അദൃശ്യ കോൺസെൻട്രേഷൻ ക്യാമ്പുകൾ

ഇന്ത്യയിലെ ജയിലുകളിൽ എന്താണവസ്​ഥ? തടവുകാരുടെ സ്​ഥിതിയും ജീവിതവും എങ്ങനെയുള്ളതാണ്​? തടവുകാർക്ക്​ മാനുഷിക പരിഗണനപോലും നിഷേധിക്ക​െ​പ്പടുന്നതായി വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. ജയിൽ അവസ്​ഥകളെക്കുറിച്ച്​ വിശദമാക്കുകയാണ്​ ഇൗ ലേഖനം.

ആഗസ്റ്റിൽ സുപ്രീംകോടതിയുടെ ജയിൽ റിഫോം കമ്മിറ്റി (Supreme court Commission on Prison Reformation) കണ്ടെത്തിയത് അതിദാരുണമായ ജയിൽ സാഹചര്യങ്ങളും തടവുകാരുടെ മരണനിരക്കിലെ ചരിത്രത്തിലെ ഏറ്റവും വലിയ വർധനയുമാണ്. തടവറയിലെ അസഹ്യവും വേദനജനകവുമായ സാഹചര്യങ്ങളാൽ ആത്മഹത്യചെയ്യുന്നതാണ് വർധിച്ചുവരുന്ന അസ്വാഭാവിക മരണങ്ങൾക്ക് (unnatural death) പ്രധാന കാരണമെന്ന് സുപ്രീംകോടതി കമ്മിറ്റി കണ്ടെത്തിയിരിക്കുകയാണ്. വാർധക്യസഹജമായ മരണത്തിനും അസുഖം ബാധിച്ച് മരിക്കുന്നതിനും പുറമെ ക്രൂരമായ സാഹചര്യങ്ങളാൽ ജീവനൊടുക്കുന്നതിനെപ്പോലും സ്വാഭാവിക മരണങ്ങളായി രേഖപ്പെടുത്തി മനുഷ്യാത്മാക്കളെ പൊലീസും ജയിലധികൃതരും ചേർന്ന് ഫയലുകളിൽ അടച്ചുകെട്ടിവെക്കുന്നു.

2017-2021 കാലയളവിൽ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ജയിൽ ആത്മഹത്യകൾ ഉണ്ടായത്. 2019 മുതൽ കസ്റ്റഡി മരണനിരക്ക് കുത്തനെ ഉയർന്നു. അതേസമയം, ഇതുവരെ രേഖപ്പെടുത്തിയതിൽ 2021 ചരിത്രത്തിലെ ഏറ്റവും ഉയർന്ന തടവുമരണം സംഭവിച്ച വർഷമാണ് എന്നാണ് സുപ്രീംകോടതി കമീഷൻ കണ്ടെത്തിയിരിക്കുന്നത്. രോഗബാധിതരായും വാർധക്യ കാരണത്താലും 2021ൽ 1879 തടവുകാർ മരണമടയുകയുണ്ടായി.

തടവുമരണത്തിന്റെ തരംതിരിവുകൾ

ഓരോ വർഷവും തടവുമരണങ്ങളെ സ്വാഭാവിക മരണം (natural death) അസ്വാഭാവിക മരണം (unnatural death) എന്നിങ്ങനെ തരംതിരിച്ച് രേഖപ്പെടുത്തുന്ന പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ റിപ്പോർട്ടുകൾ പബ്ലിഷ് ചെയ്യുന്നത് നാഷനൽ ക്രൈം റെക്കോഡ് ബ്യൂറോയാണ്. 2021ൽ മാത്രം ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച 2116 തടവുകാരിൽ 90 ശതമാനവും സ്വാഭാവിക മരണമായാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

അതായത് വാർധക്യവും രോഗബാധകളും പോലെയുള്ള മരണങ്ങൾ ‘സ്വാഭാവിക’ മരണത്തിൽ ഉൾപ്പെടുത്തി അന്വേഷണങ്ങൾക്ക് വിരാമമിടുന്നു. അസുഖബാധിത മരണങ്ങളെ ഹൃദയസംബന്ധമായ മരണം, എച്ച്.ഐ.വി, ട്യൂബർകുലോസിസ്, കാൻസർ തുടങ്ങിയ അസുഖം മൂലമുള്ള മരണം എന്നിങ്ങനെ തരംതിരിച്ച് രേഖപ്പെടുത്തുന്നതാണ് പതിവുരീതികൾ. എന്നാൽ, ഇത്തരം ഗുരുതരമായ രോഗങ്ങൾ പിടിപെടുന്ന ജയിൽ സാഹചര്യങ്ങൾ അദൃശ്യമാക്കി വെക്കപ്പെടുന്നു.

ജയിലുകളിലെ തടവുകാരുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി ഇത്തരം ‘സ്വാഭാവിക’ മരണങ്ങൾ കുത്തനെ ഉയരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. 2016ൽ 1424 മരണങ്ങൾ സംഭവിച്ചപ്പോൾ അത് 2021ൽ 1879 ആയി വർധിച്ചു. ഇങ്ങനെ മരണത്തെ ഇനം തിരിക്കുന്ന പ്രക്രിയയിൽനിന്ന് തികച്ചും വിഭിന്നമായ സമീപനമാണ് ‘അസ്വാഭാവിക’ മരണം രേഖപ്പെടുത്തുന്ന രീതിയിൽ കാണാൻ കഴിയുന്നത്.

അസ്വാഭാവിക മരണം റിപ്പോർട്ടു ചെയ്യുന്നതിൽ മരണകാരണമായി പറയുന്നത് തൂങ്ങിമരണം, വിഷം, സ്വയം പീഡനത്തിൽനിന്നുണ്ടാകുന്ന മാരക മുറിവുകൾ, അമിതമായ മരുന്ന്, വൈദ്യുതാഘാതം എന്നിങ്ങനെയുള്ള ആത്മഹത്യകളാണ്. എന്നാൽ, മറ്റു ചില കാരണങ്ങൾ പറയുന്നത് സഹതടവുകാരിൽനിന്നുള്ള ആക്രമണങ്ങൾ, അഗ്നിബാധ, അശ്രദ്ധ, അതിക്രമങ്ങൾ മൂലമുണ്ടാകുന്ന അപകടം എന്നിവയും ഭൂചലനംപോലെയുള്ള പ്രകൃതിക്ഷോഭം, പാമ്പുകടി, അപകടവീഴ്ച, മുങ്ങിമരണം, മയക്കുമരുന്ന്, മദ്യപാനം എന്നിവയുമാണ്. തടവുകാർക്കിടയിൽ ആത്മഹത്യകൾ ഇക്കാലയളവിൽ ഇരട്ടിയായി വർധിച്ചിട്ടുണ്ട് എന്നാണ് കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റിവ് (Commonwealth Human Rights Initiative -C.H.R.I) റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം, നാഷനൽ ക്രൈം റെക്കോഡ് ബ്യൂറോ പ്രമാണ ഭദ്രം എന്ന് അവകാശപ്പെട്ട് പുറത്തുവിടുന്ന രേഖകളിൽ തടവുകാരുടെ സാമൂഹിക-സാംസ്കാരിക ചുറ്റുപാടുകളും മത-ജാതി പാർശ്വവത്കൃത പശ്ചാത്തലവും ഒരിക്കലും കൃത്യമായി രേഖപ്പെടുത്താറില്ല. മരണപ്പെടുന്നവരുടെ അജ്ഞാതമാക്കപ്പെടുന്ന സാമൂഹിക പശ്ചാത്തലം, ദലിത് ന്യൂനപക്ഷ അവഗണനകളുടെ ഭീതിദമായ ജയിൽ സാഹചര്യങ്ങൾ എന്നിവ പുറംലോകം അറിയാതെ പോകുന്നതിന് ഇത് സാഹചര്യമുണ്ടാക്കുന്നു.

തടവറയിലെ നിർദയമായ അവഗണനകൾ

കസ്റ്റഡി മരണത്തിലേക്ക് നയിക്കുന്ന തടവറയിലെ അതിനിഷ്ഠുരമായ സാഹചര്യങ്ങളിലേക്കും അടിസ്ഥാന സൗകര്യങ്ങളുടെ അതി ശോച്യമായ അവസ്ഥയിലേക്കും പൊതുജനശ്രദ്ധ ക്ഷണിക്കുന്ന സുപ്രധാനമായ നിരീക്ഷണങ്ങളും നിഗമനങ്ങളുമാണ് സുപ്രീംകോടതിയിൽനിന്ന്​ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ക്രൈം റെക്കോഡ് ബ്യൂറോയുടെ സ്വാഭാവിക-അസ്വാഭാവിക മരണ തരംതിരിവുകൾ അവ്യക്തമാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്.

ഉദാഹരണത്തിന് ഒരു തടവുകാരന് വൈദ്യസഹായം ലഭ്യമല്ലാത്തതുകൊണ്ടോ അത്യാഹിത സമയത്ത് ആശുപത്രി ഉൾപ്പെടെയുള്ള അടിയന്തര ചികിത്സക്ക് വിധേയമാക്കാത്തതുകൊണ്ടോ മരണം സംഭവിച്ചാൽ അത് അവഗണനമൂലമുള്ള മരണം (due to negligence) ആണോ അതോ അസുഖം കാരണമുള്ള മരണം (due to illness) ആണോ എന്നാണ് ജസ്റ്റിസ് ലോകുർ ഉന്നയിക്കുന്ന വിമർശനാത്മകവും വളരെ ഗൗരവമേറിയതുമായ ചോദ്യം.

ജയിൽ മരണങ്ങൾ രേഖപ്പെടുത്തുന്ന നിലവിലുള്ള ഈ അവ്യക്തതയും, വസ്തുതാവിരുദ്ധമായ രേഖപ്പെടുത്തലുകളും, അന്വേഷണ രഹിതമായ നിഗമനങ്ങളും നിഗൂഢതകളും എല്ലാറ്റിനും ഉപരിയായി പലപ്പോഴും റിപ്പോർട്ടുകൾപോലും ചെയ്യപ്പെടാതിരിക്കുന്നതും ഇന്ത്യൻ ജയിലുകളെ അദൃശ്യമായ കോൺസെൻട്രേഷൻ ക്യാമ്പുകളായി മാറ്റുന്നുണ്ട്.

കോവിഡ് 19 മഹാമാരി കാലത്ത് കോവിഡ് മൂലം സംഭവിച്ച മുഴുവൻ മരണങ്ങളും പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ റിപ്പോർട്ട് ചെയ്തത് സ്വാഭാവിക മരണം എന്നായിരുന്നു. മഹാമാരി സമയത്ത് ജയിലിൽ അധിവാസനിരക്ക് തടവറകളിൽ ഉൾക്കൊള്ളാവുന്നതിന്റെ 118 ശതമാനമായിരുന്നു. അതിനുപുറമെ 40,000 വിചാരണത്തടവുകാർ കൂടുതലായി തടവറകളിൽ അടക്കപ്പെട്ടിരുന്നു.

അതേവർഷം മുൻകാലങ്ങളെ അപേക്ഷിച്ച് വൈദ്യസഹായം എത്തിക്കേണ്ട മെഡിക്കൽ ജീവനക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. 125 തടവുകാർക്ക് ഒരു മെഡിക്കൽ ജീവനക്കാരൻ (1: 125) മാത്രമാണ് ഔദ്യോഗികമായി ഉണ്ടായിരുന്നത്. എന്നാൽ, യഥാർഥത്തിൽ 219 അന്തേവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് ഒരു മെഡിക്കൽ ജീവനക്കാരൻ എന്ന തോതിലുള്ള കൊടും ദ്രോഹകരവും പീഡിതവുമായ സാഹചര്യമാണ് നിലനിന്നിരുന്നത്.

തിങ്ങിഞെരുങ്ങിയ ജയിലുകൾ, വൈദ്യസഹായമോ പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരോ ഇല്ലാത്ത സ്ഥിതിവിശേഷം, മറ്റ് ക്രൂരമായ സാഹചര്യങ്ങൾ എന്നിവയൊന്നും പരിഗണിക്കാതെയുള്ള കസ്റ്റഡിമരണ അന്വേഷണങ്ങളിലെ ഗുരുതരമായ വീഴ്ചകളാണ് ജസ്റ്റിസ് ലോകുറിന്റെ നിരീക്ഷണങ്ങളിലും മുൻകാല കോടതിവിധികളിലും കാണാൻ കഴിയുക.

 

സുപ്രീംകോടതി

2021ലെ പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് മൊത്തം ജയിൽ ചെലവിന്റെ 5 ശതമാനം മാത്രമാണ് വൈദ്യസഹായങ്ങൾക്ക് ചെലവഴിക്കപ്പെടുന്നത്. അതിനുപുറമെ 2016 നും 2021നും ഇടയിൽ ജയിൽ തടവുകാരുടെ ആവശ്യങ്ങൾക്ക് വകയിരുത്തപ്പെട്ട പണം കൃത്യമായി വിനിയോഗിച്ചിട്ടുമില്ല.

ജയിൽ വിനിയോഗത്തിനുള്ള 7619 കോടി രൂപയിൽ 2021ൽ ചെലവഴിച്ചത് 6727.30 കോടി രൂപയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ക്രൂരമായ അവഗണനകളുമാണ് തടവറകളിലെ ഹൃദയഭേദകമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് എന്ന് ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ എത്തിക്സി (Indian Journal of Medical Ethics) ൽ വിഖ്യാത പണ്ഡിതയായ മീനാക്ഷി ഡിക്രൂസ് ആരോപിക്കുന്നുണ്ട്. തടവുകാർക്ക് അവകാശപ്പെട്ട സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിരാകരിക്കുന്നതാണ് സ്വാഭാവിക മരണമായി എഴുതിത്തള്ളുന്ന അസ്വാഭാവിക മരണങ്ങൾക്ക് കാരണമെന്നും അവർ ആരോപിക്കുന്നു.

ആരോഗ്യം, ഭക്ഷണം, സുരക്ഷ എന്നീ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാതിരിക്കുന്നതിന് പുറമെയാണ് തടവുകാർ നേരിടുന്ന മാനസിക പ്രശ്നങ്ങളോട് പൂർണമായും അധികൃതർ മുഖം തിരിക്കുന്നത്. 2023ൽ ബോംബെ ഹൈകോടതി പൊലീസിന്റെയും ജയിൽ അധികൃതരുടെയും തുടർച്ചയായ മനുഷ്യാവകാശ ലംഘനങ്ങളെ രൂക്ഷമായി വിമർശിച്ചത് ആഭ്യന്തര വകുപ്പിന്റെയും ജയിൽ വകുപ്പിന്റെയും അതിന്റെ നയ നടത്തിപ്പുകാരായ ഭരണകൂടത്തിന്റെയും അത്യന്തം ദൗഷ്ട്യമുള്ള നയസമീപനങ്ങളെ വെളിപ്പെടുത്തുന്നതാണ്.

1993 മുതൽ കസ്റ്റഡി മരണങ്ങളുടെ അന്വേഷണത്തിന് വ്യക്തമായ ചില മാനദണ്ഡങ്ങൾ നിലവിൽ വന്നിരുന്നു. ഒരു കസ്റ്റഡി മരണം സംഭവിച്ചാൽ നാഷനൽ ക്രൈം റിസർച്ച് ബ്യൂറോ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണം. തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ മജിസ്റ്റീരിയൽ ഇൻക്വസ്റ്റ് റിപ്പോർട്ടുകൾ അല്ലെങ്കിൽ പോസ്റ്റ്മോർട്ടത്തിന്റെ വിഡിയോ എന്നിവ ഹാജരാക്കണം.

പിന്നീടുള്ള അന്വേഷണങ്ങളിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ച അജാഗ്രതയും അലക്ഷ്യവും കൃത്യലംഘനവും ബോധ്യപ്പെട്ടാൽ അടുത്ത ബന്ധുവിന് (Next of Kin-NoK) സംസ്ഥാന-കേന്ദ്ര സർക്കാറുകൾ നഷ്ടപരിഹാരം നൽകേണ്ടതും പ്രസ്തുത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കേണ്ടതുമാണ്. 2022ൽ പാർലമെന്റിൽ ഉയർന്ന ഒരു ചോദ്യത്തിന് മറുപടിയായി ആഭ്യന്തര വകുപ്പ് ഇത് സമ്മതിക്കുന്നുമുണ്ട്. എന്നാൽ, നിരവധി കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും 2021-2022 കാലയളവിൽ ഒരു ഉദ്യോഗസ്ഥനെതിരെ മാത്രമാണ് അച്ചടക്ക നടപടി സ്വീകരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നത്.

കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടാണ് മരണം സംഭവിച്ചതെങ്കിൽ കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ (Code of Criminal Procedure) അനുസരിച്ച് ജുഡീഷ്യൽ അന്വേഷണം നിർബന്ധമാണ്. എന്നാൽ, നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമീഷൻ (NHRC) അത്തരമൊരു നിയമപരമായ ആവശ്യകതയെ ദുർബലപ്പെടുത്തുന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്.

സംശയാസ്പദ സാഹചര്യമോ പ്രഥമദൃഷ്ട്യാ നിയമലംഘനമോ ആരോപണത്തിന് തെളിവുകളോ ഇല്ലാത്തപക്ഷം ജുഡീഷ്യൽ അന്വേഷണം നിർബന്ധമല്ല എന്നാണ് എൻ.എച്ച്.ആർ.സി നിർദേശിച്ചത്. കൂടുതൽ സുതാര്യവും വ്യക്തവും വിശ്വസനീയവുമായ അന്വേഷണവും രേഖപ്പെടുത്തലുകളും വേണമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടും ജയിലറകൾക്കുള്ളിലെ മനുഷ്യാവകാശ ലംഘനങ്ങളെ പരിഹരിക്കാൻ ഒരു നടപടിയും ഭരണകൂടങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.

 

ഭരണകൂടങ്ങൾ നിയമലംഘകരാകുമ്പോൾ

1996ൽ, നേപ്പാളിലെ കാഠ്മണ്ഡുവിൽനിന്ന് ഡൽഹി പൊലീസ് സംഘം പൊലീസ് വാഹനത്തിലേക്ക് വലിച്ചുകയറ്റുമ്പോൾ മുഹമ്മദലി ഭട്ടിന് പ്രായം വെറും 25. കശ്മീരിൽനിന്നുള്ള ഭട്ട്, നേപ്പാൾ തലസ്ഥാനത്ത് ഷാൾ വ്യാപാരിയായി ജോലിചെയ്തു വരുകയായിരുന്നു. അവിടെനിന്ന് ഡൽഹിയിലേക്ക് കൊണ്ടുപോയി, ലജ്പത് നഗർ സ്ഫോടനക്കേസിൽ (Lajpat Nagar blast case) പ്രതിയാക്കി, പിന്നീട് രാജസ്ഥാനിലേക്ക് കൊണ്ടുപോയി, സംലേത്തി (Samlethi blast case) സ്ഫോടനക്കേസിൽ പ്രതിയാക്കി. ഡൽഹിയിലെയും രാജസ്ഥാനിലെയും ജയിലുകളിൽ വർഷങ്ങളോളം അദ്ദേഹം ചെലവഴിച്ചുവെന്ന് ഭരണകൂടം ഉറപ്പുവരുത്തി.

എന്നാൽ, 2022 ജൂലൈയിൽ രാജസ്ഥാൻ ഹൈകോടതി ഭട്ടിനെ നിരപരാധിയാണെന്ന് പ്രഖ്യാപിച്ചു. 48ാം വയസ്സിൽ കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയ ഭട്ടിന്, ഇന്ത്യയുടെ ക്രൂരവും അലസവുമായ നീതിന്യായ വിതരണ സംവിധാനം കാരണം തന്റെ ജീവിതത്തിലെ 23 പ്രധാന വർഷങ്ങൾ ജയിലിൽ കിടക്കേണ്ടിവന്നു. ഭരണകൂട നിയമലംഘനത്തിന്റെയും ഭീകരതയുടെയും ഒരു ഉദാഹരണം മാത്രമാണ് മുഹമ്മദലി ഭട്ടിന്റെ യാതനാപൂർണമായ ജീവിതം.1996ൽ ഒരു വിധിപ്രസ്താവത്തിൽ തടവുജീവിതത്തോട് പുലർത്തേണ്ട സാമൂഹിക-ധാർമിക പ്രതിബദ്ധതയെക്കുറിച്ച് സുപ്രീംകോടതി വളരെ സ്പഷ്ടമായിത്തന്നെ ഓർമിപ്പിക്കുന്നുണ്ട്.

തടവുകാർ ഇരട്ടവൈകല്യം (double handicap) അനുഭവിക്കേണ്ടിവരുന്നു എന്നാണ് സുപ്രീംകോടതി നിരീക്ഷിക്കുന്നത്. ഒന്നാമതായി, സ്വതന്ത്രനായ ഒരു പൗരന് ലഭിക്കുന്ന അർഹമായ വൈദ്യസഹായങ്ങൾക്ക് തുല്യമായ അവകാശം ഓരോ തടവുകാരനും ലഭ്യമാക്കേണ്ടതുണ്ട്.

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത തിങ്ങിനിറഞ്ഞ ജയിൽ അന്തരീക്ഷത്തിൽ സ്വതന്ത്രരായ പൗരന്മാരേക്കാൾ തടവുകാർ ആരോഗ്യപരമായ അപകടങ്ങൾക്ക് കൂടുതൽ വിധേയരാകുന്നു. ഇത് ഒരു തടവുകാരന്റെ നിയമപരമായ അവകാശത്തെ ക്രൂരമായി ഹനിക്കുന്നതാണ്. അങ്ങനെ വളരെ പ്രധാനപ്പെട്ട നിരീക്ഷണങ്ങളും, പരാമർശങ്ങളും സുപ്രീംകോടതിയിൽനിന്നുപോലും ഉണ്ടായിട്ടും ജയിൽജീവിതത്തിലെ നിഗൂഢതകളും സംത്രാസങ്ങളും തുടർക്കഥയാവുകയാണ്.

2016ലെ മോഡൽ പ്രിസൺ മാനുവൽ, 2017ലെ ഹെൽത്ത് കെയർ ആക്ട് എന്നിവയിൽ ജയിൽ അന്തേവാസികളുടെ അവകാശങ്ങളും ആയതിലേക്ക് വേണ്ട നിബന്ധനകളും നിർദേശങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. തൃപ്തികരമായ ആരോഗ്യ സംരക്ഷണത്തിനു വേണ്ട ധനനിക്ഷേപം, മാനസികാരോഗ്യ യൂനിറ്റ്, ജയിലിൽ ഉദ്യോഗസ്ഥർക്ക് അടിയന്തര സന്ദർഭങ്ങളിൽ പ്രവർത്തിക്കാൻ അവശ്യം വേണ്ട അടിസ്ഥാനപരമായ പരിശീലനം, ആത്മഹത്യാ പ്രതിരോധ പരിപാടികൾ ആവിഷ്കരിക്കുക തുടങ്ങിയ സുപ്രധാന നിർദേശങ്ങളാണ് പ്രിസൺ മാനുവലിലും ഹെൽത്ത് കെയർ ആക്ടിലും പറയുന്നത്. വർധിച്ചുവരുന്ന ജയിൽ അന്തേവാസി ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമീഷൻ ഈ വിഷയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ സമഗ്രതയോടെ പ്രസ്താവിക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും ശോച്യമായ ജയിൽ അധിവാസ സാഹചര്യമുള്ളത് ഉത്തർപ്രദേശിലാണ്. 64,000 തടവുകാരെ മാത്രം പാർപ്പിക്കാൻ ഇടമുള്ള ഉത്തർപ്രദേശിലെ ജയിലുകളിൽ 1.21 ലക്ഷം തടവുകാരുണ്ടെന്ന് സംസ്ഥാന സർക്കാർതന്നെ പറയുന്നുണ്ട്. ഈ തടവുകാരിൽ എൺപതും അതിനു മുകളിലും പ്രായമുള്ളവരുമുണ്ട്.

ഗാസിയാബാദിൽ 1704 തടവുകാർക്ക് താമസിക്കാൻ മാത്രം വിസ്തൃതിയുള്ള ജയിലിൽ 5637 തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. അതുപോലെ, 1178 പേർക്ക് താമസിക്കാവുന്ന അലീഗഢ് ജയിലിൽ 4106 അധിക തടവുകാരെ കുത്തിനിറച്ചിരിക്കുകയാണ്. മുറാദാബാദ് സെൻട്രൽ ജയിലിൽ 650 പേരെ മാത്രം പാർപ്പിക്കേണ്ടതിൽ 2200 തടവുകാർ ഷിഫ്റ്റിൽ ഉറങ്ങുന്നു. ഓരോ ദിവസവും രാവിലെ 600ഓളം തടവുകാർ അവരുടെ വിചാരണക്കായി കോടതിയിൽ പോകുമ്പോഴാണ് മറ്റ് തടവുകാർക്ക് ഉറങ്ങാനായി 6 അടി x 2 അടി സെല്ലിന്റെ ‘വിഹിതം’ ലഭിക്കുക.

ഉത്തർപ്രദേശ് സംസ്ഥാന പ്രിസൺ അഡ്മിനിസ്ട്രേഷൻ ആൻഡ് റിഫോം സർവിസസിൽനിന്നുള്ള കണക്കുകൾ പ്രകാരം 49,107 തടവുകാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 62 ജില്ല ജയിലുകളിൽ 95,597 തടവുകാരുണ്ട്. 306 തടവുകാരെ ഉൾക്കൊള്ളാൻ കഴിയുന്ന 2 സബ് ജയിലുകളിലായി 664 തടവുകാരെ വരെ പാർപ്പിച്ചിരിക്കുന്നു. 850 പേർക്ക് മാത്രം ഇടമുള്ള ഫിറോസാബാദ് ജില്ല ജയിലിൽ 1850 തടവുകാരെ നിഷ്കരുണം നിറച്ചിരിക്കുന്നു.

ഉത്തർപ്രദേശ് സംസ്ഥാനത്തെ ജയിൽ തടവുകാരിൽ ഭൂരിഭാഗവും വിചാരണ തടവുകാരാണ്. കഴിഞ്ഞ വർഷത്തെ ജയിൽ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച്, 2022 മാർച്ച് 31 വരെ സംസ്ഥാനത്തുടനീളമുള്ള 64 ജയിലുകളിലായി 1,12,480 തടവുകാരാണുള്ളത്. അവരിൽ 85,181 പേർ വിചാരണ തടവുകാരായിരുന്നു, ഇതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിക്കുകയും, ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ അലഹബാദ് കോടതിയുടെ മെല്ലെപ്പോക്കിനെ വിമർശിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ ജയിൽ ഉദ്യോഗസ്ഥരുടെ അഭാവം, പരിശീലനക്കുറവ്, കാര്യക്ഷമതയില്ലായ്മ, പാർപ്പിക്കാനാവുന്നതിനേക്കാൾ തിങ്ങിനിറഞ്ഞ വീര്‍പ്പുമുട്ടിക്കുന്ന തടവറകൾ, മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനങ്ങൾ എന്നിവയെല്ലാം 26 സംസ്ഥാനങ്ങളിലെ ജയിലുകളെയും കൊടും ക്രൂരതയുടെ കോൺസെൻട്രേഷൻ ക്യാമ്പുകളാക്കുന്നുണ്ട്. 2023ലെ നാഷനൽ പ്രിസൺ ഇൻഫർമേഷൻ പോർട്ടിന്റെ (National Prison Information Port - NPIP) പഠനം അനുസരിച്ച് 5,75,347 തടവുകാർക്കുവേണ്ടി ഉദ്യോഗസ്ഥർ ഉൾപ്പെടെ, ആകെ നിയമിക്കാൻ നിർദേശിക്കപ്പെട്ടിട്ടുള്ള ജീവനക്കാരുടെ എണ്ണം 3497 മാത്രമാണ്. എന്നാൽ, അതിൽ 2000 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും ഉത്കണ്ഠാകുലവും നിർണായകവുമായ വസ്തുത 2021ലെ 2,25,609 തടവുകാരിൽനിന്നും 2023ലേക്കെത്തുമ്പോൾ അത് 5,75,347 പേരിലേക്ക് പെട്ടെന്നു വർധിച്ചു എന്നതാണ്.

ബിഹാർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ 60 ശതമാനം ജയിൽ തസ്തികകളും നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുകയാണ്. നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരാകട്ടെ ഒരു പരിശീലനവും നേടിയിട്ടില്ലാത്തവരുമത്രേ. മറ്റൊരു സുപ്രധാനമായ വിദഗ്ധ നിർദേശം, സുഹൃത്തുക്കളുമായും കുടുംബവുമായും ബന്ധപ്പെടാൻ തടവുകാർക്ക് വേണ്ടത്ര ടെലിഫോണുകൾ ലഭ്യമാക്കുക എന്നുള്ളതാണ്. ഒറ്റപ്പെടലിന്റെ വിഹ്വലതകളിൽനിന്നും, അനുബന്ധ ഹാനികരമായ പ്രവർത്തനത്തിൽനിന്നും വിടുതൽ നേടാൻ തടവുകാർക്ക് നിർബന്ധമായും പത്രമാധ്യമങ്ങൾ ലഭ്യമാക്കണമെന്നും കോടതി നിർദേശിക്കുന്നുണ്ട്.

വിചാരണത്തടവിലെ അനിശ്ചിതത്വം

ഇന്ത്യയിലെ ജയിലുകളിലുടനീളമുള്ള 5 ലക്ഷത്തിൽപരം തടവുകാരിൽ 77.1 ശതമാനം വിചാരണത്തടവുകാരും 22.2 ശതമാനം കോടതി ശിക്ഷിച്ചവരുമാണെന്ന് നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ കാണിക്കുന്നു. അതായത് 5.5 ലക്ഷം ഇന്ത്യൻ തടവുകാരിൽ 1.2 ലക്ഷം മാത്രമാണ് കോടതി ശിക്ഷ വിധിക്കപ്പെട്ടവരായി ജയിലിൽ കഴിയുന്നത്. ബാക്കിയുള്ള 4.3 ലക്ഷം തടവുകാർ അനിശ്ചിതമായ വിചാരണ കാത്ത് നിരാധാരരായി, ചകിതരായി കൽത്തുറുങ്കിന്റെ ഇരുട്ടിൽ കഴിഞ്ഞുകൂടാൻ വിധിക്കപ്പെട്ടവരാകുന്നു.

വേൾഡ് പ്രിസൺ ബ്രീഫ് (World Prison Brief) സമാഹരിച്ച കണക്കുകൾപ്രകാരം, വിചാരണക്ക് മുമ്പുള്ള തടവുകാരിൽ ഇന്ത്യക്ക് നിലവിൽ ആറാം സ്ഥാനമുണ്ട്. ലിച്ചെൻസ്റ്റീൻ, സാൻ മറിനോ, ഹെയ്തി, ഗാബോൺ, ബംഗ്ലാദേശ് എന്നിവയാണ് ഇന്ത്യയെക്കാൾ മോശമായ മറ്റ് അഞ്ച് രാജ്യങ്ങൾ.

പ്രവചനാതീതവും അനന്തവുമായി നീളുന്ന വിചാരണക്ക് വിധേയരാകുന്ന ജയിൽ ജനസംഖ്യയുടെ ഈ അമ്പരപ്പിക്കുന്ന കണക്ക് സമീപകാല പ്രതിഭാസമല്ല; പതിറ്റാണ്ടുകളായി നിലനിൽക്കുന്ന, കൊളോണിയൽ ഭൂതകാലത്തെ ഓർമപ്പെടുത്തുന്നതാണ്. വിചാരണക്കുമുമ്പ് തന്നെ തടങ്കലിൽ കഴിയുന്നവരുടെ എണ്ണം 57.6 ശതമാനമാണെന്ന് 1979ലെ ഒരു ലോ കമീഷൻ റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ‘‘ജയിലുകൾ പ്രാഥമികമായി കുറ്റവാളികളെ പാർപ്പിക്കാൻ വേണ്ടിയുള്ളതായിരിക്കണം, അല്ലാതെ വിചാരണ നേരിടുന്നവരെ പാർപ്പിക്കാനുള്ളതല്ല’’ എന്ന് കമീഷൻ പ്രഖ്യാപിക്കുന്നുണ്ട്.

മഹാമാരിയുമായി ബന്ധപ്പെട്ട് 2020 മാർച്ച് 25ന് രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തിയതിനുശേഷം, ആയിരക്കണക്കിന് ഇന്ത്യക്കാരുടെ വിചാരണ, നീതിന്യായ പ്രക്രിയകൾ എന്നിവ സ്തംഭിച്ചത് നമുക്കറിയാവുന്നതാണ്. കുറ്റകൃത്യങ്ങൾ കുറയുമ്പോഴും ജയിലിൽ എത്തുന്ന തടവുകാരുടെ എണ്ണത്തിന് ആപേക്ഷികമായ കുറവ് കാണുന്നില്ല എന്നത് സാമൂഹിക വ്യവസ്ഥയിലെ ഭീഷണമായ ആന്തരിക സംഘർഷങ്ങൾ പ്രകടമാക്കുന്നതാണ്.

ആംനസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ട് അനുസരിച്ച്, നീണ്ട വിചാരണത്തടവ് ആശങ്കജനകമായ സാമൂഹിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ട്. അത്തരം തടവുകൾ സ്വാതന്ത്ര്യവും ന്യായമായ വിചാരണക്കുള്ള അവകാശങ്ങളും റദ്ദാക്കുമ്പോൾ, ഉപജീവനവും മറ്റു ജീവിത പ്രതിസന്ധികളും നേരിടുകയും അത് തടവറകളെതന്നെ സംഘർഷഭരിതമാക്കുകയും ചെയ്യും.

മത ന്യൂനപക്ഷങ്ങൾക്കൊപ്പം, പാർശ്വവത്കരിക്കപ്പെട്ട ജാതി, ഗോത്ര സമുദായങ്ങളിൽ നിന്നുള്ളവരും ഇന്ത്യയിലെ ജയിൽ ജനസംഖ്യയിൽ അതിശയകരമായി വർധിക്കുന്നുണ്ട് എന്നത് സാമൂഹിക അസമത്വത്തിന്റെയും വംശീയ അപരവത്കരണത്തിന്റെയും അപായസൂചനകളാണ് നൽകുന്നത്. ആദിവാസികളും ദലിതരും മുസ്‍ലിംകളും സിഖുകാരും ഉൾപ്പെട്ട മത ന്യൂനപക്ഷങ്ങളും തള്ളപ്പെട്ടവരും പ്രത്യേകിച്ച് ജയിൽ തടവുകാരിൽ കൂടുതലായി പ്രതിനിധാനം ചെയ്യുന്നതിന്റെ കാരണം ജുഡീഷ്യൽ മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടതുണ്ട്.

തടവറയിലെ അന്തേവാസികളുടെ ആധിക്യം പ്രധാനമായും ജയിലുകളിലെ വിചാരണത്തടവുകാരുടെ (under trial) ജനസംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. പല സംസ്ഥാനങ്ങളിലും വിചാരണ കാത്ത് വർഷങ്ങളായി ജയിലുകളിൽ കഴിയുന്ന ധാരാളം അണ്ടർ ട്രയൽ തടവുകാരുണ്ട്. വേഗത്തിലുള്ള വിചാരണ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ ഉപാധിയായിരിക്കും, അതിനാൽ, ഇക്കാര്യത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കോടതി നിർദേശിക്കുന്നു.

ജയിൽ പരിഷ്‌കരണങ്ങൾ, പ്രത്യേകിച്ച് ജയിലുകളിലെ അന്തേവാസികളുടെ ബാഹുല്യം, സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ, ട്രാൻസ്‌ജെൻഡർ തടവുകാർ, വധശിക്ഷക്ക് വിധിക്കപ്പെട്ടവർ, സെമി-ഓപൺ അല്ലെങ്കിൽ ഓപൺ ജയിലുകൾ, ജുവനൈൽ കറക്ഷനൽ ഹോമുകളിലെ പരിഷ്‌കാരങ്ങൾ എന്നിവ പരിശോധിക്കാൻ 2018ൽതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, പ്രത്യേകിച്ച് ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

സ്ത്രീ-ട്രാൻസ്ജെൻഡർ തടവുകാർ നേരിടുന്ന വിവേചനങ്ങൾ

2019ലെ ട്രാൻസ്‌ജെൻഡർ പേഴ്‌സൻ അവകാശ സംരക്ഷണ നിയമത്തിലെ (Protection of Rights -Act, 2019) സെക്ഷൻ 11 പ്രകാരം ജയിലുകളിലെ ട്രാൻസ്‌ജെൻഡർ തടവുകാരുടെ അവകാശലംഘനം സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രമാണ് ജയിൽ അധികൃതർ ഒരു ‘പരാതി ഉദ്യോഗസ്ഥനെ’ നിയോഗിച്ചിട്ടുള്ളത്. ഭൂരിഭാഗം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ട്രാൻസ്‌ജെൻഡർ തടവുകാർക്കായി ഒരു ക്ഷേമപദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ല. നിലവിലുള്ള ക്ഷേമപദ്ധതികൾ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണം എന്ന നിർദേശവും കമീഷൻ മുന്നോട്ടുവെക്കുന്നുണ്ട്.

ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ തടവുകാർ ലൈംഗിക അതിക്രമം, പീഡനം, തെറ്റായ ലിംഗഭേദം എന്നിവ ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളുടെ അന്തിമ സംഗ്രഹത്തിൽ, മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് (റിട്ട.) അമിതാവ് റോയ് അധ്യക്ഷനായ കമ്മിറ്റി എല്ലാ തലങ്ങളിലുമുള്ള ജയിൽ ജീവനക്കാർക്കും അഡ്മിനിസ്ട്രേഷനും, പ്രത്യേകിച്ച് ഗാർഡിങ് ഉദ്യോഗസ്ഥർക്കും ട്രാൻസ്‌ജെൻഡർ തടവുകാരുമായി ഉചിതമായി ഇടപഴകാൻ അവരെ സജ്ജരാക്കുന്നതിന് മതിയായതും ചിട്ടയായതുമായ പരിശീലനം നൽകണമെന്ന് ശിപാർശ ചെയ്യുന്നുണ്ട്.

‘ട്രാൻസ്‌ജെൻഡർ തടവുകാർ’ എന്ന തലക്കെട്ടിലുള്ള കോടതി റിപ്പോർട്ടിലെ അധ്യായത്തിൽ, ട്രാൻസ്‌ജെൻഡർ തടവുകാരെ മറ്റ് തടവുകാരിൽനിന്ന് സുരക്ഷാ കാരണങ്ങളാൽ വേർതിരിക്കുന്നതിനുള്ള ശ്രമങ്ങൾ അവരുടെ ഏകാന്തതക്കോ ഒറ്റപ്പെടലിനോ കാരണമാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സുപ്രീംകോടതി പ്രത്യേകം പരാമർശിക്കുന്നുണ്ട്. രാജ്യത്തെ മിക്കവാറും എല്ലാ വനിത ജയിലുകളിലും അതിന്റെ ശേഷിയുടെ 100 ശതമാനം കവിഞ്ഞതായി നിരവധി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. പുരുഷനായി ജനിച്ചാലും ശരീരഘടനയിൽ പൂർണമായും സ്ത്രൈണ സ്വഭാവമുള്ള ട്രാൻസ്ജെൻഡറുകൾ പലപ്പോഴും പുരുഷ സെല്ലുകളിലാണ് പാർപ്പിക്കപ്പെടുന്നത്. ഇത് ലൈംഗിക പീഡനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടവരുത്തുന്നുണ്ട്.

എം.ഡബ്ല്യൂ.സി.ഡിയുടെ (Ministry of Women and Child Development) റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ജയിലുകളിൽ 17,834 സ്ത്രീകളുണ്ടെന്നും അതിൽ 17 ശതമാനം പേർ മാത്രമാണ് കൃത്യമായ സ്ത്രീ ജയിലുകളിൽ താമസിക്കുന്നതെന്നും വെളിപ്പെടുത്തുന്നുണ്ട്. ഗാർഡുകൾ, ഓഫിസർമാർ, ഡോക്ടർമാർ, കൗൺസലർമാർ എന്നിവരുൾപ്പെട്ട ജീവനക്കാരുടെ അഭാവം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ദേശീയ അന്തർദേശീയ സംഘടനകൾ, ഉദ്യോഗസ്ഥർ, മനുഷ്യാവകാശ നിരീക്ഷണ സ്ഥാപനങ്ങൾ എന്നിവരുടെ ജയിൽ സന്ദർശനങ്ങളിൽ വ്യക്തമായിട്ടുള്ളതാണ്.

ടോയ്‌ലറ്റുകൾ, കുളിമുറികൾ, ശുചിത്വത്തിനുള്ള അടിസ്ഥാന മുൻകരുതലുകൾ, വെള്ളം, ആർത്തവ ശുചിത്വ ഉൽപന്നങ്ങളുടെ അപര്യാപ്തത, വനിത മെഡിക്കൽ ഉദ്യോഗസ്ഥരുടെ അഭാവം എന്നിവ ഉൾപ്പെടെയുള്ള അനുകമ്പാരഹിതവും അശാസ്ത്രീയവുമായ താമസവും ക്രമീകരണങ്ങളും അവർ വെളിപ്പെടുത്തുന്നുണ്ട്. കൂടാതെ, തടവിലടക്കപ്പെട്ടതിന്റെ ഭാഗമായി നൈപുണ്യവും തൊഴിൽ പരിശീലനവും നഷ്ടമാകുന്ന സ്ത്രീകൾക്ക് അത് വീണ്ടെടുക്കാനുള്ള ഒരു പരിശീലനവും നൽകുന്നില്ല.

വിദ്യാഭ്യാസം കൂടിയില്ലാത്ത ഭൂരിപക്ഷം സ്ത്രീ തടവുകാർക്കും അവരുടെ പരാതികൾ തയാറാക്കുന്നതിനും മറ്റ് നിയമവ്യവഹാരങ്ങൾക്കും വിചാരണക്കും ജയിലുകളിൽ നിയമസഹായ സെല്ലുകൾ ഇല്ലാത്തത് അവരെ അനിശ്ചിതത്വത്തിലേക്കും നിരാലംബതയിലേക്കും തള്ളിയിടുന്നുണ്ട്. മാത്രമല്ല, മതിയായ ജീവനക്കാരുടെ അഭാവം സ്ത്രീ തടവുകാരുടെ സുരക്ഷയുടെ മേൽനോട്ടം വഹിക്കുന്നതിൽ ഗൗരവതരമായ വീഴ്ച ഉണ്ടാക്കുന്നു.

തടവറകളിലെ ജനാധിക്യത്തിന്റെ സാഹചര്യത്തിൽ പലപ്പോഴും മറ്റ് തടവുകാരുടെയും അധികാരികളുടെയും ഭാഗത്തുനിന്ന് ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങൾ വൻതോതിൽ സംഭവിക്കുന്നത് ഉൾപ്പെടെ സ്ത്രീ തടവുകാർ കടുത്ത സംഘർഷങ്ങളാണ് നേരിടുന്നത്.

കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യയിലെ വനിത തടവുകാരുടെ എണ്ണം 61 ശതമാനം വർധിച്ചു, ഇത് പുരുഷന്മാരുടെ വളർച്ചനിരക്കായ 33 ശതമാനത്തിൽ കവിഞ്ഞു. പക്ഷേ, അടിസ്ഥാന സൗകര്യ വികസനത്തിന് വേഗത കൈവരിക്കാനായില്ല, എന്നുമാത്രമല്ല സ്ത്രീ തടവുകാരുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ച് ഒരു പഠനവും ഇതുവരെ ഉണ്ടായിട്ടില്ല. ജാമ്യക്കാർ ഇല്ലാത്തതിനാൽ തടവിൽ കിടക്കുന്ന നിരവധിപേരിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. ഏറ്റവും പ്രധാനമായി, തിങ്ങിനിറഞ്ഞ വനിത ജയിലുകളിൽ തടവുകാരിൽ വലിയൊരു വിഭാഗം വിചാരണത്തടവുകാരാണ്.

നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് യു.പിയിൽ 2017ൽ തടവിലാക്കപ്പെട്ട 373 അമ്മമാരുടെ 416 കുട്ടികൾ ജയിലിൽ വളരുന്നു. ഇതിൽ 70 സ്ത്രീകൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ബാക്കിയുള്ളവർ വിചാരണത്തടവുകാരാണ്. സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച്, ഈ കുട്ടികൾക്ക് ജയിലിനുള്ളിൽ സൗകര്യങ്ങൾ നൽകുകയും ആറു വയസ്സിനുശേഷം അവരെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റുകയും വേണം, അങ്ങനെ അവരെ സ്‌കൂളിൽ അയക്കാനാകും. ജയിലിനുള്ളിലെ അന്തരീക്ഷം അവർക്ക് ആഘാതകരമാണെന്ന് വിദഗ്ധർ കരുതുന്നു. എന്നാൽ, ഇതെല്ലാം ഒരു മാറ്റവുമില്ലാതെ പരിഹാര പദ്ധതികൾ ഇല്ലാതെ തുടർന്നുപോകുന്നു.

ഭക്ഷണ റേഷൻ സ്ത്രീ തടവുകാർക്ക് പുരുഷ തടവുകാരെക്കാൾ താരതമ്യേന വളരെ കുറവാണെന്ന് തിഹാർ, ദസ്‌ന ജയിലുകളിലെ ജയിൽ നവീകരണ സംരംഭമായ ടിങ്ക ടിങ്ക പ്രോജക്ടിന്റെ (Tinka Tinka Project) സ്ഥാപകയായ വർത്തിക നന്ദ പറയുന്നുണ്ട്.

എം.ഡി.ഡബ്ല്യൂ.സി.ഡിയുടേതുൾപ്പെടെ പല റിപ്പോർട്ടുകളും വിവിധ വിദഗ്ധ അഭിപ്രായങ്ങളും അനുസരിച്ച്, ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 436 A പ്രകാരം തടവുകാർക്ക് ജാമ്യം നൽകാൻ കഴിയാത്ത കേസുകളിൽ അവരെ നേരത്തേ മോചിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് പ്രത്യേകം പറയുന്നുണ്ട്.

വൃദ്ധ തടവുകാരുടെ യാതനകൾ

2020 മാർച്ചിൽ, ജയിലുകളിലെ തിരക്ക് കുറക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകുകയുണ്ടായി. ഏഴു വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ അനുഭവിക്കുന്ന തടവുകാരെ മോചിപ്പിക്കുന്നത് പരിഗണിക്കാൻ ഉന്നതാധികാര സമിതികൾ രൂപവത്കരിക്കാൻ സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെട്ടു. ഒരു വർഷത്തിനുശേഷം, ജയിലുകളിലെ തിരക്ക് കുറക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുന്ന മറ്റൊരു ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചു. ഈ ഉത്തരവിൽ, സുപ്രീംകോടതി 2020ൽ രൂപവത്കരിച്ച മാർഗനിർദേശം ആവർത്തിച്ചു. എന്നാൽ, ഇതൊന്നും പ്രയോഗത്തിൽ വന്നില്ല.

പ്രായമായ തടവുകാർ സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ട് താമസിക്കുന്ന ജയിലുകൾപോലുള്ള കസ്റ്റഡി സ്ഥാപനങ്ങളിൽ വൈദ്യപരിചരണം ഉൾപ്പെടെ ഉചിതമായ സംവിധാനങ്ങൾ ഏറ്റവും നിർണായകമാണ്. രാജ്യവിരുദ്ധ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് കുറ്റാരോപിതരായ (കുറ്റവാളികളല്ല) പ്രായമായ രാഷ്ട്രീയ തടവുകാർ ജാമ്യം നിഷേധിക്കപ്പെട്ടതിനാൽ ജയിലിൽ ഇന്നും തുടരുന്ന സാഹചര്യമുണ്ട്.

പ്രായാധിക്യവും ആരോഗ്യസ്ഥിതിയും ആരോപണങ്ങളുടെ സ്വഭാവം പരിഗണിക്കാതെ ജാമ്യം നൽകേണ്ട ഘടകങ്ങളായിരിക്കണം എന്നിരിക്കെ, നിയമത്തിന്റെ ചട്ടക്കൂട് കേവല സാഹചര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിലൂടെ, ഇന്ത്യയിലെ കോടതികളിൽ ജാമ്യം നിഷേധിക്കുന്നത് പതിവാക്കിയിരിക്കുന്നു. ഇന്ത്യയിൽ പ്രായമായ തടവുകാരെക്കുറിച്ചുള്ള ഗവേഷണത്തിന് കാര്യമായ കുറവുണ്ട്. തടവ്, പ്രായം, അസുഖങ്ങൾ എന്നിവ കാരണം കഷ്ടപ്പാടുകൾ വർധിച്ചേക്കാവുന്ന വൃദ്ധ തടവുകാർക്ക് വൈദ്യ പരിചരണവും, ബന്ധു സാന്നിധ്യവും കൂടുതൽ അനിവാര്യമാണ്.

തടവുകാരുടെ അവകാശങ്ങൾ അന്താരാഷ്‌ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നതിനാൽ, പ്രായമായ തടവുകാരെ പരിപാലിക്കാനുള്ള കടമയിൽനിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാവില്ല. തടവുകാരുടെ ചികിത്സ സംബന്ധിച്ച നിയമങ്ങൾ, സാമ്പത്തിക-സാമൂഹിക, സാംസ്കാരിക-അവകാശങ്ങൾക്കുള്ള അന്താരാഷ്ട്ര ഉടമ്പടി, സിവിൽ, രാഷ്ട്രീയ അവകാശങ്ങൾക്കുള്ള അന്താരാഷ്ട്ര കൺവെൻഷൻ, നെൽസൺ മണ്ടേല നിയമങ്ങൾ (Nelson Mandela Rules) എന്നിവയിൽ ഇതെല്ലാം ക്രോഡീകരിച്ചിട്ടുണ്ട്.

ഭീമ കൊറേഗാവ്-എൽഗാർ പരിഷത്ത് കേസിൽ നിരവധി മനുഷ്യാവകാശ പ്രവർത്തകരുടെ രാഷ്ട്രീയ അറസ്റ്റുകളും നാം കണ്ടതാണ്. അതിൽ മിക്കവാറും പേർ മുതിർന്ന പൗരന്മാരാണ്. തടവുകാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യൻ നിയമവ്യവസ്ഥ എത്രമാത്രം പരാജയമാണെന്ന് ഇത് വെളിപ്പെടുത്തുന്നുണ്ട്. പൊതുസുരക്ഷയുടെ പേരിൽ അപകടകാരികളെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളെ വേർതിരിക്കുന്ന ഒരുതരം ‘ക്വാറന്റീൻ സോൺ’ (quarantine zone) ആണ് യഥാർഥത്തിൽ ജയിൽ എന്ന സങ്കൽപം. എന്നാൽ, അത്തരം ഒരു പ്രക്രിയയുടെ പരിധിയിൽ വരാത്ത വൃദ്ധജനങ്ങളെ തടവറയിൽ അടച്ചുപൂട്ടുന്നതിൽ എന്ത് സാംഗത്യമാണുള്ളത്?

രാഷ്ട്രീയത്തടവുകാർ ഏകാന്ത ബന്ദികൾ

കേരളത്തിലെ ജയിൽ അവസ്ഥ പരിശോധിച്ചാൽ സംസ്ഥാനത്തെ ജയിലുകളില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറുന്നതായി മുൻ ദേശീയ മനുഷ്യാവകാശ കമീഷനംഗം ജസ്റ്റിസ് സിറിയക് ജോസഫ് പ്രസ്താവിക്കുകയുണ്ടായി.

ഇന്ത്യന്‍ പൗരന് ഭരണഘടന അംഗീകരിച്ചുനല്‍കുന്ന വ്യത്യസ്തങ്ങളായ സ്വാതന്ത്ര്യങ്ങളുടെ നിഗൂഢമായ ലംഘനങ്ങളാണ് തടവറകളിൽ വ്യാപകമായി നടക്കുന്നത്. ക്രിമിനൽ പ്രവർത്തനങ്ങളിൽ കുറ്റം തെളിയിക്കപ്പെട്ടതുകൊണ്ടും നിയമം ലംഘിച്ചതിനാലുമാണ് ഒരാൾ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുന്നത് എന്നാണല്ലോ വിവക്ഷ. എന്നാൽ, അതിനേക്കാൾ വലിയ നിയമലംഘനങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളുമാണ് ഉദ്യോഗസ്ഥരിൽനിന്നും മറ്റ് അധികൃതരിൽനിന്നും തടവറക്കുള്ളിൽ അവർക്ക് നേരിടേണ്ടിവരുന്നത്.

ചെയ്ത കുറ്റകൃത്യത്തിനു ലഭിച്ച ശിക്ഷയുടെ കാലാവധി കഴിഞ്ഞിട്ടും നിരവധിപേർ കേരളത്തിലെ ജയിലുകളിൽ കഴിയുന്നുണ്ട് എന്നാണ് ജസ്റ്റിസ് സിറിയക് ജോസഫ് കണ്ടെത്തിയത്. രാജ്യത്ത് മൊത്തം വ്യാപകമായി നടക്കുന്നത് ഇതുതന്നെയാണ്. നിയമ പരിരക്ഷ ലഭിക്കേണ്ട തടവുകാർ അത് കിട്ടാതെ വരുമ്പോൾ ജയിലുകളിൽതന്നെ തുടരുകയും സമൂഹത്തിനു മുന്നിൽ കുറ്റവാളികളായി നിത്യ തടവുകാരായി ചാപ്പകുത്തപ്പെടുകയും ചെയ്യുന്നു. അവരെ കോടതിയിൽപോലും ഹാജരാക്കാതെ തടവ് നീണ്ടുപോകുന്ന സാഹചര്യങ്ങൾ വളരെ ലാഘവത്തോടെയാണ് ജയിലധികൃതരും വകുപ്പ് മേധാവികളും കാണുന്നത്.

കേസ് ലിസ്റ്റ് ചെയ്യുന്ന ദിവസം കൃത്യസമയത്ത് തടവുകാരെ കോടതിയില്‍ ഹാജരാക്കാതിരുന്നതിന് എസ്‌കോര്‍ട്ടിന് പൊലീസില്ല എന്ന കുറ്റകരമായ ന്യായീകരണമാണ് ജയില്‍ അധികൃതര്‍ പറയാറുള്ളത്. തടവുശിക്ഷ ലഭിച്ചതിന്റെ പേരിൽ ഏതെങ്കിലും തരത്തിലുള്ള മനുഷ്യാവകാശ ലംഘനത്തിനും നിയമലംഘനത്തിനും പീഡനങ്ങൾക്കും ഇരയാകണമെന്ന് ഭരണഘടന അനുശാസിക്കുന്നില്ല. തടവറയിൽ ലഭിക്കേണ്ട നിയമപരമായ എല്ലാ അവകാശങ്ങൾക്കും അവർ അർഹരാണ്. ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് നയങ്ങളോട് വിമതത്വം പുലർത്തുന്നവരും തുറുങ്കിലടക്കപ്പെടുന്നുണ്ട്. കള്ളക്കേസുകളിലും കസ്റ്റഡി അക്രമങ്ങളിലും ഉണ്ടാകുന്ന വർധന കേരളത്തിലെ ജയിലുകളിൽ തങ്ങളുടേതായ സ്റ്റാൻ സ്വാമിമാരെ ഉണ്ടാക്കുമെന്ന് സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകർ ഭയപ്പെടുന്നുണ്ട്.

വിയ്യൂർ സെൻട്രൽ ജയിലിലും സമീപത്തെ വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിലുമാണ് കേരളത്തിലെ യു.എ.പി.എ ചുമത്തപ്പെട്ടവരിൽ ഭൂരിഭാഗവും തടവിൽ കഴിയുന്നത്. സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകരുടെ പ്രസ്താവനകളും തടവുകാരിൽനിന്നുള്ള സാക്ഷ്യങ്ങളും സൂചിപ്പിക്കുന്നത് വസ്ത്രം അഴിച്ചു പരിശോധിക്കലും അമിതമായ നിരീക്ഷണങ്ങളും അവിടെ സാധാരണമാണെന്നാണ്. ജയിലിനുള്ളിലെ മോശം സാഹചര്യങ്ങൾ സ്റ്റാൻ സ്വാമിയുടെ മരണത്തെപ്പോലെ പ്രായമായവരും രോഗികളുമായ യു.എ.പി.എ വിചാരണ തടവുകാരുടെ മരണത്തിലേക്ക് നയിച്ചേക്കുമെന്ന് സാമൂഹിക പ്രവർത്തകർ ഭയപ്പെടുന്നുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, വലിയ ഭീകരാക്രമണമോ മാവോവാദി ആക്രമണങ്ങളോ ഇല്ലാതിരുന്നിട്ടും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (UAPA) നിയമത്തിനും ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹത്തിനും ‘സംസ്ഥാനത്തിനെതിരെ യുദ്ധം’ ചെയ്യുന്നതുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കും കേരള സർക്കാർ 145 കേസുകൾ രജിസ്റ്റർചെയ്തു. 2021 ഒക്‌ടോബർ 27ന്, തന്റെ ഭരണകാലത്ത് യു.എ.പി.എ ചുമത്തിയവരുടെ എണ്ണത്തെക്കുറിച്ചും അവർക്കെതിരായ കുറ്റങ്ങളുടെ വിശദാംശങ്ങളെക്കുറിച്ചും നിയമസഭയിൽ ഒരു ചോദ്യത്തിന് മറുപടി പറയുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരം നൽകാൻ വിസമ്മതിച്ചു.

പ്രത്യേക കോടതികളുടെ പരിഗണനയിലിരിക്കുന്ന രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എ.പി.എ വിചാരണ നേരിടുന്നവരുടെ എണ്ണത്തെക്കുറിച്ചും അവർ ജയിലിൽ ചെലവഴിച്ച സമയത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

ആറ് വർഷത്തിനിടെ, ഗുരുതരമായ ഹൃദ്രോഗമുള്ള 67കാരൻ ആക്ടിവിസ്റ്റ് എൻ.കെ. ഇബ്രാഹിമിന് കേരളത്തിലെ കോടതികൾ ഒന്നിലധികം തവണ ജാമ്യം നിഷേധിച്ചു. ഈ വർഷം ജൂണിൽ, കണ്ണൂർ ജയിലിൽ കഴിയുന്ന മറ്റൊരു പ്രവർത്തകനായ സി.കെ. രാജീവൻ കോവിഡ് -19 പരിശോധനക്കായി നിരാഹാര സമരം നടത്തി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 30 വയസ്സിന് താഴെയുള്ള അഞ്ചുപേർ ഉൾപ്പെടെ സംസ്ഥാനത്ത് 55 പേർക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തിട്ടുണ്ട്.

പൂജപ്പുര സെൻട്രൽ ജയിലിൽ ഉൾക്കൊള്ളിക്കാവുന്നത് പരമാവധി 750 തടവുകാരെയാണ്. എന്നാൽ, നിലവിൽ 1250 തടവുകാരുണ്ട്. കണ്ണൂരിലെയും വിയ്യൂരിലെയും ജയിലുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജയിൽ ജീവനക്കാരുടെ കുറവ് 40 ശതമാനമാണ്. ഒരു ഉദ്യോഗസ്ഥനും ആറു തടവുകാരും എന്ന അനുപാതമാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ, പല ജയിലുകളിലും 12 തടവുകാർക്ക് ഒരു ഉദ്യോഗസ്ഥൻ മാത്രമാണുള്ളത്.

2022ലെ ആദ്യ എട്ടു മാസത്തിനുള്ളിൽ 32 തടവുകാരാണ് കേരളത്തിലെ വിവിധ ജയിലുകളിലായി മരിച്ചത്. ഇതിൽ ആറു പേരുടേത് അസ്വാഭാവിക മരണമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തടവുമരണങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞവർഷം മുതൽ മുൻ സൈനിക ഉദ്യോഗസ്ഥരെ അസിസ്റ്റന്റ് ജയിൽ ഓഫിസർമാരായി നിയമിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു. ഇതുമൂലം 365 പേർ സർവിസിന് പുറത്തായി. ഇതുകൂടാതെ ജയിൽ വകുപ്പിൽ നിയമിതരായ 200ഓളം പേർ രാജിവെച്ചു.

തടവുകാരുടെ ആധിക്യത്തിന് പ്രധാനമായി പറയുന്ന കാരണങ്ങൾ, പോക്സോ (Pocso) കേസുകളുടെയും മയക്കുമരുന്ന് കേസുകളുടെയും വർധനയാണ്. മൊത്തം കേസുകളിൽ 12 ശതമാനം പോക്സോ കേസുകളാകുമ്പോൾ 10 ശതമാനം മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളാണ്. ജാമ്യവുമായി ബന്ധപ്പെട്ട സങ്കീർണതകൾ, ജുഡീഷ്യൽ നടപടികളിലെ കാലതാമസം, പിഴയൊടുക്കാൻ കഴിയാത്തവർ, കുറ്റകൃത്യങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള വ്യക്തികളുടെ പങ്കാളിത്തം ഇതൊക്കെയാണ് തടവുകാരുടെ വർധനക്ക് പറയുന്ന മറ്റു കാരണങ്ങൾ.

സംസ്ഥാന സർക്കാറിന്റെ നയമനുസരിച്ച് പരോളിന് അർഹതയുള്ള ഐ.പി.സി 376 വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക് ഒരു കാരണവും പറയാതെ പരോൾ നിരസിച്ചതായി റിപ്പോർട്ടുണ്ട്. പരോൾ അനുവദിച്ചവരിൽ ചിലരോട് പിന്നീട് അനുവദിച്ച 30 ദിവസത്തിന് പകരം 22 ദിവസത്തിനു ശേഷം അതത് ജയിലുകളിലേക്ക് മടങ്ങാൻ വാക്കാൽ ആവശ്യപ്പെട്ടതായി കേരള സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്സ് കമീഷൻ (K.S.H.R.C) അഭിഭാഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ തടവുകാരിൽ ചിലർ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് ഞായറാഴ്ച വീടുകളിലേക്ക് മടങ്ങാൻ അനുവദിച്ചെന്നാണ് അറിയുന്നത്.

കന്നുകാലിപ്പറ്റങ്ങളെ ആട്ടിത്തെളിച്ചു കൊണ്ടുപോകുന്നതുപോലെ ആയുധധാരികളായ പൊലീസുകാർ തടവുപുള്ളികളെ നീണ്ടനിരയായി ബന്ധിച്ച് റോഡിലൂടെ നടത്തിക്കൊണ്ടുപോകുന്നത് ഇന്ത്യൻ നഗരങ്ങളിലെ സാധാരണ ദൃശ്യമാണ്. ജയിലിൽനിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്ന ഈ മനുഷ്യത്വവിരുദ്ധ കാഴ്ചകൾ ഉദ്യോഗസ്ഥരുടെയും ഭരണകൂടങ്ങളുടെയും ജഡ്ജിമാരുടെയും കൺമുന്നിലൂടെയാണ് കടന്നുപോകുന്നത്. ഇത് നിയമലംഘനവും സുപ്രീംകോടതി നിർദേശത്തെ പൂർണമായി ഉല്ലംഘിക്കുന്നതുമാണെന്ന് അറിയാത്തവരല്ല ഈ കാഴ്ചക്കാർ.

അതുകൊണ്ട്, തടവുകാർക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാകുന്ന ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും അത്തരം മർദിത ഭരണകൂട വ്യവസ്ഥകളെ നിരന്തരം ചോദ്യംചെയ്യാനും ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ട്.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT