ഹിന്ദുരാഷ്ട്ര നിർമിതിക്കായുള്ള സംഘ്പരിവാറിന്റെ വിശാല പദ്ധതിയായിരുന്നോ രാമക്ഷേത്ര സ്ഥാപനം? എങ്ങനെയാണ് ബാബരി മസ്ജിദ് തകർക്കാനും മുസ്ലിംകൾക്ക് നീതി നിഷേധിക്കാനുമുള്ള ഗൂഢാലോചനകൾ അരങ്ങേറിയത്? ആരായിരുന്നു ഇൗ ഹിന്ദുത്വനീക്കത്തിന് ഗൂഢാലോചനയും ഒത്താശയും ചെയ്തത്? –വിശകലനം.
ഇരുട്ടിന്റെ മറവിൽ ഒരു പള്ളിക്കകത്ത് അതിക്രമിച്ചു കടന്ന് നിയമവിരുദ്ധമായി സ്ഥാപിച്ച വിഗ്രഹം പുഴയിലേക്ക് എടുത്തിടാൻ പറഞ്ഞ പ്രധാനമന്ത്രി ഭരിച്ച രാജ്യത്ത് അതേ പള്ളി തകർത്തുണ്ടാക്കിയ ക്ഷേത്രത്തിന്റെ ‘പ്രാണപ്രതിഷ്ഠ’ക്ക് മറ്റൊരു പ്രധാനമന്ത്രി ‘കാർമികത്വം’ വഹിക്കുകയാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആജ്ഞ ധിക്കരിച്ച് മലയാളിയായ ജില്ല മജിസ്ട്രേറ്റ് കെ.കെ. നായരുടെ ഒത്താശയോടെ ചരിത്രത്തിനുമേൽ അന്ന് തുടങ്ങിവെച്ച കൈയേറ്റമാണ് ചരിത്രം തിരുത്തിയെഴുതിക്കഴിഞ്ഞ പുതിയ ഇന്ത്യയിൽ തിരുത്തപ്പെട്ട ചരിത്രത്തിന്റെ സ്മാരകമന്ദിരമായി ഏഴ് പതിറ്റാണ്ടിനിപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
ചരിത്രത്തിന് മേലുള്ള ഈ കൈയേറ്റത്തിന് നിയമം ലംഘിച്ചും നിയമസാധുത ചാർത്തിക്കൊടുത്ത ജില്ല മജിസ്ട്രേറ്റ് കണ്ടങ്കളത്തിൽ കരുണാകരൻ നായർ എന്ന മലയാളി തൊട്ട് സുപ്രീംകോടതി മുൻ ചീഫ് രഞ്ജൻ ഗൊഗോയി വരെയുള്ളവർക്ക് ഹിന്ദുരാഷ്ട്ര നിർമിതിക്കായുള്ള സംഘ്പരിവാറിന്റെ വിശാല പദ്ധതിയായിരുന്നു രാമക്ഷേത്ര പ്രസ്ഥാനമെന്ന് ഉത്തമബോധ്യമുണ്ടായിരുന്നുവെന്ന് കാലം തെളിയിച്ചു. ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണയായി ജില്ല മജിസ്ട്രേറ്റായ മലയാളിയെയും ഇന്ത്യയുടെ ചീഫ് ജസ്റ്റിസായ ആസാമിയെയും അക്കാലത്തെ ജനസംഘവും ഇക്കാലത്തെ ബി.ജെ.പിയും എം.പിമാരാക്കി പാർലമെന്റിലെത്തിച്ചു.
അതിക്രമിച്ചു കടന്ന് കൊണ്ടുവെച്ച വിഗ്രഹം
സി.ഇ 1528ല്‍ പണിത ബാബരി മസ്ജിദിനകത്ത് 1949 ഡിസംബർ 22നും 23നുമിടയിലുള്ള അർധരാത്രി അതിക്രമിച്ചു കടന്ന് കൊണ്ടുവന്നുവെച്ച വിഗ്രഹം എടുത്തുമാറ്റാൻ തയാറാകാതെ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള ക്രമസമാധാന പ്രശ്നമാക്കി അതിനെ വളർത്തിയെടുത്ത ജില്ല മജിസ്ട്രേറ്റ് ഭാര്യക്കൊപ്പം പിന്നീട് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിലിറങ്ങി.
ജനസംഘം ടിക്കറ്റിൽ നായർ ലോക്സഭയിലെത്തിയപ്പോൾ ഭാര്യ ശകുന്തള നായർ ആദ്യം ഉത്തർപ്രദേശ് നിയമസഭയിലും പിന്നീട് പാർലമെന്റിലുമെത്തി. ജനസംഘം നേതാക്കളെന്ന നിലയിൽ ഇരുവരും അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലുമായി. രാമവിഗ്രഹം സ്വയംഭൂവായതാണെന്നും പള്ളി നില്‍ക്കുന്നത് രാമജന്മഭൂമിയിലാണെന്നുമുള്ള വാദത്തിന് ആദ്യമായി ഔദ്യോഗിക പരിരക്ഷ നൽകിയത് നായരാണ്. തര്‍ക്കമുടലെടുത്ത പള്ളിയില്‍ നമസ്കാരത്തിന് വിലക്കേര്‍പ്പെടുത്തി.
ഹാഷിം അൻസാരിയുടെ നീതിക്കായുള്ള പോരാട്ടം
ബാബരി മസ്ജിദ് അടച്ചുപൂട്ടിയതിനെതിരായ പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായിരുന്ന മുഹമ്മദ് ഹാഷിം അൻസാരിയാണ് ഇന്ത്യന്‍ മുസ്ലിംകളുടെ അസ്തിത്വത്തിന്റെ ചോദ്യചിഹ്നമായി മാറിയ ബാബരി മസ്ജിദ് കേസ് നടത്തിയതും. ക്രമസമാധാനലംഘനത്തിന് അറസ്റ്റിലായ അൻസാരിയെ ബാബരി മസ്ജിദിനടുത്ത് പോയി ബാങ്ക് വിളിച്ചുവെന്ന കുറ്റത്തിന് ഫൈസാബാദ് കോടതി 1952ല്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. 1961ല്‍ അന്‍സാരി മറ്റ് ആറുപേരോടൊപ്പം ചേര്‍ന്നാണ് ബാബരി മസ്ജിദിന് വേണ്ടി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ പേരില്‍ കോടതിയെ സമീപിക്കുന്നത്.
തനിക്ക് 30 വയസ്സുള്ളപ്പോൾ ഫയൽ ചെയ്ത് അരനൂറ്റാണ്ടിനപ്പുറം നീണ്ടുപോയ കേസിൽ അലഹബാദ് ഹൈകോടതി വിധി പറയുന്നതിന്റെ തലേന്നാളാണ് സുന്നി വഖഫ് ബോർഡിനുവേണ്ടി ഹരജി നൽകിയ മുഹമ്മദ് ഹാഷിം അന്‍സാരിയെ ബാബരി മസ്ജിദിൽനിന്ന് ഏറെ അകലെയല്ലാത്ത വീട്ടില്‍ പോയി കാണുന്നത്. ഹൃദ്രോഗബാധിതനായിരുന്ന അന്‍സാരി അന്ന് ഏറെ അസ്വസ്ഥനായിരുന്നു. നിസ്സാരമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന ഒരു അവകാശത്തര്‍ക്കം ഒരു പുരുഷായുസ്സിനപ്പുറം നീട്ടിക്കൊണ്ടുപോയതിന്റെ സങ്കടവും നിരാശയും നിഴലിട്ട വർത്തമാനം.
അലഹബാദ് ഹൈകോടതി ലഖ്നോ ബെഞ്ച് വിധി പറയുന്നതിന്റെ തലേന്നാളുകളില്‍ കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങേളാടുള്ള രോഷം അൻസാരിയുടെ വാക്കുകളില്‍ നിഴലിച്ചിരുന്നു. എതിർകക്ഷികളായിട്ടുപോലും താനും ദേവകി നന്ദൻ അഗർവാളും ഒരുമിച്ച് കോടതിയിൽ പോയി കേസ് നടത്തിയ അനുഭവങ്ങളും അന്ന് ഹാഷിം അൻസാരി പങ്കുവെച്ചു. കോടതിവ്യവഹാരം 65 വര്‍ഷം പിന്നിട്ടിട്ടും നീതി ലഭിക്കാതെയാണ് അൻസാരി ലോകത്തോട് വിടപറഞ്ഞത്.
തർക്കസ്ഥലത്തെ ക്ഷേത്രം കക്ഷിയല്ലാത്ത വി.എച്ച്.പിക്ക്
ദേവകിനന്ദൻ അഗർവാളിനും സുന്നി വഖഫ് ബോർഡിനുമിടയിൽ ഫൈസാബാദ് കോടതിയിൽ തീരേണ്ടിയിരുന്ന ഒരു സിവിൽ കേസായിരുന്നു ബാബരി ഭൂമിക്ക് മേലുള്ള അവകാശത്തർക്കം. 1949ൽ ബാബരി മസ്ജിദിനകത്ത് കൊണ്ടുവന്നിട്ട വിഗ്രഹം എടുത്തുമാറ്റാനും പള്ളിക്ക് വീണ താഴ് തുറന്നുകിട്ടാനും സുന്നി വഖഫ് ബോർഡും പരിസരത്തെ ഹിന്ദുമത വിശ്വാസികളും തമ്മിലുണ്ടായ തർക്കമാണിത്.
ദേവകിനന്ദൻ അഗർവാളും മുഹമ്മദ് ഹാഷിം അൻസാരിയുമൊക്കെയായി അന്ന് കോടതി കയറിയ സിവിൽ തർക്കം തീർപ്പാക്കിയാണ് കക്ഷികളെ കാഴ്ചക്കാരാക്കി നിർത്തി ‘രാം ലല്ല വിരാജ്മാൻ’ എന്ന പേരിൽ ശ്രീരാമവിഗ്രഹത്തിന്റെ പ്രതിനിധിത്വം അവകാശപ്പെട്ട് രംഗത്തുവന്ന വി.എച്ച്.പിക്ക് നൽകുന്നത്. വിശ്വഹിന്ദു പരിഷത്ത് എന്നനിലക്ക് സ്വന്തം പേരിൽ കക്ഷി നിയമപരമായി അവകാശമില്ലാത്തതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനപ്രകാരം വിഗ്രഹത്തിന് കക്ഷിചേരാമെന്ന പഴുതിലൂടെ വി.എച്ച്.പിയെ കക്ഷിയാക്കുന്നത്. ആസൂത്രിതവും ദുരൂഹവുമായ നീക്കങ്ങളിലുടെ രാമക്ഷേത്ര അജണ്ട സംഘ്പരിവാർ സാധിച്ചെടുത്തത് രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെ ഇവ്വിധം നോക്കുകുത്തിയാക്കിയാണ്.
വിശ്വഹിന്ദു പരിഷത്തും രാമക്ഷേത്ര പ്രസ്ഥാനവും
നിയമക്കുരുക്കിലായ ബാബരി മസ്ജിദിനോട് തൊട്ടുചേര്‍ന്ന് കിടക്കുന്ന 32 ഏക്കര്‍ ഭൂമി 1980ല്‍ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ശ്രീപദ് മിശ്ര രാംകഥാ പാര്‍ക്ക് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ അക്വയര്‍ ചെയ്തതോടെ രാമക്ഷേത്ര വാദം വീണ്ടും സജീവമായി. നമസ്കാരത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിയമക്കുരുക്കിൽപെട്ട തര്‍ക്കം വീണ്ടും സജീവമാക്കിയത് ശ്രീപദ് മിശ്രയുടെ ഈ സ്ഥലമെടുപ്പായിരുന്നു. ഇതേ തുടര്‍ന്നാണ് വിശ്വഹിന്ദു പരിഷത്ത് രാജ്യവ്യാപകമായി രാമക്ഷേത്ര പ്രസ്ഥാനത്തിന് തുടക്കമിടുന്നത്.
1984ല്‍ ബിഹാറില്‍നിന്ന് അശോക് സിംഗാളിന്റെ നേതൃത്വത്തില്‍ വി.എച്ച്.പി ഒന്നാം രഥയാത്ര തുടങ്ങുകയും ഇന്ദിരാവധത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള വഴിയില്‍ ഗാസിയാബാദില്‍ അവസാനിപ്പിക്കുകയും ചെയ്തു. പിന്നീടാണ് ബാബരി ഭൂമിയില്‍ ശിലാന്യാസം നടത്തിയത്. കേന്ദ്രം രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ഭരിക്കുമ്പോഴായിരുന്നു തര്‍ക്കസ്ഥലത്തെ ശിലാന്യാസം. അതിനുശേഷം രാമക്ഷേത്രത്തിനായി എല്‍.കെ. അദ്വാനി വീണ്ടും രഥമുരുട്ടുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാപങ്ങളരങ്ങേറുകയും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തു.
കർസേവകരെ തടഞ്ഞ് മുലായം സിങ്
1990ല്‍ ശ്രീപദ് മിശ്ര ഏറ്റെടുത്തുവെച്ച ഈ 32 ഏക്കര്‍ ഭൂമി അന്നത്തെ ബി.ജെ.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് രാമക്ഷേത്രത്തിനായി വിശ്വഹിന്ദു പരിഷത്തിന് കൈമാറി. വര്‍ഷത്തില്‍ വെറും ഒരു രൂപ നിരക്കില്‍ പാട്ടത്തിനായിരുന്നു 32 ഏക്കര്‍ ഭൂമി കല്യാണ്‍ സിങ് വി.എച്ച്.പിക്ക് നല്‍കിയത്. ഈ ഭൂമിയിലേക്ക് രാജ്യമെമ്പാടുനിന്നും ആയിരക്കണക്കിന് കര്‍സേവകരെ വിളിച്ചുവരുത്തിയാണ് ആദ്യം പ്രതീകാത്മക കര്‍സേവയും രണ്ട് വര്‍ഷം കഴിഞ്ഞ് പള്ളി പൊളിക്കാനുള്ള കര്‍സേവയും സംഘ് പരിവാര്‍ നടത്തിയത്.
മുലായം സിങ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന സമയത്ത് പ്രതീകാത്മക കർസേവ നടത്തിയപ്പോൾ കർസേവകരെ അറസ്റ്റ് ചെയ്ത് പള്ളി പൊളിക്കാനുള്ള നീക്കം തടഞ്ഞു. മുലായം സിങ് മുഖ്യമന്ത്രിയായിരിക്കെ അയോധ്യയില്‍ പ്രതീകാത്മക കര്സേവെക്കത്തിയവര് വെടിയേറ്റ് മരിച്ചതിന് പിന്നില്‍ സംഘ് പരിവാറാണെന്ന വെളിപ്പെടുത്തൽ ‘കോബ്രപോസ്റ്റ്’ നടത്തിയിരുന്നു. രാമക്ഷേത്ര പ്രസ്ഥാനം വളര്‍ത്താന്‍ അശോക് സിംഗാള്‍, വിനയ് കത്യാര്‍ തുടങ്ങിയ നേതാക്കള്‍ രക്തസാക്ഷികളെ സൃഷ്ടിക്കാനാണിത് ചെയ്തതെന്നായിരുന്നു സാക്ഷി മഹാരാജ്, ഉമാഭാരതി തുടങ്ങിയ സംഘ്പരിവാര്‍ നേതാക്കള്‍ ഒളികാമറ ഓപറേഷനിൽ ‘കോബ്രപോസ്റ്റി’നോട് വെളിപ്പെടുത്തിയത്.
നരസിംഹറാവു കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത് കര്‍സേവകര്‍ക്ക് വലിയ അനുഗ്രഹമായി മാറി. കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തുകൊണ്ടിരിക്കുന്നത് അറിഞ്ഞിട്ടും റാവു നടപടിയൊന്നും സ്വീകരിച്ചില്ല. കര്‍സേവകര്‍ പൊളിക്കാനൊരുങ്ങുകയാണെന്ന് റാവുവിനോട് പറഞ്ഞിട്ടും റാവു അനങ്ങിയില്ല.
സംഭവിച്ചതെല്ലാം അദ്ദേഹത്തിന്റെ അറിവോടെയായിരുന്നു. അയോധ്യയില്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ പൊലീസിനെയും അര്ധസൈനികരെയുമൊക്കെ അവിടെ നിര്‍ത്തിയിരുന്നു. എല്ലാറ്റിനും സജ്ജമായി സൈന്യവുമുണ്ടായിരുന്നു. എന്നാല്‍, പ്രധാനമന്ത്രി റാവു ആ നിര്‍ണായക സമയത്ത് പൂജാമുറിയിലേക്ക് പോയി. പള്ളി തകര്ത്തുകഴിഞ്ഞുവെന്ന് ഉറപ്പായപ്പോഴാണ് പിന്നീട് പൂജാമുറിയില്‍നിന്ന് പുറത്തുവന്നത്.
ഡി.വൈ ചന്ദ്രചൂഡ്, രഞ്ജൻ ഗൊഗോയ്,കെ.കെ. നായർ
ഹിന്ദുത്വ കർസേവ
രാമക്ഷേത്രം നിർമിക്കാൻ 1992 ഡിസംബര്‍ ആറിനാണ് മുതിര്‍ന്ന ആര്.എസ്.എസ്- ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ ബാബരി മസ്ജിദ് തകര്‍ത്തത്. തലമുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, അശോക് സിംഗാള്‍, സാധ്വി റിതംബര, വി.എച്ച്. ദാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോര്‍, സതീശ് പ്രധാന്, സി.ആര്. ബന്‍സല്‍, ആര്.വി. വേദാന്തി, പരമഹംസ് രാം ചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എല്‍. ശര്‍മ, നിത്യഗോപാല്‍ ദാസ്, ധരം ദാസ്, സതീശ് നഗര്‍, മൊരേശ്വര്‍ സാവെ എന്നിവരടക്കമുള്ള ബി.ജെ.പി, വി.എച്ച്.പി നേതാക്കളാണ് കര്സേവകരോടൊപ്പമുള്ള ബാബരി ധ്വംസനക്കേസിലെ പ്രധാന പ്രതികള്‍.
രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കിയതിനും, ദേശീയ അഖണ്ഡതക്ക് ഭംഗം വരുത്തിയതിനും കലാപമുണ്ടാക്കിയതിനും സമാധാന അന്തരീക്ഷം തകര്‍ത്തതിനും തെറ്റായ പ്രസ്താവനകള്‍ നടത്തുകയും ഊഹങ്ങള്‍ പടച്ചുണ്ടാക്കുകയും ചെയ്തതിനുമുള്ള വിവിധ വകുപ്പുകൾപ്രകാരം ഈ നേതാക്കള്‍ക്കെതിരെ കുറ്റം ചുമത്തി. പ്രധാന പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റവും സി.ബി.ഐ പിന്നീട് ചുമത്തി. എന്നാൽ ഇവരിൽ ഒരാൾപോലും ശിക്ഷിക്കപ്പെട്ടില്ല.
കൊണ്ടുപോകുന്നത് വിഭജനകാലത്തേക്ക്
രാമക്ഷേത്ര നിർമാണത്തിനായി ബാബരി മസ്ജിദ് 1992 ഡിസംബർ ആറിന് തകർത്തിട്ടത് രാജ്യത്തെ തിരിച്ചുകൊണ്ടുപോകുന്നത് വിഭജനകാലത്തേക്കാണ് എന്ന മുന്നറിയിപ്പാണ് വിഭജനം അനുഭവിച്ച കുൽദീപ് നയാർ നൽകിയത്. തെറ്റായിപ്പോയെന്ന് തിരിച്ചറിഞ്ഞിട്ടും മതം അടിസ്ഥാനമാക്കി നാം വരച്ച ആ വരയിലേക്കാണ് ഇന്നും നാം പോകുന്നതെന്നും ആ വര കാണിച്ചാണ് അപ്പുറവും ഇപ്പുറവും നിര്‍ത്തുന്നതെന്നും വിഭജനത്തിന്റെ തുടര്‍ച്ചയാണിതെന്നും നയാർ ഓർമിപ്പിച്ചു. ഇന്ത്യയുടെ മതേതരത്വത്തിന് മേലുള്ള തീരാകളങ്കമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം.
പള്ളി തകർത്തിടാൻ എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാഭാരതിയുമടക്കം മുതിർന്ന ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളെല്ലാം കര്‍സേവകര്‍ക്ക് ആവേശം പകര്‍ന്നു. ഉമാഭാരതി കുറെക്കൂടി ആവേശത്തില്‍ പള്ളി തകര്‍ക്കാന്‍ നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. പള്ളി തകര്‍ന്നതോടെ അങ്ങേയറ്റം ചകിതനായി എല്‍.കെ. അദ്വാനി. അതുകൊണ്ടാണ് ലോക്സഭ അംഗത്വം രാജിവെക്കുകയാണെന്ന് പറഞ്ഞ് രാജിക്കത്ത് നല്‍കിയത്. എന്നാല്‍, പൊടുന്നനെ നിലപാട് മാറ്റിയ അദ്ദേഹം തനിക്ക് തകര്‍ത്തതില്‍ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് രാജി പിന്‍വലിച്ചു. നമ്മുടെ മതേതരത്വം ഇത്രയും നിസ്സാരമാണെന്നും നാം വിശ്വസിക്കേണ്ട തരത്തില്‍ മതേതരത്വത്തില്‍ വിശ്വസിച്ചില്ല എന്നുമാണ് ബാബരി മസ്ജിദ് പതനം കാണിച്ചുതന്നതെന്നാണ് നയാർ പറഞ്ഞത്.
നരസിംഹ റാവു,വാജ്പേയ്,അശോക് സിംഗാൾ,കല്യാൺ സിങ്,സാക്ഷി മഹാരാജ്
അനുഗ്രഹമായി കണ്ട് റാവുവും കോണ്‍ഗ്രസും
പ്രധാനമന്ത്രി നരസിംഹ റാവുവും കോണ്‍ഗ്രസ് പാര്‍ട്ടിയും ബാബരി മസജിദിന്റെ പതനം ഒരു അനുഗ്രഹമെന്ന നിലയിലാണ് കണ്ടതെന്നാണ് നയാർ പറഞ്ഞത്. അയോധ്യയില്‍ പള്ളി തകര്‍ത്തുവെന്ന വിവരം പുറത്തുവന്നപ്പോള്‍ നരസിംഹ റാവു ഡല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് എന്നെയും വിളിച്ചിരുന്നു. വിളിച്ചുവരുത്തിയത് തന്റെയും സര്‍ക്കാറിന്റെയും ഭാഗം പ്രതിരോധിക്കാനായിരുന്നു. തനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല എന്നും സൈന്യം അവിടെ എത്താന്‍ വൈകിയെന്നും റാവു ഞങ്ങളോട് പറഞ്ഞു.
റാവു ഇത് പറഞ്ഞപ്പോള്‍ താങ്കളീ പറയുന്നത് ശരിയായിരുന്നുവെങ്കില്തന്നെ അവിടെ കേന്ദ്രത്തിന്റെ അര്‍ധസൈനിക വിഭാഗങ്ങളുണ്ടായിരുന്നില്ലേ എന്ന് ആ വാദം ഖണ്ഡിച്ച് നയാർ റാവുവിനോട് തിരിച്ചുചോദിച്ചു. എന്തുകൊണ്ടാണ് കേന്ദ്രത്തിന്റെ സ്വന്തം നിയന്ത്രണത്തിലുള്ള സേനകളൊന്നും ചെയ്യാതിരുന്നതെന്നും താങ്കളൊരു പ്രധാനമന്ത്രിയല്ലേ എന്നും പ്രധാനമന്ത്രിയെന്ന നിലയില്‍ ബാബരി മസ്ജിദിന് ചുറ്റിലും ടാങ്കുകള്‍ നിരത്തി കവചമൊരുക്കാൻ താങ്കള്‍ക്ക് സാധിക്കുമായിരുന്നില്ലേ എന്നുമൊക്കെ ചോദിച്ചപ്പോൾ മൗനമായിരുന്നു മറുപടി.
പള്ളി തകർത്ത ദിവസം തുടങ്ങിയ ക്ഷേത്രപ്പണി
ആർ.എസ്.എസും വി.എച്ച്.പിയും ബി.ജെ.പിയും കൊണ്ടുവന്ന കര്‍സേവകര്‍ പള്ളി തകര്‍ത്തശേഷം അവിടെ വളരെ ചെറിയ ഒരു ക്ഷേത്രം കെട്ടിയുണ്ടാക്കിയത് എന്തു ചെയ്യുമെന്നും 1992 ഡിസംബർ ആറിന് മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടിയ പ്രധാനമന്ത്രി നരസിംഹ റാവുവിനോട് കുൽദീപ് നയാർ ചോദിച്ചിരുന്നു. ബാബരി മസ്ജിദ് തകർത്തിടുമ്പോൾ താങ്കള്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞത് വിശ്വസിക്കാമെന്നും പള്ളി തകർത്തശേഷം അനധികൃതമായി നിർമിച്ച ക്ഷേത്രത്തിന്റെ കാര്യം അതല്ലല്ലോ എന്നും നയാർ റാവുവിനോട് പറഞ്ഞു.
പള്ളി പൊളിച്ച് ബലപ്രയോഗത്തിലൂടെ കര്‍സേവകര്‍ കെട്ടിയുണ്ടാക്കിയ ആ ക്ഷേത്രം ദീര്ഘകാലമുണ്ടാകില്ലെന്നും താന്‍ അത് നീക്കംചെയ്യുമെന്നുമായിരുന്നു ഡൽഹിയിലെ മാധ്യമപ്രവർത്തകരെ സാക്ഷിനിർത്തി റാവു നയാറിന് നൽകിയ മറുപടി. ആ സ്ഥലത്ത് ആ ക്ഷേത്രമുണ്ടാകില്ല എന്ന് നിങ്ങള്‍ക്ക് കാണിച്ചുതരാമെന്ന് നരസിംഹറാവു എല്ലാവര്‍ക്കുമായി ഉറപ്പ് നല്കി. ഡൽഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെല്ലാം റാവു അന്ന് നല്കിയ ആ ഉറപ്പിന് സാക്ഷികളായിരുന്നു. തര്‍ക്കത്തിലിരിക്കുന്ന പള്ളി പൊളിച്ച് കർസേവകരുണ്ടാക്കിയ ക്ഷേത്രം നീക്കംചെയ്യുമെന്ന വാക്ക് പാലിക്കാത്തതിനെ കുറിച്ച് അതിനുശേഷം നിരവധിതവണ റാവുവിനെ കണ്ടപ്പോള്‍ ചോദിച്ച നയാർ നിരവധിതവണ അദ്ദേഹത്തിന് എഴുതുകയും ചെയ്തിരുന്നു.
അങ്ങനെയൊന്നുണ്ടായില്ല. അക്രമികളായ കര്സേവകരുണ്ടാക്കിയ ക്ഷേത്രം അവിടെ നിലനിത്തി ബലപ്പെടുത്തുകയാണ് ചെയ്തത്. പള്ളി തകര്‍ത്ത പ്രതികളെ ശിക്ഷിക്കാനോ തകര്‍ത്ത സ്ഥാനത്ത് മസ്ജിദ് പുനര്‍നിര്‍മിക്കാനോ തയാറായില്ലെങ്കിലും പള്ളി തകര്‍ത്ത മണ്ണിനു മേല്‍ പണിത ആ പന്തല്‍ താല്‍ക്കാലിക ക്ഷേത്രമാക്കി മാറ്റുന്നതിന് രാജ്യത്തെ നീതിന്യായ കോടതികൾ ബദ്ധശ്രദ്ധ പുലര്‍ത്തി. പള്ളി പൊളിച്ച് തല്‍സ്ഥാനത്ത് കര്‍സേവകര്‍ സ്ഥാപിച്ച അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണി നടത്താനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷ അംഗീകരിച്ച് സുപ്രീംകോടതി ഉത്തരവിട്ടു.
ബി.ജെ.പി നേതാക്കളുമായി ചേർന്ന് റാവു
കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ നരസിംഹ റാവുവിന്റെയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെയും അറിവോടെ ഉന്നതതലത്തില്‍ ആസൂത്രണം ചെയ്ത അട്ടിമറിയായിരുന്നു ബാബരി മസ്ജിദ് ധ്വംസനമെന്നും ആ ഗൂഢാലോചനയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ പങ്കാളികളായിരുന്നുവെന്നും ‘കോബ്രപോസ്റ്റ്’ ഒളികാമറയിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. പള്ളി തകര്‍ക്കുന്നതിന് നരസിംഹ റാവു നല്കിയ പിന്തുണക്ക് തെളിവായി വിനയ് കത്യാര്‍, ബി.എല്‍. ശര്‍മ, സന്തോഷ് ദുബെ, സാക്ഷി മഹാരാജ്, മഹന്ത് രാംവിലാസ് വേദാന്തി എന്നിവരുടെ മൊഴികളുണ്ടായിരുന്നു.
ഡിസംബര്‍ ആറിന് രാവിലെ ആറുമണിക്ക് സംഘ് പരിവാര്‍ നേതാക്കളെ വിളിച്ച മുന്‍ പ്രധാനമന്ത്രി നരസിംഹറാവു പള്ളി പൊളിക്കുമെന്ന വിവരം ഉറപ്പാക്കി. പിന്നീട് എല്ലാം കഴിഞ്ഞ് രാത്രി ഒരുമണിക്ക് സംഘ് പരിവാര്‍ നേതാക്കളെ വീണ്ടും വിളിച്ച നരസിംഹ റാവു കർസേവയുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ക്കാനും അതിനുശേഷം തല്‍സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാനും രാം കഥാ മഞ്ചില്‍ കര്‍സേവകരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച ഹിന്ദുനേതാക്കളുടെ കൂട്ടത്തിലും എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, ആചാര്യ ധര്‍മേന്ദ്ര എന്നിവരുമുണ്ടായിരുന്നുവെന്ന് ഒളികാമറ ഓപറേഷനില്‍ വെളിപ്പെട്ടു. ഇവരെ സാക്ഷിനിര്‍ത്തി മഹന്ത് രാം വിലാസ് വേദാന്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തതോടെയാണ് പള്ളി പൊളിക്കാന്‍ തുടങ്ങിയത്.
വാജ്പേയിയുടെ ഒത്തുതീർപ്പ് നീക്കം
ബാബരി മസ്ജിദ് തകര്‍ത്തശേഷം ബാബരി തര്‍ക്കം പരിഹരിക്കാനുള്ള ഒത്തുതീർപ്പ് നീക്കത്തിന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി കുൽദീപ് നയാറിനെ ക്ഷണിച്ചിരുന്നു. നയാറിനെ വിളിച്ച വാജ്പേയി ഇത്തരമൊരു അനുരഞ്ജന നീക്കം എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചോദിച്ചപ്പോള്‍ ഇരുകൂട്ടരുടെയും സമ്മതത്തോടെയാണെങ്കില്‍ സഹകരിക്കാമെന്നായിരുന്നു നയാറിന്റെ മറുപടി. തുടർന്നും വാജ്പേയിയും നയാറും ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചു.
പ്രശ്നം രമ്യമായി പരിഹരിക്കാന്‍ എന്ത് ഫോര്‍മുലയാണ് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെ പക്കലുള്ളതെന്ന് ചോദിച്ചപ്പോള്‍ പള്ളി തല്‍സ്ഥാനത്ത് പുനര്‍നിര്‍മിക്കണം എന്നായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്. പിന്നീട് വാജ്പേയിയും ഞാനും മറുഭാഗത്തെ സമീപിച്ചു. രാമക്ഷേത്രത്തിനായി എന്ത് വിട്ടുതരാന്‍ ആഗ്രഹിക്കുന്നു എന്ന് ബാബരി മസ്ജിദിന്റെ ആളുകളോട് ചോദിക്കണമെന്നായിരുന്നു അവരുടെ നിര്‍ദേശം. അതിന് മറുപടിയൊന്നും ലഭിക്കാതിരുന്നതോടെ അനുരഞ്ജന ശ്രമം ഉപേക്ഷിച്ചു.
കോടതി പ്രതികൂലമാകുമെന്ന് കരുതി നടത്തിയ നീക്കങ്ങൾ
ബാബരി ധ്വംസനത്തിനുശേഷം സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധി തങ്ങൾക്ക് അനുകൂലമാകില്ലെന്ന് മോദിസർക്കാർ അധികാരത്തിലേറിയശേഷവും സംഘ് പരിവാർ ഭയന്നിരുന്നു. സുപ്രീംകോടതിയിലെ അന്തിമവാദം അവസാനത്തോട് അടുക്കെ ഹിന്ദുപക്ഷത്തെ പ്രധാന കക്ഷികളായ നിർമോഹി അഖാഡയെയും രാം ലല്ലയെയും കൂട്ടാതെ വഖഫ് ബോർഡ് ചെയർപേഴ്സനെ പിടിച്ചുണ്ടാക്കിയ സമവായ ഫോർമുല അത്തരത്തിലുള്ള ഒന്നായിരുന്നു. കോടതി കനിഞ്ഞില്ലെങ്കിലും കേന്ദ്രത്തിലും ഉത്തർപ്രദേശിലുമുള്ള സർക്കാറുകളെ കൂട്ടുപിടിച്ച് രാമക്ഷേത്ര അജണ്ടയുമായി മുന്നോട്ടുപോകുമെന്ന സന്ദേശവും ആർ.എസ്.എസ് നൽകി. അയോധ്യയിൽ രാമക്ഷേത്രം പണിയാനായി ഒാർഡിനൻസ് ഇറക്കാൻ മോദിസർക്കാറിന് കഴിയുമെന്ന് ബി.ജെ.പി പാർട്ടി ജനറൽ സെക്രട്ടറി രാം മാധവ് പറയുന്നത് അങ്ങനെയാണ്.
ആർ.എസ്.എസും ഹിന്ദുമത നേതാക്കളും സർക്കാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മാധവ് പറഞ്ഞു. 2019ലെ െപാതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേസ് പരാമർശിച്ചപ്പോൾ അയോധ്യ തങ്ങളുടെ മുൻഗണനയല്ല എന്ന് പറഞ്ഞതിന് സുപ്രീംകോടതിയെ സംഘ് പരിവാർ രൂക്ഷമായി വിമർശിച്ചു. സുപ്രീംകോടതി ഹിന്ദുക്കളെ അവഹേളിക്കുകയായിരുന്നുവെന്ന് ആർ.എസ്.എസ് കുറ്റപ്പെടുത്തി. എന്നാൽ, കോടതി തങ്ങൾ ഇച്ഛിച്ചപോലെ വന്നതോടെ വിമർശനങ്ങളെല്ലാം അടങ്ങി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അത്താഴവിരുന്നിന് മോദിയെ സുപ്രീംകോടതിയിലെ തന്റെ ചേംബറിലേക്ക് ക്ഷണിച്ചു. ഭരണഘടനാ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഇത്തരമൊരു വിരുന്ന് സംഘടിപ്പിച്ചത്. അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് രാമക്ഷേത്ര നിർമാണം വൈകിപ്പിച്ചതിന് കോൺഗ്രസാണ് ഉത്തരവാദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയതിന് പിറ്റേന്നായിരുന്നു വിരുന്ന്.
ഹാഷിം അൻസാരി, മുലായംസിങ് യാദവ്
കാലം പറയിച്ച നഗ്നസത്യങ്ങൾ
ക്ഷേത്രങ്ങൾക്ക് മുകളിൽ പാറുന്ന ധ്വജങ്ങളാണ് ജഡ്ജിമാരുടെയും അഭിഭാഷകരുടെയും നീതിബോധത്തെ ഉണർത്തേണ്ടതെന്ന് ബാബരി ഭൂമി കേസിൽ അന്തിമവിധി പറഞ്ഞവരിൽ സുപ്രീംകോടതിയിൽ അവശേഷിക്കുന്ന അവസാന ന്യായാധിപനായ നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെക്കൊണ്ട് തന്നെ കാലം തുറന്നു പറയിച്ചു. തെളിവില്ലാതിരുന്നിട്ടും ബാബരി മസ്ജിദിന്റെ ഭൂമി രാമക്ഷേത്രമുണ്ടാക്കാൻ വിട്ടുകൊടുക്കാനും കർസേവകർ തകർത്ത പള്ളി മറ്റൊരിടത്ത് മാറ്റിപ്പണിയാനുമുള്ള അയോധ്യ വിധി സംഘർഷത്തിന്റെ നീണ്ട ചരിത്രം മനസ്സിൽ കണ്ട് ഒരേ ശബ്ദത്തിൽ സംസാരിക്കാൻ തങ്ങളെടുത്ത തീരുമാനമാണ് എന്നും അദ്ദേഹം വെളിപ്പെടുത്തി.
അന്തിമവിധിയിൽ മാത്രമല്ല, അത്തരമൊരു വിധിയിലേക്ക് നയിച്ച കാരണങ്ങളിലും തങ്ങൾ അഞ്ചുപേരും ഒരുമിച്ചുനിന്നു എന്ന സന്ദേശം രാജ്യത്തിന് നൽകാനാണ് എഴുതിയ ജഡ്ജിയുടെ പേര് വെക്കാതിരുന്നതെന്ന ദുർബല ന്യായവും ചീഫ് ജസ്റ്റിസ് നിരത്തി. അയോധ്യ കേസിലെ പോലെ അഞ്ചല്ല, ഏഴും ഒമ്പതും പതിനൊന്നും ജഡ്ജിമാർ ഒരേ ബെഞ്ചിലിരുന്ന് ഒരേ സ്വരത്തിൽ ഇതിന് മുമ്പ് പുറപ്പെടുവിച്ച വിധിപ്രസ്താവങ്ങളിലെല്ലാം അതെഴുതിയ ജഡ്ജിമാരുടെ പേരുവെക്കുമ്പോഴാണ് ഈ വിചിത്ര ന്യായവാദം. ആർ.എസ്.എസിന്റെ ധ്വജം പാറിക്കാനായിരുന്നില്ലെങ്കിൽ ബാബരി മസ്ജിദ് തകർത്തിട്ട ക്രിമിനൽ കുറ്റകൃത്യത്തിലെ പ്രതികളായ വിശ്വഹിന്ദു പരിഷത്തിന്റെ കൈകളിലേക്ക് അതേ ഭൂമി കൈമാറുമായിരുന്നില്ല എന്നതാണ് സത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.