പോരാട്ടത്തിന്റെ ഗോത്രവീര്യത്തിൽ തെഴുത്തത്

നിലമ്പൂരിലെ ആദിവാസി ഭൂസമരം അവകാശ സമര പോരാട്ടങ്ങളുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തു. 314 ദിവസത്തെ തുടർച്ചയായ നിരാഹാര സമരത്തിലൂടെ സമരം വിജയിച്ചു. അതിനു പിന്നിൽ സമരനായിക ബിന്ദു വൈലാശ്ശേരിയുടെ സമരവീര്യവുമുണ്ട്​. നിലമ്പൂർ സമരത്തിന്റെ ഗതിവിഗതികളെക്കുറിച്ച്​ എഴുതുകയാണ്​ കവികൂടിയായ ലേഖകൻ. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ നിലമ്പൂരിലെ ആദിവാസി ഭൂസമരം കേരളത്തിലെ അവകാശ സമര പോരാട്ടങ്ങളുടെ ചരിത്രത്തിൽ പുതിയൊരു വിജയ അധ്യായം രചിച്ചു. ബിന്ദു വൈലാശ്ശേരി എന്ന 42കാരിയാണ്​ 314 ദിവസത്തെ തുടർച്ചയായ നിരാഹാര സമരത്തിന്​ നേതൃത്വം കൊടുത്തത്​. അവർ ഇന്ന് കേരളക്കരയിലെ...

നിലമ്പൂരിലെ ആദിവാസി ഭൂസമരം അവകാശ സമര പോരാട്ടങ്ങളുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തു. 314 ദിവസത്തെ തുടർച്ചയായ നിരാഹാര സമരത്തിലൂടെ സമരം വിജയിച്ചു. അതിനു പിന്നിൽ സമരനായിക ബിന്ദു വൈലാശ്ശേരിയുടെ സമരവീര്യവുമുണ്ട്​. നിലമ്പൂർ സമരത്തിന്റെ ഗതിവിഗതികളെക്കുറിച്ച്​ എഴുതുകയാണ്​ കവികൂടിയായ ലേഖകൻ. 

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ നിലമ്പൂരിലെ ആദിവാസി ഭൂസമരം കേരളത്തിലെ അവകാശ സമര പോരാട്ടങ്ങളുടെ ചരിത്രത്തിൽ പുതിയൊരു വിജയ അധ്യായം രചിച്ചു. ബിന്ദു വൈലാശ്ശേരി എന്ന 42കാരിയാണ്​ 314 ദിവസത്തെ തുടർച്ചയായ നിരാഹാര സമരത്തിന്​ നേതൃത്വം കൊടുത്തത്​. അവർ ഇന്ന് കേരളക്കരയിലെ ആദിവാസികൾക്കിടയിൽ മാത്രമല്ല, പ്രാന്തവത്കരിക്കപ്പെട്ടവരും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്കിടയിലെല്ലാം പോരാട്ടവീര്യത്തിന്റെ പുതുജീവൻ പകർന്നിരിക്കുന്നു.

കേരളത്തിൽ ഭൂസമരം പുതുമയുള്ള കാര്യമല്ല. ഹാരിസൺസ്​ മലയാളം എസ്റ്റേറ്റിൽ സാധുജന വിമോചന മുന്നണിയുടെയും സലീന പ്രാക്കാനത്തിന്റെയും ളാഹ ഗോപാലന്റെയും നേതൃത്വത്തിൽ 2007 ആഗസ്റ്റിൽ തുടങ്ങിയ ചെങ്ങറ ഭൂസമരം ഏറെ മാധ്യമശ്രദ്ധ നേടുകയുണ്ടായി. മുഖ്യധാരാ രാഷ്ട്രീയ പ്രസ്​ഥാനങ്ങളുടെയൊന്നും പിന്തുണ ചെങ്ങറ ഭൂസമരത്തിനുണ്ടായില്ല. ആദിവാസി ഗോത്രമഹാസഭ, ഇരുളം ഭൂസമര സമിതി, ആദിവാസി ഐക്യവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2022 മേയ് 31ന് വയനാട്ടിലെ മരിയനാട് എസ്റ്റേറ്റിൽ ആരംഭിച്ച ഭൂസമരവും രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.

നിലമ്പൂർ ആദിവാസി ഭൂസമരത്തെ ഇതിൽനിന്നെല്ലാം വ്യത്യസ്​തമാക്കുന്ന മറ്റു ഘടകങ്ങളുണ്ട്​. ഒരു വർഷത്തോളം നീണ്ടുനിന്ന അതികഠിനമായ നിരാഹാര സമരത്തി​ന്റെ തീക്കടൽ താണ്ടി ഒരു ആദിവാസി വനിത ഭൂസമരത്തെ വിജയത്തിലേക്ക് നയിച്ചു എന്നതാണ് അതിൽ പ്രധാനം. ബിന്ദു വൈലാശ്ശേരിയുടെ അചഞ്ചലമായ നിശ്ചയദാർഢ്യവും ലക്ഷ്യത്തിലൂന്നിയ പ്രവർത്തനങ്ങളിലുള്ള അയവില്ലാത്ത ജാഗ്രതയും വിജയപഥമണയാൻ സഹായകമായി. തലമുറ തലമുറകളായി അടിച്ചമർത്തപ്പെട്ടും അരികുവത്കരിക്കപ്പെട്ടും കഴിയുന്ന കീഴാള ജനതയുടെ നരക യാതനകൾ നേരിൽക്കണ്ടും അനുഭവിച്ചും അനുകമ്പാർദ്രമായ ഒരു സ്​ത്രീ ഹൃദയത്തിന്റെ അടക്കിനിർത്താനാവാത്ത ജ്വലനമായിരുന്നു ഈ ഭൂസമരം.

മലപ്പുറം നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിലുള്ള വൈലാശ്ശേരിയിൽ പണിയ വിഭാഗത്തിൽ പാലൻ വെള്ളെ​ന്റെയും മാതിയുടെയും പുത്രിയായി ജനിച്ച ബിന്ദു, വിവരണാതീതമായ പ്രയാസങ്ങൾ സഹിച്ചാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളനിയിലെ പലവിധ അസൗകര്യങ്ങളിൽ തട്ടി തുടർപഠനം മുടങ്ങി. വർഷങ്ങൾക്കു ശേഷം പത്താം ക്ലാസ്​ തുല്യതാ പരീക്ഷ പാസാകാനായി.

കീഴാള വർഗമായി അടിത്തട്ടിൽ കഴിയുന്ന തന്റെ ജനതയുടെ നീറുന്ന പ്രശ്നങ്ങളുമായി ഇതാദ്യമായല്ല ബിന്ദു രംഗത്തുവരുന്നത്. വിദ്യാർഥിയായിരിക്കെ, 15 ാം വയസ്സിൽതന്നെ, കോളനികളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രശ്നത്തിൽ സമര രംഗത്തിറങ്ങിയിട്ടുണ്ട് ബിന്ദു. ആദിവാസി ക്ഷേമത്തിനായുള്ള കേന്ദ്ര സർക്കാറിന്റെ ആദിവാസി വനാവകാശ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2008ൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസം നടത്തി. കോളനികളുടെ നവീകരണം, കുടിവെള്ള പ്രശ്നം എന്നിവ ഉന്നയിച്ച് ജില്ലാ പട്ടിക വർഗ വികസന േപ്രാജക്ട് ഓഫിസിനു മുന്നിൽ 2011ൽ നടത്തിയ മൂന്നു ദിവസത്തെ ഉപവാസത്തിന്റെ ഫലമായി, കോളനി നവീകരണത്തിന് ഐ.ടി.ഡി.പി അടിയന്തരമായി ഒരു കോടി രൂപ അനുവദിച്ചു. ആവശ്യമായ കിണറുകൾ നിർമിച്ച് കോളനി വീടുകളിലേക്കെല്ലാം ശുദ്ധജല പൈപ്പ് ലൈൻ സ്​ഥാപിക്കാനും തീരുമാനമുണ്ടായി.

വിജയകരമായി പര്യവസാനിച്ച ഈ സമരത്തിൽ അമ്മിണി മുട്ടിയേൽ, പ്രമീള പൊട്ടിക്കല്ല്, ചിരുത അമ്പുട്ടാൻപൊട്ടി എന്നിവരും ബിന്ദുവിനോടൊപ്പം ഉപവാസം നടത്തി. ത​ന്റെ വീടുകൂടി ഉൾപ്പെടുന്ന പെരുവമ്പാടം കോളനിയിൽ ഒരു കോടി രൂപ കൊണ്ട് നിർമിച്ച വീടുകളുടെ നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി 2015ൽ ഐ.ടി.ഡി.പി ഓഫിസിനു മുന്നിൽ നടത്തിയ രണ്ടുദിവസത്തെ നിരാഹാര സമരവും ഫലം കണ്ടു. കോളനികളിലെ അഭ്യസ്​തവിദ്യരായ യുവതീ യുവാക്കളുടെ തൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരം തേടി 2019ൽ മലപ്പുറം കലക്ടറേറ്റിനു മുന്നിൽ ഉപവസിച്ചു. ആദിവാസികൾക്ക് അർഹതപ്പെട്ട സംവരണ പ്രകാരമുള്ള നിയമനത്തിന് സ്​പെഷൽ റിക്രൂട്ട്മെ​ന്റ് നടത്തണമെന്നതായിരുന്നു ആവശ്യം. തദ്ഫലമായി വനം, പൊലീസ്​, എക്സൈസ്​ വകുപ്പുകളിലെല്ലാം ആദിവാസികൾക്ക് സ്​പെഷൽ റിക്രൂട്ട്മെ​ന്റിന് ഉത്തരവായതിന്റെ ചാരിതാർഥ്യനിറവ് ചെറുതല്ലെന്ന് ബിന്ദു സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തെ രൂക്ഷമായി ബാധിച്ച 2018ലെ പ്രളയം ഏറ്റവും ദുരന്തം വിതച്ചത് നിലമ്പൂർ മേഖലയിലായിരുന്നു. ചാലിയാർ പഞ്ചായത്തിലെ മതിൽമൂല ആദിവാസി കോളനി പൂർണമായും മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചുപോയി. പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായി എസ്​.ടി വിഭാഗത്തിന് കണ്ണംകുണ്ടിൽ അനുവദിച്ച വീടുകളുടെ നിർമാണത്തിൽ അഴിമതി ബോധ്യപ്പെട്ട ബിന്ദു ശക്തമായി ഇടപെട്ടു. 560 സ്​ക്വയർ ഫീറ്റ് വീടിനു പകരം 360 സ്​ക്വയർ ഫീറ്റിൽ നടന്നുകൊണ്ടിരുന്ന വീടുനിർമാണം ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ തടഞ്ഞു.

ഭൂസമര സമിതി സെക്രട്ടറിയും ഭർത്താവുമായ ഗിരിദാസിന്റെ കൂടെ ബിന്ദു വൈലാശ്ശേരി

സമരത്തിനൊടുവിൽ നിർമിതിയെ കരാറിൽനിന്ന് ഒഴിവാക്കുകയും ഗുണഭോക്താക്കളുടെ ഉത്തരവാദിത്തത്തിൽ 560 സ്​ക്വയർ ഫീറ്റിൽതന്നെ വീടുകൾ നിർമിക്കുകയും ചെയ്തു. ആദിവാസി ഫോറത്തി​ന്റെ മലപ്പുറം ജില്ല പ്രസിഡ​ന്റ്​ പദവിയിലിരുന്ന് കോളനികളിലെ പല പ്രശ്നങ്ങളിലും ബിന്ദു സജീവമായി ഇടപെട്ടു. ക്രിസ്​ത്യൻ മിഷനറിയുടെ നിയന്ത്രണത്തിലുള്ള ആദിവാസി ഫോറത്തിന്റെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയപ്പോൾ 2007ൽ ഫോറം വിട്ടു. ആദിവാസി ഊരുകൂട്ടങ്ങൾ കേന്ദ്രീകരിച്ചാണ് ബിന്ദുവിന്റെ പ്രവർത്തനങ്ങൾ. ഭർത്താവ് ഗിരിദാസ്​ എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങും തണലുമായി കൂടെയുണ്ട്. നിലമ്പൂർ ഭൂസമര സമിതിയുടെ സെക്രട്ടറിയാണ് ഗിരിദാസ്​.

ആദിവാസികൾക്ക് അനുവദിക്കപ്പെട്ട ആനുകൂല്യങ്ങളും ആദിവാസി ക്ഷേമത്തിനായി നടപ്പാക്കപ്പെടുന്ന പദ്ധതികളുമെല്ലാം, നിഷ്കളങ്കരായ ആ ജനതയെ കബളിപ്പിച്ച്, അധികാരികളുടെ ഒത്താശയോടെ ഇടനിലക്കാർ തട്ടിയെടുക്കുന്ന ദുരവസ്​ഥക്ക് അറുതിവരുത്തണമെന്നുറച്ചാണ് ബിന്ദു വൈലാശ്ശേരി കർമരംഗത്തേക്കിറങ്ങുന്നത്. അങ്ങനെ ഒറ്റക്കും കൂട്ടായുമുള്ള ഒട്ടേറെ സമര പോരാട്ടങ്ങളിലൂടെ നടന്ന് ഉറച്ച കാൽവെപ്പുമായി, നിശ്ചയദാർഢ്യത്തോടെ നിലമ്പൂർ ഭൂസമര മുഖത്തേക്ക് ബിന്ദു വൈലാശ്ശേരി നീങ്ങി.

അമരമ്പലം എസ്​.ടി കോളനിയിൽ മനസ്സിനെ പിടിച്ചുലച്ച അതീവ ദുഃഖകരമായ ഒരു കാഴ്ചയും ഇതിനു നിമിത്തമായി എന്ന് ബിന്ദു വിശദീകരിച്ചു. അവിടെ ഒരു മരണവീട്ടിലെത്തിയതായിരുന്നു ബിന്ദു. ഇടുങ്ങിയ കോളനി വീടുകൾക്കിടയിൽ നിന്നുതിരിയാൻപോലും ഇടമില്ല. മരിച്ചവരെ മറവുചെയ്യാനും വേറെ സ്​ഥലമില്ലാത്തതുകൊണ്ട്, കുടിലിന്റെ ഇറയത്താണ് പരേതനുവേണ്ടി കുഴിയെടുത്തിരിക്കുന്നത്. നിസ്സഹായതയുടെ പാതാള ഗർത്തത്തിൽനിന്നെന്നവണ്ണം ഞെട്ടിക്കുന്ന ഈ കാഴ്ച, ബിന്ദുവിൽ നീറിക്കൊണ്ടിരുന്ന അവകാശ സമരത്തിന്റെ തീ ആളിക്കത്തിച്ചു.

2009ലെ സുപ്രീംകോടതി വിധി പ്രകാരം ഭൂരഹിതരായ ആദിവാസികൾക്ക് അർഹതപ്പെട്ട മുഴുവൻ ഭൂമിയും ലഭ്യമാക്കുക എന്ന ആവശ്യമുന്നയിച്ചായിരുന്നു, ഗാന്ധിയൻ രീതിയിലുള്ള ബിന്ദുവിന്റെ നിരാഹാര സമരം. ആദിവാസി ഭൂസമര കൂട്ടായ്മയുടെ കുടക്കീഴിൽ 2023 മേയ് 10നാണ് നിലമ്പൂർ ജില്ല ആശുപത്രിക്ക് സമീപത്തെ ഐ.ടി.ഡി.പി ഓഫിസിനു മുന്നിൽ ടെന്റ് കെട്ടി ബിന്ദുവും കൂട്ടരും ഭൂസമരം ആരംഭിക്കുന്നത്.

ചാലിയാർ പഞ്ചായത്ത്, നിലമ്പൂർ മുനിസിപ്പാലിറ്റി, ചുങ്കത്തറ, എടക്കര, മൂത്തേടം, പൂക്കോട്ടുംപാടം, കാളികാവ് എന്നിവിടങ്ങളിലെല്ലാമുള്ള ആദിവാസി ഊരുകളിൽനിന്നായി 200 ആദിവാസി കുടുംബങ്ങളിലെ സ്​ത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാം ഒന്നിച്ച് ബിന്ദുവിനൊപ്പം ഈ ഭൂസമരത്തിൽ പങ്കെടുക്കാനെത്തി. അ​തോടെ നാടാകെ ബിന്ദുവിനൊപ്പം അണിനിരക്കുന്ന പ്രതീതിയുണ്ടായി. സമരപ്പന്തലിൽ ഒത്തുകൂടിയ സ്​ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് ആളുകൾ അത്യാവശ്യത്തിന് ഭക്ഷണംപോലുമില്ലാതെയാണ് ദിനങ്ങൾ തള്ളിനീക്കിയത്. സമീപത്തെ കാട്ടിലും എൻ.സി.ടി സെന്ററിലുമൊക്കെയായിരുന്നു സ്​ത്രീകളടക്കമുള്ളവർ പ്രാഥമിക കർമങ്ങൾ നിർവഹിച്ചത്.

സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വരൂപിച്ച് നൽകുന്ന അരി, പച്ചക്കറി, ചക്ക എന്നിവകൊണ്ട് സമരപ്പന്തലിനടുത്ത് അടുപ്പുകൂട്ടി ഭക്ഷണമുണ്ടാക്കിയതു കഴിച്ച് ജീവൻ നിലനിർത്തി. സമരപ്പന്തലിൽനിന്ന് സ്​കൂളിൽ പോകുന്ന കുട്ടികൾ സ്​കൂൾ വിട്ട് വരുന്നതും ഇവിടേക്കുതന്നെ. സമരപ്പന്തലിൽനിന്ന് കൂലിപ്പണിക്ക് പോകുന്നവർ, വൈകുന്നേരം കൂലിയുമായി സമരപ്പന്തലിലേക്കുതന്നെ തിരിച്ചുവന്നു. മലയോര മേഖലയിലെ പണിയർ, കുറുമർ, ആളന്മാർ, മുതുവാന്മാർ തുടങ്ങിയ വിഭാഗങ്ങളെല്ലാം സമരത്തിൽ ആവേശത്തോടെ അണിചേർന്നു. ബിന്ദുവിന്റെ തുടർച്ചയായ നിരാഹാര സമരത്തിന് ഐക്യദാർഢ്യമായി ഇവരിൽ പലരും മാറി മാറി റിലേ നിരാഹാരമനുഷ്ഠിക്കുകയും ചെയ്തു. ​ഗ്രോ വാസുവും മോയിൻ ബാപ്പുവും സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉപവസിച്ചു. പുരോഗമന യുവജന പ്രസ്​ഥാനത്തിന്റെ പ്രതിനിധി 100 മണിക്കൂറും ഏകതാ പരിഷത്ത് പ്രതിനിധി രമേശ് മേത്തല 50 മണിക്കൂറും ഉപവാസമനുഷ്ഠിച്ച് ഭൂസമരത്തോട് ഐക്യപ്പെട്ടു.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികളും നിലമ്പൂർ ഭൂസമരത്തോട് മുഖംതിരിച്ചു. പി.വി. വഹാബ് എം.പി സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചത് ആത്മവിശ്വാസം വർധിപ്പിച്ചു. അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ ന്യായമായ ഈ അവകാശ സമരത്തെ തകർക്കാൻ ഭരണകക്ഷിയിൽപെട്ട ചിലർ കൊണ്ടുപിടിച്ച് ശ്രമിച്ചപ്പോഴും വെൽ​ഫെയർ പാർട്ടി പ്രതിനിധികൾ ആവശ്യമായ എല്ലാ സഹായവും നൽകി സമര സഖാക്കളെ ഹൃദയത്തോട് ചേർത്തുപിടിച്ച് കൂടെനിന്നു എന്ന് ബിന്ദു വൈലാശ്ശേരി കൂട്ടിച്ചേർത്തു.

വെൽഫെയർ പാർട്ടി സംസ്​ഥാന അധ്യക്ഷൻ റസാഖ് പാലേരിയുടെ നേതൃത്വത്തിൽ 2023 ജൂണിൽ തുടങ്ങിയ സാമൂഹിക നീതിക്കായുള്ള ‘ഒന്നിപ്പ്’ പര്യടനത്തിന്റെ ഭാഗമായി, ഭൂസമരപ്പന്തൽ സന്ദർശിച്ച്, സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മേഖലയിലെ ആദിവാസികൾ ഉൾപ്പെടെ 400ൽപരം പേർ സംബന്ധിച്ച ആ ഐക്യദാർഢ്യ സമ്മേളനവും ഭൂസമരം വലിയ ജനകീയ പ്രക്ഷോഭത്തിന്റെ തലത്തിലേക്ക് വളരാൻ സഹായകമായതായി വെൽഫെയർ പാർട്ടി ഏറനാട് നിയോജക മണ്ഡലം പ്രസിഡ​ന്റ് മജീദ് ചാലിയാർ പറഞ്ഞു.

 

ആദിവാസി ഭൂസമര സഹായ സമിതി കൺവെൻഷൻ ഗ്രോ വാസു ഉദ്ഘാടനംചെയ്യുന്നു

ബി.എസ്​.പി, ബി.ഡി.പി (ബഹുജൻ ദ്രാവിഡ് പാർട്ടി), ദലിത് ലീഗ്, എസ്​.ഡി.പി.ഐ, ഏകതാ പരിഷത്ത് തുടങ്ങിയ പാർട്ടികളും ഭൂസമരത്തെ പിന്തുണച്ചു. അതേസമയം, നവകേരള സദസ്സിനായി നവംബറിൽ സമരപ്പന്തലിനരികിലൂടെ കടന്നുപോയ മുഖ്യമന്ത്രി സമരപ്പന്തലിലേക്ക് തിരിഞ്ഞുനോക്കുകപോലുമുണ്ടായില്ലെന്ന് ബിന്ദു വൈലാശ്ശേരി രോഷംകൊണ്ടു. അതിനിടെ, സമരം പൊളിക്കാൻ ഐ.ടി.ഡി.പി തന്നെ പ്രമോട്ടർമാരെ നിയോഗിക്കുകയുണ്ടായി. സമരത്തിൽ പങ്കെടുക്കുന്നവരുടെ അപേക്ഷ ഭൂവിതരണത്തിന് പരിഗണിക്കില്ലെന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും ശ്രമമുണ്ടായി. ഉത്തരവാദപ്പെട്ട ജനപ്രതിനിധിയുടെ നേതൃത്വത്തിൽ തന്നെ സമരത്തെ അട്ടിമറിക്കാനുള്ള ഗൂഢശ്രമത്തിനെതിരെ നാലു ദിവസം വെള്ളംപോലും കുടിക്കാതെ കൊടും പട്ടിണി സമരം നടത്തി ബിന്ദു പ്രതിഷേധിച്ചു.

2023 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നിലമ്പൂർ പീവീസ്​ ആർക്കേഡിൽ ചേർന്ന ആദിവാസി ഭൂസമര സഹായ സമിതി കൺവെൻഷനിൽ ഊരുകൂട്ടങ്ങളിൽനിന്നുള്ള ആദിവാസികളും വിവിധ സംഘടനാ പ്രതിനിധികളുമുൾപ്പെടെ 500ൽപരം ആളുകൾ പങ്കെടുത്തു. ബിന്ദുവിന്റെ നിരാഹാര സമരത്തിനെതിരെ മുഖം തിരിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ വലിയ രോഷവും പ്രതിഷേധവും കൺവെൻഷനിലുയർന്നു. േഗ്രാ വാസു ഉദ്ഘാടനംചെയ്ത കൺവെൻഷൻ, അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെയുള്ള ശക്തമായ താക്കീതായി.

ഭൂസമരം വിജയത്തിലേക്ക്

കൊടും വിശപ്പിന്റെ കഠിനമായ തീയിലെരിഞ്ഞ് തുല്യതയില്ലാത്ത സഹനത്തിന്റെ നീണ്ട 313 ദിനരാത്രങ്ങൾ പിന്നിടുന്ന ബിന്ദുവിന്റെ ജീവൻ അപകടത്തിലാകുമെന്നായപ്പോൾ, കണ്ണ് തുറന്ന അധികാരികളും പൊലീസും 2024 മാർച്ച് 17ന് രാത്രി സമരവേദിയിലെത്തി സമരനായികയെ ബലമായി ആശുപത്രിയിലേക്ക് മാറ്റാനൊരുങ്ങി. അതിനെ ചെറുത്തുകൊണ്ട് ബിന്ദുവും കൂട്ടരും പറഞ്ഞു: ‘‘ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി കിട്ടുക, അല്ലെങ്കിൽ ഇവിടെ കിടന്ന് മരിക്കുക? മറ്റൊരു നീക്കുപോക്കിനുമില്ല.’’

ധീരോദാത്തമായ ആ ചെറുത്തുനിൽപിനു മുന്നിൽ, കീഴടങ്ങുകയല്ലാതെ അധികാരികൾക്ക് നിർവാഹമുണ്ടായിരുന്നില്ല. മലപ്പുറം ജില്ല കലക്ടർ ആർ. വിനോദ് മാർച്ച് 18ന് രാവിലെ നിലമ്പൂർ താലൂക്ക് ഓഫിസിലെത്തി ഭൂസമര നേതാക്കളുമായി സംസാരിച്ചു. നിരാഹാര സമരം അവസാനിപ്പിക്കാൻ ചർച്ചക്ക് തയാറാണെന്ന് ഔദ്യോഗികമായി ബിന്ദുവിനെ അറിയിച്ചു.

അതി​ന്റെ അടിസ്​ഥാനത്തിൽ ഗ്രോ വാസു, ഗിരിദാസ്​, മുനീബ് കാരക്കുന്ന്, മജീദ് ചാലിയാർ, ആരിഫ് ചുണ്ടയിൽ, സി.പി. വിജയൻ തുടങ്ങിയ സമരസമിതി നേതാക്കളുമായി കലക്ടറേറ്റിൽ വൈകിട്ട് നടത്തിയ ചർച്ച ഫലം കണ്ടു. സമരത്തിൽ പങ്കെടുത്ത ഭൂരഹിതരായ ആദിവാസികൾക്കെല്ലാം 50 സെ​ന്റ് സ്​ഥലം വീതം നൽകാമെന്ന കരാറിൽ ജില്ല കലക്ടർ ഒപ്പുവെച്ചു. കലക്ടർ ഒപ്പുവെച്ച ഔദ്യോഗിക രേഖ ഭൂസമര നേതാക്കൾക്ക് കൈമാറിയ അന്നുതന്നെ രാത്രി 8.30ന് ഗ്രോ വാസു നൽകിയ ഇളനീർ കുടിച്ച് ബിന്ദു വൈലാശ്ശേരി നിരാഹാര സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.

2024 ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ചാലിയാർ പഞ്ചായത്തിലെ കണ്ണംകുണ്ട്, കുറുമ്പലങ്ങോട് വില്ലേജിലെ നെല്ലിപ്പൊയിൽ എന്നിവിടങ്ങളിലായി ഭൂമി അളന്നുനൽകും. ഇതിനായി ഭൂരഹിതരായ ആദിവാസി കുടുംബങ്ങളുടെ പട്ടിക ഐ.ടി.ഡി.പി േപ്രാജക്ട് ഓഫിസർ മുഖേന കലക്ടർക്ക് കൈമാറും. ഭൂസമരം ഇതുകൊണ്ട് അവസാനിച്ചിട്ടില്ലെന്നും കേരളത്തിലെ ഭൂരഹിതരായ ആദിവാസി ഗോത്ര വിഭാഗങ്ങൾക്കെല്ലാം നിയമപ്രകാരമുള്ള ഒരേക്കർ ഭൂമി ലഭ്യമാകുന്നതുവരെ സമരം തുടരുമെന്നും ബിന്ദു പറഞ്ഞു.

 

ഗ്രോ വാസു നൽകിയ ഇളനീർ കുടിച്ച് ബിന്ദു വൈലാശ്ശേരി നിരാഹാരം അവസാനിപ്പിക്കുന്നു

കേരളത്തിലെ ഭൂരഹിതരായ ആദിവാസികളുടെ കണക്ക് ഇന്ന് ലഭ്യമല്ല. സംസ്​ഥാന ഗവൺമെന്റ് സർവേ നടത്തി ഭൂരഹിതരായ ദലിത് വിഭാഗങ്ങളുടെ കണക്കെടുക്കണം. അവർക്കെല്ലാം ഒരേക്കർ വീതം ഭൂമി ലഭ്യമാക്കാൻ നിലമ്പൂർ മോഡൽ സമരവുമായി മുന്നോട്ടുപോകാൻ തന്നെയാണ് ബിന്ദു വൈലാശ്ശേരിയുടെ തീരുമാനം. ഒറ്റയാൾ പോരാട്ടംകൊണ്ട് പരിഹരിക്കാനാകുന്ന പ്രശ്നങ്ങളല്ല ദലിതർക്കുള്ളത് എന്ന വസ്​തുത ബിന്ദു തിരിച്ചറിയുന്നുണ്ട്. ദലിത് നേതാക്കൾ എന്ന പേരിൽ ആദിവാസി ഊരുകളിൽ ചിലരൊക്കെ പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്വന്തം നേട്ടത്തിലാണ് അവരുടെയൊക്കെ നോട്ടമെന്ന് ബിന്ദു നിരീക്ഷിക്കുന്നു.

ആയതിനാൽ പൊതുസമൂഹത്തിന്റെ എല്ലാവിധ പിന്തുണയും ആദിവാസികളുടെ അവകാശ സമരങ്ങൾക്കുണ്ടാകണം. സമരം മുന്നോട്ടുകൊണ്ടുപോകാൻ ഫണ്ടിന്റെ അപര്യാപ്തതയും പ്രശ്നംതന്നെ. ഒരു വർഷത്തോളം നീണ്ട പട്ടിണിസമരത്തിന്റെ ഫലമായി ആരോഗ്യം ക്ഷയിച്ചു. ശരീരത്തിൽ രക്തം ക്രമാതീതമായി കുറഞ്ഞു. നീണ്ടുനിന്ന നിരാഹാരത്തിൽ നഷ്​ടമായ ഭക്ഷണത്തിന്റെ രുചി ഇപ്പോഴും ശരിയായിട്ടില്ല. കാലിൽ നീര് വെക്കുന്നു. ആയുർവേദ ചികിത്സയിലാണ്. പരിമിതികൾ അങ്ങനെ ഏറെയുണ്ടെങ്കിലും ആരോഗ്യം വീണ്ടെടുക്കുന്നമുറക്ക് സമരമാർഗത്തിൽ സജീവമാകാൻ തന്നെയാണ്, പണിയ വിഭാഗത്തിലെ താരോദയമായ ബിന്ദു വൈലാശ്ശേരി എന്ന സമരനായിക ഉറച്ചിരിക്കുന്നത്.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT