തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് സാധ്യതകൾ എന്താണ്? സ്റ്റാലിന്റെ േനതൃത്വത്തിൽ ഡി.എം.കെ കൂടുതൽ സീറ്റുകൾ നേടുമോ? അതോ ത്രികോണമത്സരം വിനയാകുമോ? -ചെന്നൈയിൽ ദീർഘകാലമായി താമസിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ തമിഴക രാഷ്ട്രീയത്തെ വിശകലനംചെയ്യുന്നു.
ആകാംക്ഷയും ആശങ്കയും തമിഴക രാഷ്ട്രീയത്തിന്റെ മുഖമുദ്രകളാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഒരുതരം മരവിപ്പ് സമ്മതിദായകരിൽ പ്രകടമാകുന്നെങ്കിലും രാഷ്ട്രീയത്തിന്റെ ചുക്കാൻപിടിക്കുന്ന നേതാക്കളിൽ ആശാവഹമായ മാനസികാവസ്ഥ കാണുന്നില്ല. അപ്രതീക്ഷിതമായി വന്നുപെട്ട ത്രികോണമത്സരമാണ് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ നേതാക്കളെ ആശങ്കയിലാഴ്ത്തുന്നത്. അത്തരത്തിൽ ഒരു അവസ്ഥയിൽ തമിഴ്നാടിനെ എത്തിച്ചതാകട്ടെ അധികാരം മാത്രം സ്വപ്നം കാണാൻ പഠിച്ച ഭാരതീയ ജനതാ പാർട്ടിയും. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പരിസമാപ്തിയെപ്പറ്റി മൂന്ന് മുന്നണികൾക്കും ആശയക്കുഴപ്പം ഉണ്ടെങ്കിലും ഏറ്റവുമധികം സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നത് ബി.ജെ.പി സഖ്യത്തെയാണ്. ശക്തമായ നേതൃത്വം അവകാശപ്പെടാൻ കഴിയാത്ത ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.െഎ.ഡി.എം.കെ) ആകട്ടെ ആത്മവിശ്വാസം ഒട്ടും ചോരാതെ മുന്നോട്ടുപോകാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
എന്നാൽ, മുത്തുവേൽ കരുണാനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സഖ്യം പ്രതിബന്ധങ്ങൾ തരണം ചെയ്തു മുന്നോട്ടുപോകുമ്പോൾ മറ്റ് രണ്ടു മുന്നണികളുടെ നിലനിൽപിന്റെ ആകുലതകളാണ് വോട്ടർമാരുടെ മുന്നിൽ വ്യക്തമാവുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ, ത്രികോണ മത്സരം ഉണ്ടാകുമെന്ന് വ്യക്തമായി കഴിഞ്ഞെങ്കിലും തമിഴകത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായ എ.െഎ.ഡി.എം.കെ സഖ്യകക്ഷിയായ ബി.ജെ.പിയെ പരിപൂർണമായി പുറന്തള്ളുമെന്ന് കരുതിയില്ല. അരക്കിട്ടുറപ്പിച്ച ആ ബന്ധം വളരെ പെട്ടെന്നാണ് ശീട്ടുകൊട്ടാരംപോലെ തകർന്നു വീണത്. തങ്ങൾ ഒരു മഹാസഖ്യം ഉണ്ടാക്കുമെന്ന് എ.െഎ.ഡി.എം.കെ പ്രഖ്യാപിച്ചപ്പോൾ ഡി.എം.കെ സഖ്യത്തിൽനിന്ന് ചില കരുത്തൻമാർ തങ്ങളുടെ കൂടാരത്തിൽ ചേക്കേറും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, അന്തരിച്ച വിജയ്കാന്ത് കെട്ടിപ്പൊക്കിയ, ഏതാണ്ട് മൃതപ്രായമായ ദേശീയ ദ്രാവിഡ മുർപ്പോക്ക് കഴകവും (ഡി.എം.ഡി.കെ) മറ്റ് ചിലരും മാത്രമാണ് എ.െഎ.ഡി.എം.കെ സഖ്യത്തിലേക്ക് സംശയത്തോടെ എത്തിയത്. അവർക്കാകട്ടെ ജനങ്ങൾക്കിടയിൽ കാര്യമായ കരുതലും ഉണ്ടായിരുന്നില്ല.
എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ പ്രതിപക്ഷ നീക്കങ്ങളെ ചെറുത്തുനിൽക്കാൻ പാകത്തിൽ ഭരണകക്ഷിയായ ഡി.എം.കെ തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. പാർട്ടിയുടെ പ്രകടനപത്രികതന്നെ അതിന് തെളിവാണ്. പ്രതിപക്ഷകക്ഷികൾ നിരത്താൻ സാധ്യതയുള്ള കാതലായ വാഗ്ദാനങ്ങൾ കണ്ടറിഞ്ഞുള്ള പ്രകടനപത്രികയാണ് സ്റ്റാലിന്റെ കക്ഷി ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്. ബി.ജെ.പി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ജനവിരുദ്ധ നയങ്ങളെ എതിർക്കാനും ഡി.എം.കെ ശ്രദ്ധിച്ചു. ഒരുവിധത്തിൽ ഡി.എം.കെയുടെ പ്രകടനപത്രികയിലെ സമീപനങ്ങൾ തന്നെയാണ് മറ്റു കക്ഷികളും ജനങ്ങൾക്ക് മുന്നിൽ നിരത്തിയത്.
ഡി.എം.കെയുടെ പ്രകടനപത്രിക മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായിരുന്നു. സി.എ.എ, യൂനിഫോം സിവിൽ കോഡ് (യു.സി.സി) എന്നിവ നടപ്പാക്കില്ല. എൽ.പി.ജി വില 500 രൂപയാക്കും. പെട്രോൾ വില 75 രൂപയും ഡീസൽ വില 65 രൂപയും ആയി കുറക്കും -ഡി.എം.കെ പ്രകടനപത്രികയിൽ പറയുന്നു. വർഷങ്ങളായി പുകയുന്ന നാഷനൽ എജുക്കേഷൻ പോളിസിയും നീറ്റുമൊന്നും നടപ്പാക്കില്ല. സംസ്ഥാന സർക്കാറിനോട് ചർച്ചചെയ്യാതെ ഗവർണറെ നിയമിക്കില്ല. തിരുക്കുറൾ ദേശീയ പുസ്തകമായി പ്രഖ്യാപിക്കും. സ്ത്രീകൾക്ക് ലോക്സഭയിലും നിയമസഭയിലും 33 ശതമാനം സംവരണം ഏർപ്പെടുത്തും. കേന്ദ്ര സർക്കാർ ജോലികൾക്കുള്ള പരീക്ഷകൾ തമിഴിലായിരിക്കും. ഇന്ത്യയിൽ മടങ്ങിയെത്തിയ ശ്രീലങ്കക്കാർക്ക് പൗരത്വം നൽകും. വീട്ടമ്മമാർക്ക് പ്രതിമാസം ആയിരം രൂപ പെൻഷൻ നൽകും. ദേശീയപാതയിലുള്ള ടോൾ പ്ലാസകളൊക്കെ നിർത്തലാക്കും. ഇത് ഡി.എം.കെയുടെ പ്രകടനപത്രികയല്ലെന്നും ജനങ്ങളുടേതാണെന്നും എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു.
തുടക്കത്തിൽ സീറ്റ് വിഭജനത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും സഖ്യത്തിന്റെ സാരഥിയെന്ന നിലയിൽ സ്റ്റാലിൻ ഇടപെട്ടു. ഡി.എം.കെ 22 സീറ്റുകളിലും കോൺഗ്രസ് ഒമ്പതും ഇടതു പാർട്ടികളായ സി.പി.എമ്മും സി.പി.ഐയും വിടുതലൈ കക്ഷിയും 2 സീറ്റുകളിൽ വീതവും മത്സരിക്കും. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന് ഒരു സീറ്റ് നൽകി. ചലച്ചിത്രതാരം കമൽഹാസന്റെ എം.എൻ.എമ്മിന് (മക്കൾ നീതിമയ്യം) സീറ്റ് കിട്ടിയില്ലെങ്കിലും അടുത്ത വർഷം രാജ്യസഭാ സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്.
തമിഴ്നാട്ടിൽ കൊടിനാട്ടാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങളാണ് ഇപ്പോൾ തകർന്നുവീണത്. സഖ്യകക്ഷികളുമായി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയാണ് അതിനു കാരണക്കാരനെന്ന് എ.െഎ.ഡി.എം.കെ പറഞ്ഞിരുന്നു. ജയലളിതയുടെ മരണശേഷം ശശികലയുടെ സഹായത്തോടെ തമിഴകത്ത് പാർട്ടിയുടെ നങ്കൂരമുറപ്പിക്കാൻ കഴിയുമെന്ന ചിന്തയിലായിരുന്നു ബി.ജെ.പി. നരേന്ദ്ര മോദിക്കും അമിത് ഷാക്കും ഏറെ പ്രതീക്ഷ നൽകിയ കാലമായിരുന്നു അത്. എന്നാൽ, തങ്ങളുടെ പിൻബലത്തിൽ ബി.ജെ.പി തങ്ങളുടെ അസ്തിവാരം ഉയർത്താനുള്ള ശ്രമമാണ് നടപ്പാക്കുന്നതെന്ന് തിരിച്ചറിയാനുള്ള ശക്തി എ.െഎ.ഡി.എം.കെക്ക് ഉണ്ടായില്ല. ഐ.പി.എസ് ജോലി ഉപേക്ഷിച്ച് ബി.ജെ.പിയിൽ സംസ്ഥാന അധ്യക്ഷനായി എത്തിയ അണ്ണാമലൈയെ മുൻനിർത്തിയായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ കളികൾ.
കെട്ടടങ്ങിയ കച്ചത്തീവ് വിഷയം ഉയർത്തിക്കൊണ്ടുവരാനും അതുവഴി തമിഴ്ജനതയെ മുതലെടുക്കാനുമുള്ള ബി.ജെ.പിയുടെ ശ്രമം ഉദ്ദേശിക്കാത്ത നിലയിലാണ് എത്തിയത്. 50 വർഷങ്ങൾക്ക് മുമ്പ് കെട്ടടങ്ങിയ വിവാദം കെട്ടഴിച്ചുവിടുന്നത് വഴി തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ വോട്ടുബാങ്കായിരുന്നു മോദിയുടെ ഉന്നം. ഡി.എം.കെ ഘടകകക്ഷിയായ വി.സി.കെ മാത്രമാണ് കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. അക്കാര്യം അവർ പ്രകടനപത്രികയിൽ സൂചിപ്പിക്കുകയും ചെയ്തു. മോദിയുടെ കച്ചത്തീവ് വാദത്തെ ഇ.പി.എസ് പോലും കുറ്റപ്പെടുത്തി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളോടൊപ്പം നിന്ന് 39 സീറ്റുകളിൽ മുപ്പത്തെട്ടും പിടിച്ചെടുക്കാൻ സ്റ്റാലിന് കഴിഞ്ഞതു വിട്ടുവീഴ്ചകൾ ചെയ്യാനുള്ള സന്മനസ്സും ത്രാണിയും ഉള്ളതിനാലാണ്. തൊട്ടടുത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അതേ വിജയം ആവർത്തിച്ചു. ഫോർമുല ഒന്നുതന്നെ. എന്നാൽ, ഇ.പി.എസിനെ കൂട്ടുപിടിച്ചു മുന്നോട്ടു നീങ്ങുന്ന ബി.ജെ.പിയായിരുന്നു സ്റ്റാലിന്റെ മുഖ്യശത്രു. ഹിന്ദുത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് ഇന്ത്യയെ മൊത്തത്തിൽ തങ്ങളുടെ കാൽക്കീഴിൽ ഒതുക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങളെ അമര്ച്ച ചെയ്യേണ്ടത് അനിവാര്യമായിരുന്നു. അതിനേക്കാൾ ഭീകരമായ അന്തരീക്ഷമാണ് കഴിഞ്ഞ പത്തുവർഷമായി നിലനിൽക്കുന്നതെന്ന് ഡി.എം.കെ മനസ്സിലാക്കിയിരിക്കുന്നു.
സംസ്ഥാന ഭരണമേറ്റെടുത്ത ശേഷം നടപ്പാക്കിയ വികസന പദ്ധതികളുടെ നേട്ടങ്ങൾ തെരഞ്ഞെടുപ്പു വേളയിൽ ജനങ്ങളിൽ എത്തിക്കാനും മുഖ്യമന്ത്രി ശ്രമിച്ചു. സോഷ്യൽ മീഡിയയിലും പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലുമൊക്കെ വാരിക്കോരി പ്രചാരണങ്ങൾ നടത്തുകയാണ്. ദ്രാവിഡ മോഡല് എന്ന പേരിൽ പുറത്തുവിടുന്ന പരസ്യങ്ങളിൽ ആറോളം നേട്ടങ്ങളാണ് പ്രധാനമായും ഡി.എം.കെ എടുത്തുകാണിക്കുന്നത്. 1. കലൈജ്ഞർ മഗളിർ ഉരുമൈതിട്ടം അനുസരിച്ച് കുടുംബത്തിൽ ആയിരം രൂപ പ്രതിമാസം നൽകുന്നു. ഒന്നരക്കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. 2. പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി 1000 രൂപ സ്കോളർഷിപ്. 3. കൃഷിക്ക് പ്രത്യേക ബജറ്റ്. 4. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും വികലാംഗർക്കും സൗജന്യ ബസ് യാത്ര. ജോലിക്കുവേണ്ടി ബസിൽ സ്ഥിരം യാത്രചെയ്യുന്ന ഒരു സ്ത്രീക്ക് ശരാശരി 888 രൂപ പ്രതിമാസം ലാഭിക്കാം. 5. 16 ലക്ഷം കുഞ്ഞുങ്ങൾക്ക് ദിവസവും മുഖ്യമന്ത്രിയുടെ ബ്രേക് ഫാസ്റ്റ് പദ്ധതി. 6. 9,61,000 കോടിയുടെ നിക്ഷേപമാണ് ഡി.എം.കെ ഭരണകാലത്ത് ഉണ്ടായിരിക്കുന്നത്. അതുവഴി 30 ലക്ഷം പേർക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടായി.
തമിഴ്നാട്ടിൽ നൂറു തെരഞ്ഞെടുപ്പ് നടന്നാലും ബി.ജെ.പിയുടെ നാടകം നടപ്പാകില്ല എന്നാണ് പലയിടത്തും സ്റ്റാലിൻ പ്രസംഗിക്കുന്നത്. സന്ദർഭം കിട്ടുമ്പോഴൊക്കെ മോദിയെ വിമർശിക്കാൻ മുഖ്യമന്ത്രി മടിക്കുന്നില്ല. ഡി.എം.കെക്ക് ഉറക്കം നഷ്ടപ്പെടുന്നു എന്നാണ് മോദി ഇടക്കിടെ തമിഴ്നാട്ടിൽ വന്നു പറയുന്നത്. എന്നാൽ, കഴിഞ്ഞ 10 വർഷമായി മോദി കാരണം ഇന്ത്യൻ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്നു എന്ന് സ്റ്റാലിൻ തിരിച്ചടിക്കുന്നു. വെള്ളപ്പൊക്കംമൂലം തമിഴകം പൊറുതിമുട്ടിയ വേളയിൽപോലും മോദി തമിഴ്നാട്ടിൽ തിരിഞ്ഞു നോക്കിയിട്ടില്ല. എന്നാൽ, തെരഞ്ഞെടുപ്പ് ആയപ്പോൾ ആറോളം തവണയാണ് മോദി പ്രത്യേക വിമാനത്തിൽ തമിഴ്നാട്ടിൽ ചുറ്റിക്കറങ്ങാൻ എത്തിയത്. 5000 കോടി രൂപ 2023ൽ ദുരിതാശ്വാസ ഫണ്ടായി തമിഴ്നാട്ടിൽ നൽകി എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പറയുന്നത്. എന്നാൽ, ഒരു പൈസപോലും ആ വകയിൽ ലഭിച്ചിട്ടില്ല എന്ന് സ്റ്റാലിൻ പറയുന്നു.
ദ്രാവിഡ പാർട്ടികൾ മതത്തിന് എതിരാണെന്ന് ബി.ജെ.പി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, മതത്തെ ദുരുപയോഗം ചെയ്യുന്ന വിഭാഗത്തെയാണ് ദ്രവീഡിയൻ മോഡൽ എതിർക്കുന്നത്. മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന രീതിയെയാണ് ഡി.എം.കെ എതിർക്കുന്നതെന്ന് സ്റ്റാലിൻ തന്റെ പ്രചാരണവേളയിൽ പറയാറുണ്ട്. രണ്ടര വർഷത്തെ ഭരണകാലത്ത് അന്യാധീനപ്പെട്ട 5000 കോടി രൂപയുടെ ക്ഷേത്ര വകകൾ തിരിച്ചുപിടിച്ചു. 1500 ക്ഷേത്രങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി.
എന്നാൽ, എ.െഎ.ഡി.എം.കെ വാഗ്ദാനങ്ങളിൽ ഒട്ടും കുറവില്ലാതെയാണ് രംഗത്ത് വന്നിരിക്കുന്നത്. ബി.ജെ.പി കൈയൊഴിഞ്ഞു പോയതോടെ ശക്തി തെളിയിക്കുകയാണ് പാർട്ടിയുടെ കടമ. ആ ലക്ഷ്യംവെച്ചാണ് 133 വാഗ്ദാനങ്ങൾ പ്രകടനപത്രികകളിൽ ഉൾപ്പെടുത്താൻ പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ.പി.എസ് പദ്ധതിയിട്ടത്. വിവാദമായ നീറ്റ് ഇല്ലാതാക്കുമെന്ന് എ.െഎ.ഡി.എം.കെ അവകാശപ്പെടുന്നു. പാവപ്പെട്ട കുടുംബിനികൾക്ക് 3000 രൂപ പ്രതിമാസം വിതരണംചെയ്യും. കേന്ദ്രവിഹിതം ഇന്നത്തെ 60:40ൽ നിന്ന് 75:25 എന്ന അനുപാതത്തിൽ മാറ്റും. മുസ്ലിംകൾക്കും ശ്രീലങ്കൻ തമിഴർക്കും പൗരത്വം കൊടുക്കും.
കർണാടകയിലെ മെക്കാദത്ത് ഡാം, കേരളത്തിലെ മുല്ലപ്പെരിയാർ എന്നിവയുടെ പ്രശ്നങ്ങൾ ആശാവഹമായ തലത്തിൽ പരിഹരിക്കും. പാലാർ നദിയുടെ കുറുകെയുള്ള ചെക്ക് ഡാം നിർമാണം നിർത്തലാക്കും. കേന്ദ്രസഹായത്തോടെ പ്രതിമാസം 5000 രൂപ കർഷകർക്ക് പെൻഷൻ നൽകും. ഗവർണർമാരെ നിയമിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആലോചിക്കും. നീറ്റ് പരീക്ഷ പക്ഷപാതരഹിതമാക്കും. മെഡിക്കൽ പ്രവേശനത്തിന് പ്ലസ് ടു പരീക്ഷ നിർബന്ധമാക്കും. സുപ്രീംകോടതിയുടെ പ്രാദേശിക െബഞ്ച് ചെന്നൈയിൽ സ്ഥാപിക്കും. ക്രിമിനൽ നിയമങ്ങളുടെ പേരുമാറ്റം പിൻവലിക്കും. ഹൈകോടതിയുടെ ഔദ്യോഗിക ഭാഷ തമിഴാക്കും. ടോൾ പ്ലാസകൾ പൂർണമായും നിർത്തലാക്കും. പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകും.
ബി.ജെ.പിയാണ് തങ്ങളുടെ പാർട്ടിയെ തമിഴ്നാട്ടിൽ നിലംപരിശാക്കിയതെന്ന് വൈകിയ വേളയിലെങ്കിലും തിരിച്ചറിഞ്ഞതുകൊണ്ടാണ് ശീതസമരത്തിലൂടെ അവരെ പുറത്താക്കാൻ മനസ്സ് വന്നത്. പക്ഷേ, അതറിഞ്ഞപ്പോഴേക്കും പാർട്ടി നഷ്ടങ്ങളുടെ ഊരാക്കുടുക്കിൽ വീണിരുന്നു. എടപ്പാടിയുടെ സർക്കാറിനെ നിലനിർത്തിയിരുന്നത് തന്നെ മോദിയുടെയും അമിത് ഷായുടെയും തന്ത്രങ്ങളായിരുന്നു. അവരുടെ കൈകളിൽ ചാഞ്ചാടുന്ന പാവയായിട്ടായിരുന്നു എടപ്പാടിയെ രാഷ്ട്രീയ നിരീക്ഷകർ കണ്ടിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായി തുടരുമെന്ന് പ്രഖ്യാപിച്ചെങ്കിലും അടുത്ത വാചകമാണ് എടപ്പാടി സംഘത്തെ വെട്ടിലാക്കിയത്. വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ബി.ജെ.പി സംസ്ഥാന ഭരണം പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പ് പാർട്ടിവൃത്തങ്ങളിൽ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു.
മൂന്നു മുന്നണികളും തങ്ങളുടെ സ്ഥാനാർഥികളുടെ വിജയം സുരക്ഷിതമാക്കാൻ കൊണ്ടുപിടിച്ചു ശ്രമങ്ങൾ നടത്തുകയാണ്. 39 മണ്ഡലങ്ങളിലും വൻവിജയം സുനിശ്ചിതമാക്കാൻ ഡി.എം.കെ പദ്ധതികൾ ഒരുക്കുമ്പോൾ മറ്റു രണ്ടു മുന്നണികളും തങ്ങളുടെ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി തീപ്പൊരി പ്രസംഗങ്ങൾകൊണ്ട് മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ കോയമ്പത്തൂരിൽനിന്നാണ് തന്റെ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നത്. രാജ്യസഭാംഗമായ കേന്ദ്രമന്ത്രി എല്. മുരുകൻ നീലഗിരിയിൽനിന്ന് മത്സരിക്കുന്നു. തെലങ്കാന-പുതുച്ചേരി മുൻ ഗവർണറായ തമിഴിശൈ സൗന്ദരരാജൻ സൗത്ത് ചെന്നൈയിൽനിന്നും മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ കന്യാകുമാരിയിൽനിന്നും ഭാഗ്യം പരീക്ഷിക്കുകയാണ്.
നടൻ വിജയകാന്തിന്റെ മരണശേഷം പാർട്ടിയുടെ കടിഞ്ഞാൺ നിയന്ത്രിക്കുന്നത് ഭാര്യ പ്രേമലതയാണ്. എന്നാൽ, അവർ മത്സരരംഗത്തില്ല. പകരം മകൻ വിജയ് പ്രഭാകരനാണ് വിരുതനഗറിൽ മത്സരിക്കുന്നത്. ഏറെ പ്രതീക്ഷയുമായി രാഷ്ട്രീയത്തിൽ ഇറങ്ങിയ പാട്ടാളി മക്കൾ കക്ഷിയുടെ (പി.എം.കെ) ഉള്ളിലിരിപ്പ് സംസ്ഥാന മുഖ്യമന്ത്രിപദമായിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പി.എം.കെ വിജയിക്കണമെന്നും മകൻ അൻപുമണി രാമദാസിനെ മുഖ്യമന്ത്രിയായി വാഴിക്കണമെന്നും ഡോ. രാമദാസ് ആശിക്കുന്നുണ്ടാകണം. അതിനാലാണ് ഇക്കുറി പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്ന് അൻപുമണി രാമദാസ് തീരുമാനിച്ചത്. എന്നാൽ, ധർമപുരിയിൽ അൻപുമണിയുടെ ഭാര്യ സൗമ്യ അൻപുമണി മത്സരത്തിന്റെ ട്രാക്കിലുണ്ട്.
മുൻ മുഖ്യമന്ത്രി പന്നീർസെൽവത്തെ രാമനാഥപുരത്തുനിന്ന് മത്സരിക്കാൻ ബി.ജെ.പി അനുവദിച്ചത് ഒരു തരത്തിൽ നന്നായി. അല്ലെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം തകർന്നടിയുമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളുന്ന രാമനാഥപുരം പന്നീർസെൽവത്തെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം. ശശികലയുടെ എല്ലാമായിരുന്ന ടി.ടി.വി. ദിനകരൻ ബി.ജെ.പി സഖ്യത്തിൽ എത്തി തേനിയിൽ മത്സരിക്കുകയാണ്. തമിഴ് സംവിധായകനായ സീമാന്റെ എൻ.ഡി.കെ (നാം തമിഴർ കക്ഷി) പുതുച്ചേരി ഉൾപ്പെടെ 40 മണ്ഡലങ്ങളിൽ മത്സരിക്കുന്നു. അതിൽ 50 ശതമാനം സ്ത്രീകളാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 3.9 ശതമാനം വോട്ട് നേടാൻ കഴിഞ്ഞ എൻ.ഡി.കെ തമിഴക രാഷ്ട്രീയത്തിലെ അത്ഭുതമാണ്. ബി.ജെ.പിക്ക് ലഭിച്ചതാകട്ടെ 3.6 ശതമാനം വോട്ടും.
പല മുതിർന്ന രാഷ്ട്രീയപ്രവർത്തകരും സ്റ്റാലിൻ ഭരണത്തെ അനുകൂലിക്കുകയും മോദി ഭരണത്തെ ഇകഴ്ത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആയിരിക്കും ബി.ജെ.പിയുടെ തിരിച്ചുവരവെന്നാണ് ദ്രാവിഡ കഴകം (ഡി.കെ) നേതാവ് കെ. വീരമണി അഭിപ്രായപ്പെട്ടത്. കഴിഞ്ഞ 10 വർഷവും കറുത്ത ദിനങ്ങളാണ് ഇന്ത്യക്ക് ലഭിച്ചത്. തെറ്റായ വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ കയറിയ ശേഷം ഹിറ്റ്ലറുടെ മനോഭാവത്തിലാണ് മോദി സംസാരിക്കുന്നത് എന്ന് വീരമണി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങാതെ നിൽക്കുന്ന പുതിയൊരു രാഷ്ട്രീയക്കാരനുണ്ട് തമിഴകത്ത് -നടൻ വിജയ്. തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി അടുത്തിടെ സ്ഥാപിച്ചിട്ടു പ്രവർത്തനം സജീവമാക്കിയ വിജയ് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണുംനട്ടാണ് വിജയ് മുന്നേറുന്നത്. കേന്ദ്രമല്ല, സംസ്ഥാനമാണ് ഈ നടന്റെ ലക്ഷ്യം. ജാതിരഹിത, അഴിമതിരഹിത ഭരണമാണ് തന്റെ പാർട്ടിയുടെ മുഖമുദ്രയെന്ന് വിജയ് ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 234ൽ 159 സീറ്റും നേടി തമിഴകത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ സ്റ്റാലിന്റെ നിർണായക ചുവടുവെപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ആരംഭിക്കുകയാണ്. മറ്റു രണ്ട് മുന്നണികൾ മത്സരരംഗത്തുള്ളത് ഒരുപക്ഷേ, സ്റ്റാലിന്റെ രക്ഷക്കെത്തുമെന്നാണ് ഒരുവിഭാഗം നിരീക്ഷകരുടെ വിലയിരുത്തൽ. മാത്രമല്ല, ഇന്ത്യയിൽ മൊത്തം സംഭവിക്കേണ്ട മാറ്റത്തിന്റെ സൂചനയാകാം ഏപ്രിൽ 19ന് നടക്കുന്ന തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ്.
കെട്ടടങ്ങാത്ത ജാതിക്കോമരങ്ങൾ
വിരോധാഭാസങ്ങൾ നിറഞ്ഞതാണ് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം. ജാതിരഹിത സമൂഹത്തിന് വേണ്ടി മുറവിളി കൂട്ടുന്ന തമിഴകത്തെ രാഷ്ട്രീയ കക്ഷികൾ സഖ്യകക്ഷികളെ തോളിൽ കൈയിട്ട് ചേർത്തുപിടിക്കുമ്പോഴും ജാതിയുടെ ഗന്ധം അവരെ അലോസരപ്പെടുത്തുന്നുണ്ടാകണം. ഇത്തവണത്തെ തെരഞ്ഞെടുപ്പും പഴയതിൽനിന്ന് വ്യത്യസ്തമാകുന്നില്ല. ജാതിയിൽ ഉറച്ചുനിൽക്കുന്ന സഖ്യകക്ഷികളെയാണ് എല്ലാവരും നോട്ടമിടുന്നത്. ജാതി വിട്ടൊരു രാഷ്ട്രീയം തമിഴകത്തിന് ചിന്തിക്കാൻ കൂടി കഴിയില്ല.
ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർക്കിടയിൽ മതിൽക്കെട്ടുകൾ തീർക്കുന്ന തമിഴ് മക്കളുടെ വികാരം മനസ്സിലാക്കിയാണ് 1929ൽ തന്ത പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ സ്വയം മര്യാദ പ്രസ്ഥാനം (സെൽഫ് റെസ്പെക്ട് മൂവ്മെന്റ്) ആരംഭിക്കുന്നത്. സവർണ ഹിന്ദുക്കളുടെ കുടില പ്രവർത്തനങ്ങൾകൊണ്ട് ജീവിതം തകർന്ന അവർണ ഭൂരിപക്ഷത്തിന്റെ മോചനമായിരുന്നു ഇ.വി.ആറിന്റെ സ്വപ്നം. ജസ്റ്റിസ് പാർട്ടിയിൽനിന്നുള്ള ദ്രാവിഡ കഴകത്തിന്റെ ഉയിർത്തെഴുന്നേൽപ്പുപോലും ജാതിയുടെ പേരിൽ പുറന്തള്ളപ്പെട്ടവന്റെ രോദനത്തിൽനിന്നായിരുന്നു. പക്ഷേ, ആ സ്വപ്നങ്ങളുടെ കൊടിതോരണങ്ങൾക്കോ സ്വാതന്ത്ര്യാനന്തര ജാഗ്രതകൾക്കോ തമിഴകത്തെ രക്ഷിക്കാനായില്ല. ഇന്നും ജാതിയുടെയും മതത്തിന്റെയും ഭീകരതകളിൽ അവർണ ഭൂരിപക്ഷം നെഞ്ചടിച്ചുവീഴുകയാണ്. തലപൊക്കാൻ ആകാത്തവിധം ഗ്രാമങ്ങളിൽ മതിൽകെട്ടി താഴ്ന്ന ജാതിക്കാരെ വേർതിരിക്കുന്നു. ദൈവങ്ങളുടെ തിരുസന്നിധിയെന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങളിൽ അവർക്ക് പ്രവേശനമില്ല
ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ജാതിയുടെ ഹീനമായ കടന്നുകയറ്റം നമുക്ക് കാണാം. ഡോ. രാമദാസിന്റെ പി.എം.കെയും തോൽതിരുമാവളവന്റെ വി.സി.കെയും യഥാക്രമം ബി.ജെ.പിയുടെയും ഡി.എം.കെയുടെയും കൂടക്കീഴിൽ എത്തിക്കഴിഞ്ഞു. ദലിത് പാർട്ടിയുടെ രക്ഷകൻ എന്ന പ്രതിച്ഛായ സ്വയം എടുത്തണിയുന്ന തോൽതിരുമാവളവൻ അവർക്കുവേണ്ടി എന്തുചെയ്തു എന്ന ചോദ്യം മാത്രം ചോദിക്കരുത്. ആദർശം പറഞ്ഞു നടക്കുന്ന വണ്ണിയാർ സമുദായത്തിന്റെ രക്ഷകൻ രാമദാസ് എന്ന ഡോക്ടറയ്യ സ്വന്തം ജാതിയുടെ ഉന്നമനത്തിനു വേണ്ടിയാണ് സംസാരിക്കുന്നത്. മണ്ഡൽ കമീഷൻ നടപ്പാക്കിയപ്പോൾ ബി.ജെ.പി എതിരായിരുന്നു. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയോടൊപ്പം തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയാകാൻ എങ്ങനെ കഴിഞ്ഞു എന്നതാണ് തമിഴകത്തെ നിരീക്ഷകർ അത്ഭുതപ്പെടുന്നത്.
സംസ്ഥാനത്തിന്റെ ജനസംഖ്യയിൽ 20 ശതമാനം ദലിതരാണ്. എന്നാൽ, വണ്ണിയാർ സമുദായം 14 ശതമാനവും. ദലിത് വിഭാഗത്തിൽ 12 ശതമാനം പറയരും അഞ്ച് ശതമാനം ദേവേന്ദ്രകുലംവെള്ളാളരും മൂന്നു ശതമാനം അരുന്ധതിയാരും ഉൾക്കൊള്ളുന്നു. മുക്കളത്തൂർ തേവർ, ഗൗണ്ടർ, നാടാർ, യാദവ്, നായിഡു, മുതലിയാർ, ചെട്ടിയാർ, പിള്ളേർ, പട്ടികവിഭാഗം എന്നിവ ഉൾപ്പെടെ 32 ശതമാനമാണുള്ളത്.
തമിഴകം ജാതിക്കോമരങ്ങളുടെ വിളനിലവും ദലിതർ തകർന്നുവീഴുന്ന പടനിലവുമാണ്. ഭാരതീയ സാംസ്കാരിക പൈതൃകത്തിനുപോലും മാനക്കേട് സൃഷ്ടിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് തമിഴകത്തെ ദലിതരുടെ ഗ്രാമങ്ങളിൽ നടക്കുന്നത്. ജാതിയുടെ പേരിൽ ഇടപെട്ടാൽ തങ്ങളുടെ വോട്ട് ബാങ്കുകൾ നഷ്ടപ്പെടുമെന്ന ഭീതിയാണ് ഡി.എം.കെ ഉൾപ്പെടെയുള്ള ദ്രാവിഡ കക്ഷികൾക്കുള്ളത്. ജാതിയുടെ പേരിൽ ഇത്രയധികം രാഷ്ട്രീയ പാർട്ടികളുള്ള സംസ്ഥാനം ഇന്ത്യയിൽ വേറെ ഉണ്ടോയെന്ന് സംശയമാണ്. കീഴാളരുടെ ആത്മാഭിമാനത്തിനു വേണ്ടി പെരിയാർ രൂപവത്കരിച്ച സ്വയം മര്യാദ പ്രസ്ഥാനം തമിഴക ഗ്രാമങ്ങളിൽ അന്ത്യശ്വാസം വലിക്കുകയാണ്. ഇനിയൊരിക്കലും മഹത്തായ ഒരു ആശയമാകാൻ അതിന് കഴിഞ്ഞെന്നുവരില്ല. നൂറ്റാണ്ടുകളായി നിരവധി മാനുഷിക മൂല്യങ്ങളെ മുലയൂട്ടി വളർത്തിയ തമിഴകം ഇന്ന് ജാതിയുടെ പേരിൽ അരാജകത്വത്തിന്റെ വിഷവിത്തുകൾ വാരിവിതറുകയാണ്. ദലിതന്റെ ശവക്കല്ലറയിൽ അവ പൂത്തുലഞ്ഞു കിടക്കുന്നത് കാണാൻ സവർണ മേധാവികൾ കാത്തിരിക്കുന്നു.
ക്രിമിനലുകൾ വാഴും കാലം
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ചിത്രം വ്യക്തമായതോടെ പല അപ്രിയസത്യങ്ങളും പുറത്തുവരാൻ തുടങ്ങി. തങ്ങൾക്കെതിരെ കേസുകൾ ഉണ്ടെന്ന് 15 ശതമാനത്തോളം സ്ഥാനാർഥികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. 39 മണ്ഡലങ്ങളിൽ മത്സരിക്കുന്ന 950 സ്ഥാനാർഥികളുടെ വിവരങ്ങൾ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) വിശകലനം ചെയ്തിരുന്നു. അതിൽ 15 ശതമാനം ക്രിമിനൽ കേസുകളിൽപെട്ടിട്ടുണ്ടെന്നും അതിൽ 81 ശതമാനം ഗുരുതരമായ ക്രിമിനൽ കേസുകളിൽപെട്ടവരാണെന്നും ഒരു സംഘടന കണ്ടെത്തി.
ഗുരുതരമായ കേസുകളിൽപെട്ടവർക്ക് പരമാവധി അഞ്ച് വർഷമോ അതിനു മുകളിലോ ജയിൽശിക്ഷ ലഭിക്കാവുന്നതാണ്. പലതരത്തിലുള്ള കുറ്റങ്ങളാണ് അവരിൽ ചുമത്തിയിരിക്കുന്നത്. ഖജനാവിന് നഷ്ടം വരുത്തിയ തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങൾ, ആക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ആർ.പി.എ (സെക്ഷൻ 8) പറയുന്ന മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ജാമ്യമില്ലാത്ത വകുപ്പുകളാണ്. അഞ്ച് സ്ഥാനാർഥികളുടെ സത്യവാങ്മൂലം സ്കാൻ ചെയ്യാൻ ലഭിച്ചിട്ടില്ലെന്ന് എ.ഡി.ആർ പറയുന്നു.
കോൺഗ്രസിൽ നോമിനേഷൻ ഫയൽ ചെയ്ത ഒമ്പതുപേരിൽ ഏഴുപേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. അതിൽ രണ്ടുപേർ ഗുരുതരമായ ക്രിമിനൽ കേസുകളിൽപെട്ടവരും. 22 ഡി.എം.കെ സ്ഥാനാർഥികളിൽ 13 പേർ ക്രിമിനൽ കേസുകൾ ഉള്ളവരാണ്. ആറുപേർ ഗുരുതരമായ ക്രിമിനൽ കേസുകളിൽപെട്ടവരും. എ.െഎ.ഡി.എം.കെയിൽ 12 സ്ഥാനാർഥികൾ ക്രിമിനൽ കേസുള്ളവരാണെന്ന് അവർതന്നെ തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട് എൻ.ടി.കെയുടെ 39 സ്ഥാനാർഥികളിൽ 11 പേർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. പി.എം.കെ സ്ഥാനാർഥികളിൽ ആറുപേർക്കെതിരെ ക്രിമിനൽ കേസ് നിലനിൽക്കുന്നു. ഡി.എം.ഡി.കെ, എ.എം.എം.കെ, സി.പി.എം, വി.സി.കെ എന്നീ കക്ഷികളുടെ സ്ഥാനാർഥികളിൽ ഓരോരുത്തർ വീതം ക്രിമിനൽ കേസിൽ പ്രതികളാണ്.
വോട്ടർമാർ, സ്ഥാനാർഥികൾ
39 ലോക്സഭാ മണ്ഡലങ്ങളിലെ മത്സരങ്ങൾക്ക് 950 സ്ഥാനാർഥികളാണ് ഇപ്പോൾ പത്രിക സമർപ്പിച്ചിരിക്കുന്നത്. (പോണ്ടിച്ചേരി മറ്റൊരു മണ്ഡലമാണ്.) 1749 നാമനിർദേശ പത്രികകളിൽ 185 എണ്ണമാണ് സ്വീകരണ യോഗ്യമായത്. 135 പത്രികകൾ പിൻവലിച്ചു. ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് കരൂർ മണ്ഡലത്തിലാണ് - 56.
സംസ്ഥാനത്ത് 6,23,33,925 വോട്ടർമാരാണുള്ളത്. അതിൽ 3,06,05,793 പുരുഷന്മാരും, 3,17,19,665 സ്ത്രീകളും. ട്രാൻസ്ജെൻഡർ 8467 പേർ. മറ്റൊരു കൗതുകകരമായ വാർത്ത 120 വയസ്സിന് മുകളിലുള്ള 58 പേർ വോട്ട് ചെയ്യാൻ കാത്തിരിക്കുന്നു. അവരുടെ വീട്ടിൽപോയി വോട്ട് രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ ആലോചിക്കുന്നുണ്ട്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, പന്നീർസെൽവം
പണവും സൗജന്യങ്ങളും ഒഴുകുമ്പോൾ
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പും രാഷ്ട്രീയക്കാർ വോട്ടർമാർക്ക് നൽകുന്ന സൗജന്യങ്ങളും പരസ്പരപൂരകങ്ങളാണ്. പണവും ആനുകൂല്യങ്ങളും സമ്മാനങ്ങളും നൽകിയാൽ മാത്രമേ വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ വീഴുകയുള്ളൂ എന്ന ചിന്താഗതി ഇവിടെ വർഷങ്ങളായി രൂഢമൂലമാണ്. കരുണാനിധിയും ജയലളിതയും അധികാരക്കസേരയിൽ ഇരിക്കുമ്പോൾതന്നെ സൗജന്യങ്ങൾ വാരിക്കോരിക്കൊടുത്തു ജനങ്ങളെ കൈയിലെടുക്കാൻ മത്സരിച്ചിരുന്നു. ടി.വി, ഫ്രിഡ്ജ്, മിക്സി, ഗ്രൈൻഡർ തുടങ്ങിയ ആകർഷകമായ ഗൃഹോപകരണങ്ങൾ നൽകിയാണ് ദ്രാവിഡ കക്ഷികൾ ജനങ്ങളെ വശീകരിച്ചിരുന്നത്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ പല മണ്ഡലങ്ങളിലും പണവും സമ്മാനങ്ങളും ഒഴുകിയെത്താൻ തുടങ്ങി. കൂടുതൽ പണം വോട്ടർമാരിൽ എത്തിക്കാൻ സ്ഥാനാർഥികൾ പരസ്പരം മത്സരിക്കുകയാണ്.
രണ്ടാഴ്ച മുമ്പാണ് സ്വർണവും പണവും ഉൾപ്പെടെ 304 കോടി തെരഞ്ഞെടുപ്പു കമീഷന്റെ സ്ക്വാഡുകൾ പിടിച്ചെടുത്തത്. എന്നാൽ, കണക്കിൽപെടാത്ത കോടികൾ തമിഴകത്ത് ഒഴുകുന്നുണ്ട്. കാരണം, സൗജന്യങ്ങൾ നൽകാതെ ജനങ്ങളെ വശത്താക്കാൻ കഴിയില്ലെന്ന് ഇവിടത്തെ സർവ രാഷ്ട്രീയ പാർട്ടികളും വിശ്വസിക്കുന്നു. 39 മണ്ഡലങ്ങളിലെ (പുതുച്ചേരിയും ചേർത്ത് 40) സ്ഥാനാർഥികളും പണം വാരിക്കോരി ചെലവിടുന്നുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം 143.06 കോടി രൂപയും 121.65 കോടി രൂപ വിലവരുന്ന സ്വർണവും 5.01 കോടിയുടെ മയക്കുമരുന്നുകളും 93 ലക്ഷത്തിന്റെ മദ്യവും 32.06 ലക്ഷം രൂപയുടെ മറ്റ് സമ്മാനങ്ങളും പിടിച്ചെടുത്തിരുന്നു. ഭരണത്തിലെത്തുന്നവർ അഴിമതിയിലൂടെ പണം വാരിക്കൂട്ടുമ്പോൾ ഔദാര്യമായി കിട്ടുന്ന പണവും സമ്മാനങ്ങളും തങ്ങൾ എന്തിന് ഒഴിവാക്കണമെന്ന മനോഭാവമാണ് തമിഴകത്തെ സാധാരണക്കാർക്കുള്ളത്. ഈ ചിന്താഗതി ഓരോ തെരഞ്ഞെടുപ്പു കഴിയുംതോറും വർധിക്കുകയാണ്.
കഴിഞ്ഞതവണ അരുവാക്കുറിച്ചി, വെല്ലൂർ, ആർ.കെ നഗർ തുടങ്ങിയ മണ്ഡലങ്ങളിൽ പണം വിതരണം ചെയ്തതിന്റെ പേരിൽ തെരഞ്ഞെടുപ്പ് തന്നെ മാറ്റിവെച്ചിരുന്നു. കഴിഞ്ഞവാരം വോട്ടർമാർക്ക് രഹസ്യമായി വിതരണം ചെയ്യാനായി ചെന്നൈയിൽനിന്ന് തിരുനെൽവേലി മണ്ഡലത്തിലേക്കു കൊണ്ടുപോയ നാല് കോടി രൂപ ട്രെയിനിൽനിന്ന് സ്ക്വാഡ് പിടികൂടി. ബി.ജെ.പി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന് വേണ്ടിയാണ് ഈ പണം ഒഴുകിയത്. പണം കൊണ്ടുപോയ മൂന്നുപേർ അറസ്റ്റിലായി. ഇവർക്ക് ട്രെയിനിൽ യാത്രചെയ്യാൻ എമർജൻസി േക്വാട്ടയിൽ ടിക്കറ്റെടുത്തത് സ്ഥാനാർഥിയുടെ െലറ്റർഹെഡ് ഉപയോഗിച്ചാണ്. സ്ഥാനാർഥിയുടെ തിരിച്ചറിയൽ കാർഡുകളുടെ പകർപ്പും ഇവരുടെ കൈകളിൽ ഉണ്ടായിരുന്നു. സ്ഥാനാർഥിയുടെ ഹോട്ടലിലെ ജീവനക്കാരായിരുന്നു ഇവർ. എന്നാൽ, പിടിച്ചെടുത്ത നാല് കോടിയുമായോ അവരുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്ന് നൈനാർ നാഗേന്ദ്രൻ പ്രസ്താവനയിറക്കി.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വീടുകളിൽ നോട്ടുകൾ െവച്ച ടിഫിൻ പാത്രങ്ങളും പ്രഷർ കുക്കറുകളും വിതരണംചെയ്യുക സാധാരണമാണ് (കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബംഗളൂരുവിൽ മാത്രം നാലു ലക്ഷം പ്രഷർ കുക്കർ വിതരണംചെയ്തു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്). രഹസ്യമായി വിതരണംചെയ്യുന്ന കൂപ്പണുകൾ ഉപയോഗിച്ച് പലചരക്കു കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യവും സ്ഥാനാർഥികൾ ഒരുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.