പരമാധികാര സ്ഥിതിസമത്വ, മതനിരേപക്ഷ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യക്ക് മാത്രമേ സമത്വം, സ്വാതന്ത്ര്യം, നൈതികത, സാഹോദര്യം, വ്യക്തികളുടെ അന്തസ്സ്, രാഷ്ട്രത്തിന്റെ ഐക്യം, അഖണ്ഡത എന്നിവ ഉറപ്പാക്കാൻ കഴിയൂവെന്ന് ലേഖിക. ഭരണഘടനയുടെ മൂല്യങ്ങൾ നടപ്പാക്കാൻ ശേഷിയുള്ളവർ തെരഞ്ഞെടുക്കപ്പെടണമെന്നും അവർ എഴുതുന്നു.ഇന്ത്യ എങ്ങനെ ഭരിക്കണമെന്ന് ഇന്ത്യൻ ഭരണഘടന വ്യവസ്ഥചെയ്യുന്നു. എന്നാൽ, ആരു ഭരിക്കണമെന്നത് ഇന്ത്യൻ ജനതയാണ് തീരുമാനിക്കേണ്ടത്. ഒരു രാഷ്ട്രം ഭരണഘടനക്ക്...
പരമാധികാര സ്ഥിതിസമത്വ, മതനിരേപക്ഷ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യക്ക് മാത്രമേ സമത്വം, സ്വാതന്ത്ര്യം, നൈതികത, സാഹോദര്യം, വ്യക്തികളുടെ അന്തസ്സ്, രാഷ്ട്രത്തിന്റെ ഐക്യം, അഖണ്ഡത എന്നിവ ഉറപ്പാക്കാൻ കഴിയൂവെന്ന് ലേഖിക. ഭരണഘടനയുടെ മൂല്യങ്ങൾ നടപ്പാക്കാൻ ശേഷിയുള്ളവർ തെരഞ്ഞെടുക്കപ്പെടണമെന്നും അവർ എഴുതുന്നു.
ഇന്ത്യ എങ്ങനെ ഭരിക്കണമെന്ന് ഇന്ത്യൻ ഭരണഘടന വ്യവസ്ഥചെയ്യുന്നു. എന്നാൽ, ആരു ഭരിക്കണമെന്നത് ഇന്ത്യൻ ജനതയാണ് തീരുമാനിക്കേണ്ടത്. ഒരു രാഷ്ട്രം ഭരണഘടനക്ക് അനുസൃതമായി ഭരിക്കപ്പെടണമെങ്കിൽ അതിനുതകുന്ന രാഷ്ട്രീയബോധ്യമുള്ളവർ അധികാരത്തിൽ വരണം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിസ്തുലമായ പങ്കുവഹിച്ച സ്വാതന്ത്ര്യസമരസേനാനികളും രാഷ്ട്രശിൽപികളും രൂപവത്കരിച്ച ഭരണഘടന പറയുന്നത് ഇന്ത്യ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് ആണെന്നാണ്. ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാകുന്നത് ഇന്ത്യയിലെ ഓരോ പൗരന്മാർക്കും ഇന്ത്യയിലെ നിയമം ഒരുപോലെ ബാധകമാകുമ്പോഴാണ്.
ഇന്ത്യൻ തൊഴിലാളിവർഗം കഴിഞ്ഞ നൂറുവർഷമായി അനുഭവിച്ചു വന്ന തൊഴിൽ അവകാശങ്ങൾ ഇന്ത്യൻ മണ്ണിൽ ചില ഇടങ്ങളിൽ സ്പെഷൽ ഇക്കണോമിക് സോണുകളിൽ കോർപറേറ്റുകളിലെ തൊഴിലാളികൾക്ക് ലഭ്യമല്ല. സ്വരാജ്യത്തെ നിയമം അനുഭവിക്കാൻ കഴിയാത്ത ഇന്ത്യൻ തൊഴിലാളിവർഗം ഈ രാഷ്ട്രം പരമാധികാര രാഷ്ട്രമായി കാണുകയില്ല.
ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമാണെങ്കിൽ വിഭവങ്ങളിലേക്ക് തുല്യമായ ആക്സെസ് ഓരോ പൗരനും ലഭ്യമായിരിക്കണം. അത്തരം സ്ഥിതിസമത്വം ഇന്ത്യയിൽ ലഭ്യമല്ലാതെയിരിക്കുന്നിടത്തോളം ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമാകാൻ ഇനിയും ഏറെ ദൂരമുണ്ട്. ഇന്ത്യൻ നിയമങ്ങൾ പ്രത്യേകിച്ച് ക്രിമിനൽ നിയമങ്ങളിൽ മതം ഒരിക്കലും ഘടകമാകരുത്. ഒരു കുറ്റവാളി ഹിന്ദുവായതിനാൽ കുറഞ്ഞ ശിക്ഷയോ ക്രിസ്ത്യൻ ആണെങ്കിൽ കൂടിയ ശിക്ഷയോ ഇല്ല എന്നതായിരുന്നു. നിയമപരമായ വിവാഹബന്ധത്തിൽ ജീവിക്കുകയും പിന്നീട് ഭർത്താവ് നിയമപരമായി വിവാഹമോചനം നേടാതെ, ഏകപക്ഷീയമായി ഉപേക്ഷിക്കുന്ന സാഹചര്യങ്ങളിൽ, ഭാര്യക്ക് ലഭ്യമായ പരിഹാരം അവരവരുടെ വ്യക്തിനിയമപ്രകാരം സിവിൽ വ്യവഹാരം കുടുംബകോടതിയിൽ നടത്തുക എന്നതായിരുന്നു ഇന്ത്യയിൽ എല്ലാ വിഭാഗങ്ങൾക്കും ബാധകമായിരുന്നത്.
എന്നാൽ, ഇസ്ലാം മതത്തിലെ ഒരു ഭർത്താവ് ഭാര്യയെ നിയമപരമായ വിവാഹമോചനമായ തലാഖ് നിയമം അനുശാസിക്കുന്ന വിധത്തിൽ ചെയ്യാതെ, അവരെ ഉപേക്ഷിക്കുകയാണെങ്കിൽ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആ ഭർത്താവിനെ മൂന്നുകൊല്ലം വരെ തടവിൽ പാർപ്പിക്കുന്നവിധത്തിൽ ക്രിമിനൽ നിയമം ഭേദഗതി ചെയ്തിരിക്കുകയാണ്. ഇത് അമുസ്ലിം പൗരർക്ക് ബാധകവുമല്ല. ഇവിടെയാണ് മതത്തെ ഭരണത്തിൽനിന്നും മാറ്റിനിൽക്കുന്ന മതനിരപേക്ഷ ഇന്ത്യ എന്ന ഭരണഘടനാ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുന്നത്.
പാർലമെന്ററി ജനാധിപത്യമാണ് നമ്മൾ പിന്തുടരുന്നത്. ഇത് കേവല ജനാധിപത്യം മാത്രമാണ്. പ്രാതിനിധ്യപരമായിട്ടെങ്കിലും മുഴുവൻ ജനതക്കും രാഷ്ട്രീയ അധികാരം ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ട ഒരു പാർലമെന്ററി ജനാധിപത്യമാണ് ഇന്ത്യ പിന്തുടരുന്നത്. സ്ത്രീ പ്രാതിനിധ്യം 33 ശതമാനം ഉറപ്പാക്കുന്ന നിയമനിർമാണം നടന്നുവെന്നതുകൊണ്ട് അത് ഉറപ്പിക്കാൻ കഴിയുന്നില്ല ഇന്ത്യൻ ഗവൺമെന്റിന്. നിയമം നടപ്പിൽവരുത്താതെ സാങ്കേതിക തടസ്സങ്ങളിൽ കുടുക്കിയിട്ടിരിക്കുകയാണ്.
ഏട്ടിലെ പശു പുല്ല് തിന്നുകയില്ല എന്നറിയാവുന്ന ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അതത് പ്രസ്ഥാനങ്ങൾക്ക് അകത്തുനിന്ന് സ്ത്രീ-ലൈംഗിക ന്യൂനപക്ഷം-ദലിത് പ്രാതിനിധ്യങ്ങൾ ഉറപ്പുവരുത്താവുന്നതാണ്. ജയസാധ്യത കുറവുള്ള സീറ്റുകളിൽ ദലിതരെയോ സ്ത്രീകളെയോ സ്ഥാനാർഥിയാക്കുന്ന തന്ത്രങ്ങളാണ് രാഷ്ട്രീയ കക്ഷികൾ പയറ്റുന്നത്. അതിനാൽതെന്ന അത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ജനസംഖ്യയിൽ പകുതിയിലേറെ വരുന്ന സ്ത്രീ-ദലിത്-ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നു. Inclusiveness ഇനിയും രാഷ്ട്രീയ അജണ്ടയാകാത്ത പ്രസ്ഥാനങ്ങൾ ജനങ്ങളിൽനിന്നും പ്രത്യേകിച്ച് യുവാക്കളിൽനിന്നും ഏറെ അകന്നുപോയിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അഭിരുചിക്ക് അനുസരിച്ച് വൈവിധ്യമാർന്ന ഭക്ഷണം, വസ്ത്രം, പഠനം, വിനോദം എന്നിവ സ്വതന്ത്രമായി അനുഭവിക്കാൻ കഴിയാതെ മതത്തിന്റെ, കുടുംബത്തിന്റെ, സംസ്കാരത്തിന്റെ സദാചാര പൊലീസിങ്ങിന് വിധേയമാവേണ്ടി വരുന്ന ജനസംഖ്യയുടെ 30 ശതമാനത്തിലേക്ക് എത്തുന്ന ഇന്ത്യൻ യുവത അവരുടെ രാഷ്ട്രമായി ഇന്ത്യയെ സ്വീകരിക്കാൻ താൽപര്യപ്പെടുന്നില്ല എന്നതും ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്.
ഇന്ത്യ റിപ്പബ്ലിക് ആകുന്നത് 1950ൽ ഒരു ലിഖിത ഭരണഘടന സ്വീകരിക്കുന്നതോടെയാണ്. പാർലമെന്റിനല്ല ഭരണഘടനക്കാണ് മേൽക്കോയ്മ (Supremacy) എന്നും ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങൾ ഭേദഗതിചെയ്യാൻ പാർലമെന്റിന് അധികാരമില്ല എന്നും, അങ്ങനെ ചെയ്താൽ കോടതിയുടെ അവലോകനത്തിലൂടെ (judicial review) ഭരണഘടനാനുസൃതമല്ലാത്ത നിയമങ്ങളോ നിയമഭേദഗതികളോ ചട്ടങ്ങളോ നയങ്ങളോ എല്ലാംതന്നെ അസാധുവാക്കാം എന്നതും ഒരു republican Form of government ന്റെ സവിശേഷതയാണ്. എന്നാൽ, പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന് ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള പൗരത്വം ചോദ്യം ചെയ്യപ്പെടുമ്പോഴും, പള്ളി പൊളിച്ച് അമ്പലം പണിയാൻ നിർദേശിക്കുന്ന കോടതികളും ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങൾക്കു തന്നെയാണ് തുരങ്കംവെക്കുന്നത്. പരമാധികാര സ്ഥിതിസമത്വ, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യക്ക് മാത്രമേ പൗരർക്ക് സമത്വം, സ്വാതന്ത്ര്യം, നൈതികത, സാഹോദര്യം, വ്യക്തികളുടെ അന്തസ്സ്, രാഷ്ട്രത്തിന്റെ ഐക്യം, അഖണ്ഡത എന്നിവ ഉറപ്പാക്കാൻ കഴിയൂ.
പൗരന്മാരുടെ ഇടയിൽ അപരത്വനിർമിതി നടത്തുന്ന സി.എ.എപോലുള്ള നിയമങ്ങൾ, കോർപറ്റേറ് മൂലധനതാൽപര്യങ്ങൾമാത്രം ഉറപ്പാക്കുന്ന നിയമനിർമാണങ്ങൾ (കർഷകനിയമം, തൊഴിൽ നിയമം) തുടങ്ങിയതും ശാസ്ത്രം, വിജ്ഞാനം എന്നിവക്കു പകരം പ്രതിമകളും അമ്പലങ്ങളും സ്ഥാപിക്കുന്നതും വർഗീയത, അന്ധവിശ്വാസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പാർലമെന്റ് മന്ദിരപൂജ എന്നിവയെല്ലാം പുരോഗമന ചിന്തകൾക്കും പ്രവൃത്തികൾക്കും സ്നേഹവും സമാധാനവും നൽകുന്ന സാഹിത്യത്തിനും കലകൾക്കും എല്ലാം വിഘാതമാണ്.
തെരഞ്ഞെടുപ്പിന് അവസരമില്ലാത്ത ജനതയായിരിക്കുന്നു നമ്മൾ (No choice in our election). ലഭ്യമായ സ്ഥാനാർഥികൾ പലപ്പോഴും ആ നിയോജക മണ്ഡലത്തിലെ ജനം അറിയാത്തവരാണ്. അത്രമേൽ അപരിചിതമായവരുടെ ആഗ്രഹാഭിലാഷങ്ങൾ ഈ സ്ഥാനാർഥികൾ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച് നേടിയെടുക്കണം. രാഷ്ട്രീയം താൽപര്യമില്ലാത്ത, വോട്ട് ചെയ്യാത്ത വലിയൊരു അളവിൽ മാറിനിൽക്കുന്നവരെ ചേർത്തുനിർത്താൻ എന്താണ് ഓരോ പ്രസ്ഥാനവും മുന്നോട്ടുവെക്കുന്നതെന്ന് ചിന്തിച്ചുനോക്കൂ... ഇൗ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയംതന്നെയാണ് ചർച്ചാവിഷയം, നിലപാടിന്റെ രാഷ്ട്രീയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.