അ​ട്ട​പ്പാ​ടി​യി​ലെ 1932 പ​ട്ട​യ​ങ്ങ​ളു​ടെ ഭൂ​മി എ​വി​ടെ?

അട്ടപ്പാടിയിലെ ആദിവാസി ഭൂ കൈയേറ്റങ്ങൾ തുടരുകയാണ്​. ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പരാജയപ്പെട്ട്​ ചിലർ ആത്മഹത്യചെയ്​തു. സർക്കാർ കണക്ക്​ പ്രകാരം ഭൂ ഉടമകളായ 1932 പേർക്ക്​ തങ്ങളുടെ ഭൂമി എവിടെയാണെന്നുപോലും അറിയില്ല –എന്താണ്​ അട്ടപ്പാടിയിൽ നടക്കുന്നത്​?

അ​ട്ട​പ്പാ​ടി​യി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം (1932) ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ കൈ​യി​ൽ പ​ട്ട​യ ക​ട​ലാ​സു​ണ്ട്. എ​ന്നാ​ൽ, ഭൂ​മി​യെ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ല. ഇ​ട​തു സ​ർ​ക്കാ​റുക​ളു​ടെ കാ​ല​ത്ത് റ​വ​ന്യൂ മ​ന്ത്രി​മാ​രാ​യ കെ.​ഇ. ഇ​സ്മ​യി​ലും ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും ന​ൽ​കി​യ പ​ട്ട​യ ക​ട​ലാ​സാ​ണ് മി​ക്ക ഊ​രി​ലെ​യും ആ​ദി​വാ​സി​ക​ളു​ടെ കൈ​വ​ശ​മു​ള്ള​ത്. സ​ർ​ക്കാ​റിന്റെ ക​ണ​ക്കു​പു​സ്ത​ക​ത്തി​ൽ ഇ​വ​രൊ​ന്നും ഇ​പ്പോ​ൾ ഭൂ​ര​ഹി​ത​ര​ല്ല. അ​ട്ട​പ്പാ​ടി​യി​ലെ റ​വ​ന്യൂ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നുവെ​ന്നതിന്​ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​യി ഇ​ത്ര​യ​ധി​കം പ​ട്ട​യം വി​ത​ര​ണം ചെ​യ​്തതി​നെ മ​ന്ത്രി​മാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.

പ​ട്ട​യ ക​ട​ലാ​സ് ല​ഭി​ച്ച ആ​ദി​വാ​സി​ക​ൾ ഭൂ​മി അ​ള​ന്ന് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാൽ സ​ർ​വേ​യ​ർ സ​സ്പെ​ൻ​ഷ​നി​ലാ​ണ് എന്ന മറുപടിയാണ്​ ട്രൈ​ബ​ൽ താ​ലൂ​ക്ക് ത​ഹ​സിദാ​ർ നൽകുക. അ​തേ​സ​മ​യം, കൈ​യേ​റ്റ​ക്കാ​ർ​ക്ക് ഭൂ​മി അ​ള​ന്നുകൊ​ടു​ക്കാ​ൻ പു​റ​ത്തു​നി​ന്ന് സ​ർ​വേ​യ​റെ അ​വ​ർത​ന്നെ കൊ​ണ്ടു​വ​രും. കൈ​യേ​റ്റ​ക്കാ​ർ കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന ക​ണ്ണാ​യ സ്ഥ​ലം ക​ല്ലി​ട്ട് അ​തി​ർ​ത്തി നി​ർ​ണ​യി​ച്ചു കൊ​ടു​ക്കും. ആ​ദി​വാ​സി ഭൂ​മി​ക്കുമാ​ത്രം അ​തി​ർ​ത്തി​ക്ക​ല്ലു​ക​ളി​ല്ല.

വം​ശീ​യ​മാ​യ തു​ട​ച്ചു​നീ​ക്ക​ൽ

അ​ട്ട​പ്പാ​ടി​യി​ൽ വം​ശീ​യ​മാ​യ തു​ട​ച്ചു​നീ​ക്ക​ൽ ന​ട​ക്കു​ന്ന​ത് പു​റം​ലോ​കം അ​റി​യു​ന്നി​ല്ല. കാ​ര​ണം, ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്റെ​യും രാ​ഷ്ട്രീ​യ പി​ൻ​ബ​ല​ത്തി​ലാ​ണ് വം​ശീ​യ തു​ട​ച്ചു​നീ​ക്ക​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം ഭൂ​മി കൈ​മാ​റ്റം ന​ട​ക്കു​ന്ന ര​ജി​സ്ട്രാ​ർ ഓ​ഫി​സ് അ​ഗ​ളി​യി​ലാ​ണ്. അ​ട്ട​പ്പാ​ടി​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ കൈയേറ്റം ന​ട​ക്കു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി റ​വ​ന്യൂ മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യാ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പാ​ല​ക്കാ​ട് ക​ല​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കും. ആ ​നി​ർ​ദേ​ശം വി​ല്ലേ​ജ് വ​രെ സ​ഞ്ച​രി​ക്കും.

പി​ന്നീ​ട് ഒ​ന്നും സം​ഭ​വി​ക്കി​ല്ല. നി​യ​മ​സ​ഭ​യി​ൽ കെ.​കെ. ര​മ എം.​എ​ൽ.​എ അ​ന്യാ​ധീ​ന​പ്പെ​ടു​ന്ന ആ​ദി​വാ​സി ഭൂ​മി​യെ കു​റി​ച്ച് സ​ബ്മി​ഷ​ൻ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ മ​ന്ത്രി കെ. ​രാ​ജ​ൻ ന​ൽ​കി​യ ഉ​റ​പ്പ് അ​സി. ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​റു​ടെ മേ​ൽനോ​ട്ട​ത്തി​ൽ റ​വ​ന്യൂ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നാ​ണ്. മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും 21 പ​രാ​തി​ക​ളി​ൽ 19 പ​രാ​തി​ക​ളി​ലും ഇ​തു​വ​രെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടി​ല്ല. റ​വ​ന്യൂ-ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രിൽ നല്ല പങ്ക്​ സി.​പി.​ഐ യൂ​നി​യ​ന്റെ നേ​താ​ക്ക​ൾത​ന്നെയാണ്​ എന്ന കാര്യം വേറെ. റ​വ​ന്യൂ വി​ജി​ല​ൻ​സ് വിഭാഗങ്ങൾ കൈ​യേ​റ്റ​ക്കാ​രി​ൽനി​ന്ന് പ​ണം വാ​ങ്ങി ഒ​ത്തു​ക​ളി​ക്കു​ന്നുവെ​ന്ന ആ​ദി​വാ​സി​ക​ളു​ടെ ആ​രോ​പ​ണം ശ​രി​വെ​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക​ൾ. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യാ​ൽ അ​ത് ആ​ദി​വാ​സി​ക​ൾ​ക്ക് എ​തി​രാ​വും. അ​ല്ലെ​ങ്കി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​ല്ല.

 

ഭൂവിഷയം ഉന്നയിച്ച്​ ആദിവാസികൾ അഗളി സിവിൽ സ്​റ്റേഷനിലേക്ക്​ നടത്തിയ മാർച്ച്​ പൊലീസ്​ തടയുന്നു

ക​ട​ലാ​സി​ലൊ​തു​ങ്ങി​യ ഇ​സ്മ​യി​ൽ പ​ട്ട​യം

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ൾത​ന്നെ​യാ​ണ് 1999ൽ ​അ​ന്ന​ത്തെ മ​ന്ത്രി കെ.​ഇ. ഇ​സ്മ​യി​ൽ ന​ൽ​കി​യ പ​ട്ട​യ​ത്തി​ന് ഭൂ​മി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി രം​ഗ​ത്തുവ​ന്ന​ത്. അ​വ​രു​ടെ ശ​ബ്ദം കെ.​കെ. ര​മ എം.​എ​ൽ.​എ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് വി​വ​രം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. എം.​എ​ൽ.​എ പ​ട്ട​യം ന​ൽ​കി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും വി​ല്ലേ​ജ് ഓ​ഫി​സി​ൽ നേ​രി​ട്ട് ചെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്ത​തോ​ടെ ആ​ർ​ക്കും നി​ഷേ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത യാ​ഥാ​ർ​ഥ്യ​മാ​യി ഈ ​പ​ട്ട​യം ക​ട​ലാ​സ്.

പ​ട്ട​യ ക​ട​ലാ​സ​ല്ലാ​തെ ഭൂ​മി ല​ഭി​ച്ചി​ല്ലെ​ന്ന ആ​ദി​വാ​സി​ക​ളു​ടെ പ​രാ​തി സ​ത്യ​മാ​ണെ​ന്നാണ്​ ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​റു​ടെ ഓ​ഫി​സ് ‘മാ​ധ്യ​മ​’ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി. സ​ർ​ക്കാ​ർ രേ​ഖ​ക​ൾ പ്ര​കാ​രം 1999 മു​ത​ൽ 2020 വ​രെ​യു​ള്ള കാ​ല​ത്ത് അ​ട്ട​പ്പാ​ടി​യി​ൽ 2000ത്തോ​ളം (1932) ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കി​യെ​ന്ന് സ​ബ് ക​ല​ക്ട​ർ അം​ഗീ​ക​രി​ക്കു​ന്നു. സി.​പി.​ഐ​യു​ടെ കെ.​ഇ. ഇ​സ്മ​യി​ലും ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നു​മാ​ണ് പ​ട്ട​യം ന​ൽ​കി​യ റവന്യൂ മ​ന്ത്രി​മാ​ർ.

കെ.ഇ. ഇ​സ്മ​യി​ൽ റ​വ​ന്യൂ മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് 1975ലെ ​പ​ട്ടി​ക​വ​ർ​ഗ ഭൂ (ഭൂ​മി കൈ​മാ​റ്റ​ൽ നി​യ​ന്ത്ര​ണ​വും അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി തി​രി​ച്ചെ​ടു​ക്ക​ലും) നി​യ​മം അ​ട്ടി​മ​റി​ച്ച് കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് അ​നു​കൂ​ലമാ​യി 1999ൽ ​​നിയ​മം പാ​സാ​ക്കി​യ​ത്. ഇ​തി​നെ​തി​രെ ആ​ദി​വാ​സി​ക​ളു​ടെ ശ​ബ്ദം ഉ​യ​രു​ന്ന​ത് ത​ട​യ​ാനാ​ണ് പ​ട്ടയ​വി​ത​ര​ണ പ്ര​യോ​ഗം ഇ​സ്മ​യി​ൽ ന​ട​ത്തി​യ​ത്. ച​രി​ത്ര​ത്തി​ലെ ഭ​യാ​ന​ക​മാ​യ ആ​ദി​വാ​സി വ​ഞ്ചന​യു​ടെ ചി​ത്രം ഇ​തി​ലൂ​ടെ മ​റ​ച്ചു​പി​ടി​ക്കാ​ൻ കെ.​ഇ. ഇ​സ്മ​യി​ലിനും ഇ​ട​ത് സ​ർ​ക്കാ​റി​നും ക​ഴി​ഞ്ഞു.

അ​ട്ട​പ്പാ​ടി​യി​ൽ 1999ൽ ​പ​ട്ട​യമേ​ള ന​ട​ത്തി​യ കെ.​ഇ. ഇ​സ്മ​യി​ൽ 475 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ട്ട​യം വി​ത​ര​ണംചെ​യ്ത​ത്. ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​റു​ടെ ക​ണ​ക്കു പു​സ്ത​ക പ്ര​കാ​രം 575.28 ഏ​ക്ക​ർ ഭൂ​മി ക​ട​ലാ​സി​ൽ വി​ത​ര​ണംചെ​യ്തു. ഷോ​ള​യൂ​ർ വി​ല്ലേ​ജി​ൽ സ​ർ​വേ ന​മ്പ​ർ 1912,1913, 1914, 1915 1916, 1917 എ​ന്നി​വ​യി​ലും കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ സ​ർ​വേ ന​മ്പ​ർ 1819ലെ​യും ഭൂ​മി​ക്കാ​ണ് പ​ട്ട​യം ന​ൽ​കി​യ​ത്. ഇ​തി​ൽ എ​ത്ര​പേ​രു​ടെ ഭൂ​മി അ​ള​ന്ന് തി​രി​ച്ച് സ​ർ​വേ ചെ​യ്തു കൊ​ടു​ത്തു​വെ​ന്ന ചോ​ദ്യ​ത്തി​ന് സ​ബ് ക​ലക്ട​റു​ടെ ഓ​ഫി​സി​ന് ഉ​ത്ത​ര​മി​ല്ല. ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ പ​രി​ശോ​ധി​ച്ച​തി​ൽ ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്നാ​ണ് സ​ബ് ക​ല​ക്ട​റു​ടെ ഓ​ഫി​സി​ലെ മ​റു​പ​ടി.

ആ​ദി​വാ​സി​ക​ൾ പ​ട്ട​യ​ക്കട​ലാ​സു​മാ​യി ഇ​പ്പോ​ഴും താ​ല​ൂക്ക്-വി​ല്ലേജ് ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണെ​ന്ന സ​ത്യം ആ​ർ​ക്കും മ​റ​ച്ചു​വെ​ക്കാ​നാ​വി​ല്ല. ഇ​തി​ൽ ഷോ​ള​യൂ​ർ വി​ല്ലേ​ജി​ലെ 1819ലെ ​ഭൂ​മി​യ​ിലാ​ണ് കെ.​കെ. ര​മ എം.​എ​ൽ.​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. കാ​ര​ണം, ഈ ​സ​ർ​വേ ന​മ്പ​റി​ലെ പ​ട്ട​യ​ഭൂ​മി​യി​ൽ വ്യ​ാജ ആ​ധാ​ര​ങ്ങ​ളു​ണ്ടാ​ക്കി കൈ​യേ​റ്റം ന​ട​ക്കു​ന്നു​വെ​ന്നാ​ണ് ആ​ദി​വാ​സി​ക​ളു​ടെ പ​രാ​തി. ഷോ​ള​യൂ​ർ വി​ല്ലേ​ജ് ഓ​ഫി​സി​ൽനി​ന്ന് പ​ട്ട​യ ഭൂ​മി​ക്ക് ആ​ദി​വാ​സി​ക​ള​ല്ലാ​ത്ത​വ​ർ​ക്ക് നി​കു​തി ര​സീ​ത് ന​ൽ​കി​യെ​ന്നും ആ​​േക്ഷ​പ​മു​ണ്ട്.

വ്യാ​ജ നി​കു​തി ര​സീ​തും ഉ​ട​മ​സ്ഥ​താ ര​സീ​തും നി​ർ​മിക്കു​ന്ന സ്ഥ​ല​മാ​ണ് അ​ട്ട​പ്പാ​ടി. ഗാ​യി​ക​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ ന​ഞ്ചി​യ​മ്മ​യു​ടെ കു​ടും​ബ​ഭൂ​മി കൈ​യേറാ​ൻ അ​ഗ​ളി വി​ല്ലേ​ജി​ലെ മാ​രി​മു​ത്തു​വിന്റെ പേ​രി​ലു​ള്ള വ്യാ​ജ നി​കു​തി ര​സീ​താ​ണ് കെ.​വി. മാ​ത്യു ഉ​പ​യോ​ഗി​ച്ച​ത്. അ​ന്ന​ത്തെ വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​ത് വ്യ​ാജ​മാ​ണെ​ന്ന് മൊ​ഴിന​ൽ​കി​യി​ട്ടും മാ​രിമു​ത്തു വി​ല്ലേ​ജി​ൽ പോ​യി നി​കു​തി അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

കെ.ഇ. ഇ​സ്മ​യി​ൽ ഒ​രു ത​വ​ണ​യാ​ണ് പ​ട്ട​യം വി​ത​ര​ണം ചെ​യ്തതെ​ങ്കി​ൽ പി​ന്നീ​ട് ഇ​ട​തു ഭ​ര​ണ​കാ​ല​ത്ത് റ​വ​ന്യൂ മ​ന്ത്രി​യാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ 2016 മു​ത​ൽ 2020 വ​രെ നാ​ലുത​വ​ണ അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് പ​ട്ട​യ വി​ത​ര​ണം ന​ട​ത്തി. ഇ​സ്മ​യി​ലി​നെ​ക്കാ​ൾ മൂ​ന്നി​രട്ടി ച​ന്ദ്ര​ശേ​ഖ​ര​ൻ പ​ട്ട​യ​മു​ണ്ട്. 1458 ച​ന്ദ്ര​ശേ​ഖ​ര​ൻ പ​ട്ട​യ​ങ്ങ​ൾ ആ​ദി​വാ​സി​ക​ളു​ടെ കൈ​വ​ശ​മു​ണ്ട്. ഒ​ന്ന​ാമ​ത്തെ വി​ത​ര​ണം 2016-17 കാ​ല​ത്താ​ണ്. 517 കു​ടും​ബ​ങ്ങ​ൾ​ക്ക്. സ​ബ് ക​ല​ക്ട​ർ ന​ൽ​കു​ന്ന വി​വ​ര​പ്ര​കാ​രം ഇ​ക്കാ​ല​ത്ത് 742. 87 ഏ​ക്ക​ർ ഭൂ​മി അ​ള​ന്ന് തി​രി​ച്ച് ന​ൽ​കി​യെ​ന്നാ​ണ്. എ​ന്നാ​ൽ, ആ​ദി​വാ​സി​ക​ൾ ഈ ​വാ​ദം അം​ഗീ​ക​രി​ക്കു​ന്നി​ല്ല.

 

കെ.കെ. രമ എം.എൽ.എ അഗളിയിലെത്തി ആദിവാസികളുമായി ഭൂ വിഷയ​ം സംസാരിക്കുന്നു

ഭൂ​മി കി​ട്ടി​യ​താ​യി പ​ട്ട​യം ല​ഭി​ച്ച ആ​ദി​വാ​സി​ക​ൾ​ക്ക് അ​റി​യി​ല്ല. 2018ൽ 222 ​കു​ടും​ബ​ങ്ങ​ൾ​ക്കും 2019ൽ 425 ​കു​ടും​ബ​ങ്ങ​ൾ​ക്കും 2020ൽ 293 ​കു​ടും​ബ​ങ്ങ​ൾ​ക്കും പ​ട്ട​യം ന​ൽ​കി​യെ​ന്നാ​ണ് സ​ബ് ക​ല​ക്ട​റു​ടെ ക​ണ​ക്ക്. 2016 മു​ത​ൽ 2020 വ​രെ ആ​കെ 1457 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭൂ​മി ല​ഭി​ച്ച​ത്. ഇ​വ​ർ​ക്ക് ആ​കെ ന​ൽ​കി​യ​ത് 1226 ഏ​ക്ക​ർ ആ​ണ്. 2016-17ൽ ​വി​ത​ര​ണംചെ​യ്ത​ത് 742 ഏ​ക്ക​ർ എ​ന്നാ​ണ് കണക്ക്​. ഇ​തി​ൽ​നി​ന്ന്​ മൂ​ന്നുത​വ​ണ വി​ത​ര​ണംചെ​യ​്ത​ത് 484 ഏ​ക്ക​റാ​ണെ​ന്ന് വ​രു​ന്നു.

അ​ത് 940 കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണംചെ​യ്തു​വെ​ന്ന് ക​ണ​ക്കാ​ക്ക​ണം. ഏ​താ​ണ്ട് 50 സെ​ന്റോ അ​തി​ൽ താ​ഴെ​യോ മാ​ത്ര​മാ​യി​രി​ക്കും ശ​രാ​ശ​രി ഒ​രു കു​ടും​ബ​ത്തി​ന് ഇ​ക്കാ​ല​ത്ത് ക​ട​ലാ​സി​ൽ ല​ഭി​ച്ച​ത്. പ​ട്ട​യ​വി​ത​ര​ണം ന​ട​ത്തി​യ വി​ല്ലേ​ജു​ക​ളു​ടെ​യും ഭൂ​മി​യു​ടെയും സ​ർ​വേ ന​മ്പ​റും സ​ബ് ക​ല​ക്ട​റു​ടെ ഓ​ഫി​സി​ൽ ല​ഭ്യ​മ​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ മ​റു​പ​ടി. പ​ട്ട​യ വി​ത​ര​ണം ന​ട​ത്തി​യ ഭൂ​മി​യി​ൽ എ​ത്ര ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ഇ​ന്ന് ജീ​വി​ക്കു​ന്നു​ണ്ടെ​ന്നും റ​വ​ന്യൂ വ​കു​പ്പി​നോ പ​ട്ടി​ക​വ​ർ​ഗ വ​ക​ുപ്പി​നോ അ​റി​യി​ല്ല.

എ​സ്.​സി-എ​സ്.​ടി അ​തി​ക്ര​മം ത​ട​യൽ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണമെ​ന്ന് വി​ജി​ല​ൻ​സ്

വി​ജി​ല​ൻ​സ് സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണറി​പ്പോ​ർ​ട്ട് പ്ര​കാ​രം സാർജന്റ് റി​യാ​ലി​റ്റീ​സ് 600.885 ഏ​ക്ക​റും ശു​ഭ​ റി​യാ​ലി​റ്റീ​സ് 44.76 ഏ​ക്ക​റും ഭൂ​മി വി​ല​യ്ക്കു വാ​ങ്ങി​യിട്ടുണ്ട്​. ആ​ദി​വാ​സി ഭൂ​മി വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്ത​വ​ർ​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി-വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് വി​ജി​ല​ൻ​സ് ശി​പാ​ർ​ശയും ചെ​യ്തു. ആ ശി​പാ​ർ​ശമാ​ത്രം ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽതന്നെ ആ​ദി​വാ​സി ഭൂ​മി കൈ​യേറ്റത്തി​ന്റെ ദി​ശ​ മാ​റിയേനെ.

സാർജന്റ് റി​യാ​ലി​റ്റീ​സ്

ഷോ​ള​യൂ​ർ 11 30.27 ഏ​ക്ക​ർ

അ​ഗ​ളി 41 143.92 ഏ​ക്ക​ർ

കോ​ട്ട​ത്ത​റ 89 426.695 ഏ​ക്ക​ർ

ആ​കെ 141 600.885 ഏ​ക്ക​ർ

ശു​ഭ​ റി​യാ​ലി​റ്റീ​സ്

വി​ല്ലേ​ജ് ഇ​ട​പാ​ടു​ക​ൾ ഭൂ​മി

ഷോ​ള​യൂ​ർ 5 15.06 ഏ​ക്ക​ർ

അ​ഗ​ളി 6 17.70 ഏ​ക്ക​ർ

കോ​ട്ട​ത്ത​റ 3 12 ഏ​ക്ക​ർ

ആ​കെ 14 44.76 ഏ​ക്ക​ർ

റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​യി​ൽ 13 കേ​സു​ക​ളാ​ണ് ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. അ​തി​ലൊ​ന്ന​ാമ​ത്തേ​ത് ആ​ദി​വാ​സി​ക​ളാ​യ കാ​ര​മ​ട, മാ​രു​തി തേ​വ​ൻ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള ഭൂ​മി​യാ​ണ്. ഷോ​ള​യൂ​ർ വി​ല്ലേ​ജി​ലെ എ ​ആ​ൻ​ഡ് ബി ​ര​ജി​സ്റ്റ​ർപ്ര​കാ​രം കാ​ര​മ​ട, മാ​രു​തി തേ​വ​ൻ എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് സ​ർ​വേ 1539 ന​മ്പ​റിലെ ഭൂ​മി. ആ​റു​മു​ഖ​ൻ എ​ന്ന​യാ​ൾ ഭാ​ര്യ ഭ​ഗ​വ​തി​യു​ടെ പേ​രി​ൽ രേ​ഖ​യു​ണ്ടാ​ക്കി 52.61 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ക​മ്പ​നി​ക്ക് വി​റ്റ​ത്. മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ, ഷോ​ള​യൂ​ർ വി​ല്ലേ​ജ് ഓ​ഫിസ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ ​ആ​ൻ​ഡ് ബി ​ര​ജി​സ്റ്റ​റി​ലും ഫീ​ൽ​ഡ് മെ​ഷ​ർ​മെ​ന്റ് ബു​ക്കി​ലും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ ഭൂമി ക​ാര​മ​ട​യു​ടെ​യും മാ​രു​തി തേ​വ​ന്റെ​യുമാണെ​ന്ന് ക​ണ്ടെ​ത്തി.

മ​ണ്ണാ​ർ​ക്കാ​ട് മൂ​പ്പി​ൽ നാ​യ​രി​ൽ​നി​ന്ന് പി​താ​വി​ന് വാ​ക്കാ​ലു​ള്ള പാ​ട്ട​ത്തി​ന് ല​ഭി​ച്ചു​വെ​ന്ന് രേ​ഖ​യു​ണ്ടാ​ക്കി​യ ശേ​ഷം ത​ന്റെ ഭാ​ര്യയു​ടെ പേ​രി​ലേ​ക്കാ​ണ് ആ​റു​മു​ഖ​ൻ ഭൂ​മി കൈ​മാ​റ്റംചെ​യ്ത​ത്. ഏ​ഴുമാ​സ​ത്തി​ന് ശേ​ഷം ക​മ്പ​നി​ക്ക് അത്​ വി​റ്റ​ു. ഈ ​ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് കാ​ര​മ​ട, മാ​രു​തി തേ​വ​ൻ എ​ന്നി​വ​രു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശി​ക​ൾ​ക്ക് കൈ​മാ​റ​ണമെന്ന്​ ഷോ​ള​യൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​സ്‌.​സി-​എ​സ്ടി അ​തി​ക്ര​മം (ത​ട​യ​ൽ) നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ ന​ൽ​കി. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്തനത്തി​ന് സ​ഹാ​യംചെ​യ്ത ഷോ​ള​യൂ​ർ വി​ല്ലേ​ജ് മു​ൻ ഓ​ഫി​സ​ർ എ​ൻ. അ​നി​ലി​നെ​തി​രെ ഉ​ചി​ത​മാ​യ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എന്നും പറഞ്ഞു. ര​ണ്ട് രേ​ഖ​ക​ളും ത​യാറാ​ക്കി​യ ആ​ധാ​രം എ​ഴു​ത്തു​കാ​ര​ൻ മോ​ഹ​ന​കൃ​ഷ്ണ​ൻ ക്രി​മി​ന​ൽ കു​റ്റ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്നും രേ​ഖ​പ്പെ​ടു​ത്തി.

നാ​ല് ഭൂ​മി ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ മൂ​പ്പി​ൽ നാ​യ​രി​ൽ​നി​ന്ന് വാ​ക്കാ​ൽ പാ​ട്ടം ല​ഭി​ച്ച​വ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണെ​ന്നും ക​ണ്ടെ​ത്തി. കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ലെ സ​ർ​വേ ന​മ്പ​ർ 762/72-ൽ 14 ​ഏ​ക്ക​ർ ഭൂ​മി കൈ​മാ​റി​യ​ത് അ​സാ​ധു​വാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തു. കാ​ര​ണം ആ ​രേ​ഖ​യി​ൽ ക​ക്ഷി​യാ​യ അം​ബ്രൂ​സ് ആ​ധാ​രം ത​യാ​റാ​ക്കു​മ്പോ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​ണ്​. 14 ഏ​ക്ക​ർ മൂ​പ്പി​ൽ നാ​യ​രു​ടേ​താ​യ​തി​നാ​ൽ അ​ത് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം. അ​ന്ന​ത്തെ വി​ല്ലേ​ജ് ഓ​ഫി​സ​ർ ഉ​ഷാ​കു​മാ​രി​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ശിപാ​ർ​ശ ചെയ്തു. കോ​ട്ട​ത്ത​റ വി​ല്ലേ​ജ് ഓ​ഫിസി​ൽ സൂ​ക്ഷി​ച്ച പ​ട്ട​യം, എ ​ആ​ൻ​ഡ് ബി ​ര​ജി​സ്റ്റ​റും മു​ൻ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കാ​തെ ‘പു​റ​മ്പോ​ക്ക്, വ​നഭൂ​മി, ആ​ദി​വാ​സി ഭൂ​മി എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ഈ ​ഭൂ​മി’ എ​ന്ന് പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് വി​ല്ലേ​ജ് ഓ​ഫി​സ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

ര​ണ്ടാ​മ​ത്തെ കേ​സി​ൽ കോ​ട്ട​ത്ത​റ വി​ല്ലേ​ജിൽ സ​ർ​വേ 762ലെ 3.50 ​ഏ​ക്ക​ർ കൈ​മാ​റ്റ​വും അ​സാ​ധു​വെ​ന്ന് ക​ണ്ടെ​ത്തി. പാ​ട്ട​രേ​ഖ ത​യാ​റാ​ക്കു​മ്പോ​ൾ രാ​മ​സ്വാ​മി പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ഈ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ണം. കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ സ​ർ​വേ 762ലെ ​ന​മ്പ​റിലെ 1.81 ഏ​ക്ക​ർ ഭൂ​മി കൈ​മാ​റി​യ രാ​ജ​നും 1964ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​ണ്​. ഈ ​ഭൂ​മി മൂ​പ്പി​ൽ സ്ഥാ​ന​ത്തി​ന്റെ കൈ​വ​ശ​മാ​യി​രു​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം. വ്യാ​ജരേ​ഖ ത​യാ​റാ​ക്കി​യ ആ​ധാ​രം എ​ഴു​ത്തു​കാ​ര​ൻ ഗം​ഗാ​ധ​ര​ന്റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​നും ശിപാ​ർ​ശ ചെ​യ്തു. രാ​ജ​ൻ മൂ​പ്പി​ൽ സ്ഥാ​ന​വു​മാ​യി വാ​ക്കാ​ലു​ള്ള പാ​ട്ട​ത്തി​നെ​ടു​ത്ത​പ്പോ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​ണെ​ന്ന വ​സ്തു​ത ഒ​ഴി​വാ​ക്കി​യാ​ണ് രേ​ഖ​യു​ണ്ടാ​ക്കി​യ​ത്. കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ലെ സ​ർ​വേ 1275​ൽ അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി കൈ​മാ​റ്റംചെ​യ്ത അ​യ്യ​മ്മാ​ൾ 1964ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​ണ്. ഈ ​ഭൂ​മി​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം. ഇ​തി​ലും ആ​ധാ​രം ച​മ​ച്ചത് ഗം​ഗാ​ധ​ര​നാ​ണ്.

അ​ഗ​ളി, ഷോ​ള​യൂ​ർ, കോ​ട്ട​ത്ത​റ വി​ല്ലേ​ജു​ക​ളി​ലാ​യി 600.885 ഏ​ക്ക​ർ സാർജന്റ് റി​യാ​ലി​റ്റീ​സ് വാ​ങ്ങി​യി​രു​ന്നു. 37.66 ഏ​ക്ക​ർ അ​വ​ർ സ്വ​കാ​ര്യസം​രം​ഭ​ക​ർ​ക്ക് വി​റ്റു. 563.225 ഏ​ക്ക​ർ ഭൂ​മി അ​വ​രു​ടെ കൈ​വ​ശ​മു​ണ്ട്. സ​ർ​ക്കാ​റി​ന്റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഇ​ത്ര​യും ഭൂ​മി വാ​ങ്ങി കൈ​വ​ശംവെച്ച​ത് കേ​ര​ള ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മ​ത്തി​ന്റെ ലം​ഘ​ന​മാ​ണ്. 2005 മു​ത​ൽ 2008 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. ഇത്​ സ​ബ് ര​ജി​സ്ട്രാ​ർ​മാ​രും വി​ല്ലേ​ജ് ഓ​ഫിസ​ർ​മാ​രും മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​ല​ക്ട​റു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. പൂ​രി​പ്പി​ച്ച ഫോ​റം 58ൽ ​വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ക്കാ​ൻ സ​ബ് ര​ജി​സ്ട്രാ​ർമാർ ബാ​ധ്യ​സ്ഥ​രാ​ണ്. 2008 വ​രെ ഇ​ത് ശേ​ഖ​രി​ക്കു​ന്ന​തി​ൽ അ​വ​ർ പ​രാ​ജ​യ​പ്പെ​ട്ടു. അ​തി​നാ​ൽ അ​ഗ​ളി​യി​ൽ അ​ക്കാ​ല​ത്ത് ചു​മ​ത​ല വ​ഹി​ച്ച സ​ബ് ര​ജി​സ്ട്രാ​ർ​മാ​രാ​ണ് ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ. കെ.​പി.​ വേ​ണു​ഗോ​പാ​ല പ​ണി​ക്ക​ർ, സി. ​മോ​ഹ​ന​ൻ​പി​ള്ള, വി.​കെ.​ പ്ര​സാ​ദ്, സി.​ രാ​ജ​ഗോ​പാ​ല​ൻ, പി.​ആ​ർ.​ ജോ​സ്, എം.​എം. ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​രാ​ണ് 2006 മു​ത​ൽ 2012 വ​രെ സ​ബ് ര​ജി​സ്ട്രാ​ർമാരാ​യി​രു​ന്ന​ത്. ഔ​ദ്യോ​ഗി​ക കൃ​ത്യ​വി​ലോ​പ​ത്തി​ന് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ത്ത​ര​വാ​ദി​ക​ളാണ്​. 35 ദി​വ​സം ജോ​ലിചെ​യ്ത വി.​കെ.​ പ്ര​സാ​ദ് ഒ​ഴി​കെ​ സ​ർ​വിസി​ൽനി​ന്ന് വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നായിരുന്നു ശിപാ​ർ​ശ.

അ​ഹാ​ഡ്സി​ൽ ടൈ​പ്പി​സ്റ്റാ​യി​രു​ന്ന ബി​നു എ​സ്.​ നാ​യർ 2006 ജ​നു​വ​രി 31ന് ​ ജോ​ലി രാ​ജി​വെച്ച​ശേ​ഷം സ​ർ​ജ​ൻ, ശു​ഭ റി​യാ​ലി​റ്റീ​സ് എ​ന്നി​വ​യു​ടെ ഭൂ​മിവാ​ങ്ങ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് ലാ​ൻ​ഡ് ക​ൺ​സ​ൽട്ട​ന്റാ​യി സാർജന്റ് റി​യാ​ലി​റ്റി​യി​ൽ ചേ​ർ​ന്നു. അ​തി​നാ​ൽ സ​ാർ​ജ​നും ശു​ഭ റി​യാ​ലി​റ്റീ​സും ഭൂ​മി വാ​ങ്ങു​മ്പോ​ൾ അ​ദ്ദേ​ഹം ഒ​രു വ്യ​ക്തി മാ​ത്ര​മാ​ണ്. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ അ​ഗ​ളി, കോ​ട്ട​ത്ത​റ, ഷോ​ള​യൂ​ർ വി​ല്ലേ​ജു​ക​ളി​ൽ കൃ​ത്യ​മാ​യ റീ​സ​ർ​വേ ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

ആ​ദി​വാ​സി​ക​ളു​ടേ​ത് മാ​ത്ര​മാ​യ 1275ലെ ​ഭൂ​മി

കെ.​കെ. ര​മ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ച്ച മ​റ്റൊ​രി​ടം കോ​ട്ട​ത്ത​റ വി​ല്ലേജി​ലെ വി​വാ​ദ​മാ​യ 1275 സ​ർ​വേ ന​മ്പ​റി​ലെ ഭൂ​മി​യി​ലാ​ണ്. കാ​റ്റാ​ടി ക​മ്പ​നി ഭൂ​മി കൈ​യേ​റി​യ​ത് വി​വാ​ദ​മാ​യ കാ​ല​ത്ത് ഏ​റെ ച​ർ​ച്ച​യാ​യ​ത് ഈ ​സ​ർ​വേ ന​മ്പ​റി​ലെ ഭൂ​മി കൈ​മാ​റ്റ​മാ​ണ്. ഇ​വി​ടെ ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ടു​വെ​ന്ന് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് അ​ട്ട​പ്പാ​ടി ഐ.​ടി.​ഡി.​പി േപ്രാ​ജ​ക്ട് ഓ​ഫി​സ​റാ​ണ്. 2010 മേ​യ് 12നാ​ണ് അ​ദ്ദേ​ഹം പ​ട്ടി​ക​വ​ർ​ഗ ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ആ​ദി​വാ​സി​ക​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​തും അ​വ​ർ കൈ​വ​ശംവെ​ച്ചി​രു​ന്ന​തു​മാ​യ ഭൂ​മി കൈ​മാ​റ്റംചെ​യ്തു എ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടി​ലെ ഉ​ള്ള​ട​ക്കം.

ഈ ​റി​പ്പോ​ർ​ട്ടാ​യി​രു​ന്നു അ​ക്കാല​ത്ത് യു.​ഡി.​എ​ഫി​ന്റെ പി​ടി​വ​ള്ളി. അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​ല്ലശി​ങ്ക, വ​ര​ഗം​പാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് സു​സ്​​ലോ​ൺ ക​മ്പ​നി കാ​റ്റി​ൽനി​ന്നും വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാനാ​യി ആ​ദി​വാ​സി​ഭൂ​മി ത​ട്ടി​യെ​ടു​ത്തു​വെ​ന്നും കൈ​യേ​റി​യെ​ന്നും മാ​ധ്യ​മങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​തോ​ടെ​യാ​ണ് സ്​​പെ​ഷ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ഷോ​ള​യൂ​ർ വി​ല്ലേ​ജി​ൽ സ​ർ​വേ ന​മ്പ​ർ 1275ലാ​ണ് വ്യാ​പ​ക​മാ​യി ഭൂ​മി ആ​ദി​വാ​സി​ക​ൾ​ക്ക് അ​ന്യാ​ധീ​ന​പ്പെ​ട്ട​ത്. കാ​റ്റാ​ടി​യ​ന്ത്രം സ്​​ഥാ​പി​ക്കാനും പോ​സ്റ്റ് സ്​​ഥാ​പി​ക്കാനും റോ​ഡ് നി​ർ​മി​ക്കാ​നുമാ​ണ് ആ​ദി​വാ​സി​ക​ളി​ൽനി​ന്ന് നിസ്സാരവി​ല​യ്ക്ക് സു​സ്​​ലോ​ൺ ക​മ്പ​നി സ്​​ഥ​ലം കൈ​ക്ക​ലാ​ക്കി​യ​ത്. 150ൽ​പ​രം ഏ​ക്ക​ർ ഭൂ​മി 40 വ​ർ​ഷ​മാ​യി ആ​ദി​വാ​സി​ക​ൾ കൈ​വ​ശംവെ​ച്ച​നുഭ​വി​ച്ച​താ​ണ്. ഭൂ​നി​കു​തി അ​ട​ച്ചി​രു​ന്ന 36 പേ​രു​ടെ വി​വ​ര​ങ്ങ​ളും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തി​​ന്റെ വി​സ്​​തീ​ർ​ണവും റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി. രം​ഗ​ൻ, ആ​റു​മു​ഖ​ൻ, ര​വി എ​ന്നി​വ​രു​ടെ സ്ഥ​ല​ത്ത് കാ​റ്റാ​ടിയ​ന്ത്രം സ്​​ഥാ​പി​ക്കാൻ 42,000 രൂ​പ വീ​തം ന​ൽ​കി. നി​ല​വി​ലു​ള്ള പ​ഞ്ചാ​യ​ത്ത് റോ​ഡി​ന് ഇ​രു​വ​ശ​വും ആ​ദി​വാ​സി​ക​ളു​ടെ സ്​​ഥ​ല​മാ​യി​രു​ന്നു. ഈ ​സ്​​ഥ​ല​ത്തു​നി​ന്നാ​ണ് റോ​ഡി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്.

വ​ര​ഗം​പാ​ടി ഊ​രി​ലെ നാ​ല് ആ​ദി​വാ​സി​ക​ൾ​ക്ക് പോ​സ്റ്റ് സ്​​ഥാ​പി​ക്കാൻ 12,000 രൂ​പ വീ​ത​വും റോ​ഡ് നി​ർ​മി​ക്കാൻ അ​ഞ്ച് ആ​ദി​വാ​സി​ക​ൾ​ക്ക് 12,000 രൂ​പ വീ​ത​വും ന​ൽ​കി. ആ​ദി​വാ​സി​ക​ൾ സ​ബ് ര​ജി​സ്​​ട്രാ​ർ ഓ​ഫി​സി​ലെ​ത്തി ഭൂ​മി ര​ജി​സ്റ്റ​ർ ചെ​യ്ത് കൊ​ടു​ത്തി​ട്ടി​ല്ല. അ​ഗ​ളി സ്വ​ദേ​ശി ബി​നു എ​സ്. നാ​യ​രും ആ​ന​ക്ക​ട്ടി​യി​ലു​ള്ള ശ​ങ്ക​ര​നാ​രാ​യ​ണ​നും കൂ​ടി​യാ​ണ് ന​ല്ല​ശി​ങ്ക ഊരിലെ​ത്തി ഭൂ​മി​ക്ക് വി​ല​പ​റ​ഞ്ഞ് ഉ​റ​പ്പി​ച്ച​ത്. ഇ​വ​ർ പ​റ​യു​ന്ന തു​ക​ക്ക് ഭൂ​മി ന​ൽ​കി​യാ​ൽ എ​ല്ലാ​വ​ർ​ഷ​വും കാ​റ്റാ​ടിയ​ന്ത്രം സ്ഥാ​പി​ക്കു​ന്ന സ്ഥാ​പ​നം ന​ല്ല​തു​ക ഒ​ാരോ​രുത്ത​ർ​ക്കും ന​ൽ​കു​മെ​ന്നും വാ​ഗ്ദാ​നം ന​ൽ​കി. സ്ഥ​ലം ന​ൽ​കി​യ മു​ഴു​വ​ൻ​പേ​രെ​യും പി​ന്നീ​ട് ബി​നു​വും ശ​ങ്ക​ര​നാ​രാ​യ​ണ​നും അ​ഗ​ളി സ്റ്റേ​റ്റ് ബാ​ങ്കി​ന് സ​മീ​പ​മു​ള്ള മു​റി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു. അ​വി​ടെ​വെ​ച്ച് കു​റെ മു​ദ്ര​പ​ത്ര​ങ്ങ​ളിലും റ​വ​ന്യൂ സ്റ്റാ​മ്പ് ഒ​ട്ടി​ച്ച പേ​പ്പ​റു​ക​ളി​ലും ഒ​പ്പി​ടു​വി​ച്ചു.

സോ​യി​ൽ ക​ൺ​സ​ർ​വേ​ഷ​ൻ വ​കു​പ്പ് ന​ല്ല​ശി​ങ്ക, വ​ര​ഗ​പാ​ടി ഊ​രു​ക​ളി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാൻ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ​നി​ന്ന് ക​രം അ​ട​ച്ച ര​സീ​തും കൈ​വ​ശ സ​ർ​ട്ടി​ഫി​ക്കറ്റും വാ​ങ്ങി​യി​രു​ന്നു. ഈ ​സ്ഥ​ല​ങ്ങ​ളെ​ല്ലാം ആ​ദി​വാ​സി​ക​ൾ അ​റി​യാ​തെ മ​റ്റു പ​ല​രു​ടെ​യും പേ​രി​ലും വി​ൽ​പ​ന ന​ട​ത്തി​യ​താ​യി അ​ഗ​ളി സ​ബ് ര​ജി​സ്​ട്രാർ ഓ​ഫിസി​ലെ രേ​ഖ​ക​ളി​ൽനി​ന്ന് ക​ണ്ടെ​ത്തി. സാ​ർ​ജ​ൻ (സു​സ്​​ലോ​ൺ) എ​ന്ന ക​മ്പ​നി ചെ​റി​യ തു​ക​ക്ക് വാ​ങ്ങി ഒ​ന്നും ര​ണ്ടും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഭൂ​മി പോ​പ്പി​ക്കു​ട, കേ​ര​ള സ്റ്റീ​ൽ അ​സോ​സി​യേ​റ്റ്, പി.​കെ.​ റോ​ളി​ങ് മി​ൽ​സ്, ഏ​ഷ്യ​ൻ സ്റ്റാ​ർ ക​മ്പ​നി, ഭീ​മ ജ്വ​ല്ല​റി തു​ട​ങ്ങി ഏ​താ​ണ്ട് 11 സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക് ഭീ​മ​മാ​യ തു​ക​ക്ക് മ​റി​ച്ചുവി​റ്റ​താ​യി അ​ഗ​ളി സ​ബ് ര​ജി​സ്​​ട്രാ​ർ ഓ​ഫി​സ്​ രേ​ഖ​ക​ൾ വ്യ​ക്തമാ​ക്കു​ന്നു​വെ​ന്നും ഐ.​ടി.​ഡി.​പി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി.

ഈ ​റി​പ്പോ​ർ​ട്ടി​​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക​ല​ക്ട​റു​ടെ പ​രി​ശോ​ധ​നാ വി​ഭാ​ഗം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി. വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​റ്റ​പ്പാ​ലം ആ​ർ.​ഡി.​ഒ​ക്ക് നി​ർ​ദേ​ശ​ം ന​ൽ​കി​യ​ത് അ​ന്ന​ത്തെ മ​ന്ത്രി എ.​കെ. ​ബാ​ല​നാ​ണ്. ആ​ർ.​ഡി.​ഒ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ഗ​ളി സ​ബ് ര​ജി​സ്​​ട്രാ​ർ ഓ​ഫിസ്​ നി​ല​വി​ൽ​വ​ന്ന 1987 മു​ത​ൽ 2009 വ​രെ​യു​ള്ള കാ​ല​ങ്ങ​ളി​ൽ സ​ർ​വേ 1275​ൽ ഉ​ൾ​പ്പെ​ട്ട ഭൂ​മി​യെ സം​ബ​ന്ധി​ച്ച് 101 പ്ര​മാ​ണ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സ​ർ​വേ 1275ൽ ​എ ആ​ൻ​ഡ് ബി ​ര​ജി​സ്റ്റ​ർ പ്ര​കാ​രം വി​സ്​​തീ​ർ​ണം 182.41 ഏ​ക്ക​റാ​ണ് (73.82 ഹെ​ക്ട​ർ). എ​ന്നാ​ൽ, ഈ ​വി​സ്​​തീ​ർ​ണ​ത്തി​ലും കൂ​ടു​ത​ൽ ഭൂ​മി ഈ ​സ​ർ​വേ ന​മ്പ​റി​ൽ കൈ​മാ​റ്റം ചെ​യ്തു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ശി​പാ​ർ​ശ

2010 ആഗ​സ്റ്റ് ര​ണ്ടി​ന് ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യും, പ​ട്ടി​ക​ജാ​തി​-വ​ർ​ഗ വ​കു​പ്പ് സെ​ക്ര​ട്ട​റി, നി​കു​തി വ​കു​പ്പ് സെ​ക്ര​ട്ട​റി, വ​നം സെ​ക്ര​ട്ട​റി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യും ഉ​ന്ന​ത​ത​ല ക​മ്മി​റ്റി രൂ​പവത്ക​രി​ച്ചു. ക​മ്മി​റ്റി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. കോ​ട്ടത്ത​റ വി​ല്ലേ​ജി​ലും സ​മീ​പ​ത്തു​മു​ള്ള 1275, 1273 ന​മ്പ​റുക​ളി​ലു​ള്ള ന​ല്ല​ശി​ങ്ക, വര​ഗം​പാ​ടി ആ​ദി​വാ​സി ഊ​രു​ക​ളി​ലെ ഭൂ​മിമാ​ത്ര​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്റെ പ​രി​ധി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ചീ​ഫ് സെ​ക്ര​ട്ട​റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​റിനെ​യും സി.​പി.​എ​മ്മി​നെ​യു​മാ​യി​രു​ന്നു.

429 പേ​ജു​ള്ള റി​പ്പോ​ർ​ട്ട്് പ​റ​ഞ്ഞ​ത് ഉ​ദ്യോ​ഗ​സ്​​ഥ–​രാ​ഷ്ട്രീ​യ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ അ​ര​ങ്ങേ​റി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ തു​ട​ർ​ക്കഥ​ക​ളാ​ണ്. സു​സ്​​ലോ​ൺ, സാ​ർ​ജ​ന്റ് റി​യാ​ലി​റ്റീ​സ്​ എ​ന്നീ ര​ണ്ടു ക​മ്പ​നി​ക​ൾ​ക്ക് ഭൂ​മി വാ​ങ്ങാ​നും കാ​റ്റാ​ടിയ​ന്ത്ര​ങ്ങ​ൾ സ്​​ഥാ​പി​ക്കാനും അ​നു​മ​തി ന​ൽ​കി​യ​ത് സ​ർ​ക്കാ​റിന്റെ വി​വി​ധ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്. അ​നെ​ർ​ട്ട്, അ​ഹാ​ഡ്സ് എ​ന്നീ സ്​​ഥാ​പ​ന​ങ്ങ​ളും വൈ​ദ്യു​തി ബോ​ർ​ഡ്, വ​നം,നി​കു​തി, ര​ജിസ്ട്രേ​ഷ​ൻ വ​കു​പ്പു​ക​ളും റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​സ്​​ഥാ​ന​ത്താ​ണ്. വി​വി​ധ വ​കു​പ്പു​ക​ളും ഏ​ജ​ൻ​സി​ക​ളും ഏ​കോ​പ​ന​ത്തോ​ടെ ദ്രു​ത​ഗ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ദ്യ​ത്തെ നി​ർ​ദേശം. ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി​യും സ​ർ​ക്കാ​ർ ഭൂ​മി​യും ഏ​തൊ​ക്കെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി തി​രി​ച്ചു​പി​ടി​ക്ക​ണം.

പൊ​ലീ​സും റ​വ​ന്യൂ ഡി​പ്പ​ാർ​ട്മെന്റും സം​യു​ക്തമാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. ഭൂ​മി കൈ​ക്ക​ലാ​ക്കാൻ ഗൂ​ഢാ​ലോ​ച​ന, അ​തി​ക്ര​മം, കൃ​ത്രി​മം, ത​ട്ടി​പ്പ് എ​ന്നി​വ അ​ര​ങ്ങേ​റി​യി​ട്ടു​ണ്ട്. അ​ഗ​ളി പൊലീസ്​ എ​ഫ്.​ഐ.​ആ​ർ ന​മ്പ​ർ 186/2010 എ​ടു​ത്തി​ട്ടു​ള്ള കേ​സി​ൽ ഗൗ​ര​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.,1985ലെ ​പ​ട്ടി​ക​ജാ​തി-പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം, പ​ട്ടി​ക​വ​ർഗ ഭൂ​മി കൈ​മാ​റ്റ നി​യ​ന്ത്ര​ണ​വും പു​ന​ര​വ​കാ​ശ സ്ഥാ​പ​ന​വും നി​യ​മം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ കേ​സെ​ടു​ക്ക​ണം. ബി​നു എ​സ്.​ നാ​യ​ർ, േപ്രം ​ഷ​മീ​ർ, കെ.​എ​സ്.​ ജോ​യ്, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, വി.എ​ച്ച്.​ ദി​രാ​റു​ദീ​ൻ, ബൈ​ജു, സി.​സി. ജ​യ തു​ട​ങ്ങി​യ​വ​ർ​ക്കു​ള്ള ഭൂ​മി ത​ട്ടി​പ്പി​ലെ പ​ങ്ക് വ്യ​ക്തമാ​ണെന്ന്​ റിപ്പോർട്ട്​ പറഞ്ഞു.

കോ​ട്ടത്ത​റ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റു വി​ല്ലേ​ജു​ക​ൾ സ​ർ​വേ ന​ട​ത്താ​ത്ത മേ​ഖ​ല​യാ​ണ്. 1275 ന​മ്പ​റി​ൽ അ​തു​കൊ​ണ്ടു​ത​ന്നെ ത​ണ്ട​പ്പേ​രു​ക​ൾ പ​ല​തും ക​ണ്ടെ​ത്തു​ക പ്ര​യാ​സ​ം. ക​ള്ളാ​ധാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി​ പോക്കു​വ​ര​വു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. വി​ല്ലേ​ജി​ലെ ഭൂ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ സ​ർ​വേ പൂ​ർ​ത്തീക​രി​ക്ക​ണം. അ​ട്ട​പ്പാ​ടി​യി​ലെ കോ​ട്ടത്ത​റ, അ​ഗളി, ഷോ​ളയൂർ എ​ന്നീ മൂ​ന്ന്് വി​ല്ലേ​ജു​ക​ളി​ലും സ​ർ​വേ​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. ഇ​തു​വ​ഴി ആ​ദി​വാ​സി​ക​ളു​ടെ അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി തി​രി​ച്ചുപി​ടി​ക്കാം. അ​തു​പോ​ലെ ഭാ​വി​യി​ൽ ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ടാ​തെ സം​ര​ക്ഷി​ക്കാ​ം എന്നിവയായിരുന്നു ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശം.

കോ​ട്ടത്ത​റ​യി​ലെ 1275, 1273 ന​മ്പ​റിലു​ള്ള ഭൂ​മി സ​ർ​വേ ന​ട​ത്തി​യ​ശേ​ഷം ക​ല​ക്ട​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ആ​ദി​വാ​സി​ക​ൾ​ക്കും ഭൂ​മി ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ​ക്കും സ്വ​ന്തം സ്ഥ​ല​ത്തി​ന്റെ അ​തി​ർ​ത്തി എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ല. ഇ​ത് അ​ട്ട​പ്പാ​ടി​യു​ടെ പൊ​തു​സ്ഥി​തി​യാ​ണ്. ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി 2010 ഒ​ക്ടോ​ബ​ർ 12ന് ​സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ 92ാം ഖ​ണ്ഡി​ക ഒ​ഴി​വാ​ക്കി ബാ​ക്കി ശിപാ​ർ​ശ​ മ​ന്ത്രി​സ​ഭാ​ യോ​ഗം ത​ത്ത്വത്തി​ൽ അം​ഗീ​ക​രി​ച്ചു. അ​ത​നു​സ​രി​ച്ച് 2010 ന​വം​ബ​ർ 12ന് ​അ​ഡീ​ഷ​നൽ ചീ​ഫ് സെ​ക്ര​ട്ട​റി നി​വേ​ദി​ത പി.​ ഹ​ര​ൻ ഉ​ത്ത​ര​വ് ഇ​റ​ക്കി. സ​മ​ഗ്ര​മാ​യ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. റ​വ​ന്യൂ വ​കു​പ്പ് തു​ട​ർന​ട​പ​ടി​യും തു​ട​ങ്ങി. ഭൂ​മി ന​ഷ​്ട​പ്പെ​ട്ട ആ​ദി​വാ​സി​ക​ളി​ൽ​നി​ന്നും 1999ലെ ​നി​യ​മ​പ്ര​കാ​രം പ​രാ​തി സ്വീ​ക​രി​ക്കാ​ൻ പ്ര​ത്യേ​കം ഓ​ഫി​സ്​ ആ​രം​ഭി​ച്ചു. അ​ട്ട​പ്പാ​ടി പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ വി​ല്ലേ​ജു​ക​ളി​ലും റീ​സ​ർ​വേ ആ​രം​ഭിച്ചു.

ആ​ത്മ​ഹ​ത്യ സ​മ​രാ​യു​ധ​മാ​ക്കി​യ പൊ​ന്നി

കാ​റ്റാ​ടി സ​മ​ര​ത്തി​ന്റെ ആ​ര​വ​മെ​ല്ലാം കെ​ട്ട​ട​ങ്ങി​യ​പ്പോ​ൾ പൊ​ന്നി​യെ​ന്ന ആ​ദി​വാ​സി സ്​​ത്രീ താ​ൻ ഒ​രി​ക്ക​ലും ഈ ​സ​മ​ര​ത്തി​ൽ വി​ജയിക്കി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ആ​ത്മ​ഹ​ത്യ ചെ​യ്തു. സ​മ​ര​ത്തി​ന് മു​ൻനി​ര​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ന്നി ഷോ​ള​യൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ മു​ന്നി​ലാ​ണ് ക​യ​റി​ൽ തൂങ്ങി​നി​ന്ന​ത്. അതും മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​ക്കാ​ർ ആ​രും അറി​ഞ്ഞ​താ​യി ന​ടി​ച്ചി​ല്ല. ഡ​ൽ​ഹി​യി​ൽ​പോ​യി സോ​ണി​യ​ ഗാ​ന്ധി​യെ​യും രാ​ഹു​ലി​നെ​യും ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യ സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു പൊ​ന്നി. അ​വ​രെ ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച​താ​ക​ട്ടെ മു​ൻ​മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ​ രാ​ധാ​കൃ​ഷ്ണ​നാ​ണ്.

അ​ദ്ദേ​ഹ​വും പി​ന്നീ​ട് ആ​ദി​വാ​സി​ക​ളെ തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. പൊ​ന്നി​ക്കൊ​പ്പം ഡ​ൽ​ഹി​യി​ൽ പോ​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​മ​ല​യും മ​രി​ച്ചു. പ​രാ​തി ന​ൽ​കി​യാ​ൽ ഭൂ​മി തി​രി​ച്ചുപി​ടി​ക്കാ​മെ​ന്ന് കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ഉ​റ​പ്പ് ന​ൽ​കി​യ​തി​നാ​ലാണ് ആ​ദി​വാ​സി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​ത്. കാ​ര​ണം, വ​ര​ഗം​പാ​ടി ഊ​രി​ലെ ആ​ദി​വാ​സി​ക​ൾ ഏ​തോ കാ​ല​ത്ത് കോ​ൺ​ഗ്ര​സിനൊപ്പം ചേർന്നിരുന്നു. അ​ട്ട​പ്പാ​ടി​യി​ൽ​നി​ന്ന് ആ​റം​ഗ​സം​ഘമാണ്​ ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചത്​. ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലും എ​ന്തൊ​​െക്ക​യോ എ​ഴു​തി​യ കടലാ​സു​ക​ളി​ൽ ആ​ദി​വാ​സി​ക​ൾ ഒ​പ്പി​ട്ടു. അ​തെ​ല്ലാം ഭൂ​മി തി​രി​ച്ചു​കി​ട്ടാ​നു​ള്ള വ​ഴി​ക​ളാ​ണെ​ന്ന്​ നേ​താ​ക്ക​ൾ ബോ​ധ്യ​പ്പെ​ടു​ത്തി. ആ​ദി​വാ​സി​ക​ളെ സോ​ണി​യ​ക്കും രാ​ഹു​ലിനു​മൊ​പ്പം നി​ർ​ത്തി ഫോ​ട്ടോ​യെ​ടു​ത്തു.

2010 സെ​പ്റ്റം​ബ​ർ 15ന്​ മല​യാ​ള​ പ​ത്ര​ങ്ങ​ളി​ൽ വ​ന്ന ത​ങ്ങ​ളു​ടെ ഫോ​ട്ടോ ഇ​ന്നും മാ​യാ​ത്ത ച​രി​ത്ര​രേ​ഖ​പോ​ലെ ആ​ദി​വാ​സി​ക​ൾ സൂ​ക്ഷി​ച്ചു​വെ​ച്ചി​രി​ക്കു​ന്നു. 2011ലെ ​നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് വി​ജ​യി​ച്ചു. എ​ല്ലാ​വ​രും അ​ട്ട​പ്പാ​ടി​ക്കാ​ര​നാ​യ കെ.​പി.​സി.സി ​അം​ഗം പി.​സി. ബേ​ബി​യെ ക​ണ്ടു. ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ തീ​രെ സ​മ​യ​മി​ല്ലെ​ന്ന് അദ്ദേഹംഅ​റി​യി​ച്ചു. തി​രു​വ​ഞ്ചൂ​ർ അ​ഗ​ളി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നംചെ​യ്യാൻ അ​ട്ട​പ്പാ​ടി​യി​ലെ​ത്തി. ആ​ദി​വാ​സി​കൾ തി​രു​വ​ഞ്ചൂ​രി​നെ നേ​രി​ൽ​കണ്ടു. എ​ല്ലാം ശ​രി​യാ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹ​വും ഉ​റ​പ്പ് ന​ൽ​കി. അദ്ദേഹവും മ​ണ്ണാ​ർ​ക്കാ​ട് ആ​ർ.​ഡി.​ഒ​യും ഐ.​ടി.​ഡി.​പി​യും ഒ​ന്നും ചെ​യ്തി​ല്ല.

ഇ​ക്കാ​ല​ത്ത് പൊ​ന്നി എ​ല്ലാ ആ​ഴ്ച​യി​ലും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്ക് മു​ന്നി​ൽ ഭൂ​മി​ക്കാ​യി കാ​ത്തു​നി​ന്നു. ര​ണ്ടു​വ​ർ​ഷം​മു​മ്പ് തീ​രു​മാ​നി​ച്ചു​റ​ച്ച​പോ​ലെ അ​വ​ർ ഷോ​ള​യൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി. അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി തി​രി​ച്ചു കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ട്ടു​നി​ന്ന​വ​ർ ഇ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്ന്​ വി​ധി​യെ​ഴു​തി. പി​ന്നെ​യാ​രും പൊ​ന്നി​യെ ശ്ര​ദ്ധി​ച്ചി​ല്ല. വൈ​കീട്ട് സ്​​കൂ​ളി​ൽ​നി​ന്ന് എ​ത്തി​യ പേ​ര​ക്കു​ട്ടി​ പൊ​ന്നി​​െയ തി​ര​ഞ്ഞു. ഒ​ടു​വി​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന് മു​ന്നി​ലു​ള്ള മാ​വി​ൽ തൂ​ങ്ങി​ന​ിൽ​ക്കു​ന്ന​ത് ക​ണ്ടെ​ത്തി. പൊ​ന്നി​യുടേ​ത് ഭ​ര​ണ​കൂ​ട കൊ​ല​പാ​ത​ക​മാ​യി​രു​ന്നു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​കരും പ​ട്ടി​ക​ജാ​തി ഗോ​ത്ര ക​മീഷ​നും ഇ​തൊ​ന്നും അ​റി​ഞ്ഞ​തേ​യി​ല്ല.

ആ​ദി​വാ​സി​യു​ടെ ഭൂ​മി​യി​ൽ കാ​റ്റാ​ടി സ്​​ഥാ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്റെ അ​ഞ്ച് ശ​ത​മാ​നം ആ​ദി​വാ​സി​ക​ൾക്ക്​ ന​ൽ​ക​ണ​മെ​ന്ന ന​യ​വും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ 2011 സെ​പ്റ്റംബ​ർ ആ​റി​ന് (ന​മ്പ​ർ 34/2011) ഉ​ത്ത​ര​വു​മി​റ​ക്കി. ഈ ​ഉ​ത്ത​ര​വു​ക​ളൊന്നും പൊന്നിക്ക്​ ഗുണമായില്ല. ചീ​ഫ് സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കു​മ്പോ​ൾ വൈ​ദ്യു​തി–​എ​സ്.​സി/​എ​സ്.​ടി വ​കു​പ്പു​ക​ളുടെ മന്ത്രി എ.​കെ.​ ബാ​ല​നാ​യി​രു​ന്നു. നീ​തി​യു​ടെ പ​ക്ഷ​ത്താ​യി​രു​ന്നി​ല്ല ബാ​ല​നെ​ന്ന് അ​ന്ന​ത്തെ അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​സ്​​താ​വ​ന​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. കാ​റ്റി​ൽനി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ചാ​ൽ വ​ലി​യ​ തു​ക സ​മ്പാ​ദി​ക്കാം. വൈ​ദ്യു​തി ബോ​ർ​ഡ് 2011 ജൂ​ലൈ നാ​ലി​ന് ന​ൽ​കി​യ ക​ണ​ക്ക​​ുപ്രകാരം ആ​ദ്യ മൂ​ന്നു വ​ർ​ഷ​ത്തി​ൽത​ന്നെ ഏ​താ​ണ്ട് 24 കോ​ടി രൂ​പ അവർക്ക്​ ലഭിച്ചിട്ടുണ്ട്​.

സ​ർ​ക്കാ​ർ കൈ​യേ​റ്റത്തിന്​ ഒ​പ്പം

വി​വാ​ദ​ത്തി​നി​ട​യി​ൽ കേ​ര​ള​ത്തി​ൽ ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​യി. യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി. 2011 ആഗ​സ്റ്റ് 24ന് ​സു​സ്​​ലോ​ൺ ക​മ്പ​നി പ്ര​തി​നി​ധി​ക​ളും റ​വ​ന്യൂ അ​ധി​കൃ​ത​രുമായി ഭൂ​പ്ര​ശ്നം മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി ച​ർ​ച്ച ന​ട​ത്തി. അ​ന്ന് സ​ർ​ക്കാ​റി​ന്റെ ര​ഹ​സ്യ ഉ​റ​പ്പ് ഉ​ട​മ​ക​ൾ​ക്ക് ല​ഭി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പി​ൽ​ക്കാ​ല സം​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്ന തെ​ളി​വ്. അ​തേ​സ​മ​യം, മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്തമാ​യ തീ​രു​മാ​ന​മെ​ടു​ത്തു. കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ സു​സ്​ലോ​ണി​ന്റെ​യും അ​നു​ബ​ന്ധ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും കൈ​വ​ശ​മു​ള്ള ആ​ദി​വാ​സി​ക​ളു​ടേ​തെ​ന്ന് ക​ണ്ടെ​ത്തി​യ 85.21 ഏ​ക്ക​ർ ഭൂ​മി തി​രി​ച്ചെ​ടു​ത്ത് ആ​ദി​വാ​സി​ക​ൾ​ക്ക് ന​ൽ​കാ​നാ​യി​രു​ന്നു ഒ​ന്നാ​മ​ത്തെ തീ​രു​മാ​നം.

സു​സ്​ലോ​ൺ ക​മ്പ​നി​ക്ക് കൈ​വ​ശം ഭൂ​മി​യി​ല്ല. എ​ന്നാ​ൽ, സ​ഹ​സ്​​ഥാ​പ​ന​ങ്ങ​ളാ​യ ശു​ഭ് റി​യാ​ലി​റ്റീ​സ്, സാ​ർ​ജ​ന്റ് റി​യാ​ലി​റ്റീ​സ്​ എ​ന്നീ​ ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ 608.45 ഏ​ക്ക​ർ ഭൂ​മി​യു​ണ്ട്. ഇ​തി​ൽ ആ​ദി​വാ​സി ഭൂ​മി​ക്ക് അ​ടി​യ​ന്തര​മാ​യി പ​ട്ട​യം ന​ൽ​കാ​ൻ വേ​ണ്ട ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ര​ണ്ടാ​മ​ത്തേ​ത് ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി​യി​ലെ കാ​റ്റാ​ടിയ​ന്ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​നും ഇ​തി​ന്റെ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് ഭൂ​മി​യു​ടെ ഉ​ട​മ​സ്​​ഥ​രു​മാ​യി ച​ർ​ച്ചചെ​യ്ത് തീ​രു​മാ​ന​മെ​ടുക്കാ​നും ഉ​ത്ത​ര​വാ​യി. നി​ല​വി​ലു​ള്ള ക്ര​ിമി​ന​ൽ​കേ​സു​ക​ളി​ലെ ന​ട​പ​ടി​ ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു മൂ​ന്ന​ാമ​ത്തെ തീ​രു​മാ​നം. 2011 സെ​പ്റ്റം​ബ​ർ 23ന് ​ഈ മൂ​ന്ന് കാ​ര്യ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് അ​ഡീ​ഷ​നൽ ചീ​ഫ് സെ​ക്ര​ട്ട​റി നി​വേ​ദി​ത പി.​ ഹ​ര​ൻ ഉ​ത്ത​ര​വി​ട്ട​ത്.

ഉ​ത്ത​ര​വ് പ്ര​കാ​രം ഷോ​ള​യൂ​ർ, അ​ഗ​ളി, കോ​ട്ട​ത്ത​റ എ​ന്നീ വി​ല്ലേ​ജു​ക​ൾ പ്ര​ത്യേ​ക സം​ഘ​ത്തെ ഉ​പ​യോ​ഗി​ച്ച് സ​ർ​വേ പൂ​ർ​ത്തീ​ക​രി​ക്കാൻ സ​ർ​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ​ർ​വേ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാൻ 49 സ​ർ​വേ​യ​ർ​മാ​രെ നി​യോ​ഗി​ച്ചു. കോ​ട്ട​ത്ത​റ 1032 സ​ർ​വേ ന​മ്പ​റുക​ളി​ലെ ലൊക്കേ​ഷ​ൻ സ​ബ് ഡി​വി​ഷ​നു​ക​ളും പു​തി​യ സ​ബ് ഡി​വി​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടെ 3620.04 ഹെ​ക്ട​ർ പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ക​ല​ക്ട​റും അ​റി​യ​ിച്ചു. അ​ഗ​ളി വി​ല്ലേ​ജി​ൽ 5541 സ​ബ് ഡി​വി​ഷ​നു​ക​ളി​ലാ​യി 3757.61 ഹെ​ക്ട​ർ വി​സ്​​തീ​ർ​ണ സ​ർ​വേ​യും ഷോ​ള​യൂ​ർ വി​ല്ലേ​ജി​ൽ 1822.51 ഹെ​ക്ട​ർ സ​ർ​വേ​യും പൂ​ർ​ത്തി​യാ​ക്കി.

ആ​ദി​വാ​സി ഭൂ​മി വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​ക​ളി​ൽ നാ​ലു കേ​സു​ക​ളി​ലാ​യി സ്​​ഥ​ലം വീ​ണ്ടെ​ടു​ത്തു ന​ൽ​കാൻ ഒ​റ്റ​പ്പാ​ലം റ​വ​ന്യൂ ഡി​വി​ഷ​നൽ ഓ​ഫിസ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ന്ന​താ​ണെ​ന്നും ക​ല​ക്ട​ർ വ്യ​ക്തമാ​ക്കി. എ​ന്നാ​ൽ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ​ക്കും 2011 സെ​പ്റ്റം​ബ​ർ 23ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നു​മെ​തി​രെ സാർജന്റ്റി​യാ​ലി​റ്റീ​സ്​ ഹൈ​കോ​ട​തി​യി​ൽ കേ​സ്​ ഫ​യ​ൽ​ചെ​യ്തു. ഉ​ത്ത​ര​വിന്റെ നി​യ​മ​സാ​ധു​ത അ​വ​ർ ചോ​ദ്യം​ചെ​യ്തു. ഹ​ര​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ 1999ലെ ​കെ.​എ​സ്.​ടി നി​യ​മം വി​ഭാ​വ​നം ചെ​യ്യു​ന്ന ന​ട​പ​ടി​ സ്വീ​ക​രി​ക്കാനു​ള്ള അ​ധി​കാ​രം സ​ർ​ക്കാ​റി​ൽ നി​ക്ഷി​പ്ത​മ​ല്ലെ​ന്ന് ഹൈ​കോ​ട​തി ന​ിരീ​ക്ഷി​ച്ചു. 2011 സെ​പ്റ്റം​ബ​ർ 23ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ​്തു. തു​ട​ർ​ന്ന് 2012 ഏ​പ്രി​ൽ 30ന് ​നി​യ​മ​വ​കു​പ്പി​ന്റെ ഉ​പ​ദേ​ശം തേ​ടി.

 

ഡൽഹി സന്ദർശിച്ച പൊന്നിയും മറ്റ്​ ആദിവാസികളും സോണിയ ഗാന്ധിക്കും തിരുവഞ്ചൂർ രാധാകൃഷ്​ണനുമൊപ്പം

കെ.​എ​സ്.​ടി നി​യ​മ​ത്തി​ൽ പ​രി​മി​തി​യു​ണ്ടെ​ന്ന് ഹൈ​കോട​തി 2011 ഡി​സം​ബ​ർ 20ന് ​നി​രീ​ക്ഷി​ച്ച​തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. റ​വ​ന്യൂ സ്​​പെ​ഷൽ​ ഗ​വ.​ പ്ലീ​ഡ​ർ ന​ൽ​കി​യ നി​യ​മോ​പ​ദേ​ശ​ത്തി​ൽ 1999ലെ ​നി​യ​മം ഭേ​ദ​ഗ​തി​ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. കേ​സി​ൽ 2011ലെ ​സ്റ്റേ തു​ട​രു​ക​യാ​ണ്. എ​തി​ർ സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ൽ​ചെ​യ്യാൻ 2019 ഏ​പ്രി​ൽ മൂ​ന്നി​നാ​ണ് റ​വ​ന്യൂ വ​കു​പ്പ് അ​ഡ്വ​ക്കറ്റ് ജ​ന​റ​ലി​ന് ക​ത്ത​യ​ച്ച​ത്. അ​ന്തി​മ​തീ​രു​മാ​നം കോ​ട​തി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​തു​വ​രെ ഫ​യ​ൽ അ​ട​ച്ചു​വെ​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ് തീ​രു​മാ​നി​ച്ചു. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് ഇ​പ്പോ​ഴും സം​ഭ​വി​ച്ച​തെ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. ഇ​തി​ൽ​നി​ന്ന് സ​ർ​ക്കാ​റും റ​വ​ന്യൂ വ​കു​പ്പും ആ​രു​ടെ കൂ​ടെ​യെ​ന്ന് വ്യ​ക്തം.

ആ​ദി​വാ​സി​ക​ളു​മാ​യി സ​മ​വാ​യം

മ​ണ്ണാ​ർ​ക്കാ​ട് മൂ​പ്പി​ൽ നാ​യ​രു​ടെ കു​ടും​ബാം​ഗം എ​ന്ന നി​ല​യി​ൽ കെ.​എം. ശ​ശീ​ന്ദ്ര​ൻ ഉ​ണ്ണി 2011 ആഗ​സ്റ്റ് 25ന് ​റ​വ​ന്യൂ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് അ​യ​ച്ചു. തനിക്ക്​ കു​ന്ന​ത്താ​ട്ട് മാ​ട​മ്പി​ൽ ത​റ​വാ​ട് കാ​ര​ണ​വ​ർ​ക്കു​ള്ള (മ​ണ്ണാ​ർ​ക്കാ​ട് മൂ​പ്പി​ൽ നാ​യ​ർ​ക്ക്) അ​വ​കാ​ശ​ത്തെ​ക്കു​റി​ച്ചാ​ണ് പ​രാ​തി​. അ​ട്ട​പ്പാ​ടി​യി​ൽ 2000 ഏ​ക്ക​റി​ൽ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​തി​നാ​ൽ ഇ​ന്നേ​വ​രെ ന​ട​ന്നി​ട്ടു​ള്ള എ​ല്ലാ കൈ​മാ​റ്റ​ങ്ങ​ളും റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത് സം​ബ​ന്ധി​ച്ച് നി​യ​മ​വ​കു​പ്പിന്റെ ഉ​പ​ദേ​ശം തേ​ടി. മൂ​പ്പി​ൽ നാ​യ​രോ അ​വ​കാ​ശി​ക​ളോ സീ​ലി​ങ് റി​ട്ടേ​ൺ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ആ ​ഭൂ​മി സ​ർ​ക്ക​ാറി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്ന് 2014 ജൂ​ലൈ 21ന് ​നി​യ​മ​വ​കു​പ്പ് ജോ​യന്റ് സെ​ക്ര​ട്ട​റി മ​റു​പ​ടി ന​ൽ​കി. ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ കെ.​എ​ൽ.​ആ​ർ നി​യ​മത്തി​ലെ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സം​സ്​​ഥാ​ന ലാ​ൻ​ഡ് ബോ​ർ​ഡി​നോ​ട് 2014 ഡി​സം​ബ​ർ 12ന് ​ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ 1273, 1275 എ​ന്നീ സ​ർ​വേ ന​മ്പ​റുക​ളി​ലാ​യി അ​ഗ​ളി, പു​തൂ​ർ ലാ​ൻ​ഡ് ൈട്ര​ബ്യൂ​ണ​ലുക​ൾ ന​ൽ​കി​യ 17 പ​ട്ട​യ​ങ്ങ​ളു​ടെ നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ലാ​ൻ​ഡ്ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ലാ​ൻ​ഡ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി 2017 ഡി​സം​ബ​ർ 20ന് ​ന​ൽ​കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം അ​ഗ​ളി, പു​തൂ​ർ ലാ​ൻ​ഡ് ൈട്ര​ബ്യൂ​ണ​ൽ ഇ​ന്ന് നി​ല​വി​ലി​ല്ല. ഈ ​ഓ​ഫിസു​ക​ളു​ടെ ഫ​യ​ലു​ക​ൾ ഒ​റ്റ​പ്പാ​ലം ലാ​ൻ​ഡ് ൈട്ര​ബ്യൂ​ണ​ലി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. മൂ​പ്പി​ൽ സ്​​ഥാ​ന​മാ​ണ് പ​ട്ട​യ ഫ​യ​ലു​ക​ളി​ൽ ജ​ന്മിയാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജ​ന്മി​ക്ക് നോ​ട്ടീ​സ്​ ന​ൽ​കു​ക, പൊ​തു​നോ​ട്ടീ​സ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടിക്ര​മ​ങ്ങ​ൾ പാ​ലി​ച്ചോ​യെ​ന്നു ഫ​യ​ൽ പ​രി​ശോ​ധി​ച്ചാലേ അ​റി​യാ​ൻ ക​ഴി​യൂ.

2010ൽ ​നി​ന്ന് 2018ലെ​ത്തി​യ​പ്പോ​ൾ ഇ​ട​തു​ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും ആ​ദി​വാ​സി​ക​ളെ കൈ​യൊ​ഴി​ഞ്ഞു. ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി ല​ഭി​ച്ചി​രു​ന്നു​വെ​ന്നതും അ​ത് കൈ​മാ​റ്റം ന​ട​ന്ന് സു​സ്​​ലോ​ൺ എ​ന്ന ക​മ്പ​നി​യു​ടെ കൈ​യി​ൽ എ​ത്തി​യെ​ന്ന​തും ലാ​ൻ​ഡ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്തമാ​ണെ​ങ്കി​ലും കൈ​മാ​റ്റം സം​ബ​ന്ധി​ച്ച രേ​ഖ​ക​ളെ​ല്ലാം കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ന​ഷ്ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ണ്ണ​ത്തി​ൽ വ​ള​രെ കു​റ​ച്ചു മാ​ത്രം വ​രു​ന്ന ആ​ദി​വാ​സി​ക​ളു​മാ​യി ഒ​രു സ​മ​വാ​യ ഫോ​ർ​മു​ല ഉ​ണ്ടാ​ക്കു​ക എ​ന്ന​തുമാ​ത്ര​മാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​ന് ചെ​യ്യാ​നാ​വു​ക എ​ന്നാ​ണ് 2018 മാ​ർ​ച്ചി​ൽ റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പി.​എ​ച്ച്. കു​ര്യ​നും ഫ​യ​ലി​ൽ കു​റി​ച്ചത്. ആ​ദി​വാ​സി​ക​ളു​മാ​യി സ​മ​വാ​യ​ത്തി​ലെ​ത്താ​നു​ള്ള റ​വ​ന്യൂ​ വ​കു​പ്പിന്റെ തീ​രു​മാ​നം കൈ​യേ​റ്റ​ക്കാ​ർ​ക്ക് ഊ​ർ​ജം പ​ക​ർ​ന്നു.

വ്യാ​ജ പ്ര​മാ​ണ​ങ്ങ​ൾ

അ​ട്ട​പ്പാ​ടി​യി​ൽ ഇ​പ്പോ​ൾ വ്യാ​ജ പ്ര​മാ​ണ​ങ്ങ​ളു​ടെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലാ​ണ്. പ​ത്തേ​ക്ക​ർ ഭൂ​മി​യു​ണ്ടാ​യി​രു​ന്ന ആ​ദി​വാ​സി കു​ടും​ബ​ത്തി​ന് 50 ​സെന്റ് ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ​യാ​ണ് പു​തി​യ കൈ​യേ​റ്റം.

വ്യാ​ജ ആ​ധാ​ര​വു​മാ​യെ​ത്തു​ന്ന കൈ​യേ​റ്റ​ക്കാ​ർ ഭൂ​മി സ​ർ​വേ ചെ​യ്ത് അ​തി​ർ​ത്തി തി​രി​ച്ച് ല​ഭി​ക്കാ​ൻ ആ​ദ്യം വി​ല്ലേ​ജി​ലും പി​ന്നെ താ​ലൂ​ക്കി​ലും അ​പേ​ക്ഷ ന​ൽ​കും. കാ​ര​ണം ഇ​വ​ർ​ക്കൊ​ന്നും ഭൂ​മി എ​വി​ടെ​യാ​ണെ​ന്നുപോ​ലും അ​റി​യി​ല്ല. നേ​രി​ട്ട് ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ദി​വാ​സി​ക​ൾ എ​തി​ർ​ക്കു​മെ​ന്ന് അ​റി​വു​ള്ള റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​ജ ആ​ധാ​ര​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രെ കോ​ട​തി​യി​ലേ​ക്ക് പ​റ​ഞ്ഞുവി​ടും. കോ​ട​തി​യി​ൽ ആ​ദി​വാ​സി ഭൂ​മി​യാ​ണെ​ന്ന സൂ​ച​നപോ​ലും ന​ൽ​കി​ല്ല.

വ​സ്തു ഉ​ട​മ​സ്ഥ​താ ത​ർ​ക്കം എ​ന്ന നി​ല​യി​ല​ല്ല കേ​സ് ന​ൽ​കു​ന്ന​ത്. സ​ർ​വേ​യും അ​തി​ര​ട​യാ​ള​വും ച​ട്ട​പ്രക​ാരം ഭൂ​മി അ​ള​ന്ന് ന​ൽ​ക​ണ​മെ​ന്നാ​ണ് ഹൈ​കോ​ട​തി​യ​ിൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ഞ്ചും പ​ത്തും ഏ​ക്ക​ർ ഭൂ​മി​യാ​ണ് ഇ​ങ്ങ​നെ വ്യ​ക്തി​ക​ൾ സ്വ​ന്ത​മാ​ക്കു​ന്ന​ത്. ട്ര​സ്റ്റു​ക​ളു​ടെ പേ​രി​ൽ 100ലേ​റെ ഏ​ക്ക​റും. പി​ന്നെ മ​റി​ച്ച് വി​ൽപ​ന​യാ​ണ്. ഓ​രോ വി​ൽപന​ക്കും പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്ക് വ​ലി​യ തു​ക​ കി​ട്ടും.ആ​ദി​വാ​സി​ക​ൾ​ക്ക് കേ​സ് ന​ട​ത്താ​ൻ ലീ​ഗ​ൽ സ​ർ​വിസ​സ് സൊ​സൈ​റ്റി​യു​ടെ പേ​രി​ൽ ഒ​രാ​ൾ അ​ട്ട​പ്പാ​ടി ഊ​രു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. അ​ട്ട​പ്പാ​ടി​ക്കാ​ര​ന​ല്ലാ​ത്ത ഇ​ദ്ദേ​ഹം ലീ​ഗ​ൽ സ​ർ​വിസ​സ് സൊ​സൈ​റ്റി​യു​ടെ ഏ​ജ​ന്റ് ആ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തെ ഏ​ൽ​പി​ച്ച എ​ല്ലാ കേ​സു​ക​ളി​ലും ആ​ദി​വാ​സി​ക​ൾ തോ​റ്റു. 1975ലെ ​നി​യ​മ​മ​നു​സ​രി​ച്ച് ഉ​ത്ത​ര​വ് ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​ദ്ദേ​ഹം ആ​ദി​വാ​സി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഉ​റ​പ്പ്.

1999ൽ ​കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യ നി​യ​മം 2009ൽ ​സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി എ​ന്നാ​ണ് ഇ​ദ്ദേ​ഹം ആ​ദി​വാ​സി​ക​ളെ പ​റ​ഞ്ഞ് പ​ഠി​പ്പി​ക്കു​ന്ന​ത്. ആ​ദി​വാ​സി ആ​ക്ഷ​ൻ കൗ​ൺ​സി​ൽപോ​ലെ​യു​ള്ള സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ളും ഇ​ത് ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഹൈ​കോ​ട​തി​യി​ൽനി​ന്ന് 1975ലെ ​നി​യ​മം ന​ട​പ്പാ​ക്ക​ണം എ​ന്ന ഉ​ത്ത​ര​വ് ഉ​ട​ൻ ല​ഭി​ക്കുമെ​ന്നാ​ണ് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​ദി​വാ​സി​ക​ളോ​ട് പ​റ​യു​ന്ന​ത്. ഹൈ​കോ​ട​തി​യി​ൽ ലീ​ഗ​ൽ സ​ർ​വിസ​സ് സൊ​സൈ​റ്റി​യി​ലെ അ​ഡ്വ. ഉ​ണ്ണി​ന​മ്പൂ​തി​രി കേ​സ് വാ​ദി​ക്കു​ന്നുണ്ടെ​ന്നും ആ​ക്ഷ​ൻ കൗ​ൺ​സി​ൽ പ​റ​യു​ന്നു. ഉ​ണ്ണി ന​മ്പൂ​തി​രി വാ​ദി​ച്ച കേ​സി​ലെ ആ​ദി​വാ​സി ഭൂ​മി ഇ​പ്പോ​ൾ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ കൈ​യേ​റ്റ​ക്കാ​രന്റെ കൈ​വ​ശ​മാ​ണ്.

ഭൂമി എവിടെ?

അ​ട്ട​പ്പാ​ടി​യി​ൽ ഇ​ട​തു സ​ർ​ക്കാ​ർ 1999 മു​ത​ൽ 2020 വ​രെ അ​ഞ്ച് ത​വ​ണ​യാ​യി വി​ത​ര​ണംചെ​യ്ത 1800 ഏ​ക്ക​ർ പ​ട്ട​യ​ഭൂ​മി എ​വി​ടെ എ​ന്ന ചോ​ദ്യ​മാ​ണ് ആ​ദി​വാ​സി​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്. ഇ​പ്പോ​ൾ ആ ​പ​ട്ട​യ​ഭൂ​മി​യി​ൽ ആ​രെ​ങ്കി​ലും നി​കു​തി അ​ട​ക്കുന്നു​ണ്ടോ? പ​ട്ട​യം ന​ൽ​കി​യ ആ​ദി​വാ​സി ഭൂ​മി മ​റി​ച്ചുന​ൽ​കു​ന്ന​തി​ന് നി​യ​മ​മു​ണ്ടോ? പ​ല ജി​ല്ല​ക​ളി​ലും പ​ല പേ​രു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ട്ര​സ്റ്റു​ക​ൾ അ​ട്ട​പ്പാ​ടി​യി​ൽ എ​ന്തി​നു​വേ​ണ്ടി​യാ​ണ് ഭൂ​മി വാ​ങ്ങു​ന്ന​ത്?

ക​ഴി​ഞ്ഞ ഒ​രുവ​ർ​ഷം അ​ഗ​ളി സ​ബ് ര​ജി​സ്ട്രാർ ഓ​ഫി​സി​ൽ എ​ത്ര ഏ​ക്ക​ർ ഭൂ​മി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്നു? അ​ഗ​ളി സ​ബ് ര​ജി​സ്ട്രാർ ഓ​ഫിസി​ൽ ഇ​ത്ര​മാ​ത്രം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ കാ​ര​ണം എ​ന്താ​ണ്? വി​ല്ലേ​ജ് താ​ലൂ​ക്ക് സ​ബ് ര​ജി​സ്ട്രാർ ഓ​ഫിസു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ യൂ​നി​യ​നു​ക​ൾ ഈ ​കൈ​യേ​റ്റ​ത്തി​ന് സ​ഹാ​യം ന​ൽ​കു​ന്നി​ല്ലേ? അ​ന്ന​ത്തി​നുപോ​ലും വ​ക​യി​ല്ലാ​ത്ത ആ​ദി​വാ​സി​ക​ളെ കു​രു​തി കൊ​ടു​ത്ത് ഭൂ​മി ത​ട്ടി​യെ​ടു​ക്കു​ന്ന വ​ലി​യൊ​രു സാ​മൂ​ഹി​കവി​രു​ദ്ധ പ്ര​സ്ഥാ​നം അ​ട്ട​പ്പാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലേ? ഈ ​ചോ​ദ്യ​ത്തി​നെ​ല്ലാം ഉ​ത്ത​രം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ​യോ ലാ​ൻഡ് റ​വ​ന്യൂ ക​മീ​ഷ​ണ​റു​ടെ​യോ നേ​തൃ​ത്വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്ക​ണം.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT