ക്യൂബൻ വിപ്ലവത്തിന്റെ ഇതിഹാസ നായകനിൽനിന്നും പച്ചയുടുപ്പുകൾ കടംകൊണ്ട് ശോഭീന്ദ്രൻ മാഷ്മരം വെച്ചു നടന്നു. ചെറിയ കാലമല്ല, ഒരായുസ്സ് തന്നെ. എന്താണതിന്റെ സന്ദേശം?’’ –ശോഭീന്ദ്രൻ മാഷെ ഒാർമിക്കുകയാണ് ഇൗ ലക്കം.ചെഗുവേരയുടെ മുഖം പതിയാത്ത നാട്ടുമുക്കുകൾ കേരളത്തിലുണ്ടാകില്ല. വിപ്ലവത്തിന്റെ പ്രതീകമായി മാറിയ അതുപോലത്തെ മറ്റൊരു ഹീറോ നമുക്കില്ല എന്നുതന്നെ പറയാം. എന്നാൽ, വിപ്ലവങ്ങൾക്കായുള്ള കാത്തിരിപ്പുകൾ ‘വെയ്റ്റിങ് ഫോർ ഗോദോ’ പോലെ ഒരസംബന്ധ നാടകമായി നീളുന്ന കാലത്ത് ഒരു ചെഗുവേര എന്തായിരിക്കും ചെയ്യുക? അതിന്റെ ഒരു ഉത്തരമായിരുന്നു ശോഭീന്ദ്രൻ മാഷ്. ക്യൂബൻ വിപ്ലവത്തിന്റെ ഇതിഹാസ...
ക്യൂബൻ വിപ്ലവത്തിന്റെ ഇതിഹാസ നായകനിൽനിന്നും പച്ചയുടുപ്പുകൾ കടംകൊണ്ട് ശോഭീന്ദ്രൻ മാഷ്മരം വെച്ചു നടന്നു. ചെറിയ കാലമല്ല, ഒരായുസ്സ് തന്നെ. എന്താണതിന്റെ സന്ദേശം?’’ –ശോഭീന്ദ്രൻ മാഷെ ഒാർമിക്കുകയാണ് ഇൗ ലക്കം.
ചെഗുവേരയുടെ മുഖം പതിയാത്ത നാട്ടുമുക്കുകൾ കേരളത്തിലുണ്ടാകില്ല. വിപ്ലവത്തിന്റെ പ്രതീകമായി മാറിയ അതുപോലത്തെ മറ്റൊരു ഹീറോ നമുക്കില്ല എന്നുതന്നെ പറയാം. എന്നാൽ, വിപ്ലവങ്ങൾക്കായുള്ള കാത്തിരിപ്പുകൾ ‘വെയ്റ്റിങ് ഫോർ ഗോദോ’ പോലെ ഒരസംബന്ധ നാടകമായി നീളുന്ന കാലത്ത് ഒരു ചെഗുവേര എന്തായിരിക്കും ചെയ്യുക? അതിന്റെ ഒരു ഉത്തരമായിരുന്നു ശോഭീന്ദ്രൻ മാഷ്.
ക്യൂബൻ വിപ്ലവത്തിന്റെ ഇതിഹാസ നായകനിൽനിന്നും പച്ചയുടുപ്പുകൾ കടംകൊണ്ട് ശോഭീന്ദ്രൻ മാഷ് മരം വെച്ചു നടന്നു. ചെറിയ കാലമല്ല, ഒരായുസ്സ് തന്നെ. എന്താണതിന്റെ സന്ദേശം? ഇല്ലാതായി പോകുന്ന കാലത്തിന്റെ തണലായി മാറലല്ലാതെ മറ്റെന്താണ്, സംസ്കാരം എന്ന ചോദ്യമല്ലാതെ? ആ ചോദ്യം തന്റെ നിശ്ശബ്ദമായ ചെയ്തികളിലൂടെ ശോഭീന്ദ്രൻ മാഷ് നിരന്തരം ആവർത്തിച്ചു. ഒരിടം കിട്ടിയാൽ അവിടെ മരങ്ങൾ വെച്ചുപിടിപ്പിച്ചു.
മരം എന്നാൽ എല്ലാം മരിക്കുന്നത് എന്ന ഒരർഥംകൂടിയുണ്ടെന്ന് പണ്ടെപ്പോഴോ വായിച്ചിട്ടുണ്ട്. മരണത്തിന്റെ സാക്ഷരത നമ്മുടെ സമൂഹത്തിനില്ലാത്തതിനെക്കുറിച്ചാണ് ഇപ്പോൾ മുപ്പത് വയസ്സായ കേരളത്തിലെ സാന്ത്വന പരിചരണ പ്രസ്ഥാനം ഡോ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിവരുന്നത്.സമാന്തരമായി ശോഭീന്ദ്രൻ മാഷും തന്റെ കുട്ടികളെ, തനിക്കു ചുറ്റുമുള്ള സമൂഹത്തെ പരിശീലിപ്പിച്ചത് മരത്തെ നോക്കാനാണ്, മരത്തിൽനിന്നും പഠിക്കാനാണ്, മനുഷ്യൻ വീണാലും വീഴാത്ത ഒന്നിനെ കാണാനാണ്.
ഹരിനാരായണനോടൊപ്പം ശോഭീന്ദ്രൻ മാഷ്
ഗുരുവായൂരപ്പൻ കോളജിലെ പല തലമുറകളെ കൂട്ടിയിണക്കുന്ന കണ്ണിയായിരുന്നു ശോഭീന്ദ്രൻ. എഴുപതുകളുടെ അന്ത്യം മുതൽ ആ കോളജിൽ പഠിച്ചുപോയ എല്ലാവരെയും വിടാതെ ചേർത്തുനിർത്തിയ ഒരു പ്രസ്ഥാനമായിരുന്നു മാഷ്. തലമുറകളുടെ സംഗമം അങ്ങനെ അവിടെ പതിവായി. ഒരു മൊട്ടക്കുന്ന് അങ്ങനെ കാടായി. അതിന് വെള്ളം നനച്ചത് ഓർമയായിരുന്നു. അതിലാണ് വേരുപിടിച്ചത്. അകിര കുറസോവയുടെ ‘ഇക്കിറു’ പോലൊരു സിനിമയാണ് ആ ജീവിതം. മരണത്തെ മരം െവച്ചുപിടിപ്പിച്ചുകൊണ്ട് നേരിട്ട മനുഷ്യൻ.
ഗുരുവായൂരപ്പൻ കോളജിൽ ശോഭീന്ദ്രൻ മാഷിന്റെ ക്ലാസിൽ ഞാനിരുന്നിട്ടില്ല. ഞങ്ങളെ കൂട്ടിയിണക്കിയത് മരവുമായിരുന്നില്ല. ജോൺ എന്ന വികാരമായിരുന്നു, മാഷ് അവസാനമായി മാഷായിത്തന്നെ വേഷമിട്ടത് ഞാൻ സംവിധാനംചെയ്ത ‘ജോൺ ’ എന്ന സിനിമയിലാണ്. ‘ജോണനെ’ ഒരു വികാരമായി ഹൃദയത്തിൽ കൊണ്ടുനടന്ന ഒരപൂർവ പ്രതിഭാസമായിരുന്നു മാഷ്. ‘ജോണി’ന്റെ അവസാന സിനിമയായ ‘അമ്മ അറിയാൻ’ ശോഭീന്ദ്രൻ മാഷിന്റെകൂടി സിനിമയാണ്. അഭിനേതാവ് എന്നനിലക്ക് മാത്രമല്ല ജോണിനെ തന്റെ പച്ചയുടുപ്പിലേക്ക് അടുപ്പിച്ച അവരുടെ ‘മോട്ടോർ സൈക്കിൾ യാത്രകളുടെ’ കൂടി സ്മാരകമാണ് ആ സിനിമ.
ജോൺ എബ്രഹാം അപ്പന്റെ കല്ലറയിലേക്ക് മടങ്ങിയതുതന്നെ ശോഭീന്ദ്രൻ മാഷിന്റെ ‘ചെഗുവേര’ പച്ചയുടുപ്പ് അണിഞ്ഞാണ്. അതൊക്കെ ഒരോർമയായി ‘ജോൺ’ എന്ന സിനിമയിൽ വരുന്നുമുണ്ട്. സിനിമ ഷൂട്ടിങ് തുടങ്ങും മുമ്പ് ശോഭീന്ദ്രൻ മാഷിന്റെ ജോൺ ഓർമകൾ മകൾ മുക്ത ഒരു ഡോക്യുമെന്ററിയായി രേഖപ്പെടുത്തിയിരുന്നു. ആ ഓർമകൾകൂടി ചേർന്നാണ് ജോൺ സിനിമയുടെ തിരക്കഥ രൂപംകൊള്ളുന്നത്. പ്രിയപ്പെട്ടവർ മരിച്ചാലും നമ്മൾ ജീവിതം തുടരുന്നു എന്നതുപോെലത്തന്നെ ഒരു മഹാത്ഭുതമാണ് മരിച്ചവർ നമ്മിലൂടെ തുടർന്നും ജീവിക്കുന്നു എന്നത്. ശോഭിക്ക് ജോൺ മരിച്ച ഒരാളായിരുന്നില്ല. മരിക്കാതെ ജീവിതം തുടരുന്ന ജോണിനെയാണ് ‘ജോൺ’ സിനിമ അന്വേഷിച്ചത്. ശോഭീന്ദ്രൻ മാഷ് അതിന്റെ ഭാഗമായതും അങ്ങനെയാണ്.
ജോൺ മരിച്ച് 36ാമത്തെ ഓർമവർഷത്തിന് 2023 മേയ് 31ന് ‘ജോൺ’ കോഴിക്കോട് ശ്രീ തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ ശോഭീന്ദ്രൻ മാഷ് അത് ആഘോഷമാക്കി. ഉണ്ണി മാഷെയുംകൊണ്ടായിരുന്നു ശോഭി സിനിമക്ക് വന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ജോൺ അനുഭവങ്ങളിൽ ഒന്നായി മാഷ് സിനിമക്കുശേഷം ശ്രീ തിയറ്റർ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസംഗിച്ചു. തുടർന്ന് പ്രസ് ക്ലബിൽ നടന്ന ‘മീറ്റ് ദ ക്രൂ’ പരിപാടിയിലും മാഷായിരുന്നു പ്രധാന വ്യക്തി. എന്റെ ദിവസത്തേക്കാൾ അത് മാഷിന്റെ ദിവസമായി മാറിയിരുന്നു.
രാമചന്ദ്രൻ മൊകേരിയും ശോഭീന്ദ്രൻ മാഷും ഗുരുവായൂരപ്പൻ കോളജിൽ
2023 ജൂൺ 2ന് ഉണ്ണിമാഷിന്റെ 80ാം പിറന്നാളിന് എന്നെ വിളിച്ചുവരുത്തിയത് ശോഭീന്ദ്രൻ മാഷായിരുന്നു. അളകാപുരിയിൽ നടന്ന ചടങ്ങിൽ മാഷ് എന്റെ അടുത്ത് വന്നിരുന്നു. ചടങ്ങ് തുടങ്ങുമ്പോൾ സ്വാഗതപ്രസംഗകൻ ഓരോരുത്തരെയായി വേദിയിൽ വന്നിരിക്കാൻ മൈക്കിലൂടെ ആവശ്യപ്പെട്ടപ്പോൾ ശോഭിയെ വിളിക്കാൻ വിട്ടുപോയി. മാഷ് എന്റെ അരികിൽതന്നെ തരുത്തിരുന്നപ്പോൾ “മാഷെ ആര് എന്തിന് വിളിക്കണം. അത് മാഷിന്റെ വേദിയാണ്’’ എന്ന് നിർബന്ധിച്ചപ്പോൾ അത് ശരിയാണ് എന്ന് സമ്മതിച്ച് മാഷ് സ്വയം വേദിയിൽ കയറിയിരുന്നു.
അന്നത്തെ മാഷിന്റെ പ്രസംഗം മുഴുവനും ഞാൻ ഫോണിൽ റെക്കോഡ് ചെയ്തു: ഒരു കാടു പോലെ ജീവിതത്തെക്കുറിച്ചുള്ള ഒരു തത്ത്വചിന്താ ഭാഷണമായിരുന്നു അത്. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള ഓർമപ്പെടുത്തലുകൾ നിറഞ്ഞത്. പതുക്കെ, ഉള്ളെടുത്ത് പുറത്തിടുന്നതുപോലുള്ള ആ വാക്കുകൾ ഹൃദ്യമായ ഒരനുഭവമായിരുന്നു. അതിന്നും വീശിയടിക്കുന്നു.
2023 ഒക്ടോബർ 12ന് അർധരാത്രിയാണ് ശോഭീന്ദ്രൻ മാഷിന്റെ മരണവിവരം തേടിയെത്തുന്നത്. അസമയത്ത് തന്നെ ഉണ്ണി മാഷിന്റെ ഫോണിൽനിന്നും സ്ഥിരീകരണം കിട്ടി: ഹൃദയാഘാതം. ഗുരുവായൂരപ്പൻ കോളജിൽ 1977 ജൂൺ മുതൽ തുടങ്ങിയ ബന്ധമാണ്. ക്ലാസ് മുറിയിലല്ലാതെ ജീവിതം പഠിപ്പിച്ച ഗുരുനാഥൻ.
ശ്രീ തിയറ്ററിൽ ‘ജോൺ’ സിനിമയുടെ പ്രദർശനവേളയിൽ നടന്ന ജോൺ അനുസ്മരണ ചടങ്ങിൽ ശോഭീന്ദ്രൻ മാഷ്, ചെലവൂർ വേണു,ഷുഹൈബ്, ബീരാൻ, എ. രത്നാകരൻ, കെ.ജെ. തോമസ്, പ്രേംചന്ദ്, ജിജോ, മുക്ത, ദീദി എന്നിവർ
കാൾലിസ്റ്റ് ചെക്ക് ചെയ്തുനോക്കി, 2023 സെപ്റ്റംബർ 18നാണ് ശോഭീന്ദ്രൻ മാഷിന്റെ അവസാനത്തെ കാൾ വന്നത്. സാമൂതിരി ഗുരുവായൂരപ്പൻ കോളജിന്റെ 150 വർഷത്തെ ഓർമ ഡോക്യുമെന്റ് ചെയ്യുന്ന ഒരു സ്മരണിക – സ്മൃതിപഥം – തയാറാക്കുന്നുണ്ട്. അതിലേക്ക് ഒരു ലേഖനം എഴുതിത്തരണം എന്നതായിരുന്നു ആവശ്യം. തത്സമയം ഏറ്റു. ആ ആവശ്യപ്പെടൽതന്നെ ഒരു ശിഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു. അതേ ആവശ്യം പറഞ്ഞ് തൊട്ടുപിറകെ ഉണ്ണിമാഷും ഡി.ഡി. നമ്പൂതിരി മാഷും വിളിച്ചു. ശോഭി പറഞ്ഞിട്ടുണ്ടാവുമല്ലോ എന്ന്. പനിക്കിടക്കയിൽ ആ ലേഖനം പൂർത്തിയാക്കി അയച്ചുകൊടുത്തു: 1977.
പൊക്കുന്നിലെ മരങ്ങളെല്ലാം ശോഭീന്ദ്രൻ മാഷിന്റെ ഓർമകളാണ്. മരണമില്ലാത്ത മാഷ് ആ മരങ്ങളിൽ കാറ്റായി വീശിക്കൊണ്ടേയിരിക്കുന്നു. ഉണ്ണിമാഷ് ശോഭീന്ദ്രൻ മാഷ് ക്ക് സമർപ്പിച്ച ‘ആൾമരം’ എന്ന കവിത അവസാനിപ്പിക്കുന്നതുപോലെ
“മരുത്തിന്റെ ഈണം കേട്ട്
മഴക്കാലത്തിന്റെ നനുത്ത
വിരൽത്തുമ്പിൽ പിടിച്ചു
പകലിന്റെ നെഞ്ചിലെ ചൂടിൽ
അതു വളരുന്നു,
ആകാരത്തോളം
ഒരാളെപ്പോലെ.
പച്ചത്തൊപ്പിയിട്ട്.’’
ശോഭി ഒരു മരമായിരുന്നു. അതിന്റെ തടിയും വേരും ഇലകളും ഈ മണ്ണിൽ അലിഞ്ഞുചേർന്നു കിടക്കും, ഓർമ പോകുംവരെ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.