ബംഗാളിലെ ചുഴികൾ കൊടുങ്കാറ്റുകൾ

അടിയൊഴുക്കുകളും അപ്രതീക്ഷിതമായ ഗതിവിഗതികളുംകൊണ്ട് സംഭവബഹുലമാണ് ബംഗാൾ രാഷ്ട്രീയം. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തുമ്പോഴും രാഷ്ട്രീയ ചരിത്രത്തിലെ നാടകീയതകൾ തീർത്ത സ്വാധീനവലയത്തിലാണ് ബംഗാൾ. എന്താണ്​ ബംഗാളിൽ നടക്കുന്നത്? –ടെലഗ്രാഫ്​ പത്രത്തി​ന്റെ എഡിറ്റർ അറ്റ്​ ലാർജും ദീർഘകാലമായി കൊൽക്കത്തയിൽ താമസിക്കുകയും ചെയ്യുന്ന മുതിർന്ന മാധ്യമപ്രവർത്തക​ന്റെ അവലോകനം.30ലേറെ വർഷം ഇടതു ഭരിച്ചിരുന്ന ബംഗാളിൽ എങ്ങനെ തൃണമൂൽ ഇടംകണ്ടെത്തി എന്നത് വിശദമായി പരിശോധിക്കുമ്പോൾ രണ്ട് പ്രധാന വസ്തുതകളാണ് മനസ്സിലാക്കാനാവുക. ഇടതിന്‍റെ ഇടം ശരിക്കും മമത കൈയടക്കുകയായിരുന്നു. 1977ൽ ഇടതുപക്ഷം അധികാരത്തിൽ...

അടിയൊഴുക്കുകളും അപ്രതീക്ഷിതമായ ഗതിവിഗതികളുംകൊണ്ട് സംഭവബഹുലമാണ് ബംഗാൾ രാഷ്ട്രീയം. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തുമ്പോഴും രാഷ്ട്രീയ ചരിത്രത്തിലെ നാടകീയതകൾ തീർത്ത സ്വാധീനവലയത്തിലാണ് ബംഗാൾ. എന്താണ്​ ബംഗാളിൽ നടക്കുന്നത്? –ടെലഗ്രാഫ്​ പത്രത്തി​ന്റെ എഡിറ്റർ അറ്റ്​ ലാർജും ദീർഘകാലമായി കൊൽക്കത്തയിൽ താമസിക്കുകയും ചെയ്യുന്ന മുതിർന്ന മാധ്യമപ്രവർത്തക​ന്റെ അവലോകനം.

30ലേറെ വർഷം ഇടതു ഭരിച്ചിരുന്ന ബംഗാളിൽ എങ്ങനെ തൃണമൂൽ ഇടംകണ്ടെത്തി എന്നത് വിശദമായി പരിശോധിക്കുമ്പോൾ രണ്ട് പ്രധാന വസ്തുതകളാണ് മനസ്സിലാക്കാനാവുക. ഇടതിന്‍റെ ഇടം ശരിക്കും മമത കൈയടക്കുകയായിരുന്നു. 1977ൽ ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോൾ പറഞ്ഞിരുന്ന കാര്യങ്ങളാണ് മമതയും പറയുന്നത്. സി.പി.എം അംഗീകരിക്കില്ലെങ്കിലും തങ്ങളാണ് യഥാർഥ ലെഫ്റ്റെന്നും അതുവരെയുള്ള ഇടതുപക്ഷം യാഥാസ്ഥിതികരും ചൂഷകരുമായിമാറിക്കഴിഞ്ഞിരിക്കുന്നുവെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് മമതയുടെ തേരോട്ടം. ഭൂപ്രശ്നം, വിശേഷിച്ചും നന്ദിഗ്രാമും സിംഗൂരും ഇൗ അർഥത്തിൽ അവർ ഉയർത്തിക്കാട്ടി. നന്ദിഗ്രാമിൽ കെമിക്കൽ ഹബിന് വേണ്ടി സ്ഥലം ഏറ്റെടുക്കുമെന്ന് നോട്ടീസ് പതിച്ചതേയുള്ളൂ.

ശരിക്കും അവിടെ ഭൂമിയേറ്റെടുക്കൽ നടന്നിട്ടില്ലായിരുന്നു. സി.പി.എം നേതാവ്​ ലക്ഷ്മൺ സേത്തിന്റെ (പിന്നീട് പാർട്ടി വിട്ടു) നേതൃത്വത്തിലാണ് അവിടെ നോട്ടീസ് പതിക്കുന്നത്. ഭൂമി ഏ​െറ്റടുത്തിരിക്കുമെന്ന അദ്ദേഹത്തിന്റെ ധാർഷ്ട്യം കൂടിയായതോടെ ആളുകൾ എതിരായി. എതിർശബ്ദങ്ങളെയൊന്നും പരിഗണിക്കാതെ ‘അധികാരമുണ്ട്, തങ്ങൾ എന്തും ചെയ്യുമെന്ന’ ധിക്കാരഭാവം കൂടിയായതോടെ ആളുകൾ ഇളകി. പൊലീസിന്‍റെ വഴി മുടക്കുന്നതിനായി റോഡ് രണ്ടായി മുറിച്ച് ജനം തെരുവിലിറങ്ങിയതാണ് തുടക്കം. പിന്നാലെ സർക്കാർ ജീപ്പും കത്തിച്ചു.

കർഷകന് കൃഷിഭൂമി എന്ന വാഗ്ദാനം നടപ്പാക്കിയ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നാണ് ഇത്തരമൊരു കർഷകവിരുദ്ധ നിലപാടുണ്ടായത്. നന്ദിഗ്രാം കത്തുന്ന സമയത്ത് ഏതാണ്ട് സിംഗൂർ പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ, നന്ദിഗ്രാം കൂടിയായതോെട പ്രശ്നം വീണ്ടും വഷളായി. സി.പി.എമ്മാകട്ടെ വളരെ മോശമായ നിലയിലാണ് നന്ദിഗ്രാം കൈകാര്യം ചെയ്തത്. വെടിവെപ്പിൽ 14 പേരാണ് മരിച്ചത്. ഇതോടെ, കാര്യങ്ങൾ കൈവിട്ടു. ഈ ഘട്ടത്തിലാണ് മമത ഇടപെടുന്നതും സിംഗൂരിൽ സത്യഗ്രഹമിരിക്കുന്നതും. കൃഷിഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തെ ചെറുക്കാനും ഭൂമി തിരിച്ചുനൽകാനും കഴിയുമെന്ന നിലയിൽ ജനങ്ങളുടെ ആത്മവിശ്വാസം ആർജിക്കാൻ മമതക്ക് കഴിഞ്ഞതാണ് അവർക്ക് വിജയമായത്.

വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടുകയും കർഷകരടക്കം അടിസ്ഥാനവിഭാഗങ്ങൾക്കുവേണ്ടി നിലകൊള്ളുകയും ചെയ്തതോടെ ലെഫ്റ്റ് തങ്ങളാണെന്ന് സ്ഥാപിക്കാൻ മമതക്ക് കഴിഞ്ഞു. രണ്ടാമത്തേത്, ബംഗാളിൽ ഇടതുപക്ഷം ‘ആന്റി മുസ്‍ലിം’ ആണെന്ന ധാരണയുണ്ടാക്കാനായി എന്നതാണ്. ജനസംഖ്യയുടെ 30 ശതമാനത്തോളം മുസ്‍ലിംകളുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാൾ എന്നതിനാൽ വിശേഷിച്ചും. മുസ്‍ലിം ജനസംഖ്യ ഏറെയുള്ള സ്ഥലമാണ് നന്ദിഗ്രാം. സ്വാഭാവികമായും പദ്ധതി വന്നാൽ മുസ്‍ലിം വിഭാഗങ്ങളെയാണ് ഏറെ ബാധിക്കുമായിരുന്നത്. ഖബറുകളെല്ലാം വെട്ടിപ്പൊളിക്കാൻ പോകുന്നുവെന്ന വലിയ പ്രചാരണമുണ്ടായി. 14 പേർ കൊല്ലപ്പെട്ടതിലും മുസ്‍ലിംകൾ ഏറെയായിരുന്നു.

നന്ദിഗ്രാമിലും സിംഗൂരിലും ഏറ്റവുമൊടുവിലുണ്ടായ ഇൗ സംഭവത്തിലും ‘‘ഞങ്ങൾക്ക് തെറ്റ് പറ്റിപ്പോയി, സംഭവിക്കാൻ പാടില്ലാത്തതാണ്, വീഴ്ചപറ്റി’’എന്നിങ്ങനെ ആവർത്തിച്ച് മാപ്പ് പറയലുകളിലായി ബുദ്ധദേവിന്‍റെ ജോലി, തെറ്റ് ഏറ്റുപറയുന്നതിനും മാപ്പ് ചോദിക്കുന്നതിനും ‘ദുഃഖപ്രകാശ്’ എന്നാണ് ബംഗാളി ഭാഷയിൽ പറയുന്നത്. ബുദ്ധദേവിനെ ‘ദുഃഖപ്രകാശ് ഭട്ടാചാര്യ’ എന്ന് പേരിട്ട് പരിഹസിക്കാൻ തുടങ്ങിയത് ഇൗ ഘട്ടത്തിലാണ്.

ബംഗാളിന്‍റെ മറ്റൊരു പ്രത്യേകത, ഏത് വശത്തേക്കാണ് അധികാരക്കാറ്റ് അവിടേക്ക് അണികൾ ഒഴുകിമാറുമെന്നതാണ്. പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറ നഷ്ടപ്പെട്ടെങ്കിലും ഭരണമുള്ളതുകൊണ്ടാണ് അതുവരെ സി.പി.എമ്മിനൊപ്പം ആളുകൾ നിലനിന്നത്. 2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അടിയൊഴുക്കിന്‍റെ സൂചനകൾ പ്രകടമായിത്തുടങ്ങി. വലിയ തിരിച്ചടിയാണ് സി.പി.എമ്മിനുണ്ടായത്. നേട്ടമുണ്ടായത് മമതക്കും. നഗരപ്പാർട്ടിയായ മമതയുടെ ടി.എം.സി ഗ്രാമങ്ങളിലേക്ക് പടർന്നുകയറുകയായിരുന്നു. ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രമായ സൗത്ത് ബംഗാളിൽ മമത കടന്നുകയറി. ശീട്ടുകൊട്ടാരം പോലെ സി.പി.എം ശക്തിദുർഗങ്ങൾ തകർന്നുവീഴുകയായിരുന്നു. 2009ലെ ലോക്സഭ തെര​െഞ്ഞടുപ്പോടെ മമതയുടെ മുന്നേറ്റം പിടിച്ചാൽ കിട്ടാത്തവിധമാണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു. ലെഫ്റ്റ് ഒരിക്കലും അംഗീകരിക്കില്ലെങ്കിലും സി.പി.എമ്മിന്റെ ​േസ്പസാണ് മമത കൈയടക്കിയത്.

 

രാഷ്ട്രീയത്തിൽ അറിയാതെയുണ്ടാകുന്ന സംഭവങ്ങൾ വലിയ വിവാദങ്ങളായി മാറാറുണ്ട്. സിംഗൂരും നന്ദിഗ്രാമും കത്തുന്നതിനിടെ അങ്ങനെയൊരു സാധാരണ സംഭവം വലിയ കോളിളക്കമായി കത്തിപ്പടർന്നു. മാർവാഡിയായ ഹിന്ദു പെൺകുട്ടിയും മുസ്‍ലിം ചെറുപ്പക്കാരനും തമ്മിലുണ്ടായ പ്രണയമാണ് സംഭവങ്ങളുടെ തുടക്കം. വ്യവസായിയുടെ മകളാണ് പെൺകുട്ടി. പയ്യനാകട്ടെ പഠിക്കാൻ മിടുക്കനും കോളജിൽ വളരെ പോപുലറുമായിരുന്നു. ഇരുവരും വിവാഹം കഴിക്കുന്നു. കൊട്ടാരംപോലുള്ള വീട്ടിൽനിന്ന് അത്രയൊന്നും സൗകര്യമില്ലാത്ത ഗല്ലിയിലെ യുവാവിന്റെ വീട്ടിലേക്ക് പെൺകുട്ടി താമസം മാറി. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനെ ഉപയോഗിച്ച് യുവാവിനെ ഭയപ്പെടുത്താനൊക്കെ ശ്രമിച്ചു.

പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാകണം പൊലീസ് കമീഷണർ പ്രസൂൺ മുഖർജി യുവാവിനെ വിളിച്ചുവരുത്തി വിരട്ടുകയും താക്കീത് നൽകുകയുമൊക്കെ ചെയ്തു. ഇത് യുവാവിനെ വല്ലാതെ മാനസിക സമ്മർദത്തിലാക്കി. ഇതിനിടെ പെൺകുട്ടി വീട്ടിലേക്ക് പോയെങ്കിലും തിരിച്ചുപോകാൻ അനുവദിക്കാതെ വീട്ടുകാർ തടഞ്ഞുവെച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ചുകിടക്കുന്നതായാണ് കണ്ടെത്തിയത്. കൊൽക്കത്ത സെന്റ് സേവ്യേഴ്സ് കോളജിലെ പൂർവ വിദ്യാർഥിയും വിദ്യാർഥികൾക്കിടയിലെല്ലാം ജനകീയനുമായിരുന്നു ഇൗ ചെറുപ്പക്കാരൻ. യുവാവിന്റെ മരണം വലിയ വിദ്യാർഥി പ്രക്ഷോഭത്തിനാണ് വഴിതെളിച്ചത്. ബുദ്ധദേവ് ഭട്ടാചാര്യയാണ് അന്ന് മുഖ്യമന്ത്രി. സിംഗൂർ^നന്ദിഗ്രാം പ്രശ്നമെല്ലാം കഴിഞ്ഞ് നിൽക്കുന്ന സമയം.

മമത ഇൗ സമയം കൊൽക്കത്ത സിറ്റിയിലുണ്ട്. തൃണമൂൽ ശരിക്കും അന്ന് നഗരകേന്ദ്രീകൃത പാർട്ടിയാണ്. ഗ്രാമങ്ങളിൽ അധികം പ്രവർത്തനവും വേരുകളുമൊന്നുമുണ്ടായിരുന്നില്ല. അതേസമയം, സി.പി.എം ഒരിക്കലും ​െകാൽക്കത്ത നഗരത്തിൽ ശക്തമായ സാന്നിധ്യമായിരുന്നില്ല. കോർപറേഷനിലൊക്കെ അപൂർവമായേ വിജയിച്ചിട്ടുള്ളൂ. സി.പി.എം പടർന്ന് പന്തലിച്ചിരുന്നത് ഗ്രാമങ്ങളിലായിരുന്നു. വിദ്യാർഥിപ്രക്ഷോഭം കനത്തതോടെ മമതയും ഇറങ്ങിത്തിരിച്ചു. പൊളിറ്റിക്കൽ പൾസ് തിരിച്ചറിയാനുള്ള കഴിവ് മമതയുടെ വലിയ സവിശേഷതയാണ്.

പബ്ലിക് സെന്റിമെന്റ്സിനൊപ്പം എവിടെയും എടുത്തുചാടാൻ തന്റേടമുള്ളയാളാണ് മമത. മരിച്ച യുവാവിന്റെ വീട്ടിലെത്തി മാതാവിനെയും സഹോദരനെയും സന്ദർശിച്ചായിരുന്നു മമതയുടെ ഇടപെടൽ. ഇതിനിടെ സംഭവങ്ങൾ വിശദീകരിക്കാൻ പൊലീസ് കമീഷണർ പ്രസൂൺ മുഖർജി വിളിച്ച വാർത്തസമ്മേളനത്തിലെ ഒരു പരാമർശം വലിയ കോളിളക്കമായി. ചോദ്യങ്ങൾക്ക് മറുപടി പറയവേ ‘‘ഒരു പെൺകുട്ടിയുടെ അച്ഛന്‍റെ വേദന നിങ്ങൾക്ക് അറിയില്ല, എനിക്കത് മനസ്സിലാകും’’ എന്നതായിരുന്നു പിന്നീട് പടർന്നുകത്തിയ വിവാദ പരാമർശം. മമതയടക്കം ഇതിനെതിരെ രംഗത്തെത്തി.

മുർഷിദാബാദിലെ സി.പി.എം സ്​ഥാനാർ​ഥി മുഹമ്മദ്​ സലീമും സീതാറാം യെച്ചൂരിയും

 ഗത്യന്തരമില്ലാതെ പൊലീസ് കമീഷണറെ സർക്കാറിന് മാറ്റേണ്ടിവന്നു. എന്നിട്ടും പ്രശ്നം തീർന്നില്ല. പ്രതിഷേധം അലയടിച്ചു. തെരുവുകൾ സമരമുഖരിതമായി. നിവൃത്തിയില്ലാതെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്ക് യുവാവിന്‍റെ വീട് സന്ദർശിക്കേണ്ടി വന്നു. അപ്പോഴേക്കും വളരെ വൈകി. ജനക്കൂട്ടം കൂക്കിവിളിച്ചാണ് ബുദ്ധദേവിനെ എതിരേറ്റത്. മമത സെറ്റ് ചെയ്ത അജണ്ടയിലേക്ക് മുഖ്യമന്ത്രിക്ക് ഇറങ്ങിവരേണ്ടിവന്നു. മമത അവിടെ പോയില്ലായിരുന്നുവെങ്കിൽ ബുദ്ധദേവിന് പോകേണ്ടി വരുമായിരുന്നില്ല.

അധികാരത്തിൽ വന്നതോടെ ഒട്ടനവധി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചാണ് മമത ജനവിശ്വാസമാർജിച്ചത്. ജനസംഖ്യയിലെ 88 ശതമാനം ആളുകളും (8 കോടിയോളം) സർക്കാറിന്‍റെ ഏതെങ്കിലും ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാണ്. ‘ഗൃഹനാഥനു’ പകരം ’ഗൃഹനാഥ’കളെ മുഖ്യസ്ഥാനത്ത് നിർത്തിയായിരുന്നു ക്ഷേമ പദ്ധതികളെല്ലാം. വീട്ടിലെ സ്ത്രീകളുടെ പേരിലാണ് ആനുകൂല്യ കാർഡുകളെല്ലാം. സാമ്പത്തിക ശേഷിയുള്ളവർക്കും ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ചു. വലിയ ശാക്തീകരണത്തിനാണ് ഇത് വഴിതുറന്നത്. ഇക്കാര്യങ്ങൾക്കെല്ലാം മമതയെ വളരെയധികം സഹായിച്ചത് പി.ബി. സലീം എന്ന മലയാളി ഐ.എ.എസ് ഓഫിസറാണ്.

ക്ഷേമ പദ്ധതികളെല്ലാം അദ്ദേഹം ക്രിയാത്മകമായും മനോഹരമായും നടപ്പാക്കി. ‘ദീദീ കോ ബോലൊ’ എന്ന പേരിൽ കാൾ സെന്റർ സംവിധാനം ഏർപ്പെടുത്തി. എന്തു പ്രശ്നമുണ്ടെങ്കിലും ഈ ഫോൺ ​െലെനിൽ വിളിച്ച് പറഞ്ഞാൽ 24 മണിക്കൂറിനകം പ്രതികരണമുണ്ടാകുമെന്നതായിരുന്നു പ്രത്യേകത. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരുപാട് സ്കീമുകൾ പ്രഖ്യാപിച്ചു. ഇടതുപക്ഷവും കോൺഗ്രസും ബി.ജെ.പിയുമെല്ലാം ഇത് പലപ്പോഴും മറച്ചുവെക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

തീർച്ചയായും മമതയുടെ ബംഗാളിൽ പ്രശ്നങ്ങളുണ്ട്. സിംഗൂരും നന്ദിഗ്രാമുമെല്ലാം ഉയർത്തിയെങ്കിലും എന്നാൽ, പിന്നീട് ഈ വിഷയങ്ങളിൽനിന്ന് ഇറങ്ങാനാകാത്ത സ്ഥിതി മമതക്കുണ്ടാക്കി. ഭൂമി ബലമായി പിടിച്ചെടുക്കുന്നതിനെയാണ് താൻ എതിർത്തതെന്നും വ്യവസായവത്കരണത്തിന് താൻ എതിരല്ലെന്നും മമത ആവർത്തിച്ചെങ്കിലും ‘വ്യവസായ വിരോധി’യെന്ന ചാപ്പ അവർക്ക് ചാർത്തിക്കിട്ടി. ടാറ്റയെ പോലുള്ള സംരംഭത്തെ ഓടിച്ചതിലൂടെ വികസനവിരോധിയെന്ന പ്രതിച്ഛായയുമുണ്ടായി. ഇക്കാലയളവിൽ സംരംഭങ്ങളൊക്കെ വന്നിട്ടുണ്ടെങ്കിലും ഇതുവരെയും മമതക്ക് ഈ പ്രതിച്ഛായ മാറ്റാനായിട്ടില്ല.

ട്രേഡ് യൂനിയനുകൾ കാരണം കമ്പനികളെല്ലാം പൂട്ടിപ്പോയി എന്ന ബംഗാളിനെതിരെ വർഷങ്ങളായുള്ള പൊതു ആരോപണങ്ങൾക്കു പിന്നാലെയാണിത്. വലിയ പദ്ധതി വന്നാലേ മമതക്ക് മേലുള്ള ചാപ്പ മാറിക്കിട്ടൂ. അങ്ങനെ എടുത്തുപറയാവുന്ന വലിയ പദ്ധതികളുമില്ല. ഒരുലക്ഷം കോടിയുടെ വ്യവസായം വരുന്നുവെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഒന്നും കാണാനില്ല. റിയൽ എസ്റ്റേറ്റും അനുബന്ധമായ സംരംഭങ്ങളും മാത്രമാണ് അവിടെ സാമ്പത്തിക കാര്യക്ഷമതയായുള്ളത്. മാനുഫാക്ചറിങ് മേഖല ദയനീയമാണ്. തൊഴിലില്ലായ്മ രൂക്ഷവും. അതുകൊണ്ടാണ് ബംഗാളിൽനിന്നൊക്കെ ആളുകൾ ഇവിടെ തൊഴിൽ തേടിയെത്തുന്നത്. ഇൗ പ്രവണത കുറയുകയല്ല, കൂടിക്കൊണ്ടിരിക്കുകയാണ്.

ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരളത്തിന് സംഭവിച്ചത് ബംഗാളിലുമുണ്ടായി. കേന്ദ്ര ഫണ്ട് കൂടി ഉപയോഗിച്ചാണ് പല ക്ഷേമപദ്ധതികൾക്കും രൂപം നൽകിയത്. കേന്ദ്രസർക്കാർ ഫണ്ട് കിട്ടാതാവുന്നതോടെ ഇതെല്ലാം നിലക്കും. ആളുകൾക്ക് ആനുകൂല്യങ്ങളുടെ സൗകര്യം അനുഭവിച്ചശേഷം അത് നിലക്കു​േമ്പാൾ വലിയ പ്രതിഷേധവും എതിർ വികാരവുമുണ്ടാകും. ഇത് ബംഗാളിലും സംഭവിച്ചു. കേന്ദ്രത്തെ കുറ്റം പറയാമെങ്കിലും ജനങ്ങൾ അത് വേഗം അംഗീകരിച്ചു നൽകില്ല. തൊഴിലില്ലായ്മ വളരെ രൂക്ഷമായി തുടരുന്നതിന് പിന്നാലെയാണ് ക്ഷേമപദ്ധതികളുടെ മുടക്കം. ബംഗാളിൽ തൊഴിൽ ലഭ്യമാകുന്നത് സ്കൂൾ അധ്യാപക മേഖലയിൽ മാത്രമാണ്. 50,000^60,000 അധ്യാപകരെയാണ് ഓരോ വർഷത്തിലും നിയമിക്കുന്നത്.

രണ്ട് വർഷം മുമ്പ് അധ്യാപക നിയമനങ്ങളിൽ അഴിമതി ആരോപണമുണ്ടായതാണ് തൃണമൂലിനെ പ്രതിരോധത്തിലാക്കുന്നത്. തൃണമൂൽ നേതാക്കൾ പൈസ വാങ്ങിയശേഷം അവിഹിതമായി നിയമനം നൽകി എന്നതാണ് വിവാദം. മമത കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാം സ്ഥാനക്കാരനായ നേതാവിന്റെ വീട്ടിൽനിന്ന് കാശ് കണ്ടെത്തുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. ഒന്നാമത് തൊഴിലില്ല, ഇനി തൊഴിൽ നൽകുന്ന അധ്യാപക മേഖലയിലാക​െട്ട അഴിമതിയും. ഇക്കാര്യങ്ങളിൽ ആളുകൾ എങ്ങനെ പ്രതികരിക്കുമെന്നതിൽ ഇനിയും വ്യക്തത വന്നില്ല. അതേസമയം, ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അത്ര വലിയ തിരിച്ചടി ടി.എം.സിക്ക് നേരിടേണ്ടിവന്നിട്ടില്ല. എന്നാൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ശരിക്കും ജനം പ്രതികരിച്ചാൽ ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും. ഇതിനൊക്കെ പുറമെ സന്ദേശ് ഖാലി വലിയ ചർച്ചയാകും.

മുസ്‍ലിം ജനവിഭാഗം മമതക്കൊപ്പം

ബംഗാളിലെ മുസ്‍ലിം വിഭാഗങ്ങൾ മമതക്കൊപ്പം തന്നെയാണ്. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (െഎ.എസ്.എഫ്) എന്നൊരു സംഘടന ബംഗാളിലുണ്ട്. ഒരു മുസ്‍ലിം പ്രഭാഷകനാണ് ഐ.എസ്.എഫിന് നേതൃത്വം കൊടുക്കുന്നത്. അദ്ദേഹം ലെഫ്റ്റിന്റെയും കോൺഗ്രസിന്റെയും സഖ്യകക്ഷിയാണ്. അസംബ്ലിയിൽ ഒരു സീറ്റ് അവർക്ക് കിട്ടിയിട്ടുണ്ട്. പാർലമെന്റിൽ കിട്ടുമോ എന്ന് എനിക്ക് ഉറപ്പില്ല. ഐ.എസ്.എഫ് ഫാക്ടർ ഒഴികെ, മുസ്‍ലിം വിഭാഗങ്ങൾ പൂർണമായും മമതയുടെ കൂടെയാണ്. മുസ്‍ലിംകളുടെ മമതക്കുള്ള പിന്തുണ മനസ്സിലാക്കണമെങ്കിൽ തെരഞ്ഞെടുപ്പിനുശേഷം ബെഹ്റാംപുർ മണ്ഡലത്തിലെ ഫലം പരിശോധിച്ചാൽ മനസ്സിലാകും.

ബെഹ്റാംപുരിൽ േകാൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരിയാണ് സ്ഥാനാർഥി. ടി.എം.സിക്ക് വേണ്ടി മത്സരിക്കുന്നത് ക്രിക്കറ്റ് താരം യൂസുഫ് പത്താനും. ന്യൂനപക്ഷങ്ങൾ വളരെയധികമുള്ള മണ്ഡലമാണിത്. മാത്രമല്ല, സി.പി.എമ്മിന് ധർമടവും മട്ടന്നൂരും തലശ്ശേരിയുമെന്നൊക്കെ പോലെ അധീറിന്റെ കൈവെള്ളയിലുള്ള മണ്ഡലവുമാണ് ഇവിടെ. അധീർ ജയിച്ചാൽ പ്രത്യേകിച്ചൊന്നും പറയാനില്ല. യൂസുഫ് പത്താനാണ് വിജയമെങ്കിൽ നിലവിലുള്ളതിനെക്കാൾ മുസ്‍ലിം പിന്തുണ മമതക്ക് ലഭിച്ചുവെന്നതാണ് അടിവരയിടുന്നത്. കോൺഗ്രസിനുള്ള അധീർ ആണ് മമതയെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുകയും കടന്നാക്രമിക്കുകയും ചെയ്തിട്ടുള്ളത്. അതിനുള്ള പ്രതികാരവും ഒരു പാഠം പഠിപ്പിക്കണമെന്ന വാശിയുമായിരിക്കണം യൂസുഫ് പത്താനെ തന്നെ മത്സര രംഗത്തിറക്കിയുള്ള അറ്റകൈ പ്രയോഗം.

മമതയുടെ അടിസ്ഥാന രാഷ്ട്രീയ ലൈൻ എന്നത് ആന്റി ലെഫ്റ്റ് എന്നതാണ്. സിംഗൂരിലും നന്ദിഗ്രാമിലുമെല്ലാം ആന്റി ലെഫ്റ്റ് രാഷ്ട്രീയം പയറ്റിയാണ് ബംഗാളിൽ മമത ഇടംപിടിച്ചതും അധികാരത്തിലെത്തിയതും. ഇപ്പോഴും ആ ഫൈറ്റിങ് മോഡിൽ മാറ്റമൊന്നും വന്നിട്ടില്ല. സി.പി.എമ്മിനെതിരെ കടുത്ത ശത്രുതതന്നെയാണ്. ഒരുവേള സി.പി.എമ്മുള്ള ഇൻഡ്യ മുന്നണിയിൽ ചേരാത്തതിന് കാരണവും ഇൗ ശത്രുതയായിരിക്കാം. ബി.ജെ.പി 2016ന് ശേഷമാണ് ശക്തമായ സാന്നിധ്യമായത്. അതുവരെ മമതയുടെ മുഴുവൻ ജീവിതവും ലെഫ്റ്റിനെ എതിർക്കുക എന്നതായിരുന്നു. അവരുടെ രാഷ്ട്രീയ നിലനിൽപ്പുതന്നെ ലെഫ്റ്റുമായുള്ള ഫൈറ്റിലാണ്. ലെഫ്റ്റില്ലെങ്കിൽ മമതയുണ്ടാകുമായിരുന്നില്ല.

മുമ്പ് ബി.ജെ.പിയുമായി സഹകരിക്കാൻ തയാറായ മമത പക്ഷേ സി.പി.എമ്മിനോട് അത്തരമൊരു സമീപനത്തിന് ഒരിക്കലും മുതിർന്നിട്ടില്ല. ഏതെങ്കിലും മരണച്ചടങ്ങിൽ മമതയും ബുദ്ധദേവും ഒന്നിച്ചിരുന്നാൽ അത് വലിയ വാർത്തയും ചിത്രവുമായിരുന്നു ബംഗാളിൽ. അതേസമയം, മമതയും ജ്യോതിബസുവുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഒരുവേള സിംഗൂരൊക്കെ കത്തുേമ്പാഴും മമതയോടുള്ള ജ്യോതിബസുവിന്‍റെ നിലപാട് ബുദ്ധദേവിന് വലിയ തലവേദനയാകാറുണ്ടായിരുന്നു. കടുത്ത ആശയസമരം നടക്കുമ്പോൾ ജ്യോതി ബസുവിന്‍റെ പിറന്നാളിന് മമത അദ്ദേഹത്തിന്‍റെ വീട്ടിൽ പോയി പൂച്ചെണ്ട് കൊടുത്തത് സി.പി.എം അണികൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി.

 

പോരാട്ടം മമതയും ബി.ജെ.പിയും തമ്മിൽ

ബി.ജെ.പിയും മമതയും തമ്മിലാണ് ബംഗാളിലെ ഫൈറ്റ്. 2019ലെ ലോക്സഭയിലും 2021 നിയമസഭ തെരഞ്ഞെടുപ്പിലും ഇതുതന്നെയായിരുന്നു അവസ്ഥ. മമതക്കെതിരെ കോൺഗ്രസും സി.പി.എമ്മും ഒരു ചേരിയായും ബി.ജെ.പി ഇൗ രണ്ട് ചേരികൾക്കുമെതിരെയും മത്സരിക്കുന്ന സാഹചര്യമാണ് ബംഗാളിലുള്ളത്. ഫലത്തിൽ മമതക്കെതിരെയുള്ള വോട്ടുകൾ വിഘടിക്കാനുള്ള സാധ്യതയുണ്ട്. ഫലത്തിൽ അത് മമതക്കാണ് ഗുണം ചെയ്യുക. 2021ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ഇത് കൃത്യമായി നടന്നു. സംസ്ഥാന സർക്കാറിനെതിരെയുള്ള ഭരണവിരുദ്ധവികാരം സി.പി.എമ്മിനും ബി.ജെ.പിക്കുമായി വിഘടിച്ച് പോയി.

ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം അത്ര കാര്യക്ഷമമല്ല. തമ്മിലടി രൂക്ഷമാണ്. ഏറക്കു​െറ കേരളത്തിലേത് പോലെ. അതേസമയം, മോദി ബംഗാളിൽ വലിയ ഫാക്ടറാണ്. കഴിഞ്ഞ പാർലമെന്റിൽ ബി.ജെ.പിക്ക് കിട്ടിയ സീറ്റുകൾ എന്നത് സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനഫലം കൊണ്ടുണ്ടായതല്ല, മറിച്ച് അത് മോദിക്ക് കിട്ടിയ വോട്ടുകളാണ്. ഇക്കാര്യത്തിലാണ് കേരളം ബംഗാളിൽനിന്ന് വ്യത്യസ്തമാകുന്നത്. എനിക്ക് ഇപ്പോഴും തോന്നുന്നില്ല, മോദി കേരളത്തിൽ ഏതെങ്കിലും സീറ്റിൽ നിന്നാൽ ജയിക്കുമെന്ന്. ബംഗാളിൽ മോദി ജനസമ്മതിയുള്ള നേതാവാണ്. മോദി ഫാക്ടർ ബംഗാളിൽ ഇക്കുറി എങ്ങനെ പ്രതിഫലിക്കുമെന്ന് പറയാൻ സാധിക്കില്ല.

മറ്റൊന്ന് സി.എ.എയാണ്. അത് കേരളത്തിലേത് പോലെയല്ല ബംഗാളിൽ സ്വാധീനിക്കുക. മാത്വ എന്ന ഒരു ജനവിഭാഗം ബംഗാളിലുണ്ട്. ബംഗ്ലാദേശിൽനിന്ന് കുടിയേറിവന്ന ഹിന്ദു ജനവിഭാഗമാണിവർ. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ടവരാണ് ഏറെപ്പേരും. ആരാണ് സി.എ.എ നടപ്പാക്കുന്നത് അവർക്ക് തങ്ങൾ വോട്ടുചെയ്യുമെന്ന് അവർ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. അമിത്ഷാ പലവട്ടം പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കാതിരുന്നതിൽ കഴിഞ്ഞ കാലങ്ങളിലെല്ലാം അവർക്ക് ബി.ജെ.പിയോട് കടുത്ത ദേഷ്യമുണ്ടായിരുന്നു. എന്നാൽ, സി.എ.എ നടപ്പാക്കിയതോടെ ഇൗ സാഹചര്യം മാറി. ഫലത്തിൽ മാത്വ മേഖലയിൽ ബി.ജെ.പിക്ക് മുൻതൂക്കമുണ്ടാകാനാണ് സാധ്യത. സൗത്ത് ബംഗാളിൽ ബി.ജെ.പിക്ക് കടന്നുകയറാനായിട്ടില്ല. ബി.ജെ.പിയുടെ ശക്തിദുർഗങ്ങൾ നോർത്ത് ബംഗാളിലാണ്. അതിർത്തി ജില്ലകളിൽ എപ്പോഴും ബി.ജെ.പിക്കായിരിക്കും മേൽക്കൈ. രാമക്ഷേത്രം, ഭീകരവാദം തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ് ബി.ജെ.പി പ്രചാരണ രംഗത്തുള്ളത്.

ഇടത് പ്രത്യയശാസ്ത്രത്തിന് ഇപ്പോഴും പ്രസക്തി

ഇടതു പ്രത്യയശാസ്ത്രത്തിന് ബംഗാളിൽ ഇപ്പോഴും പ്രസക്തിയുണ്ട്. ഇത്തരമൊരു െഎഡിയോളജിക്ക് പ്രസക്തിയുള്ളതുകൊണ്ടാണ് മമതക്ക് അധികാരത്തിലിരിക്കാൻ കഴിയുന്നത്. അതേസമയം, പൂർണമായും ഒരു പുതിയ നേതൃനിര വന്നാലേ ലെഫ്റ്റിന് കാര്യമുള്ളൂ. ലെഫ്റ്റ് പറഞ്ഞിരുന്ന കാര്യങ്ങളാണ് ഇപ്പോൾ മമത പറയുന്നത്. ആ സ്​പേസ് ലെഫ്റ്റിന് തിരിച്ച് പിടിക്കണമെങ്കിൽ നിരവധി കടമ്പകൾ മറികടക്കണം. ഒന്നാമത് നല്ലൊരു നേതൃത്വമില്ല.

സമീപകാലത്ത് അധ്യാപക നിയമന അഴിമതിയിൽ ഇടതുപക്ഷം നന്നായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഏറ്റവും കൂടുതൽ സ്കോർ ചെയ്തത് ബി.ജെ.പിയാണ്. പിന്നീട് സ്ഥാനം രാജിവെച്ച് ബി.ജെ.പിയിൽ ചേരുകയും സ്ഥാനാർഥിയാവുകയും ചെയ്ത ജഡ്ജിയുടെ ഇടപെടലുകളാണ് അതിന് ബി.ജെ.പിയെ സഹായിച്ചത്. ജനാധിപത്യത്തിൽ ഇങ്ങനെയൊന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. മാധ്യമങ്ങളെല്ലാം ജഡ്ജിയുടെ കൂടെയായിരുന്നു. ജഡ്ജിയായിരിക്കുേമ്പാൾതന്നെ അദ്ദേഹം മാധ്യമങ്ങൾക്ക് അഭിമുഖം കൊടുക്കുന്ന കാഴ്ചയും കണ്ടു.

കോൺഗ്രസിന് ബംഗാളിൽ കാര്യമായ പ്രതീക്ഷകളൊന്നുമില്ല. തിരിച്ചുപിടിക്കണമെന്ന താൽപര്യവും അവർക്കില്ല. പത്ത് നേതാക്കൻമാരെ എണ്ണിപ്പറയാൻപോലും പറ്റാത്ത സ്ഥിതിയാണവിടെ. ഡൽഹിയിലെ പല പഴയകാല കോൺഗ്രസ് നേതാക്കളും പറഞ്ഞിരുന്നത് ‘മമത കോൺഗ്രസ്’ ആണ് എന്നായിരുന്നു.

മമതക്ക് പറ്റിയ അബദ്ധം ബി.ജെ.പിക്ക് വഴിയൊരുക്കി

2011ൽ ചരിത്രവിജയം നേടിയശേഷം ചില അബദ്ധങ്ങളും മമതക്ക് പിണഞ്ഞിട്ടുണ്ട്. 34 വർഷം അധികാരത്തിലിരുന്ന ഒരു ദേശീയ പാർട്ടിയെ ഒറ്റക്ക് അധികാരത്തിൽനിന്ന് പുറത്താക്കുന്നു, 2016ൽ വിജയം ആവർത്തിക്കുന്നു. പക്ഷേ 2016ന് ശേഷം മമത വളരെ ഭീകരമായി പ്രതിപക്ഷത്തെ അടിച്ചമർത്തി. ശക്തമായ പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യുന്ന സമീപനമാണ് മമതയിൽ നിന്നുണ്ടായത്. ഇതോടെ, കോൺഗ്രസും സി.പി.എമ്മും വളരെ ദുർബലമായി. ഇതാണ് കേന്ദ്രഭരണത്തിന്‍റെ തണലിൽ ബി.ജെ.പിക്ക് ബംഗാളിലേക്ക് കടന്നുവരാൻ അവസരവും ഇടവുമുണ്ടാക്കിയത്. മമത ഈ അബദ്ധം കാട്ടിയില്ലായിരുന്നെങ്കിൽ കോൺഗ്രസും സി.പി.എമ്മും കുറച്ച് ശക്തമാവുകയും ബി.ജെ.പിക്ക് കടന്നുവരാനുള്ള ഇടമുണ്ടാവാതിരിക്കുകയും ചെയ്യുമായിരുന്നു.

ഒരു മലയാളി മാധ്യമപ്രവർത്തകൻ പങ്കുവെച്ച അനുഭവം ഇപ്പോഴും ഞാൻ ഒാർക്കുന്നു. രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ ഒരു കോൺഗ്രസുകാരന് കാൽ നഷ്ടപ്പെടുന്നു. കോൺഗ്രസും സി.പി.എമ്മും രാഷ്ട്രീയ ധാരണയിലുള്ള സമയമാണ്. ആശുപത്രിയിൽനിന്ന് വന്നശേഷം ഇയാൾ സഹായത്തിന് കോൺഗ്രസിനെയും സി.പി.എമ്മിനെയും സമീപിച്ചു. നിയമപരമായ സഹായവും ജീവിക്കാനുള്ള കൈത്താങ്ങുമായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. രണ്ട് കൂട്ടരും നിസ്സഹായതയോടെ കൈമലർത്തി.

പക്ഷേ, ബി.ജെ.പി അയാളെ സഹായിച്ചു. പണം കൊടുക്കുകയും വക്കീലിനെ ഏർപ്പെടുത്തി കൊടുക്കുകയും ചെയ്തു. അവർക്ക് കേന്ദ്രഭരണമായിരുന്നു ബലം. ഇത്തരത്തിൽ ആളുകൾ ബി.ജെ.പിയിലേക്ക് ഒഴുകുകയായിരുന്നു. ബി.ജെ.പിയിലേക്ക് പോയതിന്‍റെ പേരിൽ ബംഗാളിലെ സി.പി.എമ്മുകാരെയും കോൺഗ്രസുകാരെയുമൊക്കെ കേരളത്തിലിരുന്ന് പലരും പരിഹസിക്കാറുണ്ട്. എ.സി കാറിലിരിക്കാൻ വേണ്ടിയല്ല ഇവരാരും പാർട്ടി മാറിയത്. സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടിയാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പോടെ മമതക്ക് താൻ കാട്ടിയ അബദ്ധം ഏറക്കുറെ ബോധ്യപ്പെെട്ടന്നാണ് തോന്നുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് അൽപംകൂടി സ്​പേസ് കിട്ടിയിട്ടുണ്ട്. എന്നാൽ, ചിലർ ഇതിനെക്കുറിച്ച് പറയുന്നത്, മമതയും കൂടി അറിഞ്ഞുകൊണ്ടുള്ള അഡ്ജസ്റ്റ്മെന്റാണെന്നാണ്. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോദിയും രാജ്യത്താകമാനം പയറ്റുന്നതും ഇൗ സ്ട്രാറ്റജിയാണ്.

ഇൻഡ്യ മുന്നണിയുടെ സാധ്യത

ഇൻഡ്യ മുന്നണിയെ ബംഗാളിൽ എങ്ങനെ നിർവചിക്കുമെന്നതിൽ അൽപം വ്യക്തതക്കുറവുണ്ട്. മമത ഇൻഡ്യ മുന്നണിയിൽ ഉൾപ്പെടുന്നതാണോ എന്നതാണ് ചോദ്യം. ഇത് അൽപം ആശയക്കുഴപ്പവുമുണ്ടാക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലെയും മത്സര ചിത്രവും ദേശീയതലത്തിെല പോരാട്ട സമവാക്യങ്ങളുമെല്ലാം അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ദേശീയതലത്തിൽ ഒരു മുന്നണിയിലായിരിക്കുമ്പോൾതന്നെ സംസ്ഥാനത്ത് പരസ്പരം മത്സരിക്കുന്നു. നിർണായകമായ ഇലക്ഷനാണ് സംഭവിക്കുന്നത് എന്ന് എല്ലാവരും പറയുെമങ്കിലും അതേ ഗൗരവത്തിലുള്ള സന്ദേശം താ​േഴത്തട്ടിലേക്ക് പോയിട്ടില്ല.

ബംഗാൾ ഒരിക്കലും പൂർണമായും സെക്കുലറായ സമൂഹം അല്ലായിരുന്നു. ഹിന്ദു മഹാസഭയൊക്കെ ബംഗാളിൽ ഒരുകാലത്ത് ശക്തമായിരുന്നു. വിഭജനത്തിന് തൊട്ടുമുമ്പ് ഇന്ത്യയിൽ ആദ്യമായി കലാപം പൊട്ടിപ്പുറപ്പെട്ടത് ​െകാൽക്കത്തയിലാണ്. അതേസമയം ഇത്തരം വർഗീയ ചിന്തകളെ തടഞ്ഞുനിർത്താൻ കഴിഞ്ഞത് െലഫ്റ്റിന്റെ 34 വർഷത്തെ ഭരണംകൊണ്ടുതന്നെയാണ്.

1992ൽ ബാബരി മസ്ജിദ് കാലത്തൊക്കെ ബസുവൊക്കെ വിഷയത്തിൽ വളരെ കാര്യക്ഷമമായ ഇടപെടലാണ് നടത്തിയത്. വർഗീയ ശക്തികൾ ഇക്കാലമത്രയും തലതാഴ്ത്തിയിരുന്നതിനും കാരണമിതാണ്. മമതയും വർഗീയ ശക്തികളെ പ്രതിരോധിക്കുന്ന കാര്യത്തിൽ കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. മുമ്പ് ബംഗാളിൽ രാം നവമി ആഘോഷിച്ചിരുന്നത് വേറൊരു രീതിയിലാണ്. മധുരം വിതരണം ചെയ്തും സന്തോഷം പങ്കുവെച്ചുമൊക്കൊയിരുന്നു ആഘോഷം. പക്ഷേ, ഇപ്പോൾ രാം നവമി ആഘോഷത്തിന്റെ സ്വഭാവം മാറി. രാം നവമി വന്നാൽ പൊലീസുകാരുടെയെല്ലാം ലീവ് റദ്ദാക്കേണ്ടി വരുന്നതിലൂടെ കൈമാറുന്ന സന്ദേശം എന്താണെന്ന് പറയേണ്ടതില്ലല്ലോ.

മമത മാറിയാൽ പിന്നെയാര്, ഉത്തരമില്ലാത്ത ചോദ്യം

മമത മാറിക്കഴിഞ്ഞാൽ ടി.എം.സിക്ക് മമതയെപ്പോലെ നേതൃത്വം നൽകാൻ ഇപ്പോൾ മറ്റൊരാളില്ലെന്നതാണ് യാഥാർഥ്യം. പക്ഷേ, ഇങ്ങനെ പറയാനും പാടില്ല. ഞാനതിനെ ഒരു കുറ്റമായി പറയില്ല. കാരണം, പുതിയ നേതാക്കൾ ഉയർന്നുവരുമെന്നതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അല്ലെങ്കിൽപിന്നെ രാജഭരണംപോലെയായിപ്പോകില്ലേ. കോൺഗ്രസ് സംഘടന സംവിധാനംപോലെ വളരെ ലിബറലാണ് ടി.എം.സിയുടെ ഘടന. അധികാരമുള്ളപ്പോൾ മാത്രം ശക്തമായി പ്രവർത്തിക്കുകയും അധികാരമില്ലാത്തപ്പോൾ പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയും ചെയ്യുന്നതായാണ് തോന്നിയിട്ടുള്ളത്.

 

2001ലാണോ 2006ലാണോ എന്ന് ഒാർമയില്ല, പത്രങ്ങളെല്ലാം ‘മമത കൊടുങ്കാറ്റ്’ എന്ന നിലയിൽ വളരെ ഹൈപ്പുണ്ടാക്കി. എന്നാൽ, റിസൽട്ട് വന്ന് കഴിഞ്ഞ് ഒന്നര മണിക്കൂറോളം മമത പുറത്തിറങ്ങാൻ തയാറായില്ല. തോറ്റു കഴിഞ്ഞാൽ അണികൾക്ക് ശക്തികൊടുക്കുക എന്നത് ലീഡർഷിപ്പിന്റെ ഉത്തരവാദിത്തമാണ്. ഇവർ ദേഷ്യപ്പെട്ട് അകത്തിരുന്നു. പാർട്ടിക്കുവേണ്ടി സംസാരിക്കാൻ ആളില്ല. ഒന്നും പറയാനോ നിലപാടെടുക്കാനോ കഴിയാതെ ഒന്നര മണിക്കൂർ കഴിഞ്ഞുപോയി. വളരെ നിർണായക സമയത്താണിത്. ഇതൊക്കെ ഒരു പാർട്ടി ഘടനയുടെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഇൗ ഘടനപ്രശ്നങ്ങൾ പരിഹരിച്ചെന്ന് തോന്നുന്നില്ല. സന്ദേശ്ഖാലിയിലൊക്കെ ഒരു ലോക്കൽ േനതാവിന് തോന്നുംപടി പ്രവർത്തിക്കാനാകുന്നത് ശക്തമായ സംഘടന സംവിധാനമില്ലാത്തതുകൊണ്ടാണ്. എന്താണ് മമതയുടെ പ്രത്യയശാസ്ത്രം എന്ന് ചോദിച്ചാലും കൃത്യമായി ഉത്തരം പറയാൻ കഴിയില്ല.

പക്ഷേ, പാവങ്ങൾക്കുവേണ്ടി അവർ നില​െകാള്ളുന്നുണ്ട്. അത് ചെറിയ കാര്യമല്ല. വളരെ കഷ്ടപ്പെട്ട് ജീവിച്ചയാളാണ് മമത. നന്ദിഗ്രാമിനൊക്കെ ശേഷം മാവോവാദി ഗ്രൂപ്പുകൾ മമതയെ പിന്തുണച്ചിട്ടില്ല. പക്ഷേ, മാവോവാദി നേതാവ് കിഷൻജിയെ വെടിെവച്ചു കൊന്നത് മമതയുടെ പൊലീസാണ്. നിലവിലെ സാഹചര്യത്തിൽ സീറ്റെണ്ണം കൂടുതൽ മമതക്ക് തന്നെയാണെന്നാണ് തോന്നുന്നത്. 2019ൽ ബി.ജെ.പി ഇത്രയും സീറ്റ് പിടിക്കുമെന്ന് താൻ കരുതിയിരുന്നില്ല. രണ്ടക്കം കടക്കുമെന്നുപോലും വിചാരിച്ചില്ല.

എഴുത്ത്​: എം. ഷിബു

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT