അ​വ​ളു​ടെ രാ​വു​ക​ളും അ​ച്ച​ടി​സാ​ഹി​ത്യ​ത്തി​ന്റെ വ​രേ​ണ്യ​ത​ക​ളും

ഐ.വി. ശശി സംവിധാനംചെയ്ത ​‘അ​വ​ളു​ടെ രാ​വു​ക​ൾ’ ഇറങ്ങിയിട്ട്​ നാലര പതിറ്റാണ്ട്​. ആ സിനിമയും അതിന്‍റെ തിരക്കഥയുടെ പ്രസാധനത്തെയും നേരിട്ട വെല്ലുവിളികളെയും മാറിയ മലയാളി ഭാവുകത്വത്തെയും കുറിച്ച്​ എഴുതുകയാണ്​ ലേഖകൻ.‘അ​വ​ളു​ടെ രാ​വു​ക​ൾ’ (1978) എ​ന്ന സി​നി​മ പു​റ​ത്തി​റ​ങ്ങു​ന്ന കാ​ല​ത്ത് ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​രു​ടേ​താ​യ അ​വ​കാ​ശ​ങ്ങ​ളു​ണ്ട് എ​ന്ന വി​ചാ​രംപോ​ലും കേ​ര​ള​ത്തി​ൽ രൂ​പംകൊ​ണ്ടി​രു​ന്നി​ല്ല. അ​വ​ർ മ​നു​ഷ്യ​രാ​യി​പ്പോ​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു പോ​ന്നി​ട്ടി​ല്ല. പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മാ​ത്ര​മ​ല്ല തെ​രു​വി​ലും അ​വ​ർ ‘വേ​ശ്യ’ എ​ന്ന്...

ഐ.വി. ശശി സംവിധാനംചെയ്ത ​‘അ​വ​ളു​ടെ രാ​വു​ക​ൾ’ ഇറങ്ങിയിട്ട്​ നാലര പതിറ്റാണ്ട്​. ആ സിനിമയും അതിന്‍റെ തിരക്കഥയുടെ പ്രസാധനത്തെയും നേരിട്ട വെല്ലുവിളികളെയും മാറിയ മലയാളി ഭാവുകത്വത്തെയും കുറിച്ച്​ എഴുതുകയാണ്​ ലേഖകൻ.

‘അ​വ​ളു​ടെ രാ​വു​ക​ൾ’ (1978) എ​ന്ന സി​നി​മ പു​റ​ത്തി​റ​ങ്ങു​ന്ന കാ​ല​ത്ത് ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​രു​ടേ​താ​യ അ​വ​കാ​ശ​ങ്ങ​ളു​ണ്ട് എ​ന്ന വി​ചാ​രംപോ​ലും കേ​ര​ള​ത്തി​ൽ രൂ​പംകൊ​ണ്ടി​രു​ന്നി​ല്ല. അ​വ​ർ മ​നു​ഷ്യ​രാ​യി​പ്പോ​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു പോ​ന്നി​ട്ടി​ല്ല. പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മാ​ത്ര​മ​ല്ല തെ​രു​വി​ലും അ​വ​ർ ‘വേ​ശ്യ’ എ​ന്ന് മു​ദ്ര​കു​ത്ത​പ്പെ​ട്ട് വേ​ട്ട​യാ​ട​പ്പെ​ടു​ന്ന കാ​ല​മാ​യി​രു​ന്നു അ​ത്. ഫെ​മി​നി​സ​വും അ​ന്ന് മ​ല​യാ​ളിജീ​വി​ത​ത്തി​ൽ പി​ച്ച ​െവ​ച്ചി​ട്ടി​ല്ല. ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്കാ​നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കുവേ​ണ്ടി വാ​ദി​ക്കാ​നും ഡോ. ​ജ​യ​ശ്രീ​യും മൈ​ത്രേ​യ​നു​മൊ​ക്കെ രം​ഗ​ത്തുവ​രു​ന്ന​ത് ഫെ​മി​നി​സ​വും പി​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ്.

ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​താ​വ​സ്ഥ​യി​ൽ ആ ​സം​ഘ​ട​നാശ്ര​മ​ങ്ങ​ൾ എ​ന്ത് മാ​റ്റ​മു​ണ്ടാ​ക്കി എ​ന്ന് അ​വ​ർത​ന്നെ​യാ​ണ് പ​റ​യേ​ണ്ട​ത്. എ​ന്നാ​ൽ, എം. ​മു​കു​ന്ദ​നെ​പ്പോ​ലു​ള്ള എ​ഴു​ത്തു​കാ​ർ​ക്ക് അ​സ്വാ​സ്ഥ്യ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും സാം​സ്കാ​രി​ക കേ​ര​ളം ന​ളി​നി ജ​മീ​ല​യെ ഒ​രെ​ഴു​ത്തു​കാ​രി​യാ​യി ഇ​പ്പോ​ൾ അം​ഗീ​ക​രി​ച്ചുക​ഴി​ഞ്ഞു. അ​വ​രു​ടെ പു​സ്ത​കം പ​ല​ത​ല​ത്തി​ൽ വാ​യി​ക്ക​പ്പെ​ടു​ക​യും ച​ർ​ച്ചചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഗ​വേ​ഷ​ക​രും കേ​ൾ​വി​ക്കാ​രും അ​വ​ർ​ക്ക് ചു​റ്റു​മു​ണ്ട്. ലി​റ്ററേച്ച​ർ ഫെ​സ്റ്റി​വ​ലു​ക​ളി​ലും അ​വ​ർ ഇ​ടംപി​ടി​ക്കുന്നു.

എ​ഴു​പ​ത് ക​ഴി​ഞ്ഞ ഫെ​മി​നി​സ്റ്റു​ക​ളെ ആ​ദ​രി​ക്കാ​നു​ള്ള ഒ​രു പ​ട്ടി​ക​യി​ൽനി​ന്ന് ന​ളി​നി ജ​മീ​ല​യെ ഒ​ഴി​വാ​ക്കാ​നു​ള്ള അ​വി​വേ​കം ഫെ​മി​നി​സ​ത്തി​ന്റെ പേ​രി​ൽ ന​ട​ക്കു​ന്ന ഒ​രു സ്കൂ​ളും ധൈ​ര്യ​പ്പെ​ടി​ല്ല. കെ.​ അ​ജി​ത​യെ​യും സാ​റാ ജോ​സ​ഫി​നെ​യും ഏ​ലി​യാ​മ്മ വി​ജ​യ​നെ​യും ന​ളി​നി നാ​യ്കി​നെ​യും ആ​ദ​രി​ക്കു​ന്ന കൂ​ട്ട​ത്തി​ൽ ന​ളി​നി ജ​മീ​ല​യും ഉ​ണ്ടാ​വു​ക എ​ന്ന​ത് മാ​റ്റി​​െവ​ക്കാ​നാ​വാ​ത്ത നീ​തിബോ​ധ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഇ​തി​ന് തെ​ളി​വാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള ഫെ​മി​നി​സ്റ്റ് ഫോ​റം ന​ട​ത്തി​യ പ​രി​പാ​ടി. എ​ന്നാ​ൽ ‘അ​വ​ളു​ടെ രാ​വു​ക​ൾ’ എ​ഴു​തി​യ ഷെ​രീ​ഫ് എ​ന്ന എ​ഴു​ത്തു​കാ​ര​നെ ഏ​തെ​ങ്കി​ലും സാ​ഹി​ത്യവേ​ദി​യി​ൽ എ​പ്പോ​ഴെ​ങ്കി​ലും ന​മ്മു​ടെ ആ​സ്ഥാ​ന നി​രൂ​പ​ണ അ​ധി​കാ​രി​ക​ൾ ച​ർ​ച്ചചെ​യ്യു​ന്ന​ത് കേ​ട്ടി​ട്ടു​ണ്ടോ? ഉ​ണ്ടാ​വാ​ൻ വ​ഴി​യി​ല്ല.

‘അ​വ​ളു​ടെ രാ​വു​ക​ൾ’ എ​ന്ന തി​ര​ക്ക​ഥ 2004ൽ ​മാ​തൃ​ഭൂ​മി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ അ​തു​ണ്ടാ​ക്കി​യ പൊ​ല്ലാ​പ്പ് ചി​ല്ല​റ​യൊ​ന്നു​മാ​യി​രു​ന്നി​ല്ല. അ​ന്ന​ത്തെ ബു​ക്സ് മാ​നേ​ജ​ർ ഒ.​കെ.​ ജോ​ണി​ക്ക് ‘മാ​തൃ​ഭൂ​മി’ മാ​നേ​ജ്മെ​ന്റി​നെ അ​തൊ​രു പ്ര​സ​ക്ത​മാ​യ പു​സ്ത​കംത​ന്നെ​യാ​ണ് എ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ന​ല്ലതോ​തി​ൽ ക​ഷ്ട​പ്പെ​ടേ​ണ്ട​താ​യി വ​രു​ക​യും ചെ​യ്തു.

ആ ‘കു​റ്റ’ത്തി​ൽ എ​നി​ക്കും ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​ണ്ടാ​യി​രു​ന്നു. 2003ൽ ​ഞാ​ൻ ‘ചി​ത്ര​ഭൂ​മി’​യു​ടെ ചു​മ​ത​ല​യി​ലേ​ക്ക് വ​ന്ന വേ​ള​യി​ലാ​ണ് ച​ല​ച്ചി​ത്ര നി​രൂ​പ​ക​ൻകൂ​ടി​യാ​യ സു​ഹൃ​ത്ത് ഒ.​കെ. ജോ​ണി മാ​തൃ​ഭൂ​മി ബു​ക്സി​ന്റെ മാ​നേ​ജ​റാ​യി എ​ത്തു​ന്ന​ത്. ചി​ത്ര​ഭൂ​മി​യു​ടെ അ​ന്ന​ത്തെ ടീ​മി​ൽ കൊ​ല്ലം സ്വ​ദേ​ശികൂ​ടി​യാ​യ ജി.​ ജ്യോ​തി​ലാ​ലാ​ണ് സി​നി​മ​യി​ൽ ഒ​രു വി​സ്മൃ​തജീ​വി​തമായ ഷെ​രീ​ഫു​മാ​യി വി​ശ​ദ​മാ​യ മു​ഖാ​മു​ഖം ന​ട​ത്തു​ന്ന​ത്.

അ​ത് ‘ചി​ത്ര​ഭൂ​മി​’യി​ൽ ന​ല്ലൊ​രു ച​ർ​ച്ച​യാ​യി മാ​റു​ക​യും ചെ​യ്ത​ു. അ​ഭി​മു​ഖ​ത്തി​ന് പോ​യ ജ്യോ​തി​ലാ​ൽ ‘അ​വ​ളു​ടെ രാ​വു​ക​ളു’​ടെ മാ​ർ​ക്ക​റ്റി​ലി​ല്ലാ​ത്ത ആ​ദ്യ​ത്തെ എ​ഡിഷ​നു​മാ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. അ​ത് വാ​യി​ച്ച​പ്പോ​ൾ മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ എ​ത്ര​മാ​ത്രം പ്ര​സ​ക്ത​മാ​യ ര​ച​ന​യാ​ണ് എ​ന്ന ചി​ന്ത​യി​ലേ​ക്കാ​ണ് അ​ത് ന​യി​ച്ച​ത്. ഒ.​കെ. ജോ​ണി​യു​മാ​യി ആ ​പു​സ്ത​ക​ത്തി​ന്റെ ഒ​രു മാ​തൃ​ഭൂ​മി എ​ഡിഷ​ൻ എ​ന്ന ആ​ശ​യം പ​ങ്കു​​െവ​ച്ച​പ്പോ​ൾ മാ​തൃ​ഭൂ​മി അ​ത് എ​ങ്ങനെ കാ​ണും എ​ന്ന ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മു​ന്നോ​ട്ടുപോ​കാ​ൻ തീ​രു​മാ​ന​മാ​യി.

എ​ന്റെ ഓ​ർ​മ​യി​ൽ ആ​ദ്യ​ത്തെ എ​ഡിഷ​ന്റെ ബൈ​ലൈ​ൻ ആ​ല​പ്പി ഷെ​രീ​ഫ് എ​ന്നാ​യി​രു​ന്നു. മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​നാ​യ ഇ.​വി. ​ശ്രീ​ധ​ര​ന്റെ ഒ​രു പ​ഠ​ന​ത്തോ​ടെ​യാ​യി​രു​ന്നു അ​ത് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​ത്. 1978ൽ ‘അ​വ​ളു​ടെ രാ​വു​ക​ൾ’ ഇ​റ​ങ്ങി​യ കാ​ല​ത്ത് അ​തൊ​രു ‘തു​ണ്ട്’ പ​ടം എ​ന്ന പ്ര​തി​ച്ഛാ​യ​യോ​ടെ​യാ​ണ് തി​യ​റ്റ​റു​ക​ളി​ൽ ഇ​ര​മ്പി​യ​ത്. ന​ടി സീ​മ​യു​ടെ ‘കാ​ലു​ക​ൾ’ കാ​ട്ടു​ന്ന പോ​സ്റ്റ​റാ​ണ് ആ ​സി​നി​മ​യു​ടെ ഒ​രു മു​ഖ​മാ​യി മാ​റി​യ​ത്. ആ ​പ്ര​തി​ച്ഛാ​യ മാ​റ്റി​പ്പ​ണി​യാ​ൻ എ​ന്തുകൊ​ണ്ട് ‘അ​വ​ളു​ടെ രാ​വു​ക​ൾ’ എ​ന്ന സി​നി​മ ഇ​പ്പോ​ഴും പ്ര​സ​ക്ത​മാ​ണ് എന്ന് വി​ശ​ദീ​ക​രി​ച്ച് ഒ​രു പു​തി​യ ആ​മു​ഖ​പ​ഠ​ന​മെ​ഴു​താ​ൻ ഒ.​കെ.​ ജോ​ണി നി​ർ​ദേ​ശി​ച്ചു. ‘സി​നി​മ​യി​ലെ തൊ​ട്ടു​കൂ​ടാ​യ്മ’ എ​ന്ന പ​ഠ​നം അ​ങ്ങനെ​യാ​ണ് എ​ഴു​ത​പ്പെ​ട്ട​ത്.

ചി​ല സി​നി​മ​ക​ൾ​ക്ക് മാ​ത്ര​മേ വ​യ​സ്സ​റി​യി​ക്കു​ക​യു​ള്ളൂ. അ​താ​ണ് മാ​ധ്യ​മലോ​ക​ത്തെ വ​രേ​ണ്യ​ത. ഒ​പ്പം എ​ടു​ക്ക​പ്പെ​ട്ട സി​നി​മ​ക​ളി​ൽ 99.99 ശ​ത​മാ​ന​വും ച​രി​ത്ര​ത്തി​ന്റെ ച​വ​റ്റു​കൊ​ട്ട​യി​ലെ​ത്തി​യി​ട്ടും ഇ​ന്നും കാ​ണ​പ്പെ​ടു​ന്നു, വാ​യി​ക്ക​പ്പെ​ടു​ന്നു ഐ.​വി.​ ശ​ശി​യു​ടെ​യും ഷെ​രീ​ഫി​ന്റെ​യും സീ​മ​യു​ടെ​യും ‘അ​വ​ളു​ടെ രാ​വു​ക​ൾ’ എ​ന്ന സി​നി​മ.​ സി​നി​മ ഇ​റ​ങ്ങി​യ കാ​ല​ത്തെ പോ​ലെ​ത്ത​ന്നെ വ​ലി​യ പോ​രാ​ട്ട​മാ​യി​രു​ന്നു ആ ​സി​നി​മ​യു​ടെ തി​ര​ക്ക​ഥ മാ​തൃ​ഭൂ​മി​യി​ൽ അ​ച്ച​ടി​ക്കാ​നും വേ​ണ്ടിവ​ന്ന​ത്.

 

സീമ അച്ഛനോടൊപ്പം

2004ൽ ​ഷെരീ​ഫ് ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾത​ന്നെ ആ ​തി​ര​ക്ക​ഥ​ക്ക് അ​വ​താ​രി​ക എ​ഴു​തി അ​വ​ത​രി​പ്പി​ക്കാ​നാ​യ പോ​രാ​ട്ട​ത്തി​ൽ അ​ന്ന​ത്തെ മാ​തൃ​ഭൂ​മി ബു​ക്സി​ന്റെ സാ​ര​ഥി ഒ.​കെ.​ ജോ​ണി കൂ​ടെനി​ന്നു. തി​രി​ഞ്ഞുനോ​ക്കു​മ്പോ​ൾ അ​ത​ച്ച​ടി​ച്ചു ക​ണ്ടശേ​ഷം സ്നേ​ഹ​പൂ​ർ​വം വി​ളി​ച്ചുപ​റ​ഞ്ഞ ഷെരീ​ഫി​ന്റെ വാ​ക്കു​ക​ളാ​ണ് എ​നി​ക്ക് കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ പു​ര​സ്കാ​ര​ങ്ങ​ളി​ലൊ​ന്ന്. തു​ട​ർ​ന്ന് ആ​മു​ഖ​മെ​ഴു​തി​യ ആ​ളെ ഒ​ന്ന് കാ​ണ​ണം എന്നുപ​റ​ഞ്ഞ് ആ​ല​പ്പു​ഴനി​ന്നും കോ​ഴി​ക്കോ​ടു വ​രെ യാ​ത്രചെ​യ്ത് ചി​ത്ര​ഭൂ​മി​യി​ലെ​ത്തി അ​നു​ഗ്ര​ഹി​ച്ചു ഷെ​രീ​ഫ് സ​ർ.

‘അ​വ​ളു​ടെ രാ​വു​ക​ൾ’ക്ക് ​ഇ​പ്പോ​ൾ 45 വ​യ​സ്സാ​യി. മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സി​നി​മ​ക​ളിലൊ​ന്നാ​യി ഇ​ത് അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ധി​ക​കാ​ല​മാ​യി​ട്ടി​ല്ല. ഏ​തെ​ങ്കി​ലും ഒ​രു പു​ര​സ്കാ​ര​ത്തി​ന്റെ​യും അ​ക​മ്പ​ടികൊ​ണ്ട​ല്ല, സ്വ​ന്തം ഉ​ൾ​ക്കാ​മ്പി​ന്റെ ക​രു​ത്തുകൊ​ണ്ട് മാ​ത്ര​മാ​ണ് അ​ത​തി​ന്റെ ഇ​ടം പ​ണി​ത​ത്. നേ​ടി​യ പു​ര​സ്കാ​ര​ങ്ങ​ൾകൊ​ണ്ട് മാ​ത്രം സി​നി​മ​യെ അ​ള​ക്കു​ന്ന വ​രേ​ണ്യ ച​ല​ച്ചി​ത്ര ച​രി​ത്ര​ങ്ങ​ളെ റ​ദ്ദാ​ക്കു​ന്ന​താ​ണ് ‘അ​വ​ളു​ടെ രാ​വു​ക​ളു’​ടെ അ​തി​ജീ​വ​നം.

ഇ.​വി.​ ശ്രീ​ധ​ര​ൻത​ന്നെ ആ​ദ്യപ​തി​പ്പി​ന്റെ ആ​മു​ഖ​ത്തി​ൽ എ​ഴു​തി​യ​ത് ശ്ര​ദ്ധി​ക്കു​ക: ‘‘ഈ ​സി​നി​മ​യു​ടെ മേ​ൽ ഒ​രുപാ​ട് ക​രി​വാ​രി​ത്തേ​ച്ചുകൊ​ണ്ട് റി​പ്പോ​ർ​ട്ടു​ക​ളും ലേ​ഖ​ന​ങ്ങ​ളും മാ​സ​ങ്ങ​ളോ​ളം മ​ദ്രാ​സി​ൽനി​ന്ന് ഫി​ലിം മാ​ഗ​സി​നി​ലേ​ക്ക് ഞാ​ൻ എ​ഴു​തു​ക​യു​ണ്ടാ​യി –സി​നി​മ​യി​ലെ അ​ശ്ലീ​ല​ത്തി​നെ​തി​രെ ഒ​രു ധാ​ർ​മി​കയു​ദ്ധം ന​ട​ത്തു​ന്നു​വെ​ന്ന ഭാ​വ​ത്തി​ൽ – ഇ​പ്പോ​ൾ അ​തി​നെ​ക്കു​റി​ച്ചാ​ലോ​ചി​ക്കു​മ്പോ​ൾ ഖേ​ദ​മു​ണ്ട്.’’ മ​ല​യാ​ളി​യു​ടെ ചി​ന്ത​യെ പു​തി​യ ആ​കാ​ശ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ച എം.​ ഗോ​വി​ന്ദ​നാ​ണ് ആ ​ധാ​ര​ണ​പ്പി​ശ​കി​ൽ ഒ​രു തി​രു​ത്തുവരുത്തുന്നത്.

‘‘നി​ങ്ങ​ൾ ആ ​സി​നി​മ​ക്കെ​തി​രെ എ​ഴു​തു​ന്ന​ത് കു​റെ ശും​ഭ​ന്മാ​ർ ചേ​ർ​ന്നു​ണ്ടാ​ക്കി​യ സ​ദാ​ചാ​ര ക​മ്മ​ിറ്റി​യു​ടെ പ്ര​സി​ഡ​ന്റി​നെ​പ്പോ​ലെ​യാ​ണ്. രാ​ജി എ​ന്ന ആ ​പെ​ൺ​കു​ട്ടി ന​മ്മു​ടെ ജീ​വി​ത​ത്തി​ൽനി​ന്നു ക​യ​റിവ​ന്ന​താ​ണ്.’’ എം.​ ഗോ​വി​ന്ദ​ന്റെ നി​ർ​ദേ​ശ​മാ​ണ് ഇ.​വി.​ ശ്രീ​ധ​ര​നെ മ​റി​ച്ചു ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. സി​നി​മ ഇ​റ​ങ്ങി ഇ​രു​പ​ത് വ​ർ​ഷ​ത്തി​നുശേ​ഷം, 1998ലാ​ണ് ഇ.​വി.​ ശ്രീ​ധ​ര​ൻ ചി​ന്തകൊ​ണ്ട് ആ ​പ്രാ​യ​ശ്ചി​ത്തം നി​ർ​വ​ഹി​ക്കു​ന്ന​ത്.

ആ​ല​പ്പി ഷെ​രീ​ഫി​നോ​ടു​ള്ള വ​രേ​ണ്യനി​ല​പാ​ട് 2004ലും ​അ​വ​സാ​നി​ച്ചി​ല്ല. 2004ലെ ​‘അ​വ​ളു​ടെ രാ​വു​ക​ളു​’ടെ മാ​തൃ​ഭൂ​മി എ​ഡി​ഷ​നും ഔ​ദ്യോ​ഗി​ക​മാ​യി ഒ​രു പു​സ്ത​കപ്ര​കാ​ശ​നം ന​ട​ത്തി​യി​ല്ല. അ​ങ്ങനെ​യൊ​രു പു​സ്ത​കം ഇ​റ​ങ്ങി​യ​താ​യി ഒ​രു പ​ര​സ്യ​വും കൊ​ടു​ത്തി​ല്ല. ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ൾ അ​ത് ‘ഉ​ന്തി’യി​ല്ല. മു​ൻ​നി​ര​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് ​െവ​ച്ചി​ല്ല. ചി​ത്ര​ഭൂ​മി​യി​ൽ ഒ​ഴി​ച്ച് അ​തി​നെ​ക്കു​റി​ച്ച് ആ​രും എ​ഴു​തി​യി​ല്ല. എ​ല്ലാ​വ​രും ക​ണ്ടി​ല്ല എ​ന്ന് ന​ടി​ച്ചു. ‘അ​വ​ളു​ടെ രാ​വു​ക​ളി’​ലെ രാ​ജി എ​ന്ന ക​ഥാ​പാ​ത്രം ജീ​വി​ത​ത്തി​ൽ നേ​രി​ടു​ന്ന തി​ര​സ്കാ​ര​ങ്ങ​ൾ ആ ​തി​ര​ക്ക​ഥാ പു​സ്ത​ക​ത്തി​ന്റെ പി​ൽ​ക്കാ​ലജീ​വി​ത​വും ഏ​റ്റു​വാ​ങ്ങി. ഷെ​രീ​ഫ് സാർ സ​ന്തു​ഷ്ട​നാ​യി​രു​ന്നു. അ​ത്ര​യെ​ങ്കി​ലു​മാ​യ​ല്ലോ എ​ന്ന്. പ​തു​ക്കെ​പ്പ​തു​ക്കെ കേ​ട്ട​റി​ഞ്ഞ് എ​ത്തി​യ​വ​ർ പ​റ​ഞ്ഞ​റി​ഞ്ഞ് വാ​ങ്ങി​ക്കൊ​ണ്ടുപോ​യാ​ണ് ആ ​പു​സ്ത​കം വ​ർ​ഷ​ങ്ങ​ൾകൊ​ണ്ട് നി​ശ്ശബ്ദം വി​റ്റുതീ​ർ​ന്ന​ത്. അ​തി​ന് മ​റ്റൊ​രു എ​ഡിഷ​ൻ പി​ന്നെ ഉ​ണ്ടാ​യ​തു​മി​ല്ല.

സീ​മ എ​ന്ന ന​ടി​ക്ക് ഒ​രു വ​ൻ ബ്രേ​ക്കാ​യി​രു​ന്നു ‘അ​വ​ളു​ടെ രാ​വു​ക​ൾ’. ആ ​സി​നി​മ​യെ മ​റ്റാ​ര് മ​റ​ന്നാ​ലും അ​വ​ർ മ​റ​ന്നി​ല്ല. എ​ന്നും അ​തി​നെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തുപി​ടി​ച്ചു. 2009ലാ​ണ് അ​ന്ന് മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​ന്റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ക​മ​ൽ​റാം സ​ജീ​വ് ദീ​ദി​യെ വി​ളി​ച്ച് ഓ​ണ​പ്പ​തി​പ്പി​ന് വേ​ണ്ടി ന​ടി സീ​മ​യു​ടെ ജീ​വി​തം അ​ഭി​മു​ഖരൂ​പ​ത്തി​ൽ എ​ഴു​തു​മോ എ​ന്ന് ചോ​ദി​ക്കു​ന്ന​ത്. ദീ​ദി​യു​ടെ അ​ർ​ബു​ദ ചി​കി​ത്സ​ക്ക് ശേ​ഷ​മു​ള്ള ആ​ദ്യ യാ​ത്ര​യാ​യി​രു​ന്നു അ​ത്. കു​ട്ടി​ക്കാ​ലം മു​ത​ൽ അ​റി​യു​ന്ന ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തി​ലെ കാ​ണാ​പ്പു​റ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഒ​രു യാ​ത്ര​യാ​യി അ​ത് മാ​റി. അ​ത്ത​ര​മൊ​രു അ​ഭി​മു​ഖ​ത്തി​ന് അ​വ​ർ കാ​ത്തി​രു​ന്ന​തുപോ​ലെ​യാ​യി​രു​ന്നു മ​ന​സ്സ് തു​റ​ന്ന​ത്.

‘‘ദീ​ദി​യോ​ട് സം​സാ​രി​ക്ക​ണം എ​ന്നെ​നി​ക്ക് തോ​ന്നി​യ​ത് നീ ​എ​ന്നെ വെ​റു​മൊ​രു സി​നി​മാ ന​ടി​യാ​യി​ട്ട് കാ​ണി​ല്ല എ​ന്നു​റ​പ്പു​ള്ള​ത​ുകൊ​ണ്ട് മാ​ത്ര​മാ​ണ്. അ​ല്ലെ​ങ്കി​ൽ മേ​ക്ക​പ്പി​ടാ​തെ ഇ​ങ്ങ​നെ മ​ന​സ്സ് തു​റ​ക്കാ​ൻ ഞാ​ൻ ത​യാ​റാ​വി​ല്ല. മ​രി​ക്കും മു​മ്പ് ഒ​രി​ക്ക​ലെ​ങ്കി​ലും ഗ്ലാ​മ​റി​ന്റെ മ​റ​യി​ല്ലാ​തെ സം​സാ​രി​ക്ക​ണ​മെ​ന്ന​ത് എ​ല്ലാ താ​ര​ങ്ങ​ളും ഉ​ള്ളി​ന്റെ​യു​ള്ളി​ൽ സൂ​ക്ഷി​ക്കു​ന്ന മോ​ഹ​മാ​ണ്. അ​ത് ന​ട​ക്കാ​റി​ല്ലെ​ങ്കി​ലും… ’’ അ​വ​രു​ടെ അ​മ്മ​യു​ടെ വീ​ട്ടി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി കു​ട്ടി​ക്കാ​ല​ത്ത് അ​ച്ഛ​നൊ​പ്പ​മു​ള്ള ചി​ത്രംവ​രെ കോ​പ്പി​യെ​ടു​ക്കാ​ൻ അ​വ​ർ അ​നു​വാ​ദം ന​ൽ​കി. ‘അ​വ​ളു​ടെ രാ​വു​ക​ളെ’ക്കു​റി​ച്ചും സ്വ​ത​ഃസി​ദ്ധ​മാ​യ രീ​തി​യി​ൽ അ​വ​ർ പ്ര​തി​ക​രി​ച്ചു. ‘‘പ​ടം റി​ലീ​സാ​യ​പ്പോ​ഴാ​ണ് രാ​ജി​യെ ഞാ​ൻ ശ​രി​ക്കും അ​റി​യു​ന്ന​ത്.

 

സീമ വിദ്യാർഥിയായിരുന്നപ്പോൾ. ചെന്നൈയിലെ ആദർശവിദ്യാലയം

ജീ​വി​ക്കാ​ൻവേ​ണ്ടി പൊ​രു​തു​ന്ന ആ​ത്മാ​ഭി​മാ​നി​യാ​യ അ​വ​ൾ ഇ​ന്നും എ​ന്റെ ആ​വേ​ശ​മാ​ണ്.’’ ജീ​വി​ക്കാ​ൻവേ​ണ്ടി ബു​ദ്ധി​യും ഭാ​വ​ന​യും മ​റ്റു ക​ഴി​വു​ക​ളും വി​ൽ​ക്കാ​മെ​ങ്കി​ൽ ലൈം​ഗി​ക​ത​യും വി​ൽ​ക്കാം എ​ന്ന വാ​ദ​ത്തെ അ​വ​ർ ഒ​രു ദു​ര​വ​സ്ഥ​യാ​യാ​ണ് ക​ണ്ട​ത്.

പ​ക്ഷേ, ആ ​വ​ർ​ഷ​ത്തെ ഓ​ണ​പ്പ​തി​പ്പിൽ ആ ​അ​ഭി​മു​ഖം അ​ച്ച​ടി​ച്ചുവ​ന്ന​ത് പ​ര​സ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ള്ള​ട​ക്ക​ത്തെ ചു​രു​ട്ടി​ക്കൂ​ട്ടു​ന്നവി​ധ​ത്തി​ലാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​യി​രു​ന്നെ​ങ്കി​ൽ അ​ത​ച്ച​ടി​ക്കേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് പ​ത്രാ​ധി​പ​രെ വി​ളി​ച്ച് ദീ​ദി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. പി​ന്നെ എ​ന്റെ ഓ​ർ​മ​യി​ൽ ദീ​ദി​യെ​ക്കൊ​ണ്ട് മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പിൽ എ​ഴു​തി​ച്ചി​ട്ടി​ല്ല. ആ ​അ​ഭി​മു​ഖം ഒ​രാ​മു​ഖ പ​ഠ​ന​ത്തോ​ടൊ​പ്പം ‘വി​ശു​ദ്ധ ശാ​ന്തി’ എ​ന്ന പേ​രി​ൽ മാ​തൃ​ഭൂ​മി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ചു.

വ​രേ​ണ്യ​ത ഒ​രു തി​ര​ഞ്ഞെ​ടു​പ്പാ​ണ്. അ​തി​ന്റെ ക​ണ്ണി​ൽ അ​ച്ച​ടിസാ​ഹി​ത്യം അ​ത് ചി​ല മു​ൻ​നി​ശ്ചി​ത മാ​തൃ​ക​ക​ളു​ടെ ചു​റ്റു​വ​ട്ട​ത്തി​നു​ള്ളി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ജാ​തി​യും മ​ത​വും അ​ധി​കാ​ര​വു​മൊ​ക്കെ അ​വി​ടെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്. ആ​ല​പ്പി ഷെ​രീ​ഫ് എ​ന്നാ​ൽ ക​ഥ​യു​ടെ​യോ നോ​വ​ലി​ന്റെ​യോ ഒ​ക്കെ ആ ​പ​രി​ഗ​ണ​ന​ക​ളി​ൽ ഒ​രി​ക്ക​ലും വ​രാ​ത്ത ആ​ളാ​ണ്. 1978ലെ ​ഭാ​ഷ​യി​ൽ അ​തൊ​രു തേ​വി​ടി​ശ്ശി​ക്ക​ഥ, പി​ൽ​ക്കാ​ല​ത്ത് പ​ര​മാ​വ​ധി അ​തൊ​രു ലൈം​ഗി​ക തൊ​ഴി​ലാ​ളി​യു​ടെ ക​ഥ. അ​തി​ന​പ്പു​റ​ത്ത് വ​ള​രാ​ൻ സാ​ഹി​ത്യ​ത്തി​ലെ​യും സി​നി​മ​യി​ലെ​യും വ​രേ​ണ്യ അ​ധി​കാ​രി​ക​ൾ സ​മ്മ​തി​ക്കി​ല്ല.

‘അ​വ​ളു​ടെ രാ​വു​ക​ൾ പ​ക​ലു​ക​ൾ’ എ​ന്ന ഷെ​രീ​ഫി​ന്റെ ത​ന്നെ നോ​വ​ലി​ന്റെ ച​ല​ച്ചി​ത്രാ​വി​ഷ്‍കാ​ര​മാ​ണ് ‘അ​വ​ളു​ടെ രാ​വു​ക​ൾ’. നോ​വ​ൽ പി​ന്നെ പു​സ്ത​ക​മാ​യി ഇ​റ​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന​റി​യി​ല്ല. ഏ​താ​യാ​ലും ഷെ​രീ​ഫ് വി​ട​പ​റ​ഞ്ഞ​പ്പോ​ൾ അ​ത് സാ​ഹി​ത്യ​വും സി​നി​മ​യും കൈ​കാ​ര്യംചെ​യ്യു​ന്ന ആ​ഴ്ച​പ്പ​തി​പ്പു​ക​ൾ​ക്ക് അ​തൊ​രു വ​ൻ വാ​ർ​ത്ത​യ​ല്ലാ​യി​രു​ന്നു. വ​ലു​പ്പ​ച്ചെ​റു​പ്പ​ങ്ങ​ൾ മു​ൻ​കൂ​ട്ടി നി​ർ​ണ​യി​ക്ക​പ്പെ​ടു​ന്ന ലോ​ക​ത്ത് അ​തൊ​രു ‘തേ​വി​ടി​ശ്ശി​ക്ക​ഥ’ മാ​ത്രം. അ​തി​ന് പു​റ​ത്താ​ണ് അ​തൊ​രു ക്ലാ​സി​ക്കാ​യി​രി​ക്കു​ന്ന​ത്.

(തു​ട​രും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT