കൊടിനിറങ്ങൾ, വിജയചിഹ്നങ്ങൾ

കേരളത്തിൽ തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയ പാർട്ടികളിലും ജനങ്ങളിലും പലതരം കൊടി ചിന്തകൾ ഉയർത്തിയിട്ടുണ്ട്​. വയനാട്ടിൽ ലീഗി​ന്റെ പച്ചക്കൊടി പ്രശ്​നമായി മാറിയതെങ്ങനെയാണ്​? കാവിക്കൊടി പാറിക്കാനൊരുങ്ങുന്നവർക്ക്​ എന്ത്​ വെല്ലുവിളിയാണ്​ കേരളം ഒരുക്കുന്നത്​? എന്താണ്​ ഇവിടത്തെ സാധ്യതകൾ? -മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖക​ന്റെ വിശകലനം.ഇത്തവണ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രകടനയാത്രയിൽ മുസ്‍ലിം ലീഗിന്റെ പച്ചക്കൊടി ഒഴിവാക്കിയത് ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളുടെ ആശങ്കാജനകമായ സൂചികയാണ്. ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്ട്രീയം രാജ്യത്ത് കൈവരിച്ചിരിക്കുന്ന നെടുനായകത്വത്തിന്റെയും ...

കേരളത്തിൽ തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയ പാർട്ടികളിലും ജനങ്ങളിലും പലതരം കൊടി ചിന്തകൾ ഉയർത്തിയിട്ടുണ്ട്​. വയനാട്ടിൽ ലീഗി​ന്റെ പച്ചക്കൊടി പ്രശ്​നമായി മാറിയതെങ്ങനെയാണ്​? കാവിക്കൊടി പാറിക്കാനൊരുങ്ങുന്നവർക്ക്​ എന്ത്​ വെല്ലുവിളിയാണ്​ കേരളം ഒരുക്കുന്നത്​? എന്താണ്​ ഇവിടത്തെ സാധ്യതകൾ? -മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖക​ന്റെ വിശകലനം.

ഇത്തവണ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രകടനയാത്രയിൽ മുസ്‍ലിം ലീഗിന്റെ പച്ചക്കൊടി ഒഴിവാക്കിയത് ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളുടെ ആശങ്കാജനകമായ സൂചികയാണ്. ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്ട്രീയം രാജ്യത്ത് കൈവരിച്ചിരിക്കുന്ന നെടുനായകത്വത്തിന്റെയും അതിനെ പ്രതിരോധിക്കുന്ന ശക്തികളുടെ ദൗർബല്യത്തിന്റെയും സൂചന. ഒരുപക്ഷേ വരുന്ന തെരഞ്ഞെടുപ്പിൽ ഈ രാഷ്ട്രീയത്തിന് 2019ലെന്നപോലെ ആധിപത്യം ലഭിച്ചില്ലെങ്കിലും ഹിന്ദുത്വവികാരം അതിന്റെ സാമൂഹിക മേധാവിത്വം കുറെക്കാലംകൂടി തുടരുമെന്ന് കരുതണം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗിന്റെ പച്ചക്കൊടി പാകിസ്താൻ പതാകയെന്ന് ബോധപൂർവമായും അല്ലാതെയും ബി.ജെ.പി പ്രചരിപ്പിച്ചുകൊണ്ട് നേടിയ രാഷ്ട്രീയ മുതലെടുപ്പുമൂലമാണ് ഇക്കുറി കൊടി വേണ്ടെന്ന് വെച്ചതെന്ന് സംശയമില്ല. അതിനാൽ, ബി.ജെ.പിക്ക് വീണ്ടും അതിനവസരം നിഷേധിക്കുന്ന തന്ത്രമായിരുന്നു അത് എന്ന് കോൺഗ്രസിനും ലീഗിനും അവകാശപ്പെടാം. പക്ഷേ, അങ്ങനെയൊരു മുതലെടുപ്പ് സാധ്യമാകുംവിധം ഇന്ത്യൻ സാഹചര്യം ഹിന്ദുത്വശക്തികൾക്ക് അനുകൂലമായി പരുവപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം.

ഒപ്പം ആ കൊടി ഉയർത്തിപ്പിടിച്ചുകൊണ്ട് ആ മുതലെടുപ്പ് ചെറുക്കാനുള്ള പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ കരുത്ത് മറുപക്ഷത്ത് പ്രത്യേകിച്ച് കോൺഗ്രസിൽനിന്നും ചോർന്നിരിക്കുന്നുവെന്നതും സത്യം. എന്നാൽ, അതിനു കോൺഗ്രസിനെയോ ലീഗിനെയോ മാത്രം കുറ്റപ്പെടുത്തിയിട്ടും വലിയ കാര്യമില്ല. പ്രത്യേകിച്ച് എസ്.ഡി.പി.ഐ ഐക്യ ജനാധിപത്യ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് കൂടുതൽ പരുങ്ങലിലായ സന്ദർഭം.

അതേസമയം, ലീഗിന്റെ കൊടിപ്രശ്നം ഒറ്റപ്പെട്ട സംഭവവുമല്ല. കോൺഗ്രസിനുള്ളിൽ സമീപകാലത്തായി ശക്തിയാർജിക്കുന്ന മൃദു ഹിന്ദുത്വപ്രവണതയുടെ ഭാഗവുമാണിത്. പക്ഷേ, ഈ പ്രവണതപോലും കോൺഗ്രസിന്റെ രാഷ്ട്രീയ അവസരവാദത്തിനപ്പുറം ഇന്ത്യൻ സമൂഹത്തിൽ വളർന്നുകഴിഞ്ഞ ഹിന്ദുത്വ നെടുനായകത്വത്തിന്റെ ബഹിർസ്ഫുരണമായിതന്നെ കാണാം. കേരളത്തിലും കുറച്ചൊക്കെ ബംഗാളിലും മാത്രം സാന്നിധ്യമുള്ള ഇടതുപക്ഷത്തിന് ഇതൊക്കെ വിമർശനവിധേയമാക്കാം. പക്ഷേ, ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നൊഴിഞ്ഞുനിൽക്കാനാകാത്ത കക്ഷികളിൽ ഇത് ഏറക്കുറെ സ്വാഭാവികം.

അവിടെ ഹിന്ദുത്വം പുതിയ സാമാന്യയുക്തി ആയിരിക്കുന്നു. പ്രത്യേകിച്ച് മറുപക്ഷത്തിന് ഒരു ബദൽ രാഷ്ട്രീയമോ നയപരിപാടിയോ നേതൃശക്തിയോ പോലുമില്ലെങ്കിൽ അതിനു തീർത്തും കീഴ്പ്പെടുക മാത്രമേ വഴിയുള്ളൂ. ബദൽ സാമ്പത്തിക പരിപാടികൾ ഇല്ലെന്ന് മാത്രമല്ല പൗരത്വ ഭേദഗതി വിഷയത്തിലടക്കം ഹിന്ദു ഭൂരിപക്ഷത്തിന് ഹിതകരമല്ലാത്ത ഒരു വിഷയവും ഉയർത്തിപ്പിടിക്കാൻപോലും ഇന്ന് കോൺഗ്രസിന് ശേഷിയോ ശേമുഷിയോ ഇല്ല. കോൺഗ്രസിന്റെ ഇത്തവണത്തെ പ്രകടനപത്രിക അവരുടെ ഈ ഗതികേടിന്റെ തന്നെ പത്രികയായതിൽ അത്ഭുതമില്ല.

വയനാട്ടിൽ കൊടി ഒളിപ്പിക്കേണ്ടിവന്ന ലീഗിന് ആറ് ദശാബ്ദം മുമ്പ് ‘തൊപ്പി ഊരേണ്ടിവന്ന’ ഏറക്കുറെ സമാനമായ അനുഭവം ഇത്തരുണത്തിൽ ഓർക്കാം. 1959ൽ ഒന്നാം കമ്യൂണിസ്റ്റ് സർക്കാറിനെ പിരിച്ചുവിടുന്നതിലേക്ക് വഴിവെച്ച വിമോചനസമരത്തിന്റെ രാഷ്ട്രീയനായകരായിരുന്നു കോൺഗ്രസും പി. എസ്.പിയും മുസ്‍ലിം ലീഗും. പിറ്റേക്കൊല്ലം നടന്ന തെരഞ്ഞെടുപ്പിൽ ഈ ത്രികക്ഷിസഖ്യം ഒന്നിച്ച് മത്സരിച്ച് വിജയിക്കുകയുംചെയ്തു. പക്ഷേ, സർക്കാർ രൂപവത്കരിക്കുമ്പോൾ കോൺഗ്രസിന്റെ മതേതരവികാരം ഉണർന്നു. വടക്കേ ഇന്ത്യക്ക് ലീഗ് എന്നാൽ വിഭജനത്തിന്റെയും പാകിസ്താൻ രൂപവത്കരണത്തിന്റെയും ഉത്തരവാദികളായ മുഹമ്മദലി ജിന്നയുടെ അഖിലേന്ത്യാ ലീഗ് ആണ്.

1948 മാർച്ച് 10ന് ചെന്നൈ കേന്ദ്രമാക്കി പുതിയ ഭരണഘടനയുമായി രൂപംകൊണ്ട ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് വേറെ കക്ഷിയാണെന്നതൊന്നും വടക്കേ ഇന്ത്യക്കാർ അന്നും ഇന്നും വകവെച്ചിട്ടില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്നെ കേരള സന്ദർശനവേളയിൽ ലീഗിനെ കാഴ്ചബംഗ്ലാവിൽ സൂക്ഷിക്കേണ്ട ചത്തകുതിരയാണെന്ന് ആക്ഷേപിച്ചത്. ഇന്ന് ബി.ജെ.പിയെന്നപോലെ അന്ന് കോൺഗ്രസിനുള്ളിൽ നെഹ്റുപക്ഷത്തെ നിരന്തരമായി സവർണഹൈന്ദവ പക്ഷം വെല്ലുവിളിക്കുന്ന കാലവുമാണ്.

കേരളത്തിലും സി.കെ. ഗോവിന്ദൻ നായർ അധ്യക്ഷനായ മലബാർ മേധാവിത്വമുള്ള കെ.പി.സി.സിയുടെ നേതൃത്വവും ലീഗ് വിരുദ്ധമായിരുന്നു. ലീഗിന്റെ പങ്കാളിത്തം കോൺഗ്രസിന്റെ ദേശീയതലത്തിൽ മതേതരപ്രതിച്ഛായക്ക് കളങ്കമാകുമെന്നായിരുന്നു അവരുടെ വാദം. തിരുവിതാംകൂറിലെ കോൺഗ്രസ് നേതാക്കളായ ആർ. ശങ്കറിനോ പി.ടി. ചാക്കോക്കോ ലീഗിനോട് അയിത്തമുണ്ടായിരുന്നില്ല. പക്ഷേ, വിമോചന സമരനായകനും എൻ.എസ്.എസ് സ്ഥാപകനുമായ മന്നത്ത് പത്മനാഭന്റെ സ്വാധീനം ശക്​തമായിരുന്നു. അതിനാൽ പ്രോത്സാഹനസമ്മാനമായി ലീഗിന് മന്ത്രിസ്ഥാനം നൽകേണ്ടെന്ന്​ തീരുമാനിച്ചു. പക്ഷേ, സ്പീക്കർ പദവി അനുവദിച്ചു. ആദ്യമായി അധികാരമേറുന്ന ലീഗിന് ഈ വിവേചനം ചെറുക്കാനുള്ള ശേഷിയും ഉണ്ടായിരുന്നില്ല. പി.എസ്.പിയുടെ പട്ടം താണുപിള്ള മുഖ്യമന്ത്രിയായ സർക്കാറിൽ ലീഗിന്റെ സീതി സാഹിബ് സ്പീക്കറായി. പക്ഷേ, രണ്ട് വർഷം കഴിഞ്ഞപ്പോൾ സീതി സാഹിബ് അന്തരിച്ചു. ആ അവസരം നോക്കി ​െക.പി.

സി.സി വീണ്ടും ലീഗ് വിരുദ്ധ നിലപാട് ശക്തമാക്കി. ലീഗിൽനിന്നും രാജിവെച്ചാൽ മാത്രമേ സ്പീക്കർ സ്ഥാനം നൽകൂ. ലീഗിനെ വർഗീയകക്ഷിയായി ആക്ഷേപിക്കുന്നത് തുടരുകയും ചെയ്തു. ഇതേതുടർന്നു കോൺഗ്രസുമായുള്ള ബന്ധം അടിക്കടി വഷളാവുകയും സർക്കാറിന് ഒമ്പതുമാസം പ്രായമായ സമയത്ത് ലീഗ് ഭരണമുന്നണിയിൽനിന്നും രാജിവെക്കുകയും ചെയ്തു. ‘‘ലീഗിന് ആത്മാഭിമാനമാണ് വലുതെന്ന്” പറഞ്ഞായിരുന്നു ലീഗ് അധ്യക്ഷൻ ബാഫഖി തങ്ങൾ 1961 നവംബർ ഒമ്പതിന് കോഴിക്കോട് സംസ്ഥാന കമ്മിറ്റി യോഗശേഷം രാജി പ്രഖ്യാപിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് ‘കാൽ നൂറ്റാണ്ട്’ എന്ന പുസ്തകത്തിൽ എഴുതി. സി.എച്ച്. മുഹമ്മദ്കോയ ഒഴിഞ്ഞ സ്പീക്കർ പദവി കോൺഗ്രസിന്റെ അലക്സാണ്ടർ പറമ്പിത്തറ ഏറ്റെടുത്തു.

ലീഗിന്റെ കൊടിപ്രശ്നം ഉയർന്ന ഇന്നത്തെ അവസ്ഥയിൽ നിന്ന് 45 വർഷം മുമ്പ് ഉണ്ടായിരുന്ന ചില കാതലായ വ്യത്യാസങ്ങൾകൂടി ശ്രദ്ധിക്കണം. അന്ന് കോൺഗ്രസ് കരുത്തുള്ള ഒരു നിലപാടിൽനിന്നാണ് ലീഗിനെ അനുസരിപ്പിച്ചത്. ഇന്ന് കോൺഗ്രസിന്റെ ദൗർബല്യമാണ് ഹേതു. അന്ന് ലീഗ് കോൺഗ്രസിനേക്കാൾ വളരെ ചെറിയ കക്ഷി. ആദ്യമായി അധികാരത്തിലേക്ക് വരുന്ന സന്ദർഭം. ഇന്നാകട്ടെ, ലീഗ് ആണ് വയനാട്ടിൽ രാഹുലിന്റെ വിജയം ഉറപ്പിക്കാൻ മാത്രമല്ല, കോൺഗ്രസിന്റെ സംസ്ഥാനത്തെ നിലനിൽപ്പിന് തന്നെ ആധാരം. പക്ഷേ, കോൺഗ്രസ് വിട്ടുള്ള ഒരു നില ലീഗിനും ഇന്ന് കഴിയില്ല. 1967ൽ ആദ്യമായി തങ്ങൾക്ക് സംസ്ഥാന സർക്കാറിൽ പങ്ക് നൽകുകയും ഇന്നും അവരെ നിരന്തരം പ്രേമപൂർവം കടാക്ഷിക്കുകയും ചെയ്യുന്നെങ്കിലും സി.പി.എമ്മിനെ ലീഗിലെ ഭൂരിപക്ഷമായ കമ്യൂണിസ്റ്റ് വിരുദ്ധർക്ക് വിശ്വാസമില്ല. അടിയന്തരാവസ്ഥയിലടക്കം ദീർഘകാലം ഒപ്പം ഉറച്ചുനിന്ന അഖിലേന്ത്യാ ലീഗിനെ ഒരു സുപ്രഭാതത്തിൽ വർഗീയതയുടെ പേരിൽ തലാഖ് ചൊല്ലിയ സി.പി.എമ്മിനെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യം അപ്രസക്തവുമല്ല.

കാവിക്കൊടിയുടെ ദക്ഷിണായനം

കേരളത്തിലെ തങ്ങളുടെ ബാലികേറാമല ഇക്കുറി കീഴടക്കുമെന്ന ഗീർവാണം എല്ലാ തെരഞ്ഞെടുപ്പിലും ബി.ജെ.പി മുഴക്കാറുണ്ട്. 1940കൾ മുതലെങ്കിലും ജനസംഘത്തിലൂടെ സജീവവും ഉത്തർപ്രദേശ് കഴിഞ്ഞാൽ ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ (അയ്യായിരത്തിലേറെ) ആർ.എസ്.എസ് ശാഖകൾ പ്രവർത്തിക്കുന്ന സംസ്ഥാനവുമായ കേരളത്തിൽ ഇനിയും താമര വിടരാത്തത് സംഘ്പരിവാരത്തിന്റെ അത്യുന്നതതലങ്ങളിൽ ഇപ്പോൾ ഏറ്റവും ചർച്ചചെയ്യുന്ന വിഷയമാണ്.

ഏതെങ്കിലും വടക്കൻ സംസ്ഥാനത്ത് അമ്പത് സീറ്റുകൾ നേടുന്നതിന് തുല്യമാകും കേരളത്തിൽ ഒരു സീറ്റ് എങ്കിലും എന്ന് അവർ കരുതുന്നുവെന്ന് ഉന്നതതലങ്ങളിൽ സംസാരമുണ്ട്. ഇപ്പോൾ ബി.ജെ.പി ലക്ഷ്യമാക്കുന്ന 400 സീറ്റ് നേടണമെങ്കിൽ തെക്കേ ഇന്ത്യയിലെ അവരുടെ വറുതി അവസാനിപ്പിക്കാതെ പറ്റില്ലെന്നതിനാൽതന്നെ അവരുടെ മുഖ്യ ശ്രദ്ധാകേന്ദ്രമാണ് ദക്ഷിണഭാരതം. പക്ഷേ, അതിൽതന്നെ കേരളം അവർക്ക് ആത്മാഭിമാനത്തിന്റെ പ്രശ്നമായിട്ടുണ്ട്. അതിനാൽതന്നെ നരേന്ദ്ര മോദി കേരളം കീഴടക്കുന്ന കാര്യം നിരന്തരം ആവർത്തിക്കുകയും കഴിഞ്ഞ മൂന്ന് മാസങ്ങൾക്കുള്ളിൽ നാലുതവണ ഇവിടെ സന്ദർശിച്ച് റെ​േക്കാഡ് സ്ഥാപിക്കുകയും ചെയ്തു.

പക്ഷേ, ഇക്കുറിയും തെക്കേ ഇന്ത്യയിൽ ബി.ജെ.പിക്ക് വലിയതോതിൽ കാലുറപ്പിക്കാനാവില്ലെന്നുതന്നെയാണ് സൂചന. തെക്കൻ സംസ്ഥാനങ്ങളിൽ ആകെയുള്ള 132 ലോക്സഭാ സീറ്റിൽ 2019ൽ ബി.ജെ.പി നേടിയത് 29 എണ്ണം മാത്രം. കർണാടകത്തിൽ 25, തെലങ്കാനയിൽനിന്ന് നാല്. മറ്റ് മൂന്ന് സംസ്ഥാനങ്ങളിൽ പൂജ്യം. ഇപ്പോൾ അധികാരത്തിലില്ലെങ്കിലും ബി.ജെ.പിയുടെ ഏക തെക്കൻ കോട്ടയായ കർണാടകത്തിൽപോലും കഴിഞ്ഞ കുറി കൈവരിച്ച (27ൽ 25) വിജയം ആവർത്തിക്കാനിടയില്ല. സഖ്യകക്ഷിയായ ജനതാദളും (എസ്) ബി.ജെ.പിയും തമ്മിലെ ഭിന്നതകൾ പലയിടങ്ങളിലും രൂക്ഷം.

തെലങ്കാനയിൽ ഇപ്പോൾ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തിരിച്ചുവരവ് നടത്തിയ പശ്ചാത്തലത്തിൽ കഴിഞ്ഞതവണ കിട്ടിയ നാല് സീറ്റ് നിലനിർത്തുക ഇക്കുറി ബി.ജെ.പിക്ക് വിഷമകരമാകും. 2019ൽ ആകെയുള്ള 17 സീറ്റിൽ ഒമ്പതും നേടിയത് ബി.ജെ.പിക്കും കോൺഗ്രസിനും എതിരെ ഫെഡറൽ മുന്നണിക്ക് യത്നിച്ച അന്നത്തെ തെലങ്കാന രാഷ്ട്രസമിതി ആയിരുന്ന ഇന്നത്തെ ഭാരത രാഷ്ട്ര സമിതിയാണ് (ബി.ആർ.എസ്). കോൺഗ്രസിന് മൂന്നും അസദുദ്ദീൻ ഉവൈസി നേടിയ ഹൈദരാബാദിലൂടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്‍ലിമീനു (AIMM) ഒന്നും സീറ്റുകൾ.

സാധാരണ രീതിയനുസരിച്ച് ബി.ജെ.പി തെലങ്കാനയിലെ മുഖ്യ പ്രതിപക്ഷമായ ബി.ആർ.എസുമായി നടത്താനിടയുണ്ടായിരുന്ന സഖ്യശ്രമം ഇക്കുറി സാധ്യമല്ല. കാരണം, ബി.ആർ.എസിന്റെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിന്റെ മകളും നിസാമാബാദ് എം.എൽ.സിയുമായ കെ. കവിതയെയും ആം ആദ്മി പാർട്ടിനേതാവ് അരവിന്ദ് കെജ്രിവാളിനെയും മദ്യ ലൈസൻസ് കേസിൽ പ്രതിചേർത്തിരിക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 46കാരിയായ കവിതയെ മാർച്ചു മുതൽ തുറുങ്കിലാക്കിയിരിക്കുകയുമാണ്​. കവിതയുടെ പേരിൽ ബി.ആർ.എസ് സഹതാപ വോട്ടും പ്രതീക്ഷിക്കുന്നുണ്ട്.

 

ആന്ധ്രയിൽ കഴിഞ്ഞതവണ ഒരു സീറ്റും ബി.ജെ.പിക്ക് കിട്ടിയില്ല. ആകെയുള്ള 25 സീറ്റിൽ 22 എണ്ണം വൈ.എസ്.ആർ കോൺഗ്രസും മൂന്നെണ്ണം തെലുഗുദേശം പാർട്ടിയുമാണ് നേടിയത്. ഇക്കുറി പഴയ ദേശീയ മതേതരസഖ്യ തീപ്പൊരി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശവും പവൻ കല്യാണിന്റെ ജനസേനയുമായി ഇപ്പോൾ ബി.ജെ.പിക്ക് സഖ്യമുണ്ട്. 17 സീറ്റിൽ ടി.ഡി.പിയും ആറ് എണ്ണത്തിൽ ബി.ജെ.പിയും രണ്ടെണ്ണത്തിൽ ജനസേനയും മത്സരിക്കുന്നു. ബി.ജെ.പി ‘സംപൂജ്യ’രായിരുന്ന കഴിഞ്ഞതവണത്തെക്കാൾ ഇക്കുറി സഖ്യങ്ങൾമൂലം എൻ.ഡി.എ മുന്നോട്ടുപോയേക്കാം. എത്രമാത്രം എന്നതാണ് അറിയേണ്ടത്. മുഖ്യമന്ത്രി ജഗൻറെഡ്ഡിക്കും അദ്ദേഹത്തിന്റെ വൈ.എസ്.ആർ കോൺഗ്രസിനുംതന്നെയാണ് അഭിപ്രായ സർവേകളിൽ മുൻതൂക്കം.

അവശേഷിക്കുന്നത് ബി.ജെ.പി ഇതുവരെ പച്ചതൊടാത്ത തമിഴ്നാടും കേരളവുമാണ്. കേരളംപോലെ സംഘപരിവാരം വാശിയോടെ രംഗത്തുള്ള ഇടമാണ് തമിഴ്നാട്. അവരുടെ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനും ഊർജസ്വലനുമായ സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ നേതൃത്വത്തിൽ വൻശ്രമങ്ങളാണ് നടക്കുന്നത്. കേരളത്തിലെ പാർട്ടി അധ്യക്ഷൻ കെ. സുരേന്ദ്രനെ വയനാട്ടിലെന്നപോലെ ഇക്കുറി മത്സരിക്കാൻ താൽപര്യമില്ലാതിരുന്ന അണ്ണാമ​ൈലയെതന്നെ കോയമ്പത്തൂരിലും തെലങ്കാനാ ഗവർണർ സ്ഥാനം രാജിവെപ്പിച്ച് തമിഴ് ഇശൈ സൗന്ദർരാജനെ സൗത്ത് ചെന്നൈയിലും കേന്ദ്രമന്ത്രിയും മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗവുമായിരുന്ന എൽ. മുരുഗനെ നീലഗിരിയിലും നടി രാധിക ശരത് കുമാറിനെ വിരുദുനഗറിലും സ്ഥാനാർഥികളാക്കിയിരിക്കുന്നത് വലിയ ലക്ഷ്യത്തോടെയാണ്.

പക്ഷേ, 2019ൽ തമിഴ്നാട്ടിലെ 39ൽ 38 സീറ്റും ഡി.എം.കെ നയിക്കുന്ന സഖ്യമാണ് നേടിയത്. ഡി.എം.കെ ഇരുപതും കോൺഗ്രസ് ഒമ്പതും സീറ്റ് നേടിയപ്പോൾ സി.പി.എം, സി.പി.ഐ കക്ഷികൾ രണ്ടുവീതവും മുസ്‍ലിം ലീഗും മൂന്ന് പ്രാദേശിക കക്ഷികളും ഒന്നുവീതം സീറ്റും നേടി. മുഖ്യ പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ ഒരു സീറ്റ് (തേനി) കൊണ്ട് തൃപ്തിപ്പെട്ടു. ഇക്കുറി കമൽഹാസന്റെ മക്കൾ നീതി മയ്യവും ഡി.എം.കെ സഖ്യത്തിലുണ്ട്. തമിഴ്നാട്ടിൽ എന്നും കോൺഗ്രസും ബി.ജെ.പിയും പ്രമുഖ കക്ഷികളായ ഡി.എം.കെയോടും അണ്ണാ ഡി.എം.കെയോടും മാറിമാറി സഖ്യം സ്ഥാപിച്ചതാണ് ചരിത്രം. പക്ഷേ, കഴിഞ്ഞ സെപ്റ്റംബറിൽ ബി.ജെ.പിയുമായി നാല് വർഷമായി തുടർന്ന സഖ്യം എടപ്പാടി കെ. പളനിസാമി നയിക്കുന്ന അണ്ണാ ഡി.എം.കെ അവസാനിപ്പിച്ചു. ബ്രാഹ്മണ-ഉത്തരേന്ത്യ-ഹിന്ദി വിരുദ്ധമായ ദ്രാവിഡ രാഷ്ട്രീയത്തിന് ബി.ജെ.പി ശരിയാകില്ലെന്ന ബോധ്യത്തോടെയാണ് അതുണ്ടായത്. ബി.ജെ.പിയുടെ ന്യൂനപക്ഷ-ദലിത് വിരുദ്ധ പ്രതിച്ഛായയും തമിഴ് രാഷ്ട്രീയത്തിൽ നഷ്ടക്കച്ചവടമാണ്.

പക്ഷേ, അണ്ണാ ഡി.എം.കെ വിട്ട ഉടൻ പളനിസാമി പുറത്താക്കിയ മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവം ബി.ജെ.പിയുമായി ചേർന്നെങ്കിലും കാര്യമായ ഗുണമുണ്ടാകുമോ എന്ന് ഉറപ്പില്ല. എന്നാൽ, അവസാന നിമിഷം അണ്ണാ ഡി.എം.കെയുടെ സഖ്യകക്ഷിയായ പാട്ടാളി മക്കൾ കച്ചിയുമായി ബി.ജെ.പി സ്ഥാപിച്ച സഖ്യം അൽപമൊക്കെ ഗുണം ചെയ്തേക്കാം. വടക്കൻ തമിഴ്നാട്ടിൽ വണ്ണിയർ സമുദായത്തിൽ സ്വാധീനമുള്ള അൻപുമണി രാംദാസിന്റെ പി.എം.കെക്ക് എന്നും അഞ്ച് ശതമാനം വോട്ടുണ്ട്. പക്ഷേ, ബി.ജെ.പിയുമായുള്ള സഖ്യത്തോട് പി.എം.കെയിലെ പല പ്രമുഖരും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ദലിത് നേതാവായ ജോൺ പാണ്ഡ്യന്റെ തമിഴക മക്കൾ മുന്നേറ്റ കഴകവുമായുള്ള ബി.ജെ.പി സഖ്യവും ശ്രദ്ധേയം.

കേരളമാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ അഭിമാന പോരാട്ടരംഗം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, ആറ്റിങ്ങൽ, പത്തനംതിട്ട എന്നിങ്ങനെ അഞ്ച് എ ക്ലാസ് മണ്ഡലങ്ങളിൽ ഇക്കുറിയും അവർ നല്ല പോരാട്ടം കാഴ്ചവെക്കുന്നുണ്ട്. ഇവിടെയെല്ലാം 20 മുതൽ 32 ശതമാനം വരെ 2019ൽ വോട്ട് നേടിയിട്ടുണ്ട്. തീർച്ചയായും കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്ത് വന്ന തിരുവനന്തപുരത്താണ് ഏറ്റവും ചൂടേറിയ മത്സരം. ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖറുടെ വരവ് തിരുവനന്തപുരത്ത് ഹാട്രിക് നേടി അജയ്യനായി നിന്ന ശശി തരൂരിന് തലവേദനയാകുമോ? കേരളത്തിൽ ഒരു സീറ്റ് എന്ന ചരിത്രനേട്ടം എന്ന ബി.ജെ.പിയുടെ ലക്ഷ്യത്തെ എങ്ങനെയും തടയുക മഹാദൗത്യമാക്കിയ അടിയൊഴുക്കുകൾ ഉണ്ടാകുമോ? അതോ, മുഖ്യ എതിരാളികളെങ്കിലും വ്യത്യസ്തതകളെക്കാൾ സാമ്യതകളുള്ള രണ്ട് ഗോലിയാത്തുകൾക്കിടയിൽ അതിസാധാരണക്കാരനായ പന്ന്യൻ രവീന്ദ്രനെന്ന ദാവീദിനെയാകുമോ കടുത്ത ത്രികോണമത്സരം തുണക്കുക?

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT