ൽ ആ ​ത​രം​ഗം കോ​ള​ജു​ക​ളി​ലേ​ക്കും പ​ട​ർ​ത്തി. കേ​ര​ള​ത്തി​ൽ ഒ​രു ഫിലിം ഫെ​സ്റ്റി​വ​ൽ സം​സ്കാ​ര​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ ച​രി​ത്രസം​ഭ​വ​മാ​യി​രു​ന്നു ആ ​ഫെ​സ്റ്റി​വ​ൽ.

എ​ൺ​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ കോ​ഴി​ക്കോ​ടു മാ​ത്രം ആ​റോ ഏ​ഴോ ഫിലിം സൊ​സൈ​റ്റി​ക​ളു​ണ്ടാ​യി. മ​ധു മാ​സ്റ്റ​ർ വ​ജ്റ ഫിലിം സൊ​സൈ​റ്റി ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ ഞാ​ന​തി​ന്റെ സെക്ര​ട്ട​റി​യാ​യി. റായ് ​അ​ല്ല ഘ​ട്ട​ക്കാ​ണ് ന​മ്മു​ടെ ആ​ള് എ​ന്ന് പ​ഠി​പ്പി​ച്ചു മ​ധു മാ​ഷ്. ചെ​ല​വൂ​ർ വേ​ണു ഏ​ട്ട​ൻ അ​തി​ന്റെ​യും ഉ​പ​ദേ​ശ​ക​നാ​യി​രു​ന്നു. വെ​സ്റ്റ്ഹി​ൽ ഗീ​ത തി​യ​റ്റ​റി​ൽ ഋ​ത്വി​ക് ഘ​ട്ട​ക് ഫിലിം ഫെ​സ്റ്റി​വ​ൽ വ​ജ്റ സം​ഘ​ടി​പ്പി​ച്ചു. അ​തും ഒ​രു വ​ൻ വി​ജ​യ​മാ​യി മാ​റി. എ​ല്ലാ ഫി​ലിം സൊ​സൈ​റ്റി​ക​ളും സി​നി​മ​ക​ൾ പ​ര​സ്പ​രം പ​ങ്കു​വെക്കുന്ന​തി​ൽ സ​ഹ​ക​രി​ച്ചി​രു​ന്നു. ഭാ​രി​ച്ച ചെല​വ് കു​റ​ക്കാ​ൻ അ​തൊ​രു ന​ല്ല വ​ഴി​യാ​യി​രു​ന്നു. ആ ​സം​സ്കാ​രം ചെ​ല​വൂ​ർ വേ​ണു ഏ​ട്ട​ന്റെ ‘അ​ശ്വി​നി’ കാ​ട്ടി​ത്ത​ന്ന വ​ഴി​യാ​യി​രു​ന്നു.

എ​ല്ലാ​വ​ർ​ക്കും സി​നി​മ​യൊ​രു​ക്കാ​നും സി​നി​മ കാ​ണാ​നും ഒ​രാ​യു​സ്സ് ധൂ​ർ​ത്ത​ടി​ക്കു​ന്ന​തി​നി​ട​യി​ൽ സ്വ​ന്ത​മാ​യി ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ മ​റ​ന്നുപോ​യ ജീ​വി​ത​മാ​ണ് ചെ​ല​വൂ​ർ വേ​ണു ഏ​ട്ട​ന്റേ​ത്. ച​ല​ച്ചി​ത്രനി​രൂ​പ​ക​നാ​യാ​ണ് അ​തി​ന്റെ തു​ട​ക്കം. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ദ്യ ജീ​വി​തപ​ങ്കാ​ളി എ​ന്നും ‘അ​ശ്വി​നി’ ഫിലിം സൊ​സൈ​റ്റി ത​ന്നെ​യാ​യി​രു​ന്നു. ലോ​ക സി​നി​മ​യു​ടെ ബൃ​ഹ​ത്താ​യ കാ​ഴ്ചാ​നു​ഭ​വംത​ന്നെ അ​തു​പോ​ലു​ള്ള സി​നി​മ​ക​ൾ ചെ​യ്യാ​നാ​വി​ല്ലെ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കി​യ​ത് ഒ​രു പി​ന്മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കി. രാ​മു കാ​ര്യാ​ട്ടി​ന്റെ സ​ഹാ​യി​യാ​കാ​ൻ മ​ദി​രാ​ശി​യി​ലേ​ക്ക് കു​ടി​യേ​റി​യ കാ​ല​ത്ത് സ​ത്യ​ജി​ത്ത് റായ്, ​ഘ​ട്ട​ക്, മൃ​ണാ​ൾ സെ​ൻ എ​ന്നി​വ​രു​ടെ സി​നി​മ​ക​ൾ ക​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മാ സ​ങ്കൽപ​ങ്ങ​ൾ മാ​റി​മ​റിയു​ന്ന​ത്. അ​തോ​ടെ മ​ദി​രാ​ശി വി​ട്ട് കോ​ഴി​ക്കോ​ട്ടേ​ക്ക് ത​ന്നെ തി​രി​ച്ചുപോ​ന്നു.

 

‘കബനീനദി ചുവന്നപ്പോൾ’ ^പോസ്​റ്റർ

‘ഇ​നി​യും മ​രി​ച്ചി​ട്ടി​ല്ലാ​ത്ത ന​മ്മ​ൾ’ (1980) ചി​ന്ത ര​വീ​ന്ദ്ര​ൻ ചെ​ല​വൂ​ർ വേ​ണു എ​ന്ന സം​വി​ധാ​യ​ക​നുവേ​ണ്ടി എ​ഴു​തി​യ തി​ര​ക്ക​ഥ​യാ​ണ്. എ​ന്നാ​ൽ, അ​ത് നീ​ണ്ടുപോ​യ​പ്പോ​ൾ ഒ​ടു​വി​ൽ ര​വി​യേ​ട്ട​ൻ ത​നി​ക്കൊ​രു നി​ർ​മാ​താ​വ് വ​ന്ന​പ്പോ​ൾ സ്വ​യം ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ക്കാ​ല​ത്തെ ബു​ദ്ധി​ജീ​വി​ക​ളു​ടെ ജീ​വി​ത​ത്തി​ന്റെ ഒ​രു മു​ഖ​മാ​ണ് ആ ​സി​നി​മ. ത​നി​ക്കു ചു​റ്റും വ​ന്നുചേ​ർ​ന്ന സം​വി​ധാ​യ​ക​ർ​ക്കാ​യി സി​നി​മ​യൊ​രു​ക്കാ​ൻ ഒ​ര​ത്താ​ണി​യാ​യി നി​ന്നുകൊ​ടു​ക്കു​ക​യാ​യി​രു​ന്നു മ​ല​യാ​ള സി​നി​മ​യു​ടെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ന​ഷ്ട​സം​വി​ധാ​യ​ക​നാ​യ ചെ​ല​വൂ​ർ വേ​ണു പി​ന്നീ​ട് ചെ​യ്ത​ത്.

 

പി.​എ.​ ബ​ക്ക​ർ, കെ.​പി.​ കു​മാ​ര​ൻ, പ​വി​ത്ര​ൻ, ടി.​വി.​ച​ന്ദ്ര​ൻ, കെ.​ജി. ജോ​ർ​ജ്, കെ.​ആ​ർ. മോ​ഹ​ന​ൻ, ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ, പി.​ടി. കു​ഞ്ഞിമു​ഹ​മ്മ​ദ്, കെ.​ ഗോ​പി​നാ​ഥ്… ‘ജീ​വി​ക്കാ​ൻ മ​റ​ന്നുപോ​യ സ്ത്രീ’ ​എ​ന്നു പ​റ​യുംപോ​ലെ ‘സി​നി​മ​യെ​ടു​ക്കാ​ൻ മ​റ​ന്നുപോ​യ സം​വി​ധാ​യ​ക​ൻ’. ഫിലിം സൊ​സൈ​റ്റി പ്ര​സ്ഥാ​നം ആ​ണു​ങ്ങ​ളു​ടെ പ്ര​സ്ഥാ​ന​മാ​യി​രു​ന്നു. ആ​ണു​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടി​ലാ​ണ് സി​നി​മ​ക​ൾ ക​ണ്ടുപോ​ന്ന​തും. അ​തി​ലേ​ക്ക് സ്ത്രീ​ക​ൾ ക​ട​ന്നുവ​രാ​ൻ പി​ന്നെ​യും വ​ള​രെ വൈ​കി. ആ ​ക​ട​ന്നുവ​ര​വി​ന് ഒ​രാ​ൾ​ക്കുമേ​ലും ആ​ധി​പ​ത്യസ്വ​ഭാ​വം കാ​ണി​ക്കാ​ത്ത വേ​ണു ഏ​ട്ട​ന്റെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.

1996ലാ​ണ് ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ കോ​ഴി​ക്കോ​ട്ട് കേ​ര​ള​ത്തി​ന്റെ ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് (എ.എ​ഫ്.​എ​ഫ്.​കെ) തു​ട​ക്ക​മി​ടു​ന്ന​ത്. അ​ത് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ച്ച​ത് 1980ൽ ​‘അ​ശ്വി​നി’ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ 14 ദി​വ​സ​ത്തെ ഫെ​സ്റ്റി​വ​ലാ​ണ്. വേ​ണു ഏ​ട്ട​ന്റെ ടീ​മി​ൽ ഞ​ങ്ങ​ളൊ​ക്കെ വീ​ണ്ടും ഒ​രു വ​ൻ ഫെ​സ്റ്റി​വ​ലി​ന് അ​ണി​നി​ര​ന്നു. അ​ത് വി​ജ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് 1999 മു​ത​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫെ​സ്റ്റി​വ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ക​വ​ർ​ന്നെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

 

അടൂർ ഗോപാലകൃഷ്​ണനൊപ്പം ചെലവൂർ വേണു

2002ലാ​ണ് കോ​ഴി​ക്കോ​ട്ട് ആ​ദ്യ​മാ​യി ‘അ​ന്വേ​ഷി’യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു അ​ന്താ​രാ​ഷ്ട്ര വ​നി​താ ഫിലിം ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന​ത്. ഞ​ങ്ങ​ളൊ​ക്കെ അ​തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. വേ​ണു ഏ​ട്ട​ൻ അ​വി​ടെ​യും ഉ​ണ്ടാ​യി​രു​ന്നു. സ്ത്രീ ​സി​നി​മ​ക​ളു​ടെ കൂ​ട്ടാ​യ്മ​ക്ക് ഒ​രു വേ​ദി രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു അ​തുവ​ഴി. ഫെ​സ്റ്റി​വ​ൽ വ​ലി​യ വി​ജ​യ​മാ​യി​ട്ടും ‘അ​ന്വേ​ഷി​’ക്ക് പി​ന്നീ​ട് അ​തി​നൊ​രു തു​ട​ർ​ച്ച ഉ​ണ്ടാ​ക്കാ​നാ​യി​ല്ല. ദീ​ദി​യും ഗി​രി​ജ​യു​മാ​യി​രു​ന്നു ഫെ​സ്റ്റി​വ​ൽ ബു​ക്ക് എ​ഡി​റ്റ് ചെ​യ്ത​ത്.

 

ചെ​​ല​​വൂ​​ർ വേ​​ണു, കൊ​​ട​​മ​​ന വേ​​ണു, യു. ​​ഫ​ൽ​​ഗു​​ന​​ൻ, ചി​​ന്ത ര​​വീ​​ന്ദ്ര​​ൻ - ‘അ​ശ്വ​ിനി’​യു​​ടെ ആ​​ദ്യ​കാ​​ലം

സ്ത്രീ ​സി​നി​മ​യാ​യി​രു​ന്നു പ്ര​മേ​യം. അ​താ​ണ് 2003ൽ ​‘ചി​ത്ര​ഭൂ​മി​’യു​ടെ ചു​മ​ത​ല​യി​ല​ക്ക് വ​ന്ന​പ്പോ​ൾ മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു സ്ത്രീ ​പ​തി​പ്പ് ഇ​റ​ക്കു​ന്ന​തി​ന് പ്ര​ചോ​ദ​ന​മാ​യ​ത്. ആ​ദ്യ നാ​യി​ക പി.​കെ. റോ​സി​യു​ടെ സ​ഞ്ചാ​ര​വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത് 2004ലെ ​ആ സ്ത്രീ ​പ​തി​പ്പാ​യി​രു​ന്നു.

 

ബാലകൃഷ്​ണക്ക​ുറുപ്പ്​, ​െഎസക്​ അറക്കൽ എന്നിവർക്കൊപ്പം ചെലവൂർ വേണു

വീ​ണ്ടു​മൊ​രു വ​നി​താ ച​ല​ച്ചി​ത്രമേ​ള കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന​ത് പ​തി​ന​ഞ്ച് വ​ർ​ഷ​ത്തി​നുശേ​ഷം 2017 മാ​ർ​ച്ചി​ലാ​ണ്. ചെ​ല​വൂ​ർ ഏ​ട്ട​നാ​യി​രു​ന്നു അ​തി​ന്റെ ചെ​യ​ർ​മാ​ൻ. സ്ത്രീ​ക​ളു​ടെ മു​ൻ​കൈ സം​ഘാ​ട​ന​ത്തി​ൽ ഏ​റ്റ​വും സ​ജീവ​മാ​യ ഫിലിം ഫെ​സ്റ്റി​വ​ലാ​യി​രു​ന്നു അ​ത്. ദീ​ദി​യാ​യി​രു​ന്നു ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ. വേ​ണു ഏ​ട്ട​നെ വേ​ദി​യി​ലി​രു​ത്തി സ്ത്രീ​ക​ളു​ടെ ഒ​രു ഫെ​സ്റ്റി​വ​ൽ എ​ങ്ങനെ ന​ട​ത്ത​ണ​മെ​ന്ന് ആ​ണു​ങ്ങ​ൾ ദ​യ​വുചെ​യ്ത് പ​ഠി​പ്പി​ക്കാ​ൻ വ​ര​രു​ത്, ഞ​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്കി​ഷ്ട​മു​ള്ള രീ​തി​യി​ൽ അ​ത് ന​ട​ത്ത​ട്ടെ എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​ത് തു​റ​ന്ന മ​ന​സ്സോ​ടെ സ​മ്മ​തി​ക്കാ​ൻ ഒ​രു മ​ടി​യു​മി​ല്ലാ​ത്ത ചെ​യ​ർ​മാ​നാ​യി​രു​ന്നു വേ​ണു ഏ​ട്ട​ൻ. അ​ഞ്ച് ദി​വ​സം നീ​ണ്ട ആ ​വ​നി​താ ഫെ​സ്റ്റി​വ​ലി​ൽ സി​നി​മ​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത് മു​ഴു​വ​നും സ്ത്രീ​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. ഓ​പ​ൺ ഫോ​റ​ത്തി​ന്റെ അ​ജ​ണ്ട സ്ത്രീ​ക​ൾ തീ​രു​മാ​നി​ച്ചു.

ഓ​രോ ദി​വ​സ​വും ഓ​രോ സ്ത്രീ​ക​ൾ അ​തി​ന് നേ​തൃ​ത്വം ന​ൽ​കി. സ​ദ​സ്സി​ൽ വ​ന്ന് സ്ത്രീ​ക​ൾ സം​സാ​രി​ച്ചു. ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ പു​രു​ഷ​ന്മാ​രാ​യ കാ​ണി​ക​ളു​മാ​യി സ്വ​ന്തം നി​ല​യി​ൽ സം​വ​ദി​ച്ചു. അ​തൊ​രു വ​ലി​യ മാ​റ്റ​മാ​യി​രു​ന്നു. അ​ങ്ങനെ​യൊ​രു ഫെ​സ്റ്റി​വ​ൽ അ​നു​ഭ​വം അ​തി​നു മു​മ്പും ശേ​ഷ​വും കോ​ഴി​ക്കോ​ട്ടു​ണ്ടാ​യി​ട്ടി​ല്ല. സ്ത്രീ​ക​ളു​ടെ ആ ​മു​ന്നേ​റ്റ​ത്തി​ന് ഒരു ഈ​ഗോ​യു​മി​ല്ലാ​തെ അ​വ​സാ​നം വ​രെ വേ​ണു ഏ​ട്ട​ൻ ഒ​പ്പം നി​ന്നു. എ​ക്കാ​ല​ത്തും ഫെ​സ്റ്റി​വ​ൽ ന​ട​ത്തി​പ്പി​ന്റെ അ​ധി​കാ​രം കൈയാ​ളി​യി​രു​ന്ന ആ​ണു​ങ്ങ​ൾ​ക്ക് കു​റ​ച്ച് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ ഒ​രു തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്.

2017 ഫെ​ബ്ര​ുവ​രി​യി​ൽ ന​ട​ന്ന ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം മ​ല​യാ​ളം ഫി​ലിം ഇ​ൻഡ​സ്ട്രി​യെ പി​ടി​ച്ചുകു​ലു​ക്കി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ആ ​വ​നി​ത ഫെ​സ്റ്റി​വ​ൽ. ‘അ​വ​ൾ​ക്കൊ​പ്പം’ എ​ന്ന​ത് പോ​രാ​ട്ട​ത്തി​ന്റെ പ്ര​മേ​യ​മാ​യി ഉ​യ​ർ​ന്നുവ​ന്ന ഫെ​സ്റ്റി​വ​ലാ​യി​രു​ന്നു അ​ത്. 2017 ന​വം​ബ​ർ ഒ​ന്നി​ന് മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ വ​നി​താ കൂ​ട്ടാ​യ്മ (ഡ​ബ്ല്യു.സി.​സി) രൂ​പവത്ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ങ്ങ​ൾ​ക്ക് ആ ​ച​ല​ച്ചി​ത്രോ​ത്സ​വം ഒ​രു നി​മി​ത്ത​മാ​യി​രു​ന്നു.

 

 ‘അ​​ശ്വി​​നി’ ഫി​ലിം സൊ​​സൈ​​റ്റി​​യു​​ടെ അ​​മ്പ​​താം വാ​​ർ​​ഷി​​കം അ​​ടൂ​​ർ ഉ​​ദ്ഘാ​​ട​​നംചെ​​യ്യു​​ന്നു

2018ൽ ‘ജോ​ൺ’ സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് ആ​രം​ഭി​ച്ച​പ്പോ​ൾ ജോ​ണി​നെ കോ​ഴി​ക്കോ​ട്ടെ​ത്തി​ച്ച ചെ​ല​വൂ​ർ വേ​ണു താ​നാ​യി​ത്ത​ന്നെ അ​തി​ൽ വേ​ഷ​മി​ട്ടു. വേ​ണു ഏ​ട്ട​ന്റെ ജോ​ൺ ഓ​ർ​മക​ൾ അ​തി​നു മു​മ്പുത​ന്നെ മു​ക്ത ഡോ​ക്യുമെ​ന്റ് ചെ​യ്തി​രു​ന്നു. ഷൂ​ട്ടി​ങ്ങി​നുശേ​ഷം ആ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ഓ​രോ​രു​ത്ത​രാ​യി ഭൂ​മി​യി​ൽനി​ന്നും വി​ട​പ​റ​ഞ്ഞുപോ​യ​പ്പോ​ൾ അ​തി​ൽ ഏ​റ്റ​വും ആ​ശ​ങ്കപൂ​ണ്ട മ​നു​ഷ്യ​നാ​യി​രു​ന്നു വേ​ണു ഏ​ട്ട​ൻ. ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ജോ​ൺ ഓ​ർ​മദി​ന​ത്തി​ന് സി​നി​മ തി​യ​റ്ററി​ലെ​ത്തി​യ​പ്പോ​ൾ ഉ​ട​നീ​ളം അ​ദ്ദേ​ഹം ഒ​പ്പം നി​ന്നു. സി​നി​മ ക​ഴി​ഞ്ഞ് കോ​ഴി​ക്കോ​ട്ട് കൈ​ര​ളി തി​യ​റ്റ​റി​ന് മു​ന്നിൽ സി​നി​മ കാ​ണാ​നെ​ത്തി​യ​വ​രോ​ട് പ്ര​സം​ഗി​ച്ചു: ‘‘ഞാ​ന​തി​ൽ ജോ​ണി​നെ ക​ണ്ടു’’, ആ ​വാ​ക്കു​ക​ളാ​ണ് ‘ജോ​ണി’ന് ​കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​രം.

ഫിലിം സൊ​സൈ​റ്റീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്റും അ​തി​ന്റെ ഔ​ദ്യോ​ഗി​ക ച​ല​ച്ചി​ത്ര പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘ദൃ​ശ്യ​താ​ള’ത്തി​ന്റെ ചീ​ഫ് എ​ഡി​റ്റ​റു​മെ​ന്ന നി​ല​ക്ക് സ്വ​ന്തം സി​നി​മ എ​ന്ന പോ​ലെ​യാ​ണ് അ​ദ്ദേ​ഹം ‘ജോ​ണി’ന് ​പി​ന്തു​ണ ന​ൽ​കി​യ​ത്. എ​റണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തു​മു​ള്ള പ്ര​ദ​ർ​ശ​ന​ങ്ങ​ൾ അ​ങ്ങനെ​യു​ണ്ടാ​യ​താ​ണ്.

 

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ഫിലിം ഫെ​സ്റ്റി​വ​ൽ ന​ട​ത്തി വി​ജ​യി​പ്പി​ച്ച ചെ​ല​വൂ​ർ വേ​ണു​വി​നെ ആ​യി​രു​ന്നി​ല്ലേ കേ​ര​ള സ​ർ​ക്കാ​ർ സി​നി​മ​ക്കാ​യി ഒ​രു അ​ക്കാ​ദ​മി രൂ​പവത്​ക​രി​ച്ച​പ്പോ​ൾ അ​തി​ന്റെ അ​ധ്യക്ഷ​നാ​ക്കേ​ണ്ടി​യി​രു​ന്ന​ത്? അ​തെ എ​ന്ന് ഞാ​ൻ ക​രു​തു​ന്നു. എ​ന്നാ​ൽ, അ​ന്ന​ത​ല്ല ഉ​ണ്ടാ​യ​ത്. ചെ​ല​വൂ​ർ വേ​ണു​വി​നെ​യോ ച​ല​ച്ചി​ത്ര​ചി​ന്ത​യി​ൽ പ്ര​ത്യ​യ​ശാ​സ്ത്ര വി​മ​ർ​ശ​ന​ത്തി​ന്റെ പാ​ത വെ​ട്ടി​ത്തു​റ​ന്ന സം​വി​ധാ​യ​ക​ൻകൂ​ടി​യാ​യ ചി​ന്ത ര​വീ​ന്ദ്ര​നെ​യോ അ​ല്ല അ​ന്ന​ത്തെ ഇ​ട​ത് സ​ർ​ക്കാ​ർ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ അ​ധ്യക്ഷ​നാ​യി പ​രി​ഗ​ണി​ച്ച​ത്. ഷാ​ജി എ​ൻ. ക​രു​ണി​നെ​യാ​യി​രു​ന്നു.

ഷാ​ജി വ​ലി​യ സം​വി​ധാ​യ​ക​ൻത​ന്നെ​യാ​ണ്. വ​ലി​യ സം​ഭാ​വ​ന​ക​ൾ മ​ല​യാ​ള സി​നി​മ​ക്ക് ന​ൽ​കി​യി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ, ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത് മ​ല​യാ​ള​ത്തി​ൽ സ​മാ​ന്ത​ര ച​ല​ച്ചി​ത്ര പ്ര​സ്ഥാ​നം കെ​ട്ടി​പ്പ​ടു​ത്ത ചെ​ല​വൂ​ർ വേ​ണു​വി​നാ​യി​രു​ന്നു. അ​റു​പ​തു​ക​ളു​ടെ അ​ന്ത്യം മു​ത​ൽ ക​ച്ച​വ​ട സി​നി​മ​യി​ൽനി​ന്നു വേ​റി​ട്ട ഒ​രു ഭാ​വു​ക​ത്വ​ത്തി​നാ​യി പൊ​രു​തി​യ​വരു​ടെ സ്വ​പ്ന​ത്തോ​ട് അ​ത് കൂ​ടു​ത​ൽ നീ​തി പു​ല​ർ​ത്തു​മാ​യി​രു​ന്നു.

25 ഫെ​സ്റ്റി​വ​ൽ ക​ഴി​ഞ്ഞി​ട്ടും ആ ​സ്വ​പ്നം ഇ​പ്പോ​ഴും എ​ത്ര​യോ അ​ക​ലെ​യാ​ണ്. അ​തേ സ​മ​യ​ത്തു ത​ന്നെ തു​ട​ക്ക​മി​ട്ട ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ബു​സാ​ൻ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം എ​ത്ര വ​ലു​താ​യി എ​ന്ന​റി​യു​മ്പോ​ഴാ​ണ് ഇ​ഴ​ഞ്ഞുനീ​ങ്ങു​ന്ന കേ​ര​ള​ത്തി​ന്റെ മു​ഖം ന​മു​ക്ക് തി​രി​ച്ച​റി​യാ​നാ​വു​ക.

 

ചിന്ത രവി

അ​മ്മാ​വ​നും ലോ​ക​സ​ഞ്ചാ​രി​യാ​യ എ​ഴു​ത്തു​കാ​രനുമായ എ​സ്.​കെ.​ പൊ​റ്റെക്കാ​ട്ടിന്റെ ‘ലെ​ഗ​സി’ ചെ​ല​വൂ​ർ വേ​ണു എ​ന്നും കാ​ത്തു​സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ആ ​യ​ത്ന​ത്തി​ന്റെ സ്മാ​ര​ക​മാ​ണ് കോ​ഴി​ക്കോ​ട് എ​സ്.​കെ. പൊ​റ്റെക്കാ​ട്ട് ആ​ർ​ട്ട് ഗാ​ല​റി​യും ലൈ​ബ്ര​റി​യും ഓ​ഡി​റ്റോ​റി​യവും. ‘സൈ​ക്കോ’ സ്കൂ​ൾ കാ​ലാ​ന്ത​ര​ത്തി​ലേ​ക്ക് മ​റ​ഞ്ഞ​തോ​ടെ അ​താ​ണ് വേ​ണു ഏ​ട്ട​ന്റെ പു​തി​യ താ​വ​ളം.

എ​വി​ടെ കാ​ണാം വേ​ണു ഏ​ട്ടാ എ​ന്നു വി​ളി​ച്ചു ചോ​ദി​ച്ചാ​ൽ ഉ​ട​ൻ ഉ​ത്ത​രം കി​ട്ടും: ‘‘ഞാ​ൻ ആ​ർ​ട്ട് ഗാ​ല​റി​യി​ലു​ണ്ടാ​കും, നീ ​അ​ങ്ങോ​ട്ട് വാ’’ ​എ​ന്ന്. പൊ​തു​ ഇ​ട​ങ്ങ​ൾ ഓ​രോ​ന്നോ​രോ​ന്നാ​യി അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന കാ​ല​ത്ത് ആ​റ് പ​തി​റ്റാ​ണ്ട് കോ​ഴി​ക്കാ​ടി​ന്റെ പൊ​തു​ ഇ​ട​മാ​യി ജീ​വി​ച്ച ഒ​രു മ​നു​ഷ്യ​ൻ ഒ​രു സ്റ്റേ​ഷ​ൻ കി​ട്ടാ​തെ മിഠാ​യി​ത്തെ​രു​വി​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​ത് ഒ​രേസ​മ​യം ‘ഒ​രു ദേ​ശ​ത്തി​ന്റെ ക​ഥ’യും ‘ഒ​രു തെ​രു​വി​ന്റെ ക​ഥ’യും ​ചു​മ​ന്നാ​ണ്. ച​രി​ത്ര​ത്തി​ന് വ​ള​മാ​യി മാ​റാ​ൻ സ്വ​യം ഉ​ഴി​ഞ്ഞുവെച്ച ഒ​രു വ​ലി​യ ‘പ്ര​പ​ഞ്ച’ത്തി​ന്റെ ന​ട​ത്ത​മാ​ണ് അ​തെ​ന്ന് പു​റ​ത്തെ ആ​ൾ​ക്കൂ​ട്ട​ത്തി​ന് ഒ​രി​ക്ക​ലും തി​രി​ച്ച​റി​യാ​ൻ പ​റ്റാ​ത്ത ന​ട​ത്ത​മാ​ണ​ത്. ‘ഞാ​ൻ ഞാ​ൻ’ എ​ന്ന ആ​ക്രോ​ശ​മി​ല്ലാ​ത്ത ഏ​കാ​ന്ത​മാ​യ ന​ട​ത്തം.

(തു​ട​രും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT