അധിനിവേശാനന്തര വിമര്‍ശനത്തി​ന്റെ സാധ്യതകൾ

നമ്മുടെ രാഷ്​ട്രീയ, സാമൂഹിക, സാംസ്​കാരിക രംഗങ്ങളിൽ അധിനിവേശാനന്തര (Post-colonial) വിമർശനങ്ങൾക്ക്​ എന്താണ്​ പ്രസക്തി? എന്താണ്​ സാധ്യതകൾ? അത്​ നൽകിയ സംഭാവന എന്തായിരുന്നു? എന്താവും ഭാവി? –വിശകലനവും നിരീക്ഷണങ്ങളും.അധിനിവേശാനന്തരം' (Post-colonial) എന്ന പ്രയോഗം രാഷ്ട്രീയ സിദ്ധാന്തങ്ങളില്‍ 1970കള്‍ മുതല്‍ ഉപയോഗത്തിലുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്യന്‍ സാമ്രാജ്യങ്ങളുടെ ആധിപത്യത്തില്‍നിന്ന്​ മോചനം നേടിയ രാജ്യങ്ങളുടെ ദുഃസ്ഥിതിയെ സൂചിപ്പിക്കുന്നതാണ് ഈ പ്രയോഗം. എഡ്വേഡ് സൈദിന്‍റെ ‘ഓറിയന്‍റലിസ’ത്തിന്‍റെ (1978) പ്രസിദ്ധീകരണത്തോടെയാണ് അതിന് കൂടുതല്‍ പ്രചാരം സിദ്ധിച്ചത്. കോളനിവത്കരണത്തിന്‍റെ കാലംമുതല്‍...

നമ്മുടെ രാഷ്​ട്രീയ, സാമൂഹിക, സാംസ്​കാരിക രംഗങ്ങളിൽ അധിനിവേശാനന്തര (Post-colonial) വിമർശനങ്ങൾക്ക്​ എന്താണ്​ പ്രസക്തി? എന്താണ്​ സാധ്യതകൾ? അത്​ നൽകിയ സംഭാവന എന്തായിരുന്നു? എന്താവും ഭാവി? –വിശകലനവും നിരീക്ഷണങ്ങളും.

അധിനിവേശാനന്തരം' (Post-colonial) എന്ന പ്രയോഗം രാഷ്ട്രീയ സിദ്ധാന്തങ്ങളില്‍ 1970കള്‍ മുതല്‍ ഉപയോഗത്തിലുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്യന്‍ സാമ്രാജ്യങ്ങളുടെ ആധിപത്യത്തില്‍നിന്ന്​ മോചനം നേടിയ രാജ്യങ്ങളുടെ ദുഃസ്ഥിതിയെ സൂചിപ്പിക്കുന്നതാണ് ഈ പ്രയോഗം. എഡ്വേഡ് സൈദിന്‍റെ ‘ഓറിയന്‍റലിസ’ത്തിന്‍റെ (1978) പ്രസിദ്ധീകരണത്തോടെയാണ് അതിന് കൂടുതല്‍ പ്രചാരം സിദ്ധിച്ചത്. കോളനിവത്കരണത്തിന്‍റെ കാലംമുതല്‍ യൂറോപ്യന്‍ സാമ്രാജ്യത്വത്തിന്‍റെ കെടുതികള്‍ അനുഭവിക്കേണ്ടിവന്ന സംസ്കാരങ്ങളെ വിശേഷിപ്പിക്കാനാണ് ഈ പദം പ്രധാനമായി ഉപയോഗിക്കുന്നത്.

അധിനിവേശാനന്തര വിമര്‍ശനം യൂറോപ്യന്‍ രാജ്യങ്ങളും അതിന്‍റെ കോളനികളും തമ്മില്‍ ആധുനികകാലത്ത് ഉടലെടുത്ത സാംസ്കാരിക വിനിമയങ്ങളെക്കുറിച്ചുള്ള പഠനമാണെന്നത്, ഒരുപക്ഷേ ഏറ്റവും ലളിതവത്കരിക്കപ്പെട്ട നിര്‍വചനമായിരിക്കാം. എന്നാല്‍, ഈ രാജ്യങ്ങളുടെ വ്യത്യസ്തമായ അനുഭവം ‘അധിനിവേശാനന്തരം’ എന്ന വാക്കിന്‍റെ ഉപയോഗത്തെ പ്രശ്നവത്കരിക്കുന്നു. ഉദാഹരണത്തിന്, അമേരിക്ക അധിനിവേശചരിത്രമുള്ള രാജ്യമാണെങ്കിലും അധിനിവേശാനന്തര രാജ്യമെന്ന വിശേഷണത്തിന് യോഗ്യമല്ല, എന്നു കാണാം.

സമകാലിക ലോകരാഷ്ട്രീയത്തില്‍ അമേരിക്കയുടെ അപ്രമാദിത്വമാണ് പ്രധാന കാരണം. കൂടാതെ, ചരിത്രപരമായി അവിടെ അരങ്ങേറിയ ആന്തരിക അധിനിവേശവും അമേരിക്കയുള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ രൂപംകൊടുത്ത നവ അധിനിവേശസംരംഭങ്ങളും അത്തരംവിശേഷണത്തിന്‍റെ പ്രസക്തിയെ ചോദ്യംചെയ്യുന്നു. കുടിയേറ്റക്കാരുടെ രാജ്യങ്ങളായ കാനഡയും ആസ്ട്രേലിയയും അധിനിവേശാനന്തര രാജ്യങ്ങളുടെ പരിധിയില്‍ വരുന്നില്ല. അധിനിവേശം നടത്തിയ രാജ്യങ്ങളോടുള്ള വിധേയത്വവും വംശീയതയുടെയും വിദേശഭാഷയുടെയും ഭാരംപേറേണ്ടി വരാതിരുന്നതും ഈ അവസ്ഥക്ക് കാരണമായിട്ടുണ്ടാവും.

അധിനിവേശാനന്തര വിമര്‍ശനം സാഹിത്യത്തിന്‍റെ സാര്‍വകാലികതയെ ഉദാത്തവത്കരിച്ച ഉദാരമാനവികതാവാദത്തിന്‍റെ നിലപാടുകളെ ചോദ്യംചെയ്യുന്നു. മികച്ച സാഹിത്യം കാലാതിവര്‍ത്തിയാണെന്നു സമ്മതിച്ചാല്‍ അനുഭവത്തിലെയും കാഴ്ചപ്പാടിലെയും സാംസ്കാരികവും സാമൂഹികവും പ്രാദേശികവും ദേശീയവുമായ വ്യത്യാസങ്ങളെ അവഗണിച്ചതായി വ്യാഖ്യാനിക്കപ്പെടാനിടയുണ്ട്. സാര്‍വദേശീയത എന്ന ആശയത്തെ അധിനിവേശാനന്തര സിദ്ധാന്തം തിരസ്കരിക്കുന്നു. കാരണം, അത്, യൂറോ കേന്ദ്രിത നിലപാടുകളെ പരിപോഷിപ്പിക്കുന്നതാണ്.

അധിനിവേശാനന്തര വിമര്‍ശനം ഇംഗ്ലീഷ് പഠനങ്ങളുടെ പരമ്പരാഗത മേഖലയുടെ വികസനം മാത്രമല്ല. അവഗണിക്കപ്പെട്ടുകിടന്ന തലങ്ങളില്‍ പുതിയ താൽപര്യം കാണിക്കലുമല്ല. സ്ത്രീപക്ഷവാദം, അപനിര്‍മാണം തുടങ്ങിയ വ്യത്യസ്തങ്ങളായ സമകാലിക വിമര്‍ശന വ്യവഹാരങ്ങളെ കൂട്ടുപിടിച്ച്​, മേല്‍ക്കോയ്മാ സിദ്ധാന്തങ്ങളെയും വിശകലന രീതികളെയും മാറ്റിമറിക്കാന്‍ അതിനു സാധിച്ചു. പഠനവിഷയങ്ങളുടെ അതിരുകളെക്കുറിച്ച പരമ്പരാഗത സങ്കൽപങ്ങളെ അത് കീഴ്മേല്‍ മറിച്ചു.

സിഗ്മണ്ട് ​​േഫ്രായ്ഡ്,ചാൾസ് ഡാർവിൻ

 കൊളോണിയല്‍ വ്യവഹാര വിശകലനം, ചരിത്രം, രാഷ്ട്രമീമാംസ, സാമൂഹികശാസ്ത്രം എന്നീ വിഷയങ്ങളെ സാഹിത്യവുമായി ചേര്‍ത്തു​െവച്ച് പഠിക്കുന്നതിന്‍റെ പ്രാധാന്യം അത് ഉയര്‍ത്തിക്കാട്ടുന്നു. സാഹിത്യകൃതിയെ, അതിന്‍റെ ഉൽപാദനവും സ്വീകരണവുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളില്‍നിന്നും അടര്‍ത്തിമാറ്റിപ്പഠിക്കുന്നതിനെ അധിനിവേശാനന്തര വിമര്‍ശനം പ്രോത്സാഹിപ്പിക്കുന്നില്ല. കൃതിയും അത് രചിക്കപ്പെട്ട സന്ദര്‍ഭവും തമ്മിലുള്ള നിശ്ചിത അതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്നതിലും അതു തമ്മിലുള്ള അനുസ്യൂതി സ്ഥാപിക്കുന്നതിലുമാണ് അധിനിവേശാനന്തര വിമര്‍ശകര്‍ക്ക് താൽപര്യം.

കോളനീകരിക്കപ്പെട്ടവരുടെ പ്രതിനിധാനവും നവകൊളോണിയല്‍ ശക്തികളുടെ ഭൗതികസാഹചര്യവും തമ്മിലുള്ള പാരസ്പര്യം അവര്‍ അന്വേഷണവിധേയമാക്കുന്നു. ഉന്നതസംസ്കാരവും ജനകീയസംസ്കാരവും തമ്മിലുള്ള വ്യത്യാസത്തെ ചോദ്യംചെയ്യുന്ന സാംസ്കാരിക വിമര്‍ശനപാരമ്പര്യത്തിന് ശ്രദ്ധേയമായ സംഭാവന അധിനിവേശാനന്തരവിമര്‍ശനം നല്‍കിയിട്ടുണ്ട്. വാമൊഴി ആഖ്യാനങ്ങള്‍ക്ക് മീതേ ഉദാത്തസാഹിത്യം പുലര്‍ത്തുന്ന മേധാവിത്വത്തെ വെല്ലുവിളിക്കാന്‍ അത് മുതിരുന്നു. കൊളോണിയല്‍ വ്യവഹാരവിശകലനത്തില്‍, പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന ജേണലിസവും യാത്രാവിവരണവും ഇടംനേടിയിട്ടുണ്ട്. ഒരുപക്ഷേ, സൈദിന്‍റെ ‘ഓറിയന്‍റലിസം’ ആയിരിക്കാം ഇതിനു തുടക്കമിട്ടത്.

കൊളോണിയല്‍ സംസ്കാരവും വംശീയതയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധത്തിന്‍റെ ചിട്ടയോടെയുള്ള പഠനം പാശ്ചാത്യ സാഹിത്യ സാംസ്കാരിക പ്രസ്ഥാനങ്ങള്‍ അവഗണിച്ചിരുന്നുവെന്ന ‘ഓറിയന്‍റലിസ’ത്തിലെ പരാതിക്ക് പടിഞ്ഞാറുനിന്നുതന്നെ ചില പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നതിന്‍റെ സൂചനയാണ് അധിനിവേശാനന്തര വിമര്‍ശനത്തിന്‍റെ ആവിര്‍ഭാവവും അതിനു ലഭിച്ച വരവേല്‍പ്പും. രണ്ടു ദശാബ്ദ കാലത്തോളം അതിനു കിട്ടിയ സ്വീകാര്യത വിലയിരുത്തുമ്പോള്‍, അതുതന്നെ ഒരു നീണ്ട ചരിത്രകാലഘട്ടത്തെയും വിസ്തൃതമായ ഭൂവിഭാഗത്തെയും നിരവധി വിജ്ഞാനശാഖകളെയും അധിനിവേശത്തിനു വിധേയമാക്കിയെന്നു മനസ്സിലാക്കാവുന്നതാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനദശകങ്ങള്‍ സാമ്രാജ്യത്വത്തിന്‍റെയും അതിന്‍റെ പ്രത്യാഘാതങ്ങളുടെയും സാംസ്കാരിക വിശകലനങ്ങളടങ്ങിയ ഒട്ടേറെ കൃതികളുടെ പ്രസിദ്ധീകരണത്തിന് സാക്ഷ്യം വഹിച്ചു. ‘അധിനിവേശാനന്തര’മെന്ന വിശേഷണം അവയൊക്കെ അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. വിഷയത്തിലും വീക്ഷണകോണിലും വൈവിധ്യമുണ്ടെങ്കിലും ഈ വിമര്‍ശനകൃതികളും പഠനങ്ങളും പങ്കുവെക്കുന്ന ചില ഉത്കണ്ഠകളുണ്ട്. അധിനിവേശം അടിച്ചേൽപിച്ച നിയന്ത്രണങ്ങള്‍ക്കു കീഴിലെ അടിച്ചമര്‍ത്തലിന്‍റെയും തിരസ്കാരത്തിന്‍റെയും പ്രതിരോധത്തിന്‍റെയും അനുഭവങ്ങളായിരുന്നു ആ ഉത്കണ്ഠകള്‍ക്ക് പിന്നില്‍.

കിഴക്കും പടിഞ്ഞാറും തമ്മില്‍ പതിനാറാം നൂറ്റാണ്ടു മുതല്‍ അരങ്ങേറിയിരുന്ന ചരിത്രപരവും രാഷ്ട്രീയവും സാംസ്കാരികവുമായ കൊളോണിയല്‍ സംഘട്ടനങ്ങളെയാണ്, ഈ കൃതികള്‍ അഭിസംബോധന ചെയ്യുന്നത്. ഈ എണ്ണമറ്റ ഏറ്റുമുട്ടലുകള്‍ എങ്ങനെയാണ് അതുമായി ബന്ധപ്പെട്ടവരെയൊക്കെ രൂപപ്പെടുത്തിയതെന്നും അധിനിവേശാനന്തര പഠനങ്ങള്‍ വിലയിരുത്തുന്നു. അധിനിവേശാനന്തര സംസ്കാരങ്ങളുടെയും കൃതികളുടെയും രാഷ്ട്രീയത്തിന്‍റെയും പഠനങ്ങള്‍ അധിനിവേശകാലത്തെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള പ്രതികരണമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. അത് പ്രതിഷേധത്തിന്‍റെയും പ്രതിരോധത്തിന്‍റെയും വ്യവഹാരമായിരുന്നു.

അധിനിവേശാനന്തര വിമര്‍ശനം പ്രതിനിധാനം ചെയ്യുന്നത് സാഹിത്യ, സാംസ്കാരിക പഠനങ്ങളിലെ വിമര്‍ശനാത്മകവും സൈദ്ധാന്തികവുമായ സമീപനങ്ങളെയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യം വരെയും അതിനപ്പുറവും നീണ്ടുനിന്ന അനീതിക്കും അസമത്വത്തിനും എതിരെയുള്ള ചെറുത്തുനിൽപിനെയാണ് അത് അടയാളപ്പെടുത്തുന്നത്. അധിനിവേശത്തിന്‍റെ രാഷ്ട്രീയവും സാംസ്കാരികവുമായ രൂപഭേദങ്ങളോടുള്ള പ്രതികരണങ്ങളായും അതിനെ വായിക്കാവുന്നതാണ്.

അധിനിവേശാനന്തര വിമര്‍ശനത്തിന്‍റെ പരിധിയില്‍വരുന്ന വിഷയങ്ങളെ ഉള്‍ക്കൊള്ളാന്‍ പലപ്പോഴും അതിന്‍റെ നിര്‍വചനങ്ങള്‍ക്ക് കഴിയുന്നില്ല. എന്നാലും, അധികാരഘടനയിലേക്കുള്ള സൂക്ഷ്മവും വിമര്‍ശനാത്മകവുമായ അന്വേഷണങ്ങള്‍ക്ക് അധിനിവേശാനന്തര വിശകലനങ്ങള്‍ ദിശാബോധം നല്‍കുന്നുണ്ട്​. മാത്രമല്ല, അധിനിവേശാനന്തര സാഹിത്യത്തിന്‍റെയും സിദ്ധാന്തത്തിന്‍റെയും ഉത്തരാധുനിക ആഭിമുഖ്യം അതിന് പാശ്ചാത്യചിന്താമണ്ഡലത്തില്‍ സ്വീകാര്യത ഉറപ്പുവരുത്തുകയും ചെയ്തു.

 

ഫ്രാൻസ്​ ഫാനൻ,ഗ്രാംഷി

മാര്‍ക്സിസത്തിന്‍റെയും ഘടനാനന്തരവാദത്തിന്‍റെയും സൈദ്ധാന്തികതലങ്ങളെ തൊട്ടും തലോടിയും നിലകൊള്ളുന്ന അധിനിവേശാനന്തര വിമര്‍ശനം, അധിനിവേശത്തെ, അസ്ഥിരപ്പെടുത്തേണ്ട ഒരാഗോളവ്യവസ്ഥയായിക്കാണുന്നു. വിവിധ ചിന്താധാരകളുടെ സംഗമകേന്ദ്രമായി അതു മാറുന്നു. ആശയങ്ങളുടെ സമ്മേളനവും സംവാദവുമാണ് അവിടെ നടക്കുന്നത്.

പരസ്പരം ഇടഞ്ഞുനില്‍ക്കുന്ന മാര്‍ക്സിസത്തിന്‍റെയും ഘടനാനന്തരവാദത്തിന്‍റെയും വിചാരധാരകളുടെ സമരഭൂമിയായി, പലപ്പോഴും, അധിനിവേശാനന്തര വിമര്‍ശനം മാറുന്നുണ്ട്. അതായിരിക്കാം, അതിന്‍റെ ഉള്ളടക്കവും പരിമിതിയും പ്രസക്തിയും എപ്പോഴും തര്‍ക്കവിഷയമാകുന്നത്. അധിനിവേശാനന്തര വിമര്‍ശനം രാഷ്ട്രീയവും സാംസ്കാരികവും ധാര്‍മികവും രീതിശാസ്ത്രപരവുമായ പ്രശ്നങ്ങളെയാണ് വിശകലനത്തിനായി തിരഞ്ഞെടുക്കുന്നത്. ഈ സമീപനം, ദേശീയത, വംശീയത, ഭാഷ, അധികാരം, സാംസ്കാരികസ്വത്വം തുടങ്ങിയ വിഷയങ്ങളെ അഭിമുഖീകരിക്കുന്നത്, സുഗമമാക്കുന്നുണ്ട്.

യൂറോപ്യന്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പും കോളനിവിരുദ്ധ പ്രതിരോധപ്രവര്‍ത്തനങ്ങളും പോസ്റ്റ് കൊളോണിയലിസത്തിന്‍റെ അവിഭാജ്യഘടകങ്ങളായിരുന്നു. അധിനിവേശത്തെയും സാമ്രാജ്യത്വത്തെയും അതിന്‍റെ അനന്തരഫലങ്ങളെയുംകുറിച്ചുള്ള പഠനം ഒരു വലിയ അളവില്‍ ഡാര്‍വിന്‍റെയും ഫ്രോയിഡിന്‍റെയും മാര്‍ക്സിന്‍റെയും സ്വാധീനത്തിന്‍റെ വെളിച്ചത്തിലായിരുന്നു നടന്നിരുന്നത്. ‘പീഡകന്‍’, ‘പീഡിതന്‍’ എന്ന വാര്‍പ്പുമാതൃകകള്‍ ചോദ്യം ചെയ്യപ്പെട്ടു. ജ്ഞാനനിര്‍മിതിയും മൂല്യനിര്‍ണയവും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ അധിനിവേശാനന്തര വ്യവഹാരത്തിന്‍റെ പരിധിയില്‍ വരുന്നതാണെന്നു കാണാം.

ഒരേസമയം, സാംസ്കാരിക പ്രതിഭാസവും അക്കാദമിക മേഖലയുമാണത്. പൊതുവെ പറഞ്ഞാല്‍, പോസ്റ്റ്-കൊളോണിയലിസം രണ്ടാം ലോകയുദ്ധത്തിനുശേഷം വികാസം പ്രാപിച്ച ആഗോള സാംസ്കാരിക പ്രസ്ഥാനമാണ്. യൂറോപ്യന്‍ സാമ്രാജ്യത്വത്തിന്‍റെ അസ്തമയത്തെയാണ് അത് സൂചിപ്പിക്കുന്നത്. പഴയ കോളനികളുടെ സാംസ്കാരികത്തനിമക്കുവേണ്ടിയുള്ള അന്വേഷണവും ഏറെക്കാലം ചവിട്ടിമെതിക്കപ്പെട്ട സംസ്കാരങ്ങളുടെ പ്രസക്തിയുടെ തിരിച്ചറിയലും പുതിയ പഠനങ്ങളുടെ ആവേശമായി മാറി.

അധിനിവേശാനന്തര വിമര്‍ശകര്‍, പൊതുവെ പിന്തുടരുന്ന ചില പ്രായോഗികരീതികളുണ്ട്. പ്രാമാണിക പാശ്ചാത്യ സാഹിത്യം സാര്‍വദേശീയതയെ പ്രതിനിധാനം ചെയ്യുന്നുവെന്ന വാദം അവര്‍ തള്ളിക്കളയുന്നു. പാശ്ചാത്യ സാഹിത്യത്തിന്‍റെ അവകാശവാദത്തിന്‍റെ പരിമിതിയെ, പ്രത്യേകിച്ച്, സാംസ്കാരികവും വംശീയവുമായ വൈജാത്യങ്ങളെ അനുതാപത്തോടെ വീക്ഷിക്കാന്‍ അതിനു കഴിയാത്ത അവസ്ഥയെ തുറന്നുകാട്ടുവാന്‍ വിമര്‍ശകര്‍ ശ്രമിക്കുന്നുണ്ട്. ഈ ലക്ഷ്യം നിറവേറ്റാനാണ് അവര്‍ സാഹിത്യത്തില്‍ മറ്റു സംസ്കാരങ്ങളുടെ പ്രതിനിധാനത്തെ പരിശോധിക്കുന്നത്.

കോളനീകരണത്തെയും സാമ്രാജ്യത്വത്തെയും സംബന്ധിക്കുന്ന കാര്യങ്ങളില്‍ മൗനം അവലംബിക്കുന്ന സാഹിത്യകൃതികള്‍ വിമര്‍ശനത്തിനു വിധേയമാകുന്നു. സാഹിത്യകൃതിയിലെ സാംസ്കാരികവൈവിധ്യത്തെയും അതിനോടുള്ള സമീപനത്തെയും അധിനിവേശാനന്തര വിമര്‍ശനം വിലയിരുത്തുന്നു. വ്യക്തികളും സമൂഹങ്ങളും ഒരേസമയം ഒന്നിലധികം സംസ്കാരത്തിന്‍റെ ഭാഗമാകുന്നതിനെ ആഘോഷിക്കാനാണ് അവര്‍ക്ക് താൽപര്യം. അവര്‍ രൂപംനല്‍കുന്ന വിമര്‍ശനനിലപാട് അധിനിവേശാനന്തര സാഹിത്യത്തിനും സംസ്കാരത്തിനും സാമൂഹികപ്രക്രിയകള്‍ക്കും പ്രസക്തിയുള്ളതാകുന്നു.

ഫ്രാന്‍സ് ഫാനന്‍ 1961ല്‍ പ്രസിദ്ധീകരിച്ച ‘ദി റെച്ചഡ് ഓഫ് ദി എര്‍ത്ത്’ അധിനിവേശാനന്തര വിമര്‍ശനത്തിന്‍റെ ആദ്യകാല മാതൃകയാണ്. ഫ്രാന്‍സിന്‍റെ ആഫ്രിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ സാംസ്കാരിക പ്രതിരോധം തീര്‍ക്കുകയായിരുന്നു, ഫാനന്‍. സ്വന്തമായൊരു ശബ്ദവും സ്വത്വവും നേടുവാനുള്ള ശ്രമത്തിന്‍റെ ആദ്യപടി സ്വന്തം ഭൂതകാലത്തെ വീണ്ടെടുക്കുക എന്നതാണെന്ന് അദ്ദേഹം അവരെ ഓര്‍മപ്പെടുത്തുന്നു. കൊളോണിയലിസത്തില്‍നിന്നുള്ള മോചനത്തെ വെറും സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള പോരാട്ടമായല്ല ഫാനന്‍ കാണുന്നത്. മാനവരാശിയുടെ മുഴുവന്‍ അന്തസ്സും അഭിമാനവും സംരക്ഷിക്കാനുള്ള വ്യഗ്രത അതിന്‍റെ പിന്നിലുണ്ട്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം കൊളോണിയല്‍ സംവിധാനം പുനഃസ്ഥാപിക്കപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ച് ഫാനന്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. രാജ്യത്തിന്‍റെ ഭദ്രതക്കുവേണ്ടിയുള്ള ബോധവത്കരണവും ഗൗരവമേറിയ രാഷ്ട്രീയചര്‍ച്ചകളുമാണ് ഈ പ്രതിസന്ധിയെ തരണംചെയ്യാന്‍ വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അധിനിവേശകാലത്തെ ജീവിതവും അധിനിവേശത്തിനെതിരെയുള്ള സമരവും അധിനിവേശാനന്തര രാഷ്ട്രപുനര്‍നിര്‍മാണവും ഫാനന്‍റെ വിചിന്തനത്തിന്‍റെ വിഷയങ്ങളാണ്.

 

 മാർക്സ്

അധിനിവേശം കീഴടക്കപ്പെട്ട ജനതയുടെ ചിന്തകളെയും വികാരങ്ങളെയും പോലും നിയന്ത്രണത്തിന് വിധേയമാക്കുന്നുണ്ട്. അങ്ങനെയാണ് അവര്‍ നീചരും അധമരുമാണെന്ന് അവരെക്കൊണ്ടുതന്നെ വിശ്വസിപ്പിക്കുന്നത്. ഇത് പലപ്പോഴും അവരെ മനോരോഗികളായി മാറ്റുന്നു. അതുകൊണ്ടാണ് ഫാനന്‍ സമർഥിക്കുന്നത്, അധിനിവേശത്തെ ഇല്ലാതാക്കിയാല്‍ ജനതയുടെ മനോരോഗത്തിന്‍റെ കാരണത്തെയും ഉറവിടത്തെത്തന്നെയും വേരോടെ പിഴുതെറിയാന്‍ കഴിയുമെന്ന്. രാഷ്ട്രത്തെ മാത്രമല്ല, മനുഷ്യന്‍റെ വ്യക്തിത്വത്തെപ്പോലും അപകോളനീകരണത്തിലൂടെ സ്വതന്ത്രമാക്കാന്‍ കഴിയുമെന്നാണ് ഫാനന്‍റെ ഉറച്ച വിശ്വാസം.

ഫാനന്‍റെ ‘ബ്ലാക് സ്കിന്‍ വൈറ്റ് മാസ്ക്’ (1952) അദ്ദേഹത്തിന്‍റെ ‘ദി റെച്ചഡ് ഓഫ് ദി എര്‍ത്ത്’ പോലെത്തന്നെ പ്രശസ്തമായ കൃതിയാണ്. കൊളോണിയല്‍ മേല്‍ക്കോയ്മയും അതിനു കരുത്തുപകരുന്ന വര്‍ണവിവേചനവും മനുഷ്യമനസ്സില്‍ സൃഷ്ടിക്കുന്ന ആഘാതത്തെ ഫാനന്‍ വിശദമായി പരിശോധിക്കുന്നു, ഈ കൃതിയില്‍. അധിനിവേശം, അതിന്‍റെ ഇരകളെ ശാരീരികവും മാനസികവും സാംസ്കാരികവുമായി നശിപ്പിക്കുന്നുവെന്നും എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍, കൊളോണിയല്‍ വിരുദ്ധസമരങ്ങളിലൂടെ നഷ്ടപ്പെട്ട അന്തസ്സിനെയും ചരിത്രത്തെയും സ്വാതന്ത്ര്യത്തെയും വീണ്ടെടുക്കുന്നുവെന്നുമാണ് ഫാനന്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്.

ഫലസ്തീന്‍കാരനായ എഡ്വേഡ് സൈദിന്‍റെ ‘ഓറിയന്‍റലിസം’ അധിനിവേശാനന്തര വിമര്‍ശനത്തിന് സൈദ്ധാന്തിക അടിത്തറയൊരുക്കുന്ന കൃതിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പൊതുവെ, സൈദിന്‍റെ കൃതികള്‍ അധിനിവേശാനന്തര വിമര്‍ശനത്തിന്‍റെ മാതൃകകളായാണ് വായിക്കപ്പെടുന്നത്. അവ, എതിര്‍പ്പിന്‍റെ വ്യവഹാരങ്ങളാണ്. സാഹിത്യസിദ്ധാന്തത്തിലെ സന്ദേഹത്തിന്‍റെ ശബ്ദമായി അദ്ദേഹത്തിന്‍റെ കൃതികളെ കാണുന്നവര്‍ കുറവല്ല. സിദ്ധാന്തത്തിന്‍റെ പതിവുതന്ത്രങ്ങള്‍ എത്രമാത്രം അപ്രായോഗികമാണെന്ന് അദ്ദേഹം കൂടെക്കൂടെ ഓര്‍മിപ്പിക്കാറുണ്ട്, കാരണം, അത് സാഹിത്യത്തെയും വിമര്‍ശനത്തെയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍നിന്നും അകറ്റുകയാണ് ചെയ്യുന്നത്.

1970കളില്‍ ആംഗ്ലോ അമേരിക്കന്‍ അക്കാദമിക ലോകത്ത് ഫ്രഞ്ച് സിദ്ധാന്തത്തിലധിഷ്ഠിതമായ വിമര്‍ശനസമീപനങ്ങള്‍ എത്തിച്ചതോടെയാണ് സൈദ് പ്രശസ്തനായത്. പാശ്ചാത്യ സാംസ്കാരിക ചരിത്രത്തിലും സാഹിത്യപാരമ്പര്യത്തിലും ഈ വിശകലന സമ്പ്രദായങ്ങള്‍, ഒരുപക്ഷേ, ആദ്യമായി ഉപയോഗിച്ചത് ‘ഓറിയന്‍റലിസ’ത്തിലായിരുന്നുവെന്ന് കാണാം. പാശ്ചാത്യ സംസ്കാരവും സാമ്രാജ്യത്വുവും തമ്മിലുള്ള ബന്ധം പഠിക്കുവാനായി ‘ഓറിയന്‍റലിസം’ ഒരു പുതിയ സിദ്ധാന്തത്തിന് രൂപംനല്‍കുകയാണ്. അധികാരത്തിന്‍റെ രാഷ്ട്രീയവും പരിഗണനകളും രീതികളും എല്ലാ പാശ്ചാത്യ സാംസ്കാരിക ആവിഷ്കാരങ്ങളെയും മലിനമാക്കിയിരുന്നുവെന്നത് ആ പഠനങ്ങള്‍ക്ക് വിഷയമായി മാറി.

പാശ്ചാത്യ ആവിഷ്കാരങ്ങളും പാശ്ചാത്യ രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തിന് പുതിയ ഊന്നല്‍ നല്‍കുന്നുണ്ട്, ഈ കൃതി. സാമ്രാജ്യത്വത്തിന്‍റെ സാഹിത്യത്തിന്‍റെയും അപകോളനീകരിക്കപ്പെട്ട നാടുകളില്‍ പിറവിയെടുത്ത പുതിയ സാഹിത്യത്തിന്‍റെയും പഠനത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ അതിനു കഴിഞ്ഞിട്ടുണ്ട്. അധിനിവേശാനന്തര പഠനത്തിന് പുതിയ കാഴ്ചപ്പാടുകളും വിഷയങ്ങളും സൈദിന്‍റെ കൃതി സമ്മാനിക്കുകയായിരുന്നു. പുതിയ സിദ്ധാന്തത്തിന്‍റെ വെളിച്ചത്തിലാണ്, വംശീയത, സാമ്രാജ്യത്വം തുടങ്ങിയവയെ സൈദ് പരിശോധിക്കുന്നത്.

ഒരുപക്ഷേ, പാശ്ചാത്യ അക്കാദമിക ലോകത്ത് പോസ്റ്റ് കൊളോണിയലിസത്തെക്കുറിച്ച് ഗൗരവമുള്ള സംവാദം തുടങ്ങുന്നത് ‘ഓറിയന്‍റലിസ’ത്തിന്‍റെ പ്രസിദ്ധീകരണത്തോടെയാണ്. ഹോമി ഭാഭയും ഗായത്രി സ്പിവാക്കും അദ്ദേഹത്തോടുള്ള കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്.

സൈദിന്‍റെ നിലപാടുകളോട് പൊതുവെ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഐജാസ് അഹമ്മദിനെപ്പോലുള്ളവര്‍പോലും ‘ഓറിയന്‍റലിസ’ത്തെ ഒരു പ്രാമാണികരചനയായി അംഗീകരിക്കുന്നുണ്ട്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായ അഹമ്മദ്, അദ്ദേഹത്തിന്‍റെ ‘ഇന്‍ തിയറി’യില്‍ (1992) അധിനിവേശത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള മുന്നേറ്റങ്ങളില്‍ സിദ്ധാന്തത്തിന്‍റെയും സൈദ്ധാന്തികരുടെയും പങ്ക് അന്വേഷിക്കുന്നു.

അതില്‍ ഒരു വലിയ അധ്യായം, അദ്ദേഹം ‘ഓറിയന്‍റലിസ’ത്തിന്‍റെ വിശകലനത്തിനായി നീക്കി​െവച്ചിരിക്കുകയാണ്. പാശ്ചാത്യ സാഹിത്യ പാരമ്പര്യത്തിന്‍റെയും അക്കാദമിക സ്ഥാപനങ്ങളുടെയും രാഷ്ട്രീയവും ഭൗതികവുമായ പ്രാധാന്യവും അതിന് ബാഹ്യലോകവുമായുള്ള ബന്ധവും സൈദ് എടുത്തുകാണിക്കുന്നു. പാശ്ചാത്യ അക്കാദമിക സ്ഥാപനങ്ങളുമായുള്ള സൈദിന്‍റെ ബന്ധത്തെ അഹമ്മദ് പ്രശ്നവത്കരിക്കുന്നത് ഇതിന്‍റെ പശ്ചാത്തലത്തിലാണ്.

തന്‍റെ വിശകലനരീതികളില്‍, സൈദ്, വസ്തുനിഷ്ഠമായ അറിവില്‍ അധിഷ്ഠിതമായ ഉദാരമാനവികതാസമീപനങ്ങളെ സ്വീകരിച്ചിട്ടില്ല, എന്ന് കാണാവുന്നതാണ്. ആശയങ്ങളും സംസ്കാരങ്ങളും ചരിത്രങ്ങളും അധികാരത്തിന്‍റെ രൂപഭേദങ്ങളോടൊപ്പമാണ് പഠിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വിശകലനരീതിക്ക് മാതൃകയായി അദ്ദേഹം സ്വീകരിച്ചത് ഫൂക്കോയെയും ഗ്രാംഷിയെയുമാണ്. അധികാരത്തെ നിര്‍വചിക്കാനും അതിന്‍റെ പ്രവര്‍ത്തനം വിലയിരുത്താനും അദ്ദേഹം ഫൂക്കോയെയാണ് ആശ്രയിക്കുന്നത്. അധികാരത്തെ, വൈവിധ്യമാര്‍ന്ന ഇടങ്ങളിലൂടെയും വഴികളിലൂടെയും പ്രവർത്തിക്കുന്ന വസ്തുനിഷ്ഠമായ ശക്തിയായിക്കണ്ടിരുന്നു, ഫൂക്കോ.

ഈ ആശയം അംഗീകരിക്കുന്നതോടൊപ്പം വ്യവഹാരം അധികാരത്തെ സൃഷ്ടിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുവെന്ന ഫൂക്കോവിയന്‍ സിദ്ധാന്തവും സൈദ് കടമെടുക്കുന്നു. ഫൂക്കോയുടെ ചിന്തകളെ ഗ്രാംഷ്യന്‍ ആശയങ്ങളുമായി ചേര്‍ത്തുവെക്കുന്നതിലും അദ്ദേഹത്തിന്‍റെ സാമര്‍ഥ്യം പ്രകടമാണ്. ഫൂക്കോയെപ്പോലെ ഗ്രാംഷിയും ഭരണകൂടത്തിന്‍റെ പീഡനോപകരണങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നില്ല, എന്ന് അദ്ദേഹം കണ്ടെത്തുന്നു. കീഴടക്കല്‍ വിദ്യാഭ്യാസത്തിലൂടെയും സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെയും പൊതുസമൂഹത്തിലെ കീഴാളവിഭാഗത്തിന്‍റെ അനുമതിയോടെയുമാണ് യാഥാര്‍ഥ്യമാകുന്നതെന്ന ഗ്രാംഷ്യന്‍ ചിന്തയോട് സൈദ് യോജിക്കുകയാണ്.

‘ഓറിയന്‍റലിസ’ത്തിന്‍റെ പ്രധാനപ്രമേയം ചര്‍ച്ചചെയ്യുന്നത് അരികുവത്കരണത്തിന്‍റെയും അടിച്ചമര്‍ത്തലിന്‍റെയും ചൂഷണത്തിന്‍റെയും ചരിത്രത്തെയാണ്. പാശ്ചാത്യ ജ്ഞാനവ്യവസ്ഥകളും പ്രതിനിധാന പാരമ്പര്യങ്ങളും പൗരസ്ത്യ ദേശത്തിനുമേല്‍ ആധിപത്യം നേടുന്നതിന് എത്രമാത്രം സഹായകമായി എന്ന പരിശോധന കൃതിയുടെ ആഴവും സങ്കീര്‍ണതയും വര്‍ധിപ്പിക്കുന്നുണ്ട്. ‘പൗരസ്ത്യവാദ’മെന്ന സൈദ് വിശേഷിപ്പിക്കുന്ന വ്യവഹാരത്തിന് കിഴക്കും പടിഞ്ഞാറുമായുള്ള സവിശേഷമായ ബന്ധവും അപഗ്രഥനത്തിന് വിധേയമാകുന്നു.

സൈദിന്‍റെ ‘കള്‍ച്ചര്‍ ആന്‍ഡ് ഇംപീരിയലിസം’ (1993) ‘ഓറിയന്‍റലിസ’ത്തിലെ വാദഗതികളുടെ തുടര്‍ച്ചയും വിപുലീകരണവുമാണ്. ഇവിടെ, സംസ്കാരവും സാമ്രാജ്യത്വവാദത്തിന്‍റെ ചരിത്രങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണത കൈവരിക്കുന്നതായി കാണാം. വിപുലമായ ഭൂവിഭാഗങ്ങളും സാമൂഹികസംഘടനകളും സാംസ്കാരിക രൂപങ്ങളും സൈദിന്‍റെ അന്വേഷണത്തിന്‍റെ പരിധിയില്‍ വരുന്നു. സാഹിത്യേതര രൂപങ്ങളേക്കാൾ കൂടുതലായി സാഹിത്യരൂപങ്ങളും അപ്രധാന കൃതികളെക്കാള്‍ കൂടുതലായി കാമ്പുള്ള രചനകളും വിശകലനത്തിന് വിധേയമാകുന്നു.

ശിൽപഘടനയിലെ അനൗപചാരികത കാരണം ‘കള്‍ച്ചര്‍ ആന്‍ഡ് ഇംപീരിയലിസം’ ‘ഓറിയന്‍റലിസ’ത്തില്‍നിന്നും വേറിട്ടു നില്‍ക്കുന്നു. ‘കള്‍ച്ചര്‍ ആന്‍ഡ് ഇംപീരിയലിസം’ മുന്നോട്ടുവെക്കുന്ന തീവ്രനിലപാടും അതിനെ ‘ഓറിയന്‍റലിസ’ത്തില്‍നിന്നും വ്യത്യസ്തമാക്കുന്നു. സമകാലിക ലോകം ഒരു പൊതുസംസ്കാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അതിന്‍റെ വേരുകള്‍ കൊളോണിയലിസത്തിന്‍റെയും സാമ്രാജ്യത്വവാദത്തിന്‍റെയും പങ്കുവെക്കപ്പെട്ട അനുഭവങ്ങളിലാണെന്നും സൈദ് സമര്‍പ്പിക്കുന്നു.

സൈദിന്റെ ആശയങ്ങളും സാംസ്കാരിക വിശകലനരീതികളും താരതമ്യസാഹിത്യം, നരവംശ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഇംഗ്ലീഷ് സാഹിത്യം തുടങ്ങിയ വിജ്ഞാനമേഖലകളില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ഒരു പുതിയ മാനവികതാവാദത്തെ വികസിപ്പിക്കുവാനും ന്യായമായ വ്യത്യാസങ്ങളെ ആദരിക്കുന്ന ഒരു പൊതുസംസ്കാരത്തെ നിര്‍മിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

അധിനിവേശാനന്തര സാംസ്കാരിക വിശകലന സമ്പ്രദായങ്ങള്‍ക്ക് മൗലികമായ സംഭാവനകളാണ് അമേരിക്കയില്‍ വസിക്കുന്ന ഇന്ത്യന്‍ വംശജയായ ഗായത്രി ചക്രവര്‍ത്തി സ്പിവാക് നല്‍കിയിട്ടുള്ളത്. ആധുനിക ഫ്രഞ്ചു സിദ്ധാന്തങ്ങളെ തന്‍റെ താത്ത്വിക നിലപാടിന്‍റെ അടിസ്ഥാനമായി സ്വീകരിക്കുന്നുണ്ടെങ്കിലും സ്പിവാക്, വ്യവഹാര വിശകലനരീതിയിലും അതിനു തിരഞ്ഞെടുക്കുന്ന സാംസ്കാരിക സമസ്യകളുടെ കാര്യത്തിലും സൈദില്‍നിന്നും ഹോമി ഭാഭയില്‍നിന്നും വ്യത്യസ്തയാണ്. അക്കാദമിക വ്യവഹാരത്തിന്‍റെ രീതിശാസ്ത്രത്തെ വെല്ലുവിളിക്കുന്ന ശൈലിയാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. ‘ഇന്‍ അദര്‍ വേള്‍ഡ്സി’ല്‍ (1987) സാമ്പ്രദായിക രചനാതന്ത്രങ്ങള്‍ ഫലിക്കാതെ വന്നപ്പോള്‍, നിരാശയോ​െട തനിക്കു കൂടുതല്‍ ഇണങ്ങിയ രീതി തിരഞ്ഞെടുക്കേണ്ടിവന്ന സന്ദര്‍ഭങ്ങളെക്കുറിച്ച് അവര്‍ ഓര്‍ക്കുന്നുണ്ട്.

 

ഒരുപക്ഷേ, എഴുത്തിനെ അനൗപചാരികമായ ഒരു താല്‍ക്കാലിക പ്രക്രിയയായി കാണുന്നതുകൊണ്ടാകാം പൂര്‍ണത പലപ്പോഴും സ്പിവാക്കിന് അപ്രാപ്യമാകുന്നത്. ‘ദി പോസ്റ്റ് -കൊളോണിയല്‍ ക്രിട്ടിക്’ (1990) കൂടിക്കാഴ്ചയുടെ രൂപമാണ് കൈക്കൊണ്ടിട്ടുള്ളത്. കൂടുതല്‍ ഔപചാരികമെന്നു കരുതപ്പെടുന്ന കൃതികള്‍പോലും പലപ്പോഴും ചിതറിയ ചിന്തകള്‍ മാത്രമാണ്. ‘ഫ്രഞ്ച് ഫെമിനിസം ഇന്‍ ആന്‍ ഇന്‍റര്‍നാഷനല്‍ ഫ്രെയിം’ (1981) എന്ന ലേഖനത്തെ ഒരു ശിഥിലരചനയായി അവര്‍തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. ഏതായാലും സൈദിന്‍റെ ‘ഓറിയന്‍റലിസ’ത്തിലെ ക്രമാനുഗതമായി വികാസം പ്രാപിച്ച് സത്യത്തെ പൂര്‍ണമായി ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന സുതാര്യമായ ആവിഷ്കാരരീതിയോട് അവര്‍ക്കൊട്ടും ആഭിമുഖ്യമില്ല.

അധിനിവേശാനന്തര സംസ്കാരങ്ങളുടെ വൈവിധ്യത്തെക്കുറിച്ചും അസമാനതകളെക്കുറിച്ചും സ്പിവാക് ബോധവതിയാണ്. ‘ദി റാണി ഓഫ് സിര്‍മൂറി’ൽ (1985) ഇന്ത്യ എന്നാല്‍ പൗരസ്ത്യദേശങ്ങള്‍ മുഴുവന്‍ ആകില്ലെന്നും കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളിലെ വൈജാത്യങ്ങളെയും വ്യത്യസ്തതകളെയും മാനിക്കേണ്ടതാണെന്നും അവര്‍ നിരീക്ഷിക്കുന്നു. അടിച്ചമര്‍ത്തലിന്‍റെ ചരിത്രപരമായ അനുഭവങ്ങള്‍ക്ക് വ്യതിയാനങ്ങളുണ്ടെന്നുള്ള തിരിച്ചറിവിന് പുതുമയേറെയുണ്ട്.

മൂന്നാം ലോകത്തുനിന്നു വിട്ടുപോകാതെ അവിടെത്തന്നെ കഴിയുന്ന ജനതയും നഗരങ്ങളിലേക്കു കുടിയേറിപ്പാര്‍ക്കുന്നവരും തമ്മിലുള്ള വ്യത്യാസങ്ങളും സംഘര്‍ഷാത്മക ബന്ധങ്ങളും അവഗണിക്കുന്നതിലെ അപകടം സ്പിവാക്കിന്‍റെ ഉത്കണ്ഠയായി മാറുന്നു. അധിനിവേശാനന്തര സമൂഹത്തിലെ സ്ത്രീവര്‍ഗത്തെ ഒരു പ്രത്യേക വിഭാഗമായി കാണാനും അതിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം നടത്താനുമുള്ള പ്രവണത, ‘ത്രീവിമൻസ് ടെക്സ്റ്റ്സ് ആന്‍ഡ് എ ക്രിട്ടിക് ഓഫ് ഇംപീരിയലിസം’ (1985) പോലുള്ള കൃതികളില്‍ അവര്‍ പ്രകടിപ്പിക്കുന്നു.

സ്പിവാക്കിന്‍റെ സിദ്ധാന്തങ്ങളുടെ രാഷ്ട്രീയനിലപാടുകള്‍ പരിശോധിക്കുക രസകരമായിരിക്കും. അധിനിവേശ ചരിത്രത്തെ കീഴ്പ്പെടുത്തലിന്‍റെയും ചൂഷണത്തിന്‍റെയും ആഖ്യാനമായി മാത്രം കാണാന്‍ അവര്‍ ശ്രമിക്കുന്നില്ല. സാമ്രാജ്യത്വത്തിന്‍റെ നാശോന്മുഖതയെക്കുറിച്ച് അറിയുന്നതോടൊപ്പംതന്നെ അതിന്‍റെ ഗുണത്തെക്കുറിച്ച് ചിന്തിക്കുവാനും അവര്‍ തയാറാകുന്നു. സാമൂഹികവത്കരിക്കപ്പെട്ട മൂലധനത്തിന്‍റെ നന്മയെ തിരിച്ചറിയുകയും തന്‍റെ വ്യക്തിപരമായ ഉയര്‍ച്ചപോലും സാംസ്കാരിക സാമ്രാജ്യത്വത്തിന്‍റെ സൃഷ്ടിയായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു, സ്പിവാക്.

മൂന്നാം ലോക സാഹിത്യത്തെ പാശ്ചാത്യ ധൈഷണിക പരിസരങ്ങളിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്ന സ്പിവാക് അതിന്‍റെ കൊളോണിയല്‍ വിരുദ്ധസ്വഭാവങ്ങള്‍ നിലനിര്‍ത്തണമെന്ന് വാദിക്കുന്നുണ്ട്. സാഹിത്യേതര മാധ്യമങ്ങള്‍ക്കും ജനകീയ സാംസ്കാരിക രൂപങ്ങള്‍ക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കിയും അധിനിവേശാനന്തര പഠനങ്ങളില്‍ നിരൂപണസിദ്ധാന്തങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പ്രയോഗിച്ചും സാഹിത്യപഠനങ്ങളുടെ പരമ്പരാഗത സങ്കൽപങ്ങളെ വെല്ലുവിളിക്കുകയാണ്, സ്പിവാക്. സാഹിത്യസൃഷ്ടിയുടെ ഗാഢവായനയിലൂന്നിയുള്ള നവനിരൂപണപദ്ധതി, പാഠത്തിന്‍റെ ഭൗതികസന്ദര്‍ഭങ്ങളെ വിസ്മരിക്കുന്നുവെന്നതാണ് അവരില്‍ അപ്രിയം ഉണ്ടാക്കുന്നത്.

പ്രത്യേകമായ ചില അവകാശങ്ങള്‍ ആസ്വദിച്ച്​ യൂറോപ് കേന്ദ്രമാക്കി ബൗദ്ധികവ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന നവ്യാധിനിവേശത്തിന്‍റെ നിരൂപക എന്ന തന്‍റെ സന്ദിഗ്ധത കലര്‍ന്ന സ്ഥാനത്തെക്കുറിച്ച് തുറന്നുപറയുന്നതിന് സ്പിവാക്കിനു മടിയില്ല. തന്നെയുമല്ല, നവ്യാധിനിവേശ പ്രത്യയശാസ്ത്രത്തിനു രൂപംനല്‍കുന്ന സാംസ്കാരികഭൂമിക സ്വന്തം കര്‍മഭൂമിയായി തിരഞ്ഞെടുക്കുന്ന ഒരാള്‍ ആ പ്രത്യയശാസ്ത്രത്തെ ചോദ്യംചെയ്യുന്നതിന്‍റെ വൈരുധ്യത്തെക്കുറിച്ച് അവര്‍ ബോധവതിയാണ്.

എന്നാല്‍ പാശ്ചാത്യ സാംസ്കാരിക സ്ഥാപനങ്ങള്‍, പാഠങ്ങള്‍, മൂല്യങ്ങള്‍, സൈദ്ധാന്തിക വ്യാപാരങ്ങള്‍ തുടങ്ങിയവയുമായി അനുരഞ്ജനത്തിനുള്ള പ്രേരണകള്‍ സ്പിവാക്കിന്‍റെ നിരൂപണകലയുടെ അന്തര്‍ധാരകളാണ് എന്നു കാണാം. ഇതു സൂചിപ്പിക്കുന്നത് സ്ഥാപനങ്ങളോടും മറ്റും അവര്‍ക്ക് കലഹമില്ല എന്നല്ല. ‘നിയോ കൊളോണിയലിസം ആന്‍ഡ് സീക്രട്ട് ഏജന്‍റ് ഓഫ് നോളജ്’ (1991) എന്ന ലേഖനത്തില്‍ അവര്‍തന്നെ രേഖപ്പെടുത്തുന്നതുപോലെ, എതിരാളികളോട് അവരുടെ ഭൂമിയില്‍ അവരുടെ രീതികള്‍തന്നെ ഉപയോഗിച്ച് ഇടയുന്ന ഒരു സമരതന്ത്രത്തിന്‍റെ ഭാഗമാണ് ഈ നിലപാട്.

പൗരസ്ത്യവാദത്തിന്‍റെ വ്യവഹാരത്തിലൂടെ യാഥാര്‍ഥ്യത്തില്‍നിന്നും വ്യത്യസ്തമായ ഒരു കൊളോണിയല്‍ സമൂഹത്തെ പാശ്ചാത്യലോകം ചിത്രീകരിക്കുന്നു എന്ന സൈദിന്‍റെ കാഴ്ചപ്പാടിനോട് സ്പിവാക് യോജിക്കുന്നു. മാര്‍ക്സിസത്തോട്, പ്രത്യേകിച്ച് ഗ്രാംഷിയുടെ കൃതികളോടുള്ള ആഭിമുഖ്യം സ്പിവാക്കിന്‍റെ നിരൂപണത്തിന് ശക്തിയും സങ്കീര്‍ണതയും പകരുന്നുണ്ട്. ഗ്രാമീണ തൊഴിലാളിവര്‍ഗത്തെ വിശേഷിപ്പിക്കുവാന്‍ ഗ്രാംഷി ഉപയോഗിച്ച ‘ദി സബാള്‍ട്ടേണ്‍’ എന്ന സംജ്ഞ സബാള്‍ട്ടേണ്‍ പഠനസംഘത്തിലൂടെ സ്പിവാക്കിനു പ്രാപ്യമാകുന്നു. ‘കാന്‍ ദി സബാള്‍ട്ടേണ്‍ സ്പീക്?’ എന്ന ലേഖനത്തില്‍ ഈ പ്രയോഗം കൂടുതല്‍ അര്‍ഥതലങ്ങള്‍ തേടുന്നതായി കാണാം.

മൂന്നാം ലോകത്തിന്‍റെ ഭൗതിക യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാത്തതും അവിടത്തെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാത്തതുമാണ് സ്പിവാക്കിന്‍റെ കൃതികള്‍ എന്ന വിമര്‍ശനം ശക്തമാണ്. പാശ്ചാത്യ നാഗരികതയുടെ ധൈഷണിക പരിസരത്തേക്ക് പറിച്ചുനടപ്പെട്ട ബുദ്ധിജീവികളുടെ ചിന്താപദ്ധതിയിലുണ്ടാവുന്ന അപര്യാപ്തതയും അപൂര്‍ണതയും അവരുടെ സിദ്ധാന്തങ്ങളുടെ ദൗര്‍ലഭ്യമാണ്. രാഷ്ട്രീയമായി ശരിയല്ലാത്തതും മൗലികമല്ലാത്തതുമായ സിദ്ധാന്തങ്ങള്‍ ഇന്നത്തെ നവ്യാധിനിവേശ ആഗോള സംവിധാന ക്രമത്തില്‍ (Neocolonial world order) പടിഞ്ഞാറിന്, ഒരുകാലത്ത് സാമ്രാജ്യത്വ ഇടപെടലുകള്‍ക്ക് വിധേയമായ രാജ്യങ്ങളുടെ മേല്‍ ഇപ്പോഴുള്ള ആധിപത്യത്തിന്‍റെ സൂചകങ്ങളായി വര്‍ത്തിക്കുന്നുവെന്ന ആരോപണം കരുത്താര്‍ജിച്ചതായി കാണാവുന്നതാണ്.

അധിനിവേശാനന്തര പഠനത്തിന് ഘടനാനന്തരവാദത്തിന്‍റെ സൈദ്ധാന്തികമാനങ്ങള്‍ നല്‍കിയ ഇന്ത്യക്കാരനായ വിമര്‍ശകനും ബുദ്ധിജീവിയുമാണ് ഹോമി കെ. ഭാഭ. അദ്ദേഹത്തിന്‍റെ ‘ലൊക്കേഷന്‍ ഓഫ് കള്‍ച്ചറി’ലെ (1994) ചില ലേഖനങ്ങളുടെ പുനഃപ്രസിദ്ധീകരണം കൊളോണിയലിസവും വംശീയതയും കുടിയേറ്റവും ഉന്നയിച്ച സാംസ്കാരികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളുടെ സമകാലിക വിശകലനത്തിന്‍റെ പുനര്‍മൂല്യനിര്‍ണയത്തിലേക്ക് നയിച്ചിരുന്നു. ഭാഭ, അധിനിവേശാനന്തര സിദ്ധാന്തത്തിലെ തന്‍റെ മുന്‍ഗാമികളായ ഫാനനെയും സൈദിനെയും വെല്ലുവിളിക്കുന്നു.

കൊളോണിയല്‍ വ്യവഹാര വിശകലനത്തില്‍ കാണിക്കുന്ന താൽപര്യമാണ് അദ്ദേഹത്തെ അവരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. സൈദിന്‍റെ ‘ഓറിയന്‍റലിസം’ മധ്യപൂര്‍വരാജ്യങ്ങളുടെ ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും വിശകലനമാണ് അവതരിപ്പിക്കുന്നത്. എന്നാല്‍, സ്പിവാക്കിനെപ്പോലെ ഭാഭയും ബ്രിട്ടീഷ് ഇന്ത്യയിലെ സാംസ്കാരിക വിനിമയങ്ങളോട് ആഭിമുഖ്യം കാട്ടുന്നതായി കാണാം.

എഴുത്തിന്‍റെ ശൈലിയിലും രീതിയിലും ഭാഭ സ്പിവാക്കിന്‍റെ വഴിതന്നെ സ്വീകരിച്ചിരിക്കുന്നു. ആശയങ്ങളുടെ ദുര്‍ഗ്രഹതയും സങ്കീര്‍ണതയും അദ്ദേഹത്തെ വായിക്കുന്നത് ദുഷ്കരമാക്കുന്നുണ്ട്. ഒന്നും നേരേ ചൊവ്വേ പറയാത്ത, പലപ്പോഴും ഒഴിഞ്ഞുമാറുന്ന ഒരു രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്. ഭാഭയുടെ കൃതികള്‍ വായനക്കാരന്‍റെ സഹജാവബോധത്തെ ആകര്‍ഷിക്കുന്നു. ഭാഷാപ്രയോഗത്തിലെയും വാക്യഘടനയിലെയും അസാധാരണത്വം ചരിത്രസത്യങ്ങളുടെ ഉറവിടത്തെത്തന്നെ വളച്ചൊടിക്കുന്നതായി അനുഭവപ്പെടുന്നു. ഇത് വായനക്കാര്‍ക്ക് വല്ലാത്ത ആശയക്കുഴപ്പവും സന്ദിഗ്ധതയുമാണ് നല്‍കുന്നത്.

സൈദ് അധിനിവേശക്കാരനെയും ഫാനന്‍ കോളനീകരിക്കപ്പെട്ടവരുടെയും അനുഭവങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ ഭാഭ അവരുടെ പാരസ്പര്യത്തിനാണ് ഊന്നല്‍ നല്‍കിയത്. അവരുടെ ബന്ധം എത്രമാത്രം സങ്കീര്‍ണമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. കൊളോണിയല്‍ വ്യവഹാര വിശകലനത്തില്‍ സ്വത്വനിര്‍മിതിക്കും മാനസികപ്രത്യാഘാതത്തിനും അബോധത്തിനും പ്രാധാന്യം നല്‍കിയതിലൂടെ, അദ്ദേഹം രീതിശാസ്ത്രപരമായി ഫ്രോയ്ഡുമായും ലക്കാനുമായുമുള്ള അടുപ്പത്തെയാണ് രേഖപ്പെടുത്തുന്നത്. ഫാനന് അദ്ദേഹത്തിലുള്ള സ്വാധീനവും എടുത്തുപറയേണ്ടതാണ്. ‘റിമമ്പറിങ് ഫാനന്‍’ (1986) എന്ന ലേഖനത്തില്‍ ഭാഭ അത് വ്യക്തമാക്കുന്നുണ്ട്.

കൊളോണിയല്‍ ബന്ധങ്ങളെ വിശകലനം ചെയ്യാന്‍ ലക്കാനെ, ഭാഭ ഉപയോഗിക്കുന്നതിന് ഏറെമുമ്പുതന്നെ ഫാനന്‍ ‘ബ്ലാക് സ്കിന്‍ വൈറ്റ് മാസ്കി’ല്‍ അതിന്‍റെ സാധ്യത അന്വേഷിച്ചിരുന്നു. കൊളോണിയല്‍ വാര്‍പ്പുമാതൃകകളുടെ വിശകലനത്തിലൂടെ കൊളോണിയല്‍ ബന്ധങ്ങളുടെ മനശ്ശാസ്ത്രത്തിലെ അസ്ഥിരതയെ ഭാഭ വരച്ചുകാട്ടുന്നു.

അധിനിവേശക്കാരന്‍റെ കരുത്തുറ്റതെന്നു പറയപ്പെടുന്ന സംസ്കാരം അപരന്‍റെ സ്വത്വത്തെക്കുറിച്ചു നല്‍കുന്ന തെറ്റായ നിര്‍വചനത്തെ തിരുത്തുവാനോ അത് രേഖപ്പെടുത്തുവാനോ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഇത് ‘പൗരസ്ത്യവാദം’ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടില്‍നിന്നും വ്യത്യസ്തമാണെന്ന് വ്യക്തമാകുന്നു. കോളനീകരിക്ക​െപ്പട്ട ദേശത്തിന്‍റെ കൂടുതല്‍ അഭികാമ്യമായ ബിംബങ്ങള്‍ വിശകലനത്തില്‍ അവതരിപ്പിക്കുന്നതിനോട് അദ്ദേഹം യോജിക്കുന്നില്ല. അങ്ങനെയുള്ള ബിംബങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തര സാംസ്കാരിക ദേശീയവാദ വിമര്‍ശനത്തില്‍ ഇടമുണ്ടാകാം എന്നദ്ദേഹം വിശ്വസിക്കുന്നു.

മനശ്ശാസ്ത്രപരമായ ഉള്‍ക്കാഴ്ചയോടെ ഭാഭ നടത്തുന്ന ചില നിരീക്ഷണങ്ങളുണ്ട്. വാര്‍പ്പുമാതൃകകളുടെ നിര്‍മാണം അധിനിവേശക്കാരുടെ മാനസികാരോഗ്യത്തിന്‍റെയോ അവരില്‍ അവര്‍ക്കുള്ള വിശ്വാസത്തിന്‍റെയോ അടയാളമല്ല. മറിച്ച്, കോളനീകരിക്കപ്പെട്ട അപരനോടുള്ള അസ്ഥിരവും പരസ്പരവിരുദ്ധവുമായ പ്രതികരണത്തിന്‍റെ തെളിവാണത്. കൊളോണിയല്‍ വ്യവഹാരത്തിന്‍റെ ആന്തരികവൈരുധ്യങ്ങളെ സിദ്ധാന്തവത്കരിക്കാനായി, ഭാഭ, ഘടനാനന്തരവാദത്തെ കൂട്ടുപിടിക്കുന്നു.

എന്നാല്‍, വംശീയതയോടും സാമ്രാജ്യത്വത്തോടും ഘടനാനന്തരവാദം പുലര്‍ത്തുന്ന അവഗണനയില്‍ അദ്ദേഹത്തിനാശങ്കയുണ്ട്. ഇക്കാര്യത്തില്‍ സൈദിന്‍റെയും സ്പിവാക്കിന്‍റെയും നിലപാടുതന്നെയാണ് അദ്ദേഹത്തിന്‍റേതും. ഘടനാനന്തരവാദ സന്ദര്‍ഭത്തില്‍ പരിശോധിക്കുമ്പോള്‍ കൊളോണിയല്‍ വ്യവഹാരം ഒട്ടും ആധികാരികമല്ലായെന്നു കാണാവുന്നതാണ്. ഘടനാനന്തരവാദ വായനയില്‍ സൂചിതങ്ങള്‍ അപ്രത്യക്ഷമാകുന്നതുകൊണ്ടും അര്‍ഥങ്ങള്‍ പിടിതരാതെ വഴിമാറുന്നതുകൊണ്ടുമാവാം ഇങ്ങനെ സംഭവിക്കുന്നത്.

‘ഓഫ് മിമിക്രി ആന്‍ഡ് മാനി’ൽ (1984) ഹാസ്യാനുകരണത്തെ കോളനീകരണത്തിന്‍റെ ഉപകരണമായി ഭാഭ കാണുന്നു. ഫൂക്കോയു​െട ‘ഡിസിപ്ലിന്‍ ആന്‍ഡ് പണിഷി’ൽ (1975) ആവിഷ്കരിച്ച അധികാരത്തിന്‍റെ ‘പനോപ്റ്റിക്കോണ്‍ നോട്ട’ത്തിന്‍റെ ചുവടുപിടിച്ചാണ് ഭാഭ ഈ സിദ്ധാന്തത്തിന് രൂപം നല്‍കിയിരിക്കുന്നത്. അധിനിവേശത്തിന്‍റെ മൂല്യങ്ങളും നയങ്ങളും സ്വീകരിക്കുവാനും ആന്തരവത്കരിക്കുവാനും അധിനിവേശക്കാര്‍ കോളനീകരിക്കപ്പെട്ടവരെ നിര്‍ബന്ധിച്ചിരുന്നു. അധിനിവേശക്കാരുടെ സംസ്കാരം ഉള്‍ക്കൊള്ളുകയും അതിനെ അനുകരിക്കുകയും ചെയ്യുമ്പോഴാണ് കോളനികള്‍ സാംസ്കാരിക പരിവര്‍ത്തനത്തിന് വിധേയമാകുന്നത്.

അങ്ങനെ, ഹാസ്യാനുകരണത്തിലൂടെ അധിനിവേശത്തിന്‍റെ സാംസ്കാരിക അജണ്ട നടപ്പാക്കപ്പെടുന്നു. സാംസ്കാരിക അധിനിവേശം എന്ന ലക്ഷ്യം കൈവരിക്കാനായി കൊളോണിയല്‍ അറിവും അധികാരവും സമർഥമായി ഉപയോഗപ്പെടുന്നതായി കാണാം. എന്നാല്‍, ഹാസ്യാനുകരണത്തിന്‍റെ അധിനിവേശതന്ത്രം അസ്ഥിരപ്പെടുന്നത്, ഇംഗ്ലീഷുകാരും ‘ആംഗ്ലിസൈഡ്സ്’ഉം തമ്മിലുള്ള വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഈ വ്യത്യാസം അധിനിവേശക്കാരും കോളനീകരിക്കപ്പെട്ടവരും തമ്മിലുള്ള വ്യത്യാസംതന്നെയാണ്. കൊളോണിയല്‍ നിയന്ത്രണം തന്നെ ഈ വ്യത്യാസത്തില്‍ അധിഷ്ഠിതമായിരുന്നു.

അധിനിവേശക്കാരന്‍റെ സാംസ്കാരിക ഔന്നത്യവും കോളനീകരിക്കപ്പെട്ടവരുടെ കീഴ്സ്ഥിതിയും കൊളോണിയല്‍ വ്യവഹാരത്തിന്‍റെ പ്രധാനപ്പെട്ട വസ്തുതയായി നിലനില്‍ക്കുന്നു. അപ്പോള്‍, ഹാസ്യാനുകരണ പ്രക്രിയയുടെ കേന്ദ്രസ്ഥാനത്ത് അതിനെ അസ്ഥിരപ്പെടുത്തുന്ന ഒരു വൈരുധ്യാത്മകമായ ഒത്തുതീര്‍പ്പുണ്ടെന്നു കാണാം. അധിനിവേശത്തിലൂടെ പരിഷ്കരിക്കപ്പെടുന്ന അപരന്‍ അധിനിവേശക്കാരനെപ്പോലെയാണ് എന്ന പ്രതീതിയുണ്ടാക്കുന്നു. അയാളുടെ പരിവര്‍ത്തനം അപൂര്‍ണമാണ്. അവിടെയാണ് ഒത്തുതീര്‍പ്പ് ആവശ്യമാകുന്നത്. അനുകരണം ഹാസ്യാത്മകമാകുന്നത് അതുകൊണ്ടാണ്; പൂര്‍ണമായി മറ്റൊന്നാകാന്‍ കഴിയാതെ വരുന്നതുകൊണ്ട്.

‘നേഷന്‍ ആന്‍ഡ് നരേഷന്‍’ (1990) എന്ന കൃതിയില്‍ ഏറെ മൗലികമായ ചില ആശയങ്ങള്‍ ഭാഭ അവതരിപ്പിക്കുന്നുണ്ട്. ‘സങ്കരത്വം’ സൈദില്‍നിന്നും കടമെടുത്ത ആശയമാണ്. കൊളോണിയല്‍ ഇടപെടലുകള്‍ പുതിയ സാംസ്കാരിക രൂപങ്ങളുടെയും സ്വത്വങ്ങളുടെയും പിറവിയിലേക്കു നയിക്കുന്നു​െവന്ന് ഭാഭ അഭിപ്രായപ്പെടുന്നു. കോളനീകരിക്കപ്പെട്ടവര്‍ തങ്ങളനുഭവിക്കുന്ന പീഡനത്തിനെതിരെയുള്ള ആയുധമായി ഇതിനെ ഉപയോഗിക്കുന്നുണ്ട്. കൊളോണിയലിസം ഭൂതകാലത്തിന്‍റെ തടവറയില്‍ ബന്ധിക്കപ്പെട്ടിട്ടുള്ളതല്ല. അതിന്‍റെ ചരിത്രങ്ങളും സംസ്കാരങ്ങളും വര്‍ത്തമാനകാലത്തെ സ്വാധീനിക്കുന്നു. ഈ സാഹചര്യത്തില്‍ അന്തര്‍ സംസ്കാരബന്ധങ്ങളെക്കുറിച്ചുള്ള നമ്മുടെ നിലപാടുകളെ പുനഃപരിശോധിക്കുവാന്‍ നാം നിര്‍ബന്ധിതരാകുന്നുവെന്ന് ഭാഭ തിരിച്ചറിയുന്നു.

ഭാഭയുടെ അധിനിവേശാനന്തര സിദ്ധാന്തത്തിന് സങ്കീര്‍ണത പകരുന്ന മറ്റൊരാശയമാണ് ‘ഉഭയഭാവന’ (ambivalence). കീഴടക്കുന്നവനും കീഴടങ്ങുന്നവനും തമ്മിലുള്ള സങ്കീര്‍ണബന്ധത്തെ നിര്‍വചിക്കുന്ന ആകര്‍ഷണവും വികര്‍ഷണവുമാണ് ഈ ആശയം പ്രതിനിധാനം ചെയ്യുന്നത്. സംസ്കാരത്തിന് വിരുദ്ധ കാഴ്ചപ്പാടുകളും മാനങ്ങളും ഉണ്ടെന്ന നിലപാടാണ് ഭാഭ സ്വീകരിച്ചിട്ടുള്ളത്. സംസ്കാരത്തിന്‍റെ ദ്വന്ദ്വാത്മകതയാണ് അദ്ദേഹത്തില്‍ കൗതുകം സൃഷ്ടിക്കുന്നത്. കോളനീകരിക്കപ്പെട്ട അപരന്‍റെ സാംസ്കാരിക സ്വത്വം പിളരുന്നതായും അതൊരു സങ്കരരൂപമായി മാറുന്നതായും അദ്ദേഹം കണ്ടെത്തുന്നു. ഇടഞ്ഞുനില്‍ക്കുന്ന സംസ്കാരങ്ങള്‍ക്കിടയില്‍ രൂപംകൊള്ളുന്ന ഒത്തുതീര്‍പ്പിന്‍റെയും സന്ധിയുടെയും ചെറിയ ഇടങ്ങളെ (Third Space) കുറിച്ചും ഭാഭ പരാമര്‍ശിക്കുന്നുണ്ട്.

കൊളോണിയല്‍ ചരിത്രവും വ്യവഹാരങ്ങളും ഭാഭയെ ഏറെ ആകര്‍ഷിക്കുന്നതായി കാണാം. പാശ്ചാത്യ നഗരങ്ങളിലെ അധിനിവേശാനന്തര കുടിയേറ്റക്കാരുടെ ദുരിതങ്ങളുമായി കൂടുതല്‍ ഇടപഴകിയതുകൊണ്ടാവാം അദ്ദേഹത്തിന്‍റെ വീക്ഷണങ്ങളില്‍ ചില വ്യതിയാനങ്ങള്‍ അനിവാര്യമായത്.

പാശ്ചാത്യ സംസ്കാരത്തിന് കുടിയേറ്റവുമായുള്ള സുദീര്‍ഘമായ ബന്ധത്തെ ഭാഭ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. സമകാലിക കുടിയേറ്റക്കാരുടെ സ്വത്വം നിര്‍വചിക്കുവാനും അദ്ദേഹം ഒരുമ്പെടുന്നുണ്ട്. ഉത്തരാധുനിക സാംസ്കാരിക സിദ്ധാന്തങ്ങളെയും അധിനിവേശാനന്തര വ്യവഹാരങ്ങളെയും അദ്ദേഹം സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. വ്യത്യസ്ത വ്യവഹാരങ്ങളുടെ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന സൈദ്ധാന്തികനായി മാറുന്നു, ഭാഭ. മറ്റ് അധിനിവേശാനന്തര സൈദ്ധാന്തികരില്‍നിന്നും അദ്ദേഹം വ്യത്യസ്തനാകുന്നത്, അങ്ങനെയാണ്.

പീഡനങ്ങള്‍ അനുഭവിക്കുന്ന പാശ്ചാത്യേതര ലോകത്തിന് ഒരു പുതിയ വ്യവഹാരത്തിലൂടെ അന്തര്‍ദേശീയ ശ്രദ്ധ നേടിക്കൊടുക്കുക മാത്രമാണ് ഉത്തരാധുനികത ചെയ്യുന്നതെന്നാണ് മിക്ക അധിനിവേശാനന്തര വിമര്‍ശകരും വിശ്വസിക്കുന്നത്. കൊളോണിയലിസത്തെ അനുഗമിച്ച മാനവികതാവാദത്തില്‍ അന്തര്‍ലീനമായ ആശയങ്ങള്‍ക്ക് ഉത്തരാധുനികതയുമായി സമാനതകളുണ്ടെന്നും അവര്‍ വാദിച്ചു. ഉത്തരാധുനിക ചിന്തകളെ ഭാഭ വിമര്‍ശിക്കാതിരിക്കുന്നില്ല. പൊതുവേ ഉത്തരാധുനികത സമകാലിക പാശ്ചാത്യ ചരിത്രത്തെ മാതൃകയായി സ്വീകരിച്ചിട്ടുണ്ടെങ്കിലും, ചില പ്രതികൂല ഘടകങ്ങളെ അത് പരിഷ്കരിക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം കണ്ടെത്തുന്നു. തന്‍റെ അധിനിവേശാനന്തര അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉത്തരാധുനികതയെ പുനരാവിഷ്കരിക്കുകയാണ്, ഭാഭ.

അധിനിവേശാനന്തര വിശകലനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ സൈദ്ധാന്തികനാണ് ഭാഭ, എന്നിരുന്നാലും, അദ്ദേഹത്തിന് തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയാതിരുന്ന ചില ചോദ്യങ്ങള്‍ അവശേഷിച്ചിരുന്നതായി മനസ്സിലാക്കാന്‍ കഴിയും. കൊളോണിയലിസത്തിന്‍റെ കാലം എന്തുകൊണ്ട് വ്യത്യസ്തമായില്ല? ചില പാശ്ചാത്യ രാജ്യങ്ങൾ മാത്രം എന്തുകൊണ്ട് അധിനിവേശക്കാരായി? സാമ്രാജ്യത്തിന്‍റെ ഭൗതിക ചരിത്രത്തിന്‍റെ പരിണാമങ്ങള്‍ക്കു പിന്നില്‍ എന്തായിരുന്നു? സാമ്രാജ്യത്വവ്യവസ്ഥ എങ്ങനെ ആത്യന്തികമായി വലിച്ചെറിയപ്പെട്ടു? ഈ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരങ്ങള്‍ ഭാഭയുടെ പക്കല്‍ ഉണ്ടായിരുന്നില്ല.

അധിനിവേശാനന്തര സാഹിത്യത്തെക്കുറിച്ചുള്ള ചിന്തകള്‍ അധിനിവേശാനന്തര സിദ്ധാന്തങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. അധിനിവേശാനന്തര സാഹിത്യത്തിലൂടെയാണ് കൊളോണിയല്‍ വിരുദ്ധരചനകള്‍ പിറവിയെടുത്തത്. കൊളോണിയല്‍ അര്‍ഥവ്യവസ്ഥയെ പൊളിച്ചെഴുതുന്നതും പുനഃക്രമീകരിക്കുന്നതും ഈ കൃതികളിലാണ്. കൊളോണിയല്‍ പദ്ധതികള്‍ക്കെതിരെയുള്ള ചെറുത്തുനിൽപ് രൂപംകൊണ്ടത് സാഹിത്യത്തിലാണ്. സാഹിത്യം പരമ്പരാഗതമായി സാംസ്കാരിക മേധാവിത്വത്തിന്‍റെ അടയാളമാണ്.

അതുകൊണ്ടായിരിക്കാം സ്വദേശികളായ വരേണ്യവിഭാഗത്തിന്‍റെ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ മെക്കാളെ പ്രഖ്യാപിച്ചത്, പൗരസ്ത്യ ദേശങ്ങളിലെ മുഴുവന്‍ സാഹിത്യകൃതികളും ഒരുമിച്ചെടുത്താലും അതിന്‍റെ സാംസ്കാരിക മൂല്യം യൂറോപ്യന്‍ സാഹിത്യകൃതികളുടെ ഒരലമാരിക്കു പകരമാവില്ല എന്ന്. യൂറോപ്യന്‍ കൃതികള്‍ സാംസ്കാരിക മൂല്യങ്ങളുടെ കലവറയായി വാഴ്ത്തപ്പെട്ടിരുന്നു. നഗരവത്കരിക്കപ്പെട്ട, ഇളംമഞ്ഞിന്‍റെ തലോടലേറ്റ, പുസ്തകാധിഷ്ഠിത വിജ്ഞാനത്തിന്‍റെ ബാഹ്യമോടികളുള്ള യൂറോപ്യന്‍ സാമൂഹിക ഭൂമിക, വികലമായ, ക്രമരഹിതമായ അജ്ഞതയുടെ ഇരുള്‍മൂടിയ, കൊളോണിയല്‍ ലോകത്തേക്കാള്‍ ഏറെ ഉയരത്തിലാണ് എന്ന കാഴ്ചപ്പാടാണ് യൂറോപ്യൻ സാഹിത്യത്തെ രൂപപ്പെടുത്തിയത്.

ആ സാഹിത്യം യൂറോപ്പിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ സൂചകങ്ങളായിരുന്നു. ആ പൈതൃകത്തെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്നതാണ് കൊളോണിയല്‍ സാഹിത്യം. അധിനിവേശാനന്തര എഴുത്തുകാര്‍ അടുത്തകാലം വരെ കൊളോണിയല്‍ സംസ്കാരത്തെ സാഹിത്യമൂല്യങ്ങളുടെ ഇടമായി കണ്ടിരുന്നു. അവരുടെ ഭാവനയില്‍ ഇംഗ്ലണ്ടിനെ രൂപപ്പെടുത്തിയത്, ഷേക്സ്പിയറും ഡിക്കെന്‍സും ആയിരുന്നു.

സൈദ്, യേറ്റ്സിനെക്കുറിച്ചുള്ള തന്‍റെ ലേഖനത്തില്‍, അദ്ദേഹത്തിന്‍റെ അധിനിവേശാനന്തര ഉത്കണ്ഠകൾ പങ്കുവെക്കുന്നു. യേറ്റ്സിന്‍റെ കവിതയിലെ അഭിനിവേശങ്ങള്‍ മിത്തുകളുടെയും ദേശീയവാദത്തിന്‍റെയും നാടായ അയര്‍ലന്‍ഡുമായി അദ്ദേഹത്തിന്‍റെ സാംസ്കാരികബന്ധം പുനഃസ്ഥാപിക്കുകയാണ് ചെയ്യുന്നത്. അധിനിവേശാനന്തര സാഹചര്യങ്ങളില്‍ സാഹിത്യരചന നടത്തുന്നവരുടെ അടിസ്ഥാന മനോഭാവമാണിത് എന്നു കാണാം. ഭൂതകാലത്തെ വീണ്ടെടുക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഫാനന്‍ പറഞ്ഞത് ഇവിടെ ഓര്‍ക്കാം. അധിനിവേശാനന്തര എഴുത്തുകാര്‍ പൊതുവെ അവരുടെ രാജ്യത്തിന്‍റെ അധിനിവേശപൂര്‍വകാലത്തെ ഓര്‍ക്കുകയോ അതേക്കുറിച്ച് എഴുതുകയോ ചെയ്യാറുണ്ട്. ആധുനികവും സമകാലികവുമായതിനെ അവര്‍ ഉപേക്ഷിക്കുന്നു. അതിന് കൊളോണിയല്‍ സംസ്കാരത്തിന്‍റെ മണമുണ്ടെന്നവരറിയുന്നു.

യേറ്റ്സ് കൊളോണിയല്‍ ഭാഷയോടുള്ള അസഹിഷ്ണുത പങ്കുവെക്കുന്നുണ്ട്. ജയിംസ് ജോയ്സിന്‍റെ ‘എ പോർ​ട്രേറ്റ് ഓഫ് ദി ആര്‍ട്ടിസ്റ്റ് ആസ് എ യങ്മാനി’ൽ (1914) സ്റ്റീഫന്‍ ഡിഡാലസ് എന്ന കഥാപാത്രം ഇംഗ്ലീഷ് ഭാഷയെക്കുറിച്ച് പറയുന്നു. ‘‘ഞാന്‍ സംസാരിക്കുന്ന ഭാഷ അയാളുടേതായിരുന്നു എന്‍റേതാകുന്നതിനുമുമ്പ്. എന്‍റാത്മാവ് വിറയ്ക്കുന്നു, അയാളുടെ ഭാഷയുടെ നിഴലില്‍.’’ ഐറിഷ് കവിയായ സീമസ് ഹീനി അദ്ദേഹത്തിന്‍റെ ഒരു കവിതയില്‍ ഇംഗ്ലീഷ് ഭാഷയുടെ ഉച്ചാരണത്തില്‍ ശൈശവകാലത്ത് അനുഭവിച്ച അസ്വസ്ഥതയെക്കുറിച്ച് ചിന്തിക്കുന്നു.

അധിനിവേശക്കാരന്‍റെ ഭാഷയുടെ അശുദ്ധിയെക്കുറിച്ച് അധിനിവേശാനന്തര എഴുത്തുകാര്‍ ഉത്കണ്ഠാകുലരാകാറുണ്ട്. അതിലെഴുതുന്നത് കൊളോണിയല്‍ സംസ്കാരത്തെ അംഗീകരിക്കുന്നതിന് തുല്യമാണെന്ന് അവര്‍ ഭയക്കുന്നു. അയര്‍ലന്‍ഡിലെ പ്രൊട്ടസ്റ്റന്‍റ് ഭരണവര്‍ഗത്തിലെ അംഗമെന്ന നിലയില്‍ യേറ്റ്സിന് ഇരട്ടസ്വത്വമാണുള്ളത്, അധിനിവേശക്കാരന്‍റെയും കോളനീകരിക്കപ്പെട്ടവന്‍റെയും. നൈജീരിയന്‍ നോവലിസ്റ്റായ ചിനുവ അച്ചെബെ, തന്‍റെ ആദ്യനോവലായ ‘തിങ്സ് ഫാള്‍ എപ്പാര്‍ട്ട്’ (1958) പ്രസിദ്ധീകരിച്ച വേളയില്‍ ഇരട്ടസ്വത്വത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അദ്ദേഹം ആഫ്രിക്കന്‍ ഗ്രാമീണരുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍തന്നെ സര്‍വകലാശാല വിദ്യാഭ്യാസത്തിന്‍റെയും യൂറോപ്പില്‍നിന്നും ഇറക്കുമതിചെയ്ത സംസ്കാരത്തിന്‍റെയും ഭാഗമായിരുന്നു.

1980കളിലും 90കളിലും അധിനിവേശാനന്തര സാഹിത്യകാരന്മാര്‍ പ്രാഥമികമായി, ആഫ്രിക്കന്‍, ഏഷ്യന്‍ മാതൃകകളാണ് ഉപയോഗിച്ചത്. യൂറോപ്പില്‍നിന്നുള്ള സ്വാധീനം അതിനു മോടികൂട്ടി. അല്ലാതെ യൂറോപ്യന്‍ സാഹിത്യരൂപമായ നോവലില്‍ ആഫ്രിക്കന്‍ സാംസ്കാരിക ഭാവങ്ങള്‍ ചേര്‍ക്കുകയായിരുന്നില്ല. എല്ലാ അധിനിവേശാനന്തര സാഹിത്യങ്ങളും ഈ മാറ്റം ഉള്‍ക്കൊള്ളുന്നതായി കാണാം. അവര്‍ തുടക്കത്തില്‍ യൂറോപ്യന്‍ മാതൃകകളെ ചോദ്യം ചെയ്യാതെ സ്വീകരിക്കുകയായിരുന്നു. ആ പാരമ്പര്യത്തില്‍ ശ്രേഷ്ഠകൃതികള്‍ രചിക്കാന്‍ അവര്‍ ആഗ്രഹിച്ചു.

‘സ്വീകരണ’ത്തിന്‍റേതായ ഈ ഘട്ടത്തില്‍, എഴുത്തുകാരന്‍ തന്‍റെ മുന്നിലുള്ള സാഹിത്യമാതൃകകളെ അതിന് സാര്‍വലൗകിക മൂല്യമുണ്ടെന്നുള്ള ധാരണയില്‍ അതുപോലെ സ്വീകരിക്കുന്നു. പുനഃക്രമീകരണത്തിന്‍റെ രണ്ടാമത്തെ ഘട്ടത്തില്‍ യൂറോപ്യന്‍രൂപത്തെ ആഫ്രിക്കന്‍ പ്രമേയത്തിനു യോജിച്ച രീതിയില്‍ മാറ്റുന്നതായി കാണാം. പൂർണതയുടെ മൂന്നാംഘട്ടം സാംസ്കാരിക സ്വാതന്ത്ര്യത്തിന്‍റെ പ്രഖ്യാപനത്തിന്‍റേതാണ്. യൂറോപ്യന്‍ മാതൃകകളോ മാനദണ്ഡങ്ങളോ ഒന്നും സ്വീകരിക്കാതെ, ആഫ്രിക്കന്‍ എഴുത്തുകാര്‍ പുതിയ രൂപങ്ങളെ പുനഃസൃഷ്ടിക്കുന്നു.

അധിനിവേശാനന്തര എഴുത്തുകാരന്‍റെ സവിശേഷതയായ ഇരട്ടസ്വത്വവും ഭഗ്നസ്വത്വവുമാണ് ഘടനാനന്തരവാദത്തെയും അപനിര്‍മാണത്തെയും അധിനിവേശാനന്തര വിമര്‍ശനത്തിലേക്കടുപ്പിച്ചത്. വ്യക്തിസ്വത്വത്തിന്‍റെയും ലിംഗസ്വത്വത്തിന്‍റെയും അസ്ഥിരത തുറന്നുകാട്ടാന്‍ ഘടനാനന്തര വിമര്‍ശനതന്ത്രങ്ങള്‍ പര്യാപ്തമാണെന്നു കാണാം. ഘടനാനന്തരവാദ വിശകലനരീതിയാണ് സ്പിവാക്കും ഭാഭയും ഉപയോഗിക്കുന്നത്. ഈ രീതിക്ക് ജൂലിയ ക്രിസ്റ്റേവയുടെയും ഹെലീന സിക്സൂസിന്‍റെയും സ്ത്രീപക്ഷ വിമര്‍ശനവുമായി സമാനതയുണ്ടെന്നു മനസ്സിലാക്കാം.

 

ഗായ​ത്രി സ്പിവാക്,ഇജാസ് അഹമ്മദ്

അധിനിവേശാനന്തര സാഹിത്യത്തിന്‍റെ വികാസപരിണാമത്തെ അടയാളപ്പെടുത്തിയതുപോലെയുള്ള ഘട്ടങ്ങള്‍ അധിനിവേശാനന്തര വിമര്‍ശനത്തിന്‍റെ വികാസത്തിലും ദര്‍ശനീയമാണ്. അതിന് സ്ത്രീപക്ഷവിമര്‍ശനമായും സമാനതയുണ്ട്. ആദ്യകാലത്ത് അധിനിവേശാനന്തരവിമര്‍ശനം അതിന്‍റെ വിഷയമായി തിരഞ്ഞെടുത്തത് കൊളോണിയല്‍ രാജ്യങ്ങളെക്കുറിച്ചുള്ള വെള്ളക്കാരുടെ കൃതികളെയാണ്. അതിലെ പരിമിതികളെയും മുന്‍വിധികളെയും അവര്‍ വിമര്‍ശിക്കുന്നു. ജോസഫ് കോണ്‍റാഡിന്‍റെ ‘ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്നെസി’ലെ (1899) ആഫ്രിക്ക, ഇ.എം. ഫോസ്റ്ററുടെ ‘പാസേജ് ടു ഇന്ത്യ’യിലെ (1924)ഇന്ത്യ, കമ്യുവിന്‍റെ ‘ദി ഔട്ട്സൈഡറി’ലെ (1942) അൽജീരിയ –ഒക്കെ ഈ രീതിയില്‍ പഠനത്തിനു വിധേയമായിട്ടുണ്ട്.

ഇത് 1970കളിലെ സ്ത്രീപക്ഷ വിമര്‍ശനത്തിന്‍റെ ഘട്ടത്തിനു സമാനമാണ്, ഡി.എച്ച്. ലോറന്‍സ്, ഹെന്‍റി മില്ലര്‍പോലുള്ള ആണെഴുത്തുകാരുടെ പെണ്ണനുഭവമായിരുന്നു അതിന്‍റെ പ്രമേയം. കേറ്റ് മില്ലറ്റിന്‍റെ ‘സെക്ഷ്വല്‍ പൊളിറ്റിക്സ്’ ഇതിനുദാഹരണമാണ്. അധിനിവേശാനന്തര വിമര്‍ശനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ അധിനിവേശാനന്തര എഴുത്തുകാര്‍ അവരെക്കുറിച്ചും അവരുള്‍പ്പെടുന്ന സമൂഹത്തെക്കുറിച്ചും നടത്തുന്ന അന്വേഷണമാണ് വിഷയമായി വരുന്നത്. വൈവിധ്യവും ഇരട്ടസ്വത്വവും ഇവിടെ പഠനവിഷയമാകുന്നു.

സ്ത്രീപക്ഷ വിമര്‍ശനത്തിലെ ‘ഗൈനോക്രിട്ടിസിസ’ത്തോടാണ് ഇതിനു സാമ്യം. സ്ത്രീവിരചിതമായ കൃതികളിലെ സ്ത്രീയുടെ അനുഭവത്തെയും സ്വത്വങ്ങളെയുമാണ് ഈ ഘട്ടത്തില്‍ വിമര്‍ശകര്‍ വിലയിരുത്തുന്നത്. സ്ത്രീപക്ഷ വിമര്‍ശനത്തില്‍ സൈദ്ധാന്തികവും അനുഭവാധിഷ്ഠിതവുമായ രണ്ടു ധാരകളുള്ളതുപോലെ അധിനിവേശാനന്തര വിമര്‍ശനത്തിലും ഹോമി ഭാഭയുടെ ഘടനാനന്തരവാദത്തിനെ ആസ്പദമാക്കിയ വിമര്‍ശനവും സൈദിന്‍റെ ഉദാര മാനവികതാവാദത്തിന്‍റെ നിലപാടുകള്‍ ഉപയോഗപ്പെടുത്തുന്ന വിമര്‍ശനവുമുണ്ട്.

ബില്‍ ആഷ് ക്രോഫ്റ്റ്, ഗാരേത് ഗ്രിഫിത് സ്, ഹെലന്‍ ടിഫിന്‍ എന്നിവരുടെ സംയുക്ത രചനയായ ‘എംപയര്‍ റൈറ്റ്സ് ബാക്’ (1989) അധിനിവേശാനന്തര കൃതികളെക്കുറിച്ചും അവക്ക് അധിനിവേശാനന്തര സംസ്കാരത്തിന്‍റെ ഗൗരവമേറിയ പ്രശ്നങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും സൈദ്ധാന്തിക പഠനം നടത്തുന്ന ആദ്യത്തെ കൃതിയാവണം. അധിനിവേശാനന്തര എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന സാംസ്കാരിക സങ്കീര്‍ണതയെ വിശകലനംചെയ്യുന്നതില്‍ യൂറോപ്യന്‍ സിദ്ധാന്തങ്ങളുടെ അപര്യാപ്തത, ഈ കൃതി വിമര്‍ശനവിധേയമാകുന്നു. യൂറോപ്യന്‍ സിദ്ധാന്തം മറച്ചുവെക്കുന്ന സാംസ്കാരിക പാരമ്പര്യത്തെ തുറന്നുകാണിക്കുന്നതോടൊപ്പം ഈ രചനയില്‍ കുടിയേറ്റം, അടിമത്തം, അടിച്ചമര്‍ത്തല്‍, ചെറുത്തുനില്‍പ് തുടങ്ങിയ വിവിധ അനുഭവങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്.

അധിനിവേശാനന്തര സാഹിത്യം സാമ്രാജ്യത്തിന്‍റെ പിന്മാറ്റത്തിനു ശേഷമുള്ള കോളനികളുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രതിസന്ധികളോടുള്ള പ്രതികരണമാണ്. ഇംഗ്ലീഷ് ഉപയോഗിച്ച്, അധിനിവേശാനന്തര സാഹിത്യം പഴയ കോളനികളിലെ പ്രത്യേക പ്രദേശങ്ങളുടെ ഉത്കണ്ഠകള്‍ ആവിഷ്കരിക്കുന്നു.

സാമ്രാജ്യത്തില്‍നിന്നും പഠിച്ച ഇംഗ്ലീഷ്, സാമ്രാജ്യം തന്നെ ഊട്ടിവളര്‍ത്തിയ സാംസ്കാരിക അസമത്വത്തെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്നതിലെ വൈരുധ്യം പ്രകടമാണ്. മൂന്നാം ലോക സാഹിത്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കോമണ്‍വെല്‍ത്ത് സാഹിത്യം അധിനിവേശാനന്തര സാഹിത്യത്തിന്‍റെ വളര്‍ച്ചക്ക് വഴിയൊരുക്കുകയായിരുന്നു. കോമണ്‍വെല്‍ത്ത് സാഹിത്യപഠനങ്ങള്‍ ബ്രിട്ടീഷ് സാഹിത്യത്തിന്‍റെ രൂപത്തെയും ശൈലിയെയുമായിരുന്നു, കേന്ദ്രീകരിച്ചത്. പഴയ കോളനികളുടെ സാഹിത്യം ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ടു.

അധിനിവേശാനന്തര സാഹിത്യകാരന്മാര്‍ തദ്ദേശീയ പാരമ്പര്യത്തെയും മൂല്യങ്ങളെയും പിന്തുടരുന്നു. ഒപ്പം പടിഞ്ഞാറിന്‍റെ അധികാരരൂപങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്നു. യൂറോപ്യന്‍ സാഹിത്യമൂല്യങ്ങള്‍ മൂന്നാം ലോകത്തെ സാംസ്കാരിക പാരമ്പര്യത്തിന് ഹാനികരമാണെന്ന കണ്ടെത്തല്‍, ഇതിന് ആക്കംകൂട്ടി. പടിഞ്ഞാറ്, മൂന്നാം ലോകത്തെ അതിന്‍റെ വംശം, നിറം, ലിംഗഭേദം, സംസ്കാരം, സമ്പദ് വ്യവസ്ഥ ഇതിന്‍റെയൊക്കെ പേരിലാണ് വര്‍ഗീകരിച്ചിട്ടുള്ളത്. ഈ വിവേചനത്തിനെതിരെയുള്ള ചെറുത്തുനിൽപില്‍നിന്നാണ് അധിനിവേശാനന്തര സാഹിത്യം ഉടലെടുത്തത്. കോളനീകരിക്കപ്പെട്ട സമൂഹങ്ങളിലെ വൈവിധ്യമാണ് അതാഘോഷിക്കുന്നത് എന്നു കാണാം.

ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിന്‍റെ വികാസ പരിണാമങ്ങള്‍ ഈ പശ്ചാത്തലത്തിലാണ് നാം വിലയിരുത്തേണ്ടത്. വി.എസ്. നയ്പോള്‍, റുഷ്ദി, അമിതാവ്ഘോഷ്, അനിതാ ദേശായി, അരുന്ധതി റോയി തുടങ്ങിയവര്‍ പ്രമേയത്തിലും ആവിഷ്കാരത്തിലും പുതുമയും വൈവിധ്യവും തേടുന്നു. ഇന്ത്യന്‍ സംസ്കാരത്തിലെയും സാമൂഹികജീവിതത്തിലെയും സമസ്യകളെയും പ്രതിസന്ധികളെയും അടിമുടി അപരിചിതവത്കരിക്കപ്പെട്ട, അഴിച്ചുപണിയപ്പെട്ട, ഇംഗ്ലീഷ് ഭാഷയിലൂടെയാണ് അവര്‍ അവതരിപ്പിക്കുന്നത്.

ദരിദ്ര രാജ്യങ്ങളും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ന്യൂനപക്ഷങ്ങളും ലോക സാഹിത്യത്തിനു നല്‍കുന്ന പുതിയ സംഭാവനയാണ് അധിനിവേശാനന്തര സാഹിത്യം. അത് ഒറ്റപ്പെട്ട സംസ്കാരങ്ങളെ കേന്ദ്രീകരിച്ച അന്തര്‍ദേശീയ മേഖലയായി രൂപാന്തരപ്പെട്ടിരിക്കുന്നു. അധിനിവേശാനന്തര വിമര്‍ശനം, അതിന്, സിദ്ധാന്തത്തിന്‍റെ പിന്‍ബലത്തോടെ അന്തര്‍ദേശീയ അംഗീകാരവും സ്വീകാര്യതയും നേടിക്കൊടുക്കുന്നുവെന്നതില്‍ സംശയമില്ല. അധിനിവേശാനന്തര സാഹിത്യത്തെ ഒരു പ്രതിവ്യവഹാരമായും എതിര്‍പ്പിന്‍റെ സ്വരമായും മാറ്റുന്നതില്‍ അധിനിവേശാനന്തര വിമര്‍ശനത്തിന്‍റെ പങ്ക് വളരെ വലുതാണ്.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT