രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാൻ മോദി ഭരണകൂടം തീരുമാനിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സി.എ.എ പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനം ഇറങ്ങി. ഇൗ പശ്ചാത്തലത്തിൽ, 2019ൽ രാജ്യത്താകെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായ വേളയിൽ ‘മാധ്യമം ആഴ്ചപ്പതിപ്പി’ൽ പ്രസിദ്ധീകരിച്ച ലേഖനം (ലക്കം: 1139, 2019 ഡിസംബർ 30) പുനഃപ്രസിദ്ധീകരിക്കുകയാണ് ഞങ്ങൾ. ഹിന്ദുത്വ ഭരണകൂടം ഒരേസമയം നിയമത്തിനകത്തും പുറത്തും പരമാധികാര സ്വഭാവം കൈവരിച്ചിരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവാണീ നിയമമെന്നും ഗവേഷകൻ കൂടിയായ ലേഖകൻ നിരീക്ഷിക്കുന്നു.
ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ നിർണായകമായ പ്രതിസന്ധികളിൽ ഒന്നാണ് ദേശീയ പൗരത്വ പട്ടികയും (എന്‍.ആര്.സി) ദേശീയ പൗരത്വ ഭേദഗതി (സി.എ.എ) നിയമവും നടപ്പാക്കാനുള്ള തീരുമാനം. നിരവധി സാമൂഹിക കരാറുകളിലൂടെയും കൊളോണിയൽ ഭരണമടക്കമുള്ള അധിനിവേശ രാഷ്ട്രീയത്തിന്റെ വ്യവഹാരങ്ങളോടുള്ള നീക്കുപോക്കുകളിലൂടെയും പ്രതിരോധങ്ങളിലൂടെയും വികസിച്ചതാണ് ഇന്ത്യയിലെ പൗരത്വത്തിന്റെ രാഷ്ട്രീയം. അതുകൊണ്ടുതന്നെ വ്യതിരിക്തമായ ഒരു സാമൂഹിക- രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ പൗരത്വ പ്രശ്നത്തെ വിലയിരുത്തേണ്ടതുണ്ട്.
ഇതെഴുതുമ്പോള്‍ ഇന്ത്യയിൽ എന്‍.ആര്.സിയും സി.എ.എയുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചകളിൽ രണ്ടു പ്രധാന സാഹചര്യങ്ങളാണുള്ളത്. ഒന്ന്, രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലകളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ. രണ്ട്, ഇന്ത്യയിൽ പൗരത്വ ബില്ലിനെതിരെ മുസ്ലിം സമുദായത്തിന്റെ നിലനിൽപുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ. വടക്കു കിഴക്കൻ മേഖലകളിലെ പൗരത്വ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യം സംഘ്പരിവാറിന്റെ ഹിന്ദുത്വ അജണ്ട നടക്കില്ലായെന്നാണ്. മുസ്ലിംകള് പ്രക്ഷോഭം നടത്തുന്നത് പൗരത്വ നിഷേധത്തിന്റെ ചട്ടക്കൂടിലാണ്. എന്നാല്‍, ഇന്ത്യയിലെ രാഷ്ട്ര പരമാധികാരത്തിന്റെ സമഗ്രാധിപത്യ സ്വഭാവത്തെയാണ് പല വീക്ഷണകോണിൽ നിന്നുകൊണ്ട് പൊതുവായി പ്രക്ഷോഭകാരികൾ വിമർശിക്കുന്നത്.
പൊതു ഉള്ളടക്കം
ഈ പുതിയ പ്രക്ഷോഭങ്ങൾക്ക് ഹ്രസ്വകാല സമീപനങ്ങളുള്ളതോടൊപ്പം അതുന്നയിക്കുന്ന വിശാലമായ രാഷ്ട്രീയ പ്രശ്നം, ജാതി ഹിന്ദു പരമാധികാര സ്വഭാവമുള്ള ദേശരാഷ്ട്രമായി ഇന്ത്യ എങ്ങനെ പരിവർത്തിക്കപ്പെടുന്നുവെന്നാണ്. ഇന്ത്യയിലെ ജാതി ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ പുതിയ വികാസഘട്ടമായി ഈ പൗരത്വപ്രക്ഷോഭത്തെ മനസ്സിലാക്കാന്‍ കഴിയേണ്ടതുണ്ട്.
പലപ്പോഴും വടക്കു കിഴക്കൻ പ്രക്ഷോഭം അടിസ്ഥാനപരമായി ഇന്ത്യ എന്ന് പറയുന്ന മെയിൻ ലാൻഡുമായി പാർശ്വവത്കൃത ദേശങ്ങൾ നടത്തിയ നീക്കുപോക്കുകളുടെ ലംഘനത്തിന്റെ സാഹചര്യത്തിലാണ് വികസിക്കുന്നത്. അതിൽ തീർച്ചയായും ആന്തരിക അധിനിവേശത്തിന്റെയും ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ സാമ്രാജ്യത്വ സ്വഭാവത്തിന്റെയും വിമർശനമുണ്ട്.
എന്നാല്‍, മുസ്ലിം പൗരത്വപ്രക്ഷോഭത്തിന്റേത് മറ്റൊരു ഭാഷയാണ്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം നിയമപരമായ പരിരക്ഷയുള്ള പൗരത്വം ന്യൂനപക്ഷ രാഷ്ട്രീയ അവകാശങ്ങളുടെ പ്രധാനപ്പെട്ട ഘടനയായിരുന്നു. ഇത് കൊളോണിയൽ ഭരണകാലം മുതൽ മുസ്ലിം സമുദായം നേടിയെടുത്ത ന്യൂനപക്ഷ അവകാശങ്ങളുടെ ചരിത്രത്തിന്റെ ഭാഗമായിരുന്നു. അതിനാല്‍തന്നെ എന്‍.ആര്.സിയും സി.എ.എയും മുസ്ലിംകളെ നിയമപരമായ പൗരത്വത്തില്‍നിന്ന് പുറന്തള്ളി അവരെ രാഷ്ട്രരഹിതരും പൗരരഹിതരുമാക്കി മാറ്റുന്നു. അങ്ങനെ പ്രത്യേക രീതിയിൽ നിയമത്തിന്റെയും ഭരണകൂടത്തിന്റെയും പുറത്തേക്ക് തള്ളിക്കൊണ്ട് രാഷ്ട്രീയ അവകാശങ്ങള്‍ ഇല്ലാത്ത ‘നഗ്ന ജീവിതങ്ങളാക്കി’ (bare life) മാറ്റുന്ന വംശീയ ഉന്മൂലന പദ്ധതിയായി എന്‍.ആര്.സിയും സി.എ.എയും മാറുന്നു.
പൗരത്വവും വ്യത്യാസവും
ഇന്ത്യയിലെ പൗരത്വ രാഷ്ട്രീയത്തിന്റെ പൊതുവായ ചരിത്രമെന്നത്, പ്രജകളിൽനിന്ന് തുല്യ പൗരത്വത്തിനുവേണ്ടിയുള്ള സമരങ്ങളായിരുന്നു. ദേശീയവാദ ചരിത്രകാരന്മാർ പറയുന്നതുപോലെ കേവലമായ ദേശീയ ഐക്യത്തിന്റെ തലത്തിലല്ല, മറിച്ച് വ്യത്യസ്ത ജാതി/ മത/ഗോത്ര സമുദായങ്ങൾ, പ്രദേശങ്ങൾ, ജനവിഭാഗങ്ങൾ, ലിംഗവിഭാഗങ്ങള് തുടങ്ങി വൈവിധ്യമാർന്ന ദേശീയതകൾ വ്യത്യസ്ത ഘട്ടത്തിലൂടെ വികസിപ്പിച്ച പൗരത്വ കാഴ്ചപ്പാടാണത്. പിൽക്കാലത്ത് ഭരണഘടന അസംബ്ലിയിലൂടെയും ഭരണഘടനയിലൂടെയും ഇത്തരം സമരങ്ങൾക്ക് പൊതുഇടം രൂപപ്പെടുകയായിരുന്നു.
പൗരത്വം എന്നത് രാഷ്ട്രീയസമരങ്ങളെ കൂടി പ്രതിഫലിപ്പിക്കുന്നതായിട്ടാണ് ഇന്ത്യയിലെ പൗരത്വ ചരിത്രത്തിന്റെ രേഖകൾ പരിശോധിക്കുന്ന ഒർനിത് ഷാനി എഴുതുന്നത്. പൗരത്വം നിർണയിക്കാനുള്ള സമരങ്ങളിൽ അതിർത്തി സംസ്ഥാനങ്ങളിൽനിന്നും ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളിൽനിന്നും ബഹുജൻ പിന്നാക്ക സമൂഹങ്ങളിൽനിന്നും ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ആംഗ്ലോ ഇന്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുമടക്കം നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പൗരത്വത്തിനൊരു രേഖീയമായ ചരിത്രമില്ല. ജാതി, മതം, വർഗം, ലിംഗം, പ്രദേശം, ദേശീയത തുടങ്ങിയ നിരവധി ഘടകങ്ങളുടെ ഒത്തുതീർപ്പും പ്രതിരോധങ്ങളും ഉൾപ്പെട്ട സങ്കീർണ വ്യവഹാരമാണ് പൗരത്വം.
മുസ്ലിം ന്യൂനപക്ഷ കാഴ്ചപ്പാടിൽ, സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം പൗരത്വം എന്നത് തീർച്ചയായും തുല്യനീതിക്കും അവസര സമത്വത്തിനും വേണ്ടിയുള്ള സമരങ്ങളായിരുന്നു. അത് പൗരത്വത്തിന്റെ തന്നെ ആശയപരമായ വികാസത്തിന് മുസ്ലിംകൾ അർപ്പിച്ച സംഭാവന ആകുന്നതോടൊപ്പംതന്നെ ഭൂരിപക്ഷം നിർണയിക്കുന്ന ദേശീയ രാഷ്ട്രീയത്തിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ വ്യത്യാസത്തിന് നിയമപരമായ പരിരക്ഷ നൽകുന്നുണ്ടായിരുന്നു.
പുതിയ പ്രക്ഷോഭഘട്ടത്തില്‍ മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ ഉന്നയിക്കുന്ന ഒരു പ്രശ്നം, പൗരത്വത്തിന് അകത്തുനിന്നുകൊണ്ട് രാഷ്ട്രീയ പോരാട്ടങ്ങളും സമരങ്ങളും നടത്താനുള്ള നിയമപരമായ പരിരക്ഷകളില്ലാതാവുന്നു എന്നതാണ്. നിയമപരിരക്ഷയെ തകരാറിലാക്കുന്ന തലത്തില്‍ ജാതിഹിന്ദു പരമാധികാര സ്വരൂപം നിയമരാഷ്ട്രീയത്തിനു മേലെ അധിനിവേശവാഴ്ച നടത്തുന്നു. പൗരത്വം ഇല്ലാതാക്കാനും നൽകാനുമുള്ള അവകാശം ഇന്നത്തെ സാഹചര്യത്തില്‍ നിയമത്തിന്റെ തലത്തില്‍ മാത്രമല്ല നൽകുന്നത്. നിയമത്തെ തന്നെ സാധ്യമാക്കുന്ന മറ്റൊരു അധികാരമായി നിലനിൽക്കുന്ന ആര്.എസ്.എസിന്റെ ജാതി ഹിന്ദു പരമാധികാര വാഴ്ചയാണ് യഥാർഥ രാഷ്ട്രീയ പ്രശ്നം.
ഇത്തരം ഒരു രാഷ്ട്രീയ പ്രശ്നത്തെ കേവലാർഥത്തിൽ നിയമത്തിന്റെയോ പൗരത്വത്തിന്റെയോ തലത്തിൽ മാത്രം ഉന്നയിച്ചാൽ പോരാ എന്നും രാഷ്ട്രീയത്തെ തന്നെ പുനർവിചിന്തനം ചെയ്യുന്ന പുതിയ തരത്തിലുള്ള പ്രക്ഷോഭങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും സാമൂഹിക-രാഷ്ട്രീയ പ്രതിരോധ മാർഗങ്ങളിലേക്കും സംഘ്പരിവാർ വിരുദ്ധശക്തികളെ നയിക്കേണ്ടതുണ്ട്. അതായത്, രാഷ്ട്രീയ വിശകലനത്തിന്റെ പ്രശ്നം എന്ന രീതിയിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങളെ കാണേണ്ടതുണ്ട്.
ജനകീയ പ്രക്ഷോഭങ്ങളെ വായിക്കുമ്പോള്‍
ജനങ്ങൾ എന്തുകൊണ്ട് തെരുവിലിറങ്ങുന്നു എന്നതൊരു പ്രാഥമിക രാഷ്ട്രീയ പ്രശ്നമാണ്. ജനങ്ങൾ തെരുവിലിറങ്ങുന്നതിനെക്കുറിച്ചുള്ള മുൻകൂർ നിശ്ചയിക്കപ്പെട്ട സിദ്ധാന്തങ്ങൾ പലപ്പോഴും പ്രതിസന്ധിയിലാകുന്ന ലോകസാഹചര്യത്തിലാണ് നാമുള്ളത്. മുന്‍കൂര്‍ വിശകലനങ്ങള്‍ ജനങ്ങളുടെ കർതൃത്വശേഷിയെ കാണാതെപോവുകയും ചില കള്ളികളിലേക്ക് പ്രക്ഷോഭങ്ങളെ ചുരുക്കുകയും ചെയ്യുന്നു. പലപ്പോഴും ഇതിലൂടെ നഷ്ടപ്പെടുന്നത് ജനങ്ങൾ സംസാരിക്കുന്ന പുതിയ രാഷ്ട്രീയ ഭാഷയാണ്.
ഉദാഹരണമായി, ജനകീയ പ്രക്ഷോഭങ്ങളെ മനസ്സിലാക്കാന്‍ കഴിഞ്ഞ രണ്ടു വർഷങ്ങളായി ആഗോള ലിബറൽ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്കാണ് പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തരം. പലപ്പോഴും ലോകത്താകമാനം വികസിക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയും ചില നേതാക്കന്മാരുടെയും വാക്കുകൾകേട്ട് വൈകാരികമായി സംഭവിച്ച ആൾക്കൂട്ടത്തിന്റെ വികാസമാണെന്നും ലിബറൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചു.
ഇത്തരം ജനകീയ പ്രക്ഷോഭങ്ങൾ സത്യാനന്തര പ്രക്ഷോഭങ്ങൾ ആണെന്ന് വിളിക്കപ്പെട്ട് ജനങ്ങൾ എന്തുകൊണ്ടാണ് രാഷ്ട്രീയപരമായി തെരുവിൽ ഇറങ്ങുന്നത് എന്നതിനെ സവിശേഷമായി മനസ്സിലാക്കാതെയും ജനങ്ങളുടെ രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കാൻ ശ്രമിക്കാതെയും ലിബറല്‍ മാധ്യമങ്ങള്‍ കുറുക്കുവഴികള്‍ തേടുകയായിരുന്നു. ജനങ്ങൾക്ക് സത്യത്തെ പറ്റിയുള്ള മതിപ്പ് നഷ്ടപ്പെട്ടുവെന്നും യുക്തിപരമായ സംവാദങ്ങളിൽനിന്ന് ജനങ്ങൾ പിന്മാറുകയാണെന്നുമുള്ള ലിബറൽ ഉദാര കാഴ്ചപ്പാടിൽനിന്നാണ് പോസ്റ്റ് ട്രൂത്ത് എന്ന ലിബറല്‍ പ്രയോഗം വികസിച്ചത്.
സത്യം രാഷ്ട്രീയത്തിൽ എല്ലാ കാലഘട്ടത്തിലും സംഘർഷഭരിതമായ ഒരു സംവർഗം ആണെന്നും രാഷ്ട്രീയ മേൽക്കോയ്മയുടെ പ്രതീതി മാത്രമായി സത്യം നിരന്തരം മാറുന്നുവെന്നും ഫ്രഞ്ച് വിപ്ലവം മുതലെങ്കിലും രാഷ്ട്രീയ സിദ്ധാന്തത്തില്‍ പഠിക്കുന്ന കാര്യമാണ്. രാഷ്ട്രീയമാണ് സത്യത്തെ നിർണയിക്കുന്നത്. ആ അർഥത്തില്‍ രാഷ്ട്രീയ മണ്ഡലത്തില്‍ സത്യം എന്നത് എപ്പോഴും ഒരു നിർമിതി മാത്രമായിരുന്നു. സത്യാനന്തരം എന്നത് രാഷ്ട്രീയ മേൽക്കോയ്മയുടെ ഭാഗമായി എല്ലാ കാലത്തും ഉണ്ടായിരുന്നു. അത് ഇന്നലെ ചില വലതുപക്ഷ വംശീയവാദികളുടെ ആധിപത്യംമൂലം ഉണ്ടായെന്നു പറയുന്നത് വിശകലനപരമായി ബലഹീനമാണ്. ഇതിനർഥം, സത്യം ഇല്ലായെന്നല്ല, മറിച്ച് സത്യത്തെപ്പറ്റി അവസാന തീർപ്പ് രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ തലത്തില്‍ അസാധ്യമാണ് എന്നാണ്.
സത്യാനന്തര ലോകത്തെ ജനങ്ങളുടെ വൈകാരിക ഉത്തേജനം മാത്രമായി ജനകീയ പ്രക്ഷോഭങ്ങളെ മനസ്സിലാക്കുന്ന വ്യക്തിവാദ ചിന്തകര്‍ ആൾക്കൂട്ടത്തെ അങ്ങേയറ്റത്തെ ഭയത്തോടെയാണ് സമീപിക്കുന്നത്. ജനങ്ങളുടെ നിർവാഹകശേഷിയെ കുറച്ചു കാണുന്ന ഈ വിശകലന ചട്ടക്കൂടുകള്‍ അവരെ എളുപ്പത്തില്‍ വലതുപക്ഷത്തിന്റെയും വംശീയതയുടെയും യുക്തിരാഹിത്യത്തിന്റെയും ആളുകളാക്കി മാറ്റുകയും സത്യാനന്തര ലോകംപോലുള്ള ആഴം കുറഞ്ഞ സമീപനത്തിന്റെ പ്രചാരകരാക്കി മാറ്റുകയും ചെയ്യുന്നു. അതിനാൽതന്നെ, പുതിയ കാലത്തെ ജനകീയ പ്രക്ഷോഭങ്ങളുടെ പ്രശ്നം സത്യമല്ല. രാഷ്ട്രീയത്തിന്റെ ഭാഷയുടെ തലത്തിലാണ് പുതുരാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ വിശകലനം അർഹിക്കുന്നത്. ജനകീയ പ്രക്ഷോഭങ്ങളെ ഉന്നയിക്കുന്ന രാഷ്ട്രീയത്തിന്റെ തലത്തിലാണ് വിലയിരുത്തേണ്ടത്.
ഗ്രീസിലെ സമീപകാല ജനകീയ പ്രക്ഷോഭങ്ങളെപ്പറ്റി പഠിക്കുമ്പോള്‍ യാനിസ് സ്റ്റവ്രകാകിസ് (Yannis Stavrakakis) എന്ന രാഷ്ട്രീയ ചിന്തകന്‍ ജനങ്ങളുടെ കർതൃത്വശേഷിയെയും അവരുടെ രാഷ്ട്രീയപരമായ ഇച്ഛാശക്തിയെയും ഒരുഘട്ടത്തിലും പരിഗണിക്കാതെയും സത്യം, വസ്തുത ഇവയെക്കുറിച്ചുള്ള മുൻകൂർ ധാരണകളിൽ ഊന്നിയും ഒരു ജനകീയ പ്രക്ഷോഭവും വായിക്കാൻ സാധ്യമല്ലായെന്നു പറയുന്നുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ജനകീയ പ്രക്ഷോഭങ്ങളെയും വ്യവസ്ഥാപിത രാഷ്ട്രീയ രൂപങ്ങളെ മാറ്റിമറിക്കുന്ന സമരങ്ങളെയും അതുണ്ടാക്കുന്ന പുതിയ രാഷ്ട്രീയ ആകുലതകളെയും അതിന്റെ ഭാഷയിലും ചട്ടക്കൂടിലും വ്യത്യസ്തമായി അഭിമുഖീകരിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ ജനകീയ പ്രക്ഷോഭങ്ങളുടെ സമീപകാല വായനയും ഇതില്‍നിന്ന് വ്യത്യസ്തമല്ല. മുസ്ലിം ന്യൂനപക്ഷ പ്രക്ഷോഭങ്ങളില്‍ മതേതരമായ വഴികേടിന്റെ കുഴപ്പങ്ങള്‍ ആരോപിക്കുന്നതിലൂടെയും വടക്കു കിഴക്കൻ പ്രക്ഷോഭങ്ങളെ കേവലം കുടിയേറ്റ വിരുദ്ധ വംശീയ പ്രക്ഷോഭങ്ങളായി മാത്രം മനസ്സിലാക്കുന്നതിലൂടെയും പ്രസ്തുത പ്രക്ഷോഭങ്ങള്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തിന്റെ നഷ്ടം സംഭവിക്കുന്നുണ്ട്. പുതിയ പ്രക്ഷോഭങ്ങള്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തെ അതിന്റേതായ സംജ്ഞകളിലൂടെ ചിന്തിക്കാൻ കഴിയുമോ എന്നതാണ് പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്നം.
ക്യാമ്പ്, അഭയാർഥിത്വം, വംശഹത്യ
പുതിയ മുസ്ലിം പ്രക്ഷോഭങ്ങളില്‍ ഏറ്റവുമധികം ഉന്നയിക്കപ്പെട്ട മൂന്നു കാര്യങ്ങള്‍ ഇതാണ്: ‘‘ഞങ്ങളെ ക്യാമ്പുകളിലേക്ക് തള്ളുന്നു’’, ‘‘ഞങ്ങളെ സ്വന്തം നാട്ടില്‍ അഭയാർഥികളാക്കി മാറ്റുന്നു’’, ‘‘ഇതൊക്കെ വംശഹത്യയിലേക്ക് നയിക്കുന്നു’’. ഈ മുന്നറിയിപ്പുകള്‍ ഗൗരവമായി എടുക്കാനും മനസ്സിലാക്കാനും ശ്രമിക്കേണ്ടതുണ്ട്.
സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ ചരിത്രം പരിശോധിക്കുമ്പോൾ പുതിയ പൗരത്വപ്രശ്നത്തിന് നിരവധി അടരുകളുണ്ട്. ഉദാഹരണത്തിന്, ഗുജറാത്തില്‍ 2002ൽ നടന്ന വംശഹത്യക്കുശേഷം അവിടെനിന്ന് ആട്ടിപ്പായിക്കപ്പെട്ട മുസ്ലിംകള് അഹ്മദാബാദിലും കൊൽക്കത്തയിലും മറ്റ് സ്ഥലങ്ങളിലും ക്യാമ്പുകളില്‍ താമസിക്കുകയായിരുന്നു. സ്വന്തം കിടപ്പാടങ്ങൾ ഉപേക്ഷിക്കേണ്ടിവന്ന അവർ പിന്നീട് ക്യാമ്പുകളിലാണ് ജീവിതം നയിച്ചത്. ഒരർഥത്തിൽ ദേശരാഷ്ട്രത്തിനകത്ത് ആന്തരികമായ അഭയാർഥികളായി ഇത്തരം സമൂഹങ്ങൾ മാറ്റപ്പെടുകയാണ്. വിഭജനത്തിന് ശേഷമുള്ള ഇന്ത്യയിലെ വർഗീയ കലാപങ്ങളെ കുറിച്ച് പഠിച്ചാൽ ക്യാമ്പുകളും അഭയാർഥികളും എന്നുള്ള ഐഡൻറിറ്റി ഇന്ത്യൻ മുസ്ലിം ന്യൂനപക്ഷ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്.
അതുകൊണ്ടുതന്നെ മുസ്ലിം പ്രക്ഷോഭം ദേശീയതലത്തിൽ വായിക്കപ്പെട്ടത് ക്യാമ്പുകളിലേക്ക് മുസ്ലിംകൾ നീക്കപ്പെടുമെന്ന ആശങ്കയിലൂടെയാണ്. മുസ്ലിം പ്രക്ഷോഭകാരികള്‍ ഇങ്ങനെ പറയുന്നത് ചില മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. മാത്രമല്ല ഈ ക്യാമ്പുകൾക്കും അഭയാർഥികൾക്കും നേരത്തേ പൗരത്വത്തിനകത്ത് ഉണ്ടായിരുന്ന നിയമപരമായ പരിരക്ഷ പുതിയ കാലഘട്ടത്തിൽ ഇല്ലാതാവുന്നു എന്ന പ്രശ്നവും ഇതിനകത്തുണ്ട്.
നിയമപരമായ സുരക്ഷിതത്വം ഔദ്യോഗിക രീതിയിലെങ്കിലും പഴയ ക്യാമ്പുകളില്‍ നിലനിന്നിരുന്നു. എന്നാൽ, പുതിയ പൗരത്വ നിഷേധ നടപടികള്‍മൂലം മുസ്ലിംകൾക്ക് ലഭിക്കാൻ പോകുന്ന അഭയാർഥി പദവിയും ക്യാമ്പ് ജീവിതവും ഒരർഥത്തിലും നിയമപരിരക്ഷ സാധ്യമാകാതെയാണ്. മാത്രമല്ല, ഇത് വർഗീയ കലാപത്തിലെ ഇരകളുടെ ക്യാമ്പ് ജീവിതമല്ല; മറിച്ച് സമുദായത്തിലെ പൗരത്വ നിഷേധം അനുഭവിക്കുന്ന എല്ലാവർക്കും ലഭിക്കാന്‍ പോകുന്ന ക്യാമ്പ് ജീവിതവും അഭയാർഥി പദവിയുമാണ്.
നിയമപരിരക്ഷ ഇല്ലാത്ത ക്യാമ്പുകൾക്കും അഭയാർഥികൾക്കും ആധുനിക ചരിത്രത്തിലുള്ള സ്ഥാനം എന്താണ്? വംശഹത്യയുടെ മുന്നോടിയായി വികസിച്ച നാസി കോൺസൻട്രേഷൻ ക്യാമ്പുകളുമായി ബന്ധപ്പെടുത്തിയാണ് ഈ ചരിത്രമുള്ളത്. അതിനാൽത്തന്നെ, നിയമപരിരക്ഷയില്ലാത്ത ക്യാമ്പുകളും അഭയാർഥി ജീവിതവും എന്ന് പറയുന്നത് മനുഷ്യപദവിതന്നെ നഷ്ടപ്പെടുന്ന തരത്തിലുള്ള പുതിയ മൃഗജീവിതമാണെന്നും മനസ്സിലാകുന്നു. ആർ.എസ്.എസിന്റെ വംശഹത്യ അജണ്ടയുമായി തട്ടിച്ചു വായിക്കുമ്പോൾ തീർച്ചയായും ഭയപ്പെടേണ്ട ഒരു പുതിയ രാഷ്ട്രീയ സാഹചര്യമാണ് ഇത്. മുസ്ലിം ന്യൂനപക്ഷ പ്രക്ഷോഭങ്ങള്‍ ഉന്നയിക്കുന്നത് ഈ സവിശേഷ പ്രശ്നമാണ്. ക്യാമ്പുകളും അഭയാർഥികളും വംശഹത്യയും മുസ്ലിം ന്യൂനപക്ഷം ചർച്ചചെയ്യുന്നത് അതിനാല്‍തന്നെ ഒരു താൽക്കാലിക പ്രശ്നം എന്നനിലക്കല്ല.
ക്യാമ്പ്, അഭയാർഥി തുടങ്ങിയ സംവർഗങ്ങളെക്കൂടി പുതിയ രാഷ്ട്രീയ പ്രശ്നമായി മനസ്സിലാക്കേണ്ടതുണ്ട് എന്നാണ് ഈ ചർച്ചകൾ സൂചിപ്പിക്കുന്നത്. കേവലം ഇന്ത്യ ഒരു മതരാഷ്ട്രമാകുന്നു എന്ന തരത്തിലോ രാജ്യത്ത് ഒരു വിഭജനം നടക്കുന്നു എന്നുള്ള അർഥത്തിലോ മാത്രമല്ല ഈ ചർച്ചയുള്ളത്. പൗരത്വത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള സാമ്പ്രദായിക ചർച്ചകളെ ഇത് പ്രതിസന്ധിയിലാക്കുന്നു. നേരത്തേ കരുതിയിരുന്നപോലെ ദേശരാഷ്ട്രത്തിന്റെ ഭരണഘടനക്കു താഴെ നിൽക്കുന്ന പൗരത്വം എന്നതിൽനിന്ന് വിഭിന്നമായ ഒരു ചരിത്ര രാഷ്ട്രീയ സാഹചര്യംകൂടിയാണ് സംജാതമായിട്ടുള്ളത്.
ഇതിനുമുമ്പ് ഇന്ത്യയിൽ ക്യാമ്പുകൾ നിലനിന്നിരുന്നത് ചില സംസ്ഥാനങ്ങളിലും മുസ്ലിം വിരുദ്ധ കലാപങ്ങൾ ഉണ്ടായ പ്രദേശങ്ങളിലും വികസനത്തിെൻറ ഭാഗമായി പുറന്തള്ളപ്പെട്ട ദലിത് പിന്നാക്ക ആദിവാസി വിഭാഗങ്ങളുടെ പ്രദേശങ്ങളിലും ആയിരുന്നു. അതിനാല്‍തന്നെ ഈ ചോദ്യങ്ങള്‍ ഏറെ നിർണായകമാണ്: ക്യാമ്പുകൾ എന്തുകൊണ്ട് ഇന്ത്യൻ ദേശരാഷ്ട്രത്തിനകത്ത് നിരന്തരമായി തുടരുന്നു? അഭയാർഥിത്വം എന്തുകൊണ്ട് നിരന്തരം തുടരുന്നു? ഈ രണ്ട് സംവർഗങ്ങളെ ചുറ്റിപ്പറ്റി രാഷ്ട്രീയ ഇടപെടലിന്റെയും പ്രയോഗത്തിനും പുതിയ ഒരു പ്രയോഗ മണ്ഡലം വികസിപ്പിക്കേണ്ടതുണ്ട്.
2019ൽ പൗരത്വ നിയമത്തിനെതിരെ കൊല്ലത്ത് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ നടത്തിയ പ്രതിഷേധപ്രകടനം
മാറേണ്ട രാഷ്ട്രീയ വിശകലനം
ഇതിനുമുമ്പ് ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ പഠനങ്ങളില്‍ ക്യാമ്പും അഭയാർഥിയും ഒരു പ്രാഥമിക രാഷ്ട്രീയ പ്രശ്നമായി പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. ദേശരാഷ്ട്ര കേന്ദ്രീകൃതമായും പൗരത്വ കേന്ദ്രീകൃതമായും ഉള്ള ചർച്ചകൾക്കകത്തുനിന്നുകൊണ്ട് മാത്രമേ ഇത്തരം പ്രശ്നങ്ങളെ കാണാൻ പറ്റൂ എന്നുള്ള ഒരു പൊതുസമ്മതം അർഥത്തിൽ രാഷ്ട്രീയ ചർച്ചകൾക്കുള്ളിൽ നിലനിന്നിരുന്നു. പക്ഷേ, രാഷ്ട്രീയ സിദ്ധാന്തത്തിൽ ജോർജിയോ അഗംബന്‍ അടക്കമുള്ളവരുടെ പഠനങ്ങൾ മുന്നോട്ടുെവച്ച കാര്യം നാസി ഹോളോേകാസ്റ്റ് ക്യാമ്പുകൾ എന്ന് പറയുന്നത് ആധുനിക ദേശരാഷ്ട്രത്തിന്റെ അപവാദമല്ലായെന്നും അതിന്റെതന്നെ ജൈവരാഷ്ട്രീയ യുക്തിയുടെ ഭാഗമാണെന്നുമാണ്.
ഇന്ത്യയിൽ പൗരത്വത്തെക്കുറിച്ചും അഭയാർഥികളെക്കുറിച്ചും ക്യാമ്പുകെള കുറിച്ചുമുള്ള ചർച്ചകളിൽ ഇത്തരം ഒരു ആഗോള ചട്ടക്കൂട് സ്വീകരിക്കുന്നതിൽ ഒരുപാട് വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എൻ.ആർ.സിക്കെതിരെയും സി.എ.എക്കെതിരായും ഉന്നയിക്കപ്പെട്ടിട്ടുള്ള വിമർശനം മറ്റൊന്നുകൂടി പറഞ്ഞു. നിയമപരമായ, മതേതര പൗരത്വത്തിന്റെ വാഗ്ദാനത്തിൽ ഊന്നിക്കൊണ്ടുമാത്രം ഈ പ്രശ്നം പരിഹരിക്കാൻ കഴിയുകയില്ല.
മറിച്ച്, ദേശരാഷ്ട്രത്തിന്റെ നിയമവാഴ്ചയെയും പരമാധികാരത്തെയും പുതിയ രീതിയിൽ വിമർശിക്കുകയും പുനരാവിഷ്കരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രക്ഷോഭം അത്യാവശ്യമാണ് എന്നാണ്. ഈ സാഹചര്യത്തില്‍ ക്യാമ്പുകളും അഭയാർഥികളും ആധുനിക ദേശരാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ സമസ്യയായി മനസ്സിലാക്കണം എന്നാണ് ഈ പ്രക്ഷോഭകാരികൾ വ്യത്യസ്തമായ രീതിയിൽ ആവശ്യപ്പെടുന്നത്.
പുതിയ പ്രക്ഷോഭങ്ങൾ മതേതരത്വം/ മത പൗരത്വം, വർഗീയത/ മതേതരത്വം തുടങ്ങിയ ബൈനറികളുടെ പ്രതിസന്ധിയെ കൂടി സൂചിപ്പിക്കുന്നുണ്ട്. അതായത് അത്തരം ബൈനറികളിൽ നിർമിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രം, പരമാധികാരം, പൗരത്വം തുടങ്ങിയ ചട്ടക്കൂടുകളുടെ പ്രതിസന്ധിയെ കുറച്ചുകൂടി പുതിയ പ്രക്ഷോഭങ്ങൾ സംസാരിക്കുന്നുണ്ട്. കൊളോണിയൽ ജ്ഞാന രാഷ്ട്രീയത്തിന്റെ ഭാഗമായും പോസ്റ്റ് കൊളോണിയൽ പൗരത്വ രാഷ്ട്രീയത്തിന്റെ ഭാഗമായും വികസിച്ച ഇത്തരം ചട്ടക്കൂടുകൾക്ക് പരിമിതികള്‍ ഉണ്ട്.
അത് മറികടന്നുകൊണ്ട് ദേശീയ രാഷ്ട്രത്തിനും ക്യാമ്പിനും ഇടയിൽനിന്നുകൊണ്ട് പ്രക്ഷോഭം നയിക്കുന്ന ജനവിഭാഗങ്ങളുടെയും പൗരത്വത്തിനും അഭയാർഥിക്കും ഇടയിൽ നിൽക്കുന്ന രാഷ്ട്രീയ കർതൃത്വങ്ങളെയും അതിന്റെ സവിശേഷചരിത്രത്തെയും മനസ്സിലാക്കാനാണ് പുതിയ പ്രക്ഷോഭങ്ങൾ ആവശ്യപ്പെടുന്നത്. പലപ്പോഴും പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പരമ്പരാഗത ബൗദ്ധിക പ്രവർത്തനങ്ങൾക്കും സ്വീകാര്യമല്ലാത്ത പുതിയ രാഷ്ട്രീയ മണ്ഡലത്തിന് വികാസം ഇതിലുണ്ട്.
അതുകൊണ്ടുതന്നെ പുതിയ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ ഉയർത്തിവിടുന്ന ചോദ്യങ്ങളെ അതിന്റെ നവീനതയിൽ സമീപിക്കേണ്ടതിന്റെ ആവശ്യകത പുതിയ കീഴാള ന്യൂനപക്ഷ മുസ്ലിം പ്രക്ഷോഭങ്ങൾ ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പലപ്പോഴും പഴയ രീതിയിലുള്ള ചട്ടക്കൂടുകളിലേക്ക് പിൻവാങ്ങുകയും സ്വയം റദ്ദ് ചെയ്യുകയും ചെയ്യുന്നുണ്ട്.
ഒരു ഘട്ടത്തിലും പുതിയൊരു ഭാഷ ഇല്ലാതിരിക്കുകയും പുതിയ ചർച്ചകളുമായി മുന്നോട്ടു പോവാനാവാത്തവിധം വിഫലമായ ചട്ടക്കൂടുകളിൽ അവര്‍ ഒതുങ്ങുകയും ചെയ്യുന്നു. രാഷ്ട്രീയത്തിന്റെ പുതിയൊരു ഭാഷ മുന്നോട്ടുവെക്കുന്നു എന്നർഥത്തിൽ അഭയാർഥി എന്നുപറയുന്ന പുതിയ വ്യക്തിയെയും ക്യാമ്പ് എന്ന് പറയുന്ന രാഷ്ട്രീയ ഇടത്തെയുംകൂടി അഭിസംബോധനചെയ്യുന്ന ഒന്നായി മുസ്ലിം വംശഹത്യക്കെതിരായ പുതിയ പ്രക്ഷോഭത്തെ വായിക്കേണ്ടതുണ്ട്.
പുതിയ രാഷ്ട്രീയ ഭാഷ
ചുരുക്കിപ്പറഞ്ഞാൽ നാസി സ്വഭാവമുള്ള പുതിയ ജാതിഹിന്ദു ഭരണകൂടത്തിന്റെ പ്രശ്നം ഒരേസമയം നിയമത്തിനകത്തും പുറത്തും കാണാവുന്ന തരത്തിലുള്ള ഒരു പരമാധികാര സ്വഭാവം കൈവരിച്ചിരിക്കുന്നു എന്നതാണ്. അത് ഒരുതരത്തിലുള്ള ഉത്തരവാദിത്തമോ രാഷ്ട്രീയബോധമോ പ്രകടിപ്പിക്കാതെ അതിന്റെ വാഴ്ച തുടങ്ങിയിരിക്കുന്നു. അതിനാല്‍ ഇന്ത്യയിലെ മുസ്ലിംകളെ ചെറിയ ആക്രമണങ്ങളിലൂടെയും നിയമനിർമാണങ്ങളിലൂടെയും ഒതുക്കുക എന്നതിനപ്പുറത്ത് മുസ്ലിം വംശഹത്യക്ക് നിയമപരമായ അടിത്തറ ഒരുക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ട് നടത്തിയ പരമാധികാര ഇടപെടലായിട്ടാണ് പുതിയ പൗരത്വ നിഷേധനീക്കങ്ങളെ മനസ്സിലാക്കേണ്ടത്. ക്യാമ്പുകളും അഭയാർഥിത്വത്തിന്റെ പുതിയ ആവിഷ്കാരങ്ങളും വംശഹത്യക്ക് നിയമപരമായ അടിത്തറ നിർമിക്കുന്നതും ഇതിന്റെ വികാസമാണ്.
തീർച്ചയായും പ്രതിരോധങ്ങള്‍ ധാരാളമായി വികസിക്കുന്നുണ്ട്. പൗരത്വ നിഷേധത്തിനെതിരായ പുതിയ രാഷ്ട്രീയ പ്രക്ഷോഭം ഉന്നയിക്കുന്ന കർതൃത്വപരമായ പുതുമയെ കാണാനും ആ അർഥത്തിലുള്ള പ്രയോഗങ്ങളുടെ വികാസവും പുതിയകാലത്ത് അത്യാവശ്യമാണ്. രാഷ്ട്രീയ ചിന്ത ആഗ്രഹിക്കുന്ന ഇടങ്ങളില്‍ പ്രക്ഷോഭത്തെ പ്രതീക്ഷിക്കാതിരിക്കുകയും പ്രതീക്ഷിക്കാത്തിടത്ത് അത് സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ചുകൂടി പുതിയ പ്രക്ഷോഭം പറയുന്നുണ്ട്. ഇത്തരമൊരു സമീപനം അഭയാർഥി, ക്യാമ്പ് എന്നിവയെയും അതിന്റെ വംശഹത്യാ രാഷ്ട്രീയത്തെയും പുതിയ രീതിയിൽ ഉൾക്കൊള്ളുന്ന രാഷ്ട്രീയ അന്വേഷണത്തെ അത്യാവശ്യമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.