‘‘സംസ്ഥാനത്ത് മുന്നണിഭരണം മാറിവരുമ്പോഴും അധികാര കേന്ദ്രങ്ങളിൽ പ്രത്യേക വിഭാഗത്തിന്റെ അതിപ്രസരം ഉണ്ടാകുന്നു. ജനസംഖ്യയിൽ ന്യൂനപക്ഷമായ വിഭാഗമാണ് അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത്. പാർലമെന്ററി രംഗത്തായാലും ഉദ്യോഗസ്ഥതലത്തിലായാലും അധികാരം അവരുടെ സവർണ വിഭാഗങ്ങളുടെ കൈകളിലാണ്. അതിന്റെ ബുദ്ധിമുട്ട് കേരളത്തിലെ പിന്നാക്ക-ദലിത് വിഭാഗങ്ങൾ അനുഭവിക്കുന്നുണ്ട്’’ സാമൂഹിക നീതിയുടെ പ്രശ്നം തെരഞ്ഞെടുപ്പിൽ മുഖ്യവിഷയങ്ങളിലൊന്നായി ഉന്നയിക്കുകയാണ് കെ.പി.എം.എസ്...
‘‘സംസ്ഥാനത്ത് മുന്നണിഭരണം മാറിവരുമ്പോഴും അധികാര കേന്ദ്രങ്ങളിൽ പ്രത്യേക വിഭാഗത്തിന്റെ അതിപ്രസരം ഉണ്ടാകുന്നു. ജനസംഖ്യയിൽ ന്യൂനപക്ഷമായ വിഭാഗമാണ് അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത്. പാർലമെന്ററി രംഗത്തായാലും ഉദ്യോഗസ്ഥതലത്തിലായാലും അധികാരം അവരുടെ സവർണ വിഭാഗങ്ങളുടെ കൈകളിലാണ്. അതിന്റെ ബുദ്ധിമുട്ട് കേരളത്തിലെ പിന്നാക്ക-ദലിത് വിഭാഗങ്ങൾ അനുഭവിക്കുന്നുണ്ട്’’ സാമൂഹിക നീതിയുടെ പ്രശ്നം തെരഞ്ഞെടുപ്പിൽ മുഖ്യവിഷയങ്ങളിലൊന്നായി ഉന്നയിക്കുകയാണ് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ.
കെ.പി.എം.എസ് അടക്കമുള്ള സംഘടനകൾ ഇന്ന് പ്രക്ഷോഭരംഗത്താണ്. നമ്മുടെ സമൂഹത്തിലെ 80 ശതമാനത്തോളം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹിക നീതിക്ക് വേണ്ടിയുള്ള പ്രശ്നമാണ് പ്രക്ഷോഭത്തിലൂടെ ഉന്നയിക്കുന്നത്. എല്ലാ പൊതു തെരഞ്ഞെടുപ്പുകളിലും ഒരു രാഷ്ട്രീയ അജണ്ട ഉണ്ടാകും. മുൻ തെരഞ്ഞെടുപ്പിൽ ശബരിമല ഒരു വിഷയമായിരുന്നു. ശബരിമലയാകട്ടെ ഇവിടത്തെ ഭൂരിപക്ഷ ജനതയുടെ പ്രശ്നവുമായിരുന്നില്ല. എന്നാൽ, ശബരിമല മുഖ്യ അജണ്ടയായി തെരഞ്ഞെടുപ്പിൽ പ്രചരിപ്പിച്ചു. രാഷ്ട്രീയ പാർട്ടികൾ ശബരിമല അജണ്ടയാക്കാൻ മത്സരിച്ചു. അതിന് ഒരു പ്രാധാന്യവും ഇല്ലാത്ത കാലത്തും ശബരിമല വീണ്ടും പ്രത്യക്ഷപ്പെടുകയാണ്.എല്ലാ തെരഞ്ഞെടുപ്പിലും ഒരു അജണ്ട സെറ്റ് ചെയ്തുകൊണ്ടാണ് രാഷ്ടീയപ്രചാരണം ആരംഭിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ വിവാദങ്ങളാണ് അരങ്ങു തകർക്കുന്നത്.
ജാതി സെൻസസ് എന്ന സാമൂഹികനീതിയുടെ വിഷയത്തെ രാഷ്ട്രീയ വിഷയമായി രാജ്യത്ത് വളർന്നിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പു രംഗത്ത് അതൊരു സജീവമായ ചർച്ചയായി വികസിച്ചില്ല. രാജ്യത്ത് ജാതി സെൻസസ് എന്ന വിഷയത്തെ മുഖ്യമായി ഉയർത്തിയത് കോൺഗ്രസാണ്. കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റി ഒരു പ്രമേയം പാസാക്കിയിരുന്നു. ആ പ്രമേയം കേന്ദ്രസർക്കാറിനും മാധ്യങ്ങൾക്കും നൽകിയിട്ട് നാളേറെയായി. ഇപ്പോൾ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ അത് വന്നതിനപ്പുറത്തേക്ക് അത് സജീവമായ ഒരു ചർച്ചയാക്കി കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കുന്നില്ല. അത് പിന്നാക്ക-ദലിത് വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം നിരാശയുളവാക്കുന്നു.
ജാതി സെൻസസുമായി ബന്ധപ്പെട്ട ദക്ഷിണേന്ത്യയിലെ ഇതര സംസ്ഥാനങ്ങളെടുത്താൽ തെലങ്കാന, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് അനുകൂല പ്രമേയം പാസാക്കി. അത് കേന്ദ്രസർക്കാറിന് അയച്ചുകൊടുത്തു. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളെല്ലാം ജാതി സെൻസസിന്റെ കാര്യത്തിൽ പിന്നാക്ക പാർശ്വവത്കൃത സമൂഹങ്ങളുടെ സാമൂഹിക പുരോഗതിക്ക് ഉതകുന്ന രാഷ്ട്രീയ തീരുമാനം സ്വീകരിച്ചിട്ടുണ്ട്. അത്തരമൊരു ദൗത്യം ഏറ്റെടുക്കാൻ തെന്നിന്ത്യൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞു. അതേസമയം, പുരോഗമന സർക്കാർ എന്നവകാശപ്പെടുന്ന കേരളത്തിൽ അത്തരമൊരു രാഷ്ട്രീയ തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ജാതി സെൻസസ് അവരുടെ പ്രഖ്യാപിത നിലപാടാണെങ്കിലും ദേശീയതലത്തിൽ അവർ പറയുന്ന അർഥത്തിൽ സംസ്ഥാനത്ത് പറയുന്നില്ല. അതിൽനിന്നും മനസ്സിലാക്കാൻ കഴിയുന്നത് അധികാരവും വിഭവങ്ങളും കൈവശംെവച്ചിരിക്കുന്ന സാമൂഹിക വിഭാഗങ്ങൾ രാഷ്ട്രീയത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട് എന്നാണ്. അവർ ജനസംഖ്യയിൽ ന്യൂനപക്ഷമാണെങ്കിലും അധികാരത്തിലും വിഭവങ്ങളിലും അവർ ഭൂരിപക്ഷം ആയിട്ടാണ് നിൽക്കുന്നത്. ഇക്കാര്യത്തിൽ അവർക്ക് ഭൂരിപക്ഷത്തിന്റെ സ്വഭാവത്തിൽ നിൽക്കാൻ കഴിയുന്നു. ജാതി സെൻസസ് നടത്തിയാൽ സമൂഹത്തെ അലോസരപ്പെടുത്തുന്ന കണക്ക് പുറത്തുവരും എന്ന് പലരും ഭയപ്പെടുന്നു.
പ്രക്ഷോഭരംഗത്ത് നിൽക്കുന്ന കേരളത്തിലെ പിന്നാക്ക-ദലിത്-ന്യൂനപക്ഷ സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നങ്ങളെ പരിഗണിച്ചുകൊണ്ടു വേണം തെരഞ്ഞെടുപ്പിൽ നിലപാട് സ്വീകരിക്കേണ്ടത്. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക നീതി സങ്കൽപത്തെ ഉയർത്തിപ്പിടിക്കുന്ന നിലപാട് സ്വീകരിക്കണം. ജാതി സെൻസസ് എന്നത് ഒരു രാഷ്ട്രീയ വിഷയമാണ്. അതിലുള്ള അഭിപ്രായവും അഭിപ്രായ വ്യത്യാസവും രേഖപ്പെടുത്തേണ്ട സമയമാണിത്. സർക്കാറിന് സമൂഹത്തിൽനിന്ന് ഒരു പ്രതിരോധവും ഇല്ലാതെ നടപ്പാക്കാൻ കഴിയുന്ന ഒന്നാണ് ജാതിസെൻസസ്. കാരണം, ഇൻഡ്യ മുന്നണി എന്നു പറയുന്നത് രാജ്യത്തെ ഒരു ബദൽ രാഷ്ട്രീയ വിഭാഗമാണ്. ആ മുന്നണിയുടെ ഭാഗമാണ് ഇവിടത്തെ ഭരണപക്ഷവും പ്രതിപക്ഷവും. എന്നാൽ, ജാതി സെൻസസ് രാഷ്ട്രീയ മുദ്രാവാക്യം ആണെന്നിരിക്കെ ആ മുന്നണിയിൽ അംഗങ്ങളായിട്ടുള്ള കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും (മുന്നണികൾക്ക് നേതൃത്വം നൽകുന്ന കോൺഗ്രസും സി.പി.എമ്മും) ഈ പൊതുമുദ്രാവാക്യം ഉയർത്തുന്നില്ല.
സംസ്ഥാനത്ത് ബി.ജെ.പി അധികാര പങ്കാളിത്തം ഇല്ലാത്ത പാർട്ടിയാണ്. അതിനാൽ ജാതി സെൻസസ് നടപ്പാക്കുന്നതിന് പ്രതിരോധങ്ങളൊന്നുമില്ല. എന്നിട്ടും ഇടതു സർക്കാർ നടപ്പിലാക്കിയില്ല. കേരളത്തിലെ സർക്കാർ എന്തുകൊണ്ട് ജാതിസെൻസസ് നടപ്പിലാക്കാൻ തയാറാകുന്നില്ല എന്നത് ഗൗരവപൂർവം ചർച്ച ചെയ്യേണ്ട വിഷയമാണ്. ഇതേകാലത്ത് തന്നെയാണ് രാജ്യത്ത് കേന്ദ്രസർക്കാർ മുന്നാക്ക സംവരണം അഥവാ സവർണ സംവരണം കൊണ്ടുവരാൻ തീരുമാനിച്ചത്. 2019ൽ അതിനുള്ള നിയമം പാസാക്കി. എന്നാൽ, രാജ്യത്ത് ആദ്യമായി അതിനുള്ള വിജ്ഞാപനമിറക്കി നടപ്പാക്കിയത് കേരളത്തിലെ ഇടതുപക്ഷ സർക്കാറാണ്.
കേന്ദ്ര നിയമത്തിൽ പറയുന്നത് മുന്നാക്ക വിഭാഗത്തിന് പരമാവധി 10 ശതമാനം സംവരണം നൽകണമെന്നാണ്. സംസ്ഥാനത്ത് ഒരു പഠനത്തിന്റെയും വിവരശേഖരണത്തിന്റെയും അന്വേഷണത്തിന്റെയും പിൻബലമില്ലാതെ 10 ശതമാനം മുന്നാക്ക സംവരണം നടപ്പിലാക്കി. ആരും ആവശ്യപ്പെടാതെ തന്നെ പരമാവധി 10 ശതമാനം മുന്നാക്ക സംവരണം നടപ്പിലാക്കിക്കൊ ടുത്തു. ഇതിനായി മുന്നാക്ക വിഭാഗങ്ങൾ പ്രക്ഷോഭമോ സമ്മർദമോ നടത്തിയില്ല. അങ്ങനെ അശാസ്ത്രീയമായ മുന്നാക്ക സംവരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അത് ഭരണഘടനയുടെ അന്തഃസത്തയെ തന്നെയാണ് ചോദ്യംചെയ്തത്. സവർണ വിഭാഗങ്ങൾക്ക് ഒരു സ്വാഭാവിക നീതി എന്ന നിലയിലാണ് മുന്നാക്ക സംവരണം നടപ്പാക്കിയത്. പിന്നാക്ക -ദലിത് വിഭാഗങ്ങൾക്ക് അർഹതയുണ്ടായിട്ടും ഈ അവകാശത്തെ അംഗീകരിക്കാൻ പുരോഗമന സർക്കാറിന് കഴിയുന്നില്ല. പിന്നാക്ക വിഭാഗങ്ങൾ അനർഹമായ എന്തോ നേടിയെടുക്കാൻ ശ്രമിക്കുന്നു എന്നാണ് രാഷ്ട്രീയ വ്യാഖ്യാനംഇക്കാര്യത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രതിഷേധമുണ്ട്.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കേന്ദ്രത്തിൽ അവർ ഒരു വരേണ്യ സർക്കാറാണ്. 2021ൽ പാർലമെന്റിൽ ജാതിസെൻസസ് വിഷയമായി വന്നപ്പോൾ പ്രധാനമന്ത്രി പറഞ്ഞത് പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിന് സർക്കാറിന് എതിർപ്പില്ല എന്നാണ്. എന്നാൽ പിന്നാക്ക വിഭാഗങ്ങളുടെയും ജാതി സെൻസസിനോട് യോജിപ്പില്ലെന്നും വ്യക്തമാക്കി. പിന്നീട് നാഗ്പൂരിൽനിന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞത് ജാതിയുടെ അടിസ്ഥാനത്തിൽ കണക്കെടുപ്പ് നടത്തുന്നത് ഹിന്ദു ഏകീകരണത്തിന് തടസ്സമാകും എന്ന വാദമാണ്.
ജാതി സെൻസസിന് ആർ.എസ്.എസ് എതിരാണ്. ഹിന്ദു പരിപ്രേക്ഷ്യത്തിനുള്ളിൽ എല്ലാ ഹിന്ദുജനവിഭാഗങ്ങളെയും ഉള്ളടക്കി നിർത്തുന്നതിനാണ് അവർ ശ്രമിക്കുന്നത്. അതിനുള്ളിൽ ശ്രേണീകൃതമായ ഒരു സാമൂഹിക വ്യവസ്ഥയുണ്ട്. ഹിന്ദു എന്ന പരിപ്രേക്ഷ്യത്തിനുള്ളിൽ നീതിയുടെയും തുല്യതയുടെയും ഒന്നും കാണാനില്ല. പുതിയകാലത്ത് അതിന്റെ പ്രതിഫലനങ്ങൾ സംസ്ഥാനത്ത് ഉണ്ടാവുന്നത് നാം കണ്ടു. അതിനുദാഹരണമാണ് ആര്.എല്.വി. രാമകൃഷ്ണന് മോഹിനിയാട്ടവുമായി ബന്ധപ്പെട്ട് ഏൽക്കേണ്ടിവന്ന അവഹേളനം.
പഴയ വർണാശ്രമ ധർമത്തിൽ പറഞ്ഞിട്ടുള്ള ലംഘനം രാമകൃഷ്ണനിൽനിന്ന് ഉണ്ടായി എന്നാണ് സൂചിപ്പിച്ചത്. രാജ്യത്തെ ഒരു ഭരണാധികാരി തന്നെ ഈ യാഥാസ്ഥിതിക നിലപാടിന്റെ ഇരയായി അവഹേളിക്കപ്പെട്ടു. മന്ത്രി കെ. രാധാകൃഷ്ണൻ അവഹേളിക്കപ്പെട്ടത് നിസ്സാര കാര്യമല്ല. ജാതി അധിക്ഷേപത്തിനാണ് അദ്ദേഹം ഇരയായത്. ജനങ്ങൾ തെരഞ്ഞെടുത്ത ജനങ്ങളെ സേവിക്കേണ്ട മന്ത്രിമാർപോലും അവഹേളനം നേരിടുകയാണ്. നിയമം സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരു ഭരണാധികാരിക്ക് ഒരു രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്.
ബ്യൂറോക്രസിയിലേക്ക് നോക്കിയാൽ പിന്നാക്ക ദലിത് വിഭാഗങ്ങളിൽനിന്ന് ഉന്നത ഉദ്യോഗം ലഭിച്ചവരുടെ ഇരിപ്പിടങ്ങളിൽ ചാണകവെള്ളം തളിക്കുകയും പുണ്യാഹം നടത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് കേരളം. ഇതെല്ലാം പുതിയകാലത്ത് പുനഃസ്ഥാപനത്തിന് ശ്രമിക്കുന്ന ഹൈന്ദവ കാഴ്ചപ്പാടാണ്. ശ്രേണീകൃതമായ പുതിയ സാമൂഹിക വ്യവസ്ഥയുടെ പ്രതിഫലനമാണിത്. അതുകൊണ്ട് വിവേചനങ്ങളിലൂടെ നിലനിൽക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ഒരു നയം പ്രഖ്യാപിച്ച് അവർ രാജ്യം ഭരിക്കുമ്പോൾ അവരിൽനിന്ന് പിന്നാക്ക-ദലിത് വിഭാഗങ്ങൾക്ക് ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ല.
ജാതി സെൻസസ് പോലും നടത്താൻ സംസ്ഥാനത്തെ ഇടതു സർക്കാർ തയാറാകുന്നില്ല എന്നതാണ് പുതിയകാലം നേരിടുന്ന വെല്ലുവിളി. അധികാരത്തിലും വിഭവങ്ങളിലും പങ്കാളിത്തം ഇല്ലാത്ത ജനവിഭാഗത്തിന് സമയബന്ധിതമായി നീതി ലഭിക്കുന്നില്ല. അത് ബോധപൂർവം തടയുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ മനോഭാവം തന്നെയാണ് സംസ്ഥാന സർക്കാറിലും പ്രതിഫലിക്കുന്നത്. സ്വാഭാവികമായി കേരളത്തിലെ സർക്കാർ ഇത്തരം കാര്യങ്ങളിൽ സ്വീകരിക്കുന്ന നടപടികളിൽ പിന്നാക്ക ദലിത് വിഭാഗങ്ങൾക്ക് കടുത്ത അഭിപ്രായവ്യത്യാസമുണ്ട്.
സംസ്ഥാനത്ത് മുന്നണിഭരണം മാറിവരുമ്പോഴും അധികാര കേന്ദ്രങ്ങളിൽ പ്രത്യേക വിഭാഗത്തിന്റെ അതിപ്രസരം ഉണ്ടാകുന്നു. ജനസംഖ്യയിൽ ന്യൂനപക്ഷമായ വിഭാഗമാണ് അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത്. പാർലമെന്ററി രംഗത്തായാലും ഉദ്യോഗസ്ഥതലത്തിലായാലും അധികാരം അവരുടെ സവർണ വിഭാഗങ്ങളുടെ കൈകളിലാണ്. അതിന്റെ ബുദ്ധിമുട്ട് കേരളത്തിലെ പിന്നാക്ക- ദലിത് വിഭാഗങ്ങൾ അനുഭവിക്കുന്നുണ്ട്. അതിനാൽ കേരളത്തിൽ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്.
1990കളിലാണ് വി.പി. സിങ്ങിന്റെ നേതൃത്വത്തിൽ മണ്ഡൽ കമീഷൻ റിപ്പോർട്ട് വിഷയമാകുന്നത്. ഇതേ കാലത്ത് തന്നെയാണ് ബാബരി മസ്ജിദ് അല്ലെങ്കിൽ മന്ദിർവിഷയം ബി.ജെ.പി ഉയർത്തിക്കൊണ്ടുവന്നത്. വി.പി. സിങ്ങിന്റെ നേതൃത്വത്തിലുണ്ടായ പിന്നാക്ക- ദലിത് വിഭാഗങ്ങളുടെ ഐക്യം എന്ന ആശയവും അതിന്റെ രാഷ്ട്രീയ പ്രസ്ഥാനവും മുന്നോട്ടു പോയില്ല. പിന്നീട് ഹിന്ദുത്വ രാഷ്ട്രീയത്തിന് വല്ലാത്ത വേരോട്ടം രാജ്യത്ത് ഉണ്ടായി. മണ്ഡലാണോ മന്ദിർ ആണോ രാജ്യത്തിന്റെ ഭാവി നിർണയിക്കുക എന്നൊരു ചോദ്യമാണ് അന്ന് ഉയർന്നുവരുന്നത്. ഏതാണ്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ ചോദ്യം രാജ്യത്ത് ഉയരുകയാണ്.
അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തീകരിച്ചു. അതിന്റെ പ്രതിഷ്ഠാ കർമവും ഭരണകൂടം നേരിട്ട് തന്നെ നിർവഹിച്ചു. ഇപ്പുറത്തെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവർ അന്ന് ഉയർത്താത്ത മുദ്രാവാക്യം ആയിരുന്നു മണ്ഡലിന്റേത്. എന്നാൽ, ഇന്ന് ജാതി സെൻസസിനെ ഉയർത്തിപ്പിടിക്കുന്നത് കോൺഗ്രസാണ്. ഇതിനിടയിൽ കോൺഗ്രസ് നേരിട്ട വലിയ ആരോപണം തീവ്ര ഹിന്ദുത്വത്തെ ചെറുക്കാൻ വേണ്ടി മൃദു ഹിന്ദുത്വത്തെ ഉപയോഗിക്കുന്നു എന്നാണ്. അത് ഉയർന്നപ്പോൾ രാജ്യത്തെ ന്യൂനപക്ഷങ്ങൾപോലും കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാത്ത അവസ്ഥയുണ്ടായി. ഇന്ന് കോൺഗ്രസ് പിന്നാക്ക വിഭാഗങ്ങളുടെ വിഷയംകൂടി കൈകാര്യം ചെയ്യാൻ തുടങ്ങി.
മറുവശത്ത് ബി.ജെ.പിയാകട്ടെ മുന്നാക്ക സംവരണവും ക്ഷേത്രനിർമാണവുമായി മുന്നോട്ടുപോയി. മുന്നാക്ക വിഭാഗങ്ങളുടെ താൽപര്യസംരക്ഷകരായിട്ടാണ് ബി.ജെ.പി നിലകൊള്ളുന്നത്. നമ്മുടെ മുന്നിലുള്ള ചോദ്യം മണ്ഡലിന്റെ മുദ്രാവാക്യം ഇനിയും മുന്നോട്ടുപോകുമോ എന്നതാണ്. ഇവിടെ മന്ദിറാണ് വിജയിക്കുന്നതെങ്കിൽ കോൺഗ്രസ് ഈ മുദ്രാവാക്യം തുടരുമോയെന്നതാണ്. സാമൂഹിക നീതിയുടെ വിഷയം രാജ്യത്ത് സ്ഥാപിക്കാൻ കഴിയുമോ എന്ന ചോദ്യമാണ്. ബി.ജെ.പി ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങൾ എത്രത്തോളം നിലനിൽക്കും–ഇതുസംബന്ധിച്ച് വലിയ ആശങ്ക പിന്നാക്ക-ദലിത് വിഭാഗങ്ങൾക്കുണ്ട്. സമീപ ദിവസങ്ങളിലുണ്ടായ സംഭവങ്ങൾ സൂചന നൽകുന്നത് രാജ്യത്തെ പ്രതിപക്ഷത്തിന്റെ സാന്നിധ്യെത്തയും ശബ്ദത്തെയും ഇല്ലാതാക്കുമെന്നാണ്. ജനാധിപത്യത്തിന്റെ ആത്മാവിനെയാണ് ഇവിടെ കശാപ്പ് ചെയ്യുന്നത്. തെരഞ്ഞെടുപ്പിനും അപ്പുറമാണ് ഞങ്ങൾ ഉന്നയിക്കുന്ന ജാതി സെൻസസ് അടക്കമുള്ള വിഷയങ്ങൾ.
എഴുത്ത്: ആർ. സുനിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.