കവിത പൂക്കുന്ന പ്രായം

‘‘എൺപതാം വയസ്സിൽ മലയാളത്തിൽ ഒരു കവി പിറവിയെടുത്തത് മലയാളം കണ്ടോ? സംശയമാണ്. അത്ര പെട്ടെന്ന് കാണുന്നതല്ല മലയാളത്തി​ന്റെ കണ്ണുകൾ. അത് വൈറൽ കാഴ്ചകൾക്ക് പിറകെയാണ്’’ -‘ആൾമരം’ കവിതാസമാഹാരം അടുത്തിടെ പുറത്തിറക്കിയ ഉണ്ണിമാഷ്​ എന്ന സി.വി. ഉണ്ണിയെക്കുറിച്ച്​ എഴുതുന്നു.വില്യം വേഡ്സ് വർത്തി​ന്റെ ‘ലൂസി ഗ്രേ’ എന്ന കവിത പഠിപ്പിക്കുമ്പോൾ പൊക്കുന്നിലെ ഗുരുവായൂരപ്പൻ കോളജിലെ ത​ന്റെ ക്ലാസ് മുറിയിൽ കണ്ണുമിഴിച്ചിരിക്കുന്ന കുട്ടികൾക്കുമേൽ വാക്കുകൾകൊണ്ട് മഞ്ഞ് പൊഴിപ്പിക്കുമായിരുന്നു ഉണ്ണിമാഷ്. ലൂസി ഗ്രേ എന്ന പെൺകുട്ടി മഞ്ഞുകാറ്റിൽ അപ്രത്യക്ഷയാകുന്നതും അവളുടെ ഏകാന്തതയുടെ പാട്ട് മരണത്തി​ന്റെ...

‘‘എൺപതാം വയസ്സിൽ മലയാളത്തിൽ ഒരു കവി പിറവിയെടുത്തത് മലയാളം കണ്ടോ? സംശയമാണ്. അത്ര പെട്ടെന്ന് കാണുന്നതല്ല മലയാളത്തി​ന്റെ കണ്ണുകൾ. അത് വൈറൽ കാഴ്ചകൾക്ക് പിറകെയാണ്’’ -‘ആൾമരം’ കവിതാസമാഹാരം അടുത്തിടെ പുറത്തിറക്കിയ ഉണ്ണിമാഷ്​ എന്ന സി.വി. ഉണ്ണിയെക്കുറിച്ച്​ എഴുതുന്നു.

വില്യം വേഡ്സ് വർത്തി​ന്റെ ‘ലൂസി ഗ്രേ’ എന്ന കവിത പഠിപ്പിക്കുമ്പോൾ പൊക്കുന്നിലെ ഗുരുവായൂരപ്പൻ കോളജിലെ ത​ന്റെ ക്ലാസ് മുറിയിൽ കണ്ണുമിഴിച്ചിരിക്കുന്ന കുട്ടികൾക്കുമേൽ വാക്കുകൾകൊണ്ട് മഞ്ഞ് പൊഴിപ്പിക്കുമായിരുന്നു ഉണ്ണിമാഷ്. ലൂസി ഗ്രേ എന്ന പെൺകുട്ടി മഞ്ഞുകാറ്റിൽ അപ്രത്യക്ഷയാകുന്നതും അവളുടെ ഏകാന്തതയുടെ പാട്ട് മരണത്തി​ന്റെ സ്വരംപോലെ അതുവഴി കടന്നുപോകുന്നവരുടെ കാതിൽ അലയ്ക്കുന്നതുമെല്ലാം വർണിക്കുമ്പോൾ ത​ന്റെ കുട്ടികളിൽ കവിത മുളപ്പിക്കുകയായിരുന്നു ഉണ്ണിമാഷ് ചെയ്തുകൊണ്ടിരുന്നത്. ഒരിക്കലും കാണാത്ത മഞ്ഞുപാതയിലേക്ക് ഭാഷയുടെ പുറത്തേറി സഞ്ചരിക്കാൻ അത് കുട്ടികളെ കെട്ടഴിച്ചുവിട്ടു. എഴുപതുകളുടെ അന്ത്യമായിരുന്നു അത്.

ഗുരുവായൂരപ്പൻ കോളജ് എന്നോർക്കുമ്പോൾതന്നെ രാമചന്ദ്രൻ മൊകേരി, ശോഭീന്ദ്രൻ മാഷ്, ഉണ്ണിമാഷ്, പി.പി. രവീന്ദ്രൻ, ഡി.ഡി. നമ്പൂതിരി എന്നീ അധ്യാപകരുടെ സൗഹൃദം ഒരു തണലായി ജീവിതത്തിലുടനീളം ഒപ്പമുണ്ടായിരുന്നു. എത്രയോ തലമുറകളെ പച്ചപിടിപ്പിച്ച അധ്യാപകവംശമാണത്. അതിന്നൊരു കാടാണ്.

കഴിഞ്ഞ വർഷം മേയ് അവസാനം ശോഭീന്ദ്രൻ മാഷ് വിളിച്ചു: ഉണ്ണിമാഷി​ന്റെ എൺപതാം പിറന്നാളാണ്, അളകാപുരിയിൽ എത്തണം, ഉച്ചക്ക് ഒന്നിച്ചിരുന്ന് ഒരു ഊണ് കഴിക്കാം. ഉണ്ണി മാഷ് ക്ക് സന്തോഷമാകട്ടെ. എൺപതു വയസ്സ് പിന്നിട്ട ഉണ്ണിമാഷി​ന്റെ ഒരു ബയോഡേറ്റ ഒരു മാധ്യമത്തി​ന്റെ ശേഖരത്തിലും ഉണ്ടാകാൻ വഴിയില്ല. ഒരു പത്രത്തിലും ഇന്നുവരെ ഉണ്ണിമാഷ് ഫീച്ചർ ചെയ്യപ്പെടുകയോ മാഷുമായുള്ള ഒരഭിമുഖം അച്ചടിക്കപ്പെടുകയോ ചെയ്തതായി എ​ന്റെ ഓർമയിലില്ല. കോഴിക്കോട് നഗരത്തി​ന്റെ സംസ്കാരത്തിൽ ഒരു വളമായി അലിഞ്ഞു സഞ്ചരിച്ച മനുഷ്യർക്കൊപ്പം പിന്നിട്ട അരനൂറ്റാണ്ട് മാഷ് ഇവിടെ ഉണ്ടായിരുന്നുവെങ്കിലും.

ഡോ. രാമചന്ദ്രൻ മൊകേരിക്ക്​ ഒപ്പം സി.വി. ഉണ്ണി

1943 ജൂൺ 2ന് മലപ്പുറത്ത് പെരിന്തൽമണ്ണക്കടുത്ത് ചെറുകരത്തറവാട്ടിലാണ് മാഷി​ന്റെ ജനനം. പാലക്കാട് ഗവ. വിക്ടോറിയ കോളജിലായിരുന്നു പഠനം. എം.ഫിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ​െവച്ചായിരുന്നു. 1966 മുതൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനായി. 1968ൽ കോഴിക്കോട്ട് അശ്വിനി ഫിലിം സൊസൈറ്റി ഉണ്ടാകുമ്പോൾ സ്ഥാപകാംഗമായി ഉണ്ണിമാഷ് ഒപ്പമുണ്ട്. രാമചന്ദ്രൻ മൊകേരിക്കൊപ്പം കാമ്പസ് തിയറ്ററിൽ സജീവമായിരുന്നു. 1993-98 കാലത്ത് ഗുരുവായൂരപ്പൻ കോളജ് പ്രിൻസിപ്പലായി. വൈകി എത്തിയ വസന്തമായി തിരുവനന്തപുരം ഗവ. ആർട്സ് കോളജ് മുൻ പ്രിൻസിപ്പലായ ഡോ. പി.കെ. രജുല ജീവിതപങ്കാളിയായി എത്തിയതോടെയാണ് ഉണ്ണിമാഷി​ന്റെ ജീവിതം കവിതാമയമായി മാറിയത്. ‘ആൾമരം’ എന്ന കവിതാപുസ്തകത്തി​ന്റെ ശക്തിയും രജുല ടീച്ചർ തന്നെയാണ്.

കോളജിൽ പഠിപ്പിക്കുന്ന കാലത്ത് ഏകാന്തനായ ഒരു സായ്വിനെപ്പോലെ ജീവിച്ചുപോന്ന ഉണ്ണിമാഷെ തെരുവിലെ ജീവിതത്തിലേക്ക് പിടിച്ചിറക്കിയത് രാമചന്ദ്രൻ മൊകേരിയുമായും ശോഭീന്ദ്രൻ മാഷുമായുമുള്ള അസാധാരണ സൗഹൃദമായിരുന്നു. പഠിപ്പിച്ച ഗുരുനാഥ​ന്റെ എൺപതാം പിറന്നാളിന് ഓർമിച്ച് വിളിക്കപ്പെടുന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരംഗീകാരമായിരുന്നു. അതിനായി മാത്രം ബംഗളൂരുവിൽനിന്നും കോഴിക്കോട്ട് കുതിച്ചെത്തി.

2023 ജൂൺ 2, ഉണ്ണിമാഷി​ന്റെ ഒരുകൂട്ടം സഹപ്രവർത്തകരും ശിഷ്യഗണങ്ങളും അളകാപുരിയിൽ ഒത്തുചേർന്നു. ‘‘ആദ്യമായാണ് എൺപതാം പിറന്നാൾ വരുന്നത്, മുൻ അനുഭവമില്ല, അതുകൊണ്ട് എന്തു പറയണം എന്നറിയില്ല. എങ്ങനെ എൺപതായി എന്നറിയില്ല’’ -മാഷ് പ്രസംഗത്തിൽ പറഞ്ഞു. അതാണ് ഉണ്ണിമാഷ്. എന്നാൽ, ഒരതിശയം മാഷ് ഏതാനും മാസങ്ങൾക്കകലെ കാത്തു​െവച്ചിരുന്നു. അതാണ് ഉണ്ണിമാഷി​ന്റെ ആദ്യ കവിതാപുസ്തകം: ‘ആൾമരം’. 2023 നവംബർ 14ന് കുട്ടികളുടെ ദിവസം ‘ആൾമരം’ എന്ന കവിതാപുസ്തകം അളകാപുരിയിൽതന്നെ പ്രകാശനം ചെയ്യപ്പെട്ടു.

‘ഓർമ, ഭാഷ, പരിഭാഷ’ എന്ന വിഷയത്തിൽ രവി മാഷായിരുന്നു ആമുഖപ്രഭാഷണം. ഓർമകൾക്കുമേൽ പടുത്തുയർത്തിയ ഒരു സൗധമാണ് മനുഷ്യൻ, അതൊരു ഭാഷയല്ല പരിഭാഷയാണ് എന്നു പറയാം. മറ്റുള്ളവരുടെ ഭാഷ മനസ്സിലാവലാണ് സംസ്കാരം –വീണ്ടും രവി മാഷിന്റെ ക്ലാസിലിരിക്കുമ്പോൾ പൊക്കുന്നും ഗുരുവായൂരപ്പൻ കോളജുമൊക്കെ ഓർമകളായി നിറഞ്ഞു. ഒരായുസ്സുകൊണ്ട് എത്രയോ മരത്തലകളെ സാഹിത്യം പഠിപ്പിച്ച ആ ‘ആൾമര’ത്തിൽ കവിതകൾ പൂക്കാറുണ്ടായിരുന്നോ എന്ന് ആരും ചോദിച്ചിരുന്നില്ല. ഒരു കവിത തരുമോ എന്ന് അച്ചടിയുടെ ഒരു കാടും ചോദിച്ചിരുന്നില്ല.

80ന്റെ യൗവനം കവിതയിൽ പൂക്കുന്ന പുസ്തകമാണ് ‘ആൾമരം’. മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ. ‘‘ജനവാതിലാരോ പതുക്കെ അയക്കുന്നു’’ എന്ന ഒറ്റവരി ഹൈക്കു മുതൽ ‘ആൾമരം’ നിറച്ചും ഏകാന്തതയുടെ പര്യായങ്ങളാണ്. പണ്ട് ‘‘ഒന്നുമില്ലൊന്നുമില്ല’’ എന്ന് പാടി കവിതയിലെ ഏകാന്ത വിസ്മയമായ ആർ. രാമചന്ദ്രൻ മാസ്റ്റർ എഴുതി നിർത്തിയിടത്തുനിന്നും എഴുത്ത് തുടർന്നാൽ എന്നപോലൊരു പുസ്തകമാണത്. തത്ത്വചിന്തയും കവിതയും ഭാഷയിൽ പണിയെടുക്കുന്നു.

 

പി.പി. രവീന്ദ്ര​െനാപ്പം

പി.പി. രവീന്ദ്രൻ ‘നശ്വരതക്ക് ഒരടിവര’ എന്ന അവതാരികയുമായി ‘ആൾമര’ത്തിൽ ഒപ്പമുണ്ട്. ‘‘അനർഥങ്ങളുടെ നിഘണ്ടു’’ എന്നതാണ് ഈ കവിതകളുടെ കേന്ദ്രസങ്കൽപം എന്നു വായിക്കുന്നു രവി മാഷ്: ‘‘വായനക്കാരുടെ സ്ഥലകാലബോധത്തെ കീഴ്മേൽ മറിക്കുന്ന ഭീകരമായ ഒരു രാവണൻ കോട്ടയാണ് ഭാഷ. നിരന്തരം മങ്ങുന്ന ഒരു കാഴ്ചയാണ് ഈ കോട്ടയുടെ സവിശേഷത. ഇതിൽ പ്രവേശിച്ച് വട്ടം കറങ്ങുന്നയാൾ ‘ഭാഷ’യിൽ സംഭവിക്കുന്നതുപോലെ ചിലപ്പോൾ കാവ്യ പാരമ്പര്യത്തിലെ എഴുത്തച്ഛനെ കണ്ടെത്തിയേക്കാമെങ്കിലും വർത്തമാനത്തി​ന്റെ അർഥ തീർച്ചയിൽനിന്നും വീണ്ടും വീണ്ടും തെന്നിമാറുന്ന എഴുത്തച്ഛനാണ് പൊതുവെ ഈ കവിതകളിലെ നായകൻ എന്നു പറയുന്നതിൽ തെറ്റില്ല.’’

എൺപതാം വയസ്സിൽ മലയാളത്തിൽ ഒരു കവി പിറവിയെടുത്തത് മലയാളം കണ്ടോ? സംശയമാണ്. അത്ര പെട്ടെന്ന് കാണുന്നതല്ല മലയാളത്തി​ന്റെ കണ്ണുകൾ. അത് വൈറൽ കാഴ്ചകൾക്ക് പിറകെയാണ്. ജീവിതത്തിൽ ഒരിക്കലും വൈറൽ ആയിട്ടില്ലാത്ത ഉണ്ണിമാഷും ശോഭീന്ദ്രൻ മാഷുമൊക്കെ ആ കാഴ്ചയിൽ പെടാൻ സമയമെടുക്കും.

‘ആൾമരം’ എന്ന സമാഹാരത്തിലെ ‘ആൾമരം’ എന്ന കവിത സി.വി. ഉണ്ണി എന്ന കവി ത​ന്റെ ആയുഷ്‍കാല സൗഹൃദങ്ങളിലൊന്നായ ശോഭീന്ദ്രൻ മാഷ് ക്ക് സമർപ്പിച്ചുകൊണ്ട് എഴുതിയതാണ്. മൊട്ടക്കുന്നായിരുന്ന പൊക്കുന്നിലെ ഗുരുവായൂരപ്പൻ കോളജിനെ പച്ചപുതപ്പിച്ചത് ആ സൗഹൃദമാണ്.

 

ശോഭീന്ദ്രനൊപ്പം സി.വി. ഉണ്ണി

‘ആൾരൂപം’ (ശോഭീന്ദ്രന്)

‘‘ഒരാൾ കാവലിരിക്കുന്നു

കവിതയുടെ കൊയ്ത്തുപാടത്ത്

പ്രതീക്ഷയോടെ.

ചിലപ്പോൾ ഒരു വാക്കിനു വേണ്ടി

വാ പൊളിച്ചിരിക്കുന്നു,

വിശക്കുന്ന കുഞ്ഞിനെപ്പോലെ

അല്ലെങ്കിൽ ദിവസങ്ങളോളം കാത്തിരിക്കുന്നു.

ചില സമയത്ത് ഒരു വൃത്തത്തിൽ

ചുരുണ്ടുകിടക്കുന്നു ഒരാൾ.

ഒരാൾ മരം നടുന്നു

ഒരാൾ പ്രസംഗിക്കുന്നു

സമൂഹത്തെ ഉദ്ധരിക്കാൻ

ഉച്ചനീചത്വം തുടച്ചുമാറ്റാൻ

പട്ടിണിയെ പട്ടിണിക്കിടാൻ

നീതിയുടെ പടവാളായി നാവ് ഒരാൾ.

ഒരാൾ മരം വളർത്തുന്നു

കുന്നിൻപുറങ്ങളുടെ കൂടയായി

വയലോരങ്ങളിൽ കാവലായി

പാതവക്കിൽ തണൽച്ചോലയായി

പോലീസ് സ്റ്റേഷനിലെ സ്വാതന്ത്ര്യമായി

ആസ്പത്രികളിൽ മരുന്നായി

വിദ്യാലയങ്ങളുടെ ഹൃദയഭൂവിൽ

വേരോടിച്ചുകൊണ്ട് ഒരാൾ.

മരങ്ങൾക്ക് താഴെ

കവിത വിളറിവാടുന്നു

പ്രഭാഷണം ഉമിനീരിറക്കുന്നു

പാദപങ്ങളുടെ ശീതളച്ഛായയിൽ

ഒരായിരം ഇലകളിൽ

ഒരായിരം പേർക്ക്

പ്രാണൻ പകരുന്നു ഒരാൾ.

മരുത്തി​ന്റെ ഈണം കേട്ട്

മഴക്കാലത്തി​ന്റെ നനുത്ത

വിരൽത്തുമ്പിൽ പിടിച്ചു

പകലി​ന്റെ നെഞ്ചിലെ ചൂടിൽ

അതു വളരുന്നു,

ആകാരത്തോളം

ഒരാളെപ്പോലെ.

പച്ചത്തൊപ്പിയിട്ട്.’’

നാൽപതു വർഷംകൊണ്ട് എഴുതപ്പെട്ട ഉണ്ണിമാഷിന്റെ കവിതകളുടെ സമാഹാരം ഒടുവിൽ പുറത്തിറങ്ങുമ്പോൾ അത് കാണാൻ ആ നാൽപത് വർഷവും ഒപ്പം നടന്ന രാമചന്ദ്രൻ മൊകേരി മാഷും ശോഭീന്ദ്രൻ മാഷും അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന ഖേദം അളകാപുരിയിലെ ഒത്തുകൂടിയ മനുഷ്യരിലാകെ ചൂഴ്ന്നുനിന്നു.

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT