അമൃതം നിൻ സ്മൃതി

സംസ്​ഥാന നിയമ പരിഷ്​കരണ കമീഷൻ അംഗവും റിട്ട. ജില്ല സെഷൻസ്​ ജഡ്​ജിയുമായ ലിസമ്മ അഗസ്​റ്റിൻ കഴിഞ്ഞയാഴ്ച വിടവാങ്ങി. ലിസമ്മ അഗസ്​റ്റിനെ ഒാർക്കുകയാണ്​ ജീവിതപങ്കാളിയും മുൻ ജനപ്രതിനിധിയും അഭിഭാഷകനുമായ ലേഖകൻ.ലിസമ്മയുമായുള്ള എന്റെ ദാമ്പത്യത്തിന്റെ ആയുസ്സ് 48 വർഷമാണ്. സുവർണജൂബിലി ആഘോഷിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് നടന്നിരുന്നെങ്കിലും പിന്നെയും ആഗ്രഹം അവശേഷിക്കത്തക്കവിധം മധുരോദാരമായിരുന്നു ഞങ്ങളുടെ സുഖദുഃഖസമ്മിശ്രമായ ജീവിതം. ഒരു ചിറ്റ്ചോർ പ്രണയകഥയിലെ നിഷ്ക്രിയ നായകനായിരുന്നു ഞാൻ. നിരന്തരം പിന്തുടർന്നാൽ ഏതു പെൺകുട്ടിയുടെയും ഹൃദയം അനുകമ്പയാൽ ആർദ്രമാകും എന്നാണ് ആ അമോൽ പലേക്കർ...

സംസ്​ഥാന നിയമ പരിഷ്​കരണ കമീഷൻ അംഗവും റിട്ട. ജില്ല സെഷൻസ്​ ജഡ്​ജിയുമായ ലിസമ്മ അഗസ്​റ്റിൻ കഴിഞ്ഞയാഴ്ച വിടവാങ്ങി. ലിസമ്മ അഗസ്​റ്റിനെ ഒാർക്കുകയാണ്​ ജീവിതപങ്കാളിയും മുൻ ജനപ്രതിനിധിയും അഭിഭാഷകനുമായ ലേഖകൻ.

ലിസമ്മയുമായുള്ള എന്റെ ദാമ്പത്യത്തിന്റെ ആയുസ്സ് 48 വർഷമാണ്. സുവർണജൂബിലി ആഘോഷിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് നടന്നിരുന്നെങ്കിലും പിന്നെയും ആഗ്രഹം അവശേഷിക്കത്തക്കവിധം മധുരോദാരമായിരുന്നു ഞങ്ങളുടെ സുഖദുഃഖസമ്മിശ്രമായ ജീവിതം. ഒരു ചിറ്റ്ചോർ പ്രണയകഥയിലെ നിഷ്ക്രിയ നായകനായിരുന്നു ഞാൻ. നിരന്തരം പിന്തുടർന്നാൽ ഏതു പെൺകുട്ടിയുടെയും ഹൃദയം അനുകമ്പയാൽ ആർദ്രമാകും എന്നാണ് ആ അമോൽ പലേക്കർ സിനിമയിലെ പ്രമേയം. ലിസമ്മക്ക് അതൊരു ചോക്കോബാർ പ്രണയമായിരുന്നു. സീലോർഡിലെ ഐസ്ക്രീം പാർലറിൽ അടുത്ത സീറ്റിലിരുന്നാണ് ഞാൻ എന്റെ പ്രണയം അറിയിച്ചത്. അതൊരു മോണോലോഗായിരുന്നു. മറുപടി ഉണ്ടായില്ല. എന്റെ മുന്തിരിവള്ളികൾ തളിർത്തില്ല. പക്ഷേ, മറുപടി മനസ്സിൽ ഉണ്ടായിരുന്നുവെന്ന് ലിസമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്.

അടിയന്തരാവസ്ഥയുടെ മൂർധന്യത്തിലായിരുന്നു വീട്ടുകാരറിഞ്ഞ് ഞങ്ങളുടെ വിവാഹം. ലിസമ്മ ഹൈകോടതിയിലും ഞാൻ ഇന്ത്യൻ എക്സ്പ്രസിലും ജോലിചെയ്തിരുന്ന കാലം. അറസ്റ്റോ പിരിച്ചുവിടലോ എന്തിന് അടച്ചുപൂട്ടൽ തന്നെയോ സാധ്യമായിരുന്ന കാലം. എന്തും നേരിടുന്നതിനുള്ള ധൈര്യം ലിസമ്മക്കുണ്ടായി. എന്റെ ജോലി നഷ്ടപ്പെട്ടപ്പോഴും അനിശ്ചിതമായ അഭിഭാഷകവൃത്തിയിലേക്ക് ഞാൻ കടന്നപ്പോഴും ലിസമ്മ ശക്തമായ പിന്തുണ നൽകി. പണം കൈകാര്യംചെയ്യുന്ന ലിസമ്മയുടെ രീതിയിൽനിന്ന് ധനമന്ത്രിമാർക്ക് ചില പാഠങ്ങൾ പഠിക്കാനുണ്ടാകും. പകിട്ടില്ലാത്ത വിവാഹമായിരുന്നു ഞങ്ങളുടേത്. എന്റെ അലസതയും നിഷ്ക്രിയത്വവും നിമിത്തം സംഘാടനത്തിൽ വന്ന പിഴവുകളായിരുന്നു കാരണം. ചില പ്രത്യേക സാഹചര്യങ്ങളിൽ അന്നു രാത്രിതന്നെ ഭീമനടിയിലേക്ക് പോകാൻ തീരുമാനിച്ചു. ഒമ്പത് മണിക്കുള്ള പയ്യന്നൂർ ബസിലായിരുന്നു യാത്ര. ആദ്യരാത്രി കെ.എസ്.ആർ.ടി.സി ബസിൽ ആഘോഷിച്ച ഒരുപക്ഷേ ഏകദമ്പതികൾ ഞങ്ങളായിത്തീർന്നു.

ഹൈകോടതിയിൽ ജഡ്ജിമാർക്ക് ഇഷ്ടപ്പെട്ട കോർട്ട് ഓഫിസറായിരുന്നു ലിസമ്മ. അടുക്കളയിലായാലും കോടതിയിലായാലും കാര്യക്ഷമത ലിസമ്മയുടെ മുഖമുദ്രയായിരുന്നു. നമ്പർ വിളിച്ച് ഫയൽ ജഡ്ജിയുടെ മുന്നിലേക്ക് വെക്കുന്നതിലുപരി പ്രസക്തമായ കാര്യങ്ങൾ ജഡ്ജിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്ന റിസർച് ഓഫിസർകൂടിയായിരുന്നു ലിസമ്മ. പ്രവൃത്തിയുടെ പേരിൽ കൊച്ചാക്കപ്പെടരുതെന്ന നിർബന്ധവും ലിസമ്മക്കുണ്ടായിരുന്നു. യന്ത്രത്തെപ്പോലെ പണിയെടുക്കുമ്പോഴും പ്രവർത്തനം യാന്ത്രികമായിരുന്നില്ല. ചടുലമായ സർഗാത്മകതയാണ് ലിസമ്മയുടെ സൗന്ദര്യം.

നിയമബിരുദമുള്ള ഗസറ്റഡ് ഓഫിസർമാരെ ജുഡീഷ്യൽ ഓഫിസറായി അയക്കുന്ന രീതിയുണ്ടായിരുന്നു. അതൊരു നല്ല അവസരമായി കരുതിയ ലിസമ്മക്ക് മുൻസിഫായി നിയമനം ലഭിച്ചു. കാസർകോട് കോടതിയിലായിരുന്നു ആദ്യ നിയമനം. കുറവിലങ്ങാട്ടുനിന്ന് മലബാറിലേക്ക് കുടിയേറിയ ലിസമ്മക്ക് കാസർകോട് സ്വന്തം ജില്ലയായിരുന്നു. വക്കീലായി പ്രവർത്തിച്ച് പരിചയം ഇല്ലാതിരുന്നിട്ടും പതറാതെ ലിസമ്മ കോടതി നടപടികൾ കൈകാര്യംചെയ്തു. ഇന്റർലൊക്യൂട്ടറി ഹരജികൾ വാദിക്കുമ്പോഴും പ്രിവി കൗൺസിൽ വിധികൾ ഉദ്ധരിക്കുന്ന അഭിഭാഷകരാണ് കാസർകോട്ടുള്ളതെന്ന് ലിസമ്മ പറയുമായിരുന്നു. കാസർകോട് കോടതി ലിസമ്മയെ സംബന്ധിച്ച് പാഠശാലയായിരുന്നു.

കർഷക കുടുംബത്തിൽ പിറന്ന ലിസമ്മക്ക് പുതുവൽ തേടുന്ന കർഷകന്റെ സാഹസികതയുണ്ടായിരുന്നു. അതുകൊണ്ട് നിരവധി പദവികൾ വഹിക്കുന്നതിനും ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനും കഴിഞ്ഞു. കാസർകോടിനുശേഷം എറണാകുളത്തും പെരുമ്പാവൂരും മുൻസിഫ്, ആലുവയിൽ മജിസ്ട്രേറ്റ്, മാവേലിക്കരയിൽ സബ് ജഡ്ജി, ആലപ്പുഴയിൽ ജില്ല ജഡ്ജി എന്നീ പദവികൾ വഹിച്ചു. നിയമവകുപ്പിൽ ജോയന്റ് സെക്രട്ടറി, കാർഷികാദായ-വിൽപന നികുതി അപ്പലേറ്റ് ​ൈട്രബ്യൂണലിൽ ചെയർപേഴ്സൻ, തുടർന്ന് ചെന്നൈയിൽ കമ്പനി ലോ ബോർഡിൽ ജുഡീഷ്യൽ അംഗം.

റിട്ടയർമെന്റിനുശേഷം ​െറയിൽവേയുടെ അഭിഭാഷകയായി കുറേക്കാലം ഹൈകോടതിയിൽ പോയി. ഹൈകോടതി ഏൽപിക്കുന്ന ആർബിട്രേഷൻ കേസുകൾ നടത്തി. പോൾസ് ലോ അക്കാദമി ഡയറക്ടർ എന്ന നിലയിൽ എൽഎൽ.ബി പ്രവേശനത്തിന് വിദ്യാർഥികളെയും ജുഡീഷ്യൽ ഓഫിസറാകുന്നതിന് അഭിഭാഷകരെയും പരിശീലിപ്പിച്ചു. പ്രസ്താവ്യമായ വിജയമാണ് ഈ രംഗത്ത് ലിസമ്മ നേടിയത്. കേരളത്തിൽ മാത്രമല്ല കർണാടകയിലും ലിസമ്മയുടെ പ്രിയപ്പെട്ട ‘കുട്ടികൾ’ ജുഡീഷ്യൽ ഓഫിസർമാരായി പ്രവർത്തിക്കുന്നു. അധ്യാപികയാകുന്നതിനായിരുന്നു ലിസമ്മയുടെ പരിശീലനം. ലഭ്യമായ അധ്യാപക ജോലി ഉപേക്ഷിച്ചാണ് ലിസമ്മ ഹൈകോടതിയിൽ തുടർന്നത്.

ഏറ്റവും ഒടുവിൽ ലിസമ്മയെ തേടിയെത്തിയ ഔദോഗിക പദവിയായിരുന്നു സംസ്ഥാന നിയമ പരിഷ്കരണ കമീഷനിലെ അംഗത്വം. ആരോഗ്യം മോശമാകുമ്പോഴും ഓൺലൈൻ യോഗങ്ങളിൽ കൃത്യമായി പങ്കെടുത്തിരുന്നു. അതിനായി നന്നായി ഗൃഹപാഠം നടത്തിയിരുന്നു. അറിയാത്തതായി ഒന്നും ഉണ്ടാകരുതെന്ന നിർബന്ധബുദ്ധി നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കാൻ പ്രേരണയായി. ഓരോ യോഗത്തിലും ഒരു പുതിയ കാര്യം പറയുന്നതിനുള്ള തയാറെടുപ്പിലായിരുന്നു ലിസമ്മ. രാഷ്ട്രീയത്തിലേക്കുള്ള ക്ഷണം മാത്രം ലിസമ്മ സ്വീകരിച്ചില്ല. രാഷ്ട്രീയത്തിൽ തൽപരയാണെങ്കിലും രാഷ്ട്രീയപ്രവർത്തനം തനിക്കിണങ്ങുന്ന മേഖലയല്ലെന്ന് ലിസമ്മ പറയുമായിരുന്നു. അങ്ങനെയുള്ള ലിസമ്മ എന്റെ രാഷ്ട്രീയപ്രവർത്തനത്തെ അളവറ്റ് പ്രോത്സാഹിപ്പിച്ചു. എന്റെ തിരഞ്ഞെടുപ്പുകളുടെ കാലത്ത് ലിസമ്മ രാഷ്ടീയപ്രവർത്തനം അനുവദനീയമല്ലാത്ത മേഖലകളിലായിരുന്നു. പക്ഷേ, ഭാര്യ എന്ന നിലയിലും കുടുംബിനി എന്ന നിലയിലും എനിക്ക് നൽകിയ പിന്തുണ നിസ്സീമമായിരുന്നു.

 

കർഷകന്റെ പുത്രിക്ക് കർഷകമനസ്സായിരുന്നു. നഗരമധ്യത്തിലെ മട്ടുപ്പാവിൽ സാമാന്യം പ്രയോജനകരമായ രീതിയിൽ പച്ചക്കറികൾ വളർത്തി. ദിവസവും പരിചരിച്ചു. ഓരോ തളിരും കായും ലിസമ്മയെ അങ്ങേയറ്റം സ​േന്താഷിപ്പിച്ചു. അടുക്കളയിലെ വേസ്റ്റ് കമ്പോസ്റ്റ് വളമാക്കി. പൂക്കൾ ലിസമ്മക്ക് ഇഷ്ടമായിരുന്നു. ഫ്ലവർ ഷോയിൽ ഞങ്ങൾ പോയി ഓർക്കിഡ് വാങ്ങി. ബാൽക്കണിയിലെ പൂന്തോട്ടത്തിൽ വയലറ്റ് നിറത്തിൽ ശംഖുപുഷ്പവും വെള്ളനിറത്തിൽ മുല്ലയും വിടർന്നുനിൽക്കുന്നു. പത്തുമണിക്ക് വിടരുന്ന പത്തുമണിച്ചെടി എന്നറിയ​െപ്പടുന്ന റോസ്മോസുണ്ട്. സ്ഥലമുണ്ടെങ്കിൽ അതു മുഴുവൻ ഉദ്യാനമാകുമായിരുന്നു. കാർ പോർച്ചിനരികിൽ ലിസമ്മ നട്ടുവളർത്തിയ കരിനെച്ചി പന്തലിച്ചുനിൽക്കുന്നു. അതിനു ചുവട്ടിൽ മൃതദേഹം അൽപനേരം കിടത്തണമെന്ന് ലിസമ്മ പറഞ്ഞിരുന്നു. ഇലകൾക്കിടയിലൂടെ ഇറ്റുവീഴുന്ന മഴത്തുള്ളികളുടെ തണുപ്പ് ഏറ്റുവാങ്ങി ലിസമ്മ യാത്രയായി. ഗൃഹനാഥയുടെ മടങ്ങിവരാത്ത യാത്ര.

പ്രതിസന്ധികളെ കരളുറപ്പോടെ നേരിട്ടിരുന്ന ലിസമ്മയുടെ കരൾ ദുർബലമാകുകയായിരുന്നു. മരുന്നുകളുടെ ആധിക്യം. ഭക്ഷണത്തിൽ കർശനമായ നിയന്ത്രണങ്ങൾ. എല്ലാം കൃത്യമായി പാലിച്ചിരുന്ന ലിസമ്മ അടുത്തിടെ ഒരുദിവസം ഡോക്ടർ ബിലാൽ മുഹമ്മദിനോട് പരാതി പറഞ്ഞു.

‘‘അമ്മയ്ക്കെന്താണ് കഴിക്കാൻ തോന്നുന്നത്?’’ –ഡോക്ടർ ചോദിച്ചു.

‘‘മസാല ദോശ.’’ ലിസമ്മ നിഷ്കളങ്കമായി പറഞ്ഞു.

‘‘കഴിച്ചോളൂ.’’

നല്ല മസാലദോശ കിട്ടുന്ന സ്ഥലവും ഡോക്ടർ പറഞ്ഞുകൊടുത്തു. ഷോൺ അമ്മക്ക് മസാലദോശ വാങ്ങിക്കൊടുത്തു. അന്ന് ലിസമ്മ സന്തോഷവതിയായിരുന്നു. കോടതിയിലെ ഇടിമുഴക്കങ്ങളെ ഭയപ്പെടാതിരുന്ന ലിസമ്മക്ക് ഇടിയും മിന്നലും ഭയമായിരുന്നു. കുഴിയിലോ മണ്ണിടിച്ചിലിലോ അകപ്പെടുന്നത് ലിസമ്മയുടെ ദുഃസ്വപ്നങ്ങളിൽ ഒന്നായിരുന്നു. സ്വപ്നത്തിലെ കള്ളന്റെ വരവ് ഉറക്കത്തിലുള്ള കരച്ചിലിനു കാരണമാകുമായിരുന്നു. പക്ഷേ, കോടതിയിലെത്തുന്ന കള്ളന്മാരോട് ദയാപൂർവം പെരുമാറി. ജാമ്യത്തോടൊപ്പം വഴിച്ചെലവിനുള്ള പണവും ചിലപ്പോൾ നൽകും. ആവശ്യക്കാർക്ക് കഴിയുമ്പോലെ കൊടുക്കുക എന്നതായിരുന്നു നയം. കൊടുക്കുന്നത് തിരിച്ചുവാങ്ങിയിരുന്നുമില്ല.

ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ എന്നാണ് പ്രാർഥന. ഈ വ്യവസ്ഥയിൽ ലിസമ്മയുടെ കടങ്ങൾ പൂർണമായും ക്ഷമിക്കപ്പെടും. അന്ത്യവിധിയുടെ നാളിൽ സ്വർഗത്തിലേക്കുള്ള പ്രവേശനപരീക്ഷയിൽ ചോദിക്കപ്പെടുന്ന ആറു ചോദ്യങ്ങൾക്കും പോസിറ്റീവായി ഉത്തരം നൽകാൻ ലിസമ്മക്കു കഴിയും. കാരാഗൃഹത്തിലായിരിക്കുന്നവരെ സന്ദർശിക്കാൻ എല്ലാവർക്കും അവസരം കിട്ടിയെന്നു വരില്ല. ആലുവയിൽ മജിസ്ട്രേറ്റ് ആയിരിക്കുമ്പോൾ വനിതാ തടവുകാരുടെ സുരക്ഷിതത്വം ഇടക്കിടെ സബ് ജയിലിലെത്തി ഉറപ്പ് വരുത്തുമായിരുന്നു.

പൊലീസുകാർക്ക് വഴങ്ങിക്കൊടുക്കുന്ന രീതി ലിസമ്മക്കില്ലായിരുന്നു. പൊലീസ് ഉപദ്രവിച്ചോ എന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നവരോട് തുറന്ന കോടതിയിൽ ചോദിക്കുന്നതും അവരുടെ അസ്വാരസ്യത്തിനു കാരണമായിട്ടുണ്ട്. പൊലീസിന്റെ മനോവീര്യം കെടുത്തരുതെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ലിസമ്മയെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈകോടതിയിലേക്ക് പരാതികൾ പോയിട്ടുണ്ട്. പക്ഷേ, ജഡ്ജിമാർ എപ്പോഴും ലിസമ്മയുടെ സംരക്ഷകരായിരുന്നു. മനുഷ്യാവകാശങ്ങളെക്കുറിച്ച് പ്രസംഗിച്ചിട്ടില്ലെങ്കിലും അക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് നീതിബോധത്തിന്റെ വെളിച്ചത്തിൽ, ജ്ഞാനത്തിന്റെ പുസ്തകത്തിൽ പറയുമ്പോലെ, ഹൃദയപരമാർഥതയോടെ വിധികൾ പ്രസ്താവിക്കാൻ കഴിഞ്ഞു. മജിസ്ട്രേറ്റ് എന്ന നിലയിലുള്ള അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ‘ഫൊർഗോട്ടൻ വിക്ടിംസ്’ എന്ന പുസ്തകം എഴുതിയത്.

കമ്പനി ലോ ബോർഡിലായിരിക്കെ ‘ഹിന്ദു’ പത്രത്തെ പ്രതിസന്ധിയിലാക്കുന്ന കേസ് വന്നു. എൻ. റാം ഉൾപ്പെടെ എല്ലാ വ്യവഹാരികളെയും ചേംബറിൽ വരുത്തി ലിസമ്മ പ്രശ്നത്തിന് പരിഹാരമുണ്ടാക്കി. ഏറെക്കാലത്തിനു ശേഷമാണ് സഹോദരങ്ങൾ ഒരുമിച്ചിരിക്കുന്നതെന്ന് മാലിനി പാർഥസാരഥി പറഞ്ഞു. ‘മാതൃഭൂമി’യെ ‘ടൈംസ് ഓഫ് ഇന്ത്യ’ ഏറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്ന കാലത്ത് ‘മാതൃഭൂമിക്ക്’ അനുകൂലമായ ഇൻജങ്ഷൻ ലിസമ്മയുടെ കോടതിയിൽനിന്നുണ്ടായി. അന്നുതന്നെ ഒരു പരിപാടിയിൽ ഞാൻ ‘മാതൃഭൂമി’ക്കുവേണ്ടി പ്രസംഗിക്കുകയുംചെയ്തു. ലിസമ്മയുടെ കോടതിയിലെ രജിസ്റ്റർ നോക്കിയിട്ടല്ലല്ലോ ഞാൻ പ്രസംഗിക്കാൻ പോകുന്നത്. പരാതി ഉണ്ടായെങ്കിലും ജില്ല ജഡ്ജി അത് കാര്യമായെടുത്തില്ല. ലിസമ്മ മുൻസിഫായെത്തിയപ്പോൾ മുൻസിഫ് കോടതികളിലെ പ്രാക്ടീസ് പൂർണമായും ഉപേക്ഷിച്ചയാളാണ് ഞാൻ.

പി.ഡി.പിയുടെ ആരംഭകാലത്ത് അബ്ദുന്നാസിർ മഅ്ദനി നടത്തിയ രാജ്ഭവൻ മാർച്ച് തടയുന്നതിന് ഒരു അറസ്റ്റ് വാറന്റിനുവേണ്ടി പൊലീസ് ലിസമ്മയെ സമീപിച്ചിട്ടുണ്ട്. വാറന്റ് പുറപ്പെടുവിക്കത്തക്ക കേസ് അന്ന് മഅ്ദനിക്കെതിരെ ആലുവ കോടതിയിലുണ്ടായിരുന്നു. ലിസമ്മ വഴങ്ങിയില്ല. മാർച്ച് രാജ്ഭവൻവരെ എത്തുകയും ചെയ്തു. മഅ്ദനിക്കുവേണ്ടിയുള്ള എന്റെ പ്രവർത്തനം അന്ന് ആരംഭിച്ചിട്ടില്ലാതിരുന്നതിനാൽ ആക്ഷേപമുണ്ടായില്ല. ആലപ്പുഴ എം.എ.സി.ടി കോടതിയിലിരിക്കുമ്പോഴാണ് ആരും കേൾക്കാതെ മാറ്റി​െവച്ചിരിക്കുന്ന ഒരു കേസുകെട്ട് ശ്രദ്ധയിൽപെട്ടത്. കാറിടിച്ച് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയുംചെയ്ത കേസായിരുന്നു അത്. ഇരുവർക്കും അർഹമായ നഷ്ടപരിഹാരം നൽകുന്നതിനുള്ള വിധി ലിസമ്മ നൽകി. ഇന്ന് വെള്ളാപ്പള്ളി നടേശൻ എന്നറിയപ്പെടുന്ന വി.കെ. നടേശനായിരുന്നു നഷ്ടപരിഹാരം നൽകാൻ വിധിക്കപ്പെട്ട എതിർകക്ഷി.

 

സെബാസ്റ്റ്യൻ പോൾ, ലിസമ്മ അഗസ്​റ്റിൻ

ചില നിർദേശങ്ങൾ ലിസമ്മ നൽകിയിരുന്നു. സെമിത്തേരി ഒഴിവാക്കി മൃതദേഹം ദഹിപ്പിക്കണം. ഏഴ്, മുപ്പത്, ആണ്ട് തുടങ്ങിയ ആചാരങ്ങൾ ഒഴിവാക്കണം. ആശുപത്രിയിലായാൽ ഐ.സി.യുവിൽ കിടത്തരുത്. ജീവിച്ചിരിക്കുന്നവർക്ക് എല്ലാം ഒഴിവാക്കാനാവില്ല. അതുകൊണ്ട് സെമിത്തേരിയിൽ സംസ്കരിച്ചു. എന്റെയും സഹോദരന്റെയും മകന്റെയും പിടിയിൽനിന്ന് വിട്ട് കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിലെത്തിക്കേണ്ടിവന്നു. പിന്നെ ഐ.സി.യു, മാസ്ക്, ട്യൂബുകൾ. മാസ്ക് ​െവച്ചതിനാൽ സംസാരിക്കാൻ കഴിയുമായിരുന്നില്ല. എന്റെ പോക്കറ്റിൽനിന്ന് പേനയെടുത്ത് ചില കാര്യങ്ങൾ എഴുതിത്തന്നു. അക്ഷരത്തെറ്റോ ഘടനാവൈകല്യമോ ഉണ്ടായിരുന്നില്ല.

മരണമെത്തുന്ന നേരത്ത് നീയെന്റെ

അരികിൽ ഇത്തിരി നേരം ഇരിക്കണേ...

ലിസമ്മ കുറിച്ചു​െവച്ചിരുന്നതാണ് റഫീക്ക് അഹമ്മദിന്റെ ഈ വരികൾ. ലിസമ്മ​ക്കോ എനിക്കോ അത് സാധ്യമായില്ല. ഐ.സി.യുവിലെ മരണത്തിൽ ഡോക്ടറുടെ സാന്നിധ്യം മാത്രമാണുണ്ടായിരുന്നത്. നന്ദി, ഡോക്ടർ ബിലാൽ. ഒന്നും പറയാതെ, ഒന്നു സ്പർശിക്കുകപോലും ചെയ്യാതെ പ്രിയപ്പെട്ട ലിസമ്മ യാത്രയായി. ഇക്കാലത്ത് സ്വന്തം കട്ടിലിൽ കിടന്ന് ആരും മരിക്കുന്നില്ല.

ഒരാൾ മരിക്കുമ്പോൾ അയാളോടൊപ്പം മറ്റെന്തൊക്കെയോകൂടി പോകുന്നു. മരണം അയാളുടെ മാത്രം കാര്യമാണോ?

ലിസമ്മയുടെ ഒരു കുറിപ്പിൽ കണ്ടതാണ്. എത്രയോ ശരി. ഒരു മരണത്തിൽ നഷ്ടപ്പെട്ടത് എന്തൊക്കെയെന്ന് ഞങ്ങൾ ഇനിയും അറിഞ്ഞിട്ടില്ല. വേണ്ടപ്പെട്ടവർ പോകുമ്പോൾ ദുഃഖം എത്ര അസഹനീയമാണെന്ന് ചുറ്റും നോക്കിയാൽ കാണാം. അപരന്റെ ദുഃഖത്തിന്റെ തീവ്രതയിൽ എന്റെ ദുഃഖത്തിന് അൽപമെങ്കിലും ശമനമുണ്ടാകുന്നു. പ്രകടിപ്പിക്കപ്പെടാത്ത പ്രേമം പ്രയോജനരഹിതമെന്ന് ലിസമ്മ പറയുമായിരുന്നു. അത് എന്നോടുള്ള പരിഭവമായിരുന്നു. താജ് മഹലിന്റെ മുന്നിൽ ഞങ്ങൾ ഒരുമിച്ചിരിക്കുന്ന ചിത്രം ഞങ്ങളുടെ പ്രേമത്തിന്റെ അടയാളമായി എന്റെ മേശപ്പുറത്തുണ്ട്. ഇറ്റലിയിലേക്കും നോർവേയിലേക്കുമായിരുന്നു ഞങ്ങളുടെ അവസാന വിദേശയാത്ര. ക്ഷീണിതയാണെങ്കിലും ഡോക്ടറുടെ അനുവാദത്തോടെയായിരുന്നു യാത്ര. കൊച്ചുമക്കളുമായുള്ള സഹവാസത്തിൽ ലിസമ്മ ഉന്മേഷവതിയായി.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT