എഴുതപ്പെടാത്ത ‘വിളംബര’ങ്ങൾ

‘ദൈവമായിരിക്കാൻ സ്വയം വിസമ്മതിച്ച വാഗ്ഭടാനന്ദ ഗുരുദേവന്റെ അദൃശ്യതയും വിഗ്രഹമായി മാറപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ ദൃശ്യതയും ഓർമയിൽ ഒരു വൈരുധ്യമായി മുന്നിലുണ്ടായിരുന്നു’’ -പ്രേംചന്ദ്​ ‘ഗുരുക്കൻ’മാരെക്കുറിച്ച്​ എഴുതുന്നു.കുട്ടിക്കാലത്ത് വീട്ടിലെ ചുമരിൽ രണ്ട് ഛായാപടങ്ങളേ ഉണ്ടായിരുന്നുള്ളൂ: ഗാന്ധിജിയുടേതും ശ്രീനാരായണ ഗുരുവിന്റേതും. ഓർമവെച്ച നാൾ മുതൽ രണ്ടു പേരും ചുമരിൽ തൂങ്ങി ഞങ്ങളെ നോക്കിനിന്നു: കോഴിക്കോട്ട് പടിഞ്ഞാറെ നടക്കാവിലെ കുട്ടിക്കാലത്തിന്റെ ആ വീട് പൊളിച്ചുമാറ്റുന്നതുവരെയും. എന്നാൽ, ഒരു ഛായാപടമല്ലാത്ത മറ്റൊരു അദൃശ്യ സാന്നിധ്യംകൂടി വീട്ടിലുണ്ടായിരുന്നു:...

‘ദൈവമായിരിക്കാൻ സ്വയം വിസമ്മതിച്ച വാഗ്ഭടാനന്ദ ഗുരുദേവന്റെ അദൃശ്യതയും വിഗ്രഹമായി മാറപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ ദൃശ്യതയും ഓർമയിൽ ഒരു വൈരുധ്യമായി മുന്നിലുണ്ടായിരുന്നു’’ -പ്രേംചന്ദ്​ ‘ഗുരുക്കൻ’മാരെക്കുറിച്ച്​ എഴുതുന്നു.

കുട്ടിക്കാലത്ത് വീട്ടിലെ ചുമരിൽ രണ്ട് ഛായാപടങ്ങളേ ഉണ്ടായിരുന്നുള്ളൂ: ഗാന്ധിജിയുടേതും ശ്രീനാരായണ ഗുരുവിന്റേതും. ഓർമവെച്ച നാൾ മുതൽ രണ്ടു പേരും ചുമരിൽ തൂങ്ങി ഞങ്ങളെ നോക്കിനിന്നു: കോഴിക്കോട്ട് പടിഞ്ഞാറെ നടക്കാവിലെ കുട്ടിക്കാലത്തിന്റെ ആ വീട് പൊളിച്ചുമാറ്റുന്നതുവരെയും. എന്നാൽ, ഒരു ഛായാപടമല്ലാത്ത മറ്റൊരു അദൃശ്യ സാന്നിധ്യംകൂടി വീട്ടിലുണ്ടായിരുന്നു: വാഗ്ഭടാനന്ദഗുരു. അതായിരുന്നു അച്ഛന്റെ ഗുരുപരമ്പര.

മുത്തപ്പനായിരുന്നു അച്ഛന്റെ ദൈവം. വിശ്വാസവുമായി വീട്ടിലുണ്ടായിരുന്ന ഏക ആചാരം മുത്തപ്പന് കൊടുക്കലായിരുന്നു. സ്വന്തം ശിഷ്യപരമ്പര തന്നെ ശ്രീനാരായണ ഗുരുവിനെ ദൈവമാക്കി ക്ഷേത്രങ്ങളിൽ കൂടിയിരുത്തിയപ്പോൾ ദൈവമാകാൻ വിസമ്മതിച്ചു നിന്ന വാഗ്ഭടാനന്ദനോടുള്ള ഒരു മമത അച്ഛൻ കാത്തുസൂക്ഷിച്ചിരുന്നു.

കോഴിക്കോട്ടെ ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാത്രം പ്രവർത്തിച്ചു പോന്ന ശ്രീനാരായണ മിഷനുമായി മാത്രമേ അച്ഛന് ബന്ധമുണ്ടായിരുന്നുള്ളൂ. ദീർഘകാലം കോഴിക്കോട്ട് അതിന്റെ സെക്രട്ടറിയായിരുന്നു അച്ഛൻ. ഒരിക്കലും എസ്.എൻ.ഡി.പിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചില്ല.

അച്ഛന്റെ ഗുരുക്കന്മാരുടെ ‘പരാജയം’ വീട്ടിൽ പലപ്പോഴും ഒരു ചർച്ചാവിഷയമായിരുന്നു. ഗാന്ധിജിയും ശ്രീനാരായണഗുരുവും വാഗ്ഭടാനന്ദനുമൊക്കെ ആഗഹിച്ച, പോരാടിയ ലോകം ഒരിക്കലും നിലവിൽ വന്നില്ലെന്നത് ചൂണ്ടിക്കാട്ടപ്പെട്ടപ്പോൾ അത് തലമുറകൾ തമ്മിലുള്ള സംവാദമായി മാറി. ദൈവമായിരിക്കാൻ സ്വയം വിസമ്മതിച്ച വാഗ്ഭടാനന്ദ ഗുരുദേവന്റെ അദൃശ്യതയും വിഗ്രഹമായി മാറപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ ദൃശ്യതയും ഓർമയിൽ ഒരു വൈരുധ്യമായി മുന്നിലുണ്ടായിരുന്നു. ജാതി വ്യവസ്ഥയുടെ ഉന്മൂലനം ലക്ഷ്യമിട്ട ഒരു മഹാപ്രസ്ഥാനം ജാതിയെ പുതിയ രീതിയിൽ അരക്കിട്ടുറപ്പിക്കുന്ന ഒരു സ്ഥാപനമായി പരിണമിച്ചത് അച്ഛനെപ്പോലെ ശ്രീനാരായണ ഗുരുവിൽ വിശ്വസിച്ചവർക്ക് ഒരു വേദനയായിരുന്നു.

1986ൽ ‘മാതൃഭൂമി’യിൽ ജോലിയിൽ പ്രവേശിച്ചപ്പോഴാണ് വാഗ്ഭടാനന്ദ ഗുരുവിന്റെ മകൻ വി. പ്രഭാകരൻ എന്ന ഒരു വിസ്മയത്തെ പരിചയപ്പെടുന്നത്. അച്ഛന്റെ സുഹൃത്തായിരുന്നതുകൊണ്ടുതന്നെ ‘മാതൃഭൂമി’യിൽ ഒരു വഴികാട്ടിയായി പ്രഭാകരേട്ടൻ ഉണ്ടായിരുന്നു. മലബാറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നോടിയായി സംഘടിത സഹകരണ പ്രസ്ഥാനത്തിന്റെ പാത വെട്ടിത്തെളിയിച്ച വിപ്ലവകാരിയായിരുന്ന വാഗ്ഭടാനന്ദന്റെ ജീവിതം പറഞ്ഞുതന്നത് അദ്ദേഹമാണ്. അക്കാലത്ത് മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ ചുമതലയായിരുന്നു പ്രഭാകരേട്ടന്.

 

വാ​​ഗ്ഭ​​ടാ​​ന​​ന്ദ​​ൻ, ഗാ​ന്ധി​ജി

കോഴിക്കോട് ബ്യൂറോയിൽ ചീഫ് റിപ്പോർട്ടറായി വിരമിച്ച ശേഷമാണ് സ്റ്റഡി സർക്കിളിന്റെ ചുമതലയിലേക്ക് വരുന്നത്. സ്റ്റഡി സർക്കിൾ വാർത്തകൾക്കായി മാസത്തിൽ ഒരിക്കലുള്ള ‘യുവരശ്മി’ എന്ന അര പേജാണ് എനിക്കാദ്യമായി ചെയ്യാൻ കിട്ടിയ ഫീച്ചർ പേജ്. പ്രഭാകരേട്ടന്റെ മാർഗ നിർദേശങ്ങൾ ഉൾക്കൊണ്ടാണ് പേജ് തയാറാക്കാറ്. മാന്ത്രിക ലോകത്തേക്ക് ചുവടുവെച്ചു വന്നിരുന്ന മുതുകാടിനെക്കുറിച്ചുള്ള ആദ്യ ലേഖനമൊക്കെ അന്ന് ‘യുവരശ്മി’യിൽ വന്നതാണ്.

86-90 കാലത്ത് ‘മാതൃഭൂമി’യുടെ ചരിത്രത്തിൽ ഒരിക്കലും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത പല കഥകളും പ്രഭാകരേട്ടൻ വഴിയാണ് ഞാനടങ്ങുന്ന തലമുറയിലേക്ക് വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടത്. അച്ചടിക്കപ്പെടാത്ത ഓർമകളുടെ ഖനിയായിരുന്നു അദ്ദേഹം. അതിലൊന്ന് അതിദീർഘകാലം ‘മാതൃഭൂമി’യുടെ മാനേജർ ആയിരുന്ന കൃഷ്ണൻനായരെക്കുറിച്ചുള്ളതാണ്. 1928 മുതൽ നാലു പതിറ്റാണ്ടിലേറെക്കാലം ‘മാതൃഭൂമി’യുടെ മാനേജറായിരുന്ന എൻ. കൃഷ്ണൻ നായരെക്കുറിച്ചുള്ള ആ ‘കഥ’ ‘മാതൃഭൂമി’യുടെ പഴയതും പുതിയതുമായ ചരിത്രപുസ്തകങ്ങളിൽ ഇല്ല.

സ്വാതന്ത്ര്യസമര കാലത്ത്, ശമ്പളം നൽകാനോ പത്രക്കടലാസ് വാങ്ങാനോ പോലും പണമില്ലാതെ അടച്ചുപൂട്ടലിന്റെ വക്കത്ത് എത്തിയപ്പോൾ പ്രതിസന്ധി തീർക്കാൻ ‘മാതൃഭൂമി’ക്ക് മാനേജർ കൃഷ്ണൻനായരിൽനിന്നും കടമെടുക്കേണ്ടി വന്നു. കടം വീട്ടാനുള്ള സാമ്പത്തിക സ്ഥിതി എന്നിട്ടും വന്നുചേരാത്തതിനാൽ ആ സംഖ്യക്ക് തത്തുല്യമായ ഓഹരി കൃഷ്ണൻനായർക്ക് നൽകാൻ ‘മാതൃഭൂമി’ ഡയറക്ടർ ബോർഡ് യോഗം ചേർന്ന് തീരുമാനിച്ചു. ആ തീരുമാനം തന്റെ മുന്നിലെത്തിയപ്പോൾ മാനേജർ കൃഷ്ണൻ നായർ അത് നിരസിച്ചു. അതിന് അദ്ദേഹം നൽകിയ മറുപടിയാണ് അദ്ദേഹത്തിന്റെ ഹീറോയിസം: “അത്രയും രൂപയുള്ള ഷെയർ ഒരു വ്യക്തിയുടെ കൈയിലേക്ക് ഒരു കാരണവശാലും വന്നുകൂടാ.

എന്റെ കാലവും എന്റെ മകളുടെ കാലവും അതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നുവരാം. എന്നാൽ, അവരുടെ മക്കൾ അതുപയോഗിച്ച് ‘മാതൃഭൂമി’ പോലൊരു സ്ഥാപനത്തിന്റെ കടിഞ്ഞാൺ സ്വന്തമാക്കുമോ എന്ന് എനിക്ക് ഇപ്പോൾ പ്രവചിക്കാനാവില്ല. സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യങ്ങൾ കാത്തുസൂക്ഷിക്കേണ്ട പത്രം അതിൽനിന്നും വ്യതിചലിക്കാനിടവരരുത്.’’ പിരിയും വരെയും ‘മാതൃഭൂമി’യിലെ ഏറ്റവും കൂടുതൽ അധികാരമുണ്ടായിരുന്ന വ്യക്തി മാനേജർ കൃഷ്ണൻ നായരായിരുന്നു. അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ ‘മാതൃഭൂമി’ ഇന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വകയാകുമായിരുന്നു. എന്നാൽ, അദ്ദേഹം അതു ചെയ്തില്ല. ഒരായുസ്സ് ‘മാതൃഭൂമി’ക്കായി സമർപ്പിക്കുകയുംചെയ്തു. മാനേജർ കൃഷ്ണൻ നായരുടെ ആ ഹീറോയിസമാണ് ‘മാതൃഭൂമി’യെ വാർത്തെടുത്ത ശക്തിയായി പ്രഭാകരേട്ടൻ ചൂണ്ടിക്കാട്ടിത്തന്നത്.

അന്നത്തെ ഡസ്കിന്റെ ഒരു മൂലയിൽ ഡാർക്ക് റൂമിനോട് ചേർന്നായിരുന്നു പ്രഭാകരേട്ടന്റെ മുറി. നിറച്ചും പഴയ പുസ്തകങ്ങളും കടലാസുകളും നിറഞ്ഞ ഒരു തുറന്ന മുറി. ഡാർക്ക് റൂം എന്നത് ഫോട്ടോഗ്രാഫർ വിശ്വേട്ടന്റെ - പി. വിശ്വനാഥൻ - താവളമായിരുന്നു. പ്രഭാകരേട്ടന്റെ ‘ചിന്താമുറി’ തന്നെത്തേടി സംവാദത്തിനെത്തുന്ന ഡസ്കിലെ കുട്ടികൾക്ക് ഒട്ടേറെ പ്രഹേളികകൾ പകർന്നുനൽകുന്ന ഒരു മുറിയായിരുന്നു.

ഫോ​ട്ടോ​ഗ്രാ​ഫ​ർ പി. ​വി​ശ്വ​നാ​ഥ​ൻ, മാ​തൃ​ഭൂ​മി മാ​നേ​ജ​ർ എ​ൻ. കൃ​ഷ്ണ​ൻ​നാ​യ​ർ

 ‘അനുകൂലശത്രുക്കൾ’ എന്നൊരു വർഗം സമൂഹത്തിലുണ്ട് എന്ന അറിവ് പ്രഭാകരേട്ടൻ പകർന്നുതന്നതാണ്. അതുവരെയും അങ്ങനെയൊരു വർഗത്തെക്കുറിച്ച് കേട്ടിട്ടേ ഇല്ലായിരുന്നു. എന്തിനെയും അനുകൂലിയായി അഭിനയിച്ച് കൂടെ നിൽക്കുന്നവരെങ്കിലും അതിന്റെ യഥാർഥ ശത്രുക്കളായി പതിയിരിക്കുന്ന ഒരു വർഗം എന്നാണ് അതിനദ്ദേഹം നൽകിയ വ്യാഖ്യാനം. ഏത് പ്രസ്ഥാനത്തിലും പാർട്ടികളിലും അനുകൂലശത്രുക്കൾ കടന്നുകൂടി അതിന്റെ ലക്ഷ്യത്തെ തുരങ്കംവെച്ച് അട്ടിമറിക്കുന്നത് കരുതിയിരിക്കണം എന്നദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തിക്കണ്ണികൾ മാവിനെ എന്നപോലെ അവർ പൂക്കുന്ന എല്ലാറ്റിനെയും സത്ത് ഊറ്റിക്കുടിച്ച് ഇല്ലാതാക്കുമെന്ന്.

സോവിയറ്റ് യൂനിയനിലെ കമ്യൂണിസ്റ്റ് പാർട്ടിയും ഇന്ത്യയിൽ കോൺഗ്രസും അനുകൂലശത്രുക്കളുടെ പിടിയിലായതിന്റെ കഥ മാത്രമല്ല, സ്വന്തം സിദ്ധാന്തംവെച്ച് പ്രഭാകരേട്ടൻ വ്യാഖ്യാനിച്ചുതന്നത്. സാംസ്കാരിക ആത്മീയ സംഘടനകളും അങ്ങനെ അപചയപ്പെടുമെന്ന് ചൂണ്ടിക്കാട്ടി. ‘‘അപ്പോൾ ‘മാതൃഭൂമി’യോ, അതും അനുകൂല ശത്രുക്കൾ പിടിക്കുമോ?’’ ഒരു ചോദ്യം ചോദിക്കാതിരുന്നില്ല. മറുപടി അതിജീവനത്തിന്റെ മറ്റൊരു പാഠമായിരുന്നു: ‘‘എല്ലാ അപ്രിയസത്യങ്ങളും പറയാനുള്ളതല്ല. അങ്ങനെ അപ്രിയ സത്യങ്ങൾ പറഞ്ഞതുകൊണ്ടാണ് വാഗ്ഭടാനന്ദൻ അദൃശ്യനായിപ്പോയത്’’, എന്ന്.

വാഗ്ഭടാനന്ദനെക്കുറിച്ച് ആകർഷകമായ ഒരു ചിത്രംതന്നെ പ്രഭാകരേട്ടൻ വരച്ചുതന്നിരുന്നു. എന്തുകൊണ്ട് വാഗ്ഭടാനന്ദൻ ശ്രീനാരായണ ഗുരുപോലെ ഒരു വിഗ്രഹമായി മാറിയില്ല എന്ന ചോദ്യത്തിന് പ്രഭാകരേട്ടൻ പറഞ്ഞുതന്ന മറുപടി മനസ്സിൽ മായാതെ തങ്ങിനിന്നു. ദൈവമാകൽ അഥവാ വിഗ്രഹമാകൽ സ്വയം തകർത്ത മനുഷ്യനായിരുന്നു വാഗ്ഭടാനന്ദൻ. കാരപ്പറമ്പിലെ ഗുരുവിന്റെ വീട്ടിലേക്ക് ദൂരെ ദിക്കുകളിൽനിന്നും എത്തിച്ചേർന്ന് ഒരു പണിയും ചെയ്യാതെ ഗുരുവചനം കേട്ടിരിക്കാനെത്തുന്നവർ നിരവധിയായിരുന്നു. പിന്നെയാണ് അവർ ആത്മീയാന്വേഷകരോ സമൂഹത്തിന്റെ പരിവർത്തനത്തിൽ താൽപര്യമുള്ളവരോ അല്ലെന്ന് ഗുരു തിരിച്ചറിയുന്നത്.

പ്രേം​ച​ന്ദ്, സു​ൽ​ത്താ​ൻ ഖാ​ൻ, വി. ​പ്ര​ഭാ​ക​ര​ൻ, ബി. ​ജ​യ​ച​ന്ദ്ര​ൻ

 അത് ഒരു പണിയും ചെയ്യാൻ താൽപര്യമില്ലാത്ത ‘അനുകൂല ശത്രുക്കൾ’ ആയിരുന്നു. അവർ ഒരു ഭാരമായി മാറിയപ്പോഴാണ് സാധാരണ സന്യാസിമാർ ധരിക്കാറുള്ള മഞ്ഞവസ്ത്രവും ഉപേക്ഷിച്ച് സാധാരണ വെള്ളമുണ്ട് മതി വേഷമായി എന്ന തീരുമാനത്തിലേക്ക് വാഗ്ഭടാനന്ദൻ എത്തുന്നത്. അങ്ങനെ വീട്ടിൽ ആള് കൂടുമ്പോൾ നേരെ ഒരു കൈക്കോട്ടും എടുത്തു പറമ്പിലേക്ക് ചെന്ന് പണിയെടുക്കുകയായിരുന്നു പതിവ്. ഗുരുക്കന്മാർക്ക് ചുറ്റും ചുമ്മാ തടിച്ചു കൂടുന്ന ആരാധകവൃന്ദത്തെ വാഗ്ഭടാനന്ദൻ തന്നെ തുരത്തിയോടിച്ചു. ജീവിക്കാനും ഭക്ഷണം കഴിക്കാനും ഓരോ മനുഷ്യനും പണിയെടുക്കേണ്ടതുണ്ട് എന്ന ഓർമപ്പെടുത്തലായിരുന്നു അത്. വിഗ്രഹമാകാൻ സ്വയം വിസമ്മതിച്ച ഗുരുവിന്റെ ചിത്രമാണ് പ്രഭാകരേട്ടന്റെ മനസ്സിലെ മരിക്കാത്ത ഗുരു. പൊയ്പോയ ഒരു വലിയ കാലത്തിലേക്കുള്ള കാലിഡോസ്കോപ്പിക് കാഴ്ചകളായിരുന്നു പ്രഭാകരേട്ടന്റെ കഥകൾ.

“നിങ്ങൾ പറയുന്നത് മുഴുവനും കളവല്ലേ? ദൈവമില്ലെന്ന് നിങ്ങൾക്കറിയാമല്ലോ. പിന്നെ എന്തിനാണ് ഒരു പ്രതീതിയുണ്ടാക്കി ആളുകളെ പറ്റിക്കുന്നത്?’’ എന്ന ചോദ്യത്തിന് രജനീഷ് നൽകിയ ഒരു മറുപടി ഓർക്കുന്നു: ‘‘അതെ, മുഴുവനും കളവാണ്. സത്യംമാത്രം പറഞ്ഞുകൊണ്ടിരുന്നാൽ നിങ്ങളടക്കം ഈ ആൾക്കൂട്ടം എന്റെ അടുത്തേക്ക് വരുകയേ ഇല്ല. അവർക്ക് സത്യം മനസ്സിലാകാൻ ഞാൻ കള്ളം പറയുന്നു’’ -അതായിരുന്നു ഓഷോവിന്റെ രീതി. വാഗ്ഭടാനന്ദൻ മ​റ്റൊരു പാതയിലൂടെ വേറിട്ടുനടന്നു.

പഴയ പാട്ടുകളുടെ ആരാധകനായിരുന്നു പ്രഭാകരേട്ടൻ. മുറിയിലെത്തുന്ന ആരെയും പാടി കേൾപ്പിക്കും. മിനുസ്സപ്പെടുത്താത്ത, പരുപരുത്ത ശബ്ദത്തിൽ സി.എച്ച്. ആത്മായുടെയും സൈഗാളിന്റെയും പാട്ടുകൾ നന്നായി പാടുകയും ചെയ്യും. ഗസൽ ഗായകൻ തലത്ത് അസീസിന്റെ കോഴിക്കോട്ടേക്കുള്ള ആദ്യത്തെ വരവിന് ഒരു കർട്ടൻ റൈസർ എഴുതാൻ കച്ചേരിയുടെ തലേന്ന് രാത്രിയിൽ പാരമൗണ്ട് ടവറിൽ പാട്ടും സംഭാഷണങ്ങളുമായി ഒത്തുകൂടിയപ്പോൾ പ്രഭാകരേട്ടനും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു; ഞാൻ, ഫോട്ടോഗ്രാഫർ പി. വിശ്വനാഥൻ, ബി. ജയചന്ദ്രൻ എന്നിവർ. പഴയ ഹിന്ദി പാട്ടുകളുടെ ഓർമകൾകൊണ്ട് തലത്ത് അസീസിനെ പ്രഭാകരേട്ടൻ ഞെട്ടിച്ച രാത്രിയായിരുന്നു അത്. സുൽത്താൻ ഖാൻ എന്ന സാരംഗിവാദകനും ഒപ്പമുണ്ടായിരുന്നു. ആ അവിസ്മരണീയ രാത്രിയിൽ ഒരു ചോദ്യവും ഉത്തരവും കല്ലുകടിച്ചു.

അത് ഗസൽ ഗായകൻ ഹരിഹരനെ കേട്ടിട്ടേയില്ല എന്ന് തലത്ത് അസീസ് പറഞ്ഞതായിരുന്നു. പ്രഭാകരേട്ടൻ ഹരിഹരന്റെ പല ഗസലുകൾ പാടി ഓർമിപ്പിക്കാൻ നോക്കി. കർണാടിക് സംഗീതജ്ഞ അലമേലു മാണിയുടെ മകനാണ് എന്ന് പരിചയപ്പെടുത്തി നോക്കി. ദക്ഷിണേന്ത്യക്കാരനായ ഹരിഹരനെ ഉത്തരേന്ത്യക്കാരനായ തലത്ത് അസീസിന് ഓർമവന്നതേയില്ല.

 

വി. ​പ്ര​ഭാ​ക​ര​ൻ

പിന്നെ, വർഷങ്ങൾക്കുശേഷം, 1992ൽ എ.ആർ. റഹ്മാന്റെ ‘റോജ’യിലൂടെ ഹരിഹരൻ ദേശീയ പ്രശസ്തനായപ്പോൾ ആ സന്തോഷം പറയാൻ അപ്പോഴേക്കും പ്രഭാകരേട്ടൻ ഇല്ലായിരുന്നു. 1991 ഏപ്രിൽ 10ന് അദ്ദേഹം വിടപറഞ്ഞിരുന്നു. ഞാനപ്പോൾ ‘മാതൃഭൂമി’ കൊല്ലം ബ്യൂറോയിലായിരുന്നു. കൊല്ലത്തേക്കുള്ള ഓർഡർ കൈപ്പറ്റുന്നതിന്റെ തലേന്നാണ് പ്രഭാകരേട്ടനെ അവസാനമായി ഞാൻ കണ്ടത്. ഓർഡർ വരാൻപോകുന്ന വിവരം ആദ്യം പറഞ്ഞുതന്നതും അദ്ദേഹമായിരുന്നു. എം.ഡിയുടെ മുറിയിൽനിന്നും കിതച്ചുകൊണ്ട് താഴേക്കിറങ്ങി വന്ന് പ്രഭാകരേട്ടൻ പറഞ്ഞു: “നിനക്കുവേണ്ടിയുള്ള ഒരു പോരാട്ടത്തിലായിരുന്നു ഞാനിതുവരെ. തോറ്റുപോയി. രക്ഷപ്പെടുത്താനായില്ല.’’ - ഒരു പിരിയലിന്റെ മുന്നറിയിപ്പായിരുന്നു അത്.

മാതൃഭൂമി ജേണലിസ്റ്റ് യൂനിയന്റെ സെക്രട്ടറിയായിരുന്നു ഞാനപ്പോൾ. യൂനിയനും മാനേജ്മെന്റും തമ്മിലുള്ള ചർച്ച കഴിഞ്ഞതോടെ ഞാൻ അനഭിമതനായിക്കഴിഞ്ഞിരുന്നു. തൊട്ടടുത്ത ദിവസംതന്നെയാണ് സ്ഥലംമാറ്റ ഉത്തരവും വന്നത്. പിന്നെ പ്രഭാകരേട്ടനെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ മരണവാർത്തയാണ് കൊല്ലത്തേക്ക് തേടിയെത്തുന്നത്.

തലത്ത് അസീസുമൊത്തുള്ള ആ രാത്രിയിലെ ഫോട്ടോ ‘മാതൃഭൂമി’ ചീഫ് ഫോട്ടോഗ്രാഫർ വിശ്വേട്ടനാണ് (ബൈലൈൻ: പി. വിശ്വനാഥൻ) പകർത്തിയത്. ബി. ജയചന്ദ്രന്റെ ശേഖരത്തിൽ അതിന്നും നഷ്ടപ്പെടാതെ കിടക്കുന്നു. ബാക്കിയെല്ലാം കാലത്തിലേക്ക് മറഞ്ഞു. എല്ലാം മറവിയുടെ ഭാഗമായി.

ജാതിവാലായും വിഷമായും എല്ലാ മനുഷ്യനിർമിത പ്രളയങ്ങളെയും അതിജീവിച്ചുനിൽക്കുന്ന കാലത്ത് ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനുമൊക്കെ മറവിയിലേക്ക് പോവുക എന്നത് സ്വാഭാവികമാണ്. ശ്രീനാരായണ ഗുരുവിന്റെ ഒരത്യപൂർവ ചിത്രം നിശ്ചല ഛായാഗ്രാഹകനായ പുനലൂർ രാജൻ എനിക്ക് തന്നിരുന്നു. അമ്പതുകളിൽ പുനലൂരിലെ അദ്ദേഹത്തിന്റെ തറവാട്ട് വീട്ടിലെ ചുമരിൽ തൂങ്ങിയിരുന്ന ചിത്രമായിരുന്നു അത്.

പുനലൂരിൽനിന്നും കോഴിക്കോട്ടേക്കുള്ള പുനലൂർ രാജേട്ടന്റെ പ്രവാസത്തിൽ നഷ്ടമാകാതെ കാത്തുസൂക്ഷിച്ച ഓർമച്ചിത്രം. ‘‘ഇത് എല്ലാവരും കാണേണ്ടതുണ്ട്. ഗുരുവിന്റെ വിഷാദം എത്ര വലുതായിരുന്നു എന്ന് എല്ലാവരും കാണേണ്ടതുണ്ട്. ഗുരുവിന്റെ പേരിൽ ആശ്രമങ്ങൾ കെട്ടിപ്പൊക്കിയവരൊക്കെ അതറിയട്ടെ. നല്ലരീതിയിൽ പത്രത്തിൽ കൊടുക്കുമെങ്കിൽ മാത്രം തരാം’’ എന്ന്.

ഞാൻ മാതൃഭൂമിയുടെ എഡിറ്റ് പേജിന്റെ ചുമതലയിലെത്തിയപ്പോഴാണ് ആ ചിത്രം ഗുരു സ്മരണയായി നൽകാനായത്. എഡിറ്റ് പേജിൽ അത് നല്ലരീതിയിൽ അച്ചടിച്ചു: പുനലൂർ രാജന്റെ ശേഖരത്തിൽനിന്ന് എന്ന അടിക്കുറിപ്പോടെ തന്നെ. ചിത്രം കണ്ട് ശിവഗിരിയിൽനിന്നും സ്വാമിമാർ ‘മാതൃഭൂമി’യിലേക്ക് വിളിച്ചു: അവരുടെ ശേഖരത്തിൽ ഇല്ലാത്ത ചിത്രമായതുകൊണ്ട് അത് അയച്ചു കൊടുക്കാമോ എന്ന് ചോദിച്ചു. അതിപ്പോൾ അവരുടെ ശേഖരത്തിലുണ്ട്. ജാതിയുടെ ഉന്മൂലനം സാധ്യമാകാതെ നമ്മുടെ നവോത്ഥാനം പരാജയപ്പെടുന്നത് ഗുരു അറിഞ്ഞിരിക്കും. ജാതി എങ്ങും പോയിട്ടില്ല എന്നും. അത് വേഷംമാറി നടക്കുന്നു.

 

ബി. ​ജ​യ​ച​ന്ദ്ര​ൻ, ത​ല​ത്ത് അ​സീ​സ്, പ്രേം​ച​ന്ദ്, വി. ​പ്ര​ഭാ​ക​ര​ൻ

പുറപ്പെട്ട നൂറ്റാണ്ടിന്റെ ചുമരിൽ ഗുരുവിനെ കണ്ട ഏതോ കണ്ണുകൾ ഒപ്പിയെടുത്ത ആ ചിത്രത്തിൽ ഗുരുവിന്റെ കണ്ണുകളിലെ വിഷാദം അഗാധമാണ്. ജീവൻ കൊടുത്തു വളർത്തിയ പ്രസ്ഥാനത്തിന്റെ അപചയത്തിന്റെ മുന്നോടികൾ കണ്ടറിഞ്ഞ വിഷാദമാണത്. “നമുക്ക് ജാതിയില്ല’’ എന്നൊരു വിളംബരം ശ്രീനാരായണ ഗുരുവിന് പുറപ്പെടുവിക്കേണ്ടിവന്നതിൽ ഒരു സമൂഹം ഗുരുവിനെ പരാജയപ്പെടുത്തിയതിന്റെ വേദന കാണാം. നാഥുറാം വിനായക് ഗോദ്സെ വെടിവച്ചുകൊന്നതുകൊണ്ട് ഗാന്ധിജിക്ക് ‘‘ഞാൻ കോൺഗ്രസുകാരനല്ല’’ എന്ന ഒരു ‘വിളംബരം’ പുറപ്പെടുവിക്കേണ്ടിവന്നില്ല എന്നു മാത്രം. അടിയന്തരാവസ്ഥയിൽ തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ ചൂടേറ്റ് വളർന്ന അച്ഛനൊക്കെ കോൺഗ്രസുകാരൻ അല്ലാതായിക്കഴിഞ്ഞിരുന്നു. അതിൽ പരാജയത്തിന്റെ ‘ഒരു വിളംബരം’ ഉണ്ടായിരുന്നു. ചരിത്രമെന്നത് എഴുതപ്പെടാത്ത ‘വിളംബര ങ്ങൾ’ നിറഞ്ഞ ഒരു പ്രഹേളികയല്ലാതെ മറ്റെന്ത്!

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT