വോട്ട് ഭിന്നിപ്പിക്കുകയല്ല; ഒറ്റക്ക് മത്സരിക്കുന്നതാണ് അഭികാമ്യം

ഡോ. ബി.ആർ. അംബേദ്കറുടെ പേരമകനും വഞ്ചിത ബഹുജൻ അഘാഡി അധ്യക്ഷനുമായ പ്രകാശ്​ അംബേദ്​കർ മഹാരാഷ്​​ട്രയിലെ തെരഞ്ഞെടുപ്പിനെയും സാധ്യതകളെയും കുറിച്ച്​ വ്യക്തമാക്കുന്നു.രാജ്യത്ത് ശക്തമായ പ്രതിപക്ഷമായി മാറുന്നതിൽ കോൺഗ്രസ് അമ്പേ പരാജയമാണ്. ഇലക്ടറൽ ബോണ്ട്, നോട്ട്നിരോധനം, ഭരണഘടന നേരിടുന്ന വെല്ലുവിളി തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ദേശീയതലത്തിൽ ഫലപ്രദമായി ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസിന് കഴിയുന്നില്ല. സാമ്പത്തിക മേഖല, ബി.ജെ.പിയുടെ ഭരണ തുടർച്ച എന്നിവയുമായി ബന്ധപ്പെട്ട് മോദി സർക്കാറിലെ മന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ നൽകിയ മുന്നറിയിപ്പ് വേണ്ടവിധം കോൺഗ്രസ് ഏറ്റുപിടിച്ചില്ല. ബി.ജെ.പി...

ഡോ. ബി.ആർ. അംബേദ്കറുടെ പേരമകനും വഞ്ചിത ബഹുജൻ അഘാഡി അധ്യക്ഷനുമായ പ്രകാശ്​ അംബേദ്​കർ മഹാരാഷ്​​ട്രയിലെ തെരഞ്ഞെടുപ്പിനെയും സാധ്യതകളെയും കുറിച്ച്​ വ്യക്തമാക്കുന്നു.

രാജ്യത്ത് ശക്തമായ പ്രതിപക്ഷമായി മാറുന്നതിൽ കോൺഗ്രസ് അമ്പേ പരാജയമാണ്. ഇലക്ടറൽ ബോണ്ട്, നോട്ട്നിരോധനം, ഭരണഘടന നേരിടുന്ന വെല്ലുവിളി തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ദേശീയതലത്തിൽ ഫലപ്രദമായി ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസിന് കഴിയുന്നില്ല. സാമ്പത്തിക മേഖല, ബി.ജെ.പിയുടെ ഭരണ തുടർച്ച എന്നിവയുമായി ബന്ധപ്പെട്ട് മോദി സർക്കാറിലെ മന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ നൽകിയ മുന്നറിയിപ്പ് വേണ്ടവിധം കോൺഗ്രസ് ഏറ്റുപിടിച്ചില്ല. ബി.ജെ.പി ചാർത്തിയ പ്രതിച്ഛായ തകർത്ത് ഗൗരവമുള്ള നേതാവാണെന്ന് തെളിയിച്ചെങ്കിലും രാഹുൽ ഗാന്ധിക്കും വിഷയങ്ങൾ അതിന്റെ പരിസമാപ്തിയിൽ എത്തിക്കാൻ കഴിയുന്നില്ല. ആത്മാർഥതയും അർപ്പണവുമുള്ള നേതാവാണ് രാഹുൽ ഗാന്ധി.

പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾ കോൺഗ്രസുമായി അകന്നതിന്റെ ഫലമാണ് ദേശീയതലത്തിലെ അവരുടെ പരാജയം. അതിനു പ്രധാന കാരണങ്ങളിലൊന്ന് അ​േകാല മണ്ഡലമാണ്. കഴിഞ്ഞ 15 വർഷമായി ബി.ജെ.പിയെ നേരിട്ട് സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇക്കാര്യങ്ങൾ കോൺഗ്രസിലെ ഒരു വിഭാഗം ഹൈകമാൻഡിന് നൽകിയ റിപ്പോർട്ടിൽ പറയുന്നതാണ്. കോൺഗ്രസിൽ രണ്ടു ചിന്താ വിഭാഗങ്ങളുണ്ട്. അകോലയിൽ എന്നെ പിന്തുണക്കണം എന്ന് വിചാരിക്കുന്നവരാണ് ഒരു വിഭാഗം. അവരുടെ റിപ്പോർട്ടിലെ കാര്യങ്ങളാണ് മേൽ പറഞ്ഞത്.

അവർ എനിക്കെതിരെ അകോല മണ്ഡലത്തിൽ സ്ഥാനാർഥികളെ നിർത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ അത് ചെവിക്കൊണ്ടില്ല. നിലവിൽ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്ക് വിരുദ്ധമായാണ് ജില്ല, പ്രാദേശിക നേതൃത്വങ്ങൾ ചിന്തിക്കുന്നത്. ബി.ജെ.പിയെ നഖശിഖാന്തം എതിർക്കണമെന്ന് പ്രാദേശിക തലത്തിൽ കോൺഗ്രസ് ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പിൽ പിന്തുണക്കുമെന്ന് പ്രാദേശിക നേതാക്കൾ എന്നോട് പറഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് മറ്റു മണ്ഡലങ്ങളിലെയും അവസ്ഥകൾ.

വി.ബി.എയിലൂടെ മറ്റുള്ളവരുമായി കൈകോർത്ത് ദലിത്​ രാഷ്ട്രീയം പുതുവഴിയിലാണ്. ബി.ആർ. അംബേദ്കർ സ്ഥാപിച്ച റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർ.പി.ഐ) ഇന്ന് കാലഹരണപ്പെട്ട പാർട്ടിയാണ്. അതിന്ന് ചരിത്രം മാത്രം. ആർ.പി.​െഎയെ തുടക്കത്തിലേ കോൺഗ്രസ് നുള്ളിക്കളഞ്ഞു. അതിനെ പല ഗ്രൂപ്പുകളായി വിഭജിച്ച് ദുർബലമാക്കി. ദലിതുകളെയും മുസ്‍ലിംകളെയും മാത്രമല്ല എല്ലാ വിഭാഗക്കാരെയും ചേർത്തുപിടിച്ചാണ് വി.ബി.എ വളരുന്നത്. ഇന്നത് മഹാരാഷ്ട്രയിലെ ശക്തമായ പാർട്ടിയാണ്. ബി.ജെ.പിക്ക് എതിരെയുള്ള ശക്തമായ പ്രതിപക്ഷം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും വി.ബി.എയും തമ്മിലാണ് പോരാട്ടം. കോൺഗ്രസ്, ഉദ്ധവ് പക്ഷ ശിവസേന, ശരദ് പവാർ പക്ഷ എൻ.സി.പി (എം.വി.എ) സഖ്യത്തിലെ വിള്ളൽ വി.ബി.എക്കാണ് ഗുണംചെയ്യുക. കോൺഗ്രസും ശിവസേനയും കാലങ്ങളായുള്ള ശത്രുക്കളാണ്. അതുകൊണ്ട് കോൺഗ്രസ് സ്ഥാനാർഥിക്ക് ശിവസേന വോട്ട് ചെയ്യാൻ സാധ്യതയില്ല. ശിവസേന സ്ഥാനാർഥിക്ക് കോൺഗ്രസും വോട്ട് ചെയ്യണമെന്നില്ല. ഒരു പാർട്ടിക്കും എതിർപ്പില്ലാത്തത്​ വി.ബി.എ ആണ്. ഈ സാഹചര്യം അനുകൂലമാകും എന്ന പ്രതീക്ഷയുണ്ട്.

എന്റെ പാർട്ടി വോട്ട് ഭിന്നിപ്പിക്കുന്നു എന്ന് പറയുന്നത് വാസ്തവമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യയശാസ്ത്രത്തിനോട് എതിർപ്പാണ്. അതുകൊണ്ടാണ് എം.വി.എയുമായി സഖ്യ ചർച്ചക്കു നിന്നത്. രണ്ട് സീറ്റ് മാത്രമാണ് അവർ തരാൻ തയാറായത്. അത് സ്വീകരിക്കുകയും രണ്ടിടത്തും പരാജയപ്പെടുകയും ചെയ്താൽ വി.ബി.എ പ്രതിസന്ധിയിലാകും. അത് അങ്ങേയറ്റം സാഹസികമാണ്. ഒറ്റക്ക് മത്സരിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുന്നതാണ് അഭികാമ്യം.

വി.ബി.എക്ക് ലക്ഷ്യങ്ങൾ ഒരുപാടുണ്ട്. രാഷ്ട്രീയത്തിൽ, സ്ഥാനാർഥിത്വത്തിൽ എല്ലാ വിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം വേണം. സ്വകാര്യവത്കരണത്തിന് എതിരാണ്. വ്യവസായ നയം മാറണം. കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധിപ്പിക്കണം. അധികാരവികേന്ദ്രീകരണമാണ് മറ്റൊന്ന്. മഹാരാഷ്ട്ര രാഷ്ട്രീയം, ഭരണം എല്ലാം 179 കുടുംബങ്ങളുടെ കൈകളിലാണ്. ഒരേ കുടുംബത്തിലെ അംഗങ്ങളെ പല പാർട്ടികളിൽ കാണാം. ജില്ല പരിഷത്ത് അധ്യക്ഷൻ മുതൽ എം.എൽ.എ, എം.പി, വിവിധ ബോർഡ് ചെയർമാൻമാർ എല്ലാം ഒരു കുടുംബത്തിൽ കാണാം. അവർ കൽപിക്കുന്നു, ബാക്കിയുള്ളവർ അതനുസരിച്ച് പെരുമാറുന്നു. കുടുംബാധിപത്യം ഇല്ലാത്ത ഒരു പാർട്ടിയും ഇല്ല. നിലവിലെ സ്ഥാനാർഥി പട്ടികകൾ എടുത്തുനോക്കിയാൽ അത് ബോധ്യമാകും.

ഇത്തവണ മുസ്‍ലിംകൾ മുഴുവനായും തങ്ങൾക്കൊപ്പമാണ് എന്നത് കൂടുതൽ ശക്തരാക്കുന്നു. കഴിഞ്ഞ തവണ കമ്യൂണിസ്റ്റ് പാർട്ടികൾ കാരണം മുസ്‍ലിംകൾ വി.ബി.എക്ക് വോട്ട് ചെയ്തില്ല. അവർ കോൺഗ്രസിനെയാണ് പിന്തുണച്ചത്. ഞങ്ങൾ ബി.ജെ.പിയുടെ ബി ടീം ആണെന്ന പ്രചാരണം ആയിരുന്നു അതിനു കാരണം. ഇന്ന് മുസ്‍ലിംകൾ സത്യം തിരിച്ചറിഞ്ഞു. അവർ ഞങ്ങൾക്കൊപ്പമുണ്ട്.

മറ്റ് പാർട്ടികളെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അത് അപകടകരമാണ്. രാഷ്ട്രീയ പാർട്ടികൾ ഐക്യത്തിന്റെ പ്രതീകങ്ങളിൽ ഒന്നാണ്. പാർട്ടികൾ ഇല്ലാതാകുമ്പോൾ ഐക്യം തകരും. സമുദായങ്ങൾ തമ്മിൽ കൊമ്പുകോർക്കുമ്പോൾ അതിന് കടിഞ്ഞാണിടുന്നതും സമാധാനം ഉണ്ടാക്കുന്നതും രാഷ്ട്രീയ പാർട്ടികളിലൂടെയാണ്. പരകാല പ്രഭാകർ നൽകിയ മുന്നറിപ്പുകളിൽ ഒന്ന് പ്രധാനമാണ്. മോദി ഭരണം തുടർന്നാൽ മണിപ്പൂരിൽ രണ്ട് ഗോത്രങ്ങൾ തമ്മിൽ നടന്നത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആവർത്തിക്കുമെന്നതാണ് അത്. 2009ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചത് മരണത്തിന്റെ വ്യാപാരി എന്നാണ്.

അതിന്ന് അർഥവത്താവുന്നു. മനുഷ്യോപയോഗത്തിന് കൊള്ളാത്തതും മറ്റു നാടുകളിൽ നിരോധിച്ചതുമായ മരുന്നുകൾക്ക് ഇന്ത്യയിൽ അനുമതി നൽകി മനുഷ്യരെ കൊല്ലുകയാണ്. ഫാർമ കമ്പനികൾ ഇലക്ടറൽ ബോണ്ട്‌ വഴി ബി.ജെ.പിക്ക് പണം നൽകിയതുമായി ഇതിനു ബന്ധമുണ്ടോ എന്ന് പരിശോധിക്കണം. മദ്യനയ കേസിൽ സാഹചര്യ തെളിവുകളുടെ പേരിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിൽ അടച്ചത്. സാഹചര്യ തെളിവുകളുടെ പേരിൽ വിചാരണ തടവുകാരനാക്കുന്നത് നീതികേടാണ്. ഇപ്പറഞ്ഞ വിഷയങ്ങളൊക്കെ സംസ്ഥാനതലത്തിൽ ഞങ്ങൾ ഉന്നയിക്കുകയും ചർച്ചയാക്കുകയും ചെയ്യുന്നുണ്ട്. ദേശീയതലത്തിലാണ് ഇവ ശക്തമായി മുഴങ്ങി കേൾക്കേണ്ടത്. ഒരു ദേശീയ പാർട്ടിയും അതിന് മുതിരുന്നില്ല. കോൺഗ്രസ് അമ്പേ പരാജയം.



Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT